Monday, February 25, 2008

നൊസ്റ്റാള്‍ജിയ

എന്നിലെ പേരറിയാത്ത വികാരങ്ങള്‍ക്ക്
ഞാന്‍ എന്ന വളര്‍ത്തമ്മയിട്ട പേര് ..... !!
യാത്ര പറയാതിറങ്ങിയ രക്തബന്ധത്തിനു
ഉള്ളില്‍ കാത്തൊരു കണ്ണുനീര്‍ മുത്ത്‌ .....!!
നഷ്ട സ്വപ്നങ്ങളുടെ തീരത്തു നിന്നും
നാളേയ്ക്ക് വേണ്ടി കൊതിച്ച്
ഓട്ടപ്പന്തയങ്ങള്‍ ഓടി തീര്‍ക്കുന്നൊരു
വയസ്സന്‍ കുതിരയുടെ അമ്മിഞ്ഞപ്പാല്‍മണം...!!!

സ്വന്തമാണെന്ന സ്വാര്‍ത്ഥതയ്ക്കുള്ളിലും
സ്നേഹം മധുരിക്കും പടനിലങ്ങള്‍
ഓര്‍മയിലെങ്ങും സ്നേഹ നീറ്റലായി
കിനിഞ്ഞിറങ്ങുന്നോരീ നഖപ്പാടുകള്‍
പ്രണയമെന്ന മൂന്നക്ഷരത്തിന്‍റെ
അര്‍ത്ഥമെന്നെ അലട്ടാത്ത നാളുകള്‍

നുള്ളു നുറുങ്ങായി പൊട്ടിച്ചിതറിയ
വളപ്പൊട്ടിന്‍റെ ചിരിയുടെ കിലുക്കം
എണ്ണം തികച്ചൊറ്റയിരട്ട കളിച്ച
മഞ്ചാടി മണിയുടെ ചുമന്ന തിളക്കം
അമ്മൂമ്മക്കഥ കേള്‍ക്കാതെ മാമുണ്ണാതെ
 ഉറങ്ങിയ രാവിലെ വിശപ്പിന്‍റെ  കത്തല്‍
പിന്നെയുമൊരുപാട് നിഴല്‍ ചിത്രങ്ങളില്‍
വ്യക്തമല്ലാതവ പൊടി തട്ടി മാറ്റി
എന്നസ്ഥിത്വനോവിനാല്‍ കൂട്ടിപ്പൊതി-
ഞ്ഞെന്‍റെയോര്‍മ്മ തന്‍ ഗര്‍ഭപാത്രത്തില്‍
പേറും വികാരം - നൊസ്റ്റാള്‍ജിയ



13 comments:

  1. ithu vayichappozha manchadi mani thanne kandittu kaalangalayi nnu orkkunnathu

    ReplyDelete
    Replies
    1. :) മഞ്ചാടിക്കുരു കണ്ടിട്ട് കുറേക്കാലം ആയി ഞാനും :(.

      Delete
  2. എന്നസ്ഥിത്വനോവിനാല്‍ കൂട്ടിപ്പൊതി-
    ഞ്ഞെന്‍റെയോര്‍മ്മ തന്‍ ഗര്‍ഭപാത്രത്തില്‍
    പേറും വികാരം - നൊസ്റ്റാള്‍ജിയ.....നൊസ്റ്റാൽജിയ എന്നത് ഇപ്പോൾ പലര്ക്കും പ്രവാസത്തിൽ നാടിനെ കുറിച് ഇല്ലാ വചനങ്ങൾ പറയുവാനായൊരു കാരണം മാത്രം .. അര്ശേചിയുടെ ആദ്യ പോസ്റ്റിൽ രണ്ടാമത്തെ കമന്റ്‌ എന്റെ വക .. അതും വര്ഷങ്ങള്ക്ക് ശേഷം :)

    ReplyDelete
    Replies
    1. :) അതാണ് പ്രത്യേകത.. ഇന്നും നൊസ്റ്റാള്‍ജിയ എന്നാല്‍ ഇതൊക്കെ തന്നെ... എത്രയോ കൊല്ലം മുന്‍പ് എഴുതി.. ആരൊക്കെയോ വായിക്കുന്നു! സന്തോഷം അനിയ.. ഒത്തിരിയൊത്തിരി

      Delete
  3. വർഷങ്ങൾക്കിപ്പുറം ആണ് ഈ നൊസ്റ്റാൾജിയ അറിയുന്നത്...! ഭാവുകങ്ങൾ..!

    ReplyDelete
    Replies
    1. haa!! നന്ദി.. എത്ര വര്‍ഷങ്ങള്‍ക്ക് ശേഷവും വായിക്കപ്പെടുമ്പോള്‍ സന്തോഷം തന്നെ :)

      Delete
  4. 2008 ഫെബ്രുവരി 25 ലെ പോസ്റ്റിനു, കുറെ വർഷങ്ങൾക്കിപ്പുറം നിന്ന് ഞാനും ഒരു കമന്റ്‌ ഇടുന്നു ആർഷചേച്ചി... വെറും മൂന്നു-നാല് മണികൂർ യാത്രയുടെ അപ്പുറത്തുള്ള എൻറെ നാടിനെ, വീടിനെ ഒക്കെ ഞാൻ ഒരു പാട് മിസ്സ്‌ ചെയ്യുന്നുണ്ട്.... അപ്പൊ മനസ്സിലാകും ആയിരകണക്കിന് കിലോമീറ്റർ അകലെ മറ്റൊരുനാട്ടിൽ ജീവിക്കുന്നവന്റെ വേദന..... :)

    ReplyDelete
    Replies
    1. :( ഉവ്വനിയാ!! അത് എന്നും നമുക്ക് സങ്കടം തന്നെ .. എനിക്ക് വീട്ടുകാരെ മാത്രമല്ല - വീട്, മരങ്ങള്‍ ഒക്കെ മിസ്സാകാറുണ്ട് ...
      നന്ദി ട്ടോ.. ഇത്രയും നാളുകള്‍ക്ക് ശേഷം ഇങ്ങനെ ചില അഭിപ്രായങ്ങള്‍ :)‌

      Delete
  5. നൊസ്റ്റാൾജിയകൾ അവസാനിക്കുന്നില്ല.....

    ReplyDelete
  6. പഴമയുടെ തനിമ ചോരാതെ തിരികെ വിളിക്കുന്നു...
    ഇതുപോലെയുള്ള നല്ലെഴുത്തുക്കൾക്കായി...!
    എന്നെപോലെയുള്ള പുതുമുഖങ്ങൾ ഇവിടെ
    ഉണ്ടെന്നു സസന്തോഷം അറിയിക്കുന്നു...

    ReplyDelete
  7. നിമിഷങ്ങളും,ദിവസ്സങ്ങളും,മാസങ്ങളും ,വർഷങ്ങളും നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നത് എത്രപെട്ടന്നാണ്‌ നമുക്ക് പ്രായമാകുംതോറും കഴിഞ്ഞകാല ഓർമ്മകൾ നമ്മുടെ മനസ്സിലേക്ക് ഇടയ്ക്കൊക്കെ ഓടിയെത്തും ചില ഓർമ്മകൾ നമുക്ക് സന്തോഷം നൽകുമെങ്കിലും ചില വേർപാടുകളുടെ ഓർമ്മകൾ നമ്മുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കും .ആശംസകൾ

    ReplyDelete
  8. ആദ്യ ബ്ലോഗ്‌ പോസ്റ്റ്‌ 10 വര്‍ഷങ്ങള്‍ പിന്നിട്ടു അല്ലെ? :)

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)