Friday, April 3, 2020

"ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാംകുഴലിന്‍ കഥ പറയാം "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 1999

എപ്പോഴും ചിരിക്കുന്ന ഒരു വട്ടമുഖക്കാരിക്കൊച്ച് പ്രീഡിഗ്രി ക്ലാസ്സില്‍ ഉണ്ടായിരുന്നു - പ്രവീണ. ആളോടൊപ്പം ഓര്‍ത്തിരിക്കുന്ന മറ്റു രണ്ടു പേരുകള്‍ മഞ്ജുഷയും ശൈലജയും ആണ്. മഞ്ജുഷയെ വീണ്ടും FB യിലൂടെ ഒക്കെ കണ്ടെങ്കിലും ഈ പ്രവീണയേയും ശൈലജയേയും കുറിച്ച് ഇപ്പോള്‍ നോ വിവരം. പ്രവീണ ഫാത്തിമയില്‍ത്തന്നെയാണ് ഡിഗ്രിയും ചെയ്തതെന്ന് പിന്നീട് കേട്ടിരുന്നു - ഏതാണ്ട് 19 കൊല്ലത്തോളം ആകുന്നു ഞാനാ പുള്ളിക്കാരിയെ കണ്ടിട്ടോ വിശേഷങ്ങള്‍ അറിഞ്ഞിട്ടോ, പക്ഷേ, ഇപ്പോഴും ഒരു പാട്ടുകേള്‍ക്കുമ്പോള്‍ എനിക്കാ ചുരുണ്ട മുടിക്കാരിയുടെ വട്ടമുഖച്ചിരി ഓര്മ വരും!


അന്ന് വീട്ടില്‍ കേബിള്‍ ഒന്നുമില്ലല്ലോ - യുട്യുബ് എന്താണെന്നു പോലും അറിയില്ല. ഫാത്തിമയുടെ പിന്മുറ്റത്ത് - പെണ്മുറ്റത്തെ പടവുകളില്‍ ഇരുന്ന് സിപ്-അപ്പ്‌ നുണഞ്ഞിരുന്ന ഏതോ ദിവസമാണ് ഞാന്‍ അവളോടെനിക്കീ പാട്ടൊത്തിരി ഇഷ്ടമാണെന്ന് പറയുന്നത്. മലയാളം ക്ലാസ്സില്‍ കയറാതെ കറങ്ങിനടന്നിരുന്ന ഞങ്ങളുടെ സ്ഥിരം സങ്കേതമായിരുന്നു ഈ പടവുകള്‍. വൈസ് പ്രിന്‍സിപ്പല്‍ ഒരു കന്യാസ്ത്രീ ആയിരുന്നു - സിസ്റര്‍ അഡോള്‍ഫ് അഥവാ അഡോള്‍ഫ് സിസ്റ്റര്‍. പിള്ളേരൊക്കെ പുള്ളിക്കാരിയെ കളിയാക്കി വിളിച്ചിരുന്നത് അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നും. സ്ഥിരമായി ക്ലാസ് കട്ട് ചെയ്തുനടക്കുന്ന കുഞ്ഞാടുകളെ പിടിക്കാന്‍ പെണ്മുറ്റം വഴിയൊരു കറക്കമുണ്ട് സിസ്ടര്‍ക്ക്. ഞങ്ങള്‍ ക്ലാസ് ചാടിവന്നിരിക്കുമ്പോള്‍ തന്നെ ആ പീരിയഡ് ഏത് ക്ലാസിനാണ് ഫ്രീ ആയിട്ടുള്ളത് എന്ന് അന്വേഷിച്ചുവെക്കും. അപ്പോള്‍പ്പിന്നെ സിസ്റര്‍ ചോദിക്കുമ്പോള്‍ സൗകര്യം പോലെ ആ ക്ലാസ് ഫ്രീ ആണെന്നങ്ങു പറഞ്ഞാല്‍ മതിയല്ലോ - കള്ളം പറഞ്ഞുമില്ല നമ്മുടെ കാര്യം നടക്കുകയും ചെയ്യും; ഒരു "അശ്വത്ഥാമാ ഹത ..... കുന്ജര " സ്റ്റൈല്‍.കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഹിന്ദി സെകന്റ് ലാംഗ്വേജ്കാര്‍ക്ക് ടീച്ചര്‍ പ്രസവത്തിന് പോയതുകൊണ്ട് സ്ഥിരമായി "ഫ്രീ hour " ആകുകയും ഞാനും ഹിന്ദിയാണ്‌ സെകന്റ് ലാംഗ്വേജ് എന്ന് പറയാന്‍ തുടങ്ങുകയും ചെയ്തു! അങ്ങനെയിരുന്നൊരു ദിവസമാണ് ഇത് ചര്‍ച്ചയായത്.....


"ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാംകുഴലിന്‍ കഥ പറയാം " ഈ പാട്ടെനിക്ക് വരികള്‍ മുഴുവന്‍ അറിയില്ല, പക്ഷേ ഒത്തിരി ഇഷ്ടമാണെന്ന് അറിഞ്ഞ് നോട്ടുബുക്ക്ന്റെ ഒരു ചീന്തിയ പേപ്പറില്‍ ഉരുണ്ട കയ്യക്ഷരത്തില്‍ പ്രവീണ എനിക്ക് എഴുതി തന്നു. ആ പേപ്പര്‍ കളഞ്ഞു പോയെങ്കിലും ഇന്നും ഈ പാട്ട് കേള്‍ക്കുമ്പോള്‍ ചിരിച്ചുംകൊണ്ടൊരു വട്ടമുഖക്കാരി ആ പേപ്പര്‍ നീട്ടും ....


------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day78

4 comments:

  1. ഈ പാട്ട് കേൾക്കുമ്പോൾ മരിച്ചു പോയ കുഞ്ഞാന്റിയെ ഓർമ വരും.

    ReplyDelete
  2. അഡോൾഫ് സിസ്റ്റർ - അഡോൾഫ് ഹിറ്റ്ലർ...
    ആശംസകൾ

    ReplyDelete
  3. ഈ സിനിമയും പാട്ടും ഓർത്താൽ സങ്കടം വരും..... എന്നാലും ഇഷ്ടം ❤️

    ReplyDelete
  4. "ഉണ്ണികളേ ഒരു കഥ പറയാം, ഈ പുല്ലാംകുഴലിന്‍ കഥ പറയാം " 
    എന്ന പാട്ട് എന്റെയും ഒരു ഇഷ്ട്ട ഗാനമായിരുന്നു ..!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)