കരയുന്ന കുഞ്ഞുവാവകളുടെ കൂടെയാകട്ടെ നമ്മുടെ ഇത്തവണത്തെ കറക്കം. കുഞ്ഞാവകള്‍ക്ക് വേണ്ടിയുള്ള ചില സൂത്രങ്ങള്‍ ഇവിടെ കണ്ടപ്പോള്‍ അതൊക്കെ നിങ്ങളോട് ഒന്ന് പങ്കു വെക്കാമെന്നു കരുതി. രണ്ടാമത്തെ മകന് ഒരു വയസു കഴിഞ്ഞതേയുള്ളൂ എന്നത് കൊണ്ട് കരയുന്ന കുഞ്ഞാവയെക്കാണാന്‍ എനിക്കൊത്തിരി ദൂരമൊന്നും പോകണ്ട. ഇവിടെയുള്ള ആശുപത്രികളില്‍ നിന്നും പ്രസവം കഴിഞ്ഞു കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് പോരണമെങ്കില്‍ കുഞ്ഞിനുള്ള കാര്‍ സീറ്റ് കാണിച്ചാലേ പറ്റൂ എന്ന് തമാശയായി പറയാറുണ്ട്. ആ പറച്ചിലില്‍ ഒരല്പം കാര്യവുമുണ്ട്. ചെറിയ കുട്ടികള്‍ക്ക് പിറകിലേക്ക് നോക്കിയിരുത്തുന്ന രീതിയിലുള്ള ഇന്ഫന്റ്റ് കാരിയര്‍ സീറ്റുകളും, രണ്ടു വയസിനു മുകളിലുള്ള കുഞ്ഞുങ്ങള്‍ക്ക് മുന്‍പിലേക്ക് നോക്കിയിരിക്കാവുന്ന തരത്തിലുള്ള സീറ്റുകളും, അല്പം കൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് പൊക്കം കൂട്ടിയുപയോഗിക്കാവുന്ന ബൂസ്ടര്‍ സീറ്റുകളും ഇവിടെ നിര്‍ബന്ധം ആണ്. ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാകണം. അങ്ങനെ ആശുപത്രി വിട്ടു കുഞ്ഞപ്പനേം കൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്നും നമുക്കൊരു കുഞ്ഞുപൊതി കൂടിത്തന്നിരുന്നു. മോന് രണ്ടു മൂന്നു ദിവസത്തേക്ക് വേണ്ട ഡയപ്പറുകള്‍, തുടക്കാന്‍ വേണ്ട ടിഷ്യു, കുളിപ്പിക്കാന്‍ ചൂടുവെള്ളം എടുക്കാന്‍ പാകത്തിനൊരു ചെറിയ പ്ലാസ്റ്റിക് ബേസിന്, കുഞ്ഞിന്റെ മൂക്കോ ചെവിയോ ഒക്കെ വൃത്തിയാക്കാന്‍ ഫണല്‍ പോലൊരു സാധനം, പിന്നെ ഒരു പാസിഫയര്‍, കുഞ്ഞു കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ വായില്‍ വെച്ചുകൊടുക്കാന്‍!
പാസിഫയര്‍ എന്നതൊരു ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന കുട്ടികളെ കണ്ടിട്ടുള്ളത് കൊണ്ടോ എന്തോ കുഞ്ഞിനുപയോഗിക്കാന്‍ നല്കാന് അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. പക്ഷേ, വിചാരിക്കുന്നത്ര കുഴപ്പക്കാരനുമല്ല ഈ പാസിഫയര്‍. പലപ്പോഴും അമ്മമാര്‍ക്ക് പാസിഫയര്‍ ഉണ്ടെങ്കില്‍ പകുതി ജോലി കുറയുകയും ചെയ്യും. അനാവശ്യ കരച്ചിലുകള്‍ ഒഴിവാക്കാം, പാലു കുടിച്ച് ഉറങ്ങുന്ന ശീലം ഒഴിവാക്കാം. ഗുണങ്ങള്‍ക്കൊപ്പം ചില്ലറ ദോഷങ്ങള്‍ സഹിക്കുകയും വേണം. കുട്ടികള്‍ പാസിഫയര്‍ ഇല്ലാതെ ഉറങ്ങില്ല എന്ന അവസ്ഥയും ഉണര്‍ന്നിരിക്കുമ്പോള്‍ പോലും വായില്‍ ഈ സാധനം ഇല്ലാതെ നടക്കാന്‍ പറ്റാതെ കുട്ടികള്‍ക്ക് ഒരു അഡിക്ഷന് വരുകയും ചെയ്യുന്നു. പല്ലിനു കേടുവരാനും പലപ്പോഴും തറയില്‍ വീണതിനു ശേഷം കുട്ടികള്‍ തന്നെ എടുത്തു വായില്‍ വെക്കുന്നതിനാല്‍ ഇന്ഫെക്ഷന് വരാനും സാദ്ധ്യത കൂടുതലാണ് പാസിഫയര്‍ ഉപയോഗിക്കുന്ന കുട്ടികളില്‍.
ഡേ-കെയറിലും മറ്റും പോകുന്ന ചെറിയ കുട്ടികളുടെ കയ്യില്‍ മിക്കവാറും ഉണ്ടാകാറുള്ള ഒരു സാധനം ആണ് ചെറിയൊരു ഷീറ്റ് (ബ്ലാന്കെറ്റ്) അല്ലെങ്കില്‍ ഒരു സോഫ്റ്റ് ടോയ്. മിക്കപ്പോഴും കുട്ടികള്‍ക്ക് ഉറങ്ങാനുള്ള കൂട്ടായിരിക്കും ഈ സോഫ്റ്റ്ടോയ്. വീട്ടില്‍ നിന്ന് മാറിനില്ക്കുമ്പോള് തോന്നുന്ന അരക്ഷിതാവസ്ഥയെ മറികടക്കാന്‍ മിക്ക കുട്ടികളും പരിചിതമായ ബ്ലാങ്കെറ്റിനെയും കെട്ടിപ്പിടിച്ചുറങ്ങുന്ന കളിപ്പാവകളെയും ആശ്രയിക്കുന്നു. ഒരു ദിവസമൊരു സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ ഒരു കുഞ്ഞു പെന്ഗ്വിന് പാവയെ കണ്ടു. കാറില്‍ കയറിയപ്പോള്‍ അവിടെയും കണ്ടു അതുപോലൊന്ന്. വീണ്ടും അതേ നിറത്തില്‍ വലുപ്പത്തില്‍ സയാമീസ് ഇരട്ടയെപ്പോലെ ഒരെണ്ണം കൂടി കണ്ടപ്പോഴാണ് എന്താണീ കുഞ്ഞു പെന്‍ഗ്വിനുകളുടെ പ്രത്യേകത എന്ന് ചോദിക്കേണ്ടി വന്നത്. കുഞ്ഞു പെന്ഗ്വിന് ഉണ്ടെങ്കില്‍ മാത്രം ഉറങ്ങുന്ന, സ്വന്തം വീടിനു പുറത്തു വന്നാല്‍ ആ കുഞ്ഞുപെന്ഗ്വിനെ കയ്യില്‍ പിടിച്ചു മാത്രം നടക്കുന്ന ഒരു കുഞ്ഞാണ് സുഹൃത്തിന്. എവിടെയെങ്കിലും പോകാനിറങ്ങിക്കഴിഞ്ഞു പകുതി വഴിക്ക് ഈ പെന്ഗ്വിന് ഇല്ലെന്നറിയുമ്പോള്‍ കുട്ടിയുണ്ടാക്കുന്ന കരച്ചില് ബഹളമൊഴിവാക്കാന്‍ കാണിച്ചൊരു ബുദ്ധിയായിരുന്നു ഒരേപോലെയുള്ള പെന്ഗ്വിന് കുഞ്ഞുങ്ങളെ വീട്ടിലും കാറിലും ഒക്കെ വാങ്ങി വെക്കുകയെന്നത്. ബ്ലാങ്കെറ്റിന്റെ സുരക്ഷിതത്വം ഒരു തുടര്‍ച്ചയായ കുഞ്ഞ് പിന്നെ എവിടെ പോകുമ്പോളും വാലുപോലെ ആ തുണിയും കൂടെപ്പിടിച്ചു നടന്ന കഥകളുമുണ്ട്.
ഇതൊക്കെയ്ക്കും ഡോക്ടര്‍മാര്‍ പറയുന്ന കാരണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായത്തില്‍ ഉണ്ടാകുന്ന stranger anxiety ആണ് ഇവിടുത്തെ വില്ലന്‍ എന്നാണ്. എന്നാല്‍ ഈ വില്ലനും അത്ര കുഴപ്പക്കാരന്‍ അല്ല. പലപ്പോഴും 'പരിചയക്കുറവ്' അഥവാ 'തിരിച്ചറിയല്‍' കുഞ്ഞുങ്ങളില്‍ കണ്ടു തുടങ്ങുന്നത് ഒരു 6-7 മാസം പ്രായം കഴിയുമ്പോഴാണ്. നമ്മുടെ നാട്ടില്‍ പലപ്പോഴും പറയുന്നത് കേള്‍ക്കാം, "ഇപ്പൊ വാവയ്ക്ക് ആളുകളെ ഒക്കെ കണ്ടാല്‍ അറിയാം, അമ്മയുടെ കയ്യില്‍ മാത്രേ ഇരിക്കൂ, അല്ലെങ്കില്‍ അച്ഛമ്മയെ കണ്ടാല്‍ മാത്രേ ചിരിക്കൂ" എന്നൊക്കെ. stranger anxiety അഥവാ അപരിചിതരെക്കാണുമ്പോള്‍ ഉള്ള ഉത്കണ്ഠ ആണ് പൊതു ഇടങ്ങളില്‍ കുഞ്ഞുങ്ങളെക്കൊണ്ട് കരയിപ്പിക്കുന്നതും, അമ്മയോടോ അല്ലെങ്കില്‍ അതുപോലെ അടുപ്പമുള്ളവരോട് മാത്രം ചേര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നതും. കുഞ്ഞുങ്ങളെ ചെറുപ്പം മുതല്‍ ഒറ്റയ്ക്ക് കിടത്താനും ഉറക്കാനും, കഴിക്കാനും ഒക്കെ പ്രേരിപ്പിക്കുന്ന ഒരു സമൂഹം ആയതുകൊണ്ട് തന്നെ ഇവിടെ കുഞ്ഞുങ്ങളുടെ ആ ഒരു ആശങ്ക ഒഴിവാക്കാനുള്ള ഒരു സൂത്രമാണ് പലപ്പോഴും ഓമനക്കളിപ്പാട്ടങ്ങളും, അവരുടെ മാത്രം സ്വന്തമായ പുതപ്പും ഒക്കെ. അച്ഛനുമമ്മയും ഡേകെയറുകളില്‍ വിട്ടിട്ടുപോകുമ്പോളുണ്ടാകുന്ന ഒറ്റപ്പെടലിന്റെ മാനസിക പിരിമുറുക്കങ്ങള്‍ ഒരു പരിധി വരെ തടയാന്‍ ഈ "സ്വന്തം" സാധനങ്ങള്‍ക്ക് കഴിയും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വിട്ടുപോകാന്‍ പറ്റാത്ത വണ്ണം ഒട്ടിച്ചേര്‍ന്നാല്‍ മാത്രമേ ഇതൊക്ക ഒരു പ്രശ്നം ആകുകയുമുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം പകരാന്‍ അവരുടെ കുഞ്ഞിപെന്ഗ്വിനും, ചിമ്പുപ്പാവയ്ക്കും ഒക്കെ കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?
ആദ്യമായി അച്ഛനും അമ്മയും ആകുന്ന ആളുകള്‍ക്ക് ജീവിതം എളുപ്പമാകാനുള്ള കുറെയേറെ സംഭവങ്ങള്‍ ഇവിടെ ഉണ്ട്. നാട്ടിലും പലരും ഇപ്പോള്‍ ഇതൊക്കെ ഉപയോഗിച്ച് തുടങ്ങിയെന്നു തോന്നുന്നു. അച്ഛനമ്മമാര്‍ക്ക് ആശ്വാസം നല്കുന്ന മറ്റൊരു സംഭവം ആണ് മോണിറ്ററുകള്‍. ഒരു ജോഡിയായി കിട്ടുന്നതില്‍ ഒരെണ്ണം കുഞ്ഞിന്റെ മുറിയിലും മറ്റൊരെണ്ണം നമ്മുടെ കയ്യിലും വെച്ചാല്‍ കുഞ്ഞ് ഉണര്‍ന്നു കരയുന്നത് അറിയാതെ പോകുമോ എന്ന് ടെന്‍ഷന്‍ അടിക്കാതെ വീടിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ള ജോലിയൊക്കെ തീര്‍ക്കാം. അല്ലെങ്കില്‍ വീട്ടിലിരുന്നുള്ള ഓഫീസ് ജോലികളോ വിളികളോ ഒക്കെ കുഞ്ഞിന്റെ ഉറക്കം തടസ്സപ്പെടുത്താതെ ചെയ്യാം. കുഞ്ഞുങ്ങളെ കിടത്താന്‍ പ്രത്യേകം മുറി ഉപയോഗിക്കുന്നവര്‍ക്ക് മോണിറ്റര്‍ വളരെയധികം പ്രയോജനപ്രദം ആകാറുണ്ട്. കുഞ്ഞിനും അമ്മയ്ക്കും ഒക്കെ ആവശ്യത്തിനുള്ള ഉറക്കം കിട്ടും എന്നത് തന്നെയാണ് ഗുണം. മറ്റാളുകള്‍ സഹായത്തിനില്ലാത്ത അണുകുടുംബങ്ങളില്‍ ഇമ്മാതിരി യന്ത്രച്ചങ്ങാതികള്‍ തന്നെ ശരണം!
|
സ്ട്രോളറില്‍ തള്ളിക്കൊണ്ട് നടന്നാല്‍ ഇങ്ങനെ ചിരിച്ചിരുന്നോളും! |
കാര്‍ സീറ്റ് -അഥവാ ചൈല്‍ഡ് സീറ്റ് -നമുക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഉപയോഗിച്ചേ തീരൂ എന്നുള്ള ഒരു കാര്യമാണ് ഇവിടെ. മൂത്ത മകന് ഒരു വയസ് ആയതിനു ശേഷമാണു നാട്ടില്‍ നിന്ന് ഇവിടേക്ക് വന്നത് എന്നതിനാല്‍ അവനും ഞങ്ങള്‍ക്കും അതൊരു പുതു അനുഭവം ആയിരുന്നു. എയര്‍പോര്‍ട്ടില്‍ കൂട്ടാന്‍ വന്ന സുഹൃത്തിന്റെ കാറിലെ കാര്‍ സീറ്റിലേക്ക് അവനെ മാറ്റി ഇരുത്തി, സീറ്റ് ബെല്‍റ്റൊക്കെ ഇട്ടുറപ്പിച്ചിട്ട് എന്നോട്എ അടുത്ത സീറ്റില്‍ ഇരുന്നുകൊള്ളൂ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമോ, സമാധാനമോ തോന്നിയില്ല എന്നതാണ് സത്യം. അത്രയും നാള് ഇന്ത്യയില്‍ നടത്തിയ എല്ലാ യാത്രയിലും എന്റെ മടിയില്‍, നെഞ്ചില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞിനെയാണ് ആരും ഒരു ദയാദാക്ഷിണ്യവും കൂടാതെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തിയത്. അര-മുക്കാല്‍ മണിക്കൂര്‍ നീണ്ട യാത്രയുടെ അവസാനം വരെ എന്റെ രണ്ടു കയ്യും കുഞ്ഞിന്റെ പുറത്തായിരുന്നു. സീറ്റില്‍ നിന്നും അവന് തെറിച്ചു പോയാലോ എന്നൊക്കെയുള്ള ചിന്തയും, പരിചിതമല്ലാത്ത സംഭവം നടന്നതിലെ കുഞ്ഞിന്റെ കരച്ചിലും കാരണം. പിന്നീട് പതുക്കെപ്പതുക്കെ അവനും ഞങ്ങളും അതിനോട് പൊരുത്തപ്പെട്ടു, മാത്രവുമല്ല സീറ്റ്ബെല്‍റ്റ് ഇട്ടു സുരക്ഷിതമാക്കുന്ന കാര്‍സീറ്റുകള്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നതിനേക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ നല്കുന്നു എന്ന സത്യത്തിനേയും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ രണ്ടാമത്തെയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് വരുമ്പോള്‍ കാര്‍സീറ്റിലേക്ക് ഇരുത്തുമ്പോള് സങ്കടം ഒന്നും തോന്നിയില്ല, അവന് ആ യാത്രയില്‍ നല്ല സുഖമായി ഉറങ്ങുകയും ചെയ്തു. പക്ഷേ, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കയ്യില്‍ നിന്ന് സീറ്റിലേക്ക് മാറാനുള്ള മടിയില്‍ കരച്ചില് എന്ന ആയുധം ഇടക്കൊക്കെ പ്രയോഗിച്ചു നോക്കിയിട്ടുമുണ്ട്. മറ്റൊരു ഓപ്ഷന് കിട്ടിയിട്ടില്ലാത്തത് കൊണ്ട് ആ കരച്ചില് ഒന്ന് ചാറി അങ്ങനെതന്നെ പോകും. എങ്കിലും പൊതുവേ കുട്ടികള്‍ക്ക് കാര്‍സീറ്റ് ഇഷ്ടമുള്ള ഇടമാണ്.
|
കുഞ്ഞിനെ കാര്‍ സീറ്റില്‍ പുറകിലേക്ക് തിരിച്ച് ഇരുത്തിയിരിക്കുന്നു |
പുറത്തൊക്കെ പോകുമ്പോള്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കാന്‍ ഉപയോഗിക്കാവുന്ന കങ്കാരു ബാഗ്, കുഞ്ഞിനെ ഇരുത്തി തള്ളിക്കൊണ്ട് പോകാവുന്ന സ്ട്രോളര്‍, ഭക്ഷണം കൊടുക്കാന്‍ ഇരുത്താവുന്ന ഹൈ ചെയര്‍ അങ്ങനെ കുറെയേറെ സൂത്രപ്പണികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഈ പറഞ്ഞ സാധനങ്ങള്‍ ഒക്കെയാണ് നന്നെന്നോ, ഈ രീതി മാത്രമാണ് ശരിയെന്നോ , ഇതൊക്കെ വന്‍ കുഴപ്പമാണ് എന്നോ ഒരിക്കലും ഒരഭിപ്രായവും ഇല്ല എനിക്ക്. മാത്രവുമല്ല ഈ പറഞ്ഞതില്‍ പലതും ഞങ്ങള്‍ രണ്ടുമക്കള്‍ക്കും ഉപയോഗിച്ചിട്ടുമില്ല. എങ്കിലും കാലം മാറുമ്പോള്‍ പണ്ടുണ്ടായിരുന്നവ പലതും കാലാനുസൃതമായി മാറുന്നത് നന്നെന്നു തോന്നാറുണ്ട്.
|
കംഗാരൂ ബാഗില്‍ ഉറങ്ങുന്ന കുഞ്ഞന്‍ |
|
ഇഷ്ടപ്പെട്ട 'ജോര്‍ജ്ജ്' ബാഗുമായി മകന്. ആ നീളത്തില്‍ കാണുന്ന വാലൊരു വലിയ സഹായമാണ്! |
ജീവിതം മനോഹരമാക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയും, കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഓരോ നിമിഷവും നമുക്ക് കരച്ചിലുകളില്ലാതെ മനോഹരമാക്കാന്‍ ചിലപ്പോള്‍ ഇത്തരം ഞൊടുക്കുവിദ്യകള്‍ക്ക് കഴിഞ്ഞാലോ?
|
OurKids Magazine -July2017 |