ഈസ്റ്റ് ഇന്ത്യ കമ്പനിയെ മുട്ടുകുത്തിച്ച ചരിത്രത്തിലെ അധികം ആഘോഷിക്കപ്പെടാതെ പോയ ഒരു പെൺ ചരിത്രമാണ് റാണി രശ്മോണി ദാസിന്റേത്. 1840 കളിൽ ബംഗാളിലെ മത്സ്യബന്ധന സമൂഹങ്ങൾ അതിജീവന പ്രതിസന്ധി നേരിടുകയായിരുന്നു. ഇന്ത്യയെ പല തട്ടുകളിൽ കൊള്ളയടിച്ചുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഗംഗയിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതത്തെയും ആക്രമിക്കാൻ തുടങ്ങിയത് ആ സമയത്താണ്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലമാണ് ബംഗാളിപാചകരീതിയിലെ രുചിയൂറുന്ന വിഭവമായ സിൽവർ ഹിൽസ എന്ന മീനുകളുടെ സമൃദ്ധമായ വിളവെടുപ്പ് നടക്കുന്നത് . ചെറുകിട മീൻപിടിത്തക്കാർ ഗംഗയുടെ ഉപരിതലത്തിൽ അവരുടെ കുഞ്ഞുവള്ളങ്ങളിലെത്തി വലകൾ വീശിയെറിഞ്ഞു സിൽവർ ഹൽസയുടെ ചാകര ആഘോഷിക്കും. ഈ ചെറിയ മീൻവഞ്ചികൾ ചരക്കുകൾ കൊണ്ടുപോകുന്ന കെട്ടുവള്ളങ്ങളുടെ യാത്രയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്ന് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനി ഫിഷിംഗ് ബോട്ടുകൾക്ക് നികുതി ഏർപ്പെടുത്തി. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ കമ്പനിക്ക് അധിക വരുമാനം ലഭിക്കുമ്പോൾ തന്നെ നദിയിലെ ഗതാഗതം കുറയ്ക്കുന്ന തന്ത്രപൂർവ്വമായ തീരുമാനം.
ജീവിതമാർഗം വഴി മുട്ടിയേക്കും എന്ന് ഭയന്ന ഉത്കണ്ഠാകുലരായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രശ്നപരിഹാരത്തിനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ട് കൊൽക്കത്തയിലെ ഉയർന്ന ജാതിക്കാരായ ഹിന്ദു ഭൂവുടമകളുടെ അടുത്തേക്ക് പോയി.വിഷമാവസ്ഥയിലായ ഇവരിൽ മിക്കവരും ജെലെ കൈവർത്ത , മാലോ സമുദായങ്ങളിൽ നിന്നുള്ള ശൂദ്രരായിരുന്നു. എന്നാൽ കമ്പനിയിലെ തങ്ങളുടെ രക്ഷാധികാരികളുമായുള്ള ബന്ധം വഷളാക്കാൻ താല്പര്യമില്ലാതിരുന്ന ഹിന്ദു വരേണ്യവർഗക്കാർ ശൂദ്രന്മാരായ മത്സ്യബന്ധന സമൂഹത്തിനോട് മുഖം തിരിക്കുകയാണുണ്ടായത്. നിരാശരായ മത്സ്യത്തൊഴിലാളികൾ മധ്യ കൊൽക്കത്തയിലെ ജൻബസാറിലേക്ക് തിരിച്ചു . അവിടെ സമ്പന്നനായ സംരംഭകനായിരുന്ന രാജ് ചന്ദ്രദാസിന്റെ വിധവ രശ്മോണി ദാസ് എന്ന ശൂദ്രസ്ത്രീ ആയിരുന്നു അവരുടെ അവസാന പ്രതീക്ഷ. തുടർന്ന് നടന്നത് ഇന്ത്യൻ കോളനിചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു സംഭവമായി മാറി. റാണി രശ്മോണി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയിലെ പത്തുമീറ്റർ സ്ഥലം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കയ്യിൽ നിന്നും 10,000 രൂപയ്ക്ക് പാട്ടത്തിനെടുത്തു. കൊളോണിയൽ ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്താനഗരം പടർന്നുകിടന്നിരുന്നത് ഈ തീരങ്ങളിലായിരുന്നു. അത്രയും ഭാഗം പാട്ടത്തിനെടുക്കുന്ന രേഖകൾ കമ്പനിയിൽ നിന്നും കൈപ്പറ്റിയ ശേഷം രണ്ട് കൂറ്റൻ ഇരുമ്പ് ചങ്ങലകൾ ഗംഗയിൽ സ്ഥാപിക്കുകയാണ് രശ്മോണി ചെയ്തത് - നദി വില്ലുപോലെ കമാനമായി വളഞ്ഞൊഴുകിയിരുന്ന മെറ്റിയബ്രൂസിലും ഗുസൂരിയിലും. പിന്നീട് ഗംഗയിൽ മത്സ്യബന്ധനത്തിന് തടസം നേരിട്ട മത്സ്യത്തൊഴിലാളികളെ ഈ പ്രദേശത്തേക്ക് വല ഇറക്കാൻ അവർ ക്ഷണിച്ചുവരുത്തി.
മീൻവഞ്ചികൾ ഇവിടേക്ക് കൂട്ടമായി എത്തിയതോടെ ഗംഗയിലെ വാണിജ്യ ഗതാഗതം തടസപ്പെട്ടു. പല ചരക്കുവഞ്ചികളും യാത്ര നിർത്തിവെക്കേണ്ടി വന്നു. പ്രതീക്ഷിക്കാതെ വന്നുചേർന്ന സംഭവവികാസങ്ങളിൽ പരിഭ്രാന്തരായ കമ്പനി ഉദ്യോഗസ്ഥർ രശ്മോണിയോട് വിശദീകരണം തേടിയപ്പോൾ നദിയിലെ വലിയ ചരക്കുകപ്പലുകളുടെ ഗതാഗതം ആ ഭാഗത്തെ മത്സ്യബന്ധനത്തിന് തടസമാകുന്നതിനാൽ നഷ്ടം സംഭവിക്കാതിരിക്കാൻ അവിടെ ചങ്ങലയിടേണ്ടി വന്നു എന്നായിരുന്നു രശ്‌മോണിദാസിന്റെ മറുപടി. പാട്ടത്തിനെടുത്ത സ്ഥലം നിയമപ്രകാരം രശ്മോണിയുടെ അധികാരപരിധിയിൽ വരുന്നതായതിനാൽ നഷ്ടം വരാത്ത രീതിയിൽ അവിടമുപയോഗിക്കാൻ രശ്മോണിക്ക് അധികാരമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി നിയമയുദ്ധത്തിൽ ഏർപ്പെട്ടാലും ബ്രിട്ടീഷ് നിയമവ്യവസ്ഥിതി അനുസരിച്ച് പാട്ടത്തിനെടുത്ത ആൾക്ക് അനുകൂലമായിരിക്കും വിധി എന്നറിയാവുന്ന രശ്‌മോണിദാസ് ഗംഗയ്ക്ക് കുറുകെയുള്ള ചങ്ങലകൾ അഴിക്കാൻ തയ്യാറായില്ല. ആവിക്കപ്പലുകളും, വലിയ കെട്ടുവള്ളങ്ങളും, വിനോദയാത്രയ്ക്കുള്ള ബോട്ടുകളുമൊക്കെ ഗംഗയുടെ തീരങ്ങളിൽ മറ്റെവിടേക്കും പോകാൻ കഴിയാതെ അടുങ്ങാൻ തുടങ്ങിയതോടെ കമ്പനി ഉദ്യോഗസ്ഥർക്ക് മറ്റു വഴികളില്ലാതെ രശ്മോണിയുമായി ഒരു കരാറിലെത്തേണ്ടി വന്നു. മത്സ്യബന്ധനത്തിനുള്ള നികുതി റദ്ദാക്കി മത്സ്യത്തൊഴിലാളികൾക്ക് തടസ്സങ്ങളില്ലാതെ ഗംഗയിലേക്ക് പ്രവേശനത്തിനുള്ള അനുമതി.
ഒരു ബംഗാളി ശൂദ്ര വിധവ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ നീക്കത്തിലൂടെ കൊളോണിയൽ കോർപ്പറേഷനെ മറികടന്നത് ഇങ്ങനെയാണ്. അന്ന് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ വിശുദ്ധ ഗംഗാനദി പൊതുജനങ്ങൾക്ക് മത്സ്യബന്ധനത്തിനുപയോഗിക്കാവുന്ന ഒരിടമായി റാണി രശ്‌മോണി മാറ്റി.
അല്പം ചരിത്രം
1793 സെപ്റ്റംബർ 28 ന് ഹാലിഷഹാറിലെ ( വെസ്റ്റ് ബംഗാൾ) ഒരു ഗ്രാമത്തിൽ പാവപ്പെട്ട തൊഴിലാളിയുടെ മകളായി കൈവർത്ത (ശൂദ്ര) കുടുംബത്തിലാണ് രശ്‌മോണി ജനിച്ചത്. ദയയും മനുഷ്യസ്നേഹവും കൊണ്ട് കുഞ്ഞു രശ്‌മോണി ചെറുപ്പത്തിലേ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. കൗമാരത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കൊൽക്കത്ത ആസ്ഥാനമായുള്ള ജമീന്ദർ കുടുംബത്തിലെ രാജ് ചന്ദ്ര ദാസിന്റെ മൂന്നാമത്തെ ഭാര്യയായി മാറി റാണി രശ്മോണി. ബിസിനസുകാരനായിരുന്ന രാജ് ചന്ദ്ര വിദ്യാസമ്പന്നനും ആധുനികചിന്താഗതിയുള്ളവനുമായിരുന്നു. അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കാനും തടസ്സമില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനും അദ്ദേഹം റാണി രശ്മോണിയെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത്, മിക്ക വീടുകളിലെയും സ്ത്രീകൾ പുരാതന ആചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം അകത്തളങ്ങളിൽ ബന്ധിക്കപ്പെട്ടിരുന്നു. ചന്ദ്രദാസിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന സാമൂഹ്യ പരിഷ്‌കർത്താവ് രാജാറാം മോഹൻ റായിക്ക് രശ്മോണിയോട് വളരെയധികം വാത്സല്യമുണ്ടായിരുന്നു. അവളുടെ അനുകമ്പയുള്ള സ്വഭാവംഅദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. “നൂറുകണക്കിന് നിസ്സഹായരായ സ്ത്രീകളുടെ ജീവിതത്തിൽ നിന്ന് നിനക്ക് ഇരുട്ടിനെ അകറ്റാൻ കഴിയട്ടെ, അങ്ങനെ പേരിന് അനുസൃതമായി ജീവിച്ച് നീ ജനങ്ങളുടെ രാജ്ഞിയാകട്ടെ” ഇപ്രകാരം രാജാ റാം മോഹൻ റായി അവളെ ആശീർവദിച്ചതായി വിശ്വസിക്കപ്പെടുന്നു.
ബുദ്ധിയിലും കഴിവിലും സമർത്ഥയായിരുന്ന രശ്മോണി പതുക്കെ കുടുംബത്തിന്റെ ബിസിനസ്സിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും ഏർപ്പെട്ടു. പിതാവിന്റെമരണത്തെത്തുടർന്ന് രാജ് ചന്ദ്ര ഒരു വലിയ സമ്പാദ്യത്തിന്റെ അവകാശിയായിമാറി. അതിനെത്തുടർന്ന്ആ കുടുംബം തങ്ങളുടെ സ്വത്ത് പൊതുസേവനത്തിലേക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിലേക്കും നീക്കിവെക്കാൻതുടങ്ങി. പൊതുജനങ്ങൾക്ക് കുളിക്കാനായി നിരവധി ഘട്ടുകൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ, കുടിവെള്ള സംഭരണികൾ, വാർദ്ധക്യകാല വീടുകൾ, പൊതു അടുക്കളകൾ എന്നിവ അവർ സ്ഥാപിച്ചു. രാജ് ചന്ദ്ര മരിച്ചതിനുശേഷം, റാണി രശ്മോണി കുടുംബത്തിലെ ബിസിനസിന്റെയും സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി സാമൂഹ്യകാര്യങ്ങളിൽ നിരന്തരമായി ഇടപെടുകയും ചെയ്തു.
റാണി രശ്മോണിർ ജൽ
ഏതാണ്ട് 120 വർഷത്തിനുശേഷം 1960 ൽ രശ്മോണിയുടെ ആദ്യത്തെ ജീവചരിത്രകാരനായ ഗൗരംഗ പ്രസാദ് ഘോഷ് ആണ് ഹൂഗ്ലിയിൽ അപ്പോഴും ശേഷിച്ചിരുന്ന ഒരു ഇരുമ്പ് കുറ്റിയുടെ ഫോട്ടോയെടുത്ത് ലോകത്തിനെ കാണിച്ചത്. ഒരു കുട്ടിയാനയുടെ പാദത്തിന്റെ വലുപ്പമുള്ള ആ കുറ്റി 1840 ൽ നദിക്കു കുറുകെ ചങ്ങല ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്. കൊളോണിയൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിജയകരമായ ചരിത്ര നിമിഷത്തിന്റെ അവശേഷിച്ചിരുന്ന ഒരേയൊരു സാക്ഷിയായിരുന്നു ആ കുറ്റി. ആരുമാരും ആഘോഷിക്കപ്പെടാതെ പോയ ആ ചരിത്രാവശിഷ്ട്ടം ഇപ്പോൾ ചായ വിൽക്കുന്നവർ അവരുടെ ചൂളകൾക്കുള്ള കൽക്കരിക്കഷ്ണങ്ങൾ മുറിക്കാനായി ഉപയോഗിക്കുന്നു. എന്നാൽ രശ്‌മോണിയുടെ പ്രതിഷേധവും പ്രതിരോധവും വിജയവുമൊന്നും സാധാരണ ജനങ്ങൾ മറന്നില്ല. അവിടുത്തെ നാടോടിക്കഥകളുടെ ഭാഗമായ വീരവനിതയാണ്ഈ മനുഷ്യസ്നേഹി. പ്രശസ്‌ത ബംഗാളി എഴുത്തുകാരനായ സമരേഷ് ബസു അദ്ദേഹത്തിൻ്റെ ചരിത്രാഖ്യായമുള്ള നോവലായ ഗംഗയിൽ (1974) എഴുതിയത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ നദി എന്നെന്നേക്കുമായി ‘റാണി രശ്മോണിർ ജൽ’ - ‘റാണി രശ്മോണിയുടെ ജലം’ എന്നതായി മാറിയെന്നാണ്.
ബെലിയഘട്ട കനാലിലെ വെള്ളത്തിലാണ് ജാൻ ബസാറിലെ ദാസ് കുടുംബം - രശ്മോണിയുടെ ഭർത്താവിന്റെ കുടുംബം - ആദ്യം പണം സമ്പാദിച്ചത്. കസ്തൂരി മുതൽ മസ്ലിൻ വരെയുള്ള കയറ്റുമതി സാധനങ്ങൾ സംഭരിക്കുന്നതിനായി കനാലിന്റെ ഇരുകരകളിലുമുള്ള ബെലിയഘട്ടയിലെ ഭൂരിഭാഗം സ്ഥലവും രശ്മോണിയുടെ ഭർത്താവ് വാങ്ങി. 1850 കളിൽ രശ്മോണി സ്ഥാപിച്ച റാണി രശ്മോണി ബസാറിൽ നിന്നും അര കിലോമീറ്റർ ദൂരെയാണ് ബെലിയഘട്ട കനാൽ. ഒരിക്കൽ ഗംഗയുമായി ബന്ധിപ്പിച്ചിരുന്ന കനാൽ ഇപ്പോൾ നഗരത്തിലെ മലിനജലം കൊണ്ടുപോകുന്നതിനായാണ് ഉപയോഗിക്കുന്നത്. 19-ആം നൂറ്റാണ്ടിലെ ഹൈവേകൾ ആയിരുന്ന കനാലുകൾ ദാസ് കുടുംബത്തിന്റെ സ്വത്തായതോടെയാണ് അവരുടെ സ്ഥാനം വ്യവസായികളിൽ നിന്നും (ബണിക്) ഭൂവുടമകളിലേക്ക് ( സമീന്ദർ ) മാറപ്പെടുന്നത്.
ഈസ്റ്റിൻഡ്യാ കമ്പനിയുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്നവർ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരുന്നതായിരുന്നു ആ കാലഘട്ടത്തിന്റെ പ്രത്യേകത. പുതുതായി സ്വരൂപിച്ച സ്വത്ത് ഉപയോഗിച്ച്, പലരും ഭൂവുടമകളുടെ എസ്റ്റേറ്റുകൾ വാങ്ങി. ഈ പുതിയ പ്രഭുവർഗ്ഗം കൊൽക്കത്തയുടെ ആഭിജാത സമൂഹത്തിനെ ജനിപ്പിച്ചു - ഉയർന്നവർഗം - ഉയർന്ന ജാതി കുടുംബങ്ങളുടെ ഒരു പ്രത്യേക തലം.
"കൊൽക്കത്തയിൽ: പ്രബന്ധങ്ങൾ നഗര ചരിത്രത്തിൽ (1993) " എന്ന പുസ്തകത്തിൽ ചരിത്രകാരൻ എസ്.എൻ. മുഖർജി, ബ്രാഹ്മണ , കയസ്ത, ബൈദ്യ ജാതികൾ ചന്ദ്രദാസിന്റെ കുടുംബം പോലുള്ള ശൂദ്രന്മാരെ അവരുടെ കൂട്ടത്തിലേക്ക് ഉൾക്കൊള്ളാൻ തയ്യാറായില്ലെന്ന് വിവരിക്കുന്നുണ്ട്.
ജലം കൊണ്ട് ശക്തരായവർ
രശ്മോണിയുടെ ഉപദേശമാണ് രാജ് ചന്ദ്രദാസിനെ ഹൂഗ്ലിയിലേക്ക് ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൊൽക്കത്തയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രമായ പുണ്യനദിയുടെ തീരങ്ങൾ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ശക്തികേന്ദ്രമായ ഒരു സ്ഥലമായി ഉയർന്നുവരികയായിരുന്നു. നദീതീരങ്ങൾ പലപ്പോഴും അധികാരം സ്ഥാപിക്കപ്പെടുന്ന സ്ഥലങ്ങളായി. കുളിസ്ഥലം, ശ്മശാനം, വാണിജ്യപാതകൾ എന്നിങ്ങനെ ജലതീരങ്ങളും സമൂഹത്തിലെ അധികാരസ്ഥാനവും ഇടപിരിഞ്ഞുകിടന്നു. കൊൽക്കത്തയുടെ ജനവിഭാഗത്തിലേക്ക് ദാസ് കുടുംബത്തിന്റെ പ്രാധാന്യവും ഔന്നത്യവും എത്തിക്കാൻ ഏറ്റവും പറ്റിയമാർഗവും ഇത് തന്നെയായിരുന്നു. ഡോറിക് നിരകൾ, തടികൊണ്ടുള്ള അലങ്കാരങ്ങൾ, പുഴയിലേക്ക് നയിക്കുന്ന വിപുലമായ പടികൾ എന്നിവയാൽ അലങ്കരിച്ച മനോഹരമായ ബാബു രാജചന്ദ്ര ദാസ് ഘട്ട് അല്ലെങ്കിൽ ബാബുഘട്ട്ആ ചിന്തയുടെ ഫലമായിരുന്നു. താമസിയാതെ, 1831 ൽ ദാസ് കുടുംബം അഹിരിറ്റോള ഘട്ട് പണിതു. കൊൽക്കത്തയിലെ നദീതീരത്തെ ഇപ്പോഴും അലങ്കരിക്കുന്ന 42 ചരിത്ര ഘട്ടങ്ങളിൽ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായി ഇവ രണ്ടും തുടരുന്നു.
തന്റെ ജീവിതകാലം മുഴുവൻ, ഹൂഗ്ലിയിൽ ഘാട്ടുകളുടെ നിർമ്മാണത്തിനായി രശ്മോണി പണം നൽകുന്നത് തുടർന്നു. 1857 ലെ കലാപസമയത്ത് നിരവധി ഇന്ത്യൻ, യൂറോപ്യൻ വ്യാപാരികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതായി ഗൗരി മിത്ര തന്റെ "രശ്മോണിയുടെ ജീവചരിത്ര"ത്തിൽ കുറിക്കുന്നു. കലാപത്തിനുശേഷം വളരെയധികം ലാഭം നേടിക്കൊണ്ട് രശ്മോണി ഇവ വിലകുറഞ്ഞ വിലയ്ക്ക് വാങ്ങി. ഭർത്താവിന്റെ മരണശേഷം അവർ ഒൻപത് ഘാട്ടുകൾ നിർമ്മിക്കുകയും പലതും പുതുക്കിപ്പണിയുകയും ചെയ്തുവെന്ന് മിത്ര അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവർത്തികളെല്ലാം തന്നെ രശ്മോണിയെ സാധാരണ ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടവളാക്കി.
കൈവർത്ത ജാതിയിൽ നിന്നുള്ള ഒരു വിധവയ്ക്ക് പുരുഷ ആധിപത്യമുള്ള യാഥാസ്ഥിതിക ഹിന്ദു സമൂഹത്തിൽഅത്രയും അധികാരംലഭിക്കുന്നത് അന്നത്തെ കാലത്ത് വളരെ അസാധാരണമായ ഒരു കാര്യമായിരുന്നു. ബ്രാഹ്മണിക യാഥാസ്ഥിതികതയോടുള്ള നിരന്തരമായ എതിർപ്പുകൾ എന്നും പ്രവർത്തികളിലൂടെ കാണിച്ചിരുന്ന റാണി രശ്മോണിയുടെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഭാവനയായിരുന്നു വിശുദ്ധ നദിയുടെ തീരത്തുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം.
ദക്ഷിണേശ്വർ കാളി ക്ഷേത്രം
100 അടി ഉയരത്തിൽ, ഒൻപത് സ്തൂപികകളുള്ള ഇളം മഞ്ഞയും തവിട്ടും നിറത്തിൽ മനോഹരമായി അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രം ഹിന്ദു തീർത്ഥാടനത്തിനും പ്രാർത്ഥനയ്ക്കും പവിത്രമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രശ്മോണിയുടെ ഒരു സ്വപ്നത്തിൽ നിന്ന് ഉയർന്നുവന്നതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ ഒരു തീർത്ഥാടനത്തിനായി ബെനാറസിലേക്കുള്ള യാത്രാമധ്യേ രശ്മോണിയുടെ സ്വപ്നത്തിൽ കാളിദേവി പ്രത്യക്ഷപ്പെടുകയും, ഹൂഗ്ലിയുടെ തീരത്ത് തനിക്കായി സമർപ്പിച്ചുകൊണ്ട് ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെടുകയും ചെയ്തത്രേ. സ്വപ്നത്തിൽ കിട്ടിയ ഈ വെളിപാടിന് ഭൗതികരൂപം നൽകാൻ തീരുമാനിച്ച രശ്മോണി നദിയുടെ പടിഞ്ഞാറൻ തീരത്ത് ഭൂമി വാങ്ങാൻ ശ്രമിച്ചു. പുണ്യനദിയുടെ തീരത്ത് ഒരു ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്ന ശൂദ്ര വിധവയുടെ വാർത്ത പ്രചരിച്ചപ്പോൾ, പടിഞ്ഞാറൻ കരയിലെ ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങി. ആരും തന്നെ പടിഞ്ഞാറൻ നദീതീര ഭൂമി തനിക്ക് വിൽക്കാൻ തയാറാകാതെ ആയപ്പോൾ രശ്മോണി ഹൂഗ്ലിയുടെ കിഴക്കൻ തീരങ്ങളിലെ സ്ഥലങ്ങൾ വാങ്ങാൻ ശ്രമിച്ചു. കിഴക്കൻ തീരത്തെ 33 ഏക്കർ സ്ഥലം വിവിധ ജാതിമതക്കാരിൽ നിന്നും വാങ്ങിയാണ് അവർ അവിടെ നൂറടി ഉയരത്തിലുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം നിർമിച്ചത്.
നിരവധി സംസ്കാരങ്ങളുടെ സമന്വയമായിരുന്നു ആ സ്ഥലം. ഇംഗ്ലീഷ് ബിസിനസുകാരനായിരുന്ന ജോൺ ഹെസ്റ്റിയുടെ ഫാക്ടറിയും അതിനോട് ചേർന്ന ജലസംഭരണിയുംപ്രദേശവും, ഹിന്ദുക്കളായ ഗ്രാമവാസികളിൽ നിന്നുമുള്ള മാന്തോപ്പുകൾ, മുസ്‌ലിം സമുദായത്തിൽ നിന്നും വാങ്ങിയ തടാകവും ശ്‌മശാനവും ചേർന്ന ഇടങ്ങൾ അങ്ങനെ പല ചരിത്ര സംസ്കാരങ്ങൾ ചേർന്ന ആ സ്ഥലം ഇന്ന് മനോഹരമായ ക്ഷേത്രമായി നിലകൊള്ളുന്നതോടൊപ്പം അതിന്റെ ഉത്ഭവത്തിന്റെ സമന്വയ ചരിത്രം ഒരു വശത്ത് ഗാസിപ്പുകുർ ടാങ്കിലെ വെള്ളത്തെയും മറുവശത്ത് വിശുദ്ധ ഗംഗയെയും പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രം പൂർത്തിയാകാറായപ്പോൾ കൊൽക്കത്തയിലെ പുരോഹിതന്മാർ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെ ഒരു ഹിന്ദു ആരാധനാലയമായി അംഗീകരിക്കാൻ വിസമ്മതിച്ചു. ഒരു ശൂദ്ര സ്ത്രീ ദൈവങ്ങൾക്ക് പ്രസാദം നൽകുന്നത്ഹിന്ദുധർമം വിലക്കിയിട്ടുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇത് രശ്മോണിയെ വളരെയധികം പ്രതിസന്ധിയിലും സംഘർഷത്തിലുമാക്കി.
എന്നാൽ പാവപ്പെട്ട ഒരു ബ്രാഹ്മണ പണ്ഡിതന്റെ രൂപത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ വേഗം തന്നെ അവർക്ക് മുന്നിലെത്തി. ആയിടെ കൊൽക്കത്തയിലേക്ക് സ്ഥലം മാറിയെത്തിയ രാംകുമാർ ചട്ടോപാധ്യായ എന്ന ബ്രാഹ്മണൻ ആയിരുന്നു ആ രക്ഷകൻ. ക്ഷേത്രഭൂമി ഒരു ബ്രാഹ്മണ പുരോഹിതന് ദാനം ചെയ്യുകയും അദ്ദേഹം ദേവനെ പ്രതിഷ്ഠിക്കുകയും ചെയ്താൽ അത് ആരാധനയ്ക്ക് അനുയോജ്യമായി കണക്കാക്കാമെന്ന് ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു. ക്ഷേത്രഭൂമിയും സ്വത്തും എല്ലാം രശ്മോണിചട്ടോപാധ്യായയ്ക്ക് കൈമാറി. 1855 ൽ ഈ പുരോഹിതൻ ദേവതകളെ അമ്പലത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് അവിടം പൂജകൾക്കായി തുറന്നു. പുരോഹിതനായ ചട്ടോപാധ്യായ ക്ഷേത്ര സമുച്ചയത്തിലേക്ക് പുരോഹിതനായി മാറിയപ്പോൾ അദ്ദേഹം തന്റെ കൗമാരക്കാരനായ അനുജൻ ഗദാധറിനെക്കൂടി അവിടേക്ക് പുരോഹിതനായി കൊണ്ടുവന്നു. ഒരു ശൂദ്ര സ്ത്രീക്ക് വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് ഗദാധറിനു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്ന് മാത്രമല്ല ആ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിക്കാൻ പോലും അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഈ പിടിവാശിക്കാരനും യാഥാസ്ഥിതികനുമായ ബ്രാഹ്‌മണ യുവാവ് പിന്നീട് രശ്മോണിയുമായി ആത്മീയ ബന്ധം പങ്കുവെച്ച, ഇന്ത്യയിലെ ഏറ്റവും മഹാനായ ഹിന്ദു തത്ത്വചിന്തകന്മാരിൽ ഒരാളായ രാമകൃഷ്ണ പരമഹംസയിലേക്ക് രൂപാന്തരപ്പെട്ടു എന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.
ഈ പറഞ്ഞവയിൽ ദക്ഷിണേശ്വർ ക്ഷേത്രം ഒഴികെ, കൊൽക്കത്തയിലുടനീളം പരന്നുകിടക്കുന്ന രശ്മോണിയുടെ പാരമ്പര്യത്തിന്റെ വിവിധ ഭാഗങ്ങൾ ഇന്ന് തകർന്നടിയുകയാണ്. ജീവചരിത്രകാരൻ സിസുതോഷ് സമന്തയുടെ അഭിപ്രായത്തിൽ കലിഘട്ടിലെ ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30 എ, 30 ബി എന്നീ രണ്ട് വീടുകൾ ഇതിൽ ഉൾപ്പെടുന്നു. 1837 ൽ രശ്മോണി വാങ്ങിയതാണ് ഈ വീടുകൾ. 1861 ൽ അവരുടെ അവസാനദിവസങ്ങൾ ഈ കെട്ടിടത്തിലായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. പശ്ചിമ ബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനർജിആണ് ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലെ ഇപ്പോൾ താമസിക്കുന്നത്.
ഉയർന്ന ജാതിക്കാരായ പുരുഷ നായകന്മാർ - രാജാ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ബൗദ്ധിക പ്രാധാന്യം നേടിയപ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ബിംബങ്ങളിലൊന്നായ രശ്മോണിയെ ചരിത്രത്തിന്റെ അരികുകളിലേക്ക് സവർണ ഹിന്ദു പുരുഷാധിപത്യ സമൂഹം തരംതാഴ്ത്തിയതായാണ് നമുക്ക് കാണാൻ കഴിയുക. പക്ഷേ, സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ രശ്മോണിയുടെ സ്ഥാനം നാടോടിക്കഥകളിലെ വീരനായികയുടേത് പോലെ പതിഞ്ഞിരിക്കുന്നു. റാണി രശ്മോണി ദാസിന്റെ ജനസമ്മതിയുടെ സമീപകാല തെളിവാണ് 2017 മുതൽ ഒന്നാം സ്‌ഥാനത്ത് നിൽക്കുന്ന 1300 എപ്പിസോഡുകളുള്ള റാണിയുടെ ബംഗാളി ജീവചരിത്ര പരമ്പര. രശ്മോണി ദാസിനെ 'റാണി രശ്മോണി ദാസാ'ക്കിയത് ജനങ്ങളാണ് എന്നത് തന്നെയാണ് ആ സമർത്ഥയായ വനിതയുടെ മഹത്വം. ഗംഗാമാതാ എന്നത് പോലെയാണ് റാണി രശ്മോണി എന്നതും പ്രതിധ്വനിക്കുന്നത് - രണ്ടും ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. പരിശുദ്ധ ഗംഗയിലെ ജലം റാണി രശ്മോണിർ ജലായി മാറുന്നിടത്ത് വിശുദ്ധനദിയും ശൂദ്രരാഞ്ജിയും ജാതിവരമ്പുകൾക്കപ്പുറത്ത് ഒന്നായി മാറുന്നു.
(സ്വതന്ത്ര പരിഭാഷ )