ഉത്രാട പാച്ചില്‍ കഴിഞ്ഞു, തിരുവോണം ഉണ്ടു, പതിറ്റാണ്ടായി കയ്യില്‍ വെച്ചിരുന്ന അവിട്ടവും ചതയവും കന്നി മാസത്തിനു വിട്ടു കൊടുത്ത് ചിങ്ങം വിട വാങ്ങി, അടുത്ത കൊല്ലം വരാമെന്ന വാക്കും തന്ന് . ... ഓണമെന്ന ഗൃഹാതുരത എല്ലാ മലയാളിയുടെയും ദൌര്‍ബല്യമാണ് എന്ന് പറയാതെ വയ്യ. ലോകത്തിന്‍റെ ഏതു കോണില്‍ ആയാലും അന്നേ ദിവസം മലയാളി ,മനസു കൊണ്ട് ആ ഓണക്കുട്ടി ആയിപ്പോകും എന്നാണ് എനിക്ക് തോന്നുന്നത് . ചെറുപ്പകാലത്തെ ഒത്തിരി നല്ല ഓര്‍മ്മകളുണ്ട്, എങ്കിലും ഈ ഓണ ഓര്‍മ്മ സുഹൃത്തുക്കളോടൊത്ത് ആഘോഷിച്ച അത്ര പഴയതല്ലാത്ത ഒരു ഓണക്കാലത്തിന്‍റെത് ആണ്.
വര്ഷം 2003 -എഞ്ചിനീയറിംഗ് കോളേജിലെ ഔദ്യോഗിക സീനിയര്‍സ് ആയി ഞങ്ങള്‍ അവരോധിക്കപ്പെട്ടു കഴിഞ്ഞു വന്ന ആദ്യ ആഘോഷം ഓണാഘോഷം ആയിരുന്നു. അതിനു മുന്നുള്ള കൊല്ലങ്ങളിലോ ശേഷമുള്ള കൊല്ലങ്ങളിലോ ഇത്രയും വിപുലമായി അവിടെ ഓണാഘോഷം നടന്നിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. അക്കൊല്ലം എന്തായാലും ഞങ്ങള്‍ അടിച്ചു പൊളിക്കാന്‍ തന്നെ തീരുമാനിച്ചു. പറയുമ്പോ റാഗ്ഗിംഗ് ഒന്നുമില്ല എന്നൊക്കെയാണ് പറച്ചില്‍ എങ്കിലും അവിടെ സീനിയര്‍സ് മാത്രമേ സാരി ഉടുക്കാവൂ എന്നൊരു അലിഖിത നിയമം ഉണ്ടായിരുന്നു- അത് തെറ്റിച്ച് അതിനു മുന്നെയൊരു പ്രാവശ്യം ഞങ്ങള്‍ കേരളപ്പിറവി സാരിയുടുത്ത് ആഘോഷിച്ചതിനു ചേച്ചിമാര്‍ ചെറുതായി കുടഞ്ഞതിനാല്‍ പിന്നീട് ആ കടുംകൈയ്ക്ക് മുതിര്‍ന്നില്ല ഞങ്ങള്‍ സീനിയേര്‍സ് ആകും വരെ.
ആ ഓണാഘോഷം ആയിരുന്നു ഞങ്ങളുടെ സാരി സ്വപ്നങ്ങള്‍ പേടിയില്ലാതെ സഫലമാക്കിയത് .വെറുതെ എല്ലാ പരിപാടിയും കണ്ടു ചുറ്റിയടിച്ചു നടക്കുക എന്ന ചിന്ത ഉണ്ടായിരുന്നതിനാല്‍ ആരും തന്നെ ഭാരവാഹികളുടെ കൂട്ടത്തില്‍ കൂടിയില്ല.. ജൂനിയര്‍ പിള്ളേരില്‍ ഒരു വെളുത്തു തുടുത്ത ഗുണ്ടുമണി ഉണ്ടായിരുന്നു - നല്ല പൊക്കമൊക്കെ ആയിട്ട്, ആ ശരീരത്തിന് ചേരാത്ത നിഷ്കളങ്കമായ മുഖവുമായി ഒരു പയ്യന്‍. അവന്‍റെ ശരിക്കുള്ള പേരോര്‍മ്മയില്ല , എല്ലാരും കളിയായി അവനെ "വോള്‍വോ" എന്നാണ് വിളിച്ചിരുന്നത്. ആ കുട്ടിയായിരുന്നു അക്കൊല്ലത്തെ മാവേലി . ഓരോ ക്ലാസ്സിനും പൂക്കള മത്സരം - നിരനിരയായിട്ട ഭംഗിയുള്ള പൂക്കളങ്ങള്‍ കണ്ട് , ഒന്നാം സമ്മാനം കിട്ടിയതിന് അടുത്തിരുന്നത് നമ്മുടെ പൂക്കളം ആണെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ഫോട്ടോ ഒക്കെ എടുത്ത് അങ്ങനെ കണ്ടു കണ്ടു നടന്നപ്പോഴാണ് ഒരു ഇനത്തിലും പങ്കെടുക്കാതിരുന്നാല്‍ മോശമായി പോകില്ലേ ഏന് ഞങ്ങളുടെ ഗാങ്ങിനു തോന്നിയത് . പറയുമ്പോള്‍ സീനിയര്‍സ് ആണല്ലോ , അപ്പോള്‍ ജൂനിയര്‍സിന് ചെറിയൊരു പുച്ഛം തോന്നാനും മതി.
മാനം രക്ഷിക്കുക എന്നത് അത്യന്താപേക്ഷിതം ആയ ഘട്ടത്തില്‍ ഞങ്ങള്‍ പങ്കെടുക്കാന്‍ പറ്റുന്ന മത്സരങ്ങള്‍ തപ്പി നടക്കാന്‍ തുടങ്ങി. അടുത്ത മത്സരം വെള്ളം കുടി മത്സരം ആണ് -തീറ്റ മത്സരവും ഉണ്ട്, പക്ഷെ തിന്നേണ്ടത് കയ്പ്പക്ക (പാവക്ക) ആണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു വെള്ളം കുടി തന്നെ ഭേദം - എന്തൊക്കെയായാലും പച്ചവെള്ളം അല്ലെ? കുടിക്കാം ... അങ്ങനെ ഞങ്ങളുടെ ഗാങ്ങിന്റെ അനുഗ്രഹാശിസുകളോടെ ഞാനും എന്‍റെ സുഹൃത്ത് സിത്തുവും മത്സരത്തില്‍ ചേര്‍ന്നു. മുന്നില്‍ നിരത്തി വെച്ചിരിക്കുന്നു 5 ഗ്ലാസ് വെള്ളം - ചെറിയ സ്റ്റീല്‍ ഗ്ലാസ് കണ്ടപ്പോഴേ മനസില്‍ പുച്ഛം ആയി. ശേ, മോശം മോശം ഇതൊക്കെയാണോ ഒരു മത്സരം ! ആദ്യ റൌണ്ട് നിശ്ചിത സമയത്തില്‍ ആ അഞ്ചു ഗ്ലാസ് വെള്ളവും മുഴുവന്‍ കുടിക്കണം. ഒരു മിനിട്ടോ മറ്റോ ആണ് സമയം -കുടിച്ചു തുടങ്ങിയപ്പോഴല്ലേ മനസിലായത് ഒരു മിനിറ്റില്‍ ആ അഞ്ച് ഗ്ലാസ് വെള്ളം പുറത്തു പോകാതെ, ബാക്കി വെക്കാതെ കുടിക്കുക എന്നത് അത്ര ഈസി അല്ല. നാല് ഗ്ലാസ് കുടിച്ചു ഞാനും സുഹൃത്തും അടുത്ത റൌണ്ടില്‍ എത്തി. അപ്പോള്‍ ഗ്ലാസ്സിന്‍റെ എണ്ണം കൂടി, സമയം കുറഞ്ഞു.
വളരെ കഷ്ടപ്പെട്ട് മൂന്നര ഗ്ലാസ് കൂടി കുടിച്ചു. പലരും വെള്ളം കുടിച്ചു മാറിയിരുന്നു ചര്ദ്ദിക്കാന്‍ തുടങ്ങി . ആ റൌണ്ടില്‍ സിത്തു ഔട്ടായി - മറ്റുള്ളവരും പതുക്കെ ഔട്ട് - ഞാനും മറ്റൊരു കുട്ടിയും മാത്രം മത്സര വേദിയില്‍. നോക്കുമ്പോള്‍ എന്‍റെ എതിര്‍വശത്ത് ഉള്ളത് ഫസ്റ്റ് ഇയറിലെ ഒരു നരുന്ത് കൊച്ച്. ഈ റാഗിങ്ങ് ഇല്ലാത്തതിന്റെ ഒരു ഭാഗം ആണ് ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ കുട്ടികള്‍ ഒരു തരത്തിലും പരിചയപ്പെടാതിരിക്കുക എന്നത്. അപ്പോള്‍ ചുരുക്കത്തില്‍ ഞങ്ങളുടെയും, ഞങ്ങളുടെ ജൂനിയര്‍സിന്‍റെയും , മെഗാ ജൂനിയര്‍സിന്‍റെയും ഒക്കെ ഒരു പൊതു ശത്രു ആണ് എനിക്കെതിരെ. വര്‍ഗശത്രുവിനെ മത്സരത്തില്‍ കയ്യില്‍ കിട്ടിയാല്‍ ആരേലും വെറുതെ വിടുമോ? പാകിസ്ഥാന്‍കാര്‍ ഇന്ത്യയില്‍ വന്നു ക്രിക്കറ്റ് കളിച്ചാല്‍ ഉള്ളത് പോലെ , ഗ്രൌണ്ട് സപ്പോര്‍ട്ട് മുഴുവന്‍ എനിക്ക് . തോറ്റാല്‍ ഞാന്‍ ആ വഴി വീട്ടില്‍ പോയാല്‍ മതി - ഇപ്പോള്‍ സിന്ദാബാദ് വിളിക്കുന്ന ഈ ആള്‍ക്കാരൊക്കെ എന്നെ ഓടിച്ചിട്ട് അടിക്കും എന്നുറപ്പ്.
സത്യം പറയാമല്ലോ 10 ഗ്ലാസ് വെള്ളം അടുപ്പിച്ചു കുടിച്ചാല്‍ ചര്ദ്ദിക്കാന്‍ വരുമെന്നും തല പെരുക്കുമെന്നും ഒക്കെ അന്നാ ഞാന്‍ അറിയുന്നെ. കളഞ്ഞിട്ടു പോകാനും വയ്യ .ആ കൊച്ചാണേല്‍ ഇതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിലും. എന്തായാലും തോല്‍ക്കുന്നേല്‍ പൊരുതി തോക്കാന്‍ തീരുമാനിച്ച് ഞാന്‍ അടുത്ത റൌണ്ടിലേക്ക് നോക്കി . ദേ പിന്നേം 5 ഗ്ലാസ് വെള്ളം. കണ്ടപ്പോള്‍ തന്നെ തല പെരുത്തു , ഇപ്പൊ ചര്‍ദ്ദിക്കും എന്ന അവസ്ഥയില്‍ ഞാന്‍ ആദ്യ ഗ്ലാസ് എടുത്തു. ഓരോ ഇറക്കായി പതുക്കെ പതുക്കെ കുടിക്കാന്‍ തുടങ്ങി. എതിരാളി ഒരു ഗ്ലാസ് ഫിനിഷ് ചെയ്ത് അടുത്ത ഗ്ലാസ് എടുത്തു. അത് കണ്ടപ്പോഴേ ഞാന്‍ ഉറപ്പിച്ചു - തോല്‍വി തന്നെ. രണ്ടാമത്തെ ഗ്ലാസ് ഞാന്‍ എടുക്കുമ്പോള്‍ അവള്‍ മൂന്നാമത്തെ ഗ്ലാസ് തുടങ്ങി - പക്ഷെ പെട്ടെന്നൊരു ശബ്ദം. നോക്കുമ്പോള്‍ എന്താ, എത്രേം വേഗം കുടിക്കുക എന്ന ഉദ്ദേശത്തില്‍ ആക്രാന്തം മൂത്ത് ഈ വെള്ളമെല്ലാം കുടിക്കാന്‍ നോക്കിയ പുള്ളിക്കാരി ചര്‍ദ്ദിച്ചു. അപ്പൊ മിസ്.ജൂനിയറിന്റെ കണക്കില്‍ രണ്ടു ഗ്ലാസ് , ഞാന്‍ മൂന്നാമത്തെ ഗ്ലാസ് തുടങ്ങുക എങ്കിലും ചെയ്താല്‍ ജയിക്കാം. തീരാന്‍ 5 സെക്കന്റ് ബാക്കിയുള്ളപ്പോള്‍ ഞാന്‍ ഒരു കവിള്‍ വെള്ളം കുടിച്ചു - എന്‍റെ മൂന്നാമത്തെ ഗ്ലാസ്!
അങ്ങനെ ജീവിതത്തില്‍ ആദ്യമായും അവസാനമായും (ഇത് വരെ) ഒരു വെള്ളം കുടി മത്സരത്തില്‍ ഞാന്‍ ഒന്നാമതായി. കയ്യടിയൊക്കെ അവിടെ ഗംഭീരമായി നടക്കുന്നു - ജൂനിയര്‍സ് എന്‍റെ പേരില്‍ ആര്‍പ്പോ ഇറ്രോ ഒക്കെ വിളിക്കുന്നു , ഞാന്‍ പതുക്കെ കയ്യൊക്കെ കാട്ടി, സുരേഷ്ചി ഗോപി പോകും പോലെ ഒരു ചിരിയൊക്കെ ചിരിച്ച് നടന്നു അപ്പുറത്തെ തൂണിന്റെ മറവില്‍ പോയി - തല കുമ്പിട്ടതെ ഉള്ളൂ ദേ പോരണു കുടിച്ച വെള്ളം മുഴുവന്‍ പുറത്തേക്ക്. അങ്ങനെ വെള്ളത്തില്‍ വീഴാതെ തന്നെ ഏതാണ്ട് ആ അവസ്ഥ എനിക്ക് അനുഭവിക്കാനായി.
പിന്കുറിപ്പ്: ഇത്രയും കഷ്ടപ്പെട്ട് ജയിച്ചിട്ട് കപ്പൊന്നും കിട്ടിയില്ല ട്ടോ. പഴയ ഭാരവാഹികള്‍ ആരെങ്കിലും ഇത് വായിക്കുന്നുണ്ടെങ്കില്‍ അവരുടെ ശ്രദ്ധയ്ക്ക് !!