Monday, March 28, 2016

ഓര്‍മ്മകളില്‍ - മൂന്നക്ഷരം ; ഓ.എന്‍.വി !

മലയാളം മറക്കാത്ത , മലയാളിക്ക് മറക്കാനാകാത്ത മൂന്നക്ഷരങ്ങള്‍ - ഒഎന്‍വി ... !

ഓ! ഫെബ്രുവരി,  നീ ഞങ്ങളില്‍ നിന്ന്  തട്ടിയെടുത്തത് ഒരു കാലത്തിന്‍റെ ഓര്‍മ്മയാണ്.., നഷ്ടപ്രണയത്തിന്‍റെ മധുരശബ്ദമാണ്.., മണ്ണിനോടും പുഴയോടുമുള്ള  ഞങ്ങളുടെ സ്നേഹത്തിന്‍റെ, ആഴത്തിന്‍റെ വാക്കാണ്‌ ....  'ഒഎന്‍വി'എന്ന മൂന്നക്ഷരങ്ങൾ   ഇതൊക്കെയാണ് ഞങ്ങള്‍ക്ക്.. ഓര്‍മ്മകളില്‍ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ തെന്നിയും തെറിച്ചും ഒരു യാത്ര - അതാണീ കുറിപ്പ് , എന്‍റെ യാത്രാമംഗളങ്ങൾ!

ഓര്‍മ്മകള്‍ക്ക് എന്തു മധുരമാണെന്ന് പഠിപ്പിച്ചത് തന്നെയീ വരികളാണ് -

"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്താന്‍ മോഹം .. "

സ്കൂളില്‍ ഈണത്തില്‍ ചൊല്ലി പഠിച്ച  ഈ കവിത,അതിനും മുന്നേ കേട്ട് രസിച്ചത് ആകാശവാണിയില്‍  ചലച്ചിത്രഗാനങ്ങളില്‍ ! എല്ലാ സ്ക്കൂളിലും ഒരു നെല്ലിമരം ഉണ്ടെന്നു അങ്ങെങ്ങനെ കണ്ടെത്തിയെന്നു കുറേയേറെ നാള്‍ അതിശയിച്ചിട്ടുണ്ട്.

പലപ്പോഴും കുയിലിനു എതിര്‍കൂവല്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, പിണങ്ങി പറന്നു പോകുന്ന കിളിയോട് ഉച്ചത്തില്‍ 'അരുതേ' എന്ന് വിളിച്ചു പറഞ്ഞതിന് , "ചെവിയില്‍ വന്നു ഒച്ചയിടുന്നോ" എന്ന ചോദ്യത്തോടെ അമ്മയുടെ കയ്യില്‍ നിന്ന് നല്ല അടിയും കിട്ടിയിട്ടുണ്ട് !

കൗമാര കുതൂഹലങ്ങളിലൂടെ മുന്നോട്ട് നീങ്ങിയ പാവാടപ്രായം ആദ്യമായി കയ്യില്‍ കിട്ടിയ പ്രണയലേഖനത്തിലെ

"അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
എന്ന് ഞാന്‍,ഒരുമാത്ര വെറുതെ നിനച്ചു പോയി  .."
എന്ന ആദ്യവരിയില്‍ മൂക്കും കുത്തി വീണു. അത്രയും മനോഹരമായി മറ്റൊരു വരിയ്ക്കും പ്രണയത്തിന്‍റെ /വിരഹത്തിന്റെ തീക്ഷ്ണത പറയാന്‍ പറ്റുമെന്ന് ഇപ്പോഴും തോന്നുന്നില്ല.

"ഇനിയും മരിക്കാത്ത  ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി " എന്നു വായിച്ചപ്പോളാണ് ആദ്യമായി  ഭൂമിയ്ക്ക് മരണമെന്നൊരു  ചിന്ത തന്നെ ആദ്യമായി മനസിലേക്ക്  എത്തിയത് ..പേടിച്ചു, വിഷമിച്ചു, പിന്നെ മറന്നു ! ഇപ്പോഴും പരിസ്ഥിതി പ്രശ്നങ്ങള്‍ കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുക ഈ വരികളാണ് - എനിക്ക് മാത്രമല്ല, പലര്‍ക്കും..പക്ഷേ, പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം ചിന്തിക്കുന്നത് കൊണ്ട് തന്നെ ആ ചിന്ത വെറും പുകയായി മറഞ്ഞു പോകുകയും ചെയ്യുന്നു.... !

എല്ലാര്ക്കും അറിയുന്ന വരികള്‍ അല്ലാതെ, പ്രിയകവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒക്കെ ഓര്‍മ്മ വരുന്ന നാലു വരികളുണ്ട് - പത്താം ക്ലാസിലെ ആട്ടോഗ്രാഫില്‍  ഒരു വിരുതന്‍ കോറിയിട്ടത്,

"ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ,
അരിയ നിന്‍ ചിറകിന്‍ തൂവലിന്‍
തുമ്പിലൊരു മാത്രയെങ്കില്‍ ഒരു മാത്ര
എന്‍ വാഴ്‍വിന്‍ മധുരമാം സത്യം ജ്വലിപ്പൂ"

കവിയുടെ ഭാവനയില്‍ ഭൂമിയും ജീവജാലങ്ങളും ആവാസവ്യവസ്ഥയും  ഒക്കെ ആയിരുന്നു എങ്കിലും , ആ അവസാന വാക്ക് 'ജ്വലിക്കുമോ' എന്ന് തിരുത്തി എഴുതി ഒരു മനോഹര പ്രണയചോദ്യമാക്കാന്‍ ആ വിരുതനു കഴിഞ്ഞു - ഇന്നും ഓര്‍മയില്‍ ആ വരികളും, പേരെഴുതാത്ത കൂട്ടുകാരനും നല്‍ച്ചിരി!

യുവജനോത്സവ വേദികളിള്‍ക്ക്  വേണ്ടി ഉറക്കെച്ചൊല്ലി പഠിച്ച  'കുഞ്ഞേടത്തിയും', 'ഒന്‍പത് പേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മ പെറ്റവരായിരുന്നുവും' , 'പേരറിയാത്തൊരു പെണ്‍കിടാവേ' യുമൊക്കെ ഇന്നും ആ പഴയ നാട്ടിന്‍പുറത്തുകാരിയുടെ ഗൃഹാതുരതയാണ്.. മലയാളത്തിന്‍റെ മറ്റൊരു  ലോകത്തിരുന്നു കൊണ്ട് കയ്യില്‍ തൂങ്ങി കുഞ്ഞുമോന്‍ കൊഞ്ചലോടെ ചൊല്ലുന്നു ,

"കുഞ്ഞേടുത്തിയെ തന്നെയല്ലോ
ഉണ്ണിക്കെന്നെന്നും  ഏറെയിഷ്ടം
എന്തിനീ പൂക്കള്‍ വിരിയുന്നു
ഉണ്ണിയെ കാട്ടിക്കൊതിപ്പിക്കാന്‍...  " ആ വ്യക്തമല്ലാത്ത ചൊല്ലല്‍  എന്നെയും  ഓരോര്മ്മപ്പുറത്തേയ്ക്ക്  കൊണ്ടുപോകുന്നു.

മഞ്ഞള്പ്രസാദം  നെറ്റിയില്‍ ചാര്‍ത്തുന്ന  പെണ് കിടാവായും, ഒരു നറുപുഷ്പമായ്  നീളുന്ന മിഴിമുനയായും, ഒടുവില്‍ ശുഭരാത്രി നേര്‍ന്നു പോകുന്ന പ്രിയപ്പെട്ടവള്‍ ആയുമൊക്കെ ആ വരികള്‍ നമുക്ക് മേല്‍ പെയ്തു കൊണ്ടേയിരുന്നു, ഓരോ തവണ ഈ വരികള്‍ കേള്‍ക്കുമ്പോഴും ഒരു ശരാശരി മലയാളിയുടെ മനസ് ആര്‍ദ്രവും കാല്‍പ്പനികവും പ്രണയാതുരവുമായി. അതുകൊണ്ട് തന്നെയാകണം പല കവികള്‍ക്കും അവകാശപ്പെടാനാകാത്തത്ര മേല്‍  ആ മൂന്നക്ഷരങ്ങൾ നമുക്കൊക്കെ പ്രിയങ്കരമാകുന്നത്.

പ്രിയ കവീ..., അങ്ങയ്ക്ക്  മരണമില്ല -മലയാളി മരിയ്ക്കാത്തിടത്തോളം, മലയാളം മണ്ണടിയാത്തിടത്തോളം. ഓര്‍മ്മകളില്‍ പിന്നെയും പിന്നെയും കടന്നു വരുന്ന വരികളില്‍ പലതിലും അങ്ങയുടെ സൗമ്യമായ ചിരി തിളങ്ങുന്നു.. ഓര്‍മ്മകള്‍ക്ക്  പഞ്ഞമില്ലെന്നു  ഓരോ വരിയും തൊട്ടു ചിരിക്കുന്നു,
                                                            (വര  റിയാസ്.ടി.അലി )


അങ്ങയുടെ രണ്ടു കവിതകളിലെ ഏറെ ഇഷ്ടമായ ഈ വരികളോടെ എന്‍റെ സ്നേഹക്കുറിപ്പ് ഞാനിവിടെ നിര്ത്തുന്നു,

"നന്ദി, നീ തന്നൊരു ഇളംനീല രാവുകള്‍ക്ക്,‌
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്,
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്,‍
എനിക്ക് കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ, നന്ദി..നന്ദി..! "

"നിഴലായ് നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ, നീ മാറി നില്‍ക്കൂ
അതിനു മുന്‍പതിനു മുന്‍പ്
ഒന്ന് ഞാന്‍ പാടട്ടേ, അതിലെന്‍റെ ജീവനുരുകട്ടേ
അതിലെന്‍റെ മണ്ണ് കുതിരട്ടേ, പിളര്‍ക്കട്ടേ  
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടേ! "

ജീവിതത്തിനെ അത്രമേല്‍ ഇഷ്ടപ്പെടാന്‍  പഠിപ്പിച്ച  മഹാകവേ, അങ്ങയ്ക്ക് സ്നേഹപൂര്‍വ്വം വിട..മറക്കില്ല മലയാളം മരിയ്ക്കും വരെ!

(ഇ-മഷി 2016,  മാര്‍ച്ച്‌  ലക്കത്തില്‍ പ്രസിദ്ധീകരിച്ച  ഓര്‍മ്മക്കുറിപ്പ് )