Monday, April 27, 2020

അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1998

പ്രീഡിഗ്രി ഒന്നാം വർഷക്ലാസുകൾ തുടങ്ങി ഓരോരുത്തരെയൊക്കെയായി പരിചയപ്പെട്ടു വരുന്ന സമയം. തേർഡ് ഗ്രൂപ്പിലോ ഫോർത്ത് ഗ്രൂപ്പിലോ ആണെന്ന് തോന്നുന്നു ഒരു സ്റ്റൈലൻ സുന്ദരിപ്പെൺകൊച്ച് ഉണ്ടായിരുന്നു - നിത്യ എന്ന് ആണെന്നാണ് പേരോർമ്മ, ആ പേരിനേക്കാൾ ഓർമ പക്ഷേ അവളുടെ ചെല്ലപ്പേരാണ് - ഉരുണ്ടുരുണ്ട കണ്ണുകളുണ്ടായിരുന്ന, വട്ടമുഖം ഉണ്ടായിരുന്ന കാഴ്ച്ചയിൽ ശരിക്കും സിനിമാനടി പാർവതിയുടെ ഒരു മോഡേൺ ലൂക്ക് തോന്നിച്ച അവളെ ഞങ്ങളുടെ ഗ്യാങ് പാർവതിക്കണ്ണി എന്നാണ് പറഞ്ഞിരുന്നത്. സെക്കന്റ് ഗ്രൂപ്പിലെ നാടൻ പിള്ളേരുടെ ഗ്രൂപ്പിന് ഈ പറഞ്ഞ തേർഡ് / ഫോർത് ഗ്രൂപ്പുകളിലെ 'മോഡേൺ-സ്റ്റൈലൻ' പെൺപിള്ളേരെ ഒന്ന് വായിനോക്കാനൊക്കെ കിട്ടുന്ന ചാൻസ് നമ്മൾ കളയാറേയില്ല. ക്‌ളാസിലെ തന്നെ ചില കുട്ടികൾക്കുണ്ടായിരുന്ന പൊതുവായ സൗഹൃദങ്ങളിലൂടെ ചിലപ്പോഴൊക്കെ ഈ ഗ്യാങ്ങിനൊപ്പം കൂടാറുണ്ടായിരുന്നു എങ്കിലും എന്റെ സ്വന്തം ഗ്രൂപ്പ് വേറെയായിരുന്നു. ഞങ്ങൾ - റിനു, സജിനി, കവിത,ട്വിങ്കിൾ, സ്നിഗ്ധ, രഞ്ജിനി, വിശ്വലത - പെൺമുറ്റത്തിലെ പടവുകൾ ആ രണ്ടുവർഷവും കയ്യടക്കിവെച്ചു. സ്‌മിത, രാഗി, വന്ദന, ദീപ, ശാലിനി അങ്ങനെ ഹിന്ദി സിനിമാനടന്മാരെയൊക്കെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്റ്റൈലൻ ഗ്യാങ്ങ്  ശൈലജ, മഞ്ജു,പ്രവീണ അങ്ങനെയൊരു മലയാളം ക്ലാസ് ഗ്യാങ്ങ് വല്യ കവിത , മഹിമ, ബിനു അങ്ങനെയൊരു ഫസ്റ്റ് ഗ്രൂപ്പ് ഗ്യാങ്ങ് ....... ഇവരെയൊക്കെ സ്ഥിരമായി ചളുവടിച്ചും കമന്റടിച്ചും കൊണ്ട് ഞങ്ങളുടെ നല്ല രസമുള്ള അവിയൽപ്പരുവഗ്രൂപ്പ്. ഇപ്പോൾ ഈ പറഞ്ഞതിൽ പകുതി ആളുകളും എവിടെയാണെന്ന് എനിക്കറിയില്ല.... അന്നുമുതലേയുള്ള വിരലിലെണ്ണാവുന്ന ആത്മബന്ധങ്ങൾ ഇപ്പോഴും തൊട്ടടുത്ത് തന്നെ നിൽക്കുന്നു!

അപ്പൊ പറഞ്ഞുവന്നതിൽ നിന്നും മാറിപ്പോകുന്നില്ല - നമ്മുടെ പാർവതിക്കണ്ണി - ഞാനീ കൊച്ചിനോട് ഒരിക്കലോ മറ്റോ നേരിട്ട് സംസാരിച്ചിട്ടുണ്ട് അത്രേയുള്ളൂ. പുള്ളിക്കാരിയോട് ഇഷ്ടമുണ്ടായിരുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു ആ സമയത്ത്, ശങ്കരൻ എന്നോ മറ്റോ പേരുണ്ടായിരുന്ന ഒരു ചുള്ളൻ ചേട്ടൻ. ഒരു ദിവസം, ഇലക്ഷൻ സമയം ഒക്കെയായപ്പോൾ ആണെന്ന് തോന്നുന്നു, ക്യാംപസിൽ കാണുന്ന എല്ലാരും എല്ലാരോടും മിണ്ടുന്ന സമയമാണല്ലോ അത്. മാത്രവുമല്ല ആൺപിള്ളേർക്ക് 'കോട്രാങ്കിൾ' എന്ന പെൺമുറ്റത്ത് വിലസാൻ ഹെൻറി സാറിന്റെ അനുവാദം കിട്ടുന്ന അപൂർവം ചില അവസരങ്ങളുമാണ് അത്. നമ്മുടെ എല്ലാ ചേട്ടന്മാരും കാത്തു കാത്തിരുന്നു കിട്ടുന്ന ആ സമയം നന്നായി മുതലെടുക്കും. പതിവുപോലെ കോളേജ് ജംക്ഷനിൽ ഇറങ്ങേണ്ടതിനു പകരം റെയിൽവേ ക്വർട്ടേഴ്‌സ് റോഡിലിറങ്ങി വഴിയിലുള്ള എല്ലാ മരത്തിന്റെയും എണ്ണം എടുത്തും റെയിൽവേ സ്റ്റേഷൻ മുതൽ ഫാത്തിമ വരെയുള്ള എല്ലാ മതിലുകളിലേയും സിനിമാപോസ്റ്ററുകളുടെയും പേരും വിവരവുമൊക്കെ നോക്കി നടക്കാറുള്ള ഞാൻ അന്ന് അധികം സിനിമാപ്പോസ്റ്റർ സ്കാനിങ്ങിനു നിന്നില്ല. കാരണം മതിലായ മതിലൊക്കെയും, ഫാത്തിമയുടെ കർബല ഗേറ്റിനു തൊട്ടടത്തുള്ള മതിലിലുമൊക്കെ രണ്ടു വലിയ പെൺമുഖങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത് - നന്ദിതാ ദാസും ശബാന ആസ്മിയും - വിവാദ സിനിമയായ ഫയർ പ്രദർശനത്തിനെത്തിയിരിക്കുന്നു!

അധികം നോക്കി പുറത്തുള്ള ചെക്കന്മാർക്ക് പണി കൊടുക്കണ്ടല്ലോ എന്നുകരുതി കോളേജിലെത്തിയ ഞാൻ സ്ഥിരം പരിപാടിയായ വായിനോട്ടവുമായി പിന്നിലെ ഇടനാഴിയിലൂടെ നടന്നുകൊണ്ടിരിക്കുമ്പോൾ നേരത്തെ പറഞ്ഞ ചേട്ടനും രണ്ടു കൂട്ടുകാരും നമ്മുടെ പാർവതിയുടെയും കൂട്ടുകാരികളുടേയും അടുത്തിങ്ങനെ 11 KV വലിക്കാനുള്ള പോസ്റ്റൊക്കെ നാട്ടാൻ റെഡി ആയി നില്കുന്നത് കാണുന്നു. ആരെങ്കിലും അങ്ങനെ സ്വസ്ഥമായി പ്രേമിക്കാൻ നിൽക്കുന്നത് കണ്ടാൽ പിന്നെ അവരെ ശല്യപ്പെടുത്താതെ നമുക്ക് ഒരു മനഃസമാധാനം ഇല്ലാത്ത കാലം കൂടിയായിരുന്നു അത്. ഒരിക്കലേ മിണ്ടിയിട്ടുള്ളൂ എങ്കിലും നേരെ ആ കൊച്ചിന്റെ അടുത്തേക്ക് ചെന്ന് സംസാരിക്കാൻ തുടങ്ങി. അന്നൊരു മഞ്ഞ മിഡിയും ടോപ്പും ഒക്കെയിട്ട് മുടി രണ്ടായി പകുത്ത് കെട്ടിയിരുന്ന ആ കൊച്ചിനെ കാണാൻ ശരിക്കും തൂവാനത്തുമ്പികളിലെ പാർവതിയെപ്പോലെ തന്നെ തോന്നിയെനിക്ക്. ആ കോമ്പ്ലിമെൻറ് കൊടുത്താണ് ഞാൻ തുടങ്ങിയതും.

ഞാൻ: "ഇയ്യാളെക്കാണാൻ ശരിക്കും പാർവതിയെപ്പോലുണ്ട് കേട്ടോ"
പാർവതി: "താങ്ക്യു താങ്ക്യു... തന്നെക്കാണുമ്പോൾ ഞാനെപ്പോഴും കരുതാറുണ്ട്, നല്ല ചിരിയാണല്ലോ ... "( ഓഫ് സൂമിൽ ഞാൻ ചിരിക്കുന്നത് ഓർക്കുക, കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്നാണ് എന്റെ മനസിലെ ഭാവം)
പാർവതി തുടരുന്നു : "പരിചയമുള്ള ആരെയോ ഓർമ്മിപ്പിക്കുമല്ലോ എന്നൊക്കെ ഞാനെപ്പോഴും ഓർക്കാറുണ്ട് കേട്ടോ, ഇന്നാണ് മനസിലായേ,
You look like Nandida Das in Fire movie!"

എൻ്റെ ചിരി ഷട്ടറിട്ട പോലെ നിന്നു .... ഏത്!! ആ വലിയ വലിയ ക്ളോസപ്പ് ഷോട്ടുകളുമായി പുറത്തെ മതില് മുഴുവൻ ഒട്ടിച്ചുവെച്ചിരിക്കുന്ന നന്ദിതയോ.. ദുഷ്ടേ! നന്ദിതയെപ്പോലെ എന്ന് പറഞ്ഞാൽപ്പോരേ അതിനീ ഫയർ സിനിമയിലെപ്പോലെ എന്ന് കൂട്ടിച്ചേർക്കണോ അതും ചെക്കന്മാരുടെ മുന്നിൽ വെച്ച് എന്ന് ഞാൻ ദയനീയമായി കൺകോണിലൂടെ അവളെ നോക്കി. എവിടെ!! ആശാട്ടി പിന്നെയും എന്തൊക്കെയോ ചോക്ലേറ്റ് നിറത്തിനെപ്പറ്റിയും, വെണ്മയുള്ള ചിരിയെപ്പറ്റിയുമൊക്കെ വാചാലയാകുന്നു.... "എസ്കേപ്പ് ആർഷാ എസ്കേപ്പ്" എന്ന് എന്റെ മനസിലിരുന്നു മറ്റേ കക്ഷി പറയുന്നുണ്ട്, നമ്മുടെ മനഃസാക്ഷിയേ ....കാലുകൾ അനങ്ങണ്ടേ! ആ മൂന്നു ചേട്ടന്മാരുടെ ആക്കിയ ചിരി കണ്ടതും സംഭവിക്കാനുള്ള ഡാമേജ് ഒക്കെ സംഭവിച്ചു എന്ന് മനസ്സിലായി. ഇവളാണേൽ ഞാൻ കൊടുത്ത കോമ്പ്ലിമെന്റിനു തിരികെത്തരാതെ എന്നെ വിടില്ല എന്ന ഭാവത്തിലും! ഒരുവിധത്തിൽ അവിടെനിന്ന് ഊരിപ്പോരുമ്പോൾ ഞാൻ തിരിഞ്ഞുനോക്കിയതേയില്ല. എന്തായാലും ആ ഒരാഴ്‌ച പോസ്റ്ററുകൾ മാറുംവരെ ആ കുരുത്തം കെട്ട ചെക്കന്മാർക്ക് എന്നെക്കാണുമ്പോൾ ഒരു ആക്കിച്ചിരി ഉണ്ടായിരുന്നു.

നന്ദിത എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട നടിയാണ് കേട്ടോ .. അന്നത്തെ പ്രായത്തിൽ ആ സിനിമയുടെ പ്രമേയം ചെറുതല്ലാത്ത ഭാരമായിരുന്നു എന്ന് മാത്രം. ഇപ്പോൾ ആരേലും എന്നെക്കാണാൻ നന്ദിതയെപ്പോലെ ഉണ്ടെന്നു പറഞ്ഞാൽ ഞാനവരെ സ്റ്റാർ ഹോട്ടലിൽ കൊണ്ടോയി ട്രീറ്റ് ചെയ്യും 

അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും ഓർക്കാൻ നന്ദിതയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ഇന്നത്തെ ഓർമ്മപ്പാട്ടിൽ

https://www.youtube.com/watch?v=4kvxHwmrVMQ
-------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Sunday, April 26, 2020

ചേർത്തുനിർത്താം അവരെയും

 2020 മാർച്ച് 20 , ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന്  മലയാളത്തിലെ ഈ കുറിപ്പ് എഴുതുമ്പോൾ ഇത് വായിക്കാൻ പോകുന്ന നിങ്ങളും എഴുതുന്ന ഞാനുമെല്ലാം കടന്നുപോകുന്നത് ചരിത്രം അടയാളപ്പെടുത്തുന്ന ഒരു കാലത്തിലൂടെയാണ്. ലോകം ചുരുങ്ങുന്നു എന്ന് പലപ്പോഴായി പലയിടങ്ങളിൽ കേട്ടിരുന്നു എങ്കിലും ലോകം വീടുകളിലേക്ക് ചുരുങ്ങിയതിന്  നമ്മൾ സാക്ഷികളാകുകയാണ്.  ജീവിതകാലത്തിൽ  അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ നാമെല്ലാം കടന്നുപോകുമ്പോൾ നമ്മളോടൊപ്പം കുഞ്ഞുങ്ങളെ എങ്ങനെ ചേർത്തുനിർത്താം എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. കൊറോണ എന്ന മഹാമാരിയെക്കുറിച്ചു ഇപ്പോൾ കുഞ്ഞുങ്ങൾ എല്ലാം ഏതെങ്കിലും തരത്തിൽ കേട്ടുകാണും.  മുതിർന്നവരെപ്പോലെ കാര്യങ്ങൾ വിവേചനബുദ്ധിയോടെ തിരിച്ചറിയാനുള്ള കഴിവുകൾ കുഞ്ഞുങ്ങൾക്ക് കുറവായതുകൊണ്ട് തന്നെ അവരിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിക്കണം എന്നതിൽ നമുക്കൊരു ധാരണ ഉണ്ടാകണം. ഇതിനു മുൻപ് പ്രളയവും, നിപ്പയും അതിജീവിച്ചവരാണ് ഇനിയും വരും ദുരന്തങ്ങളും അതിജീവിക്കാനുള്ള പ്രത്യാശ അടുത്ത തലമുറയിലേക്ക് പകരാൻ  നമുക്ക് കഴിയണം. പലപ്പോഴും കുഞ്ഞുങ്ങൾ ചുറ്റിനുമുള്ളത് ഓർക്കാതെ ആകും നമ്മൾ രോഗം പടരുന്നതും മരണവും ഒക്കെ സംസാരിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ കുഞ്ഞുങ്ങളുമായുള്ള ആശയവിനിമയത്തിൽ ഓർക്കുക.


1. കുട്ടികൾക്ക് ആ കാര്യത്തിൽ എത്രത്തോളം അറിവ്  ഉണ്ടെന്ന്  മനസിലാക്കുക :   

ഏറ്റവും എളുപ്പവഴി അവരോട് തന്നെ എന്താണ് അവർക്ക് അറിയുന്നത് എന്ന് ചോദിക്കുന്നത് തന്നെയാണ്. ഈ കൊറോണക്കാലത്തെ കുറിച്ചും  അവർക്ക് പത്രങ്ങളിൽ നിന്നും , ടീവി യിൽ നിന്നും,  കൂട്ടുകാരിൽ നിന്നും  അദ്ധ്യാപകരിൽ  നിന്നും  രക്ഷിതാക്കളുടെ പരസ്പര സംഭാഷണത്തിൽ നിന്നും ഒക്കെ കേൾക്കുന്നതും ഒക്കെച്ചേർത്ത് ഒരാകെത്തുക അവരുടെ മനസിൽ ഉണ്ടാകും. ചിലപ്പോൾ എങ്കിലും അതിശയോക്തിപരമായ പലതും അവർ വിശ്വസിക്കുന്നുമുണ്ടാകും. ഉദാഹരണത്തിന് ഇവിടെ എൻ്റെ മൂന്നാം ക്‌ളാസ്സുകാരൻ മകൻ കഴിഞ്ഞ ആഴ്ച സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയത്  "കൊറോണ " എന്ന പേര് "ക്രൗൺ" എന്ന പേരിൽ നിന്നും രൂപമാറ്റം സംഭവിച്ചുണ്ടായത് ആണെന്നും ആ വൈറസിന് ഒരു കിരീടത്തിന്റെ രൂപം ആയത് കൊണ്ട് ശരിക്കുള്ള സയന്റിഫിക് പേര് ക്രൗൺ വൈറസ് എന്നാണ് എന്നും പറഞ്ഞുകൊണ്ടാണ്. കൂടുതൽ ചർച്ചകളിൽ മനസിലായി അത് അവൻ്റെ  ഉറ്റസുഹൃത്ത് ആയ മറ്റൊരു ഇന്ത്യൻ കുട്ടി അവൻ്റെ  മാതാപിതാക്കളുടെ സംഭാഷണത്തിൽ നിന്നും കേട്ടെടുത്തത് ആണെന്ന്. വാട്സാപ്പ് യൂണിവേഴ്‌സിറ്റികൾ വീട്ടിൽ കേറ്റിയില്ലെങ്കിലും  കുഞ്ഞുങ്ങളിലേക്ക് എങ്ങനെ എത്തുന്നു എന്ന് അന്നാണ് മനസിലായത്. ഇതുപോലെ നമ്മുടെ ഓരോ കുഞ്ഞുങ്ങൾക്കും ഉണ്ടാകും ഒരുപക്ഷേ  ഈ കൊറോണ എന്ന രാക്ഷസനെ കുറിച്ച് ഒരു കഥ! അതുകൊണ്ട് ആദ്യം അവരോട് തന്നെ ചോദിച്ചു  മനസിലാക്കുക എന്താണ് അവരുടെ അറിവിൻ്റെ  അറ്റം എന്ന്. ആറുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളോട് അവർക്കിതിനെക്കുറിച്ചു തീരെ കേട്ടറിവില്ല എങ്കിൽ സംസാരിക്കേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.  

2 . സ്വന്തം  ആശങ്കകൾ അകറ്റുക  -

ഏത് പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും  കുഞ്ഞുങ്ങളോട് സംസാരിക്കുന്നതിനു മുൻപ്  സ്വയം ഒരു അവലോകനം നടത്തുക. എന്തൊക്കെ ആശങ്ക നമുക്കുണ്ട് എന്നത് ആദ്യം പങ്കാളിയോടോ സുഹൃത്തിനോടോ ഡോക്ടർമാരോടോ മറ്റാളുകളോടോ സംസാരിച്ച്  ഒരു കൃത്യമായ ധാരണ അച്ഛനമ്മമാർ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. മക്കളോട് ഒരു പാനിക് മോഡിൽ സംസാരിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. നമുക്കും പേടിയുണ്ടാകാം , നാളെയെക്കുറിച്ചു ആശങ്ക ഉണ്ടാകാം - സ്വാഭാവികം മാത്രമാണ്. പക്ഷേ, കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ ഈ ലോകം വളരെ ഭീതിപ്പെടുത്തുന്നതാണ് എന്ന രീതിയിൽ സംസാരിക്കുന്നത് കുഞ്ഞുങ്ങളിൽ അനാവശ്യമായ anxiety  ഉണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു. അത് വളരുന്ന പ്രായത്തിൽ അവരിൽ അനാവശ്യ ഭീതികൾ ജനിപ്പിക്കുകയും ഉത്സാഹവും അന്വേഷണ തൽപ്പരതയും കുറയ്ക്കുകയും ചെയ്യും . 

3. കുഞ്ഞുങ്ങളുടെ പേടിയെ തള്ളിക്കളയരുത് :

നേരത്തെപറഞ്ഞതുപോലെ കുഞ്ഞുങ്ങൾക്ക് ആദ്യമേതന്നെ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു ബോധമുണ്ടാകാം. ചിലപ്പോൾ അവർക്ക് പേടിയും ന്യായമായ ആശങ്കയും ഉണ്ടാകാം. എല്ലാം ശരിയാകും എന്ന് വെറുതേ  പറയുന്നതിനേക്കാൾ അവരുടെ ഭയമെന്താണ് എന്ന് അവരെ കേൾക്കാൻ ശ്രമിക്കുക. ചിലപ്പോൾ അവർ മരിച്ചുപോകും എന്നോ, രക്ഷിതാക്കളെ പിരിയേണ്ടി വരും എന്നോ ഒക്കെയാകും അവരുടെ ആശങ്ക. കുട്ടിക്കാലത്തെ ട്രോമകൾ പിന്നീട് കുട്ടികളെ വല്ലാതെ ബാധിക്കും എന്നതിനാൽ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് വ്യക്തമായ ബോധത്തോടെ സംസാരിക്കുക.  കൂട്ടുകാരിൽ ഒരാൾ ചിലപ്പോൾ അവരോട് നാമെല്ലാം മരിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിട്ടുണ്ടാകാം. അതൊരു ഗൗരവതരമായ കാര്യമാണ് . അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് അത്തരം ഒരു ഭയമുണ്ടെങ്കിൽ അതിന്റെതായ വില കൊടുക്കുക തന്നെവേണം . നമുക്ക് കുട്ടിക്കാലത്ത് ഉണ്ടായ പേടികളെക്കുറിച്ചും  എങ്ങനെയാണു പിന്നീടു നമ്മൾ അതിനെ കടന്നുവന്നത് എന്നും ഒക്കെ സംസാരിക്കാം. കുഞ്ഞുങ്ങൾക്ക് ധൈര്യം ഉണ്ടാക്കുക എന്നത് തന്നെയാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. ശ്രദ്ധിക്കേണ്ടത് കുട്ടികൾക്ക് മുന്നിൽ വെച്ച് മരണഭീതി  , മരണപ്പെട്ടവരുടെ ഭയപ്പെടുത്തുന്ന നമ്പരുകൾ, ചികിത്സ കിട്ടാതെ പോകുന്നവരുടെ ആശങ്കകൾ ഒക്കെ പങ്കാളിയോടോ കൂട്ടുകാരോടോ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണം എന്നതാണ്. എന്നാൽ തീരെ നിസാരമായി കാണുകയും ചെയ്യരുത് . കുഞ്ഞുങ്ങളിലെ ഭീതിയെ മാറ്റാൻ,  ഇത്രയുമൊക്കെ മുൻകരുതലുകൾ നമ്മളെടുത്താൽ പിന്നീട് ഭയക്കേണ്ട കാര്യമില്ല എന്ന രീതിയിൽ  സംസാരിക്കണം. കൊറോണയുടെ കാര്യത്തിൽ ആണെങ്കിൽ വ്യക്തിശുചിത്വം എത്രത്തോളം പ്രധാനമാണെന്നു പഠിപ്പിക്കാനുള്ള അവസരമായി അതിനെ കാണാം. 

4 . കുട്ടികളുടെ പ്രായത്തിന്  അനുസരിച്ചുള്ള പ്രതികരണം: 

തീരെച്ചെറിയ കുഞ്ഞുങ്ങളോട്  ഒരു കഥപോലെ പറയാം നമുക്ക്. കൊറോണയെ ഒരു രാക്ഷസൻ ആയും ഡോക്ടർമാരും സയന്റിസ്റ്റുകളും അതിനെതിരെ യുദ്ധം ചെയ്യുന്നവരായും നമ്മുടെ കുട്ടി അതിനവരെ സഹായിക്കുന്ന ആളുമായി സങ്കൽപ്പിച്ച് ഒരു കഥ പോലെ പറഞ്ഞുനോക്കൂ. കുട്ടികൾക്ക് അത് വളരെവേഗം മനസിലായേക്കും. കുറച്ചുകൂടി മുതിർന്ന കുട്ടികളോട് എന്താണ് വൈറസ് എന്നതിനെക്കുറിച്ചും സംസാരിക്കാം. എന്തൊക്കെ തരം  രോഗങ്ങൾ നമുക്ക് വരാം എങ്ങനെയൊക്കെ വരാം ഈ വൈറസുകൾ കാരണം എന്നതൊക്കെ അറിയാൻ കുട്ടികൾക്ക് കൗതുകമുണ്ടായേക്കും. എന്തുകൊണ്ട് ആണ് ഇപ്പോഴത്തെ അസുഖം എല്ലാവരും കൂടുതൽ മുൻകരുതലുകൾ എടുക്കുന്നത്, എങ്ങനെയാണ്  നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയുക ഇതൊക്കെ സംസാര വിഷയം ആക്കാം. 


5.  ശുചിത്വത്തിന്റെ ആവശ്യം


കുഞ്ഞുങ്ങളോട് വൃത്തിയെക്കുറിച്ച് സംസാരിക്കാൻ പറ്റിയ സമയമാണ് ഈ കാലം. എന്തുകൊണ്ട് ആണ് ബാത്‌റൂമിൽ പോയിവന്നാൽ കൈകൾ വൃത്തിയാക്കേണ്ടത് , എന്ത്‌കൊണ്ട്  ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി ഉരച്ചുകഴുകണം, എന്തുകൊണ്ട് പുറത്തു യാത്ര ചെയ്തുവന്നുകഴിഞ്ഞാൽ അതേ  വസ്ത്രങ്ങളോടെ വീട്ടിൽ ഇരിക്കാൻ പാടില്ല അങ്ങനെയങ്ങനെ നിരവധി വ്യക്തി ശുചിത്വ കാര്യങ്ങളും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും സംസാരിക്കാനുള്ള അവസരമായി ഇതിനെ കാണുക. കൈകൾ കഴുകുന്ന വീഡിയോകൾ കാണിക്കുക , അവരെക്കൊണ്ട് അതിനെക്കുറിച്ച് സംസാരിപ്പിക്കുകയോ, അവർ ചെയുന്ന കാര്യങ്ങൾ വീഡിയോ എടുത്തു കാണിക്കുകയോ ചെയ്യുക ഇതൊക്കെയും കുഞ്ഞുങ്ങൾക്ക് കൂടി ഇഷ്ടപ്പെടുന്ന കാര്യമാണ്. 

6 . വീടുകൾക്ക് ഉള്ളിലേക്ക് ചുരുങ്ങേണ്ടിവന്നതിൻ്റെ  നല്ലവശം പറയുക : 

പലപ്പോഴും കുട്ടികൾക്ക് - പ്രത്യേകിച്ചും സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് വീട്ടിനുള്ളിൽ ഒന്നിൽ കൂടുതൽ ദിവസം ഇരിക്കുക എന്ന് പറയുന്നത് വളരെ വിഷമകരം ആയ കാര്യമാണ്. അവരോട് എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ഇരിക്കേണ്ടി വരുന്നത് എന്നത് പറയുക. അതിനെ കൂടുതൽ പോസിറ്റീവ് ആക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. ഇങ്ങനെ കിട്ടുന്ന സമയങ്ങളിൽ ഒരു സമയക്രമം ഉണ്ടാകുന്നത് കാര്യങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യുന്നതിന് സഹായിക്കും. അച്ഛനും അമ്മയും വർക്ക് ഫ്രം ഹോം എന്ന ഓപ്‌ഷനും മക്കൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയും ആകുമ്പോൾ ചെയ്യാൻ കഴിയുന്നത് എല്ലാവര്ക്കും ഫോളോ  ചെയ്യാവുന്ന ഒരു ടൈംടേബിൾ ഉണ്ടാക്കുക എന്നതാണ് . 
വീട്ടിനുള്ളിൽ ഒരു സ്‌കൂൾ + ഓഫിസ് എന്ന രീതിയിൽ കാര്യങ്ങൾ നടത്തികൊണ്ട് പോകണം എങ്കിൽ കൃത്യമായ ടൈംടേബിൾ ഉണ്ടാകുന്നത് മാത്രമാണ് മടുപ്പുണ്ടാക്കാതെ ഇരിക്കാനുള്ള വഴി. കുഞ്ഞുങ്ങളുടെ ടൈംടേബിളിൽ ഇന്റർവെൽ , സ്നാക്ക് ടൈം, ലഞ്ച് ടൈം ഒക്കെ സെറ്റ് ചെയ്തുകഴിഞ്ഞാൽ രക്ഷിതാക്കൾക്കും അതിനു അനുസരിച്ചു അവരുടെ ജോലിസമയം ക്രമപ്പെടുത്തുകയും ഇപ്പോൾ വീണുകിട്ടുന്ന ഈ സമയം കുടുംബത്തോടൊപ്പം കിട്ടുന്ന കൂടുതൽ സമയം ഭംഗിയുള്ള നിമിഷങ്ങളാക്കി മാറ്റാനും കഴിയും. 

7 .  സാമ്പത്തികശാസ്ത്രം

ഏത് ദുരന്തവും അതനുഭവിക്കുന്നവരിൽ സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടാക്കും. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് പുറത്തുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല എന്നതും എന്തുകൊണ്ടാണ് പുതിയ വിലപിടിച്ച വസ്ത്രം എടുക്കാൻ കഴിയാത്തത് എന്നും എന്തുകൊണ്ട് നമ്മൾ ഈ പ്രാവശ്യം പിറന്നാളുകൾ ആഘോഷിക്കുന്നില്ല എന്നതും കൃത്യമായി കുട്ടികളിലേക്ക് പകരുക. മിതവ്യയവും നാളെയിലേക്ക് കരുതിവെക്കേണ്ടതിന്റെ ആവശ്യകതയും കുഞ്ഞുങ്ങൾക്ക് മനസിലാക്കിച്ചു കൊടുക്കാൻ കഴിയുന്ന അവസരങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ. കുഞ്ഞുങ്ങളിൽ നിന്ന് അത്തരം കാര്യങ്ങൾ ഒളിപ്പിച്ചുവെക്കുകയല്ല വേണ്ടത് എന്നും അവരോട് യാഥാർഥ്യം പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത് എന്നും വിദഗ്ധർ പറയുന്നു. 


ഈ കാലവും കടന്നുപോകും എന്നതാണ് കുഞ്ഞുങ്ങളോടും നിങ്ങൾ ഓരോരുത്തരോടും പറയാനുള്ളത് .  ഒരു സൂര്യൻ അസ്തമിച്ചുദിച്ചുയരുന്നത്  ഈ രോഗമില്ലാത്ത നല്ല പ്രഭാതത്തിലേക്കാകും  എന്ന ശുഭപ്രതീക്ഷയോടെ  അമേരിക്കയിൽ നിന്നൊരമ്മ.  



"പുലർകാല സുന്ദര സ്വപ്നത്തിലിന്നൊരു ...." .

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2005
പത്തനംതിട്ടയിലെ മലമുകളിലെ ഒരു എഞ്ചിനീയറിയങ് കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്ന കാലം. കോളേജ് സംഘടിപ്പിച്ച ഒരു ടെക് ഫെസ്റ്റ് പ്രോഗ്രാം തിരുവല്ലയിൽ നടക്കുന്നു. കൃത്യമായി എന്തായിരുന്നു പരിപാടി എന്നോർമ്മയില്ല. പക്ഷേ, അന്ന് കണ്ട ഒരാളെ ഒരിക്കലൂം മറക്കില്ല - 'ബാലഭാസ്കർ'! അദ്ദേഹത്തിൻ്റെ സ്വർഗ്ഗീയസംഗീതം നേരിട്ട് കേൾക്കാനുള്ള ഒരുഭാഗ്യം, അതേ ഭാഗ്യമെന്നു തന്നെ പറയട്ടെ ..ഇനിയൊരിക്കലും കിട്ടാത്ത ഒന്നിനെ അങ്ങനെയല്ലേ പറയാനാകൂ! കുഞ്ഞിലേ മുതൽ കേട്ട് മോഹിച്ചിരുന്ന ഒരു സംഗീതം ആ മാന്ത്രിക വിരലുകളിൽ നിന്നൊഴുകിയത് കുട്ടികളെയും അദ്ധ്യാപകരേയും അതിഥികളേയും ഒക്കെ ഒരുപോലെ സന്തോഷിപ്പിച്ച ഒരു ദിവസം. അന്ന് അറിഞ്ഞിരുന്നില്ല വർഷങ്ങൾക്ക് ശേഷം ഒരു ദിവസമുണരുന്നത് പ്രിയപ്പെട്ട ആ കലാകാരൻ പറയാതെ പോയിയെന്ന വാർത്തയിലേക്ക് ആകുമെന്ന്!

അന്നവിടെ എഞ്ചിനീയറിംഗ് ഫിസിക്സിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു ശ്രീ. പ്രേംലെറ്റ് സർ. അദ്ദേഹത്തിൻ്റെ ഫിസിക്സ്
പുസ്തകം ഒന്നാം വർഷ എൻജിനീയറിങ്ങിനു 'പഠനം പാൽപ്പായസം' ആക്കാൻ ഉള്ള ശ്രമത്തിൽ ഉപയോഗിച്ചെങ്കിലും ആളുടെ പേര് ഓർത്തുകിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു ഇപ്പോൾ, അപ്പോൾ സഹായത്തിനെത്തിയ ആളെക്കുറിച്ചു തന്നെയാണ് ഇന്നത്തെ ഓർമ്മപ്പാട്ട്  . എന്റെയൊരു പ്രിയപ്പെട്ട ശിഷ്യയാണ്.. വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും 'മിസ്സേ സുഖല്ലേ' എന്നുള്ള ചോദ്യവുമായി ഇടയ്ക്കിടെ മെസ്സേജുകളായി വരുന്നവൾ... പഠിപ്പിച്ചിരുന്ന വളരെ ചുരുങ്ങിയ സമയത്തിൽ പിന്നീടൊരിക്കലും ഈ കുട്ടിയുമായി കോൺടാക്ട് ഉണ്ടാകുമെന്നു തോന്നിപ്പിക്കാതിരുന്ന ഒരാൾ... 2005 നു ശേഷം കാണുകയേ ചെയ്തിട്ടേയില്ലാത്ത ഒരാൾ ഇപ്പോഴും എന്നെയോർത്തിരിക്കുന്നതിന്റെ മാജിക് ആണ് എനിക്കീ പാട്ട്.
അയാളെന്നെ ഓർത്തില്ലായിരുന്നുവെങ്കിലും ഞാൻ കക്ഷിയെ ഓർത്തേനെ  അന്ന് കേട്ടതിനുശേഷം എപ്പോഴും ഈ പാട്ടിൽ അവളെ ഓർക്കുമായിരുന്നു, അതിന്റെ കാരണം ഈ പാട്ടെനിക്ക് വളരെ ഇഷ്ടമുള്ള, എന്നോട് വളരെവളരെ അടുത്തുനിൽക്കുന്ന ഒന്നായിരുന്നതുകൊണ്ടാണ്!

'ഒരു മെയ്മാസപ്പുലരിയിൽ' എന്ന സിനിമ എന്നാണ് കണ്ടതെന്ന് ഓർമ്മയില്ല, ടിവിയിൽ വന്ന തൊണ്ണൂറുകളുടെ ആദ്യം എങ്ങാനും ആകണം. അതിലെ ശാരിയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്ന ഒറ്റനിമിഷം മാറ്റിനിർത്തിയാൽ എൻ്റെയൊരു മോഡൽ ആയിരുന്നു - (എത്ര ആലോചിച്ചിട്ടും ആ പേര് മനസ്സിൽ വരുന്നില്ല, ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ പറയണേ  ). ഇങ്ങോട് പൊട്ടിച്ചാൽ അങ്ങോടൊന്നു പൊട്ടിക്കുന്ന പെൺകുട്ടി, കൂവുന്നവനെ നേരെപോയി പൊക്കി എന്തിനാണ് കൂവിയതെന്നു ചോദിക്കുന്ന ചങ്കൂറ്റമുള്ളവൾ, ഒരു ഫെമിനിസ്റ്റ് ചിന്തയോടെ ആദ്യം കണ്ട വേഷമാകണം അത് - ഒരുപക്ഷേ മലയാളം സിനിമയിൽ അത്തരമൊരു നായികാ കഥാപാത്രം ആദ്യമായിരുന്നിരിക്കണം. ആ കഥാപാത്രം ആത്മഹത്യ ചെയ്യുന്നതിൽപ്പോലും എനിക്ക് തോൽപ്പിക്കപ്പെടാൻ ഇഷ്ടമില്ലാതിരുന്ന ഒരു പെൺകുട്ടിയുടെ മനസാണ് കാണാൻ കഴിഞ്ഞത് (അന്നത്തെ ചിന്തയാണേ  ). എനിക്കത് പോലെ ബോൾഡ് ആകണമെന്നായിരുന്നു, ചുമ്മാ കരഞ്ഞുപിഴിഞ്ഞു പോകുന്ന, മരം ചുറ്റുന്ന നായികമാരെ വലിയ പഥ്യമില്ലായിരുന്നു എന്ന് ചുരുക്കം  അങ്ങനെ കുറേനാൾ ഞാൻ എന്നെ സങ്കൽപ്പിച്ചത് ആ 'ശാരി'യായിട്ടായിരുന്നു, അതോണ്ട് തന്നെ എന്റെ പാട്ടായിരുന്നു അത് - "പുലർകാല സുന്ദര സ്വപ്നത്തിലിന്നൊരു ...." .

എന്റെയാ സ്വന്തം പാട്ടാണ് അന്ന് പ്രേംലെറ്റ് സാറിന് ഇഷ്ടമുള്ള പാട്ടൊന്നു പാടാമോ എന്നുള്ള ആവശ്യപ്രകാരം അവൾ - സഫീല - പാടിയത്  അത്രയും വലിയ സദസിനെയും ആളുകളെയും അഭിമുഖീകരിച്ചു കൊണ്ട് ഇടയ്ക്കിടെ ഇടറിയ തൊണ്ടയിൽ അവൾ പാടിനിർത്തിയപ്പോൾ ആ പാട്ടന്നു മുതൽ എനിക്ക് സഫിയുടെ ഓർമ്മപ്പാട്ടായി  ഇത്രയും നാൾ സംസാരിച്ചിട്ടും ഞാനിത് പറഞ്ഞിട്ടില്ലല്ലോ എന്നൊരു പരിഭവവുമായി ആൾ ഇൻബോക്സിൽ ഇപ്പോൾ എത്തും. അപ്പോഴേക്കും നിങ്ങളിത് ആസ്വദിക്കൂ ട്ടാ

 നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

Saturday, April 25, 2020

' ഹം ദോസ്ത് ധെ, ഹൈ, രഹേൻഗേ.... ഹമേശാ

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2001

LBS എഞ്ചിനീറിംഗ് കോളേജിലെ ആൺസുഹൃത്തുക്കളിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ... ഇപ്പോഴും വർഷങ്ങൾ മിണ്ടാതെയിരുന്നാലും എടാ / എന്താടീ എന്ന ഒരു ചോദ്യത്തോടെ കടന്നുവന്ന് ഇന്നലെ സംസാരിച്ചു നിർത്തിയതുപോലെ സംസാരിക്കുന്നവൻ... നാലുവർഷവും നല്ല ചങ്ക് സുഹൃത്തായിരുന്നവൻ... നാലുവർഷം കഴിഞ്ഞിട്ടും കാലങ്ങൾ കഴിഞ്ഞിട്ടും സൗഹൃദത്തിന്റെ അതേ പടവിൽ നിൽക്കുന്നവൻ.. ഇപ്പോഴും 'നീയൊരു കൂതറയാണ്' എന്ന് ചൊടിപ്പിക്കാൻ പറയുന്നവൻ - ഇതൊക്കെയാണ് എനിക്ക് വർക്കി.

ആ വർക്കിയുടെ ഓർമ്മപ്പാട്ടാകട്ടെ ഇന്ന്! കോളേജിലെ ബോറടിയൻ ക്‌ളാസ്സ്‌റൂമുകളിൽ അങ്ങേയറ്റത്ത് ഏതേലും കോണിൽ ഇരിക്കുന്ന ചെക്കന്മാരെയും പെണ്ണുങ്ങളെയും ഉന്നം വെച്ചുള്ള ചിറ്റുകൾ പാസ്സ് ചെയ്ത് പൊയ്ക്കൊണ്ടേ ഇരിക്കും. ചുവന്ന ചെക്ക് ഷർട്ടിട്ടു വന്നിരുന്ന ക്‌ളാസിൽ അധികം സംസാരിക്കാത്ത ചുള്ളൻ ചെക്കനെ വട്ടാക്കാൻ സ്ഥിരമായി ചിറ്റെഴുതിയിരുന്ന ഒരു ടീമുണ്ടായിരുന്നു ഞങ്ങളുടെ ഇടയിൽ. അന്നത്തെ ചുള്ളൻ അബി ഇതൊക്കെ ഓർക്കുന്നുണ്ടാകുമോ എന്തോ! മരമാക്രി എന്നെഴുതി അയക്കുന്നതിനു 'പൊട്ടത്തി' എന്ന് തിരികെ വന്നാൽ ഉറപ്പിക്കാം അത് ലവൻ തന്നെ വർക്കി. കാസറഗോഡുകാരനായ വർക്കിയുടെ പൊട്ടന്റെ സ്ത്രീലിംഗം ആണ് പൊട്ടത്തി. (വർക്കി വട്ടപ്പേരാണ്, ശരിക്കുള്ള പേര് പറഞ്ഞാൽ അത് അവനാണ് എന്ന് തോന്നില്ല അതാ  )

ഒരിക്കൽ അവൻ എഴുതി അയച്ച തുണ്ട് കടലാസ്സിൽ അപ്പോഴത്തേ ഒരു സൂപ്പർ ഹിറ്റ്‌ പടത്തിലെ ഡയലോഗ് ആയിരുന്നു - ' ഹം ദോസ്ത് ധെ, ഹൈ, രഹേൻഗേ.... ഹമേശാ ' (Hum Dost the, hain, rahenge… Hamesha). എന്തോ കാര്യത്തിന് വളരെ അസ്വസ്ഥയായിരുന്ന എനിക്ക് ആ ചെറിയ തുണ്ടുകടലാസിലെ ചുരുട്ടിയെറിഞ്ഞ വരികൾ വല്ലാത്ത ആശ്വാസം തന്നു. ആ കടലാസ് ഇപ്പോഴും പഴയ സിനിമയിലെ ഉർവശിയെപ്പോലെ ഞാൻ നാട്ടിലെ വീട്ടിലെ എന്റെ തക്കിട തരികിട പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ മനസിലാകുമല്ലോ ആ കുറിപ്പ് തന്ന സന്തോഷം. അന്നുമുതൽ ഇന്നുവരെ ആ സിനിമയും അതിലെ പാട്ടുകളും എനിക്ക് വർക്കിയാണ്. അക്കൊല്ലം തന്നെ കോളേജിൽ ഫിലിം ഫെസ്റ്റിവലിന് ആ സിനിമ വന്നൂട്ടാ ... കോളേജ് പിള്ളേരുടെ പൾസ് അറിഞ്ഞ പടം - ദിൽ ചാഹ്താ ഹൈ. അതുകണ്ട് ഗോവയിൽ പോകണം എന്ന മോഹവും കൊണ്ട് ഞാൻ നടക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി!

കാലം പിന്നെയും ഉരുണ്ടു.. വിഷുവും വർഷവും ഓണവും ക്രിസ്തുമസും ഒക്കെ വന്നുപോയി.. തുടക്കത്തിൽ പറഞ്ഞതുപോലെ ഇപ്പോഴും ഒരു വിളിക്കപ്പുറം ഉണ്ടെന്ന് ഉറപ്പിക്കുന്ന വിരലിലെണ്ണാവുന്ന സൗഹൃദങ്ങളിൽ അവനുണ്ട് - hameshaa! ആ പഴയ സ്വഭാവത്തിന് ഒരു മാറ്റോം വരുത്താതെ 
ഈ ആശാൻ fb യിൽ ഒന്നുമില്ല ഇപ്പോൾ, അതുകൊണ്ട് ടാഗ് ചെയ്യാനും നിർവാഹമില്ല  അവൻ വായിക്കുമായിരുന്നു എങ്കിൽ ഓനെ ഇത്രോം പുകഴ്ത്തി എന്റെ ബൗ ബൗ എഴുതിയേനെ എന്നത് വേറെ വിഷയം 

https://youtu.be/Xmvzjan0z9c നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongsToLove

Thursday, April 23, 2020

'വെള്ളാടിമുത്തി'

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1991
നാവായിക്കുളം പിജി തിയറ്ററെന്ന എന്റെ സിനിമാസങ്കൽപ്പങ്ങളുടെ പറുദീസയിൽ അന്നൊരു മില്ല് കൂടിയുണ്ടായിരുന്നു.. അരിയും മുളകും മല്ലിയും ഒക്കെ പൊടിപ്പിക്കാനും എണ്ണയാട്ടാനും ബൾക്ക് ആയി മാവരയ്ക്കാനും ഒക്കെ ആൾക്കാർ പോയിരുന്നത് അവിടെയാണ്. അമ്പലത്തിന് മുൻവശത്തും ഒരു മില്ലുണ്ടായിരുന്നതുകൊണ്ട് പിജി തിയറ്ററിലെ മില്ല് പടിഞ്ഞാറേക്കരക്കാരും മറ്റേത് കിഴക്കേക്കരക്കാരും അവരവരുടെ സ്വന്തമായി കരുതി. പിജി തിയറ്ററിലെ മില്ലിൽ ഇതൊക്കെ പൊടിക്കാൻ നിന്നിരുന്ന അണ്ണൻ നമുക്കൊരു ഹീറോ ആയിരുന്നേ - ഈ യന്ത്രങ്ങളുടെ പ്രവർത്തനം ഒക്കെ അറിയാവുന്ന ആളാണല്ലോ  ആളുടെ പേരൊക്കെ ഇപ്പോൾ മറന്നുപോയി - സുനിയെന്നോ സജിയെന്നോ മറ്റോ ആയിരുന്നോ എന്ന് സംശയമുണ്ട്.

ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് മുതലൊക്കെത്തന്നെ വീട്ടിൽ നിന്ന് ഈ മുളക് മല്ലി പൊടിപ്പിക്കാൻ പോകൽ എൻ്റെ ഒരു കുത്തകയാണ്. 'അമ്മ കൊണ്ടുവെച്ചുതന്നിട്ട് പോകും, നമ്മളുടെ ഊഴം ആകുംവരെ നിൽക്കാനുള്ള സമയം അമ്മയ്ക്കുണ്ടാകില്ല.. എന്നാലോ സാമർത്ഥ്യക്കാർ കവറിന്റെയൊപ്പം ആളില്ലെങ്കിൽ വരിതെറ്റിച്ചു കാര്യം നടത്തിപ്പോകുകയും ചെയ്യും. നാട്ടിൻപുറമല്ലേ ഇതൊക്കെയാണല്ലോ ഒരു രസം. ഇതൊഴിവാക്കാനാണ് അമ്മ എന്നെ അവിടെ നിർത്തിപ്പോകുന്നത്. സമയത്തിന് നമ്മളുടെ സാധനമെടുത്തു കൊടുക്കണം പൊടിപ്പിക്കണം, ഏറ്റാൻ പറ്റുന്നത് വീട്ടിലെത്തിക്കണം ബാക്കി അമ്മയെടുത്തോണ്ട് വന്നുകൊള്ളും. പക്ഷേ, അമ്മയ്ക്കറിയാത്ത ഒരു നിഗൂഢഉദ്ദേശ്യം എനിക്ക് ഉണ്ടായിരുന്നു - തീർത്തും സ്വാർത്ഥമായ ഒരാഗ്രഹത്തിന്റെ പുറത്താണ് ഞാൻ ഈ മുളക് -മല്ലി വ്യാപാരത്തിന് ഇറങ്ങുന്നതെന്ന് പാവം അമ്മയ്ക്കറിയില്ലല്ലോ... അതെന്താണെന്നല്ലേ? അതായതുത്തമാ - ഈ പൊടിപ്പിക്കലിന്റെ ക്യൂ മിനിമം ഒരു രണ്ടുമണിക്കൂർ പിടിക്കും, ആ സമയം മുഴുവൻ എനിക്ക് അതേ പറമ്പിൽത്തന്നെയുളള സിനിമാക്കൊട്ടകയുടെ വാതിലിനു പുറത്തിരുന്ന് സിനിമ മുഴുവൻ കേൾക്കാം! എപ്പടി ഐഡിയ? ഒന്ന് പ്ലാൻ ചെയ്ത് പോയാൽ ഏതാണ്ട് കാൽഭാഗം മുതൽ ക്ലൈമാക്സ് വരെയും കേൾക്കാം.

കേബിളോ യുട്യൂബോ ഒന്നും കേട്ടുകേൾവി പോലുമില്ലാതിരുന്ന ആ കാലത്ത് ഞാൻ മനഃപാഠമാക്കിയ സിനിമകളുടെ ഡയലോഗുകൾ, പാട്ടുകൾ ... ഹാ - അതൊരു കാലം!!
അതിലൊരു സിനിമ ഇപ്പോഴും ഓർമയിൽ നിൽക്കുന്നത് അന്നത്തെ 'സിനിമാക്കേൾവി' അത്ര സുഖകരമല്ലാതെ അവസാനിച്ചതുകൊണ്ടാണ്. ആ ആഴ്ചത്തെ സിനിമ ഞങ്ങൾ കാണാൻ പോയിട്ടില്ല, അച്ഛൻ വന്നിട്ട് പിറ്റേന്ന് പോകുമായിരിക്കും - നല്ല കുടുംബചിത്രം ആണെന്നു കേട്ടിരിക്കുന്നു .. ജയറാമാണ് നായകൻ - പക്ഷേ അട്രാക്ഷൻ അതല്ല - മാളൂട്ടിയില്ലേ മാളൂട്ടി -അതന്നെ നമ്മടെ സ്വന്തം ബേബി ശ്യാമിലി കക്ഷിയുണ്ട് അതിൽ - പൂക്കാലം വരവായി. അങ്ങനെ പിറ്റേദിവസം കാണാൻ പോകാനുള്ള സിനിമയാണ് ഓടുന്നത് എങ്കിലും അന്ന് മുളകും മല്ലിയും കൊണ്ട് പൊടിക്കാൻ വെച്ചിട്ട് ഞാൻ ചെവിവട്ടം പിടിച്ച് ഒരു കതകിന് പുറത്തുനിന്നു. ജയറാം കൊച്ചിനെയും കൊണ്ട് വന്നിട്ട് സുനിതയെ കാണിക്കാൻ കൊണ്ടുവരുന്ന രംഗമാണ്. ശബ്ദം കൊണ്ട് ആളെതിരിച്ചറിയാൻ ഒക്കെ ശ്രമിച്ചുകൊണ്ട് അങ്ങനെ നിൽക്കുകയാണ് ഞാൻ, സിനിമ കണ്ടവർക്കറിയാം സുനിതയുടെ പടം വരച്ചിട്ട് 'വെള്ളാടിമുത്തി' എന്നും പറഞ്ഞ് കുഞ്ഞിനെ പേടിപ്പിച്ച് വെച്ചിരിക്കുകയാണ് ജയറാം, അതിന്റെ പേരിൽ സുനിതയുടെ കഥാപാത്രം പിണങ്ങുന്ന രംഗവും പിന്നെ ശ്യാമിലിയുംസുനിതയും കൂട്ടായിട്ടുള്ളൊരു പാട്ടുരംഗവും.

ഇതൊക്കെ കേട്ട് ആസ്വദിച്ച് മുന്പറമ്പിൽ നിന്നും പൊട്ടിച്ച കൈപ്പൻ പേരയ്ക്ക കടിച്ചുംകൊണ്ടും ഞാനങ്ങനെ സ്ഥലകാലബോധം ഇല്ലാതെ നിൽക്കുമ്പോൾ പുറകിൽ നിന്നൊരു വിളി "ഡീ" ന്ന്. വിളിയല്ല ഒരലർച്ച തന്നെ. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അവിടെ കൊട്ടകയുടെ വാതിലിൽ ടിക്കറ്റു മേടിക്കാനിരിക്കുന്ന അപ്പൂപ്പൻ കണ്ണൊക്കെ ചുമപ്പിച്ച് ദേഷ്യത്തിൽ എന്നെ നോക്കിനിൽക്കുവാ. ഞാനങ്ങനെ അവിടെ വന്നു ഒളിഞ്ഞുകേട്ടുനിൽക്കുന്നത് കക്ഷിക്ക് ഇഷ്ടായില്ല.. നല്ല കണ്ണുപൊട്ടുന്ന ചീത്ത! ഇതിനുമുന്നേ കക്ഷിക്ക് അറിയാം ഞാനിത് ചെയ്യുമെന്ന് - പക്ഷേ കിട്ടീട്ടില്ല, അത്രയും നാൾ എനിക്ക് പിടി വീണിട്ടുമില്ല. അന്നത്തെ പാട്ടാണ് കുഴപ്പിച്ചത് അല്ലെങ്കിൽ ഞാനിടയ്ക്കൊരു ചുറ്റുചുറ്റിയാണ് വീണ്ടും വന്നു നിൽക്കുക (4 വാതിലുണ്ടല്ലോ) . എന്തായാലുംഅപ്രതീക്ഷിത ചീത്തവിളിയിൽ ഞാനൊന്നു പകച്ചു .. ഉറക്കെ ഒറ്റക്കരച്ചില് വെച്ചുകൊടുത്തു. അപ്പൂപ്പൻ 'പണി പാളിയോ' എന്ന് സംശയിച്ച തക്കത്തിന് ഞാൻ റോഡും മുറിച്ചോടി വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. അന്ന് പൊടിച്ചതൊക്കെ എടുക്കാൻ അമ്മയ്‌ക്കൊപ്പം പോയപ്പോൾ അപ്പൂപ്പനോട് അമ്മ ഇതൊന്നു സൂചിപ്പിച്ചു, കാശു കൊടുത്തു കാണണം എന്നൊരു മറുപടിയും കിട്ടി. അതോടെ എന്റെ ആ സിനിമാക്കേൾവികൾ അവസാനിച്ചു!

https://www.youtube.com/watch?v=XWSP-ElYwYw


#100DaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongsToLove
#Day97

Wednesday, April 22, 2020

പൊന്നാമ്പൽ പുഴയിറമ്പിൽ

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 1998

പ്രീഡിഗ്രി ഒന്നാം വര്‍ഷം ട്യൂഷന് പോയ ആറ്റിങ്ങല്‍ വിക്ടറി കോളേജിലെ മിക്ക അദ്ധ്യാപകരേയും ഓര്‍മയുണ്ടെങ്കിലും വളരെക്കുറച്ചുപേരോട് മാത്രമേ ഇപ്പോഴും ബന്ധമുള്ളൂ. ഇപ്പോഴും എവിടെയെങ്കിലും വെച്ച് കാണുമായിരിക്കും എന്ന് ഓര്‍ക്കുന്ന ഒരാളാണ് ഇന്നത്തെ പാട്ടോര്‍മ്മ.

കെമിസ്ട്രി പഠിപ്പിക്കാന്‍ വന്നിരുന്ന ഒരു ടീച്ചര്‍ - ആദ്യത്തെ ദിവസം താടിക്കാരൻ ഭർത്താവിനൊപ്പം ചെറിയ ഇടവഴിയിലൂടെ നടന്ന് ടീച്ചര്‍ സ്ടാഫ്റൂമിലേക്ക് കയറുമ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ - കല്ലുവും, അഖിയും , മഞ്ജുവും, ഗീതുവും, ഷെൻസിയും ഒക്കെ ആ സ്ത്രീയുടെ സൗന്ദര്യം കണ്ട് വായും പൊളിച്ചു നിൽക്കുകയായിരുന്നു, ഞങ്ങൾക്ക് പഠിപ്പിക്കാൻ വരുന്ന ടീച്ചർ ആണെന്നറിയാതെ നല്ലസ്സലായി വായ്‌നോട്ടം തുടരുമ്പോൾ ടീച്ചർ സ്റ്റാഫ്‌റൂമിൽ നിന്നിറങ്ങി ഞങ്ങളുടെ ക്‌ളാസിലേക്ക് വന്നു. പടർന്ന കണ്മഷിയെഴുതിയ കണ്ണുകളും, കുഞ്ഞുപൊട്ടിനു മുകളിൽ അലസമായി ഒന്നിനുമേലൊന്നായി തൊട്ട ചന്ദനവും കുങ്കുമവും സിന്ദൂരവും കൊണ്ട് നിറച്ച നെറ്റിയും നടുഭാഗത്തുന്നു വിഭജിച്ച് പിന്നിലേക്ക് മെടഞ്ഞിട്ട മുടിയും ഒക്കെയായി ഒരു നാച്വറൽ ബ്യുട്ടി ആയിരുന്നു ടീച്ചർ. മധുരമായ ശബ്ദത്തിൽ ഞങ്ങളോട് അവർ പേര് പറഞ്ഞപ്പോൾ, കല്ലു എന്ന് ഞാൻ വിളിക്കുന്ന കല പറഞ്ഞു എത്രമാത്രം യോജിക്കുന്ന പേര്! പേരെന്താണെന്നോ - 'ശോഭാറാണി ' - ശരിക്കും ശോഭയുടെ റാണി ആയിരുന്നു ആ ആൾ!

ടീച്ചറുടെ ക്‌ളാസ്സുകൾ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു. ഇടയ്ക്കിടെ ഞങ്ങളുടെ ഭാഗത്തോരു കുഞ്ഞുസ്വകാര്യം പങ്കുവെക്കലുണ്ട് ടീച്ചറിന് - പെൺകുട്ടികളോട് ഒരിത്തിരി ഇഷ്ടം കൂടുതലുള്ള ഒരു ടീച്ചർ! അങ്ങനെയൊരു ദിവസമാണ് 'ഹരികൃഷ്ണൻസ് ' എന്ന ചിത്രത്തിലെ ജൂഹി ചാവ്‌ളയുടെ ചുരിദാറുകളെക്കുറിച്ചു ഞങ്ങൾ സംസാരിക്കുന്നത് കേട്ടുകൊണ്ട് ടീച്ചർ വന്നത്. അന്നാ സിനിമ കണ്ട പെൺകുട്ടികൾ ഓർക്കുന്നുണ്ടാകും, അരികുകളിൽ ലേസ് പിടിപ്പിച്ച ഷാളുകളും അതേ ലേസ്വർക്ക് ചെയ്ത കയ്യും കഴുത്തും ഉള്ള ജൂഹിയുടെ ചുരിദാറുകൾ, സാരികൾ - ഹരികൃഷ്ണൻസ് കഴിഞ്ഞാണ് ആ ഫാഷൻ ട്രെൻഡ് ആയത്.

ഞങ്ങളുടെ ആ സിനിമാവിശേഷം കേട്ടുവന്ന ശോഭടീച്ചർ ഒരു രഹസ്യം പറയുന്നത് പോലെ ഞങ്ങളോട് പറഞ്ഞു -
"അതേ, ഈ സിനിമയ്ക്ക് മുൻപേ ഞാനിത്തരം ചുരിദാറുകൾ ചെയ്യിച്ചിരുന്നു കേട്ടോ. കൽക്കത്തയിൽ പഠിക്കുന്ന സമയത്ത് ഇങ്ങനെയുള്ള തുണികൾ വാങ്ങാൻ കിട്ടുമായിരുന്നേ കുറഞ്ഞ വിലയ്ക്ക്, അതിലൊക്കെ കിന്നരികൾ വെച്ചതുപോലെ ഇങ്ങനെ നനുത്ത തൂവലുകളെപ്പോലുള്ള ലേസുകൾ പിടിപ്പിച്ചിരുന്നു ഞാനും സുഹൃത്തുക്കളും. ഇപ്പോൾ ഈ സിനിമ കണ്ടപ്പോഴാ അതിവിടെ ട്രെൻഡ് ആയിന്നറിഞ്ഞേ"

അന്നുമുതൽ പൊന്നാമ്പൽ പുഴയിറമ്പിൽ ജൂഹിക്കൊപ്പം ശോഭടീച്ചറും നടക്കാറുണ്ട് എന്റെ കണ്ണിൽ ....


---------------------------------------------------------------------------------------------------------------------------------------
#100DaysOfSongs -നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#Day96

Tuesday, April 21, 2020

നിന്നിലലിയുന്നതേ നിത്യസത്യം!

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 95 - 96

ചേട്ടന്മാരുടെ പ്രീഡിഗ്രി കാലം. അവരെ ട്യൂഷൻ സെന്ററിൽ പഠിപ്പിക്കാൻ ഉണ്ടായിരുന്ന ഒരു സാറിന് പഴയൊരു ക്രിക്കറ്റർ ബെവൻടെ ഛായ ഉണ്ടായിരുന്നത് കൊണ്ട് ആളൊരു സ്റ്റാർ ആയിരുന്നു പിള്ളേർക്ക് ഇടയിൽ. ചേട്ടന്മാരുടെ ഒരു കൂട്ടുകാരിയോട് ഈ സാറിന് വല്ലാത്ത പ്രണയം. പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പറഞ്ഞാൽ തല്ലുകിട്ടിയാലോ എന്ന് പേടിച്ചാകണം പ്രീഡിഗ്രി കഴിഞ്ഞിറങ്ങുന്ന ദിവസം ആശാൻ ഒരു കവിത കുറിച്ച് കൊടുത്തത്. മനോഹരമായ കൈപ്പടയിൽ എഴുതിയ ആ വരികൾ വായിച്ച കൂട്ടുകാരിച്ചേച്ചി ഫ്ലാറ്റ്! ഒന്നുമില്ലേലും ചുള്ളൻ സ്റ്റാറായ സാറാണല്ലോ കവിത തന്നിരിക്കുന്നത് ... അതും ഇത്രമേൽ പ്രണയസുന്ദരമായ വരികൾ! ഇനിയെന്തുവേണം പ്രണയം തളിർക്കാൻ ....

ആശാട്ടി വളരെ ആവേശഭരിതയായി, കൂടെയുള്ള പെൺകുട്ടികളോട് പറഞ്ഞാൽ പാര ആയെങ്കിലോ എന്ന് കരുതിയാകണം ചേട്ടന്മാരോട് ആണ് ഇത് പങ്കുവെച്ചത്. കൂട്ടത്തിൽ കിട്ടിയ പ്രണയലേഖനക്കവിതയും കാണിച്ചു.

കവിത വാങ്ങി വായിച്ച ചേട്ടന്മാർ ഒന്നും മിണ്ടാതെ പരസ്പരം നോക്കി പിന്നീട് രണ്ടാളും തലതല്ലിച്ചിരിക്കാൻ തുടങ്ങി പൊട്ടിപ്പൊട്ടിച്ചിരിച്ചതിന്റെ കാരണമറിയാതെ പാവം ആ ചേച്ചി ആകെ ബ്ലിങ്കസ്യാ ആയെന്നു പറഞ്ഞാൽപ്പോരേ. ചിരിയല ഒടുങ്ങിയപ്പോൾ ചേട്ടന്മാർ ചോദിച്ചു - "നിനക്കിത് തന്നപ്പോൾ ബേവൻ എന്താ പറഞ്ഞത്?"

കൂട്ടുകാരി ചേച്ചി: "വായിച്ചിട്ട് മറുപടി തരണം, എന്നെയോർത്ത് എഴുതിയതാണ് എന്ന്, എന്തേ? "
ചേട്ടന്മാർ കോറസ്സായി: " എന്നാലേ പുള്ളിയുടെ പേര് ONV എന്നാണോ എന്നുകൂടി ചോദിച്ചേരെ കേട്ടോ!"

നമ്മുടെ മാഷ് ആളാകാനായി എഴുതിക്കൊടുത്തത് ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ "ഇരുളിൻ മഹാനിദ്രയിൽ " എന്നുള്ള കവിതയുടെ ചില വരികളായിരുന്നു. ഇപ്പോഴും വായിച്ചാൽ കുളിരുകോരുന്ന വരികൾ ....

"അടരുവാൻ വയ്യ ....
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ
നിന്നെനിക്കേത് സ്വർഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിന് ആഴങ്ങളിൽ വീണു
പൊലിയുമ്പോഴാണെന്റെ സ്വർഗം
നിന്നിലലിയുന്നതേ നിത്യസത്യം! "

അന്ന് ആ കവിത എഴുതിയത് ഓഎൻവി കുറുപ്പ് എന്നാണ് സിനിമയുടെ ക്രെടിട്സ്ലും കാസറ്റിലുമൊക്കെ എഴുതിയിരുന്നത്, ആലാപനം മധുസൂദനൻ നായർ എന്നും. പക്ഷേ, പിന്നീട് ഇത് ടൈറ്റിൽ കൊടുത്തപ്പോൾ പറ്റിയ പിഴവായിരുന്നു എന്നും രചനയും ആലാപനവും ശ്രീ. മധുസൂദനൻ നായർ തന്നെയാണെന്നും കവി തന്നെ വിശദീകരിക്കുകയുണ്ടായി.

അന്നധികം ആളുകൾ ശ്രദ്ധിക്കാതിരുന്ന സിനിമയിലെ പാട്ടിൽനിന്നും ചങ്കിൽ കൊള്ളുന്ന തരം വരികൾ എഴുതികൊടുത്താൽ ഏതു പെണ്ണും വീഴുമെന്ന് തിരിച്ചറിഞ്ഞ ആ ബുദ്ധിമാൻ സാറിന് കൊടുക്കണമെന്നുണ്ട് ഇന്നത്തെ കുതിരപ്പവൻ - പക്ഷേങ്കി അസൂയ കൊണ്ടാണെങ്കിലും അങ്ങനെയിപ്പോ മാഷ് സ്‌കോർ ചെയ്യണ്ട എന്ന് കരുതി ആ പ്രണയശ്രമം പൊളിച്ചുകൊടുത്ത രണ്ടുപേർ ഉള്ളതുകൊണ്ട് ആർക്കുമില്ല കുതിരപ്പവൻ! ആ പൊളിഞ്ഞു പാളീസായ പ്രണയാഭ്യർത്ഥനക്കഥ ഈ അടുത്തിടെയുണ്ടായ കവിതാവിവാദ സമയത്ത് കൂടി ഞങ്ങൾ ഓർത്തു ചിരിച്ചിരുന്നു.
https://www.youtube.com/watch?v=uRTry_EytL8

-------------------------------------------------------------------------------------------------------------------------------
#100DaysOfSongs  നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

#100SongToLove
#Day96

Monday, April 20, 2020

"ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി.. ? "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 2014
------------------
നാട്ടിൽ ഒരു അവധി ആഘോഷത്തിനിടയിലാണ് രമേഷ് ചേട്ടൻ Ramesh Kumar ചെയ്യുന്ന കുമ്മാട്ടി എന്ന ടെലിഫിലിമിന് വേണ്ടി പ്രകൃതിയെകുറിച്ചൊരു കവിത വേണമെന്ന് പറയുന്നത്. കൊച്ചുകുട്ടികളോട് പറയുന്ന രീതിയിൽ കടുകട്ടി വാക്കുകളൊന്നും ഇല്ലാതെ വേണം കേട്ടോ എന്നും പറഞ്ഞു.


ആരെങ്കിലും പറഞ്ഞ് എഴുതാൻ പണ്ടുമുതലേ അറിയില്ല.. എന്നാലോ ഈ സംരംഭത്തിൽ ഭാഗം ആകണമെന്നും തോന്നി. അങ്ങനെ എഴുതിത്തുടങ്ങി, എഴുത്തിനൊപ്പം തന്നെ ഒരീണവും വന്നു... അന്ന് ലാപ്ടോപ്പ് കേടായത് കൊണ്ട് പേപ്പറിൽ എഴുതി ഫോട്ടോ എടുത്ത് അയക്കുകയാണ് ചെയ്തത്. ഈണം മാറിയാലോ എന്നോർത്ത് വോയ്സ് ക്ലിപ്പും അയച്ചു... തിരികെയെത്തിക്കഴിഞ്ഞാണ് ശരിക്കുള്ള കഥയും ഈ കവിതയുടെ ചിത്രീകരണവും ഒക്കെ കാണുന്നത്. ആസ്വദിച്ചുതന്നെ ശ്രീ. Pramod Ponnappan ആലപിക്കുകയും ചെയ്തു.

മനോഹരിയായ ഭൂമിയെ കാണിക്കുന്ന വർണിക്കുന്ന ഈ പാട്ടല്ലാതെ മറ്റെന്തോർക്കാൻ ഈ ഭൗമ ദിനത്തിൽ??

"ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി,
ഇക്കാറ്റു വീശുന്നതാര്‍ക്ക് വേണ്ടി
അഴകെഴും പൂക്കളും കാട്ടുപൂന്തേനുമാ
പുഴുക്കളും കായ്ക്കളുമാര്‍ക്കു വേണ്ടി

കളകളമൊഴുകുന്നു കാട്ടുചോല,
പുളകിതയാക്കുന്നു പൂമരങ്ങള്‍ ,
കഥയുറങ്ങുന്നോരീ നാട്ടുമണ്ണ്‍,
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി! "

https://youtu.be/BS-sh6vk8K8

==============================================================================
#100DaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongToLove
#Day95

Saturday, April 18, 2020

"ഇന്നെനിക്കു പൊട്ടു കുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം.. ..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2000 -2001

എൻജിനീയറിങ് കോളേജിലെ ആദ്യവർഷം ഹോസ്റ്റൽ വാസത്തിൽ അധികം അലുക്കുലുത്ത് ഒന്നും കാണിക്കാൻ പറ്റാതിരുന്ന കാരണങ്ങളിൽ ഒന്ന് ഞങ്ങൾക്ക് ഫ്ളാറ്റ്മേറ്റ്സ് ആയി 2 ടീച്ചർമാർ ഉണ്ടായിരുന്നത് കൂടിയാണ്. രണ്ടു മുറിയും ഹാളും കിച്ചനും ഉള്ള ഒരു ഫ്ലാറ്റ് share ചെയ്തിരുന്നത് മൂന്നു പേര് വീതം രണ്ടു റൂമിലും 5 പേർ ഹാളിനെ ഡോം ആക്കിയുമായിരുന്നു. ഞങ്ങളുടെ ഫ്ലാറ്റിൽ മാത്രം ഒരു റൂമിൽ രണ്ടു ടീച്ചർമാർ ആയിരുന്നു - സതി മിസ്സും അനിത മിസ്സും. കണക്ക് ടീച്ചറായിരുന്ന സതിമിസ്സ് നന്നായി പാടുകയും ചെയ്തിരുന്നു.

ആരോഗ്യപരമായ ബന്ധത്തിൽ കൂടി പൊയ്ക്കോണ്ടിരുന്ന ഞങ്ങളുടെ ഫ്ലാറ്റ് മേറ്റ് റിലേഷനിൽ മേട്രൺന്റെ കണ്ണിൽ കരടാകുന്ന ഒരു പരിപാടി ഞങ്ങൾ ഒപ്പിച്ചതിനു ശേഷം ആണെന്ന് തോന്നുന്നു രണ്ടു മിസ്സുമാരും കുറച്ചുനാൾ ഞങ്ങളോടും ഞങ്ങൾ അവരോടും മിണ്ടാതെ ഒരു ടോം &ജെറി കളി കളിച്ചിരുന്നു. ( ആ എട്ടിന്റെ പണി വേറൊരു പോസ്റ്റായി ഇടുന്നതാണ് പിന്നാലെ ). ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ടീച്ചർമാരുടെ വക ഒരു പൊതി മുറുക്ക് "ഈ മുറുക്ക് കറുമുറെ കടിച്ചുമുറിച്ച് തിന്നു ഞങ്ങളോടുള്ള ദേഷ്യം തീർക്കാൻ ഉവാച: " എന്നെഴുതിയ ഒരു കുറിപ്പോടെ റൂമിലെത്തി.... കൂട്ടത്തിലെ ഒരാളോട് സതി മിസ്സ്‌ പറഞ്ഞത് " ആ വട്ടം മുഖം ഒന്നൂടി പിണക്കത്തിൽ ഉരുട്ടിയപ്പോൾ ശരിക്കും മൂക്ക് കേന്ദ്രമാക്കി ഒരു പെർഫെക്ട് വൃത്തം വരയ്ക്കാരുന്നു "എന്നാണ്. ഇതിപ്പോഴും ഓർക്കുന്നത്, കണക്കു ടീച്ചറിന്റെ ഒരു ഉപമ പോലും വൃത്തത്തിലാണല്ലോ എന്നന്നു കുറേ ചിരിച്ചിട്ടാണ്.

നല്ലത് പോലെ പാടുമായിരുന്ന സതിമിസ്സ് ഞങ്ങൾക്ക് വേണ്ടി പാടിത്തന്ന കുറച്ചു നല്ല പാട്ടുകളുണ്ട്.. അതിലേറ്റവും ഇഷ്ടമായതൊന്നു ഇന്നത്തെ പാട്ടോർമ്മ 
"ഇന്നെനിക്കു പൊട്ടു കുത്താൻ സന്ധ്യകൾ ചാലിച്ച സിന്ദൂരം.. ..."

=============================================================================
#100daysofsongs  നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongstoLove
#day94

Friday, April 17, 2020

കവിളിലോരോമന മറുകുമായ് പൂർണേന്ദു ...

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2000-2001

ബിടെക്കിന്റെ ആദ്യവർഷം - ആവശ്യമില്ലാത്ത എല്ലാ അലുക്കുലുത്തും പഠിക്കാനുള്ള വർഷം! കെമിസ്ട്രി ഉണ്ട്, ഫിസിക്സ്‌ ഉണ്ട്, മെക്കാനിക്സ് ഉണ്ട് ഗ്രാഫിക്‌സും ഉണ്ട് - ഈ അവസാനം പറഞ്ഞത് രണ്ടും എന്തിനാ ഞങ്ങൾ ITക്കാർ പഠിച്ചത് എന്ന് "തമ്പുരാനറിയാം "🙄🙄

എന്തായാലും മെക്കാനിക്സ് പഠിപ്പിക്കാൻ അപ്പോചുട്ട അപ്പം പോലെ ചൂടോടെ REC യിൽ നിന്ന് പഠിച്ചിറങ്ങിയ ഒരു ചുള്ളൻ സാറാണ് വന്നത്. പാവം... മറ്റെന്തോ വരാനിരുന്നതാ, ഞങ്ങളുടെ ക്ലാസിലേക്ക് ആദ്യത്തെ ടീച്ചിങ്ങ് എക്സ്പീരിയന്സിന് വന്നതോടെ സാറിന് പാപനാശിനി നീന്തിക്കടന്ന ഒരനുഭൂതി കിട്ടിക്കാണും. ഒരു ദിവസം ക്‌ളാസിലെ അലമ്പ് സഹിക്കാൻ വയ്യാതെ സർ വളരെ ദയനീയമായി പറഞ്ഞത് ഇപ്പോഴും ഓർമയുണ്ട്, "പഠിക്കുമ്പോൾ പോലും 4 മണിക്ക് ഞാൻ എണീച്ചു പഠിച്ചിട്ടില്ല, അതോര്ത്തെങ്കിലും നിങ്ങളെന്നെ ഇതൊന്നു കംപ്ലീറ്റ് ചെയ്യാൻ സമ്മതിക്കൂ "- പക്ഷേ , കാര്യമിങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾ പെൺകുട്ടികൾ ക്‌ളാസിൽ എക്സ്ട്രാ ഡീസന്റ് ആയിരുന്നു പുള്ളിക്കാരന് ഒരു വിഷമം വരാതെ നോക്കുമായിരുന്നു കേട്ടോ  വന്നുകേറിയ പാടേ ഞങ്ങളുടെ കൂട്ടത്തിൽ ആരേം പതിച്ചുകൊടുക്കാതിരുന്ന ഒരു ചുരുണ്ട മുടിയുളള സുന്ദരിക്ക്‌ 'ക്രികു' എന്ന ഇദ്ദേഹത്തെ തീറെഴുതി കൊടുക്കുകയും ചെയ്ത വിശാല ഹൃദയകളായിരുന്നു ഞങ്ങൾ. 

വെളുത്ത കവിളത്ത് ഒരു സാമാന്യം വലിയ മറുകുണ്ടായിരുന്ന സാറിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പാട്ട് കോമൺ ടീവി റൂമിൽ ചിത്രഗീതത്തിൽ വന്നതും എല്ലാവരും കൂടി പുള്ളിക്കാരിയ്ക്ക് നേരെ തിരിഞ്ഞൊരു വിളി വിളിച്ചതും മേട്രണും റസിഡന്റ് ടീച്ചർമാരും ഞങ്ങളെ " വട്ടാണല്ലേ " എന്ന നിശബ്ദ ചോദ്യത്തോടെ നോക്കുന്നതും ഇപ്പോഴും ഈ പാട്ടോർമ്മയാണേ... ക്രികു ഇപ്പോൾ എവിടാണോ എന്തോ!!

കവിളിലോരോമന മറുകുമായ് പൂർണേന്ദു ... 
https://youtu.be/QQP6QYhJBLY

----------------------------------------------------------------------------------------------------------------------------------------


#100SongsToLove നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysOfSongs
#Day93

Thursday, April 16, 2020

സ്വപ്നത്തിലെങ്കിലും ഈ ഗാനം !

സ്വപ്നത്തിലെങ്കിലും ഈ ഗാനം !

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം വീണ്ടും 2003
Dumb Charades ൽ 'തുമ്പിപ്പെണ്ണേ ' പാട്ട് കിട്ടാത്ത ക്ഷീണത്തിൽ കറങ്ങിനടക്കുന്ന സമയത്തിലാണ് അന്താക്ഷരി ഒരിടത്ത് നടക്കുന്നത് കണ്ടത്. അതും ടീമാണ് പക്ഷേ കൂടെയുണ്ടായിരുന്നതിൽ ഒരാളെ മാത്രേ ഓർമയുള്ളൂ.. അന്റോണിച്ചൻ എന്ന് വിളിപ്പേരുള്ള ആന്റണിയെ ആണത്. എന്റെ ലാബ്മേറ്റും കൂടിയാണ് അന്റോണിച്ചൻ ( അഞ്ചു മാത്യു, അനു, അരുൺ കുമാർ, അന്റോണിച്ചൻ, ഞാൻ ഇതായിരുന്നു ഇലക്ട്രോണിക്സ് ലാബിലൊക്കെ ഒരുമിച്ചുണ്ടായിരുന്ന ടീം).
എല്ലാരേം ഗ്രൂപ്പൊക്കെ തിരിച്ചു അന്താക്ഷരി തുടങ്ങി. അക്ഷരം കിട്ടുമ്പോത്തന്നെ പാട്ടൊക്കെപ്പാടി അങ്ങനെ തകർക്കുവാണ് നമ്മുടെ ടീമും. എളുപ്പമുള്ള അക്ഷരപ്പാട്ടുകൾ ഒക്കെ കഴിഞ്ഞുകൊണ്ടേയിരുന്നു. ഏതാണ്ട് അവസാനിക്കാറായപ്പോൾ ആണ് ഞങ്ങളുടെ ടീമിന് അക്ഷരം 'ശ ' കിട്ടുന്നത്. അന്താക്ഷരി കളിച്ചിട്ടുള്ളോർക്ക് അറിയാമല്ലോ ചിലപ്പോൾ എത്ര പ്രയാസമുള്ള പാട്ടും ശടപടേന്ന് കിട്ടും. ചിലപ്പോൾ മനസ്സാകെ പുത്തരിക്കണ്ടം മൈതാനം പോലെ ബ്ലാങ്കാകും. ഈ 'ശ' കുഴപ്പിച്ച്ന്നു പറഞ്ഞാൽ പോരേ.. നേരത്തെ എളുപ്പമുള്ള പാട്ടൊക്കെ പാടിക്കഴിഞ്ഞതാണ് ആ അക്ഷരം വെച്ചിട്ട്.... സമയം ആണേൽ റ്റിക്റ്റിക് അടിച്ചോടിപ്പോണൂ.

കയ്യിന്നു പോയിന്നു വിചാരിച്ചപ്പോൾ അതാ ഒരു കൈ പൊങ്ങുന്നു ' ഐ am the ആൻസർ.. ഐ am the ആൻസർ' എന്നപോലെ. ഞങ്ങളെല്ലാവരും അന്റോണിച്ചനെ നോക്കിയതും അന്റോണിച്ചൻ ബാക്കി ടീമിനെ ഒരു പുച്ഛരസത്തിലും ഞങ്ങളുടെ നേർക്ക് ' ഹും! നമ്മളോടാ കളി ' എന്ന ഭാവത്തിലും നോക്കിയിട്ട് കണ്ഠശുദ്ധിയൊക്കെ വരുത്തി മധുരമായി പാടി...
" ശകുന്തളേ, നീയോർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം !"
കളി തീർന്നു 😒🙄


------------------------------------------------------------------------
#100DaysOfSongs  നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

#100SongstoLOVE
#Day9

"പൊന്നുംതരിവള മിന്നും പുടവയും ഒന്നും വേണ്ടല്ലോ കള്ളിപ്പെണ്ണേ നീ തന്നെയൊരു തങ്കക്കുടമല്ലോ "

വർഷം 2003

കോളേജിലെ ആർട്സ് പരിപാടി നടക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ പേര് കൊടുത്തിട്ടുണ്ട് ഞങ്ങൾ കുറച്ചു പേർ. ഏതാണ്ടൊക്കെയോ പരിപാടി കഴിഞ്ഞപ്പോൾ dumb charades തുടങ്ങുന്നു എന്ന അറിയിപ്പ് കിട്ടി. ( ഇതിൽ തരുന്ന വാക്ക് ആക്ഷനുകളിലൂടെ മറ്റു അംഗങ്ങൾക്ക് മനസിലാക്കി കൊടുക്കണം. സമയപരിധി ഉണ്ട്, ഏറ്റവും കുറച്ചു സമയത്തിൽ പറയുന്നതിന് പോയിന്റ് കൂടുതലും കിട്ടും)

ടീം ഇവന്റ് ആണ് - റിയ, ചക്രു എന്ന് വിളിക്കുന്ന സ്വപ്ന ചക്രവർത്തി പിന്നെ ഞാൻ - ഇതായിരുന്നു ഞങ്ങളുടെ ടീം. (നാലാമത് ഒരാൾ ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട് ). സ്ഥലം, സിനിമ, ബുക്ക്‌ , പാട്ട് ഒക്കെയാണ് വിവിധ റൗണ്ടുകൾ. കുറച്ചു കോമൺ ആക്ഷനുകളൊക്കെ അങ്ങോടുമിങ്ങോടും പറഞ്ഞു വെച്ചു. ഇംഗ്ലീഷ് പേരാണെങ്കിൽ ഒരു ആക്ഷൻ, ചില നടൻമാർ, സ്ഥലങ്ങൾ അങ്ങനെ ചിലതൊക്കെ ഞങ്ങൾ ധാരണയാക്കി. സിനിമയും സ്ഥലവും കിട്ടിയത് ഏതായിരുന്നു എന്നോർക്കുന്നില്ല - രണ്ടും പറയാൻ പറ്റിയെന്നു ഓർമയുണ്ട് . പുസ്തകത്തിന്റെ പേര് കിട്ടിയത് ' അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' റിയയുടെ അരങ്ങിലേക്കുള്ള ചാട്ടം കണ്ടപ്പോഴേ വളരെ എളുപ്പത്തിൽ അത് ചക്രു പറഞ്ഞു.. എല്ലാത്തിലും ശരിയുത്തരം പറഞ്ഞ് ഞങ്ങളുടെ ടീമും മറ്റൊരു ടീമും ഏകദേശം ഒരേ പോയിന്റിൽ നിൽകുവാണ്. ഇനി ഒരേയൊരു റൗണ്ട് - അവസാനത്തെ റൗണ്ട് സിനിമാപ്പാട്ട് !


കിട്ടിയ പാട്ട് ' തുമ്പിപ്പെണ്ണേ വാ വാ ' മുടിയൊക്കെ കാണിച്ചു 'പെണ്ണിനേയും വാ വാ 'യും ഓക്കെ കാണിച്ചിട്ടും പാട്ട് കിട്ടുന്നില്ല. 'പെണ്ണാളെ പെണ്ണാളെ' എന്ന് മാത്രം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നവരെ തുമ്പി കാണിക്കാൻ ശ്രമിച്ചു മടുത്തു. അവസാനം സമയം തീരാൻ സെക്കന്ടുകൾ മാത്രം ബാക്കി നിൽക്കേ ഞങ്ങൾ തുമ്പിപ്പെണ്ണേയിൽ എത്തി! പക്ഷേ, കുറഞ്ഞ സമയത്തിൽ ഉത്തരം പറഞ്ഞ മറ്റേ ടീം ( mech ആണ്പിള്ളേരുടെ ടീം എന്നാണ് ഓർമ്മ ) ഗപ്പ് അടിച്ചു 

അന്നു മുതലിന്നു വരെ ഇത്രോം സിംപിൾ ആയ ആ പാട്ട് പറയാൻ ഒക്കാഞ്ഞ ഞങ്ങളെ, ഞങ്ങളുടെ ടീമിന്റെ തോൽവിയെ ഓർമ വരുത്തും ഈ പൊട്ടപ്പാട്ട്. ( സ്കൂളിൽ പഠിക്കുമ്പോൾ കിട്ടിയ ഒരു ലോക്കൽ പ്രണയലേഖനത്തിൽ ഇതിലെ,
"പൊന്നുംതരിവള മിന്നും പുടവയും ഒന്നും വേണ്ടല്ലോ
കള്ളിപ്പെണ്ണേ നീ തന്നെയൊരു തങ്കക്കുടമല്ലോ " എന്ന
വരികളായിരുന്നേ... ആളെയൊന്നും പിടി കിട്ടീല്ലേലും ഈ പാട്ടിഷ്ടമായിരുന്നു - ഞങ്ങളെ തോൽപ്പിക്കും വരെ! )
-------------------------------------------------------------------------------------------------------------------------------------
#100DaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongsToLove
#Day91

Wednesday, April 15, 2020

കരിമിഴിക്കുരുവിയേ കണ്ടീല.....

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 2002
ഇന്നത്തേ പാട്ടിതാണ്... ഓർക്കുന്നത് ബാല്യകാല സുഹൃത്ത് ആയിരുന്ന ഒരനിയനെ ആണ് - അജേഷിനെ - അവനിന്ന് ഓർമ്മ മാത്രമാണ്!

ഈ പാട്ടവനെ ഓര്‍മ്മിപ്പിച്ചുതുടങ്ങിയത് സിനിമ ഇറങ്ങിയ വര്‍ഷം മുതലാണെങ്കിലും അവനെക്കുറിച്ചുള്ള ഓര്‍മയ്ക്ക് എന്‍റെ ഓര്‍മയോളം തന്നെ പഴക്കമുണ്ടാകണം. അജേഷ് - അമരയിലെ അച്ഛന്‍വീടിനു തൊട്ടടുത്ത വീട്ടിലെ ഞങ്ങള്‍ അപ്പുറത്തമ്മ എന്ന് വിളിക്കുന്ന അമ്മൂമ്മയുടെ കൊച്ചുമകന്‍ ആയിരുന്നു അവന്‍. എന്നേക്കാള്‍ രണ്ടു വയസിനു ഇളയതാകണം. അവനൊരുവയസിനിളയ ഒരനുജത്തി - ആശ. ഞാനൊരു ആറാം ക്ലാസ് ആകുംവരെ അച്ഛന്‍ വീട്ടിലെ ഇളയ ആള്‍ ഞാനായിരുന്നു - കസിന്‍ചേച്ചിമാര്‍ ഒക്കെ മുതിര്‍ന്നവര്‍, ചേട്ടന്മാരും അവിടെയെത്തിക്കഴിയുമ്പോള്‍ പതുക്കെ എന്നെ കയ്യൊഴിയും (അവരെ കുറ്റം പറയാന്‍ പറ്റില്ല - അവര്‍ക്ക് വെക്കേഷനെങ്കിലും മനസമാധാനം വേണമല്ലോ! ) ഒരേ പ്രായക്കരായി ഞാനും അജേഷും ആശയും! അമരയിലെത്തിയാല്‍ ഞങ്ങള്‍ മൂന്നാളും ആയിരുന്നു ഒളിച്ചുകളിക്കാനും ഓടിക്കളിക്കാനും കല്ലുകളിക്കാനും ഒക്കെ സംഘം ചേര്‍ന്നിരുന്നത്. അജേഷിനും ആശയ്ക്കും കുറെനാള്‍ കഴിഞ്ഞു ഒരു കുഞ്ഞനുജന്‍ കൂടിയുണ്ടായി - അവന്‍റെ ശരിക്കുള്ള പേരിനെക്കാള്‍ കൂടുതല്‍ 'മുട്ടു' എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്. (അരുണ്‍ എന്നാണ് ശരിക്കുള്ള പേരെന്നാണ് ഓര്‍മ്മ).

തിരുവോണത്തിന് അപ്പുറത്തമ്മയുടെ വീട്ടില്‍ക്കൂടി ഉണ്ടാലേ ഓണം പൂര്‍ണമാകൂ എന്നുള്ള ദിവസങ്ങളുണ്ടായിരുന്നു എനിക്കും ചേട്ടന്മാര്‍ക്കും. അജേഷിന്റെയും ആശയുടെയും മുട്ടുവിന്റെയും അമ്മ ശ്യാമളച്ചേച്ചിയോ അവരുടെ അച്ഛന്‍പെങ്ങള്‍ മിനിച്ചേച്ചിയോ കിണറിനു പിറകില്‍ നിന്നിരുന്ന ചെടിയില്‍ നിന്ന് ഞാനും ആശയും ഇറുത്തുകൊണ്ട് കൊടുക്കുന്ന മൈലാഞ്ചിയില പ്ലാവിലയുടെ ഞെടുപ്പും ചുവന്ന പുളിയനുറുംബിനെയും കൂട്ടിച്ചേര്‍ത്ത് അമ്മിയിലരച്ച് ഞങ്ങളുടെ രണ്ടാളുടെയും കയ്യുകളില്‍ വട്ടത്തില്‍ പരത്തിത്തന്നിരുന്ന അവധിക്കാലങ്ങള്‍. അജേഷിന്‍റെ അച്ഛനെ ഞങ്ങള്‍ നാരായണച്ചാച്ചന്‍ എന്ന് വിളിച്ചു. ആ വീടിനെക്കുറിച്ചു പറയാനും എഴുതാനും ഒത്തിരിയൊത്തിരി ഓര്‍മ്മകളുണ്ട്. അത് മറ്റൊരു പാട്ടോര്‍മ്മയില്‍ എഴുതാം - ഇന്നത്തേത് അജേഷിനു വേണ്ടി മാത്രം!


കൂടെക്കളിച്ചു വളര്‍ന്നവനെ ഓരോ സ്കൂള്‍ അവധിക്കും കാണുമ്പോള്‍ വിശേഷങ്ങള്‍ കൊണ്ട് മൂടുമായിരുന്നു ഞാന്‍. രണ്ടു ക്ലാസ്സ് ഇളയവനായ അവന്‍റെ ആദ്യത്തെ സ്കൂള്‍ ക്രഷ് ഒക്കെ ഒരുപക്ഷേ ഞാനായിരിക്കും ആദ്യമായി അറിഞ്ഞിട്ടുണ്ടാകുക - ഇപ്പോഴും ഓര്‍ക്കുന്നു ഒരു ഒളിച്ചുകളി കാലത്ത് അവനൊരു നീലക്കണ്ണുള്ള പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞത്. ഒരുവിധം എന്‍റെ അവധിക്കാല കുരുത്തക്കേടിനൊക്കെ കൂട്ടു നിന്നവന്‍ - കട്ടെടുത്ത വെറ്റിലയും പുകയിലയും തെങ്ങിന്തോപ്പില്‍ ഒളിച്ചിരുന്ന് പരീക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നവന്‍, പുത്തന്‍ സിനിമകളുടെ പാട്ടുകളും കഥകളും പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നവന്‍... സ്കൂള്‍ കാലം കഴിഞ്ഞതോടെ രണ്ടുമാസമൊക്കെ അവധിക്കുപോകുന്ന സ്ഥിരം പതിവ് നിന്നു.. ഓണത്തിനോടിയൊരു പോക്ക്, വിഷുവിനടുപ്പിച്ച് മറ്റൊരു പോക്ക് - കഴിഞ്ഞു അവധിക്കാലങ്ങള്‍! അതിനിടയില്‍ അറിഞ്ഞിരുന്നു അവന്‍ സ്കൂള്‍ പഠിത്തമൊക്കെ നിര്‍ത്തി, കവലയില്‍ ഓട്ടോര്‍ഷ ഓടിക്കാന്‍ തുടങ്ങി, മീശ മുളച്ച വലിയ ചെക്കനായി എന്നൊക്കെ. അങ്ങനെയൊരു അവധിക്കാലത്ത്‌ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് അമരയിലെത്തിയ സമയത്താണ് ഓട്ടോയും കൊണ്ടവനെന്നെ കാണാന്‍ വന്നത്. നെറ്റിയിലൊരു ചുവന്ന കുറി തൊട്ടിരുന്നു, തവിട്ടു നിറത്തിലൊരു കൈലിയും, കാക്കി ഉടുപ്പും ഒക്കെയായി ഒരു സുന്ദരന്‍ - അവനെ കളിയാക്കാന്‍ 'നീയിപ്പോ ഏയ്‌ ഓട്ടോ ലാലേട്ടനെപ്പോലെ ഉണ്ടല്ലോടാ' എന്ന് ഞാന്‍ പറയുകയും ചെയ്തു. നാണിച്ചൊരു ചിരിയോടെ അവനെനിക്ക് മീശ മാധവന്‍റെ കഥ പറഞ്ഞുതന്നു. മൂന്നുവട്ടം സവാരി പോയപ്പോഴും സിനിമ കണ്ട കാര്യവും കരിമിഴിക്കുരുവിയെ കണ്ടീല എന്ന പാട്ടിന്‍റെ ഭംഗിയുമൊക്കെ പറഞ്ഞുകൊതിപ്പിച്ച് പോകും മുന്‍പ് ആ പാട്ടെനിക്ക് പാടിത്തരികയും ചെയ്തു.

അടുത്തകൊല്ലം ആ വീടിന്‍റെ എല്ലാ പ്രതീക്ഷകളും ഏന്തി ആശാന്‍ ഗള്‍ഫില്‍ പോയി. പിന്നെയുള്ള വെക്കേഷനുകള്‍ക്കൊന്നും കാണാനും കഴിഞ്ഞില്ല... അവിടെ വെച്ചൊരു നാള്‍ പെട്ടെന്നുണ്ടായ അസുഖത്തില്‍ അജേഷ് യാത്ര പറയാതെ പോയി. നാട്ടില്‍ നിന്ന് ദൂരെയായിരുന്ന ഞാനൊക്കെ കാര്യം അറിഞ്ഞത് തന്നെ കുറച്ചുനാളുകള്‍ കഴിഞ്ഞാണ്. ഒരുപക്ഷേ, ജീവിതത്തില്‍ ആദ്യമായി എന്നേക്കാള്‍ ചെറിയോരാളുടെ അപ്രതീക്ഷിതമരണം അറിഞ്ഞത് അജേഷ് പോയപ്പോഴാണ്. മറ്റൊരു രൂപം കാണാതിരുന്നത് കൊണ്ടുതന്നെ ഓര്‍മയിലിപ്പോഴും അവസാനമായി കണ്ടപ്പോഴത്തെ ചുവന്ന കുറി തൊട്ട് കരിമിഴിക്കുരുവിയേ കണ്ടീല എന്ന് പാടുന്ന കാക്കിയുടുപ്പുകാരനാണ് അവന്‍.

കാലമൊഴുകിയപ്പോള്‍ അയല്‍വക്കങ്ങളും അകന്നു ... ഒരുചാട്ടത്തിനു എത്തിയിരുന്ന വീടുകളില്‍പ്പോലും ആരും പോകാണ്ടായി. ടെലിവിഷനും മൊബൈലുമൊക്കെ എത്തിയപ്പോള്‍ ഓണവും വിഷുവും വീടിനകത്തായത് പോലെ....
------------------------------------------------------------------------------------------------------------
#100DaysOfSongs
#Day90
#100DaystoLove