Monday, March 19, 2018

മകൻ പഠിപ്പിക്കുന്ന പാഠങ്ങൾ



ഈ അടുത്ത കാലത്ത് ഗൂഗിള്‍ പ്ലസില്‍ പൊങ്ങിവന്ന ഒരു 'ലാസ്റ്റ് ഇയര്‍ ദിസ്‌ ടൈം ' ചിത്രമാണ് ഇത്തവണത്തെ കുറിപ്പിന് ആധാരം. മോന്‍റെ സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ നൂറാം ദിനാഘോഷത്തിന്‍റെ ചിത്രമാണ്‌ ഇവന്മാര്‍ പൊക്കിക്കൊണ്ടു വന്ന് 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന് ചോദിച്ചത്. നടന്ന ആഘോഷം എന്ന് പറയാനാകില്ല, നടക്കേണ്ടിയിരുന്ന ആഘോഷം എന്ന് പറയണം - മാത്രവുമല്ല എനിക്കും കൊച്ചിന്‍റെ അച്ഛനും കൊച്ച് മറന്നാലും ആ മുഖം മറക്കാനാകും എന്നും തോന്നുന്നില്ല.

ആ നീണ്ട കഥ പറയും മുന്‍പ് നിങ്ങളോട് , ഈ ലേഖനം വായിക്കുന്ന അച്ഛനമ്മമാരോട് ഉള്ള ചോദ്യം - കുഞ്ഞുങ്ങളുടെ കുഞ്ഞു ജീവിതത്തിലുണ്ടാകുന്ന കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളെ, അപ്രതീക്ഷിത വഴിത്തിരിവുകളെ എങ്ങനെയാണു അവര്‍ നേരിടുന്നത്? എങ്ങനെയാണു നിങ്ങളവരെ അതിനു പ്രാപ്തരാക്കുന്നത്?എങ്ങനെയാണു നിങ്ങളവരെ തോല്‍ക്കാനും,അമളികള്‍ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നത്? - ചോദ്യം വായിച്ചുള്ള ചിന്താനിമിഷം കഴിഞ്ഞെങ്കില്‍ തുടര്‍ന്ന് വായിക്കാം.

കഴിഞ്ഞ സ്കൂള്‍ വര്‍ഷത്തിന്‍റെ നൂറാം ദിവസം. മൂത്ത മകന്‍ കിന്റെര്‍ഗാര്ട്ടനിലാണ്. ഇളയ ആള്‍ക്ക് ഒരു 9 മാസം പ്രായം ആയിട്ടുണ്ടാകും. ശൈത്യകാലമാണ്, ഭര്‍ത്താവ് കുറച്ചു ദൂരെയുള്ള സ്ഥലത്താണ് ജോലി എന്നതിനാല്‍ അതിരാവിലെ തന്നെ പോകും. ഇളയ ആളെയും കൊണ്ട് മഞ്ഞത്ത് പോയി കാത്തുനില്‍ക്കാനുള്ള വിഷമം കാരണം മോനെ രാവിലെ അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് ഒപ്പമാണ് ബസ് പോയിന്റിലേക്ക് വിടുന്നത്. കെട്ടിടത്തിന്‍റെ പ്രധാന വാതിലിന് അകത്ത് നിന്നാല്‍ കുട്ടികള്‍ ബസില്‍ കയറുന്നത് തണുപ്പടിക്കാതെ കാണുകയും ചെയ്യാം. രാവിലെ യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് വീട്ടിലെ കാര്യങ്ങള്‍ നീങ്ങുക - ഏതൊരു സ്കൂള്‍കുട്ടിയുടേയും വീട്ടിലെ അതേ അന്തരീക്ഷം. എല്ലുകുളിരുന്ന

തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുന്ന അഞ്ചരവയസുകാരനെ കാണുമ്പോള്‍ വിളിച്ചുണര്‍ത്താനല്ല അവന്‍റെ കൂടെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാനാണ് എനിക്കെപ്പോഴും തോന്നുക. പക്ഷേ മഞ്ഞുവീഴ്ച ഭീകരം ആയാല്‍പ്പോലും ചിലപ്പോ അവധി കിട്ടാത്ത നാട്ടില്‍ ആറുമാസം എല്ലാദിവസവും തണുപ്പ് പ്രമാണിച്ച് മൂടിപ്പുതച്ചുറങ്ങിയാല്‍ കുഞ്ഞ് ഹോംസ്കൂള്‍ ചെയ്യുന്നതാകും ഭേദം. ഇമ്മാതിരി അലുക്കുലുത്ത് ചിന്തകള്‍ അലട്ടുന്നത് കൊണ്ടുതന്നെ അലോസരപ്പെടുത്തിയാണെങ്കിലും അവനെ കുത്തിപ്പൊക്കും.


അങ്ങനെ ഒരു സുഖദ സുന്ദര ശീതള സുപ്രഭാതത്തില്‍ അഞ്ചുമിനിറ്റ്, രണ്ടുമിനിറ്റ്‌, ഒരു മിനിറ്റ് , സീറോ മിനിറ്റ് സ്നൂസിംഗ് കഴിഞ്ഞ് ആശാനെ ഉണര്‍ത്തിക്കൊണ്ടുവന്നു തയ്യാറാക്കുമ്പോള്‍ ആണ് കഴിഞ്ഞ ആഴ്ച സ്കൂളില്‍ നിന്നും ഒരു കുറിപ്പ് തന്നുവിട്ടത് ഓര്‍ത്തത്. ഉസ്കൂള്‍ തുറന്ന് നൂറാം ദിവസത്തിനെ ആഘോഷിക്കാന്‍ തിങ്കളാഴ്ച എല്ലാവരോടും വയസായവരെപ്പോലെ ഒരുങ്ങിവരാന്‍ പറഞ്ഞുള്ള കുറിപ്പ്. അറിയിപ്പ് കിട്ടിയപ്പോള്‍ തന്നെ തന്നെ ആശാന്‍ പറഞ്ഞിരുന്നു 'താടിയുള്ള അപ്പൂപ്പ' ആയാല്‍ മതീന്ന്. തലേ ദിവസം ഓര്‍ത്തതുമില്ല എല്ലാം എടുത്തു വെക്കാന്‍. വേഗം തന്നെ ഒരു ചെക്ക്‌ ഷര്‍ട്ടും, ലൂസ് ജീന്‍സ് പാന്റും ഇടീച്ചു, ഇന്സേര്ട്ട് ചെയ്ത് കുട്ടപ്പനാക്കി. ഇനിയിപ്പോ താടി ഒപ്പിക്കണം. ഭാഗ്യത്തിന് ഫേസ് പെയിന്റിംഗിന് ഉപയോഗിച്ച ഒരു വെളുത്ത ചോക്ക് കിട്ടി. അതുകൊണ്ടൊരു ഒപ്പിക്കല്‍ ബുള്‍ഗാനും വരച്ച്, മുടിയും ലേശായിട്ടൊന്നു നരപ്പിച്ചപ്പോള്‍ ആളൊരു ചുള്ളന്‍ അപ്പൂപ്പന്‍ ആയി. ഈ അലങ്കാരപ്പണിയൊക്കെ കഴിഞ്ഞപ്പോഴേക്കും ബസ് വരാനുള്ള സമയമായി. അപ്പുറത്തെ വീട്ടിലെ കുട്ടി വാതിലില്‍ മുട്ടുന്നുമുണ്ട്. വരാന്തയിലേക്കിറങ്ങിയപ്പോള്‍ തന്നെ, മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി മോനോട് 'your costume is awesome' എന്നൊക്കെ പറഞ്ഞത് കേട്ട് സന്തോഷിച്ച് ഞങ്ങള്‍ പ്രധാന വാതിലിന് അടുത്തെത്തി, ഉമ്മയൊക്കെ തന്ന് കയ്യുംവീശി ആശാന്‍ അവര്‍ക്കൊപ്പം പുറത്തേക്ക് പോയി. വൈകിയാണ് വീടിന് പുറത്തേക്ക് എത്തിയത് എന്നത് കൊണ്ട് മോന്‍റെ പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാരെയൊന്നും ഞാന്‍ കണ്ടതുമില്ല, ബസ് പോകുന്നത് വരെ വാതിലിന് അടുത്ത് നിന്നിട്ട് തിരികെ അകത്തെ വരാന്തയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ മോന്‍റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മ അകത്തേക്ക് വന്നു. "ഇന്ന് എന്തുപറ്റി ലേറ്റായിപ്പോയോ എണീക്കാന്‍? താത്വിക് വരുമ്പോളേക്കും ബസ് വന്നല്ലോ" എന്നൊരു കുശലവും എന്നോട് ചോദിച്ചു. രാവിലത്തെ എക്സ്ട്രാ മേക്കപ്പ് കാരണമാണ് ലേറ്റ് ആയത് എന്നും, അവിടുത്തെ മോന്‍ എന്ത് വേഷമാ കെട്ടിയത് എന്നും ഞാന്‍ ചോദിച്ചത് കേട്ട് ആളെന്നെ ഒന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് ആശ്വസിപ്പിക്കുന്ന തരം മൃദു സ്വരത്തില്‍ പറഞ്ഞു..., "ആര്‍ഷാ, 100th ദിവസം അടുത്ത തിങ്കളാഴ്ചയാണ്. ഇന്നാണെന്ന് കരുതി അല്ലേ?"


മുതിര്‍ന്നതിനു ശേഷം എപ്പോഴെങ്കിലും നിങ്ങള്‍ക്ക് 'ഗൃഹപാഠം മറന്ന ഫീല്‍' അല്ലെങ്കില്‍ 'റെക്കോര്‍ഡ്‌ സബ്മിഷന്‍ ഡേറ്റ് മറന്ന അവസ്ഥ' ഉണ്ടായിട്ടുണ്ടോ? അങ്ങനെ ഒരു തിരയിളക്കം എനിക്ക് വയറില്‍ നിന്നും പൊങ്ങിവന്നു. എന്‍റെ ആദ്യത്തെ പ്രതികരണം 'അയ്യോ' എന്നായിരുന്നു, പിന്നെ അവര്‍ക്ക് തെറ്റിയതാകാം എന്നൊരു സംശയം. ഉറപ്പിക്കാന്‍ വീട്ടിലേക്ക് ഓടുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു " താത്വിക് ലൈനില്‍ എത്തിയിട്ട് ആണ് ബാക്കിയുള്ളവരെ കണ്ടത്. e understood, but he was cool - donot worry". വീട്ടിലെ പേപ്പര്‍ കൂട്ടത്തില്‍ നിന്നും ആ അറിയിപ്പ് കണ്ടെടുത്തപ്പോള്‍ ശരിയാണ് അടുത്ത തിങ്കളാഴ്ച ആണ്. ഉറക്കപ്പിച്ചിലെ അബോധമനസ് 'തിങ്കളാഴ്ച' മാത്രം രജിസ്റെര്‍ ചെയ്തു, ഏതു തിങ്കളാഴ്ച എന്ന് ഉറപ്പിച്ചുമില്ല! എല്ലാ ആഴ്ചയും തിങ്കളാഴ്ച ഉണ്ടല്ലോ. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മുന്നില്‍ വേഷം കെട്ടിലൂടെ അപഹാസ്യനായേക്കാവുന്ന കുഞ്ഞിനെ ഓര്‍ത്ത് സങ്കടവും, എന്നോട് അതികഠിനമായ ദേഷ്യവും തോന്നി! പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം - കൈവിട്ടു പോയില്ലേ.... സ്കൂള്‍ ബസിപ്പോള്‍ സ്കൂളില്‍ എത്തും, ഏതു നിമിഷവും അവര്‍ ക്ലാസ്സിലേക്കും എത്തും. നടന്നുപോകാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക് എങ്കിലും ചെറിയ കുഞ്ഞിനേയും കൊണ്ട് മഞ്ഞത്ത് നടക്കുക സാദ്ധ്യമായ കാര്യമല്ല. ബസില്‍ കയറുന്നതിന് മുന്‍പ് അബദ്ധം അറിഞ്ഞിട്ടും തിരികെപ്പോരാതെ ബസില്‍ കയറിപ്പോയത് ഒരുപക്ഷേ, തിരിച്ചു വന്നാല്‍ ഞാന്‍ ചീത്ത പറഞ്ഞേക്കുമോ എന്ന് പേടിച്ചാകാം എന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചിലും വന്നു.


സ്കൂളിലേക്ക് നേരിട്ട് ടീച്ചറിനെ വിളിക്കാന്‍ സംവിധാനം ഇല്ല. ശരണം ഇ-മെയില്‍ അയക്കലാണ്. കാര്യകാരണസഹിതം ഒരു മെയില്‍ ടീച്ചറിന് അയച്ചു. മകന്‍റെ കുറ്റമല്ല - രക്ഷിതാക്കളായ ഞങ്ങളുടെ മാത്രം തിരക്ക് കൊണ്ട് വന്നുപെട്ട ഒരു 'തിരിമറി' ആണെന്നും, ഈ ഒരു അമളി സാഹചര്യം കുട്ടിയെ വിഷമിപ്പിച്ചേക്കാം, ഒന്ന് ശ്രദ്ധിച്ചേക്കണേ എന്നും അവന്‍ ബുദ്ധിമുട്ട് പറയുകയോ, പ്രകടിപ്പിക്കുകയോ ആണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ വന്നു തിരികെ കൊണ്ടുവരാം എന്നുമൊക്കെ നീട്ടി നീട്ടി രാമായണം പോലെ ഒരു മെയില്‍ അയച്ചിട്ട് ഞാന്‍ കമ്പ്യുട്ടറിനു മുന്നില്‍ തപസ് തുടങ്ങി. കാര്യം നിസാരമാണ് - പക്ഷേ കിന്റെര്‍ഗാര്ടന്‍കാരന് അതൊരു വലിയ കാര്യം തന്നെയാണല്ലോ. ചില 'അപ്രതീക്ഷിത' സന്ദര്‍ഭങ്ങളെക്കുറിച്ചൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒന്ന് നമ്മള്‍ പ്രതീക്ഷിക്കാത്തതിനാല്‍ എങ്ങനെയാകും അവന്‍റെ പ്രതികരണം എന്നുമറിയില്ല. അരമണിക്കൂറിനുള്ളില്‍ ടീച്ചറുടെ മറുപടി വന്നു. 'Nothing to worry - he is handling it well '. അത്രയും ആശ്വാസം ആയി - ആള്‍ കരയുന്നില്ല എന്ന് മനസിലായല്ലോ!


അന്നത്തെ ദിവസത്തിന് നീളം വളരെ കൂടുതലായിരുന്നു. സ്കൂള്‍ വിട്ടുവന്ന മോനെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും ഞാനെന്‍റെ "I am so sorry"പ്രകടിപ്പിച്ചപ്പോള്‍ അവനെന്നെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു - "oh! that's OK ammaa. എനിക്ക് ബസില്‍ കേറുമ്പോള്‍ തന്നെ മനസിലായി. അതുകൊണ്ട് ക്ലാസ്സില്‍ ചെന്നപ്പോഴേ ഞാന്‍ ടീച്ചറിനോട് പറഞ്ഞു, അമ്മക്കും എനിക്കും ഡേറ്റ് മാറിപ്പോയി. I need to wash my face. എന്നിട്ട് ഞാന്‍ വാഷ്‌റൂമില്‍ പോയി മുഖത്തെ താടി കഴുകി, മുടിയും നനച്ചു, ഉടുപ്പ് പുറത്തുമിട്ടപ്പോള്‍ I was back to a kid അമ്മാ, സോ സിമ്പിള്‍!" ആരും കളിയാക്കിയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവന്‍റെ മറുപടി ഇങ്ങനെ - "എല്ലാരും ചിരിച്ചു, ഞാനും കൂടെ ചിരിച്ചു- it was so funny - cos അവരൊക്കെ കുട്ടികളും ഞാന്‍ അപ്പൂപ്പയും അല്ലേ, അപ്പോപ്പിന്നെ നമ്മള്‍ ചിരിക്കില്ലേ! പിന്നെ ഒരു കുട്ടി അയ്യേ അപ്പൂപ്പന്‍ ന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു ഫ്രണ്ട് നോടും അപ്പൂപ്പനോടും mean ആകാന്‍ പാടില്ലാന്ന് and she said sorry to me. ഞാന്‍ ഇട്സ് ഓക്കേ ന്നും പറഞ്ഞു."


അപ്പോള്‍ ഈ അമ്മക്ക് ആ ടീച്ചര്‍ പറഞ്ഞത് തന്നെയേ പറയാനുണ്ടായിരുന്നുള്ളൂ, "you are a brave cool boy!" അമ്മയോ അച്ഛനോ ആയിരുന്നേല്‍ ഒരുപക്ഷേ കരഞ്ഞേനെ എന്നും, upset ആയേനെ എന്നും പറഞ്ഞപ്പോള്‍ അവന്‍ ആശ്ചര്യത്തോടെ പറഞ്ഞു - "you are joking - I know you wont be upset, because its just a dressup - what to worry in that?!" എവിടെ നിന്നാണ് ഈ ബോധം കിട്ടിയതെന്ന് അറിയില്ല, പക്ഷേ അന്ന് ഞങ്ങള്‍ക്ക് തോന്നിയത് ആ അബദ്ധം നന്നായി എന്നാണ്. ആരുടേയും സഹായമില്ലാതെ അവന്‍ തന്നെ ഒരു മാര്‍ഗം കണ്ടുപിടിച്ചു, വളരെ നല്ല രീതിയില്‍ ആ സന്ദര്‍ഭം കൈകാര്യം ചെയ്യുകയും ചെയ്തു. ടീച്ചറുടെ വക ഒരു നീണ്ട മെയിലും കിട്ടി സ്കൂളിലുണ്ടായ കാര്യങ്ങള്‍ , മോന്‍ പറഞ്ഞവ തന്നെ വിശദമാക്കിക്കൊണ്ടും അവനെ അഭിനന്ദിച്ചുകൊണ്ടും.



ഇവിടെ സ്കൂളുകളിലും, കരാട്ടെ ക്ലാസിലുമൊക്കെ ഇടയ്ക്കിടെ പറയുന്നതാണ് 'ഇഗ്നോര്‍ ഗ്രേസ്ഫുളി (Ignore Gracefully)' - ബുള്ളിയിംഗ് അഥവാ കളിയാക്കലുകള്‍ക്ക് വളരെയധികം നെഗറ്റീവ് ഇമ്പാക്റ്റ് ഉള്ളയിടമാണ് അമേരിക്ക എന്നതിനാലാകാം കുഞ്ഞിലേ മുതലേ സ്കൂളുകളില്‍ ഇതൊക്കെ പറയുന്നത്. റേസിസം ഇല്ലാതെ ആക്കാന്‍, ലിംഗസമത്വം ഉറപ്പിക്കാന്‍ ഒക്കെയുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്. നമ്മുടെ നാട്ടിലും ഈപ്പറഞ്ഞ ബുള്ളിയിംഗ് നല്ല രീതിയില്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. ഭാഗ്യത്തിനോ ദൌര്‍ഭാഗ്യത്തിനോ മറ്റനവധി പ്രശ്നങ്ങള്‍ക്കിടയില്‍ 'ഇരുണ്ട നിറം, അമിതവണ്ണം,മെലിഞ്ഞിരിക്കല്‍, ദാരിദ്ര്യം ' മുതലായ കളിയാക്കലുകളെ ആരും കാര്യമാക്കാതെ വിടുകയും ചെയ്യും. പക്ഷേ, അത് കുഞ്ഞുമനസുകളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അതിനെക്കുറിച്ച് അന്നത്തെ കുട്ടികളായിരുന്ന ഇന്നത്തെ മുതിര്‍ന്നവര്‍ പറയുമ്പോള്‍ മനസിലാക്കേണ്ടത് അവരുടെ മനസ്സില്‍ ഇപ്പോഴും ആ വിഷമഘട്ടത്തിന്‍റെ ഓര്‍മ്മകള്‍ ഉണ്ടെന്നാണ്. പല സ്കൂളുകളിലും കൌണ്‍സിലര്‍മാരെയും സൈക്കോളജി അറിയുന്നവരേയും നിയമിക്കേണ്ട ആവശ്യകതയും ഇത് തന്നെയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും കുഞ്ഞുങ്ങളുടെ മനസ്സില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും.


അപ്പോള്‍ പറഞ്ഞു കാട് കയറി എങ്കിലും പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതാണ്, നമുക്ക് കുഞ്ഞുങ്ങളെ ഇടക്കൊക്കെ തോല്‍ക്കാന്‍ പഠിപ്പിക്കാം - കളികളില്‍, പന്തയങ്ങളില്‍,മത്സരങ്ങളില്‍... ഇടക്കൊക്കെ അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്ന കുഞ്ഞുകുഞ്ഞു സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. എല്ലാം മൈക്രോമാനേജ്മെന്റ്റ് ചെയ്യാതെ, അവരതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം. ആവശ്യമെങ്കില്‍ മാത്രം നമ്മുടെ അഭിപ്രായങ്ങളോ, ഉപദേശങ്ങളോ അത്തരം കാര്യങ്ങളില്‍ കൊടുക്കാം.നാലോ അഞ്ചോ പതിനാറോ വയസാകട്ടെ അവര്‍ക്ക് അവരുടേതായ രീതിയില്‍ ഒരു പ്രോബ്ലംസോള്‍വിംഗ് കഴിവുണ്ടാക്കാം. എല്ലാം അവര്‍ക്ക് തോന്നിയത് പോലെ ചെയ്യട്ടെ എന്നല്ല -പക്ഷേ, അവരെ കേട്ടാല്‍ ചിലപ്പോള്‍ നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ച്ചപ്പാടുകള്‍ അവര്‍ക്കുണ്ടാകാം, അവരുടെ വഴി കൂടുതല്‍ എളുപ്പവും സുതാര്യവുമാകാം. 'ബുള്ളിയിംഗ്' നേരിടാന്‍ അവരെ പഠിപ്പിക്കാം. എന്തിലും ഏതിലും അസഹിഷ്ണുത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചിരിച്ചുകളയേണ്ടവയെ ചിരിച്ചുതന്നെ തള്ളാന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരവസരം കൊടുത്തൂടെ നമുക്ക്? 'Let them learn to Ignore Gracefully'!

ഇതാണാ ചുള്ളന്‍ അപ്പൂപ്പന്‍ 

(ഔര്‍ കിഡ്സ്‌ മാസിക മാര്‍ച്ച്‌ ലക്കം 2018)