Friday, December 18, 2020

രുചിയോർമ്മകൾ 05 - ആറ്റിങ്ങൽ കച്ചേരി ജംക്ഷനിലെ പേരോർമ്മയില്ലാബേക്കറിയിലെ ഫ്രൂട്ട് സാലഡ്.

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - ആറ്റിങ്ങൽ കച്ചേരി ജംക്ഷനിലെ പേരോർമ്മയില്ലാബേക്കറിയിലെ ഫ്രൂട്ട് സാലഡ്. 

നാവായിക്കുളം സ്‌കൂളിൽ പഠിക്കുന്ന സമയമാണ്  - അഞ്ചിലോ ആറിലോ മറ്റോ ആണെന്ന് തോന്നുന്നു. ആ വര്ഷം ലെപ്രസി  ബോധവൽക്കരണത്തിന് വേണ്ടിയുള്ള  പ്രത്യേക പരിപാടികൾ തിരുവനന്തരപുരം ജില്ലയിൽ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തിയിരുന്നു   സ്‌കൂൾ തലത്തിലും (നാവായിക്കുളം )  ഉപജില്ലയിലും (കടമ്പാട്ടുകോണം സ്‌കൂൾ)  UP  വിഭാഗത്തിൽ ഒന്നാം സമ്മാനം കിട്ടിയാൽ ആ കുട്ടികളെ ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന ജില്ലാ മത്സരത്തിന് കൊണ്ടുപോകും. ഹൈ സ്‌കൂളുകാർക്ക് അവിടെ നിന്നും തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മത്സരത്തിലും പങ്കെടുക്കാം. 7 -ആം ക്‌ളാസ് വരെയുള്ളവർക്ക് ആറ്റിങ്ങൽ വരെ പോകാനുള്ള അവസരമേയുള്ളൂ.  നാവായിക്കുളം എന്ന  ' ഠാ '  വട്ടത്തിനുള്ളിൽ കറങ്ങുന്ന എനിക്ക് ആറ്റിങ്ങൽ വരെ ബസ്സിൽ കയറിപ്പോകുന്നത് ആലോചിച്ചാണ് സമ്മാനത്തിനേക്കാൾ ത്രിൽ. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഒന്ന് - ഒന്നര കിലോമീറ്റർ ഉണ്ടാകണം - രാവിലെയും വൈകുന്നേരവും ആടിപ്പാടി പൂക്കളോടും ചെടികളോടും മുള്ളിനോടും പുല്ലിനോടും പൂച്ചയോടും പശുവിനോടും കഥ പറഞ്ഞു പറഞ്ഞു നടന്നിരുന്ന ആ കാലമാണ് ജീവിതത്തിൽ ഇപ്പോൾ മിസ്സിംഗ് ആയി തോന്നുന്നത് എങ്കിലും,  അന്ന് ആറ്റിങ്ങൽ എന്നപത്തു -  പതിനഞ്ച് കിലോമീറ്റർ ദൂരെയുള്ള, താരതമ്യേന സിറ്റിയായ സ്ഥലത്തേക്ക് ബസിലൊക്കെ കേറിപ്പോകുക എന്നാൽ  ഹൌ! ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം :)  സ്‌കൂളിന്റെ അഭിമാന പ്രശ്നം ആയതുകൊണ്ട് ടീച്ചർമാർ തന്നെ കൊണ്ടുപൊക്കോളും. വീട്ടിൽ നിന്ന് ആളുവന്നു വേണം പോകാൻ എന്നാണ് എങ്കിൽ എന്റെ പോക്ക് നടക്കൂല -  അമ്മ പറയും  അമ്മേടെ സ്‌കൂളിൽ നിന്ന് ലീവ് കിട്ടൂല്ല. നീയ് വേണേൽ തനിച്ചു പൊക്കോന്ന്. ('അമ്മ ഒരു പ്രൈവറ്റ് സ്‌കൂൾ ടീച്ചർ ആയിരുന്നേ :) ) അതോടെ ബസും ആറ്റിങ്ങലും ഒക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലാകും. പക്ഷേ, ഇതൊരു സുവർണാവസരം ആണല്ലോ  - ഇവിടെ ഒന്നാം സമ്മാനം കിട്ടിയാൽ മാത്രം മതിയല്ലോ! 


അങ്ങനെ സ്‌കൂൾതലത്തിലും ഉപജില്ലയിലും ഒന്നാം സമ്മാനം അടിച്ചെടുത്തു ഞാൻ സ്വപ്‍ന നഗരമായ ആറ്റിങ്ങലിലേക്ക് സ്‌കൂളിൽ നിന്നുള്ള ടീച്ചറിനൊപ്പം പോകുകയാണ്.  അന്നത്തെ ദിവസം സ്‌കൂളിലെത്തി  പത്തുമണിയായപ്പോൾ പ്യുൺ ചേട്ടൻ വന്നു ഹെഡ് മിസ്ട്രെസ്സിന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ ക്വിസിന്  കൊണ്ടുപോകേണ്ട ടീച്ചറിനു  പോകുന്നതിനുള്ള ചിലവ് കണക്കാക്കിയുള്ള കാശു കൊടുക്കുകയാണ് HM .  ഹിന്ദി പഠിപ്പിച്ചിരുന്ന, അധികം സംസാരമൊന്നുമില്ലാത്ത ഗൗരവക്കാരിയും ശാന്ത സ്വഭാവക്കാരിയുമായ സുശീല ടീച്ചറാണ് കൂടെ.  ടീച്ചറിന്റെ മകൻ രതീഷും ഞാനും ക്‌ളാസ്സ്‌മേറ്റ്സ് ആണ്, എന്റെ ചേട്ടന്മാരെ ടീച്ചർ പഠിപ്പിച്ചിട്ടുമുണ്ട്. ഇതൊക്കെ പോരാഞ്ഞിട്ട് മാവേലിക്കരക്കാരിയായ ടീച്ചർ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നതിന് മുന്നിലൂടെയാണ് എന്റെ അമ്മ രാവിലെയും വൈകിട്ടും ജോലി കഴിഞ്ഞു മടങ്ങി വരുന്നത് - പോരെ പൂരം!  എന്റെ കൂടെ ആറ്റിങ്ങലിലേയ്ക്ക് വേറൊരു ടീച്ചറിനേം പറഞ്ഞുവിടാൻ HM നു തോന്നീലല്ലോ ഈശ്വരാ എന്ന് പരിഭവം പറഞ്ഞാണ് സ്‌കൂളിന് മുന്നിൽ നിന്ന് ആറ്റിങ്ങൽ ഗേൾസ് സ്‌കൂളിന് മുന്നിൽ തന്നെ ഇറങ്ങാവുന്ന പ്രൈവറ്റ് ബസിൽ ഞാൻ കയറുന്നത്. സുശീല ടീച്ചർ സ്വതവേയുള്ള ഗൗരവത്തിൽ ഇരിക്കുന്നു.  ഞാനെന്തായാലും ആ  ബസ് യാത്ര ആസ്വദിച്ച് കാഴ്ചയൊക്കെ കണ്ടു അവിടെയെത്തി. ക്വിസ് തുടങ്ങുന്നത് ഉച്ചക്ക്12 മണിക്കാണ്.1 മണിക്കൂർ.  ഒരുരണ്ട് രണ്ടര ആകുമ്പോൾ തിരികെ സ്‌കൂളിലെത്താം. 


അന്ന് വീട്ടിൽ പ്രാതലുണ്ടാക്കുന്ന പരിപാടിയില്ല. കുട്ടികൾക്ക് ഹോം ട്യൂഷൻ എടുത്തിരുന്നു 'അമ്മ - അതുകൊണ്ട് 7  മണിക്ക് പോകണം ആദ്യത്തെ വീട്ടിലേയ്ക്ക്. അവിടെ നിന്നാണ് 'അമ്മ സ്‌കൂളിലേക്ക് പോകുക.  ചേട്ടന്മാർ പഴങ്കഞ്ഞി എന്ന തലേദിവസത്തെ ചോറും തൈരും മുളകും ഒക്കെ ചേർത്ത നല്ല സൊയമ്പൻ സാധനം കഴിച്ചിട്ട് സ്‌കൂളിൽ പോകും. എനിക്കാണേൽ രാവിലെ ചോറ് ഇറങ്ങാൻ ഇച്ചിരി ബുദ്ധിമുട്ടായിരുന്നു - അതിപ്പോൾ കഞ്ഞി ആയാലും പഴങ്കഞ്ഞി ആയാലും ഒരേപോലെ തന്നെ.  അതുകൊണ്ട് എനിക്ക് മാത്രം രണ്ടുകോപ്പ ചായ കിട്ടും - അതാണ് നമ്മുടെ ഉച്ച വരെയുള്ള പിടി. ഉച്ചക്ക് ഉച്ചക്കഞ്ഞിയും പയറും കിട്ടുംലോ സ്‌കൂളിൽ നിന്ന്.  ആറ്റിങ്ങൽ ഒക്കെ എത്തിക്കഴിഞ്ഞു ടീച്ചറിനൊപ്പം ഗേൾസിലേക്ക്  നടക്കുമ്പോൾ ആണ് വയറ്റിൽ നിന്ന് ചെറുതായി മൂളൽ കേട്ടുതുടങ്ങിയത്. ടീച്ചർ ഒന്നും ചോദിക്കുന്നുമില്ല  - ടീച്ചറിനോട് പറയാൻ ആത്മാഭിമാനംസമ്മതിക്കുന്നുമില്ല. ക്വിസ് തുടങ്ങും മുൻപ് ക്‌ളാസിൽ എല്ലാവര്ക്കും വെള്ളം കൊണ്ടുവന്നു. അതൊക്കെ കുടിച്ചു വിശപ്പിനെ ഒരുവിധം സൈഡാക്കി അങ്ങനെ ഇരിക്കുവാ. ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിലെ മിടുക്കിയായ ഒരു കുട്ടിയുണ്ടായിരുന്നു  - ഒരു നാവായിക്കുളംകാരി - അരുണിമ. അവളും ഉണ്ട് ആ സ്‌കൂളിനെ പ്രതിനിധീകരിച്ചു ക്വിസ് മത്സരത്തിന്. മത്സരം കഴിഞ്ഞു  - ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ എനിക്ക് രണ്ടാം സമ്മാനമേ കിട്ടിയുള്ളൂ.  എന്നാലും കപ്പും സർട്ടിഫിക്കറ്റും ഒക്കെയുണ്ടേ. അതുമൊക്കെ വാങ്ങി ഇറങ്ങുമ്പോൾ തന്നെ മണി 2 കഴിഞ്ഞു. 


സ്‌കൂളിൽ നിന്നും കുറച്ചു നടന്നു വേണം ബസ് സ്റ്റാൻഡിലേക്ക് പോകാൻ. കപ്പും സർട്ടിഫിക്കറ്റുമൊക്കെ ടീച്ചറിന്റെ കയ്യിലാണ് , ഇനി അടുത്ത അസംബ്ലിയിൽ വെച്ച് HM  അത് സമ്മാനിക്കും. ഗ്രാമത്തിലെ സ്‌കൂളിലെ ഗോൾഡൻ മൊമെന്റ്‌സ്‌ അതൊക്കെയാണല്ലോ .. പക്ഷേ, ടീച്ചർ സമ്മാനം കിട്ടിയതിനും ഒന്നും പറഞ്ഞില്ല - ഒന്നാം സമ്മാനം അല്ലാലോ അതാകും എന്ന് ഞാനും കരുതി. പോയ സന്തോഷമൊന്നുമില്ല എനിക്ക് ഇപ്പോൾ... കൂടെ പിന്നാലെ നടന്നു. ടീച്ചർ നടക്കുന്ന വഴിക്ക് അരികിൽ കണ്ട ഒരു കടയിൽ കയറി, എന്താണെന്നു പോലും നോക്കാതെ ഞാനും കൂടെക്കയറി. അകത്തെത്തി ഒരു മേശയുടെ അടുത്ത് ടീച്ചർ ഇരുന്നു എന്നെയും അടുത്തൊരു കസേരയിൽ ഇരുത്തി. അപ്പോഴാണ് അതൊരു ബേക്കറിയാണെന്നു എനിക്ക് മനസിലായത്. "നിനക്കെന്താ വേണ്ടേ കഴിക്കാൻ , വിശക്കുന്നില്ലേ " ന്നു ചോദിച്ച ടീച്ചറിനോട്  - "ഇല്ല ടീച്ചറെ എനിക്കൊന്നും വേണ്ട, വിശപ്പൊന്നുമില്ല"  ന്ന് ആർക്കും ചേതമില്ലാത്ത ഒരു കള്ളവും പറഞ്ഞു. ടീച്ചർ എന്റെ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു ... പല്ലു പുറത്തു കാണിക്കാതെ, എന്നാൽ വാത്സല്യത്തിന്റെ എല്ലാ തെളിച്ചവും നിറഞ്ഞ ഒരു ചിരി. എന്നിട്ട് അടുത്തേക്ക് വന്ന ബേക്കറിയിലെ ആളിനോട് പറഞ്ഞു - "രണ്ടു പഫ്‌സ് ഒരു ജ്യൂസ് പിന്നൊരു സ്‌പെഷ്യൽ ഫ്രൂട്ട് സാലഡും, ഇവൾക്കേ വലിയ പിള്ളേരോട് മത്സരിച്ചു  ക്വിസിന് സമ്മാനോം കപ്പുമൊക്കെ കിട്ടിയിട്ടുണ്ട് ഇന്ന്" . കണ്ണ് നിറഞ്ഞതു ടീച്ചർ ആ പറഞ്ഞ ടോൺ കേട്ടിട്ടാണ് - അഭിമാനം , സന്തോഷം പിന്നെ മറ്റെന്തൊക്കെയോ!  

 ആ രണ്ടു പഫ്‌സും കഴിച്ചപ്പോൾ തന്നെ എന്റെ വയറു നിറഞ്ഞേ ..എന്നിട്ടും ആ സ്‌പെഷ്യൽ ഫ്രൂട്ട് സാലഡ് മുഴുവൻ ഞാൻ കഴിച്ചു - നിറയെ അണ്ടിപ്പരിപ്പും കിസ്മസും ഒക്കെ ചേർത്ത ഫ്രൂട്ട് സാലഡ്.  പിന്നെയാ ജ്യൂസ് ( പണ്ടത്തെ കുപ്പിയിൽ കിട്ടുന്ന ഓറഞ്ചു ജ്യൂസ് ഓർമ്മയില്ലേ? ) ഞാൻ ടീച്ചറിനെക്കൊണ്ടും കുടിപ്പിച്ചു. അന്ന് തിരികെ സ്‌കൂളിലെത്തിയിട്ട് എല്ലാവരോടും എന്റെ സമ്മാനക്കപ്പിന്റെ കാര്യം പറയും മുൻപ് ഞാൻ പറഞ്ഞത് ആ സ്റ്റീൽ തളികയിൽ എന്റെ മുന്നിൽ ചിരിച്ചിരുന്ന സ്‌പെഷ്യൽ ഫ്രൂട്ട് സാലഡിനെക്കുറിച്ചാണ് പിന്നെ സുശീലടീച്ചറിന്റെ സ്നേഹത്തിന്റെ ചിരിയെക്കുറിച്ചും! 

================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 


#100DaysOfTastes #Day05   #fruitsalad   #നൊസ്റ്റാൾജിയ

Sunday, November 29, 2020

രുചിയോർമ്മകൾ 04 - നാരങ്ങാനീര് ചേർത്ത് ചുട്ട, ഉപ്പും മുളകും പുരട്ടിയ കോൺ

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - നാരങ്ങാനീര് ചേർത്ത് ചുട്ട ഉപ്പും മുളകും പുരട്ടിയ  കോൺ 


 തമിഴ്‌നാട്ടിൽ MTech   ചെയ്യുന്ന സമയത്ത് തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്നത് ഫാഷൻ ടെക്നോളജിയിൽ ബിടെക് ചെയ്യുന്ന കുറച്ചു കുട്ടികളായിരുന്നു. "ചേച്ചീ എന്നാ ചേച്ചീ"  ന്നു പിന്നാലെ കൂടിയിരുന്ന അവരിലാരുമായും കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ഒരു കോണ്ടാക്റ്റും ഇല്ല. പക്ഷേ ഇടയ്ക്കിടെ ഓർക്കും ഭാനു, ഭുവന, അശ്വിനി, സെൽവി ... അതിലെ സെൽവിയെക്കുറിച്ചാണ് ഇന്നത്തെ ഓർമ്മ - മൂക്കുത്തിയിട്ട , നെറ്റിയിലും തള്ളവിരലിനു പുറകിലും കുടുംബചിഹ്നം പച്ചകുത്തിയ ഒരുവൾ. ടെക്സ്റ്റൈൽ  ടെക്നോളജി ഡിപ്ലോമ കഴിഞ്ഞു എഞ്ചിനീറിംഗിന്  ലാറ്ററൽ എൻട്രിയിൽ കയറിയ ആളാണ് സെൽവി. പഠിക്കുന്ന വിഷയത്തിൽ അതിഗംഭീരമായ അറിവും കഴിവും ഉള്ളയാൾ. ഫാഷൻ ഡിസൈനിങ്ങ് എന്ന വിഷയത്തിന് വേണ്ട ക്രിയേറ്റിവിറ്റി ജന്മനാ ഉള്ളവൾ - അല്ലെങ്കിലും ഈറോഡിലെ  കൈത്തറികളുടെ ശബ്ദം താരാട്ടു കെട്ടുറങ്ങിയവൾക്ക് തുണിയും നൂലും ജീനുകളിൽ ഇഴ ചേർന്നില്ലെങ്കിലേ അതിശയമുള്ളൂ. ഒരുകാര്യത്തിൽ മാത്രം സെൽവി പിന്നോക്കം പോയിരുന്നുള്ളു അത് ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കേണ്ട ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഡിപ്ലോമ വരെയും തമിഴ് മീഡിയത്തിൽ പഠിച്ച ഒരു കുട്ടിക്ക്  അതുവരെ പഠിച്ചതൊക്കെയും ഇംഗ്ലീഷിൽ എഴുതി ഫലിപ്പിക്കുക എന്നത് ആദ്യ സെമെസ്റ്റെറിലൊക്കെ അവളെ ശരിക്കും കഷ്ടപ്പെടുത്തി. എന്നിട്ടും ആദ്യ മൂന്നു റാങ്കുകളിലൊന്നിൽ അവൾ എത്തുമ്പോൾ അതൊക്കെ അഭിമാനപൂർവം പറയുമ്പോൾ "അമ്മാവുക്ക് ഹാപ്പിയായിടുംചേച്ചി" എന്ന് ചിരിയോടെ പറയുമ്പോൾ ഞാനും എന്റെ അമ്മയെ ഓർക്കാറുണ്ടായിരുന്നു.  


അവിടെ കോളേജിൽ എല്ലാ തിങ്കളാഴ്ചയും ഇന്റെർണൽ എക്സാം എന്ന കുരിശുണ്ടായിരുന്നത് കൊണ്ട് ദീപാവലി, പൊങ്കൽ, സെമസ്റ്റർ ബ്രേക്ക് ഇത്യാദികൾക്കെ ഞങ്ങൾ അന്യസംസ്ഥാനക്കാർ വീട്ടിലേക്ക് പോയിരുന്നുള്ളു. ഇവരൊക്കെ ഇടയ്ക്കിടെ വീട്ടിൽ പോകുമ്പോൾ ഞങ്ങൾ മലയാളി പുള്ളകൾ ഹോസ്റ്റലിലെ ശൈവ ഭക്ഷണവും അടിച്ചു ഇന്റർനാഷണൽ സ്റ്റുഡന്റസ് കുറച്ചുപേരുണ്ടായിരുന്നവർ എടുത്തുകൊണ്ടുവരുന്ന കൊറിയൻ പടങ്ങളുടെ ഡിവിഡിയും കണ്ടു ദിവസങ്ങൾ തള്ളി നീക്കമായിരുന്നു. മൂന്നാം സെമസ്റ്റർ തീരാനായ സമയം ഇനിയും ഞങ്ങൾ എംടെക്കുകാർ 1 -2 മാസം കൂടിയേ ക്യാംപസിൽ ഉള്ളൂ. അവസാന സെമസ്റ്റർ പ്രോജക്ടാണ് പലരും പല വഴിക്ക് പിരിഞ്ഞു പോകുന്ന സമയം -  എന്തായാലും അപ്രാവശ്യം രണ്ടു ദിവസത്തേക്കുള്ള അവധിക്ക് പോകുമ്പോൾ പിടിച്ച പിടിയാലേ സെൽവി എന്നെയും അഞ്ജന എന്ന റൂം മേറ്റിനെയും അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഈറോഡ് ബസ്സ്റ്റാൻഡിൽ ഇറങ്ങി കുറെയേറെ നേരം കാത്തുനിന്നിട്ടാണ് അവളുടെ ഗ്രാമത്തിലേക്കുള്ള വണ്ടി വന്നത്. ആകെ കുറച്ചു വണ്ടികളേ ഉള്ളൂ അവളുടെ വീടിന് അടുത്തുവരെ എത്തുന്നവ. ചെമ്മണ്ണ് പറക്കുന്ന വഴി, രണ്ടുവശത്തും ചോളപ്പാടങ്ങൾ  - വൈകുന്നേരത്തോടെ  ഒരു ആൽമരത്തിനു ചുവടെ   വണ്ടിയിറങ്ങുമ്പോഴേക്കും സെൽവിയുടെ തൊട്ടുതാഴെയുള്ള അനിയത്തിയും സ്‌കൂളിൽ പഠിക്കുന്ന കുഞ്ഞനിയനും ജംക്ഷനിൽ എത്തിക്കഴിഞ്ഞിരുന്നു. 

അവിടെ നിന്നും അവളുടെ വീട് വരെ നടന്നെത്തുന്ന ദൂരം മുഴുവൻ നാട്ടുകാരിൽ പലരും വീടുകളിൽ നിന്നും എത്തിയോ എന്നും കൂടെയാരാ എന്നും ചോദ്യങ്ങളും ഉറക്കെയുറക്കെ ഉത്തരങ്ങൾ പറഞ്ഞുപറഞ്ഞും  ഞങ്ങളാ വീട്ടിൽ ചെന്ന് കയറി. അവിടെ അവളുടെ ഹീറോ- സെൽവിയുടെ 'അമ്മ മണ്ണുമേഞ്ഞ വീടിന്റെ പുറത്തേക്ക്  തള്ളിനിൽക്കുന്ന ചായ്പ്പ് പോലെയൊന്നിൽ ഉള്ള തറിയിൽ 'ടകേ  -ടക് ' എന്ന് ഊടും പാവും നെയ്യുന്നുണ്ടായിരുന്നു.കയ്യും കാലും കൊണ്ട് അങ്ങനെ ചെയ്യുന്നത് നോക്കി നിൽക്കുന്നത് പോലും കലയാണ് -പക്ഷേ അവൾ പറഞ്ഞു അറിയാം അവരാ ചെയ്യുന്നതിന്റെ , ചിലവാക്കുന്ന അദ്ധ്വാനത്തിന്റെ പകുതി പോലും അവർക്ക് പ്രതിഫലമായി കിട്ടില്ല. അവളുടെ ചുറ്റുവട്ടത്തുള്ള അയൽക്കാർക്കും ബന്ധുക്കൾക്കും ഒക്കെയുണ്ട് ഒന്നോ രണ്ടോ തറികൾ വീട്ടിൽ തന്നെ . എല്ലാവരുടെയും അവസ്ഥയും ഇത് തന്നെ. വാതിൽ ചേർത്തടയ്ക്കാവുന്ന ഒറ്റ മുറി മാത്രമുള്ള, നീളൻ വരാന്തയും   തുറന്ന ഹാളും ഉള്ള വീടായിരുന്നു അത്. ഇപ്പുറത്തെ തറിച്ചായ്‌പ്പ് പോലെ അപ്പുറത്ത് അടുക്കള. ഞങ്ങൾ വരുന്നത് പ്രമാണിച്ചു അന്നവിടെ സ്‌പെഷ്യൽ  "മീൻ കുളമ്പ് " ഉണ്ട് രാത്രിയിലേക്ക് കാണാൻ ജാക്കിച്ചാന്റെ ഒരു പടത്തിന്റെ തമിഴ് മൊഴിമാറ്റ തിരൈപ്പടത്തിന്റെ ഡിവിഡിയും എടുത്തിട്ടുണ്ട്! 

ചെന്നുകഴിഞ്ഞു ഒരു ചായയും കുടിച്ചു  അവളോടൊപ്പം അനിയൻ - അനിയത്തിമാരെയും കൂട്ടി നാടുകാണാനിറങ്ങി. ആ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിൽ കോടി നടക്കുമ്പോൾ ചുറ്റിനും നിന്നും കേൾക്കുന്നത് മുഴുവൻ തറിയുടെ ശബ്ദമാണ്. പിന്നീടു പല സിനിമകളിലും ഇതുപോലെ രംഗങ്ങളിൽ ഞാനാ നടപ്പ് ഓർക്കാറുണ്ട്. അന്നാണ് ആദ്യമായി ഒരു
"പട്ടിമണ്റം" (ആൾക്കൂട്ട ഡിബേറ്റ്)   നേരിട്ട് കേൾക്കുന്നത് /കാണുന്നത്. ഒരുവിഷയത്തിനെക്കുറിച്ചുള്ള ഡിബേറ്റ് പലരും സംസാരിച്ചു മുന്നേറുന്നു , തിരികെ നടക്കുംവഴി വീടിനു തൊട്ടടുത്ത് എത്തിയപ്പോൾ അവളൊരു ചോളപ്പാടത്തേക്ക് ഇറങ്ങി അവിടെ നിന്നും അഞ്ചാറ് ചോളം തണ്ടോടു കൂടി ഒടിച്ചെടുത്തു. വീട്ടിലെത്തിയപാടെ ആ പെടയ്ക്കണ ഫ്രഷ് കോണിനെ നാരങ്ങാനീര് പുരട്ടി തീയിൽ ചുട്ടു ഉപ്പും മുളകുപൊടിയും ചേർത്ത് കൈയിലേക്ക് തന്നു - കടിക്കുമ്പോൾ ഓരോ കടിയിലും കോണിന്റെ മധുരവും നാരങ്ങയുടെ പുളിപ്പും ചുട്ടത്തിന്റെയാ കയ്പ്പും ഉപ്പും മുളകും എല്ലാം ചേർന്ന് വായിൽ കപ്പലോട്ടും... ഇപ്പോഴും .... ഇവിടെ കോൺ കാണുമ്പോൾ ഞാൻ സെൽവിയേയും  ആ ഗ്രാമത്തെയും അവളുടെ അമ്മയെയും ഓർക്കും! 

================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 


Thursday, October 8, 2020

തന്ത്രങ്ങളുടെ കുട്ടിക്കാലം

നാലാം വയസില് നട്ടപ്പിരാന്ത് എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ ഇവിടെ കേൾക്കാറുള്ളത് ടെറിബിൾ ടു എന്നാണ് - രണ്ടുവയസിൽ തന്നെ അച്ഛന്റെയും അമ്മയുടെയും ക്ഷമ പരീക്ഷിക്കും എന്ന് സാരം. എനിക്കും പലപ്പോഴും പല കുട്ടികളേയും വീട്ടിലുള്ള രണ്ടിനേയും തോന്നിയിട്ടുള്ളത് ആ ഒരു toddler പ്രായമാണ് ശരിക്കും കുട്ടികൾ അവരുടെ ഐഡന്റിറ്റി കാണിച്ചുതുടങ്ങുന്ന പ്രായം എന്നാണ്. നാലുവയസു മുതൽ ആറു വയസുവരെ വലുതായി എന്ന് കാണിക്കാനുള്ള ഒരു ശ്രമം ആണ് കുട്ടികൾക്ക്, എന്നാലോ ലോകം അതങ്ങട് സമ്മതിച്ചു കൊടുക്കുകയും ഇല്ല ! പണ്ടൊരിക്കൽ എഴുതിയ "കരയുന്ന കുഞ്ഞുങ്ങൾ " എന്ന ലേഖനം വായിച്ച, ഒരു മൂന്നുവയസുകാരിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഇന്നത്തെ എഴുത്ത്. കടകളിലൊക്കെ പോയാൽ കുഞ്ഞിപ്പെണ്ണിന് ചെറിയ വാശിയുണ്ടത്രേ, അത്തരം പിടിവാശികൾ - tantrums  - എങ്ങനെ ഒഴിവാക്കാം എന്നുള്ളതിന്റെ പഠനം ആയിക്കോട്ടെ ഇന്നത്തേത്. 

ഓരോ കുഞ്ഞും യൂണിക് ആണെന്നതുപോലെ ഓരോ രക്ഷിതാവും കുട്ടികളെ വളർത്തുന്ന രീതിയും യൂണിക് ആണ്. അപ്പുറത്തെ കുട്ടിക്ക് ദോശയും സാമ്പാറും കൊടുത്താൽ വേറൊന്നും വേണ്ട എന്നുകരുതി പുട്ട് ഇഷ്ടമുള്ള കുട്ടിക്ക് ദോശ എന്നും കൊടുക്കുന്നത് പോലെയാണ് മറ്റൊരു രക്ഷിതാവ് വളർത്തുന്ന കുട്ടിയുടെ രീതി നമ്മളുടെ കുട്ടിയുടെ മേൽ കെട്ടിവെക്കാൻ നോക്കുന്നത്. എന്നാലോ എല്ലാ കുട്ടികൾക്കും പിന്തുടരാവുന്ന ചില പാതകൾ ഉണ്ടുതാനും. പാരന്റിങ് എപ്പോഴും കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ തന്നെയാണ്. ഈ ത്രിശങ്കു സ്വർഗത്തിൽ ഓരോ രക്ഷിതാവും നോക്കണം - നമ്മുടെ കുട്ടിയ്ക്ക് പുട്ടാണോ ദോശയാണോ അതോ ബ്രെഡാണോ വേണ്ടത് എന്ന്. മൂന്നും നല്ലതാണ് - മൂന്നും ആവശ്യവും അധികമായാൽ ബുദ്ധിമുട്ടുമാണ്.  അത് തിരിച്ചറിയുന്നിടത്താണ് ഒരു നല്ല രക്ഷിതാവിന്റെ ജയം. 

Toddler Tantrums  - കുട്ടികളിലെ പിടിവാശികൾ - അകറ്റാനുള്ള ചില പൊടിക്കൈകൾ 
=========================================================================

ടാൻഡ്രം മാറ്റാൻ തന്ത്രം തന്നെ പരീക്ഷിക്കണം.

1 ) ചെറിയ കുഞ്ഞുങ്ങളോട് കാര്യകാരണം അമിതമായി വിശദീകരിക്കരുത്
------------------------------------------------------------------------------------------------------------------------


പിഞ്ചുകുഞ്ഞുങ്ങളുടെ സ്വഭാവം യുക്തിരഹിതമാണ്. ഒരു രക്ഷകർത്താവ് എന്ന നിലയിൽ നമ്മൾ ആദ്യം അംഗീകരിക്കേണ്ടത്  ഈ വസ്തുതയാണ്. 

പലപ്പോഴും ചെറിയ കുഞ്ഞുങ്ങളോട് പോലും യുക്തിയുക്തം കാരണങ്ങൾ വിശദീകരിച്ചാൽ അവർ അത് മനസിലാക്കി അവസരത്തിന് ഒത്തു പെരുമാറും എന്നാണ് പല രക്ഷിതാക്കളുടെയും വിചാരം. . തൽഫലമായി, പല മാതാപിതാക്കളും അവരുടെ പിഞ്ചുകുഞ്ഞിന്റെ വികസന നിലവാരത്തിന് മുകളിലാണ് സംസാരിക്കുന്നത്. ഫലം കുട്ടി കൂടുതൽ അലറുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. കാരണം കുട്ടിയെ സംബന്ധിച്ച് ഈ രക്ഷിതാക്കൾ ചെയുന്ന പ്രസംഗം അവരെ ശല്യപ്പെടുത്താൻ വേണ്ടി മാത്രം ഉള്ളതാണ്.  അപ്പോൾ അവർ കൂടുതൽ കൂടുതൽ ഉച്ചത്തിൽ അവരുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കും , ഫലം മാതാപിതാക്കൾക്ക് കൂടുതൽ സമ്മർദ്ദവും നിരാശയും!

നിങ്ങളുടെ കുട്ടിയുടെ പ്രായത്തിന് ചേർന്ന  വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക എന്നതാണ് പെരുമാറ്റച്ചട്ടം - രണ്ടു വയസുകാരന് രണ്ടു വാക്കുകളേ ആവശ്യമുള്ളൂ. ഉദാഹരണത്തിന്, നിങ്ങളുടെ രണ്ട് വയസുകാരൻ കടിച്ചാൽ, “കടിക്കാൻ പാടില്ല" എന്ന് മാത്രം പറഞ്ഞ് ആളെ അവിടെനിന്നും നീക്കുക. നിങ്ങളുടെ 5 വയസുകാരന് സ്റ്റോറിന്റെ മധ്യത്തിൽ വെച്ച് കളിപ്പാട്ടത്തിനു വേണ്ടി ഒരു തന്ത്രം തുടങ്ങുകയാണെങ്കിൽ, നിങ്ങൾ പറയുന്നു, “  കളിപ്പാട്ടങ്ങളെക്കുറിച്ച് കരഞ്ഞിട്ട് ഒരു കാര്യവുമില്ല.” എന്നിട്ട് നിങ്ങൾ സ്റ്റോർ വിടുക.

അതേ സമയം അവിടെ നിങ്ങൾ നടത്തുന്ന   ഒരു നീണ്ട പ്രസംഗം ഒന്നും പരിഹരിക്കുന്നില്ല എന്നതാണ് കാര്യം. നിങ്ങളുടെ കൊച്ചുകുട്ടി ആ പറയുന്ന കാര്യങ്ങളെയൊക്കെ തലയ്ക്ക് മുകളിലൂടെ പറത്തിവിടുന്ന അവസ്‌ഥയിലാകും നിൽക്കുക.  പകരം, ധിക്കാരിയായ ഒരു പിഞ്ചുകുഞ്ഞിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം സാധ്യമായ ഏറ്റവും ചെറിയ വാക്കുകൾ ഉൾക്കൊള്ളുന്ന വേഗത്തിലുള്ളതും പെട്ടെന്നുള്ളതുമായ നടപടിയാണ്.

മുതിർന്നവരായ നമ്മൾ മറ്റ് മുതിർന്നവരുമായി യുക്തിസഹവും പക്വതയുമുള്ള രീതിയിൽ ആശയവിനിമയം നടത്തുന്നതിനാൽ,  നമ്മളുടെ കുട്ടികളുമായും ഇത് ചെയ്യാൻ കഴിയുമെന്ന് നമ്മൽ അനുമാനിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ കുഞ്ഞിന് അവരുടെ വികസനത്തിൽ ഈ ഘട്ടത്തിൽ പക്വത കുറവാണെന്ന കാര്യം ഓർമിക്കുക. അതിനാൽ വാചകങ്ങൾ  ഹ്രസ്വമാക്കുക. ശാന്തത പാലിക്കുക.


2 ) തിരികെ ഉച്ചത്തിൽ സംസാരിക്കരുത് അഥവാ അലറരുത്
-----------------------------------------------------------------------------------------------------

രണ്ടിനും  ആറിനും ഇടയിൽ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾക്ക് പലപ്പോഴും നിയന്ത്രണം വിടുകയും ദേഷ്യത്തിൽ അലറുകയും ചെയ്യുന്നത് കാണാറുണ്ട്. . പക്വതയുടെ അഭാവം, വാചികമായി സ്വയം പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്മ, മറ്റുള്ളവരുടെ മുന്നിൽ സാഹചര്യം പ്രോസസ്സ് ചെയ്യാൻ കഴിയാത്തതിൽ നിരാശ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. 

ഈ സമയത്താണ് കുട്ടികൾ പരിഭവിക്കാനും സാധനങ്ങൾ  സ്വന്തം എന്നത് കൂടുതൽ പ്രദർശിപ്പിക്കാനും തുടങ്ങുക. സഹോദരങ്ങളോട് പോലും ഷെയർ ചെയ്യാൻ മടിച്ചേക്കും.  ഉദാഹരണത്തിന് മൂന്ന് വയസുള്ള ഒരു  കുട്ടിക്ക് അവളുടെ 6 വയസുള്ള ചേട്ടന് കിട്ടുന്ന അതേ കളിപ്പാട്ടങ്ങൾ വേണമെന്നു വാശി തോന്നാം. കിട്ടാതെ വരുമ്പോൾ  അതേ കളിപ്പാട്ടം തന്നെ താഴെയെറിഞ്ഞു പൊട്ടിക്കുവാനോ മൂത്തയാളെ ഉപദ്രവിക്കാനോ തുടങ്ങുന്ന കുഞ്ഞുങ്ങളെ നമ്മൾ ദേഷ്യപ്പെട്ടത് കൊണ്ടോ അടിച്ചത് കൊണ്ടോ കാര്യമില്ല. ചെയ്യേണ്ടത് ശാന്തമായി കുഞ്ഞിനെ നമ്മളോട് ചേർത്തുപിടിക്കുക എന്നതാണ്. ദേഷ്യത്തിന്റെ സാഹചര്യത്തിൽ നിന്ന് കുട്ടിയെ മാറ്റിനിർത്തുന്ന ഒരു കൂളിംഗ് ഓഫ് പീരിയഡ് ചെയ്യുന്നത് വളരെ നല്ലതാണ്. നമ്മളുടെ മാതൃക കൊണ്ട് മാത്രമേ മറ്റൊരിക്കൽ ചെയ്യാനൊരുങ്ങുന്ന പൊട്ടിത്തെറികളിൽ നിന്നും കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കാൻ കഴിയൂ. 


കാര്യങ്ങൾ ശരിയായി നടക്കാതെ വരുമ്പോൾ എങ്ങനെ ശാന്തനായിരിക്കാമെന്ന്  അച്ഛനമ്മമാർ കാണിച്ചുകൊടുക്കുന്നതിലൂടെ മാത്രമേ കുഞ്ഞുങ്ങളും പഠിക്കുകയുള്ളൂ. അച്ഛൻ നടക്കുന്നത് പോലെ നടക്കുകയും 'അമ്മ സാരി ചുറ്റും പോലെ ഷാൾ കൊണ്ട് സാരിയുടുക്കുകയും ചെയുന്ന കുഞ്ഞുങ്ങൾ നമ്മൾ സംഘർഷത്തിൽ ആകുമ്പോൾ എങ്ങനെ പെരുമാറുന്നു എന്നതും നോക്കുകയും സ്പോഞ്ച് പോലെ ഒപ്പിയെടുക്കുകയും ചെയ്യുന്നു.  അതുകൊണ്ട് തന്നെ പ്രതികരിക്കാനുള്ള ശരിയായ മാർഗം നിങ്ങളുടെ കുട്ടിയെ കാണിക്കുക എന്നതാണ് നിങ്ങളുടെ ജോലി. ശാന്തവും സ്ഥിരതയുമുള്ളവരായിരിക്കുക എന്നതാണ് അവരെ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.

നിങ്ങളുടെ സ്വന്തം കോപം നിയന്ത്രിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ചങ്ങാതിമാരുടെ രൂപത്തിൽ, ഒരേ പ്രായത്തിലുള്ള കുട്ടികളുള്ള മറ്റ് മാതാപിതാക്കളുടെ രൂപത്തിൽ, സ്വന്തം സഹോദരങ്ങളുടെയോ അച്ഛനമ്മമാരുടെയോ  ഒക്കെ  പിന്തുണ തേടുക.  

ഇനിയുള്ള രണ്ടു പോയിന്റുകൾ പരസ്പര വിരുദ്ധവും പരസ്പര പൂരകങ്ങളും ആണ്. അവിടെയാണ് ഞാൻ ആദ്യം പറഞ്ഞ ആ തിരിച്ചറിവ് വേണ്ടത്. ഇത് നിങ്ങളുടെ കുഞ്ഞിന് ഇഷ്ടമായേക്കാവുന്ന ദോശ ആണോ എന്നത് നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. 

3 ) തീർത്തും നിർബന്ധബുദ്ധിയോടെ ധാർഷ്ട്യം കാട്ടരുത് 
=======================================================
2 വയസ്സു മുതൽ 4 വരെ ഉള്ള സമയം  ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ധാർഷ്ട്യവും വഴക്കമുള്ളതുമായ സമയത്തെ പ്രതിനിധീകരിക്കുന്നു. മിക്കപ്പോഴും, മാതാപിതാക്കൾ ഇത് അവരുടെ കുട്ടിയുടെ വികസനത്തിന്റെ ഒരു സാധാരണ ഭാഗമായി അംഗീകരിക്കുന്നില്ല. പകരം, അവരുടെ കുട്ടി യുക്തിരഹിതവും നിയന്ത്രണാതീതവുമാണെന്ന് തോന്നുന്നതിനാൽ അവർ നിരാശരും പരിഭ്രാന്തരാകുന്നു.

 ചില മാതാപിതാക്കൾ കുട്ടിയെ വല്ലാതെ നിയന്ത്രിക്കുന്ന  പ്രവണത കാണിക്കുന്നു. ശക്തമായ അച്ചടക്കമുള്ള ഒരാളായിരിക്കുന്നതിലൂടെ അവരുടെ കുട്ടിയുടെ വാശി സ്വയം കുറയുമെന്ന്  അവർ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, നിങ്ങൾ ഇത് ചെയ്യുമ്പോൾ, നിങ്ങൾ ഇച്ഛാശക്തിയുടെ ഒരു യുദ്ധം സൃഷ്ടിക്കുന്നു.  നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിൽ ആരും വിജയിക്കാത്ത ഒരു വടംവലി തുടങ്ങുന്നു.  കൂടുതൽ വഴങ്ങുന്നത് തന്നെയാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലം നൽകുക. ശക്തമായ ഇച്ഛാശക്തിയുള്ള കുട്ടിക്ക് കൂടുതൽ ചോയ്‌സുകൾ നൽകുക.  ഇത് കുട്ടിയെ കൂടുതൽ വാശിക്കാരനാക്കില്ലേ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.   ഒരുദാഹരണം പറയുകയാണെങ്കിൽ സ്ഥിരമായി സ്‌കൂളിൽ പോകുന്നതിനു മുൻപുള്ള രാവിലെകൾ ഇവിടെ എന്ത് ഉടുപ്പിടണം എന്ന വഴക്ക് നടക്കാറുണ്ടായിരുന്നു. എപ്പോഴും ഒന്നോ രണ്ടോ സ്ഥിരം ഉടുപ്പുകളും പാന്റും മാത്രം ഉപയോഗിക്കുകയും ബാക്കിയൊക്കെ തരം തിരിച്ചു മാറ്റുകയും ചെയുന്ന കുട്ടിയാണോ നിങ്ങളുടേത്?  എന്നാൽ നാളെ മുതൽ രണ്ടു ഷർട്ട് എടുത്തിട്ട് അതിലൊരു ഓപ്‌ഷൻ കൊടുത്തു നോക്കൂ. നീല ഉടുപ്പ് വേണോ ചുവപ്പ് ഉടുപ്പ് വേണോ ..കുഞ്ഞു കൃത്യമായി ഒന്ന് തിരഞ്ഞെടുക്കും. കാരണം അവിടെ കുട്ടിയുടെ mindൽ തോന്നുന്ന ബോധം എന്നത് ആ തീരുമാനം എടുക്കാൻ അവന്റെ വാക്കിനും പ്രാധാന്യം കല്പിച്ചു എന്നതാണ്. 


കൂട്ടുകാരിയുടെ മകൾക്ക് എന്നും രാവിലെ ഉടുപ്പുക്കൾ തിരയൽ ഒരു സ്ഥിരം പണിയായപ്പോൾ ഞായറാഴ്ചകളിൽ വൈകുന്നേരങ്ങൾ അഞ്ചു ജോഡി ഉടുപ്പും , പാന്റും, അല്ലെങ്കിൽ ഫ്രോക്കും കുട്ടിയെകൊണ്ട് സെലക്ട് ചെയ്യിക്കാൻ തുടങ്ങി. ഇതാണ് ആ കുട്ടിയുടെ ഒരാഴ്ചത്തെ വാർഡ്രോബ്. തേച്ചുമടക്കി കുട്ടിയ്ക്ക് കയ്യെത്തുന്ന രീതിയിൽ ഒരിടത്ത് വെയ്ക്കുക, തിരഞ്ഞെടുപ്പ് ഈ അഞ്ചിലൊന്ന് മാത്രം എന്നാകുമ്പോൾ ഡ്രെസ്സിനോട് അനുബന്ധിച്ചുള്ള പരാതികൾ നിർത്തുകയും സമയത്തിനു പുറപ്പെടാൻ തുടങ്ങുകയും ചെയ്തു എന്ന് ആ കൂട്ടുകാരി സാക്ഷ്യം പറയുന്നു. എനിക്ക് അനുഭവം മറ്റൊന്നാണ് - ഏത് ഉടുപ്പു വാങ്ങിവന്നാലും ചിലവ മാത്രം സ്ഥിരമായി ഇടുകയും  ചിലവയെ നിഷ്കരുണം തള്ളിക്കളയുന്ന രീതിയിലേക്ക് മൂത്ത പുത്രൻ മാറാൻ തുടങ്ങിയപ്പോൾ  ഉടുപ്പുകൾ തിരഞ്ഞെടുക്കുന്ന ചോയ്‌സ് അവനു തന്നെ കൊടുത്തു. സ്വയം വാങ്ങുന്ന ഉടുപ്പുകൾ ഇടാണ്ടിരിക്കാൻ പറ്റില്ലല്ലോ.

ചുരുക്കത്തിൽ, അത്ര പ്രധാനമല്ലാത്ത വിഷയങ്ങളിൽ നിങ്ങളുടെ കുട്ടിക്ക് നിയന്ത്രണബോധം നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് വളരെ ഘടനാപരവും നിയമാധിഷ്ഠിതവുമായ ഒരു ലോകത്ത് നിങ്ങളുടെ കുട്ടിക്ക് സ്വയംഭരണാവകാശം നൽകുന്നു. ദിവസേനയുള്ള ലളിതമായ ചോയ്‌സുകൾ നിങ്ങളുടെ കുട്ടി വലിയ കാര്യങ്ങളിൽ നിങ്ങളോട് പൊരുതാൻ ആഗ്രഹിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.


4)വളരെയധികം വഴങ്ങരുത്
-------------------------------------------------------
ഇതുകണ്ട്  ആശയക്കുഴപ്പത്തിലാണോ? ആകരുത്. വളരെയധികം ചോയ്‌സുകൾ‌ നമ്മൾ കൊടുത്താൽ അത്  പരാജയപ്പെടുമെന്ന് ഓർക്കുക. നിങ്ങളുടെ വഴക്കമുള്ള കുട്ടിക്ക് എന്തുചെയ്യണമെന്ന് അറിയാത്തവിധം വഴക്കമുള്ളവരാകരുത്. ഒരു ഉദാഹരണത്തിന് സ്‌ക്രീനിൽ എന്ത് കാണണം എന്നുള്ളത് നിങ്ങൾ കൊടുക്കുന്ന മൂന്ന് ചോയ്‌സിൽ നിന്ന് കുട്ടിക്ക് തിരഞ്ഞെടുക്കാം. അതേ സമയം എപ്പോഴാണ് ടീവി കാണേണ്ടത് എന്നത് കുട്ടിയല്ല തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ള ഉടുപ്പ് വാങ്ങിക്കാൻ ചോയ്‌സ് കൊടുക്കാം പക്ഷേ ആ ഉടുപ്പ് ഏത് റേഞ്ചിൽ വരണം എന്നത് രക്ഷിതാവ് തന്നെ തീരുമാനിക്കണം. 

എപ്പോഴും ഓർക്കുക "You are the head of the house, not the child"

പിഞ്ചുകുഞ്ഞുങ്ങൾക്ക് ചുമതലയുള്ള ആരെയെങ്കിലും വേണം, അത് നിങ്ങളാണ്. നിങ്ങളുടെ കുട്ടിക്ക് ചോയ്‌സുകൾ നൽകുന്നതിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാനാകുമെങ്കിലും, സ്നേഹപൂർവമായ അതിരുകൾ ക്രമീകരിക്കുന്നതിലൂടെയും നിങ്ങൾക്ക് പ്രയോജനം ലഭിക്കും.  അതുവഴി നിങ്ങളുടെ കുട്ടിക്ക് അവൾ തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പുകളിൽ സുരക്ഷിതത്വവും സംതൃപ്തിയും അനുഭവപ്പെടും. 



നൂറു ശതമാനവും ഈ പറഞ്ഞ കാര്യങ്ങൾ പ്രവർത്തികമാക്കാനോ ഒരു കുട്ടിയിൽ ഫലവത്തായത് മറ്റൊരു കുട്ടിയിൽ ഫലം കാണണം എന്നോ ഇല്ല. പക്ഷേ പരീക്ഷിക്കുക, നിങ്ങളുടെ കുട്ടിയും നിങ്ങളും തമ്മിലുള്ള ബാലൻസിന്റെ ആ കാണാച്ചരട് എവിടെയാണെന്ന് നിരന്തരമായ ശ്രമത്തിലൂടെ കണ്ടെത്തുക. 


കളിപ്പാട്ടത്തിനായി കടയിൽ കരയുന്ന കുട്ടിയോട് കളിപ്പാട്ടം വാങ്ങിച്ചുതരില്ല എന്നത് പറയുന്നതിനൊപ്പം അതിനുള്ള കാശില്ല എന്നത് കൂടി പറയണം. അത് കുട്ടി തന്ത്രം കാണിക്കുന്ന സമയത്ത് ആകരുത് എന്ന് മാത്രം! 

========================================================================തന്ത്രങ്ങളുടെ കുട്ടിക്കാലം  - OUR KIDs Magazine 2020 May

Saturday, August 8, 2020

രുചിയോർമ്മകൾ 03 - കട്ടൻകാപ്പിയുടെ കൊതിപ്പിക്കുന്ന മണം!

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - കട്ടൻകാപ്പിയുടെ കൊതിപ്പിക്കുന്ന മണം!

--------------------------------------------------------------------------------------------------------------------------------
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഓണത്തിന്റെ പത്തു ദിവസം, ക്രിസ്തുമസിന് പത്തു ദിവസം, പിന്നെ വല്യ വേനലവധിക്ക് ഒരു മാസം അച്ഛന്റെ നാട്ടിൽ ആണ് ഞാനും ചേട്ടന്മാരും. ചങ്ങനാശ്ശേരിയിൽ ചാഞ്ഞോടി - തെങ്ങണ ഭാഗത്താണ് അച്ഛന്റെ കുടുംബവീട്. അമരപുരം എന്ന ഭംഗിയുള്ള പേരുള്ള, അമരക്കുന്നിന്റെ മുകളിൽ വലിയ വാട്ടർ ടാങ്കുള്ള, ആശാരിമുക്ക് എന്ന കുഞ്ഞു ജങ്ക്ഷൻ ഉള്ള സ്ഥലം. അവധി വരാൻ കാത്തിരിക്കും അവിടേക്ക് പോകാൻ. തിരക്ക് പിടിച്ച വണ്ടികളിൽ പോകാൻ ഇഷ്ടമില്ലാത്ത അച്ഛൻ, ഇഴഞ്ഞുപോകുന്ന ഷട്ടിലിലേ കൊണ്ടുപോകൂ ചങ്ങനാശ്ശേരിയിലേക്ക്. കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന് ചങ്ങനാശ്ശേരി സ്റ്റേഷൻ വരെ എത്തിപ്പെടാൻ അതുവഴി പോകുന്ന ബാക്കി എല്ലാ വണ്ടികൾക്കും വേണ്ടി പിടിച്ചിട്ടു പിടിച്ചിട്ടു ഞങ്ങളുടെ ഷട്ടിലങ്ങെത്തുമ്പോൾ മണിക്കൂർ അഞ്ചാറ് കഴിയും. ചങ്ങനാശ്ശേരിയിൽ നിന്ന് പ്രൈവറ്റ് ബസ്സേൽ കയറി ചാഞ്ഞോടിയിറങ്ങും - ആദ്യമൊക്കെ ചാഞ്ഞോടി വരെയേ ഉള്ളൂ വണ്ടി. പകൽ ആണെങ്കിൽ ആഞ്ഞുവെച്ചു നടക്കും, പോകുന്ന വഴിയിൽ കാണുന്ന എല്ലാ നാട്ടുകാരോടും തിരുവനന്തപുരത്തു നിന്ന് വെക്കേഷന് വരുന്ന മോഹൻച്ചാനും (അച്ഛൻ) കുടുംബവും വർത്തമാനം പറഞ്ഞു പറഞ്ഞു ഒരു അര മുക്കാൽ മണിക്കൂർ എടുത്താണ് വീട്ടിൽ എത്തുക. കുറേനാൾ കഴിഞ്ഞപ്പോൾ ആശാരിമുക്ക് വഴി ഒരു വണ്ടി സിറ്റിയിലേക്ക് ഓടിത്തുടങ്ങി , ഒരേയൊരെണ്ണം കൃത്യം സമയമൊപ്പിച്ചു സ്ഥിരം യാത്രക്കാരെ കാത്തുനിന്നു കേറ്റി ആ വണ്ടി ടൗണിലേക്കും ആശാരിമുക്കിലേക്കും രണ്ടുമണിക്കൂർ ഇടവിട്ട് ഓടിക്കൊണ്ടിരുന്നു. അത് വന്നതിൽ പിന്നെ ചങ്ങനാശ്ശേരി സ്റ്റാൻഡിൽ എത്തിയാൽ അവരോട് ചോദിക്കും ആശാരിമുക്കിനുള്ള ലാസ്റ്റ് പോയോന്ന്. പോയെന്നു പറഞ്ഞാലേ ചാഞ്ഞോടി വണ്ടിയെടുക്കൂ. കാരണം മുതുപാതിരക്ക് ചാഞ്ഞോടി എത്തിയാൽ വീട് വരെ നടക്കാൻ നല്ല പണിയാണ്. അതോണ്ട് ചാഞ്ഞോടിക്കൽ നിന്നും ഓട്ടോ പിടിക്കും. കുഞ്ഞിലേ അമ്മയെന്നെ ഓട്ടോയുടെ അറ്റത്ത് ഇരുത്തുകേലായിരുന്നു - ഊർന്നു പോയാലോന്നു പേടിച്ചിട്ടേ. പിന്നെ പതുക്കെ പതുക്കെ ഞാനാ സൈഡ് കമ്പിയേൽ പിടിച്ചു കാഴ്ച കണ്ടു ഇരിക്കാൻ തുടങ്ങി. കുറച്ചും കൂടെ ആയപ്പോൾ അഞ്ചുപേരെ കൊള്ളാൻ ആട്ടോ തികയാത്ത അവസ്ഥയായി!
അങ്ങനെ പാതിരാത്രികളിൽ ചെന്ന് കയറുമ്പോഴും അച്ഛന്റെ അമ്മ - ഞങ്ങൾ അമ്മൂമ്മ എന്ന് വിളിച്ചിരുന്ന കുളങ്ങര സുലോചന എന്ന മിടുമിടുക്കി അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടോ, ഇല്ലാ വെട്ടത്തിൽ വായിച്ചുകൊണ്ടോ ഉണർന്നിരിപ്പുണ്ടാകും. ചെന്നാലുടനെ ഉള്ള ചോറെല്ലാവർക്കും കൂടി വീതിക്കലാണ്... അതിൽ ഒന്നുരണ്ടു അമ്മൂമ്മക്കറികൾ - അപ്പച്ചിക്കറികൾ ഉണ്ട് , അതിലേക്ക് പിന്നീടു വരാം. ഇന്നത്തെ ഓർമ്മ ആ കറികൾ അല്ല ... എന്നിട്ടാ ചോറും കറിയും കഴിച്ചു- കഴിച്ചില്ല വരുത്തി ഓട്ടമാണ് ഉറങ്ങാൻ. അപ്പച്ചിയുണ്ടാക്കിയ നല്ല പഞ്ഞിത്തലയിണകൾ ഉണ്ടാകും അതൊക്കെ ഒപ്പിച്ചു ഏതേലും മുറിയിൽ കയറി ഉറങ്ങാൻ തുടങ്ങും. സ്‌കൂളുള്ള ദിവസങ്ങളിൽ ഏഴുമണിക്ക് എണീൽക്കാൻ ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടി വരുന്ന എനിക്ക്, ചങ്ങനാശ്ശേരിയിലെ ദിവസങ്ങളിൽ ആരും വിളിക്കാതെ, അലാറം വെയ്ക്കാതെ അഞ്ചര - ആറു മണിക്ക് എണീൽക്കുന്ന ഒരു പ്രത്യേക അസുഖം ഉണ്ടായിരുന്നു - നാവായിക്കുളത്തെ വീട്ടിൽ കിടപ്പുമുറിയിൽ ജനലുകൾ ഇല്ലാതിരുന്നത് കൊണ്ട് അമരയിൽ മിക്കപ്പോഴും ജനലിനടുത്ത് കിടന്നുറങ്ങാൻ ഇഷ്ടപ്പെട്ടിരുന്നു ഞാൻ. സൂര്യനുദിച്ചു വെട്ടം കണ്ണിലേക്ക് വീഴുമ്പോൾ തന്നെ എണീൽക്കാമല്ലോ അപ്പോൾ. ഒരുനിമിഷം പോലും പാഴാക്കി കളയാനില്ലാത്ത അവധിദിവസമല്ലേ .... കൂടുതൽ ഉറങ്ങാൻ പാടില്ല! സൂര്യൻ കണ്ണിലേക്കെത്തുമ്പോൾ തന്നെ മറ്റൊന്ന് കൂടി എത്തും വിളിച്ചുണർത്താൻ - വീട്ടിൽ വറുത്തു പൊടിച്ച നല്ല നാടൻ കാപ്പിപ്പൊടിയിട്ട് ഉണ്ടാക്കുന്ന കട്ടൻകാപ്പിയുടെ മണം. അമ്മൂമ്മയാണ് - നേരം വെളുക്കുമ്പോൾ തന്നെ പഴയ അടുപ്പിൽ ഒരു കലം നിറയെ കാപ്പി തിളച്ചുമറിയും. അതിന്റെ മണമിങ്ങനെ വീട് മുഴുവൻ ഒഴുകി നടക്കും. അതിലാണ് നമ്മുടെ ദിവസം തുടങ്ങുക.
അമ്മയൊഴികെ ബാക്കി എല്ലാവരും ഈ കട്ടൻകാപ്പി നല്ലോണം മധുരം ചേർത്തത് ഊതിയൂതി കുടിക്കും. 'അമ്മ പരിഷ്കാരിയായിട്ട് ഒരു ഒൻപത് ഒൻപതര മണിക്ക് പാൽ വരും, അത് ചേർത്ത പാൽച്ചായയേ കുടിക്കൂ, അമ്മൂമ്മയുടെ കാപ്പിക്കലം ഒരിക്കലും ഒഴിയാറുണ്ടായിരുന്നില്ല, എപ്പോൾ നോക്കിയാലും അതിങ്ങനെ അടുപ്പിൽ ഉണ്ടാകും ചെറുചൂടോടെ.. വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞാലും വീണ്ടും കാപ്പി നിറഞ്ഞുകൊണ്ടും ഒഴിഞ്ഞുകൊണ്ടും ഇരിക്കും. ഓണക്കാലമൊക്കെ ആകുമ്പോൾ എപ്പോഴും ആളുകൾ വന്നുകൊണ്ടേ ഇരിക്കും അടുക്കളയിൽ നിന്ന് കൊതിപ്പിക്കുന്ന മണവുമായി ചൂടൻ കട്ടങ്കാപ്പി ഇങ്ങനെ ഉമ്മറത്തേക്ക് വന്നോണ്ടുമിരിക്കും.
ഇപ്പോഴും എനിക്ക് കട്ടൻകാപ്പി മണമെന്നാൽ ആ അവധി പുലർകാലങ്ങളാണ്, ആരും വിളിക്കാതെ തന്നെയുണർന്നു കണ്ണ് തുറന്നു ചുമ്മാ കിടന്നു ആ മണമിങ്ങനെ ഉള്ളിലേക്ക് എടുക്കാൻ ശ്രമിക്കുന്ന കുട്ടിയാർഷ ആണ്, അടുക്കളയിൽ ഒരു കുഴല് കൊണ്ട് തീയൂതുന്ന അമ്മൂമ്മയാണ്, പിന്നെയാ കാപ്പിക്കലമാണ്. നിങ്ങൾക്ക് ഓർമയില്ലേ 'മഹേഷിന്റെ പ്രതികാരത്തിൽ' 'ഇവളാണിവളാണ് മിടുമിടുക്കി' എന്ന പാട്ടിലെ ആ കാപ്പിക്കലം? ഫഹദ് ഇങ്ങനെ പുള്ളിയുടെ ഒരു കൈ കൈലിയിലൊന്നു തൂത്തുകൊണ്ട് ആ ചൂടൻ കലം അടുപ്പത്തൂന്നു ചരിച്ചു രണ്ടു ഗ്ലാസ്സിലേക്ക് പകർത്തിയിട്ട് ചാച്ചന് കൊണ്ട് കൊടുക്കുന്നത്? ആ സിനിമ എന്റെ ഹൃദയത്തിലേക്ക് കേറി കസേര വലിച്ചിട്ടിരുന്നത് ആ സീനിലാണ്. അമ്മൂമ്മയുണ്ടായിരുന്നെങ്കിൽ ആ സിനിമ കാണിക്കാമായിരുന്നു എന്ന് വെറുതേ ഒരു തോന്നൽ തോന്നിപ്പോയി. സിനിമ തീരുവോളം ഞാനാ കാപ്പിമണത്തിൽ അലിഞ്ഞിരുന്നു..കഴിഞ്ഞപ്പോൾ കെട്ട്യോൻ അതിനു മുൻപ് കണ്ട മറ്റൊരു പടമാണ് കൂടുതൽ ഇഷ്ടമായത് എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് - അത് നിങ്ങൾക്കാ കാപ്പിക്കലം അറിയാത്തത് കൊണ്ടാണ് എന്നാണ്.
ഇപ്പോഴും ഇൻസ്റ്റന്റ് കാപ്പിയുടെ കാലത്തിലും ഞാനിടയ്ക്കിടെ വീട്ടിൽ കാപ്പിപ്പൊടി തിളപ്പിച്ച് കാപ്പി ഉണ്ടാക്കും, വീട് മുഴുവൻ ആ മണം പരത്തും - അന്നേരം ഞാൻ മനസുകൊണ്ട് അമരയിലെത്തും, പഴയ ഫ്രോക്കുകാരിയാകും, റബറും കാപ്പിയും ചുറ്റുവട്ടത്തുള്ള ആ വീടിന്റെ വാതിൽപ്പടിയിൽ തണുപ്പിന്റെ താടിയെല്ല് കൂട്ടിയിടിച്ചുകൊണ്ട് ഇരിക്കുകയാണെന്നു കരുതി കണ്ണുകളടച്ചു ചൂടുകാപ്പി ഊതിയൂതി കുടിക്കും!!

Monday, July 20, 2020

രുചിയോർമ്മകൾ 02 - കറുത്ത് കുറുകിയ നാരങ്ങാ അച്ചാർ

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - കറുത്ത് കുറുകിയ നാരങ്ങാ അച്ചാർ 


അച്ചാറുകളോട് ഇഷ്ടക്കുറവ് ഉണ്ടായിരുന്നില്ല എങ്കിലും  ഒരേയൊരു അച്ചാറിനോട് മാത്രം ഒരു കുഞ്ഞിഷ്ടക്കുറവ് ഉണ്ടായിരുന്നു - അതായിരുന്നു നാരങ്ങാ അച്ചാർ! വീട്ടിലെ നിയുക്ത 'കല്യാണം കൂടൽ ആളാ'യിരുന്നു ഞാൻ.  ചേട്ടന്മാർ രണ്ടാൾക്കും അമ്മാതിരി കാര്യങ്ങളൊക്കെ നാണക്കേടും ഞാൻ  സദ്യ എന്ന് കേട്ടാൽ പിന്നെ രണ്ടു ദിവസത്തേക്ക്  വേണമെങ്കിൽ ആ വീടിന്റെ പരിസരത്തു ചുറ്റിത്തിരിയുന്ന സ്വഭാവമുള്ള ആളുമായിരുന്നു. അതുകൊണ്ട് തന്നെ  വീട്ടിൽ അമ്മയ്ക്ക് തിരക്കുള്ള ദിവസങ്ങളിൽ ഒറ്റയ്ക്കും അമ്മയുള്ളപ്പോൾ അമ്മയ്ക്ക് ഒപ്പവും നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശനി ഞായർ ദിവസങ്ങളിലെ കല്യാണങ്ങൾക്ക്, ഊട്ടുപുരയിലെയും  അമ്പേലിയിലേയും  (ഓഡിറ്റോറിയം)  കുട്ടൻപിള്ളയപ്പൂപ്പന്റെ ഓഡിറ്റോറിയത്തിലേയും സദ്യകൾക്ക്  ഒക്കെ മുടങ്ങാതെ  ഞാൻ ഹാജർ വെച്ചു...


                     ഓരോസദ്യയിടത്തെയും  വിഭവങ്ങളുടെ സ്വാദറിഞ്ഞു കഴിച്ചിരുന്ന എനിക്ക് സദ്യയുണ്ണാൻ ഉള്ള രീതി, ഓരോന്നും കൂട്ടിയെങ്ങനെ കഴിക്കണം,പായസത്തിന്റെ മധുരത്തിന്റെ അളവ്,   ആള് കൂടുംതോറും നീളുന്ന മോരുകറി ഒക്കെ ചിരപരിചിതം!   തെക്കൻ സദ്യയിലെ പരിപ്പും പപ്പടവും ആയിരുന്നു ഫേവറൈറ് എങ്കിലും ബോളിയും പാൽപ്പായസോം അന്നുമിന്നും ഒരു വീക്‌നെസ് ആണ്.  അവരെക്കുറിച്ചുള്ള കഥ പിന്നെ പറയാം - ഇപ്പോൾ നമുക്ക് അച്ചാറിലേക്ക് തിരികെപ്പോകാം.  ഒട്ടും തൊട്ടുകൂട്ടാതെ ഈ പറഞ്ഞ എല്ലാ സദ്യയിലകളിലും ഞാൻ മാറ്റി വെച്ചിരുന്ന ഒരു സാധനമേ ഉള്ളൂ - നാരങ്ങായച്ചാർ ! അതിനിയിപ്പോ കുഞ്ഞൻ നാരങ്ങാ ആയാലും, വലിയ നാരങ്ങാ ആയാലും  അമ്മ വീട്ടിൽ ഉണ്ടാക്കിയാലും എനിക്കെപ്പോഴും ഒരു കയ്പ്പായിരുന്നു ഈ അച്ചാറുകൾക്ക് ഒക്കെ തോന്നിയിരുന്നത്.


                         പത്താംക്‌ളാസ് കഴിഞ്ഞു ഫാത്തിമയിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോഴാണ് വീട്ടിൽ നിന്ന് കൊണ്ടുപോകുന്ന ചോറും കറിയുമൊക്കെ വിസ്തരിച്ചു പങ്കിട്ടു കഴിക്കാൻ തുടങ്ങിയത്. ഫാത്തിമയുടെ പെൺമുറ്റത്ത് - വിശാലമായ പടവുകളിൽ ഇരുന്നുകൊണ്ട് ഞങ്ങളുടെ കൂട്ടം കൊണ്ടുവന്ന ഓരോരോ പാത്രങ്ങളായി തുറന്നു കഴിക്കാൻ തുടങ്ങും.  അക്കൂട്ടത്തിൽ ഒരുത്തി - ഇരട്ടപ്പേര് പറഞ്ഞാൽ അവളോടിക്കും, അതോണ്ട് മര്യാദയുള്ള പേര് പറയാം - കൊച്ചുകവി എന്ന് ഞങ്ങൾ വിളിച്ചിരുന്ന കവിത കൊണ്ടുവന്ന പാത്രം തുറന്നപ്പോൾ നല്ലതുപോലെ വരട്ടി കറുത്തു കുറുകിയ ഒരു തൊട്ടു കറിയും കൂടെ ചമ്മന്തിയും. കണ്ടാൽ തന്നെ അറിയാം ആ കറിക്ക് അപാര സ്വാദ് ആണെന്ന്. ആദ്യത്തെ ഉരുള ചോറും ചമ്മന്തിയും ആ തൊട്ടുകൂട്ടാനും ചേർത്ത് ഉരുട്ടി വായിൽ വെച്ചപ്പോൾ എന്റെ സാറേ - പിന്നെ ലോകത്തിൽ വേറെ ഒരു കറിയും വേണ്ടാ ഒരു പാത്രം ചോറുണ്ണാൻ എന്ന് തോന്നിപ്പോയി.  അപ്പോഴാണ് സൈഡിൽ നിന്നൊരു ശബ്ദം - "എടിയെടീ ഒരു മയത്തിന് അച്ചാർ കഴിക്കടീ" ന്നു! നോക്കുമ്പോൾ എന്താ - അത്രോം കാലം പുച്ഛിച്ച നാരങ്ങാ അച്ചാർ ആണ് ഐറ്റം. ഇരുമ്പിന്റെ  ചീനച്ചട്ടിയിൽ വരട്ടിയുണ്ടാക്കിയ ആ നാരങ്ങാ അച്ചാറിനോളം വരുന്ന വേറൊരു അച്ചാറും ഇപ്പോഴും ഞാൻ കണ്ടിട്ടില്ല... കവിയുടെ അമ്മയെ ഞാൻ രണ്ടോ മൂന്നോ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. ഇനിയൊരിക്കൽ അവളില്ലാതെ അമ്മയെ കണ്ടാൽ ഞാൻ തിരിച്ചറിയുമോ എന്നുപോലും ഉറപ്പില്ല. പക്ഷേ, ഇത്തവണത്തെ ക്രിസ്തുമസ് പ്രോഗ്രാമിന് ഫ്രൈഡ് റൈസ് നൊപ്പം തൊട്ടു നക്കാൻചിക്കാഗോ  കൈരളി കാറ്ററിങ്ങിന്റെ നാരങ്ങാ അച്ചാർ എടുത്തപ്പോഴും ഞാനോർത്തു ഇരുമ്പൻ ചട്ടിയിൽ അമ്മയുണ്ടാക്കിയ നാരങ്ങാ അച്ചാറിനെ! കവിയേ, അവിടെ  അമ്മയറിയുന്നുണ്ടോ  ഭൂലോകത്തിന്റെ ഇങ്ങേ അറ്റത്തെ കോണിലിരുന്നു ഓരോ തവണ നാരങ്ങാ അച്ചാർ തൊട്ടു വായിൽ വെക്കുമ്പഴും,  കയ്പ് ഒട്ടുമില്ലാത്ത ആ ഇരുമ്പൻ അച്ചാർ ആണ് എന്റെ നാവിൽ രുചിക്കുന്നത് എന്ന്!


(അന്ന് തന്നെ അവൾ റെസിപി ഒക്കെ പറഞ്ഞിരുന്നു - പക്ഷേ ജീവിതത്തതിൽ ഒരിക്കൽ പോലും ഉണ്ടാക്കിയിട്ടില്ലാത്ത സാധനങ്ങളിൽ ഒന്നായി ഇപ്പോഴും അതാ ലിസ്റ്റിൽ കിടക്കുന്നു. ഇത് വായിച്ചു കഴിഞ്ഞു സമയം പോലെ ആ 'അമ്മയിരുമ്പന് നാരങ്ങാ' റെസിപ്പി ഒന്ന് തന്നേക്കണേ കവിയേ )

#രുചിയോർമ്മകൾ
#100DaysOfTastes #Day02  #നാരങ്ങായച്ചാർ  #FMNCLife  


Friday, July 10, 2020

രുചിയോർമ്മകൾ 01 - ഉള്ളിത്തീയൽ

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം 
------------------------------------------------------------------------------------------ 


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 



        അമ്മരുചി ആകട്ടെ ആദ്യത്തേത് അല്ലേ? നമ്മുടെയൊക്കെ രുചിയുടെ ഹരിശ്രീ അമ്മയാണല്ലോ  - എല്ലാവരുടേയും ആദ്യരുചിയോർമ്മയും  അമ്മ തന്നെയാകും .. എന്നാൽ എനിക്ക് അമ്മയുടെ എല്ലാ വെക്കലും ഇഷ്ടമല്ല, അമ്മയെക്കൊണ്ട് തീരെപ്പറ്റാത്ത ചില പാചകങ്ങളും ഉണ്ട്  (ഇത് വായിച്ചു മുഖം ബലൂൺ പോലെ വീർക്കുന്ന / വീർപ്പിക്കുന്ന ആളാണ് എന്റെ 'അമ്മ )  -പക്ഷേ, അമ്മയ്ക്ക് മാത്രമായി പകുത്തു വെച്ച ചില രുചിയോർമ്മകളുണ്ട്. അതിലേറ്റവും ആദ്യം ഉള്ളിത്തീയൽ ആണ് -   കുഞ്ഞുള്ളി കുനുകുനാന്നു ഒരേ വലുപ്പത്തിൽ  അരിഞ്ഞു വെളിച്ചെണ്ണയിൽ വഴറ്റി, തേങ്ങാ വറുത്തരച്ചു  ഉണ്ടാക്കുന്ന പിഴിഞ്ഞ പുളിയുടെ പുളിരസത്തിന്റേയും , വറുത്തരച്ച മുളകിന്റെ എരിവിന്റേയും ,  വെളിച്ചെണ്ണയിൽ വഴണ്ട കുഞ്ഞുള്ളിയുടെ മധുരത്തിന്റേയും പെരുങ്കളിയാട്ടം വായിൽ ഉണ്ടാക്കുന്ന ഉള്ളിത്തീയൽ! ഉള്ളി നന്നാക്കലും അരിയലും  വറുക്കലും ഒക്കെക്കൂടി നല്ല ഒന്നൊന്നര പണിയാണ് ഈ കക്ഷിനേ ഉണ്ടാക്കാൻ.  അതോണ്ട് തന്നെ എന്നും കിട്ടുന്ന വിഭവവും അല്ല. പക്ഷേ, കുഞ്ഞിലേ മുതൽ എനിക്കെന്ന് - ആർഷക്കൊച്ചിന് ഇത് വലിയ ഇഷ്ടമാണല്ലോന്ന് -  എനിക്ക് മാത്രമെന്ന് സ്‌പെഷ്യൽ ആയിട്ട് അമ്മയുണ്ടാക്കിയിട്ടുള്ള ഏറ്റവും രുചികരമായ എന്റെയോർമ്മ ഇതാണ്  - മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ലാത്ത എന്റെ ഉള്ളിത്തീയൽ!  



#രുചിയോർമ്മകൾ 
#100DaysOf Tastes 
#ഉള്ളിത്തീയൽ #അമ്മരുചിയോർമ്മ  




Monday, April 27, 2020

അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1998

പ്രീഡിഗ്രി ഒന്നാം വർഷക്ലാസുകൾ തുടങ്ങി ഓരോരുത്തരെയൊക്കെയായി പരിചയപ്പെട്ടു വരുന്ന സമയം. തേർഡ് ഗ്രൂപ്പിലോ ഫോർത്ത് ഗ്രൂപ്പിലോ ആണെന്ന് തോന്നുന്നു ഒരു സ്റ്റൈലൻ സുന്ദരിപ്പെൺകൊച്ച് ഉണ്ടായിരുന്നു - നിത്യ എന്ന് ആണെന്നാണ് പേരോർമ്മ, ആ പേരിനേക്കാൾ ഓർമ പക്ഷേ അവളുടെ ചെല്ലപ്പേരാണ് - ഉരുണ്ടുരുണ്ട കണ്ണുകളുണ്ടായിരുന്ന, വട്ടമുഖം ഉണ്ടായിരുന്ന കാഴ്ച്ചയിൽ ശരിക്കും സിനിമാനടി പാർവതിയുടെ ഒരു മോഡേൺ ലൂക്ക് തോന്നിച്ച അവളെ ഞങ്ങളുടെ ഗ്യാങ് പാർവതിക്കണ്ണി എന്നാണ് പറഞ്ഞിരുന്നത്. സെക്കന്റ് ഗ്രൂപ്പിലെ നാടൻ പിള്ളേരുടെ ഗ്രൂപ്പിന് ഈ പറഞ്ഞ തേർഡ് / ഫോർത് ഗ്രൂപ്പുകളിലെ 'മോഡേൺ-സ്റ്റൈലൻ' പെൺപിള്ളേരെ ഒന്ന് വായിനോക്കാനൊക്കെ കിട്ടുന്ന ചാൻസ് നമ്മൾ കളയാറേയില്ല. ക്‌ളാസിലെ തന്നെ ചില കുട്ടികൾക്കുണ്ടായിരുന്ന പൊതുവായ സൗഹൃദങ്ങളിലൂടെ ചിലപ്പോഴൊക്കെ ഈ ഗ്യാങ്ങിനൊപ്പം കൂടാറുണ്ടായിരുന്നു എങ്കിലും എന്റെ സ്വന്തം ഗ്രൂപ്പ് വേറെയായിരുന്നു. ഞങ്ങൾ - റിനു, സജിനി, കവിത,ട്വിങ്കിൾ, സ്നിഗ്ധ, രഞ്ജിനി, വിശ്വലത - പെൺമുറ്റത്തിലെ പടവുകൾ ആ രണ്ടുവർഷവും കയ്യടക്കിവെച്ചു. സ്‌മിത, രാഗി, വന്ദന, ദീപ, ശാലിനി അങ്ങനെ ഹിന്ദി സിനിമാനടന്മാരെയൊക്കെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്റ്റൈലൻ ഗ്യാങ്ങ്  ശൈലജ, മഞ്ജു,പ്രവീണ അങ്ങനെയൊരു മലയാളം ക്ലാസ് ഗ്യാങ്ങ് വല്യ കവിത , മഹിമ, ബിനു അങ്ങനെയൊരു ഫസ്റ്റ് ഗ്രൂപ്പ് ഗ്യാങ്ങ് ....... ഇവരെയൊക്കെ സ്ഥിരമായി ചളുവടിച്ചും കമന്റടിച്ചും കൊണ്ട് ഞങ്ങളുടെ നല്ല രസമുള്ള അവിയൽപ്പരുവഗ്രൂപ്പ്. ഇപ്പോൾ ഈ പറഞ്ഞതിൽ പകുതി ആളുകളും എവിടെയാണെന്ന് എനിക്കറിയില്ല.... അന്നുമുതലേയുള്ള വിരലിലെണ്ണാവുന്ന ആത്മബന്ധങ്ങൾ ഇപ്പോഴും തൊട്ടടുത്ത് തന്നെ നിൽക്കുന്നു!

അപ്പൊ പറഞ്ഞുവന്നതിൽ നിന്നും മാറിപ്പോകുന്നില്ല - നമ്മുടെ പാർവതിക്കണ്ണി - ഞാനീ കൊച്ചിനോട് ഒരിക്കലോ മറ്റോ നേരിട്ട് സംസാരിച്ചിട്ടുണ്ട് അത്രേയുള്ളൂ. പുള്ളിക്കാരിയോട് ഇഷ്ടമുണ്ടായിരുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു ആ സമയത്ത്, ശങ്കരൻ എന്നോ മറ്റോ പേരുണ്ടായിരുന്ന ഒരു ചുള്ളൻ ചേട്ടൻ. ഒരു ദിവസം, ഇലക്ഷൻ സമയം ഒക്കെയായപ്പോൾ ആണെന്ന് തോന്നുന്നു, ക്യാംപസിൽ കാണുന്ന എല്ലാരും എല്ലാരോടും മിണ്ടുന്ന സമയമാണല്ലോ അത്. മാത്രവുമല്ല ആൺപിള്ളേർക്ക് 'കോട്രാങ്കിൾ' എന്ന പെൺമുറ്റത്ത് വിലസാൻ ഹെൻറി സാറിന്റെ അനുവാദം കിട്ടുന്ന അപൂർവം ചില അവസരങ്ങളുമാണ് അത്. നമ്മുടെ എല്ലാ ചേട്ടന്മാരും കാത്തു കാത്തിരുന്നു കിട്ടുന്ന ആ സമയം നന്നായി മുതലെടുക്കും. പതിവുപോലെ കോളേജ് ജംക്ഷനിൽ ഇറങ്ങേണ്ടതിനു പകരം റെയിൽവേ ക്വർട്ടേഴ്‌സ് റോഡിലിറങ്ങി വഴിയിലുള്ള എല്ലാ മരത്തിന്റെയും എണ്ണം എടുത്തും റെയിൽവേ സ്റ്റേഷൻ മുതൽ ഫാത്തിമ വരെയുള്ള എല്ലാ മതിലുകളിലേയും സിനിമാപോസ്റ്ററുകളുടെയും പേരും വിവരവുമൊക്കെ നോക്കി നടക്കാറുള്ള ഞാൻ അന്ന് അധികം സിനിമാപ്പോസ്റ്റർ സ്കാനിങ്ങിനു നിന്നില്ല. കാരണം മതിലായ മതിലൊക്കെയും, ഫാത്തിമയുടെ കർബല ഗേറ്റിനു തൊട്ടടത്തുള്ള മതിലിലുമൊക്കെ രണ്ടു വലിയ പെൺമുഖങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത് - നന്ദിതാ ദാസും ശബാന ആസ്മിയും - വിവാദ സിനിമയായ ഫയർ പ്രദർശനത്തിനെത്തിയിരിക്കുന്നു!

അധികം നോക്കി പുറത്തുള്ള ചെക്കന്മാർക്ക് പണി കൊടുക്കണ്ടല്ലോ എന്നുകരുതി കോളേജിലെത്തിയ ഞാൻ സ്ഥിരം പരിപാടിയായ വായിനോട്ടവുമായി പിന്നിലെ ഇടനാഴിയിലൂടെ നടന്നുകൊണ്ടിരിക്കുമ്പോൾ നേരത്തെ പറഞ്ഞ ചേട്ടനും രണ്ടു കൂട്ടുകാരും നമ്മുടെ പാർവതിയുടെയും കൂട്ടുകാരികളുടേയും അടുത്തിങ്ങനെ 11 KV വലിക്കാനുള്ള പോസ്റ്റൊക്കെ നാട്ടാൻ റെഡി ആയി നില്കുന്നത് കാണുന്നു. ആരെങ്കിലും അങ്ങനെ സ്വസ്ഥമായി പ്രേമിക്കാൻ നിൽക്കുന്നത് കണ്ടാൽ പിന്നെ അവരെ ശല്യപ്പെടുത്താതെ നമുക്ക് ഒരു മനഃസമാധാനം ഇല്ലാത്ത കാലം കൂടിയായിരുന്നു അത്. ഒരിക്കലേ മിണ്ടിയിട്ടുള്ളൂ എങ്കിലും നേരെ ആ കൊച്ചിന്റെ അടുത്തേക്ക് ചെന്ന് സംസാരിക്കാൻ തുടങ്ങി. അന്നൊരു മഞ്ഞ മിഡിയും ടോപ്പും ഒക്കെയിട്ട് മുടി രണ്ടായി പകുത്ത് കെട്ടിയിരുന്ന ആ കൊച്ചിനെ കാണാൻ ശരിക്കും തൂവാനത്തുമ്പികളിലെ പാർവതിയെപ്പോലെ തന്നെ തോന്നിയെനിക്ക്. ആ കോമ്പ്ലിമെൻറ് കൊടുത്താണ് ഞാൻ തുടങ്ങിയതും.

ഞാൻ: "ഇയ്യാളെക്കാണാൻ ശരിക്കും പാർവതിയെപ്പോലുണ്ട് കേട്ടോ"
പാർവതി: "താങ്ക്യു താങ്ക്യു... തന്നെക്കാണുമ്പോൾ ഞാനെപ്പോഴും കരുതാറുണ്ട്, നല്ല ചിരിയാണല്ലോ ... "( ഓഫ് സൂമിൽ ഞാൻ ചിരിക്കുന്നത് ഓർക്കുക, കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്നാണ് എന്റെ മനസിലെ ഭാവം)
പാർവതി തുടരുന്നു : "പരിചയമുള്ള ആരെയോ ഓർമ്മിപ്പിക്കുമല്ലോ എന്നൊക്കെ ഞാനെപ്പോഴും ഓർക്കാറുണ്ട് കേട്ടോ, ഇന്നാണ് മനസിലായേ,
You look like Nandida Das in Fire movie!"

എൻ്റെ ചിരി ഷട്ടറിട്ട പോലെ നിന്നു .... ഏത്!! ആ വലിയ വലിയ ക്ളോസപ്പ് ഷോട്ടുകളുമായി പുറത്തെ മതില് മുഴുവൻ ഒട്ടിച്ചുവെച്ചിരിക്കുന്ന നന്ദിതയോ.. ദുഷ്ടേ! നന്ദിതയെപ്പോലെ എന്ന് പറഞ്ഞാൽപ്പോരേ അതിനീ ഫയർ സിനിമയിലെപ്പോലെ എന്ന് കൂട്ടിച്ചേർക്കണോ അതും ചെക്കന്മാരുടെ മുന്നിൽ വെച്ച് എന്ന് ഞാൻ ദയനീയമായി കൺകോണിലൂടെ അവളെ നോക്കി. എവിടെ!! ആശാട്ടി പിന്നെയും എന്തൊക്കെയോ ചോക്ലേറ്റ് നിറത്തിനെപ്പറ്റിയും, വെണ്മയുള്ള ചിരിയെപ്പറ്റിയുമൊക്കെ വാചാലയാകുന്നു.... "എസ്കേപ്പ് ആർഷാ എസ്കേപ്പ്" എന്ന് എന്റെ മനസിലിരുന്നു മറ്റേ കക്ഷി പറയുന്നുണ്ട്, നമ്മുടെ മനഃസാക്ഷിയേ ....കാലുകൾ അനങ്ങണ്ടേ! ആ മൂന്നു ചേട്ടന്മാരുടെ ആക്കിയ ചിരി കണ്ടതും സംഭവിക്കാനുള്ള ഡാമേജ് ഒക്കെ സംഭവിച്ചു എന്ന് മനസ്സിലായി. ഇവളാണേൽ ഞാൻ കൊടുത്ത കോമ്പ്ലിമെന്റിനു തിരികെത്തരാതെ എന്നെ വിടില്ല എന്ന ഭാവത്തിലും! ഒരുവിധത്തിൽ അവിടെനിന്ന് ഊരിപ്പോരുമ്പോൾ ഞാൻ തിരിഞ്ഞുനോക്കിയതേയില്ല. എന്തായാലും ആ ഒരാഴ്‌ച പോസ്റ്ററുകൾ മാറുംവരെ ആ കുരുത്തം കെട്ട ചെക്കന്മാർക്ക് എന്നെക്കാണുമ്പോൾ ഒരു ആക്കിച്ചിരി ഉണ്ടായിരുന്നു.

നന്ദിത എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട നടിയാണ് കേട്ടോ .. അന്നത്തെ പ്രായത്തിൽ ആ സിനിമയുടെ പ്രമേയം ചെറുതല്ലാത്ത ഭാരമായിരുന്നു എന്ന് മാത്രം. ഇപ്പോൾ ആരേലും എന്നെക്കാണാൻ നന്ദിതയെപ്പോലെ ഉണ്ടെന്നു പറഞ്ഞാൽ ഞാനവരെ സ്റ്റാർ ഹോട്ടലിൽ കൊണ്ടോയി ട്രീറ്റ് ചെയ്യും 

അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും ഓർക്കാൻ നന്ദിതയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ഇന്നത്തെ ഓർമ്മപ്പാട്ടിൽ

https://www.youtube.com/watch?v=4kvxHwmrVMQ
-------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Sunday, April 26, 2020

ചേർത്തുനിർത്താം അവരെയും

 2020 മാർച്ച് 20 , ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന്  മലയാളത്തിലെ ഈ കുറിപ്പ് എഴുതുമ്പോൾ ഇത് വായിക്കാൻ പോകുന്ന നിങ്ങളും എഴുതുന്ന ഞാനുമെല്ലാം കടന്നുപോകുന്നത് ചരിത്രം അടയാളപ്പെടുത്തുന്ന ഒരു കാലത്തിലൂടെയാണ്. ലോകം ചുരുങ്ങുന്നു എന്ന് പലപ്പോഴായി പലയിടങ്ങളിൽ കേട്ടിരുന്നു എങ്കിലും ലോകം വീടുകളിലേക്ക് ചുരുങ്ങിയതിന്  നമ്മൾ സാക്ഷികളാകുകയാണ്.  ജീവിതകാലത്തിൽ  അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ നാമെല്ലാം കടന്നുപോകുമ്പോൾ നമ്മളോടൊപ്പം കുഞ്ഞുങ്ങളെ എങ്ങനെ ചേർത്തുനിർത്താം എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. കൊറോണ എന്ന മഹാമാരിയെക്കുറിച്ചു ഇപ്പോൾ കുഞ്ഞുങ്ങൾ എല്ലാം ഏതെങ്കിലും തരത്തിൽ കേട്ടുകാണും.  മുതിർന്നവരെപ്പോലെ കാര്യങ്ങൾ വിവേചനബുദ്ധിയോടെ തിരിച്ചറിയാനുള്ള കഴിവുകൾ കുഞ്ഞുങ്ങൾക്ക് കുറവായതുകൊണ്ട് തന്നെ അവരിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിക്കണം എന്നതിൽ നമുക്കൊരു ധാരണ ഉണ്ടാകണം. ഇതിനു മുൻപ് പ്രളയവും, നിപ്പയും അതിജീവിച്ചവരാണ് ഇനിയും വരും ദുരന്തങ്ങളും അതിജീവിക്കാനുള്ള പ്രത്യാശ അടുത്ത തലമുറയിലേക്ക് പകരാൻ  നമുക്ക് കഴിയണം. പലപ്പോഴും കുഞ്ഞുങ്ങൾ ചുറ്റിനുമുള്ളത് ഓർക്കാതെ ആകും നമ്മൾ രോഗം പടരുന്നതും മരണവും ഒക്കെ സംസാരിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ കുഞ്ഞുങ്ങളുമായുള്ള ആശയവിനിമയത്തിൽ ഓർക്കുക.


1. കുട്ടികൾക്ക് ആ കാര്യത്തിൽ എത്രത്തോളം അറിവ്  ഉണ്ടെന്ന്  മനസിലാക്കുക :   

ഏറ്റവും എളുപ്പവഴി അവരോട് തന്നെ എന്താണ് അവർക്ക് അറിയുന്നത് എന്ന് ചോദിക്കുന്നത് തന്നെയാണ്. ഈ കൊറോണക്കാലത്തെ കുറിച്ചും  അവർക്ക് പത്രങ്ങളിൽ നിന്നും , ടീവി യിൽ നിന്നും,  കൂട്ടുകാരിൽ നിന്നും  അദ്ധ്യാപകരിൽ  നിന്നും  രക്ഷിതാക്കളുടെ പരസ്പര സംഭാഷണത്തിൽ നിന്നും ഒക്കെ കേൾക്കുന്നതും ഒക്കെച്ചേർത്ത് ഒരാകെത്തുക അവരുടെ മനസിൽ ഉണ്ടാകും. ചിലപ്പോൾ എങ്കിലും അതിശയോക്തിപരമായ പലതും അവർ വിശ്വസിക്കുന്നുമുണ്ടാകും. ഉദാഹരണത്തിന് ഇവിടെ എൻ്റെ മൂന്നാം ക്‌ളാസ്സുകാരൻ മകൻ കഴിഞ്ഞ ആഴ്ച സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയത്  "കൊറോണ " എന്ന പേര് "ക്രൗൺ" എന്ന പേരിൽ നിന്നും രൂപമാറ്റം സംഭവിച്ചുണ്ടായത് ആണെന്നും ആ വൈറസിന് ഒരു കിരീടത്തിന്റെ രൂപം ആയത് കൊണ്ട് ശരിക്കുള്ള സയന്റിഫിക് പേര് ക്രൗൺ വൈറസ് എന്നാണ് എന്നും പറഞ്ഞുകൊണ്ടാണ്. കൂടുതൽ ചർച്ചകളിൽ മനസിലായി അത് അവൻ്റെ  ഉറ്റസുഹൃത്ത് ആയ മറ്റൊരു ഇന്ത്യൻ കുട്ടി അവൻ്റെ  മാതാപിതാക്കളുടെ സംഭാഷണത്തിൽ നിന്നും കേട്ടെടുത്തത് ആണെന്ന്. വാട്സാപ്പ് യൂണിവേഴ്‌സിറ്റികൾ വീട്ടിൽ കേറ്റിയില്ലെങ്കിലും  കുഞ്ഞുങ്ങളിലേക്ക് എങ്ങനെ എത്തുന്നു എന്ന് അന്നാണ് മനസിലായത്. ഇതുപോലെ നമ്മുടെ ഓരോ കുഞ്ഞുങ്ങൾക്കും ഉണ്ടാകും ഒരുപക്ഷേ  ഈ കൊറോണ എന്ന രാക്ഷസനെ കുറിച്ച് ഒരു കഥ! അതുകൊണ്ട് ആദ്യം അവരോട് തന്നെ ചോദിച്ചു  മനസിലാക്കുക എന്താണ് അവരുടെ അറിവിൻ്റെ  അറ്റം എന്ന്. ആറുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളോട് അവർക്കിതിനെക്കുറിച്ചു തീരെ കേട്ടറിവില്ല എങ്കിൽ സംസാരിക്കേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.  

2 . സ്വന്തം  ആശങ്കകൾ അകറ്റുക  -

ഏത് പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും  കുഞ്ഞുങ്ങളോട് സംസാരിക്കുന്നതിനു മുൻപ്  സ്വയം ഒരു അവലോകനം നടത്തുക. എന്തൊക്കെ ആശങ്ക നമുക്കുണ്ട് എന്നത് ആദ്യം പങ്കാളിയോടോ സുഹൃത്തിനോടോ ഡോക്ടർമാരോടോ മറ്റാളുകളോടോ സംസാരിച്ച്  ഒരു കൃത്യമായ ധാരണ അച്ഛനമ്മമാർ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. മക്കളോട് ഒരു പാനിക് മോഡിൽ സംസാരിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. നമുക്കും പേടിയുണ്ടാകാം , നാളെയെക്കുറിച്ചു ആശങ്ക ഉണ്ടാകാം - സ്വാഭാവികം മാത്രമാണ്. പക്ഷേ, കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ ഈ ലോകം വളരെ ഭീതിപ്പെടുത്തുന്നതാണ് എന്ന രീതിയിൽ സംസാരിക്കുന്നത് കുഞ്ഞുങ്ങളിൽ അനാവശ്യമായ anxiety  ഉണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു. അത് വളരുന്ന പ്രായത്തിൽ അവരിൽ അനാവശ്യ ഭീതികൾ ജനിപ്പിക്കുകയും ഉത്സാഹവും അന്വേഷണ തൽപ്പരതയും കുറയ്ക്കുകയും ചെയ്യും . 

3. കുഞ്ഞുങ്ങളുടെ പേടിയെ തള്ളിക്കളയരുത് :

നേരത്തെപറഞ്ഞതുപോലെ കുഞ്ഞുങ്ങൾക്ക് ആദ്യമേതന്നെ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു ബോധമുണ്ടാകാം. ചിലപ്പോൾ അവർക്ക് പേടിയും ന്യായമായ ആശങ്കയും ഉണ്ടാകാം. എല്ലാം ശരിയാകും എന്ന് വെറുതേ  പറയുന്നതിനേക്കാൾ അവരുടെ ഭയമെന്താണ് എന്ന് അവരെ കേൾക്കാൻ ശ്രമിക്കുക. ചിലപ്പോൾ അവർ മരിച്ചുപോകും എന്നോ, രക്ഷിതാക്കളെ പിരിയേണ്ടി വരും എന്നോ ഒക്കെയാകും അവരുടെ ആശങ്ക. കുട്ടിക്കാലത്തെ ട്രോമകൾ പിന്നീട് കുട്ടികളെ വല്ലാതെ ബാധിക്കും എന്നതിനാൽ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് വ്യക്തമായ ബോധത്തോടെ സംസാരിക്കുക.  കൂട്ടുകാരിൽ ഒരാൾ ചിലപ്പോൾ അവരോട് നാമെല്ലാം മരിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിട്ടുണ്ടാകാം. അതൊരു ഗൗരവതരമായ കാര്യമാണ് . അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് അത്തരം ഒരു ഭയമുണ്ടെങ്കിൽ അതിന്റെതായ വില കൊടുക്കുക തന്നെവേണം . നമുക്ക് കുട്ടിക്കാലത്ത് ഉണ്ടായ പേടികളെക്കുറിച്ചും  എങ്ങനെയാണു പിന്നീടു നമ്മൾ അതിനെ കടന്നുവന്നത് എന്നും ഒക്കെ സംസാരിക്കാം. കുഞ്ഞുങ്ങൾക്ക് ധൈര്യം ഉണ്ടാക്കുക എന്നത് തന്നെയാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. ശ്രദ്ധിക്കേണ്ടത് കുട്ടികൾക്ക് മുന്നിൽ വെച്ച് മരണഭീതി  , മരണപ്പെട്ടവരുടെ ഭയപ്പെടുത്തുന്ന നമ്പരുകൾ, ചികിത്സ കിട്ടാതെ പോകുന്നവരുടെ ആശങ്കകൾ ഒക്കെ പങ്കാളിയോടോ കൂട്ടുകാരോടോ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണം എന്നതാണ്. എന്നാൽ തീരെ നിസാരമായി കാണുകയും ചെയ്യരുത് . കുഞ്ഞുങ്ങളിലെ ഭീതിയെ മാറ്റാൻ,  ഇത്രയുമൊക്കെ മുൻകരുതലുകൾ നമ്മളെടുത്താൽ പിന്നീട് ഭയക്കേണ്ട കാര്യമില്ല എന്ന രീതിയിൽ  സംസാരിക്കണം. കൊറോണയുടെ കാര്യത്തിൽ ആണെങ്കിൽ വ്യക്തിശുചിത്വം എത്രത്തോളം പ്രധാനമാണെന്നു പഠിപ്പിക്കാനുള്ള അവസരമായി അതിനെ കാണാം. 

4 . കുട്ടികളുടെ പ്രായത്തിന്  അനുസരിച്ചുള്ള പ്രതികരണം: 

തീരെച്ചെറിയ കുഞ്ഞുങ്ങളോട്  ഒരു കഥപോലെ പറയാം നമുക്ക്. കൊറോണയെ ഒരു രാക്ഷസൻ ആയും ഡോക്ടർമാരും സയന്റിസ്റ്റുകളും അതിനെതിരെ യുദ്ധം ചെയ്യുന്നവരായും നമ്മുടെ കുട്ടി അതിനവരെ സഹായിക്കുന്ന ആളുമായി സങ്കൽപ്പിച്ച് ഒരു കഥ പോലെ പറഞ്ഞുനോക്കൂ. കുട്ടികൾക്ക് അത് വളരെവേഗം മനസിലായേക്കും. കുറച്ചുകൂടി മുതിർന്ന കുട്ടികളോട് എന്താണ് വൈറസ് എന്നതിനെക്കുറിച്ചും സംസാരിക്കാം. എന്തൊക്കെ തരം  രോഗങ്ങൾ നമുക്ക് വരാം എങ്ങനെയൊക്കെ വരാം ഈ വൈറസുകൾ കാരണം എന്നതൊക്കെ അറിയാൻ കുട്ടികൾക്ക് കൗതുകമുണ്ടായേക്കും. എന്തുകൊണ്ട് ആണ് ഇപ്പോഴത്തെ അസുഖം എല്ലാവരും കൂടുതൽ മുൻകരുതലുകൾ എടുക്കുന്നത്, എങ്ങനെയാണ്  നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയുക ഇതൊക്കെ സംസാര വിഷയം ആക്കാം. 


5.  ശുചിത്വത്തിന്റെ ആവശ്യം


കുഞ്ഞുങ്ങളോട് വൃത്തിയെക്കുറിച്ച് സംസാരിക്കാൻ പറ്റിയ സമയമാണ് ഈ കാലം. എന്തുകൊണ്ട് ആണ് ബാത്‌റൂമിൽ പോയിവന്നാൽ കൈകൾ വൃത്തിയാക്കേണ്ടത് , എന്ത്‌കൊണ്ട്  ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി ഉരച്ചുകഴുകണം, എന്തുകൊണ്ട് പുറത്തു യാത്ര ചെയ്തുവന്നുകഴിഞ്ഞാൽ അതേ  വസ്ത്രങ്ങളോടെ വീട്ടിൽ ഇരിക്കാൻ പാടില്ല അങ്ങനെയങ്ങനെ നിരവധി വ്യക്തി ശുചിത്വ കാര്യങ്ങളും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും സംസാരിക്കാനുള്ള അവസരമായി ഇതിനെ കാണുക. കൈകൾ കഴുകുന്ന വീഡിയോകൾ കാണിക്കുക , അവരെക്കൊണ്ട് അതിനെക്കുറിച്ച് സംസാരിപ്പിക്കുകയോ, അവർ ചെയുന്ന കാര്യങ്ങൾ വീഡിയോ എടുത്തു കാണിക്കുകയോ ചെയ്യുക ഇതൊക്കെയും കുഞ്ഞുങ്ങൾക്ക് കൂടി ഇഷ്ടപ്പെടുന്ന കാര്യമാണ്. 

6 . വീടുകൾക്ക് ഉള്ളിലേക്ക് ചുരുങ്ങേണ്ടിവന്നതിൻ്റെ  നല്ലവശം പറയുക : 

പലപ്പോഴും കുട്ടികൾക്ക് - പ്രത്യേകിച്ചും സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് വീട്ടിനുള്ളിൽ ഒന്നിൽ കൂടുതൽ ദിവസം ഇരിക്കുക എന്ന് പറയുന്നത് വളരെ വിഷമകരം ആയ കാര്യമാണ്. അവരോട് എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ഇരിക്കേണ്ടി വരുന്നത് എന്നത് പറയുക. അതിനെ കൂടുതൽ പോസിറ്റീവ് ആക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. ഇങ്ങനെ കിട്ടുന്ന സമയങ്ങളിൽ ഒരു സമയക്രമം ഉണ്ടാകുന്നത് കാര്യങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യുന്നതിന് സഹായിക്കും. അച്ഛനും അമ്മയും വർക്ക് ഫ്രം ഹോം എന്ന ഓപ്‌ഷനും മക്കൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയും ആകുമ്പോൾ ചെയ്യാൻ കഴിയുന്നത് എല്ലാവര്ക്കും ഫോളോ  ചെയ്യാവുന്ന ഒരു ടൈംടേബിൾ ഉണ്ടാക്കുക എന്നതാണ് . 
വീട്ടിനുള്ളിൽ ഒരു സ്‌കൂൾ + ഓഫിസ് എന്ന രീതിയിൽ കാര്യങ്ങൾ നടത്തികൊണ്ട് പോകണം എങ്കിൽ കൃത്യമായ ടൈംടേബിൾ ഉണ്ടാകുന്നത് മാത്രമാണ് മടുപ്പുണ്ടാക്കാതെ ഇരിക്കാനുള്ള വഴി. കുഞ്ഞുങ്ങളുടെ ടൈംടേബിളിൽ ഇന്റർവെൽ , സ്നാക്ക് ടൈം, ലഞ്ച് ടൈം ഒക്കെ സെറ്റ് ചെയ്തുകഴിഞ്ഞാൽ രക്ഷിതാക്കൾക്കും അതിനു അനുസരിച്ചു അവരുടെ ജോലിസമയം ക്രമപ്പെടുത്തുകയും ഇപ്പോൾ വീണുകിട്ടുന്ന ഈ സമയം കുടുംബത്തോടൊപ്പം കിട്ടുന്ന കൂടുതൽ സമയം ഭംഗിയുള്ള നിമിഷങ്ങളാക്കി മാറ്റാനും കഴിയും. 

7 .  സാമ്പത്തികശാസ്ത്രം

ഏത് ദുരന്തവും അതനുഭവിക്കുന്നവരിൽ സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടാക്കും. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് പുറത്തുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല എന്നതും എന്തുകൊണ്ടാണ് പുതിയ വിലപിടിച്ച വസ്ത്രം എടുക്കാൻ കഴിയാത്തത് എന്നും എന്തുകൊണ്ട് നമ്മൾ ഈ പ്രാവശ്യം പിറന്നാളുകൾ ആഘോഷിക്കുന്നില്ല എന്നതും കൃത്യമായി കുട്ടികളിലേക്ക് പകരുക. മിതവ്യയവും നാളെയിലേക്ക് കരുതിവെക്കേണ്ടതിന്റെ ആവശ്യകതയും കുഞ്ഞുങ്ങൾക്ക് മനസിലാക്കിച്ചു കൊടുക്കാൻ കഴിയുന്ന അവസരങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ. കുഞ്ഞുങ്ങളിൽ നിന്ന് അത്തരം കാര്യങ്ങൾ ഒളിപ്പിച്ചുവെക്കുകയല്ല വേണ്ടത് എന്നും അവരോട് യാഥാർഥ്യം പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത് എന്നും വിദഗ്ധർ പറയുന്നു. 


ഈ കാലവും കടന്നുപോകും എന്നതാണ് കുഞ്ഞുങ്ങളോടും നിങ്ങൾ ഓരോരുത്തരോടും പറയാനുള്ളത് .  ഒരു സൂര്യൻ അസ്തമിച്ചുദിച്ചുയരുന്നത്  ഈ രോഗമില്ലാത്ത നല്ല പ്രഭാതത്തിലേക്കാകും  എന്ന ശുഭപ്രതീക്ഷയോടെ  അമേരിക്കയിൽ നിന്നൊരമ്മ.  



"പുലർകാല സുന്ദര സ്വപ്നത്തിലിന്നൊരു ...." .

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2005
പത്തനംതിട്ടയിലെ മലമുകളിലെ ഒരു എഞ്ചിനീയറിയങ് കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്ന കാലം. കോളേജ് സംഘടിപ്പിച്ച ഒരു ടെക് ഫെസ്റ്റ് പ്രോഗ്രാം തിരുവല്ലയിൽ നടക്കുന്നു. കൃത്യമായി എന്തായിരുന്നു പരിപാടി എന്നോർമ്മയില്ല. പക്ഷേ, അന്ന് കണ്ട ഒരാളെ ഒരിക്കലൂം മറക്കില്ല - 'ബാലഭാസ്കർ'! അദ്ദേഹത്തിൻ്റെ സ്വർഗ്ഗീയസംഗീതം നേരിട്ട് കേൾക്കാനുള്ള ഒരുഭാഗ്യം, അതേ ഭാഗ്യമെന്നു തന്നെ പറയട്ടെ ..ഇനിയൊരിക്കലും കിട്ടാത്ത ഒന്നിനെ അങ്ങനെയല്ലേ പറയാനാകൂ! കുഞ്ഞിലേ മുതൽ കേട്ട് മോഹിച്ചിരുന്ന ഒരു സംഗീതം ആ മാന്ത്രിക വിരലുകളിൽ നിന്നൊഴുകിയത് കുട്ടികളെയും അദ്ധ്യാപകരേയും അതിഥികളേയും ഒക്കെ ഒരുപോലെ സന്തോഷിപ്പിച്ച ഒരു ദിവസം. അന്ന് അറിഞ്ഞിരുന്നില്ല വർഷങ്ങൾക്ക് ശേഷം ഒരു ദിവസമുണരുന്നത് പ്രിയപ്പെട്ട ആ കലാകാരൻ പറയാതെ പോയിയെന്ന വാർത്തയിലേക്ക് ആകുമെന്ന്!

അന്നവിടെ എഞ്ചിനീയറിംഗ് ഫിസിക്സിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു ശ്രീ. പ്രേംലെറ്റ് സർ. അദ്ദേഹത്തിൻ്റെ ഫിസിക്സ്
പുസ്തകം ഒന്നാം വർഷ എൻജിനീയറിങ്ങിനു 'പഠനം പാൽപ്പായസം' ആക്കാൻ ഉള്ള ശ്രമത്തിൽ ഉപയോഗിച്ചെങ്കിലും ആളുടെ പേര് ഓർത്തുകിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു ഇപ്പോൾ, അപ്പോൾ സഹായത്തിനെത്തിയ ആളെക്കുറിച്ചു തന്നെയാണ് ഇന്നത്തെ ഓർമ്മപ്പാട്ട്  . എന്റെയൊരു പ്രിയപ്പെട്ട ശിഷ്യയാണ്.. വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും 'മിസ്സേ സുഖല്ലേ' എന്നുള്ള ചോദ്യവുമായി ഇടയ്ക്കിടെ മെസ്സേജുകളായി വരുന്നവൾ... പഠിപ്പിച്ചിരുന്ന വളരെ ചുരുങ്ങിയ സമയത്തിൽ പിന്നീടൊരിക്കലും ഈ കുട്ടിയുമായി കോൺടാക്ട് ഉണ്ടാകുമെന്നു തോന്നിപ്പിക്കാതിരുന്ന ഒരാൾ... 2005 നു ശേഷം കാണുകയേ ചെയ്തിട്ടേയില്ലാത്ത ഒരാൾ ഇപ്പോഴും എന്നെയോർത്തിരിക്കുന്നതിന്റെ മാജിക് ആണ് എനിക്കീ പാട്ട്.
അയാളെന്നെ ഓർത്തില്ലായിരുന്നുവെങ്കിലും ഞാൻ കക്ഷിയെ ഓർത്തേനെ  അന്ന് കേട്ടതിനുശേഷം എപ്പോഴും ഈ പാട്ടിൽ അവളെ ഓർക്കുമായിരുന്നു, അതിന്റെ കാരണം ഈ പാട്ടെനിക്ക് വളരെ ഇഷ്ടമുള്ള, എന്നോട് വളരെവളരെ അടുത്തുനിൽക്കുന്ന ഒന്നായിരുന്നതുകൊണ്ടാണ്!

'ഒരു മെയ്മാസപ്പുലരിയിൽ' എന്ന സിനിമ എന്നാണ് കണ്ടതെന്ന് ഓർമ്മയില്ല, ടിവിയിൽ വന്ന തൊണ്ണൂറുകളുടെ ആദ്യം എങ്ങാനും ആകണം. അതിലെ ശാരിയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്ന ഒറ്റനിമിഷം മാറ്റിനിർത്തിയാൽ എൻ്റെയൊരു മോഡൽ ആയിരുന്നു - (എത്ര ആലോചിച്ചിട്ടും ആ പേര് മനസ്സിൽ വരുന്നില്ല, ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ പറയണേ  ). ഇങ്ങോട് പൊട്ടിച്ചാൽ അങ്ങോടൊന്നു പൊട്ടിക്കുന്ന പെൺകുട്ടി, കൂവുന്നവനെ നേരെപോയി പൊക്കി എന്തിനാണ് കൂവിയതെന്നു ചോദിക്കുന്ന ചങ്കൂറ്റമുള്ളവൾ, ഒരു ഫെമിനിസ്റ്റ് ചിന്തയോടെ ആദ്യം കണ്ട വേഷമാകണം അത് - ഒരുപക്ഷേ മലയാളം സിനിമയിൽ അത്തരമൊരു നായികാ കഥാപാത്രം ആദ്യമായിരുന്നിരിക്കണം. ആ കഥാപാത്രം ആത്മഹത്യ ചെയ്യുന്നതിൽപ്പോലും എനിക്ക് തോൽപ്പിക്കപ്പെടാൻ ഇഷ്ടമില്ലാതിരുന്ന ഒരു പെൺകുട്ടിയുടെ മനസാണ് കാണാൻ കഴിഞ്ഞത് (അന്നത്തെ ചിന്തയാണേ  ). എനിക്കത് പോലെ ബോൾഡ് ആകണമെന്നായിരുന്നു, ചുമ്മാ കരഞ്ഞുപിഴിഞ്ഞു പോകുന്ന, മരം ചുറ്റുന്ന നായികമാരെ വലിയ പഥ്യമില്ലായിരുന്നു എന്ന് ചുരുക്കം  അങ്ങനെ കുറേനാൾ ഞാൻ എന്നെ സങ്കൽപ്പിച്ചത് ആ 'ശാരി'യായിട്ടായിരുന്നു, അതോണ്ട് തന്നെ എന്റെ പാട്ടായിരുന്നു അത് - "പുലർകാല സുന്ദര സ്വപ്നത്തിലിന്നൊരു ...." .

എന്റെയാ സ്വന്തം പാട്ടാണ് അന്ന് പ്രേംലെറ്റ് സാറിന് ഇഷ്ടമുള്ള പാട്ടൊന്നു പാടാമോ എന്നുള്ള ആവശ്യപ്രകാരം അവൾ - സഫീല - പാടിയത്  അത്രയും വലിയ സദസിനെയും ആളുകളെയും അഭിമുഖീകരിച്ചു കൊണ്ട് ഇടയ്ക്കിടെ ഇടറിയ തൊണ്ടയിൽ അവൾ പാടിനിർത്തിയപ്പോൾ ആ പാട്ടന്നു മുതൽ എനിക്ക് സഫിയുടെ ഓർമ്മപ്പാട്ടായി  ഇത്രയും നാൾ സംസാരിച്ചിട്ടും ഞാനിത് പറഞ്ഞിട്ടില്ലല്ലോ എന്നൊരു പരിഭവവുമായി ആൾ ഇൻബോക്സിൽ ഇപ്പോൾ എത്തും. അപ്പോഴേക്കും നിങ്ങളിത് ആസ്വദിക്കൂ ട്ടാ

 നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

Saturday, April 25, 2020

' ഹം ദോസ്ത് ധെ, ഹൈ, രഹേൻഗേ.... ഹമേശാ

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2001

LBS എഞ്ചിനീറിംഗ് കോളേജിലെ ആൺസുഹൃത്തുക്കളിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ... ഇപ്പോഴും വർഷങ്ങൾ മിണ്ടാതെയിരുന്നാലും എടാ / എന്താടീ എന്ന ഒരു ചോദ്യത്തോടെ കടന്നുവന്ന് ഇന്നലെ സംസാരിച്ചു നിർത്തിയതുപോലെ സംസാരിക്കുന്നവൻ... നാലുവർഷവും നല്ല ചങ്ക് സുഹൃത്തായിരുന്നവൻ... നാലുവർഷം കഴിഞ്ഞിട്ടും കാലങ്ങൾ കഴിഞ്ഞിട്ടും സൗഹൃദത്തിന്റെ അതേ പടവിൽ നിൽക്കുന്നവൻ.. ഇപ്പോഴും 'നീയൊരു കൂതറയാണ്' എന്ന് ചൊടിപ്പിക്കാൻ പറയുന്നവൻ - ഇതൊക്കെയാണ് എനിക്ക് വർക്കി.

ആ വർക്കിയുടെ ഓർമ്മപ്പാട്ടാകട്ടെ ഇന്ന്! കോളേജിലെ ബോറടിയൻ ക്‌ളാസ്സ്‌റൂമുകളിൽ അങ്ങേയറ്റത്ത് ഏതേലും കോണിൽ ഇരിക്കുന്ന ചെക്കന്മാരെയും പെണ്ണുങ്ങളെയും ഉന്നം വെച്ചുള്ള ചിറ്റുകൾ പാസ്സ് ചെയ്ത് പൊയ്ക്കൊണ്ടേ ഇരിക്കും. ചുവന്ന ചെക്ക് ഷർട്ടിട്ടു വന്നിരുന്ന ക്‌ളാസിൽ അധികം സംസാരിക്കാത്ത ചുള്ളൻ ചെക്കനെ വട്ടാക്കാൻ സ്ഥിരമായി ചിറ്റെഴുതിയിരുന്ന ഒരു ടീമുണ്ടായിരുന്നു ഞങ്ങളുടെ ഇടയിൽ. അന്നത്തെ ചുള്ളൻ അബി ഇതൊക്കെ ഓർക്കുന്നുണ്ടാകുമോ എന്തോ! മരമാക്രി എന്നെഴുതി അയക്കുന്നതിനു 'പൊട്ടത്തി' എന്ന് തിരികെ വന്നാൽ ഉറപ്പിക്കാം അത് ലവൻ തന്നെ വർക്കി. കാസറഗോഡുകാരനായ വർക്കിയുടെ പൊട്ടന്റെ സ്ത്രീലിംഗം ആണ് പൊട്ടത്തി. (വർക്കി വട്ടപ്പേരാണ്, ശരിക്കുള്ള പേര് പറഞ്ഞാൽ അത് അവനാണ് എന്ന് തോന്നില്ല അതാ  )

ഒരിക്കൽ അവൻ എഴുതി അയച്ച തുണ്ട് കടലാസ്സിൽ അപ്പോഴത്തേ ഒരു സൂപ്പർ ഹിറ്റ്‌ പടത്തിലെ ഡയലോഗ് ആയിരുന്നു - ' ഹം ദോസ്ത് ധെ, ഹൈ, രഹേൻഗേ.... ഹമേശാ ' (Hum Dost the, hain, rahenge… Hamesha). എന്തോ കാര്യത്തിന് വളരെ അസ്വസ്ഥയായിരുന്ന എനിക്ക് ആ ചെറിയ തുണ്ടുകടലാസിലെ ചുരുട്ടിയെറിഞ്ഞ വരികൾ വല്ലാത്ത ആശ്വാസം തന്നു. ആ കടലാസ് ഇപ്പോഴും പഴയ സിനിമയിലെ ഉർവശിയെപ്പോലെ ഞാൻ നാട്ടിലെ വീട്ടിലെ എന്റെ തക്കിട തരികിട പെട്ടിയിൽ സൂക്ഷിച്ചിട്ടുണ്ട് എന്ന് പറഞ്ഞാൽ മനസിലാകുമല്ലോ ആ കുറിപ്പ് തന്ന സന്തോഷം. അന്നുമുതൽ ഇന്നുവരെ ആ സിനിമയും അതിലെ പാട്ടുകളും എനിക്ക് വർക്കിയാണ്. അക്കൊല്ലം തന്നെ കോളേജിൽ ഫിലിം ഫെസ്റ്റിവലിന് ആ സിനിമ വന്നൂട്ടാ ... കോളേജ് പിള്ളേരുടെ പൾസ് അറിഞ്ഞ പടം - ദിൽ ചാഹ്താ ഹൈ. അതുകണ്ട് ഗോവയിൽ പോകണം എന്ന മോഹവും കൊണ്ട് ഞാൻ നടക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറെയായി!

കാലം പിന്നെയും ഉരുണ്ടു.. വിഷുവും വർഷവും ഓണവും ക്രിസ്തുമസും ഒക്കെ വന്നുപോയി.. തുടക്കത്തിൽ പറഞ്ഞതുപോലെ ഇപ്പോഴും ഒരു വിളിക്കപ്പുറം ഉണ്ടെന്ന് ഉറപ്പിക്കുന്ന വിരലിലെണ്ണാവുന്ന സൗഹൃദങ്ങളിൽ അവനുണ്ട് - hameshaa! ആ പഴയ സ്വഭാവത്തിന് ഒരു മാറ്റോം വരുത്താതെ 
ഈ ആശാൻ fb യിൽ ഒന്നുമില്ല ഇപ്പോൾ, അതുകൊണ്ട് ടാഗ് ചെയ്യാനും നിർവാഹമില്ല  അവൻ വായിക്കുമായിരുന്നു എങ്കിൽ ഓനെ ഇത്രോം പുകഴ്ത്തി എന്റെ ബൗ ബൗ എഴുതിയേനെ എന്നത് വേറെ വിഷയം 

https://youtu.be/Xmvzjan0z9c നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongsToLove

Thursday, April 23, 2020

'വെള്ളാടിമുത്തി'

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1991
നാവായിക്കുളം പിജി തിയറ്ററെന്ന എന്റെ സിനിമാസങ്കൽപ്പങ്ങളുടെ പറുദീസയിൽ അന്നൊരു മില്ല് കൂടിയുണ്ടായിരുന്നു.. അരിയും മുളകും മല്ലിയും ഒക്കെ പൊടിപ്പിക്കാനും എണ്ണയാട്ടാനും ബൾക്ക് ആയി മാവരയ്ക്കാനും ഒക്കെ ആൾക്കാർ പോയിരുന്നത് അവിടെയാണ്. അമ്പലത്തിന് മുൻവശത്തും ഒരു മില്ലുണ്ടായിരുന്നതുകൊണ്ട് പിജി തിയറ്ററിലെ മില്ല് പടിഞ്ഞാറേക്കരക്കാരും മറ്റേത് കിഴക്കേക്കരക്കാരും അവരവരുടെ സ്വന്തമായി കരുതി. പിജി തിയറ്ററിലെ മില്ലിൽ ഇതൊക്കെ പൊടിക്കാൻ നിന്നിരുന്ന അണ്ണൻ നമുക്കൊരു ഹീറോ ആയിരുന്നേ - ഈ യന്ത്രങ്ങളുടെ പ്രവർത്തനം ഒക്കെ അറിയാവുന്ന ആളാണല്ലോ  ആളുടെ പേരൊക്കെ ഇപ്പോൾ മറന്നുപോയി - സുനിയെന്നോ സജിയെന്നോ മറ്റോ ആയിരുന്നോ എന്ന് സംശയമുണ്ട്.

ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് മുതലൊക്കെത്തന്നെ വീട്ടിൽ നിന്ന് ഈ മുളക് മല്ലി പൊടിപ്പിക്കാൻ പോകൽ എൻ്റെ ഒരു കുത്തകയാണ്. 'അമ്മ കൊണ്ടുവെച്ചുതന്നിട്ട് പോകും, നമ്മളുടെ ഊഴം ആകുംവരെ നിൽക്കാനുള്ള സമയം അമ്മയ്ക്കുണ്ടാകില്ല.. എന്നാലോ സാമർത്ഥ്യക്കാർ കവറിന്റെയൊപ്പം ആളില്ലെങ്കിൽ വരിതെറ്റിച്ചു കാര്യം നടത്തിപ്പോകുകയും ചെയ്യും. നാട്ടിൻപുറമല്ലേ ഇതൊക്കെയാണല്ലോ ഒരു രസം. ഇതൊഴിവാക്കാനാണ് അമ്മ എന്നെ അവിടെ നിർത്തിപ്പോകുന്നത്. സമയത്തിന് നമ്മളുടെ സാധനമെടുത്തു കൊടുക്കണം പൊടിപ്പിക്കണം, ഏറ്റാൻ പറ്റുന്നത് വീട്ടിലെത്തിക്കണം ബാക്കി അമ്മയെടുത്തോണ്ട് വന്നുകൊള്ളും. പക്ഷേ, അമ്മയ്ക്കറിയാത്ത ഒരു നിഗൂഢഉദ്ദേശ്യം എനിക്ക് ഉണ്ടായിരുന്നു - തീർത്തും സ്വാർത്ഥമായ ഒരാഗ്രഹത്തിന്റെ പുറത്താണ് ഞാൻ ഈ മുളക് -മല്ലി വ്യാപാരത്തിന് ഇറങ്ങുന്നതെന്ന് പാവം അമ്മയ്ക്കറിയില്ലല്ലോ... അതെന്താണെന്നല്ലേ? അതായതുത്തമാ - ഈ പൊടിപ്പിക്കലിന്റെ ക്യൂ മിനിമം ഒരു രണ്ടുമണിക്കൂർ പിടിക്കും, ആ സമയം മുഴുവൻ എനിക്ക് അതേ പറമ്പിൽത്തന്നെയുളള സിനിമാക്കൊട്ടകയുടെ വാതിലിനു പുറത്തിരുന്ന് സിനിമ മുഴുവൻ കേൾക്കാം! എപ്പടി ഐഡിയ? ഒന്ന് പ്ലാൻ ചെയ്ത് പോയാൽ ഏതാണ്ട് കാൽഭാഗം മുതൽ ക്ലൈമാക്സ് വരെയും കേൾക്കാം.

കേബിളോ യുട്യൂബോ ഒന്നും കേട്ടുകേൾവി പോലുമില്ലാതിരുന്ന ആ കാലത്ത് ഞാൻ മനഃപാഠമാക്കിയ സിനിമകളുടെ ഡയലോഗുകൾ, പാട്ടുകൾ ... ഹാ - അതൊരു കാലം!!
അതിലൊരു സിനിമ ഇപ്പോഴും ഓർമയിൽ നിൽക്കുന്നത് അന്നത്തെ 'സിനിമാക്കേൾവി' അത്ര സുഖകരമല്ലാതെ അവസാനിച്ചതുകൊണ്ടാണ്. ആ ആഴ്ചത്തെ സിനിമ ഞങ്ങൾ കാണാൻ പോയിട്ടില്ല, അച്ഛൻ വന്നിട്ട് പിറ്റേന്ന് പോകുമായിരിക്കും - നല്ല കുടുംബചിത്രം ആണെന്നു കേട്ടിരിക്കുന്നു .. ജയറാമാണ് നായകൻ - പക്ഷേ അട്രാക്ഷൻ അതല്ല - മാളൂട്ടിയില്ലേ മാളൂട്ടി -അതന്നെ നമ്മടെ സ്വന്തം ബേബി ശ്യാമിലി കക്ഷിയുണ്ട് അതിൽ - പൂക്കാലം വരവായി. അങ്ങനെ പിറ്റേദിവസം കാണാൻ പോകാനുള്ള സിനിമയാണ് ഓടുന്നത് എങ്കിലും അന്ന് മുളകും മല്ലിയും കൊണ്ട് പൊടിക്കാൻ വെച്ചിട്ട് ഞാൻ ചെവിവട്ടം പിടിച്ച് ഒരു കതകിന് പുറത്തുനിന്നു. ജയറാം കൊച്ചിനെയും കൊണ്ട് വന്നിട്ട് സുനിതയെ കാണിക്കാൻ കൊണ്ടുവരുന്ന രംഗമാണ്. ശബ്ദം കൊണ്ട് ആളെതിരിച്ചറിയാൻ ഒക്കെ ശ്രമിച്ചുകൊണ്ട് അങ്ങനെ നിൽക്കുകയാണ് ഞാൻ, സിനിമ കണ്ടവർക്കറിയാം സുനിതയുടെ പടം വരച്ചിട്ട് 'വെള്ളാടിമുത്തി' എന്നും പറഞ്ഞ് കുഞ്ഞിനെ പേടിപ്പിച്ച് വെച്ചിരിക്കുകയാണ് ജയറാം, അതിന്റെ പേരിൽ സുനിതയുടെ കഥാപാത്രം പിണങ്ങുന്ന രംഗവും പിന്നെ ശ്യാമിലിയുംസുനിതയും കൂട്ടായിട്ടുള്ളൊരു പാട്ടുരംഗവും.

ഇതൊക്കെ കേട്ട് ആസ്വദിച്ച് മുന്പറമ്പിൽ നിന്നും പൊട്ടിച്ച കൈപ്പൻ പേരയ്ക്ക കടിച്ചുംകൊണ്ടും ഞാനങ്ങനെ സ്ഥലകാലബോധം ഇല്ലാതെ നിൽക്കുമ്പോൾ പുറകിൽ നിന്നൊരു വിളി "ഡീ" ന്ന്. വിളിയല്ല ഒരലർച്ച തന്നെ. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അവിടെ കൊട്ടകയുടെ വാതിലിൽ ടിക്കറ്റു മേടിക്കാനിരിക്കുന്ന അപ്പൂപ്പൻ കണ്ണൊക്കെ ചുമപ്പിച്ച് ദേഷ്യത്തിൽ എന്നെ നോക്കിനിൽക്കുവാ. ഞാനങ്ങനെ അവിടെ വന്നു ഒളിഞ്ഞുകേട്ടുനിൽക്കുന്നത് കക്ഷിക്ക് ഇഷ്ടായില്ല.. നല്ല കണ്ണുപൊട്ടുന്ന ചീത്ത! ഇതിനുമുന്നേ കക്ഷിക്ക് അറിയാം ഞാനിത് ചെയ്യുമെന്ന് - പക്ഷേ കിട്ടീട്ടില്ല, അത്രയും നാൾ എനിക്ക് പിടി വീണിട്ടുമില്ല. അന്നത്തെ പാട്ടാണ് കുഴപ്പിച്ചത് അല്ലെങ്കിൽ ഞാനിടയ്ക്കൊരു ചുറ്റുചുറ്റിയാണ് വീണ്ടും വന്നു നിൽക്കുക (4 വാതിലുണ്ടല്ലോ) . എന്തായാലുംഅപ്രതീക്ഷിത ചീത്തവിളിയിൽ ഞാനൊന്നു പകച്ചു .. ഉറക്കെ ഒറ്റക്കരച്ചില് വെച്ചുകൊടുത്തു. അപ്പൂപ്പൻ 'പണി പാളിയോ' എന്ന് സംശയിച്ച തക്കത്തിന് ഞാൻ റോഡും മുറിച്ചോടി വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. അന്ന് പൊടിച്ചതൊക്കെ എടുക്കാൻ അമ്മയ്‌ക്കൊപ്പം പോയപ്പോൾ അപ്പൂപ്പനോട് അമ്മ ഇതൊന്നു സൂചിപ്പിച്ചു, കാശു കൊടുത്തു കാണണം എന്നൊരു മറുപടിയും കിട്ടി. അതോടെ എന്റെ ആ സിനിമാക്കേൾവികൾ അവസാനിച്ചു!

https://www.youtube.com/watch?v=XWSP-ElYwYw


#100DaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongsToLove
#Day97