( eമഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് (2013) )
" നോക്ക് അഭീ, എന്നെ എന്റെ വഴിക്ക് വിട്ടേക്കൂ പ്ലീസ്...!! എന്റെ വട്ടുകളെ മനസിലാക്കാന്‍ നിനക്ക് ഒരിക്കലും കഴിയില്ല. മഴയെ കുറിച്ച് നിനക്ക് പറയാനാ മഴത്തുള്ളികളും, മഴക്കുരുവികളും, മഴക്കാറും മാത്രമേ ഉള്ളുവെങ്കില്‍ എനിക്ക് മഴയിതള്‍പ്പൂവുകള്‍ കൂടിയുണ്ട്. അതിനു മഴയുടെ നിറമാണ്, മഴയുടെ മണമാണ്.. ഒരുപക്ഷെ എനിക്ക് മാത്രമേ അതിനെ അറിയാന്‍ കഴിയുന്നുണ്ടാകുള്ളൂ."
ആരോടോ ഉള്ള വാശി പോലെ അവളത് പറഞ്ഞു നിര്‍ത്തുന്നത് വരെ ഞാനവളെ തന്നെ നോക്കിയിരിക്കും, എപ്പോഴും ഞാന്‍ ചെയ്യാറുള്ളത് പോലെ. അവള് -നിത എന്നാ നിവേദിതാ ദാസ് -എപ്പോഴത്തെയും പോലെ എന്നെ തോല്‍പ്പിച്ച സന്തോഷത്തില്‍ വിയര്‍ത്ത മൂക്കിന് തുമ്പ് അമര്‍ത്തി തുടയ്ക്കുമ്പോള്‍ എന്റെ ചുണ്ടുകള്‍ ചിരിയ്ക്കും ചിരിയില്ലായ്മയ്ക്കും ഇടയിലെ നേര് രേഖയായിരിക്കും . എന്റെയാ ഭാവം അവളെ ദേഷ്യം പിടിപ്പിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ഞാനത് മാറ്റാറില്ല.
കോളേജിലെ ഏതോ പ്രോഗ്രാമില്‍ കവിത അവതരിപ്പിക്കവേയാണ് ഞാനവളെ ആദ്യമായി ശ്രദ്ധിക്കുന്നത്. നഷ്ടസ്വപ്നത്തിനെ കുറിച്ച് ചൊല്ലിയ ആ കവിത നല്ലതാണെന്ന് പറഞ്ഞാണു ഞാനവളെ പരിചയപ്പെട്ടത്.
"ഹലോ നിവേദിത, ഞാന്‍ അഭിജിത്ത് സെക്കണ്ട് ഇയര്‍ ഫിസിക്സ്. കവിത നന്നായിരുന്നു, എന്താ ഈ കവിത എന്നാല്‍ സങ്കടം മാത്രമാണോ? "
ഞങ്ങളുടെ ആദ്യത്തെ വാഗ്വാദം അവിടെ തുടങ്ങി -സൌഹൃദവും.
ഔപചാരികതകള്‍ അനൌപചാരികതയിലേക്ക് വഴി മാറിയപ്പോള്‍ ഞങ്ങള്‍ക്കിടയിലെ വാഗ്വാദം അവളും എന്റെ മൌനവും തമ്മിലായി. നഷ്ടപ്പെടുത്താനാവാത്ത ബന്ധമായി തീരുമ്പോഴും ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്നത് പിണക്കങ്ങളും , കുറുമ്പുകളും ഒടുവിലെന്റെ തോല്‍വിയുമായിരുന്നു.
" സ്വന്തമായൊന്നുമില്ലാത്തവര്‍ക്ക് നഷ്ടങ്ങളെ കുറിച്ച് പറയാന്‍ അവകാശമില്ല അഭീ..നഷ്ടങ്ങള്‍ സ്വന്തമായുള്ളവരോ, അവരെന്തു ചെയ്യും??? എകാന്തത നല്ലതാണ് , ഒറ്റപെടല്‍ വേദനയും അല്ലേടാ? "
എന്നെ ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങളുടെ കലവറ ആയിരുന്നവള്‍.
അവളുടെ നഷ്ടങ്ങളില്‍ ബാല്യകാലവും വളപ്പൊട്ടുകളും, അനുഭവിക്കാത്ത വികാരമായ വാത്സല്യവും, അനുഭവിച്ചറിഞ്ഞ കയ്പ്പുനീരായ ഒറ്റപ്പെടലും നിറയുമ്പോള്‍ ഞാനവളെ മാറ്റാനായി മാത്രം അവള്‍ക്കിഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ തിരയാറുണ്ടായിരുന്നു. നഷ്ടങ്ങളെ കുറിച്ച് മറന്നു അവള് വാശിയോടെ എന്നെ എതിര്‍ക്കുമ്പോള്‍ എന്റെയുള്ളിലെ സൗഹൃദം ചിരിയോടെ ചോദിക്കുമായിരുന്നു , തോല്‍ക്കുന്നതാരാണ് അഭീ എന്ന് !
"എടാ, ഞാനൊരു കുഞ്ഞിനെ ദത്തെടുക്കും, എനിക്ക് മാത്രം സ്നേഹിക്കാനായി. ഇപ്പോഴല്ല, എനിക്കൊരു ജോലി കിട്ടി, സ്വന്തമായി ഒരു നില നില്‍പ്പുണ്ടാകുമ്പോള്‍. ഒരു പെണ്‍കുഞ്ഞിനെ........ അല്ലെങ്കില്‍ വേണ്ട മറ്റൊരു നിത -അത് വേണ്ട അല്ലെ അഭീ ? "
അവള് തന്നെ ചോദ്യവും അവള് തന്നെ ഉത്തരവും പറഞ്ഞിരുന്ന ഈ നിമിഷങ്ങളെ ഞാനൊരുപാട് വെറുത്തിരുന്നു. അനാഥത്വവും ഒറ്റപെടലും അറിയാതിരുന്ന എനിക്ക് അവളോട് തോന്നിയ ആദ്യവികാരങ്ങളില്‍ ഒന്നു സഹതാപമായിരുന്നു എന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ല കാരണം ,
" നോക്ക് , അഭീ ഐ ആം ആന്‍ ഓര്‍ഫന്‍, കരുണാലയത്തിലാണ് താമസിക്കുന്നത്.ഇപ്പോള്‍ പഠിക്കുന്നത് ഏതോ ഒരു നല്ല മനുഷ്യന്റെ സ്പോണ്‍സര്‍ഷിപ് കാരണം. No more questions about it, cos I dont like it.പിന്നെ സിമ്പതിയും വേണ്ട - because I simply hate it "
സൌഹൃദത്തിന്റെ രണ്ടാം നാള് മുഖത്തടിച്ചത് പോലെ പറഞ്ഞ ഈ വാചകങ്ങളെയും അത് പറയുമ്പോഴുള്ള നിന്റെ മുഖഭാവത്തെയും ഞാന്‍ മറന്നിരുന്നില്ല , ഒരിക്കലും.
എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവളുടെ വട്ടുകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഞങ്ങളുടെ സംസാരത്തില്‍ ഒരിക്കലെങ്ങോ വഴി തെറ്റിയെത്തിയ പ്രണയത്തിനെ കുറിച്ചവള്‍ പറഞ്ഞു
" നോക്ക് അഭീ, നിന്റെ പ്രണയമല്ല, എന്റെ പ്രണയം.നിന്റെ പ്രണയത്തിന്റെ പൂര്‍ണ്ണത സ്വന്തമാക്കലില്‍ ആണെങ്കില്‍ എന്നെ സംബന്ധിച്ച് പ്രണയം എന്നത് സ്വന്തമാക്കല്‍ മാത്രമല്ല, ചിലപ്പോഴൊക്കെ നഷ്ടമാക്കല് കൂടിയാണ് . സ്നേഹിക്കാനറിയണം എങ്കില്‍ ത്യജിക്കാന്‍ കൂടി അറിയണം. പിന്നെ ഇപ്പോള്‍ ഈ പ്രണയമെന്നത് ഒരുതരം ഉട്ടോപ്യന്‍ സിദ്ധാന്തം അല്ലേടാ ? "
പറഞ്ഞു സമര്‍ത്ഥിച്ചു കാര്യം നേടിയ സന്തോഷത്തില്‍ അവള് ചിരിച്ചപ്പോള്‍, വിയോജിപ്പിനെ മറച്ചു ഞാനപ്പോഴും ചിരിക്കും ചിരിയില്ലായ്മയ്ക്കും ഇടയിലായിരുന്നു. എന്നെ കുറിച്ചുള്ള നിന്റെ വികാരമെന്തെന്നു ഒരിക്കലും ചോദിച്ചിരുന്നില്ലെങ്കിലും ഒരുപാടിഷ്ടം ആണെന്ന് അറിയാമായിരുന്നു. ഏതു തരം ഇഷ്ടമെന്ന ചോദ്യം പലപ്പോഴും എന്റെയുള്ളില്‍ മാത്രമൊതുങ്ങിയത് ഒരു പക്ഷെ, എന്റെ ഇഷ്ടത്തിന് നീയിഷ്ടപ്പെടാത്ത പ്രണയത്തിന്റെ മുഖച്ഛായ ഉണ്ടെന്നു നീ പറയും എന്ന് ഭയന്നിട്ടാണോ നിതാ ?അറിയില്ല , ഒരു പാടിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം.
ഒരിക്കല്‍ നീ പറഞ്ഞു,
"സ്നേഹിക്കപ്പെടാന്‍ എനിക്കെന്തു കൊതിയാണെന്നോ -എത്ര നല്ല വികാരമാണത്. പക്ഷെ, സ്നേഹം എന്നും ദു:ഖമാണ് സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റും. നീ യോജിക്കില്ലെന്നറിയാം അഭീ, പക്ഷെ ,അതങ്ങനെയാണ്. സ്നേഹം ഒരിക്കലും ഒരു ഭാരമാകാന്‍ പാടില്ല, സ്നേഹിക്കുന്നയാള്‍ക്കും സ്നേഹിക്കപ്പെടുന്നയാള്‍ക്കും...... "
പറഞ്ഞു വന്നതിനെ പകുതിക്ക് നിര്‍ത്തി ഒരു പൊട്ടിച്ചിരിയോടെ നീ മറ്റൊന്നിലേക്കു കടന്നു.
പിരിയുന്നതിനു മുപുള്ള ദിവസങ്ങള്‍ക്കിടയില്‍ നമുക്കിടയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി മൌനം നിറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് ഈ ഭാവം എനിക്കും നിനക്കും അപരിചിതം ആണല്ലോ എന്നായിരുന്നു. ഇനിയുമെന്തോ പറയാന്‍ ബാക്കിയുള്ളത് പോലെ നീ ഒരു അര്ദ്ധവിരാമത്തില് സംസാരം നിര്‍ത്തി എന്നെ നോക്കിയിരിക്കുകയായിരുന്നു.പറയുവാന്‍ എന്തോ ബാക്കിയുണ്ടായിരുന്നിട്ടും നീയത് പൂര്‍ണ്ണമാക്കിയില്ല.അപ്പോള്‍ മാത്രം എനിക്ക് ചൊടിപ്പോടെ പറയേണ്ടി വന്നു
" നിതാ, നീയൊരിക്കലും നിന്റെ മനസിന്റെ ശരിക്കുള്ള വികാരം പ്രകടിപ്പിക്കുന്നതേയില്ല. എന്നോട് പോലും , നീയെന്തിനാ മുഖമൂടി അണിയുന്നത്. എന്താ നിനക്ക് പറയാനുള്ളത് എന്ന് തുറന്നു പറഞ്ഞു കൂടെ നിനക്ക് ? "
കുറ്റപ്പെടുത്തലിന്റെ മൂര്‍ച്ച എന്റെ വാക്കുകളില്‍ ഉണ്ടായിരുന്നിട്ട് കൂടി സ്വതവേയുള്ള വഴക്കിടല്‍ പ്രതീക്ഷിച്ചു നിന്ന എന്നെ നോക്കി, എതിര്‍ക്കാന്‍ മറന്നത് പോലെ നീ ചിരിക്കുക മാത്രം ചെയ്തു.
ഒടുവില്‍, ഒരു മഴച്ചാര്‍ത്തിനിടയില്‍ ഈ വരാന്തകളോട് വിട പറഞ്ഞിറങ്ങുമ്പോഴും കുറുമ്പ് നിറഞ്ഞ യാത്രാമൊഴി ഇനിയും കാണാം എന്നായിരുന്നില്ല ...
" അഭീ, ഇനിയൊരിക്കലും നമ്മള് കാണരുത്, എനിക്ക് നിന്നിലെ നിന്നെ അറിയില്ല ,നിനക്ക് എന്നിലെ എന്നെയും. ഇനിയൊരിക്കല്‍ കാണുമ്പോള്‍ തീര്‍ത്തും അപരിചിതരായി നടന്നു നീങ്ങണം നമുക്ക് , മറവിയ്ക്കു പോലും ഓര്‍മ്മ ഇല്ലാത്ത അപരിചിതര്‍ ...! "
ഒരുപാട് മനസിലാക്കി കഴിഞ്ഞുവെന്നു വിചാരിച്ചിരുന്നിട്ടും ഒരു തരി പോലും മനസിലാക്കിയിരുന്നില്ലെന്നു ,നീയൊരിക്കലും നിന്നെ മനസിലാക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ലെന്ന് ഞാന്‍ അറിഞ്ഞതപ്പോഴാണ് . അതിനു ശേഷമെത്ര പൂവലും,പടര്‍പ്പും കൊഴിഞ്ഞു. എന്തൊക്കെയോ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ ജീവിതം ഈയാം പാറ്റകളെ പോലെ, പകല്‍ കിനാവുകളെ പോലെ പൊഴിഞ്ഞടങ്ങുക ആയിരുന്നു. നീ പറഞ്ഞത് പോലെ നിന്നെയൊരിക്കലും കണ്ടു പിടിക്കാന്‍ ശ്രമിച്ചില്ല , കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല , ഒരു പക്ഷെ കുറെയേറെ നാളുകളായി ഓര്‍ക്കാനും. ഇന്നലെ വരെ നമുക്കിടയിലെ വാഗ്ദാനം പാലിക്കപ്പെട്ടു നിതാ , പക്ഷെ, ഇന്ന് ഇവിടെ ഈ ഹോസ്പിറ്റലില്‍ വെച്ച് ഞാനെന്തൊക്കെയാണ് ഓര്‍ക്കുന്നത്.
നിന്റെ കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പിന്റെ അര്‍ത്ഥമെന്താണ് നിത, നിന്റെ വട്ടുകളെ മനസിലാക്കാന്‍ എനിക്ക് ഒരിക്കലും കഴിഞ്ഞിരുന്നില്ലല്ലോ അല്ലെ?
'എന്റെ പ്രിയ അഭിയ്ക്ക്, ഒരുപാടെഴുതുന്നില്ല ,പറയാതെ പോയതും അറിയാതെ പോയതും ഇനിയൊരിക്കല്‍ പറഞ്ഞു തീര്‍ക്കാമെന്ന പ്രതീക്ഷയില്‍ .... വിട!!! ,
with the secret temptations of an impossible love, yours own nitha. '
എന്റെ അഡ്രസ് എഴുതിയ ഈ കുറിപ്പ് പോലിസുകാരനെന്നെ ഏല്‍പ്പിക്കുമ്പോള്‍ പോലും അത് നിന്റെത് ആകുമെന്ന് ഞാന്‍ കരുതിയില്ല.
മേല്‍വിലാസത്തിലെ കൈപ്പട ഏറെ പരിചയമുള്ളതായിട്ടും ഞാന്‍ തിരിച്ചറിയുന്നില്ല എന്ന് എന്നെ തന്നെ ബോധിപ്പിക്കുകയായിരുന്നു. പക്ഷെ, എനിക്ക് മനസിലാകാത്ത നിന്റെയീ വാക്കുകള്‍ -നിന്നോടുള്ള എന്റെ വാഗ്ദാനം എനിക്ക് പാലിക്കാന്‍ ആകുന്നില്ലല്ലോ നിതാ.
" എക്സ്ക്യുസ് മി മിസ്ടര്‍ അഭിജിത്ത് , ഒന്ന് വരൂ "
ചിന്തകളില്‍ നിന്ന് ഉണര്‍ന്ന അഭിജിത്ത് യാന്ത്രികമായി ആ പോലീസുകാരനോടൊപ്പം നീങ്ങി.മോര്‍ച്ചറിയിലെ തണുപ്പ് ശരീരത്തിനെ പൊതിയുമ്പോഴും തനിക്കു വിയര്‍ക്കുന്നത് അയാള്‍ തിരിച്ചറിഞ്ഞു.
" ഇതാ ഈ ബോഡിയില്‍ നിന്നാണ് ഈ എഴുത്ത് കിട്ടിയത് . താങ്കള്‍ക്ക് ഈ ബോഡി ആരുടേതാണെന്ന് തിരിച്ചറിയാന്‍ ആകുന്നുണ്ടോ? പാറക്കൂട്ടത്തിനിടയില്‍ കുടുങ്ങി കിടക്കുക ആയിരുന്നു , രണ്ടു മൂന്നു ദിവസം ആയി , മീനൊക്കെ കൊത്തിയിട്ടാ കിട്ടിയത് "
പുറത്തെ മഴയുടെ നനുത്ത താളത്തില്‍ കൂടി കടന്നു വന്ന ചോദ്യം. -
" സോറി സര് ഞാനിവരെ അറിയില്ല ! "
പിന്തിരിഞ്ഞു നടക്കവേ അഭിജിത്ത് മഴതുള്ളിയോടു പറഞ്ഞു ,
" നിതാ, നീയോരുപാടിഷ്ടപ്പെട്ടിരുന്ന മഴ ഇപ്പോഴും പെയ്യുന്നു. നമ്മള് വേര്‍പിരിഞ്ഞ ദിവസം നീ പറഞ്ഞതോര്‍മ്മയുണ്ടോ?? ആ വാഗ്ദാനം ഞാന്‍ പാലിച്ചിരിക്കുന്നു -തമ്മില്‍ കണ്ടിട്ടും തിരിച്ചറിയാതെ പോകാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു. നിന്റെ കണ്ണില്‍ എന്നോടുള്ള പരിചയം എനിക്ക് കാണാനും കഴിഞ്ഞില്ല ... കാരണം... !! "
ആ വാചകം പൂര്‍ത്തിയാക്കാന്‍ അയ്യാള്‍ക്ക് കഴിഞ്ഞില്ലെങ്കിലും മഴയിതള്‍പ്പൂക്കളുടെ മണവും ,നിറവും കണ്ണുനീരിന്റെ രുചിയിലലിഞ്ഞയാള്‍ മനസിലാക്കാന്‍ തുടങ്ങി.