Sunday, August 23, 2015

ഒരു വാക്ക്



എഴുത്തിടങ്ങളില്‍ നിന്നൊളിച്ചോടാന്‍
പെട്ടിയുമെടുത്തിറങ്ങുകയാണ് ഒരു വാക്ക് !

പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പഴകിപ്പറഞ്ഞൊരു പ്രണയവും ,വിരഹവും
തികട്ടിത്തീരാതെ നീയും, ഞാനും, ഗ്രാമവും
ഉത്സവപ്പിറേറന്നുകളും, അമ്മയുമുണ്ടായിരുന്നു.

പുറപ്പെട്ടു പോകുന്ന ഓരോ വാക്കിലും
പറഞ്ഞു പഴകിയ ഓര്‍മ്മകള്‍ ഉണ്ടായിരുന്നു -
തിരിഞ്ഞു കടിച്ച നോവുകള്‍ ഉണ്ടായിരുന്നു -
കടലാഴങ്ങളില്‍ മാത്രം കണ്ട സ്വപ്നങ്ങളുണ്ടായിരുന്നു ....

എന്നിട്ടും, അറിഞ്ഞുകൊണ്ട് കൊല്ലപ്പെടാതിരിക്കാന്‍
ഒളിച്ചോടുകയാണ് എന്നില്‍ നിന്നൊരു  വാക്ക് 

Thursday, August 13, 2015

ചിരിക്കുറുംവരികള്‍


1) ചിരിക്കണം ചിരിക്കണം 
എന്നെപ്പോഴും കരുതും ,
ചുണ്ട് സമ്മതിച്ചാലും 
കണ്ണ് ചതിക്കും!



2) കണ്ണിണകളിൽ തുടങ്ങി ,
മൂക്കു വിടർത്തി ,
ചൊടിയൊന്നു നനച്ചുണർത്തി ,
നനുത്ത കവിളിനെ
തിളക്കിയെന്നാലത്
ചിരിയായിടും !




3)ചിരിച്ചു നിന്നൊരെന്നെ നീ
തൊട്ടു നാണിപ്പിച്ചില്ലേ ?


4) ചിരിക്കും ചിരിയില്ലായ്മയ്ക്കും
ഇടയിലൊരു നേർ രേഖ..
വളവു പറയും -
ചിരിയോ കരച്ചിലോ !


5) ചില ചിരികൾക്ക്
വിലയുണ്ട്
ഒരു ജീവന്‍റെ  ,
അരവയറിന്‍റെ ,
ചിലപ്പോഴൊക്കെ
തിക്കിയെത്തുന്ന
അമ്മിഞ്ഞപ്പാലിന്‍റെ  !

6) നീ വന്ന നേരം മാത്രം 
നിൻ ചിരിയല്ല കരച്ചിലു 
കാതോർത്തു ഞാൻ ! - അമ്മച്ചിരി


7) 'മതിയായി' ല്ലെന്ന് കൊതി-
യോതിയപ്പോൾ ,
അമ്മപ്പങ്കെനിക്കു നൽകി
മറ്റാർക്കുമാകാത്ത വണ്ണം
ചിരിച്ചൊരു സംതൃപ്തിച്ചിരി ..



8) കുറുമ്പു കാട്ടിയോടിനാനവൻ ,
പിടിച്ചു നിർത്തിയടിച്ചിടും മുന്നെ -
കുരുന്നു പല്ലുകൾ കാട്ടിച്ചിരിച്ചെന്‍റെ
കയ്യ് നീ കെട്ടിയിട്ടതെങ്ങനെ?



(എഴുത്തൊച്ച' യില്‍ ചിരിയെക്കുറിച്ച്  കുറിച്ച ഹൈക്കുവാണെന്ന് ഒരവകാശവാദവും ഇല്ലാത്ത ചില വരികള്‍! )

Thursday, August 6, 2015

പനിയൊച്ചകള്‍

'എഴുത്തൊച്ച' യില്‍ പനിയെക്കുറിച്ച്  കുറിച്ച ഹൈക്കുവാണെന്ന് ഒരവകാശവാദവും ഇല്ലാത്ത ചില വരികള്‍!


(1) പനിക്കാലമെന്നാൽ 
ചുടു കഞ്ഞി, തണുതുണി,,
ചവർപ്പുനീരിൻ മടുത്ത ഗന്ധം!

(2) ഒന്നു പനിക്കണം ,
നിൻ കമ്പിളി പുതച്ചുറങ്ങാൻ

(3) മൂക്കുമ്മകൾ വേണ്ടെന്നവൾ ,
പനിക്കയ്പ്പിനു മണമുണ്ടത്രേ !

(4) ഉടലാഴങ്ങളിൽ തണുത്തു ,
വിറയ്ക്കുമ്പോൾ 
ചൂടേറ്റുന്നത് അമ്മത്തട്ടും നിന്‍റെ നെഞ്ചും ! 

(5) പനിച്ചത്  മകന് ,
പൊള്ളിയതും വിറച്ചതും 
എനിക്ക്!

(6) നാരങ്ങാനീരിന്‍റെ  ചവർപ്പ് , 
ഉടൽ ഞരമ്പുകളിൽ
ടെക്വീലപ്പൊള്ളൽ.. 

(7) പണ്ട് പനി യിഷ്ടം,
കഞ്ഞി, കട്ടിൽ ,ഉറക്കം !
ഇന്ന് പനിപ്പേടി -
'അമ്മേ മാമു ' വിളികളിലെ പ്രതീക്ഷ! 


(8)നിന്‍റെ  പനിമണങ്ങൾ 
എനിക്കൊരിക്കലും 
മടുക്കാത്ത കൊതിയാണ് ,
ഉടലുടുപ്പിന്‍റെ  മയക്കുന്ന മണം !

(9) അച്ഛനു പനി വരും... 
എനിക്കുമനിയനും വരും, 
അമ്മയ്ക്കു മാത്രം 
പനി വരില്ല, കളളിയമ്മ !