Sunday, December 8, 2019

ടീനേജ് എന്ന തേനേജ്

മക്കളുടെ ടീനേജ് പ്രായം എന്നത് എല്ലാ രക്ഷകർത്താക്കളും കുറച്ചു ഉൾഭയത്തോടെ മാത്രം  ചിന്തിക്കുന്ന ഒന്നാണ് എന്ന് തോന്നുന്നു.  സ്വന്തമായിട്ടുള്ള രണ്ടെണ്ണം  ടീനേജ് ആകാനിനിയും വർഷങ്ങൾ ഉണ്ടെങ്കിലും  അനന്തരോന്മാരും സുഹൃത്തുക്കളുടെ മക്കളും ഒക്കെച്ചേർന്നു നല്ലൊരു കൗമാരപ്രായക്കൂട്ടത്തെ ഞാനും കാണാറുണ്ട്. ഇത്തവണത്തെ  ടോപ്പിക്കിൽ എന്താണ് ഉൾപ്പെടുത്തേണ്ടത് എന്ന് ഒരുകൂട്ടം സുഹൃത്തുക്കളോട്   ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമാണ്  ഈ പ്രാവശ്യം  കൗമാരക്കാർക്കൊപ്പം ആകാം കറക്കം എന്ന് ചിന്തിപ്പിച്ചത്. എല്ലാവരെക്കുറിച്ചും പൊതുവേ മാതാപിതാക്കളുടെ പരാതി  അവർ സംസാരിക്കുന്നില്ല ,  ഒന്നും ഗൗരവതരമായി കാണുന്നില്ല , അനാവശ്യകാര്യങ്ങൾക്ക് വേണ്ടി വഴക്കുണ്ടാക്കുകയോ വിഷമിക്കുകയോ ചെയ്യുന്നു,  പൊതുവെ എന്തിനെയും എതിർക്കാൻ ഒരു പ്രവണത എന്നതൊക്കെയാണ്. കാര്യം പറയുമ്പോൾ ഇതൊക്കെ അച്ഛനമ്മമാരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ശരിയുമാണ്.  എന്നാൽ അങ്ങനങ്ങു ഒരുഭാഗം മാത്രം ചേർന്ന് കാണാൻ പറ്റില്ലല്ലോ - ഒരു ടീനേജ് അമ്മയല്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഈ ലേഖനമെഴുതാൻ ഇരുന്നത് എന്നുംപറയാം. സ്വന്തമനുഭവങ്ങൾ കൂടിച്ചേർന്നതാണ് 'അമേരിക്കൻ മോ'മിൻറെ  മിക്ക ലേഖനങ്ങളും പക്ഷേ, ഇത് എഴുതാൻ കാര്യമായ അനുഭവമില്ലാത്തത് കൊണ്ട്  കുറച്ചു കൗമാരക്കാരോടും കുറച്ചു കൗമാരപ്രായക്കാരുടെ അച്ഛനമ്മമാരോടും സംസാരിച്ചു. അങ്ങനെ പുറത്തു നിന്നും കാണുന്ന ഒരാളായി രണ്ടു കൂട്ടരോടും സംസാരിച്ചപ്പോൾ തോന്നിയത് - അച്ഛനമ്മമാർക്ക് അവരുടെ കൗമാരകാലം ഓർമയുണ്ടാകുകയും കുട്ടിപ്പട്ടാളത്തിന്‌ അവരുടെ കൗമാരം അടുത്ത 7-8 വർഷത്തിനുള്ളിൽ തീരുമെന്ന് ഒരു ചിന്തയുണ്ടാകുകയും ചെയ്താൽ  കാര്യങ്ങൾ വളരെ സിംപിൾ ആണെന്നാണ്! ഇത് വായിക്കുന്ന ഏതൊരു രക്ഷിതാവും ഇപ്പോൾ എന്നെ ഒന്ന് "പുശ്ചിച്ചു" ചിരിക്കും എന്നെനിക്കറിയാം - കാരണം നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ ആണല്ലോ! അപ്പോൾ പ്രതിസന്ധികളും പരിഹാരങ്ങളും സിംപിൾ ആകുമല്ലോ എന്ന്! എന്നിരുന്നാലും കൗമാരകാലത്ത്  ഒരു ട്രബിൾ മേക്കർ/ റിബൽ പദവിയുണ്ടായിരുന്ന ആളെന്ന നിലയിൽ ഞാൻ കുറച്ചുനേരം നിങ്ങളുടെ ആ ടീനേജ് കൊച്ചിന്റെ സ്ഥാനമേറ്റെടുത്തു കൊണ്ട് ഇച്ചിരെ കാര്യങ്ങൾ പറയാൻ പോകുവാണേ  - മക്കൾ സംസാരിക്കുന്നില്ല എന്ന പരാതി നമുക്കിപ്പോൾ തീർക്കാം.



1.  'ഞങ്ങൾ പിള്ളേർക്ക് കുറച്ച് സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു തരുക' -

 അധികമായാൽ അമൃതും വിഷമാകുന്നത് പോലെ തന്നെ ചിന്തിക്കേണ്ട കാര്യമാണ് 

 ആവശ്യത്തിന്  പോലുംഭക്ഷണം ഇല്ലാതെയിരിക്കുന്നതും.  
കൗമാരക്കാർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റി സ്ഥാപിക്കാൻ അവസരം നൽകുന്നത്അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് ഒക്കെ  ലോകത്തിൽ സ്വന്തം സ്ഥാനം സ്ഥാപിക്കാൻ അവരെ സഹായിക്കുന്നതിന് അത്യാവശ്യമാണ്. എന്നുകരുതി ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് തീർത്തും മോശമായ ഒരു കൂട്ടുകെട്ടിലാണ് കുട്ടികൾ  ചെന്നുചാടുന്നത് എങ്കിൽ  അത് അനുവദിക്കണം എന്നല്ല. അവിടെയാണ് രണ്ടാം പോയിന്റ് വരുന്നത്. 

2. വീട്ടിലേക്ക് ഇടയ്ക്കൊക്കെ മക്കളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക - 

പണ്ടുകാലത്തും ഇത് വേണ്ടതായിരുന്നു എങ്കിലും ഇന്നത്തെ മാറുന്ന കാലത്ത് ഇത് അത്യാവശ്യം ആണ്. പണ്ടൊക്കെ ചുറ്റുവട്ടങ്ങളിൽ തന്നെയാകും കുഞ്ഞുങ്ങൾ പഠിക്കുക ഒരു ഡിഗ്രിയൊക്കെ ആകും വരെ. ഇപ്പോൾ  അങ്ങനെയല്ലാത്തത് കൊണ്ടും പലപ്പോഴും നമ്മളിൽ പലരും നാടും വീടും  ദൂരെയിടങ്ങളിൽ നിൽക്കുന്നത് കൊണ്ടും  കുട്ടികൾ ഇടപഴകുന്ന ആളുകൾ നമുക്ക് അപരിചിതരാകാം.  എളുപ്പവഴി കുട്ടികളോട് തന്നെ സുഹൃത്തുക്കളെക്കുറിച്ചു സംസാരിക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതാണ്. പലപ്പോഴും പിയർ പ്രെഷർ എന്നത് ബ്രാൻഡഡ് സാധങ്ങങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല പെരുമാറ്റ രൂപീകരണത്തിലും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു സുഹൃത്തിനെ പൂർണമായും ഒഴിവാക്കാൻ കൗമാരപ്രായക്കാരെ ഉപദേശിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉണ്ടാക്കും. ഓർക്കുക ഞങ്ങൾ കൗമാരക്കാർക്ക് എതിർക്കാനാണ് ഇഷ്ടം! 

അതിൽ നിന്ന് നമ്മൾ മൂന്നാമത്തെ പോയിന്റിലേക്ക് എത്തുകയാണ്,


3. കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യത്തിലും ആദ്യ പ്രതികരണം "നോ"  ആകരുത് -  എല്ലാത്തിലും മക്കളെ എതിർക്കുക/ വഴക്കു പറയുക  എന്നതാകരുത്  നിങ്ങളുടെ മോട്ടോ.  മുടി നീട്ടി വളർത്തുന്നതോ, സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നതോ ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പഠനമേശയോ ഒന്നും വലിയ വിഷയമല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞാൽ അത് സമാധാനപൂർണമായ ഒരന്തരീക്ഷം സൃഷ്ടിക്കും. മിക്ക കുട്ടികൾക്കും -ടീനേജ് എന്ന വലിയ ബബിളിനുള്ളിൽ ആ ചെറിയ കുഞ്ഞാകാനാണ് ഇഷ്ടം. അതേസമയം ഓരോ കുഞ്ഞും ഒരു വ്യക്തിയുമാണ് - കുറച്ചു പരസ്പര വിരുദ്ധ വാചകങ്ങൾ ആണെന്ന് അറിയാം, അതിലേക്ക് നമ്മുടെ നാലാമത്തെ പോയിന്റിനെ ചേർക്കാം


4.  നിയമങ്ങളും അച്ചടക്കവും മുൻകൂട്ടി തീരുമാനിക്കുക: 

സിംഗിൾ പേരന്റ് അല്ലാത്ത എല്ലാ രക്ഷാകർത്താക്കളും മക്കളെ കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ചുവേണം തീരുമാനങ്ങളിൽ എത്താൻ. അച്ഛനെ മറികടന്നു അമ്മയോ അമ്മയെ ചെറുതാക്കി അച്ഛനോ കുട്ടികൾക്ക് കാര്യങ്ങൾ സാധിച്ചുകൊടുക്കുന്നതോ  ശിക്ഷകൾ കുറയ്ക്കുന്നതോ പലപ്പോഴും വിപരീതഫലം ചെയ്യും - ഇന്റർനെറ്റ് കട്ട് ചെയ്യുന്നതോ, പോക്കറ്റ് മണി കുറയ്ക്കുന്നതോ, ബൈക്ക് എടുക്കാൻ സമ്മതിക്കില്ല എന്നുള്ളതോ അങ്ങനെ എന്തുമാകാം ശിക്ഷകൾ. പക്ഷേ  എല്ലാത്തിനും ഒരേ ശിക്ഷകൾ ആകരുത് , അങ്ങനെയൊരു അച്ചടക്കനടപടി നേരത്തെ പറഞ്ഞിട്ടുണെങ്കിൽ നടപ്പാക്കാൻ മടിക്കുകയും അരുത്!  കുട്ടികളെയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു തീൻമേശ ചർച്ച നടത്തിയാൽ നിങ്ങൾ ചിന്തിക്കാത്ത പലതും ആ കുട്ടിമനസുകളിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസിലാക്കാം. ഇത് ശരിയല്ലെന്ന് കുട്ടി പറഞ്ഞാൽന്യായമായ ശിക്ഷയെന്താണെന്ന് നിങ്ങൾ അവരോട് സംസാരിക്കുകയും മനസിലാക്കുകയും വേണം.


അപ്പോൾ അതാണ്‌ അഞ്ചാം നിയമം 

5. ദിവസത്തിലെ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം കുട്ടികൾക്ക് ഒപ്പം ആക്കുക - 


ആ സമയം നിങ്ങളുടെയും പങ്കാളിയുടെയും മൊബൈലുകൾക്ക് അവധി കൊടുക്കാം ടിവിയ്ക്കും വിശ്രമം കൊടുക്കാം എന്നിട്ടു നിങ്ങൾ നിങ്ങളുടെ ദൈനം ദിന വിശേഷങ്ങൾ തീൻമേശയിൽ ഒരു വിഭവം ആക്കുക - സംസാരിച്ച എല്ലാ ടീനേജർക്കും ഉണ്ടായിരുന്ന പരാതി - അച്ഛനുമമ്മയ്ക്കും സംസാരിക്കാൻ പഠനം മാത്രമേ വിഷയമുള്ളൂ എന്നാണ് ! പഠനം ഭക്ഷണമേശയിൽ എത്തിക്കാതെ നിങ്ങളുടെ ജോലിയിലെ ആവശ്യമില്ലാത്ത ടെൻഷൻ അവിടെ വിളമ്പാതെ മറ്റെന്തൊക്കെ കാര്യങ്ങൾ സംസാരിക്കാം എന്നാലോചിക്കൂ. അഥവാ ടെൻഷനുള്ള ചില കാര്യങ്ങൾ ഉണ്ടെങ്കിൽ കുട്ടികളോടും കൂടി ഷെയർ ചെയ്യുന്നത് അവരുടെ കാഴ്ചപ്പാടുകൾ, അഭിപ്രായങ്ങൾ ആ കാര്യത്തിൽ എന്തെന്ന് ചോദിച്ചറിയുന്നത് തീർച്ചയായും കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. 



ആറാം പോയിന്റായി ഞാൻ പറയാൻ പോകുന്നതും അതാണ് 


6. സംസാരിച്ചാൽ മാത്രമേ പോരാ - കേൾക്കണം. 


"പലപ്പോഴും ഉപദേശങ്ങളും അപ്പുറത്തെ വീട്ടിലെ കുട്ടിയോട് കമ്പാരിസണും മാത്രമാണ് അമ്മയ്ക്കും അച്ഛനും സംസാരിക്കാനുള്ളത്. എന്തെങ്കിലും കുറ്റം കേട്ടാൽ അതിനെക്കുറിച്ചു ഞങ്ങളോട് ചോദിക്കുക പോലും ചെയ്യാതെ കുറ്റവാളിയെന്ന് ആദ്യമേ വിധിക്കും. അപ്പോൾപ്പിന്നെ അങ്ങനെ  തന്നെയങ്ങു  പോകട്ടെയെന്നു വെയ്ക്കും " - പറഞ്ഞത് മിടുക്കിയായ ഒരു പതിനാറുകാരിയാണ്. പ്രണയമുണ്ടെന്നു മറ്റാരോ പറഞ്ഞറിഞ്ഞത് അച്ഛനും അമ്മയും അവളോട് ചോദിക്കുകപോലും ചെയ്യാതെ പരിശോധനകൾക്കും വിലക്കുകൾക്കും വിധേയയാകേണ്ടി വന്നപ്പോൾ! പറയുന്നതിൽ കാര്യമുണ്ട് അല്ലേ ? നമ്മുടെ മക്കളെ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണ്ടേ? 


7. പ്രണയം / സെക്സിനെക്കുറിച്ചുളള കൗതുകം എന്നതൊക്കെ  കൗമാരകാലത്ത് മിക്ക കുട്ടികളിലും ഉണ്ടാകുന്ന വളർച്ചയുടെ ഭാഗമായി സംഭവിക്കുന്നതാണ് എന്ന് മാതാപിതാക്കൾ എത്രയും പെട്ടെന്ന്  മനസിലാക്കിയാൽ അത്രയും പെട്ടെന്ന് കൗമാരക്കാരുമായി കൂട്ടാകാം. സ്വന്തം മക്കളോട് ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചും മോശം തീരുമാനങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറ്റവും പറ്റിയ ആൾ നമ്മൾ തന്നെയാണ്. അത് പ്രണയം ആയാലും സേഫ് സെക്സ് ആയാലും മയക്കുമരുന്നുകളുടെ ഉപയോഗം ആയാലും   കുഞ്ഞുങ്ങളോട് തുറന്നു  സംസാരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. 


8.  മദ്യപാനം പുകവലി പാൻപരാഗ് മയക്കുമരുന്ന് ഇതൊക്കെ കൗമാരകാലത്തെ കുട്ടികളെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ ആണ് - പക്ഷേ, മൂക്കുമുട്ടെ കള്ളുകുടിച്ചു വീട്ടിൽ വരുന്ന അച്ഛൻ മദ്യപിക്കരുത് എന്ന് പറയുന്നത് കേൾക്കാൻ  ചിലപ്പോൾ എല്ലാ കുട്ടികൾക്കും കഴിഞ്ഞുവെന്ന് വരില്ല. സകല സമയവും ടിവിയുടെ  മുന്നിൽ ഇരിക്കുന്ന അമ്മയോ അച്ഛനോ കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിനെക്കുറിച്ചു വിഷമിച്ചിട്ട് എന്ത് കാര്യം?  മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞുകൊടുക്കുന്നതിനൊപ്പം തന്നെ കുട്ടികളിൽ ഇതൊക്കെ ശ്രമിച്ചു നോക്കാനുള്ള പ്രലോഭനങ്ങൾ കൂടുതലാണെന്നതും മറക്കരുത്. കുട്ടികൾക്ക് നമ്മളോട് എന്തും പറയാനുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായ വിഷയം. 

 9. മക്കൾക്ക് റോൾ മോഡൽ ആകുക - 

അതിന്റെ ആദ്യപടി വീട്ടിൽ നിന്ന് തന്നെയാണ്. അമ്മയെ അടിക്കുന്ന അച്ഛൻ, അച്ഛന്റെ അമ്മയെ ചീത്ത പറയുന്ന അമ്മ, ബന്ധുക്കളെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം  പറയുന്ന രക്ഷിതാക്കൾ, എല്ലാവരെയും സംശയത്തോടെ കാണുന്നത്, എന്തിനെയും പണത്തിന്റെ തൂക്കത്തിൽ കാണുന്നത്, ആളുകളെ അവജ്ഞയോടെ കാണുന്നത്  എന്നുവേണ്ട നിങ്ങൾ കാണിക്കുന്ന ഓരോ കാര്യത്തിനെയും ഒന്നുകിൽ അതേപോലെ മനസിലേക്ക് എടുത്ത് അനുകരിക്കുന്ന അല്ലെങ്കിൽ ഈ പറഞ്ഞതിനെയൊക്കെയും നിങ്ങളെയും എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരാളായാണ് നിങ്ങളുടെ കുഞ്ഞ് വളരുക. ഒരു കൗമാരപ്രായമായ മകൾക്കോ മകനോ നിങ്ങൾ പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും അവർ അത് നിങ്ങളുടെ പ്രവർത്തിയിൽ നിന്നാണ് എടുക്കുക - പറച്ചിലിൽ നിന്നല്ല!

10. ഒരുപക്ഷേ ഇത്രയും നേരം പറഞ്ഞതിൽ ഏറ്റവും പ്രയാസമുളള കാര്യമാകും ഈ പത്താമത്തെ പോയിന്റ് :  കുട്ടികൾക്ക് കുറ്റബോധം ഉണ്ടാകാൻ അനുവദിക്കുക -  

കുട്ടികൾ ചെയ്യുന്നതും പറയുന്നതുമായ എന്ത് കാര്യത്തിനും രക്ഷിതാക്കൾ  ന്യായം കണ്ടെത്തേണ്ട ആവശ്യമില്ല എന്ന് മാത്രമല്ല  അവർ ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അവരെ മനസിലാക്കിക്കുക എന്നത് കൂടി പ്രധാനമാണ്. അവരോടൊപ്പം നിന്നുകൊണ്ടുതന്നെ അവരുടെ പ്രവർത്തിയ്ക്കുള്ള പ്രായശ്ചിത്തം, പരിഹാരം ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ഓരോ വട്ടവും വീഴുമ്പോൾ താങ്ങിയെണീക്കാൻ തോളുണ്ടാകുന്നത് നല്ലതാണ്. അതേ സമയം, വീണുപോകും എന്ന് ഭയന്ന് എടുത്തുകൊണ്ടു നടന്നാൽ അത് നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഒരു യുവ ജനതയെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. 

ടീനേജ് വിശേഷങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല - അപ്പനുമമ്മയ്ക്കും ടീനേജേഴ്‌സിനെ എങ്ങനെ വീട്ടിലെ  പല കാര്യങ്ങളിൽ ഇടപെടുത്തി മുന്നോട്ട് കൊണ്ടുപോകാം എന്നത് അടുത്ത ലക്കത്തിലേക്ക് മാറ്റി വെക്കുന്നു. 



ഇത്രയും അതിഭീകരൻ കാര്യങ്ങളൊക്കെ എഴുതിവെച്ചിട്ട് രണ്ടുമൂന്നുകൊല്ലം കഴിയുമ്പോൾ ഞാൻ എന്റെ ടീനേജറോട്  പെരുമാറുന്നത് ഇതിന്റെയൊക്കെ വിപരീത ദിശയിൽ ആകാൻ സാദ്ധ്യതയുണ്ട്. അപ്പോൾ ഞാനീ ലേഖനം  ഒന്നുകൂടി എടുത്തു വായിക്കും, എന്നിട്ടോർക്കും  - മറ്റൊരാളുടെ കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട്, മറ്റൊരു കുട്ടിയുടെ രക്ഷിതാക്കളെ കേട്ട് ഇത്രയുമൊക്കെ ചിന്തിച്ചെങ്കിൽ അന്ന് ചിന്തിച്ചതിൽ കാര്യമുണ്ടാകണം .. എന്നിട്ട് ടീനേജർ കുട്ടികൾ ഇല്ലാത്ത മറ്റൊരു സുഹൃത്തിനോട് ഞാൻ ഉപദേശം ചോദിക്കും!   



(OURKIDS 2019 December Edition) 


Monday, November 11, 2019

അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു

മഴയോടൊപ്പം സ്‌കൂൾ തുറന്നെത്തുന്ന ജൂൺ - നാട്ടിൽ പുതിയൊരു സ്‌കൂൾ കാലത്തിലേക്ക് കുഞ്ഞുങ്ങൾ കടക്കുമ്പോൾ ഇവിടെ അമേരിക്കയിൽ വേനൽക്കാലത്തിന്റെ  തുടക്കമാണ്, അതുകൊണ്ട് തന്നെ ജൂൺ ഞങ്ങളുടെ വേനലവധിക്കാലമാണ്. ഇവിടുത്തെ അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു എന്ന ചില കഥകളാണ് ഇത്തവണ. നാട്ടിലെ അവധിക്കാലം കഴിഞ്ഞെങ്കിലും കടും ചൂട് മാറി മഴവന്ന് തളിരും പൂവും കിളികളുമൊക്കെ വരുന്ന സമയമായത് കൊണ്ട് ഇനി പറയുന്നവയിൽ ചിലവ നാട്ടിലും പരീക്ഷിക്കാം.


                          ഇവിടെ സാധാരണ മൂന്ന് മാസത്തോളം ആണ് വേനലവധി. തണുപ്പ് കൂടിയ പ്രദേശത്തായത് കൊണ്ട് ജൂൺ ആദ്യവാരം കഴിയും ഞങ്ങളുടെ പ്രദേശത്തെ സ്‌കൂളൊക്കെ പൂട്ടാൻ. സെപ്തംബര് ആദ്യവാരമേ തിരികെ തുറക്കുകയുമുള്ളൂ. അതുകൊണ്ടുതന്നെ കുട്ടിപ്പട്ടാളങ്ങളെ മെരുക്കാൻ എന്തെങ്കിലുമൊക്കെ സൂത്രപ്പണി ചെയ്തില്ലെങ്കിൽ മൂന്നുമാസം കടന്നുപോകാൻ കഷ്ടപ്പെടുകയും ചെയ്യും. ഉദ്യോഗസ്ഥരായ മാതാപിതാക്കൾ ആണെങ്കിൽ മിക്കവാറും കുട്ടികൾ സമ്മർ കാമ്പുകളിലാകും വേനലവധിയുടെ പകൽ സമയങ്ങൾ ചിലവഴിക്കുക. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കരുത്/ ഇരുത്തരുത്  എന്ന കർശനനിയമം ഉള്ളത് കൊണ്ടുതന്നെ YMCA , കരാട്ടെ സ്‌കൂളുകൾ, പാർക്ക്&റിക്രിയേഷൻ ക്ലബുകാർ, നീന്തൽ  സ്‌കൂളുകൾ, പള്ളികൾ   അങ്ങനെ അനവധി സ്ഥാപനങ്ങൾ ഇത്തരം സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയം കുട്ടികൾക്ക് പലവിധ കളികളും, പ്രോജെക്ടുകളും ഒക്കെയായി ആവേശമുണർത്തുന്ന രീതിയിലാണ് സംഘടിപ്പിക്കുക. 


                    മിക്കപ്പോഴും അപ്പൂപ്പനമ്മൂമ്മമാരൊക്കെ ഇന്ത്യയിൽ നിന്ന് ഇവിടേക്ക് വരുന്ന സമയവുമാണ് ഈ അവധിക്കാലങ്ങൾ.  അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക്  വീട്ടിൽ തന്നെ സമയം ചിലവഴിക്കാൻ കഴിയും. സ്‌കൂൾ അടച്ചുകിട്ടുന്ന ഈ സമയം ഒരു വേനലവധിയായിത്തന്നെ കുട്ടികൾക്ക് അനുഭവവേദ്യമാകണമെന്ന് ആഗഹിക്കുന്ന രക്ഷിതാവാണ്‌ ഞാൻ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അവർ രാവിലെ  10 മണി വരെ കിടന്നുറങ്ങുകയും രാത്രി വൈകുവോളം അവർക്കിഷ്ടമുള്ള സിനിമ കാണുകയും വെയിലൊന്ന് താഴുമ്പോൾ സൈക്കിളുമെടുത്ത് ചുറ്റിയടിക്കുകയും ഒക്കെ ചെയ്യുക അല്ലേ? പക്ഷേ, പലപ്പോഴും ഇതൊന്നും നടക്കാറില്ല പല വീടുകളുടേയും സാഹചര്യത്തിൽ,പ്രത്യേകിച്ചും രണ്ടുപേരും ജോലിക്കാരാകുമ്പോൾ.


                               ഇത്തവണത്തെ അവധിക്ക് മൂത്തയാൾ ആവശ്യപ്പെട്ടിരിക്കുന്ന ഒരു കാര്യം നൈറ്റ് ക്യാംപിനു കൊണ്ടുപോകണം എന്നാണ്. കഴിഞ്ഞ രണ്ടുകൊല്ലമായി കൊണ്ടുപോകാം കൊണ്ടുപോകാം എന്ന് പറച്ചിൽ അല്ലാതെ ഇതുവരെ ആ പ്രോമിസ് ഞങ്ങൾ പാലിച്ചിട്ടില്ല എന്നാണ് ആശാന്റെ പരാതി. പരാതിയിൽ കാര്യവുമുണ്ട്- കഴിഞ്ഞ രണ്ടുകൊല്ലങ്ങളിലും ഇളയ ആൾ തീരെ ചെറുതായിരുന്നു എന്നതും, നാട്ടിൽ നിന്നും വയസായ മാതാപിതാക്കൾ വന്നിരുന്നതും പുറത്തൊരിടത്ത് ടെന്റ് കെട്ടിയുള്ള ഒരു ക്യാമ്പിങ്ങിനു പോകുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ ആ പരാതി കയ്യോടെ തീർക്കുക എന്നതാണ് വേനലവധിയുടെ ഒരു പ്രധാന ആകർഷണം. ലോകത്തിലെ എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള കാര്യമാകും അത് - ആകാശം കാണുന്ന രീതിയിൽ ഒരിടത്ത് ഒരു കൂടാരം, അവിടെ രാത്രി നക്ഷത്രങ്ങളെയൊക്കെ കണ്ടൊരു ഉറക്കം. നാട്ടിൽ പലയിടങ്ങളിലും ഇപ്പോൾ ഇത്തരം ക്യാംപ് & ഹൈക്ക് ഒക്കെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. വലിയ കാശുമുടക്കിയുള്ള യാത്രകളും ഹൈക്കിങ്ങും ഒന്നും ചെയ്തില്ലെങ്കിലും സ്‌കൂൾ മുറ്റത്തോ, പള്ളി മൈതാനത്തോ  ഒക്കെ ഒരു ചെറിയ ക്യാംപിങ്, വാനനിരീക്ഷണം സംഘടിപ്പിച്ചാൽ അത് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവുംവലിയ സമ്മാനമാകും.
With the Tent he made :) 

Campfires are always fun 

WE 


അവധിക്കാലം ഇവിടെ മനോഹരകാഴ്ചകളുടെ കാലം കൂടിയാണ്.        അതിശൈത്യം കഴിഞ്ഞു മരങ്ങളിലൊക്കെ തളിരുകളും പൂവുകളും വന്നുതുടങ്ങി. ഒക്ടോബർ വരെ ഇവിടെ പ്രകൃതി  പലതരത്തിലുള്ള പൂവുകൾ, കായ്കൾ, നിറം മാറുന്ന ഇലകൾ ഒക്കെയായി ഒരു തൃശൂർപ്പൂരത്തിലെ കുടമാറ്റപ്രതീതിയാണ് കാഴ്ച വെക്കുക. മാത്രവുമല്ല ഇതൊരു "മൈഗ്രേഷൻ വേ" ആയത് കൊണ്ട് പലതരം കിളികൾ ദേശാടനം നടത്തുന്ന സമയം കൂടിയാണ്. മിക്ക വീടുകളുടെയും പുറത്ത് പക്ഷികൾക്കായി ഒരൽപം ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടാകും.  ഇവിടെ വീടിനു പിന്നാംപുറത്തും വലിയൊരു മേപ്പിൾ മരത്തിൽ  രണ്ട് കിളിക്കൂടുകൾ തൂക്കി - കിളിക്കൂട് എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല, പക്ഷികൾക്ക് തീറ്റ കൊടുക്കാവുന്ന തരം കൂടുകൾ. പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന കിളികൾക്ക് കൊടുക്കാൻ കഴിയുന്ന വിത്തിനങ്ങൾ, തിന ഒക്കെ കടയിൽ നിന്ന് വാങ്ങാൻ കിട്ടും. മെയ് തുടങ്ങിയപ്പോൾ തന്നെ പക്ഷിഭക്ഷണത്തിന്റെ ഒരു വലിയ കൂടു വാങ്ങി ആശാന്റെ കയ്യിൽ കൊടുത്തു. ഇനി വരുന്ന കിളികൾക്ക് സമയാസമയം അന്നം കൊടുക്കേണ്ട ജോലി അവനാണ്. കൂട്ടത്തിൽ രണ്ടു ബുക്കുകളും നൽകി - 1. Beginning Birdwatcher's Book: With 48 Stickers (Dover Children's Activity Books) 2. Backyard Birds (Field Guides for Young Naturalists). രണ്ടാമത്തെ ബുക്കിൽ പലതരം കിളികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ആണെങ്കിൽ, ഒന്നാമത്തേതിൽ ഓരോ കിളിയുടെയും സ്റ്റിക്കറുകളും അതിന്റെ ചെറുകുറിപ്പുകൾ എഴുതി ഒട്ടിയ്ക്കാനുള്ള ഒരു ഡയറി പോലെയുമാണ്. ആദ്യത്തെ പക്ഷിഡയറി അങ്ങനെ ഇക്കൊല്ലം മൂത്തവൻ കരസ്ഥമാക്കി. കിളികൾ കൂട്ടത്തോടെ വന്നുതുടങ്ങുന്ന സമയം ആകാഞ്ഞിട്ടുകൂടി ഏകദേശം 15 തരം കിളികളെ ആൾ കണ്ടുപിടിച്ച് സ്റ്റിക്കറൊക്കെ ഒട്ടിച്ച് ബുക്കിന്റെ പണി തുടങ്ങി. ഈ രണ്ടു ബുക്കുകളും ഇവിടെയുള്ള കിളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. പക്ഷേ, ഒന്ന് ശ്രമിച്ചാൽ  നാട്ടിലെ കിളികൾക്ക് വേണ്ടിയുള്ള ഇത്തരമൊരു ബുക്ക് കിട്ടിയേക്കും. എല്ലാ കുട്ടികൾക്കും ഒരു പ്രായം ആകുന്നിടം വരെ കിളിയും നക്ഷത്രവും ഇലകളും ഒക്കെ ഇഷ്ടമാണ്. 

T's Bird Book 


                  അങ്ങനെ ഇലകളെക്കുറിച്ചു പറഞ്ഞപ്പോൾ ആണ് മോനും ഞാനും കൂടി ചെയ്യുന്ന രണ്ടാമത്തെ സംഭവം ഓർമ വന്നത്. നമ്മുടെ നാട്ടിലെ ഓണക്കാലമുണ്ടല്ലോ അതുപോലാണ് ഇവിടെ ജൂൺ മുതൽ മിക്കയിടങ്ങളും. എങ്ങും പച്ചപ്പ്, പൂക്കൾ, ആഗസ്ത് ആകുമ്പോൾ പതുക്കെ നിറം മാറാൻ തുടങ്ങുന്ന ഇലകൾ. നാട്ടിൻപുറത്ത് ജനിച്ചുവളർന്ന ഒരു തലമുറയ്ക്ക് മിക്ക ഇലകളും കണ്ടാൽ അറിയാമായിരുന്നു, മിക്ക പൂക്കളും അറിയാമായിരുന്നു. ഇതിപ്പോ ജനിച്ചു വളർന്ന ഭൂമിശാസ്ത്രം അല്ലാത്തത് കൊണ്ട് മിക്കപ്പോഴും പലയിനം ചെടികളേയും കണ്ടാൽ മനസിലാകാറില്ല. അങ്ങനെയാണ് PlantNet  Plant  Identification  എന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്. അതുണ്ടെങ്കിൽ സംഗതി സിംപിൾ ആണ്, പക്ഷേ ഈ ആപ്പ് നല്ല പവർഫുൾ ആണ് കേട്ടോ. ഒന്നാം ക്ലാസ് മുതൽ ഏതാണ്ട് ഒരു ആറാം ക്ലാസ് വരെയൊക്കെ ഉള്ള കുട്ടികൾക്ക് ഇതൊരു ആകർഷണം തന്നെയാണ്.  നമുക്ക് ചുറ്റിനും കാണുന്ന  ഇലയും പൂവും ഒക്കെ ഈ ആപ്പിലൂടെ നോക്കിയാൽ പേരും നാളും ഉൾപ്പെടെ എല്ലാം കിട്ടും. നമ്മുടെ മൊബൈൽ കുഞ്ഞുങ്ങൾക്ക് ഗെയിം കളിക്കാൻ കൊടുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇമ്മാതിരി ചില നുറുങ്ങുപണികൾക്കായി അവർക്കൊപ്പം ടെക്നോളജി കൂട്ടുന്നത്. 


                    വർത്തമാനം ഫോണിനേയും പൂക്കളെയും ഒക്കെ കുറിച്ചായത് കൊണ്ട്  വേനലവധിക്ക് കാത്തുവെച്ചിരിക്കുന്ന മറ്റൊരു കാര്യം കൂടി മറന്നുപോകും മുൻപ് പറഞ്ഞേക്കാം. മൂത്തയാൾക്ക് 8 വയസ്സ് - ഞങ്ങളുടെ രണ്ടാളുടെയും ഫോൺ കൊടുക്കാൻ താല്പര്യമില്ല, എന്നാൽ ആശാന് ഫോട്ടോ എടുക്കാൻ ഇഷ്ടവുമാണ്. വീട്ടിലൊരു ഡിജിറ്റൽ കാമറയുണ്ട് - പക്ഷേ, അത് കൈകാര്യം ചെയ്യാനുള്ള അത്രയും ഉടത്തരവാദിത്തം അവനെ ഏൽപ്പിക്കാനും വയ്യ. അതുകൊണ്ട് ഏകദേശം മൊബൈൽ പോലെ കൈയിൽ ഒതുക്കാവുന്ന ഒരു ക്യാമറ സെക്കന്റ് ഹാൻഡ് വാങ്ങി. സംഭവം കയ്യിൽ കൊടുക്കും മുൻപ് പറയാൻ പോകുന്നത്  മൂന്നു മാസം കൊണ്ട് 1000 ഫോട്ടോ എടുക്കണം എന്നാണ്, ഒരു ദിവസം 10 ഫോട്ടോ വീതം എങ്കിലും  - നല്ലതെന്ന്‌ തോന്നുന്നവ അമ്മയുടെയോ അച്ഛന്റെയോ സഹായത്തോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാം അല്ലെങ്കിൽ പ്രിന്റ് എടുക്കാം. ഫോട്ടോ എന്തെടുക്കണം എന്നുള്ളതിൽ ഞങ്ങൾ കൈ കടത്തില്ല. എപ്പോൾ എടുക്കണം എന്നതിലും കൈ കടത്തില്ല. പക്ഷേ 90 ദിവസം കഴിയുമ്പോൾ 1000 ഫോട്ടോകളും അതിലൊരു 90 ആവർത്തിക്കപ്പെടാത്ത നല്ല ഫോട്ടോകളും ഉണ്ടാകണം. ഞങ്ങൾ കാത്തിരിക്കുകയാണ് എട്ടുവയസുകാരന്റെ  ക്യാമറക്കാഴ്ചകൾക്കായി.


ഞങ്ങൾ വേനലവധിക്കും പ്രകൃതി കാഴ്ചകൾക്കും ഒരുങ്ങുകയാണ്.. നാട്ടിൽ മഴ തിമിർത്തുപെയ്യാൻ തുടങ്ങുമ്പോൾ ഒരു പൂ പുതിയതായി കാണുമ്പോൾ, ഒരു മരം കാണുമ്പോൾ, ഒരു കിളിയെ കാണുമ്പോൾ നമുക്ക് കുഞ്ഞുങ്ങളെ കാട്ടിക്കൊടുക്കാം. ഓണം വരെയുള്ള സമയത്തേക്ക് ഇതിൽ ഏതെങ്കിലും ഒരു സംഭവം അവരോടൊപ്പം ചെയ്തുനോക്കൂ ... നമ്മളിലെ കൗതുകവും അവസാനിച്ചിട്ടില്ല എന്ന് തിരിച്ചറിയാം. കുട്ടികളുടെ കണ്ണിലൂടെ നമുക്കും ചുറ്റിനുമുള്ള പ്രകൃതിയെ കാണാം. 

(ജൂൺ 2019 ഔർകിഡ്സ്‌ മാഗസിൻ - പോസ്റ്റ് ചെയ്യാൻ വിട്ടുപോയ ഒരു ആർട്ടിക്കിൾ! - ഇതിൽ പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം ചെയ്തു - മൂന്നിനും നാലിനും പകരം ചെയ്തത് 100 ദിന വരയും , ശലഭ പ്രോജക്ടുമാണ്. അതിനെക്കുറിച്ചു വിശദമായി പിന്നാലെ ) 

Tuesday, October 22, 2019

സ്‌ക്രീൻ ടൈമിന്റെ പ്രത്യയശാസ്ത്രം

ഇന്നലെ ജനിച്ച കുഞ്ഞു മുതൽ 18 വയസുകാരി വരെയുള്ള കുഞ്ഞുങ്ങളെക്കുറിച്ചു മാതാപിതാക്കൾക്കുള്ള ഏറ്റവും സാധാരണമായ പരാതിയാണ് അന്തമില്ലാതെ നീളുന്ന സ്‌ക്രീൻ ടൈമുകൾ. "ഏതുനേരവും ടീവീയുടെ മുൻപിൽ ആണ് ", "കമ്പ്യൂട്ടർ ഗെയിം ഒഴിഞ്ഞിട്ടൊരു സമയമില്ല"
"മൊബൈൽ കിട്ടിയാലേ ഭക്ഷണം കഴിക്കൂന്നേ" "ആറുമാസം ആയിട്ടില്ല പക്ഷേ ടീവിയിലെ ശബ്ദം കേട്ടാൽ അപ്പോൾ തല പൊക്കിനോക്കും"  എന്നുവേണ്ട എല്ലാ തരത്തിൽപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചും തരാതരം പരാതികളുണ്ട് ഈ കാറ്റഗറിയിൽ!  പൊതുവായ ആരോഗ്യകാര്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് എന്റെ സന്താനങ്ങളുടെ "കാഴ്ചശീലങ്ങൾ" പറയാം.

സിനിമാനടൻ ആകണം എന്ന് ആഗ്രഹിച്ചു നടക്കുന്ന എട്ടുവയസുകാരൻ മൂത്ത പുത്രനെ സിനിമ കാണിക്കാതെ ഇരിക്കുന്നത് മോശമാണല്ലോ.  പണ്ടുകാലം മുതലേ സിനിമാപ്രാന്തരായ മാതാപിതാക്കൾ കുട്ടിയോട് പറഞ്ഞ കണ്ടീഷൻ ആഴ്ചയിൽ രണ്ടു സിനിമ കാണാൻ സമ്മതിക്കാം എന്നതാണ്. കേബിൾ ടീവി ഇല്ലാത്ത വീട്ടിൽ ഓൺലൈൻ സൈറ്റുകൾ തന്നെയാണ് ശരണം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം , മറ്റുചില തമിഴ് - മലയാളം സിനിമാ സൈറ്റുകൾ ഒക്കെയാണ് പൊതുവെ ഞങ്ങൾക്ക് ഇവിടെ ആശ്രയം. വെബ് സീരീസുകൾ/ കാർട്ടൂണുകൾ  പൊതുവേ വലിയ താല്പര്യമില്ല എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ആശാനും സിനിമ കാണാൻ കിട്ടുന്ന അവസരം കളഞ്ഞുകുളിക്കില്ല. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെയും അമ്മയുടെയും സിനിമ തുടങ്ങുമ്പോൾ മക്കൾക്കും സിനിമ കിട്ടും.  മലയാളം/തമിഴ്/ഹിന്ദി  കുടുംബചിത്രങ്ങൾ ആണെങ്കിൽ മക്കളേയും കൂടെക്കൂട്ടിയാണ് വെള്ളി രാത്രിയിലെ ഷോ.  അതല്ല കുഞ്ഞുങ്ങൾക്ക് അങ്ങനെയങ്ങട് സുഖിച്ചുകാണാൻ കഴിയാത്ത സിനിമയാണെങ്കിൽ കുട്ടികളുടെ ചലച്ചിത്രവിഭാഗത്തിൽ നിന്നും ഏതെങ്കിലും അവർക്ക് കാണാൻ വേണ്ടിയിട്ടുകൊടുക്കും. ചാനലുകൾ ഇല്ല എന്ന് നേരത്തെ പറഞ്ഞല്ലോ, അതുകൊണ്ട് തന്നെ ടീവിയിൽ സിനിമ ഗൂഗിൾ ക്രോം വഴി കാസ്റ്റ് ചെയ്തുകൊടുത്താലേ അവർക്ക് കാണാൻ കഴിയൂ. ഞങ്ങളുടെ  ലാപ്ടോപ്പ് / മൊബൈൽ രണ്ടാൾക്കും ഓഫ്‌ലിമിറ്സ് ആണ് . അച്ഛനോ അമ്മയോ അനുവാദം കൊടുത്താൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നവ. പ്രത്യേകിച്ചും  മൊബൈൽ - രണ്ടു മക്കൾക്കും എടുത്തുപെരുമാറാൻ കൊടുക്കാറില്ല , യുട്യൂബ് , ഗെയിംസ് ഒന്നും തന്നെ ഞങ്ങൾ കൊടുക്കാതെ പ്രവർത്തിപ്പിക്കാനും കഴിയില്ല.  


വല്ലപ്പോഴും എങ്കിലും 8  വയസുകാരന് കൂട്ടുകാർ പറഞ്ഞ ഒരു ഗെയിം കളിക്കണം എന്ന് തോന്നിയാൽ അവനു വേണ്ടി അവന്റെ മുൻപിൽ വെച്ച് ഗെയിം ഇൻസ്റ്റാൾ ചെയ്ത് കളിച്ചുകഴിഞ്ഞാൽ അപ്പോൾ തന്നെ uninstall  ചെയ്യുന്ന ഒരു "സൈക്കോ"  'അമ്മ കൂടിയാണ് ഞാൻ.  ഇത്രോം പണിപ്പെട്ട് കളിക്കേണ്ട എന്ന് കരുതിയാണോ എന്തോ മകന് അതങ്ങനെ ഒരു നിർബന്ധബുദ്ധി ആയിട്ട് വന്നിട്ടില്ല. ഇളയ മകന് ചില സീരീസുകൾ ഇഷ്ടം ആണ്, കുട്ടിപ്പാട്ടുകൾ പോലെയുള്ളവയും ചില കാർട്ടൂണുകളും ഒക്കെ.  സിനിമ കണ്ടു മനസിലാക്കാനുള്ള പ്രായം ആകാത്തത് കൊണ്ട് ഇടയ്ക്ക് ആശാനെ പ്രതിനിധീകരിച്ചു ചില കാർട്ടൂൺ സീരീസുകളും പാട്ടുകളും വെക്കാറുണ്ട്. വേനലവധിക്കാലത്ത്  ഏതാണ്ട് എല്ലാ ദിവസവും മൂത്തയാൾ ഒരു സിനിമ കണ്ടിരുന്നു - അത് കുറച്ചു കൂടുതൽ ആണെന്നു ഞങ്ങൾക്ക് തന്നെ തോന്നിയിരുന്നു, എങ്കിലും  സ്‌ക്രീൻ ഒഴിവാക്കിയുള്ള മറ്റുപല കാര്യങ്ങളും ആൾ ചെയ്തിരുന്നതിനാൽ ഇതൊരു "സമ്മർ ഫൺ" എന്ന രീതിയിൽ പ്രമേയം പാസാക്കിയിരുന്നു വീട്ടിൽ. അങ്ങനെ സിനിമ കാണാൻ കൊടുത്തിരുന്ന സമയത്ത് തന്നെ സ്‌കൂൾ തുറന്നാൽ സ്‌കൂളുള്ള ദിവസങ്ങളിൽ ടീവി  കാഴ്ചകൾ ഉണ്ടാകില്ല ചോദിക്കണ്ട എന്നൊരു നിബന്ധനയും വെച്ചിരുന്നു.  ഇപ്പോൾ സ്‌കൂൾ തുറന്നു രണ്ടാഴ്‌ച കഴിയുന്ന സമയത്ത് വീണ്ടും ഞങ്ങൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച രാത്രികളിലെ സിനിമാക്കാഴ്ചകളിലേക്ക് തിരികെ പോന്നിരിക്കുന്നു. 

വീട്ടിലെ പണിഷ്മെന്റുകളിൽ വളരെ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് "സ്ക്രീൻടൈം ഓഫ് "  എന്നത്. ടീവി  ഒരു പ്രലോഭനവും പാഷനുമായ മൂത്തയാൾക്കും, മൂത്തയാൾ ചെയ്യുന്നതെല്ലാം അനുകരിക്കുന്ന രണ്ടാമത്തവനും ടീവി വീക്കെൻഡ് കിട്ടാതെ ഇരിക്കുക എന്നത് അതിഭീകരമായ ശിക്ഷയാണ്. അതുകൊണ്ടുതന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പരിഹാരക്രിയകളും, നല്ല കുട്ടി സ്വഭാവം കടം മേടിക്കലുമൊക്കെ ഇവിടെ സ്ഥിരം നടക്കുന്ന സംഭവങ്ങൾ ആണ്. സ്‌കൂൾ പ്രവർത്തി ദിനങ്ങളിൽ സ്‌ക്രീൻ ടൈം ഇല്ലായെന്ന് അറിയാമെങ്കിലും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മൂത്തയാൾ രണ്ടാൾക്കുംവേണ്ടി ചെറുതായി ഒന്ന് സൂചിപ്പിച്ചുനോക്കും.  നടക്കുന്നില്ലഎന്ന്  കാണുമ്പോൾ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യും. രണ്ടുപേരുടെയും സ്വഭാവത്തിൽ നിന്നും തോന്നിയിട്ടുള്ള കാര്യം - ശീലങ്ങളാണ് എല്ലാം എന്നാണ്! 


1 ) ശീലം 

മൊബൈൽ എടുക്കാൻ പാടില്ല എന്നത് , ലാപ്ടോപ്പ് ഓണാക്കി കാർട്ടൂൺ കാണാൻ പാടില്ല എന്നത്,  അച്ഛനോ അമ്മയോ സമ്മതിക്കാതെ ടീവിപ്പരിപാടി കാണാൻ ശ്രമിക്കാതെ ഇരിക്കുക എന്നത് ഒക്കെ രണ്ടാൾക്കും ഉണ്ടാക്കിയ ഒരു ശീലമാണ്. കുഞ്ഞിലേ മൂത്തയാൾ കരയുമ്പോൾ ഒരിക്കലും മൊബൈൽ കൊടുത്തിരുത്തിരുന്നില്ല. സ്വാഭാവികമായും രണ്ടാളും ബിസി ആകുന്ന ദിവസങ്ങളിൽ ഇടയ്ക്കൊരു കാർട്ടൂൺ ഇട്ട് ഇരുത്തിയാൽ കൂടിയിരിക്കുന്ന ആൾക്കാർക്ക്  അവരുടെ പണി കുറഞ്ഞുകിട്ടും. പക്ഷേ അപ്പോഴും ടീവി ഓണാക്കി ഇഷ്ടമുള്ള കാർട്ടൂൺ മൊബൈലിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ടീവിയിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നത് കുഞ്ഞിലേ ശീലിപ്പിച്ച കാര്യമാണ്.  ടീവി/ യുട്യൂബ് / ഗൂഗിൾ എന്ത് ആവശ്യം ഉണ്ടെങ്കിലും അച്ഛനോടോ അമ്മയോടോ പറയുക - കുറച്ചുനാളുകൾ കഴിയുമ്പോൾ ഈ സമവാക്യം മാറും എന്നറിയാം. എങ്കിലും പറഞ്ഞാൽ മനസിലാകുന്ന  കാലത്തോളം ഇങ്ങനെ പോകട്ടെ എന്നാണ്.  മൊബൈൽ & ലാപ്ടോപ്പ് അച്ഛന്റെയും അമ്മയുടെയും ആണ് എന്ന് കുഞ്ഞുങ്ങളോട് ഉറപ്പിച്ചു പറയുന്നത് ഗുണം ചെയ്യും എന്നാണ് അനുഭവം. 


2)  സ്ക്രീൻടൈം -  ടൈംഔട്ട് 

നേരത്തേ സൂചിപ്പിച്ചത് പോലെ പണിഷ്മെന്റിലെ ആദ്യ ഐറ്റം തന്നെ സ്‌ക്രീൻ ടൈം കുറയ്ക്കുന്നത് ആക്കുക. ദുശീലങ്ങൾ, ദുർവാശി മുതലായവ കുട്ടികൾ കാണിക്കുമ്പോൾ  അടിക്കുന്നതിന്  പകരം അവർക്ക് വിഷമവും എന്നാൽ അവരിൽ ഇമ്പാക്ട് (മാറ്റം)  ഉണ്ടാകുന്ന തരത്തിലുളളത് ആക്കുന്നത് കുട്ടികളെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കും.  ഒരാഴ്ചത്തേക്ക് സ്ക്രീൻ ടൈം ഇല്ല എന്ന് പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുകയും വേണം ! അല്ലെങ്കിൽ ചിലപ്പോൾ ഭാവിയിൽ വിപരീതഫലം ആകും ഉണ്ടാകുക. 

3)  ഒരേകാര്യം ആവർത്തിച്ച്  ആവശ്യപ്പെട്ടാൽ 


ഒരേ കാര്യം തന്നെ പത്തുവട്ടം ആവർത്തിച്ചാൽ പ്രതീക്ഷിക്കാത്ത പ്രത്യാഘാതം ആണ് അത് ഉണ്ടാക്കുക എന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കുന്നത് നല്ലതാണ്.  ഉദാഹരണത്തിന് - കുട്ടിക്ക് ഇഷ്ടമുള്ള ഒരു വെബ് സീരിസ് കുറച്ചുസമയം കഴിഞ്ഞു കാണാൻ തീരുമാനിക്കുന്നു. പക്ഷേ,  ആ സമയം വരെ കാത്തുനിൽക്കാൻ ക്ഷമ ഇല്ലാതെ വീണ്ടും വീണ്ടും കുട്ടി അതിനു വേണ്ടി വാശി പിടിക്കുകയാണെങ്കിൽ  ടീവി ടൈം കൊടുക്കാതെ ഇരിക്കാം.  ഒന്നോരണ്ടോ വട്ടം ഇതേ ശൈലി  തുടരുമ്പോൾ കുട്ടികൾക്ക് കാര്യം മനസിലാകുകയും സ്‌ക്രീൻ ടൈമിന് വേണ്ടിയുള്ള  അനാവശ്യമായ വാശി ഇല്ലാതെയാകുകയും ചെയ്യുന്നതായാണ് അനുഭവം! 



4)  തീരെച്ചെറിയ കുഞ്ഞുങ്ങൾ 


തീരെച്ചെറിയ കുഞ്ഞുങ്ങളെ കഴിവതും സ്ക്രീൻ കാണിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ചോറ് കൊടുക്കുമ്പോൾ,  കിടന്നുള്ള കളികളിൽ ഒക്കെ ഇപ്പോ മിക്ക വീടുകളിലും ടീവി ഓൺ ചെയ്ത് കൊടുക്കുന്നതാണ്  പതിവ്. ഇത്തരം സന്ദർഭങ്ങളിൽ വീഡിയോ ഇല്ലാതെ പാട്ടുകൾ മാത്രം കേൾപ്പിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ കാഴ്ചയ്ക്ക് ഒരു പരിധി വരെ സംരക്ഷണം നൽകാം.  

5)  കംപ്യുട്ടർ/ മൊബൈൽ ഗെയിമുകൾ 


അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പ്രായത്തിനു അനുസരിച്ചു പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും ഏത് ഗെയിമും രക്ഷിതാക്കളുടെ അനുവാദത്തോടെയോ , സാന്നിധ്യത്തിലോ മാത്രം ആദ്യം കളിയ്ക്കാൻ  സമ്മതിക്കുകയും ചെയ്യുക. 


6)  ഇന്റർനെറ്റിന്റെ നല്ല  മുഖം


പരന്നുവിശാലമായി കിടക്കുന്ന ഈ ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചു കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കിക്കുക. അവർക്ക് ചെയ്യാൻ കഴിയുന്ന കണക്ക്, കോഡിങ്ങ് , സ്പെല്ലിങ് മുതലായവയുടെ നല്ലൊരു ശേഖരം തന്നെ ഗൂഗിളിന് നല്കാൻ കഴിയും.  ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം - നല്ലതും ചീത്തയും എന്താണെന്ന് കുഞ്ഞിലേ മുതലേ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും കൃത്യമായി അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക. ഓൺലൈൻ ആക്ടിവിറ്റീസ് രഹസ്യമായി പിന്തുടർന്ന് കണ്ടുപിടിക്കേണ്ട ആവശ്യമില്ല.  മക്കളോട് വിശ്വാസം ഇല്ലാത്തതു പോലെയുള്ള പെരുമാറ്റവും ദോഷകരം ആണ്. പകരം അച്ഛനും അമ്മയും ഇതൊക്കെ നോക്കുമെന്നും കുറച്ചുകൂടെ മുതിരും വരെ അത് ആവശ്യമാണ് എന്നും പറഞ്ഞു ബോധ്യപ്പെടുത്തുക. 


സ്‌ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിക്കുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുള്ളത്  നമുക്ക് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ വരുമ്പോൾ ആണ് ഇത്തരം സഹായക മാദ്ധ്യമങ്ങൾ അത്യാവശ്യം ആയി വരുന്നത്. അതിനുപകരം ടീവി ടൈം എന്നത് ഒരു വിനോദോപാധി ആണെന്ന രീതിയിലേക്ക് മാറ്റിയാൽ കുട്ടികളുടെ അഡിക്ഷൻ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചേക്കും. 

(OurKids September 2019Edition)

Thursday, September 5, 2019

കുട്ടിക്കുറുമ്പിന്റെ അറിയാപ്പാഠങ്ങള്

മക്കളുടെ എല്ലാ കുസൃതിയും  വാത്സല്യത്തോടെ ആസ്വദിക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ.. കുസൃതിക്കും കുറുമ്പിനും ചട്ടമ്പിത്തരത്തിനും ഇടയിലുള്ള നേർത്ത അതിർവരമ്പ് എവിടെയാണ് എന്ന് ഇടയ്ക്കെങ്കിലും ആലോചിക്കുന്നവരാണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്കുള്ളതാണ് ഇന്നത്തെ വായന.

കഴിഞ്ഞ ദിവസം വീട്ടിലെ രണ്ടു ചെക്കന്മാരേയും കൊണ്ട് അടുത്തുള്ള ഒരു ആഘോഷ സ്ഥലത്ത് പോയിരുന്നു നമ്മുടെ നാട്ടിലെ ഉത്സവം, പള്ളിപ്പെരുന്നാൾ പോലെയൊക്കെ ഒരു ഐറ്റം ആണ് ഇവിടുത്തെ പള്ളികളിലെ വേനൽക്കാലത്തുള്ള ഫെസ്റ്റിവൽ ഡേയ്സ്. കുട്ടികൾക്കു കളിക്കാനുള്ള വിവിധ തരം റൈഡുകൾ, വലിയ യന്ത്ര  ഊഞ്ഞാലുകൾ, ചെറിയ കുട്ടികൾക്ക് പാകത്തിനുള്ള ബൗൺസിങ്ങ് റിങ്ങുകൾ, സ്ലൈഡുകൾ, കറങ്ങുന്ന കുതിരകൾ, തത്സമയ പാട്ടുകളുള്ള വേദികൾ, വിവിധ തരം ഇൻസ്റ്റന്റ്  ഭക്ഷണശാലകൾ എന്നുവേണ്ട ആകെയൊരു മേളമുള്ള സ്ഥലം ആണ് ഇത്തരം ആഘോഷ സ്ഥലങ്ങൾ. 


 അവിടെ എത്തിയപാടെ മൂത്തവൻ അവൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനൊപ്പം കറങ്ങുന്നതും തല തിരയുന്നതുമായ എല്ലാ റൈഡുകളിലും കയറാൻ ഓടി.  ചെറിയ മൂന്നുവയസുകാരനേയും രണ്ടു കൂട്ടുകാർക്കൊപ്പം ബൗൺസർ വീടിന് അകത്താക്കി,   ഒന്നപ്പുറത്തേക്ക് തിരിഞ്ഞു വന്നപ്പോഴേക്കും ആ സ്ഥലത്തിന് കാവൽ പോലെ നിന്നിരുന്ന സ്ത്രീ പറഞ്ഞു - "നിങ്ങളുടെ കുട്ടികളിൽ ഒരാൾ ആണെന്ന് തോന്നുന്നു മറ്റു കുട്ടികളിൽ ഒരാളുടെ മുടി പിടിച്ചു വലിച്ചു. ഞാൻ വിലക്കിയിട്ടുണ്ട്. നന്നായി പെരുമാറിയില്ലെങ്കിൽ ഇവിടെ നിന്ന് പുറത്താക്കുമെന്നും പറഞ്ഞിട്ടുണ്ട്" . കേട്ടതും എന്റെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും മുഖം മങ്ങി. കാരണം ഞങ്ങളുടെ രണ്ടാളുടെയും കുഞ്ഞുങ്ങൾ ആണ് ആ ബൗൺസിങ്ങ്  ടെന്റിനുള്ളിൽ ഇന്ത്യക്കാർ ആയിട്ടുള്ളത്. അതുകൊണ്ടുതന്നെയാകും ഞങ്ങളിൽ ഒരാളുടേത് ആണ് ആ പ്രശ്നക്കാരൻ എന്ന്  അവർക്ക് നിസംശയം പറയാൻ ആയിട്ടുണ്ടാകുക. കൂടെയുള്ള ആളുടെ കുട്ടി ഒരു വയസു മൂത്തതാണ് - ഇനി ഞങ്ങൾക്ക് ഒരു സംശയം വരണ്ട എന്ന് കരുതി ആ സ്ത്രീ കൂട്ടിച്ചേർത്തു , കൂട്ടത്തിലെ ചെറിയവൻ എന്ന്!  അതോടെ തീരുമാനം ആയി.. സംഭവം നമ്മുടെ സന്താനം തന്നെയാണ്. പറഞ്ഞിട്ട് കാര്യമില്ലാലോ - അവനിപ്പോൾ അകത്തു കളിച്ചു മറിയുകയാണ്. അടിയന്തിരാവസ്ഥ ഒക്കെ പിള്ളേർ മറന്നിരിക്കുന്നു. വിളിച്ചു ചോദിച്ചാൽ ആശാന് ഓർമയുണ്ടാകണം എന്നില്ല. ആ സ്ത്രീയോട് ക്ഷമ പറഞ്ഞു, ഇനിയെന്തേലും ഉണ്ടായാൽ ആളെ അവിടെ നിന്ന് മാറ്റാം എന്നും പറഞ്ഞു. വിവർണമായ എൻ്റെ മുഖം കണ്ടിട്ട് കൂടെയുള്ള സുഹൃത്ത് സമാധാനിപ്പിക്കാൻ പറഞ്ഞു - "സാരമില്ല, ഇത് ഇവന്മാരുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. കുട്ടികളല്ലേ" എന്ന്. ഇതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, പക്ഷേ നമ്മളുടെ കുട്ടി മറ്റൊരു കുട്ടിയെ ഉപദ്രവിച്ചു എന്ന് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വിഷമാവസ്ഥ ഉണ്ടല്ലോ...അത് അതിഭീകരം ആണ്. അങ്ങനെയാണ് സ്വന്തം കുട്ടികളുടെ  ഈ കുറുമ്പും കുസൃതിയും ഒക്കെ മറ്റൊരാൾ പറയുമ്പോൾ ചട്ടമ്പിത്തരം ആകുന്നത് എങ്ങനെയെന്നും എന്താണ് ശരിക്ക് ചെയ്യേണ്ട പ്രതിവിധി എന്നും ആലോചിച്ചത്.






വീട്ടിൽ കുഞ്ഞൻ കുറുമ്പ് കാട്ടി  അച്ഛന്റെയോ 8 വയസുകാരൻ ചേട്ടന്റെയോ എന്റെയോ മുടി പിടിച്ചു വലിക്കുമ്പോൾ മിക്കപ്പോഴും ചിരിച്ചുകൊണ്ടാകും നമ്മൾ അതിനു പ്രതികരിക്കുക.  ചേട്ടനാണ് പിന്നെയും അയ്യോ രക്ഷിക്കണേ എന്നെങ്കിലും കരയുക. പക്ഷേ, ചെറിയ ആളുടെ മനസ്സിൽ അത് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമായി പതിഞ്ഞിട്ടില്ല എന്ന് വ്യക്തം. മറ്റേയാൾക്ക് വേദനിക്കുന്നു എന്ന് മനസിലാക്കാൻ ആയിട്ടില്ല, കുഞ്ഞിന്റെ മുടി വീട്ടിലാരും വലിക്കാറുമില്ല അതുകൊണ്ട് തന്നെ അതിന്റെ വേദന അവന് ചിലപ്പോൾ അറിയാൻ കഴിയുന്നുണ്ടാകില്ല. എങ്കിലും അത് പറഞ്ഞുകൊടുത്തില്ല എന്നത്, മൂന്നുവയസുകാരന് മനസിലാകുന്ന രീതിയിൽ അത് പകർത്താൻ കഴിഞ്ഞില്ല എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റ് തന്നെയാണ്.  ചിലപ്പോൾ എങ്കിലും പുറത്ത് നിന്നൊരാൾ ചൂണ്ടിക്കാട്ടുമ്പോൾ ആകും നമ്മൾ അത് തിരിച്ചറിയുക. കൃത്യമായി 

അച്ഛനമ്മമാർ പൊതുവേ ശ്രദ്ധിക്കാൻ വിട്ടുപോകുന്നതും എന്നാൽ  സ്വഭാവരൂപീകരണത്തിൽ പ്രാധാന്യം ഉള്ളതുമായ ചില ശീലങ്ങളെക്കുറിച്ചു പഠനങ്ങളിൽ നിന്നും കണ്ടെത്തിയത് പങ്കുവെക്കാം. 

ചെറിയ കുഞ്ഞുങ്ങളുടെ അത്ര നന്നല്ലാത്ത ശീലങ്ങൾ 

1. മുതിർന്നവരുടെ സംസാരം  തടസ്സപ്പെടുത്തുന്നു: 

എല്ലാ കുട്ടികളും  സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. പക്ഷേ, മറ്റുള്ളവർ സംസാരിക്കുമ്പോൾ അത് തടസപ്പെടുത്തി ആകരുത് അവരുടെ സംസാരം. കഴിയുന്നതും ഓരോരുത്തർക്കും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടെന്നും അത് കൃത്യമായി ലഭിക്കും എന്നും രണ്ടുവയസ്സ് മുതലുള്ള കുട്ടികളോട് പറയാൻ ശ്രമിക്കുക . ശ്രമിക്കുക എന്ന് ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്നാൽ, രണ്ടുവയസ്സുള്ള ആൾ അത്രയധികമൊന്നും ഇത് മനസ്സിലാക്കുകയോ ഓർത്തുവെയ്ക്കുകയോ ചെയ്യില്ല .. പക്ഷേ നിരന്തരമായി ഇങ്ങനെ ചെയ്യുന്നതിലൂടെ ഇതാണ് ശരിയായ രീതി എന്ന് കുഞ്ഞു മനസിലാക്കും.  

ചിലപ്പോഴൊക്കെ രണ്ടാളും ഒരുമിച്ചു സംസാരിച്ചുതുടങ്ങുന്ന സമയം ഉണ്ട്. അപ്പോൾ   ഞാൻ പറയാറുണ്ട്, “ശരി, ആരും അടുത്ത  15 മിനിറ്റ് സംസാരിക്കുന്നില്ല,”  അപ്പോൾ  ഞങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ, ശാന്തമായ സമയം ലഭിക്കും.  ആശയവിനിമയത്തെ  പൂർണ്ണഹൃദയത്തോടെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ,  ഓരോരുത്തരുടേയും അവകാശവും, അവസരവും കുട്ടികൾ മനസിലാക്കുന്നതും നല്ലതാണ്. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും സംസാരിക്കാനുള്ള അവസരം കാത്തിരിക്കാൻ കഴിയും. "wait  for your  turn "  തിരികെ അവർ സംസാരിക്കുമ്പോഴും ഈ  നിയമം നമുക്ക് ബാധകമാണ്. കുഞ്ഞുങ്ങൾ സംസാരിക്കുമ്പോൾ മൊബൈൽ നോക്കുകയോ, ഇടയ്ക്ക് തടസപ്പെടുത്തി മറ്റെന്തെങ്കിലും ചോദിക്കുകയോ, അവരെ കേൾക്കാതെ പങ്കാളിയോട് സംസാരിക്കുകയോ, ടീവി ശ്രദ്ധിക്കുകയോ ചെയ്യരുത്. 





2. വീട്ടിൽ  സാധനങ്ങൾ  വലിച്ചെറിയുക: 


മിക്ക കുഞ്ഞുങ്ങളും ദേഷ്യം അല്ലെങ്കിൽ സങ്കടം വരുമ്പോൾ കയ്യിലിരിക്കുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞാണ് അത് പ്രകടിപ്പിക്കാറുള്ളത്.  നമ്മളിൽ എത്രപേർ അത് "കുഞ്ഞല്ലേ" എന്ന് വിട്ടുകളയാറുണ്ട്? ചില പെരുമാറ്റം തെറ്റാണെന്നും അസ്വീകാര്യമാണെന്നും  കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അവരുടെ മാതാപിതാക്കൾക്കാണ്. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് സാധനങ്ങൾ എറിയരുത് എന്നതിനുപിന്നിലെ ശരിയായ കാര്യം മനസിലാകില്ല എന്നത് സത്യമാണ്. അവർക്ക് കയ്യിലുള്ള സാധനം വില പിടിച്ചതാണ് എന്നോ,  ഏറ് കിട്ടുന്ന ആളിന് വേദനിക്കും എന്നോ, കൊള്ളുന്നിടം പൊട്ടുമെന്നോ ഒന്നും മനസിലാകില്ല. പക്ഷേ  അസന്തുഷ്ടമാകുന്ന അവസരങ്ങളിൽ സാധനങ്ങൾ എറിയുന്ന സ്വഭാവം സ്വന്തം വീട്ടിൽ ശീലിക്കുന്ന കുട്ടിയ്ക്ക് മറ്റൊരാളുടെ വീട്ടിലോ പൊതു ഇടത്തിലോ അത് ചെയ്യാൻ പാടില്ല എന്നത് സ്വയം മനസിലാകില്ല, ആ സമയത്ത് അത് പറഞ്ഞാൽ ആ വ്യത്യാസം കുട്ടിയ്ക്ക് മനസിലാകുകയും ഇല്ല . 

എന്താണ് ചെയ്യാനാകുക? 

ചില ഇനങ്ങൾ എറിയുന്നതിനല്ലെന്ന് കുഞ്ഞിനെ പഠിപ്പിക്കുക, അതുപോലെ ചിലയിടങ്ങളും.  പന്ത് എറിയും പോലെ മൊബൈൽ എറിയാൻ പാടില്ല എന്നു പറയുന്നത് കുഞ്ഞിന് മനസിലാക്കാൻ എളുപ്പമാണ്. 


3. കടിക്കുക, അടിക്കുക, തള്ളുക. 

നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല ഈ ശീലം. കുഞ്ഞുങ്ങൾ മുതിർന്നവരെ തമാശയ്ക്ക് വേണ്ടി തല്ലുകയോ, തള്ളുകയോ, കടിക്കുകയോ ചെയ്യുന്നത് പോലും നല്ല ശീലമല്ല എന്ന് കുഞ്ഞിനെ മനസിലാക്കിക്കാൻ ശ്രമിക്കണം.  മറ്റൊരാളെ വേദനിപ്പിക്കുന്നത് "നോ - നോ " ആക്കണം. 

നുണ പറയുക, അനാദരവ്, കടിക്കുക, അടിക്കുക, തള്ളുക, മോഷ്ടിക്കുക എന്നിവ തീർച്ചയായും ചെറുപ്പത്തിലേ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ  ചിലതാണ്.

എന്റെ കുട്ടികളിൽ ആരെങ്കിലും മന:പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ, അവർ പരിണതഫലങ്ങൾ നേരിടുന്നു. മുതിർന്ന കുട്ടിയോട് എപ്പോഴും പറയാറുള്ളത് ശാരീരികമായി ഒരു പ്രശ്നവും തീർക്കാൻ മുതിരരുത് എന്നാണ്. ഇളയ ആളോടും അടിക്കരുത് പിച്ചരുത് എന്നതൊക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും മുടി പിടിച്ചു വലിക്കുന്നത് ഒരു കളിയല്ല എന്നത് കഴിഞ്ഞ ദിവസം മുതൽ ഉൾപ്പെടുത്തി. വീട്ടിൽ ആ കളി കളിക്കുന്നത് നിർബന്ധമായും നിർത്തി.  

കുഞ്ഞുങ്ങളുടെ ഈ സാധാരണ  പെരുമാറ്റത്തെഒരു വലിയ ദുശീലമായി കാണുന്നത്  മടുപ്പിക്കുന്നതാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ‌ ഓരോ തവണയും ഇത് സ്ഥിരമായി അഭിസംബോധന ചെയ്യുകയാണെങ്കിൽ‌, ഓരോ പാർട്ടിയിലും ഓരോ കളി സ്ഥലത്തും നിങ്ങളുടെ കുട്ടിയെക്കുറിച്ചു മറ്റൊരു കുട്ടിക്ക്/ കുട്ടിയുടെ രക്ഷിതാക്കൾക്ക് പരാതി ഉണ്ടെങ്കിൽ  ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.  കുഞ്ഞിന് മനസിലാകുന്ന ഭാഷയിൽ പറയുകയും, ആവശ്യമെങ്കിൽ ടൈം ഔട്ട്, ഇഷ്ടമുള്ള സാധനങ്ങൾ മാറ്റി വെയ്ക്കുക, tv  കാണിക്കാതെ ഇരിക്കുക അങ്ങനെയുള്ള ശിക്ഷാവിധികൾ ഉൾപ്പെടുത്തുകയും വേണം. ഇത് സ്വീകാര്യമായ സ്വഭാവം അല്ലായെന്നു കാണുമ്പോൾ  ഒടുവിൽ കടിക്കുന്നതും അടിക്കുന്നതും തള്ളുന്നതും അവർ അവസാനിപ്പിക്കും. മനപ്പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുന്നത് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവസാനിപ്പിക്കുക ആണെങ്കിൽ വരും വർഷങ്ങളിൽ‌ ഒരു “പ്രശ്‌നമുണ്ടാക്കുന്നയാളുമായി” നിങ്ങൾ‌ നിരന്തരം ഇടപെടേണ്ടതില്ലെന്ന്  സത്യസന്ധമായി ഞാൻ  വിശ്വസിക്കുന്നു! 

4. മറ്റുളവരുടെ സാധനങ്ങൾ തട്ടിയെടുക്കുക 


ഒരിക്കൽ ഒരു സുഹൃത്തിന്റെ മകൾ വീട്ടിൽ വന്നു. മകന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം എടുത്തു കളിയ്ക്കാൻ തുടങ്ങി. മകൻ അത് അപ്പോഴൊന്നും ശ്രദ്ധിക്കുകയോ കരയുകയോ ചെയ്തില്ല. മാത്രവുമല്ല " ഷെയർ എവെരിതിങ് " എന്ന് പങ്കുവെയ്ക്കാൻ പഠിപ്പിക്കുന്ന സമയവുമാണ്. പക്ഷേ, സുഹൃത്ത് പോകാൻ ഒരുങ്ങിയപ്പോൾ ആണ് പ്രശ്നം ആയത്.  ആ മകൾക്ക് കളിപ്പാട്ടം കൂടെക്കൊണ്ടു പോകണം, മകൻ ആണെങ്കിൽ പങ്കു വെയ്ക്കാൻ ഒക്കെ സമ്മതമാണ് പക്ഷേ അത് മറ്റേയാൾക്ക് സ്വന്തമായി കൊടുക്കണം എന്നറിഞ്ഞപ്പോൾ കരയാനും തുടങ്ങി. അത്രയേറെ വിലയൊന്നുമില്ലാത്ത ഒരു കളിപ്പാട്ടം ആണ്, പക്ഷേ മകൻ അതിനോട് ഇമോഷണലി അറ്റാച്ച്ഡാണെന്നു  അറിയാവുന്ന ഞങ്ങൾ വിഷമത്തിലായി. കൂട്ടുകാരിയുടെ മകളോട് അത് തരില്ല എന്ന് പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ല, സ്വന്തം മകളോട് കൂട്ടുകാരി അത് നിന്റേതല്ല, വീട്ടിലേക്ക് കൊണ്ടുപോകാൻ ആകില്ല എന്ന്  പറയുന്നുമില്ല. വിഷമഘട്ടത്തിൽ ആക്കിയ ആ സന്ദർഭത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ആയിരുന്നു എന്തെങ്കിലും ചെയ്യാൻ ആകുക. 

കുഞ്ഞുങ്ങളോട് മറ്റുള്ളവരുടെ സാധനങ്ങളെ ബഹുമാനിക്കണം എന്നും എല്ലാം സ്വന്തമെന്നത് പോലെ പെരുമാറരുത് എന്നതും വളരെ ചെറുതിലേ പറയുക. എന്റെ മകനും ചിലയിടങ്ങളിൽ പോയിവരുമ്പോൾ അവിടെയുള്ള കാറൊക്കെ കൂടെക്കൊണ്ടുവരാൻ കരഞ്ഞിട്ടുണ്ട്. പക്ഷേ അത്തരം കരച്ചിലുകൾ കൊണ്ട് കാര്യമില്ല എന്ന് അവൻ കാലക്രമേണ മനസിലാക്കി. കരയുന്ന കുഞ്ഞ് ഒരു സങ്കടമാണെങ്കിലും ഭാവിയിൽ അരുത് എന്നതിനെ അംഗീകരിക്കാനും  കൺസെന്റ് എന്ന വലിയ കാര്യത്തിനെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കാനും അവർക്ക് കഴിയും എന്ന് തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ് നമുക്ക് കുഞ്ഞുങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. 

5. സാധനങ്ങൾ വലിച്ചെടുക്കുകയും അവ തിരികെ വെയ്ക്കാതെ ഇരിക്കുകയും ചെയ്യുന്നത് 


 ആരോ എന്നോട് പറഞ്ഞ ഒരു ലളിതമായ വാചകം ഉണ്ട്, അത് ഇപ്രകാരമാണ്: “നിങ്ങളുടെ കുട്ടിക്ക് ഒരു കളിപ്പാട്ടം പുറത്തെടുക്കാൻ പ്രായമുണ്ടെങ്കിൽ, അത് തിരികെ വയ്ക്കാനും ആൾക്ക് കഴിവുണ്ട്.”
ലളിതമായ ചിന്ത, പക്ഷേ സന്ദേശം ഉച്ചത്തിലും വ്യക്തവുമാണ്.

കളിപ്പാട്ടങ്ങളോ, പേപ്പറുകളോ, ഉടുപ്പുകളോ,പാത്രങ്ങളോ എന്ത് തന്നെയായിക്കോട്ടെ എടുക്കുന്നത് തിരികെ അതേ സ്ഥാനത്ത്  കൊണ്ടുവെയ്‌ക്കാൻ, തുറന്ന കബോർഡുകൾ അടയ്ക്കാൻ, ഉടുപ്പുകൾ തട്ടിമറിച്ചിടാതെ ആവശ്യമുള്ളത് എടുക്കാൻ ഒക്കെ കുഞ്ഞുങ്ങളെ ചെറുതിലേ മുതൽ ശീലിപ്പിക്കാവുന്നതേ ഉള്ളൂ. കഴിച്ചുകഴിഞ്ഞ പാത്രം കൊണ്ട് സിങ്കിൽ വെയ്ക്കാൻ പറയുന്ന കുഞ്ഞ് ആദ്യത്തെ തവണ വെയ്ക്കുമ്പോൾ താഴെ വീഴാം, വെയ്ക്കുന്നത് അൽപ്പം ഉച്ചത്തിലാകാം - അത് പഠിക്കുന്നതിന്റെ വഴികളാണ് എന്ന് നമ്മൾ മനസിലാക്കണം എന്ന് മാത്രം.  ഉടുപ്പുകൾ മടക്കിവെയ്ക്കുന്നതിനെ പിന്നീടു നമ്മൾ വീണ്ടും മടക്കേണ്ടി വന്നേക്കാം.  പക്ഷേ, ചെയ്‌തു ചെയ്തു മാത്രമേ നമ്മൾ എന്തിലും പ്രാവീണ്യം നേടുകയുള്ളൂ എന്ന് കുഞ്ഞുങ്ങളുടെ കാര്യത്തിലും ഓർക്കാം. 



മറ്റുള്ളവരുടെ പാത്രങ്ങളിൽ നിന്നും കഴിക്കാൻ നോക്കുക, പോകുന്ന ഇടങ്ങളിലൊക്കെ ചുവരുകളിൽ വരയ്ക്കുക, ബുക്കുകൾ കീറുക ഇത്തരം ശീലങ്ങൾ എല്ലാം തന്നെ തുടങ്ങുന്നത് സ്വന്തം വീട്ടിൽ നിന്നാണ്. വരയ്ക്കാനുള്ള ചുമരുകളോ പ്രതലങ്ങളോ മായ്ക്കാവുന്ന പേനകളോ കൊടുക്കുകയും ഇതിനൊക്കെ പ്രത്യേക സ്ഥലങ്ങൾ ഉണ്ടെന്നു അവരെ മനസിലാക്കിക്കുയും ആണ് ചെയ്യാവുന്ന കാര്യം. 


എല്ലാ പ്രാവശ്യവും പറയാറുള്ളത് പോലെ, നമ്മളെല്ലാവരും കുഞ്ഞുങ്ങൾ നല്ല വ്യക്തികളായി വളരാനാണ് ശ്രമിക്കുന്നത്. ഇതിൽ ആർക്കും കൃത്യമായി പറയാവുന്ന ഒരു വഴിയില്ല. പലവട്ടമുള്ള ശ്രമങ്ങളിലൂടെ തെറ്റായിപ്പോകുന്നവ തിരുത്തുന്നതിലൂടെ ഒക്കെയാണ് നമ്മൾ നല്ല മാതാപിതാക്കൾ ആകുന്നത്. കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നത് നമ്മളെയാണെന്നു മാത്രം ഓർത്താൽ മതി.  'നോ' പറയേണ്ട ഇടത്ത് അത് പറയാൻ നമ്മുടെ സ്നേഹം നമ്മളെ അന്ധരാക്കാതെ ഇരിക്കട്ടെ. ഹാപ്പി പാരന്റിങ് 


(OURKIDS JULY - 2019)

Monday, July 29, 2019

ലെറ്റ് ദെം ബീ ലിറ്റിൽ (Let Them Be Little )

കുഞ്ഞുങ്ങൾ എത്രപെട്ടെന്നാണ് വളരുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

തിരക്കിട്ടോടുന്നതിനിടയിൽ പലപ്പോഴും നമ്മൾ കൈ വളരുന്നതും കാൽ വളരുന്നതും കാണാറില്ല എന്നതാണ് സത്യം. അങ്ങനെ ആകുമ്പോൾ പോലും നമ്മൾ കുട്ടികളെ ഒന്നുകൂടെ തിരക്കാക്കാറുണ്ടോ വേഗം വലുതാകാൻ? കഴിഞ്ഞ ദിവസം കണ്ട ഒരു പോസ്റ്റർ ആണ് എന്നെയിപ്പോൾ അങ്ങനെയൊരു ചിന്തയിലേക്ക് എത്തിച്ചത് - എത്ര വലുതായാലും നമ്മളുടെ ദിവസങ്ങൾ ഒരുപോലെയാണോ. ഹാപ്പി ഡേയ്സ് മാത്രമാണോ നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും? അല്ല അല്ലേ .. നമ്മുടെ ചില ദിവസങ്ങൾ സങ്കടകരങ്ങളാണ്, ചിലവ വൻ മടി പിടിച്ചവയും ചിലതൊക്കെ വല്ലാതെ ക്ഷീണം നിറഞ്ഞതുമാണ്.  അപ്പോൾപ്പിന്നെ നമ്മളെന്തിനാണ് കുഞ്ഞുങ്ങളുടെ ദിവസങ്ങൾ മാത്രം എപ്പോഴും സന്തോഷം നിറഞ്ഞത് മാത്രമാകണം എന്ന് ശാഠ്യം പിടിക്കുന്നത് ? അവരുടെ ലോകത്തിലും മടിയുടെ, ക്ഷീണത്തിന്റെ, സങ്കടത്തിന്റെ, നിരാശയുടെ ദിവസങ്ങൾ ഉണ്ടാകും.  പക്ഷേ, മാതാപിതാക്കളിൽ എത്രപേർ അത് മനസിലാക്കാറുണ്ട് എന്നത് ഒരു ചോദ്യചിഹ്നം ആയപ്പോൾ വീട്ടിലെ എട്ടുവയസുകാരനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.


സ്‌കൂൾ വര്ഷം തീരാറായ സമയമായിരുന്നു. വേനലവധി തുടങ്ങാൻ കാത്തിരുന്ന് അക്ഷമനാകുന്ന കുഞ്ഞിനെ കണ്ടപ്പോൾ ആണ് തോന്നിയത് സ്‌കൂൾ ഇത്രയേറെ ഇഷ്ടമുള്ള അവനെന്തുകൊണ്ടായിരിക്കും രാവിലെ സ്‌കൂളിൽ പോകാൻ വേണ്ടി ഉണരാൻ മടിയുള്ളത്.  ഉത്തരം വളരെ സിംപിൾ ആയിരുന്നു - "അമ്മാ എനിക്ക് സ്‌കൂളിനോട് മടുപ്പില്ല, അവിടെ എത്തിക്കഴിഞ്ഞാൽ! എനിക്ക് സ്‌കൂൾദിവസങ്ങൾ മിസ് ചെയ്ത വീട്ടിൽ ഇരിക്കണം എന്നുമില്ല. പക്ഷേ, സ്‌കൂൾ ദിവസങ്ങൾ വളരെയേറെ മടുത്തുതുടങ്ങി ( I am tired of school days! ).  ക്ഷീണിച്ചു - സ്‌കൂളിൽ പോയിപ്പോയി. സ്‌കൂൾ ഒന്ന് അടച്ചിരുന്നേൽ ഞങ്ങൾക്ക് എല്ലാവർക്കും വിശ്രമിക്കാമായിരുന്നു. " അത് കേട്ടപ്പോൾ സത്യത്തിൽ കുറ്റബോധം തോന്നി. വളരെ നേരത്തേയല്ല  ഇവിടെ സ്‌കൂളുകൾ ക്‌ളാസ് തുടങ്ങുന്നത്. പക്ഷേ 8.30 നു തുടങ്ങി - വൈകുന്നേരം 4.00  ആകുമ്പോഴേക്കും കുട്ടികൾ വല്ലാതെ ക്ഷീണിച്ചു അവശരായിട്ടുണ്ടാകും. അതിനുപുറമേയാണ്‌ സ്‌കൂൾ കഴിഞ്ഞുള്ള ആക്ടിവിറ്റീസ്. പല കുട്ടികൾക്കും കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ ട്യൂഷൻ സ്ഥലങ്ങളുണ്ട്, പലതരം സ്പോർട്സുകളും, പാട്ട് -ഗിറ്റാർ- പിയാനോ ഇത്യാദി കലാപരിപാടികളും മിക്കപ്പോഴും സ്‌കൂൾ കഴിഞ്ഞുള്ള സമയത്താകും.  


എട്ടുവയസുകാരന്  കരാട്ടെയും,ഗിറ്റാറും ആണ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്. കരാട്ടെ ഏതാണ്ട് രണ്ടാം വീട് പോലെയായത് കൊണ്ട് ആഴ്ചയിൽ മൂന്നുദിവസം അവിടെത്തന്നെയാണ്. പിന്നെ ഒരുദിവസം ഗിറ്റാറിന്റെ അരമണിക്കൂർ കൂടിക്കഴിഞ്ഞാൽ ഒന്നിനും പോകാത്തതായി കയ്യിലുള്ളത് പ്രവർത്തി ദിവസത്തിലെ ഒരു ദിനം മാത്രം. ക്വയറിൽ പാടാൻ ഒരു ചാൻസ് കിട്ടിയപ്പോൾ അവനോട് തന്നെ ചോദിച്ചു, നിനക്കിത് പോകണമെന്നുണ്ടോ? രണ്ടുമാസം പോയിനോക്കിയപ്പോൾ ആശാൻ തന്നെ പറഞ്ഞു - എനിക്ക് സ്‌കൂൾ വിട്ടുവന്നാൽ ഒരു ദിവസം ഫ്രീ ആയിട്ട് വേണം. ന്യായമായ ആവശ്യം! അതുകൊണ്ട് അവൻ തന്നെ ക്വയർ ഒഴിവാക്കി.  അതുകൊണ്ട് വലിയ വ്യത്യാസം ഒന്നുമില്ല എങ്കിലും ഉള്ളതാകട്ടെ എന്ന് അവനും കരുതി.  



ഈ സംസാരം സത്യത്തിൽ മറ്റുചില കാര്യങ്ങൾ കൂടി ചിന്തിപ്പിച്ചു. വേനലവധിക്കാലത്ത് മുഴുവൻ ദിവസവും  കുട്ടികളെ  സമ്മർ ക്യാംപുകളിൽ കൊണ്ടാക്കുന്നതിലെ ഔചിത്യമില്ലായ്മ. രണ്ടര മാസം മുഴുവൻ വീട്ടിൽ നിന്ന് ടിവി കണ്ടുറങ്ങിയിട്ടും കാര്യം ഇല്ലെങ്കിലും എലിമെന്ററി സ്‌കൂൾ തലത്തിലെ കുട്ടികൾക്ക് എങ്കിലും വെക്കേഷൻ എന്ന ഒരു ഫീൽ കൊടുക്കണമെന്നാണ് അഭിപ്രായം. സ്‌കൂൾ സമയങ്ങളിൽ ആണെങ്കിൽ ശനിയോ ഞായറോ ഏതെങ്കിലും ഒരു ദിവസം കുട്ടികൾക്ക് പത്തുമണി വരെ കിടന്നുറങ്ങി എല്ലാ സ്കേഡ്യുളുകളും തെറ്റിച്ചു ജീവിക്കാൻ വേണ്ടി അനുവദിച്ചുകൊടുക്കണം. അതിനു വേണ്ടിയാണല്ലോ 5 ദിവസം പ്രവർത്തിദിവസവും രണ്ടു ദിവസം അവധിയും തന്നിരിക്കുന്നത്! മക്കളെ വിളിച്ചിരുത്തി  ഇങ്ങനെയൊരു ചോദ്യം ചോദിച്ചുനോക്കൂ .. ഒരു 15  വയസു വരെയുള്ളവർ ഒരേപോലെയാകും ഉത്തരം തരുക. അവർ പതുക്കെ വലുതാകട്ടെയെന്നേ! let  them  be  little  - വലുതായിക്കഴിഞ്ഞു പിന്നെ ചെറുതാക്കാൻ പറ്റില്ലല്ലോ! 


ഇനിയാ ആദ്യം പറഞ്ഞ കാര്യം - എങ്ങനെ കുഞ്ഞുങ്ങളുടെ ദിവസം കഴിയുന്നതും സന്തോഷ ദിവസങ്ങളായി തുടങ്ങാം, തീർക്കാം. രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എല്ലാ രാവിലെയും വിളിച്ചുണർത്തുന്നത് അവരുടെ അടുത്ത് ചെന്ന് ഒരുമ്മ കൊടുത്താകാം. സ്നേഹത്തോടെ മുടിയിലൊന്നു തലോടി ആകാം .. കുറച്ചു മുതിർന്നവർ ആണെങ്കിൽ ഒരു നല്ല ദിവസത്തിന്റെ പ്രാധാന്യം ആശംസിക്കുകയും ചെയ്യാം. (ഇത് കഴിഞ്ഞു 15 മിനിറ്റ്  കഴിഞ്ഞും എഴുന്നേറ്റു വരാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക്  നിങ്ങളുടേതായ അടുത്ത മെത്തേഡിലേക്ക്  പോകാം കേട്ടോ - അതിനു ഞാൻ ഉത്തരവാദി അല്ല ) 

രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് എത്ര പിണക്കത്തിൽ, വഴക്കിൽ, ദേഷ്യത്തിൽ, നിരാശയിൽ  ആണ് ആ ദിവസം കടന്നു പോയതെങ്കിലും കുഞ്ഞുങ്ങൾക്ക് അരികിലെത്തി  സ്നേഹത്തോടെ സുഖനിദ്ര ആശംസിക്കാം. പതിയെ ഒരുമ്മ ഒക്കെക്കൊടുത്ത്, വഴക്കു പറഞ്ഞതിൽ ക്ഷമ ചോദിക്കുകയോ, എന്തുകൊണ്ട് വഴക്കു പറയേണ്ടി വന്നു എന്ന് അവരോട് വിശദീകരിക്കുകയോ ചെയ്യാം. അപ്പോഴും അവർക്ക് വിഷണ്ണരും, വഴക്കാളിയും ആകാനുള്ള അവകാശം ഉണ്ട് കേട്ടോ. നമ്മൾ മുതിർന്നവർക്ക് ഇത്തരം ഒരു സ്വഭാവശീലം ഉണ്ടാക്കിയെടുക്കാൻ നമ്മൾ പരിശ്രമിക്കണം എങ്കിൽ ഒരു ചെറിയ കുഞ്ഞിന് അത്തരം ഒരു മാനസിക അവസ്ഥയിലേക്ക് എത്താൻ എത്ര നാളെടുക്കും എന്നോർത്താൽ മതി.  

എല്ലാ പുതിയ പുലരിയും ഒരു പുതിയ ദിനമായതുകൊണ്ടുതന്നെ തലേന്ന് നടന്ന സംഭവത്തിന്റെ ചിന്താഭാരവും കൊണ്ടാകരുത് പിറ്റേ ദിവസം തുടങ്ങേണ്ടത്.  മിക്ക കുട്ടികളും കഴിഞ്ഞ ദിവസം നടന്ന കാര്യം മറന്ന് എണീറ്റുവരുമ്പോൾ ആകും അമ്മയായ നമ്മൾ മുഖം വീർപ്പിക്കുകയും അച്ഛൻ മിണ്ടാതെ പോകുകയും ചെയ്യുന്നത്. പിന്നെ ആ കുട്ടിയുടെ അന്നത്തെ ദിവസം എങ്ങനെയാണു സന്തോഷകരം ആകുക. ഓരോ ദിവസത്തിനെയും ഓരോ പുതിയ തുടക്കമായി കണ്ടുകൊണ്ട് തുടങ്ങുക. കഴിയുന്നതും മാതാപിതാക്കൾക്ക് ഇടയിലുള്ള  കശപിശകൾ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാതിരിക്കുക. 


സ്‌കൂളിൽ നിന്ന് എത്തുന്ന കുഞ്ഞുങ്ങളുടെ വർത്തമാനത്തിനായി ഒരൽപം സമയം നീക്കിവെക്കുക എന്നതാണ് അടുത്തത്. ചെറിയ ക്‌ളാസുകളിലെ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർക്ക് നമ്മളോട് പറയാൻ നൂറായിരം കാര്യങ്ങളുണ്ടാകും. അത് കേൾക്കാൻ നമ്മൾ സമയം കൊടുക്കുന്നുണ്ടോ എന്നതും, അവരുടെ കുഞ്ഞുകുഞ്ഞു ആവലാതികൾ അർഹിക്കുന്ന ഗൗരവത്തോടെ നമ്മൾ കേൾക്കുന്നുണ്ടോ എന്നതുമാകും വളരുമ്പോൾ അവർ സമയം നമ്മളോടൊപ്പം ചിലവഴിക്കുമോ എന്നതിന്റെ മാനദണ്ഡം. ചുരുക്കിപ്പറഞ്ഞാൽ നഴ്‌സറിക്കാലത്തു കുഞ്ഞുങ്ങൾക്ക് സംസാര സമയം കൊടുത്താൽ ടീനേജ്കാലത്ത് അവർ വിശേഷങ്ങൾ നമ്മളുമായി പങ്കുവെക്കും. അല്ലെങ്കിലോ അവർക്ക് അവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഒരുത്സാഹവും ഉണ്ടാകില്ല.  ടീനേജേഴ്‌സിനോട് കഥകൾ പങ്കുവയ്ക്കാൻ ഉള്ള ഏറ്റവും എളുപ്പമാർഗം അവർ ചെയ്യുന്നത് എല്ലാം തെറ്റാണെന്ന് മുൻവിധികൾ ഉണ്ടാക്കാതെ ഇരികുകയെന്നതാണ്. നമ്മളുടെ കൗമാരകാലത്തെ അബദ്ധകഥകൾ പറയുന്നത് എപ്പോഴും കുട്ടികൾക്ക് സഹായകരം ആകും എന്ന് അനുഭവസ്ഥർ പറയുന്നു - അച്ഛനുമമ്മയ്ക്കും അബദ്ധം പറ്റിയിട്ടുണ്ട് എന്നത് അവരെ കുറച്ചുകൂടി കാര്യങ്ങൾ വിലയിരുത്താനും പങ്കുവയ്ക്കാനും പ്രേരിപ്പിക്കും. 


ഈ മാസത്തെ കുറിപ്പ് നിർത്തുന്നത് ഞാൻ ആദ്യം പറഞ്ഞ ആ പോസ്റ്ററിലെ വാചകങ്ങൾ പറഞ്ഞുകൊണ്ടാകട്ടെ 


Why do we put so much pressure on Children?
As adults we have Slow days, Sad days, Dull days, Happy Days. 
As adults, we have days where we  just want to NAP and EAT cake
So why do we expect so much from our little people? 
They are, STILL Growing 
STILL Learning STILL Developing STILL HUMAN... Let them be little! 






(Ourkids Magazine 2019 June Edition) 



Monday, June 24, 2019

എങ്ങനെ പറയാം "ആ കുറച്ചു കാര്യങ്ങൾ"

              മൂത്ത പുത്രന് 8 വയസ്സാകാനായപ്പോൾ മുതൽ മനസ്സിലുണ്ടായിരുന്ന ചിന്ത 'കുറച്ചു കൂടി കാര്യങ്ങൾ'  വിശദമായി പറഞ്ഞുകൊടുക്കണമല്ലോ ഇനി എന്നാണ്. പറയുമ്പോൾ ആശാൻ ഞങ്ങൾക്കിപ്പോഴും ഇത്തിരിക്കുഞ്ഞൻ ആണെങ്കിലും കുട്ടികൾ എത്രപെട്ടെന്നാണ് വളരുകയും വലുതാവുകയും ചെയ്യുന്നത് എന്ന് അതിശപ്പിച്ചുകൊണ്ടിരിക്കുന്നു ഓരോ നിമിഷവും.  ഇവിടെയൊക്കെ കുട്ടികൾക്ക് അവരുടെ ശരീരത്തിനെക്കുറിച്ചും ശാരീരിക അവസ്ഥകളെക്കുറിച്ചും സ്‌കൂളുകളിൽ നിന്ന് തന്നെ അവബോധമുണ്ടാക്കാറുണ്ട്. ഓരോ പ്രായത്തിനും അനുസൃതമായി ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളുൾപ്പെടെയാണ് കുട്ടികൾ പഠിക്കുക.  അതുകൊണ്ട് തന്നെ മാതാപിതാക്കളുടെ ജോലി പൊതുവേ എളുപ്പമാണ് നാട്ടിലേതിനേക്കാൾ. കുഞ്ഞുങ്ങളെങ്ങനെ ഉണ്ടായി എന്നതോ സാനിറ്ററി പാഡുകൾ എന്താണ് എന്നതോ ഒക്കെ ഇപ്പോഴും പല രീതിയിലുള്ള കഥകളായിത്തന്നെ കുട്ടികളോട് പറഞ്ഞുപോരുന്നതായാണ് ഇപ്പോഴും കാണുന്നത്. അവരിതൊക്കെ കുറേക്കൂടി വലുതാകുമ്പോൾ തനിയെ അറിഞ്ഞോളുമെന്നോ, അല്ലെങ്കിൽ ഇതൊക്കെയാണോ മക്കളോട് സംസാരിക്കുകയെന്നൊരു ഭ്രഷ്ട് കൽപ്പനയോ ആണ് പൊതുവെ കാണപ്പെടാറ്.

     
                  മക്കളോട് അവരുടെ ശരീരത്തിലെ 'പ്രൈവറ്റ് പാർട്സ്' നെക്കുറിച്ചു പറയാൻ പത്തുവയസ് ആകുംവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല.  ഏറ്റവും ബേസിക് ആയ അറിവ് ഒന്നര രണ്ടുവയസ്സ് മുതൽ തന്നെ കൊടുക്കുക എന്നതാണ് ശരിയായ രീതി. ശരീരത്തിലെ മാറിടവും, മുൻ-പിൻ ഭാഗങ്ങളും കുട്ടികൾക്ക് മനസിലാകുന്ന ഭാഷയിൽ അവരുടേത് മാത്രമായ സ്വകാര്യതയാണെന്ന് പഠിപ്പിക്കുക. കുഞ്ഞുങ്ങളോട് കൊഞ്ചിപ്പറയുന്ന വാക്കുകൾ (ചുക്കുമണി, സൂസൂ, പാപ്പി, അമ്മിഞ്ഞ ) ഒക്കെ ഉപയോഗിച്ച് കുട്ടികളെ മനസിലാക്കിക്കുന്നതിൽ തെറ്റില്ല എങ്കിലും കാലക്രമേണ സ്വകാര്യ  അവയവങ്ങളുടെ ശരിയായ പേര് പറഞ്ഞു പഠിപ്പിക്കുന്നതാണ് ശരിയായ രീതി.  പീനിസ് (പുരുഷലിംഗം) എന്നോ വജൈന (യോനി) എന്നോ മുലകൾ (ബ്രെസ്റ്റ്) എന്നോ ഒക്കെ കുട്ടികളോട് പറയാൻ യാതൊരു മടിയും മാതാപിതാക്കൾ കാണിക്കേണ്ടതില്ല എന്നതാണ് പഠനങ്ങൾ തെളിയിക്കുന്നത്. ബാലപീഡനങ്ങൾ പലപ്പോഴും വെളിച്ചത്തുകൊണ്ടുവരുന്നത് വീടുമായിട്ടോ കുട്ടിയുമായിട്ടോ  വളരെയധികം അടുപ്പമുള്ള ആളുകളെയാണ് (ബന്ധുക്കളോ, മാതാപിതാക്കളുടെ സുഹൃത്തുക്കളോ, അദ്ധ്യാപകരോ ഒക്കെയാകാം പ്രതി) . പലപ്പോഴുമിത്തരം കാര്യങ്ങളിലുള്ള അവബോധമില്ലായ്മ ആണ് കുഞ്ഞുങ്ങളെ ഇത്തരം ചതിക്കുഴികളിൽ പെടുത്തുന്നത്.


                 ആറാംതരം കഴിയുമ്പോൾ മുതൽ കുട്ടികളുടെ പൊതുവിദ്യാഭ്യാസത്തിൽത്തന്നെ ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തിയിരിക്കുന്നു. വീടുകളിൽ സംസാരിക്കുന്നതിലൂടെ കുട്ടികൾക്ക് കൂടുതൽ വ്യക്തത ലഭിക്കുകയും മാതാപിതാക്കളോട് ഒരു സുതാര്യമായ ബന്ധം സൂക്ഷിക്കാൻ കഴിയുകയും ചെയ്യും എന്നതാണ് കണ്ടുവരുന്ന രീതി. 12 വയസ് അഥവാ പ്രീ-റ്റീൻ കാലഘട്ടത്തിലാണ് പൊതുവേ ആൺകുട്ടികളേയും പെൺകുട്ടികളേയും വേർതിരിച്ചുള്ള ക്‌ളാസ്സുകൾ തുടങ്ങാറുള്ളത്. എതിർലിംഗത്തെക്കുറിച്ചുള്ള കൗതുകം കുട്ടികളിലെ സാധാരണ വിഷയമാണെന്നും ചിലപ്പോഴെങ്കിലും പുറമെ കാണുന്നതല്ല ഓരോരുത്തരുടെയും സെക്ഷ്വാലിറ്റി എന്നുമൊക്കെ തിരിച്ചറിയുന്ന കാലഘട്ടമാണ് ഇത്.


               12 നു മുൻപും ആറേഴ് വയസിന് ശേഷവും എന്നൊരു അവസ്ഥയുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിഷ്കളങ്കമായൊരു ഇഷ്ടം/അടുപ്പം  തോന്നുന്ന സമയം. അത്രയും ചെറിയ കുട്ടികൾക്ക് പ്രേമമോ എന്നൊക്കെ മൂക്കത്ത് വിരൽ വെയ്ക്കാൻ വരട്ടെ, പ്രേമം എന്നതിന് നമ്മൾ കൊടുക്കുന്ന ഠാ വട്ട നിർവചനത്തിൽ ഒതുങ്ങുന്നതല്ല ആ കുഞ്ഞുങ്ങളുടെ
ഇഷ്ടം. ഇതെല്ലാ കുട്ടികൾക്കും ഉണ്ടാകണമെന്നില്ല, എന്നാൽ ഭൂരിഭാഗം കുട്ടികളും ഈ പ്രായത്തിൽത്തന്നെ അങ്ങനെയൊരു മാറ്റത്തിനെക്കുറിച്ചു ബോധവാന്മാരും ബോധവതികളും ആണെന്ന്  ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ക്രഷ് -ലിസ്റ്റ്  കേട്ട് ഞെട്ടിപ്പൊട്ടി 'ഹമ്പമ്പട കേമന്മാരേ' എന്ന് വായ പൊളിച്ച അനുഭവത്തിന്റെ വെളിച്ചമുള്ള ഒരമ്മ.



അപ്പോൾ പറഞ്ഞുവന്നത്, 8 വയസുകാരനോട് സംസാരിച്ചുതുതുടങ്ങാനുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു നടന്നപ്പോൾ വഴിയിൽ തടഞ്ഞ ഒരു വള്ളിയെക്കുറിച്ചാണ് -   Guy Stuff: The Body Book for Boys (age 8+ ). 







ഒൻപത് മുതൽ 12 വരെയുള്ള പ്രായക്കാർക്ക് അഥവാ പ്യുബർട്ടി ഘട്ടത്തിലേക്ക് കടക്കുന്ന ആൺകുട്ടികൾക്ക് സംഭവിക്കാവുന്ന ഹോർമോണൽ ചേഞ്ചസിനെപ്പറ്റിയും ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ശരീരം എങ്ങനെയൊക്കെ വൃത്തിയായി സൂക്ഷിക്കാം എന്നതിനെക്കുറിച്ചുമൊക്കെ കൃത്യമായും വ്യക്തമായും പ്രതിപാദിക്കുന്ന ഒരു ബൂക്കാണിത്. മറ്റൊരു ആവശ്യത്തിനായി കടയിൽപ്പോയപ്പോൾ കൂടെക്കൂടിയ മകൻ തന്നെയാണ് ഇത് കണ്ടുപിടിച്ചതും വാങ്ങിത്തരാൻ ആവശ്യപ്പെട്ടതും. ഒരു 'അഡ്വാൻസ്' പിറന്നാൾ സമ്മാനമായിട്ട് അപ്പോൾത്തന്നെ സംഭവം അങ്ങ് വാങ്ങിക്കൊടുത്തു. പല്ലു തേക്കേണ്ടതിന്റെ ആവശ്യകത മുതൽ കക്ഷത്തിലുണ്ടാകുന്ന രോമവളർച്ചയെക്കുറിച്ചു വരെ ചിത്രങ്ങൾ ഉൾപ്പെടുത്തി പ്രതിപാദിക്കുന്ന ബുക്കിന്റെ രചയിതാവ് കേര നാറ്റർസൺ എന്ന ശിശുരോഗ വിദഗ്ധയാണ്.  ആളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മനസിലായി ഇത്തരം പാരന്റൽ ബുക്കുകൾ, ദി കെയർ & കീപ്പിങ്ങ് എന്ന പേരിൽ ഒരു സീരിസ് തന്നെ പുള്ളിക്കാരി ചെയ്തിട്ടുണ്ട്. പെൺകുട്ടികൾക്കായി രണ്ടു ഭാഗത്തിലായി The Body Book for younger Girls & The Body Book for Older Girls എന്നതും ഡോക്ടറുടെ പ്രീ-റ്റീൻ വീഡിയോകളുമൊക്കെ കൗമാരപ്രായക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്ക് ഒരു അക്ഷയഖനി തന്നെയാണ്. 



"ആ കുറച്ചു കാര്യങ്ങൾ" എങ്ങനെ മകനോട് അല്ലെങ്കിൽ മകളോട് സംസാരിക്കും എന്ന് ആശങ്കപ്പെടുന്ന ഒരമ്മ/ അച്ഛൻ ആണോ നിങ്ങൾ? എങ്കിലീ ബുക്ക് വാങ്ങിക്കോളൂ നിരാശപ്പെടേണ്ടി വരില്ല.


(OURKIDS Magazine  - APRIL2019)





Friday, May 31, 2019

ഒരു ദേശത്തിന്റെ സ്വത്ത്

അനുഭവം 1
--------------------


പരിചയത്തിലുള്ള ഒരു ചേച്ചി അവരുടെ ഒരുവയസുള്ള കുഞ്ഞിനെ ആദ്യമായി ഡേ കെയറില്‍ വിട്ട ദിവസം. അവരുടെ മുന്നില്‍വെച്ച്‌ തന്നെ കുഞ്ഞിന്‍റെ ശരീരത്തില്‍ എന്തെങ്കിലും പാടുകളോ മുറിവുകളോ ഉണ്ടോയെന്ന് ഉടുപ്പുകളഴിച്ചു നോക്കിയതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചുമ്മാ ചിരിച്ചുതള്ളി. പിറ്റേ ആഴ്ച തണുത്ത കാറ്റടിച്ചും പോളന്‍ അലര്‍ജിയും കാരണം ചുവന്നുതുടുത്ത കവിളുകളുമായി എത്തിയ കുഞ്ഞിനെക്കണ്ട് ഡേ കെയറിലെ ടീച്ചര്‍മാര്‍ക്ക് ഒരു സംശയം ഇത് അമ്മയുടെയോ അച്ഛന്റെയോ കൈപ്രയോഗത്തിന്റെ ബാക്കിപത്രം ആണോയെന്ന്. ആ മാതാപിതാക്കള്‍ക്ക് നിറംമാറ്റം കുഞ്ഞിന്‍റെ അലര്‍ജി ആണെന്ന് അവരെ തെളിവുസഹിതം ബോദ്ധ്യപ്പെടുത്തേണ്ടിവന്നു. അങ്ങനെ ചെയ്തില്ല എങ്കില്‍ ഉറപ്പായും അടുത്തതായി സംസാരിക്കേണ്ടത് child welfare ആള്‍ക്കാരോട് ആകുമെന്ന് ഈ നാട്ടിലെ നിയമമറിയുന്ന ആ അച്ഛനുമമ്മയ്ക്കും അറിയാം.


അനുഭവം 2
---------------------

മൂത്ത ഒരു കുട്ടിയും ഇളയ ഇരട്ടക്കുഞ്ഞുങ്ങളുമുള്ള ഒരു സുഹൃത്ത്. ഇരട്ടകളേയും കൊണ്ട് ഒറ്റയ്ക്ക് കടയില്‍പ്പോകേണ്ടി വരുമ്പോള്‍ സാധാരണ ചെയ്യാറുള്ളത് അവിടെയുള്ള ഇരട്ട സീറ്റുള്ള ട്രോളിയില്‍ കുഞ്ഞുങ്ങളെ ഇരുത്തി കടയ്ക്കുള്ളിലെ കറക്കം പൂര്‍ത്തിയാക്കും. ഒരുദിവസം ഇങ്ങനെ വീട്ടിലേക്കുള്ള അല്ലറചില്ലറ ഷോപ്പിംഗ്‌ ഒക്കെക്കഴിഞ്ഞ് കുഞ്ഞുങ്ങളേയും വണ്ടിയില്‍ കയറ്റി തിരികെ യാത്ര ചെയ്ത് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഒരു സാധനം കടയില്‍ മറന്നതോര്‍ത്തത്. രണ്ടുവയസു മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ രണ്ടാളും കാര്‍സീറ്റില്‍ കയറ്റിയപ്പോഴേ ഉറക്കവുമായി.  എങ്കിലും ഇനിയൊരിക്കല്‍ക്കൂടി രണ്ടാളേയും പൊക്കികൊണ്ട് കടയിലേക്ക് വരുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് ആളപ്പോള്‍ത്തന്നെ തിരികെ കടയില്‍ പോയി.   പാര്‍ക്കിംഗ് ലോട്ടില്‍ കടയോട് ഏറ്റവും ചേര്‍ന്നുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്തിട്ട് ആ അമ്മ ഓടിപ്പോയി അഞ്ചുമിനിറ്റിലും താഴെയുള്ള സമയത്തില്‍ തിരികെ മക്കളുടെ അടുത്തേക്ക് എത്തുകയും ചെയ്തു. കുഞ്ഞുങ്ങള്‍ ഉറക്കമായിരുന്നത് കൊണ്ട് അവരറിഞ്ഞത് പോലുമില്ല അമ്മ പോയതും വന്നതും. പക്ഷേ ആള്‍ തിരികെ കാറിന് അടുത്തെത്തിയപ്പോള്‍ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലെ ഒരു ആള്‍ ഇവരുടെ കാറിനു സമീപം നില്‍ക്കുന്നുണ്ടായിരുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികളെ ഒറ്റയ്ക്കാക്കി പോകുക എന്നത് ഈ നാട്ടില്‍ ശിക്ഷ കിട്ടാവുന കാര്യമാണ് - അതിപ്പോ വീട്ടിലായാലും കാറിലായാലും സംഭവം ഗുരുതരമായ കുറ്റമാണ്. അടുത്തിടെ മാത്രം ഈ നാട്ടിലേക്ക് എത്തിയ ആ സുഹൃത്തിന് കാര്യത്തിന്‍റെ ഗൗരവം അത്രയ്ക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം. നല്ലവനായ ആ ശമരിയക്കാരന് അത് മനസിലായത് കൊണ്ട് മാത്രം അദ്ദേഹം 911 വിളിച്ചില്ല. പക്ഷേ, ഇനിയൊരവസരത്തിലും ഇങ്ങനെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി പോകാന്‍ പാടില്ല എന്നും, ഇതുപോലെ കണ്ടാല്‍ പോലീസിനു വിവരം കൊടുത്തില്ല എങ്കില്‍ ആ കാണുന്നവര്‍ കൂടി കുറ്റക്കാരാകുകയും ചെയ്യും എന്നുള്ളത് കൊണ്ട് സാധാരണ എല്ലാവരും 911 വിളിക്കും എന്നുമുള്ള ആജീവനാന്തം ഓര്‍ക്കാനുള്ള ഒരു പാഠം എന്‍റെ സുഹൃത്തിന് കിട്ടി!


അനുഭവം 3
---------------------


ഇതെന്‍റെ സ്വന്തം അനുഭവം ആണ്. രണ്ടാമത്തെ കുഞ്ഞന്‍ ജനിച്ചപ്പോള്‍ 2.8 കിലോഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ കുട്ടികളുടെ കണക്ക് വെച്ച് അവന് തൂക്കക്കുറവ് ഇല്ലെങ്കിലും ഇവിടുത്തെ കണക്കനുസരിച്ച് അവന്‍ 'ഇത്തിരിക്കുഞ്ഞന്‍' ആയിരുന്നു - ഒരു ഷുഗര്‍ ബേബിയും. ആശുപത്രിയില്‍ നിന്ന് മൂന്നിന്‍റെ അന്നുതന്നെ വീട്ടില്‍ എത്തിയെങ്കിലും ഒന്‍പതാം ദിവസം ചില കോമ്പ്ലിക്കേഷന്‍സ് കാരണം  തിരിച്ചു ഹോസ്പിറ്റല്‍ പോകേണ്ടിവന്നു എനിക്ക്. കുഞ്ഞിനു പാലുകൊടുക്കാന്‍ പറ്റാതെയായപ്പോള്‍ അവരുതന്നെ ഫോര്‍മുല ഒക്കെ കൊടുത്തു മാനേജ് ചെയ്തെങ്കിലും വീണ്ടും മുലപ്പാല്‍ കൊടുത്തു തുടങ്ങിയപ്പോള്‍  അവന്‍റെ തൂക്കത്തില്‍ കാര്യമായ വ്യത്യാസം വന്നിരുന്നു. അന്ന് ഡോക്ടര്‍ പാല്‍ പമ്പ് ചെയ്ത് കൊടുക്കണമെന്നും ഫോര്‍മുല കൊടുക്കണം എന്നും പറയുകയും രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കൊണ്ടുവരണമെന്നും പറഞ്ഞുഞങ്ങളെ വിടുകയും ചെയ്തു.  രണ്ടുദിവസം കഴിഞ്ഞു ചെന്നപ്പോഴും തഥൈവ തന്നെ തൂക്കം. എനിക്ക് കുഞ്ഞിനു ഫോര്‍മുല കൊടുക്കാനുള്ള മടിയും, പാല്‍ കുടിച്ച് ഉറങ്ങിപ്പോകുന്ന കുട്ടിയെ ഉണര്‍ത്താനുള്ള വിഷമവും  മനസിലാക്കിയ ഡോക്ടര്‍ ഒരു താക്കീത് പോലെ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞുള്ള അടുത്ത ചെക്കപ്പില്‍ കുറഞ്ഞ ഭാരം തിരികെ എത്തിയില്ല എങ്കില്‍ ഞങ്ങള്‍ കുഞ്ഞിനെ ഇവിടെ കിടത്തി ഫോര്‍മുല കൊടുക്കും, കുട്ടിക്ക് ആവശ്യത്തിനു ഭാരമായി എന്ന് തോന്നുമ്പോള്‍ നിങ്ങള്‍ക്ക്  വീട്ടിലേക്ക് കൊണ്ടുപോകാം. അങ്ങനെ പറയാന്‍ ഒരു ഡോക്ടര്‍ക്ക് അവകാശമുണ്ട്, അവരത് ചെയ്യുകയും ചെയ്യും എന്നറിയാവുന്നത് കൊണ്ട് അടുത്ത രണ്ടു ദിവസം ഊണും ഉറക്കവുമില്ലാതെ പാലുകൊടുത്താണ് ചെറിയവന്റെ തൂക്കം കറക്ടാക്കിയത്.




ഈ മൂന്നു അനുഭവവും വെച്ച്പറഞ്ഞുവന്നത് എന്തെന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ ദേശത്തിന്‍റെ സ്വത്തായാണ് കാണുന്നത്. അപ്പുറത്തെ വീട്ടിലെ കുട്ടിക്കൊരു കുഴപ്പം പറ്റിയാല്‍ ആദ്യം അറിയുന്നവന്‍ പോലീസിനെയോ കുട്ടികളുടെ സംരക്ഷണയ്ക്കായുള്ള സംഘടനകളിലോ അറിയിച്ചില്ല എങ്കില്‍  കുഴപ്പം ഈ മിണ്ടാതിരിക്കുന്ന വ്യക്തിക്കും കൂടിയാണ്. കഴിഞ്ഞ ആഴ്ചകളിലെ പത്രക്കുറിപ്പുകളും ഫെസ്ബൂക്ക് പോസ്റ്റുകളുമൊക്കെ ചങ്ക് പിടച്ചാണ് വായിച്ചിരുന്നത് - ഒരേഴുവയസുകാരന്‍ രണ്ടാനച്ഛന്റെ തൊഴി കൊണ്ട് മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെ പോയ വാര്‍ത്ത‍ അങ്ങനെയല്ലാതെ വായിക്കാന്‍ കഴിയില്ലായിരുന്നു. ഒരു വികസിത രാജ്യത്തിലിരുന്ന് ഇവിടെ അങ്ങനെയാണ്, നിയമം കര്‍ക്കശമാണ് എന്നൊക്കെ പറയുന്നതിലെ രസമില്ലായ്മ അറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ആ കുഞ്ഞിന്‍റെ ശരീരത്തിലുണ്ടായിരുന്ന ഓരോ പാടുകളും മുറിവുകളും നമ്മളെയും കൂടിയാണ് കുറ്റക്കാര്‍ ആക്കുന്നത്. എന്തുകൊണ്ടാണ് ആ കുഞ്ഞിന്‍റെ ഒരു അദ്ധ്യാപികയ്ക്കോ അയല്‍വാസിക്കോ അപ്പൂപ്പനമ്മൂമ്മമാര്‍ക്കോ അവനെ ഇതിനുമുന്‍പ് കാണാന്‍ കഴിയാതിരുന്നത് എന്നൊരു ക്രൂരചോദ്യം എന്നില്‍ ഉയരുന്നുണ്ട്. ആര്‍ക്കു നേരെയും വിരല്‍ ചൂണ്ടാനല്ല - എന്‍റെ നേര്‍ക്ക്തന്നെ ചൂണ്ടുന്നൊരു വിരലാണത്. ഇതൊന്നും ശ്രദ്ധിക്കാതിരുന്ന അമ്മയെക്കുറിച്ച് എനിക്ക് പറയാനറിയില്ല - അങ്ങനെയൊരു അമ്മയുണ്ടാകാമോ എന്ന് ചോദിച്ചാല്‍ അത് അത്ര   അതിശയവുമല്ല.



ഇവിടെ  മോന്‍റെ സ്കൂളില്‍ രണ്ടാം ക്ലാസ് - മൂന്നാം ക്ലാസ് മുതല്‍ തന്നെ ഒരു കൌണ്സിലിങ്ങ്  സെഷന്‍ ഉണ്ട്. പലപ്പോഴും സ്റ്റെപ് mom, സ്റ്റെപ് dad പിന്നെ ബയോളോജിക്കല്‍ അച്ഛന്‍ അമ്മ അങ്ങനെ 2 ജോഡി രക്ഷിതാക്കള്‍ ഉള്ളവരായിരിക്കും മിക്ക കുട്ടികളും.  അല്ലെങ്കില്‍ അമ്മയുടെ ബോയ് ഫ്രണ്ടിനൊപ്പമോ  അച്ഛന്റെ ഗേള്‍ഫ്രെണ്ടിനൊപ്പമോ  ജീവിക്കുന്ന കുഞ്ഞുങ്ങള്‍. പീഡനങ്ങള്‍ക്ക് പഞ്ഞമില്ലാത്ത നാടാണിത്, മെന്റല്‍ - ഫിസിക്കല്‍ അബ്യുസുകള്‍ക്കും ഒരു കുറവുമില്ലാത്ത സാഹചര്യങ്ങള്‍.  അല്‍കഹോളും ഡ്രഗ്സും ലഹരിയും ജീവിതമാക്കിയവരുടെ കുഞ്ഞുങ്ങളെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. അങ്ങനെയാകുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ എന്നത് മനപൂര്‍വമായ ഒരു ബാഹ്യശക്തിയുടെ ഇടപെടലിലൂടെ മാത്രമാകും സാദ്ധ്യമാകുക. കുട്ടികള്‍ക്ക് വീടുകളില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ഉണ്ടാകുന്ന ഏതുതരത്തിലുള്ള ശാരീരിക -മാനസിക ആക്രമണങ്ങളെ കുറിച്ച് തുറന്നു സംസാരിക്കാന്‍ ഉള്ള അവസരം ആണ് ഈ സ്കൂള്‍ കൌണ്‍സിലുകള്‍ നല്‍കുന്നത്.  ഏതെങ്കിലും കുട്ടിയുടെ ശരീരത്തില്‍ അസാധാരണമായ വിധത്തിലുള്ള പാടുകളോ ചതവുകളോ കാണുകയോ, പെരുമാറ്റത്തില്‍ വ്യത്യാസം  പ്രകടിപ്പിക്കുകയോ (പെട്ടെന്ന് ആരോടും മിണ്ടാതെയാകുക, മറ്റുള്ള കുഞ്ഞുങ്ങളെ ഉപദ്രവിക്കുക, വീട്ടില്‍ പോകാന്‍ താല്പര്യം കാണിക്കാതെയിരിക്കുക) ചെയ്താല്‍ പോലും ശ്രദ്ധിക്കപ്പെടുന്നു. സത്യത്തില്‍ ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് എപ്പോഴും കുട്ടികള്‍ സ്കൂളില്‍ എന്തുപറയുന്നു എന്നതില്‍ ആശങ്ക ഉള്ളവരാണ്.  ഇന്ത്യന്‍ രക്ഷിതാക്കള്‍ തരം കിട്ടിയാല്‍ ഓരോ തല്ലൊക്കെ കൊടുക്കുന്നവരായത്കൊണ്ട് തന്നെയാണ് ഈ ആശങ്കയും.  ഓരോ രാജ്യത്തു ജീവിക്കുമ്പോള്‍ അവിടുത്തെ നിയമം അറിഞ്ഞില്ല എങ്കില്‍ അത് വളരയേറെ അപകടമുണ്ടാക്കിയേക്കും എന്ന നിലയില്‍ ഈ നിയമങ്ങളും കുരുക്കുകളും എല്ലാവരും അറിഞ്ഞിരിക്കാന്‍ ശ്രമിക്കും, പക്ഷേ, നാട്ടിലെ പല വാര്‍ത്തകളും വായിക്കുമ്പോള്‍ ഇത്തരത്തിലൊരു ബോധവത്കരണം ഉണ്ടാകേണ്ടത് എത്ര അത്യാവശ്യമാണെന്ന് തോന്നിപ്പോകുന്നു. കൂടിവരുന്ന വിവാഹമോചനങ്ങള്‍ ഒരു പരിധി വരെ സ്കൂളുകളില്‍ യോഗ്യരായ കൌണ്‍സിലര്‍മാര്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടു വെയ്ക്കുന്നുണ്ട്. കണക്കും സയന്‍സും പഠിച്ച് ഡോക്ടര്‍മാരും എന്ജിനീയര്‍മാരും ആകാന്‍ ഓടുന്ന കൂട്ടത്തില്‍ നമുക്കൊരു മണിക്കൂര്‍ സമയം കുഞ്ഞുങ്ങള്‍ക്ക് സംസാരിക്കാന്‍ വേണ്ടി കൊടുത്തുകൂടേ?  ചെറിയ കുഞ്ഞുങ്ങള്‍ക്ക് പോലും തുറന്നുപറയാന്‍ കഴിയുന്ന രീതിയില്‍ ഒരു buddy bear സിസ്റ്റമോ, letter to dairy യോ ഒക്കെ നമുക്കും ഓരോ സ്കൂളിലും ചെയ്യാവുന്നതേയുള്ളൂ! അച്ഛനമ്മമാര്‍ കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് അദ്ധ്യാപകര്‍ക്കൊപ്പമാണ് - ആ സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ എന്തിനുവേണ്ടിയാണ് മരിച്ചതെന്ന് പോലും അറിയാതെ യാത്രയാകുന്ന  കുഞ്ഞുങ്ങള്‍ കേരളത്തിലുണ്ടാകുന്നത് ഒരു പരിധി വരെ തടയാം!

ഒടുവിലൊരു വാക്ക് മാത്രം  ആ കുഞ്ഞിനോട് ... അവന്‍റെ കുഞ്ഞനിയനോട് .... മാപ്പ്! 

(OURKIDS 2019 MAY)


Tuesday, April 16, 2019

വായിച്ചു വായിച്ചു വളരാം ..

വായിച്ചാലും വളരും വായിച്ചില്ലേലും വളരും..
പക്ഷേ,
വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും! - കുഞ്ഞുണ്ണിമാഷിന്‍റെ ഈ വരികളോര്‍ത്തുകൊണ്ട് നമുക്കിത്തവണ തുടങ്ങാം. കുഞ്ഞുങ്ങളില്‍ എങ്ങനെയാണു വായനശീലം വളര്‍ത്തിയെടുക്കേണ്ടത് എന്ന് പലരും ചോദിക്കാറുണ്ട് - പ്രത്യേകിച്ചും ദൃശ്യ,ശ്രവ്യ മാദ്ധ്യമങ്ങളുടെ അതിഭീകരമായ കടന്നുകയറ്റം ഉള്ള ഈ സമയത്ത്. ഓരോ വീട്ടിലേയും ഓരോ കുടുംബാംഗങ്ങത്തിന്‍റെയും സ്വകാര്യഇടങ്ങളിലേക്ക് കടന്നെത്തുന്ന മൊബൈല്‍ കൂടിയാകുമ്പോള്‍ കുഞ്ഞുങ്ങളെ എങ്ങനെ ഇന്റര്‍ആക്ടിവ് അല്ലാത്ത ഒരു മാദ്ധ്യമത്തില്‍ പിടിച്ചിരിത്തും എന്നതൊരു ചോദ്യം തന്നെയാണ്. പക്ഷേ, കുഞ്ഞുങ്ങളില്‍ എന്നല്ല എല്ലാവരിലും തന്നെ അറിയാനുള്ള കൌതുകം, സങ്കല്‍പ്പിക്കാനുള്ള കഴിവ് ഒക്കെ ഒരുപോലെയാണ്. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒരുപോലെയും നമ്മളവരെ പല രീതിയില്‍ പല തലത്തില്‍ ഉള്ളയിടങ്ങളിലേക്ക് തിരിച്ചുവിടുകയുമാണ് ചെയ്യുന്നത് എന്ന് എപ്പോഴും തോന്നാറുണ്ട്. അപ്പോള്‍പ്പിന്നെ എന്തുകൊണ്ടാണ് ചില കുട്ടികള്‍ നന്നായി വായിക്കുകയും ചിലര്‍ വായന വെറുക്കുകയും ചെയ്യുന്നത്? വായനാശീലം എന്ന വാക്കിനെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയേ; നിങ്ങള്‍ക്ക് തന്നെ കിട്ടും ആ ഉത്തരം! വായന ഒരു ശീലമാണ് - വായിക്കാനുള്ള കൌതുകം എല്ലാവരിലും ഉള്ളതും, വായനാശീലം നമ്മള്‍ ശീലിച്ച് എടുക്കുന്നതുമാണ്. വീണ്ടും ഒരു പഴംചൊല്ലോര്‍മ്മിക്കുന്നു -"ചൊട്ടയിലെ ശീലം ചുടല വരെ!" '

കുഞ്ഞുങ്ങളുടെ വായനാശീലം വളര്‍ത്താന്‍ ആദ്യം വേണ്ടത് രക്ഷിതാക്കള്‍ കുറച്ചു സമയം അതിനുവേണ്ടി ചിലവഴിക്കാന്‍ തയാറാവുക എന്നതാണ്, അതെന്തിനാണപ്പാ കുഞ്ഞ് വായിക്കുന്നതിന് നമ്മള്‍ സമയം ചിലവഴിക്കുന്നത് എന്ന് ഒരു ചോദ്യം മനസ്സില്‍ വന്നോ? എങ്കില്‍ ആ മുകളിലെ പഴംചൊല്ല് ഒന്നുകൂടി ശരിക്കുനോക്കിക്കോളൂ. 'ചൊട്ടയില്‍' ആണ് നമ്മള്‍ ഈ ശീലം തുടങ്ങേണ്ടത്. അതായത് വായനയുടെ ശീലം തുടങ്ങുന്നതിന് വായന അറിയണമെന്നില്ല എന്ന്! വായന ശീലിപ്പിക്കാന്‍ ഏറ്റവും പറ്റിയ പ്രായം ഏതാണ് എന്നാലോചിച്ചാല്‍ 5 വയസ് എന്നോ 6 വയസ്എന്നോ ആണ് നിങ്ങളുടെ ഉത്തരം എങ്കിലും ആ പഴംചൊല്ലൊന്നും കൂടി ഓര്‍ക്കാന്‍ പറയും ഞാന്‍. ഗര്‍ഭാവസ്ഥയില്‍ ആയിരുന്ന അഭിമന്യു കേട്ട്പഠിച്ച ചക്രവ്യുഹത്തിന്‍റെ കഥ ഒരു മിത്തല്ല എന്ന് ചുരുക്കം. വയറ്റില്‍ കുഞ്ഞുരുവാകുന്ന സമയം മുതല്‍ ഒരു 10 മിനിറ്റ് നമുക്ക് കുഞ്ഞിനായി കേള്‍ക്കാന്‍ പാകത്തില്‍ കഥ പറയുകയോ വായിക്കുകയോ ആകാം. കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ എല്ലാ ദിവസവും പത്തു മിനിറ്റ് കയ്യിലൊരു ബുക്കും പിടിച്ച് അച്ഛനോ അമ്മൂമ്മയോ അപ്പൂപ്പനോ മൂത്ത സഹോദരങ്ങളോ അമ്മയ്ക്ക് പറ്റുമെങ്കില്‍ അമ്മയോ ഇത് ചെയ്യുക. ഒരേ ബുക്ക്‌ തന്നെ വായിച്ചാല്‍ മതി അവര്‍ മാറ്റിപ്പറയും വരെ. പക്ഷേ, ഓര്‍ക്കുക നമ്മളൊരു ശീലം തുടങ്ങുകയാണ് (അല്ല! തുടരുകയാണ്) - സമയാസമയത്ത് പാല് കുടിക്കുംപോലെ, അപ്പിത്തുണി മാറുംപോലെ ഉറങ്ങുംപോലെ, നമ്മളൊരു ചായ കുടിക്കുംപോലെ , പല്ല് തേക്കുംപോലെ ഒരു ശീലം. കുറച്ചുനാളുകള്‍ നമ്മള്‍ ഈ 10 മിനിറ്റ് ചിലവാക്കിയാല്‍ കുഞ്ഞിനുള്ളില്‍ ജീവിതകാലത്തേക്ക് മുഴുവനായി പതിയുന്ന ഒരു ശീലം തുടങ്ങുകയായി.

ഓപ്പറേഷന്‍ വായനാശീലം ആദ്യപടി കഴിഞ്ഞു. നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ കുട്ടിയുടെ ജീവിതചര്യയില്‍ നിങ്ങളാ വായനയെ കൂട്ടിക്കലര്‍ത്തിക്കഴിഞ്ഞു. രണ്ടാമത്തെ പടി എന്നത് ഒരേ ചിത്രപുസ്തകം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിക്കുമ്പോള്‍ അതിലേക്ക് എങ്ങനെ കൂടുതല്‍ വാക്കുകള്‍ കൊണ്ടുവരാം എന്നതാണ്. രണ്ടു വയസുകാരി വാക്കുകള്‍ കൊഞ്ചിപ്പറഞ്ഞു തുടങ്ങുന്ന സമയമാകും, കേള്‍ക്കുന്നവയെല്ലാം ഒപ്പിയെടുക്കാന്‍ ശ്രമിക്കും. അമ്മയും കുഞ്ഞുമുള്ള ഒരു ചിത്രത്തില്‍ നിന്ന് അമ്മ, ബേബി,വാവ,പാല്‍, ചാച്ചാം, മുടി കണ്ണ് അങ്ങനെയങ്ങനെ വാക്കുകള്‍ പതുക്കെ പതുക്കെ കൂട്ടിച്ചേര്‍ക്കുക... ഓര്‍ക്കുക - ആവര്‍ത്തനം ആണ് നമ്മുടെ താക്കോല്‍. നമ്മുടെ കുട്ടിക്കാലം ഓര്‍ത്തുനോക്കൂ, ആവര്‍ത്തിച്ചു വായിച്ചിരുന്ന ബാലരമകള്‍, ടിന്‍ടിന്‍, അമര്‍ ചിത്രകഥ ..നമുക്ക് മടുത്തിരുന്നോ? ഇല്ല എന്ന് തന്നെയാകും 90 ശതമാനം ആളുകളുടെയും ഉത്തരം. ചിത്രങ്ങളില്‍ക്കൂടി കഥകളില്‍ക്കൂടി കടന്നുപോകുന്ന കുഞ്ഞുങ്ങളുടെ പദസമ്പത്ത് വളരെ വലുതായിരിക്കും. ഇവിടെ പല ലൈബ്രറികളിലും 6 മാസം മുതലുള്ള കുഞ്ഞുങ്ങളുടെ വായനക്കൂട്ടങ്ങളുണ്ട്. കുഞ്ഞുങ്ങളെയും കൊണ്ട് ലൈബ്രറിയിലേക്ക് ആ സമയത്ത് ചെന്നാല്‍ മതി. അവിടെ ഒരാള്‍ കഥ വായിക്കുന്നുണ്ടാകും - ഒരേ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കായി ഉള്ള ഇത്തരം കൂട്ടായ്മകള്‍ നമുക്ക് നാട്ടിലും പരീക്ഷിക്കാവുന്നതേയുള്ളൂ -അംഗനവാടികള്‍ക്കും മുന്‍പൊരു കുട്ടിക്കൂട്ടം.

അടുത്ത ഘട്ടത്തിലാണ് ശരിക്കും നമ്മളവരെക്കൊണ്ട് വായിക്കാന്‍ ശ്രമിപ്പിക്കുന്നത്. ഒരു മൂന്നു - നാല് വയസ് പ്രായമുള്ള കുഞ്ഞുങ്ങള്‍. ഓരോ കുഞ്ഞുങ്ങളും വായിക്കുന്നതും സംസാരിച്ചു തുടങ്ങുന്നതും ഒക്കെ വ്യത്യസ്തമായിട്ടായിരിക്കും. എങ്കില്‍ക്കൂടി 3 മുതല്‍ 4.5 വയസുവരെയുള്ള സമയത്തിനിടയില്‍ കുഞ്ഞുങ്ങള്‍ പൊതുവേ കൂടുതല്‍ വാക്കുകള്‍ പറയാനും ആവര്‍ത്തിച്ച്‌ കാണുന്നവ തിരിച്ചറിഞ്ഞു റീപ്രൊഡ്യുസ് ചെയ്യാനും ശ്രമിക്കും. ചില കുട്ടികളെ കണ്ടിട്ടില്ലേ മൂന്നു വയസില്‍ തന്നെ ഒരു ചിത്രകഥ അങ്ങനെ കാണാപാഠം പറയുന്നുണ്ടാകും. അതില്‍ തെറ്റൊന്നുമില്ല - വായിക്കാന്‍ അറിയില്ലെങ്കിലും അവര്‍ കണ്ടു പരിചയമുള്ളതിനെ തിരിച്ചറിഞ്ഞു പറയാന്‍ ശ്രമിക്കുന്നതാണ്. ഒരു സുഹൃത്തിന്‍റെ മകള്‍ ചെറുപ്പത്തില്‍ എന്നും സിന്‍ട്രല്ലയുടെ ചിത്രകഥ വായിച്ചുകേള്‍ക്കാന്‍ വാശിപിടിക്കുമായിരുന്നു. മൂന്നു മൂന്നര വയസായപ്പോള്‍ മുതല്‍ അവള്‍ തനിയെ ആ ബുക്കെടുത്തുവെച്ച് വള്ളിപുള്ളി വിടാതെ വായിക്കാനും തുടങ്ങി. പിന്നെയാണ് ശ്രദ്ധിച്ചത് ആശാട്ടി അതിലെ ചിത്രം നോക്കിയാണ് ഈ കഥ മുഴുവന്‍ വായിക്കുന്നത്. പേജ് മറിഞ്ഞു പോയാലും ആള്‍ നല്ലസലായിട്ടു വായന തുടരും.

നാലാമത്തെ ഘട്ടത്തില്‍ അവരവരുടെ താല്പര്യം അനുസരിച്ചുള്ള ബുക്കുകള്‍ എത്തിച്ചു കൊടുക്കുക എന്നതാണ്. ചില കുട്ടികള്‍ക്ക് ചിത്രങ്ങള്‍ കൂടുതലുള്ള കഥയാകും ഇഷ്ടം. ചിലര്‍ക്ക് സങ്കല്‍പ്പലോകത്തുള്ള കഥകള്‍ ചിലര്‍ക്ക് ശാസ്ത്രം ചിലര്‍ക്ക് ചരിത്രം. ഇവിടെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു കാര്യം വായനാശീലം വളര്‍ത്തിയെടുക്കാന്‍ സ്കൂളുകള്‍ ശ്രമിക്കുന്ന രീതിയാണ്‌. കിന്റെര്‍ഗാര്ടന്‍ മുതലേ കുഞ്ഞുങ്ങള്‍ക്ക് ക്ലാസില്‍ ഒരു കുഞ്ഞു ലൈബ്രറിയും വായനയ്ക്കായി ഒരു സമയവും ഉണ്ടാകും. പഠനവിഷയങ്ങള്‍ അവര്‍ വായിച്ചു തുടങ്ങുന്നത് വളരെയേറെ കാലം കഴിഞ്ഞാണ്. കഥകളിലൂടെ തുടങ്ങി ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതിലേക്ക് എത്തിക്കുന്നതും ഇഷ്ടമില്ലാത്തതാണെങ്കില്‍ കൂടി എല്ലാത്തിന്റെയും ഒരു മിശ്രണം കുട്ടികളുടെ വായനയില്‍ എത്തിക്കുന്നതിന്റെയും ക്രെഡിറ്റ്‌ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും ലൈബ്രറിയനും ഉള്ളതാണ്. സ്വന്തമായി വായിച്ചു തുടങ്ങുന്ന കുട്ടികളിലും ഓരോരുത്തരുടെ ശൈലിയും, നിലവാരവും ഓരോ തരത്തിലാകും. സ്കൂളുകളില്‍ കുട്ടികള്‍ക്ക് വായനയുടെ ഒരു അളവുകോല്‍ ഉണ്ട്. ഓരോ മൂന്നുമാസത്തിലും ഒരു കുട്ടിയുടെ വായനയുടെ നിലവാരം എങ്ങനെയാണെന്ന് നോക്കുകയും അവര്‍ക്ക് പറ്റിയ രീതിയിലുള്ള പുസ്തകങ്ങള്‍ കൊടുക്കുകയും ചെയ്യും.

ഇതോടൊപ്പം നമ്മള്‍ രക്ഷിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യം വായനയെ നന്നായി പ്രോത്സാഹിപ്പിക്കുക എന്നതാണ് - ഇതാണ് അവസാനത്തെയും, അവസാനമില്ലാത്തതുമായ ഘട്ടം. ഇവിടെ ഞങ്ങള്‍ ചെയ്തിരുന്ന ഒരു കാര്യം മകന്‍റെ കിന്റര്‍ഗര്ട്ടന്‍ സമയം മുതല്‍ അവന്‍ വീട്ടിലേക്ക് കൊണ്ടുവന്നു വായിക്കുന്ന ബുക്കുകളുടെ പേരെഴുതി വെക്കാന്‍ തുടങ്ങിയതാണ്. ഒരു വര്ഷം കൊണ്ട് വായിക്കുന്ന ബുക്കുകളുടെ എണ്ണതിനനുസരിച്ച് ഒരു കുഞ്ഞു ഗിഫ്ടും ഉണ്ടാകും ഓരോ വര്‍ഷവും. വര്‍ഷാവസാന കണക്കെടുക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്ന അഭിമാനച്ചിരി ഉണ്ടല്ലോ -അത് അനിര്‍വചനീയം ആണ്! പിന്നെ സ്കൂളില്‍ നടക്കുന്ന ബുക്ക്‌ ഫെയര്‍, എല്ലാ വര്‍ഷവും പല പ്രാവശ്യങ്ങളിലായി കുറഞ്ഞ വിലയ്ക്ക് ബുക്കുകള്‍ വാങ്ങാന്‍ കിട്ടുന്ന 'സ്കൊളാസ്ടിക്' ബുക്ക്‌മേള, 6 മണിക്കൂര്‍ വായിച്ച ബുക്കുകളുടെ ലിസ്റ്റ് കൊടുത്താല്‍ ഫ്രീ ആയി ടിക്കറ്റ് കിട്ടുന്ന തീം പാര്‍ക്കുകള്‍, വേനല്‍ക്കാല അവധിക്ക് ഓരോ ആഴ്ചയും വായിച്ച ബുക്കിന്‍റെ ലിസ്റ്റ് കൊടുത്താല്‍ സമ്മാനം തരുന്ന ലൈബ്രറികള്‍ എന്നുവേണ്ട ഈ രാജ്യത്തില്‍ വായനയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ അതിശയം തോന്നും. കുട്ടികള്‍ക്ക് വേണ്ടിയുള്ള ലൈബ്രറിസെക്ഷന്‍ കാണുമ്പോള്‍ തോന്നുന്നതും മറ്റൊന്നല്ല. സാഹചര്യം കിട്ടുമ്പോഴൊക്കെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി കൊടുക്കുന്നതും വായന വളര്‍ത്തും. കുഞ്ഞുങ്ങളുടെ പ്രായത്തിന് അല്ലെങ്കില്‍ അഭിരുചിക്ക് അനുസരിച്ച് ആകണം സമ്മാനമെന്ന് മാത്രം. ഇവിടെ മകന് നോണ്‍-ഫിക്ഷന്‍ ബുക്കുകളാണ് അധികം പ്രിയം. അതുകൊണ്ട് തന്നെ ഇത്തവണ ക്രിസ്ത്മസ് സമ്മാനലിസ്റ്റില്‍ രണ്ടാമതായി ആ ആവശ്യം കണ്ടപ്പോള്‍ അത് തന്നെ മതിയെന്ന് ഉറപ്പിച്ചു.

ഇത്രയുമൊക്കെ ചെയ്തത് കൊണ്ട് ഒരാള്‍ വായനയെ ഇഷ്ടപ്പെടുമെന്ന് ഉറപ്പ് പറയാന്‍ ആകില്ല - എന്നാല്‍ 90 ശതമാനവും ഈ ശീലം തുടരുന്നതായും വായനയുടെ ലഹരി ആസ്വദിക്കുന്നതായുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ടെക്നോളജിയെ മാറ്റി നിര്‍ത്തി ചിന്തിക്കുകയും വേണ്ട, ഇവിടെ കുഞ്ഞുങ്ങള്‍ക്ക് സ്കൂളുകളില്‍ ക്രോംബുക്കും ഐപാഡും പോലെയുള്ളവ വളരെ ചെറുപ്പത്തിലേ ലഭ്യമാകുമ്പോള്‍ ഡിജിറ്റല്‍ വായനയും അവര്‍ ശീലിക്കുന്നു. മൊബൈലുകള്‍ കൊടുക്കും മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് ഒരു ബുക്ക്‌ കൊടുത്തു നോക്കാം... അല്ലെങ്കില്‍ മൊബൈലിലെ ഗെയിം കൊടുക്കും മുന്‍പ് ഒരുകുട്ടിക്കഥ കാണിച്ചുകൊടുക്കാം! അതൊരു ശീലമായി മാറിയാല്‍ നമ്മളാരും പറയാതെ തന്നെ അവരത് തുടര്‍ന്നോളും.

എല്ലാ കുഞ്ഞുമക്കള്‍ക്കും ഹാപ്പി റീഡിങ്ങ് എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും ഹാപ്പി പേരെന്റിംഗ് പറഞ്ഞുകൊണ്ട് American mom signing off from this month


Tuesday, March 19, 2019

ഈ തിരക്കിൽ ഇത്തിരിനേരം

ആരാദ്യം ആരാദ്യമെന്നോടുന്ന തിരക്കുപിടിച്ച ഈ ജീവിതത്തിൽ അറിഞ്ഞുകൊണ്ടൊരു ബ്രേക്ക് എടുക്കുന്നതിനെകുറിച്ചാണ് ഇത്തവണ അമേരിക്കൻ മോം ചിന്തിക്കുന്നത്. 5 വയസുള്ള കുട്ടിക്ക്  മുതൽ സ്‌കൂളും സ്‌പെഷ്യൽ ക്‌ളാസും റ്റ്യുഷന് മേൽ റ്റ്യുഷനുമായി ജീവിക്കുന്ന ചില ജീവിതങ്ങൾ ഇടയ്ക്ക് കാണാറുണ്ട് - കൂടുതലും നാട്ടിൽനിന്നുള്ള വിശേഷങ്ങളിൽ.. ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമൊന്നുമല്ല. പക്ഷേ, കണ്ടിട്ടുള്ള ഒരു വലിയ വ്യത്യാസം കളികൾക്കും പഠനേതരവിഷയങ്ങൾക്കും പഠനത്തോടൊപ്പം ഇവർ നൽകുന്ന പ്രാധാന്യമാണ്. ഒരുപക്ഷേ ഉന്നതവിദ്യാഭ്യാസത്തിനെ ബാധിക്കില്ലായിരുന്നു എങ്കിൽ ചില ഇന്ത്യൻ രക്ഷിതാക്കളെങ്കിലും മടിച്ചേനെ കുട്ടികളെ പന്തുകളിക്കാനും ബാറ്റ്മിന്റൺ പരിശീലനത്തിനും പിയാനോ ക്ലാസിനും ഇങ്ങനെ നെട്ടോട്ടമോടി  കൊണ്ടുപോകാൻ. രണ്ടുപേരും ജോലിക്ക് പോകുന്ന മിക്ക വീടുകളിലും  ഒന്നിൽക്കൂടുതൽ കുട്ടികളുണ്ടെങ്കിൽ അച്ഛനൊരിടത്തേക്കും 'അമ്മ മറ്റൊരിടത്തേക്കും കുഞ്ഞുങ്ങളെയും കൊണ്ട് ഓടുന്ന കാഴ്ച ഇവിടെയും അപരിചിതമൊന്നുമല്ല. എങ്കിലും നേരത്തെ പറഞ്ഞതുപോലെ അത് പഠനേതരവിഷയത്തിനാണല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ ആ തിരക്കുകൾ നല്ലതാണെന്നും തോന്നും.

നാട്ടിൽനിന്നിത്രയും ദൂരെ താമസിക്കുന്നതുകൊണ്ടുതന്നെ സുഹൃത്തുക്കൾ ജീവിതത്തിന്റെ വളരെ വലിയൊരു ഘടകമാണ്. അങ്ങനെയിങ്ങനെയൊക്കെ  എവിടെയെങ്കിലും സൗഹൃദസദസുകളിലെ  കൂടിച്ചേരലും വീടൊതുക്കലും അലക്കലും തുടക്കലും ഒക്കെയായി ശനിയും ഞായറും പോകുന്നത് തന്നെയറിയുന്നില്ല, മൊത്തത്തിൽ ഒന്നുഷാറാക്കി എടുക്കണമല്ലോ  എന്ന് തോന്നിയപ്പോഴാണ് ഷെഡ്യുളിൽ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് വിചാരിച്ചത്. എവിടേക്കെങ്കിലും ദൂരയാത്രയ്ക്ക് പോകാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല - വരുമ്പോഴേക്കും വീണ്ടും ക്ഷീണിക്കുമല്ലോ (അല്ലാതെ മടി കാരണമല്ലേ എന്നുള്ള ചോദ്യം ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു).  അപ്പോഴാണ് കുറേനാളായി മോനെ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്ന ഒരിടത്തെക്കുറിച്ച് ഓർത്തത്. വീടിനു വളരെ അടുത്തുതന്നെയുള്ള ഒരു 'ആര്ട്ട് സെന്റർ' ആണ് - കലാകേന്ദ്രം എന്നൊക്കെ പറഞ്ഞാൽ അർഥം മാറിപ്പോകുമോ എന്ന് നല്ല സംശയം ഉള്ളതുകൊണ്ടാണ് ആര്ട്ട് സെന്റര് എന്നുതന്നെ പ്രയോഗിച്ചത്. ഒരു വലിയ ആഡിറ്റോറിയവും, പലപല തരത്തിലുള്ള ശില്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന പവിലിയനും ചേർന്ന ഒരിടമാണ് ഈ ആര്ട്ട് സെന്റർ.  അവിടെ കുട്ടികൾക്കായി വിവിധ തരത്തിലുള്ള ക്‌ളാസുകളും നടക്കാറുണ്ട് - പാട്ട്, വയലിൻ, ചിത്രം വര, ശില്പനിർമാണം , ബാലെ അങ്ങനങ്ങനെ. അങ്ങനെയുള്ളൊരു ഇടം - അവിടെ എല്ലാ മൂന്നാം ശനിയാഴ്ചയും ഫാമിലി ആര്ട്ട് വർക്ക്ഷോപ്പുകൾ നടക്കും, തികച്ചും സൗജന്യമാണേ - സ്ഥലപരിമിതി കാരണം  മുൻകൂട്ടി പറഞ്ഞിട്ട് ചെല്ലണമെന്ന് മാത്രം. 

അങ്ങനെ വേഗം തന്നെ വരുന്ന ശനിയാഴ്ചക്ക് വേണ്ടി അവിടെ വർക്ക്ഷോപ്പിനു രജിസ്ടർ ചെയ്തു. കുഞ്ഞുങ്ങളേം കുഞ്ഞുങ്ങളുടെ അച്ഛനേം ഒക്കെ കൂട്ടി അവിടെച്ചെന്നിറങ്ങിയപ്പോൾ ആ ചെറിയ റൂമിലെ ഏതാണ്ടെല്ലാ മേശയ്ക്കു ചുറ്റും  കുട്ടികളുണ്ട് - പക്ഷേ, ഇഷ്ടമായത് മിക്ക കുട്ടികൾക്കൊപ്പവും അവരുടെ മാതാപിതാക്കളുടെ കൂടെയോ  അല്ലാതെയോ മുത്തശ്ശിമാരോ മുത്തശ്ശന്മാരോ ഉണ്ട്. അതായത് ഈ സമയം ഒരു പേരക്കുട്ടി- അപ്പൂപ്പനമ്മൂമ്മ ബോണ്ടിങ് ടൈം ആണ് അവർക്ക്. എത്ര രസമുള്ള ചിന്ത അല്ലേ?  ഇവിടെ മിക്കയിടങ്ങളിലും അണുകുടുംബങ്ങൾ തന്നെയാണ് - അച്ഛനും അമ്മയും ചെറിയ മക്കളും മാത്രം. വയസായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒന്നുകിൽ അസിസ്റ്റെഡ് ലിവിങ്  പോലെയുള്ള സ്ഥലങ്ങളിലോ അധികം പരിപാലനാമാവശ്യമില്ലാത്ത ചെറിയ അപ്പാർട്മെന്റുകളിലോ ആയിരിക്കും താമസം. കോളേജിൽ പോകാൻ പ്രായമായ മക്കളും മാറിത്താമസിക്കും കേട്ടോ.  ഇവിടെയുള്ളവരെ  സംബന്ധിച്ച് സ്വതന്ത്രരാവുക, സ്വന്തം കാലിൽ നിൽക്കുക എന്നതൊക്കെ ലിസ്റ്റിൽ പ്രഥമസ്ഥാനമുള്ള കാര്യങ്ങളാണ്. ജനിച്ചുവീഴുന്ന കുഞ്ഞിനെ ഉൾപ്പെടെ അവകാശങ്ങളുള്ള വ്യക്തിയായി കാണുന്ന മനോഭാവം നമുക് മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ ആ സ്വാതന്ത്ര്യത്തിലേക്ക് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമില്ലാത്ത കെട്ടുപാടുകൾ മനസ്സിലാകണം  എന്നുമില്ല. 

ഒരു കുഞ്ഞുമേശ ഞങ്ങൾക്കും കിട്ടി. ഹാലോവീൻ കഴിഞ്ഞുവന്ന ദിവസങ്ങൾ ആയതുകൊണ്ട് എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മിട്ടായിക്കൂട്ടം മാത്രം എന്നതുപോലെയാണ് കാര്യങ്ങൾ. ഇവിടെയും വർക്ക്ഷോപ് ക്‌ളാസ് നടത്തുന്ന മിസ്.നിക്കോൾ അതുകൊണ്ടുതന്നെ മിഠായികൾ കൊണ്ടാണ് ഇന്നത്തെ ആർട്ട് ചെയ്യാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ അതിശയം ഒന്നും തോന്നിയില്ല മാത്രവുമല്ല വീട്ടിലുള്ള കുറേയെണ്ണം ഒഴിവാക്കാനുള്ള ക്രീയേറ്റിവ്‌ ഐഡിയ തന്നതിന് നിക്കോളിനൊരു മിട്ടായി അങ്ങോട് കൊടുത്താലോ എന്നും തോന്നി. കയ്യിലൊട്ടുന്ന ടൈപ്പ് ഒരു മിട്ടായി - പല നിറങ്ങളിലുള്ളവ ചേർത്തുചേർത്തു കൂട്ടിക്കുഴച്ചു കളർഫുൾ കളിമണ്ണുപോലെയാക്കി അതുംകൊണ്ട് പല പല രൂപങ്ങൾ ഉണ്ടാക്കലായിരുന്നു ആദ്യപണി. ചെറുതിനു വലിയ ഉത്സാഹം ഒന്നും തോന്നിയില്ലെങ്കിലും മൂത്തവൻ നല്ലോണം കുഴച്ചുകുഴച്ചെന്തൊക്കെയോ ഉണ്ടാക്കി.  എല്ലാ മേശകൾക്ക് ചുറ്റിലും അമ്മൂമ്മമാർ അപ്പൂപ്പന്മാർ കുഞ്ഞുകൈകളിൽ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുംപോലെ മിഠായി കുഴക്കുകയാണ്. കുഴച്ചുണ്ടാക്കിയ മനുഷ്യരൂപവും, സ്നോമാനും, ആമയും ഒക്കെ ചന്തം നോക്കി കുഞ്ഞുകുട്ടികൾക്കൊപ്പം അവരും കുട്ടികളായി മാറുന്നു. പിന്നെ കുറേ പല നിറങ്ങളിലെ മിഠായികൾ ഓരോ ഗ്ലാസ് വെള്ളത്തിൽ അലിയിച്ചു ചായക്കൂട്ടുകൾ ഉണ്ടാക്കി. ആ ചായം വെച്ച് കളർ ചെയ്യാൻ തുടങ്ങി ചിലർ മറ്റുചിലർ നീണ്ടുനീണ്ടു റബർബാൻഡ്‌ പോലിരിക്കുന്ന ഒരു മിട്ടായിയുടെ ഇഴ പിരിച്ച് അത് മറ്റു ചായങ്ങളിൽ മുക്കി പല രൂപങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. 








ഞങ്ങൾ ഇതൊക്കെ കണ്ടുകൊണ്ട് അവിടെ അങ്ങനെ വിശ്രമിക്കുമ്പോളാണ്  നാല് പേരക്കുട്ടികളേയും കൊണ്ടുവന്ന ഒരു മുത്തശ്ശി ഞങ്ങൾക്ക് ഇതുപോലെയുള്ള വേറെയിടങ്ങളെക്കുറിച്ച് ഉള്ള വിവരം തരുന്നത്.  അതിലൊരെണ്ണം ആ പവിലിയന് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു കടയിലാണ്. ശില്പമുണ്ടാക്കലും ചിത്രം വരയുടെ വഴികളും കഴിഞ്ഞപ്പോൾ ചെറുതായി ബോറടിച്ചുതുടങ്ങിയ കുട്ടീസുകളെയും പൊക്കി ഞങ്ങൾ അടുത്തിടത്തേക്ക്  നീങ്ങി. ജോ-ആൻ എന്നറിയപ്പെടുന്ന ഒരു ക്രാഫ്റ്റ്-ഫാബ്രിക്  കടയാണ് ലക്‌ഷ്യം. പല തരത്തിലുള്ള തുണിത്തരങ്ങൾ, പല തരത്തിലുള്ള ക്രാഫ്റ്റ് സാധനങ്ങൾ, വീടലങ്കാരപ്പണികൾക്കും വസ്ത്രാലങ്കാരപ്പണികൾക്കും ഒക്കെയുള്ള സാധനങ്ങൾ കിട്ടുന്നയിടമാണ് ജോ -ആൻ. അമ്മാതിരി താല്പര്യമുള്ള ആളുകളുടെ പറുദീസയാണ് ഇവിടം. ക്രിസ്തുമസിന് മുന്നോടിയായി പലപ്പോഴും കുട്ടികൾക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യമാണ് ജിഞ്ചർ-ബ്രെഡ് വീടുണ്ടാക്കുക എന്നത്. വലിയ ബിസ്കറ്റുപലകകൾ കൂട്ടിച്ചേർത്തു വീടാക്കുക, എന്നിട്ടു വെള്ളഫോണ്ടന്റുപയോഗിച്ചു മേൽക്കൂരയിൽ മഞ്ഞുണ്ടാക്കുക, പല തരത്തിലുള്ള മിഠായികൾ ഉപയോഗിച്ച് മേൽക്കൂരയൊക്കെ വിളക്കുകൾ പോലെ അലങ്കരിക്കുക, ക്രിസ്തുമസ് മരങ്ങളും സ്നോ മാനുമൊക്കെ അവനവന്റെ സർഗ്ഗശക്തി പോലെയും മനോധർമ്മം പോലെയും ഉണ്ടാക്കി രസിക്കുക. സാധാരണ എല്ലാത്തവണയും  വീട്ടിൽ ഇതിന്റെ ഒരു പാക്കറ്റ് വാങ്ങി ഒരു ദിവസത്തെ മുഴുവൻ പ്രോജക്ട് ആക്കുകയാണ് പതിവ്, അതും പലപ്പോഴും അത്ര സുഖകരമല്ലാത്ത എൻഡ് പ്രൊഡക്ടുമായിരിക്കും. പക്ഷേ, ഇവിടെ കടയിൽ ചെന്നതുകൊണ്ട് രണ്ടു ഗുണമുണ്ടായി; ഒന്ന് അവിടെ ഉണ്ടായിരുന്ന രണ്ട് അമ്മൂമ്മമാരും കൂടി എങ്ങനെയാണു ഈ വീട് ശരിക്കും ഒട്ടിച്ചുണ്ടാക്കുന്നത് എന്ന് പറഞ്ഞുതന്നു. രണ്ട്, അവിടെ അന്നെത്തിയ എല്ലാ കുട്ടികൾക്കും അവരോരോ ജിഞ്ചർ ബ്രീഡ് വീടിന്റെ കിറ്റ് കൊടുത്തിട്ട് അവിടെത്തന്നെയിരുത്തി ചെയ്യിക്കാൻ തുടങ്ങി. രണ്ടു കുട്യോളും പിന്നെ കുട്ടികളുടെ മനസുളള ഒരമ്മയും കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ ഇഞ്ചിവീട്ടിലേക്ക് പാഞ്ഞുകയറി മേൽക്കൂര മുഴുവൻ മഞ്ഞുകോരിയൊഴിച്ചും പലവർണവിളക്കുകൾ ഒട്ടിച്ചും അലങ്കരിക്കാൻ തുടങ്ങി. ഇടയ്ക്കിടെ മിട്ടായി തിന്നൽ മാത്രമാണ് എന്റെ ഐറ്റം എന്ന മോഡിലേക്ക് മാറിയ കുഞ്ഞനെ അച്ഛൻ നോക്കിയത് കൊണ്ട് ഞങ്ങൾക്ക് വീടിന്റെ കുറേഭാഗത്തെങ്കിലും ഒട്ടിക്കാൻ വിളക്കുകൾ തികഞ്ഞു.

അങ്കം തുടങ്ങുന്നു!




സോറി! 'അമ്മ തിരക്കിലാണ് ;)  മിട്ടായി തിന്നുന്ന കുഞ്ഞനും

പിന്നീന്ന് പിച്ച് കിട്ടീട്ടാണോ മൂത്തോൻ കരയുന്നതെന്ന് ദൈവത്തിനറിയാം! 



ഉച്ച കഴിഞ്ഞു  പലനിറച്ചിത്രങ്ങളും, മധുരമുള്ള കളിമണ്ണും, പിന്നെ അലങ്കരിച്ചുഷാറാക്കിയ ഒരു ജിഞ്ചർ ബ്രെഡ് വീടുമായി വീട്ടിലേക്ക് വന്നുകേറുമ്പോൾ മനസ് നല്ലതുപോലെ ഒന്ന് റീഫ്രഷ്ഡ്  ആയിരുന്നു.  A day well spent!  തിരക്കുകളെക്കുറിച്ച് ഓർക്കാതെ, പ്രത്യേകിച്ച് ഒരു മത്സരവുമില്ലാതെ ആ നിമിഷം മാത്രം ആസ്വദിക്കുക എന്നത് നിങ്ങൾ ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ ഇടക്കെപ്പോഴെങ്കിലും ഒന്ന് പോസ്ബട്ടൺ അമർത്തുക, എന്നിട്ടു കുട്ടികൾക്കൊപ്പം പ്രത്യേകിച്ച് ഒരു അജണ്ടയുമില്ലാതെ, സമയത്തിന്റെ ഓർമപ്പെടുത്തലുകളില്ലാതെ അവർക്കൊപ്പം ചിലവഴിക്കുക. വീണ്ടും വന്നു പ്ലേ ബട്ടൺ അമർത്തുമ്പോൾ കേൾക്കുന്നത് അതുവരെ കേൾക്കാത്ത മധുരസംഗീതമായിരിക്കും ഉറപ്പ്! 

ഞങ്ങളുടെ സ്വന്തം ജിഞ്ചർ ബ്രെഡ് ഹൌസ്