മക്കളുടെ എല്ലാ കുസൃതിയും വാത്സല്യത്തോടെ ആസ്വദിക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ.. കുസൃതിക്കും കുറുമ്പിനും ചട്ടമ്പിത്തരത്തിനും ഇടയിലുള്ള നേർത്ത അതിർവരമ്പ് എവിടെയാണ് എന്ന് ഇടയ്ക്കെങ്കിലും ആലോചിക്കുന്നവരാണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്കുള്ളതാണ് ഇന്നത്തെ വായന.
(OURKIDS JULY - 2019)
കഴിഞ്ഞ ദിവസം വീട്ടിലെ രണ്ടു ചെക്കന്മാരേയും കൊണ്ട് അടുത്തുള്ള ഒരു ആഘോഷ സ്ഥലത്ത് പോയിരുന്നു നമ്മുടെ നാട്ടിലെ ഉത്സവം, പള്ളിപ്പെരുന്നാൾ പോലെയൊക്കെ ഒരു ഐറ്റം ആണ് ഇവിടുത്തെ പള്ളികളിലെ വേനൽക്കാലത്തുള്ള ഫെസ്റ്റിവൽ ഡേയ്സ്. കുട്ടികൾക്കു കളിക്കാനുള്ള വിവിധ തരം റൈഡുകൾ, വലിയ യന്ത്ര ഊഞ്ഞാലുകൾ, ചെറിയ കുട്ടികൾക്ക് പാകത്തിനുള്ള ബൗൺസിങ്ങ് റിങ്ങുകൾ, സ്ലൈഡുകൾ, കറങ്ങുന്ന കുതിരകൾ, തത്സമയ പാട്ടുകളുള്ള വേദികൾ, വിവിധ തരം ഇൻസ്റ്റന്റ് ഭക്ഷണശാലകൾ എന്നുവേണ്ട ആകെയൊരു മേളമുള്ള സ്ഥലം ആണ് ഇത്തരം ആഘോഷ സ്ഥലങ്ങൾ.
അവിടെ എത്തിയപാടെ മൂത്തവൻ അവൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനൊപ്പം കറങ്ങുന്നതും തല തിരയുന്നതുമായ എല്ലാ റൈഡുകളിലും കയറാൻ ഓടി. ചെറിയ മൂന്നുവയസുകാരനേയും രണ്ടു കൂട്ടുകാർക്കൊപ്പം ബൗൺസർ വീടിന് അകത്താക്കി, ഒന്നപ്പുറത്തേക്ക് തിരിഞ്ഞു വന്നപ്പോഴേക്കും ആ സ്ഥലത്തിന് കാവൽ പോലെ നിന്നിരുന്ന സ്ത്രീ പറഞ്ഞു - "നിങ്ങളുടെ കുട്ടികളിൽ ഒരാൾ ആണെന്ന് തോന്നുന്നു മറ്റു കുട്ടികളിൽ ഒരാളുടെ മുടി പിടിച്ചു വലിച്ചു. ഞാൻ വിലക്കിയിട്ടുണ്ട്. നന്നായി പെരുമാറിയില്ലെങ്കിൽ ഇവിടെ നിന്ന് പുറത്താക്കുമെന്നും പറഞ്ഞിട്ടുണ്ട്" . കേട്ടതും എന്റെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും മുഖം മങ്ങി. കാരണം ഞങ്ങളുടെ രണ്ടാളുടെയും കുഞ്ഞുങ്ങൾ ആണ് ആ ബൗൺസിങ്ങ് ടെന്റിനുള്ളിൽ ഇന്ത്യക്കാർ ആയിട്ടുള്ളത്. അതുകൊണ്ടുതന്നെയാകും ഞങ്ങളിൽ ഒരാളുടേത് ആണ് ആ പ്രശ്നക്കാരൻ എന്ന് അവർക്ക് നിസംശയം പറയാൻ ആയിട്ടുണ്ടാകുക. കൂടെയുള്ള ആളുടെ കുട്ടി ഒരു വയസു മൂത്തതാണ് - ഇനി ഞങ്ങൾക്ക് ഒരു സംശയം വരണ്ട എന്ന് കരുതി ആ സ്ത്രീ കൂട്ടിച്ചേർത്തു , കൂട്ടത്തിലെ ചെറിയവൻ എന്ന്! അതോടെ തീരുമാനം ആയി.. സംഭവം നമ്മുടെ സന്താനം തന്നെയാണ്. പറഞ്ഞിട്ട് കാര്യമില്ലാലോ - അവനിപ്പോൾ അകത്തു കളിച്ചു മറിയുകയാണ്. അടിയന്തിരാവസ്ഥ ഒക്കെ പിള്ളേർ മറന്നിരിക്കുന്നു. വിളിച്ചു ചോദിച്ചാൽ ആശാന് ഓർമയുണ്ടാകണം എന്നില്ല. ആ സ്ത്രീയോട് ക്ഷമ പറഞ്ഞു, ഇനിയെന്തേലും ഉണ്ടായാൽ ആളെ അവിടെ നിന്ന് മാറ്റാം എന്നും പറഞ്ഞു. വിവർണമായ എൻ്റെ മുഖം കണ്ടിട്ട് കൂടെയുള്ള സുഹൃത്ത് സമാധാനിപ്പിക്കാൻ പറഞ്ഞു - "സാരമില്ല, ഇത് ഇവന്മാരുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. കുട്ടികളല്ലേ" എന്ന്. ഇതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, പക്ഷേ നമ്മളുടെ കുട്ടി മറ്റൊരു കുട്ടിയെ ഉപദ്രവിച്ചു എന്ന് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വിഷമാവസ്ഥ ഉണ്ടല്ലോ...അത് അതിഭീകരം ആണ്. അങ്ങനെയാണ് സ്വന്തം കുട്ടികളുടെ ഈ കുറുമ്പും കുസൃതിയും ഒക്കെ മറ്റൊരാൾ പറയുമ്പോൾ ചട്ടമ്പിത്തരം ആകുന്നത് എങ്ങനെയെന്നും എന്താണ് ശരിക്ക് ചെയ്യേണ്ട പ്രതിവിധി എന്നും ആലോചിച്ചത്.
വീട്ടിൽ കുഞ്ഞൻ കുറുമ്പ് കാട്ടി അച്ഛന്റെയോ 8 വയസുകാരൻ ചേട്ടന്റെയോ എന്റെയോ മുടി പിടിച്ചു വലിക്കുമ്പോൾ മിക്കപ്പോഴും ചിരിച്ചുകൊണ്ടാകും നമ്മൾ അതിനു പ്രതികരിക്കുക. ചേട്ടനാണ് പിന്നെയും അയ്യോ രക്ഷിക്കണേ എന്നെങ്കിലും കരയുക. പക്ഷേ, ചെറിയ ആളുടെ മനസ്സിൽ അത് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമായി പതിഞ്ഞിട്ടില്ല എന്ന് വ്യക്തം. മറ്റേയാൾക്ക് വേദനിക്കുന്നു എന്ന് മനസിലാക്കാൻ ആയിട്ടില്ല, കുഞ്ഞിന്റെ മുടി വീട്ടിലാരും വലിക്കാറുമില്ല അതുകൊണ്ട് തന്നെ അതിന്റെ വേദന അവന് ചിലപ്പോൾ അറിയാൻ കഴിയുന്നുണ്ടാകില്ല. എങ്കിലും അത് പറഞ്ഞുകൊടുത്തില്ല എന്നത്, മൂന്നുവയസുകാരന് മനസിലാകുന്ന രീതിയിൽ അത് പകർത്താൻ കഴിഞ്ഞില്ല എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റ് തന്നെയാണ്. ചിലപ്പോൾ എങ്കിലും പുറത്ത് നിന്നൊരാൾ ചൂണ്ടിക്കാട്ടുമ്പോൾ ആകും നമ്മൾ അത് തിരിച്ചറിയുക. കൃത്യമായി
അച്ഛനമ്മമാർ പൊതുവേ ശ്രദ്ധിക്കാൻ വിട്ടുപോകുന്നതും എന്നാൽ സ്വഭാവരൂപീകരണത്തിൽ പ്രാധാന്യം ഉള്ളതുമായ ചില ശീലങ്ങളെക്കുറിച്ചു പഠനങ്ങളിൽ നിന്നും കണ്ടെത്തിയത് പങ്കുവെക്കാം.
ചെറിയ കുഞ്ഞുങ്ങളുടെ അത്ര നന്നല്ലാത്ത ശീലങ്ങൾ
1. മുതിർന്നവരുടെ സംസാരം തടസ്സപ്പെടുത്തുന്നു:
എല്ലാ കുട്ടികളും സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. പക്ഷേ, മറ്റുള്ളവർ സംസാരിക്കുമ്പോൾ അത് തടസപ്പെടുത്തി ആകരുത് അവരുടെ സംസാരം. കഴിയുന്നതും ഓരോരുത്തർക്കും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടെന്നും അത് കൃത്യമായി ലഭിക്കും എന്നും രണ്ടുവയസ്സ് മുതലുള്ള കുട്ടികളോട് പറയാൻ ശ്രമിക്കുക . ശ്രമിക്കുക എന്ന് ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്നാൽ, രണ്ടുവയസ്സുള്ള ആൾ അത്രയധികമൊന്നും ഇത് മനസ്സിലാക്കുകയോ ഓർത്തുവെയ്ക്കുകയോ ചെയ്യില്ല .. പക്ഷേ നിരന്തരമായി ഇങ്ങനെ ചെയ്യുന്നതിലൂടെ ഇതാണ് ശരിയായ രീതി എന്ന് കുഞ്ഞു മനസിലാക്കും.
ചിലപ്പോഴൊക്കെ രണ്ടാളും ഒരുമിച്ചു സംസാരിച്ചുതുടങ്ങുന്ന സമയം ഉണ്ട്. അപ്പോൾ ഞാൻ പറയാറുണ്ട്, “ശരി, ആരും അടുത്ത 15 മിനിറ്റ് സംസാരിക്കുന്നില്ല,” അപ്പോൾ ഞങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ, ശാന്തമായ സമയം ലഭിക്കും. ആശയവിനിമയത്തെ പൂർണ്ണഹൃദയത്തോടെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ, ഓരോരുത്തരുടേയും അവകാശവും, അവസരവും കുട്ടികൾ മനസിലാക്കുന്നതും നല്ലതാണ്. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും സംസാരിക്കാനുള്ള അവസരം കാത്തിരിക്കാൻ കഴിയും. "wait for your turn " തിരികെ അവർ സംസാരിക്കുമ്പോഴും ഈ നിയമം നമുക്ക് ബാധകമാണ്. കുഞ്ഞുങ്ങൾ സംസാരിക്കുമ്പോൾ മൊബൈൽ നോക്കുകയോ, ഇടയ്ക്ക് തടസപ്പെടുത്തി മറ്റെന്തെങ്കിലും ചോദിക്കുകയോ, അവരെ കേൾക്കാതെ പങ്കാളിയോട് സംസാരിക്കുകയോ, ടീവി ശ്രദ്ധിക്കുകയോ ചെയ്യരുത്.
2. വീട്ടിൽ സാധനങ്ങൾ വലിച്ചെറിയുക:
മിക്ക കുഞ്ഞുങ്ങളും ദേഷ്യം അല്ലെങ്കിൽ സങ്കടം വരുമ്പോൾ കയ്യിലിരിക്കുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞാണ് അത് പ്രകടിപ്പിക്കാറുള്ളത്. നമ്മളിൽ എത്രപേർ അത് "കുഞ്ഞല്ലേ" എന്ന് വിട്ടുകളയാറുണ്ട്? ചില പെരുമാറ്റം തെറ്റാണെന്നും അസ്വീകാര്യമാണെന്നും കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അവരുടെ മാതാപിതാക്കൾക്കാണ്. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് സാധനങ്ങൾ എറിയരുത് എന്നതിനുപിന്നിലെ ശരിയായ കാര്യം മനസിലാകില്ല എന്നത് സത്യമാണ്. അവർക്ക് കയ്യിലുള്ള സാധനം വില പിടിച്ചതാണ് എന്നോ, ഏറ് കിട്ടുന്ന ആളിന് വേദനിക്കും എന്നോ, കൊള്ളുന്നിടം പൊട്ടുമെന്നോ ഒന്നും മനസിലാകില്ല. പക്ഷേ അസന്തുഷ്ടമാകുന്ന അവസരങ്ങളിൽ സാധനങ്ങൾ എറിയുന്ന സ്വഭാവം സ്വന്തം വീട്ടിൽ ശീലിക്കുന്ന കുട്ടിയ്ക്ക് മറ്റൊരാളുടെ വീട്ടിലോ പൊതു ഇടത്തിലോ അത് ചെയ്യാൻ പാടില്ല എന്നത് സ്വയം മനസിലാകില്ല, ആ സമയത്ത് അത് പറഞ്ഞാൽ ആ വ്യത്യാസം കുട്ടിയ്ക്ക് മനസിലാകുകയും ഇല്ല .
എന്താണ് ചെയ്യാനാകുക?
ചില ഇനങ്ങൾ എറിയുന്നതിനല്ലെന്ന് കുഞ്ഞിനെ പഠിപ്പിക്കുക, അതുപോലെ ചിലയിടങ്ങളും. പന്ത് എറിയും പോലെ മൊബൈൽ എറിയാൻ പാടില്ല എന്നു പറയുന്നത് കുഞ്ഞിന് മനസിലാക്കാൻ എളുപ്പമാണ്.
3. കടിക്കുക, അടിക്കുക, തള്ളുക.
നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല ഈ ശീലം. കുഞ്ഞുങ്ങൾ മുതിർന്നവരെ തമാശയ്ക്ക് വേണ്ടി തല്ലുകയോ, തള്ളുകയോ, കടിക്കുകയോ ചെയ്യുന്നത് പോലും നല്ല ശീലമല്ല എന്ന് കുഞ്ഞിനെ മനസിലാക്കിക്കാൻ ശ്രമിക്കണം. മറ്റൊരാളെ വേദനിപ്പിക്കുന്നത് "നോ - നോ " ആക്കണം.
നുണ പറയുക, അനാദരവ്, കടിക്കുക, അടിക്കുക, തള്ളുക, മോഷ്ടിക്കുക എന്നിവ തീർച്ചയായും ചെറുപ്പത്തിലേ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ചിലതാണ്.
എന്റെ കുട്ടികളിൽ ആരെങ്കിലും മന:പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ, അവർ പരിണതഫലങ്ങൾ നേരിടുന്നു. മുതിർന്ന കുട്ടിയോട് എപ്പോഴും പറയാറുള്ളത് ശാരീരികമായി ഒരു പ്രശ്നവും തീർക്കാൻ മുതിരരുത് എന്നാണ്. ഇളയ ആളോടും അടിക്കരുത് പിച്ചരുത് എന്നതൊക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും മുടി പിടിച്ചു വലിക്കുന്നത് ഒരു കളിയല്ല എന്നത് കഴിഞ്ഞ ദിവസം മുതൽ ഉൾപ്പെടുത്തി. വീട്ടിൽ ആ കളി കളിക്കുന്നത് നിർബന്ധമായും നിർത്തി.
കുഞ്ഞുങ്ങളുടെ ഈ സാധാരണ പെരുമാറ്റത്തെഒരു വലിയ ദുശീലമായി കാണുന്നത് മടുപ്പിക്കുന്നതാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ ഓരോ തവണയും ഇത് സ്ഥിരമായി അഭിസംബോധന ചെയ്യുകയാണെങ്കിൽ, ഓരോ പാർട്ടിയിലും ഓരോ കളി സ്ഥലത്തും നിങ്ങളുടെ കുട്ടിയെക്കുറിച്ചു മറ്റൊരു കുട്ടിക്ക്/ കുട്ടിയുടെ രക്ഷിതാക്കൾക്ക് പരാതി ഉണ്ടെങ്കിൽ ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. കുഞ്ഞിന് മനസിലാകുന്ന ഭാഷയിൽ പറയുകയും, ആവശ്യമെങ്കിൽ ടൈം ഔട്ട്, ഇഷ്ടമുള്ള സാധനങ്ങൾ മാറ്റി വെയ്ക്കുക, tv കാണിക്കാതെ ഇരിക്കുക അങ്ങനെയുള്ള ശിക്ഷാവിധികൾ ഉൾപ്പെടുത്തുകയും വേണം. ഇത് സ്വീകാര്യമായ സ്വഭാവം അല്ലായെന്നു കാണുമ്പോൾ ഒടുവിൽ കടിക്കുന്നതും അടിക്കുന്നതും തള്ളുന്നതും അവർ അവസാനിപ്പിക്കും. മനപ്പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുന്നത് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവസാനിപ്പിക്കുക ആണെങ്കിൽ വരും വർഷങ്ങളിൽ ഒരു “പ്രശ്നമുണ്ടാക്കുന്നയാളുമായി” നിങ്ങൾ നിരന്തരം ഇടപെടേണ്ടതില്ലെന്ന് സത്യസന്ധമായി ഞാൻ വിശ്വസിക്കുന്നു!
4. മറ്റുളവരുടെ സാധനങ്ങൾ തട്ടിയെടുക്കുക
ഒരിക്കൽ ഒരു സുഹൃത്തിന്റെ മകൾ വീട്ടിൽ വന്നു. മകന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം എടുത്തു കളിയ്ക്കാൻ തുടങ്ങി. മകൻ അത് അപ്പോഴൊന്നും ശ്രദ്ധിക്കുകയോ കരയുകയോ ചെയ്തില്ല. മാത്രവുമല്ല " ഷെയർ എവെരിതിങ് " എന്ന് പങ്കുവെയ്ക്കാൻ പഠിപ്പിക്കുന്ന സമയവുമാണ്. പക്ഷേ, സുഹൃത്ത് പോകാൻ ഒരുങ്ങിയപ്പോൾ ആണ് പ്രശ്നം ആയത്. ആ മകൾക്ക് കളിപ്പാട്ടം കൂടെക്കൊണ്ടു പോകണം, മകൻ ആണെങ്കിൽ പങ്കു വെയ്ക്കാൻ ഒക്കെ സമ്മതമാണ് പക്ഷേ അത് മറ്റേയാൾക്ക് സ്വന്തമായി കൊടുക്കണം എന്നറിഞ്ഞപ്പോൾ കരയാനും തുടങ്ങി. അത്രയേറെ വിലയൊന്നുമില്ലാത്ത ഒരു കളിപ്പാട്ടം ആണ്, പക്ഷേ മകൻ അതിനോട് ഇമോഷണലി അറ്റാച്ച്ഡാണെന്നു അറിയാവുന്ന ഞങ്ങൾ വിഷമത്തിലായി. കൂട്ടുകാരിയുടെ മകളോട് അത് തരില്ല എന്ന് പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ല, സ്വന്തം മകളോട് കൂട്ടുകാരി അത് നിന്റേതല്ല, വീട്ടിലേക്ക് കൊണ്ടുപോകാൻ ആകില്ല എന്ന് പറയുന്നുമില്ല. വിഷമഘട്ടത്തിൽ ആക്കിയ ആ സന്ദർഭത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ആയിരുന്നു എന്തെങ്കിലും ചെയ്യാൻ ആകുക.
കുഞ്ഞുങ്ങളോട് മറ്റുള്ളവരുടെ സാധനങ്ങളെ ബഹുമാനിക്കണം എന്നും എല്ലാം സ്വന്തമെന്നത് പോലെ പെരുമാറരുത് എന്നതും വളരെ ചെറുതിലേ പറയുക. എന്റെ മകനും ചിലയിടങ്ങളിൽ പോയിവരുമ്പോൾ അവിടെയുള്ള കാറൊക്കെ കൂടെക്കൊണ്ടുവരാൻ കരഞ്ഞിട്ടുണ്ട്. പക്ഷേ അത്തരം കരച്ചിലുകൾ കൊണ്ട് കാര്യമില്ല എന്ന് അവൻ കാലക്രമേണ മനസിലാക്കി. കരയുന്ന കുഞ്ഞ് ഒരു സങ്കടമാണെങ്കിലും ഭാവിയിൽ അരുത് എന്നതിനെ അംഗീകരിക്കാനും കൺസെന്റ് എന്ന വലിയ കാര്യത്തിനെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കാനും അവർക്ക് കഴിയും എന്ന് തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ് നമുക്ക് കുഞ്ഞുങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം.
5. സാധനങ്ങൾ വലിച്ചെടുക്കുകയും അവ തിരികെ വെയ്ക്കാതെ ഇരിക്കുകയും ചെയ്യുന്നത്
ആരോ എന്നോട് പറഞ്ഞ ഒരു ലളിതമായ വാചകം ഉണ്ട്, അത് ഇപ്രകാരമാണ്: “നിങ്ങളുടെ കുട്ടിക്ക് ഒരു കളിപ്പാട്ടം പുറത്തെടുക്കാൻ പ്രായമുണ്ടെങ്കിൽ, അത് തിരികെ വയ്ക്കാനും ആൾക്ക് കഴിവുണ്ട്.”
ലളിതമായ ചിന്ത, പക്ഷേ സന്ദേശം ഉച്ചത്തിലും വ്യക്തവുമാണ്.
കളിപ്പാട്ടങ്ങളോ, പേപ്പറുകളോ, ഉടുപ്പുകളോ,പാത്രങ്ങളോ എന്ത് തന്നെയായിക്കോട്ടെ എടുക്കുന്നത് തിരികെ അതേ സ്ഥാനത്ത് കൊണ്ടുവെയ്ക്കാൻ, തുറന്ന കബോർഡുകൾ അടയ്ക്കാൻ, ഉടുപ്പുകൾ തട്ടിമറിച്ചിടാതെ ആവശ്യമുള്ളത് എടുക്കാൻ ഒക്കെ കുഞ്ഞുങ്ങളെ ചെറുതിലേ മുതൽ ശീലിപ്പിക്കാവുന്നതേ ഉള്ളൂ. കഴിച്ചുകഴിഞ്ഞ പാത്രം കൊണ്ട് സിങ്കിൽ വെയ്ക്കാൻ പറയുന്ന കുഞ്ഞ് ആദ്യത്തെ തവണ വെയ്ക്കുമ്പോൾ താഴെ വീഴാം, വെയ്ക്കുന്നത് അൽപ്പം ഉച്ചത്തിലാകാം - അത് പഠിക്കുന്നതിന്റെ വഴികളാണ് എന്ന് നമ്മൾ മനസിലാക്കണം എന്ന് മാത്രം. ഉടുപ്പുകൾ മടക്കിവെയ്ക്കുന്നതിനെ പിന്നീടു നമ്മൾ വീണ്ടും മടക്കേണ്ടി വന്നേക്കാം. പക്ഷേ, ചെയ്തു ചെയ്തു മാത്രമേ നമ്മൾ എന്തിലും പ്രാവീണ്യം നേടുകയുള്ളൂ എന്ന് കുഞ്ഞുങ്ങളുടെ കാര്യത്തിലും ഓർക്കാം.
മറ്റുള്ളവരുടെ പാത്രങ്ങളിൽ നിന്നും കഴിക്കാൻ നോക്കുക, പോകുന്ന ഇടങ്ങളിലൊക്കെ ചുവരുകളിൽ വരയ്ക്കുക, ബുക്കുകൾ കീറുക ഇത്തരം ശീലങ്ങൾ എല്ലാം തന്നെ തുടങ്ങുന്നത് സ്വന്തം വീട്ടിൽ നിന്നാണ്. വരയ്ക്കാനുള്ള ചുമരുകളോ പ്രതലങ്ങളോ മായ്ക്കാവുന്ന പേനകളോ കൊടുക്കുകയും ഇതിനൊക്കെ പ്രത്യേക സ്ഥലങ്ങൾ ഉണ്ടെന്നു അവരെ മനസിലാക്കിക്കുയും ആണ് ചെയ്യാവുന്ന കാര്യം.
എല്ലാ പ്രാവശ്യവും പറയാറുള്ളത് പോലെ, നമ്മളെല്ലാവരും കുഞ്ഞുങ്ങൾ നല്ല വ്യക്തികളായി വളരാനാണ് ശ്രമിക്കുന്നത്. ഇതിൽ ആർക്കും കൃത്യമായി പറയാവുന്ന ഒരു വഴിയില്ല. പലവട്ടമുള്ള ശ്രമങ്ങളിലൂടെ തെറ്റായിപ്പോകുന്നവ തിരുത്തുന്നതിലൂടെ ഒക്കെയാണ് നമ്മൾ നല്ല മാതാപിതാക്കൾ ആകുന്നത്. കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നത് നമ്മളെയാണെന്നു മാത്രം ഓർത്താൽ മതി. 'നോ' പറയേണ്ട ഇടത്ത് അത് പറയാൻ നമ്മുടെ സ്നേഹം നമ്മളെ അന്ധരാക്കാതെ ഇരിക്കട്ടെ. ഹാപ്പി പാരന്റിങ്
(OURKIDS JULY - 2019)
Happy parenting, all the best dear!
ReplyDeleteപതിവു പോലെ നല്ല എഴുത്ത്. മറ്റു മാതാപിതാക്കള്ക്ക് തീര്ച്ചയായും ഉപകാരപ്പെടും. എന്റെ മകള്ക്കു മലയാളം വായിക്കാമായിരുന്നെങ്കില് അവള്ക്ക് ഉപകരിക്കുമായിരുന്നു.
ReplyDeleteMuthirnnavarkkum ...!!
ReplyDelete.
Manoharam, Ashamsakal...!!!
Happy parenting,
ReplyDeleteVALARE NANNAYITTUND .... So Informative post .... Veettile Ladies nu forward cheythittund....
ReplyDeleteകുട്ടിക്കു കുറുമ്പേറിയെന്നൊരു സങ്കടം സഹജം
ReplyDeleteകുറുമ്പൽപ്പമില്ലെങ്കിൽ അവരെങ്ങനെയൊരു കുട്ടിയാകും എന്നതും ചോദ്യം
വയസ്സുകൊണ്ടു നമ്മൾ ഒരുപാടു വലുതായതാകാം പ്രശ്നം
മനസ്സുകൊണ്ട് നമ്മൾ കുട്ടിയോളം വലുതാകാത്തതുമാകാം ;-)
എന്തോരം ബുദ്ധിമുട്ടുന്നെന്ന് അറിയാമോ ചേച്ചീ.കുട്ടിയായി ചിന്തിക്കുക.അതനുസരിച്ച് പെരുമാറുക എന്നതാണു ഞാൻ കാണുന്ന പരിഹാരം.പക്ഷേ അത് പുറത്തുള്ളവർക്ക് മനസ്സിലാകത്തുമില്ല.അവിടെയാണു നമ്മൾ തോൽക്കുന്നത്.
ReplyDeleteനല്ലെഴുത്ത്
ReplyDeleteArsha.....nalla nirdheshangal.....parents arinjirikkenda karyangal.
ReplyDeleteAshamsakal
നന്നായി പറഞ്ഞു...��
ReplyDeleteഞാൻ ഇത് വായിച്ചിട്ടില്ല.
ReplyDeleteഞാനും ഇത് വായിച്ചിട്ടില്ല.
ReplyDelete
ReplyDeleteഎല്ലാ പ്രാവശ്യവും പറയാറുള്ളത് പോലെ, നമ്മളെല്ലാവരും കുഞ്ഞുങ്ങൾ നല്ല വ്യക്തികളായി വളരാനാണ് ശ്രമിക്കുന്നത്. ഇതിൽ ആർക്കും കൃത്യമായി പറയാവുന്ന ഒരു വഴിയില്ല. പലവട്ടമുള്ള ശ്രമങ്ങളിലൂടെ തെറ്റായിപ്പോകുന്നവ തിരുത്തുന്നതിലൂടെ ഒക്കെയാണ് നമ്മൾ നല്ല മാതാപിതാക്കൾ ആകുന്നത്. കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നത് നമ്മളെയാണെന്നു മാത്രം ഓർത്താൽ മതി. 'നോ' പറയേണ്ട ഇടത്ത് അത് പറയാൻ നമ്മുടെ സ്നേഹം നമ്മളെ അന്ധരാക്കാതെ ഇരിക്കട്ടെ.
ഹാപ്പി പാരന്റിങ് ...