'ട്രങ്ക് പെട്ടി ' വെടി വെച്ചിട്ട് പിന്നാലെ 'ഠോ ' എന്ന് പറയുന്നത് പോലെ... കുഞ്ഞിലെ എങ്ങനെയോ, ആരോ പറഞ്ഞു മനസ്സിലേക്ക് കയറിയതങ്ങനെയാ. പഴയ ഒരു ഇരുമ്പിന്റെ പെട്ടിനീല കളര്‍ പെയിന്റ് ചന്തമില്ലാതെ തേച്ചത് . തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അതൊരു കരകര ശബ്ദം ഉണ്ടാക്കിയിരുന്നു . എന്റെ ജീവിതത്തിലെ ആദ്യത്തെ 'സ്വന്തം' സാധനം ആയിരുന്നു ആ പെട്ടി. ആ പെട്ടി എന്റെ ജീവനായിരുന്നു,ഒരു നാല് വയസു മുതല്‍ . അന്നത് തൂക്കി എടുക്കുക എന്നാല്‍ വലിയ കഷ്ടപ്പാടാ..എങ്കിലും ചേട്ടന്മാരെ കൊണ്ട് തൊടീക്കില്ല.
എന്റെ ഖജനാവ് ആയിരുന്നു അത് അതിനുള്ളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ പറഞ്ഞാല്‍ പഴയൊരു പടത്തിലെ ഉര്‍വശി മോഡല്‍ സാധനങ്ങള്‍. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ ആറ്റുനോറ്റിരുന്നു കിട്ടിയ വെള്ള സ്ലേറ്റ് പെന്‍സില്‍ മാര്‍ബിള്‍ പെന്‍സിലിന്റെ കുഞ്ഞു കഷ്ണം , പഞ്ഞിക്കായയുടെ പുറംതോട് മടക്കി കൈ കൊണ്ട് തട്ടിയാല്‍ നല്ല ശബ്ദം കേള്‍ക്കും അത് കുറെ,ചൂടുകുരു എന്നൊരു സാധനം നല്ല ചുമന്ന നിറത്തില്‍ വലിയൊരു ബട്ടന് വലിപ്പം,അത് സിമന്റ് തറയില്‍ ഉരച്ചു പുറത്തു വെച്ചാല്‍ നല്ല സുഖാ, പിന്നെ മുള്ളന്‍പന്നിയുടെ മുള്ളാണ് എന്ന് ഞാന്‍ വിശ്വസിച്ചിരുന്ന കന്യാകുമാരി പെന്‍സില്‍, തീപ്പെട്ടി കൂട് ഡബിള്‍ 2,ഷിപ്പ് ,ദീപം അങ്ങനെ പോകും ബ്രാന്‍ഡുകള്‍ , സിഗരറ്റിന്റെ (സിസ്സേര്‍സ് ആണ് മെയിന്‍ ) കവര്‍ ചതുരമായി മുറിച്ചു സിനിമാ പേരുകള്‍ അടയാളപ്പെടുത്തിയത്, പൊട്ടിപ്പോയ വളയുടെ രണ്ടു മൂന്നു തുണ്ടം,വലിയ മുത്തുള്ള മാലയുടെ മുത്തുകള്‍, ക്രിസ്മസ് കാര്‍ഡ്സ് പിന്നെ കുറെ മഞ്ചാടിക്കുരുവും കുന്നിക്കുരുവും (സ്കൂളില്‍ പോകുന്ന വഴിക്ക് തമ്പി അണ്ണന്റെ വീടിനു മുന്നില്‍ നിന്ന് പെറുക്കുന്നത് )
മൂന്നാം ക്ലാസ്സ് ഒക്കെ എത്തിയപ്പോള്‍ പതുക്കെ പതുക്കെ അമ്മയോട് വഴക്കുണ്ടാക്കാനും,പിണങ്ങാനുമൊക്കെ തുടങ്ങി. അങ്ങനെ പിണങ്ങി കഴിഞ്ഞാല്‍ നേരെ എന്റെ ട്രങ്ക് പെട്ടിയില്‍ 2 ഫ്രോക്ക് എടുത്തു വെക്കും, എന്നിട്ടാണ് അമ്മയ്ക്ക് ഭീഷണി 'ഞാന്‍ പോകുവാ ' .അപ്പോള്‍ തന്നെ ചേട്ടായീസ് ചോദിക്കും നിനക്ക് 2 ഉടുപ്പ് മാത്രം മതിയോ ,അത് നമ്മുടെ ക്രെഡിബിലിടിയെ ചോദ്യം ചെയ്യുന്ന നമ്പര്‍ ആയതു കൊണ്ട് കേട്ടതായി ഭാവിക്കില്ല. ആദ്യമാദ്യമൊക്കെ അമ്മ അപ്പോള്‍ തന്നെ സോള്‍വ് ആക്കും. പിന്നെ ഇതെന്റെ സ്ഥിരം കലാപരിപാടി ആയപ്പോള്‍ ആരും മൈന്‍ഡ് ചെയ്യാതെ ആയി. അപ്പോള്‍ ഒരു ദിവസം, ഭീഷണി ബലപ്പെടുത്താന്‍ ഞാന്‍ എന്റെ സമ്പാദ്യവുമായി വീട് വിട്ടിറങ്ങി അന്നേ വിശപ്പിനെ കുറിച്ചും ദാഹത്തിനെ കുറിച്ചും നല്ല ബോധമുള്ളത് കൊണ്ട് ഒരു അരമണിക്കൂര്‍ പരിപാടിയെ ഞാന്‍ ഉദ്ദേശിച്ചിരുന്നുള്ളൂ. വീടിനു വലതു വശത്തുള്ള ചെമ്മണ് പാതയിലൂടെ പോയാല്‍ ഞങ്ങളുടെ വല്യ കുളം എത്തും. പണ്ടേ അമ്മ അടിക്കാന്‍ ഓടിക്കുമ്പോഴും ഞാന്‍ ഈ കുളം വഴി കറങ്ങിയാണ് വീട്ടില്‍ എത്താറ്. ഞാന്‍ പതുക്കെ നടന്നു തുടങ്ങി ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കുന്നുമുണ്ട്, അമ്മ വിളിക്കുന്നുണ്ടോ , പിന്നാലെ വരുന്നുണ്ടോ എന്ന് .പക്ഷെ ആരും വന്നില്ല, ഞാന്‍ കുളം എത്തും വരെ. (സത്യത്തില്‍ കൊച്ചേട്ടന് എന്റെ പിന്നാലെ തന്നെ മതില് ചാടി വരുന്നുണ്ടായിരുന്നു അത് ഞാന്‍ കണ്ടില്ല ).
പോകുന്ന പോക്കില്‍ എന്നെ കാണുന്നവരോടൊക്കെ പെട്ടിയും കൊണ്ട് ഞാന്‍ വീട് വിട്ടു പോകുക ആണെന്ന അറിയിപ്പും കൊടുത്തു കൊടുത്ത് ഒടുവില്‍ കുളം എത്തി എന്റെ ഫൈനല്‍ ഡെസ്ടിനെഷന്‍. ഇനി എങ്ങോട്ട് പോകുമെന്ന് എനിക്ക് ആശങ്ക ഒന്നും തോന്നിയില്ല കാരണം ഞാന്‍ അവിടെ വരെ പോകാനേ ഉദ്ദേശിച്ചിരുന്നുള്ളൂ. ഇച്ചിരി നേരം അവിടെ കുളിക്കുന്നവരെയും, അലക്കുന്നവരെയും ഒക്കെ നോക്കിയിരുന്നിട്ട് എനിക്ക് ബോറടിച്ചപ്പോള്‍ ഞാന്‍ വീട്ടില്‍ തിരികെ ചെന്നു എന്റെ സ്വഭാവം അറിയാവുന്നത് കൊണ്ടോ അതോ കൊച്ചേട്ടന് റിപ്പോര്‍ട്ട് കൊടുത്തത് കൊണ്ടോ എന്തോ അമ്മ ഞാന്‍ പ്രതീക്ഷിച്ചത് പോലെ കരച്ചില് ഒന്നുമായിരുന്നില്ല. ഇങ്ങനെ ഒരു കാര്യം നടന്നെന്നു പോലും മൈന്‍ഡ് ചെയ്യാത്ത അമ്മയെ ഞാനും മൈന്‍ഡ് ചെയ്യാതെ നേരെ പോയി വിളമ്പി വെച്ച ചോറും മീന്‍ പൊരിച്ചതും കഴിച്ചു. അങ്ങനെ എനിക്കൊരു കാര്യം മനസിലായി ഞാന്‍ ഓടിയാല്‍ വേലി വരെയേ ഓടൂ എന്ന് എന്റെ അമ്മയ്ക്കും മറ്റുള്ളവര്‍ക്കും അറിയാം അപ്പൊ പിന്നെ ഈ സമര മുറ വെറുതെ ഉപയോഗിച്ച് നാണം കെടണ്ട . പിന്നെയുള്ള പിണക്കങ്ങളില്‍ ഒക്കെ ഞാന്‍ പെട്ടിയും എടുത്ത്, പുറകിലെ മുറ്റത്തെ വലിയ പ്ലാവിന്റെ ചുവട്ടില്‍ പോകും. കൈലിയും പുതപ്പും വലിചു കെട്ടി സ്വന്തം വീടുണ്ടാക്കും തിരിച്ചു വിളിച്ചില്ലേല്‍ ഞാനും എന്റെ ട്രങ്ക് പെട്ടിയും അവിടെ താമസിക്കും എന്ന് ഭീഷണിപ്പെടുത്തും (ചോറുണ്ണാന്‍ അപ്പോഴും വീട്ടില്‍ പോകും അത് വിട്ടിട്ടൊരു കളിയും ഇല്ല ). ഈ പിണങ്ങിപ്പോക്കിന്റെ സ്വഭാവം നിര്‍ത്തിയത് ശരിക്കും വീട് വിട്ട് വന്ന ഒരു ചേട്ടനെ കണ്ടപ്പോളാണ്.
വീടിനു നേരെ മുന്നിലെ കടയില്‍ ഒരു ഞായറാഴ്ച പെട്ടെന്നൊരു ആള്‍ക്കൂട്ടം നോക്കുമ്പോള്‍ 7 ലോ 8 ലോ പഠിക്കുന്ന പ്രായത്തില്‍ ഒരാങ്കുട്ടി. കണ്ടിട്ട് ആര്‍ക്കും പരിചയമില്ല. ഗ്രാമം ആയതു കൊണ്ട് കേട്ടറിഞ്ഞു ആള്ക്കാര് വന്നു കൊണ്ടേ ഇരുന്നു. ആ കക്ഷിയാണെങ്കില്‍ ആരെയും നോക്കുന്നില്ല കരഞ്ഞു കൊണ്ടിരിപ്പാണ്. ആരോ കൊണ്ട് വെച്ച പച്ച വെള്ളത്തിന്റെ ഒരു ഗ്ലാസ് അടുത്തുണ്ട് . വീട്ടില്‍ നിന്നും അമ്മ കുറച്ചു കഞ്ഞിവെള്ളം ഒരു മൊന്തയില്‍ എടുത്തു ആ ചേട്ടായിടെ അടുത്ത് ചെന്നു, 'മോനിത് കുടിക്ക് ' എന്ന് പറഞ്ഞു സ്നേഹത്തോടെ കൊടുത്തപ്പോള്‍ അത് വരെ കരഞ്ഞിരുന്ന ആള് വാങ്ങി കുടിച്ചു , എന്നിട്ട് അമ്മയെ നോക്കി ചിരിച്ച ചിരിയില്‍ ഞാന്‍ പറയാനറിയാത്ത ഒത്തിരി സ്നേഹം കണ്ടു. അമ്മ എന്ന ടീച്ചറിന്റെ മിടുക്ക് പുള്ളി പേരും, നാടും,അച്ഛന്റെ പേരും ഒക്കെ പറഞ്ഞു. കുഞ്ഞ് അനിയന് വന്നപ്പോ അച്ഛനും അമ്മയ്ക്കും വേണ്ടത്രേ, അങ്ങനെ പേടിപ്പിക്കാന്‍ വീട് വിട്ടതാ. ഏതോ ബസില്‍ കയറി എത്തിപ്പെട്ടത് ഇവിടെ. കുറച്ചു കഴിഞ്ഞു വിശന്നപ്പോള്‍ വീട് ഓര്‍മ്മ വന്നു, തിരികെ പോകാന്‍ കാശില്ല. (ആ ചേട്ടന് ഏതോ അന്യ സംസ്ഥാനത്ത് എത്തിയത് പോലെ തോന്നി എങ്കിലും വീട്ടില്‍ നിന്നും വെറും 3 സാ ദൂരമേ എത്തിയിരുന്നുള്ളൂ ). കര്‍മ്മ നിരതരായ നാട്ടുകാര്‍ അപ്പോള്‍ തന്നെ അവരുടെ വീട്ടില്‍ പോയി കുട്ടിയുടെ അച്ഛനെ കൂട്ടി വന്നു. അച്ഛന് അടിക്കും എന്ന് പേടിച്ചിരുന്ന ആ മകന്റെ മുന്നിലേക്ക് വന്ന അച്ഛന് , മോനെ കെട്ടിപ്പിടിച്ചു പൊട്ടി കരഞ്ഞപ്പോള്‍ എന്റെ അമ്മ ചെവിയില്‍ പറഞ്ഞു 'കണ്ടോ , അച്ഛനുമമ്മയും നോക്കുന്നത് പോലെ, സ്നേഹിക്കുന്നത് പോലെ ആരും മക്കളെ സ്നേഹിക്കില്ല, വഴക്ക് പറയുന്നതും തല്ലുന്നതും സ്നേഹം ഇല്ലാഞ്ഞിട്ടല്ല , മക്കള്‍ നന്നാകാനാ . ആ അച്ഛനും അമ്മയും എത്ര വിഷമിച്ചു എന്ന് കണ്ടോ ' . പോകുമ്പോള്‍ ആ ചേട്ടായി അമ്മയെ വന്നു മുറുക്കിയൊരു പിടിത്തം :). എന്തായാലും അന്നത്തോടെ ഈ വീട് വിട്ടു പോയാല്‍ നമ്മള് വല്ലാണ്ട് കഷ്ടപ്പെടേണ്ടി വരും എന്നൊരു തിരിച്ചറിവ് എനിക്കുണ്ടായി - a real eye opener
എന്റെ നീല ട്രങ്ക് പെട്ടി ഒരു കാലത്തിന്റെ ഓര്‍മ്മയാണ് എനിക്ക് സന്തോഷത്തിന്റെ നുള്ളു നുറുങ്ങുകളുടെ ഓര്‍മ്മ. ഇപ്പോഴും ആ പെട്ടിയുണ്ട് ,പക്ഷെ അതിലെ വസ്തുക്കള്‍ പലതും മാറ്റപ്പെട്ടു ചിലവ കാലഹരണപ്പെട്ടു (അമ്മയുടെ ക്ലീനിംഗ് ല്‍ നഷ്ടം ആയി ) . ക്രിസ്മസ് കാര്‍ഡുകളും കുറച്ചു സെര്ടിഫിക്കട്ടുകളും മാത്രേ ഇപ്പോ എന്റെ പഴയ കൂട്ടുകാരിയുടെ കൂട്ടിനുള്ളൂ ... എന്റെ മകന് വേണ്ടിയും ഞാനിപ്പോള്‍ ഒരു ട്രങ്ക് പെട്ടി കരുതുന്നുണ്ട് ഓര്‍മ്മകളുടെ ട്രങ്ക് പെട്ടി. അവന്റെ ആദ്യ വാക്ക്, അവന്റെ ആദ്യ ചിരി, അവന്റെ ആദ്യ ഭക്ഷണം ,ആദ്യ യാത്ര അങ്ങനെ അവനു മാത്രം പ്രിയപ്പെട്ടതാകാവുന്ന, അവന്റെ മാത്രം സ്വന്തമായ കുറെ ഓര്‍മ്മകള്‍ എഴുതിയ ഒരു ബുക്ക്. എന്റെ നീല ട്രങ്ക് പെട്ടി തന്നത് പോലെ ഒരു നിഷ്കളങ്ക സന്തോഷം അവനാ ബുക്ക് കൊടുക്കുമെന്ന പ്രതീക്ഷയില്‍....