Friday, January 31, 2020

"ഉണരുണരൂ ഉണ്ണിപ്പൂവേ .... ആ ആ ആ .."


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


വർഷം 1995 ലെ ഓണം
ഓര്മ വെച്ച കാലം മുതൽ ഏകദേശം എൻജിനീയറിങ് സമയം വരെ എല്ലാ ഓണം, ക്രിസ്ത്മസ് , വേനലവധികളും അച്ഛൻ്റെ നാട്ടിലാണ്. അച്ഛൻ ജനിച്ചുവളർന്ന വീട് ചങ്ങനാശ്ശേരിയിലെ ഒരു ഗ്രാമത്തിലാണ് - അമരപുരം എന്ന സുന്ദരൻപേരുള്ള ഗ്രാമം. ആശാരിമുക്കും ചാഞ്ഞോടിയും കോട്ടമുറിയും കുന്നന്താനവുമൊക്കെ അടുത്തടുത്തുള്ള സ്ഥലം. എൻ്റെ നൊസ്റ്റാൾജിയയുടെ ഒരു ഭാഗം നാവായിക്കുളം ആണെങ്കിൽ മറ്റൊരു ഭാഗം അമരയാണ്. അത് രണ്ടും ചേർന്നാൽ ഞങ്ങളുടെ കുട്ടിക്കാലമായി.

ഓരോ അവധിക്കാലവും വരാൻ കാത്തുകാത്തിരിക്കും - അച്ഛന്റെ പെങ്ങമ്മാർ വരും, അവരുടെ മക്കൾ വരും , അച്ഛന്റെ അനിയന്മാർ അവിടെ വീട്ടിൽ തന്നെയാണ് -ജ്യേഷ്ഠൻ വളരെയടുത്തുള്ള സ്ഥലത്തും. അങ്ങനെ മിക്കവാറും എല്ലാ കസിൻസിനേം കാണാനുള്ള അവസരമാണ് ഈ അവധിക്കാലങ്ങൾ. വെക്കേഷനുകൾക്ക് മാത്രം എത്തിപ്പെടുമ്പോഴും നമ്മൾ ഉണ്ടാക്കിയെടുക്കുന്ന ഒരു സൗഹൃദക്കൂട്ടമുണ്ടാകും അവിടെ. ഒരേ പ്രായത്തിൽ കളിച്ചുവളർന്നവർ ..ചിലരെയൊക്കെ ഇപ്പോൾ നഷ്ടമായിരിക്കുന്നു ഒരിക്കലും തിരിച്ചുകിട്ടാത്ത രീതിയിൽ!

ഓണത്തിന് എല്ലാവരും കൂടുമ്പോൾ പിള്ളേരെയൊന്നും ആരും മൈൻഡ് ചെയ്യില്ല - കാടുകളിച്ചു നടക്കാം എത്ര വേണേലും. ഉച്ചക്ക് ഏറ്റവും അടുത്ത് ഏത് വീടാണോ അവിടെനിന്നു ഭക്ഷണം. തിരുവോണത്തിന് മാത്രം സ്വന്തം വീട്ടിൽ നിന്ന് - അതും ഉച്ചക്കത്തെ കഴിച്ചിട്ട് ഞങ്ങളോടും, അപ്പറത്തമ്മ എന്ന് വിളിക്കുന്ന അയൽവീട്ടിലെ അമ്മയുടെ അടുത്തേക്ക്. അവിടെ നിന്നും കൂടി സദ്യ ഉണ്ടാലേ എൻ്റെ ഓണം പൂര്ണമാകുമായിരുന്നുള്ളൂ. ഞാൻ ജീവിതത്തിൽ ആകെ കണ്ടിട്ടുള്ള തുമ്പിതുള്ളലുകൾ ആ ജീവിതത്തിലാണ്. എല്ലാവരും കൂടി ഏതേലും വീട്ടിൽ കൂടി ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഒക്കെ നടത്തിയിരുന്നു പണ്ട് . മൂന്നാം ഓണം ഒക്കെയാകുമ്പോൾ എല്ലാവരും ക്ഷീണിക്കുമല്ലോ, അപ്പോൾ ഒരു രാത്രി ചുറ്റുവട്ടത്തുള്ള ഏതേലും വീട്ടിൽ മൈക്ക് സെറ്റൊക്കെ ഏർപ്പാടാക്കിആണും പെണ്ണും കുട്ടികളും വയസായവരും ഒക്കെക്കൂടി പാട്ടൊക്കെപ്പാടി ആഘോഷമങ്ങു കലാശക്കൊട്ട് നടത്തും.

അങ്ങനെ കൂടിയ ഒരു ഒത്തുചേരലിൽ ഉണ്ടായതാണീ ഓർമ്മ , അച്ഛന്റെ ഇളയ ആൾ ഹപ്പാൻ്റെ (ഹരി അപ്പാപ്പൻ/കൊച്ചപ്പൻ ലോപിച്ച് ഹരിപ്പാനും ഹപ്പാനും ആയതാണ്) ഭാര്യ - ഓമനക്കുഞ്ഞ എന്ന് ഞാൻ വിളിക്കുന്ന കുഞ്ഞമ്മയേക്കുറിച്ചുള്ള ഓർമ. എപ്പോഴും ചിരിക്കുന്ന, മൂക്കുത്തിയിട്ട, ചുരുണ്ട തലമുടിയുള്ള, മെലിഞ്ഞ കുറിയ രൂപമായിരുന്നു ഓമനക്കുഞ്ഞ. ജീവിതമൊഴുകിയപ്പോൾ ഇടക്കെവിടെയോ വെച്ച് ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റല്ലാതെ എൻ്റെ ജീവിതത്തിൽ നിന്നും നഷ്ട്മായിപ്പോയ ഒരാൾ! 

ഞങ്ങൾ രണ്ടാളും മാത്രമായി എത്ര സ്നേഹനിമിഷങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നോ, ഒരു സ്‌കൂൾ വെക്കേഷന് ഞാൻ മാത്രമായിരുന്നു അവിടെ എത്തിയത്, എല്ലാവർക്കും തിരക്കുകൾ കൂടിയ കാലം, അന്ന് ഞാനും കുഞ്ഞയും കൂടിയാണ് മൂന്നു പൂച്ചക്കുഞ്ഞുങ്ങളെ, ഞങ്ങളുടെ ചിന്നമന്താരങ്ങളെ വളർത്തിയത്... കുഞ്ഞയുടെ ചുമലിലൊട്ടിയിരുന്നാണ് പത്തനംതിട്ടയിലെവിടെയോ ഉള്ള ആ ഗ്രാമത്തിൽ ഒരു നീണ്ട ബസ് യാത്ര കഴിഞ്ഞെത്തിയത്, ഒരു വലിയ ചക്ക മുഴുവൻ ചുളയെണ്ണി മുറിച്ചു സ്വർണ നിറത്തിൽ വറുത്തു കോരിയത് - എന്നിട്ടും, എന്നിട്ടും ഞാൻ മറന്നു കുഞ്ഞമ്മയെ!! - ഇല്ല, മറന്നു എന്ന് പറയാനാകില്ല...ഓർത്തിരുന്നു - ഇടയ്ക്കിടെയുള്ള ഇളയ അപ്പച്ചിയുമായുള്ള സംസാരങ്ങളിൽ, ഇടയ്ക്കിടെ "ചിന്നമന്താരം" എന്ന വാക്കോർക്കുമ്പോൾ, ഇടയ്ക്കിടെ ഈ പാട്ടു കേൾക്കുമ്പോൾ... പക്ഷേ,ഇടയ്‌ക്കിടെകളുടെ ദൂരം കൂടിയത് മാത്രം ഞാൻ ശ്രദ്ധിച്ചില്ല - കാരണമാ ദൂരത്തിലെപ്പോഴോ ഞാൻ അച്ഛൻ കൂടെയില്ലാതെ പോയ വർഷങ്ങളെ ജീവിക്കാൻ തുടങ്ങിയിരുന്നു, കോളേജിൽ നിന്നും പഠിച്ചിറങ്ങിയിരുന്നു, ജോലി നേടിയിരുന്നു, കല്യാണം കഴിഞ്ഞിരുന്നു, ഹരിപ്പാൻ ഞങ്ങളെ വിട്ടുപോയിരുന്നു , എൻ്റെ ആദ്യ കുഞ്ഞു ജനിച്ചിരുന്നു ..ഞങ്ങൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് എത്തിയിരുന്നു.. ഇടയ്ക്ക് നാട്ടിൽ അവധിക്കു പോയിരുന്നു, ജീവിതത്തിലേക്ക് ഇളയ കുഞ്ഞനും കടന്നു വന്നിരുന്നു!! അപ്പോൾ ഞാൻ മറന്നെന്നത് എത്ര ശരിയാണ്, ഓർത്തിരുന്നു എന്നതും ...!!

വീണ്ടും ആ പഴയ ഓണക്കാലത്തിലേക്ക് തിരിച്ചുപോകുമ്പോൾ - അന്ന് അവിടെ ഓണക്കൂട്ടത്തിൽ എല്ലാവരും പാട്ടോടു പാട്ടാണ്. കമഴ്ത്തിവെച്ച കലത്തിലും, ഗഞ്ചിറയിലും ആരൊക്കെയോ താളം പിടിക്കുന്നുമുണ്ട്. കിട്ടിയ ചാൻസിൽ ഞാനും പാടുന്നുണ്ട് - പക്ഷേ, ആരൊക്കെയോ ആവശ്യപ്പെടുന്നു.. "ഓമന പാടൂ, പാടൂന്ന്" എപ്പോഴുമുള്ള ചിരിയോടെ, മൂക്കുത്തിത്തിളക്കത്തിൽ കണ്ണുകളടച്ച് ഓമനക്കുഞ്ഞ മധുരമായ ഉറച്ച ശബ്ദത്തിൽ പാടുന്നു

"ഉണരുണരൂ ഉണ്ണിപ്പൂവേ .... ആ ആ ആ ..
കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിൻ
കവിത കേട്ടുറങ്ങുന്ന പൂവേ...
കവിത കേട്ടുറങ്ങുന്ന പൂവേ....! "

ഇപ്പോൾ എല്ലാവരും കരുതുന്നില്ലേ ഇത്രോം പറഞ്ഞിട്ട് ഞാനെന്താ ആ കുഞ്ഞമ്മയെ കണ്ടുപിടിക്കാത്തത് എന്ന്? ഇപ്പോൾ ഈ പോസ്റ്റിനടിയിൽ നിറകണ്ണുകളോടെ കുഞ്ഞമ്മ ഇത് വായിക്കുന്നുണ്ടാകണം! കഴിഞ്ഞ കൊല്ലം - മറ്റൊരു പ്രിയപ്പെട്ട ആൾ, നിർമലക്കുഞ്ഞമ്മ ജീവിതത്തിൽ നിന്ന് അവിചാരിതമായി കടന്നുപോയപ്പോൾ ഞാനോർത്തു, നമ്മളെ കുട്ടിയായിക്കാണുന്ന ഓരോ ബന്ധവും നമ്മെ കടന്നുപോകുമ്പോൾ നമ്മളുടെ ഒരു ഭാഗം കൂടിയാണ് കൂടെക്കൊണ്ടു പോകുന്നത് എന്ന്! അങ്ങനെ ഞാനാ ആളെ - ഓമനക്കുഞ്ഞമ്മയെ- ഇവിടെ ഈ ഫേസ്ബുക്കിൽ കണ്ടുപിടിച്ചു, ഫോൺ വിളിച്ചു സംസാരിച്ചു... അടുത്ത വട്ടം വെക്കേഷന് ഉറപ്പായും കാണുമെന്നും പറഞ്ഞിട്ടുണ്ട്! ഇനിയുമെനിക്ക് എൻ്റെ ജീവിതം മറക്കാനാകില്ലാലോ!!


---------------==----------------===----------------------------=--------------------==-------------------==-------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Thursday, January 30, 2020

'Kaakha Kaakha ' - To Protect - കാക്ക കാക്ക


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 



വർഷം  2017

'Kaakha  Kaakha ' - To Protect  എന്ന അർത്ഥമുള്ള ഈ ചിത്രം കാണാൻ കാത്തുകാത്തിരുന്നത് ഈ അർത്ഥം അറിഞ്ഞിട്ടൊന്നുമല്ല സൂര്യ-ജ്യോതിക ജോഡിയെ  പാട്ടുകളിലൂടെ  കണ്ടുകണ്ടങ്ങനെ ഇഷ്ടം കൂടിയിട്ടാണ്.  ഈ ചിത്രം ഞാൻ കണ്ടത് 2003 -2004 സമയത്ത് എപ്പോഴെങ്കിലും ആകണം - BTech ഹോസ്റ്റലിലെ കൂട്ടുകാർക്കൊപ്പം. നല്ല ബംബ്ലൂസ് പോലിരിക്കുന്ന ജ്യോയെ അന്നേ ഒത്തിരി ഇഷ്ടമായിരുന്നു  ഞങ്ങൾക്കെല്ലാവർക്കും. "she is a  fantasy " പാട്ടിലെ ജ്യോതികയുടെ കണ്ണെഴുത്തും സാരിയുമൊക്കെ നോക്കി വായ പൊളിച്ചിരിക്കുന്ന ഞങ്ങളെ ഇപ്പൊ ഓർക്കുമ്പോ ചിരി വരും! പക്ഷേ, ഈ പാട്ട് എന്നെ ഓർമ്മിപ്പിക്കുന്നത് 2016 - 2018 കാലഘട്ടത്തിൽ എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റൊരാളെയാണ് - മധുമിത എന്ന തമിഴ് നാട്ടുകാരിയെ...


തമിഴ്‌നാട്ടിൽ MTech പഠിക്കുന്ന സമയം. ഭക്ഷണം "ശൈവം മട്ടും"  എന്ന് ഹോസ്റ്റലിൽ ചേർന്ന അന്നുതന്നെ മേട്രൺ പറഞ്ഞിരുന്നു. പക്ഷേ, പുറത്തുനിന്നു വാങ്ങി ഉള്ളിൽ കൊണ്ട്വന്നു കഴിക്കാം, അതിന് ഒരു കുഴപ്പവുമില്ല എന്നതൊരു വലിയആശ്വാസമായിരുന്നു. പാവയ്ക്കാ സാമ്പാറിനെ ഞാൻ വെറുത്ത ഇടമായിരുന്നു ആ ഹോസ്റ്റൽ. മെയിൻ ഹോസ്റ്റലിലേക്ക് മാറും വരെ ആദ്യവർഷ MTech, MBA എല്ലാവരും BTech ലെ കുറച്ചു കുട്ടികളും ഒരുമിച്ചു ഒരു വലിയ ഹാളിൽ ആയിരുന്നു ജീവിതം. താഴെ ജിമ്മും, സ്പോർട്സ് സെന്റര് ഉം കടകളും ചേർന്നൊരു വലിയ കെട്ടിടത്തിന്റെ മുകൾഭാഗം . പുതിയ ബ്ലോക്കിലേക്ക് മാറും വരെ ഷീറ്റിട്ട ആ വലിയ ഹാളിലെ തട്ടികൾ കൊണ്ട് തിരിച്ച സ്ഥലത്തു നിരത്തിയിട്ട  കട്ടിലുകളായിരുന്നു ഞങ്ങളുടെ താവളം.  എപ്പോ വേണമെങ്കിലും ഉറങ്ങാം, എത്ര നേരം വേണമെങ്കിലും വർത്തമാനം പറഞ്ഞിരിക്കാം എന്നതായിരുന്നു അവിടുത്തെ പ്രത്യേകത. മഴയുള്ള രാത്രികളിൽ ഷീറ്റിനു മുകളിൽ വീഴുന്ന ഓരോ തുള്ളിയും ഓരോ കല്ലുപോലെ തോന്നും. പക്ഷേ, കാസര്ഗോഡ് ഉണ്ടായിരുന്ന നേർത്ത നൂല്മഴ കഴിഞ്ഞു ഞാൻ കണ്ട സുന്ദരിമഴയായിരുന്നു അവിടുത്തേത്.  അഞ്ജന, നിഷ, ഷാന്റി (എന്നെക്കൂടാതെ അവിടെ MTechനുണ്ടായിരുന്ന 3  മലയാളിപെൺകുട്ടികൾ!) പിന്നെ പ്രിയദർശിനി,  മധുമിത, വനിത, വിഷ്ണുപ്രിയ, സുധ.  കൂട്ടത്തിലെ അധികം സംസാരിക്കാത്ത ഷാന്റിയും അഞ്ജനയും പോലും കൂടും ബാക്കിയുള്ള ചാറ്റർബോക്സുകളുടെ കത്തിയടിക്ക് -  മഴ പെയ്തിരുന്ന രാത്രികളിലൊക്കെ വലിയ ജനാലകൾക്ക് അരികിലിരുന്നു മഴയേക്കാൾ ഉച്ചത്തിൽ ഞങ്ങൾ സംസാരിക്കും.


        അങ്ങനെയുള്ള രാത്രികളിലെന്നോ മധുമിത എന്ന തമിഴ്‌സുന്ദരി - ചെറിയ മുഖക്കുരുകൾ ഉള്ള മുഖം ചുമപ്പിച്ചുകൊണ്ട് അവളുടെ പ്രണയകഥ പറഞ്ഞു ഞങ്ങളോട്. 3  കൊല്ലം പിന്നാലെ നടന്ന കോളേജിലെ പൊക്കക്കാരൻ ചെക്കനെക്കുറിച്ച്, കഴിഞ്ഞ രണ്ടു കൊല്ലമായി നേവിയിൽ കയറാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥിരോത്സാഹിയെക്കുറിച്ച്, അതിനുവേണ്ടി മാത്രം അവൻ ഉപേക്ഷിച്ച ജോലിയെക്കുറിച്ച് ,  അവന്റെ വീട്ടിലെ പ്രണയത്തിന് അനുകൂലമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ച്, 5 കൊല്ലമായി രണ്ടു വീട്ടിലും രണ്ടാളും നടത്തുന്ന ചെറുത്തുനിൽപ്പുകളെക്കുറിച്ച് , കല്യാണത്തിൽ നിന്നും രക്ഷപെടാൻ വേണ്ടി മാത്രം  ഉപരിപഠനത്തിനു വന്ന അവളെക്കുറിച്ച്.... പറഞ്ഞുതീർന്നപ്പോൾ അവൾ ഞങ്ങളെ കാണിച്ചുതന്ന ഫോട്ടോ ഒരു കടൽമുനമ്പിന്റെ ഫോട്ടോ ആയിരുന്നു - ബാക്ക് ഡ്രോപ്പിൽ ഒരു തുറന്ന ടെറസ് വീടും കാണാം. എന്നിട്ടവൾ പറഞ്ഞു " അതാണ് എന്റെ ഭാവി വീട്,  ഞങ്ങൾക്കുള്ള മുറിയാണ്  ആ ടെറസിനു മുകളിൽ ഉള്ളത് - ഇപ്പോൾ അവിടെ ഒരു കട്ടിൽ മാത്രമേയുള്ളൂ, കല്യാണമാകുമ്പോൾ വേണം അതൊരു റൂമാക്കിമാറ്റാൻ." പക്ഷേങ്കി, അവളുടെ കഥ കേട്ടിട്ട്
 അവളെപ്പോലെ അത്രയും പോസിറ്റീവ് ആയിട്ടൊന്നും ഞങ്ങൾക്കാർക്കും തോന്നിയില്ല. ഒരുകൊല്ലം കൂടി കഴിയുമ്പോൾ മിക്കവാറും ഇവളുടെ കല്യാണം വേറെ ആരെങ്കിലും ആയിട്ട് വീട്ടുകാർ നടത്തുമല്ലോ. അപ്പുറത്തുള്ള ആൾക്കാണെങ്കിൽ ഇപ്പോൾ ജോലിയുമില്ല! എത്ര മനോഹരമായ സ്വപ്ന സുന്ദര ലോകമാണ് ആ പാവം പെൺകുട്ടിയുടേത് എന്നോർത്തു ഞങ്ങൾ പ്രാക്ടിക്കൽ മഹിളകൾ.


അല്ലാ ഈ ഓർമ്മയെങ്ങനെ  "കാക്ക കാക്ക "യിലേക്ക് എത്തിയെന്നല്ലേ?  ആ പറഞ്ഞ കടൽമുനമ്പില്ലേ അവിടെയാണ് നമ്മുടെ " മായ"  അവളുടെ 'അൻപ് ചെൽവനോ'ട് പ്രണയം പറയുന്നത്, ഞാനീ  പറഞ്ഞ കഥയിലെ മധുവും അവളുടെ ചെക്കനും പ്രണയം പറഞ്ഞതും അവർ രണ്ടുപേരും രണ്ടാളെയും വിചാരിക്കുന്നതും മായയും അൻപ് ചെൽവനുമായിട്ടും ആണ്. അവളുടെ റിങ് ടോൺ 'ഒൻട്രാ രണ്ട്രാ ആശകൾ ' ആയിരുന്നു.  എന്നെ തമിഴ് എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് അവൾ ആദ്യം എനിക്ക് വായിക്കാനായി എഴുതിക്കാണിച്ചത് "காக்க காக்க " എന്നായിരുന്നു. ഞാനത് പുഷ്പം പോലെ "കാക്ക കാക്ക" എന്ന് വായിച്ചു- അപ്പോഴവൾ 'கன்னத்தில் முத்தமிட்டாள்' എന്നെഴുതിയ CD യുടെ പുറം കാണിച്ചു അത് വായിക്കാൻ പറഞ്ഞു, ഞാനത് 'കന്നത്തിൽ മുത്തമിട്ടാൾ' എന്ന് വായിച്ചു. കണ്ണ് ഉരുട്ടി അവൾ എന്നെ നല്ല ചീത്ത " എന്നടീ, ഉനക്ക് താൻ ഇതെല്ലാം പടിക്ക തെരിയുമേ. അപ്പുറം എന്ന വേണം?" ഇത്തവണ ചീത്ത  വിളിക്കാനുള്ള അവസരമെനിക്കായിരുന്നു - "അതേ, ഞാനെന്നല്ല കേരളത്തിലെ ഏത് കോളേജ് പ്രായക്കാരെ നീയിങ്ങനെ കാണിച്ചു വായിക്കാൻ പറഞ്ഞാലും അവരെല്ലാം വായിക്കും - ഇത് സിനിമാപ്പേരല്ലേ മണ്ടീ!"  എന്തായാലും അന്നുമുതൽ "കാക്ക  കാക്ക"എന്നെവിടെ കണ്ടാലും ഞാൻ ഈ സംഭവം ഓർക്കും, അതിലെ പാട്ടുകൾ കേട്ടാൽ അവളെ ഓർക്കും, അവൾക്ക് വേണ്ടി "മഞ്ചക്കാട്ടുമൈന " പാടിയ അവളുടെ നേവിക്കാരനെ ഓർക്കും, ഞങ്ങളുടെ മഴ മുഴങ്ങുന്ന ഹോസ്റ്റൽ ദിനങ്ങൾ ഓർക്കും....


വർഷങ്ങൾക്കു ശേഷം  എന്നെ തേടിവന്ന തിരുമണക്കാർഡിൽ സൗഭാഗ്യവതി. മധുമിതയുടെ പേരിനു നേർക്ക് വരന്റെ പേര് ചിരഞ്ജീവി.ദിനേശ്, (BTech ,നേവൽ ഓഫീസർ വിശാഖപട്ടണം) എന്നായിരുന്നു. കുറേയെറെനാളുകളായി കോണ്ടാക്ട് ഇല്ലാത്ത മധുവിനെ കണ്ടുപിടിച്ച് ഇത് വായിച്ചു കേൾപ്പിക്കണമെന്നതാണ് ഇപ്പോഴത്തെ എന്റെ ചിന്ത!

പിൻകുറിപ്പ്: ഒരു വർഷം മുൻപാണ് ഈ പാട്ടോർമ്മ ഞാനെഴുതിയതും ഫേസ്‌ബുക്കിൽ പോസ്റ്റിയതും . അത് കഴിഞ്ഞു വിവിധ വഴികളിലൂടെ പോയിപ്പോയി ഞാനീ മധുമിതയെ കണ്ടുപിടിച്ചു. ദിനേശ് ഇപ്പോൾ നല്ലൊരു പൊസിഷനിൽ വൈശാഖിൽ ആണ്. മധുമിത വളരെയേറെ നാളുകൾക്ക് ശേഷം അവർക്ക് ലഭിച്ച മൂന്നുമാസം പ്രായമായ കുഞ്ഞുമോളുമായി അവളുടെ നാട്ടിലുണ്ട് , തമിഴ്‌നാട്ടിലെ കാരൂർ എന്ന സ്ഥലത്ത്. കുഞ്ഞിന് ഒന്നൊന്നര വയസ്സായിട്ടേ വൈശാഖിലേക്ക് പോകുന്നുള്ളൂ.  ഞങ്ങളുടെ പഴയ എംടെക് ഹോസ്ടൽഗാങ്ങിനെ കണ്ടുപിടിച്ച് ഒരു വാട്സാപ്പ് ഗ്രൂപ്പും തുടങ്ങി എന്നതാണ് ഈ പാട്ടിന്റെ പിന്കുറിപ്പ്!

https://www.youtube.com/watch?v=VeTATJiFozs

---------------------==----------------===------------------------===-----------------===-------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ ;)

#100DaysToLove

#Day16

Wednesday, January 29, 2020

തൂമഞ്ഞോ തുഷാരം പോൽ

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 



വർഷം 1995
അപ്പുറത്തെ വീട്ടിൽ വല്യേച്ചി എന്ന് ഞങ്ങൾ വിളിക്കുന്ന ലക്ഷ്മിയമ്മയുടെ വീട്ടിലാണ് - ചിത്രഗീതം കാണുക എന്നുള്ള നല്ല ഉദ്ദേശം മാത്രം. പുത്തൻപുതിയ പാട്ട് ഒന്നുരണ്ടെണ്ണം എങ്കിലും കാണാതിരിക്കില്ല എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങൾക്ക് നിരാശപ്പെടേണ്ടിവന്നില്ല. വെളുവെളുന്നനെയുള്ള പഞ്ഞിക്കട്ട മഞ്ഞിലൂടെ അതാ സുന്ദരനും സുമുഖനും സുശീലനുമായ സുരേഷ്‌ഗോപി ഓടിയോടി വരുന്നു. നായിക പാൽപ്പത പോലെയുള്ള മഞ്ഞെടുത്തെറിയുന്നു.. സുരേഷ്‌ഗോപി തിരിച്ചെറിയുന്നു... ശോ! ആകെ പ്രണയാതുര കാല്പനിക നിമിഷങ്ങൾ. അന്നിങ്ങനെയുള്ള സീനുകൾ ഒക്കെ കാണുമ്പോൾ അടുത്തിരിക്കുന്നോരെ ഒളികണ്ണിട്ട് നോക്കും ഞാൻ - എന്താണ് അവരുടെയൊക്കെ ഒരു റിയാക്ഷൻ എന്നറിയണമല്ലോ.

കോളേജിൽ പോകുന്ന ചേച്ചിമാർക്ക് ഒക്കെ ചുണ്ടത്തു ഒരു ചിരി വിരിഞ്ഞിട്ടുണ്ടാകും. എത്ര ശ്രമിച്ചാലും അതാ ചുണ്ടിന്റെ കോണിലൂടെ പുറത്തേക്ക് ചാടാൻ റെഡി ആയി നിൽക്കുന്നുണ്ടാകും. കൗമാരക്കാരി സ്‌കൂൾകുട്ടികൾ എല്ലാം തന്നെ 'അയ്യേ ഛീ ' എന്നൊരു ഭാവത്തിൽ 'ഞങ്ങൾക്കിതൊന്നും കാണാൻ വയ്യേ' എന്നൊരു ഭാവം വരുത്തി സ്‌ക്രീനിൽ നോക്കി-നോക്കീല്ല എന്നു കാണിച്ച് ഇരിക്കുന്നുണ്ടാകും. ആ വീട്ടിലെ അമ്മയും എന്റെ അമ്മയുമൊക്കെ " ഇതൊക്കെ എന്ത് പാട്ട് ! പാട്ടൊക്കെ ഞങ്ങളുടെ കാലത്തെ പാട്ടായിരുന്നു പാട്ടെ"ന്ന സ്ഥിരം പുശ്ചഭാവം മുഖത്ത് വരുത്തി വേറെന്തൊക്കെയോ സംസാരിക്കുന്നുണ്ടാകും.
ഒന്നുരണ്ടുപേർ അങ്ങോടുമിങ്ങോടും ഒരു നോട്ടം കൈമാറും !

ഞാൻ ആ പാട്ട് കണ്ടപ്പോൾ ഓർത്തത് സാന്റാക്ളോസിനെ ആണ്. എന്നാകും എനിക്കിങ്ങനെ പാലുപോലെ വെളുത്ത മഞ്ഞു കാണാനാകുക... അതിലൂടെ ഇങ്ങനെ ഓടാനാകുക. മഞ്ഞെടുത്തെറിഞ്ഞു കളിക്കാനാകുക, സ്കീയിങ് ചെയ്യാനാകുക... അന്നവിടെ ഇരുന്നിരുന്ന ആരെങ്കിലും എന്റെ മനസ്സിലിരിപ്പ് അറിഞ്ഞിരുന്നെങ്കിൽ
' അതിമോഹമാണ് മോളേ ദിനേശി, അതിമോഹം ' എന്നു പറഞ്ഞേനെ! എനിക്കും അതറിയാമായിരുന്നു. അതുകൊണ്ട് പ്രാക്ടിക്കലി ചിന്തിക്കാൻ തുടങ്ങി - എന്തായാലും ഞാൻ കല്യാണം കഴിക്കുമല്ലോ, അപ്പോ അങ്ങോരേം കൊണ്ട് കുളു - മണാലി -ഷിംല ഒക്കെ ഒന്ന് കറങ്ങണം എന്ന് അന്നേ ഞാനുറപ്പിച്ചു... കൊച്ചുങ്ങൾ ഒക്കെയായിട്ട് അവരേം കൊണ്ടുപോകണം, എന്നിട്ട് പറയണം - "അമ്മ സ്‌ക്രീനിൽ മാത്രം കണ്ടതാ കുഞ്ഞിലേ. നായർസാബ് സിനിമയും ഈ മഞ്ഞിന്റെ പാട്ടുമൊക്കെ കണ്ടപ്പോഴൊക്കെ കൊതിച്ചതാണ് മഞ്ഞിൽ കളിക്കാൻ , ഓടാൻ, ചാടാൻ... നിങ്ങൾ കളിക്ക് മക്കളേ കളിക്ക്" ന്ന്


അന്നത് ചിന്തിച്ച സമയത്ത് എന്റെയടുത്തുകൂടെ പോയ ഏതോ ദൈവം പറഞ്ഞിട്ടുണ്ടാകണം "തഥാസ്തു".. കഴിഞ്ഞ 7കൊല്ലമായിട്ട് മഞ്ഞു തൂക്കി വിൽക്കാൻ പറ്റുന്ന ഒരിടത്താ ജീവിക്കുന്നേ. ഈ ആഴ്ചയാണേൽ ഒടുക്കത്തെ തണുപ്പും മഞ്ഞുവീഴ്ചയും! ഇന്നലേം സ്‌കൂളൊക്കെ സ്‌കൂളൊക്കെ അടവാരുന്നു. നാളേം റെക്കോർഡ് തണുപ്പാണ്‌ ന്ന് ആണ് പ്രവചനം.
'-50 ഡിഗ്രി ' ഹ്ശ്ശ്ശ് കേൾക്കാൻ തന്നെ എന്തൊരു രസം അല്ലേ 😰😱😨 അപ്പോ എല്ലാരും നോക്കീം കണ്ടും ഓരോന്ന് ആഗ്രഹിക്കണംന്നേ എനിക്ക് പറയാനുള്ളൂ!


പാട്ട് കാണാൻ മറക്കണ്ട - 'തക്ഷശില' യിലെ തൂമഞ്ഞു കണ്ടാസ്വദിച്ചോളീൻ ട്ടാ


https://www.youtube.com/watch?v=NM877DfDGNk
------------------==----------------===------------------------=------------====-------------------------------------------


#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Tuesday, January 28, 2020

"വസീഗര എൻ നെഞ്ചിനിക്ക് "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


വർഷം 2001-2004
മിന്നലേ സിനിമ ഇറങ്ങിയത് മുതൽ ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങും വരെ ഓരോ വെക്കേഷനും കാസർഗോഡ് നിന്ന് കേറുന്ന മലബാർ എക്സ്പ്രെസ്സിലോ, മാവേലിയിലോ ഉള്ള യാത്രകളിലൊക്കെയും തുടരെ മുഴങ്ങിയിരുന്ന പാട്ട്.

അന്നുമിന്നും ഇത് കേൾക്കുമ്പോൾ നിന്നെയാണ് ഓർമ - Nithya. M എന്ന നിത്യം  മാധവന്റെ റൊമാന്റിക് മുഖവും ഒരു ലോജിക്കും ഇല്ലാത്തതെങ്കിലും ഇടികൂടി ഒത്തിരി പ്രാവശ്യം കണ്ട പടവും ഒന്നുമല്ല ജനറൽ കമ്പാർട്മെൻറിലെ മുകളിലെ സീറ്റുകളിൽ ഇടിച്ചുതൂങ്ങിയിരുന്നു ട്രെയിനിലെ ഫാനിന്റെ ശബ്ദത്തിനേക്കാൾ ഉച്ചത്തിൽ കൂട്ടത്തോടെ പാടിയിരുന്ന പാട്ടുകളാണ് ഉള്ളിൽ.

"വസീഗര എൻ നെഞ്ചിനിക്ക് 
ഉൻ പൊൻമടിയിൽ തൂങ്കിനാൽ പോതും"

തൃശൂർ മുതൽ ഓരോരുത്തരായി പൊഴിയുന്ന യാത്രയിൽ എറണാകുളം എത്തിയാൽ കൂടോടെ എല്ലോരും ഇറങ്ങും - എന്നേം ബേബി എന്ന് വിളിക്കുന്ന ഷെറിനേയും മഞ്ജുനേം മാത്രമാക്കിയിട്ട്. ഞങ്ങൾ പിന്നെയും കൊല്ലം വരെ ഒരുമിച്ച് അവിടെ ഞാനിറങ്ങും, അവളുമാർ യാത്ര തുടരും. മലബാറും മാവേലിയും - ജീവിതത്തിന്റെ തന്നെ ഭാഗമായിമാറിയ രണ്ടു വണ്ടികൾ. ഓർമ്മകൾക്ക് ട്രെയിനിന്റെ മുഷിച്ചിൽ മണവുമാണ് - അതിലൊരു നൊസ്റ്റാൾജിയ ഉണ്ടെന്നു പറയുമ്പോൾ എന്നെ നെറ്റി ചുളിച്ചു നോക്കുന്നവരോട് പറയാനുള്ളതും ഓരോ യാത്രയും പ്രിയപ്പെട്ടതാകുന്നത് നമ്മളത് ആരോടൊപ്പം ചെയ്തു എന്നുള്ളതിലാണ്. ഇപ്പോഴും ഓർമ്മകൾക്കൊരു തീവണ്ടിയാത്രയുടെ മണം!


-------------------==----------------===-----------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Monday, January 27, 2020

"യെഹ് ഹസീന്‍ വാദിയാന്‍ യെഹ് ഖുലാ ആസ്മാ"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


വർഷം 2005
പത്തനംതിട്ടയിൽ ഒരു മലമുകളിലെ പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജിൽ പഠിപ്പിക്കുന്ന സമയം. കുറച്ചു സമയമേ അവിടെ ഉണ്ടായിരുന്നുള്ളു എങ്കിലും ജീവിതത്തിൽ ഓർക്കാൻ പാകത്തിന് കുറെയേറെ ഓർമ്മകൾ തന്നയിടമാണ് - നല്ലതായും, ചീത്തയായും - അനുഭവത്തിലേക്ക് കൂട്ടിയിടമാണ്. വളരെയേറെ പ്രിയപ്പെട്ട ചില സുഹൃത്തുക്കളെ കിട്ടിയിടമാണ്. "മിസ്സേ" വിളിയുമായി ഇപ്പോഴും സ്നേഹത്തോടെ മിണ്ടുന്ന എന്റെ സ്വന്തം കുട്ടികളെ കിട്ടിയ ഇടമാണ്. ആ ഇടവുമായി മൂന്നു പാട്ടുകൾ എന്റെ ഓർമയിൽ ഇടക്കിടെ വരാറുണ്ട്... അതിലേറ്റവും സന്തോഷമുള്ള ഒന്നാണ് ഇന്നത്തേത്.

കോളേജ് ഡേ - എല്ലാ ഡിപ്പാർട്മെന്റും കിട്ടിയ ചാൻസിൽ എല്ലാ പരിപാടിക്കും പങ്കെടുത്തു പൊരിഞ്ഞ മത്സരത്തിൽ. IT ഡിപ്പാർട്മെന്റിലെ പിള്ളേർക്ക് കട്ടസപ്പോർട്ടുമായി ഞങ്ങളും അവിടവിടെ കറങ്ങി നടക്കുന്നുണ്ട്. വീണ്ടും കാമ്പസ് ദിനങ്ങളിലേക്ക് തിരിച്ചുപോയ അനുഭവം. മൂന്നാം വർഷ പിള്ളേർക്ക് ഒരു നാടകമൊപ്പിച്ചു കൊടുത്തതിന്റെ ടെൻഷൻ എനിക്കുമുണ്ട് - കിട്ടുന്ന തക്കാളി, ചെരിപ്പൊക്കെ എനിക്കും തരുമെന്നാണ്‌ അവരുടെ സ്നേഹപൂർവമുള്ള വാഗ്‌ദാനം. തുറുപ്പുചീട്ട് പാട്ടുകാരും, mr. എഞ്ചിനീയർ / ms.എഞ്ചിനീയർ വിഭാഗത്തിലെ ചുണക്കുട്ടികളിലുമാണ് ഞങ്ങളുടെ പ്രതീക്ഷ.

പാട്ടുമത്സരം തുടങ്ങി.... സ്റ്റേജിൽ IT ഡിപ്പാർട്മെൻറിൽ നിന്നുള്ള നിതിനും മറ്റൊരു കുട്ടിയും (കൂടെപ്പാടിയ കുട്ടിയെ ഞാൻ പഠിപ്പിച്ചിട്ടില്ല, പേരും മറന്നു). പാട്ട് തുടങ്ങിയപ്പോൾ കുട്ടികളൊക്കെ നാലുഭാഗത്ത് നിന്നും ഒഴുകിവരാൻ തുടങ്ങി. പിന്നീട് തീരും വരെ എല്ലാവരും ലയിച്ചുനിന്ന സമയം
"യെഹ് ഹസീന്‍ വാദിയാന്‍
യെഹ് ഖുലാ ആസ്മാ" (പുതു വെള്ളൈ മഴയുടെ ഹിന്ദി വേർഷൻ) റോജയിലെ മനോഹരമായ ഗാനം - ഇത് കേൾക്കുമ്പോൾ ഓർമ്മ ഇപ്പോഴും ആ ദിവസമാണ്.... 

മലമുകളിലെ കോളേജ്, തണുത്ത ദിനങ്ങൾ, പ്രിയപ്പെട്ട കൂട്ടുകാർ, അവിടുത്തെ ഒരു കോളേജ് ഡേ, ഈ പാട്ട് പാടിയ നിതിൻ, പാട്ട് കഴിഞ്ഞയുടനെ അവനെ പൊക്കിയെടുക്കാന്‍ സ്റ്റേജ്നു പുറകിലേക്ക് ഓടിയ ഒരു കൂട്ടം പിള്ളേർ. SPB യെ കടത്തി വെട്ടി നിതിനെ ഞാന്‍ ഓര്‍ക്കണമെങ്കില്‍ ആ പാട്ട് അത്ര മനോഹരമായി അന്ന് ഓർമ്മയിലേക്ക് കേറിയതുകൊണ്ടാണ്. ഇന്നലെ റിപ്പബ്ലിക് ദിനത്തതിനെക്കുറിച്ചുള്ള സിനിമാപോസ്റ്റും ട്രോളുകളും കണ്ടപ്പോൾ വീണ്ടും വീണ്ടും റോജയിലെ ഈ പാട്ട് കേൾക്കാൻ തോന്നി... ആ കുട്ടികളെയും പ്രിയപ്പെട്ടവരേയും ഒന്നുകൂടി കാണാനും മിണ്ടാനും തോന്നി....
---------------------==----------------===---------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Sunday, January 26, 2020

കാണാതെ പോയൊരു നിറം

വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളെപ്പോഴോക്കെയോ ഇര വിഴുങ്ങിയ മലമ്പാമ്പിനെ പോലെ തോന്നിക്കുണ്ടായിരുന്നു . ഇടയ്ക്കുള്ള ചെറിയ കുലുക്കവും , ചാട്ടവുമൊഴിച്ചാല്‍, ആ മലമുകളിലേയ്ക്ക് ഇത്രയും നല്ല വഴിയുണ്ടെന്നു വിശ്വസിക്കാനാകില്ല. ഡ്രൈവറുടെ മാത്രം ഇഷ്ടത്തിന് വെച്ചിരിക്കുന്ന പാട്ടിലേക്ക് ഇടക്കൊന്നു കടന്നു ചെല്ലാന്‍ നോക്കിയെങ്കിലും വേഗത്തിലുള്ള  താളമേളങ്ങള്‍ സംസാരിക്കുന്ന ഭാഷ മനസിലാകാത്ത പ്രായത്തിലേക്ക് താനെത്തിയെന്നു അനിരുദ്ധ് ഒന്ന് നിശ്വസിച്ചു.

"ഓര്‍ കിത്നാ  ടൈം ലഗേഗാ ഭായി? " ചോദ്യത്തില്‍ തീരെ മുഷിവ്‌ കലർത്തിയില്ല , ഒരു ചിരി ചേര്‍ക്കുകയും ചെയ്തു.

" 1 hour  സര്‍ " ഉത്തരം പക്ഷേ  മുഷിപ്പിച്ചു. ഇനിയും ഒരു മണിക്കൂര്‍ കാണാനുള്ള പ്രകൃതിസൌന്ദര്യം ചുറ്റിനുമുണ്ടെങ്കിലും അതിനുള്ള മനസ് തല്‍ക്കാലമില്ലല്ലോ. ഈ ഡ്രൈവര്‍ ആണെങ്കില്‍ അധികം സംസാരിക്കുന്ന പ്രകൃതവുമല്ല. മനസിനെ റിഫ്രെഷ് ആക്കാന്‍  യാത്ര  പുറപ്പെട്ട  താനൊരു  പമ്പര വിഡ്ഢിയാണെന്ന് അനിരുദ്ധിന് തോന്നി. കണ്ണടച്ചിരുന്ന് യാത്ര തുടരുമ്പോള്‍  മനസിലേക്ക് പഴയൊരു പതിമൂന്നുകാരന്‍  എണ്ണ തേച്ചൊതുക്കിയ കോലന്‍ മുടിയും, ഒരല്‍പം നിര തെറ്റിയ പല്ലുകളുമായി  കള്ളച്ചിരിയോടെ കടന്നുവന്നു, മറ്റൊരു രൂപത്തിന്‍റെ നിഴലെന്നപോലെ. കൂടുതല്‍ മിഴിവാര്‍ന്നത് ആ രൂപമാണ്‌ - കണ്മഷി എഴുതിയ കണ്ണുകള്‍ നിറയുവോളം കാതിലെ വളയങ്ങള്‍ ആട്ടിച്ചിരിക്കുന്ന, കുഞ്ഞിയേച്ചി, അച്ഛന്‍റെ പെങ്ങളുടെ മകള്‍!


            അന്യമതസ്ഥനായ ജോസച്ചനൊപ്പം  ഒളിച്ചോടിപ്പോയ രാധയപ്പച്ചിയുടെ മകള്‍, ലയ എന്ന ഞങ്ങളുടെ കുഞ്ഞിയേച്ചി.  മറ്റാര്‍ക്കുമില്ലാത്ത ഒരടുപ്പം അച്ഛന് പെങ്ങളോട് ഉണ്ടായിരുന്നതുകൊണ്ട് മാത്രം എനിക്ക് കിട്ടിയതാണ് കുഞ്ഞിയേച്ചിയുമായുള്ള കൂട്ട്, വളരെ വൈകിയാണെങ്കിലും. ജോസച്ചന്‍റെ  വീട്ടിലേക്കുള്ള യാത്രകള്‍ കാത്തുകാത്തിരിക്കാന്‍ തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തിരികെ അച്ഛന്‍ വീടിനടുത്ത് താമസിക്കാന്‍ എത്തിയപ്പോഴാണ്. കുഞ്ഞിയേച്ചിയെ ഞാന്‍ കാണുമ്പോള്‍ എനിക്ക് 10, അവള്‍ക്ക് 14 - പിന്നെയുള്ള നാലഞ്ച് വര്‍ഷങ്ങള്‍ എന്‍റെ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ കുഞ്ഞിയേച്ചിയാണ്. രണ്ടുമാസം നീളുന്ന വേനലവധിക്കും, ഓണം ക്രിസ്തുമസ് അവധിക്കുമൊക്കെ അച്ഛന്‍വീട്ടില്‍ കൂടുന്ന കുട്ടിപ്പട്ടാളങ്ങളെ മേയ്ക്കാന്‍ കുഞ്ഞിയേച്ചിയും വരും. തീരെ ചെറിയവരുടെ കൂട്ടത്തിലും കുറച്ചു മുതിര്‍ന്നവരുടെ കൂട്ടത്തിലും കൂടാനൊക്കാത്ത ഞാന്‍ കുഞ്ഞിയേച്ചിയുടെ നിഴലായി. പലപ്പോഴും മറ്റുള്ള ബന്ധുക്കളില്‍ നിന്നും അകന്നു നിന്നിരുന്ന കുഞ്ഞിയേച്ചി ആ അവധിദിനങ്ങള്‍ മാത്രം ആഘോഷിക്കും.  എന്തിനും ഏതിനും കുഞ്ഞിയേച്ചിയോട് അഭിപ്രായം ചോദിയ്ക്കാന്‍ കാത്തിരുന്ന ആ എന്നെയോര്‍ത്ത് എനിക്കിപ്പോള്‍ അത്ഭുതമാണ്, നീണ്ട 25 വര്‍ഷങ്ങള്‍ എങ്ങനെ ആ ആളെക്കുറിച്ച് ഓര്‍ക്കാതെ ഇരുന്നു എന്നാലോചിക്കുമ്പോള്‍. കാലം പുറകിലേക്ക് ഓടുകയാണെങ്കില്‍ എന്ത് രസമായിരുന്നേനെ!


           "സര്‍ ...സര്‍ വീ ആര്‍ ഹിയര്‍"  ഡ്രൈവറുടെ ശബ്ദമാണ് മയക്കത്തില്‍ നിന്ന് അനിരുദ്ധിനെ ഉണര്‍ത്തിയത്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ഇടവഴികള്‍ക്ക് മുന്നിലായി കാര്‍ ഒതുക്കിയിരിക്കുന്നു. പേരറിയാത്ത വയലറ്റ് നിറത്തിലുള്ള  പൂവുകള്‍ വഴിയുടെ ഇരുപുറവും നിറഞ്ഞു വിരിഞ്ഞു നില്‍ക്കുന്നിടം. വയലറ്റോ അതോ പര്‍പ്പിളോ എന്ന് മായ കൂടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംശയം പറഞ്ഞേനെ എന്ന ഓര്‍മ്മയില്‍  ചിരിയോളമെത്തുന്ന ഒരാത്മനിന്ദ അയാളുടെ ചുണ്ടുകളില്‍ എത്തിയ അതെ നിമിഷത്തിലാണ് അരസികനായ ചെറുപ്പക്കാരന്‍ വീണ്ടും ശബ്ദിച്ചത്. "എഹാം സേ പൈദല്‍ ജാനാ ഹേ സര്‍.  I can help with the bags'  എന്നുവെച്ചാല്‍ 'താങ്കള്‍ക്ക് വയസായി സര്‍, പെട്ടീം കൊണ്ട് ഒറ്റക്ക് ആ വഴികള്‍ നടന്നുകയറാമെന്നാണ് അവിടേക്ക് നോക്കിനിന്നു വ്യാമോഹിക്കുന്നതെങ്കില്‍ അത് വെറും മോഹം മാത്രമാണെന്ന്' മര്യാദയുടെ ഭാഷയില്‍ ഡ്രൈവര്‍ പറഞ്ഞതാണെന്ന്  അനിരുദ്ധിന് തോന്നി. ആ തോന്നലിനെ 'അല്ലേലും ഈ ചെറുപ്പക്കാര്‍ക്ക് 40-കളൊക്കെ വയസായിത്തോന്നും, അഹങ്കാരമാ' എന്നൊരു തറുതലച്ചിരിയില്‍ ഒതുക്കിക്കൊണ്ട് പെട്ടിയും ബാഗും എടുക്കാന്‍ അനിരുദ്ധ് പിന്നിലേക്ക് നടന്നു.


                 വിചാരിച്ചതുപോലെ എളുപ്പമല്ലാതിരുന്ന ചെറുകയറ്റത്തിനൊടുവില്‍ കറുത്ത കല്ലുകള്‍ പാകിയ നടപ്പാത തെളിഞ്ഞു. ആകെക്കൂടി ഒരു തോള്‍സഞ്ചിയേ അയ്യാളുടെ കയ്യിലുണ്ടായിരുന്നുള്ളൂ എങ്കിലും നടപ്പിന്‍റെ വേഗം കൂട്ടാന്‍ ശ്രമിക്കുംതോറും കിതപ്പും വിയര്‍പ്പും കൂടിയതിനാല്‍ സഹായി എത്തിക്കഴിഞ്ഞതിനു ശേഷമേ റോസാപ്പൂക്കള്‍ നിറഞ്ഞ മുറ്റമുള്ള ആ വീടിനു മുന്നില്‍ അനിരുദ്ധ് എത്തിയുള്ളൂ. കാത്തുനില്‍ക്കുന്ന കണ്മഷിയെഴുതിയ കണ്ണുകളിലെ തിളക്കം തന്നെയാണ് ആദ്യം കണ്ടത്. ഓര്‍മയിലെ മെലിഞ്ഞ രൂപം തടിച്ചിരിക്കുന്നു, പാവാടയുടുത്തു കണ്ടതില്‍ നിന്നും ഇപ്പോഴത്തെ വേഷം വ്യത്യസ്തമായി തോന്നിയത് പല തരത്തിലുള്ള നിറങ്ങള്‍ കൊണ്ടാണ്. പഴയ കുഞ്ഞിയേച്ചി ഒരിക്കലും കൂടെ കൂട്ടില്ലാതിരുന്ന നീലയുടെയും പച്ചയുടെയും പല ഷേഡുകളിലെ ചതുരങ്ങള്‍ കലര്‍ന്ന അയഞ്ഞ പാന്‍റും  മഞ്ഞയോ ഇളംപച്ചയോ എന്ന് തിരിച്ചറിയാനാകാത്ത ഒരു പുതുവര്‍ണത്തിലെ ഉടുപ്പും അതിനു മുകളില്‍ തണുപ്പിനെ ചെറുക്കാന്‍ പുതച്ച ഇളംനീല ഷാളും ഒക്കെ ഉള്ളിലേക്ക് എടുക്കാന്‍ കുറച്ചു സമയമെടുത്തു അനിരുദ്ധിന്.  പക്ഷേ, അതിലൊക്കെ ഉപരിയായി  അയാളെ സന്തോഷിപ്പിച്ചത്  കണ്ട മാത്രയില്‍  വിടര്‍ന്ന ചിരിയോടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു ചേര്‍ത്തു തന്ന ആലിംഗനമാണ്. പഴയ കുഞ്ഞിയേച്ചി അതും ചെയ്യില്ലായിരുന്നു! ആ കെട്ടിപ്പിടിക്കലിന്‍റെ ഊഷ്മളതയില്‍ അനിരുദ്ധ് വീണ്ടും ആ പഴയ പതിനാലുകാരനായി. കുഞ്ഞിയേച്ചിയെ മുറുകെ കെട്ടിപ്പിടിച്ച് കവിളില്‍ മാറിമാറി ഉമ്മ വെച്ച പതിനാലുകാരന്‍!



           "അനീ! നിനക്കൊരു മാറ്റോമില്ലല്ലോ ചെക്കാ.. ഇച്ചിരെ കെളരം വെച്ചതും ഈ കണ്ണാടിയും ഒഴിച്ചാല്‍" നിറഞ്ഞ സന്തോഷത്തില്‍ ലയ വീണ്ടും വീണ്ടും അനിരുദ്ധിന്‍റെ വിരലുകളില്‍ തെരുപ്പിടിച്ചു കണ്ണുകളില്‍ കൌതുകം നിറച്ചു നോക്കി. കണ്ട നിമിഷം മുതല്‍ സോഫയില്‍ കൊണ്ടിരുത്തിയിടം വരെ ആ കൈവിരലുകള്‍ വിട്ടിട്ടില്ല ലയ. എപ്പോഴോ നഷ്ടമായിപ്പോയ മയില്‍പ്പീലികള്‍ തിരികെക്കിട്ടിയ കുട്ടിയെപ്പോലെ സന്തോഷത്തിന്‍റെ ചെറുതല്ലാത്ത തിരകള്‍ അവളിലുണ്ടാകുന്നത്  അനിരുദ്ധിലും കൗതുകമുണ്ടാക്കി. കഷണ്ടിയും  മോശമല്ലാത്ത കുടവയറും ഒന്നും കുഞ്ഞിയേച്ചിയുടെ മുന്നില്‍ തന്നെ  മുതിര്‍ന്നവന്‍ ആക്കുന്നില്ല എന്ന തിരിച്ചറിവ് ഒന്ന് ചൂളിപ്പിക്കുകയും ചെയ്തു.


            "പറ, നിന്‍റെ വിശേഷങ്ങള്‍..എത്ര കൊല്ലമായി നിന്നെക്കണ്ടിട്ടും മിണ്ടീട്ടും. അമേരിക്കയിലാണെന്നും കല്യാണം കഴിഞ്ഞുവെന്നുമൊക്കെ കുറച്ചുനാള്‍ മുന്‍പ് മാമനെ കണ്ടപ്പോള്‍ അറിഞ്ഞിരുന്നു. എന്നിട്ടും നിന്നെ ഇവിടെ കാണാന്‍ കഴിയുമെന്നു വിചാരിച്ചില്ല. ഒന്ന് കാണണമെന്ന് അറിയിച്ചപ്പോള്‍ നിനക്ക് വരാന്‍ തോന്നിയല്ലോ, എന്നാലും വന്നപ്പോ കുടുംബത്തെക്കൂടിക്കൊണ്ടുവരാരുന്നു അനീ. അവര്‍ക്കൊക്കെ ഇവിടം ഇഷ്ടമായേനെ. ഇനിയെന്നാ തിരികെപ്പോകേണ്ടത്? " ഒറ്റവരിയില്‍ ഒരുപാട് ചോദ്യങ്ങളും വിശേഷങ്ങളുമൊക്കെ കേട്ടുകൊണ്ട് അനിരുദ്ധ് ഒരു ചെറുചിരിയോടെ  ഇഞ്ചിരുചിക്കുന്ന ചൂടുള്ള ചായ മൊത്തികുടിച്ചു.


         മുഖത്തെ ചിരി മാഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് അത്ര വലുതല്ലാത്ത ഒരു കാര്യം പറയുമ്പോലെ അയാള്‍ പറഞ്ഞു "ഞാനിനി തിരികെപോകുന്നില്ല കുഞ്ഞിയേച്ചീ, മായയും ഞാനും ഇപ്പോള്‍ ഒരുമിച്ചല്ല - നിയമപരമായിത്തന്നെ വേര്‍പിരിഞ്ഞിട്ടു കുറച്ചുനാളായി. നല്ല സുഹൃത്തുക്കളായിട്ടിരിക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. അതൊക്കെപ്പോട്ടെ കുഞ്ഞിയേച്ചി ഇവിടുത്തെ വിശേഷങ്ങള്‍ പറയൂ, എന്തിനാണിവിടെ ഒറ്റക്ക് കഴിയുന്നത്? നാട്ടിലേക്ക് വന്നാല്‍ ആരെങ്കിലുമൊക്കെ ഉണ്ടാകില്ലേ പരിചയമുള്ളവര്‍? മിണ്ടാനും പറയാനുമെങ്കിലും ഒരു കൂട്ടില്ലാതെ എങ്ങനെ കഴിയുന്നു ഇവിടെ!"

ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കയ്യിലേക്ക് തന്നുകൊണ്ടാണ് കുഞ്ഞിയേച്ചി മറുപടി പറഞ്ഞത്  "ഒക്കെപ്പറയാം സമയമുണ്ടല്ലോ, നീയൊന്ന് വിശ്രമിക്ക്. എല്ലാടോം കാട്ടീട്ടെ നിന്നെ വിടുന്നുള്ളൂ, എന്താ പോരേ? അതാ അതാണ്‌ നിന്‍റെ മുറി, ചേര്‍ന്ന് തന്നെ കുളിക്കാനിടം ഉണ്ട്.  ങാ, പിന്നെ ഞാനൊരു ഊഹത്തിനുള്ള അളവിലെടുത്തതാ ഡ്രസ്സ്‌ ഒക്കെ, പാകമല്ലെങ്കില്‍ നമുക്ക് വൈകിട്ട് ഷോപ്പിങ്ങിനു പോകുമ്പോള്‍ എടുക്കാം കേട്ടോ" 


            തലയാട്ടിച്ചിരിച്ചുകൊണ്ട് നില്‍ക്കേ അനിരുദ്ധിനു വീണ്ടും ആ പതിനാലുവയസുകാരനെ ഓര്‍മ്മ വന്നു, എന്തുകൊണ്ടോ മായയേയും! 
പണ്ടൊരിക്കല്‍ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം എന്നപോലാണ് ഈ വരവ് എന്ന് കുഞ്ഞിയേച്ചിക്ക് അറിയില്ലല്ലോ. കൗമാരക്കാര്‍ക്കിടയിലെ ഹീറോ ആകാനുള്ള ശ്രമമായിരുന്നു കുഞ്ഞിയേച്ചിയെക്കുറിച്ച് കൂട്ടുകാരോട് ഒരല്‍പം കൂട്ടിച്ചേര്‍ത്ത് കഥകള്‍ പറയുമ്പോള്‍. അതെല്ലാം നശിപ്പിച്ചത് ആ എഴുത്താണ് - കരോട്ടത്തെ വീട്ടിലെ വിശാഖ് എന്ന ചെറുപ്പക്കാരന്‍  കുഞ്ഞിയേച്ചിക്ക് എഴുതിയ എഴുത്ത്.  അതവിടെ  എത്തിക്കാന്‍  തന്നെത്തന്നെ ദൂതനാക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുകാരില്‍ നിന്നുണ്ടായ കളിയാക്കലുകള്‍ ... അതിനൊക്കെ മുകളില്‍ കുഞ്ഞിയേച്ചി തന്‍റെ മാത്രമാണെന്നും, ആ അവകാശം എല്ലാ രീതിയിലും ഉള്ളതാണെന്നും ഉള്ളില്‍ ഉറഞ്ഞുപോയ കുട്ടിമനസ്സ്. സിനിമകളിലൊക്കെക്കാണുംപോലെ തന്‍റെ മുറപ്പെണ്ണിനെ രക്ഷിച്ചുകൊണ്ടുപോയി സുഖമായി ജീവിക്കുന്ന നായകന്‍റെ മുഖമായിരുന്നു അന്ന് മനസ്സില്‍. കത്ത് കൊടുക്കാനല്ല, അവകാശം സ്ഥാപിക്കുന്നത് അവരെ കാണിച്ചുകൊടുക്കാനാണ് ജോപ്പനെയും, കുഞ്ഞനെയും കൂട്ടി വീട്ടില്‍ എത്തിയത്, അവര്‍ക്ക് കാണുന്ന വിധത്തില്‍ കുഞ്ഞിയേച്ചിയെ ബലമായി കെട്ടിപ്പിടിച്ച് ഇരുകവിളിലും മാറിമാറി ഉമ്മ വെച്ചത്. പക്ഷേ, അതൊരു ബന്ധത്തിന്‍റെ അവസാനമാകുമെന്ന് അറിഞ്ഞിരുന്നില്ല. തള്ളിമാറ്റാനുള്ള ശ്രമത്തില്‍ ഞെട്ടലില്‍ നിന്ന് പൊട്ടിക്കരച്ചിലിലേക്ക് വീണിരുന്നു കുഞ്ഞിയേച്ചി. പക്ഷേ, അടര്‍ന്നു മാറും മുന്‍പ് തന്നെ അച്ഛനും ജോസച്ചനും കടന്നുവന്നു. അലര്‍ച്ചകള്‍ മാത്രം മുഴങ്ങിയ ഇടത്ത് നിന്ന് ഓടിപ്പോകുമ്പോള്‍പ്പോലും അറിഞ്ഞിരുന്നില്ല ചെയ്തതിന്‍റെ ആഴം. തിരിച്ചറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു!  അറുത്തുമുറിച്ചുകൂടിച്ചേരാന്‍ തുടങ്ങിയവയൊക്കെ വീണ്ടുമൊരിക്കല്‍ കൂടി വെട്ടേറ്റു മുറിഞ്ഞത് ആര്‍ക്കും സഹിക്കാനായില്ല.  കുഞ്ഞിയേച്ചിയും ജോസച്ചനും അപ്പച്ചിയുമൊക്കെ എവിടേക്കെന്നു പറയാതെ നാടുതന്നെ വിട്ടുപോയിരുന്നു.  ഇനിയെങ്കിലും ആ ഭാരം മനസ്സില്‍ നിന്ന് കളയണമെന്നും കുഞ്ഞിയേച്ചിയെ കണ്ടെത്താന്‍ ശ്രമിക്കണം എന്നും മായയാണ്‌ പറഞ്ഞത്, പിരിയും മുന്‍പ്. 


                              കുളി കഴിഞ്ഞു തല തുവര്‍ത്തിക്കൊണ്ട് പുറത്തെ ഹാളിലേക്ക് എത്തിയപ്പോള്‍ ആരെയും കാണാനില്ല. വീടിന്‍റെ ഓരോ ഭാഗവും ഒരു ഇന്റീരിയര്‍ ഷോപ്പിന്‍റെ ഉള്‍വശം പോലെ തോന്നിപ്പിച്ചു. അസ്തമയ സൂര്യന്‍റെ വെളിച്ചവും ചെടികളുടെ പച്ചപ്പും ഭിത്തിയിലെ ഇളംതവിട്ടു നിറവും ചേര്‍ന്നൊരു രംഗോലി സൃഷ്ടിച്ചത് പോലെ. മനോഹരമായി വരച്ച ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച സ്വീകരണമുറിയിലെ ഒരു ഭിത്തി നിറയെ ഫോട്ടോകള്‍ ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു. കുഞ്ഞിയേച്ചിക്കൊപ്പം എല്ലാ ഫോട്ടോയിലും ചിരിച്ചുനില്‍ക്കുന്ന ആളുടെ ഒറ്റക്കുള്ള ഒരു ച്ഛായാചിത്രത്തിനു മുന്നില്‍ മാത്രം വാടാത്ത ചുവന്ന പനിനീര്‍പ്പൂക്കള്‍. അതിലേക്ക് തന്നെ നോക്കിനില്‍ക്കുന്ന അനിരുദ്ധിനെയാണ് പുറത്തു നിന്ന് വന്ന ലയ കണ്ടത്. 

അനിരുദ്ധിന്  അടുത്തേക്ക് നടന്നുകൊണ്ട് സങ്കടത്തിന്‍റെയും സ്നേഹത്തിന്‍റെയും ഇടകലര്‍ന്ന നിറമുള്ള ശബ്ദത്തില്‍ അവള്‍ പറഞ്ഞു. 


"ആ കാണുന്ന ചിത്രങ്ങള്‍ ഒക്കെയും സലീമ വരച്ചതാണ് അനീ. സ്വന്തം ചിത്രം വരയ്ക്കാന്‍ മാത്രം കക്ഷിക്ക് സമയം കിട്ടിയില്ല. ആള് എന്നെവിട്ടുപോയതിനു ശേഷം മറ്റൊരാളെക്കൊണ്ട് വരപ്പിച്ചതാ അത്.  നീഎന്നോട് ചോദിച്ചില്ലേ എന്തിനാ ഇവിടിങ്ങനെ ഒറ്റക്ക് കഴിയുന്നത് എന്ന്? ഇവിടെ മാത്രമാണ് എനിക്ക് ഞാനാകാന്‍ കഴിയുന്നത് അനീ, നിനക്കറിയുന്ന കുഞ്ഞിയേച്ചിക്ക് ഈ നിറങ്ങള്‍ തന്നത് ഇന്നത്തെ ലയ ആക്കിയത് ഈ വീടാണ്, സലീമയാണ്. എനിക്കുപോലും അറിയില്ലായിരുന്ന എന്നെ എനിക്ക് കാണിച്ചുതന്നതും ജീവിതത്തിനെ ആസ്വദിക്കാന്‍ പഠിപ്പിച്ചതും എല്ലാം... ഇപ്പോള്‍ എന്‍റെ കൂടെയില്ലെങ്കിലും ഞങ്ങള്‍ രണ്ടാളും നട്ടുനനച്ച മരങ്ങളും ചെടികളും ഇവിടെത്തന്നെയുണ്ട്. ഈ ഓരോ ചിത്രത്തിനും പറയാനൊരു കഥയുമുണ്ട്. സലീമയെയും എന്നെയും പോലെ മഴവില്ലിന്‍റെ നിറത്തില്‍ സ്വപ്നം കാണുന്ന ഒരുകൂട്ടം കുട്ടികളും ആളുകളുമുണ്ട് അനീ ഇവിടെ. മലയാളം സംസാരിക്കുന്നില്ല എന്നേയുള്ളൂ - എന്‍റെ ഭാഷ അവര്‍ക്ക് നന്നായി മനസിലാകും. അവരെയൊക്കെ വിട്ടിട്ട് അവിടെ വന്നു നിന്നാലാണ്‌ എനിക്ക് ശ്വാസം മുട്ടുക. എനിക്കീ ലയയെ ആണ് ഇഷ്ടം മോനേ.. "


       ആദ്യമായി കാണുന്നതുപോലെ അവളെ നോക്കിനിന്നു അനിരുദ്ധ്. കയ്യില്‍ അണിയേണ്ട വളകളുടെ നിറം പോലും ഏതാണിഷ്ടമെന്നു ഉറക്കെപ്പറയാന്‍ മടിച്ചിരുന്ന കുഞ്ഞിയേച്ചിയില്‍ നിന്നും ഇന്ന് കാണുന്ന വ്യക്തതയുടെ സ്വരമുള്ള ലയയിലേക്ക് എത്ര മാറ്റം!  കണ്ണിനു മുന്നില്‍ ഉണ്ടായിട്ടും കാണാതെപോയ നിറങ്ങളെ തിരികെപ്പിടിച്ചു ജീവിക്കുന്ന കുഞ്ഞിയേച്ചിയാണ് മഴവില്ലെന്ന് പറയുമ്പോലെ അനിരുദ്ധ് അവളോട്‌ ഒന്നുകൂടി  ചേര്‍ന്നുനിന്നു  - ആ പതിനാലുവയസുകാരനെപ്പോലെ!  


"Kabhi Phool Denaa Manaane Ke Liye..... Kabhi Door Rahanaa Sataane Ke Liye"

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 

വർഷം 2002-2004 ഇതിനിടയിലുള്ള ഏതോ ഒരു സമയം - കുറെയേറെ കൂടിക്കുഴഞ്ഞ ഓർമ്മകളുടെ മണമുള്ള വർഷങ്ങൾ.

ഞാനിനി പറയാൻ പോകുന്ന ചിത്രം എത്ര പേർ കണ്ടിട്ടുണ്ടെന്ന് അറിയില്ല... എത്രപേർ  ഈ പാട്ട് കേട്ടിട്ടുണ്ടെന്നും അറിയില്ല - പക്ഷേ LBS എഞ്ചിനീയറിംഗ് കോളേജിലെ ലേഡീസ് ഹോസ്റ്റലിൽ F7,F9,F10 റൂമുകളിലായി പരന്നു കിടന്ന 12 പേരുടെ ഓർമയിൽ ആവർത്തിച്ചു കണ്ട ചിത്രമായി ഇതുണ്ടാകും - ആദ്യ രണ്ടു വർഷവും ഒരുമിച്ച് താമസിച്ച 11 പേരും സന്ധ്യ എന്ന പന്ത്രണ്ടാമളും - മേട്രന് പോലും അറിയില്ലാരുന്നു ഞങ്ങൾ പന്ത്രണ്ടുപേരും ഏതേത് റൂമിലാണെന്ന്. അവസാന മാസങ്ങളിൽ എല്ലാവരും കൂടി മത്തിയടുക്കിയത് പോലെ കട്ടിലൊക്കെ ഒരു റൂമിൽ പിടിച്ചിട്ട് ഉറങ്ങിയതും പോരാൻ നേരം മേട്രന്റെ വായിൽ നിന്നും നല്ല കാസറോടൻ ചീത്ത കേട്ടതും.... ശോ എന്ത് നല്ല ഓർമ്മകൾ!

മൂന്നാം വർഷം അവസാനം എപ്പോഴോ ആണെന്ന് തോന്നുന്നു റൂമിൽ ഷെയറിട്ടൊരു കമ്പ്യൂട്ടർ വാങ്ങിയത്. അതുകൊണ്ട് ഉദ്ദേശിച്ചത് പ്രോഗ്രാമിങ് പഠിക്കുക എന്നതാണെങ്കിലും വട്ടം കൂടിയിരുന്നു സിനിമ കാണലാണ് ഏറ്റോം കൂടുതൽ നടന്നത് - പിന്നെ  കളിയും - മാരിയോയേ  മാരിയോ!

അങ്ങനെ ആവർത്തിച്ച് കണ്ട ഈ ചിത്രം കോളേജ് കാലത്തെ ' go for it ' സ്പിരിറ്റിന് പറ്റിയൊരെണ്ണം ആയിരുന്നു... മിലിന്ദ് സോമനും പുതിയൊരു പെങ്കൊച്ചും ആടിപ്പാടിയ എല്ലാ പാട്ടും കാണാപ്പാഠമായി.. അമ്മൂമ്മയായി വന്ന തനൂജ മുഖർജി, നമ്മടെ സ്വന്തം കാജോളിന്റെ അമ്മ - തകർത്ത ചിത്രം. വലിയ സംഭവം ഒന്നുമല്ലാത്ത ഒരു ഫീൽ ഗുഡ് സിനിമ.  Rules - Pyar ka superhit formula ഇതായിരുന്നു പേര്.

"Kabhi Phool Denaa Manaane Ke Liye

Kabhi Door Rahanaa Sataane Ke Liye"
എങ്ങനെ ആ സിനിമ സിത്താര എന്ന സിത്തൂനും എനിക്കും ഇത്രോമിഷ്ടമായി എന്നറിയില്ല. പക്ഷേ ഞങ്ങൾ അത് പലയാവർത്തി കണ്ടു , ചിരിച്ചു , കൂടെപ്പാടി .അവൾക്കൊപ്പം സങ്കടപ്പെട്ടു! ആ പെൺകുട്ടിയുടെ ചിരി നല്ല രസാണ്ന്ന് പറഞ്ഞ് ആളെക്കുറേ തപ്പി, പക്ഷേ വേറെ ചിത്രങ്ങളിലൊന്നും അന്ന് അത് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് ശേഷം ഒരു മലയാളം ചിത്രത്തിൽ അതേ ചിരിയുമായി ആളെക്കണ്ടപ്പോൾഇത് നമ്മടെ പഴേ മീരയല്ലേന്നാണ്‌ തോന്നിയത്. അതേതാണ് ആ സൂപ്പർ ഹിറ്റ് മലയാളം സിനിമാന്ന് നിങ്ങള് ഈ പാട്ട് കണ്ടിട്ട് പറയൂട്ടാ 



https://www.youtube.com/watch?v=t4_SIjvMWCs
---------------------==----------------===---------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Saturday, January 25, 2020

"ഉണ്ണീ വാവാവോ ... പൊന്നുണ്ണീ വാവാവോ..."


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 

വർഷം 1991 അല്ലെങ്കിൽ 1990 എപ്പോഴാണോ ഈ സിനിമയുടെ ഓഡിയോ കാസറ്റ് ഇറങ്ങിയത് എന്നതിനെ ആശ്രയിച്ചിരിക്കും!

ഏറ്റവും ഇഷ്ടമുള്ള വാടകവീട് ഇന്നും നാവായിക്കുളത്ത് അമ്മൻകോവിലിനു അടുത്തുണ്ടായിരുന്ന കുഞ്ഞുവീടാണ്. ഒരു വലിയ മുറിയിൽ എല്ലാവരും കൂടിയുറങ്ങിയിരുന്ന, അടുക്കളയ്ക്കും ഹാളിനും ഇടയിലെ സ്ഥിരമായി ഇരുണ്ടുകിടന്ന ഇടമുറിയുള്ള, പിൻഭാഗത്തെ മുറ്റത്തു നട്ടുനനച്ചു വളർത്തിയ തുടുത്ത ഓറഞ്ചു കനകാംബരവും വയലറ്റ് ചെമ്പരത്തിയും നിത്യകല്യാണിയും ഉണ്ടായിരുന്ന വീട്.

ആ വീടിപ്പോൾ അവിടെയില്ല - പൊളിച്ചുപണിത് അവിടെ ഇപ്പോൾ റേഷൻകട ആയി. പക്ഷേ, ഇപ്പോഴും വെക്കേഷനു പോകുമ്പോൾ അതുവഴി നടന്നുപോകും - ചുറ്റിനുമുള്ള എല്ലാവരോടും മിണ്ടും, അവിടെയുള്ള രണ്ടു വീടുകളിൽ ഉറപ്പായും കയറും, അവരെ കാണും. ആ വീടിനു ചുറ്റുമുണ്ടായിരുന്ന എല്ലാ വീടുകളിലും മഞ്ഞഫ്രോക്കിട്ടൊരു കുട്ടി ഓടിയോടി നടന്നിരുന്നു. അമ്മയും അച്ഛനും ജോലിക്കും ചേട്ടന്മാർ സ്‌കൂളിലും പോയിത്തുടങ്ങിയപ്പോൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കാതിരിക്കാൻ കണ്ടുപിടിച്ച വേലയായിരുന്നു അത് - 4 വയസു മുതൽ ഏതാണ്ട് ആറാം ക്ലാസ് ആകും വരെ എല്ലാ ദിവസവും ഈ രണ്ടു വീടുകളിൽ എൻ്റെ ഒപ്പ് വച്ചില്ലെങ്കിൽ എനിക്കും അവർക്കും ഒരു എന്തരാലിറ്റി ഉണ്ടായിരുന്നു (ഇനിയിപ്പോ അവർക്ക് ഞാനൊരു ശല്യമായിരുന്നു എന്നവർ പറഞ്ഞാലും ഞാൻ വിശ്വസിക്കൂല  )

ഗീതച്ചേച്ചിയുടെ വീട്ടിൽ പോകാനുള്ള ഇഷ്ടത്തിനു പിന്നിൽ പാട്ടുകേൾക്കാം എന്നൊരു ഗൂഢോദ്ദേശ്യവും ഉണ്ടായിരുന്നു. വീട്ടിലുള്ള ടേപ്പ്റിക്കോർഡറിൽ കേൾക്കാനുള്ള പാട്ടുകൾ ഓരോ സിനിമയുടെ കാസറ്റായിട്ടൊന്നും അമ്മ വാങ്ങിത്തരില്ല - കാസറ്റുകടയിൽ നിന്ന് ഇഷ്ടമുള്ള പാട്ടുകൾ മാത്രം റെക്കോർഡ് ചെയ്യിച്ചെടുക്കൽ ചേട്ടന്മാരുടെ ഡ്യൂട്ടിയാണ്. ഒരു കാസറ്റിൽ ഒക്കുന്നത്രയും പാട്ടുകൾ കുത്തിത്തിരുകും! അതിനുള്ള കുഞ്ഞി ബജറ്റ് ഒക്കെ ഒപ്പിച്ചെടുക്കും വരെ ഉത്സവങ്ങളും സമ്മേളനങ്ങളും ഗീതച്ചേച്ചിയുടെ വീടും ഒക്കെത്തന്നെ രക്ഷ. അങ്ങനെ ഗീതച്ചേച്ചിയുടെ പുതുപുത്തൻ പാട്ടു കളക്ഷനിൽ നിന്ന് ഞാൻ കേട്ട പാട്ടാണ് "ഉണ്ണീ വാവാവോ ... പൊന്നുണ്ണീ വാവാവോ...". വീണ്ടും വീണ്ടും "ആ പാട്ടു കേൾപ്പിക്കാമോ ചേച്ചീ, ഉണ്ണീടെ പാട്ട് " എന്ന ആവശ്യവുമായി ഞാനും കൂട്ടുകാരി സെൽവിയും പ്രത്യക്ഷപ്പെടുമ്പോൾ ചേച്ചി പറയും "നീയാ പാട്ട് പഠിച്ചു പാടി കേൾപ്പിക്കാമോ എന്നാൽ ഇട്ടുതരാം" പാട്ടുകേൾക്കാൻ എന്ത് സാഹസത്തിനു തയാറുള്ള ഞാൻ നൂറുവട്ടം റെഡി !


പിന്നീട് പലപ്രാവശ്യം ഈ പാട്ട് താച്ചുനെ ഉറക്കാൻ ഞാൻ പാടിയിട്ടുണ്ട്... ദിച്ചുനെ വളരെക്കുറച്ചേ പാടി ഉറക്കേണ്ടി വന്നിട്ടുള്ളൂ (അല്ലെങ്കിൽ ആ അക്രമം അവനോട് വളരെ കുറവാണു ഞാൻ ചെയ്തത്!) ഓരോ തവണ ഉണ്ണീ വാവാവോ മൂളുമ്പോളും ഞാനോർക്കും ആ ഒരുനില വീട്, അവിടെ സിറ്റൗട്ടിലെ തണുപ്പുള്ള മിനുങ്ങുന്ന തറയിൽ തല കുനിച്ചിരിക്കുന്ന ഗീതച്ചേച്ചിയുടെ തലയിൽ മസ്സാജിങ് എന്ന ഫാഷൻ കലാരൂപമോ പേൻ നോക്കൽ എന്ന പ്രാചീന കലാരൂപമോ ചെയ്യുന്ന ഞാനും സെൽവിയും - പെട്ടെന്ന് ഞാനാ പഴയ പാവാടക്കാരിയാകും.. പിന്നെ കയ്യിലുറങ്ങാൻ ശ്രമിക്കുന്ന താച്ചുവിനെ അമർത്തി ഉമ്മവെച്ചുകൊണ്ട് വീണ്ടും അമ്മയാകും "എന്നുണ്ണിക്കണ്ണനുറങ്ങാൻ ഭൂലോകം മുഴുവൻ ഉറങ്ങെ"ന്ന് ഒരു മടിയുമില്ലാതെ ആജ്ഞാപിക്കും. പാട്ടിലൂടെ ഞാൻ എൻ്റെ യാത്ര കാണും .... എൻ്റെ ഉണ്ണിക്കണ്ണൻ തിരുമധുരം കനവിലാക്കി ചിരി തൂകി ഉറങ്ങും!
---------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Friday, January 24, 2020

അമരക്കുന്നിലെ ആദ്യത്തെ പാട്ട്


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 



വര്ഷം 1990 ആണെന്നാണ് ഓർമ!
തീയതി എന്തായാലും ഏപ്രിൽ 14 വൈകുന്നേരം തന്നെയാകണം -മാറ്റമുണ്ടാകാൻ വഴിയില്ല, അന്നായിരുന്നു നൂറാം അംബേദ്‌കർ ജയന്തി ആഘോഷം. വേനലവധിക്കാലം ഒരു മാസം അച്ഛന്റെ നാട്ടിലാണ് ഞാനും ചേട്ടന്മാരും. രണ്ടുമാസം നീണ്ടുനിൽക്കുന്ന ഞങ്ങളുടെ ശല്യം ഒഴിവാക്കാൻ അച്ഛനുമമ്മയും കണ്ടുപിടിച്ച സൂത്രമാകണം. ഞങ്ങളെ കൊണ്ടാക്കിയിട്ട് വിഷു കഴിഞ്ഞു തിരിച്ചുപോയാൽ പിന്നെ നാട്ടിലെ, നാവായിക്കുളം അമ്പലത്തിലെ ഉത്സവം തുടങ്ങുമ്പോഴേ മിക്കപ്പോഴുംഅവർ ഞങ്ങളെ കൊണ്ടുപോകാൻ വരുള്ളൂ. ആ ഒരുമാസം നല്ല ജഗപൊഗ മാസമാണ്. എല്ലാ മരത്തിലും കയറി, എല്ലാ പറമ്പിലും ഓടി, എല്ലാ തല്ലുകൊള്ളിത്തരോം കാണിച്ച് അമ്മൂമ്മയുടേയും അപ്പച്ചിമാരുടേയും ഇളയച്ഛന്മാരുടേയും ക്ഷമ പരീക്ഷിക്കുന്ന കാലം.

അങ്ങനെയൊരു അവധിക്കാലത്താണ് വീട്ടിൽ നിന്നും ഓടിക്കയറിയാൽ എത്തുന്ന അമരക്കുന്നിൽ തകൃതിയായി സ്റ്റേജ് പണി തുടങ്ങിയത്, വിഷുവിനു രണ്ടൂസം മുന്നേ മുതൽ പാട്ടുകൾ ഉച്ചത്തിൽ കേൾക്കാൻ തുടങ്ങിയത്, അച്ഛൻവീട്ടിൽ വിരുന്നുകാർ കേറിയിറങ്ങി ബഹളം തുടങ്ങിയത്. എന്താണ് കഥ എന്നന്വേഷിച്ചപ്പോഴല്ലേ മേളം മനസിലായത് - അമരക്കുന്നിൽ വെച്ച് ബാബാ സാഹബ് അംബേദ്‌കറിന്റെ ജന്മദിനം ആഘോഷിക്കാൻ പോണൂ. അന്നവിടെ പാട്ടുണ്ട്, മിമിക്രിയുണ്ട്, പ്രസംഗമുണ്ട് (നാടകവും ഉണ്ടായിരുന്നോ എന്ന് സംശയമുണ്ടേ). ശ്യോ - വെക്കേഷന് വന്ന ഞങ്ങൾക്ക് ഡബിൾ ബമ്പർ അടിച്ച സന്തോഷം! മിമിക്രി അവതരിപ്പിക്കാൻ വന്ന ചുറ്റുവട്ടത്തെ ചേട്ടന്മാരിൽ ഒരാൾക്ക് വെള്ള ജൂബ ഇല്ല -അന്നത്തെ ഒരു രീതി അതാണല്ലോ വെള്ള/ തവിട്ട് ജൂബയും കറുത്ത പാന്റും ഇട്ടാലേ മിമിക്സ് പരേഡ് ആകൂ - കലാഭവൻ്റെ ടീം പ്രശസ്തമാക്കിയ ഡ്രെസ് കോഡ്.

മാഷായിരുന്ന അപ്പൂപ്പൻ്റെ ഡ്രസ് കോഡും ഏതാണ്ട് അതാണ് ..വെള്ള അല്ലെങ്കിൽ ഖാദി ജൂബയും മുണ്ടും - എന്റെ ഓർമയിൽ അപ്പൂപ്പൻ എപ്പോഴും ആ വേഷത്തിലായിരുന്നു - ഉമ്മറത്തെ കസേരയിലിരുന്ന് സ്നേഹത്തിന്റെ മുഴക്കമുള്ള ശബ്ദത്തിൽ 'ആർഷനേ' എന്ന് വിളിക്കുന്ന അപ്പൂപ്പൻ. അമ്മയുടെ മാതാപിതാക്കൾ അമ്മയുടെ കുഞ്ഞിലേ മരിച്ചുപോയതുകൊണ്ട് ഞങ്ങൾ തമാശയായി പറയുമായിരുന്നു 'ആകെ ഒരു മൂട് അപ്പൂപ്പനമ്മൂമ്മയേ ഞങ്ങൾക്കുള്ളൂ' എന്ന്. അപ്പൂപ്പൻ നീണ്ടു മെലിഞ്ഞിട്ട് - അമ്മൂമ്മ കുറുകി കുഞ്ഞിയായിട്ട് - അപ്പൂപ്പൻ ശാന്തസ്വഭാവി, അമ്മൂമ്മ നല്ലസൽ ദേഷ്യക്കാരി. അങ്ങനെയങ്ങനെ വിരുദ്ധധ്രുവങ്ങളിൽ നിന്ന അവരുടെ സ്നേഹം കാണാനും നല്ല രസമായിരുന്നു. പറഞ്ഞുവന്ന കാര്യം - ആ മിമിക്രിക്കാരിൽ ഒരാൾ അപ്പൂപ്പന്റെ ജൂബ വാങ്ങാൻ വന്നതാണേ! ഇതാണീ ഓർമയുടെ കുഴപ്പം - ചക്കാലോചിച്ചാൽ അവിടെ നിന്ന് ചക്കയും പ്ലാവും പ്ലാവിൽ കെട്ടിയിരുന്ന ആടും ആടിന്റെ കഴുത്തിലെ മണിയും മാണി വാങ്ങിയ കടയും ...അങ്ങനങ്ങനെ ഒരു നൂലുപിടിച്ചതുപോലെ അവനങ്ങു പൊയ്ക്കളയും!

എന്തായാലും അമരക്കുന്ന് നിറഞ്ഞുകവിഞ്ഞു ആളോളെക്കൊണ്ട്. സമ്മേളനം തുടങ്ങാൻ പ്രാർത്ഥന വേണംലോ. സ്വാഭാവികമായും നേരം വെളുത്തപ്പോൾ മുതൽ ആ സ്റ്റേജിനു വട്ടം വെച്ച് നടന്നിരുന്ന, കൊച്ചുകുഞ്ഞുസാറിൻ്റെ പേരക്കുട്ടിക്ക് പ്രാർത്ഥന ചൊല്ലാൻ നറുക്കു വീണു. സ്‌കൂളിൽ അസംബ്ലിയിൽ പാടുന്ന എല്ലാ പാട്ടും വീട്ടുകാരുടെ മുന്നിൽ പാടികേൾപ്പിച്ചപ്പോൾ കുഞ്ഞപ്പയാണ് പറഞ്ഞത് ആ പുസ്തകത്തിൻ്റെ പാട്ട് പാടിയാൽ മതിയെന്ന്. കൂട്ടത്തിൽ അപ്പ ഒന്നുകൂടി പറഞ്ഞു - പഠിക്കാൻ/ വായിക്കാൻ പറയുന്ന പാട്ടുതന്നെയാണ് അവിടെ കൂടിയിരിക്കുന്നവർക്ക് ആവശ്യവും അംബേദ്കർക്ക് ചേരുന്നതും! ഒരു വരിപോലും ഇപ്പോൾ ഓർമയില്ലാത്ത ആ പാട്ട് അധികം വിറയ്ക്കാതെ അടച്ചിട്ട കര്ട്ടന് പുറകിൽ നിന്ന് പാടിത്തീർത്തപ്പോൾ ഈ പ്രാർത്ഥന അല്ലാതെ ഒരു പാട്ട് പാടണമെന്ന് കുട്ടിക്ക് ഒരത്യാഗ്രഹം 
അങ്ങനെ പരിപാടിയൊക്കെ തുടങ്ങി ഇടയ്ക്കുള്ള ബ്രേക്കിൽ കുമാരി ആർഷ വീണ്ടും പാടാൻ കയറി - ഇത്തവണ കർട്ടൻ തുറന്നിട്ടുണ്ടേ, നേരത്തെപറഞ്ഞ നിറഞ്ഞുകവിഞ്ഞ ആളോളെയൊക്കെ എനിക്ക് കാണാം. ചെറുതായി മുട്ട് വിറക്കുന്നുണ്ടോന്ന് സംശയിച്ചു സംശയിച്ചു ഞാൻ എന്നെ മാമൻ പഠിപ്പിച്ച പാട്ട് "കദളിവാഴക്കയിലിരുന്ന് ...." പാടാൻ തുടങ്ങി. നല്ലസ്സലായിട്ട് വെള്ളിയുടെ സഹായത്തോടെ അവസാനിപ്പിച്ച് ഇറങ്ങിയപ്പോൾ അച്ഛന്റെ അനിയൻ പറഞ്ഞുകേട്ട പുതിയ വാക്കാണ് 'സഭാകമ്പം'. കുറെയേറെ നാൾ ഞാൻ കരുതി അതെന്തോ വിശിഷ്ട സാധനമാണെന്ന് - പിന്നല്ലേ മനസിലായേ ഞാൻ വിറച്ചുവിയർത്തു പാടിയതിനെ പറഞ്ഞതാണെന്ന്!

എന്തായാലും ആ പാട്ടല്ല ഓർമയിലെ പാട്ട് - ഇതൊക്കെ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ അപ്പുറത്തെ വീട്ടിലെ മിനിച്ചേച്ചി പറഞ്ഞു "കൊച്ചെന്തിനാ ആ പഴയ പാട്ട് പാടിയേ, കൊച്ചിനാ പുത്തൻപുതിയ പാട്ടറിയാർന്നല്ലോ. ഇന്നാളിൽ എന്നെപ്പാടി കേൾപ്പിച്ചില്ലേ , അത് പാടിയേ ചെത്തായിരുന്നേനെ"
കണ്ണും മിഴിച്ചു ഞാൻ ചോദിച്ചു "അതേത് പാട്ട് ?"
ങാ - അതേത് പാട്ടാന്നല്ലേ? കേട്ടുനോക്ക് ട്ടാ 
--------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Thursday, January 23, 2020

പാലപ്പൂവേ......!

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


വർഷം 1991

മൂന്നിലോ നാലിലോ പഠിക്കുന്നതെന്ന് കൃത്യമായി ഓർമയില്ല. മറ്റൊരു പാട്ടോർമയിൽ പറഞ്ഞതുപോലെ കുടുംബത്തോടെ സിനിമാകാണലിന് ഇറങ്ങിയതാണ് ഞങ്ങൾ. പത്തുമിനിറ്റ് പോലും വേണ്ട അന്ന് ഞങ്ങൾ താമസിക്കുന്നിടത്തുനിന്നു നാവായിക്കുളം PG തിയറ്ററിലേക്ക് നടന്നെത്താൻ. എന്നിട്ടും അന്നത്തെ സിനിമയ്ക്ക് അല്പം വൈകിയാണ് എത്തിയത്. തുടക്കത്തിലെ 'സീറ്റിൽ ചവിട്ടരുത്' മുതൽ അവസാനത്തെ ഫുൾ ക്രെഡിറ്റ്സും എഴുതിക്കാണിക്കും വരെ കണ്ടാലേ സിനിമാകാണലിനു പരിപൂർണ്ണത  വരൂ  എന്ന് വിശ്വസിക്കുന്ന എനിക്ക് ഒരു ചെറിയ ഈർഷ്യ തോന്നാതിരുന്നില്ല. ഇരുട്ടത്ത് സീറ്റ് തപ്പി നടക്കുമ്പോഴും കണ്ണ് സ്‌ക്രീനിലാണേ. ഒരു കടലോരം, ഓടുന്ന പെൺകുട്ടികൾ... തിരയടിച്ചു വന്ന എന്തോ ഒന്ന് കയ്യിലെടുക്കുന്ന സുന്ദരിയായ നായിക. ഇതായിരുന്നു ജീവിതകാലം മുഴുവൻ പ്രണയിച്ച ഒരു സിനിമയുടെ ഞാൻ കണ്ട തുടക്കം - ഞാൻ ഗന്ധർവ്വൻ!

പിന്നെത്രയോ കൗമാര സങ്കൽപ്പരാത്രികളിൽ, മിന്നാമിനുങ്ങുകളെക്കാണുമ്പോൾ, സ്‌കൂളിലേക്ക് പോകുന്ന വഴിയിലെ പാല പൂക്കുമ്പോൾ, കയ്യിൽ മൈലാഞ്ചിച്ചിത്രങ്ങൾ വരയുമ്പോൾ കൂടെയുള്ളൊരു അദൃശ്യഗന്ധർവനോട് സംസാരിച്ചിരുന്നു. ചാനലുകൾ ഒക്കെ ജീവിതത്തിൽ സർവ്വസാധാരണമായപ്പോൾ ഒരുപാടുവട്ടം ഈ ചിത്രം ആവർത്തിച്ചാവർത്തിച്ചു കാണുമ്പോഴും അവസാനമെത്തുമ്പോൾ ഉള്ളൊന്നു വിറയ്ക്കും, ആ പൊള്ളുന്ന ആഭരണത്തിൻ്റെ ചൂടറിയും! എങ്കിലും... എങ്കിലുമാ ഗന്ധർവന് ആഗ്രഹിച്ചതുപോലെ ഈ ഭൂമിയിൽ വെറുമൊരു മനുഷ്യനായി ജീവിക്കാൻ കഴിഞ്ഞില്ലല്ലോന്ന് സങ്കടപ്പെടും....

പദ്മരാജൻ എന്ന ആ താടിക്കാരനെ ആരാധിക്കാൻ തുടങ്ങിയതും അപ്പോഴാണ്. 'ഇന്നലെ' കണ്ടിരുന്നെങ്കിലും ഇത്രമേൽ ഇഷ്ടം തോന്നിയിരുന്നില്ല. വായനയുടെ പലയിടങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ കാലത്ത് ഏറ്റവും പ്രിയപ്പെട്ടവളായി 'ലോല' മാറിയതും പിന്നീട് പിന്നീട് തൂവാനത്തുമ്പികളും, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകളും ടെലിവിഷനിലൂടെ പലയാവർത്തി കണ്ടതും ഈ ഗന്ധർവനെ ഓർത്തു മാത്രമാണ്. 

കാലമോടിയോടിപ്പോയപ്പോഴും ആ വട്ട് കൂടെത്തന്നെയുണ്ടായിരുന്നു. തേടിപ്പിടിച്ചു വായിച്ച ആളുടെ ഭാര്യയേയും മകനേയും ഒരു ചടങ്ങിൽ വെച്ച് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ ഇടിച്ചുകയറി മിണ്ടാൻ ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ - എൻ്റെ ഓർമയിലെ ഗന്ധർവ്വൻ!

ഇതിലെ എല്ലാപാട്ടുകളും ഇഷ്ടമാണ്... പക്ഷേ, ഈ പാട്ട് ഒരു പെൺപാട്ടാണ്‌... 
കൃത്യമായി വരച്ചിട്ടിരിക്കുന്ന, ഗന്ധർവസാമീപ്യം കൊതിക്കുന്ന ചഞ്ചലമായ മനസുള്ള കൗമാര-യൗവന പെൺമനസുകൾ!

"പദമണിയുമ്പോള്‍ കാവുണരുമ്പോള്‍
മുത്തിളകുന്ന മനോലതയില്‍ 
ഗന്ധര്‍വരാഗമായ്‌ .... പാലപ്പൂവേ! "

-----------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Wednesday, January 22, 2020

തേരെ ബിനാ സിന്ദഗി സേ കോയീ ഷിക്-വാ തോ നഹി

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


ഇന്ന് നല്ല പാതിയുടെ ജന്മദിനം ആണേ ..അതുകൊണ്ട് ഇന്നത്തെ പാട്ട് അങ്ങോർക്ക് ഡെഡിക്കേറ് ചെയ്യുന്നു. പാട്ടിനുപിന്നിലൊരു കഥയുമുണ്ട് - ഇത് ഞങ്ങളുടെ പാട്ടാണ് - Our Song! കല്യാണത്തിന് മുൻപുള്ള സംസാരത്തിൽ ഏറ്റവുമിഷ്ടമുള്ള പാട്ടെന്ന് ഞാനും പുള്ളിയും ഒരുമിച്ച് പറഞ്ഞപാട്ടാണിത്. അതുകൊണ്ടുതന്നെ ഈ പാട്ട് ഓർമിപ്പിക്കുന്നത് ഒരാളെ മാത്രമായിപ്പോകുന്നു 
അതിലേറ്റവും ഇഷ്ടമുള്ള വരികൾ,
"തും ജോ കെഹ്ദേ തോ ആജ് കീ രാത്
ചാന്ദ് ദൂബെഗാ നഹി, രാത് കോ രോക് ലോ..
രാത് കി ബാത് ഹെ, ആർ സിന്ദഗി ബാകി തോ നഹി! "
Tum jo keh do to aaj ki raat
Chaand doobega nahi, raat ko rok lo
Raat ki baat hai, aur zindagi baaki to nahi
Tere bina zindagi se koi, shikwa, to nahi
Shikwa nahi, shikwa nahi.....

(സ്വതവേ എല്ലാം മറക്കുന്ന കൂട്ടത്തിൽ ഇതും മറന്നുപോയിക്കാണുമെന്നു ഉറപ്പുള്ളതുകൊണ്ട് ഇന്നലെ ചോദിച്ചു - "ഏത് പാട്ടാകും ഞാൻ നിനക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നത് എന്നറിയോ?" ന്ന്  ഈ പാട്ടൊഴികെ ഒരു 10-15 പാട്ട് ഉത്തരം കിട്ടി! സംതൃപ്ത ദാമ്പത്യത്തിന് സമർപ്പയാമി! )
ഇങ്ങനെയൊക്കെത്തന്നെ തട്ടീംമുട്ടീം അങ്ങട് പോട്ടേട്ടാ ... Happy Birthday to the man behind my rhythms!! Day after day, year after year you show me how to evolve yourself - into a better son, better brother, friend, hubby, father and most importantly a better human being...!

അപ്പൊ 
"തേരെ ബിനാ സിന്ദഗി സേ കോയീ ഷിക്-വാ തോ നഹി 
ഷിക്-വാ നഹീ .,..... ഷിക്-വാ നഹീ! "


നോട്ട്: ഈ പാട്ടിൻ്റെ പഴയതും പുതിയതുമായ ഈണങ്ങൾ ഇഷ്ടമാണ്. പുതിയത് https://www.youtube.com/watch?v=biVaDeeMZcY ഇവിടെ കാണാം 



--------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ