Saturday, January 25, 2020

"ഉണ്ണീ വാവാവോ ... പൊന്നുണ്ണീ വാവാവോ..."


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 

വർഷം 1991 അല്ലെങ്കിൽ 1990 എപ്പോഴാണോ ഈ സിനിമയുടെ ഓഡിയോ കാസറ്റ് ഇറങ്ങിയത് എന്നതിനെ ആശ്രയിച്ചിരിക്കും!

ഏറ്റവും ഇഷ്ടമുള്ള വാടകവീട് ഇന്നും നാവായിക്കുളത്ത് അമ്മൻകോവിലിനു അടുത്തുണ്ടായിരുന്ന കുഞ്ഞുവീടാണ്. ഒരു വലിയ മുറിയിൽ എല്ലാവരും കൂടിയുറങ്ങിയിരുന്ന, അടുക്കളയ്ക്കും ഹാളിനും ഇടയിലെ സ്ഥിരമായി ഇരുണ്ടുകിടന്ന ഇടമുറിയുള്ള, പിൻഭാഗത്തെ മുറ്റത്തു നട്ടുനനച്ചു വളർത്തിയ തുടുത്ത ഓറഞ്ചു കനകാംബരവും വയലറ്റ് ചെമ്പരത്തിയും നിത്യകല്യാണിയും ഉണ്ടായിരുന്ന വീട്.

ആ വീടിപ്പോൾ അവിടെയില്ല - പൊളിച്ചുപണിത് അവിടെ ഇപ്പോൾ റേഷൻകട ആയി. പക്ഷേ, ഇപ്പോഴും വെക്കേഷനു പോകുമ്പോൾ അതുവഴി നടന്നുപോകും - ചുറ്റിനുമുള്ള എല്ലാവരോടും മിണ്ടും, അവിടെയുള്ള രണ്ടു വീടുകളിൽ ഉറപ്പായും കയറും, അവരെ കാണും. ആ വീടിനു ചുറ്റുമുണ്ടായിരുന്ന എല്ലാ വീടുകളിലും മഞ്ഞഫ്രോക്കിട്ടൊരു കുട്ടി ഓടിയോടി നടന്നിരുന്നു. അമ്മയും അച്ഛനും ജോലിക്കും ചേട്ടന്മാർ സ്‌കൂളിലും പോയിത്തുടങ്ങിയപ്പോൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കാതിരിക്കാൻ കണ്ടുപിടിച്ച വേലയായിരുന്നു അത് - 4 വയസു മുതൽ ഏതാണ്ട് ആറാം ക്ലാസ് ആകും വരെ എല്ലാ ദിവസവും ഈ രണ്ടു വീടുകളിൽ എൻ്റെ ഒപ്പ് വച്ചില്ലെങ്കിൽ എനിക്കും അവർക്കും ഒരു എന്തരാലിറ്റി ഉണ്ടായിരുന്നു (ഇനിയിപ്പോ അവർക്ക് ഞാനൊരു ശല്യമായിരുന്നു എന്നവർ പറഞ്ഞാലും ഞാൻ വിശ്വസിക്കൂല  )

ഗീതച്ചേച്ചിയുടെ വീട്ടിൽ പോകാനുള്ള ഇഷ്ടത്തിനു പിന്നിൽ പാട്ടുകേൾക്കാം എന്നൊരു ഗൂഢോദ്ദേശ്യവും ഉണ്ടായിരുന്നു. വീട്ടിലുള്ള ടേപ്പ്റിക്കോർഡറിൽ കേൾക്കാനുള്ള പാട്ടുകൾ ഓരോ സിനിമയുടെ കാസറ്റായിട്ടൊന്നും അമ്മ വാങ്ങിത്തരില്ല - കാസറ്റുകടയിൽ നിന്ന് ഇഷ്ടമുള്ള പാട്ടുകൾ മാത്രം റെക്കോർഡ് ചെയ്യിച്ചെടുക്കൽ ചേട്ടന്മാരുടെ ഡ്യൂട്ടിയാണ്. ഒരു കാസറ്റിൽ ഒക്കുന്നത്രയും പാട്ടുകൾ കുത്തിത്തിരുകും! അതിനുള്ള കുഞ്ഞി ബജറ്റ് ഒക്കെ ഒപ്പിച്ചെടുക്കും വരെ ഉത്സവങ്ങളും സമ്മേളനങ്ങളും ഗീതച്ചേച്ചിയുടെ വീടും ഒക്കെത്തന്നെ രക്ഷ. അങ്ങനെ ഗീതച്ചേച്ചിയുടെ പുതുപുത്തൻ പാട്ടു കളക്ഷനിൽ നിന്ന് ഞാൻ കേട്ട പാട്ടാണ് "ഉണ്ണീ വാവാവോ ... പൊന്നുണ്ണീ വാവാവോ...". വീണ്ടും വീണ്ടും "ആ പാട്ടു കേൾപ്പിക്കാമോ ചേച്ചീ, ഉണ്ണീടെ പാട്ട് " എന്ന ആവശ്യവുമായി ഞാനും കൂട്ടുകാരി സെൽവിയും പ്രത്യക്ഷപ്പെടുമ്പോൾ ചേച്ചി പറയും "നീയാ പാട്ട് പഠിച്ചു പാടി കേൾപ്പിക്കാമോ എന്നാൽ ഇട്ടുതരാം" പാട്ടുകേൾക്കാൻ എന്ത് സാഹസത്തിനു തയാറുള്ള ഞാൻ നൂറുവട്ടം റെഡി !


പിന്നീട് പലപ്രാവശ്യം ഈ പാട്ട് താച്ചുനെ ഉറക്കാൻ ഞാൻ പാടിയിട്ടുണ്ട്... ദിച്ചുനെ വളരെക്കുറച്ചേ പാടി ഉറക്കേണ്ടി വന്നിട്ടുള്ളൂ (അല്ലെങ്കിൽ ആ അക്രമം അവനോട് വളരെ കുറവാണു ഞാൻ ചെയ്തത്!) ഓരോ തവണ ഉണ്ണീ വാവാവോ മൂളുമ്പോളും ഞാനോർക്കും ആ ഒരുനില വീട്, അവിടെ സിറ്റൗട്ടിലെ തണുപ്പുള്ള മിനുങ്ങുന്ന തറയിൽ തല കുനിച്ചിരിക്കുന്ന ഗീതച്ചേച്ചിയുടെ തലയിൽ മസ്സാജിങ് എന്ന ഫാഷൻ കലാരൂപമോ പേൻ നോക്കൽ എന്ന പ്രാചീന കലാരൂപമോ ചെയ്യുന്ന ഞാനും സെൽവിയും - പെട്ടെന്ന് ഞാനാ പഴയ പാവാടക്കാരിയാകും.. പിന്നെ കയ്യിലുറങ്ങാൻ ശ്രമിക്കുന്ന താച്ചുവിനെ അമർത്തി ഉമ്മവെച്ചുകൊണ്ട് വീണ്ടും അമ്മയാകും "എന്നുണ്ണിക്കണ്ണനുറങ്ങാൻ ഭൂലോകം മുഴുവൻ ഉറങ്ങെ"ന്ന് ഒരു മടിയുമില്ലാതെ ആജ്ഞാപിക്കും. പാട്ടിലൂടെ ഞാൻ എൻ്റെ യാത്ര കാണും .... എൻ്റെ ഉണ്ണിക്കണ്ണൻ തിരുമധുരം കനവിലാക്കി ചിരി തൂകി ഉറങ്ങും!
---------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്. പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

5 comments:

  1. 8 വയസ്സായ നന്ദനും ഈ പാട്ടു വരാതെ ഉറങ്ങില്ല 😄... എല്ലാ അമ്മമാരിലും എല്ലാ കുഞ്ഞു മനസ്സിലും ഉറങ്ങുന്ന പാട്ട് ❤️

    ReplyDelete
  2. കാലമെത്ര കഴിഞ്ഞാലും ഈ പാട്ടുണ്ടാവും ❤️❤️

    ReplyDelete
  3. അമ്മയുടെ ശബ്ദം സംഗീത സാന്ദ്രമല്ലങ്കിലും ശ്രുതി െതെറ്റിയാലും താളം മുറിഞ്ഞാലും ആ പാട്ട് േകേട്ട് എല്ലാ കുട്ടികളും ഉറങ്ങാറുണ്ട്.
    എന്താല്ലേ....

    ReplyDelete
  4. പഴക്കമേറുന്തോറും മധുരമിരട്ടിക്കുന്ന പഴംപ്പാട്ടുകൾ.💐💥💥🌷😍

    ReplyDelete
  5. പാട്ടിലൂടെ ഞാൻ എൻ്റെ യാത്ര കാണും ....
    എൻ്റെ ഉണ്ണിക്കണ്ണൻ തിരുമധുരം കനവിലാക്കി ചിരി തൂകി ഉറങ്ങും!

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)