Friday, January 31, 2020

"ഉണരുണരൂ ഉണ്ണിപ്പൂവേ .... ആ ആ ആ .."


#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


വർഷം 1995 ലെ ഓണം
ഓര്മ വെച്ച കാലം മുതൽ ഏകദേശം എൻജിനീയറിങ് സമയം വരെ എല്ലാ ഓണം, ക്രിസ്ത്മസ് , വേനലവധികളും അച്ഛൻ്റെ നാട്ടിലാണ്. അച്ഛൻ ജനിച്ചുവളർന്ന വീട് ചങ്ങനാശ്ശേരിയിലെ ഒരു ഗ്രാമത്തിലാണ് - അമരപുരം എന്ന സുന്ദരൻപേരുള്ള ഗ്രാമം. ആശാരിമുക്കും ചാഞ്ഞോടിയും കോട്ടമുറിയും കുന്നന്താനവുമൊക്കെ അടുത്തടുത്തുള്ള സ്ഥലം. എൻ്റെ നൊസ്റ്റാൾജിയയുടെ ഒരു ഭാഗം നാവായിക്കുളം ആണെങ്കിൽ മറ്റൊരു ഭാഗം അമരയാണ്. അത് രണ്ടും ചേർന്നാൽ ഞങ്ങളുടെ കുട്ടിക്കാലമായി.

ഓരോ അവധിക്കാലവും വരാൻ കാത്തുകാത്തിരിക്കും - അച്ഛന്റെ പെങ്ങമ്മാർ വരും, അവരുടെ മക്കൾ വരും , അച്ഛന്റെ അനിയന്മാർ അവിടെ വീട്ടിൽ തന്നെയാണ് -ജ്യേഷ്ഠൻ വളരെയടുത്തുള്ള സ്ഥലത്തും. അങ്ങനെ മിക്കവാറും എല്ലാ കസിൻസിനേം കാണാനുള്ള അവസരമാണ് ഈ അവധിക്കാലങ്ങൾ. വെക്കേഷനുകൾക്ക് മാത്രം എത്തിപ്പെടുമ്പോഴും നമ്മൾ ഉണ്ടാക്കിയെടുക്കുന്ന ഒരു സൗഹൃദക്കൂട്ടമുണ്ടാകും അവിടെ. ഒരേ പ്രായത്തിൽ കളിച്ചുവളർന്നവർ ..ചിലരെയൊക്കെ ഇപ്പോൾ നഷ്ടമായിരിക്കുന്നു ഒരിക്കലും തിരിച്ചുകിട്ടാത്ത രീതിയിൽ!

ഓണത്തിന് എല്ലാവരും കൂടുമ്പോൾ പിള്ളേരെയൊന്നും ആരും മൈൻഡ് ചെയ്യില്ല - കാടുകളിച്ചു നടക്കാം എത്ര വേണേലും. ഉച്ചക്ക് ഏറ്റവും അടുത്ത് ഏത് വീടാണോ അവിടെനിന്നു ഭക്ഷണം. തിരുവോണത്തിന് മാത്രം സ്വന്തം വീട്ടിൽ നിന്ന് - അതും ഉച്ചക്കത്തെ കഴിച്ചിട്ട് ഞങ്ങളോടും, അപ്പറത്തമ്മ എന്ന് വിളിക്കുന്ന അയൽവീട്ടിലെ അമ്മയുടെ അടുത്തേക്ക്. അവിടെ നിന്നും കൂടി സദ്യ ഉണ്ടാലേ എൻ്റെ ഓണം പൂര്ണമാകുമായിരുന്നുള്ളൂ. ഞാൻ ജീവിതത്തിൽ ആകെ കണ്ടിട്ടുള്ള തുമ്പിതുള്ളലുകൾ ആ ജീവിതത്തിലാണ്. എല്ലാവരും കൂടി ഏതേലും വീട്ടിൽ കൂടി ഊഞ്ഞാലാട്ടവും തുമ്പി തുള്ളലും ഒക്കെ നടത്തിയിരുന്നു പണ്ട് . മൂന്നാം ഓണം ഒക്കെയാകുമ്പോൾ എല്ലാവരും ക്ഷീണിക്കുമല്ലോ, അപ്പോൾ ഒരു രാത്രി ചുറ്റുവട്ടത്തുള്ള ഏതേലും വീട്ടിൽ മൈക്ക് സെറ്റൊക്കെ ഏർപ്പാടാക്കിആണും പെണ്ണും കുട്ടികളും വയസായവരും ഒക്കെക്കൂടി പാട്ടൊക്കെപ്പാടി ആഘോഷമങ്ങു കലാശക്കൊട്ട് നടത്തും.

അങ്ങനെ കൂടിയ ഒരു ഒത്തുചേരലിൽ ഉണ്ടായതാണീ ഓർമ്മ , അച്ഛന്റെ ഇളയ ആൾ ഹപ്പാൻ്റെ (ഹരി അപ്പാപ്പൻ/കൊച്ചപ്പൻ ലോപിച്ച് ഹരിപ്പാനും ഹപ്പാനും ആയതാണ്) ഭാര്യ - ഓമനക്കുഞ്ഞ എന്ന് ഞാൻ വിളിക്കുന്ന കുഞ്ഞമ്മയേക്കുറിച്ചുള്ള ഓർമ. എപ്പോഴും ചിരിക്കുന്ന, മൂക്കുത്തിയിട്ട, ചുരുണ്ട തലമുടിയുള്ള, മെലിഞ്ഞ കുറിയ രൂപമായിരുന്നു ഓമനക്കുഞ്ഞ. ജീവിതമൊഴുകിയപ്പോൾ ഇടക്കെവിടെയോ വെച്ച് ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റല്ലാതെ എൻ്റെ ജീവിതത്തിൽ നിന്നും നഷ്ട്മായിപ്പോയ ഒരാൾ! 

ഞങ്ങൾ രണ്ടാളും മാത്രമായി എത്ര സ്നേഹനിമിഷങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്നോ, ഒരു സ്‌കൂൾ വെക്കേഷന് ഞാൻ മാത്രമായിരുന്നു അവിടെ എത്തിയത്, എല്ലാവർക്കും തിരക്കുകൾ കൂടിയ കാലം, അന്ന് ഞാനും കുഞ്ഞയും കൂടിയാണ് മൂന്നു പൂച്ചക്കുഞ്ഞുങ്ങളെ, ഞങ്ങളുടെ ചിന്നമന്താരങ്ങളെ വളർത്തിയത്... കുഞ്ഞയുടെ ചുമലിലൊട്ടിയിരുന്നാണ് പത്തനംതിട്ടയിലെവിടെയോ ഉള്ള ആ ഗ്രാമത്തിൽ ഒരു നീണ്ട ബസ് യാത്ര കഴിഞ്ഞെത്തിയത്, ഒരു വലിയ ചക്ക മുഴുവൻ ചുളയെണ്ണി മുറിച്ചു സ്വർണ നിറത്തിൽ വറുത്തു കോരിയത് - എന്നിട്ടും, എന്നിട്ടും ഞാൻ മറന്നു കുഞ്ഞമ്മയെ!! - ഇല്ല, മറന്നു എന്ന് പറയാനാകില്ല...ഓർത്തിരുന്നു - ഇടയ്ക്കിടെയുള്ള ഇളയ അപ്പച്ചിയുമായുള്ള സംസാരങ്ങളിൽ, ഇടയ്ക്കിടെ "ചിന്നമന്താരം" എന്ന വാക്കോർക്കുമ്പോൾ, ഇടയ്ക്കിടെ ഈ പാട്ടു കേൾക്കുമ്പോൾ... പക്ഷേ,ഇടയ്‌ക്കിടെകളുടെ ദൂരം കൂടിയത് മാത്രം ഞാൻ ശ്രദ്ധിച്ചില്ല - കാരണമാ ദൂരത്തിലെപ്പോഴോ ഞാൻ അച്ഛൻ കൂടെയില്ലാതെ പോയ വർഷങ്ങളെ ജീവിക്കാൻ തുടങ്ങിയിരുന്നു, കോളേജിൽ നിന്നും പഠിച്ചിറങ്ങിയിരുന്നു, ജോലി നേടിയിരുന്നു, കല്യാണം കഴിഞ്ഞിരുന്നു, ഹരിപ്പാൻ ഞങ്ങളെ വിട്ടുപോയിരുന്നു , എൻ്റെ ആദ്യ കുഞ്ഞു ജനിച്ചിരുന്നു ..ഞങ്ങൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് എത്തിയിരുന്നു.. ഇടയ്ക്ക് നാട്ടിൽ അവധിക്കു പോയിരുന്നു, ജീവിതത്തിലേക്ക് ഇളയ കുഞ്ഞനും കടന്നു വന്നിരുന്നു!! അപ്പോൾ ഞാൻ മറന്നെന്നത് എത്ര ശരിയാണ്, ഓർത്തിരുന്നു എന്നതും ...!!

വീണ്ടും ആ പഴയ ഓണക്കാലത്തിലേക്ക് തിരിച്ചുപോകുമ്പോൾ - അന്ന് അവിടെ ഓണക്കൂട്ടത്തിൽ എല്ലാവരും പാട്ടോടു പാട്ടാണ്. കമഴ്ത്തിവെച്ച കലത്തിലും, ഗഞ്ചിറയിലും ആരൊക്കെയോ താളം പിടിക്കുന്നുമുണ്ട്. കിട്ടിയ ചാൻസിൽ ഞാനും പാടുന്നുണ്ട് - പക്ഷേ, ആരൊക്കെയോ ആവശ്യപ്പെടുന്നു.. "ഓമന പാടൂ, പാടൂന്ന്" എപ്പോഴുമുള്ള ചിരിയോടെ, മൂക്കുത്തിത്തിളക്കത്തിൽ കണ്ണുകളടച്ച് ഓമനക്കുഞ്ഞ മധുരമായ ഉറച്ച ശബ്ദത്തിൽ പാടുന്നു

"ഉണരുണരൂ ഉണ്ണിപ്പൂവേ .... ആ ആ ആ ..
കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിൻ
കവിത കേട്ടുറങ്ങുന്ന പൂവേ...
കവിത കേട്ടുറങ്ങുന്ന പൂവേ....! "

ഇപ്പോൾ എല്ലാവരും കരുതുന്നില്ലേ ഇത്രോം പറഞ്ഞിട്ട് ഞാനെന്താ ആ കുഞ്ഞമ്മയെ കണ്ടുപിടിക്കാത്തത് എന്ന്? ഇപ്പോൾ ഈ പോസ്റ്റിനടിയിൽ നിറകണ്ണുകളോടെ കുഞ്ഞമ്മ ഇത് വായിക്കുന്നുണ്ടാകണം! കഴിഞ്ഞ കൊല്ലം - മറ്റൊരു പ്രിയപ്പെട്ട ആൾ, നിർമലക്കുഞ്ഞമ്മ ജീവിതത്തിൽ നിന്ന് അവിചാരിതമായി കടന്നുപോയപ്പോൾ ഞാനോർത്തു, നമ്മളെ കുട്ടിയായിക്കാണുന്ന ഓരോ ബന്ധവും നമ്മെ കടന്നുപോകുമ്പോൾ നമ്മളുടെ ഒരു ഭാഗം കൂടിയാണ് കൂടെക്കൊണ്ടു പോകുന്നത് എന്ന്! അങ്ങനെ ഞാനാ ആളെ - ഓമനക്കുഞ്ഞമ്മയെ- ഇവിടെ ഈ ഫേസ്ബുക്കിൽ കണ്ടുപിടിച്ചു, ഫോൺ വിളിച്ചു സംസാരിച്ചു... അടുത്ത വട്ടം വെക്കേഷന് ഉറപ്പായും കാണുമെന്നും പറഞ്ഞിട്ടുണ്ട്! ഇനിയുമെനിക്ക് എൻ്റെ ജീവിതം മറക്കാനാകില്ലാലോ!!


---------------==----------------===----------------------------=--------------------==-------------------==-------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. നല്ല പാട്ട്

    എഴുത്തും

    ReplyDelete
  2. ഓരോ ബന്ധവും നമ്മെ കടന്നുപോകുമ്പോൾ നമ്മളുടെ ഒരു ഭാഗം കൂടിയാണ് കൂടെക്കൊണ്ടു പോകുന്നത് എന്ന്..

    ReplyDelete
  3. ഓർമ്മകൾ മനോഹരം.

    വളരെ ഇഷ്ടമുള്ള പാട്ട്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)