Monday, March 22, 2021

ഒരു ചിരി ജനിച്ച കഥ


ഈ സോഷ്യൽ മീഡിയയിൽ എന്നെ/ എന്റെ ഫോട്ടോ  ഓൺലൈൻ ആയി കാണുന്ന മിക്ക മനുഷ്യരും ഒരു കോമ്പ്ലിമെൻറ് ആയി പറഞ്ഞിട്ടുള്ള കാര്യമാണ് "എന്തൊരു മനോഹരമായ ചിരിയാണ് " എന്ന്.  അതുകേൾക്കുമ്പോഴൊക്കെ വായ പൂട്ടി ചിരിക്കാൻ ശ്രമിച്ചിരുന്ന അഥവാ വായ തുറന്നു പോയാൽ കൈ കൊണ്ട് മറച്ചു ചിരിച്ചിരുന്ന ഒരെന്നെ ഓർമ്മ വരും - സ്‌കൂൾ കാലഘട്ടത്തിലെ എന്നെ! 

പണ്ട് LP  സ്‌കൂളിൽ വെച്ച് പല്ലു കാണിച്ചു ചിരിച്ചപ്പോഴൊക്കെ രണ്ടു തരമായിരുന്നു  പ്രതികരണം. 
ഒന്ന് :  "ഹാവൂ ഭാഗ്യം, അവളുടെ പല്ല് കാണുന്നത്കൊണ്ട് ആളവിടെ ഉണ്ടെന്നു മനസിലാക്കാം." 
രണ്ട് : "ഒരു പല്ലെങ്കിലുമുണ്ടോടീ നിൻ്റെ വായിൽ നേരെ ചൊവ്വേ! "

ഇതിൽ ആദ്യത്തേതിനെ ഞാൻ സ്‌കൂളിലൊക്കെ ചേരുന്നതിനു മുൻപേ അവഗണിച്ചിരുന്നതാണ്. കാരണം ഞാനൊരു "പ്രൗഡ് കറുമ്പി" ആയിരുന്നേ. വീട്ടിൽ അച്ഛൻ കറുത്തിട്ട്, അമ്മ വെളുത്തിട്ട്. ഇരട്ടച്ചേട്ടന്മാർ  വെളുത്തിട്ട് ഞാൻ കറുത്തിട്ട് . അതോണ്ട് തന്നെ എനിക്കതൊരു വളരെ സ്വാഭാവികമായ കാര്യവും അച്ഛൻ "ദി ഗ്രേറ്റസ്റ്റ് ഹീറോ ഓഫ് മൈ ലൈഫ് " മോഡിൽ ആയിരുന്നത് കൊണ്ട് അച്ഛനെപ്പോലെ, അപ്പച്ചിയെപ്പോലെ നിറം എന്നത് എന്നെ സംബന്ധിച്ച് ഒരു അതിഭീകര അഭിമാന സ്റ്റേറ്റ്മെന്റ് ആയിരുന്നു.   അച്ഛനുണ്ടായിരുന്നത് പോലെ  ഒരു ഉണ്ണിക്കുടവയർ കൂടി എനിക്കുണ്ടാകണം എന്ന് ഒന്നാം  ക്ലാസിലൊക്കെ പഠിക്കുമ്പോൾആഗ്രഹിച്ചിരുന്നു എന്ന് പറയുമ്പോൾ  ഊഹിക്കാമല്ലോ ആ ഒരു അഭിമാനത്തിൻ്റെ തലപ്പൊക്കം. 
(വീണ്ടും തഥാസ്തു  - ഇപ്പോ ഉണ്ണിക്കുടവയർ അല്ല  നല്ല 916 കുടവയർ തന്നെയുണ്ട് ! ) 


ഇനി രണ്ടാമത്തേതിലേക്ക് വരാം. വീട്ടിലെ രണ്ടു ഭീകരന്മാർ (എന്നെക്കാൾ അഞ്ചുവയസിനു മൂത്ത ഇരട്ട സഹോദരന്മാർ) എന്നോട് വഴക്കിടുമ്പോൾ അറ്റകൈയ്ക്ക്  സ്ഥിരമായി എന്നെ തോൽപ്പിക്കുന്നത്  ഇങ്ങനെയാണ്. എൻ്റെ മുഖം വർണിക്കുന്നതിലൂടെ   

-> ആനക്കണ്ണ്  (അത്രയേറെ കുഞ്ഞിക്കണ്ണാണ്  എന്നാണ് അല്ലാതെ വലിയ സുന്ദരമായ കണ്ണെന്നല്ല! - ഇപ്പോഴത്തെ എൻ്റെ വിടർന്ന  കണ്ണുരുട്ടൽ കാണുന്ന പലർക്കും അതൊരു അതിശയമായി തോന്നിയേക്കാം, പക്ഷേ  ക്യാമറയ്ക്ക് മുന്നിൽ മാത്രം വിടരുന്ന കണ്ണുകൾ ആണ് എൻ്റെ :) ) 

->ഫുട്ബാൾ മൈതാനം പോലത്തെ നെറ്റി (ആ !! ആരുടെ കാര്യമാണോ എന്തോ !) 

-> പരന്നു തടിച്ച ചന്ത്രക്കാറൻ മൂക്ക്  (അതെന്താണ് ഉദ്ദേശിച്ചത് എന്നൊക്കെ എനിക്ക് പിന്നീട്  വായനയിലൂടെ ആണ് മനസിലായത് ) 

-> ക്രൂർസിങ്ങിന്റെ പുരികം  (അതിലൊരല്പം സത്യമില്ലാതെ ഇല്ല! )

-> അവസാനത്തെ ഐറ്റം ആണ് - ഏണെ കോണേന്ന്  ഇരിക്കുന്ന മുൻവശത്തെ "മൺവെട്ടി മൺകോരി" പല്ലുകൾ. ഞങ്ങളുടെ നാട്ടിലൊക്കെ അന്നുണ്ടായിരുന്ന ഒരു പാർട്ടി ചിഹ്നം ആയിരുന്നു മൺവെട്ടിയും മൺകോരിയും - അത് ഒന്നിന്റെ മുകളിൽ മറ്റേത്  ക്രോസ്സ് ചെയ്തു വെച്ച ചിത്രങ്ങൾ മതിലുകളായ മതിലുകൾ മുഴുവൻ നിറഞ്ഞിരുന്ന കാലം കൂടിയായിരുന്നു അത്. 

കുഞ്ഞൻ മൂക്കിനെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല, പക്ഷേ ബാക്കി എല്ലാത്തിനും ഞാൻ പരിഹാരം കണ്ടുപിടിച്ചു . കണ്മഷിയെഴുതിയ കണ്ണുകൾ ആവശ്യത്തിനും  അനാവശ്യത്തിനും  ഞാൻ  സംസാരിക്കുമ്പോൾവിടർത്താൻ തുടങ്ങി, കുഞ്ഞുപൊട്ടു കൊണ്ട് പുരികത്തിൻ്റെ വലുപ്പം കുറയ്ക്കാൻ ശ്രമിച്ചു, നെറ്റിയിൽ പൊട്ടും കുറിയും കുറിക്കു മുകളിൽ സിന്ദൂരക്കുറിയും ഒക്കെയായി നെറ്റിയങ്ങോട് കവർ ചെയ്തു, പല്ലുകൾ ഒരു കാരണവശാലും ചിരിക്കുമ്പോൾ പുറത്തു കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു!  അങ്ങനെ ഞാൻ എൻ്റെ ദുഷ്ടന്മാരായ ചേട്ടന്മാരെ തോൽപ്പിച്ചു. എനിക്ക് ഇതൊന്നും മൈൻഡ് അല്ല എന്ന് കണ്ടപ്പോൾ അവര് തന്നെ ഞാൻ ഒരു അഞ്ചിൽ ഒക്കെ ആയപ്പോൾ ഈ പരിപാടി  നിർത്തി പോകുകയും ചെയ്തു. അഞ്ചാം ക്‌ളാസിലാണ് ഞാൻ അവരുടെ വലിയ സ്‌കൂളിലെത്തുന്നത്. നാവായിക്കുളം ഗവണ്മെന്റ് ഹൈ സ്‌കൂൾ എന്ന എൻ്റെ  പറുദീസ.   യുവജനോത്സവത്തിൻ്റെ  എല്ലാ പരിപാടികൾക്കും യുറീക്ക പരീക്ഷക്കും സ്കോളര്ഷിപ്പിനും എന്നുവേണ്ട സ്‌കൂളിൽ ഞാനറിയാതെ ഒരില അനങ്ങാൻ സമ്മതിക്കാത്ത കാലത്തിലേക്ക് ഞാനെത്തിപ്പെട്ടു.  

ഏഴാം ക്‌ളാസിലെത്തിയപ്പോഴേക്കും കണ്ണും മൂക്കും ഒന്നും നമുക്ക്  ഒരു വിഷയമേ അല്ലാതെ ആയി. പക്ഷേ ചിരി അത് അപ്പോഴും പ്രശ്നം തന്നെ - ചിരിക്കാതെ ഇരിക്കാൻ അറിയാത്ത കുട്ടിയുമായിരുന്നു അന്നേ ഞാൻ!   കൗമാരകാലത്തിലേക്ക് കടന്നു കാൽ  വെക്കാൻ റെഡി ആയി നിൽക്കുന്ന എല്ലാ പെൺകുട്ടികളേയും  പോലെ അതിങ്ങനെ മനസിൽ കൊളുത്തിക്കിടന്നു, സാരമില്ല ചുണ്ടടച്ചു ചിരിക്കാമല്ലോ. അഥവാ പൊട്ടിചിരിച്ചാലും വായ പൊത്താനല്ലേ നമുക്ക് കൈയ്യുകൾ ഉള്ളത്! 

കാലം വീണ്ടുമോടിഎട്ടാംക്‌ളാസിലെത്തിയ  സമയത്ത് വീട്ടിൽ നിന്നും അടുത്തുള്ള തിയറ്ററിൽ ഒരു സിനിമ കാണാൻ പോകുന്നു. പുതുമുഖങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങൾ. നാടൻ വേഷത്തിൽ നീളൻ മുടിയൊക്കെ ആയി ഒരു സുന്ദരി സ്ക്രീനിൽ വന്നു നിറഞ്ഞു ചിരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി - അതാ "മൺവെട്ടി - മൺകോരി " സ്റ്റൈലിലുള്ള മുൻപല്ല്! ആ ചിരി എന്തൊരു രസമുള്ള, ആത്മാവുള്ള ചിരി എന്ന് തോന്നിപ്പോയി. അന്ന് ആ ആളിനെയും സിനിമയേയും  ആ ചിരിയേയും  ഉള്ളിലേറ്റിയാണ് ഞാൻ വീട്ടിലെത്തിയത്.  ഒരു സിനിമയിലെ നായികയ്ക്ക് അങ്ങനെ നിരയല്ലാത്ത പല്ലുകാട്ടി സുന്ദരമായി ചിരിക്കാം എങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ! ഞാൻ മനസിൽ ചിലതൊക്കെ ഉറപ്പിച്ചു കിടന്നുറങ്ങി. 

പിറ്റേന്ന് സ്‌കൂളിൽ സ്ഥിരം സിനിമാക്കഥ  പറയുന്ന ഉച്ചയൂണ് സമയത്ത്   നൈസായിട്ട് കൂട്ടുകാരെ നോക്കി തുറന്ന് ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു  "പിള്ളേരെ  ഈ സിനിമയിലെ നായികയുടെ ചിരി കാണാൻ എന്ത് രസമാണെന്നോ ! നോക്കിക്കോ സൂപ്പർ ഹീറോയിൻ ആകും" , സംഭവമന്ന് ഞാനെൻ്റെ ഗൂഢോദ്ദേശ്യം കാരണം ആണ് പറഞ്ഞതെങ്കിലും അന്നേരം ആരോ തഥാസ്തു പറഞ്ഞിരിക്കണം -   ആ നടി അങ്ങട് പടർന്നു പന്തലിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ പല കഥാപാത്രങ്ങളിലൂടെ "മഞ്ജു വാരിയർ" എന്ന ആ മിടുക്കി കസേര വലിച്ചിട്ടിരിപ്പുറപ്പിച്ചു! 

സിനിമ വിട്ടിട്ട് എവിടേക്കോ മറഞ്ഞിട്ടും നീണ്ട  14  വർഷങ്ങൾക്ക് ശേഷം  അതേ  ചിരിയോടെ നമ്മുടെ പൂമുഖത്ത് വീണ്ടും മടങ്ങിയെത്തിയ സൂപ്പർ സ്റ്റാർ മഞ്ജുവിനാണ് ഞാനെന്റെ ചിരിയുടെ കടപ്പാട് കൊടുക്കുന്നത്. മഞ്ജു ഇതറിഞ്ഞിട്ടില്ല എങ്കിലും ഞാനെൻ്റെ പല്ലുകാട്ടൽ ചിരികൾക്ക് ഇങ്ങളോട്  ഒരു പെൺജന്മം കടപ്പെട്ടിരിക്കുന്നു മഞ്ജൂ. ആ 1996 മുതൽ എനിക്ക് പല്ലുകൾ കാണിക്കാതെ ചിരിക്കാൻ അറിയില്ല എന്ന അവസ്ഥയിലേക്ക് എൻ്റെ  ചിരി സമ്മർ സോൾട്ടടിച്ചു. വളരെ വളരെ അപൂർവമായി ചിരി ഇല്ലാത്ത ചിത്രം അഥവാ പല്ലു കാണാത്ത ചിത്രം എവിടെയെങ്കിലും പതിഞ്ഞാൽ ഞാൻ തന്നെ അതിനെ അത്ഭുതത്തോടെ നോക്കാൻ തുടങ്ങി! 


ഒന്നാലോചിച്ചു നോക്കിക്കേ സിനിമകളും കഥാപാത്രങ്ങളുമൊക്കെ സാധാരണക്കാരെ  സ്വാധീനിക്കുന്ന ഓരോ തലങ്ങൾ! എത്രയെത്ര ചിരികൾ എനിക്ക് നഷ്ടമായിപ്പോയേനെ.. എത്രയെത്ര സ്നേഹത്തിന്റെ പ്രണയത്തിന്റെ സൗഹൃദത്തിന്റെ വാത്സല്യത്തിന്റെ ചിരികൾ!  
അതോണ്ട് എൻ്റെ  പെണ്ണുങ്ങളേ  നിങ്ങളെല്ലാവരും വായ തുറന്നു, പല്ലു കാണിച്ചു, മനസു നിറഞ്ഞു ചിരിക്കണം - അതെത്ര മനോഹരമാണെന്നോ!! 

ആ പുഞ്ചിരികൾക്കായി ഇന്നത്തെ ദിനം !