Monday, March 23, 2020

"കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം ....."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1988 - കളിലെപ്പോഴോ ആകണം!

ശ്രീനിവാസനും ഉർവശിയും ജയറാമും ഒക്കെയുള്ള പുതിയ ഒരു സിനിമ ഇറങ്ങാൻ പോകുന്നു എന്ന പരസ്യം വന്നതോർമ്മയുണ്ട്, പക്ഷേ അത് ശ്രദ്ധിക്കാൻ കാരണം ഈ ആളുകളായിരുന്നില്ല. അന്നത്തെ പത്രത്തിൽ (അതോ നാനയിലോ) വന്ന പരസ്യത്തിൽ "പൊന്മുട്ടയിടുന്ന തട്ടാൻ താറാവ്", തട്ടാൻ എന്ന വാക്കിനെ കുറുകെ വെട്ടി മുകളിൽ താറാവ് എന്നടിച്ചിരുന്നതായിരുന്നു. ഒരു വിഭാഗത്തിനെ കളിയാക്കുംപോലെ സിനിമാപ്പേരിട്ട് സത്യൻ അന്തിക്കാടും ശ്രീനിവാസനും പിടിച്ച പുലിവാലിനെക്കുറിച്ചും പേരുമാറ്റിയെങ്കിലും അതിവിദഗ്ധമായി എല്ലാരേം കൊട്ടുന്നതുപോലെ ഇമ്മാതിരി ഒരു പരസ്യമിറക്കിയതുമാണ് ആ സിനിമ ഞാൻ ശ്രദ്ധിക്കാൻ കാരണം. അന്നറിഞ്ഞിരുന്നില്ല "രഘുനാഥ്‌ പാലേരി" എന്ന 'ഭീകരനാ'ണ് ആ സിനിമയുടെ തിരക്കഥയെഴുതിയതെന്ന്! നാവായിക്കുളത്ത് ഞാനറിയുന്ന ഒത്തിരി തട്ടാന്മാരുണ്ടായിരുന്നു, സിനിമയിലൊരു കള്ളപ്പണി ചെയ്യുന്ന തട്ടാനാണെന്ന് കേട്ടറിവായിരിക്കണം ചിലർക്കെങ്കിലും സിനിമയുടെ പേരിനോട് അനിഷ്ടം തോന്നാൻ കാരണം. എന്തായാലും സിനിമയിലെ രണ്ടു പാട്ടുകൾ "ക്ഷ" പിടിച്ചതുകൊണ്ട് കുറേക്കുറെ കാത്തിരുന്നു സിനിമ കാണാൻ - പിജി തിയറ്ററിൽ ആ സിനിമ വന്നില്ല എന്നാണ് എന്റെയോർമ്മ (അല്ലെങ്കിൽ ഞങ്ങൾ കാണാൻ പോയില്ല!)

ഒന്നുരണ്ടുവർഷം കഴിഞ്ഞു - ഞാൻ മൂന്നിലോ നാലിലോ മറ്റോ പഠിക്കുന്ന സമയമാകണം, ചങ്ങനാശ്ശേരിയിലെ ഒരവധിക്കാലം. തറവാട്ടിലെ വീട്ടിൽ അന്ന് ടീവിയൊന്നും ഇല്ല, മാത്രോല്ല രാത്രി ഏഴുമണി കഴിഞ്ഞാൽ ലൈറ്റ് അവിടെ കത്തുന്നുണ്ടോന്ന് തൊട്ടുനോക്കണം ആ അവസ്ഥയുമാണ്. ഓണസമയമാണെന്ന് ആണ് ഓർമ്മ. ഓണത്തിന് ദൂരദർശനിൽ സിനിമ - ഏതാന്നാ, നമ്മുടെ സ്വന്തം താറാവ്. ഞാനും അവിടുത്തെ കുട്ടിപ്പട്ടാളവും കൂടി താഴത്തെ മമ്മിയുടെ വീട്ടിലാകണം ഈ സിനിമ കാണാൻ വരിവരിയായി നിരന്നിരിക്കുവാണ്. പൊട്ടിച്ചിരിയുടെ മാലപ്പടക്കം കൊളുത്തി സിനിമ പകുതിമുക്കാൽ കഴിഞ്ഞപ്പോൾ " ഠിം" - ദാ കിടക്കണ് ചട്ടീം കലോം, കറന്റ് പോയി സൂര്‍ത്തുക്കളേ കറന്റ് പോയി! പത്തുമിനിറ്റ് അവിടെത്തന്നെ ഇരുന്നുനോക്കി, രക്ഷയില്ലാ..കറന്റ് പോയവഴിയേ പൊടി പോലുമില്ല കണ്ടുപിടിക്കാന്‍. പുറത്തിറങ്ങി ഇലക്ട്രിക് പോസ്റ്റിനു താഴെ നഖോം കടിച്ചുകൊണ്ട് നിന്നുകൊണ്ട് ഞങ്ങള്‍ ഉപായങ്ങള്‍ ആലോചിച്ചു. സിനിമയുടെ ബാക്കി അറിയണമല്ലോ.

തിയറ്ററില്‍പ്പോയി സിനിമ കണ്ടാല്‍ എഴുതിക്കാണിക്കലും കഴിഞ്ഞ് എല്ലാ ലൈറ്റും ഓണായതിനുശേഷം മാത്രം ഇരിപ്പിടത്തില്‍ നിന്നെഴുന്നേല്‍ക്കുന്ന,അതിനുമുന്നേ പുറത്തിറങ്ങാന്‍ വേണ്ടി എണീച്ച് നിന്ന്എന്‍റെ ആസ്വാദനം മുടക്കുന്നവരെ ശത്രുക്കളെപ്പോലെ കാണുന്ന എന്നോട് തന്നെ KSEBക്ക് ഇതുചെയ്യാന്‍ തോന്നിയല്ലോ എന്ന് വിങ്ങിപ്പൊട്ടി നില്‍ക്കുമ്പോഴാണ്‌ കൂടെയുണ്ടായിരുന്നതില്‍ ഒരുത്തി ഒരു ഐഡിയ പറയുന്നത്. അച്ഛന്റെ നേരെ ഇളയ പെങ്ങളുണ്ട് വീട്ടില്‍ - ഞങ്ങളുടെ സരളാപ്പ, പുള്ളിക്കാരിയെക്കൊണ്ട് കറന്റ് വരാന്‍ 'പറയിക്കാം'! ഇപ്പോള്‍ നിങ്ങള്‍ വിചാരിച്ചില്ലേ സരളാപ്പക്ക് അവിടെ KSEB ഓഫിസിലൊക്കെ നല്ല പിടിയായിരിക്കുമെന്ന്? എന്നാലേ, ഇതതുക്കും മേലേയാ - ഇതാ പറച്ചിലല്ല.. ഇതാണ് കരിനാക്കിന്റെ കളി. കരിനാക്കുള്ലോര്‍ പറഞ്ഞാല്‍ എന്തും ഫലിക്കുമല്ലോ, അപ്പോപ്പിന്നെ ഇത് സിമ്പിള്‍ അല്ലേ . നമ്മള്‍ അപ്പച്ചിയുടെ അടുത്ത് ചെല്ലുന്നു "അപ്പേ കറന്റ് വരട്ടെ എന്ന് പറയാന്‍" പറയുന്നു, അപ്പ പറയുന്നു, അതാ കറന്റ് വരുന്നു! ശേ! എനിക്കെന്താ ദാസാ നേരത്തേ ഈ ബുദ്ധി തോന്നാഞ്ഞത് എന്നാലോചിച്ചുകൊണ്ട് വീട്ടിലെക്കോടാന്‍ തുടങ്ങുമ്പോള്‍ത്തന്നെ കറന്റ് വന്നു. ഓട്ടം റിവേര്സാക്കി വീണ്ടും മമ്മിയുടെ വീട്ടിലെത്തിയപ്പോള്‍ കാണുന്ന കാഴ്ച്ച - ശ്രീനിവാസന്റെ ശബ്ദത്തില്‍ 'തനിത്തങ്കം' എന്ന പറച്ചിലും വെള്ളാരംകണ്ണുള്ള ശാരിയും ശ്രീനിവാസനും സ്റ്റില്‍ ആയിനില്‍ക്കുന്ന ഫ്രെയിമും ആണ്!!

പിന്നെയുമെത്രയോ കാലം കഴിഞ്ഞാണെന്നോ ഞാനാ സിനിമ മുഴുവനായും ആസ്വദിച്ചുകണ്ടത്! പാര്‍വതി അതിലുണ്ടെന്നുപോലും എനിക്കറിയില്ലായിരുന്നു. ഇപ്പോഴും എത്രവട്ടം കണ്ടാലും മടുക്കാത്ത ആ സിനിമയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കുഞ്ഞിലത്തെ ഈ അനുഭവം അല്ലാതെ ഒരു തമാശ കൂടി ഇപ്പോള്‍ ഓര്‍മയില്‍ കേറിപ്പറ്റിയിട്ടുണ്ട്.

വെള്ളപ്പൊക്കകാലത്ത് പോസിറ്റീവ് ഗുളികകളുമായി പരിചയപ്പെട്ട ഒരു സൗഹൃദം. അദ്ദേഹത്തിന്‍റെ കുഞ്ഞിന്‍റെ ഫോട്ടോ പ്രൊഫൈലില്‍ കണ്ടപ്പോള്‍ സ്വാഭാവികമായ പരിചയപ്പെടലിന്‍റെ ഭാഗമായിട്ടാണ് ഞാന്‍ ഭാര്യയെക്കുറിച്ച് ചോദിച്ചത്. പുള്ളിക്കാരന്‍ തിരിച്ചു പറഞ്ഞത് - " ഓ അത് പൊന്മുട്ടയിടുന്ന താറാവ് സിനിമയിലെപ്പോലെയാണ്" എന്നാണ്.
ഞാന്‍ പറഞ്ഞു "ഓഹോ അതുശരി - പോട്ടെ മാഷേ സാരമില്ല. എന്തുചെയ്യാനാകും!"
അപ്പുറത്തെ സൈഡില്‍ ആകെ കണ്ഫ്യുഷന്‍ ആയിട്ട് പുള്ളി പറഞ്ഞു - " അല്ലാ, അത്ഞാന്‍ തമാശയ്ക്ക് പറഞ്ഞതാണ്‌ - ആ സിനിമയിലെ ബീവിന്‍റെ മുഖം പുറത്തു കാട്ടാത്തത് പോലെയാണെന്ന് ആണ് ഉദ്ദേശിച്ചേ. ഞങ്ങള്‍ വേര്‍പിരിഞ്ഞവരാണ്".
ഞാന്‍ ചിരി അടക്കാന്‍ കഴിയാതെ: " ആഹാ അത്രേയുള്ളൂ, ഞാന്‍ കരുതി അതിലെ ഉര്‍വശിയെപ്പോലെയാന്ന് - സ്വര്‍ണോം കൊണ്ട് മുങ്ങിയതേ"
അന്നേരം പുള്ളിക്കാരന്‍ പറഞ്ഞു "ആദ്യയിട്ടാണ് ഒരാള്‍ ഡിവോഴ്സഡ് ആണെന്ന് പറയുമ്പോള്‍ ഇങ്ങനെ പറയുന്നേ.സാധാരണ എല്ലാരും ഭീകരന്‍ സഹതാപമായിരിക്കും" എന്ന്! (മനസ്സില്‍ ഉറപ്പായും ആള്‍ വിചാരിച്ചുകാണും ഇത്എന്ത് സാധനമെന്ന്! )
എനിക്കാണേല്‍ ആ രംഗം ഓര്‍ത്തിട്ടു ചിരി സഹിക്കാനും മേല! അതിനുശേഷം ഈ പാട്ട് / സിനിമ ഇങ്ങളേം ഓര്‍മ്മിപ്പിക്കുംട്ടാ കൂട്ടേ 
അതേ ചിരിയോടെ നിങ്ങളിലേക്ക് ... "കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം ....."
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

5 comments:

  1. കരിനാക്കോണ്ട് നല്ല കാര്യവും ചെയ്യീക്കാല്ലോ?!
    ആശംസകൾ

    ReplyDelete
  2. പ്രളയകാലത്തെ ആ ഓർമ്മ ഉള്ളീ തട്ടി. കാര്യമുണ്ട്. അതിന്റെ ഉള്ളിലൊരു കഥയും കാണാമ്പറ്റ്ണില്ലേ..

    ReplyDelete
  3. ഈ സിനിമയും പാട്ടും വല്ലാത്ത നൊസ്റ്റാൾജിയ ആണ് ❤️ ശ്രീനിവാസന് ശാരിയെ കൂട്ട് കിട്ടിയല്ലോ എന്ന് ആശ്വാസം ആയിരുന്നു ആ പാട്ടു കണ്ടപ്പോൾ. ☺️ സിനിമയുടെ പേര് അക്കാലത്തു എനിക്ക് confusion ആയിരുന്നു. ഒരു ഗ്രാമത്തിന്റെ നേർചിത്രം രസകരമായ രീതിയിൽ പകർത്തി വെച്ചിട്ടുണ്ട്.

    പ്രളയ ദിനത്തിൽ പരിചയപ്പെട്ട സുഹൃത്തിന്റെ കാര്യം... സഹതാപം ആരാണ് ആഗ്രഹിക്കുക? Understanding ആഗ്രഹിക്കും. ഒപ്പം നിൽക്കുന്ന നല്ലൊരു സുഹൃത്ത്‌ എന്ന് ആർഷയെപ്പറ്റി വിചാരിച്ചു കാണും ❤️

    ReplyDelete
  4. അതേ ചിരിയോടെ ... "കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കും നേരം ....."

    ReplyDelete
  5. ഭയങ്കര ഇഷ്ടമുള്ള സിനിമയാണ്.

    ഞാൻ 1000 ദിന ഓർമകൾ ചെയ്തു തുടങ്ങുമെന്നാണ് തോന്നുന്നത്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)