Saturday, March 14, 2020

"മാങ്കുയിലേ പൂങ്കുയിലേ..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 1989
നാവായിക്കുളത്തെ എനിക്കേറ്റവും ഇഷ്ടമുണ്ടായിരുന്ന വീടാണ് അമ്മൻകോവിലിന്‌ അടുത്തുണ്ടായിരുന്ന കുഞ്ഞു മഞ്ഞവീട്. എല്ലാ അയൽവീട്ടിലും ഓടിയോടി നടക്കുന്ന ഒരു കൊച്ചായിരുന്നു കുഞ്ഞിലേ ഞാൻ. ബിന്ദുച്ചേച്ചി, സിന്ധുച്ചേച്ചി, ഗീതച്ചേച്ചി , ഹേമച്ചേച്ചി അങ്ങനെ കുറേ ചേച്ചിമാരുണ്ടായിരുന്നു ചുറ്റിലും. സിന്ധുച്ചേച്ചിയുടെ അമ്മയെ ഞാനും ചേട്ടന്മാരും വല്യേച്ചി എന്നാണ് വിളിക്കുക. കോളേജിൽ പഠിക്കുന്ന സിന്ധുച്ചേച്ചിയുടെ ഏറ്റവും മൂത്ത അണ്ണനായിരുന്നു സെൽവരാജ് എന്ന സെൽവണ്ണൻ. സെൽവണ്ണനു ഇളയ രണ്ടു സഹോദരന്മാർ കൂടിയുണ്ട്. അതിലേറ്റവും ഇളയ മൂക്കിന്തുമ്പത്ത് ദേഷ്യമുള്ള ദിനേശണ്ണനെ അന്നൊക്കെ വൻ പേടിയായിരുന്നു. ഒന്നാംക്ലാസിനും മുൻപ് എത്തിപ്പെട്ടതാണ് ആ വീട്ടിൽ അതുകൊണ്ടുതന്നെ ഞാനാ വീട്ടിലൊരു ഓമന ആയി. കാണുമ്പോഴൊക്കെ പൊക്കിയെടുക്കുന്ന സെൽവണ്ണൻ ആയിരുന്നു അവിടെ എൻ്റെ ഫേവറൈറ്. പാരമ്പര്യമായി സ്വർണ്ണപണി ചെയ്യുന്ന സെൽവണ്ണൻ്റെ കുടുംബത്തിൽ (ഭൂതകാലത്തിലെ വേരുകൾ തമിഴായിരുന്ന ജനതയുടെ പുതുതലമുറ ആണിവർ) വല്യേച്ചിയെ ഒഴിച്ച് എല്ലാവരെയും ഞാനും അവർ വിളിക്കുംപോലെ പാട്ടാ, പാട്ടീ, താത്താ എന്നൊക്കെ അപ്പൂപ്പൻ അമ്മൂമ്മമാരെയും ചിത്തപ്പ ചിത്തി എന്ന് ബന്ധുക്കളേയും പിന്നീട് കാലക്രമേണ സിന്ധുചേച്ചിയുടെ കല്യാണം കഴിഞ്ഞപ്പോൾ അനിയത്തിസ്ഥാനമെടുത്ത് ആ ചേട്ടനെ അത്താൻ എന്നും, സെൽവണ്ണൻ്റെ ഭാര്യ ജയച്ചേച്ചിയെ മൈനി എന്നും വിളിച്ചുപോന്നു (ഇപ്പോഴും). സിന്ധുച്ചേച്ചിയുടെ കല്യാണം, പ്രസവത്തിന് കൂട്ടിക്കൊണ്ടുവരൽ, ജയമൈനിയെ പെണ്ണുകാണാൻ പോകൽ അങ്ങനെ ഉത്തരവാദിത്തപരമായി പല കാര്യങ്ങളും ഞാൻ അന്ന് ചെയ്തിരുന്നു 

രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് സെൽവണ്ണൻ ആദ്യമായി ഗൾഫിൽ പോകുന്നത്. ആ ന്യൂസ് അറിഞ്ഞപ്പോൾ സന്തോഷത്തോടൊപ്പം 'എന്നാലും സെൽവണ്ണൻ ഗൾഫിൽ പോയാൽ പിന്നെ കുറേനാൾ കഴിഞ്ഞല്ലേ വരൂ' എന്ന് ചിണുങ്ങിയ എന്നെയും നല്ല ഓർമയുണ്ട്. സ്‌കൂൾ വിട്ട് ഓടിയോടി വീട്ടിൽ വരുമ്പോഴേക്കും സെൽവണ്ണനൊക്കെ എയർപോർട്ടിലേക്ക് പോയിക്കഴിഞ്ഞിരുന്നു. നല്ല സങ്കടം വന്നെങ്കിലും രണ്ടു കൊല്ലം കഴിയുമ്പോൾ വരുമെന്നും, അപ്പോൾ കൊണ്ടുത്തരാം എന്ന് പറഞ്ഞ ചോക്ലേറ്റിന്റെയും ഈന്തപ്പഴത്തിന്റെയും കാര്യം ഓർക്കുകയും ചെയ്തതോടെ എൻ്റെ സങ്കടം മാറി.

ആ വീടിനെക്കുറിച്ചും അവിടെയുള്ളവരെക്കുറിച്ചും എഴുതാൻ ഒത്തിരിയൊത്തിരി ഓർമകളുള്ളത് ഒരു പോസ്റ്റിൽ തീരില്ല എന്നത്കൊണ്ട് ഇന്നത്തെ പാട്ടോർമ്മ മാത്രം പറയാം. അങ്ങനെ സെൽവണ്ണൻ ഗൾഫീന്ന് ആദ്യമായിഅവധിക്ക് എത്തി.അന്നത്തെ എല്ലാ ഗൾഫുകാരെയും പോലെ 'വി സി ആർ' എന്ന അത്ഭുതപ്പെട്ടിയും കൊണ്ടാണ് വന്നിരിക്കുന്നത്. വീട്ടിലാണേൽ അന്ന് ടിവി പോലും ഇല്ലാത്ത സമയം. വല്യേച്ചിയുടെ വീട്ടിലാണ് മിക്കപ്പോഴും സിനിമ, ചിത്രഗീതം, ചിത്രഹാർ, രംഗോലി മുതൽ തിരനോട്ടം പ്രതികരണം വരെ കാണൽ. അതിനും ശേഷമാണ് വീട്ടിലൊരു ഇത്തിരിക്കുഞ്ഞൻ ടിവി വാങ്ങിയത് - സോളിഡയർ ൻ്റെ 14 ഇഞ്ച് കുഞ്ഞൻ ടിവി (ആർക്കേലും ഓർമ്മയുണ്ടോ സോൾഡയർൻ്റെ ഈ പരസ്യം? https://youtu.be/laRQaGHXtqU - ഞാൻ പാടിയിരുന്നത് സോളിഡയർ കാച്ച് 14 എന്നായിരുന്നു, തമ്പുരാനറിയാം എന്തായിരുന്നു ഒറിജിനൽ എന്ന്!)

​വിസിആറിനൊപ്പം കുറച്ചു കാസറ്റുകളും സെൽവണ്ണൻ കൊണ്ടുവന്നിരുന്നു. മിക്കവയും തമിഴ് സിനിമകൾ ​ആയിരുന്നു , പിന്നെ ചിലവ അന്നത്തെ ഗൾഫ് ഷോകളും. അത്തരം ഒന്നിലാണ് കുരങ്ങനേയും ആനയേയും അവയുടെ ചലനങ്ങളുടെ സൂക്ഷ്മതയിലൂടെ അനുകരിക്കുന്ന ഒരു ചെറുപ്പക്കാരൻ കലാകാരനെ കണ്ടത്. അന്ന് പുള്ളി അവതരിപ്പിച്ച മറ്റൊരു ഐറ്റം - കാൾ ലൂയിസിന്റെ ഓട്ടം സ്ലോമോഷനിൽ എന്നതായിരുന്നു. ഇതൊക്കെ കണ്ട് വായും പൊളിച്ചിരുന്ന എന്നോട് സെൽവണ്ണൻ പറഞ്ഞു ആ ചെക്കനില്ലേ, അപാര കഴിവാ - മണിയെന്നാ പേര്! അതന്നെ - നമ്മുടെ കലാഭവൻ മണിചേട്ടൻ! പിന്നീട് ചില സിനിമകളിൽ പുള്ളി ഈ ആന, സ്ലോമോഷൻ ഓട്ടം ഒക്കെ കാണിച്ചിട്ടുണ്ട്.

തമിഴ്‌സിനിമകളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഏറ്റോം ഡിമാൻഡ് ഉണ്ടായിരുന്ന പടം - രാമരാജനും കനകയും അഭിനയിച്ച കരകാട്ടക്കാരൻ. അപ്പുറത്തും ഇപ്പുറത്തും ഉള്ള പിള്ളേർസ് എല്ലാം വന്നു തിങ്ങിനിറഞ്ഞിരിക്കേ സെൽവണ്ണൻ പടമിട്ടു. ഉദ്വേഗഭരിതമായ പ്രണയകഥയുമായി സിനിമ അങ്ങനെ ആ മുറിയിൽ ഞങ്ങളിൽ നിറഞ്ഞു നിറഞ്ഞൊഴുകി. കരകാട്ടം എന്ന കലാരൂപം നിങ്ങളാരേലും കണ്ടിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, അമ്മന്കോവില് എന്ന തമിഴ്‌സംസ്കാരസ്വാധീനമുള്ള അമ്പലമുള്ള നാവായിക്കുളം നിവാസികൾക്കൊക്കെ അന്ന് കരകാട്ടവും വില്ലടിച്ചാൻപാട്ടും പൂവങ്കോഴിയുടെ കഴുത്തുകടിച്ചു ചോര കുടിക്കുന്ന മാടനുമൊക്കെ സുപരിചിതരായിരുന്നു. ഇന്നും അമ്മൻകൊട ഉത്സവം ആകാനായി എന്നുകേൾക്കുമ്പോൾ മനസുകൊണ്ട് ഞാനവിടെ എത്തും .... ജമന്തിയും ബന്ദിയും പിച്ചിയും മുല്ലയുമൊക്കെ തൂക്കിയ പന്തലിൽ തലയിലേറ്റിയ കുടവുമായി കരകാട്ടമാടുന്ന കലാകാരന്മാരുടെ ഇടയിൽ!

"മാങ്കുയിലേ പൂങ്കുയിലേ,
സേതിയൊന്ന് കേള് ..
ഉന്നെ മാലയിട തേടിവരും
നാള് എന്ത നാള്...!"

എസ്‌പിബിയും ജാനകിയമ്മയും നിറയട്ടെ നമ്മളിൽ 

------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

4 comments:

  1. ഞാൻ ആദ്യമായി കേട്ട ഓർമ്മയുള്ള തമിഴ് പാട്ട് "നാൻ ഓട്ടോക്കാരൻ.. ഓട്ടോക്കാരൻ " എന്ന ബാഷ (അതോ അരുണാചലമോ ) സിൽമയിലെ പാട്ട് ആണ്. അജ്ജ്ക്ക് നാ അജ്ജ്ക്ക് താൻ.. ഡുമുക്ക് ന്നാ ഡുമുക്ക് എന്നൊക്കെ ഫാസ്റ്റ് ബീറ്റ് കേട്ട് ഇഷ്ടമായതാ.. അമ്മായിയുടെ മകൻ സുരേട്ടൻ കൊണ്ടുവന്ന ടേപ്പ് റിക്കോർഡറിൽ.

    ReplyDelete
  2. കരകാട്ടവും, താളവും പാട്ടും ഇഷ്ടം,
    ആശംസകൾ

    ReplyDelete
  3. മാങ്കുയിലേ പൂങ്കുയിലേ,
    സേതിയൊന്ന് കേള് ..
    ഉന്നെ മാലയിട തേടിവരും
    നാള് എന്ത നാള്...!"

    ഇതിൽക്കൂടി എസ്‌പിബിയും ജാനകിയമ്മയും നിറയുന്നു  ...

    ReplyDelete
  4. തമിഴനോടും തമിഴിനോടും വലിയ ഇഷ്ടമൊന്നുമില്ലെങ്കിലും പാട്ട് കേട്ടിട്ടുണ്ട്.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)