Wednesday, March 25, 2020

"കോടക്കാറ്റൂഞ്ഞാലാടും കായല്‍ത്തീരം.. അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും പിള്ളഞണ്ടും...".

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 1985 നു ശേഷം എപ്പോഴോ!

അച്ഛന്‍റെ ഏറ്റവും ഇളയ അനുജനാണ് മധുലാല്‍ എന്ന മധുപ്പാന്‍ (മധു അപ്പാപ്പന്‍ ലോപിച്ച് ലോപിച്ച് മധുപ്പാപ്പനും മധുപ്പാനും മാപ്പനും ഒക്കെ ആയിരുന്നു എനിക്ക്). അച്ഛന്‍ അമ്മയെ കല്യാണം കഴിക്കുന്നതിനുമുന്‍പ് അന്ന് പത്താംക്ലാസ്സില്‍ പഠിക്കുകയായിരുന്ന മധുപ്പാന്‍ ആണത്രേ വീട്ടില്‍നിന്നും ആറ്റിങ്ങല്‍ വന്ന് അമ്മയെക്കണ്ടത്. അച്ഛന്റെ വീട്ടിലെ ഏഴുമക്കളില്‍ ഏറ്റവും ഇളയ ആളായതുകൊണ്ടുള്ള എല്ലാ കുറുമ്പുകളും ഉള്ളൊരുആശാനായിരുന്നു മധുപ്പാന്‍. അതുകൊണ്ടെന്താ ഞാനും മധുപ്പാനും അന്ന് മിക്കപ്പോഴും ടോം&ജെറി ആയിരുന്നു. രണ്ടുപേരും കൂടെച്ചേര്‍ന്ന് പണിയൊക്കെ ഒപ്പിക്കും, തല്ലും ചീത്തയും കിട്ടാനാകുമ്പോള്‍ ഞാന്‍ വലിയും അല്ലേല്‍ എനിക്ക് പാര വെച്ചുകൊണ്ട് മധുപ്പാന്‍ കൈ കഴുകും!!


വീട്ടിലെ വഴക്കാളിക്കൊച്ച് ആയി നടന്നിരുന്ന എന്‍റെ ഹീറോ ആയിരുന്നു മധുപ്പാന്‍ - എന്‍റെ മനസിലെ ഫുട്ബോള്‍ കളിയുടെയൊക്കെ ഉസ്താദ്‌, പന്തുകളിക്കാന്‍ കോട്ടയത്ത്‌ പോയി ട്രോഫിയൊക്കെ കൊണ്ടുവരുമ്പോള്‍ എന്‍റെ തള്ളൊക്കെ അതിഭീകരമായിരുന്നു. ഏറ്റവും ഇളയ രണ്ടെണ്ണത്തിന്റെ എല്ലാ മൊശട് സ്വഭാവവുമുണ്ടായിരുന്ന ഞങ്ങള്‍ യൂണിയന്‍ ആയില്ലെങ്കില്ലല്ലേ അതിശയിക്കേണ്ടൂ. ഡിഗ്രി കഴിഞ്ഞപ്പോള്‍ മുതല്‍ മധുപ്പാന് ഇടയ്ക്കിടെ 'താല്‍ക്കാലിക' ജോലികള്‍ കിട്ടും. എനിക്കാണേല്‍ അതൊക്കെ കാണുമ്പോള്‍ ഭീകര ആരാധന - എന്താ ചില്ലറക്കാര്യമാണോ, ഒരാറുമാസം പോലീസ് സ്റ്റേഷനിലാണ് ജോലി എങ്കില്‍, അടുത്ത വട്ടം ഞങ്ങള്‍ കാണുമ്പോള്‍ ഫുഡ്‌ ഇന്‍സ്പെക്ടറുടെ കൂടെയാകും, പിന്നൊരു സമയം ഹൈക്കോടതിയിലാകും, സിവില്‍സപ്ലൈസിലാകും അങ്ങനെയങ്ങനെ രാജകീയ ജീവിതമല്ലാരുന്നോ ആ സമയത്ത് - നമുക്കറിയില്ലല്ലോ ആ സ്ഥിരജോലിയില്ലാതിരുന്നതിന്റെ ബുദ്ധിമുട്ട്!

ഇപ്പോഴും ഓര്‍മയുണ്ട് ഒരു ക്രിസ്തുമസ് സമയം - സാധാരണ ഒരു പ്ലം കേക്ക് ഒപ്പിക്കാന്‍ തന്നെ ശ്യാമളാപ്പ എന്ന കുഞ്ഞപ്പച്ചിയുടെ പിന്നാലെ നടക്കണം. എന്നാല്‍ ആ ക്രിസ്തുമസിന് വീട്ടില്‍ ആവശ്യത്തില്‍ കൂടുതല്‍ അലങ്കാരപ്പണികളുള്ള കേക്കുകള്‍ - വെള്ളയും പച്ചയും ക്രീമില്‍ ക്രിസ്തമസ് ട്രീയുടെ പടം വരച്ചവ, ഹാപ്പി ക്രിസ്ത്മസ് എന്ന് ചോക്ലേറ്റില്‍ എഴുതിയവ, ചുവപ്പും കറുപ്പും വെച്ച് സാന്റാക്ലോസിന്റെ മുഖം വരച്ചവ...അങ്ങനെയങ്ങനെ. ആക്കൊല്ലം കേക്ക് തിന്നു മടുത്തു - ജീവിതത്തില്‍ ആദ്യമായിട്ട്! എന്താ കാര്യം? ഫുഡ്‌ ഇന്‍സ്പെക്ടറുടെ ഓഫിസിലാണ് ആപ്രാവശ്യം മധുപ്പാന് ജോലി, എല്ലാ ബേക്കറികളിലും ക്രിസ്ത്മസ് പ്രമാണിച്ച് ഇന്സ്പെക്ഷന് പോകുന്ന സമയം. ചെല്ലുന്നിടത്ത് നിന്നെല്ലാം ക്രിസ്ത്മസ് സ്നേഹമെന്നതുപോലെ ഓഫീസര്‍ക്ക് കേക്കുകള്‍ കിട്ടും. പുള്ളി എത്രയെന്നുവെച്ചാ കഴിച്ചുതീര്‍ക്കുക. ഓഫീസില്‍ എല്ലാവരും വീതം വെച്ചെടുക്കുക തന്നെ ആയിരുന്നിരിക്കണം. അങ്ങനെയെത്തിയിരുന്ന വിഹിതമാണ് ഞങ്ങള്‍ പിള്ളേര് അടിച്ചുവിട്ടത്.

അവധിക്കു ചെല്ലുമ്പോള്‍ മധുപ്പാന്റെ കൂടെക്കൂടാന്‍ ചേട്ടന്മാര്‍ക്ക് വേറെയുമുണ്ട് ഉദ്ദേശങ്ങള്‍ - നല്ല പുതിയ പുതിയ പാട്ടുകള്‍ ഒക്കെ കേള്‍ക്കാം. അത്യാവശ്യം നല്ലൊരു ടേപ്പ്റിക്കോര്‍ഡര്‍ ഉണ്ടായിരുന്ന അമരയിലെ വീട്ടില്‍ നല്ല മലയാളം ഹിന്ദി കളക്ഷനുകളും ഉണ്ടായിരുന്നു. അവിടെവെച്ചുതന്നെയാണ് തരംഗിണി പുറത്തിറക്കിയ "ചില്‍ഡ്രന്‍സ് സോങ്ങ്സ്- Vol 1" എന്ന കാസറ്റിലെ പാട്ടുകള്‍ കേള്‍ക്കുന്നത്. നമ്മുടെ ആമയുടെയും മുയലിന്റെയും കഥയും, മല്ലന്റെയും മാതേവന്റെയും കഥയും, പൊന്മുട്ടയിടുന്ന താറാവിന് സംഭവിക്കുന്നതുമൊക്കെ ലളിതമായ വരികളിലൂടെ പാട്ടിന്‍റെ രൂപത്തില്‍ ഇറക്കിയ കാസറ്റ്. അതിലെ എല്ലാപ്പാട്ടുകളും എനിക്ക് / ചേട്ടന്മാര്‍ക്ക് ഇപ്പോഴും കാണാപ്പാഠമാണ്, അത്രയേറെ ഇഷ്ടവും! കൂട്ടത്തിലൊരു പാട്ട് മധുപ്പാന്റെ മാത്രം ഓര്‍മയാണ്‌ എനിക്ക് - ഞണ്ടമ്മയുടേയും മൂശേട്ടയായ മകളുടേയും തമ്മില്‍ത്തല്ലിന്റെ കഥ പറയുന്ന "കോടക്കാറ്റൂഞ്ഞാലാടും കായല്‍ത്തീരം.. അവിടെ കാറ്റുകൊള്ളും തള്ളഞണ്ടും  പിള്ളഞണ്ടും...". ആ പാട്ടിനിടയ്ക്ക് ഒരു വരിയുണ്ട് - "കൊച്ചുപരിഷ്കാരീ, എടി മൂളിയലങ്കാരീ" , ഞണ്ടമ്മ ദേഷ്യം വരുമ്പോള്‍ മോളെ വിളിക്കുന്നതാണീ പേരുകള്‍. ഈ ഭാഗം എത്തുമ്പോള്‍ "ദേ ഡീ മൂശേട്ടെ നിന്നെ വിളിക്കുന്നു" എന്നും പറഞ്ഞ് മധുപ്പാന്‍ ആ ശബ്ദം അങ്ങോട് മാക്സിമത്തിലാക്കും, ശരിക്കും ഭിത്തി കിടുങ്ങുംപോലെ  ഇത് കേള്‍ക്കുമ്പോഴേ എനിക്ക് വീണ്ടും അരിശം കേറുമല്ലോ.. പിന്നെ ഒരു പിണങ്ങിക്കരച്ചിലിന് വേറൊന്നും വേണ്ട (അഞ്ചാറേഴെട്ട് വയസേ ഉള്ളൂട്ടാ) - അമ്മൂമ്മയോ അച്ഛനോ ഒക്കെ പിന്നാലെ വന്ന് "എടാ അവളെ വെറുതേ വിടടാ, കളിയാക്കാണ്ടേ" എന്ന് പറയുംവരെ മധുപ്പാന്‍ ഒരു വിജയച്ചിരിയുമായി അവിടെത്തന്നെ നില്‍ക്കും. എനിക്കാണേല്‍ ആ ചിരിയ്ക്കിട്ട് ഒരു പെന്‍സില്‍ എടുത്തൊരു കുത്ത് കൊടുക്കാനും തോന്നും!

ഇപ്പോഴും മധുപ്പാന്‍ എന്‍റെ most ഫേവറിറ്റ് ആണ്... മനസുകൊണ്ട് കുട്ടിയായിപ്പോകുന്ന അപൂര്‍വം ഇടങ്ങളിലൊന്ന് - പക്ഷേങ്കി ആള് ഇപ്പോള്‍ എന്നെ അന്നത്തെപ്പോലെ ദേഷ്യം പിടിപ്പിക്കാന്‍ കളിയാക്കാറില്ല, എല്ലാവര്‍ക്കും വയസായിലോ - പഴയ ആ ശുണ്ഠിക്കാലം എത്ര രസമാണെന്നോ മധുപ്പാ!

------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

4 comments:

  1. ആ പഴയ ആ ശുണ്ഠിക്കാലവും മധുപ്പാനും ഓർമ്മിക്കുവാൻ ഒരു പാട്ടും 

    ReplyDelete
  2. 'കൊച്ചു പരിഷ്കാരി, എടീ മൂടിയലങ്കാരീ' നല്ല കാര്യം ഇപ്പോ ചിരി വരുന്നല്ലേ!
    ആശംസകൾ

    ReplyDelete
  3. കൊച്ചു പരിഷ്ക്കാരി, എടീ,മൂടിയ ലങ്കാരീ..... പിന്നല്ലാണ്ട്, ഇപ്പോ ചിരി വരാതിരിക്ക്യോ!
    ആശംസകൾ

    ReplyDelete
  4. പാട്ട് കേട്ടാൽ തന്നേ ചിരി വരും.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)