Monday, June 10, 2013

ഒരരുവി പുനര്‍ജ്ജനിക്കുമ്പോള്‍.....

മണ്ണും മനുഷ്യനും വെള്ളത്തിനായി കേഴുന്ന ഈ കാലത്തെ ഏറ്റവും വലിയ വാര്‍ത്ത ഒരു ജലസ്രോതസ്സ് പുനര്‍ജ്ജനിക്കുന്നത് തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്പ് വറ്റിപ്പോയ ഒരു നീരുറവ മണ്ണിനെ സ്നേഹിക്കുന്ന 2 മനുഷ്യരുടെ ചിന്തയുടെയും പ്രവര്ത്തിയുടെയും ഫലമായി പുതു നാമ്പുകള്‍ മുളപ്പിച് ഒഴുകി തുടങ്ങുന്നു.

       പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയില്‍ ഇന്ന് സാരന്ഗ് ഹില്സ് എന്നറിയപ്പെടുന്ന പ്രദേശം ഏകദേശം  30 വര്‍ഷങ്ങള്‍ക്കു മുന്പ് ഗോപാലകൃഷ്ണന്‍ മാഷിനും വിജയലക്ഷ്മി ടീചെറിനും കിട്ടുമ്പോള്‍ അനാരോഗ്യകരമായ കൃഷി രീതികളുടെ ഫലമായി ഉത്പാദന ശേഷി നഷ്ടപെട്ട രീതിയിലായിരുന്നു. സമതല പ്രദേശങ്ങളില്‍ ഫലവത്തായ കലപ്പ ഉപയോഗിച്ചുള്ള കൃഷി രീതി മലഞ്ചരിവ് ആയ അട്ടപ്പാടിയിലും  പ്രയോഗിച്ചതിന്റെ പരിണിത ഫലമായി മേല്മണ്ണ് നഷ്ടപ്പെട്ട് കൃഷി യോഗ്യം അല്ലാതെ ആയി. സ്വാഭാവികമായി ഒരു നീര്‍മറി പ്രദേശം (മൂന്നു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട, ‘റ’ ആകൃതിയിലുള്ള പ്രദേശം)  ആയിരുന്ന ഇവിടെ നില നിന്നിരുന്ന ജല സ്രോതസ്സുകള്‍ വറ്റി വരളുകയും സമീപത്തുള്ള ജീവജാലങ്ങള്‍ക്ക് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയുമായി.

കൃഷി എന്ന ജീവന മാര്‍ഗ്ഗത്തിലേക്ക് ജലം എന്ന അത്യാവശ്യ സ്രോതസ് ലഭ്യമല്ലാതെ വന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ പുനരുജ്ജീവനം (energy regeneration) എന്ന മാര്‍ഗം അവര്‍ ചിന്തിക്കാന്‍ തുടങ്ങി. ലഭ്യമായ ഊര്‍ജ്ജത്തെ സംരക്ഷിക്കാം, പക്ഷെ നശിച്ചു പോയതിനെ പുനര്ജീവിപ്പിക്കുക എന്ന ദൌത്യം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. സ്വാഭാവികമായ വനം വളര്‍ന്നു വരാനുള്ള കാല ദൈര്‍ഘ്യം , മേല്‍മണ്ണ് നഷ്ടപ്പെട്ട ഭൂമി, നശിച്ചു കൊണ്ടിരുന്ന സൂക്ഷമ ജീവികള്‍ (മൈക്രോ ഓര്‍ഗാനിസം) .കാലം എന്ന ക്ഷമയില്‍ പ്രകൃതി എന്ന ആത്യന്തികമായ സത്യത്തില്‍ വിശ്വസിച് മാഷും ടീച്ചറും തങ്ങളെ കൊണ്ട് ചെയ്യാന്‍  കഴിയുന്ന കാര്യങ്ങള്‍ ചെയ്തു - ഈര്‍പ്പം തങ്ങി നില്ക്കാന്‍ മണ്ണിനു കരിയിലകള്‍ കൊണ്ട് പുതയിടുക,അല്‍പ്പമെങ്കിലും മഴവെള്ളം ശേഖരിക്കപ്പെടാനായി മഴക്കുഴികള്‍ കുഴിക്കുക, വെള്ളത്തിന്റെ ഉപയോഗം അത്യാവശ്യത്തിനു മാത്രമാക്കുക, മുളകള്‍ പോലുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയിലെ മരങ്ങള്‍ നടുക, ചെറിയ പൊന്തകളായി വളരുന്ന ചെടികളെ ആടുമാടുകള്‍ നശിപ്പിക്കാതെ സൂക്ഷിക്കുക.
                ഒടുവില്‍ വര്‍ഷങ്ങളുടെ ശ്രമ ഫലമായി പ്രകൃത്യാലുള്ള മരങ്ങള്‍ അവിടെ വളരാന്‍ തുടങ്ങി, മണ്ണില്‍ ഈര്‍പ്പം തങ്ങി നിന്ന് സൂക്ഷ്മ ജീവികള്‍ ഉണ്ടാകാന്‍ തുടങ്ങി, പതിയെ പതിയെ പണ്ടെന്നോ വറ്റിപോയ ഒരു ഉറവ അവിടെ ജീവശ്വാസം എടുക്കാന്‍ തുടങ്ങി.... ആദ്യമാദ്യം ഒരു ചെറിയ നീര്‍ച്ചാല്‍ ആയി രൂപപ്പെട്ട ആ ഉറവ വേനല്‍ക്കാലത്ത് പിന്നെയും വറ്റി . പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ മഴക്കാലത്ത് നിറഞ്ഞു ഒഴുകുന്ന നീരുറവ ആയും വേനല്‍ക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളമായും മാറി. 1982 ലെ കടുത്ത വരള്‍ച്ചയ്ക്ക് ശേഷം 2013 ല്‍ മറ്റൊരു വരള്‍ച്ചയ്ക്ക് കേരളം സാക്ഷ്യം വഹിക്കുമ്പോള്‍ നന്മയുടെ ഉള്‍ക്കരുത്ത് കൊണ്ട് പ്രകൃതിയില്‍ നിന്ന് തിരികെ നേടിയെടുത്ത ഈ  ഉറവ ഇന്നും വറ്റാതെ ഒഴുകുന്നു.
 
            
 

 കേരളത്തിലെ ജല ദൌര്‍ലഭ്യം ഒരു പരിധി വരെ പരിഹരിക്കാന്‍ ഗോപാലകൃഷ്ണന്‍ മാഷും ടീച്ചറും മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകള്‍ നമുക്ക് കണ്ടില്ലെന് നടിക്കാന്‍ ആകില്ല. മുറ്റം വരെയും ടൈല്‍സ് ഇട്ടു നിറയ്കുമ്പോള്‍ ആറ്റുനോറ്റ് കിട്ടുന്ന മഴയ്ക്ക് നമ്മുടെ മണ്ണിലേക്ക് ഇറങ്ങാനുള്ള സുഷിരങ്ങള്‍ അടയുന്നു എന്ന സത്യം, എല്ലാ ചെമ്മണ്‍ പാതകളും സൌകര്യപ്രദമായ രീതിയില്‍ ടാര്‍ ഇടുമ്പോള്‍ മണ്ണിലെ പ്രകൃത്യാലുള്ള ഈര്‍പ്പം നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ്, റൂഫ് വാട്ടര്‍ ഹാര്‍വെസ്ടിംഗ് അഥവാ മേല്‍ക്കൂരയിലെ മഴവെള്ളം ശേഖരിച്ചു സംഭരിക്കുക എന്ന ഏറ്റവും എളുപ്പവും പ്രായോഗികവും ആയ വഴി, പുതിയ വീടുണ്ടാക്കുമ്പോള്‍ കാര്‍ പോര്ച്ചുണ്ടാക്കുന്നതിനും മുന്‍പേ ആഴത്തിലൊരു മഴക്കുഴി (മഴവെള്ള ടാങ്ക്) എന്ന മുന്നൊരുക്കം. അടുത്ത മഴ പെയ്യുമ്പോള്‍ എങ്കിലും നമുക്ക് വരും വേനലിലെക്കായി കുറച്ചു തുള്ളികള്‍ ശേഖരിച്ചു വെയ്ക്കാം...
 
                   
            (സാരന്ഗ് ഹില്സിലെ  ഇപ്പോഴത്തെ സ്വാഭാവിക വനം )
 
 മഴവെള്ള സംഭരണം, റൂഫ് വാട്ടര്‍ ഹാര്‍വെസ്ടിംഗ് ഇതിനെ കുറിച്ചൊക്കെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോപാലകൃഷ്ണന്‍ മാഷിനെ  9446239429  /sarangfamily@gmail.com ബന്ധപ്പെടാവുന്നതാണ്


 

18 comments:

  1. ഇന്ന് വായിച്ച നാലു ബ്ലോഗുകളിലും പ്രകൃതിയെ സംബന്ധിച്ച വിഷയങ്ങളായിരുന്നു.മറ്റുള്ളവയില്‍ പ്രകൃതിയെ ദ്രോഹിക്കുന്ന തരത്തിലുള്ളതായിരുന്നുവെങ്കിലും ഇതില്‍ പ്രകൃതിയെ സ്നേഹിക്കുന്ന നന്മയുടെ തിരിവെട്ടം തെളിയുന്നത് കാണാന്‍ സാധിച്ചു.മനസ്സില്‍ സന്തോഷം തോന്നി.മാഷിന്‍റെ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയാവട്ടെ!
    സദുദ്ദേശ്യത്തോടെയുള്ള കുറിപ്പിന് നന്ദി.
    ആശംസകളോടെ

    ReplyDelete
  2. @Cv Thankappan : നന്ദി സര്‍... മാഷിന്റെയും ടീചെരുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനായി , ബുദ്ധിമുട്ടാവില്ലെങ്കില്‍ ഷെയര്‍ ചെയ്യാമോ?

    ReplyDelete
  3. മുന്‍പൊരു കടല്‍ തന്നെ വറ്റിപ്പോയതിനെക്കുറിച്ച് എഴുതിയിരുന്നു. നമ്മുടെ പാരിസ്ഥിതിക നഷ്ടങ്ങളെക്കുറിച്ച് നമുക്ക് ബോധ്യം വരാന്‍ അതിന്റെ അവസാനം കാണേണ്ടി വരും എന്ന് തോന്നുന്നു. ആവാന പിടച്ചിലിലെ നമ്മള്‍ തിരിച്ചറിയൂ.. ഇത്തരം സംരംഭങ്ങളെയും അതിനു അര്‍ഹിക്കുന്ന രീതിയില്‍ കാണാന്‍ നാം ശ്രമിക്കണം. ലേഖനത്തിന് നന്ദി

    ReplyDelete
    Replies
    1. നന്ദി നിസാരാ , വായനയ്ക്കും അഭിപ്രായത്തിനും. അതെ അവസാന പിടച്ചിലിലെ നമ്മള്‍ക്ക് മനസിലാകൂ... :(

      Delete
  4. പോസ്റ്റിന്റെ ഫോണ്ട് സൈസ് കുറക്കണം.
    എഴുത്ത് ശ്രദ്ധയോടെ എഡിറ്റ്‌ ചെയ്തിട്ട് പോസ്റ്റ്‌ ചെയ്യുക.
    എന്നെപ്പോലുള്ള പട്ടിണിബ്ലോഗര്‍മാരുടെ ബ്ലോഗില്‍ പോയി
    നല്ല നാല് വാക്കുകള്‍ കമന്റായി ഇടുക.

    സസ്നേഹം കണാരന്‍ (ഒപ്പ്)

    ReplyDelete
    Replies
    1. ഈ മറുപടി കണ്ണൂരാന്‍ കാണുമോ എന്നറിയില്ല, കാണുമെങ്കില്‍ -നന്ദി :). കണ്ണൂരാന്റെ "പട്ടിണി" ആദ്യകാലം വായാടിക്കും, ആളവന്താനും ഒപ്പം കണ്ടിരുന്നു :), ഇപ്പൊ ബിരിയാണി അല്ലെ-അതിനിടയില്‍ എന്തിനാ പഴങ്കഞ്ഞി വിളമ്പുന്നത് എന്നോര്‍ത്തിട്ടാ. പോസ്റ്റിന്റെ ഫോണ്ട് സൈസ് ചില വായനക്കാര് പറഞ്ഞിട്ടാ കൂട്ടിയത് (അബദ്ധം ആയോ) !! . എഴുത്തില്‍ കണ്ണൂരാന്‍ കണ്ട എഡിറ്റ്‌ ചെയ്യേണ്ട അബദ്ധങ്ങള്‍ ശ്രദ്ധിക്കാം. നന്ദി.

      Delete
  5. ഗോപകുമാര് കല്ലമ്പലംJune 29, 2013 at 12:33 PM

    നമ്മുടെ മക്കള്‍ക്കായി നാം ഫ്ളാറ്റും കാറും വാങ്ങുമ്പോള് അവര്‍ക്കായി ജലവും വായുവും കരുതുന്നവരെ നന്ദിയോടെ സ്മരിക്കാം. അകലെയെങ്കിലും മനസ്സിലെ മായാത്ത പച്ചപ്പി്ന് നന്ദി, ഒപ്പം കഥാകാരിക്കും
    ഗോപന്‍ കല്ലമ്പലം

    ReplyDelete
    Replies
    1. നന്ദി :) ഈ വായനയ്ക്കും കമന്റിനും.... ജലവും വായുവും പോലും കച്ചവടവസ്തു ആക്കപ്പെടുന്ന ലോകമായി മാറുന്നു -അവിടെയാണ് മാഷുടെയും ടീച്ചെരുടെയും പ്രസക്തി :)

      Delete
  6. ഇങ്ങനെയൊരു വിഷയം നന്നായി അവതരിപ്പിച്ചതിനു നന്ദി.
    ഗോപാലകൃഷ്ണന്‍ മാഷുടെ കാര്യം പറയുന്നതിനൊപ്പം മണ്ണും മരങ്ങളെയും ജലത്തെയും സംരക്ഷിക്കാനുള്ള കുറച്ചു പ്രായോഗികമായ നിര്‍ദേശങ്ങളും ഒക്കെ ആവാമായിരുന്നു.

    പിന്നെ ഫോട്ടോ വളരെ ചെറുതും ഫോണ്ട് വലുതും ആയിപ്പോയി.

    ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന നിരക്ഷരന്റെ ഒരു ബ്ലോഗ്‌ ലിങ്ക് ഇവിടെ കൊടുക്കുന്നു...വായിച്ചില്ലെങ്കില്‍ വായിക്കണം.
    http://chilayaathrakal.blogspot.in/2013/03/blog-post.html
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഷൈജു ഇതിപ്പോഴാ കണ്ടത് !! ഒരു ഓണ്‍ലൈന്‍ പേപ്പറില്‍ പബ്ലിഷ് ചെയ്തതാണ്- ഫോട്ടോയുടെ വലുപ്പം അത് കൊണ്ട് തന്നെ മാറ്റീല്ല പിന്നെ (മടി !). നിരക്ഷരന്റെ ബ്ലോഗ്‌ വായിച്ചു ട്ടോ...

      Delete
  7. ഒരു പുഴയ്ക്കു ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകും .ഒരുപാട് ചരിത്രം. മറയുന്ന ചിത്രങ്ങളിലേക്ക് കൂട്ടികൊണ്ടുപ്പോയി തിരിച്ചറിവുകള്‍ നല്‍കുന്ന എഴുത്ത് തുടരുക. ഇപ്പോഴാണ് എല്ലാം നോക്കുനത്.

    ReplyDelete
    Replies
    1. :) കണ്ടല്ലോ ,വായിച്ചല്ലോ അതിലാണ് കാര്യം കാത്തീ. നന്ദി :)

      Delete
  8. Anuradha & Gauthams sarang. Anuradha is my friend. :)

    ReplyDelete
  9. Anu & gouthams sarang. Anuradha is my friend. :)

    ReplyDelete
    Replies
    1. നന്ദി യാമിനീ... ഞാന്‍ അനുരാധയുടെ fb പേജില്‍ കണ്ടിരുന്നു - :). പിന്നീടു അത് ചോദിയ്ക്കാന്‍ വിട്ടുന്നു മാത്രം .

      Delete
  10. നല്ല പോസ്റ്റ്‌ ..നല്ല ഒരു കാര്യം വായിച്ച സന്തോഷം .. നന്ദി ആർഷ ഈ പരിചയപ്പെടുത്തലിന്

    ReplyDelete
  11. ജല ദൌര്‍ലഭ്യം ഒരു പരിധി വരെ പരിഹരിക്കാന്‍ ഉതകുന്ന നല്ലൊരു ബോധവൽക്കരണമാണല്ലൊ ഇവിടെ ചൂണ്ടികാണിച്ചിരിക്കുന്നത്..നല്ല ഉദ്യമം കേട്ടൊ ആർഷ

    ReplyDelete
    Replies
    1. :) ഇവരെക്കുറിച്ച് നേരത്തെ കേട്ടിരുന്നു എങ്കിലും ഈ നീരുറവയെ കുറിച്ച് കേട്ടപ്പോള്‍ വളരെയധികം സന്തോഷവും, ഇഷ്ടവും, ആദരവും തോന്നി . നന്ദി

      Delete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)