Sunday, February 9, 2020

'എണ്ണക്കറുപ്പിന്നേഴഴക് , എൻ കണ്മണിക്കോ നിറയഴക് '

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1998 -2000
ഈ പാട്ട് ഞാൻ കേൾക്കുന്നത് ഈ കാലഘട്ടത്തിനും മുന്നേയാണ്, 'മേരി ആവാസ് സുനോ' സ്ഥിരമായി കണ്ടിരുന്നതുകൊണ്ട് ഗായകനും സുപരിചിതൻ. പ്രദീപ് സോമസുന്ദരത്തിൻ്റെ ശബ്ദത്തിൽ ഇറങ്ങിയ ഈ പ്രണയാതുര ഗാനം ഞങ്ങളുടെ വീട്ടിലെ ഒരു സ്ഥിരം ഉറക്കെപ്പാടൽ പാട്ടായിരുന്നു എന്ന് പറയാം. അദ്ദേഹം മലയാളം സിനിമാലോകത്തെ ഒരു അവിഭാജ്യഘടകമാകുമെന്നൊക്കെ ഞങ്ങൾ അന്ന് ആ പ്രോഗ്രാം കാണുമ്പോൾ കരുതിയിരുന്നു നിനക്കായി എന്ന ഈസ്റ്റ് -കോസ്റ്റ് ആൽബത്തിലെ എല്ലാ പാട്ടുകളും റെക്കോർഡ് ചെയ്ത ഒരു കാസറ്റ് ഞങ്ങളുടെ വീട്ടിലുണ്ടായിരുന്നു .. പിന്നീട് 'ആദ്യമായി' ഇറങ്ങിയപ്പോഴും 'ഓർമ്മക്കായി' ഇറങ്ങിയപ്പോഴുമൊക്കെ ചേട്ടന്മാർ പാട്ടുകൾ റെക്കോർഡ് ചെയ്യിപ്പിച്ചു കൊണ്ടുവന്നെങ്കിലും 'നിനക്കായി' എന്തുകൊണ്ടോ അന്നുമിന്നും കൂടുതൽ പ്രിയമായി നിൽക്കുന്നു.

ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ സ്ഥിരമായി എനിക്ക് ഡെഡിക്കേറ്റ് ചെയ്യപ്പെട്ടിരുന്ന പാട്ടുകൾ (കളിയാക്കിയിരുന്നു എന്ന് വരികൾക്കിടയിൽ വായിക്കുക) - തീരെ കുഞ്ഞായിരുന്നപ്പോൾ (LP ക്ലാസ്) 'കാക്കത്തമ്പുരാട്ടി, കറുത്ത മണവാട്ടി' എന്ന സത്യൻപാട്ടും, കുറച്ചൂടെ മുതിർന്നപ്പോൾ 'കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ' എന്ന മോഹൻലാൽ പാട്ടുമായിരുന്നു. ക്‌ളാസിൽ അന്താക്ഷരി കളിച്ചാൽ 'ക' എന്നൊരക്ഷരം വന്നാൽ അപ്പോൾ ചെക്കന്മാർ ഈ പാട്ടുകൾ പാടും, തീരുന്നത് എന്നെനോക്കിയൊരു കൂക്കിവിളിയോടെയാണ്, ആംഗ്യത്തിലൂടെ പാട്ട് കണ്ടുപിടിക്കേണ്ട സമയമാണെങ്കിലോ ഇവന്മാർ ഒരു ദയയുമില്ലാതെ എന്നെ ചൂണ്ടും, അപ്പൊത്തന്നെ പാട്ടെല്ലാർക്കും പിടി കിട്ടുമല്ലോ! ഒന്നുകിൽ അത് അല്ലെങ്കിൽ ഇത് ..രണ്ടും വിട്ടൊരു കളിയില്ല! - അവരെ കുറ്റം പറയാനൊക്കില്ല കേട്ടോ,എതിർവശത്തെ ടീം ലീഡർ ഞാനാണല്ലോ പിടിച്ചുനിൽക്കാൻ എന്തുംചെയ്യുന്ന സമയം! ക്‌ളാസിൽ ജയിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ മാർഗം ഇച്ചിരി ബോറാണെങ്കിലും കുഴപ്പമില്ല എന്നതിൽ വിശ്വസിച്ചുകൊണ്ടും, എൻ്റെ തൊലിക്കട്ടിയെക്കുറിച്ചു നല്ല ബോധ്യമുള്ളതുകൊണ്ടും ആയിരിക്കണം കൂട്ടുകാർ ഇത് സ്ഥിരമാക്കിയിരുന്നത്. (എൻ്റെ ആയിരത്തോളം ചെല്ലപ്പേരുകൾ എൻ്റെ നിറം വെച്ചാണെന്നുകൂടി പറയാതെ നിവർത്തിയില്ല - 'കറുമ്പി'യിൽ തുടങ്ങി 'ബ്ലാക്കി'യിൽ വന്നു നിന്നവ.. ഇപ്പോഴും എന്നെ അങ്ങനെ വിളിക്കുന്ന പ്രിയപ്പെട്ടവരുണ്ട്  )

ആ രണ്ടുപാട്ടുകളിൽ നിന്ന് മോചനം കാത്തിരുന്ന എനിക്ക് 'നിനക്കായി' ലെ ഈ പാട്ടു കേട്ടപ്പോൾ വളരെയധികം ബോധിച്ചു. 'നല്ലോണം കലക്കി' ഒരു ഗ്ലാസ് കൂടി തന്നോളൂ വിജയേട്ടാ എന്ന് ശ്രീ ഈസ്റ്റ്കോസ്റ്റ് വിജയനോട് പറഞ്ഞാലോ എന്നുപോലും ഓർത്തു! അത്രയ്ക്ക് മനോഹരമായല്ലേ എണ്ണക്കറുപ്പിനെ ഇതിൽ വിവരിച്ചിരിക്കുന്നത്. പക്ഷേ, പാട്ടിറങ്ങിയിട്ട് മാത്രം കാര്യമില്ലലോ - ആരേലും എന്നെ ഇത് വെച്ച് കളിയാക്കണ്ടേ, എന്നാലല്ലേ അത് എനിക്കൂടി വേണ്ടിയുള്ള പാട്ടാണെന്നു തോന്നൂ! പക്ഷേ, നിറയഴക് എനിക്ക് മാത്രം തോന്നിയാൽ പോരല്ലോ ആരും ഈ പാട്ട് പാടിയില്ല - ചുറ്റിക്കറങ്ങി ഞാൻ കാക്കത്തമ്പുരാട്ടിയിലും, കറുത്ത പെണ്ണിലും തന്നെ എത്തിപ്പെട്ടു.

സ്‌കൂൾ ജീവിതം കഴിഞ്ഞു ഫാത്തിമയിൽ എത്തി. ഒരേ ക്‌ളാസിൽ ഇരുന്നു പഠിക്കുന്നവർ രണ്ടാം ഭാഷയുടെ ക്‌ളാസിനു മാത്രമാണ് പലപല ക്‌ളാസുകളിലേക്ക് പോകുക. സെക്കന്റ് ലാംഗ്വേജ് മലയാളം, ഹിന്ദി, ഫ്രഞ്ച് - നമുക്ക് തിരഞ്ഞെടുക്കാം. ഹിന്ദി, മലയാളത്തിനേക്കാൾ മാർക്ക് കിട്ടാൻ എളുപ്പമാണ്, ഫ്രഞ്ച് അതിനേക്കാൾ എളുപ്പവും. ഞാൻ ആദ്യം ചേർന്നത് ഫ്രഞ്ചിനാണ്‌ - അച്ഛൻ പറഞ്ഞത് പുതിയ ഒരു ഭാഷ പഠിക്കാമല്ലോ എന്നാണ്. ഒരു ക്‌ളാസിൽ പോയി ഞാൻ മതിയാക്കി - കൂടെയുണ്ടായിരുന്ന എല്ലാവരും ഫ്രഞ്ച് ട്യൂഷന് പോകുന്നവർ, ഞങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടൂല്ല എന്നുള്ളത് കൊണ്ട് ഞാൻ സെക്കന്റ് ലാംഗ്വേജ് മാറ്റത്തിനു എഴുതിക്കൊടുത്തു (ഇന്ന് എനിക്കതിൽ ഖേദമുണ്ട്! അന്ന് ഫ്രഞ്ച് പഠിക്കാമായിരുന്നു ....) അമ്മ പറഞ്ഞത് ഹിന്ദി എടുക്കാനാണ്, എനിക്ക് മലയാളം വിട്ടൊരു കളിയില്ല! പ്രീഡിഗ്രി കഴിഞ്ഞാൽ മലയാളം എടുത്തുപഠിക്കാൻ സാദ്ധ്യതയില്ലാത്തത് കൊണ്ട് എനിക്ക് അക്കൊല്ലം എങ്കിലുംമലയാളം പഠിക്കണമെന്ന ആഗ്രഹത്തിലാണ് ഞാൻ. അങ്ങനെ ഞാൻ എന്റെ പ്രിയപ്പെട്ട മലയാളം ക്‌ളാസിൽ എത്തിപ്പെട്ടു. ഫാത്തിമയിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്ന രണ്ടു ഡിപ്പാർട്മെന്റുകൾ - ഇംഗ്ലീഷും മലയാളവും ആണ്! എന്റെ സ്വന്തം ഗാങ്ങിൽ ആരുമില്ല മലയാളത്തിന് - എല്ലാവരും ഹിന്ദിക്കാർ!

മലയാളം ക്‌ളാസിൽ ചെന്നപ്പോൾ മൂന്നുപേരെ കൂട്ടുകിട്ടി, അവരും എന്റെ ക്ലാസിൽ തന്നെയാണ് - രഞ്ജിനി, സ്നിഗ്ദ്ധ, ട്വിങ്കിൾ ഫ്രാൻസിസ്! ഇവര് മൂന്നാളും ഏകദേശംഒരേ സ്ഥലത്തുന്നു വരുന്നവരായിരുന്നു. പൊതുവെ അധികം ആരോടും മിണ്ടാത്ത ചിരിക്കുന്ന സുന്ദരി രഞ്ജിനി - സ്ഥിരമായി പടപ്പക്കര ബസിൽ വന്നിരുന്ന അവളെ ഞങ്ങൾ പടപ്പക്കരേന്നു നീട്ടിവിളിച്ചു സ്നേഹിച്ചു- എന്റെ കല്യാണത്തിന് തലേദിവസമാണ് അവസാനം കണ്ടത്. സ്നിഗ്ദ്ധ - ഈ പേരിൽ മറ്റൊരാളെ എനിക്ക് അറിയില്ല, കുറുമ്പ് വർത്തമാനങ്ങൾ കയ്യിലുണ്ടായിരുന്ന ഒരു കുറുമ്പിപ്പെണ്ണ് - പ്രീഡിഗ്രിക്ക് ശേഷം നഴ്സിങ്ങിന് പോയ ആളെക്കുറിച്ചു പിന്നെ നോ വിവരം. മൂന്നാമത്തെയാളാണ് 'ട്വിങ്കി' എന്ന ട്വിങ്കിൾ, കണ്ടാലൊരു തൊട്ടാവാടി, മിണ്ടാപ്പൂച്ച എന്നൊക്കെ തോന്നുന്ന ആൾ -പക്ഷേ കുറിക്ക് കൊള്ളുന്ന കൗണ്ടറുകൾ പറയാൻ മിടുക്കി! ആളും രണ്ടു ചേട്ടന്മാർക്ക് ഒരേയൊരു അനിയത്തി ആണ്, എന്നെപ്പോലെ. നീണ്ടുമെലിഞ്ഞു മുട്ടുവരെ നീളുന്ന കട്ടിയുള്ള മുടിയുള്ള കുട്ടിയായിരുന്നു ട്വിങ്കി. മൂന്നുപേരിൽ ട്വിങ്കിയുമായിട്ടാണ് ഞാൻ ഏറ്റവും കൂട്ടായത്. പ്രീഡിഗ്രി കഴിഞ്ഞവൾ കമ്പ്യൂട്ടർ ഡിപ്ലോമയ്ക്ക് പോയി, പിന്നെ പട്ടാളക്കാരനെ കെട്ടി നോർത്ത് ഇന്ത്യയിലേക്ക് എവിടെയോ പോയപ്പോൾ ഞങ്ങളുടെ ബന്ധം മുറിഞ്ഞു. വീണ്ടും കൂട്ടിക്കെട്ടിയത് എന്റെ കല്യാണസമയമായപ്പോളാണ്. പിന്നെയുമുള്ള കുറേവർഷങ്ങളിൽ വീണ്ടും മുറിഞ്ഞു പോയ ബന്ധം എന്നെ FB യിൽ തപ്പിക്കണ്ടുപിടിച്ച്‌ മെസ്സേജ് അയച്ചത് അവളാണ്, മൂന്നാലു കൊല്ലം മുൻപ്. ഇപ്പോൾ ആളെ കാണാനില്ല വീണ്ടും എന്ന് പറഞ്ഞാൽ അവളെന്നെ തട്ടും - ഇതുവായിക്കുന്ന നിന്നോട് , അതുകൊണ്ട് നാളെത്തന്നെ നിന്നെ ഞാൻ വിളിക്കുന്നതാണ്!

അപ്പോ ട്വിങ്കിൾ എങ്ങനെ ഈ പാട്ടോർമയായി എന്ന് ചോദിച്ചാൽ - അവളാണ് ആദ്യം പറഞ്ഞത്, ഇത് കേൾക്കുമ്പോൾ ഇതിന്റെ വരികൾ കേൾക്കുമ്പോൾ അത് നിനക്കുവേണ്ടി എഴുതിയതാണെന്ന് തോന്നാറുണ്ട് എന്ന്! ആദ്യ വരി മാത്രമല്ല - വാശിക്കാരി , കുസൃതിക്കാരി, തൊട്ടാവാടി എന്നുള്ളതെല്ലാം ചേർത്ത് എന്നവൾ കൂട്ടിച്ചേർത്തപ്പോൾ ഞാനവളോട് പറഞ്ഞു, വേറാരും...ഈ ദുനിയാവിൽ വേറാരും പറയൂല്ല നീയിപ്പോൾ പറഞ്ഞത്! പക്ഷേ, ശരിയാണ് അത്രയേറെ അടുത്തവരോട് ഞാൻ വാശി കാണിക്കാറുണ്ട്, പിണങ്ങാറുണ്ട് ... (ഒരുപക്ഷേ നമ്മളെല്ലാം അങ്ങനെയല്ലേ?) പക്ഷേ, എന്റെയീ സ്വഭാവം കാണണമെങ്കിൽ അത്രമേൽ അടുക്കണം! ഈ പാട്ടിപ്പോൾ വർഷങ്ങൾക്ക് ശേഷമാണു ഞാൻ വീണ്ടും കേൾക്കുന്നത് - ഓർമയിൽ ട്വിങ്കി മാത്രം, നീളൻ മുടി നടുവിൽ പകുത്ത് കുളിപ്പിന്നൽ പിന്നിയിട്ട ട്വിങ്കിൾ ഫ്രാൻസിസ്!

------------------------------------------------------------------------------------------------------------------------------------------


#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

9 comments:

  1. ചേച്ചി... nostalgia at its peak... ❤️❤️

    ReplyDelete
  2. കറുപ്പിനഴക്.....
    നല്ല ഗാനങ്ങൾ
    ആശംസകൾ

    ReplyDelete
  3. ഞാൻ ഇന്നലെയും കൂടി ഈ പാട്ട് യൂട്യൂബിൽ കേട്ടു ...
    ആത്മവിശ്വാസം കുറയുമ്പോൾ ഈ പാട്ട് കേൾക്കും ... അപ്പോ ഒരു സമാധാനാ ...
    ആരും പറയില്ലെങ്കിലും സ്വയം കേട്ട് സമാധാനിക്കാമല്ലോ.... 🙃🙃🙃
    കറുത്ത പെണ്ണേ ആണ് ഏറ്റവും കൂടുതൽ കമെന്റടി കിട്ടിയിട്ടുള്ള പാട്ട്....!!

    ReplyDelete
  4. ഞാൻ കേട്ടിട്ടില്ല. കേട്ടു നോക്കട്ടെ.

    ReplyDelete
  5. കേട്ടു. ഒരു സുഖവും തോന്നിയില്ല.

    ReplyDelete
    Replies
    1. വെളുപ്പിനെ സ്നേഹിക്കുന്നവർക്ക് കറുപ്പിലെ സൗന്ദര്യം കണ്ടെത്താൻ കഴിയില്ല ... 🤭🤭🤭🤭
      🏃‍♀️🏃‍♀️🏃‍♀️🏃‍♀️

      Delete
  6. മേല്പറഞ്ഞ പാട്ടുകളോട് ഇഷ്ടം തന്നെ. ആർഷയോളം ആത്മവിശ്വാസം ഇല്ലാതിരുന്ന പലർക്കും ഇത്തരം പാട്ടുകളും കളിയാക്കലുകളും ഒരുപക്ഷെ വേദനയായിരിക്കും നല്കിയിട്ടുണ്ടാകുക. കറുപ്പിനെ ഒരു കുറവായി കാണുന്ന വികലമായ പൊതുബോധം ആണ് അത്തരം ഒരു വേദന കുട്ടികൾക്ക് നൽകുന്നതു...നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ കണ്ടിഷൻഡ് ആണ്. Refined ആയിക്കൊണ്ടിരിക്കുന്ന മനസ്സുകൾക്കെ അതിനെ അതിവർത്തിക്കാനും ഓരോ വ്യക്തിയെയും അവരുടെ സമഗ്രതയിൽ കണ്ടു കൊണ്ട് ആ സൗന്ദര്യം ഉൾക്കൊള്ളാനും പറ്റുകയുള്ളു..അങ്ങനെയുള്ള സംസ്കൃത ചിത്തർ കൂടി വരുന്നൊരു ആധുനിക കാലത്താണ് നമ്മൾ എന്നത് സന്തോഷം പകരുന്നു ❤️

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)