Monday, January 22, 2018

ഞാനും ഒരു ജിമിക്കിക്കമ്മലും!

ചില നേരങ്ങളിൽ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന അത്രമേൽ പ്രത്യേകത ഒന്നും  ഇല്ലാത്ത ചില വാക്കുകൾ, വാചകങ്ങൾ വർഷങ്ങൾക്ക് ശേഷവും  ഓർത്തുവെക്കുന്ന ഒരു ഭ്രാന്തൻ സ്വഭാവമുണ്ടെനിക്ക്. പലപ്പോഴും പറഞ്ഞവരും കൂടെ കേട്ടവരുമൊക്കെ മറന്നുപോയിട്ടുണ്ടാകും, അങ്ങനെയൊന്നു കാര്യം നടന്നുവെന്നത് തന്നെ. പണ്ടുപണ്ടൊരു സ്‌കൂൾ യുവജനോത്സവസമയത്ത് നടന്നൊരു കഥയാണ് ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് - അന്ന് രണ്ടു പേർ പറഞ്ഞ രണ്ടു വ്യത്യസ്ത വാചകങ്ങൾ..ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടുവാചകങ്ങൾ!

മൂക്കില്ലാരാജ്യത്തെ മുറിമൂക്കുള്ള രാജാവായിരുന്നു  സ്‌കൂൾക്കുട്ടിയായിരുന്നപ്പോൾ - പഠിക്കുമെന്ന ഒറ്റക്കാരണം കൊണ്ട് എല്ലായിടത്തും വിലസിനടന്നിരുന്ന ഞാൻ, കലാപരമായ കഴിവുകൾ അധികമൊന്നും ഇല്ലെങ്കിലും തൊലിക്കട്ടി മാത്രം കൊണ്ട് ഒട്ടുമിക്ക  പരിപാടികളിലും കൊണ്ട്  തല വെക്കുമായിരുന്നു... പദ്യപാരായണം മുതൽ ലളിതഗാനം വരെ, നാടോടിനൃത്തം മുതൽ മോണോ ആക്ട് വരെ...എന്തിനു പറയുന്നു ആളെക്കിട്ടിയില്ലെങ്കിൽ സംഘഗാനം വരെ ഒറ്റയ്ക്ക് പാടുന്ന ടൈപ്പായിരുന്നു ഞാൻ. പിന്നെ കുറേയേറെക്കാലം കഴിഞ്ഞു ബോധം വെച്ചപ്പോഴാണ് പണ്ട് പാട്ടുപാടി ആൾക്കാരെ ദ്രോഹിച്ചതിന്റെ ആഴമൊക്കെ മനസിലായത്. കൊച്ചുകുഞ്ഞിന്റെ വികൃതികളായിക്കണ്ട്  എല്ലാവരും എന്നോട് ക്ഷമിച്ചിട്ടുണ്ടാകും എന്ന് ആശ്വസിക്കാം. 

അങ്ങനെയുള്ള ഒരു സ്‌കൂൾകലോത്സവകാലം. ആകെമൊത്തം ടോട്ടൽ രണ്ടു ദിവസവും കൂടി 15-17 ഇനങ്ങൾക്ക് പേര് കൊടുത്തിട്ടുണ്ട്. മാത്രവുമല്ല മറ്റു ചിലരെ സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്. ജഗ-പൊഗ മട്ടിൽ അങ്ങോളം ഇങ്ങോളം ഓടിനടക്കുകയാണ് ഞാനും കൂട്ടുകാരുമൊക്കെ. അങ്ങനെ ആശയപരവും,സാങ്കേതികപരവുമായ  സഹായം ചെയ്തുകൊടുക്കാമെന്ന് ഏറ്റിരുന്ന ഒരു ഐറ്റം ആയിരുന്നു ഫാൻസി ഡ്രസ്സ് മത്സരം. മത്സരാർത്ഥി ചേട്ടന്മാരുടെ സുഹൃത്തിന്റെ അനിയത്തിയാണ് - തല്ക്കാലം നമുക്കവളെ ഹസീന എന്ന് വിളിക്കാം. ചേട്ടന്മാരുടെ സുഹൃത്ത് സുന്ദരിയായ പെൺസുഹൃത്ത് ആയതുകൊണ്ടാണോ എന്നറിയില്ല രണ്ടാളുടെ വകയും റെക്കമെന്റേഷൻ ഉണ്ട് സഹായിച്ചുകൊടുക്കണം എന്ന്. ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞാനാണ് ട്ടാ  എട്ടാം ക്ലാസുകാരിയായ മത്സരാർത്ഥിയെ  സഹായിക്കാൻ പോകുന്നത്. ആ കൊച്ചാണേൽ പ്രച്ഛന്നവേഷ മത്സരത്തിന് മുൻപുള്ള ഏതോ ഡാൻസിനുണ്ട്. അത് കഴിഞ്ഞിട്ട് വേണം 'ഭാരതമാതാവ്' ആകാൻ. ഐഡിയ ഒക്കെ പറഞ്ഞുകൊടുത്തു, ഡ്രസ്സ് അവര് തന്നെ കൊണ്ട് വന്നിട്ടുണ്ട്, ദേശീയ പതാക ഒപ്പിച്ചുകൊടുത്തു. ഇനി ചെയ്യാനുള്ളത് ആ കുട്ടിയുടെ മത്സരത്തിന്റെ സമയം വരുമ്പോൾ രണ്ടു വാചകം ഭാരതാംബയെക്കുറിച്ചു പറഞ്ഞു ദേശസ്നേഹം നല്ലോണം ചാലിച്ച് രണ്ടു 'ഭാരതമാതാ കീജയ്‌ ' മൈക്കിലൂടെ വിളിക്കണം. പരിപാടി തുടങ്ങാറാവുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ട് ഞാൻ സ്റ്റേജിനു ഏറ്റവും അടുത്തുള്ള ക്ലാസ്സിലേക്ക് അടുത്ത ഐറ്റത്തിന് ഒരുങ്ങാൻ വേണ്ടി പോയി. തൊട്ടപ്പുറത്തെ മുറിയിൽ തന്നെ ഹസീനയും, എനിക്കറിയുന്ന അവളുടെ  ചേച്ചിയും ഉണ്ട്. ഹസീന ഒരുങ്ങിത്തീർന്നപ്പോഴേക്കും സ്റ്റേജിൽ പ്രശ്ചന്നവേഷമത്സരം തുടങ്ങിക്കഴിഞ്ഞു. ഓടിയിറങ്ങാൻ തുടങ്ങുമ്പോഴാണ് കാണുന്നത് ഭാരതമാതാവിൻ്റെ കാതിലെ കമ്മൽ മാറ്റിയിട്ടില്ല. ഹസീനയുടെ ചേച്ചി വേഗം അതഴിച്ചു,  ഞങ്ങൾ രണ്ടാളും ഒരേസമയം രണ്ടുവശത്തും  മാതാവിന്റെ കമ്മലിട്ടു കൊടുക്കുന്നു, നേരാംവണ്ണം മുറുക്കും മുൻപുതന്നെ അവളുടെ പേരുവിളിക്കുന്നത് കേട്ട് ഭാരതമാതാവിനെ  ഞങ്ങൾ രണ്ടാളും കൂടി രണ്ടുചെവിയിലും തൂക്കിയെടുത്തോണ്ട് സ്റ്റേജിനു നേർക്ക് ഓടുന്നു..അങ്ങനെ ആകെ ബഹളമയം! 

എങ്ങനെയൊക്കെയോ ഭാരതാംബയെ സ്റ്റേജിൽ കയറ്റി, വെപ്രാളത്തിൽ അനൗൺസ്മെന്റിനു തന്ന മൈക്ക് ഓണാക്കാതെ ഇൻട്രൊഡക്ഷൻ ഒക്കെപ്പറഞ്ഞു, തീരാനായപ്പോൾ ആരോ മൈക്ക് ഓണാക്കി - അതറിയാതെ അവസാനത്തെ 'വന്ദേമാതരം' മൈക്ക് ഇല്ലേലും ആള്ക്കാര് കേൾക്കണം എന്ന ഉദ്ദേശത്തിൽ  തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച എന്നെ ബാക്ക്‌സ്റ്റേജിൽ നിന്ന എല്ലാവരും 'ഇവളിതെന്ത് ഭാവിച്ചാ!' എന്നപോലെ നോക്കുമ്പോൾ 'ഞാനല്ല, മൈക്കാ ..മൈക്കാ എന്നെ ചതിച്ചത്' എന്ന ഭാവത്തിൽ ഞാൻ പതുക്കെ ബാക്ക് സ്റ്റേജിൽ നിന്ന് വലിഞ്ഞു. വീണ്ടും പഴയ റൂമിലെത്തി മേക്കപ്പ് - അഥവാ കരി വരയ്ക്കൽ - തുടർന്നു. 

ഹസീനയും ചേച്ചിയും അതേ റൂമിൽ വന്നു 'ഭാരത'സാരി മാറുകയാണ്. കൂട്ടത്തിൽ ' നല്ല കൈയടിയുണ്ടായിരുന്നു, ആളുകൾക്ക് ഇഷ്ടായിന്നു തോന്നുന്നു, വന്ദേമാതരം കലക്കി' ഇമ്മാതിരി കമന്ററിയുമുണ്ട്. പെട്ടെന്നാണ് ഹസീന ചേച്ചിയോട് "ഇത്താത്താ എന്റെ കമ്മലെവിടെ?" എന്ന് ചോദിക്കുന്നത്. "അത് ആർഷയുടെ കയ്യിലാന്ന്" ചേച്ചി പറയുന്നത് കേട്ട ഞാൻ എന്റെ കയ്യിലോ എന്ന് വാ പൊളിച്ച്  സ്വന്തം കയ്യിലേക്ക് നോക്കി - ശൂന്യം!  അതേത് കമ്മൽ എന്ന് ഓർക്കാൻ തന്നെ ഞാനൊരു മിനിറ്റ് സമയമെടുത്തു...  ഓർക്കുന്നുവോ, ഇച്ചിരി നേരം മുന്നേ ഭാരതമാതാവിന്റെ കമ്മലിടാൻ വേണ്ടി ഹസീനയുടെ രണ്ടുവശത്തും നിന്ന് ഞാനും അവളുടെ ചേച്ചിയും കൂടി ഒരു സെക്കന്റിന്റെ ഒരു ഫ്രാക്ഷനിൽ കമ്മലഴിക്കുകയും, ഇടുകയും, സ്റ്റേജിലേക്ക് ഓടുകയും ഒക്കെ ചെയ്തത്???  ഇതിനിടയിൽ ആദ്യം ഊരിയ സ്വർണ്ണക്കമ്മൽ ചേച്ചി എന്റെ കയ്യിൽ തന്നിരുന്നു എന്നൊരു അവ്യക്ത ഓർമ്മ മാത്രമേ എനിക്കുള്ളൂ..അതിനുശേഷം അത് ഞാൻ എവിടെയെങ്കിലും വെച്ചതോ, ആരുടെയെങ്കിലും കയ്യിൽ കൊടുത്തതോ ഒന്നും ഓർമ്മയില്ല! എന്തിന് - ഈ ചോദ്യം വരുംവരെ ആ കമ്മൽ എന്റെ കയ്യിലുണ്ടായിരുന്നു എന്നുപോലും എനിക്ക് ഓർമയുണ്ടായിരുന്നില്ല. നാട്ടിൻപുറത്തെ ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സ്വർണക്കമ്മൽ-അതെത്ര ചെറുതാണെങ്കിലും- അത്രമേൽ വലുതാണ് കുട്ടിക്ക് മാത്രല്ലാ നാട്ടുകാർക്കും! ഹസീനയുടെ കമ്മൽ കാണാനില്ല എന്നതറിഞ്ഞു വന്ന കുറച്ചു അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഒക്കെ ആ മുറിയും, മത്സരത്തിന് മുൻപ് അവർ ഒരുങ്ങാൻ നിന്ന മുറിയും സ്റ്റേജിന്റെ പുറകിലും ഒക്കെ തപ്പാൻ തുടങ്ങി. ഞാനാണേൽ ഇപ്പോൾ കരയും എന്ന മട്ടിൽ, ആരേലും തൊട്ടാൽ മതി താഴെവീഴാൻ റെഡി ആയി നിൽക്കുവാ. കമ്മൽ പോയതറിഞ്ഞാൽ ഉമ്മ അടിച്ചു സുയിപ്പാക്കുമല്ലോ എന്നോർത്തു ഹസീനയും,  എന്റെയല്ല കമ്മൽ എങ്കിലും പോയവഴിയിൽ എവിടെയെങ്കിലുംഞാൻ ഉണ്ടായാൽ മതി ആദ്യം അടിച്ചിട്ട് മാത്രം ചോദ്യം ചോദിയ്ക്കാൻ പോകുന്ന അമ്മയെ ഓർത്തു ഞാനും കരച്ചിലിന്റെ വക്കത്താണ്. ചേട്ടന്മാരെ കണ്ടു കാര്യം പറഞ്ഞേക്കാം അല്ലെങ്കിൽ വീട്ടിൽ ചെല്ലുമ്പോൾ സപ്പോർട്ട് തരാതെ രണ്ടാളും മുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പതുക്കെ തിരച്ചിൽ നിർത്തി റൂമിനു പുറത്തേക്ക് ഇറങ്ങുമ്പോൾ അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സാർ എന്നെ വിളിച്ചുകൊണ്ട് മുറിയിലേക്ക് കയറിവന്നു. 

'എന്താ സാറേ' എന്ന് ചോദിച്ചടുത്തേക്ക് ചെന്ന എന്നെ പതുക്കെ തോളിൽ പിടിച്ചു അടുത്തേക്കുനിർത്തി സർ ചോദിച്ചു "നീയെവിടെയാ ആ കമ്മൽ വെച്ചിരിക്കുന്നേ? ഇങ്ങെടുത്തേ". അന്ന് കണ്ണിലിരുട്ട് കയറിയതുപോലെ പിന്നൊരിക്കലും നിന്നിട്ടില്ല... ദേഹമൊക്കെ തളരുന്നത് പോലെ തോന്നി. ക്ഷീണിച്ച ശബ്ദത്തിൽ "ഞാനെടുത്തിട്ടില്ല സാറേ ..സത്യായിട്ടും ഞാനെടുത്തിട്ടില്ല" എന്ന് പറഞ്ഞ എന്റെ വിറച്ച ശബ്ദത്തിനെ എനിക്കുപോലും വിശ്വസിക്കാൻ തോന്നില്ല..അത്രമേൽ പതറി, തൊണ്ട വരണ്ട്, ശബ്ദം പുറത്തേക്ക് വരാതെ പറഞ്ഞൊപ്പിച്ചതിനെ അദ്ദേഹം തലയൊന്നു കുലുക്കി ചിരിച്ചു കുടഞ്ഞു കളഞ്ഞു! വീണ്ടും ഗുഹയിൽ നിന്നെന്നപോലെ ഞാൻ സാറിന്റെ ശബ്ദം കേട്ടു "അത് കള! നീയെവിടാ വെച്ചേന്നു പറഞ്ഞോ, നിനക്കൊരു കുഴപ്പോം വരില്ല" വീണ്ടും വയറു കാളുന്നത് പോലെ തോന്നിയെനിക്ക്...അടുത്തത് ദേശീയ ഗാന മത്സരമാണ്, അത് തീർന്നാൽ കഴിഞ്ഞകൊല്ലത്തെ ഓരോ വർഷത്തെയും കൂടുതൽ മാർക്ക് മേടിച്ച കുട്ടികൾക്കുള്ള സമ്മാനം. അഞ്ചാംക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയാണ്...പേര് വിളിക്കുമ്പോൾ ആളുകൾക്കിടയിലൂടെ നടന്ന് സ്റ്റേജിൽ കയറി ഹെഡ്മിസ്ട്രസ്സിന്റെ കയ്യിൽ നിന്ന് സമ്മാനപുസ്തകോം സർട്ടിഫിക്കറ്റും വാങ്ങേണ്ട ആളാണ് - ചെറുതല്ലാത്ത ആൾക്കൂട്ടം പുറകിൽ നിൽക്കെ വരണ്ടുവിളറി രക്തമില്ലാത്ത മുഖവുമായി തലയുയർത്തിയാണെങ്കിലും ദയനീയമായി സാറിനെ നോക്കിനിൽക്കുന്നത്. 

നിറം മങ്ങിയ മെറൂൺ യൂണിഫോം പാവാടയുടെ അറ്റം കൈകൾ കൊണ്ട് തെരുപ്പിടിച്ചു നിൽക്കെ, എണ്ണ കുനിഞ്ഞ മുഖത്തിലേക്ക് വിയർപ്പിറ്റി വീഴവേ ആ 12 വയസുകാരി ഓർത്തത് എന്തുകൊണ്ടാകും സാറിന് ഞാനത് മോഷ്ടിച്ചിട്ടുണ്ടാകും എന്ന് തോന്നിയത് എന്നാണ്. സ്‌കൂളിൽ എല്ലാവർക്കും അറിയാം അമ്മയെ, അച്ഛനെ, ചേട്ടന്മാരെ, എന്നെ! ദാരിദ്ര്യത്തിന്റെ മേൽത്തഴമ്പുകളാവോളം ഉണ്ടെങ്കിലും എന്റെ ക്‌ളാസ്സിലെ ഏറ്റവും മിടുക്കിയാണ് ഞാൻ..സ്കോളര്ഷിപ്പുള്ള കുട്ടി, ക്‌ളാസ് ലീഡർ, എല്ലാകാര്യത്തിലും മുൻപന്തിയിൽ ഓടുന്ന ആവേശക്കാരി! എന്നിട്ടും ഒരു കമ്മൽ കാണാനില്ല എന്നറിഞ്ഞപ്പോൾ സ്വർണക്കമ്മൽ ഇല്ലാത്ത ഞാനത് എടുത്തിരിക്കാമെന്നു എന്റെ അദ്ധ്യാപകന് തോന്നിയെങ്കിൽ എന്താകാം കാരണം! വീണ്ടും വീണ്ടും തൊണ്ടയിൽ വാക്കുകൾ തിക്കുമുട്ടിയത് "ഞാനല്ല...., ഞാനെടുക്കില്ല സാർ " എന്നാണ്.  ഹസീനയുടെ ചേച്ചി ദൂരെ നിന്ന് എന്നെ വിളിച്ചത് കേട്ട് സാർ എന്നോട് പൊക്കോളാൻ കൈകാട്ടി, കൂട്ടത്തിൽ "ഇപ്പോൾ നീ പൊക്കോ ഇത് കഴിയട്ടെ " എന്നും പറഞ്ഞു. 

ഹസീനയുടെ ചേച്ചിയുടെ അടുത്തേക്ക് ദുർബലമായ കാലുകളെ വലിച്ചുവെച്ചു നടന്നു.. "ചേച്ചിയും ഞാൻ കള്ളിയാണെന്നു കരുതുന്നുണ്ടാകുമോ! എല്ലാരും സാറിനെപ്പോലെ ചിന്തിക്കുമോ..ആരും എന്നെ വിശ്വസിക്കില്ലേ..!!? " ചിന്ത ഇത്രയുമായപ്പോൾ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി, അടുത്തെത്തിയ ചേച്ചിയുടെ കൈ പിടിച്ചു പറഞ്ഞു - "ഞാൻ എടുത്തിട്ടില്ല ഹസീനയുടെ കമ്മൽ, പക്ഷേ എന്റെ തെറ്റാണ് എനിക്കോർമ്മയില്ല അതിനെന്തു പറ്റിയെന്ന്". ചേച്ചി എന്റെ കയ്യിലൊന്നമർത്തി, എന്നെക്കൂട്ടി മുന്നോട്ട് നടക്കുമ്പോൾ ഒരു സാധാരണ കാര്യം പറയുംപോലെ പറഞ്ഞു "നിനക്കെന്താ! നീയത് എടുക്കില്ലാന്നു എനിക്കറിയില്ലേ? ബാ നമുക്ക് തപ്പാം". ദൈവം ഉണ്ടെന്നും അവർ നമുക്കിടയിലാണെന്നും ഒരാറാം ക്ലാസ്സുകാരി ഉറപ്പിച്ച ദിവസമാണന്ന്. സത്യത്തിൽ അന്ന് ചേച്ചി എന്നോട് കാണിച്ച ആ വിശ്വാസം എൻ്റെ ആത്മവിശ്വാസത്തെയാണ് രക്ഷിച്ചത്, അന്ന് ഹസീനയോ ചേച്ചിയോ എന്നെ അവിശ്വസിച്ചിരുന്നു എങ്കിൽ ഞാൻ തകർന്നുപോയേനെ! ഗ്രീൻറൂമിൽ നിന്ന് സ്റ്റേജിലേക്ക് ഹസീനയെ ചെവിയിൽത്തൂക്കി ഓടിയ വഴിയിൽ എന്റെ കയ്യിൽനിന്നു തെറിച്ചുവീണ ഒരുജോഡി ജിമിക്കിക്കമ്മൽ, അവിടെ ആ ചെമ്മണ്ണിൽ പുതഞ്ഞുകിടന്നിരുന്നു. തിരച്ചിൽകൂട്ടത്തിൽ ഉണ്ടായിരുന്ന ഗംഗടീച്ചറിന് കിട്ടിയ ആ കമ്മലിന് എന്റെ ജീവനോളം വിലയുണ്ടായിരുന്നുവെന്ന് ഇന്ന് 23 കൊല്ലങ്ങൾക്കിപ്പുറം ഇരുന്നു ചിന്തിക്കുമ്പോൾ, അദ്ധ്യാപക-വിദ്യാർത്ഥി കഥകൾ കേൾക്കുമ്പോൾ തോന്നുന്നു. 

കുഞ്ഞുങ്ങളിൽ കുറ്റം  ആരോപിക്കാൻ എളുപ്പമാണ്, ആത്മവിശ്വാസം തകർക്കാനും...പക്ഷേ, ചില നേരങ്ങളിൽ നമ്മളറിയാതെ നീട്ടുന്ന വിരൽത്തുമ്പിൽ ആകും മറ്റൊരാളുടെ ജീവനുണ്ടാകുക. കുട്ടികൾക്ക് നേരെ വിരൽ ചൂണ്ടും മുൻപ് ഒന്നാലോചിച്ചാൽ കുഴിയിലേക്ക് താഴ്ന്നുപോകും മുൻപ് അവർക്കുനേരെ നീട്ടപ്പെടുന്ന  ഒരു വിരലാകാൻ  കഴിഞ്ഞേക്കാം. ഇത് അദ്ധ്യാപകരോട് മാത്രമല്ല അച്ഛനമ്മമാരോടും കൂടിയാണ്. ആ സാറിനെ ഞാൻ പിന്നെയും കണ്ടിട്ടുണ്ട്, ഒരിക്കൽപ്പോലും അതിനുശേഷം അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു പറയുകയുണ്ടായിട്ടില്ല, ഇന്നദ്ദേഹമോ ഹസീനയുടെ ചേച്ചിയോ  അതോർക്കുന്നുണ്ടാകില്ല എന്നെനിക്കുറപ്പുമാണ്. പക്ഷേ, ഞാനിന്നും അതോർക്കുന്നു... രണ്ടു പേരും പറഞ്ഞ ജീവന്റെ വിലയുള്ള രണ്ടു വാചകങ്ങളും! 



(vayanaonline November 2017)

6 comments:

  1. [ അതേത് കമ്മൽ എന്ന് ഓർക്കാൻ തന്നെ ഞാനൊരു മിനിറ്റ് സമയമെടുത്തു... ]....


    ഇത്രയും വായിച്ചപ്പോള്‍ നല്ല ചിരി വന്നു.


    പിന്നെ വായന നീണ്ടപ്പോള്‍ നല്ല സങ്കടം വന്നു.അവസാനം കുഴപ്പമൊന്നുമില്ലാതെ രക്ഷപ്പെട്ടല്ലൊ.ഭാഗ്യം.


    [[[[ഇതെന്നാ ചേച്ചീ ഇപ്പോള്‍ ഓര്‍ത്ത് എഴുതാന്‍ കാരണം?]]]]

    ReplyDelete
  2. ചേച്ചീ....ഈ അക്ഷരങ്ങള്‍ ഇച്ചിരെ ചെറുതാക്കണം.ഒരു രക്ഷയുമില്ല.

    ReplyDelete
  3. മൂക്കില്ലാരാജ്യത്തെ മുറിമൂക്കുള്ള രാജാവായിരുന്നു സ്‌കൂൾക്കുട്ടിയായിരുന്നപ്പോൾ -
    പഠിക്കുമെന്ന ഒറ്റക്കാരണം കൊണ്ട് എല്ലായിടത്തും വിലസിനടന്നിരുന്ന ഞാൻ, കലാപരമായ
    കഴിവുകൾ അധികമൊന്നും ഇല്ലെങ്കിലും തൊലിക്കട്ടി മാത്രം കൊണ്ട് ഒട്ടുമിക്ക പരിപാടികളിലും കൊണ്ട്
    തല വെക്കുമായിരുന്നു... പദ്യപാരായണം മുതൽ ലളിതഗാനം വരെ, നാടോടിനൃത്തം മുതൽ മോണോ ആക്ട് വരെ...
    എന്തിനു പറയുന്നു ആളെക്കിട്ടിയില്ലെങ്കിൽ സംഘഗാനം വരെ ഒറ്റയ്ക്ക് പാടുന്ന ടൈപ്പായിരുന്നു ഞാൻ. (ഹ ഹ ഹാ )
    പിന്നെ കുറേയേറെക്കാലം കഴിഞ്ഞു ബോധം വെച്ചപ്പോഴാണ് പണ്ട് പാട്ടുപാടി ആൾക്കാരെ ദ്രോഹിച്ചതിന്റെ ആഴമൊക്കെ മനസിലായത്.


    അന്നത്തെ ആ കൊച്ചുകുഞ്ഞിന്റെ വികൃതികളായിക്കണ്ട് ഞങ്ങളൊക്കെ ഇപ്പോൾ ആർഷയോട് ക്ഷമിച്ചിരിക്കുന്നു

    ReplyDelete
  4. ആദ്യം വായിച്ചപ്പോൾ തമാശ ആവും ന്നാണ് കരുതി യത്. വായിച്ചു വന്നപ്പോൾ സങ്കടം തോന്നി. നിരപരാധിത്വം തെളിഞ്ഞപ്പോൾ ഒരു വാക്കുകൊണ്ടു പോലും ആശ്വസിപ്പിക്കാൻ മനസ്സ് കാണിക്കാഞ്ഞ ആ അദ്ധ്യാപകൻ ആ ജോലിക്ക് അർഹനല്ല... ഒരു കൊച്ചുകുട്ടിയുടെ മനസ്സ് വേദനിപ്പിച്ചിട്ട്... ആർഷ... ഇത് വായിച്ചപ്പോൾ ഓർമ്മയിൽ വന്നൊരു സംഭവം... എട്ടാം ക്ലാസ്സിൽ പുതിയൊരു സ്കൂളിൽ....അവിടെ എന്നെ ഏറെ അമ്പരപ്പിച്ച കാര്യം ചില കുട്ടികളുടെ കോപ്പിയടി... പരീക്ഷ സമയത്തു തുണ്ടുപേപ്പറിൽ നോക്കി നിർഭയരായി കോപ്പിയടി.. തരക്കേടിയില്ലാതെ പഠിച്ചുവരുന്ന സമയം... ചോദ്യപേപ്പർ കയ്യിൽകിട്ടി അഞ്ചു മിനിറ്റ് കണ്ണടച്ച് പ്രാർത്ഥിച്ചു കണ്ണുതുറന്നു നോക്കുമ്പോൾ തുറിച്ചു നോക്കി തൊട്ടുമുന്പിൽ ഡ്രില്ല് പഠിപ്പിക്കുന്ന സർ ( പ്രത്യേകിച്ചും എനിക്ക് നല്ല പേടിയുള്ള ഒരാൾ തൊട്ടതിനും പിടിച്ചതിനും എല്ലാം വഴക്കു പറയും ). കാര്യം മനസ്സിലാകാതെ കണ്ണുമിഴിച്ചിരുന്ന എന്നോട് ഒരു തുണ്ടുപേപ്പർ കാട്ടി ഇത് നിന്റേതല്ലേ എന്ന്‌ തറപ്പിച്ചു ചോദിച്ചപ്പോൾ എന്‍റെ മനസ്സിന് അന്നുണ്ടായ വേദന ഇന്നും മറന്നിട്ടില്ല... ഞാനല്ല. ഞാനങ്ങനെ ചെയ്യില്ല എന്ന്‌ പറഞ്ഞിട്ടും സംശയത്തോടെ എന്‍റെ മുഖത്തേയ്ക്കു നോക്കി നിന്ന സാറിന്റെ രൂപം ഇന്നും ഓർക്കുമ്പോൾ സങ്കടം വരും. ചെയ്യാത്ത തെറ്റിന് സംശയിക്കപ്പെടേണ്ടി
    വരിക എന്നത് ഏറ്റവും സങ്കടകരമായ കാര്യം തന്നെ... അതും ആ പ്രായത്തിൽ... ആർഷയുടെ ഈ പോസ്റ്റ് ആ ഓർമ്മകളിലേക്ക് പോയി.

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)