Tuesday, September 10, 2024
രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - പച്ച ഓലയിൽ കൊരുത്ത ഉഴുന്താട
Friday, June 2, 2023
നബിദിനവും ഭാർഗവീനിലയവും
Wednesday, October 12, 2022
പരിശുദ്ധ ജലത്തിലെ ശൂദ്രരാഞ്ജി - റാണി രശ്മോണി
ഈസ്റ്റ് ഇന്ത്യ കമ്പനിയെ മുട്ടുകുത്തിച്ച ചരിത്രത്തിലെ അധികം ആഘോഷിക്കപ്പെടാതെ പോയ ഒരു പെൺ ചരിത്രമാണ് റാണി രശ്മോണി ദാസിന്റേത്. 1840 കളിൽ ബംഗാളിലെ മത്സ്യബന്ധന സമൂഹങ്ങൾ അതിജീവന പ്രതിസന്ധി നേരിടുകയായിരുന്നു. ഇന്ത്യയെ പല തട്ടുകളിൽ കൊള്ളയടിച്ചുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഗംഗയിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതത്തെയും ആക്രമിക്കാൻ തുടങ്ങിയത് ആ സമയത്താണ്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലമാണ് ബംഗാളിപാചകരീതിയിലെ രുചിയൂറുന്ന വിഭവമായ സിൽവർ ഹിൽസ എന്ന മീനുകളുടെ സമൃദ്ധമായ വിളവെടുപ്പ് നടക്കുന്നത് . ചെറുകിട മീൻപിടിത്തക്കാർ ഗംഗയുടെ ഉപരിതലത്തിൽ അവരുടെ കുഞ്ഞുവള്ളങ്ങളിലെത്തി വലകൾ വീശിയെറിഞ്ഞു സിൽവർ ഹൽസയുടെ ചാകര ആഘോഷിക്കും. ഈ ചെറിയ മീൻവഞ്ചികൾ ചരക്കുകൾ കൊണ്ടുപോകുന്ന കെട്ടുവള്ളങ്ങളുടെ യാത്രയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്ന് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനി ഫിഷിംഗ് ബോട്ടുകൾക്ക് നികുതി ഏർപ്പെടുത്തി. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ കമ്പനിക്ക് അധിക വരുമാനം ലഭിക്കുമ്പോൾ തന്നെ നദിയിലെ ഗതാഗതം കുറയ്ക്കുന്ന തന്ത്രപൂർവ്വമായ തീരുമാനം.
ജീവിതമാർഗം വഴി മുട്ടിയേക്കും എന്ന് ഭയന്ന ഉത്കണ്ഠാകുലരായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രശ്നപരിഹാരത്തിനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ട് കൊൽക്കത്തയിലെ ഉയർന്ന ജാതിക്കാരായ ഹിന്ദു ഭൂവുടമകളുടെ അടുത്തേക്ക് പോയി.വിഷമാവസ്ഥയിലായ ഇവരിൽ മിക്കവരും ജെലെ കൈവർത്ത , മാലോ സമുദായങ്ങളിൽ നിന്നുള്ള ശൂദ്രരായിരുന്നു. എന്നാൽ കമ്പനിയിലെ തങ്ങളുടെ രക്ഷാധികാരികളുമായുള്ള ബന്ധം വഷളാക്കാൻ താല്പര്യമില്ലാതിരുന്ന ഹിന്ദു വരേണ്യവർഗക്കാർ ശൂദ്രന്മാരായ മത്സ്യബന്ധന സമൂഹത്തിനോട് മുഖം തിരിക്കുകയാണുണ്ടായത്. നിരാശരായ മത്സ്യത്തൊഴിലാളികൾ മധ്യ കൊൽക്കത്തയിലെ ജൻബസാറിലേക്ക് തിരിച്ചു . അവിടെ സമ്പന്നനായ സംരംഭകനായിരുന്ന രാജ് ചന്ദ്രദാസിന്റെ വിധവ രശ്മോണി ദാസ് എന്ന ശൂദ്രസ്ത്രീ ആയിരുന്നു അവരുടെ അവസാന പ്രതീക്ഷ. തുടർന്ന് നടന്നത് ഇന്ത്യൻ കോളനിചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു സംഭവമായി മാറി. റാണി രശ്മോണി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയിലെ പത്തുമീറ്റർ സ്ഥലം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കയ്യിൽ നിന്നും 10,000 രൂപയ്ക്ക് പാട്ടത്തിനെടുത്തു. കൊളോണിയൽ ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്താനഗരം പടർന്നുകിടന്നിരുന്നത് ഈ തീരങ്ങളിലായിരുന്നു. അത്രയും ഭാഗം പാട്ടത്തിനെടുക്കുന്ന രേഖകൾ കമ്പനിയിൽ നിന്നും കൈപ്പറ്റിയ ശേഷം രണ്ട് കൂറ്റൻ ഇരുമ്പ് ചങ്ങലകൾ ഗംഗയിൽ സ്ഥാപിക്കുകയാണ് രശ്മോണി ചെയ്തത് - നദി വില്ലുപോലെ കമാനമായി വളഞ്ഞൊഴുകിയിരുന്ന മെറ്റിയബ്രൂസിലും ഗുസൂരിയിലും. പിന്നീട് ഗംഗയിൽ മത്സ്യബന്ധനത്തിന് തടസം നേരിട്ട മത്സ്യത്തൊഴിലാളികളെ ഈ പ്രദേശത്തേക്ക് വല ഇറക്കാൻ അവർ ക്ഷണിച്ചുവരുത്തി.
മീൻവഞ്ചികൾ ഇവിടേക്ക് കൂട്ടമായി എത്തിയതോടെ ഗംഗയിലെ വാണിജ്യ ഗതാഗതം തടസപ്പെട്ടു. പല ചരക്കുവഞ്ചികളും യാത്ര നിർത്തിവെക്കേണ്ടി വന്നു. പ്രതീക്ഷിക്കാതെ വന്നുചേർന്ന സംഭവവികാസങ്ങളിൽ പരിഭ്രാന്തരായ കമ്പനി ഉദ്യോഗസ്ഥർ രശ്മോണിയോട് വിശദീകരണം തേടിയപ്പോൾ നദിയിലെ വലിയ ചരക്കുകപ്പലുകളുടെ ഗതാഗതം ആ ഭാഗത്തെ മത്സ്യബന്ധനത്തിന് തടസമാകുന്നതിനാൽ നഷ്ടം സംഭവിക്കാതിരിക്കാൻ അവിടെ ചങ്ങലയിടേണ്ടി വന്നു എന്നായിരുന്നു രശ്‌മോണിദാസിന്റെ മറുപടി. പാട്ടത്തിനെടുത്ത സ്ഥലം നിയമപ്രകാരം രശ്മോണിയുടെ അധികാരപരിധിയിൽ വരുന്നതായതിനാൽ നഷ്ടം വരാത്ത രീതിയിൽ അവിടമുപയോഗിക്കാൻ രശ്മോണിക്ക് അധികാരമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി നിയമയുദ്ധത്തിൽ ഏർപ്പെട്ടാലും ബ്രിട്ടീഷ് നിയമവ്യവസ്ഥിതി അനുസരിച്ച് പാട്ടത്തിനെടുത്ത ആൾക്ക് അനുകൂലമായിരിക്കും വിധി എന്നറിയാവുന്ന രശ്‌മോണിദാസ് ഗംഗയ്ക്ക് കുറുകെയുള്ള ചങ്ങലകൾ അഴിക്കാൻ തയ്യാറായില്ല. ആവിക്കപ്പലുകളും, വലിയ കെട്ടുവള്ളങ്ങളും, വിനോദയാത്രയ്ക്കുള്ള ബോട്ടുകളുമൊക്കെ ഗംഗയുടെ തീരങ്ങളിൽ മറ്റെവിടേക്കും പോകാൻ കഴിയാതെ അടുങ്ങാൻ തുടങ്ങിയതോടെ കമ്പനി ഉദ്യോഗസ്ഥർക്ക് മറ്റു വഴികളില്ലാതെ രശ്മോണിയുമായി ഒരു കരാറിലെത്തേണ്ടി വന്നു. മത്സ്യബന്ധനത്തിനുള്ള നികുതി റദ്ദാക്കി മത്സ്യത്തൊഴിലാളികൾക്ക് തടസ്സങ്ങളില്ലാതെ ഗംഗയിലേക്ക് പ്രവേശനത്തിനുള്ള അനുമതി.
ഒരു ബംഗാളി ശൂദ്ര വിധവ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ നീക്കത്തിലൂടെ കൊളോണിയൽ കോർപ്പറേഷനെ മറികടന്നത് ഇങ്ങനെയാണ്. അന്ന് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ വിശുദ്ധ ഗംഗാനദി പൊതുജനങ്ങൾക്ക് മത്സ്യബന്ധനത്തിനുപയോഗിക്കാവുന്ന ഒരിടമായി റാണി രശ്‌മോണി മാറ്റി.
അല്പം ചരിത്രം
1793 സെപ്റ്റംബർ 28 ന് ഹാലിഷഹാറിലെ ( വെസ്റ്റ് ബംഗാൾ) ഒരു ഗ്രാമത്തിൽ പാവപ്പെട്ട തൊഴിലാളിയുടെ മകളായി കൈവർത്ത (ശൂദ്ര) കുടുംബത്തിലാണ് രശ്‌മോണി ജനിച്ചത്. ദയയും മനുഷ്യസ്നേഹവും കൊണ്ട് കുഞ്ഞു രശ്‌മോണി ചെറുപ്പത്തിലേ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. കൗമാരത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കൊൽക്കത്ത ആസ്ഥാനമായുള്ള ജമീന്ദർ കുടുംബത്തിലെ രാജ് ചന്ദ്ര ദാസിന്റെ മൂന്നാമത്തെ ഭാര്യയായി മാറി റാണി രശ്മോണി. ബിസിനസുകാരനായിരുന്ന രാജ് ചന്ദ്ര വിദ്യാസമ്പന്നനും ആധുനികചിന്താഗതിയുള്ളവനുമായിരുന്നു. അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കാനും തടസ്സമില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനും അദ്ദേഹം റാണി രശ്മോണിയെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത്, മിക്ക വീടുകളിലെയും സ്ത്രീകൾ പുരാതന ആചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം അകത്തളങ്ങളിൽ ബന്ധിക്കപ്പെട്ടിരുന്നു. ചന്ദ്രദാസിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന സാമൂഹ്യ പരിഷ്‌കർത്താവ് രാജാറാം മോഹൻ റായിക്ക് രശ്മോണിയോട് വളരെയധികം വാത്സല്യമുണ്ടായിരുന്നു. അവളുടെ അനുകമ്പയുള്ള സ്വഭാവംഅദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. “നൂറുകണക്കിന് നിസ്സഹായരായ സ്ത്രീകളുടെ ജീവിതത്തിൽ നിന്ന് നിനക്ക് ഇരുട്ടിനെ അകറ്റാൻ കഴിയട്ടെ, അങ്ങനെ പേരിന് അനുസൃതമായി ജീവിച്ച് നീ ജനങ്ങളുടെ രാജ്ഞിയാകട്ടെ” ഇപ്രകാരം രാജാ റാം മോഹൻ റായി അവളെ ആശീർവദിച്ചതായി വിശ്വസിക്കപ്പെടുന്നു.
ബുദ്ധിയിലും കഴിവിലും സമർത്ഥയായിരുന്ന രശ്മോണി പതുക്കെ കുടുംബത്തിന്റെ ബിസിനസ്സിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും ഏർപ്പെട്ടു. പിതാവിന്റെമരണത്തെത്തുടർന്ന് രാജ് ചന്ദ്ര ഒരു വലിയ സമ്പാദ്യത്തിന്റെ അവകാശിയായിമാറി. അതിനെത്തുടർന്ന്ആ കുടുംബം തങ്ങളുടെ സ്വത്ത് പൊതുസേവനത്തിലേക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിലേക്കും നീക്കിവെക്കാൻതുടങ്ങി. പൊതുജനങ്ങൾക്ക് കുളിക്കാനായി നിരവധി ഘട്ടുകൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ, കുടിവെള്ള സംഭരണികൾ, വാർദ്ധക്യകാല വീടുകൾ, പൊതു അടുക്കളകൾ എന്നിവ അവർ സ്ഥാപിച്ചു. രാജ് ചന്ദ്ര മരിച്ചതിനുശേഷം, റാണി രശ്മോണി കുടുംബത്തിലെ ബിസിനസിന്റെയും സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി സാമൂഹ്യകാര്യങ്ങളിൽ നിരന്തരമായി ഇടപെടുകയും ചെയ്തു.
റാണി രശ്മോണിർ ജൽ
ഏതാണ്ട് 120 വർഷത്തിനുശേഷം 1960 ൽ രശ്മോണിയുടെ ആദ്യത്തെ ജീവചരിത്രകാരനായ ഗൗരംഗ പ്രസാദ് ഘോഷ് ആണ് ഹൂഗ്ലിയിൽ അപ്പോഴും ശേഷിച്ചിരുന്ന ഒരു ഇരുമ്പ് കുറ്റിയുടെ ഫോട്ടോയെടുത്ത് ലോകത്തിനെ കാണിച്ചത്. ഒരു കുട്ടിയാനയുടെ പാദത്തിന്റെ വലുപ്പമുള്ള ആ കുറ്റി 1840 ൽ നദിക്കു കുറുകെ ചങ്ങല ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്. കൊളോണിയൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിജയകരമായ ചരിത്ര നിമിഷത്തിന്റെ അവശേഷിച്ചിരുന്ന ഒരേയൊരു സാക്ഷിയായിരുന്നു ആ കുറ്റി. ആരുമാരും ആഘോഷിക്കപ്പെടാതെ പോയ ആ ചരിത്രാവശിഷ്ട്ടം ഇപ്പോൾ ചായ വിൽക്കുന്നവർ അവരുടെ ചൂളകൾക്കുള്ള കൽക്കരിക്കഷ്ണങ്ങൾ മുറിക്കാനായി ഉപയോഗിക്കുന്നു. എന്നാൽ രശ്‌മോണിയുടെ പ്രതിഷേധവും പ്രതിരോധവും വിജയവുമൊന്നും സാധാരണ ജനങ്ങൾ മറന്നില്ല. അവിടുത്തെ നാടോടിക്കഥകളുടെ ഭാഗമായ വീരവനിതയാണ്ഈ മനുഷ്യസ്നേഹി. പ്രശസ്‌ത ബംഗാളി എഴുത്തുകാരനായ സമരേഷ് ബസു അദ്ദേഹത്തിൻ്റെ ചരിത്രാഖ്യായമുള്ള നോവലായ ഗംഗയിൽ (1974) എഴുതിയത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ നദി എന്നെന്നേക്കുമായി ‘റാണി രശ്മോണിർ ജൽ’ - ‘റാണി രശ്മോണിയുടെ ജലം’ എന്നതായി മാറിയെന്നാണ്.
ബെലിയഘട്ട കനാലിലെ വെള്ളത്തിലാണ് ജാൻ ബസാറിലെ ദാസ് കുടുംബം - രശ്മോണിയുടെ ഭർത്താവിന്റെ കുടുംബം - ആദ്യം പണം സമ്പാദിച്ചത്. കസ്തൂരി മുതൽ മസ്ലിൻ വരെയുള്ള കയറ്റുമതി സാധനങ്ങൾ സംഭരിക്കുന്നതിനായി കനാലിന്റെ ഇരുകരകളിലുമുള്ള ബെലിയഘട്ടയിലെ ഭൂരിഭാഗം സ്ഥലവും രശ്മോണിയുടെ ഭർത്താവ് വാങ്ങി. 1850 കളിൽ രശ്മോണി സ്ഥാപിച്ച റാണി രശ്മോണി ബസാറിൽ നിന്നും അര കിലോമീറ്റർ ദൂരെയാണ് ബെലിയഘട്ട കനാൽ. ഒരിക്കൽ ഗംഗയുമായി ബന്ധിപ്പിച്ചിരുന്ന കനാൽ ഇപ്പോൾ നഗരത്തിലെ മലിനജലം കൊണ്ടുപോകുന്നതിനായാണ് ഉപയോഗിക്കുന്നത്. 19-ആം നൂറ്റാണ്ടിലെ ഹൈവേകൾ ആയിരുന്ന കനാലുകൾ ദാസ് കുടുംബത്തിന്റെ സ്വത്തായതോടെയാണ് അവരുടെ സ്ഥാനം വ്യവസായികളിൽ നിന്നും (ബണിക്) ഭൂവുടമകളിലേക്ക് ( സമീന്ദർ ) മാറപ്പെടുന്നത്.
ഈസ്റ്റിൻഡ്യാ കമ്പനിയുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്നവർ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരുന്നതായിരുന്നു ആ കാലഘട്ടത്തിന്റെ പ്രത്യേകത. പുതുതായി സ്വരൂപിച്ച സ്വത്ത് ഉപയോഗിച്ച്, പലരും ഭൂവുടമകളുടെ എസ്റ്റേറ്റുകൾ വാങ്ങി. ഈ പുതിയ പ്രഭുവർഗ്ഗം കൊൽക്കത്തയുടെ ആഭിജാത സമൂഹത്തിനെ ജനിപ്പിച്ചു - ഉയർന്നവർഗം - ഉയർന്ന ജാതി കുടുംബങ്ങളുടെ ഒരു പ്രത്യേക തലം.
"കൊൽക്കത്തയിൽ: പ്രബന്ധങ്ങൾ നഗര ചരിത്രത്തിൽ (1993) " എന്ന പുസ്തകത്തിൽ ചരിത്രകാരൻ എസ്.എൻ. മുഖർജി, ബ്രാഹ്മണ , കയസ്ത, ബൈദ്യ ജാതികൾ ചന്ദ്രദാസിന്റെ കുടുംബം പോലുള്ള ശൂദ്രന്മാരെ അവരുടെ കൂട്ടത്തിലേക്ക് ഉൾക്കൊള്ളാൻ തയ്യാറായില്ലെന്ന് വിവരിക്കുന്നുണ്ട്.
ജലം കൊണ്ട് ശക്തരായവർ
രശ്മോണിയുടെ ഉപദേശമാണ് രാജ് ചന്ദ്രദാസിനെ ഹൂഗ്ലിയിലേക്ക് ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൊൽക്കത്തയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രമായ പുണ്യനദിയുടെ തീരങ്ങൾ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ശക്തികേന്ദ്രമായ ഒരു സ്ഥലമായി ഉയർന്നുവരികയായിരുന്നു. നദീതീരങ്ങൾ പലപ്പോഴും അധികാരം സ്ഥാപിക്കപ്പെടുന്ന സ്ഥലങ്ങളായി. കുളിസ്ഥലം, ശ്മശാനം, വാണിജ്യപാതകൾ എന്നിങ്ങനെ ജലതീരങ്ങളും സമൂഹത്തിലെ അധികാരസ്ഥാനവും ഇടപിരിഞ്ഞുകിടന്നു. കൊൽക്കത്തയുടെ ജനവിഭാഗത്തിലേക്ക് ദാസ് കുടുംബത്തിന്റെ പ്രാധാന്യവും ഔന്നത്യവും എത്തിക്കാൻ ഏറ്റവും പറ്റിയമാർഗവും ഇത് തന്നെയായിരുന്നു. ഡോറിക് നിരകൾ, തടികൊണ്ടുള്ള അലങ്കാരങ്ങൾ, പുഴയിലേക്ക് നയിക്കുന്ന വിപുലമായ പടികൾ എന്നിവയാൽ അലങ്കരിച്ച മനോഹരമായ ബാബു രാജചന്ദ്ര ദാസ് ഘട്ട് അല്ലെങ്കിൽ ബാബുഘട്ട്ആ ചിന്തയുടെ ഫലമായിരുന്നു. താമസിയാതെ, 1831 ൽ ദാസ് കുടുംബം അഹിരിറ്റോള ഘട്ട് പണിതു. കൊൽക്കത്തയിലെ നദീതീരത്തെ ഇപ്പോഴും അലങ്കരിക്കുന്ന 42 ചരിത്ര ഘട്ടങ്ങളിൽ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായി ഇവ രണ്ടും തുടരുന്നു.
തന്റെ ജീവിതകാലം മുഴുവൻ, ഹൂഗ്ലിയിൽ ഘാട്ടുകളുടെ നിർമ്മാണത്തിനായി രശ്മോണി പണം നൽകുന്നത് തുടർന്നു. 1857 ലെ കലാപസമയത്ത് നിരവധി ഇന്ത്യൻ, യൂറോപ്യൻ വ്യാപാരികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതായി ഗൗരി മിത്ര തന്റെ "രശ്മോണിയുടെ ജീവചരിത്ര"ത്തിൽ കുറിക്കുന്നു. കലാപത്തിനുശേഷം വളരെയധികം ലാഭം നേടിക്കൊണ്ട് രശ്മോണി ഇവ വിലകുറഞ്ഞ വിലയ്ക്ക് വാങ്ങി. ഭർത്താവിന്റെ മരണശേഷം അവർ ഒൻപത് ഘാട്ടുകൾ നിർമ്മിക്കുകയും പലതും പുതുക്കിപ്പണിയുകയും ചെയ്തുവെന്ന് മിത്ര അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവർത്തികളെല്ലാം തന്നെ രശ്മോണിയെ സാധാരണ ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടവളാക്കി.
കൈവർത്ത ജാതിയിൽ നിന്നുള്ള ഒരു വിധവയ്ക്ക് പുരുഷ ആധിപത്യമുള്ള യാഥാസ്ഥിതിക ഹിന്ദു സമൂഹത്തിൽഅത്രയും അധികാരംലഭിക്കുന്നത് അന്നത്തെ കാലത്ത് വളരെ അസാധാരണമായ ഒരു കാര്യമായിരുന്നു. ബ്രാഹ്മണിക യാഥാസ്ഥിതികതയോടുള്ള നിരന്തരമായ എതിർപ്പുകൾ എന്നും പ്രവർത്തികളിലൂടെ കാണിച്ചിരുന്ന റാണി രശ്മോണിയുടെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഭാവനയായിരുന്നു വിശുദ്ധ നദിയുടെ തീരത്തുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം.
ദക്ഷിണേശ്വർ കാളി ക്ഷേത്രം
100 അടി ഉയരത്തിൽ, ഒൻപത് സ്തൂപികകളുള്ള ഇളം മഞ്ഞയും തവിട്ടും നിറത്തിൽ മനോഹരമായി അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രം ഹിന്ദു തീർത്ഥാടനത്തിനും പ്രാർത്ഥനയ്ക്കും പവിത്രമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രശ്മോണിയുടെ ഒരു സ്വപ്നത്തിൽ നിന്ന് ഉയർന്നുവന്നതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ ഒരു തീർത്ഥാടനത്തിനായി ബെനാറസിലേക്കുള്ള യാത്രാമധ്യേ രശ്മോണിയുടെ സ്വപ്നത്തിൽ കാളിദേവി പ്രത്യക്ഷപ്പെടുകയും, ഹൂഗ്ലിയുടെ തീരത്ത് തനിക്കായി സമർപ്പിച്ചുകൊണ്ട് ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെടുകയും ചെയ്തത്രേ. സ്വപ്നത്തിൽ കിട്ടിയ ഈ വെളിപാടിന് ഭൗതികരൂപം നൽകാൻ തീരുമാനിച്ച രശ്മോണി നദിയുടെ പടിഞ്ഞാറൻ തീരത്ത് ഭൂമി വാങ്ങാൻ ശ്രമിച്ചു. പുണ്യനദിയുടെ തീരത്ത് ഒരു ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്ന ശൂദ്ര വിധവയുടെ വാർത്ത പ്രചരിച്ചപ്പോൾ, പടിഞ്ഞാറൻ കരയിലെ ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങി. ആരും തന്നെ പടിഞ്ഞാറൻ നദീതീര ഭൂമി തനിക്ക് വിൽക്കാൻ തയാറാകാതെ ആയപ്പോൾ രശ്മോണി ഹൂഗ്ലിയുടെ കിഴക്കൻ തീരങ്ങളിലെ സ്ഥലങ്ങൾ വാങ്ങാൻ ശ്രമിച്ചു. കിഴക്കൻ തീരത്തെ 33 ഏക്കർ സ്ഥലം വിവിധ ജാതിമതക്കാരിൽ നിന്നും വാങ്ങിയാണ് അവർ അവിടെ നൂറടി ഉയരത്തിലുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം നിർമിച്ചത്.
നിരവധി സംസ്കാരങ്ങളുടെ സമന്വയമായിരുന്നു ആ സ്ഥലം. ഇംഗ്ലീഷ് ബിസിനസുകാരനായിരുന്ന ജോൺ ഹെസ്റ്റിയുടെ ഫാക്ടറിയും അതിനോട് ചേർന്ന ജലസംഭരണിയുംപ്രദേശവും, ഹിന്ദുക്കളായ ഗ്രാമവാസികളിൽ നിന്നുമുള്ള മാന്തോപ്പുകൾ, മുസ്‌ലിം സമുദായത്തിൽ നിന്നും വാങ്ങിയ തടാകവും ശ്‌മശാനവും ചേർന്ന ഇടങ്ങൾ അങ്ങനെ പല ചരിത്ര സംസ്കാരങ്ങൾ ചേർന്ന ആ സ്ഥലം ഇന്ന് മനോഹരമായ ക്ഷേത്രമായി നിലകൊള്ളുന്നതോടൊപ്പം അതിന്റെ ഉത്ഭവത്തിന്റെ സമന്വയ ചരിത്രം ഒരു വശത്ത് ഗാസിപ്പുകുർ ടാങ്കിലെ വെള്ളത്തെയും മറുവശത്ത് വിശുദ്ധ ഗംഗയെയും പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രം പൂർത്തിയാകാറായപ്പോൾ കൊൽക്കത്തയിലെ പുരോഹിതന്മാർ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെ ഒരു ഹിന്ദു ആരാധനാലയമായി അംഗീകരിക്കാൻ വിസമ്മതിച്ചു. ഒരു ശൂദ്ര സ്ത്രീ ദൈവങ്ങൾക്ക് പ്രസാദം നൽകുന്നത്ഹിന്ദുധർമം വിലക്കിയിട്ടുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇത് രശ്മോണിയെ വളരെയധികം പ്രതിസന്ധിയിലും സംഘർഷത്തിലുമാക്കി.
എന്നാൽ പാവപ്പെട്ട ഒരു ബ്രാഹ്മണ പണ്ഡിതന്റെ രൂപത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ വേഗം തന്നെ അവർക്ക് മുന്നിലെത്തി. ആയിടെ കൊൽക്കത്തയിലേക്ക് സ്ഥലം മാറിയെത്തിയ രാംകുമാർ ചട്ടോപാധ്യായ എന്ന ബ്രാഹ്മണൻ ആയിരുന്നു ആ രക്ഷകൻ. ക്ഷേത്രഭൂമി ഒരു ബ്രാഹ്മണ പുരോഹിതന് ദാനം ചെയ്യുകയും അദ്ദേഹം ദേവനെ പ്രതിഷ്ഠിക്കുകയും ചെയ്താൽ അത് ആരാധനയ്ക്ക് അനുയോജ്യമായി കണക്കാക്കാമെന്ന് ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു. ക്ഷേത്രഭൂമിയും സ്വത്തും എല്ലാം രശ്മോണിചട്ടോപാധ്യായയ്ക്ക് കൈമാറി. 1855 ൽ ഈ പുരോഹിതൻ ദേവതകളെ അമ്പലത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് അവിടം പൂജകൾക്കായി തുറന്നു. പുരോഹിതനായ ചട്ടോപാധ്യായ ക്ഷേത്ര സമുച്ചയത്തിലേക്ക് പുരോഹിതനായി മാറിയപ്പോൾ അദ്ദേഹം തന്റെ കൗമാരക്കാരനായ അനുജൻ ഗദാധറിനെക്കൂടി അവിടേക്ക് പുരോഹിതനായി കൊണ്ടുവന്നു. ഒരു ശൂദ്ര സ്ത്രീക്ക് വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് ഗദാധറിനു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്ന് മാത്രമല്ല ആ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിക്കാൻ പോലും അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഈ പിടിവാശിക്കാരനും യാഥാസ്ഥിതികനുമായ ബ്രാഹ്‌മണ യുവാവ് പിന്നീട് രശ്മോണിയുമായി ആത്മീയ ബന്ധം പങ്കുവെച്ച, ഇന്ത്യയിലെ ഏറ്റവും മഹാനായ ഹിന്ദു തത്ത്വചിന്തകന്മാരിൽ ഒരാളായ രാമകൃഷ്ണ പരമഹംസയിലേക്ക് രൂപാന്തരപ്പെട്ടു എന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.
ഈ പറഞ്ഞവയിൽ ദക്ഷിണേശ്വർ ക്ഷേത്രം ഒഴികെ, കൊൽക്കത്തയിലുടനീളം പരന്നുകിടക്കുന്ന രശ്മോണിയുടെ പാരമ്പര്യത്തിന്റെ വിവിധ ഭാഗങ്ങൾ ഇന്ന് തകർന്നടിയുകയാണ്. ജീവചരിത്രകാരൻ സിസുതോഷ് സമന്തയുടെ അഭിപ്രായത്തിൽ കലിഘട്ടിലെ ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30 എ, 30 ബി എന്നീ രണ്ട് വീടുകൾ ഇതിൽ ഉൾപ്പെടുന്നു. 1837 ൽ രശ്മോണി വാങ്ങിയതാണ് ഈ വീടുകൾ. 1861 ൽ അവരുടെ അവസാനദിവസങ്ങൾ ഈ കെട്ടിടത്തിലായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. പശ്ചിമ ബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനർജിആണ് ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലെ ഇപ്പോൾ താമസിക്കുന്നത്.
ഉയർന്ന ജാതിക്കാരായ പുരുഷ നായകന്മാർ - രാജാ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ബൗദ്ധിക പ്രാധാന്യം നേടിയപ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ബിംബങ്ങളിലൊന്നായ രശ്മോണിയെ ചരിത്രത്തിന്റെ അരികുകളിലേക്ക് സവർണ ഹിന്ദു പുരുഷാധിപത്യ സമൂഹം തരംതാഴ്ത്തിയതായാണ് നമുക്ക് കാണാൻ കഴിയുക. പക്ഷേ, സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ രശ്മോണിയുടെ സ്ഥാനം നാടോടിക്കഥകളിലെ വീരനായികയുടേത് പോലെ പതിഞ്ഞിരിക്കുന്നു. റാണി രശ്മോണി ദാസിന്റെ ജനസമ്മതിയുടെ സമീപകാല തെളിവാണ് 2017 മുതൽ ഒന്നാം സ്‌ഥാനത്ത് നിൽക്കുന്ന 1300 എപ്പിസോഡുകളുള്ള റാണിയുടെ ബംഗാളി ജീവചരിത്ര പരമ്പര. രശ്മോണി ദാസിനെ 'റാണി രശ്മോണി ദാസാ'ക്കിയത് ജനങ്ങളാണ് എന്നത് തന്നെയാണ് ആ സമർത്ഥയായ വനിതയുടെ മഹത്വം. ഗംഗാമാതാ എന്നത് പോലെയാണ് റാണി രശ്മോണി എന്നതും പ്രതിധ്വനിക്കുന്നത് - രണ്ടും ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. പരിശുദ്ധ ഗംഗയിലെ ജലം റാണി രശ്മോണിർ ജലായി മാറുന്നിടത്ത് വിശുദ്ധനദിയും ശൂദ്രരാഞ്ജിയും ജാതിവരമ്പുകൾക്കപ്പുറത്ത് ഒന്നായി മാറുന്നു.
(സ്വതന്ത്ര പരിഭാഷ )
Monday, March 22, 2021
ഒരു ചിരി ജനിച്ച കഥ
Sunday, February 21, 2021
പ്രണയത്താൽ പൊള്ളിയവൻ
Saturday, January 30, 2021
രുചിയോർമ്മകൾ 07 - മിക്സിയിലടിച്ച നാരങ്ങാ വെള്ളം
Saturday, January 9, 2021
രുചിയോർമ്മകൾ 06 - മട്ടൻ കൊളംബ്
രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - മട്ടൻ കൊളംബ്
തമിഴ്‌നാട്ടിലെ സേലത്ത് ആണ് എംടെക് ചെയ്തത്. അഡ്മിഷൻ ദിവസം ഹോസ്റ്റലിൽ ചെന്നപ്പോഴേ ചെന്നുപെട്ടിരിക്കുന്ന ഇടത്തിന്റെ ഏകദേശ സ്വഭാവം പുടികിട്ടി. ഹോസ്റ്റൽ വാർഡൻ നമ്മ "ബാഹുബലി ശിവകാമി" സ്റ്റൈലിൽ ഒരു അമ്മൂമ്മയാണ് , രാജരാജേശ്വരി എന്നായിരുന്നുവോ പേരെന്ന് ഇപ്പോൾ കൃത്യമായി ഓർമ്മ കിട്ടുന്നില്ല. നീളൻ കോലൻ മുടി നീട്ടിപ്പിന്നിയിട്ടിരുന്നു, കർക്കശസ്വഭാവമുള്ള കണ്ണുകളും അധികാരത്തിന്റെ ചലനങ്ങളും ആ വൃദ്ധയുടെ മുന്നിൽ നിൽക്കുന്നവരെയെല്ലാം കൊച്ചുകുഞ്ഞുങ്ങളെപ്പോലെ വിറപ്പിച്ചു. ഭക്ഷണകാര്യം പറഞ്ഞപ്പോൾ "ശൈവം മട്ടും താൻ ഇങ്കെ - ആനാൽ വെളിയിലെ പോയി ഏതുവേണാലും ചാപ്പിടലാം" - എന്നുച്ചാ അവിടെ സ്ട്രിക്ടലി വെജിറ്റേറിയൻ ഭക്ഷണമാണ് കിട്ടുക എന്ന്, എന്നാലോ നമുക്ക് ഇഷ്ടമുള്ളത് പുറത്തുപോയോ ഹോസ്റ്റലിലേക്ക് വാങ്ങിവന്നോ കഴിക്കാം അതിനൊന്നും നോ പ്രോബ്ലം. പിന്നെയവിടെയുണ്ടായിരുന്ന ഒന്നരവർഷം നല്ല കട്ടത്തൈരിലും അച്ചാറിലും ആണ് ജീവിച്ചത്. വീട്ടിലൊക്കെ പോയി വരുന്ന "കാശുകാരായി" ഇരിക്കുന്ന ആഴ്ചകളിൽ ചിലപ്പോൾ എല്ലാവരും കൂടെ പുറത്തുപോകും കൊത്തുപൊറോട്ടയും ചിക്കൻ ലോലിപോപ്പും ഒക്കെ അടിച്ചു ഹാപ്പിയായി തിരികെ വരും. പക്ഷേ അത്തരം ദിവസങ്ങൾ വളരെ അപൂർവമായിരുന്നു. രണ്ടുകൊല്ലം ജോലി ചെയ്ത പൈസേടെ അറ്റോം മൂലേമൊക്കെ വെച്ചാണല്ലോ നമ്മളീ എംടെക്കിനു പോയത്. അതുകൊണ്ട് അധികം ചിലവാക്കാനും, അമ്മയോട് ചോദിക്കാനും വിഷമമാണേ. എങ്കിലും കോളേജ് ലൈഫ് = കോളേജ് ലൈഫ്. അതിനി എങ്ങനെയൊക്കെയായാലും ഒരോളമുണ്ട് - അതിലൊരു സുവർണാവസരം ആയിരുന്നു ഇടയ്ക്ക് എപ്പോഴെങ്കിലും ലോക്കൽ സുഹൃത്തുക്കളുടെ വീട്ടിൽ പോയി ഫുഡടിക്കുക.
ക്‌ളാസിൽ ലോക്കൽ കുട്ടിയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ - അവളുടെ വീട്ടിൽ ഒരിക്കലോ മറ്റോ പോയിട്ടുണ്ട് . പക്ഷേ MCA ക്ക് അവിടെ ഒരു മലയാളിയുണ്ടായിരുന്നു പ്രദീപ - സേലത്ത് സ്ഥിരതാമസമാക്കിയ ഒരു കുടുംബം. പുള്ളിക്കാരിയുടെ വീട്ടിൽ ഒരിക്കൽ പോയി അമ്മയുണ്ടാക്കിയ നല്ല ചോറും മോരുകറിയും ഒക്കെ അടിച്ചുപോന്നതും നല്ല ഓർമയാണ്. പക്ഷേ, മട്ടൻ കുളമ്പിന്റെ രുചി അവിടെ നിന്നല്ല. കോളേജിൽ ബിടെക്കുകാരെ പഠിപ്പിക്കുകയും MTech പാർട്ട് ടൈമായി ചെയ്യുകയും ചെയ്യുന്ന ചില അദ്ധ്യാപകരുണ്ടായിരുന്നു. അങ്ങനെ പഠിച്ചിരുന്ന മലയാളികളെ വളരെ ഇഷ്ടമുണ്ടായിരുന്ന, കേരളത്തിൽ എന്തൊക്കെയോ വേരുകളുള്ള ഒരാളായിരുന്നു ഡേവിഡ് സർ. സാറും അമ്മയും മാത്രമാണ് കോളേജിന് അടുത്തുതന്നെയുള്ള ഒരു വീട്ടിൽ താമസിച്ചിരുന്നത്. ഒരിക്കൽ ഞങ്ങൾ കുറച്ചു മലയാളിത്താൻ പിള്ളേരെ സാർ വീട്ടിലേക്ക് ക്ഷണിച്ചു. അഞ്ജന, നിഷ, ഷാന്റി , ബേബി ജോർജ്ജ് എന്നൊരു സീനിയർ ഒക്കെയാണ് പോയത് എന്നാണ് ഓർമ്മ.
അസാമാന്യ വിവരമുള്ള കക്ഷിയായിരുന്നു ഈ ഡേവിഡ്‌സർ. പുള്ളിയുടെ അമ്മ മകനോട് / മകന്റെ അറിവിനോടൊക്കെ ബഹുമാനമുള്ള ഒരു അമ്മയും. വീട് മുഴുവൻ ബുക്കുകൾ ചിതറിക്കിടന്നിരുന്ന കുറെയേറെ ചെടികൾ ടെറസ്സിലുണ്ടായിരുന്ന ഒരു വീട്. അന്നവിടെ അമ്മ ഞങ്ങളെ സത്കരിക്കാൻ പച്ചരിച്ചോറും പൊരിയലും സ്‌പെഷ്യൽ മട്ടൻ കീമ കൊളമ്പും ഉണ്ടാക്കിയിരുന്നു. അതുവരെ കഴിച്ച മട്ടൻ കറികളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രീപറേഷനിൽ അമ്മ ഉണ്ടാക്കിയ മട്ടൻ കീമക്കറി എല്ലാവരും നല്ലസ്സലായി തട്ടിവിട്ടു. കുറെനാളായിരുന്നു അവധിക്ക് വീട്ടിലൊക്കെ പോയിട്ട് അതുകൊണ്ടുതന്നെ ആ " വീട്ടുശാപ്പാട് " സ്വർഗം താണിറങ്ങി വന്നതുപോലെ ആയിരുന്നു ഞങ്ങൾക്ക് ഓരോരുത്തർക്കും.
തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ കൂടെ വരാൻ സാധിക്കാതിരുന്ന തമിഴ് റൂം മേറ്സിനൊക്കെ ഞങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാകണം - അതും നല്ല രുചിയുള്ള മട്ടന്റെ മണമുള്ള കയ്യുമായിട്ടല്ലേ തിരികെ എത്തിയിരിക്കുന്നെ. അവളുമാരുടെ ശാപം ഫലിച്ചുന്നു പറഞ്ഞാൽ മതിയല്ലോ - രണ്ടുദിവസമാണ് കിടപ്പിലായിപ്പോയത്!! ഓർമയിൽ എനിക്കും ഷാന്റിക്കുമാണ് ആ മട്ടൻ പ്രശ്നക്കാരനായത്. കഴിച്ചതിന്റെ അവസാന അംശം വരെ മുന്നിലൂടെയും പിന്നിലൂടെയും പുറത്ത് പോകും വരെ ഞങ്ങൾക്ക് പച്ചവെള്ളം പോലും അകത്തേക്ക് ഇറക്കാൻ പറ്റിയില്ല :( മൂന്നിന്റെ അന്നാണ് പിന്നെ കോളേജിലേക്ക് പോകാൻ കഴിഞ്ഞത് - അതിൽപിന്നെ മട്ടൻ കീമ കൊളംബിനോട് ഈപ്പച്ചന് ആ നേരത്തെ പറഞ്ഞ സാധനമാ തിരുമേനി - ഇറവറൻസ് ! :/
(ഡേവിഡ് സാർ ഇപ്പോഴും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്ട്ടാ - വെറുതേ ഈ വരികളൊക്കെ ട്രാൻസ്ലേറ്റ് ചെയ്തുകൊടുക്കണം ലോ എന്നോർത്തുമാത്രം ഞാൻ പുള്ളിയെ ടാഗ് ചെയ്യുന്നില്ല. പക്ഷേ അന്നത്തെ ആ ആഹാരത്തിന് അത്രമേൽ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ഷാന്റി ഇന്നീ ലോകത്തിലില്ല ... കോഴ്സ് കഴിഞ്ഞതിനു രണ്ടു മാസം കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം സ്‌കൂട്ടറിൽ പോകവേ ഒരു ആക്‌സിഡന്റിൽ ഷാന്റി ഞങ്ങളെയൊക്കെ വിട്ടുപോയി )
Friday, December 18, 2020
രുചിയോർമ്മകൾ 05 - ആറ്റിങ്ങൽ കച്ചേരി ജംക്ഷനിലെ പേരോർമ്മയില്ലാബേക്കറിയിലെ ഫ്രൂട്ട് സാലഡ്.
നാവായിക്കുളം സ്‌കൂളിൽ പഠിക്കുന്ന സമയമാണ് - അഞ്ചിലോ ആറിലോ മറ്റോ ആണെന്ന് തോന്നുന്നു. ആ വര്ഷം ലെപ്രസി ബോധവൽക്കരണത്തിന് വേണ്ടിയുള്ള പ്രത്യേക പരിപാടികൾ തിരുവനന്തരപുരം ജില്ലയിൽ നടക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂൾ കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ നടത്തിയിരുന്നു സ്‌കൂൾ തലത്തിലും (നാവായിക്കുളം ) ഉപജില്ലയിലും (കടമ്പാട്ടുകോണം സ്‌കൂൾ) UP വിഭാഗത്തിൽ ഒന്നാം സമ്മാനം കിട്ടിയാൽ ആ കുട്ടികളെ ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിൽ വെച്ച് നടക്കുന്ന ജില്ലാ മത്സരത്തിന് കൊണ്ടുപോകും. ഹൈ സ്‌കൂളുകാർക്ക് അവിടെ നിന്നും തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മത്സരത്തിലും പങ്കെടുക്കാം. 7 -ആം ക്‌ളാസ് വരെയുള്ളവർക്ക് ആറ്റിങ്ങൽ വരെ പോകാനുള്ള അവസരമേയുള്ളൂ. നാവായിക്കുളം എന്ന ' ഠാ ' വട്ടത്തിനുള്ളിൽ കറങ്ങുന്ന എനിക്ക് ആറ്റിങ്ങൽ വരെ ബസ്സിൽ കയറിപ്പോകുന്നത് ആലോചിച്ചാണ് സമ്മാനത്തിനേക്കാൾ ത്രിൽ. വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് ഒന്ന് - ഒന്നര കിലോമീറ്റർ ഉണ്ടാകണം - രാവിലെയും വൈകുന്നേരവും ആടിപ്പാടി പൂക്കളോടും ചെടികളോടും മുള്ളിനോടും പുല്ലിനോടും പൂച്ചയോടും പശുവിനോടും കഥ പറഞ്ഞു പറഞ്ഞു നടന്നിരുന്ന ആ കാലമാണ് ജീവിതത്തിൽ ഇപ്പോൾ മിസ്സിംഗ് ആയി തോന്നുന്നത് എങ്കിലും, അന്ന് ആറ്റിങ്ങൽ എന്നപത്തു - പതിനഞ്ച് കിലോമീറ്റർ ദൂരെയുള്ള, താരതമ്യേന സിറ്റിയായ സ്ഥലത്തേക്ക് ബസിലൊക്കെ കേറിപ്പോകുക എന്നാൽ ഹൌ! ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം :) സ്‌കൂളിന്റെ അഭിമാന പ്രശ്നം ആയതുകൊണ്ട് ടീച്ചർമാർ തന്നെ കൊണ്ടുപൊക്കോളും. വീട്ടിൽ നിന്ന് ആളുവന്നു വേണം പോകാൻ എന്നാണ് എങ്കിൽ എന്റെ പോക്ക് നടക്കൂല - അമ്മ പറയും അമ്മേടെ സ്‌കൂളിൽ നിന്ന് ലീവ് കിട്ടൂല്ല. നീയ് വേണേൽ തനിച്ചു പൊക്കോന്ന്. ('അമ്മ ഒരു പ്രൈവറ്റ് സ്‌കൂൾ ടീച്ചർ ആയിരുന്നേ :) ) അതോടെ ബസും ആറ്റിങ്ങലും ഒക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലാകും. പക്ഷേ, ഇതൊരു സുവർണാവസരം ആണല്ലോ - ഇവിടെ ഒന്നാം സമ്മാനം കിട്ടിയാൽ മാത്രം മതിയല്ലോ!
അങ്ങനെ സ്‌കൂൾതലത്തിലും ഉപജില്ലയിലും ഒന്നാം സമ്മാനം അടിച്ചെടുത്തു ഞാൻ സ്വപ്‍ന നഗരമായ ആറ്റിങ്ങലിലേക്ക് സ്‌കൂളിൽ നിന്നുള്ള ടീച്ചറിനൊപ്പം പോകുകയാണ്. അന്നത്തെ ദിവസം സ്‌കൂളിലെത്തി പത്തുമണിയായപ്പോൾ പ്യുൺ ചേട്ടൻ വന്നു ഹെഡ് മിസ്ട്രെസ്സിന്റെ മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ ക്വിസിന് കൊണ്ടുപോകേണ്ട ടീച്ചറിനു പോകുന്നതിനുള്ള ചിലവ് കണക്കാക്കിയുള്ള കാശു കൊടുക്കുകയാണ് HM . ഹിന്ദി പഠിപ്പിച്ചിരുന്ന, അധികം സംസാരമൊന്നുമില്ലാത്ത ഗൗരവക്കാരിയും ശാന്ത സ്വഭാവക്കാരിയുമായ സുശീല ടീച്ചറാണ് കൂടെ. ടീച്ചറിന്റെ മകൻ രതീഷും ഞാനും ക്‌ളാസ്സ്‌മേറ്റ്സ് ആണ്, എന്റെ ചേട്ടന്മാരെ ടീച്ചർ പഠിപ്പിച്ചിട്ടുമുണ്ട്. ഇതൊക്കെ പോരാഞ്ഞിട്ട് മാവേലിക്കരക്കാരിയായ ടീച്ചർ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നതിന് മുന്നിലൂടെയാണ് എന്റെ അമ്മ രാവിലെയും വൈകിട്ടും ജോലി കഴിഞ്ഞു മടങ്ങി വരുന്നത് - പോരെ പൂരം! എന്റെ കൂടെ ആറ്റിങ്ങലിലേയ്ക്ക് വേറൊരു ടീച്ചറിനേം പറഞ്ഞുവിടാൻ HM നു തോന്നീലല്ലോ ഈശ്വരാ എന്ന് പരിഭവം പറഞ്ഞാണ് സ്‌കൂളിന് മുന്നിൽ നിന്ന് ആറ്റിങ്ങൽ ഗേൾസ് സ്‌കൂളിന് മുന്നിൽ തന്നെ ഇറങ്ങാവുന്ന പ്രൈവറ്റ് ബസിൽ ഞാൻ കയറുന്നത്. സുശീല ടീച്ചർ സ്വതവേയുള്ള ഗൗരവത്തിൽ ഇരിക്കുന്നു. ഞാനെന്തായാലും ആ ബസ് യാത്ര ആസ്വദിച്ച് കാഴ്ചയൊക്കെ കണ്ടു അവിടെയെത്തി. ക്വിസ് തുടങ്ങുന്നത് ഉച്ചക്ക്12 മണിക്കാണ്.1 മണിക്കൂർ. ഒരുരണ്ട് രണ്ടര ആകുമ്പോൾ തിരികെ സ്‌കൂളിലെത്താം.
അന്ന് വീട്ടിൽ പ്രാതലുണ്ടാക്കുന്ന പരിപാടിയില്ല. കുട്ടികൾക്ക് ഹോം ട്യൂഷൻ എടുത്തിരുന്നു 'അമ്മ - അതുകൊണ്ട് 7 മണിക്ക് പോകണം ആദ്യത്തെ വീട്ടിലേയ്ക്ക്. അവിടെ നിന്നാണ് 'അമ്മ സ്‌കൂളിലേക്ക് പോകുക. ചേട്ടന്മാർ പഴങ്കഞ്ഞി എന്ന തലേദിവസത്തെ ചോറും തൈരും മുളകും ഒക്കെ ചേർത്ത നല്ല സൊയമ്പൻ സാധനം കഴിച്ചിട്ട് സ്‌കൂളിൽ പോകും. എനിക്കാണേൽ രാവിലെ ചോറ് ഇറങ്ങാൻ ഇച്ചിരി ബുദ്ധിമുട്ടായിരുന്നു - അതിപ്പോൾ കഞ്ഞി ആയാലും പഴങ്കഞ്ഞി ആയാലും ഒരേപോലെ തന്നെ. അതുകൊണ്ട് എനിക്ക് മാത്രം രണ്ടുകോപ്പ ചായ കിട്ടും - അതാണ് നമ്മുടെ ഉച്ച വരെയുള്ള പിടി. ഉച്ചക്ക് ഉച്ചക്കഞ്ഞിയും പയറും കിട്ടുംലോ സ്‌കൂളിൽ നിന്ന്. ആറ്റിങ്ങൽ ഒക്കെ എത്തിക്കഴിഞ്ഞു ടീച്ചറിനൊപ്പം ഗേൾസിലേക്ക് നടക്കുമ്പോൾ ആണ് വയറ്റിൽ നിന്ന് ചെറുതായി മൂളൽ കേട്ടുതുടങ്ങിയത്. ടീച്ചർ ഒന്നും ചോദിക്കുന്നുമില്ല - ടീച്ചറിനോട് പറയാൻ ആത്മാഭിമാനംസമ്മതിക്കുന്നുമില്ല. ക്വിസ് തുടങ്ങും മുൻപ് ക്‌ളാസിൽ എല്ലാവര്ക്കും വെള്ളം കൊണ്ടുവന്നു. അതൊക്കെ കുടിച്ചു വിശപ്പിനെ ഒരുവിധം സൈഡാക്കി അങ്ങനെ ഇരിക്കുവാ. ആറ്റിങ്ങൽ ഗേൾസ് ഹൈസ്‌കൂളിലെ മിടുക്കിയായ ഒരു കുട്ടിയുണ്ടായിരുന്നു - ഒരു നാവായിക്കുളംകാരി - അരുണിമ. അവളും ഉണ്ട് ആ സ്‌കൂളിനെ പ്രതിനിധീകരിച്ചു ക്വിസ് മത്സരത്തിന്. മത്സരം കഴിഞ്ഞു - ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ എനിക്ക് രണ്ടാം സമ്മാനമേ കിട്ടിയുള്ളൂ. എന്നാലും കപ്പും സർട്ടിഫിക്കറ്റും ഒക്കെയുണ്ടേ. അതുമൊക്കെ വാങ്ങി ഇറങ്ങുമ്പോൾ തന്നെ മണി 2 കഴിഞ്ഞു.
സ്‌കൂളിൽ നിന്നും കുറച്ചു നടന്നു വേണം ബസ് സ്റ്റാൻഡിലേക്ക് പോകാൻ. കപ്പും സർട്ടിഫിക്കറ്റുമൊക്കെ ടീച്ചറിന്റെ കയ്യിലാണ് , ഇനി അടുത്ത അസംബ്ലിയിൽ വെച്ച് HM അത് സമ്മാനിക്കും. ഗ്രാമത്തിലെ സ്‌കൂളിലെ ഗോൾഡൻ മൊമെന്റ്‌സ് അതൊക്കെയാണല്ലോ .. പക്ഷേ, ടീച്ചർ സമ്മാനം കിട്ടിയതിനും ഒന്നും പറഞ്ഞില്ല - ഒന്നാം സമ്മാനം അല്ലാലോ അതാകും എന്ന് ഞാനും കരുതി. പോയ സന്തോഷമൊന്നുമില്ല എനിക്ക് ഇപ്പോൾ... കൂടെ പിന്നാലെ നടന്നു. ടീച്ചർ നടക്കുന്ന വഴിക്ക് അരികിൽ കണ്ട ഒരു കടയിൽ കയറി, എന്താണെന്നു പോലും നോക്കാതെ ഞാനും കൂടെക്കയറി. അകത്തെത്തി ഒരു മേശയുടെ അടുത്ത് ടീച്ചർ ഇരുന്നു എന്നെയും അടുത്തൊരു കസേരയിൽ ഇരുത്തി. അപ്പോഴാണ് അതൊരു ബേക്കറിയാണെന്നു എനിക്ക് മനസിലായത്. "നിനക്കെന്താ വേണ്ടേ കഴിക്കാൻ , വിശക്കുന്നില്ലേ " ന്നു ചോദിച്ച ടീച്ചറിനോട് - "ഇല്ല ടീച്ചറെ എനിക്കൊന്നും വേണ്ട, വിശപ്പൊന്നുമില്ല" ന്ന് ആർക്കും ചേതമില്ലാത്ത ഒരു കള്ളവും പറഞ്ഞു. ടീച്ചർ എന്റെ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചു ... പല്ലു പുറത്തു കാണിക്കാതെ, എന്നാൽ വാത്സല്യത്തിന്റെ എല്ലാ തെളിച്ചവും നിറഞ്ഞ ഒരു ചിരി. എന്നിട്ട് അടുത്തേക്ക് വന്ന ബേക്കറിയിലെ ആളിനോട് പറഞ്ഞു - "രണ്ടു പഫ്‌സ് ഒരു ജ്യൂസ് പിന്നൊരു സ്‌പെഷ്യൽ ഫ്രൂട്ട് സാലഡും, ഇവൾക്കേ വലിയ പിള്ളേരോട് മത്സരിച്ചു ക്വിസിന് സമ്മാനോം കപ്പുമൊക്കെ കിട്ടിയിട്ടുണ്ട് ഇന്ന്" . കണ്ണ് നിറഞ്ഞതു ടീച്ചർ ആ പറഞ്ഞ ടോൺ കേട്ടിട്ടാണ് - അഭിമാനം , സന്തോഷം പിന്നെ മറ്റെന്തൊക്കെയോ!
ആ രണ്ടു പഫ്‌സും കഴിച്ചപ്പോൾ തന്നെ എന്റെ വയറു നിറഞ്ഞേ ..എന്നിട്ടും ആ സ്‌പെഷ്യൽ ഫ്രൂട്ട് സാലഡ് മുഴുവൻ ഞാൻ കഴിച്ചു - നിറയെ അണ്ടിപ്പരിപ്പും കിസ്മസും ഒക്കെ ചേർത്ത ഫ്രൂട്ട് സാലഡ്. പിന്നെയാ ജ്യൂസ് ( പണ്ടത്തെ കുപ്പിയിൽ കിട്ടുന്ന ഓറഞ്ചു ജ്യൂസ് ഓർമ്മയില്ലേ? ) ഞാൻ ടീച്ചറിനെക്കൊണ്ടും കുടിപ്പിച്ചു. അന്ന് തിരികെ സ്‌കൂളിലെത്തിയിട്ട് എല്ലാവരോടും എന്റെ സമ്മാനക്കപ്പിന്റെ കാര്യം പറയും മുൻപ് ഞാൻ പറഞ്ഞത് ആ സ്റ്റീൽ തളികയിൽ എന്റെ മുന്നിൽ ചിരിച്ചിരുന്ന സ്‌പെഷ്യൽ ഫ്രൂട്ട് സാലഡിനെക്കുറിച്ചാണ് പിന്നെ സുശീലടീച്ചറിന്റെ സ്നേഹത്തിന്റെ ചിരിയെക്കുറിച്ചും!
#100DaysOfTastes #Day05 #fruitsalad #നൊസ്റ്റാൾജിയ
Sunday, November 29, 2020
രുചിയോർമ്മകൾ 04 - നാരങ്ങാനീര് ചേർത്ത് ചുട്ട, ഉപ്പും മുളകും പുരട്ടിയ കോൺ
തമിഴ്‌നാട്ടിൽ MTech ചെയ്യുന്ന സമയത്ത് തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്നത് ഫാഷൻ ടെക്നോളജിയിൽ ബിടെക് ചെയ്യുന്ന കുറച്ചു കുട്ടികളായിരുന്നു. "ചേച്ചീ എന്നാ ചേച്ചീ" ന്നു പിന്നാലെ കൂടിയിരുന്ന അവരിലാരുമായും കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ഒരു കോണ്ടാക്റ്റും ഇല്ല. പക്ഷേ ഇടയ്ക്കിടെ ഓർക്കും ഭാനു, ഭുവന, അശ്വിനി, സെൽവി ... അതിലെ സെൽവിയെക്കുറിച്ചാണ് ഇന്നത്തെ ഓർമ്മ - മൂക്കുത്തിയിട്ട , നെറ്റിയിലും തള്ളവിരലിനു പുറകിലും കുടുംബചിഹ്നം പച്ചകുത്തിയ ഒരുവൾ. ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കഴിഞ്ഞു എഞ്ചിനീറിംഗിന് ലാറ്ററൽ എൻട്രിയിൽ കയറിയ ആളാണ് സെൽവി. പഠിക്കുന്ന വിഷയത്തിൽ അതിഗംഭീരമായ അറിവും കഴിവും ഉള്ളയാൾ. ഫാഷൻ ഡിസൈനിങ്ങ് എന്ന വിഷയത്തിന് വേണ്ട ക്രിയേറ്റിവിറ്റി ജന്മനാ ഉള്ളവൾ - അല്ലെങ്കിലും ഈറോഡിലെ കൈത്തറികളുടെ ശബ്ദം താരാട്ടു കെട്ടുറങ്ങിയവൾക്ക് തുണിയും നൂലും ജീനുകളിൽ ഇഴ ചേർന്നില്ലെങ്കിലേ അതിശയമുള്ളൂ. ഒരുകാര്യത്തിൽ മാത്രം സെൽവി പിന്നോക്കം പോയിരുന്നുള്ളു അത് ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കേണ്ട ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഡിപ്ലോമ വരെയും തമിഴ് മീഡിയത്തിൽ പഠിച്ച ഒരു കുട്ടിക്ക് അതുവരെ പഠിച്ചതൊക്കെയും ഇംഗ്ലീഷിൽ എഴുതി ഫലിപ്പിക്കുക എന്നത് ആദ്യ സെമെസ്റ്റെറിലൊക്കെ അവളെ ശരിക്കും കഷ്ടപ്പെടുത്തി. എന്നിട്ടും ആദ്യ മൂന്നു റാങ്കുകളിലൊന്നിൽ അവൾ എത്തുമ്പോൾ അതൊക്കെ അഭിമാനപൂർവം പറയുമ്പോൾ "അമ്മാവുക്ക് ഹാപ്പിയായിടുംചേച്ചി" എന്ന് ചിരിയോടെ പറയുമ്പോൾ ഞാനും എന്റെ അമ്മയെ ഓർക്കാറുണ്ടായിരുന്നു.
അവിടെ കോളേജിൽ എല്ലാ തിങ്കളാഴ്ചയും ഇന്റെർണൽ എക്സാം എന്ന കുരിശുണ്ടായിരുന്നത് കൊണ്ട് ദീപാവലി, പൊങ്കൽ, സെമസ്റ്റർ ബ്രേക്ക് ഇത്യാദികൾക്കെ ഞങ്ങൾ അന്യസംസ്ഥാനക്കാർ വീട്ടിലേക്ക് പോയിരുന്നുള്ളു. ഇവരൊക്കെ ഇടയ്ക്കിടെ വീട്ടിൽ പോകുമ്പോൾ ഞങ്ങൾ മലയാളി പുള്ളകൾ ഹോസ്റ്റലിലെ ശൈവ ഭക്ഷണവും അടിച്ചു ഇന്റർനാഷണൽ സ്റ്റുഡന്റസ് കുറച്ചുപേരുണ്ടായിരുന്നവർ എടുത്തുകൊണ്ടുവരുന്ന കൊറിയൻ പടങ്ങളുടെ ഡിവിഡിയും കണ്ടു ദിവസങ്ങൾ തള്ളി നീക്കമായിരുന്നു. മൂന്നാം സെമസ്റ്റർ തീരാനായ സമയം ഇനിയും ഞങ്ങൾ എംടെക്കുകാർ 1 -2 മാസം കൂടിയേ ക്യാംപസിൽ ഉള്ളൂ. അവസാന സെമസ്റ്റർ പ്രോജക്ടാണ് പലരും പല വഴിക്ക് പിരിഞ്ഞു പോകുന്ന സമയം - എന്തായാലും അപ്രാവശ്യം രണ്ടു ദിവസത്തേക്കുള്ള അവധിക്ക് പോകുമ്പോൾ പിടിച്ച പിടിയാലേ സെൽവി എന്നെയും അഞ്ജന എന്ന റൂം മേറ്റിനെയും അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഈറോഡ് ബസ്സ്റ്റാൻഡിൽ ഇറങ്ങി കുറെയേറെ നേരം കാത്തുനിന്നിട്ടാണ് അവളുടെ ഗ്രാമത്തിലേക്കുള്ള വണ്ടി വന്നത്. ആകെ കുറച്ചു വണ്ടികളേ ഉള്ളൂ അവളുടെ വീടിന് അടുത്തുവരെ എത്തുന്നവ. ചെമ്മണ്ണ് പറക്കുന്ന വഴി, രണ്ടുവശത്തും ചോളപ്പാടങ്ങൾ - വൈകുന്നേരത്തോടെ ഒരു ആൽമരത്തിനു ചുവടെ വണ്ടിയിറങ്ങുമ്പോഴേക്കും സെൽവിയുടെ തൊട്ടുതാഴെയുള്ള അനിയത്തിയും സ്‌കൂളിൽ പഠിക്കുന്ന കുഞ്ഞനിയനും ജംക്ഷനിൽ എത്തിക്കഴിഞ്ഞിരുന്നു.
അവിടെ നിന്നും അവളുടെ വീട് വരെ നടന്നെത്തുന്ന ദൂരം മുഴുവൻ നാട്ടുകാരിൽ പലരും വീടുകളിൽ നിന്നും എത്തിയോ എന്നും കൂടെയാരാ എന്നും ചോദ്യങ്ങളും ഉറക്കെയുറക്കെ ഉത്തരങ്ങൾ പറഞ്ഞുപറഞ്ഞും ഞങ്ങളാ വീട്ടിൽ ചെന്ന് കയറി. അവിടെ അവളുടെ ഹീറോ- സെൽവിയുടെ 'അമ്മ മണ്ണുമേഞ്ഞ വീടിന്റെ പുറത്തേക്ക് തള്ളിനിൽക്കുന്ന ചായ്പ്പ് പോലെയൊന്നിൽ ഉള്ള തറിയിൽ 'ടകേ -ടക് ' എന്ന് ഊടും പാവും നെയ്യുന്നുണ്ടായിരുന്നു.കയ്യും കാലും കൊണ്ട് അങ്ങനെ ചെയ്യുന്നത് നോക്കി നിൽക്കുന്നത് പോലും കലയാണ് -പക്ഷേ അവൾ പറഞ്ഞു അറിയാം അവരാ ചെയ്യുന്നതിന്റെ , ചിലവാക്കുന്ന അദ്ധ്വാനത്തിന്റെ പകുതി പോലും അവർക്ക് പ്രതിഫലമായി കിട്ടില്ല. അവളുടെ ചുറ്റുവട്ടത്തുള്ള അയൽക്കാർക്കും ബന്ധുക്കൾക്കും ഒക്കെയുണ്ട് ഒന്നോ രണ്ടോ തറികൾ വീട്ടിൽ തന്നെ . എല്ലാവരുടെയും അവസ്ഥയും ഇത് തന്നെ. വാതിൽ ചേർത്തടയ്ക്കാവുന്ന ഒറ്റ മുറി മാത്രമുള്ള, നീളൻ വരാന്തയും തുറന്ന ഹാളും ഉള്ള വീടായിരുന്നു അത്. ഇപ്പുറത്തെ തറിച്ചായ്‌പ്പ് പോലെ അപ്പുറത്ത് അടുക്കള. ഞങ്ങൾ വരുന്നത് പ്രമാണിച്ചു അന്നവിടെ സ്‌പെഷ്യൽ "മീൻ കുളമ്പ് " ഉണ്ട് രാത്രിയിലേക്ക് കാണാൻ ജാക്കിച്ചാന്റെ ഒരു പടത്തിന്റെ തമിഴ് മൊഴിമാറ്റ തിരൈപ്പടത്തിന്റെ ഡിവിഡിയും എടുത്തിട്ടുണ്ട്!
ചെന്നുകഴിഞ്ഞു ഒരു ചായയും കുടിച്ചു അവളോടൊപ്പം അനിയൻ - അനിയത്തിമാരെയും കൂട്ടി നാടുകാണാനിറങ്ങി. ആ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിൽ കോടി നടക്കുമ്പോൾ ചുറ്റിനും നിന്നും കേൾക്കുന്നത് മുഴുവൻ തറിയുടെ ശബ്ദമാണ്. പിന്നീടു പല സിനിമകളിലും ഇതുപോലെ രംഗങ്ങളിൽ ഞാനാ നടപ്പ് ഓർക്കാറുണ്ട്. അന്നാണ് ആദ്യമായി ഒരു
"പട്ടിമണ്റം" (ആൾക്കൂട്ട ഡിബേറ്റ്) നേരിട്ട് കേൾക്കുന്നത് /കാണുന്നത്. ഒരുവിഷയത്തിനെക്കുറിച്ചുള്ള ഡിബേറ്റ് പലരും സംസാരിച്ചു മുന്നേറുന്നു , തിരികെ നടക്കുംവഴി വീടിനു തൊട്ടടുത്ത് എത്തിയപ്പോൾ അവളൊരു ചോളപ്പാടത്തേക്ക് ഇറങ്ങി അവിടെ നിന്നും അഞ്ചാറ് ചോളം തണ്ടോടു കൂടി ഒടിച്ചെടുത്തു. വീട്ടിലെത്തിയപാടെ ആ പെടയ്ക്കണ ഫ്രഷ് കോണിനെ നാരങ്ങാനീര് പുരട്ടി തീയിൽ ചുട്ടു ഉപ്പും മുളകുപൊടിയും ചേർത്ത് കൈയിലേക്ക് തന്നു - കടിക്കുമ്പോൾ ഓരോ കടിയിലും കോണിന്റെ മധുരവും നാരങ്ങയുടെ പുളിപ്പും ചുട്ടത്തിന്റെയാ കയ്പ്പും ഉപ്പും മുളകും എല്ലാം ചേർന്ന് വായിൽ കപ്പലോട്ടും... ഇപ്പോഴും .... ഇവിടെ കോൺ കാണുമ്പോൾ ഞാൻ സെൽവിയേയും ആ ഗ്രാമത്തെയും അവളുടെ അമ്മയെയും ഓർക്കും!
