Friday, June 2, 2023

നബിദിനവും ഭാർഗവീനിലയവും

വർഷം 1992 

നാവായിക്കുളം എന്ന സുന്ദര ഗ്രാമത്തിലാണ് എൻ്റെ ബാല്യകാലം ചിലവഴിച്ചത്. തിരുവനന്തപുരത്തിനും കൊല്ലത്തിനും ഏകദേശം അതിർത്തിയിലായി 
 വരുന്ന, കുറെയേറെ അമ്പലങ്ങളും, പള്ളികളും, പാടങ്ങളും , ചെമ്മൺപാതകളും, മരനിരക്കടകളും നിറഞ്ഞിരുന്ന നാടായിരുന്നു നാവായിക്കുളം എന്ന ഗ്രാമം.   പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വാടകവീടുകളിലൂടെ ജീവിതം കറങ്ങിയിരുന്ന ആ കാലഘട്ടത്തിനെ ഞാനെന്റെ ജീവിതത്തിന്റെ സുവർണകാലം എന്നാണ് ഓർക്കുന്നത്.  ഈ സംഭവം നടക്കുന്നതിനു തൊട്ടുമുൻപത്തെ വർഷമാണ്  ഞങ്ങൾ പുതിയ വാടകവീട്ടിലേക്ക് മാറിയത്.  

നാവായിക്കുളത്ത് നിന്ന് കല്ലമ്പലത്തിലേക്ക് പോകുന്ന വഴിയിൽ മണിച്ചിത്രത്താഴിലെ വീടിനെ ഓർമ്മിപ്പിക്കുന്നത് പോലെ, ഒരു വലിയ പറമ്പിൽ  കുറേക്കുറേ കുഞ്ഞുകുഞ്ഞു മുറികളും ഇരുണ്ട ഇടനാഴികളും  ഒക്കെച്ചേർന്ന ഒരു തറവാട് വീടായിരുന്നു അത്തവണ ഞങ്ങൾക്ക് കിട്ടിയത്. 
ഞങ്ങളതിനെ ഭാർഗവീനിലയം എന്ന് വിളിച്ചുപോന്നു.  പേരുകേട്ട ഈ തറവാടിനെ ഭാഗത്തിൽ  കിട്ടിയ ഇളയ മകൻ, സാമ്പത്തിക പ്രതിസന്ധിയിൽ ഇതിനെ മറ്റൊരു പ്രമുഖന് വിൽക്കുകയും അദ്ദേഹം വീടൊന്ന് വൃത്തിയായി കിടന്നോട്ടെ എന്ന ഉദ്ദേശത്തിൽ ഞങ്ങൾക്ക് വാടകയ്ക്ക് തരുകയും ചെയ്തതാണ് - അല്ലാതെ അത്രോം വലിയ വീട് വാടകയ്ക്ക്  എടുക്കുന്നത്  സ്വപ്നത്തിൽ പോലും നമുക്ക് സങ്കൽപ്പിക്കാൻ പറ്റുന്ന കാര്യമല്ലായിരുന്നു. . സാധാരണ എല്ലായ്‌പോഴും രണ്ടു മൂന്ന് കൊല്ലം കൂടുമ്പോൾ വീട് മാറാനാകുമ്പോഴൊക്കെ അമ്മയ്ക്ക് പുതിയ വീട് കണ്ടെത്തുക എന്നത് കുറച്ച്  ദിവസത്തെ തലവേദനയാണ്‌. യാത്രാസൗകര്യങ്ങൾക്ക് അടുത്തുള്ള വീട് വേണം, ഏതെങ്കിലുമൊക്കെ കടകൾ അടുത്ത് വേണം, രാത്രിയായാലും റോഡിൽ നിന്നുള്ള  ഇച്ചിരെ വെട്ടവും  വെളിച്ചവും വേണം എന്നതൊക്കെ പല വീടുകളിൽ പോയി ട്യൂഷൻ എടുത്തിരുന്ന അമ്മയുടെ  ജോലിക്ക് അത്യന്താപേക്ഷിതമായിരുന്നു. ഈ തറവാട് വീട്  വിലയ്ക്ക് വാങ്ങിയ മുതലാളിയുടെ കുഞ്ഞിനും അമ്മയായിരുന്നു ട്യൂഷൻ എടുത്തിരുന്നത് എന്നത് കൊണ്ട് ,ഒരു കൊല്ലം കഴിഞ്ഞ് അവരാ വീട് പൊളിച്ചടുക്കി പുതിയത് വെയ്ക്കും വരെ നമുക്കത് തുച്ഛമായ പൈസയ്ക്ക്  കിട്ടി.  


ഞാനാദ്യമേ പറഞ്ഞത് പോലെ ഇതൊരു വലിയ പറമ്പിൽ ഒത്ത നടുക്കിരിക്കുന്ന വീടായിരുന്നു. പണ്ടത്തെ തറവാട് വീടിനെ കാലാകാലങ്ങളിൽ വീണ്ടും രണ്ടു മുഖപ്പുകൾ കൂട്ടിച്ചേർത്തത്. ഏറ്റവും മുന്നിലത്തെ സിമന്റിട്ട രണ്ടു കിടപ്പുമുറിയും ചെറിയ ഹാളും ടെറസും  ചേർന്നതായിരുന്നു പുതിയ കൂട്ടിച്ചേർക്കൽ. അവിടുന്ന് ഏറ്റവും പുറകിലുള്ള അടുക്കളയിലേക്ക് ചെന്നെത്താൻ ഇരുണ്ട രണ്ടു വരാന്തകൾ കടക്കണം, വീട്ടുകാർ പൂട്ടിയിട്ടിരിക്കുന്ന ഇടമുറികൾ രണ്ടെണ്ണം (രണ്ടാം മുഖപ്പ്)  ചുറ്റിവളഞ്ഞു വേണം അടുക്കളയും ഊണുമുറിയും ചെറിയൊരു ചായ്പുമുള്ള പഴയ ഭാഗത്തെത്താൻ. അവിടുന്ന് അത്യാവശ്യം ഉച്ചത്തിൽ വിളിച്ചുകൂക്കിയാലെ മുൻവശത്തെ  ഹാളിലേക്ക് കേൾക്കൂ. നാലുപാളിയുള്ള  അടുക്കള വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയാൽ കോൺക്രീറ്റ് ഇട്ട മുറ്റത്തെത്തും, ചെറിയ തിട്ട കെട്ടി പറമ്പിൽ നിന്നും തിരിച്ചിരുന്ന ആ മുറ്റത്തിനുമപ്പുറം നിറയെ കുലച്ച പേരയ്ക്ക, നാരങ്ങ, ആപ്പിൾ ചാമ്പ, മാവുകൾ ,  ലൗലോലിക്ക എന്ന ശീമനെല്ലിക്ക, കരിമ്പ്, കുളമാങ്ങ എന്ന് വിളിച്ചിരുന്ന ചെറിയൊരു കായ ഉണ്ടാകുന്ന മരം, പിന്നെ വിവിധ തരം വാഴകൾ - ഞാലിപ്പൂവൻ, ഏത്തവാഴ, പൂവൻ! ആദ്യമായിട്ടായിരുന്നു ഞങ്ങൾ അത്രയും പറമ്പും മരങ്ങളുമുള്ള ഒരു വീട്ടിൽ ജീവിക്കുന്നത്. പിന്നിലെ വിസ്താരമുള്ള പറമ്പ്  തീരുന്നിടത്ത് ഒരാൾപ്പൊക്കത്തിൽ മതിലുണ്ടായിരുന്നു. അതിനും പുറകിൽ ഒന്നൊന്നൊര ഏക്കർ റബ്ബർ.  ആ റബ്ബറിൻ തോട്ടം മുറിച്ചു കടന്നുപോയാൽ അക്കരെയുള്ള മറ്റൊരു ഗ്രാമത്തിലേക്ക് എത്തും. 

ഇനി മുൻഭാഗത്തേക്ക്‌ വന്നാലോ വീടിനു മുന്നിൽക്കൂടിയാണ്  ട്രിവാൻഡ്രം - കൊല്ലം നാഷണൽ ഹൈവേ കടന്നുപോകുന്നത്.  റോഡ്  നിരപ്പിൽ നിന്നും താഴ്ന്നു നിന്നിരുന്ന വീട്ടിലേക്ക് ഗേറ്റ് തുറന്ന് താഴത്തേക്ക് ഇറങ്ങാൻ ഒരു കോൺക്രീറ്റ് ഇട്ട പാതയുണ്ടായിരുന്നു. മുന്നിൽ നിറയെ പലയിനം ടീറോസ് ചെടികൾ  - മഞ്ഞ ഓറഞ്ച് പീച്ച് ചുവപ്പ് ! താഴേക്കുള്ള വഴിയുടെ രണ്ടു സൈഡിലും തെങ്ങുകൾ , കുറച്ചു വാഴകൾ പിന്നെ വീടിനൊരു സൈഡിലായി വലിയൊരു മരത്തിൽ   കൂടി ചുറ്റിപ്പടർന്ന് പുതുക്കിയ ടെറസുള്ള മുഖപ്പിലേക്ക് ഒഴുകിക്കിടക്കുന്ന നിറയെ പടർന്നു കായ്ച്ചു കുലച്ചു തളിരിട്ടുള്ള  പാഷൻ ഫ്രൂട്ട് വള്ളികൾ.  അവിടെ താമസിച്ച എല്ലാ സീസണിലും നിറയെ പഴുത്ത കായകൾ മുറ്റത്തിന് അരികിലായി തറയിൽ വീണു കിടക്കുമായിരുന്നു.  ടെറസിലേക്ക് കേറിയാൽ രണ്ടു ഭാഗത്തെ ഓടിലേക്കും ടെറസിലേക്കും  പടർന്നു കിടക്കുന്നതിലെ കായകൾ  കൈകൊണ്ട് പറിച്ചെടുക്കാം.  മുന്നിലെ റോഡ് മുറിച്ചു കടന്നാൽ താഴെക്കൂടെ പഴയ റോഡ് കടന്നുപോകുന്നുണ്ട്, അതിനു ചേർന്നാണ് പള്ളിയും അബൂബക്കർ ഇക്കാൻ്റെ ചായക്കടയുമൊക്കെ. ആ വീട്ടിൽ പള്ളിയിലെ വാങ്ക് വിളി കേട്ടാണ് അമ്മ കാര്യങ്ങൾ നീക്കിയിരുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചക്കും ചില മാസങ്ങളിൽ രാത്രിയിലുമൊക്കെ അവിടുന്നുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ കഴിയുമായിരുന്നു.  

പെരുന്നാൾ ദിവസങ്ങൾ, നബിദിനത്തിലെ പരേഡ് , നോമ്പുതുറ ഇഫ്താറുകൾ അങ്ങനെയങ്ങനെ ഏറെക്കുറെ എപ്പോഴും ആളും ബഹളവും ആഘോഷവും കടന്നുപോകുന്നത് ഞങ്ങളുടെ ഉള്ളിലും കൂടിയായിരുന്നു. അങ്ങനെ ഒരു നബിദിനത്തിന്റെ ഓർമയാണിത്. അതൊരു ശനിയാഴ്ചയായിരുന്നു, ആറാം ക്ലാസിൽ പഠിക്കുന്ന ഞാനും പ്രീഡിഗ്രി ഒന്നാംകൊല്ലം പഠിക്കുന്ന ചേട്ടന്മാരും. അച്ഛൻ ഒരു എഴുത്തുപണിയുമായി  കോട്ടയത്താണ്, മാസത്തിൽ ഒരിക്കലേ വരൂ. അമ്മ അടുത്ത മെയിൻ സിറ്റി ആയ കല്ലമ്പലത്തിൽ ഒരു പ്രൈവറ്റ്  സ്‌കൂളിലെ അദ്ധ്യാപനവും, ക്ലെറിക്കൽ പണിയും, രാവിലെയും വൈകിട്ടും വീടുകളിൽ പോയുള്ള ട്യൂഷൻ എടുക്കലും ഒക്കെയായി കഴിയുന്ന സമയം.

 ശനിയാഴ്ചകളിലും സ്‌കൂളിലെ അഡ്മിനിസ്ട്രേഷൻ പണികൾക്ക് സഹായിക്കാൻ ഉച്ച വരെ  പോകുമായിരുന്ന അമ്മയ്‌ക്കൊപ്പം അന്ന് ഞാനും പോയി. ഇടയ്ക്കിടെ അവധിയുള്ളപ്പോൾ ആ ഏരിയ പോയി വായിനോക്കുക എന്നത് എന്റെയൊരു ഹോബി ആയിരുന്നു. കൂട്ടത്തിൽ ഈ പറഞ്ഞ ക്ലെറിക്കൽ പണിയുടെ  ഒരു ഭാഗം (കണക്ക് നോക്കിയെഴുതലോ, ബുക്കുകൾ അടുക്കിപ്പെറുക്കി എണ്ണമെടുത്തു വെയ്ക്കലോ ഒക്കെ ) ചെയ്താൽ അന്നത്തെ സ്‌കൂളുടമയും ഹെഡ്മാസ്റ്ററുമായ മാഷ് തരുന്ന ചെറിയ പോക്കറ്റ്മണിയെന്ന പ്രലോഭനവും. ചേട്ടന്മാർ ആറ്റിങ്ങലിൽ ട്യൂഷന് പോയിക്കഴിഞ്ഞ്  അമ്മ  രാവിലെ സ്‌കൂളിലേക്ക് പോയി, ഒന്നാഞ്ഞു നടന്നാൽ 15 മിനിട്ടാണ് സ്‌കൂളിലേക്കുള്ള ദൂരം. ഞാൻ ലേറ്റായിട്ട്  എണീച്ച് ചായയൊക്കെ കുടിച്ച് അമ്മ നോക്കാനേൽപ്പിച്ച മീൻകറിയുടെ വേവും നോക്കി ഈ സാധനം കുറച്ച് ഒരു പാത്രത്തിലും  എടുത്തുകൊണ്ട്  സ്‌കൂളിലേക്ക് ഒരു പത്ത് പത്തര ആയപ്പോൾ എത്തി. മീൻകറി കൊണ്ടുവരണ്ടായിരുന്നു എങ്കിൽ ഇന്ന് വീട്ടിൽ കിടന്നുറങ്ങാരുന്നു എന്നൊരു ചെറിയ മോഹഭംഗം എനിക്ക് തോന്നാതിരുന്നില്ല. 

സ്‌കൂളിലെ സ്ഥിരം പരിപാടികൾ ഒക്കെ കഴിഞ്ഞപ്പോൾ  3 മണിയടുപ്പിച്ചായി. അമ്മ ബാക്കിയുള്ള വീടുകളിലെ ട്യൂഷൻ എടുക്കാൻ വേണ്ടി കല്ലമ്പലം ഭാഗത്തേക്കും ഞാൻ കയ്യിൽ മീന്കറിപാത്രമുള്ള കവർ ആട്ടിയാട്ടി വീടിന്റെ ഭാഗത്തേക്കും നടക്കാൻ തുടങ്ങി. ഞാൻ പറഞ്ഞല്ലോ ആഞ്ഞു നടന്നാൽ 15 മിനിറ്റിലെത്താം, പക്ഷേ  അത്രേം വേഗത്തിൽ ചെന്നിട്ട് എനിക്ക് ഒന്നും ചെയ്യാനില്ലല്ലോ. അത് കൊണ്ട് ആവുന്നത്ര പ്രകൃതി ഭംഗി ഒക്കെ ആസ്വദിച്ച്  വഴിയിൽ കണ്ട കാക്കയോടും പൂച്ചയോടും പശുവിനോടും വരെ വർത്തമാനം പറഞ്ഞ് ഒരരമണിക്കൂറിൽ ഞാൻ വീട് കാണാവുന്ന ദൂരത്തിലെത്തി.  അവിടുന്നു തന്നെ ഗേറ്റിനു മുന്നിൽ റോഡിലായി  ഒരു ചെറിയ ആൾക്കൂട്ടം കാണാം. സൈക്കിളിൽ എതിരെ വന്ന ചേട്ടന്മാരുടെ സുഹൃത്തിനെ തടഞ്ഞുനിർത്തി  "ന്താ അവിടെ ഒരു ഒച്ചപ്പാടും ബഹളോം, നബിദിനം പരേഡ് കഴിഞ്ഞില്ലേ" എന്ന എൻ്റെ ചോദ്യത്തിന് പുള്ളി എന്നെയൊന്നു സൂക്ഷിച്ചു നോക്കിയിട്ട് സൈക്കിൾ മുന്നോട്ടെടുത്തതുകൊണ്ട് പറഞ്ഞു - "അപ്പൊ കൊച്ചറിഞ്ഞില്ലേ , നിങ്ങടെ വീട്ടി കള്ളൻ കേറി , വേം ചെല്ലാൻ നോക്ക് , ഞാൻ പോലീസിനെ വിളിക്കാൻ പോകുവാ " !!!


"ഹമ്മേ, കള്ളനോ " എന്റെ തല കറങ്ങി. അവിടുന്നൊറ്റ ഓട്ടത്തിന് ഗേറ്റിലെത്തി നിന്നപ്പോൾ തന്നെ ചേട്ടന്മാരുടെ തല ഞാൻ  കണ്ടു. സംഭവം ശരിയാത്രേ . പിന്നിലെ അടുക്കള ഭാഗത്തുള്ള ബലമില്ലാത്ത നാലു പാളി  വാതിൽ നൈസായിട്ട് തുറന്ന് ഏതോ കള്ളന്മാർ വീട്ടിൽ കയറി. പോലീസ് എത്തിയപ്പോഴേക്കും സഹൃദയരായ നാട്ടുകാർ പറഞ്ഞറിഞ്ഞ് അമ്മയും ഏതോ വീട്ടിൽ നിന്നും ഓടിപ്പാഞ്ഞെത്തി. പോലീസിനൊപ്പം അകത്തു കയറി നോക്കിയപ്പോൾ അടുക്കള  വാതിൽ മുതൽ മുന്നിലെ മുറി വരെ പാഷൻ ഫ്രൂട്ട് തിന്നതിന്റെ പഴച്ചാർ തറയിൽ മുഴുവൻ. അതിനു രണ്ടു ദിവസം മുൻപോ മറ്റോ കുറെയേറെ പഴുത്ത കായ പറക്കി അകത്ത് വെച്ചിരുന്നേ. പാവം കള്ളൻ ചേട്ടന്മാർ കൊതി മൂത്തപ്പോൾ ആവശ്യത്തിന് എടുത്തു കഴിച്ച് ഉല്ലസിച്ചാണ് മോഷണം നടത്തിയത്.  (രണ്ടു പേരുണ്ടാകാം എന്ന് പോലീസ് വിരലടയാളം ഒക്കെ നോക്കി പറഞ്ഞിരുന്നു പിന്നീട് ). അമ്മ ചെറുതായി കരച്ചിലൊക്കെ വന്നു  കണ്ണുനിറഞ്ഞു  നിൽക്കുകയാണ്. ഞങ്ങളെ അറിയുന്ന ആരോ ആണ് ! 
വീട്ടിലാരുമില്ല എന്നറിയുന്ന - അന്ന് വീടിനു മുന്നിൽ പരേഡും ഉച്ചഭാഷിണിയുടെ ശബ്ദവും പാട്ടും കൊട്ടും  ഒക്കെയായത് കൊണ്ട് വാതിൽ പൊളിക്കുന്ന ശബ്ദം ആരും കേൾക്കില്ല എന്നതറിയുന്ന, വീടിനു തൊട്ടപ്പുറത്ത് പണി തീരാത്ത ഒരു വീടും മറുഭാഗത്ത് തെങ്ങിൻതോപ്പും പിൻഭാഗത്ത് റബ്ബർതോട്ടവും ആയത് കൊണ്ട് ഒരു ഈച്ചക്കുഞ്ഞ് പോലും അവരെ കാണില്ല എന്നും അറിയുന്ന ആരോ രണ്ടുപേർ! 

പക്ഷേ , കളവു പോയ സാധനങ്ങളുടെ ലിസ്റ്റെടുത്തപ്പോ പോലീസുകാരുടെ ഇന്റെറസ്റ്റ്   മൊത്തം അങ്ങുപോയി, അന്ന് ഞങ്ങൾക്ക്  ആകെ സ്വർണം എന്ന്  പറയാൻ ഉണ്ടായിരുന്നത് എന്റെയും അമ്മയുടെയും കാതുകളിലെ രണ്ടു കുഞ്ഞിക്കമ്മലുകളും, അമ്മയുടെ നേർത്ത താലിമാലയും ആയിരുന്നു. അത് മോഷണം നടന്ന സമയത്ത് ഞങ്ങളുടെ ദേഹത്തായിരുന്നല്ലോ. പണമായി പോയത് നോക്കിയാലും പതിനായിരങ്ങളിൽ ഒന്നുമായിരുന്നില്ല വെറും ആയിരവും ചില്ലറയും! പക്ഷേ  ഞങ്ങളെ സംബന്ധിച്ച് അന്ന് കളവ് പോയത് വില മതിക്കാനാകാത്ത  പലതുമായിരുന്നു - ചേട്ടന്മാർക്ക് രണ്ടാൾക്കുമായി ഒരു സൈക്കിൾ ഉണ്ടായിരുന്നു. തൊട്ടു മുൻപത്തെ ആഴ്ച അത് വിറ്റുകിട്ടിയ കാശ് അവരുടെ മേശവലിപ്പിൽ വെച്ചിരുന്നത്, SSLC യിലെ മികച്ച മാർക്കിന് രണ്ടാൾക്കും  സമ്മാനമായി കിട്ടിയ  പുതിയ രണ്ടു വാച്ചുകൾ - ബസിൽ കെട്ടിക്കൊണ്ടുപോയാൽ ഉരയുമെന്നും പോറുമെന്നും കരുതി ഭദ്രമായി വാച്ചിന്റെ കെയ്‌സിൽ തന്നെ ഇട്ടുവെച്ചത്, അമ്മയ്ക്ക് ഏതോ  ശിഷ്യന്റെ വീട്ടിൽ നിന്നും കിട്ടിയ ഒരു ഫോറിൻ ടോർച്ച് , ഞങ്ങടെ സെൻറ് ജോർജ്ജ് കുടകൾ, ചേട്ടന്മാരുടെ  ചില അലുക്കുലുത്ത് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, റേഡിയോ,  ഞങ്ങടെ ഒരു പഴയ ബ്ലാക്ക്&വൈറ്റ് ടീവി,  എന്തിനു പറയുന്നു  ഈ  പാവം  ഞാൻ പൗഡർ  ടിൻ കുടുക്കയിലും പെൻസിൽ പെട്ടിയിലും സൂക്ഷിച്ചു വെച്ചിരുന്ന പത്തും  ഇരുപതും പൈസകൾ ചേർന്ന 'സമ്പാദ്യം' വരെ ആ ദരിദ്രവാസി കള്ളന്മാർ എടുത്തോണ്ടുപോയെന്നേ!.  വീട്ടിൽ നിന്നെടുത്ത ചാക്കുകളിൽ  ഈ കച്ചറു പിച്ചറു  സാധനമൊക്കെ ഇട്ട് കേറിയ അതേ  വഴിയിലൂടെ തന്നെയിറങ്ങി മതിലുചാടി റബർത്തോട്ടത്തിലൂടെ  അവരങ്ങു  പോയി.  

ആരാണെന്നു കണ്ടുപിടിക്കാതെ പോയ ആ ചെറിയ 'വലിയ' മോഷണത്തിൽ   നഷ്ടമായിപ്പോയ ഞങ്ങടെ കുഞ്ഞുസമ്പത്തുകൾ ഞങ്ങൾക്ക് വീണ്ടും ഒപ്പിക്കാൻ അമ്മ പിന്നെയും കുറെ കഷ്ടപ്പെട്ടു. പക്ഷേ, പോലീസും നാട്ടുകാരുടെ തിരക്കും ബഹളവുമൊക്കെ ഒഴിഞ്ഞപ്പോൾ അമ്മ ഞങ്ങൾ മൂന്നാളോടും ആശ്വാസത്തിന്റെ ഒരു ദീർഘനിശ്വാസത്തോടൊപ്പം പറഞ്ഞത് "കൊച്ചിന്ന് പകൽ  ഇവിടെ നിന്നിരുന്നെങ്കിലോ, ഇതിപ്പോ പോയ സാധനങ്ങൾ ഒക്കെ നമുക്ക്  ഉണ്ടാക്കാല്ലോ ഇനിയും" എന്നാണ്.  പിന്നെയും കുറെയേറെ നാളുകളിൽ  ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ആ വീടിനകം എന്നെ പേടിപ്പിച്ചിരുന്നു, അധികം താമസിയാതെ ഞങ്ങൾ അവിടുന്നു മാറുകയും ചെയ്തു. എങ്കിലുമിന്നും നബിദിനം എന്ന് കേൾക്കുമ്പോൾ ഞാനാ ഭാർഗവീനിലയം വീടോർക്കും, മുഖം അറിയാത്ത രണ്ടു കള്ളന്മാരെ  ഓർക്കും, അടുക്കള മുതൽ മുന്നിലിറയം വരെ തറയിൽ ചിതറിക്കിടക്കുന്ന പാഷൻ ഫ്രൂട്ടിന്റെ ചാറും തോടും ഓർക്കും,  പിന്നെ ഈ പോയതൊക്കെ കല്ലിവല്ലിയാണ് എനിക്ക് ആ കള്ളന്മാരെ നേരിട്ട്  കാണേണ്ടി വന്നില്ലല്ലോ എന്നാശ്വസിക്കുന്ന അമ്മയുടെ നിറഞ്ഞ കണ്ണുകൾ ഓർക്കും ..... അവിടെ  ഞാനും എന്റെയോർമ്മയെ ആശ്വാസത്തിൽ തടഞ്ഞുനിർത്തും. 1 comment:

  1. ശ്ശോ... എന്തൊരു കഷ്ടം.

    അവിടെയുണ്ടാകാതെ ഇരുന്നത് നന്നായല്ലൊ 🥰

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)