Sunday, February 10, 2019

മിൽവാക്കിയും മകരവിളക്കും പിന്നെ ഞാനും

         ചെറുപ്പത്തിലെ എന്റെയൊരു അടയാളം തന്നെ "ആ ചന്ദനമിട്ട കൊച്ച് " എന്നതായിരുന്നു. ഒരു പക്കാ അമ്പലവാസിയായിരുന്ന എന്നെ വൈകുന്നേരങ്ങളിൽ കാണണമെങ്കിൽ വീടിന് ഇടതുവശത്തേക്ക് ഒറ്റ ഓട്ടമോടിയാൽ ഇടിച്ചുനിൽക്കുന്ന   വല്യമ്പലം എന്ന ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലോ, വീടിനു വലതുവശത്തുള്ള കൊച്ചമ്പലമെന്ന അമ്മൻകോവിലിലോ നോക്കണമായിരുന്നു. മണ്ഡലകാലവും ഉത്സവകാലവും ഏതാണ്ട് ഇരുട്ടുവെളുക്കും വരെ ഞാനും കൂട്ടാരും ഇങ്ങനെ  ഒരമ്പലത്തിൽ നിന്ന് മറ്റേതിലേക്ക് കറങ്ങിക്കറങ്ങി നടക്കും. അയ്യപ്പൻവിളക്കുകൾ എന്നുമുണ്ടാകും മണ്ഡലകാലം തുടങ്ങിയാൽ. കൊച്ചമ്പലത്തിലെ പാട്ടിന്റെ സ്ഥലത്തു ആദ്യമേ എത്തും എല്ലാ ഭജനയും കൂടെപ്പാടും - ശരണം വിളികളിൽ ഏറ്റവും ഉച്ചത്തിൽ എന്റെ ശബ്ദമാകും കേൾക്കുക . ഒക്കെ കഴിയുമ്പോൾ അവലും മലരും നേദ്യപ്പായസവും ഒക്കെയായി ഓരോ അയ്യപ്പവിളക്ക് ദിവസവും ജോറാണ്.  അയ്യപ്പനും ശങ്കരനാരായണ സ്വാമിയും സ്വന്തം ആളായിത്തോന്നുന്നതും വേറെ കാരണം കൊണ്ടല്ല. ഗണപതിയെ  ആണേൽ അന്നേ നമ്മുടെ ബ്രോ ആയിട്ടാണ് കാണുന്നത് - ആളെക്കണ്ടാൽ ആർക്കും ഒരു കൗതുകം തോന്നിപ്പോകും എന്നത് വേറെ കാര്യം.


        ജീവിതം പല ചാലുകളിലൂടെയോടിയെത്തിയത് മഞ്ഞുറയുന്ന മിൽവാക്കിയിലാണ്. താരതമ്യേന വളരെകുറച്ചു മലയാളികൾ മാത്രമുള്ള ഒരു സ്റ്റേറ്റ് ആണ് മിൽവാക്കി ഉൾപ്പെടുന്ന വിസ്കോൺസിൻ. കുറച്ചു മലയാളികളെ ഇവിടെ എത്തി ഏകദേശം ഒരു വര്ഷം കഴിഞ്ഞു പരിചയപ്പെട്ടപ്പോൾ തോന്നിയ ആശ്വാസം പറയത്തിനെളുതല്ല! ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാർക്കും കൂടി ഇവിടെ ഒരു അമ്പലമുണ്ട് - ശനിയും ഞായറും രാവിലെ മുതൽ രാത്രി വരെ പ്രവർത്തിക്കുന്ന ഒരു ജനകീയ അമ്പലം- ഹിന്ദു ടെമ്പിൾ ഓഫ് വിസ്കോൺസിന്. പേരൊക്കെ ഇങ്ങനെയാണെങ്കിലും ഇന്നുവരെ അവിടെ ആരെയും ഹിന്ദു ആണോ ക്രിസ്ത്യൻ ആണോ സിഖ് ആണോ എന്നൊന്നും നോക്കി മാറ്റുന്നത് ഞാൻ കണ്ടിട്ടില്ല. ആദ്യമാദ്യമൊക്കെ ഞങ്ങൾ അവിടെ പോകുന്നത്  ഞായറാഴ്ച ഒരു ഉച്ച ഉച്ചര ആകുമ്പോഴാണ് - ഒരു വെടിക്ക് രണ്ടു പക്ഷിയാണ് ഉദ്ദേശം. അത്യാവശ്യം അമ്പലം കറങ്ങലും ആകും ഉച്ചയ്ക്കത്തെ ഫുഡടിയും നടക്കും. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച മലയാളികളുടെ വകയാണ് വൈകുന്നേരത്തെ പൂജ - മലയാളികളുടെ സ്വന്തം ദൈവം അയ്യപ്പൻ ആണല്ലോ, അതുകൊണ്ട് മാസത്തിലെ ആദ്യ ശനിയാഴ്ചകളിലെ വൈകുന്നേരങ്ങൾ സ്വാമി ശരണം വിളികൾക്കായി ബുക്ക് ചെയ്തു. 


       കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്കായിരുന്നു ആ ഭജന ദിനങ്ങൾ. പണ്ട് പാടിപ്പാടി മനസിലുറച്ച പാട്ടുകൾ ആരെങ്കിലും കേട്ടാലെന്ത് കരുതുമെന്നോർക്കാതെ വീണ്ടും എടുത്തു പെരുമാറാൻ കിട്ടുന്ന ചാൻസ്. "തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമിയും " " എൻ മനം പൊന്നമ്പലം തിൽ നിന്റെ ശ്രീരൂപ"വുമൊക്കെ ഒരിക്കൽക്കൂടി എന്നെയാ പാവാടക്കാരിയാക്കും. കുഞ്ഞുങ്ങളോടിക്കളിക്കുന്ന അമ്പലവും മാസത്തിലൊരിക്കൽ ഇങ്ങനെ കൂടുന്നൊരു മലയാളി കൂട്ടവും നല്ല രസാണ്. 
മണ്ഡലകാലം ആയാൽ മകരവിളക്ക് പൂജയ്ക്കുള്ള ദിവസം നേരത്തെ കൂട്ടി ഉറപ്പിക്കും.  സ്ഥിരമായി വ്രതമെടുത്തു മാലയിട്ട്  അന്നത്തെ ദിവസം അമ്പലത്തിൽ പൂജയൊക്കെ ചെയ്ത്, പ്രതീകാത്മകമായിട്ടൊരുക്കിയ പതിനെട്ടുപടിയിൽ പടിപൂജ നടത്തി കേട്ട് നിറച്ചു ശരണം വിളിച്ചു സ്വാമിമാർ മാല ഊരും.  'അയ്യനയ്യപ്പ സ്വാമി'യിൽ തുടങ്ങി ശരണം വിളികൾ മുഴക്കി  ഹരിവരാസനം ചൊല്ലി  ഇക്കൊല്ലത്തെയും മകരവിളക്ക് ഞങ്ങൾ ഈ മാസം ഇവിടുത്തെ അമ്പലത്തിൽ കൂടിച്ചേർന്നു ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലുണ്ടായ  ശബരിമല പ്രവേശനത്തിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരാണ് ഇവിടെയും. പക്ഷേ, ഒരുമിച്ചുകൂടലുകളിൽ എല്ലാവരും പ്രവാസികൾ മാത്രമാകുന്നു. അതല്ലെങ്കിലും എന്തിൽ നിന്നെങ്കിലും ദൂരെ  മാറിനിൽക്കുമ്പോഴാണല്ലോ നഷ്ടങ്ങളെക്കുറിച്ചുള്ള ചിന്തയുണ്ടാകുന്നത്.  ഒരിക്കലും എൻ്റെ ഓർമകളാകില്ല ശബരിമല എന്നോർക്കുമ്പോഴോ അയ്യപ്പപ്പാട്ടുകൾ കേൾക്കുമ്പോഴോ അടുത്ത തലമുറയ്ക്കുണ്ടാകുക. 


        ഇവിടെയുള്ള എല്ലാ ആഘോഷങ്ങളും നാട്ടിൽ ആഘോഷിച്ചിരുന്നവയും കഴിയുന്നവയൊക്കെ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഘോഷിക്കാറുണ്ട്. ഇപ്പോഴും എപ്പോഴും തോന്നാറുള്ളത് ആഘോഷങ്ങൾ എല്ലാം കുട്ടികൾക്ക് വേണ്ടിയുള്ളതാണെന്നാണ് - അവരുടെ ഓർമകൾക്ക് വേണ്ടി.  നമ്മളെല്ലാവരും ചെയ്യുന്നത് 20 -30 വർഷങ്ങൾക്ക് ശേഷമുള്ള കുറേ മുതിർന്നവർക്ക് കുട്ടിക്കാലത്തിനെക്കുറിച്ചോർത്ത് ഒരീറമോടെ നൊസ്റ്റു അടിക്കാനുള്ള വകയുണ്ടാക്കുക എന്നതാണ്. അങ്ങനെ ഓർമ്മകൾ കൊണ്ടവരെ സമ്പന്നരാക്കാം. മക്കളുടെ ഭാവിയിലേക്ക് ഹരിവരാസനം കൊണ്ടൊരു സ്നേഹമയമായ കുട്ടിക്കാല ഓർമ്മ  - അതാണ് ഞങ്ങളുടെ മകരവിളക്ക് ആഘോഷം!