Showing posts with label 'പ്രകൃതി. Show all posts
Showing posts with label 'പ്രകൃതി. Show all posts

Sunday, February 10, 2019

മിൽവാക്കിയും മകരവിളക്കും പിന്നെ ഞാനും

         ചെറുപ്പത്തിലെ എന്റെയൊരു അടയാളം തന്നെ "ആ ചന്ദനമിട്ട കൊച്ച് " എന്നതായിരുന്നു. ഒരു പക്കാ അമ്പലവാസിയായിരുന്ന എന്നെ വൈകുന്നേരങ്ങളിൽ കാണണമെങ്കിൽ വീടിന് ഇടതുവശത്തേക്ക് ഒറ്റ ഓട്ടമോടിയാൽ ഇടിച്ചുനിൽക്കുന്ന   വല്യമ്പലം എന്ന ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലോ, വീടിനു വലതുവശത്തുള്ള കൊച്ചമ്പലമെന്ന അമ്മൻകോവിലിലോ നോക്കണമായിരുന്നു. മണ്ഡലകാലവും ഉത്സവകാലവും ഏതാണ്ട് ഇരുട്ടുവെളുക്കും വരെ ഞാനും കൂട്ടാരും ഇങ്ങനെ  ഒരമ്പലത്തിൽ നിന്ന് മറ്റേതിലേക്ക് കറങ്ങിക്കറങ്ങി നടക്കും. അയ്യപ്പൻവിളക്കുകൾ എന്നുമുണ്ടാകും മണ്ഡലകാലം തുടങ്ങിയാൽ. കൊച്ചമ്പലത്തിലെ പാട്ടിന്റെ സ്ഥലത്തു ആദ്യമേ എത്തും എല്ലാ ഭജനയും കൂടെപ്പാടും - ശരണം വിളികളിൽ ഏറ്റവും ഉച്ചത്തിൽ എന്റെ ശബ്ദമാകും കേൾക്കുക . ഒക്കെ കഴിയുമ്പോൾ അവലും മലരും നേദ്യപ്പായസവും ഒക്കെയായി ഓരോ അയ്യപ്പവിളക്ക് ദിവസവും ജോറാണ്.  അയ്യപ്പനും ശങ്കരനാരായണ സ്വാമിയും സ്വന്തം ആളായിത്തോന്നുന്നതും വേറെ കാരണം കൊണ്ടല്ല. ഗണപതിയെ  ആണേൽ അന്നേ നമ്മുടെ ബ്രോ ആയിട്ടാണ് കാണുന്നത് - ആളെക്കണ്ടാൽ ആർക്കും ഒരു കൗതുകം തോന്നിപ്പോകും എന്നത് വേറെ കാര്യം.


        ജീവിതം പല ചാലുകളിലൂടെയോടിയെത്തിയത് മഞ്ഞുറയുന്ന മിൽവാക്കിയിലാണ്. താരതമ്യേന വളരെകുറച്ചു മലയാളികൾ മാത്രമുള്ള ഒരു സ്റ്റേറ്റ് ആണ് മിൽവാക്കി ഉൾപ്പെടുന്ന വിസ്കോൺസിൻ. കുറച്ചു മലയാളികളെ ഇവിടെ എത്തി ഏകദേശം ഒരു വര്ഷം കഴിഞ്ഞു പരിചയപ്പെട്ടപ്പോൾ തോന്നിയ ആശ്വാസം പറയത്തിനെളുതല്ല! ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാർക്കും കൂടി ഇവിടെ ഒരു അമ്പലമുണ്ട് - ശനിയും ഞായറും രാവിലെ മുതൽ രാത്രി വരെ പ്രവർത്തിക്കുന്ന ഒരു ജനകീയ അമ്പലം- ഹിന്ദു ടെമ്പിൾ ഓഫ് വിസ്കോൺസിന്. പേരൊക്കെ ഇങ്ങനെയാണെങ്കിലും ഇന്നുവരെ അവിടെ ആരെയും ഹിന്ദു ആണോ ക്രിസ്ത്യൻ ആണോ സിഖ് ആണോ എന്നൊന്നും നോക്കി മാറ്റുന്നത് ഞാൻ കണ്ടിട്ടില്ല. ആദ്യമാദ്യമൊക്കെ ഞങ്ങൾ അവിടെ പോകുന്നത്  ഞായറാഴ്ച ഒരു ഉച്ച ഉച്ചര ആകുമ്പോഴാണ് - ഒരു വെടിക്ക് രണ്ടു പക്ഷിയാണ് ഉദ്ദേശം. അത്യാവശ്യം അമ്പലം കറങ്ങലും ആകും ഉച്ചയ്ക്കത്തെ ഫുഡടിയും നടക്കും. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച മലയാളികളുടെ വകയാണ് വൈകുന്നേരത്തെ പൂജ - മലയാളികളുടെ സ്വന്തം ദൈവം അയ്യപ്പൻ ആണല്ലോ, അതുകൊണ്ട് മാസത്തിലെ ആദ്യ ശനിയാഴ്ചകളിലെ വൈകുന്നേരങ്ങൾ സ്വാമി ശരണം വിളികൾക്കായി ബുക്ക് ചെയ്തു. 


       കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്കായിരുന്നു ആ ഭജന ദിനങ്ങൾ. പണ്ട് പാടിപ്പാടി മനസിലുറച്ച പാട്ടുകൾ ആരെങ്കിലും കേട്ടാലെന്ത് കരുതുമെന്നോർക്കാതെ വീണ്ടും എടുത്തു പെരുമാറാൻ കിട്ടുന്ന ചാൻസ്. "തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമിയും " " എൻ മനം പൊന്നമ്പലം തിൽ നിന്റെ ശ്രീരൂപ"വുമൊക്കെ ഒരിക്കൽക്കൂടി എന്നെയാ പാവാടക്കാരിയാക്കും. കുഞ്ഞുങ്ങളോടിക്കളിക്കുന്ന അമ്പലവും മാസത്തിലൊരിക്കൽ ഇങ്ങനെ കൂടുന്നൊരു മലയാളി കൂട്ടവും നല്ല രസാണ്. 
മണ്ഡലകാലം ആയാൽ മകരവിളക്ക് പൂജയ്ക്കുള്ള ദിവസം നേരത്തെ കൂട്ടി ഉറപ്പിക്കും.  സ്ഥിരമായി വ്രതമെടുത്തു മാലയിട്ട്  അന്നത്തെ ദിവസം അമ്പലത്തിൽ പൂജയൊക്കെ ചെയ്ത്, പ്രതീകാത്മകമായിട്ടൊരുക്കിയ പതിനെട്ടുപടിയിൽ പടിപൂജ നടത്തി കേട്ട് നിറച്ചു ശരണം വിളിച്ചു സ്വാമിമാർ മാല ഊരും.  'അയ്യനയ്യപ്പ സ്വാമി'യിൽ തുടങ്ങി ശരണം വിളികൾ മുഴക്കി  ഹരിവരാസനം ചൊല്ലി  ഇക്കൊല്ലത്തെയും മകരവിളക്ക് ഞങ്ങൾ ഈ മാസം ഇവിടുത്തെ അമ്പലത്തിൽ കൂടിച്ചേർന്നു ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലുണ്ടായ  ശബരിമല പ്രവേശനത്തിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരാണ് ഇവിടെയും. പക്ഷേ, ഒരുമിച്ചുകൂടലുകളിൽ എല്ലാവരും പ്രവാസികൾ മാത്രമാകുന്നു. അതല്ലെങ്കിലും എന്തിൽ നിന്നെങ്കിലും ദൂരെ  മാറിനിൽക്കുമ്പോഴാണല്ലോ നഷ്ടങ്ങളെക്കുറിച്ചുള്ള ചിന്തയുണ്ടാകുന്നത്.  ഒരിക്കലും എൻ്റെ ഓർമകളാകില്ല ശബരിമല എന്നോർക്കുമ്പോഴോ അയ്യപ്പപ്പാട്ടുകൾ കേൾക്കുമ്പോഴോ അടുത്ത തലമുറയ്ക്കുണ്ടാകുക. 


        ഇവിടെയുള്ള എല്ലാ ആഘോഷങ്ങളും നാട്ടിൽ ആഘോഷിച്ചിരുന്നവയും കഴിയുന്നവയൊക്കെ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഘോഷിക്കാറുണ്ട്. ഇപ്പോഴും എപ്പോഴും തോന്നാറുള്ളത് ആഘോഷങ്ങൾ എല്ലാം കുട്ടികൾക്ക് വേണ്ടിയുള്ളതാണെന്നാണ് - അവരുടെ ഓർമകൾക്ക് വേണ്ടി.  നമ്മളെല്ലാവരും ചെയ്യുന്നത് 20 -30 വർഷങ്ങൾക്ക് ശേഷമുള്ള കുറേ മുതിർന്നവർക്ക് കുട്ടിക്കാലത്തിനെക്കുറിച്ചോർത്ത് ഒരീറമോടെ നൊസ്റ്റു അടിക്കാനുള്ള വകയുണ്ടാക്കുക എന്നതാണ്. അങ്ങനെ ഓർമ്മകൾ കൊണ്ടവരെ സമ്പന്നരാക്കാം. മക്കളുടെ ഭാവിയിലേക്ക് ഹരിവരാസനം കൊണ്ടൊരു സ്നേഹമയമായ കുട്ടിക്കാല ഓർമ്മ  - അതാണ് ഞങ്ങളുടെ മകരവിളക്ക് ആഘോഷം! 




Wednesday, October 19, 2016

ഓണത്തിനെന്നും ബാല്യം

ഓര്‍മ്മകളില്‍  ഓണത്തിനെന്നും  ബാല്യമാണ്  - ഓണമെന്നാല്‍ സന്തോഷം മാത്രമാകുന്നത്  കുട്ടികള്‍ക്കായത് കൊണ്ടാകാം അങ്ങനെ. എന്‍റെ ബാല്യത്തിനും   മകന്‍റെ  ബാല്യത്തിനും  ഇടയില്‍  ഓടിപ്പോയ ചില ഓണങ്ങള്‍  ഓര്‍മ്മയില്‍ പോലുമില്ല എന്നോര്‍ക്കുമ്പോള്‍  ഓണമെന്നത്  ബാല്യമാകുന്നു - ഓര്‍മയില്‍ ഓണമൊരു കുഞ്ഞിച്ചിരി  ആകുന്നു.

മകനുണ്ടായതിനു ശേഷമുള്ള  ഓരോ  ആഘോഷവും  അവനു വേണ്ടിയാണ്,  അവന്റെ ജീവിതത്തിന്‍റെ നിറങ്ങള്‍ / ഓര്‍മയുടെ  ബാല്യങ്ങള്‍  ഈ ഓരോ ആഘോഷത്തിലുമാണെന്ന് അനുഭവത്തിലൂടെ പഠിച്ചത്  കൊണ്ട്. ഓണവും വിഷുവും ക്രിസ്തുമസും പെരുന്നാളും ഹലോവീനും താങ്ക്സ് ഗിവിങ്ങുമൊക്കെ ഒക്കുംപോല്‍ ഒരുക്കുമ്പോള്‍  ഞാനോര്‍ക്കും  പകര്‍ന്നു  പോകുന്നത് മറ്റൊരു തലമുറയിലേക്കുള്ള  സന്തോഷമാണെന്ന്.

.2000 ത്തിനു ശേഷമുള്ള  മിക്ക  ഓണങ്ങളും  പൂരാടത്തിന് വീട്ടിലെത്തി ചതയത്തിനു കോളേജിലേക്ക്   അല്ലെങ്കില്‍ ജോലിസ്ഥലത്തേക്ക് ഉള്ള ഓട്ടത്തില്‍ കഴിഞ്ഞുപോയിരുന്നു. അമേരിക്കന്‍ പ്രവാസിയായതിനു ശേഷമുള്ള  അഞ്ചാമത്തെ  ഓണമാണ് ഇത്തവണ വരുന്നത്. ഇതിനിടയില്‍ ഒരിക്കല്‍  മാത്രം നാട്ടില്‍ ഓണം ആഘോഷിക്കാന്‍ കഴിഞ്ഞു - 2014 ല്‍. അതിനു മുന്‍പുള്ള മൂന്നു ഓണങ്ങളും അമേരിക്കന്‍ ഓണങ്ങള്‍ - ഉള്ളത് കൊണ്ട് ഓണം പോലെ ചില ഓണങ്ങള്‍ ആയിരുന്നു. മോന്‍റെ ഓര്‍മയിലേക്ക്  കൂട്ടിവെക്കാന്‍  നാട്ടിലെ  ഓണം കൂടണമെന്ന അത്യാഗ്രഹത്തില്‍ തുള്ളിച്ചാടിയാണ് 'അത്തം' തുടങ്ങുന്നതിനു മുന്‍പ് നാട്ടിലേക്ക് പറന്നത്. അമേരിക്കയിലെ അപാര്ട്ട്മെന്റ്റ് ഓണമൊരുക്കലില്‍ ഞാനേറ്റവും  കൂടുതല്‍ മിസ്‌ ചെയ്തത് ഓണപ്പൂക്കളങ്ങള്‍ ആയിരുന്നു. ചാണകം മെഴുകിയില്ലെങ്കിലും വെള്ളം തളിച്ചില്ലെങ്കിലും  കാര്‍പ്പെറ്റിലോ , പാറ്റിയോയിലോ   ഒന്ന്  പൂവിടാന്‍ കൊതിച്ച  ഓണങ്ങളാണ് കഴിഞ്ഞു പോയത്.

'ഉത്രം പത്തിന് ഉത്രാടം,
അത്തം പത്തിന് തിരുവോണം'

എന്നൊക്കെ  പാട്ടും പാടി  ഉത്രത്തിനും രണ്ടു ദിവസം  മുന്‍പേ നാട്ടില്‍ ലാന്‍ഡ്‌  ചെയ്ത  ഞാന്‍ മോനോട് അത്തം, പൂക്കളം, പൂക്കള്‍  എന്നിവയെക്കുറിച്ചൊക്കെ  കുറേക്കഥകള്‍  അത്യാവശ്യം ഡ്രാമ+ മസാല ചേര്‍ത്തവതരിപ്പിച്ച്, മൂന്നര വയസുകാരന്‍റെ മനസ്സില്‍  അത്തപ്പൂക്കളം എന്നതിങ്ങനെ പല കളര്‍ ഇല്യുമിനേഷന്‍ ബള്‍ബുള്ള  ബോര്‍ഡ് പോലെ പ്രകാശിപ്പിച്ചു. കുഞ്ഞാനും  ഞാനും  അത്തം ഒന്നെത്താന്‍  കാത്തിരിക്കാന്‍  തുടങ്ങി. അമ്മയുടെ കുട്ടിക്കാല പൂപറിക്കല്‍ കോമ്പെറ്റിഷന്‍ കഥകള്‍ കേട്ട്  ഒരു സീക്രട്ട് മിഷനില്‍ പങ്കാളിയാകുന്ന മാനസിക അവസ്ഥയില്‍  കുഞ്ഞും ആകെ  ത്രില്ലില്‍. അങ്ങനെ  കാത്തു  കാത്തിരുന്ന് ഉത്രം ആയി - നാളെയാണ് ആ സുദിനം, ഓണമെത്തി  എന്ന്  നാട് വിളിച്ചു പറയുന്ന ദിനം, പൂക്കളത്തിന്‍റെ ആദ്യ  ദിനം - അത്തം.

അത്തം ദിവസം  6 മണിക്ക് തന്നെ  ഞാനും  മോനും  എഴുന്നേറ്റു, അതിലും നേരത്തെ  എഴുന്നേറ്റാല്‍ കുഞ്ഞിനു  ബുദ്ധിമുട്ടാകുമല്ലോ  എന്നോര്‍ത്തിട്ടാ, അല്ലാതെ  എനിക്ക്  രാവിലെ എണീല്‍ക്കാന്‍  മടിയായിട്ടൊന്നുമല്ല കേട്ടോ. തലേന്ന്  അമ്മമ്മ  കൊണ്ട് വെച്ച ചാണകം കുഞ്ഞിന് മനസിലാകുന്ന  ഭാഷയില്‍ പറഞ്ഞു കൊടുത്തപ്പോള്‍ 'കൌവ്വിന്‍റെ പൂപ്പി' ആയി, ങാ! എന്തേലും  ആകട്ട്‌ അറ്റ്ലീസ്റ്റ് കുട്ടി  ചാണകം  ഇങ്ങനെ  ലൈവ് ആയി കണ്ടല്ലോ  എന്നോര്‍ത്ത്  ഞാന്‍  സമാധാനിച്ചു. മുറ്റത്തിന് അരികില്‍  ഒരു  സ്ഥലത്തായി ചാണകപ്പൊതി നിക്ഷേപിച്ചിട്ട്, ഞാനും  മകനും  കൂടി പൂ പറിക്കാന്‍ ഇറങ്ങി.

ആദ്യ ദിവസത്തെ  പൂക്കളത്തിനു ഒരു തട്ട് മതി, ഒരു കളര്‍ പൂവും - നല്ല വെളുവെളുങ്ങനെ വെളുത്ത  കാശിത്തുമ്പ! മുറ്റത്തിന് മുന്‍പിലെ ചെറിയ ചാല്‍വഴിക്ക് അപ്പുറം ആളില്ലാത്തൊരു പറമ്പാണ്, അതിനുമപ്പുറം പശുവും, പാലും, ചാണകവും  ഉള്ള  മീനമ്മയുടെ വീടും. ആളില്ലാ  പറമ്പ് ഏതോ ഗള്‍ഫുകാരന്‍റെ സ്വന്തം, പക്ഷേ ഇതുവരെ ആളീ വഴി വന്നിട്ടില്ല. നാല് കൊല്ലം കൂടുമ്പോള്‍ അദ്ദേഹത്തിന്‍റെ ബന്ധു, ഒരമ്മാവന്‍ - വന്നു കമ്പിവേലി കെട്ടിപ്പോകും. കുറ്റം പറയരുതല്ലോ നാല് കൊല്ലത്തില്‍ കൂടുതല്‍ ഒരു നാട്ടിമ്പുറ  കമ്പിവേലിക്ക് ആയുസ് ഇപ്പോഴുമില്ല.  മീനമ്മയുടെ വീട്ടില്‍ നിന്നുള്ള  പാല്‍ യാത്രകളും, ഇവിടെ അമ്മയുടെ വകയായുള്ള അടുക്കള  സ്പെഷ്യല്‍ യാത്രകളും ചുറ്റുവട്ടത്തെ മറ്റു  വീടുകളില്‍ നിന്നും  മീനമ്മയുടെ  വീട്ടിലേക്കുള്ള അയല്‍ക്കൂട്ട യാത്രകളും കൂടിയാകുമ്പോള്‍  കമ്പിവേലി അവിടവിടെ ആദ്യം ഒന്ന് വളയും, പിന്നെ പൊളിയും. എല്ലാ  നാലുകൊല്ലത്തിലും ഒരു സുപ്രഭാതം ഈ അയല്‍ക്കാര്‍ക്കൊക്കെ ആ  അമ്മാവന്‍റെ വായില്‍ നിന്നുള്ള "ചൂടന്‍" കൌസല്ല്യാ സുപ്രജാ  കേള്‍ക്കലാണ്. പക്ഷേ, ആ പറമ്പ് പാമ്പുകളുടെ വിഹാര കേന്ദ്രമാകാതെ, കാട് പിടിക്കാതെ നോക്കുന്നത് ഈ 'കാല്‍നട'യാത്രക്കാര്‍  ആയത് കൊണ്ട് പൂര്‍ണമായും ഇവരെ തള്ളിപ്പറയാന്‍ അമ്മാവന് കഴിയുകയും ഇല്ല.അങ്ങനെ  ഒരു വിന്‍-വിന്‍ സിറ്റുവേഷനില്‍ കഴിയുന്ന  ആ പറമ്പാണ് എന്റേം കുഞ്ഞന്റേം ആകര്‍ഷണ കേന്ദ്രം. അവിടെ നിറയെ  വെളുവെളുത്ത് തുമ്പകള്‍, മഞ്ഞക്കുണുക്കിട്ട് മുക്കുറ്റികള്‍, നീല മിഴിയെഴുതി ശംഖു പുഷ്പങ്ങള്‍, കോളാമ്പി പൂക്കള്‍, തൊട്ടാവാടികള്‍ അങ്ങനെയങ്ങനെ ഒരു  പൂന്തോട്ടം തന്നെ  ഞങ്ങളെ കാത്തിരിക്കുന്നുണ്ട്.

ആറുമണിക്ക് പുറത്തിറങ്ങിയപ്പോള്‍ നല്ലൊരു സുഖകരമായ കാറ്റു വീശുന്നു, ഒത്തിരി  നാള് കൂടിയാണ് ഈ സമയത്തൊരു നാടന്‍  പ്രഭാതം  കാണുന്നത്. ആകാശത്തിനിപ്പോഴും ഒരു  ചുവപ്പിന്‍റെ ഒരു നേരിയ പാടയുണ്ട്, റോഡിനക്കരെ അമ്പലത്തില്‍ നിന്ന് ദാസേട്ടന്‍റെ ശബ്ദം 'ചന്ദന ചര്‍ച്ചിത നീല കളേബരം' ഒഴുകിയെത്തുന്നത് ശടപടെന്നു എന്നെയും മോനൊപ്പം കുട്ടിയാക്കി. വേഗം പോയാലെ  നല്ല  തുമ്പപ്പൂ  കിട്ടുള്ളൂ എന്ന് ധൃതി  കൂട്ടി  ആളില്ലാപ്പറമ്പിലേക്ക് കമ്പി വളഞ്ഞു കിടന്ന  ഭാഗത്ത്‌ കൂടി ഞങ്ങള്‍  നൂണ്ടു  കയറി.

"തുമ്പപ്പൂ  പറിക്കാന്‍  ഒരു  പ്രത്യേക രീതിയുണ്ട്, തുമ്പപ്പൂ കൂടയില്‍ ഒതുക്കുന്നതിനും. തീരെച്ചെറിയ ചെടിയും പൂക്കളും ആയത് കൊണ്ട്  സൂക്ഷിച്ചു  പറിക്കണം, അല്ലെങ്കില്‍  നാളേക്കുള്ള മൊട്ടും  കൂടിയാകും കയ്യില്‍ പോരുക. കുറേപ്പറിച്ചാലും കൂട നിറയില്ല, മാത്രവുമല്ല കുഞ്ഞുകുഞ്ഞു പൂക്കള്‍ ആയതുകൊണ്ട് പൂക്കളത്തിലേക്ക് തുമ്പപ്പൂ ചൊരിയലാണ് പതിവ്. കൂട കുറച്ചു നിറയുമ്പോള്‍ കയ്യിലെ  പൂക്കൂട ഒന്ന് കറക്കണം, അപ്പോള്‍ പൂ കേടാകാതെ തന്നെ ഒന്നമരും. പൂക്കൂടയില്‍ സ്ഥലവും കിട്ടും " ഇങ്ങനെ  പൂപറിക്കലിന്റെ വിവിധ  വശങ്ങള്‍ മോനോട്  അവലോകിച്ചുകൊണ്ട്  ഞങ്ങള്‍ കുറേശെ പൂ പറിക്കാന്‍  തുടങ്ങി - പൂക്കൂടയായി തല്‍ക്കാലം ഒരു പഴക്കൊട്ട (ഫ്രൂട്ട് ബാസ്കറ്റ്) കയ്യിലെടുത്തിട്ടുണ്ട്. കുറേനേരത്തെ മഞ്ഞു കൊള്ളലിനും, കൊതുക് കടിയ്ക്കും നേരം ഒരു വലിയ വട്ടം  പൂവിടാനുള്ള തുമ്പപ്പൂവുമായി ഞങ്ങള്‍ തിരികെ എത്തി.

മുറ്റത്തിനൊരരികില്‍ തിട്ടയില്‍ വെറും മണ്ണില്‍ കമ്പ് കൊണ്ടൊരു ചെറിയ  വട്ടം വരച്ച്  ചാണകം മെഴുകി, ഒത്ത നടുക്കൊരുണ്ട ചാണകവും വെച്ച് കളം  ശരിയാക്കി. കൈ കൊണ്ടുള്ള ചാണകപ്പരത്തല്‍  മോന്  ചെറിയൊരു "അയ്യേ, പുപ്പൂ " ഫീല്‍  ഉണ്ടാക്കിയെങ്കിലും  എനിക്ക് വല്ലാത്ത സന്തോഷം തോന്നി. വെറും തറയില്‍ കുടഞ്ഞിട്ട പൂക്കളില്‍  നിന്നും വെള്ളയ്ക്കൊപ്പം നിറങ്ങളും ചിരിച്ചു, കൂടെയുണ്ടായിരുന്ന കൌതുകക്കുട്ടി ആ നേരം കൊണ്ട് ഞാന്‍ കാണാതെ കുറച്ചു  മഞ്ഞപ്പൂവും, തൊട്ടാവാടിപ്പൂവും കൂടി പറിച്ചു കൂടയില്‍ ഇട്ടിരുന്നു. അവനെ  നിരാശപ്പെടുത്തണ്ട  എന്ന് കരുതി  ഒന്നാം പൂവാണേലും, ഒരു കളര്‍  മതിയെങ്കിലും ഇന്ന് എല്ലാമിടാം  എന്ന് തീരുമാനിച്ചു.

"ഓണത്തിന് നമ്മളെ  കാണാന്‍ മാവേലിയപ്പൂപ്പ വരും - അപ്പോള്‍ നമ്മള്‍ അപ്പൂപ്പയെ വെല്‍ക്കം ചെയ്യാനാണ് ട്ടാ  ഈ പൂക്കളൊക്കെ ഇങ്ങനെ  ഒരുക്കുന്നെ, അപ്പൂപ്പ നോക്കും ആരൊക്കെയാ  എന്നെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുള്ളതെന്ന്".
ഓണം എന്നതിനെക്കുറിച്ച്, ഒരു നല്ല കഥപോലെ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന  പ്രായമല്ലേ -കുഞ്ഞിക്കണ്ണുകള്‍ കൌതുകത്തില്‍ വീണ്ടും മിഴിഞ്ഞു.

"ഇബ്ടെയെത്തുമ്പോ അപ്പൂപ്പയ്ക്ക് സന്തോഷാകും അല്ലേമ്മാ?",
"നമ്മള്‍ പൂവിങ്ങനെ  കൂട്ടിയാല്‍ മത്യോമ്മാ ?",
"ഇന്ന് വരോമ്മാ മാവേലിയപ്പൂപ്പ ?"

അങ്ങനെ  ചോദ്യോത്തരങ്ങളിലൂടെ  ഞങ്ങള്‍  പൂവിടല്‍ പൂര്‍ത്തിയാക്കി. നിരയൊപ്പിച്ചു മുക്കുറ്റിപ്പൂവും, തൊട്ടാവാടിപ്പൂവും, തമ്മിലൊട്ടി തുമ്പപ്പൂക്കളും, നീലച്ച ചില ശംഖുപുഷ്പങ്ങളും  പിന്നെ മോടി കൂട്ടാന്‍ നടുവിലെ ചാണകഉരുളയില്‍ ഒരു ചുമന്ന ചെമ്പരത്തിപ്പൂവും കൂടിയായപ്പോള്‍ ഞങ്ങടെ കുഞ്ഞുപൂക്കളവും ചന്തക്കുട്ടിയായി  ചിരിച്ചു.

വീണ്ടും വീണ്ടും  പൂക്കളച്ചന്തം നോക്കിയാസ്വദിച്ച്, ചെമ്പരത്തിപ്പൂവിലേയ്ക്ക്  വലിഞ്ഞു  കയറാന്‍ ശ്രമിക്കുന്ന ഒരു കള്ളക്കട്ടുറുമ്പിനെ കയ്യിലിരുന്ന  പ്ലാവിലയുടെ തണ്ട് കൊണ്ട് വഴി തെറ്റിച്ചു വിടാന്‍ നോക്കുന്ന കുഞ്ഞനെ  നോക്കി ഒരു ചായയുടെ സുഖത്തില്‍  പൂമുഖത്തിരിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ വീട്ടിലെ കുട്ടികള്‍ സ്കൂളില്‍ പോകാനുള്ള ഒരുക്കത്തില്‍ ആ വഴി വന്നത്. നേരത്തെ പറഞ്ഞ  ആളില്ലാപ്പറമ്പിനും, വീടിനും ഇടയിലുള്ള ഇടവഴി ആറു വീടുകളുടെ  പൊതുവഴി കൂടിയാണ്. താഴെ തിരക്കിന്‍റെ റോഡുകളിലേയ്ക്ക് ഞങ്ങളെ എത്തിക്കുന്ന കൈവഴിയാണ് ആ "Z" പോലെ വളഞ്ഞ ചെമ്മണ്‍വഴി. എന്‍റെ കളിക്കൂട്ടുകാരിയുടെ  മക്കളാണ്, അവധിക്ക് എത്തിയിട്ട് രണ്ടാളേം കണ്ടില്ലാരുന്നു, അതുകൊണ്ട് തന്നെ ഒരു നിമിഷം അവിടെ വഴിയില്‍  നിന്നൊരു  കുശലം പറയാന്‍ ആ  മൂന്നാം ക്ലാസ്, ഏഴാം ക്ലാസ് കുട്ടീസുകള്‍  തയ്യാറായി.


"വല്യേ  കുട്ടികളായല്ലോ  രണ്ടാളും! ഇന്നേതാ പരീക്ഷ ? "

"ഇല്ലാ മാമീ, ഓണപ്പരീക്ഷ  ഓണം കഴ്ഞ്ഞിട്ടെള്ളൂ  ഇക്കൊല്ലം"

 കൂട്ടത്തിലെ മുതിര്‍ന്നവള്‍ ഉത്തരം  പറയുമ്പോഴേക്കും കുഞ്ഞന്റെയും, പൂവിന്റേയും പ്രലോഭനത്തില്‍ ഇളയ ആള് ചാടിയിങ്ങു മുറ്റത്തെത്തി.
(നാട്ടിന്‍പുറത്ത് വീടിനടുത്തുള്ളവരൊക്കെയും  മാമിയും, മാമനും, അമ്മമ്മയും, അപ്പൂപ്പനും ഒക്കെയാണ് ഇപ്പോഴും.)
വിളിയിലെ സ്നേഹം ആസ്വദിച്ച് ഞാന്‍, അവരുടെ പൂക്കളവിശേഷം ചോദിക്കാമെന്നോര്‍ത്തു -
'രണ്ടു  കുട്ട്യോള്‍ ഉള്ളതല്ലേ, എന്തായാലും കളം നമ്മുടെതിനേക്കാള്‍   വലുതാകും (അസൂയ), കുറെ പൂ  കിട്ടിയും കാണും, ഇന്നലെ  വന്നു പറിച്ചു പോയിട്ടുണ്ടാകും, അതാകും  ഞങ്ങള്‍  കാണാഞ്ഞത്, അതോ  ഇനി വേറെ ആളില്ലാപ്പറമ്പ്‌ ഉണ്ടോ ആവോ അടുത്തെങ്ങാനും, കൂടുതല്‍  നിറങ്ങളില്‍ പൂക്കുന്ന പറമ്പുകള്‍(ഈശ്വരാ!) ...എന്നാലിനി  നാളെ  അവിടെപ്പോയാലോ!' - ചിന്ത  അത്രയും എത്തിയപ്പോള്‍ എനിക്ക് തന്നെ ചിരി വന്നു. കൂട്ടുകാരോട് വാശി വെച്ച് പൂ  പറിച്ചിരുന്ന, വലിയ പൂക്കളം  ഇടാന്‍ മത്സരിച്ചിരുന്ന പഴയ ഓണക്കുറുമ്പി മനസ്സില്‍ ഇപ്പോഴും ഉണ്ട്, ജീവനോടെ!

"നിങ്ങളിന്നലെ പൂ പറിച്ചു  പോയോ? അതോ വീട്ടിനു തന്നെ എടുത്തോ ഇന്നത്തേത്?"

കുട്ടിപ്പൂക്കളത്തിന് മുന്നില്‍ മോനോടൊപ്പം കുത്തിയിരുന്നു ഉറുമ്പിനെ നോക്കുകയായിരുന്ന ഇളയവള്‍ പൊന്നു അതിശയത്തില്‍ എന്നെ നോക്കി,

"അതിനു  ഞങ്ങള്‍  പൂവിട്ടില്ലല്ലോ  മാമീ "

ഇത്തവണ  ഞാനാണ്  അതിശയിച്ചത്. ഇവര്‍ക്കിത്തവണ ഓണമില്ലേ?, ചോദിച്ചത്  അബദ്ധമായോ എന്ന് ശങ്കിച്ച്  ഞാന്‍  വേഗം  അമ്മയെ നോക്കി.പക്ഷേ, അപ്പോഴേക്കും മറുപടി മൂത്തയാളില്‍ നിന്നും വന്നു

"പൂ പറിക്കാന്‍  രാവിലെ എണീക്കണ്ടേ മാമീ, ഞങ്ങള്‍ക്ക് 8  മണിക്ക് ട്യുഷന്‍ സെന്ററില്‍  ക്ലാസ് തുടങ്ങും, പൊന്നൂ വേഗം  വാ  ഇന്ന്  നമ്മള്‍ ലേറ്റ് ആകുമേ! "

നിറവും, പൂവും, കുഞ്ഞുകൂട്ടും വിട്ട് മനസില്ലാ മനസോടെ ഒരു ജോഡി കൌതുകക്കണ്ണുകള്‍ ചേച്ചിയുടെ  കൈയും പിടിച്ചു  നടന്നു  മറഞ്ഞപ്പോള്‍ ഞാന്‍ അതിശയത്തില്‍ അമ്മയോട് ചോദിച്ചു

"അതെന്താമ്മാ  അവരൊന്നും  പൂക്കളം  ഇടാറില്ലേ  ഇപ്പോള്‍? "

"ആര്‍ക്കാപ്പോ  അതിനൊക്കെ  നേരം? പണ്ടൊക്കെ  കുട്ടികളായിരുന്നു ചെയ്യുന്നേ, ഇപ്പോള്‍ അവര്‍ക്കും  നേരോമില്ലാ, താല്പര്യോമില്ലാ, നിന്‍റെ ഉത്സാഹം  കണ്ടപ്പോള്‍ വെറുതെ നിരാശപ്പെടണ്ടാന്നു കരുതി ഇന്നലെ പറഞ്ഞില്ലാന്നെ ഉള്ളൂ."

ഒഴിഞ്ഞ  ചായക്കപ്പുമായി അകത്തേക്ക് പോകവേ അമ്മ പറഞ്ഞു..
നേര്‍ത്ത് കേട്ട  വാക്കുകള്‍ അങ്ങനെ തന്നെയാണ് എന്ന് വിശ്വസിക്കാന്‍   എനിക്കിഷ്ടമായില്ല, പക്ഷേ, പിന്നീടുള്ള പത്തു ദിവസങ്ങളില്‍ ഞാനും മോനും മാത്രമേ ഉണ്ടായിരുന്നുള്ളൂ പൂ പറിക്കാന്‍, ആ ചുറ്റുവട്ടത്തെ ആറു വീടുകളില്‍  ഞങ്ങളുടെ  വീടിനു മുന്നില്‍ മാത്രം മുക്കുറ്റിയും, കോളാമ്പിയും, തെച്ചിപ്പൂവും ഒക്കെ ചിരിച്ചു. ആവശ്യത്തില്‍ കൂടുതല്‍ പൂത്തു മരിച്ചു ആളില്ലാപ്പറമ്പിലെ ആര്‍ക്കും വേണ്ടാപ്പൂക്കള്‍! അങ്ങനെയങ്ങനെ എനിക്ക് മനസിലായി ഇപ്പോള്‍ ആരും പറമ്പില്‍ നിന്ന്  പൂ പറിച്ചു പൂക്കളം ഇടാറില്ല..ആര്‍ക്കും പൂ പറിക്കാന്‍  വാശിയുമില്ല. കുഞ്ഞന്‍സ്‌ സന്തോഷിച്ചു  ഞങ്ങളുടെ വീട്ടില്‍ മാത്രം മാവേലിയപ്പൂപ്പ  വരുമല്ലോ  എന്നോര്‍ത്ത്.

               (2014 Onam - My Son Thaathwik & nephew Aushin with naadan pookkalam ;) )


നാട്ടില്‍   ഓണമെന്നത്  സ്കൂളടച്ചു കഴിഞ്ഞുള്ള ദിവസങ്ങളിലെ ടെലിവിഷന്‍- സിനിമാ മാരത്തോണ്‍ ആണ്, യാത്രകളാണ്, സദ്യകളാണ്. പക്ഷേ, ഓണത്തിന്  മുന്നേ  ഓണം വരവേല്‍ക്കാന്‍ ആര്‍ക്കും സമയമില്ല, അതിനോടൊരു  ഇഷ്ടവുമില്ല. എന്‍റെ  ബാല്യമല്ല  ഇന്നിന്‍റെ ബാല്യം. നാട്ടില്‍ നിന്ന് മാറി നിന്നത് കൊണ്ടാണ്  മകന് എന്‍റെ  ബാല്യം  കൊടുക്കാന്‍ ആകാത്തത് എന്ന വിഷമം എനിക്ക് എന്തായാലും  ആ ഓണത്തോടെ മാറിക്കിട്ടി. മാത്രവുമല്ല, എന്‍റെ ഓര്‍മ്മകള്‍ അവനു കൊടുക്കാന്‍ ആകില്ലയെന്നും, അവനു വേണ്ടി ഓര്‍മ്മകള്‍ കൂടുതല്‍ മനോഹരമായി ഉണ്ടാക്കാന്‍ എവിടെ എന്നതല്ല, എന്ത് ചെയ്യുന്നു എന്നതാണ്‌ പ്രധാനമെന്നും  മനസിലായി.


പിന്നീട് വന്ന ഓണത്തിന് നാലര വയസുകാരന്‍ പൂവിട്ടില്ല, പക്ഷേ തിരുവോണത്തിന് അവന്‍ ഇലയില്‍ സദ്യ കഴിച്ചു, പുത്തന്‍ ഉടുപ്പിട്ടു, മൂന്നാമോണത്തിന് മലയാളി കൂട്ടായ്മയുടെ ഓണത്തില്‍ മാവേലിയപ്പൂപ്പയെ കണ്ടു, പുലികളി കണ്ടു, കൈകൊട്ടിക്കളി കണ്ടു, ചെണ്ടമേളം കേട്ടു, ഗംഭീരന്‍ പൂക്കളം കണ്ടു, വീണ്ടും ഓണമുണ്ടു, പായസം കുടിച്ചു....! അവന്‍റെ ഓര്‍മ്മയുടെ  കാലിഡോസ്കോപ്പിലെക്ക് അവനൊരു മനോഹര ഓണം ചേര്‍ത്തു വെച്ചു. എനിക്കുറപ്പാണ് ആ ഓര്‍മ്മയ്ക്ക്‌ എന്നുമെന്നും  അവനെ കുട്ടിയാക്കാന്‍ ആകും - ഓണം  കാത്തിരിക്കുന്ന ഒരു കുട്ടി!


(2016 American Onam - Thaathwik with his "maveli naadu"  group song team on stage )




Thursday, December 24, 2015

മഴയോര്‍മ്മകള്‍







മഴ നനഞ്ഞീറൻ വഴികളിലൂടെ നാം
നനയാതെ പിന്നിലേക്കോടി,
ഇരുളായി പെയ്യുമെൻ പ്രണയമാം തുള്ളിയെ,
അലിയാതെ കുളിരാക്കി മാറ്റി,
അരികിലായ് വരികെന്നരികത്ത് നിൽക്ക-
- യെന്നാരോ സ്വകാര്യത്തിലോതി..


കുട മറന്നെന്നിലെ, മറയുന്ന കുഞ്ഞൊരു
കുയിലിന്നിണപ്പാട്ടു തേടി,
കണ്ണോരമെന്നുമീ മഴയിതൾപ്പൂവുകൾ
പുതുമണ്ണിൻ സുഗന്ധമായ് പൂത്തു,
ആരും പറഞ്ഞതില്ലിക്കിളിവാതിലിൽ
കാറ്റിനില കാത്തു നിന്നതാരേ...

ഇരുള്‍മഴ മൂടിയ   ജാലകപ്പടിയില്‍  ഞാന്‍ 
എന്നേ മറന്നിന്നു  നില്‍പ്പൂ 
മഴയിതള്‍പ്പൂവുകള്‍ പോല്‍  പൂത്തു നമ്മൾ
 പ്രണയനൊമ്പരമായ് മാറും ,
കുളിര്‍ കാറ്റിലലിയുന്ന ചന്ദനഗന്ധമായ് 
ഇനി വരും ജന്മം കാതോര്‍ത്തു നില്‍ക്കും  

ഇനിയും മറക്കാത്ത വഴികളിലൂടെ നാം
ഇരു വഴിച്ചാലായൊഴുകി- തമ്മിൽ
കാണാതെ കൈവഴികൾ വറ്റി

================================================================================
(2016  ഫെബ്രുവരി 14 നു , പ്രണയ ദിനത്തിൽ കൈരളി tv ചാനലിലൂടെ 'മഴയിതൾപ്പൂവുകൾ'  എന്ന ഹ്രസ്വ ചിത്രം  റിലീസ് ആകുന്നു.  മഴയെ കുറിച്ച് , മഴത്തണുപ്പിനെ  കുറിച്ച്  , മഴപ്രണയത്തെ  കുറിച്ച് ഒരു പാട്ട് . ഈ പാട്ടിന്റെ  youtube ലിങ്ക് https://www.youtube.com/watch?v=h5eNloxSURI&feature=youtu.be.. )


Saturday, May 17, 2014

മഴവില്ല് വിരിയുന്ന നാട് - 2

ഏകദേശം അര മണിക്കൂര്‍ ഡ്രൈവിനു ശേഷം ഞങ്ങള്‍ നയാഗ്ര സ്റ്റേറ്റ് പാര്‍ക്കിനു സമീപമുള്ള ഒരു ഹോട്ടലിനു മുന്നില്‍ എത്തി. ഞങ്ങളുടെ ഡ്രൈവര്‍ക്ക് അവിടെ നിന്നായിരുന്നു പുതിയ യാത്രക്കാരെ കയറ്റെണ്ടിയിരുന്നത് . നടക്കാനുള്ള ദൂരമേ ഉള്ളൂ ഫാള്‍സിലേക്ക് എന്ന് പറഞ്ഞു അദ്ദേഹം പോയി. ആദ്യം കണ്ണില്‍ പെട്ടത് "ടേസ്റ്റ് of ഇന്ത്യ" എന്നൊരു തട്ടുകടയാണ്. നല്ല അസല് പഞ്ചാബി ചേട്ടായിയും ഒരു ചെറിയ പെണ്‍കുട്ടിയും. നേരെ സൂം ചെയ്ത് കണ്ണുകള്‍ അടുത്ത് എഴുതി തൂക്കിയിരുന്ന മെനുവിലേക്ക് പോയി. "ഇഡ്ഡലി, വട, ദോശ, ആലൂ പറാത്ത, മംഗോ ലസ്സി" ഹ്മ്മ്മം.. കൊള്ളാം നയാഗ്ര അവിടെ തന്നെയുണ്ടാകുമല്ലോ എന്നോര്‍ത്ത് വഴിയിലിട്ടിരുന്ന ബഞ്ചുകളിലിരുന്ന്‍ ഓരോന്നായി ഓര്‍ഡര്‍ ചെയ്തു.  ഭക്ഷണത്തിന് ശേഷം മംഗോ ലസ്സിയും കയ്യിലെടുത്ത് നടപ്പാരംഭിച്ചു . നാലും കൂടിയ ഒരു ജങ്ക്ഷനില്‍ എത്തി ഞങ്ങള്‍ ആകെ ആശയക്കുഴപ്പത്തില്‍ ആയി നിന്നു - ഇനി എവിടേക്ക് പോയാലാകും ഈ നയാഗ്രയില്‍ എത്തിപ്പെടുക! നയാഗ്ര സ്റ്റേറ്റ് പാര്‍ക്ക്‌ എന്നൊരു കൂറ്റന്‍ ബോര്‍ഡ് ഞങ്ങള്‍ക്ക് മുന്നില്‍ ഉണ്ട് . പക്ഷെ ബാക്കി ഒന്നും കാണാനില്ല. ഒരു ചെറിയ മൂലയ്ക്ക് നയാഗ്ര ഇന്‍ഫര്‍മേഷന്‍ സെന്‍റെര്‍ എന്നൊരു ബോര്‍ഡ് കണ്ടു അങ്ങോട്ടേക്ക് പോയി.



ഞങ്ങള്‍ അവിടെ എത്തിപ്പെട്ട സമയം ഏതാണ്ട് രാവിലെ പതിനൊന്നര ആണ്. വിവിധ തരം ട്രിപ്പുകള്‍ നമുക്ക് തിരഞ്ഞെടുക്കാം പക്ഷെ എല്ലാം തുടങ്ങുന്ന സമയം രാവിലെ 8 -9 മണിയാണ്. അപ്പോള്‍ ഇന്നിനി അത്തരം പാക്കേജ് പ്രോഗ്രാംസ് ഒന്നും നടക്കില്ല എന്നുറപ്പായി. ഇന്‍ഫോര്‍മേഷന്‍ സെന്‍ററില്‍ നിന്ന് തന്നെ അടുത്ത ദിവസത്തേക്കുള്ള 5-in-1 ട്രിപ്പിന്‍റെ ടിക്കറ്റ് വാങ്ങിയിട്ട് ഞങ്ങള്‍ സ്വന്തം നിലയില്‍ നയാഗ്ര കാണാനിറങ്ങി. നേരത്തെ കണ്ട ബോര്‍ഡിനു അടുത്ത് കൂടി റോഡ്‌ മുറിച്ചു കടന്നാല്‍ സ്റ്റേറ്റ് പാര്‍ക്കിനു ഉള്ളില്‍ എത്താം. അതിന്‍റെ മറ്റൊരു അറ്റം നയാഗ്ര വെള്ളച്ചാട്ടം ആണ്. നടക്കുന്ന വഴിയില്‍ ഓപണ്‍ വേള്‍  പൂള്‍  ബോട്ട് ട്രിപ്പ്‌ ന്‍റെ ലഘുലേഖകള്‍ കണ്ടു , അവിടെയുള്ള ആളോട്  എന്താണെന്നു അന്വേഷിച്ചു. അതൊരു സാഹസിക യാത്ര തന്നെയാണ് -ലൈഫ് ജാക്കെറ്റ്‌ ധരിച്ചു നമ്മുടെ വള്ളം പോലെയൊരു ബോട്ടില്‍ യാത്ര - കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ നമ്മള്‍ വെള്ളത്തിനുള്ളില്‍ ഇറങ്ങി കയറുന്നത് പോലെ . പോയാലോ എന്നൊരു ചിന്ത ഉണ്ടായപ്പോള്‍ തന്നെ അവര്‍ കുഞ്ഞിനേയും കൊണ്ട് പോകാന്‍ ആകില്ല എന്ന് മുന്നറിയിപ്പ് തന്നു. ആ ചിന്തയും അവിടെ ഉപേക്ഷിച്ചു വീണ്ടും നടപ്പ് തുടര്‍ന്നു .

അതി ശക്തമായി വെള്ളം വീഴുന്ന ശബ്ദം കേട്ടതും ഞങ്ങള്‍ക്കെല്ലാം ആവേശം കൂടി . ഒരു സൈഡിലായി നയാഗ്ര ഒഴുകുന്നു .





എനിക്ക് തോന്നിയ വികാരം രോമാഞ്ചമാണ് , പക്ഷെ സത്യത്തില്‍ ആ കാഴ്ചയ്ക്ക് അങ്ങനെ ഒരു രോമാഞ്ചം ഉണര്‍ത്താനുള്ള ശക്തിയൊന്നുമില്ല - നമ്മുടെ നാട്ടിലെ ഒരു അരുവി ഒഴുകുന്നത് പോലെയേ ഉള്ളൂ. ഇത് നയാഗ്ര ആണല്ലോ , ഞാനത് നേരില്‍ കാണുന്നുവല്ലോ എന്ന ചിന്ത ആണെന്ന് തോന്നുന്നു എന്നെ അത്രമേല്‍ സന്തോഷിപ്പിച്ചത് . പിന്നീടു മുന്നോട്ടുള്ള നടത്തത്തില്‍  ശബ്ദം കൂടിക്കൂടി വന്നു . ഉയരത്തില്‍ നിന്നു കാണാവുന്ന രീതിയില്‍ ഒരു ഒബ്സേര്‍വടോരി ടവര്‍ ഉണ്ടവിടെ -അതിനു താഴെ എത്തിയപ്പോഴേ ബോട്ട് യാത്രകള്‍ക്കുള്ള വമ്പന്‍ ക്യു കള്‍ കണ്ടു.  ഒരു ഗൈഡിനോട് ടവറിനു മുകളില്‍ കയറാന്‍ സമയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകം സമയം ഒന്നുമില്ല -പക്ഷെ, രാത്രി 8 മണിക്ക് ശേഷം ലൈറ്റ്ഷോ ഉണ്ട് -അത് കാണാന്‍ കുറച്ചു നേരത്തെ എത്തിയാലേ ഇടം കിട്ടുകയുള്ളൂ എന്നൊരു ഇന്‍ഫര്‍മേഷന്‍ കിട്ടി. സ്റ്റെപ്പുകള്‍ കയറി  ടവറിനു മുകളില്‍ എത്തി  നില്‍ക്കുന്ന ഇടത്ത് നിന്ന് നോക്കിയാല്‍ അപ്പുറത്തായി കാനഡ കാണാം .  അവിടെ നിന്ന് നോക്കുമ്പോഴാണ് കുത്തിയൊഴുകുന്ന നയാഗ്രയുടെ ശരിക്കുള്ള മുഖം നമ്മള്‍ കാണുക.




താഴേക്ക് വീഴുന്ന വെള്ളം വെന്‍മേഘമായി പോകുന്നത് പോലെ തോന്നും!അത്ര ശക്തിയില്‍ ആണ് താഴേക്ക് വെള്ളം പതിക്കുന്നത്. പക്ഷെ, ടവറിനു മുകളില്‍ നിന്നുള്ള കാഴ്ച അല്‍പ്പം ദൂരെ നിന്നാണ് അത് കൊണ്ടാണെന്ന് തോന്നുന്നു അടുത്ത് നിന്ന സുഹൃത്ത് പറഞ്ഞു "ശേ ,ഇത് നമ്മുടെ ആതിരപ്പള്ളിയുടെ അത്രയില്ലല്ലോ എന്ന്" അടുത്ത് നിന്നവര്‍ക്കൊന്നും മലയാളം അറിയാഞ്ഞത് ഞങ്ങളുടെ ഭാഗ്യം എന്നേ  പറയേണ്ടു.

കുറച്ചു നേരം ആ കാഴ്ച കണ്ടു നിന്നതിനു ശേഷം ഞങ്ങള്‍ ഇനിയെന്ത് ചെയ്യാം എന്ന ചിന്തയില്‍ ആയി. രാത്രി 8 മണി വരെ ഇവിടെ നില്ക്കാന്‍ പറ്റില്ലാലോ. അത് വഴി ചില ബസുകള്‍ പോകുന്നത് അപ്പോഴാണ് കണ്ടത്. തിരക്കിയപ്പോള്‍ അറിഞ്ഞു - ഈ ബസില്‍ കയറിയാല്‍ നയാഗ്ര കണ്ടു കൊണ്ട് സ്റ്റേറ്റ് പാര്‍ക്കില്‍ കൂടി കുറച്ചു നേരം യാത്ര ചെയ്യാം . അഞ്ചാറ് സ്റ്റോപ്പ്‌ ഉണ്ട് . എവിടെയെങ്കിലും ഇറങ്ങി ഇഷ്ടമുള്ള നേരത്തോളം അവിടെയുള്ള കാഴ്ച ആസ്വദിച്ചിട്ടു അടുത്ത ബസ് വരുമ്പോള്‍ കയറി അടുത്ത പോയിന്റില്‍ ഇറങ്ങാം. ഒരു പ്രാവശ്യം ടിക്കറ്റ്‌ എടുത്താല്‍ മതി.  എവിടെയെങ്കിലും ഇറങ്ങണോ എന്നുറപ്പിച്ചില്ലെങ്കിലും  ബസില്‍ കയറാന്‍ ഞങ്ങള്‍ തീരുമാനിച്ചു -കുഞ്ഞുങ്ങളെയും എടുത്തു കൊണ്ട് നടന്നു ക്ഷീണിച്ചിരുന്നു എല്ലാവരും തന്നെ. 10 മിനിറ്റ് ഇടവിട്ടിടവിട്ട് ബസ് വരുന്നുണ്ട്. അടുത്തുള്ള പോയിന്റില്‍ നിന്നും ഞങ്ങള്‍ ബസില്‍ കയറി. നയാഗ്രയുടെ തീരത്ത് കൂടിയുള്ള ആ യാത്ര വളരെ മനോഹരം ആയിരുന്നു. പോകുന്ന വഴിയില്‍ ഗോട്ട്സ് ഐലന്ഡ് (goat's island ) , ത്രീ സിസ്റ്റെര്സ് ഐലന്ഡ് (3 sisters  island) എന്നൊക്കെയുള്ള സ്ഥലങ്ങള്‍ വെള്ളം കെട്ടിക്കിടക്കുന്ന ഒറ്റപ്പെട്ട ദ്വീപുകള്‍  പോലെയാണ്. അവിടെയൊന്നും ഇറങ്ങി കാണാന്‍ നിന്നില്ല ഞങ്ങള്‍ , ബസിലിരുന്നുള്ള കാഴ്ചയില്‍ തന്നെ തൃപ്തരായി. പിന്നീട് വന്ന ഒരു സ്റ്റോപ്പില്‍ ഞങ്ങള്‍ ഇറങ്ങി. നയാഗ്ര താഴേക്ക് പതിക്കുന്നതിനു മുന്പ് കുറച്ചേറെ ദൂരം സമനിരപ്പില്‍ ഒഴുകും. ആ ഇടമാണ് ഞങ്ങള്‍ ഇറങ്ങിയത്.മനോഹരമായ കാഴ്ചയാണത് -കുറച്ചു മുന്‍പേ ശക്തിയില്‍ കുത്തിയൊലിച്ച് താഴേക്ക് വീണവളെ അല്ല എന്ന് തോന്നും ഈ ശാന്ത മനോഹരിയായി ഒഴുകുന്നത് കണ്ടാല്‍.ഒരു ചെറിയ കുന്നിനു മുകളില്‍ നിന്നു താഴേക്ക് നടന്നു വന്നു വേണം ഈ ഭാഗത്തേക്ക് എത്താന്‍ പാല്പ്പതകളും ചെറിയ ചുഴികളും ഒക്കെയായി നയാഗ്ര ഇവിടെ ശാന്തമായി ഒഴുകുന്നു.


(three sister's Island)


                                                        (Goat's Island)

ഞങ്ങളുടെ അടുത്ത സ്റ്റോപ്പ്‌  നയാഗ്രഫാള്‍സ്നു ഏകദേശം സമാന്തരമായി നിന്നുള്ള കാഴ്ച ആയിരുന്നു. അവിടെ നിന്ന് കുതിര  കുളമ്പ് (horse shoe ) ആകൃതിയിലുള്ള വെള്ളച്ചാട്ടത്തിന്റെ അമേരിക്കന്‍ ഭാഗം കാണാം. ഈ വെള്ളച്ചാട്ടം കൂടുതല്‍ ഭംഗിയായി കാണുന്നത് കാനഡയില്‍ നിന്നാണെന്ന് പറയുന്നത് ശരിയാണെന്ന് അപ്പോള്‍ തോന്നി -കാരണം കുതിരകുളമ്പിന്റെ ഒരു ഭാഗം പോലും നമുക്ക് നേരെ കാണാന്‍ ആകില്ല ! നാളെ ബോട്ട് യാത്ര ഉണ്ടല്ലോ -അപ്പോള്‍ ഉള്ളില്‍ പോയി കാണാമല്ലോ എന്നത് മാത്രം ആയിരുന്നു എന്‍റെ പ്രതീക്ഷ. അപ്പോഴേക്കും സമയം 8 മണിയാകാനായിരുന്നു.


തിരക്കിട്ട് ഓടി ഒബ്സെര്‍വേഷന്‍ ടവര്‍ എന്ന് വിളിപ്പേരുള്ള  കൂറ്റന്‍ ബഹു നില കെട്ടിടത്തിനു മുകളില്‍ എത്തിപ്പറ്റി . നല്ല തിരക്കുണ്ട് അവിടെ, എങ്കിലും വര്‍ണ്ണവിളക്കുകളുടെ കാഴ്ച തുടങ്ങാത്തതിനാല്‍ പലരും  സ്ഥിരമായി ഒരിടത്ത് നില്‍ക്കാതെ അവിടവിടെ ചുറ്റിക്കറങ്ങുകയാണ്. പണ്ട് അമ്പല പറമ്പില്‍ ഉത്സവ കാഴ്ചകള്‍ കാണാന്‍ മുന്നില്‍ സ്ഥലം പിടിക്കുന്നത് പോലെ ഞാന്‍ ഏറ്റവും മുന്നില്‍ കൈവരിയോടു ചേര്‍ന്ന് ഒരിടത്ത് സ്ഥാനം പിടിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനു ക്യാമറ സ്റ്റാന്റ് ഉറപ്പിക്കാനും സ്ഥലം ബുക്ക്‌ ചെയ്ത് വെച്ചിരുന്നു ഞാന്‍ - എന്‍റെ കുഞ്ഞു ക്യാമറയില്‍ ഈ വര്‍ണ്ണ പ്രപഞ്ചം കിട്ടിയില്ലെങ്കിലോ! 8 മണിയാകുന്നതിനു മുന്‍പുള്ള ഓരോ നിമിഷവും കടന്നു പോകാന്‍ സമയം എടുത്തു , എനിക്ക് ക്ഷമ നശിക്കാനും തുടങ്ങി.

സുഹൃത്ത് എന്‍റെ അക്ഷമ കണ്ടു പറഞ്ഞു കാനഡയില്‍ നിന്നുള്ള ലൈറ്റ്സ് വരണ്ടേ അതാ സമയം എടുക്കുന്നത് എന്ന് - എന്നെ കളിയാക്കിയതാണെന്നു മനസിലാക്കിയത് കൊണ്ട് മിണ്ടാതെ വീണ്ടും നയാഗ്ര താഴേക്ക് ഒഴുകി വീഴുന്നതും നോക്കിയിരുന്നു. പെട്ടെന്ന് ഒരു വെള്ള വെളിച്ചത്തിന്‍റെ വൃത്തം  ആ ഒഴുകിപ്പരക്കുന്ന വെള്ളത്തില്‍ വീണു.  പിന്നെ ഒന്നിന് പുറകെ ഒന്നായി വരിവരിയായി കുറെയേറെ വൃത്തങ്ങള്‍ - ഒക്കെയും വരുന്നത് മറുകരയില്‍ (കാനഡയില്‍) നിര്‍ത്തിയിട്ട വാഹനങ്ങളില്‍ നിന്നാണ്. സുഹൃത്ത് എന്നെ കളിയാക്കിയതല്ല -ശരിക്കും വെളിച്ച സംവിധാനം അവിടെ നിന്നാണ് വരുന്നത്.മൊത്തത്തില്‍ വെള്ളിവെളിച്ചത്തില്‍ കുളിച്ചു മനോഹരിയായി നയാഗ്ര. ഹാ...അതൊരു കാഴ്ച തന്നെയാണ്. എല്ലാവരും തിക്കിത്തിരക്കാന്‍ തുടങ്ങിയിരിക്കുന്നു ഈ മായാജാല കാഴ്ച കാണാന്‍. വല്യ ബീം ലൈറ്റുകള്‍ അപ്പുറത്തെ കരയില്‍ നിന്ന് ഇപ്പുറത്തേക്ക് വന്നു വീഴുന്നത് കാണുമ്പോള്‍ എനിക്ക് തിയറ്ററില്‍ പ്രോജെക്ട്ര്‍ റൂമില്‍ നിന്ന് വരുന്ന വെളിച്ചം തിരശീലയില്‍ മായാപ്രപഞ്ചം സൃഷ്ടിക്കുന്നതാണ് ഓര്‍മ്മ വന്നത്. ശരിക്കും  മായാപ്രപഞ്ചം തുടങ്ങിയത് പിന്നീടാണ് - ഓരോ വെളിച്ചവൃത്തങ്ങളും ഓരോരോ നിറമാകാന്‍ തുടങ്ങി. നല്ല പനിനീര്‍ റോസാപ്പൂ നിറം, മനം മയക്കുന്ന മഞ്ഞ, കണ്ണിനു കുളിര്‍മയായി പച്ച... ഓരോ നിറവും മാറി മാറി അവിടെയൊരു അത്ഭുത ലോകം. ഓരോ നിറവും ഒന്നിടവിട്ട് വരുമ്പോള്‍ നയാഗ്ര ശരിക്കും ഒരു മഴവില്‍ മനോഹരി. കുതിച്ചു വീഴുന്ന വെള്ളത്തിനൊപ്പം അതില്‍ നിന്ന് തെറിക്കുന്ന വെള്ളത്തുള്ളികള്‍ ഒരു മൂടല്‍മഞ്ഞു മറ സൃഷ്ടിക്കുന്നുണ്ട് -ആ മഞ്ഞു മറയ്ക് ഇപ്പോള്‍ ഒരു മഴവില്ലിന്‍റെ  ഭംഗി! ഞാന്‍ ഒരല്‍പം സ്വാര്‍ത്ഥയായിരുന്നു കേട്ടോ , ഈ കാഴ്ച കണ്ടിട്ടും കണ്ടിട്ടും  മതി വരാതെ ഞാന്‍ അവിടെ നിന്ന് അനങ്ങാതെ നിന്ന്  ഈ കാഴ്ച കണ്ടു കുറെയേറെ നേരം. പിന്നെ ഇത് കാണാതെ പോകുന്ന ആളുകളുടെ വിഷമം ഓര്‍ത്തപ്പോള്‍ അര മണിക്കൂറിനു ശേഷം ഞാന്‍ അവിടെ നിന്ന് പതുക്കെ മാറി . വെള്ളിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും ഈ നേരത്ത് അവിടെ വെടിക്കെട്ടും ഉണ്ടാകാറുണ്ടത്രേ - അത് കാണാന്‍ ആകാത്ത നഷ്ട ബോധം ഈ കാഴ്ച കുറെയൊക്കെ പരിഹരിച്ചു.  പിറ്റേ ദിവസം നേരത്തെ എത്തിപ്പെടണം എന്നുള്ളത് കൊണ്ട് ഞങ്ങള്‍ താമസസ്ഥലത്തേക്ക് യാത്ര തിരിച്ചു . തിരികെ യാത്രയില്‍ ,പകലൊന്നും മഴവില്‍ കാണാന്‍ കഴിയാതെ പോയല്ലോ  എന്ന് വിഷമിച്ച എന്നെ നാളെ എന്തായാലും കാണാന്‍ കഴിയുമെന്ന് ഭര്‍ത്താവ് ആശ്വസിപ്പിച്ചു . അന്ന് രാത്രി ഉറങ്ങുമ്പോഴും എന്‍റെ കണ്ണുകളില്‍ ആ വര്‍ണ്ണവിളക്കുകള്‍ സൃഷ്ടിച്ച മഴവില്‍ ഭംഗി ആയിരുന്നു.































































                                                         (മഴവില്ല് വിരിഞ്ഞ നയാഗ്ര )


Friday, December 13, 2013

മാമ്മത്ത് ഗുഹകളിലൂടെ

 (ഇന്‍ഫോ മലയാളി പേപ്പറില്‍ പ്രസിദ്ധീകരിച്ച യാത്രാ വിവരണം)

മാമ്മത്ത് ഗുഹകൾ -  ലോകത്തിലെ അറിയപ്പെടുന്നതിൽ ഏറ്റവും നീളം കൂടിയ ഗുഹാ  ശൃംഖല. പേരില് തന്നെ ഗാംഭീര്യം ഉള്ള ഈ ഗുഹകൾ കാണാൻ പോകുന്നതിനു മുന്പ് ഒരിക്കൽ പോലും ഗൂഗിളിൽ സെർച്ച്‌ ചെയ്തു നോക്കിയില്ല. തൃശ്ശൂർ പൂരത്തിന്റെ ഫോട്ടോ കണ്ടിട്ട്  നേരിൽ കാണുമ്പോൾ ഇത്രേ ഉള്ളോ കുടമാറ്റം എന്ന് ചോദിച്ച സുഹൃത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാൻ യാത്രയ്ക്ക് മുന്‍പ് കാതുകൾ മാത്രം തുറന്നു വെച്ച് കണ്ണുകളെ ഞാൻ അടച്ചു വെച്ചു, ഈ മനോഹര കാഴ്ച എന്റെ കണ്ണിലൂടെ മാത്രം കാണാൻ,അറിയാൻ.

 


തലേ ദിവസത്തെ 6 മണിക്കൂർ കാര് ഡ്രൈവിന്റെ ക്ഷീണം, മതി വരാത്ത ഉറക്കം  ഒന്നും എനിക്കോ കൂടെയുള്ളവർക്കോ രാവിലെ എഴുന്നേറ്റു റെഡി ആകാൻ തടസം ആയില്ല. തിരക്കുണ്ടാകും എന്ന് അറിഞ്ഞിരുന്നത് കൊണ്ട് ഒന്നര മണിക്കൂർ ഉള്ള കേവ് ടൂർ ഓണ്‍ലൈൻ ബുക്ക്‌ ചെയ്തിരുന്നു. 9.30 മണിക്കുള്ള ടൂറിനു 9 മണിക്ക് തന്നെ റിപ്പോർട്ട്‌ ചെയ്യണം. മോട്ടലിൽ നിന്നും അര മണിക്കൂർ യാത്രയെ ഉള്ളു, പക്ഷെ അപ്രതീക്ഷിതമായ ചില വളവു തിരിവുകൾ ഞങ്ങളെ കേവ് ടൂർ സംഘാടക സ്ഥലത്ത് എത്തിക്കാൻ കുറച്ചു വൈകി. ഓടിക്കിതച്ചു ചെല്ലുമ്പോഴേ കണ്ടു - ഏകദേശം  22-23 വയസു വരുന്ന മെലിഞ്ഞൊരു സുന്ദരി ഗുഹയിൽ പാലിക്കേണ്ട സുരക്ഷാ നിര്ദ്ദേശങ്ങളും, ക്രമീകരണങ്ങളും വിശദീകരിക്കുന്നു. ആദ്യഭാഗം നഷ്ടം ആയെങ്കിലും ഞങ്ങൾ എല്ലാവരും  കാര്യങ്ങൾ ശ്രദ്ധിച്ചു കേള്‍ക്കാൻ തുടങ്ങി. പല രൂപത്തിലും ഭാവത്തിലുമുള്ള കേവ് ടൂറുകൾ ലഭ്യമാണ് -സാഹസികത നിറഞ്ഞ വൈൽഡ്‌ കേവ് ടൂർ, മാമ്മത്ത് പാസ്സേജ് ടൂർ, ഫ്രോസ്സെൻ നയാഗ്ര ടൂർ, ഡിസ്ക്കവറി ടൂർ അങ്ങനെയനങ്ങനെ. ചെറിയ കുട്ടികൾ കൂട്ടത്തില്‍ ഉണ്ടായിരുന്നതിനാൽ  അധികം റിസ്ക്‌ ഇല്ലാത്തതും,ഒരുപാട് ദൈര്‍ഘ്യം ഇല്ലാത്തതുമായ ഫ്രോസ്സെൻ നയാഗ്ര ടൂർ ആണ് ഞങ്ങൾ തിരഞ്ഞെടുത്തിരുന്നത്.


സുന്ദരി പറഞ്ഞ കാര്യങ്ങളിൽ മനസിലായത് -തലയും കാലും സൂക്ഷിക്കുക, ചാടരുത്, ഓടരുത്, കൂട്ടം തെറ്റി പോകരുത്, ഭിത്തിയിൽ വെറുതെ പിടിക്കരുത് -കയ്യോ കാലോ ഉളുക്കിയാൽ ഏറ്റവും അടുത്തുള്ള ആശുപത്രി 24 മൈൽ അപ്പുറമാണെന്ന് കേട്ടതും ഞങ്ങൾ ഇട്ടിരിക്കുന്ന ഷൂസുകളിലെക്ക് പ്രാർഥനയോടെ നോക്കി , കൂട്ടത്തിലോരാളുടെ ചെരിപ്പിലേക്ക് സഹതാപത്തോടെയും.


WNS (white Nose syndrome - വൈറ്റ് നോസ് സിണ്ട്രോം )  എന്ന രോഗം പല ഗുഹകളിലെയും എന്നത് പോലെ മാമ്മത്ത് ഗുഹയിലെയും വവ്വാല്‍ വംശത്തിനെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ ബാക്ക് പാക്കുകള്‍, ബാഗുകള്‍, ഭക്ഷണം,വെള്ളം അല്ലാതെയുള്ള പാനീയങ്ങള്‍ ഇവയൊക്കെ ഒഴിവാക്കാന്‍ നിര്‍ദേശം ഉണ്ടായി. ഒടുവിലായി സുന്ദരി തമാശ പറഞ്ഞു നിർത്തിയത് ഇങ്ങനെ "എന്റെ ശരീരം വെച്ച് നിങ്ങളെ ആരെയും പൊക്കാൻ  ആകാത്തതിനാൽ എല്ലാവരും അവനവനെ വീഴാതെ  സൂക്ഷിക്കുക".
      ഞങ്ങളുടെ ഗ്രൂപ്പിന് പോകാനുള്ള ബസ്‌ എത്തി , ഏകദേശം  നാല്‍പ്പതു പേരടങ്ങുന്ന സംഘം 2 ബസ്സുകളിലായി ടൂര്‍ തുടങ്ങുന്ന ഗുഹമുഖത്തെക്ക് യാത്രയായി. കുട്ടികളൊക്കെ കാടിന് നടുവിലൂടെയുള്ള ബസ്‌ യാത്രയില്‍ തന്നെ വല്ലാത്ത ആവേശത്തിലായി. ഏകദേശം പത്തു മിനിറ്റ് യാത്ര ചെയ്ത് ഞങ്ങള്‍ ഗുഹാ കവാടത്തില്‍ എത്തി. അവിടെ ഞങ്ങളെ കാത്ത് വിവരണം തന്ന സുന്ദരിയും(ജാനെറ്റ്), മറ്റൊരു സുന്ദരിയും(അലന്‍). ഇവര് രണ്ടാളും ആണത്രേ ഞങ്ങളെ  ഈ ഭീകരന്‍ ഗുഹ ചുറ്റി കാണിക്കുക. ഗുഹയിലേയ്ക്ക് തുറക്കുന്ന ഒരു വാതില്‍ ,അതിനുള്ളിലൂടെ അകത്തേക്ക് കയറിയാല്‍ താഴേക്കു പോകുന്ന പടികള്‍. ഒരാള്‍ക്ക്‌ കഷ്ടിച്ച് കടന്നു  പോകാവുന്ന പടികളുടെ ഒരു വശത്ത് സ്റ്റീല്‍ കൈപ്പിടികള്‍ ഉണ്ട്. മുഴുവന്‍ സംഘാംഗങ്ങളും ഓരോരുത്തരായി ഗുഹയിലേക്ക് പ്രവേശിച്ചു. ജാനെറ്റ് ഏറ്റവും മുന്നിലും, അലന്‍ ഏറ്റവും പിന്നിലും. രണ്ടാളുടെയും കയ്യില്‍ ഓരോ ടോര്‍ച്ച് ഉണ്ട്, ഗുഹയിലെ പല സ്ഥലങ്ങളിലായി വെച്ചിരിക്കുന്ന ലൈറ്റ് ആവശ്യമുള്ള വെളിച്ചം തരുന്നു.



 പുറത്തു അധികം ചൂടറിയിക്കാത്ത മഴയായിരുന്നു, ഗുഹയ്ക്കുള്ളില്‍ മഞ്ഞുകാലത്തിന്റെ തുടക്കത്തിലേത് പോലെ ഒരു സുഖമുള്ള തണുപ്പും. എല്ലാവരും കരുതിയിരുന്ന ജാക്കെറ്റ്‌, ചെവി മൂടുന്ന തൊപ്പിയൊക്കെ ധരിച്ചു,കുഞ്ഞുങ്ങളെ കൈകളില്‍ എടുത്തു നടക്കാന്‍ തുടങ്ങി.
  


ഒരു വശത്തെ കൈപ്പിടി പെട്ടെന്ന് തീരും, പിന്നെ മറുവശത്താകും പിടി -വളരെ സൂക്ഷിച്ചു മുന്‍പിലുള്ള ഓരോ പടിയും നോക്കി സാവധാനം ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ഇടയ്ക്ക് ഭിത്തിയില്‍ ചിലന്തി പോലെ ഒരു ജീവി -ജാനറ്റ് പറഞ്ഞു അതാണ്‌ ഗുഹ ചീവിട് -നമ്മുടെ ചീവിടിന്റെ ഒരു സാമ്യവും ഇല്ലാത്ത ഒന്ന് . പുറത്ത് വെച്ച് കണ്ടാല്‍ എട്ടുകാലി ആണെന്ന് തന്നെ തെറ്റിദ്ധരിക്കും.  അങ്ങനെ മുന്നോട്ടു നീങ്ങുന്നതിനിടയില്‍ പടികള്‍ തീര്‍ന്നു നിരപ്പായ സ്ഥലത്തേക്ക് എത്തി -ഒരു പാസ്സേജ് . ഒരു ഭാഗം കുത്തനെയുള്ള കുഴി, താഴേക്കു നോക്കിയാലും മുകളിലേക്ക് നോക്കിയാലും ചെറുതായി തല കറങ്ങും. പിന്നെയും കുറച്ചു ദൂരം പടവുകള്‍ ഇറങ്ങുമ്പോള്‍ വെള്ളം മുകളില്‍ നിന്ന് താഴേക്ക്‌ കുറേശ്ശെ പതിക്കുന്ന ഒരിടം കാണാം -അവിടെ കല്ലുകളുടെ രൂപീകരണം അരുവികളുടെ കരയിലുള്ള പാറക്കൂട്ടങ്ങള്‍ പോലെയാണ്.


               ഈ ഗുഹ സമുച്ചയത്തിന്റെ ആകെ നീളം കണ്ടു പിടിക്കപ്പെട്ടിരിക്കുന്നത് 400 മൈല്‍ ആണ്. ഉള്ളിലുള്ള വിശാലമായ അറകളും, തുരങ്കങ്ങളും ചേര്‍ന്ന് ഇതിന്റെ മാമ്മത്ത് എന്നാ പേരിനെ അന്വര്‍ത്ഥമാക്കുന്നു. 1816 മുതല്‍ ഈ ഗുഹ സന്ദര്‍ശകരെ വരവേല്‍ക്കുന്നു -  പണ്ട് കാലത്ത് ഗുഹയ്ക്കുള്ളില്‍ വെളിച്ചത്തിനായി പലയിടങ്ങളിലും എണ്ണവിളക്കുകള്‍ ഉപയോഗിച്ചിരുന്നു.  വളരെ കാലങ്ങള്‍ക്ക് മുന്പ് തദ്ദേശീയരായ ജനങ്ങള്‍ ഗുഹയ്ക്കുള്ളില്‍ നിന്നും ധാതുക്കള്‍ ശേഖരിചിരുന്നതിനെ കുറിച്ച് ആര്‍ക്കിയോളജിക്കല്‍ വിഭാഗം രേഖകള്‍ നല്‍കുന്നു. മഞ്ഞുകാലത്ത് ഈ ഗുഹയ്ക്കുള്ളില്‍ പുറത്തെ തണുപ്പിനേക്കാള്‍ ഊഷ്മളമായ കാലാവസ്ഥയും, ചൂട് കാലത്ത് വളരെ ശീതളമായ കാലാവസ്ഥയും ആണ് -പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു എയര്‍ കണ്ടിഷനര്‍. ചൂട് കാലം തുടങ്ങുമ്പോള്‍ ഈ ഗുഹയിലെ സ്ഥിര താമസക്കാരായ വാവലുകള്‍ പുറത്തേക്കു ഇര തേടി പോകും -മാസങ്ങള്‍ നീളുന്ന ഇര തേടല്‍. തണുപ്പ കാലം തുടങ്ങുമ്പോള്‍ അവ തിരികെ എത്തി നിഷ്ക്രിയാവസ്ഥയില്‍  (ഹൈബെര്‍നേഷന്‍ ) ആകും. ഞങ്ങളുടെ സന്ദര്‍ശനം വേനല്‍ക്കാലത്ത് ആയതിനാല്‍ വവ്വാലുകളെ കാണാന്‍ കഴിഞ്ഞില്ല (ഗുഹ ചീവിടിനെ ഒഴികെ മറ്റൊന്നിനെയും കാണാന്‍ വേനല്‍ക്കാലത്ത് കഴിയില്ല).

  


ഇനിയോരല്‍പ്പം ഗുഹാ ചരിത്രം-മാമ്മത്ത് ഗുഹകളുടെ ഉത്ഭവം ഏകദേശം 10 മില്യണ്‍ വര്‍ഷങ്ങക്ക് മുമ്പാണെന്ന്  പറയപ്പെടുന്നു. 325 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഇവിടെ ഉണ്ടായിരുന്ന ഒരു കടല്‍ ഏകദേശം 600 ഫീറ്റ്‌ ലൈംസ്റ്റോണ്‍ ഇവിടെ നിക്ഷേപിച്ചു എന്നും, അത് കാലാന്തരത്തില്‍  ഇത് വഴി ഒഴുകിയിരുന്ന ഒരു പുഴയിലെ സാന്‍ട് സ്റ്റോണ്‍ ധാതു അവശിഷ്ടങ്ങള്‍ എന്നിവയാല്‍ പൊതിയപ്പെട്ടു   രൂപാന്തരം സംഭവിച്ചാണ് ഈ ഗുഹകള്‍ നിര്‍മ്മിതമായത് എന്ന് ശാസ്ത്രപഠനം കുറിക്കുന്നു. പുഴയും സമുദ്രവും കാലാന്തരത്തില്‍  അപ്രത്യക്ഷമായി. 10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്പ് ഈ ലൈംസ്റ്റോണ്‍ സാന്ഡ് സ്റ്റോണ്‍ കൂട്ടുകെട്ട് ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിപ്പെടുകയും, ഇതിലെ വിള്ളലുകളും തുരങ്കങ്ങളും മഴവെള്ള സംഭരണം നടത്തുകയും ചെയ്തു. ഭൂ ഗര്‍ഭ അരുവികളും,ചാലുകളും കൊണ്ട് സമൃദ്ധമാണ് ഇവിടം.

 

നടപ്പ് തുടര്‍ന്ന് കുറച്ചു കൂടി വിശാലമായ -സ്ലേറ്റ്‌ കല്ലുകള്‍ അടുക്കിയുണ്ടാക്കിയത് പോലുള്ള ഒരു ഇടനാഴി കടന്നു ഞങ്ങള്‍ ചെന്നെത്തിയത് വിശാലമായ ഒരു തളത്തിലേക്കാണ് (അറ ) .  അവിടെ നിരത്തിയിട്ടിരുന്ന ബെഞ്ചുകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചപ്പോള്‍ ജാനറ്റ് ഗുഹാ കഥകള്‍ പറയാന്‍ തുടങ്ങി.

ജീവജാലങ്ങള്‍ ഒന്നും അധികമായി ഈ ഗുഹയ്ക്കകത്ത് ഇല്ല, വാവലുകളും,കുറച്ചു എലികളും,മറ്റു കുറച്ചു ചെറിയ ജീവികളും ഒഴിച്ചാല്‍ ഗുഹയ്ക്കകത്ത് അധികം ആള്‍താമസം ഇല്ല. മഞ്ഞ് കാലത്താണ് ഇവരൊക്കെ ഇവിടെ സ്ഥിരമാകുക.  മുഴുവന്‍ ac ആയ ഒരു ഹാളില്‍ ഇരിക്കുന്നത് പോലെയായിരുന്നു അവിടെ ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ജാനറ്റ് ഗുഹാപാളികളെ കുറിച്ചും, ഓരോ കല്ലിന്റെ രൂപ മാറ്റങ്ങളെ കുറിച്ചും വിശദമായി പറഞ്ഞു. ഇത്തരം മേഖലകളില്‍ പഠിക്കുന്നവരും, വിദ്യാര്‍ത്ഥികളും വളരെയധികം താല്‍പ്പര്യത്തോടെ ഓരോ കാര്യങ്ങളെയും കുറിച്ച് ചോദിച്ചു മനസിലാക്കി കൊണ്ടിരുന്നു. ഗുഹയ്ക്കകത്തെ ശരിക്കുമുള്ള അന്ധകാരം മനസിലാക്കാന്‍ എല്ലാവരോടും മൊബൈല്‍, ക്യാമറ ഇവയൊക്കെ ഓഫ്‌ ആക്കാന്‍ പറഞ്ഞിട്ട് കണ്ണുകള്‍ ഇറുക്കി അടക്കാന്‍ ആവശ്യപ്പെട്ടു. മൂന്നു എണ്ണി കണ്ണ് തുറന്നത് കുറ്റാക്കൂരിരുട്ടിലെക്കാണ്,ലൈറ്റുകള്‍ അണച്ചിരിക്കുന്നു . സാധാരണ നമ്മള്‍ ഇരുട്ടില്‍ ആകുമ്പോള്‍  നമ്മുടെ കണ്ണ് അതിനോട്   സമരസപ്പെടും -ഏതെങ്കിലും ഭാഗത്ത്‌ നിന്നുള്ള നിഴലുകള്‍ എങ്കിലും കാണുന്ന വിധത്തില്‍. പക്ഷെ ഈ അനുഭവം ആദ്യം-കുറച്ചു നേരം കഴിഞ്ഞിട്ട് പോലും അടുത്ത് നില്‍ക്കുന്ന ആളിനെ കാണാന്‍ കഴിയാത്ത അവസ്ഥ ,നമ്മുടെ കൈ തപ്പി നോക്കേണ്ട അത്ര ഇരുട്ട് . ജാനെറ്റ് ഒരു ചെറിയ മെഴുകുതിരി കൊളുത്തി.ആ വെളിച്ചത്തിനോട് കണ്ണ് പൊരുത്തപ്പെട്ടപ്പോള്‍ മുന്നില്‍ തെളിഞ്ഞത് ഇത് വരെ കണ്ട ഗുഹയുടെ മറ്റൊരു ഭാവമായിരുന്നു. കൃത്രിമമല്ലാത്ത വെളിച്ചത്തിന്റെ നിഴലുകള്‍ ഗുഹാഭിത്തികളില്‍ മനോഹരമായ ചില ചിത്രങ്ങള്‍ സൃഷ്ടിച്ചു.

 

വെളിച്ചം തിരികെ എത്തി, ഞങ്ങള്‍ നടപ്പ് തുടര്‍ന്നു. പിന്നീടു കുറെ പടവുകള്‍ ,കുറച്ചു ഇടുങ്ങിയ പാതകള്‍, പിന്നെയും ചില  തുരങ്കങ്ങള്‍ ഒടുവില്‍ എത്തിപ്പെട്ടത് ഈ യാത്രയുടെ ഹൈലൈറ്റ് എന്ന് പറയപ്പെടുന്ന ഫ്രോസ്സന്‍ നയാഗ്ര ഭാഗത്തേക്കാണ് . ഫ്രോസ്സന്‍ നയാഗ്ര എന്നത് അതി മനോഹരമായ ചില രൂപാന്തരങ്ങളാണ് . ഫ്ലോ  സ്റ്റോണ്‍ എത്ര രൂപമാറ്റങ്ങള്‍ സംഭവിച്ചാണ് ഈ സുവര്‍ണ്ണ രൂപങ്ങള്‍ ആയതെന്നു നമ്മളെ അത്ഭുതപ്പെടുത്തും. (ഫ്ലോസ്റ്റോണ്‍ എന്നത് ഗുഹാ ഭിത്തിയിലൂടെ വെള്ളത്തിന്റെ താഴേക്കുള്ള ഒഴുക്ക് മൂലം ഷീറ്റായി രൂപപ്പെടുന്ന കാല്‍സൈറ്റ് ആണ് )



 മുകള്‍ഭാഗത്ത്‌ നിന്നും താഴേക്കു രൂപം കൊണ്ടിരിക്കുന്ന ഇവ ഓരോന്നും ഓരോ പരിചിത രൂപങ്ങളെ ഓര്‍മ്മിപ്പിക്കും എന്ന് ജാനെറ്റ് പറഞ്ഞിരുന്നു. പലര്‍ക്കും പലതുമായി തോന്നിയ രൂപങ്ങളില്‍ അമ്മയും കുഞ്ഞും , ഗുഹ മുഖം ,കരടി , ഗണപതി (എന്റെ മാത്രം നോട്ടത്തില്‍) അങ്ങനെ പലതുമുണ്ടായിരുന്നു.... തല തിരിച്ചു വെച്ച ഐസ്ക്രീം കോണുകളെ പോലെയും പലതും കാണപ്പെട്ടു.ഒഴുകിയിറങ്ങുന്ന അരുവി, പകുതിയില്‍ വെച്ച് ഉരുകിയുറഞ്ഞത്‌ പോലെയാണ് ഇവയുടെ ഘടന .




അവിടെ ഗുഹയ്ക്കുള്ളില്‍ ഒരു ഗുഹ ഉണ്ട് -ചെറിയൊരു കുഴി പോലെ.  കുത്തനെയുള്ള ഇറക്കതിലേക്ക് ജാനെറ്റ് ഞങ്ങളോടൊപ്പം വന്നില്ല, എല്ലാവരും ഫോട്ടോസ് എടുക്കാനാണ് ആ സമയം ഉപയോഗിച്ചത്. ഗുഹയിലെ മിക്ക ചിത്രങ്ങളും പ്രകാശത്തിന്റെ കുറവ് മൂലവും, ഗ്രൂപ്പായി നീങ്ങുന്നതിന്റെ സ്വാതന്ത്ര്യ കുറവും കാരണം കണ്ടത്ര ഭംഗിയില്‍ ക്യാമറയില്‍ ഒതുങ്ങിയില്ല എന്നത് ഒരു സങ്കടമായി. ഫ്രോസന്‍ നയാഗ്ര കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഗുഹയുടെ മറു ഭാഗത്തെത്തി, ഒന്നരമണിക്കൂറില്‍ നടന്നു തീര്‍ത്തത് അത്ര അധികമല്ല എങ്കിലും കണ്ട കാഴ്ചകള്‍ വിസ്മയത്തിന്‍റെത്. വേനല്‍ക്കാലമായതിനാല്‍ ഗുഹയിലെ അന്തേവാസികളെ കാണാന്‍ ആയില്ല എന്ന പരിഭവം പറച്ചിലിന് മഞ്ഞുകാലത്ത് ഒരിക്കല്‍ കൂടി വരൂ എന്ന സ്നേഹക്ഷണം ജാനടിന്റെ വക.



ഇനിയുമൊരിക്കല്‍ കൂടി പോകാന്‍ അവസരം കിട്ടിയാല്‍ മറ്റൊരു മുഖവുമായി മാമ്മോത് കാത്തിരിക്കുമെന്ന സുഖത്തില്‍ ഞങ്ങള്‍ തിരികെ യാത്രയായി.

( നോര്‍ത്ത് അമേരിക്കയിലെ കെന്‍ടക്കി പ്രവിശ്യയിലാണ്  മാമ്മത്ത് കേവ്സ് നാഷണല്‍ പാര്‍ക്ക്‌ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ നീളമേറിയ ഗുഹാ ശ്രിംഖല ആയ മാമ്മത്ത് ഗുഹകള്‍ രണ്ടും മൂന്നും സ്ഥാനം ഉള്ള ഗുഹകളുടെ കൂടി ചേര്‍ന്ന നീളത്തിനേക്കാള്‍ വലുതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  http://www.nps.gov/maca/index.htm  http://www.mammothcave.com/ മറ്റൊരു ബ്ലോഗ്‌ വിവരണം  http://bobandlindasrvtravels.blogspot.com/2013/04/mammoth-cave-national-park-mammoth-cave.html)

പിന്കുറിപ്പ് : പല ചിത്രങ്ങളും വ്യക്തമല്ലാത്തതില്‍ ക്ഷമിക്കുക-  ഇരുട്ട്, ഫ്ലാഷ് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ എന്നിവ പല വമ്പന്‍ ക്യാമറകളെയും ചതിച്ചു. ഒരു സാദാ ഡിജിറ്റല്‍ ക്യാമറ മാത്രമാണ് ഉള്ളില്‍ പല ഇടങ്ങളിലും വൃത്തിയായി ജോലി ചെയ്തത് :) . കോളാഷ് ആയി ഇട്ടത് കഴിയുന്നത്ര ചിത്രങ്ങള്‍ ഉള്‍പ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ്.
 

Monday, June 10, 2013

ഒരരുവി പുനര്‍ജ്ജനിക്കുമ്പോള്‍.....

മണ്ണും മനുഷ്യനും വെള്ളത്തിനായി കേഴുന്ന ഈ കാലത്തെ ഏറ്റവും വലിയ വാര്‍ത്ത ഒരു ജലസ്രോതസ്സ് പുനര്‍ജ്ജനിക്കുന്നത് തന്നെ. വര്‍ഷങ്ങള്‍ക്ക് മുന്പ് വറ്റിപ്പോയ ഒരു നീരുറവ മണ്ണിനെ സ്നേഹിക്കുന്ന 2 മനുഷ്യരുടെ ചിന്തയുടെയും പ്രവര്ത്തിയുടെയും ഫലമായി പുതു നാമ്പുകള്‍ മുളപ്പിച് ഒഴുകി തുടങ്ങുന്നു.

       പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയില്‍ ഇന്ന് സാരന്ഗ് ഹില്സ് എന്നറിയപ്പെടുന്ന പ്രദേശം ഏകദേശം  30 വര്‍ഷങ്ങള്‍ക്കു മുന്പ് ഗോപാലകൃഷ്ണന്‍ മാഷിനും വിജയലക്ഷ്മി ടീചെറിനും കിട്ടുമ്പോള്‍ അനാരോഗ്യകരമായ കൃഷി രീതികളുടെ ഫലമായി ഉത്പാദന ശേഷി നഷ്ടപെട്ട രീതിയിലായിരുന്നു. സമതല പ്രദേശങ്ങളില്‍ ഫലവത്തായ കലപ്പ ഉപയോഗിച്ചുള്ള കൃഷി രീതി മലഞ്ചരിവ് ആയ അട്ടപ്പാടിയിലും  പ്രയോഗിച്ചതിന്റെ പരിണിത ഫലമായി മേല്മണ്ണ് നഷ്ടപ്പെട്ട് കൃഷി യോഗ്യം അല്ലാതെ ആയി. സ്വാഭാവികമായി ഒരു നീര്‍മറി പ്രദേശം (മൂന്നു ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട, ‘റ’ ആകൃതിയിലുള്ള പ്രദേശം)  ആയിരുന്ന ഇവിടെ നില നിന്നിരുന്ന ജല സ്രോതസ്സുകള്‍ വറ്റി വരളുകയും സമീപത്തുള്ള ജീവജാലങ്ങള്‍ക്ക് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയുമായി.

കൃഷി എന്ന ജീവന മാര്‍ഗ്ഗത്തിലേക്ക് ജലം എന്ന അത്യാവശ്യ സ്രോതസ് ലഭ്യമല്ലാതെ വന്ന സാഹചര്യത്തില്‍ ഊര്‍ജ്ജ പുനരുജ്ജീവനം (energy regeneration) എന്ന മാര്‍ഗം അവര്‍ ചിന്തിക്കാന്‍ തുടങ്ങി. ലഭ്യമായ ഊര്‍ജ്ജത്തെ സംരക്ഷിക്കാം, പക്ഷെ നശിച്ചു പോയതിനെ പുനര്ജീവിപ്പിക്കുക എന്ന ദൌത്യം വളരെ പ്രയാസം നിറഞ്ഞതായിരുന്നു. സ്വാഭാവികമായ വനം വളര്‍ന്നു വരാനുള്ള കാല ദൈര്‍ഘ്യം , മേല്‍മണ്ണ് നഷ്ടപ്പെട്ട ഭൂമി, നശിച്ചു കൊണ്ടിരുന്ന സൂക്ഷമ ജീവികള്‍ (മൈക്രോ ഓര്‍ഗാനിസം) .കാലം എന്ന ക്ഷമയില്‍ പ്രകൃതി എന്ന ആത്യന്തികമായ സത്യത്തില്‍ വിശ്വസിച് മാഷും ടീച്ചറും തങ്ങളെ കൊണ്ട് ചെയ്യാന്‍  കഴിയുന്ന കാര്യങ്ങള്‍ ചെയ്തു - ഈര്‍പ്പം തങ്ങി നില്ക്കാന്‍ മണ്ണിനു കരിയിലകള്‍ കൊണ്ട് പുതയിടുക,അല്‍പ്പമെങ്കിലും മഴവെള്ളം ശേഖരിക്കപ്പെടാനായി മഴക്കുഴികള്‍ കുഴിക്കുക, വെള്ളത്തിന്റെ ഉപയോഗം അത്യാവശ്യത്തിനു മാത്രമാക്കുക, മുളകള്‍ പോലുള്ള സ്വാഭാവിക ആവാസ വ്യവസ്ഥയിലെ മരങ്ങള്‍ നടുക, ചെറിയ പൊന്തകളായി വളരുന്ന ചെടികളെ ആടുമാടുകള്‍ നശിപ്പിക്കാതെ സൂക്ഷിക്കുക.
                ഒടുവില്‍ വര്‍ഷങ്ങളുടെ ശ്രമ ഫലമായി പ്രകൃത്യാലുള്ള മരങ്ങള്‍ അവിടെ വളരാന്‍ തുടങ്ങി, മണ്ണില്‍ ഈര്‍പ്പം തങ്ങി നിന്ന് സൂക്ഷ്മ ജീവികള്‍ ഉണ്ടാകാന്‍ തുടങ്ങി, പതിയെ പതിയെ പണ്ടെന്നോ വറ്റിപോയ ഒരു ഉറവ അവിടെ ജീവശ്വാസം എടുക്കാന്‍ തുടങ്ങി.... ആദ്യമാദ്യം ഒരു ചെറിയ നീര്‍ച്ചാല്‍ ആയി രൂപപ്പെട്ട ആ ഉറവ വേനല്‍ക്കാലത്ത് പിന്നെയും വറ്റി . പക്ഷെ പിന്നീടുള്ള വര്‍ഷങ്ങളില്‍ മഴക്കാലത്ത് നിറഞ്ഞു ഒഴുകുന്ന നീരുറവ ആയും വേനല്‍ക്കാലത്ത് കെട്ടിക്കിടക്കുന്ന വെള്ളമായും മാറി. 1982 ലെ കടുത്ത വരള്‍ച്ചയ്ക്ക് ശേഷം 2013 ല്‍ മറ്റൊരു വരള്‍ച്ചയ്ക്ക് കേരളം സാക്ഷ്യം വഹിക്കുമ്പോള്‍ നന്മയുടെ ഉള്‍ക്കരുത്ത് കൊണ്ട് പ്രകൃതിയില്‍ നിന്ന് തിരികെ നേടിയെടുത്ത ഈ  ഉറവ ഇന്നും വറ്റാതെ ഒഴുകുന്നു.
 
            
 

 കേരളത്തിലെ ജല ദൌര്‍ലഭ്യം ഒരു പരിധി വരെ പരിഹരിക്കാന്‍ ഗോപാലകൃഷ്ണന്‍ മാഷും ടീച്ചറും മുന്നോട്ടു വയ്ക്കുന്ന ചില ചിന്തകള്‍ നമുക്ക് കണ്ടില്ലെന് നടിക്കാന്‍ ആകില്ല. മുറ്റം വരെയും ടൈല്‍സ് ഇട്ടു നിറയ്കുമ്പോള്‍ ആറ്റുനോറ്റ് കിട്ടുന്ന മഴയ്ക്ക് നമ്മുടെ മണ്ണിലേക്ക് ഇറങ്ങാനുള്ള സുഷിരങ്ങള്‍ അടയുന്നു എന്ന സത്യം, എല്ലാ ചെമ്മണ്‍ പാതകളും സൌകര്യപ്രദമായ രീതിയില്‍ ടാര്‍ ഇടുമ്പോള്‍ മണ്ണിലെ പ്രകൃത്യാലുള്ള ഈര്‍പ്പം നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ്, റൂഫ് വാട്ടര്‍ ഹാര്‍വെസ്ടിംഗ് അഥവാ മേല്‍ക്കൂരയിലെ മഴവെള്ളം ശേഖരിച്ചു സംഭരിക്കുക എന്ന ഏറ്റവും എളുപ്പവും പ്രായോഗികവും ആയ വഴി, പുതിയ വീടുണ്ടാക്കുമ്പോള്‍ കാര്‍ പോര്ച്ചുണ്ടാക്കുന്നതിനും മുന്‍പേ ആഴത്തിലൊരു മഴക്കുഴി (മഴവെള്ള ടാങ്ക്) എന്ന മുന്നൊരുക്കം. അടുത്ത മഴ പെയ്യുമ്പോള്‍ എങ്കിലും നമുക്ക് വരും വേനലിലെക്കായി കുറച്ചു തുള്ളികള്‍ ശേഖരിച്ചു വെയ്ക്കാം...
 
                   
            (സാരന്ഗ് ഹില്സിലെ  ഇപ്പോഴത്തെ സ്വാഭാവിക വനം )
 
 മഴവെള്ള സംഭരണം, റൂഫ് വാട്ടര്‍ ഹാര്‍വെസ്ടിംഗ് ഇതിനെ കുറിച്ചൊക്കെ കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോപാലകൃഷ്ണന്‍ മാഷിനെ  9446239429  /sarangfamily@gmail.com ബന്ധപ്പെടാവുന്നതാണ്