Thursday, July 23, 2015

പാതിപ്പൂട്ടുകള്‍

എനിക്കറിയുന്ന വഴിയിലൂടെ പകുതി ,
പകുതി മാത്രം , ഞാന്‍ നടന്നു തീര്‍ത്തു -
ഭൂപടങ്ങളിലടയാളപ്പെടുത്തിയ പച്ചയും
നീലയുമായ വന്‍കരകള്‍ താണ്ടി
നിന്‍ വഴിപ്പാതയിലൂടെ നീയും വരിക..

പകുതി ദൂരമേ നിന്‍റെ മാപ്പിലുണ്ടാകൂ
ഒത്തുചേരുന്ന നാല്‍ക്കവലയില്‍ വെച്ച്
കയ്യിലെ പാതിപ്പൂട്ടുകള്‍ ചേര്‍ത്ത്
നമുക്കായി തുറക്കപ്പെടുന്ന പുതുവഴിയേ,
ഭൂപടങ്ങളിലില്ലാത്ത വഴിയെ പോകാം

വഴിയാത്രയില്‍ കൈ കോര്‍ത്ത് പോകുന്ന
ഹിമക്കരടികളെ കണ്ടേക്കാം
അവയുടെ  മുകളിലൂടെ പറന്നു പോകുന്ന
അസൂയയുടെ കടല്‍ക്കാക്കയെ കാണാം
മിണ്ടാതെ അരികു പറ്റി കുണുങ്ങുന്ന
കാല്‍ച്ചൂട് ചുമക്കുന്ന ഒട്ടകങ്ങളെ കാണാം

ഒരേ പാതയില്‍ എന്നോടൊപ്പം
കഥകള്‍ കേട്ട് പിണങ്ങി ഇണങ്ങി
ഇടയ്ക്കൊളിച്ച് മരിച്ച് ജനിച്ചു
ഇപ്പോഴും നിന്നെ കാട്ടുന്ന ചന്ദ്രനെ കാണാം

ഉള്ളില്‍ നീലിച്ചു പ്രണയം കറുക്കുന്ന
തമ്മിലുരയുന്ന നാഗങ്ങളായ് നമ്മള്‍
കാതോരമെന്നോ മൊഴിഞ്ഞതില്‍ കനലായ്
ചില ഓര്‍മ്മപ്പെടുത്തലുകള്‍ ജ്വലിക്കും

"വേര്‍തിരിച്ചറിയാതെ കെട്ടുപിണഞ്ഞു
നിന്നിലെ പ്രണയം നീയായി മാറിയെന്നു-
പ്രണയമെന്നത് നീയാണെന്ന് പറഞ്ഞത്-
നീ..നീ.. നീ തന്നെയാണ് പ്രണയമെന്നത് ! "

എവിടെവിടൊക്കെയോ തട്ടി മാറ്റൊലി
കൊണ്ട്, "പ്രണയമാക എളുപ്പമല്ലെ"ന്ന് ഞാന്‍ !

കണ്ടു മുട്ടപ്പെടുന്നത് വരെ
നിനക്ക് നിന്‍റെ  വഴിയും
എനിക്കെന്‍റെ വഴിയും
നമ്മുടെ വഴി അനാഥവുമാകുന്നത്
അതുകൊണ്ടാണ് - അത് കൊണ്ട് മാത്രം!

Tuesday, July 7, 2015

രൂപാന്തരണം


എത്രയെത്ര നാളുകള്‍ കൊണ്ടൊരു കൊച്ചു-
 കൂട്ടിലൊളിച്ചിരുന്നെന്നോ ഞാന്‍
പച്ചപാകിയ മെത്തയില്‍ ഞാനെന്‍റെ കൊച്ചു-
പുഴുവുടല്‍ ചുരുട്ടിപ്പുതച്ചുറങ്ങി.

കണ്ടുതീര്‍ക്കേണ്ട സ്വപ്നങ്ങളൊക്കെയും,
കഴിഞ്ഞുപോയതിന്‍ കറുപ്പായിരുന്നു
അറിഞ്ഞിരുന്നില്ലയീ  ചിറകുകള്‍ക്കൊക്കെയും
അതിരുകളില്ലാത്ത   ചന്തമുണ്ടെന്നന്ന്‍,
ഞാനുയിര്‍ ചേര്‍ത്തു ചവച്ചു തുപ്പിയാല്‍,
നിറങ്ങള്‍ മഴവില്‍ നൃത്തമാടുമെന്ന് !

pic courtesy Shamnadh Shajahan 









പനിമഴക്കാലങ്ങള്‍, പ്രണയനോവുകള്‍,
വറുതിയും, വേനലും, പരിഭവക്കുത്തും,
ഉള്ളില്‍ നിന്നൊരു ചോരമണമുള്ള ജീവന്‍,

എല്ലാം മറവിയുടെ പിന്നിലെക്കെറിഞ്ഞ്
ഞാനെന്‍റെ കൊച്ചുപുഴുവുടല്‍ ചുരുട്ടിയുറങ്ങി!

ഇരുളഴിഞ്ഞു , പകലുലഞ്ഞു വന്നൊരു നേരത്ത്
ഇതിലെന്നെ കാണുകെന്നോതിപ്പറക്കയായ്..
പ്രണയമുണ്ടെന്‍റെ ചിറകിന്‍ ചുമപ്പില്‍,
മധുരമുണ്ടെന്‍റെ കണ്ണിന്‍ കറുപ്പില്‍,
മഴനിഴലുണ്ടെന്‍റെ പാതി വിടരുന്ന ചിറകില്‍!
പുഴുവായിരുന്നത് ഞാനായിരുന്നുവെങ്കില്‍
ഈ പൂമ്പാറ്റയെന്നത് ആരായിരിയ്ക്കും???