Showing posts with label nostalgia. Show all posts
Showing posts with label nostalgia. Show all posts

Monday, March 22, 2021

ഒരു ചിരി ജനിച്ച കഥ


ഈ സോഷ്യൽ മീഡിയയിൽ എന്നെ/ എന്റെ ഫോട്ടോ  ഓൺലൈൻ ആയി കാണുന്ന മിക്ക മനുഷ്യരും ഒരു കോമ്പ്ലിമെൻറ് ആയി പറഞ്ഞിട്ടുള്ള കാര്യമാണ് "എന്തൊരു മനോഹരമായ ചിരിയാണ് " എന്ന്.  അതുകേൾക്കുമ്പോഴൊക്കെ വായ പൂട്ടി ചിരിക്കാൻ ശ്രമിച്ചിരുന്ന അഥവാ വായ തുറന്നു പോയാൽ കൈ കൊണ്ട് മറച്ചു ചിരിച്ചിരുന്ന ഒരെന്നെ ഓർമ്മ വരും - സ്‌കൂൾ കാലഘട്ടത്തിലെ എന്നെ! 

പണ്ട് LP  സ്‌കൂളിൽ വെച്ച് പല്ലു കാണിച്ചു ചിരിച്ചപ്പോഴൊക്കെ രണ്ടു തരമായിരുന്നു  പ്രതികരണം. 
ഒന്ന് :  "ഹാവൂ ഭാഗ്യം, അവളുടെ പല്ല് കാണുന്നത്കൊണ്ട് ആളവിടെ ഉണ്ടെന്നു മനസിലാക്കാം." 
രണ്ട് : "ഒരു പല്ലെങ്കിലുമുണ്ടോടീ നിൻ്റെ വായിൽ നേരെ ചൊവ്വേ! "

ഇതിൽ ആദ്യത്തേതിനെ ഞാൻ സ്‌കൂളിലൊക്കെ ചേരുന്നതിനു മുൻപേ അവഗണിച്ചിരുന്നതാണ്. കാരണം ഞാനൊരു "പ്രൗഡ് കറുമ്പി" ആയിരുന്നേ. വീട്ടിൽ അച്ഛൻ കറുത്തിട്ട്, അമ്മ വെളുത്തിട്ട്. ഇരട്ടച്ചേട്ടന്മാർ  വെളുത്തിട്ട് ഞാൻ കറുത്തിട്ട് . അതോണ്ട് തന്നെ എനിക്കതൊരു വളരെ സ്വാഭാവികമായ കാര്യവും അച്ഛൻ "ദി ഗ്രേറ്റസ്റ്റ് ഹീറോ ഓഫ് മൈ ലൈഫ് " മോഡിൽ ആയിരുന്നത് കൊണ്ട് അച്ഛനെപ്പോലെ, അപ്പച്ചിയെപ്പോലെ നിറം എന്നത് എന്നെ സംബന്ധിച്ച് ഒരു അതിഭീകര അഭിമാന സ്റ്റേറ്റ്മെന്റ് ആയിരുന്നു.   അച്ഛനുണ്ടായിരുന്നത് പോലെ  ഒരു ഉണ്ണിക്കുടവയർ കൂടി എനിക്കുണ്ടാകണം എന്ന് ഒന്നാം  ക്ലാസിലൊക്കെ പഠിക്കുമ്പോൾആഗ്രഹിച്ചിരുന്നു എന്ന് പറയുമ്പോൾ  ഊഹിക്കാമല്ലോ ആ ഒരു അഭിമാനത്തിൻ്റെ തലപ്പൊക്കം. 
(വീണ്ടും തഥാസ്തു  - ഇപ്പോ ഉണ്ണിക്കുടവയർ അല്ല  നല്ല 916 കുടവയർ തന്നെയുണ്ട് ! ) 


ഇനി രണ്ടാമത്തേതിലേക്ക് വരാം. വീട്ടിലെ രണ്ടു ഭീകരന്മാർ (എന്നെക്കാൾ അഞ്ചുവയസിനു മൂത്ത ഇരട്ട സഹോദരന്മാർ) എന്നോട് വഴക്കിടുമ്പോൾ അറ്റകൈയ്ക്ക്  സ്ഥിരമായി എന്നെ തോൽപ്പിക്കുന്നത്  ഇങ്ങനെയാണ്. എൻ്റെ മുഖം വർണിക്കുന്നതിലൂടെ   

-> ആനക്കണ്ണ്  (അത്രയേറെ കുഞ്ഞിക്കണ്ണാണ്  എന്നാണ് അല്ലാതെ വലിയ സുന്ദരമായ കണ്ണെന്നല്ല! - ഇപ്പോഴത്തെ എൻ്റെ വിടർന്ന  കണ്ണുരുട്ടൽ കാണുന്ന പലർക്കും അതൊരു അതിശയമായി തോന്നിയേക്കാം, പക്ഷേ  ക്യാമറയ്ക്ക് മുന്നിൽ മാത്രം വിടരുന്ന കണ്ണുകൾ ആണ് എൻ്റെ :) ) 

->ഫുട്ബാൾ മൈതാനം പോലത്തെ നെറ്റി (ആ !! ആരുടെ കാര്യമാണോ എന്തോ !) 

-> പരന്നു തടിച്ച ചന്ത്രക്കാറൻ മൂക്ക്  (അതെന്താണ് ഉദ്ദേശിച്ചത് എന്നൊക്കെ എനിക്ക് പിന്നീട്  വായനയിലൂടെ ആണ് മനസിലായത് ) 

-> ക്രൂർസിങ്ങിന്റെ പുരികം  (അതിലൊരല്പം സത്യമില്ലാതെ ഇല്ല! )

-> അവസാനത്തെ ഐറ്റം ആണ് - ഏണെ കോണേന്ന്  ഇരിക്കുന്ന മുൻവശത്തെ "മൺവെട്ടി മൺകോരി" പല്ലുകൾ. ഞങ്ങളുടെ നാട്ടിലൊക്കെ അന്നുണ്ടായിരുന്ന ഒരു പാർട്ടി ചിഹ്നം ആയിരുന്നു മൺവെട്ടിയും മൺകോരിയും - അത് ഒന്നിന്റെ മുകളിൽ മറ്റേത്  ക്രോസ്സ് ചെയ്തു വെച്ച ചിത്രങ്ങൾ മതിലുകളായ മതിലുകൾ മുഴുവൻ നിറഞ്ഞിരുന്ന കാലം കൂടിയായിരുന്നു അത്. 

കുഞ്ഞൻ മൂക്കിനെ എനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല, പക്ഷേ ബാക്കി എല്ലാത്തിനും ഞാൻ പരിഹാരം കണ്ടുപിടിച്ചു . കണ്മഷിയെഴുതിയ കണ്ണുകൾ ആവശ്യത്തിനും  അനാവശ്യത്തിനും  ഞാൻ  സംസാരിക്കുമ്പോൾവിടർത്താൻ തുടങ്ങി, കുഞ്ഞുപൊട്ടു കൊണ്ട് പുരികത്തിൻ്റെ വലുപ്പം കുറയ്ക്കാൻ ശ്രമിച്ചു, നെറ്റിയിൽ പൊട്ടും കുറിയും കുറിക്കു മുകളിൽ സിന്ദൂരക്കുറിയും ഒക്കെയായി നെറ്റിയങ്ങോട് കവർ ചെയ്തു, പല്ലുകൾ ഒരു കാരണവശാലും ചിരിക്കുമ്പോൾ പുറത്തു കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു!  അങ്ങനെ ഞാൻ എൻ്റെ ദുഷ്ടന്മാരായ ചേട്ടന്മാരെ തോൽപ്പിച്ചു. എനിക്ക് ഇതൊന്നും മൈൻഡ് അല്ല എന്ന് കണ്ടപ്പോൾ അവര് തന്നെ ഞാൻ ഒരു അഞ്ചിൽ ഒക്കെ ആയപ്പോൾ ഈ പരിപാടി  നിർത്തി പോകുകയും ചെയ്തു. അഞ്ചാം ക്‌ളാസിലാണ് ഞാൻ അവരുടെ വലിയ സ്‌കൂളിലെത്തുന്നത്. നാവായിക്കുളം ഗവണ്മെന്റ് ഹൈ സ്‌കൂൾ എന്ന എൻ്റെ  പറുദീസ.   യുവജനോത്സവത്തിൻ്റെ  എല്ലാ പരിപാടികൾക്കും യുറീക്ക പരീക്ഷക്കും സ്കോളര്ഷിപ്പിനും എന്നുവേണ്ട സ്‌കൂളിൽ ഞാനറിയാതെ ഒരില അനങ്ങാൻ സമ്മതിക്കാത്ത കാലത്തിലേക്ക് ഞാനെത്തിപ്പെട്ടു.  

ഏഴാം ക്‌ളാസിലെത്തിയപ്പോഴേക്കും കണ്ണും മൂക്കും ഒന്നും നമുക്ക്  ഒരു വിഷയമേ അല്ലാതെ ആയി. പക്ഷേ ചിരി അത് അപ്പോഴും പ്രശ്നം തന്നെ - ചിരിക്കാതെ ഇരിക്കാൻ അറിയാത്ത കുട്ടിയുമായിരുന്നു അന്നേ ഞാൻ!   കൗമാരകാലത്തിലേക്ക് കടന്നു കാൽ  വെക്കാൻ റെഡി ആയി നിൽക്കുന്ന എല്ലാ പെൺകുട്ടികളേയും  പോലെ അതിങ്ങനെ മനസിൽ കൊളുത്തിക്കിടന്നു, സാരമില്ല ചുണ്ടടച്ചു ചിരിക്കാമല്ലോ. അഥവാ പൊട്ടിചിരിച്ചാലും വായ പൊത്താനല്ലേ നമുക്ക് കൈയ്യുകൾ ഉള്ളത്! 

കാലം വീണ്ടുമോടിഎട്ടാംക്‌ളാസിലെത്തിയ  സമയത്ത് വീട്ടിൽ നിന്നും അടുത്തുള്ള തിയറ്ററിൽ ഒരു സിനിമ കാണാൻ പോകുന്നു. പുതുമുഖങ്ങൾ ആണ് പ്രധാന കഥാപാത്രങ്ങൾ. നാടൻ വേഷത്തിൽ നീളൻ മുടിയൊക്കെ ആയി ഒരു സുന്ദരി സ്ക്രീനിൽ വന്നു നിറഞ്ഞു ചിരിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി - അതാ "മൺവെട്ടി - മൺകോരി " സ്റ്റൈലിലുള്ള മുൻപല്ല്! ആ ചിരി എന്തൊരു രസമുള്ള, ആത്മാവുള്ള ചിരി എന്ന് തോന്നിപ്പോയി. അന്ന് ആ ആളിനെയും സിനിമയേയും  ആ ചിരിയേയും  ഉള്ളിലേറ്റിയാണ് ഞാൻ വീട്ടിലെത്തിയത്.  ഒരു സിനിമയിലെ നായികയ്ക്ക് അങ്ങനെ നിരയല്ലാത്ത പല്ലുകാട്ടി സുന്ദരമായി ചിരിക്കാം എങ്കിൽ എനിക്കെന്തുകൊണ്ട് ആയിക്കൂടാ! ഞാൻ മനസിൽ ചിലതൊക്കെ ഉറപ്പിച്ചു കിടന്നുറങ്ങി. 

പിറ്റേന്ന് സ്‌കൂളിൽ സ്ഥിരം സിനിമാക്കഥ  പറയുന്ന ഉച്ചയൂണ് സമയത്ത്   നൈസായിട്ട് കൂട്ടുകാരെ നോക്കി തുറന്ന് ഒരു ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു  "പിള്ളേരെ  ഈ സിനിമയിലെ നായികയുടെ ചിരി കാണാൻ എന്ത് രസമാണെന്നോ ! നോക്കിക്കോ സൂപ്പർ ഹീറോയിൻ ആകും" , സംഭവമന്ന് ഞാനെൻ്റെ ഗൂഢോദ്ദേശ്യം കാരണം ആണ് പറഞ്ഞതെങ്കിലും അന്നേരം ആരോ തഥാസ്തു പറഞ്ഞിരിക്കണം -   ആ നടി അങ്ങട് പടർന്നു പന്തലിച്ചു.. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ പല കഥാപാത്രങ്ങളിലൂടെ "മഞ്ജു വാരിയർ" എന്ന ആ മിടുക്കി കസേര വലിച്ചിട്ടിരിപ്പുറപ്പിച്ചു! 

സിനിമ വിട്ടിട്ട് എവിടേക്കോ മറഞ്ഞിട്ടും നീണ്ട  14  വർഷങ്ങൾക്ക് ശേഷം  അതേ  ചിരിയോടെ നമ്മുടെ പൂമുഖത്ത് വീണ്ടും മടങ്ങിയെത്തിയ സൂപ്പർ സ്റ്റാർ മഞ്ജുവിനാണ് ഞാനെന്റെ ചിരിയുടെ കടപ്പാട് കൊടുക്കുന്നത്. മഞ്ജു ഇതറിഞ്ഞിട്ടില്ല എങ്കിലും ഞാനെൻ്റെ പല്ലുകാട്ടൽ ചിരികൾക്ക് ഇങ്ങളോട്  ഒരു പെൺജന്മം കടപ്പെട്ടിരിക്കുന്നു മഞ്ജൂ. ആ 1996 മുതൽ എനിക്ക് പല്ലുകൾ കാണിക്കാതെ ചിരിക്കാൻ അറിയില്ല എന്ന അവസ്ഥയിലേക്ക് എൻ്റെ  ചിരി സമ്മർ സോൾട്ടടിച്ചു. വളരെ വളരെ അപൂർവമായി ചിരി ഇല്ലാത്ത ചിത്രം അഥവാ പല്ലു കാണാത്ത ചിത്രം എവിടെയെങ്കിലും പതിഞ്ഞാൽ ഞാൻ തന്നെ അതിനെ അത്ഭുതത്തോടെ നോക്കാൻ തുടങ്ങി! 


ഒന്നാലോചിച്ചു നോക്കിക്കേ സിനിമകളും കഥാപാത്രങ്ങളുമൊക്കെ സാധാരണക്കാരെ  സ്വാധീനിക്കുന്ന ഓരോ തലങ്ങൾ! എത്രയെത്ര ചിരികൾ എനിക്ക് നഷ്ടമായിപ്പോയേനെ.. എത്രയെത്ര സ്നേഹത്തിന്റെ പ്രണയത്തിന്റെ സൗഹൃദത്തിന്റെ വാത്സല്യത്തിന്റെ ചിരികൾ!  
അതോണ്ട് എൻ്റെ  പെണ്ണുങ്ങളേ  നിങ്ങളെല്ലാവരും വായ തുറന്നു, പല്ലു കാണിച്ചു, മനസു നിറഞ്ഞു ചിരിക്കണം - അതെത്ര മനോഹരമാണെന്നോ!! 

ആ പുഞ്ചിരികൾക്കായി ഇന്നത്തെ ദിനം ! 





Saturday, January 9, 2021

രുചിയോർമ്മകൾ 06 - മട്ടൻ കൊളംബ്



രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം -  മട്ടൻ കൊളംബ്  


തമിഴ്‌നാട്ടിലെ സേലത്ത് ആണ് എംടെക്  ചെയ്തത്. അഡ്മിഷൻ ദിവസം ഹോസ്റ്റലിൽ ചെന്നപ്പോഴേ ചെന്നുപെട്ടിരിക്കുന്ന ഇടത്തിന്റെ ഏകദേശ സ്വഭാവം പുടികിട്ടി. ഹോസ്റ്റൽ വാർഡൻ നമ്മ "ബാഹുബലി ശിവകാമി" സ്റ്റൈലിൽ ഒരു അമ്മൂമ്മയാണ് , രാജരാജേശ്വരി എന്നായിരുന്നുവോ പേരെന്ന് ഇപ്പോൾ കൃത്യമായി ഓർമ്മ കിട്ടുന്നില്ല.  നീളൻ കോലൻ മുടി നീട്ടിപ്പിന്നിയിട്ടിരുന്നു, കർക്കശസ്വഭാവമുള്ള കണ്ണുകളും അധികാരത്തിന്റെ ചലനങ്ങളും ആ വൃദ്ധയുടെ മുന്നിൽ നിൽക്കുന്നവരെയെല്ലാം കൊച്ചുകുഞ്ഞുങ്ങളെപ്പോലെ വിറപ്പിച്ചു. ഭക്ഷണകാര്യം പറഞ്ഞപ്പോൾ "ശൈവം മട്ടും താൻ ഇങ്കെ - ആനാൽ വെളിയിലെ പോയി ഏതുവേണാലും ചാപ്പിടലാം" - എന്നുച്ചാ  അവിടെ  സ്ട്രിക്ടലി വെജിറ്റേറിയൻ ഭക്ഷണമാണ് കിട്ടുക എന്ന്, എന്നാലോ നമുക്ക് ഇഷ്ടമുള്ളത് പുറത്തുപോയോ ഹോസ്റ്റലിലേക്ക് വാങ്ങിവന്നോ കഴിക്കാം അതിനൊന്നും നോ പ്രോബ്ലം.  പിന്നെയവിടെയുണ്ടായിരുന്ന ഒന്നരവർഷം നല്ല കട്ടത്തൈരിലും അച്ചാറിലും ആണ് ജീവിച്ചത്. വീട്ടിലൊക്കെ പോയി വരുന്ന "കാശുകാരായി" ഇരിക്കുന്ന ആഴ്ചകളിൽ ചിലപ്പോൾ എല്ലാവരും കൂടെ പുറത്തുപോകും കൊത്തുപൊറോട്ടയും ചിക്കൻ  ലോലിപോപ്പും ഒക്കെ അടിച്ചു ഹാപ്പിയായി തിരികെ വരും. പക്ഷേ അത്തരം ദിവസങ്ങൾ വളരെ അപൂർവമായിരുന്നു. രണ്ടുകൊല്ലം ജോലി ചെയ്ത പൈസേടെ അറ്റോം  മൂലേമൊക്കെ വെച്ചാണല്ലോ നമ്മളീ എംടെക്കിനു പോയത്.  അതുകൊണ്ട് അധികം ചിലവാക്കാനും, അമ്മയോട് ചോദിക്കാനും  വിഷമമാണേ. എങ്കിലും കോളേജ് ലൈഫ് = കോളേജ് ലൈഫ്. അതിനി എങ്ങനെയൊക്കെയായാലും ഒരോളമുണ്ട് - അതിലൊരു സുവർണാവസരം ആയിരുന്നു ഇടയ്ക്ക് എപ്പോഴെങ്കിലും ലോക്കൽ സുഹൃത്തുക്കളുടെ വീട്ടിൽ പോയി ഫുഡടിക്കുക.



                ക്‌ളാസിൽ ലോക്കൽ കുട്ടിയൊരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ - അവളുടെ വീട്ടിൽ ഒരിക്കലോ മറ്റോ പോയിട്ടുണ്ട് .  പക്ഷേ MCA ക്ക്  അവിടെ ഒരു  മലയാളിയുണ്ടായിരുന്നു പ്രദീപ - സേലത്ത് സ്ഥിരതാമസമാക്കിയ ഒരു കുടുംബം. പുള്ളിക്കാരിയുടെ വീട്ടിൽ ഒരിക്കൽ പോയി  അമ്മയുണ്ടാക്കിയ നല്ല ചോറും മോരുകറിയും ഒക്കെ അടിച്ചുപോന്നതും നല്ല ഓർമയാണ്.    പക്ഷേ, മട്ടൻ കുളമ്പിന്റെ രുചി അവിടെ  നിന്നല്ല. കോളേജിൽ ബിടെക്കുകാരെ പഠിപ്പിക്കുകയും MTech   പാർട്ട് ടൈമായി ചെയ്യുകയും ചെയ്യുന്ന ചില അദ്ധ്യാപകരുണ്ടായിരുന്നു. അങ്ങനെ പഠിച്ചിരുന്ന മലയാളികളെ വളരെ ഇഷ്ടമുണ്ടായിരുന്ന, കേരളത്തിൽ എന്തൊക്കെയോ വേരുകളുള്ള  ഒരാളായിരുന്നു  ഡേവിഡ് സർ.  സാറും അമ്മയും മാത്രമാണ് കോളേജിന് അടുത്തുതന്നെയുള്ള ഒരു വീട്ടിൽ താമസിച്ചിരുന്നത്. ഒരിക്കൽ ഞങ്ങൾ കുറച്ചു മലയാളിത്താൻ പിള്ളേരെ സാർ വീട്ടിലേക്ക് ക്ഷണിച്ചു. അഞ്ജന, നിഷ, ഷാന്റി , ബേബി ജോർജ്ജ് എന്നൊരു സീനിയർ ഒക്കെയാണ് പോയത് എന്നാണ് ഓർമ്മ.



               അസാമാന്യ വിവരമുള്ള കക്ഷിയായിരുന്നു ഈ ഡേവിഡ്‌സർ. പുള്ളിയുടെ അമ്മ മകനോട് / മകന്റെ അറിവിനോടൊക്കെ ബഹുമാനമുള്ള ഒരു അമ്മയും. വീട് മുഴുവൻ ബുക്കുകൾ ചിതറിക്കിടന്നിരുന്ന കുറെയേറെ ചെടികൾ ടെറസ്സിലുണ്ടായിരുന്ന ഒരു വീട്.  അന്നവിടെ അമ്മ ഞങ്ങളെ സത്കരിക്കാൻ പച്ചരിച്ചോറും പൊരിയലും സ്‌പെഷ്യൽ മട്ടൻ കീമ കൊളമ്പും ഉണ്ടാക്കിയിരുന്നു.  അതുവരെ കഴിച്ച മട്ടൻ കറികളിൽ നിന്ന് വ്യത്യസ്തമായ ഒരു പ്രീപറേഷനിൽ അമ്മ ഉണ്ടാക്കിയ മട്ടൻ കീമക്കറി എല്ലാവരും നല്ലസ്സലായി തട്ടിവിട്ടു. കുറെനാളായിരുന്നു അവധിക്ക് വീട്ടിലൊക്കെ പോയിട്ട് അതുകൊണ്ടുതന്നെ ആ  " വീട്ടുശാപ്പാട്‌ " സ്വർഗം താണിറങ്ങി വന്നതുപോലെ ആയിരുന്നു ഞങ്ങൾക്ക് ഓരോരുത്തർക്കും.



                   തിരികെ ഹോസ്റ്റലിൽ എത്തിയപ്പോൾ കൂടെ വരാൻ സാധിക്കാതിരുന്ന തമിഴ് റൂം മേറ്സിനൊക്കെ ഞങ്ങളോട് അസൂയ തോന്നിയിട്ടുണ്ടാകണം - അതും നല്ല രുചിയുള്ള മട്ടന്റെ  മണമുള്ള കയ്യുമായിട്ടല്ലേ തിരികെ എത്തിയിരിക്കുന്നെ.  അവളുമാരുടെ ശാപം ഫലിച്ചുന്നു പറഞ്ഞാൽ മതിയല്ലോ - രണ്ടുദിവസമാണ് കിടപ്പിലായിപ്പോയത്!! ഓർമയിൽ എനിക്കും ഷാന്റിക്കുമാണ് ആ മട്ടൻ പ്രശ്നക്കാരനായത്. കഴിച്ചതിന്റെ അവസാന അംശം വരെ   മുന്നിലൂടെയും പിന്നിലൂടെയും പുറത്ത് പോകും വരെ ഞങ്ങൾക്ക് പച്ചവെള്ളം പോലും അകത്തേക്ക് ഇറക്കാൻ പറ്റിയില്ല :(    മൂന്നിന്റെ അന്നാണ് പിന്നെ കോളേജിലേക്ക് പോകാൻ കഴിഞ്ഞത് - അതിൽപിന്നെ മട്ടൻ കീമ കൊളംബിനോട് ഈപ്പച്ചന്‌ ആ നേരത്തെ പറഞ്ഞ സാധനമാ തിരുമേനി - ഇറവറൻസ് ! :/

(ഡേവിഡ് സാർ ഇപ്പോഴും എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്ട്ടാ - വെറുതേ ഈ വരികളൊക്കെ ട്രാൻസ്ലേറ്റ് ചെയ്തുകൊടുക്കണം ലോ എന്നോർത്തുമാത്രം ഞാൻ പുള്ളിയെ ടാഗ് ചെയ്യുന്നില്ല. പക്ഷേ അന്നത്തെ ആ ആഹാരത്തിന് അത്രമേൽ കടപ്പെട്ടിരിക്കുകയും ചെയ്യുന്നു. കൂടെയുണ്ടായിരുന്ന ഷാന്റി ഇന്നീ ലോകത്തിലില്ല ... കോഴ്സ് കഴിഞ്ഞതിനു രണ്ടു മാസം കഴിഞ്ഞപ്പോൾ അച്ഛനോടൊപ്പം സ്‌കൂട്ടറിൽ പോകവേ ഒരു ആക്‌സിഡന്റിൽ ഷാന്റി ഞങ്ങളെയൊക്കെ വിട്ടുപോയി  )


================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 
#100DaysOfTastes #Day06  #Muttonkolambu 


Saturday, February 22, 2020

"യെ ജോ ധോടെ സെ ഹേ പൈസേ ... ഖർജ് തും പർ കരൂം കൈസേ! "

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2002 ൻ്റെ പകുതികളിൽ എപ്പോഴോ

കാസർഗോഡ് LBS എൻജിനീയറിങ് കോളേജിന്റെ വിശാലമായ ലോകത്ത് എത്തിപ്പെട്ടിരുന്നുവെങ്കിലും മെയിൻ ലേഡീസ് ഹോസ്റ്റൽ അപ്പോഴും ഞങ്ങൾക്ക് അന്യമായിരുന്നു. ആദ്യത്തെ കൊല്ലം മുഴുവൻ ബാച്ചും ചെർക്കള കഴിഞ്ഞുള്ള ഒരു സ്ഥലത്തെ ഫ്ളാറ്റുകളിലാണ് ജീവിച്ചത്. സീനിയേഴ്സിന്റെ റാഗിങ്ങ് ഒഴിവാക്കാനുള്ള സുഗതൻ സാറിൻ്റെ അതിഭീകരൻ ബുദ്ധി - എന്തൂട്ട് കാര്യം? സീനിയർ ചേച്ചിമാർ ആരാ മോളുമാർ! അവർ വെയിറ്റ് ചെയ്യും - ആദ്യകൊല്ലം നമ്മളെയൊന്നും അങ്ങൊട് പോയി മുട്ടിയാലും മൈൻഡ് ചെയ്യൂല്ല ... പത്തടി തള്ളി നിന്നേ സംസാരിക്കൂ. അവരെന്നിട്ട് ഇങ്ങനെ കാത്തിരുന്ന് കാത്തിരുന്നു ഒരുകൊല്ലം കഴിയുമ്പോൾ പുതിയ ജൂനിയേർസ് വരും, പഴയ പിള്ളേരെ ആട്ടിന്കുട്ടികളെപ്പോലെ നേരെ മെയ് ഹോസ്റ്റലിൽ കൊണ്ട് ആ സിംഹക്കൂട്ടിലേക്ക് എറിഞ്ഞുകൊടുക്കും. കശ്‌മലകൾ നല്ലതുപോലെ സമയമെടുത്ത് ഞങ്ങളെ നൊട്ടിനുണഞ്ഞ് കഴിക്കും!


ഞങ്ങളുടെ വർഷം മാത്രം ഇതിനൊരു ചെറിയൊരു മാറ്റം വന്നു. IT ഉൾപ്പെടെ പുതിയ കോഴ്‌സുകൾ തുടങ്ങിയ വർഷം ആയിരുന്നത്കൊണ്ട് എല്ലാവർക്കും കോളേജ് ഹോസ്റ്റലിൽ റൂം കിട്ടിയില്ല. സീനിയേഴ്സിന്റെ പിടിയിൽ നിന്ന് രക്ഷപെടാൻ കാത്തുനിന്ന ഞങ്ങൾ കുറച്ചുപേർ കിട്ടിയ തക്കത്തിന് ജൂനിയേഴ്സിന്റെ കൂടെക്കൂടി വീണ്ടും തടിതപ്പി. പൊവ്വലിൽ തന്നെ ഒരു റെയിൽവേ ക്വാർട്ടേഴ്‌സ് പോലെ തോന്നുന്ന 11 ഒറ്റമുറി വീടുകൾ. മുറിയും, ഹാളും,അടുക്കളയും ഒക്കെയുള്ള വീടുകൾ തന്നെ - ഞങ്ങൾക്കത് 5 പേര് താമസിക്കുന്ന വീടുകളായി. ഒന്നാം വർഷം മുതൽ ഒരുമിച്ചുണ്ടായിരുന്നവർ പിന്നീട് പ്രധാന ഹോസ്റ്റലിലേക്ക് മാറിയപ്പോഴും അടുത്തടുത്ത റൂമുകൾ തിരഞ്ഞെടുത്തു. F7, F9 & F10 - അതായിരുന്നു ഞങ്ങൾ ടീം 'അണ്ടാസ് & അള്ളീസി'ൻ്റെ റൂമുകൾ. ഇതെന്തൂട്ട് പേരെന്നൊന്നും ചോദിക്കരുത് - ഇട്ടവൾക്ക് പോലും ഇപ്പോൾ ഓർമയുണ്ടാകില്ല ഇത്രയും മനോഹരമായ പേരെന്തിന് സമ്മാനിച്ചുവെന്ന്! അവിടെ നിന്നിറങ്ങുംവരെ മേട്രന് പോലും അറിയില്ലായിരുന്നു ഞങ്ങൾ 12 പേരിൽ ആരാണ് ഈ പറഞ്ഞ റൂമുകളിൽ എന്ന്. ഞങ്ങളെ എല്ലാവരെയും ചേർത്ത് F7, F9 & F10 എന്ന് പറഞ്ഞു മേട്രൺ സമാധാനിച്ചു.

രണ്ടുകൊല്ലം പിടികൊടുക്കാതെ രക്ഷപ്പെട്ടു നടന്നിട്ട് അവസാനം ഞങ്ങൾ അൻപതോളം പേര് നേരെ ചെന്നു കേറുമ്പോൾ - സീനിയേഴ്സ് എന്ന സുമ്മാവാ?എല്ലാവര്ക്കും മെമ്മോ കിട്ടി, രാത്രി ഏതൊക്കെ റൂമിൽ ആരൊക്കെ ചെല്ലണമെന്ന്. കോഴിയെപ്പിടിത്തം, ബെഞ്ചിലിരിക്കൽ അങ്ങനെ എന്തൊക്കെയോ കലാപരിപാടികൾ അരങ്ങേറി. പിറ്റേ ദിവസം മെസ്സിൽ എത്തിയപ്പോൾ ആണ് ഭീകരികൾ അവിടേയും വല വിരിച്ചിട്ടുണ്ടെന്ന് മനസിലായത്. ഭക്ഷണം വായിൽ വെച്ചാലല്ലേ കഴിക്കേണ്ടൂ ..അതിനുമുന്നേ ചോദ്യം വരും - ഏതേലും അലുക്കുലുത്ത് ചോദ്യങ്ങളാകും മിക്കപ്പോഴും. അങ്ങനെ ഒന്നൊന്നര മണിക്കൂർ കൊണ്ട് ചോർ കഴിച്ചാലും കഴിച്ചില്ലെങ്കിലും സീനിയർ ചേച്ചിമാരുടെ നടുക്കിങ്ങനെ ജാമായി ഇരിക്കുന്ന ഒരു സുഖമറിയാൻ പറ്റി. മെസ്ഹാളിൽ പലയിടങ്ങളിൽ പല രാഗങ്ങളിൽ പാട്ടുകൾ മുഴങ്ങും, കരച്ചിലും കേൾക്കാം കേട്ടോ.

ഞങ്ങളുടെ കൂട്ടത്തിലെ 'കട്ടസൗഹൃദം' മോഡിൽ ഉള്ള ആളാണ് മഞ്ജുഷ. ഇപ്പോഴും സുഹൃത്തുക്കൾ ചങ്കാണ് എന്ന് പറയുന്ന ഒരാൾ. ഒരിക്കലും ഫോൺ വിളിച്ചാൽ കിട്ടാറില്ല എന്നതൊഴിച്ചാൽ വേറെ കുഴപ്പമൊന്നും ഇല്ല. ഇപ്പോഴും അതിനാണ് ആ പുള്ളിക്കാരിക്ക് ചീത്ത കേൾക്കാറുളളത് - വാട്സാപ്പ് വന്നതുകൊണ്ടുള്ള ഗുണം ഫോൺ ചെയ്യൽ ഏതാണ്ട് പൂർണമായും ഒഴിവായി എന്നതാണ്! ആ മഞ്ജു പാടിയാണ് ഞാൻ ആദ്യമായി ഇന്നത്തെ പാട്ടോർമ്മപ്പാട്ട് കേൾക്കുന്നത് - ഇതേ സിനിമയിലെ "ഘർ സെ നികൽതെ ഹി ...." ആയിരുന്നു കൂടുതൽ പോപ്പുലർ ആയ പാട്ട്. പക്ഷേ ആദ്യമായി ഇവളിത് പാടി കേട്ടപ്പോൾ മുതൽ എനിക്കതിനോട് മൊഹബത്ത് തുടങ്ങിയിരുന്നു.

അന്ന് മെസ്സിൽ പോയപ്പോൾ മഞ്ജുവിനെ ഒരു സീനിയർ കൂട്ടം പിടിച്ചു, എന്നെ വേറൊരു കൂട്ടം പിടിച്ചു ..കൂടെയുണ്ടായിരുന്ന മറ്റുളവരേയും ഓരോരോ സംഘം വീതിച്ചെടുത്തു. മെസ്ഹാളിലേക്ക് താമസിച്ചുപോകുക എന്ന ഞങ്ങളുടെ സ്ട്രാറ്റജി മനസിലാക്കിയ സീനിയേഴ്സ് അവിടെ പാത്തിരിക്കുവായിരുന്നെന്നേ! ഞാനിരിക്കുന്നസീറ്റിനു അടുത്ത് തന്നെയാണ് മഞ്ജുവിനെ പിടിച്ച ടീം. അതിലൊരാൾ അവളോട് പാടാൻ പറയുന്നു - അവൾ ഈ പാട്ട്, കഴിഞ്ഞ രണ്ടുകൊല്ലമായി ഞാൻ സ്നേഹിച്ചുകൊണ്ടു നടന്ന ഈ പാട്ട് -ഇതിലും വൃത്തികേടായി ഇനി പാടാൻ കഴിയില്ല എന്നതുപോലെ പാടുന്നു. ബസിലും ട്രെയിനിലുമൊക്കെ കേട്ട് നമുക്ക് സുപരിചിതമായ ഒരു ഈണമില്ലേ? അതേ ഈണത്തിൽ .... ഞെട്ടിയിരിക്കുന്ന എന്നോട് പാടാൻ പറഞ്ഞതും വേറൊന്നും നോക്കാതെ ഞാനും കണ്ണുമടച്ച് മഞ്ജുവിനെ ധ്യാനിച്ച് ഈ പാട്ടങ്ങു പാടി. മെസ്ഹാളിന്റെ പലയിടങ്ങളിൽ നിന്നും ഇതേ പാട്ട് പിച്ചക്കാരുടെ ഈണത്തിൽ മുഴങ്ങിക്കേട്ടതോടെ അന്നത്തെ റാഗിങ്ങ്നു തിരശീല വീണു. പിറ്റേ ദിവസവും അതിനു പിറ്റേ ദിവസവും അതിനും പിറ്റേ ദിവസവും ഒക്കെ ഞങ്ങൾ F7, F9 & F10 റൂമുകാർ ഇതേ പാട്ട് മാത്രം പാടി... വേറൊരു പാട്ടും അറിയില്ലയെന്ന് പറയുന്ന ഞങ്ങളോട് അവരെന്ത് പറയാൻ! അവസാനം നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ ആ പാട്ടിന്റെ കാര്യത്തിൽ തീരുമാനമായി - മേലാൽ ഈ പാട്ട് ഹോസ്റ്റലിന് അകത്തു കേറ്റിപ്പോകരുതെന്നും തമാശയ്ക്ക് പോലും ഈ പാട്ടാരും പാടരുതെന്നും!

അങ്ങനെ ഞങ്ങളുടെ സീനിയർ ചേച്ചിമാരുടെ ക്ഷമ പരീക്ഷിച്ച ആ പാട്ടും മഞ്ജുവും, മറ്റു F7, F9 & F10 ടീമുകളും മെസ്സും ഒക്കെയാണ് ഈ പാട്ടെനിക്ക് -
"യെ ജോ ധോടെ സെ ഹേ പൈസേ ...
ഖർജ് തും പർ കരൂം കൈസേ! "
-----------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Monday, February 17, 2020

"Jab koi baat bigad jaaye....."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം  2001
ചില പാട്ടുകള്‍ ചിലരെ ഓര്‍മ്മപ്പെടുത്തല്‍ ആണ്, ചില കാലത്തെയോര്‍മ്മപ്പെടുത്തലാണ്... ഈ പാട്ട് ആദ്യമായി കേൾക്കുന്നത് അപ്പുറത്തെ വല്യേച്ചിയുടെ വീട്ടില്‍ പഴയൊരു ബ്ലാക്ക്‌&വൈറ്റ് tv യുടെ മുന്നില്‍ വായും പൊളിച്ചിരുന്ന ഏതോ രംഗോലിക്കാലത്താണ്. അന്നീ ഹിന്ദി രാഷ്ട്രഭാഷ ആണെന്ന് അല്ലാതെ സിനിമാപ്പാട്ട് കേട്ട് വരി പഠിക്കാന്‍ തക്ക ബുദ്ധിയൊന്നും നമുക്കുണ്ടായിരുന്നില്ല  അങ്ങനെയങ്ങനെ എത്രയോ രംഗോലി ഓർമ്മകൾ .. പക്ഷേ, ഇതൊരു പ്രിയപ്പെട്ടവളുടെ ഓർമ്മയാകുന്നത് കുറെ വർഷങ്ങൾക്ക് ശേഷമാണ്.
ഈ പാട്ട് കളര്‍ഫുള്‍ ആണെന്ന് മനസിലാകാന്‍ പിന്നെയും കുറെയേറെ നാളുകള്‍ എടുത്തു.. അപ്പോഴേക്കും വീട്ടില്‍ നിന്ന് പറിച്ചു നടപ്പെട്ടു കേരളത്തിന്‍റെ വടക്കേ അറ്റത്ത്, കാസറോട് എത്തിയിരുന്നു പഠിക്കാനെന്ന പേരില്‍ (  ).

അവിടെ ഒരു തിരുവനന്തപുരംകാരി കൊച്ച്, വടക്കേയിന്ത്യയില്‍ നിന്നുള്ള ജീവിതത്തിന്‍റെ ബാക്കിയായിട്ടു നല്ല ഹിന്ദി പാട്ടുകള്‍ പാടുന്നത് കേട്ട് ചെവി കൂർപ്പിച്ചപ്പോള്‍ ദാ വരുന്നൂ വീണ്ടും ആ പഴയ ബ്ലാക്ക്&വൈറ്റ് ഓർമ്മ!  "ജബ് കൊയി ബാത് ബിഗട് ജായേ " - അന്നാണ് വരികള്‍ ശ്രദ്ധിക്കുന്നത് , "കൊള്ലാംലോ വീഡിയോണ്‍ " എന്നാണ് ആദ്യം തോന്നിയത് - എന്താ കാരണം? ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റിയ വരികളാണേയ് ‍  വേഗം അങ്ങട് ഹൃദ്വിസ്ഥമാക്കി -പക്ഷേ അവളെ പോലെ പാടാന്‍ അറിയാത്തത് കൊണ്ട് എങ്ങടും അതെടുത്ത് ഉപയോഗിക്കേണ്ടി വന്നില്ല 
ഹോസ്റ്റല്‍ ജീവിതത്തിലെ പവർക്കട്ടിൻ്റെ അലസ നിമിഷങ്ങളില്‍, കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള 'മലബാര്‍ എക്സ്പ്രസ്സ്‌' യാത്രകളില്‍, സീനിയര്‍ റാഗിങ്ങ് സമയങ്ങളില്‍ ഒക്കെ ഈ പാട്ട് വീണ്ടും വീണ്ടും കേട്ട്, ഇന്ന് വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴിത് കേട്ടാല്‍ ആ എഞ്ചിനീയറിംഗ് ജീവിതവും, ഫെബിന്‍ എന്ന കൂട്ടുകാരിയേയും മാത്രമേ ഓര്‍മ്മ വരാറുള്ളൂ... രണ്ടു പാട്ടുകളാണ് ആശാട്ടിയുടെ മാസ്റ്റർ പീസസ് - 'പെഹ്ലാ നഷാ പെഹ്ലാ ഖുമാ' എന്ന അമീർഖാൻ ഹിറ്റും,  പിന്നെയിതും. "പെഹലാ നഷാ " ഇനി മേലാൽ പാടരുതെന്ന് സീനിയേഴ്സ് ആരോ പറഞ്ഞിട്ടാണ് അവളീ രണ്ടാമത്തെ പാട്ടിൽ പിടിച്ചതെന്നൊരു കിംവദന്തി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. എനിക്ക് ഈ പാട്ട് കേൾക്കുമ്പോഴൊക്കെ നമുക്കെത്ര പ്രിയപ്പെട്ടവർ ആണവരെന്ന് തിരിച്ചറിയാതെ, നമ്മളോട് പറയാതെ ജീവിതത്തിൽ നിന്നേ പോകുന്ന ചിലരെയോർത്തു നെഞ്ചു വിങ്ങും!

വീണ്ടും യാദൃച്ഛികമായി ഈ പാട്ട് കേൾ‍ക്കുമ്പോൾ‍ നീണ്ട ഇടനാഴിയുള്ള ഹോസ്റ്റലിലെ ഒരു മുറിയിലിരുന്നു ഉരുണ്ട കണ്ണുകൾ ഒന്നുകൂടി വിടർത്തി അവളിത് പാടുന്നു....
Jab koi baat bigad jaaye
Jab koi mushkil pad jaaye
Tum dena saath mera o humnava
Naa koi dhaa
Naa koi hei
Zindagi mei..thumhare sivaa
Tum dena saath mera o humnava......

------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 
#Day3

Tuesday, March 19, 2019

ഈ തിരക്കിൽ ഇത്തിരിനേരം

ആരാദ്യം ആരാദ്യമെന്നോടുന്ന തിരക്കുപിടിച്ച ഈ ജീവിതത്തിൽ അറിഞ്ഞുകൊണ്ടൊരു ബ്രേക്ക് എടുക്കുന്നതിനെകുറിച്ചാണ് ഇത്തവണ അമേരിക്കൻ മോം ചിന്തിക്കുന്നത്. 5 വയസുള്ള കുട്ടിക്ക്  മുതൽ സ്‌കൂളും സ്‌പെഷ്യൽ ക്‌ളാസും റ്റ്യുഷന് മേൽ റ്റ്യുഷനുമായി ജീവിക്കുന്ന ചില ജീവിതങ്ങൾ ഇടയ്ക്ക് കാണാറുണ്ട് - കൂടുതലും നാട്ടിൽനിന്നുള്ള വിശേഷങ്ങളിൽ.. ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമൊന്നുമല്ല. പക്ഷേ, കണ്ടിട്ടുള്ള ഒരു വലിയ വ്യത്യാസം കളികൾക്കും പഠനേതരവിഷയങ്ങൾക്കും പഠനത്തോടൊപ്പം ഇവർ നൽകുന്ന പ്രാധാന്യമാണ്. ഒരുപക്ഷേ ഉന്നതവിദ്യാഭ്യാസത്തിനെ ബാധിക്കില്ലായിരുന്നു എങ്കിൽ ചില ഇന്ത്യൻ രക്ഷിതാക്കളെങ്കിലും മടിച്ചേനെ കുട്ടികളെ പന്തുകളിക്കാനും ബാറ്റ്മിന്റൺ പരിശീലനത്തിനും പിയാനോ ക്ലാസിനും ഇങ്ങനെ നെട്ടോട്ടമോടി  കൊണ്ടുപോകാൻ. രണ്ടുപേരും ജോലിക്ക് പോകുന്ന മിക്ക വീടുകളിലും  ഒന്നിൽക്കൂടുതൽ കുട്ടികളുണ്ടെങ്കിൽ അച്ഛനൊരിടത്തേക്കും 'അമ്മ മറ്റൊരിടത്തേക്കും കുഞ്ഞുങ്ങളെയും കൊണ്ട് ഓടുന്ന കാഴ്ച ഇവിടെയും അപരിചിതമൊന്നുമല്ല. എങ്കിലും നേരത്തെ പറഞ്ഞതുപോലെ അത് പഠനേതരവിഷയത്തിനാണല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ ആ തിരക്കുകൾ നല്ലതാണെന്നും തോന്നും.

നാട്ടിൽനിന്നിത്രയും ദൂരെ താമസിക്കുന്നതുകൊണ്ടുതന്നെ സുഹൃത്തുക്കൾ ജീവിതത്തിന്റെ വളരെ വലിയൊരു ഘടകമാണ്. അങ്ങനെയിങ്ങനെയൊക്കെ  എവിടെയെങ്കിലും സൗഹൃദസദസുകളിലെ  കൂടിച്ചേരലും വീടൊതുക്കലും അലക്കലും തുടക്കലും ഒക്കെയായി ശനിയും ഞായറും പോകുന്നത് തന്നെയറിയുന്നില്ല, മൊത്തത്തിൽ ഒന്നുഷാറാക്കി എടുക്കണമല്ലോ  എന്ന് തോന്നിയപ്പോഴാണ് ഷെഡ്യുളിൽ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് വിചാരിച്ചത്. എവിടേക്കെങ്കിലും ദൂരയാത്രയ്ക്ക് പോകാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല - വരുമ്പോഴേക്കും വീണ്ടും ക്ഷീണിക്കുമല്ലോ (അല്ലാതെ മടി കാരണമല്ലേ എന്നുള്ള ചോദ്യം ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു).  അപ്പോഴാണ് കുറേനാളായി മോനെ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്ന ഒരിടത്തെക്കുറിച്ച് ഓർത്തത്. വീടിനു വളരെ അടുത്തുതന്നെയുള്ള ഒരു 'ആര്ട്ട് സെന്റർ' ആണ് - കലാകേന്ദ്രം എന്നൊക്കെ പറഞ്ഞാൽ അർഥം മാറിപ്പോകുമോ എന്ന് നല്ല സംശയം ഉള്ളതുകൊണ്ടാണ് ആര്ട്ട് സെന്റര് എന്നുതന്നെ പ്രയോഗിച്ചത്. ഒരു വലിയ ആഡിറ്റോറിയവും, പലപല തരത്തിലുള്ള ശില്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന പവിലിയനും ചേർന്ന ഒരിടമാണ് ഈ ആര്ട്ട് സെന്റർ.  അവിടെ കുട്ടികൾക്കായി വിവിധ തരത്തിലുള്ള ക്‌ളാസുകളും നടക്കാറുണ്ട് - പാട്ട്, വയലിൻ, ചിത്രം വര, ശില്പനിർമാണം , ബാലെ അങ്ങനങ്ങനെ. അങ്ങനെയുള്ളൊരു ഇടം - അവിടെ എല്ലാ മൂന്നാം ശനിയാഴ്ചയും ഫാമിലി ആര്ട്ട് വർക്ക്ഷോപ്പുകൾ നടക്കും, തികച്ചും സൗജന്യമാണേ - സ്ഥലപരിമിതി കാരണം  മുൻകൂട്ടി പറഞ്ഞിട്ട് ചെല്ലണമെന്ന് മാത്രം. 

അങ്ങനെ വേഗം തന്നെ വരുന്ന ശനിയാഴ്ചക്ക് വേണ്ടി അവിടെ വർക്ക്ഷോപ്പിനു രജിസ്ടർ ചെയ്തു. കുഞ്ഞുങ്ങളേം കുഞ്ഞുങ്ങളുടെ അച്ഛനേം ഒക്കെ കൂട്ടി അവിടെച്ചെന്നിറങ്ങിയപ്പോൾ ആ ചെറിയ റൂമിലെ ഏതാണ്ടെല്ലാ മേശയ്ക്കു ചുറ്റും  കുട്ടികളുണ്ട് - പക്ഷേ, ഇഷ്ടമായത് മിക്ക കുട്ടികൾക്കൊപ്പവും അവരുടെ മാതാപിതാക്കളുടെ കൂടെയോ  അല്ലാതെയോ മുത്തശ്ശിമാരോ മുത്തശ്ശന്മാരോ ഉണ്ട്. അതായത് ഈ സമയം ഒരു പേരക്കുട്ടി- അപ്പൂപ്പനമ്മൂമ്മ ബോണ്ടിങ് ടൈം ആണ് അവർക്ക്. എത്ര രസമുള്ള ചിന്ത അല്ലേ?  ഇവിടെ മിക്കയിടങ്ങളിലും അണുകുടുംബങ്ങൾ തന്നെയാണ് - അച്ഛനും അമ്മയും ചെറിയ മക്കളും മാത്രം. വയസായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒന്നുകിൽ അസിസ്റ്റെഡ് ലിവിങ്  പോലെയുള്ള സ്ഥലങ്ങളിലോ അധികം പരിപാലനാമാവശ്യമില്ലാത്ത ചെറിയ അപ്പാർട്മെന്റുകളിലോ ആയിരിക്കും താമസം. കോളേജിൽ പോകാൻ പ്രായമായ മക്കളും മാറിത്താമസിക്കും കേട്ടോ.  ഇവിടെയുള്ളവരെ  സംബന്ധിച്ച് സ്വതന്ത്രരാവുക, സ്വന്തം കാലിൽ നിൽക്കുക എന്നതൊക്കെ ലിസ്റ്റിൽ പ്രഥമസ്ഥാനമുള്ള കാര്യങ്ങളാണ്. ജനിച്ചുവീഴുന്ന കുഞ്ഞിനെ ഉൾപ്പെടെ അവകാശങ്ങളുള്ള വ്യക്തിയായി കാണുന്ന മനോഭാവം നമുക് മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ ആ സ്വാതന്ത്ര്യത്തിലേക്ക് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമില്ലാത്ത കെട്ടുപാടുകൾ മനസ്സിലാകണം  എന്നുമില്ല. 

ഒരു കുഞ്ഞുമേശ ഞങ്ങൾക്കും കിട്ടി. ഹാലോവീൻ കഴിഞ്ഞുവന്ന ദിവസങ്ങൾ ആയതുകൊണ്ട് എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മിട്ടായിക്കൂട്ടം മാത്രം എന്നതുപോലെയാണ് കാര്യങ്ങൾ. ഇവിടെയും വർക്ക്ഷോപ് ക്‌ളാസ് നടത്തുന്ന മിസ്.നിക്കോൾ അതുകൊണ്ടുതന്നെ മിഠായികൾ കൊണ്ടാണ് ഇന്നത്തെ ആർട്ട് ചെയ്യാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ അതിശയം ഒന്നും തോന്നിയില്ല മാത്രവുമല്ല വീട്ടിലുള്ള കുറേയെണ്ണം ഒഴിവാക്കാനുള്ള ക്രീയേറ്റിവ്‌ ഐഡിയ തന്നതിന് നിക്കോളിനൊരു മിട്ടായി അങ്ങോട് കൊടുത്താലോ എന്നും തോന്നി. കയ്യിലൊട്ടുന്ന ടൈപ്പ് ഒരു മിട്ടായി - പല നിറങ്ങളിലുള്ളവ ചേർത്തുചേർത്തു കൂട്ടിക്കുഴച്ചു കളർഫുൾ കളിമണ്ണുപോലെയാക്കി അതുംകൊണ്ട് പല പല രൂപങ്ങൾ ഉണ്ടാക്കലായിരുന്നു ആദ്യപണി. ചെറുതിനു വലിയ ഉത്സാഹം ഒന്നും തോന്നിയില്ലെങ്കിലും മൂത്തവൻ നല്ലോണം കുഴച്ചുകുഴച്ചെന്തൊക്കെയോ ഉണ്ടാക്കി.  എല്ലാ മേശകൾക്ക് ചുറ്റിലും അമ്മൂമ്മമാർ അപ്പൂപ്പന്മാർ കുഞ്ഞുകൈകളിൽ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുംപോലെ മിഠായി കുഴക്കുകയാണ്. കുഴച്ചുണ്ടാക്കിയ മനുഷ്യരൂപവും, സ്നോമാനും, ആമയും ഒക്കെ ചന്തം നോക്കി കുഞ്ഞുകുട്ടികൾക്കൊപ്പം അവരും കുട്ടികളായി മാറുന്നു. പിന്നെ കുറേ പല നിറങ്ങളിലെ മിഠായികൾ ഓരോ ഗ്ലാസ് വെള്ളത്തിൽ അലിയിച്ചു ചായക്കൂട്ടുകൾ ഉണ്ടാക്കി. ആ ചായം വെച്ച് കളർ ചെയ്യാൻ തുടങ്ങി ചിലർ മറ്റുചിലർ നീണ്ടുനീണ്ടു റബർബാൻഡ്‌ പോലിരിക്കുന്ന ഒരു മിട്ടായിയുടെ ഇഴ പിരിച്ച് അത് മറ്റു ചായങ്ങളിൽ മുക്കി പല രൂപങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. 








ഞങ്ങൾ ഇതൊക്കെ കണ്ടുകൊണ്ട് അവിടെ അങ്ങനെ വിശ്രമിക്കുമ്പോളാണ്  നാല് പേരക്കുട്ടികളേയും കൊണ്ടുവന്ന ഒരു മുത്തശ്ശി ഞങ്ങൾക്ക് ഇതുപോലെയുള്ള വേറെയിടങ്ങളെക്കുറിച്ച് ഉള്ള വിവരം തരുന്നത്.  അതിലൊരെണ്ണം ആ പവിലിയന് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു കടയിലാണ്. ശില്പമുണ്ടാക്കലും ചിത്രം വരയുടെ വഴികളും കഴിഞ്ഞപ്പോൾ ചെറുതായി ബോറടിച്ചുതുടങ്ങിയ കുട്ടീസുകളെയും പൊക്കി ഞങ്ങൾ അടുത്തിടത്തേക്ക്  നീങ്ങി. ജോ-ആൻ എന്നറിയപ്പെടുന്ന ഒരു ക്രാഫ്റ്റ്-ഫാബ്രിക്  കടയാണ് ലക്‌ഷ്യം. പല തരത്തിലുള്ള തുണിത്തരങ്ങൾ, പല തരത്തിലുള്ള ക്രാഫ്റ്റ് സാധനങ്ങൾ, വീടലങ്കാരപ്പണികൾക്കും വസ്ത്രാലങ്കാരപ്പണികൾക്കും ഒക്കെയുള്ള സാധനങ്ങൾ കിട്ടുന്നയിടമാണ് ജോ -ആൻ. അമ്മാതിരി താല്പര്യമുള്ള ആളുകളുടെ പറുദീസയാണ് ഇവിടം. ക്രിസ്തുമസിന് മുന്നോടിയായി പലപ്പോഴും കുട്ടികൾക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യമാണ് ജിഞ്ചർ-ബ്രെഡ് വീടുണ്ടാക്കുക എന്നത്. വലിയ ബിസ്കറ്റുപലകകൾ കൂട്ടിച്ചേർത്തു വീടാക്കുക, എന്നിട്ടു വെള്ളഫോണ്ടന്റുപയോഗിച്ചു മേൽക്കൂരയിൽ മഞ്ഞുണ്ടാക്കുക, പല തരത്തിലുള്ള മിഠായികൾ ഉപയോഗിച്ച് മേൽക്കൂരയൊക്കെ വിളക്കുകൾ പോലെ അലങ്കരിക്കുക, ക്രിസ്തുമസ് മരങ്ങളും സ്നോ മാനുമൊക്കെ അവനവന്റെ സർഗ്ഗശക്തി പോലെയും മനോധർമ്മം പോലെയും ഉണ്ടാക്കി രസിക്കുക. സാധാരണ എല്ലാത്തവണയും  വീട്ടിൽ ഇതിന്റെ ഒരു പാക്കറ്റ് വാങ്ങി ഒരു ദിവസത്തെ മുഴുവൻ പ്രോജക്ട് ആക്കുകയാണ് പതിവ്, അതും പലപ്പോഴും അത്ര സുഖകരമല്ലാത്ത എൻഡ് പ്രൊഡക്ടുമായിരിക്കും. പക്ഷേ, ഇവിടെ കടയിൽ ചെന്നതുകൊണ്ട് രണ്ടു ഗുണമുണ്ടായി; ഒന്ന് അവിടെ ഉണ്ടായിരുന്ന രണ്ട് അമ്മൂമ്മമാരും കൂടി എങ്ങനെയാണു ഈ വീട് ശരിക്കും ഒട്ടിച്ചുണ്ടാക്കുന്നത് എന്ന് പറഞ്ഞുതന്നു. രണ്ട്, അവിടെ അന്നെത്തിയ എല്ലാ കുട്ടികൾക്കും അവരോരോ ജിഞ്ചർ ബ്രീഡ് വീടിന്റെ കിറ്റ് കൊടുത്തിട്ട് അവിടെത്തന്നെയിരുത്തി ചെയ്യിക്കാൻ തുടങ്ങി. രണ്ടു കുട്യോളും പിന്നെ കുട്ടികളുടെ മനസുളള ഒരമ്മയും കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ ഇഞ്ചിവീട്ടിലേക്ക് പാഞ്ഞുകയറി മേൽക്കൂര മുഴുവൻ മഞ്ഞുകോരിയൊഴിച്ചും പലവർണവിളക്കുകൾ ഒട്ടിച്ചും അലങ്കരിക്കാൻ തുടങ്ങി. ഇടയ്ക്കിടെ മിട്ടായി തിന്നൽ മാത്രമാണ് എന്റെ ഐറ്റം എന്ന മോഡിലേക്ക് മാറിയ കുഞ്ഞനെ അച്ഛൻ നോക്കിയത് കൊണ്ട് ഞങ്ങൾക്ക് വീടിന്റെ കുറേഭാഗത്തെങ്കിലും ഒട്ടിക്കാൻ വിളക്കുകൾ തികഞ്ഞു.

അങ്കം തുടങ്ങുന്നു!




സോറി! 'അമ്മ തിരക്കിലാണ് ;)  മിട്ടായി തിന്നുന്ന കുഞ്ഞനും

പിന്നീന്ന് പിച്ച് കിട്ടീട്ടാണോ മൂത്തോൻ കരയുന്നതെന്ന് ദൈവത്തിനറിയാം! 



ഉച്ച കഴിഞ്ഞു  പലനിറച്ചിത്രങ്ങളും, മധുരമുള്ള കളിമണ്ണും, പിന്നെ അലങ്കരിച്ചുഷാറാക്കിയ ഒരു ജിഞ്ചർ ബ്രെഡ് വീടുമായി വീട്ടിലേക്ക് വന്നുകേറുമ്പോൾ മനസ് നല്ലതുപോലെ ഒന്ന് റീഫ്രഷ്ഡ്  ആയിരുന്നു.  A day well spent!  തിരക്കുകളെക്കുറിച്ച് ഓർക്കാതെ, പ്രത്യേകിച്ച് ഒരു മത്സരവുമില്ലാതെ ആ നിമിഷം മാത്രം ആസ്വദിക്കുക എന്നത് നിങ്ങൾ ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ ഇടക്കെപ്പോഴെങ്കിലും ഒന്ന് പോസ്ബട്ടൺ അമർത്തുക, എന്നിട്ടു കുട്ടികൾക്കൊപ്പം പ്രത്യേകിച്ച് ഒരു അജണ്ടയുമില്ലാതെ, സമയത്തിന്റെ ഓർമപ്പെടുത്തലുകളില്ലാതെ അവർക്കൊപ്പം ചിലവഴിക്കുക. വീണ്ടും വന്നു പ്ലേ ബട്ടൺ അമർത്തുമ്പോൾ കേൾക്കുന്നത് അതുവരെ കേൾക്കാത്ത മധുരസംഗീതമായിരിക്കും ഉറപ്പ്! 

ഞങ്ങളുടെ സ്വന്തം ജിഞ്ചർ ബ്രെഡ് ഹൌസ് 





Monday, March 28, 2016

ഓര്‍മ്മകളില്‍ - മൂന്നക്ഷരം ; ഓ.എന്‍.വി !

മലയാളം മറക്കാത്ത , മലയാളിക്ക് മറക്കാനാകാത്ത മൂന്നക്ഷരങ്ങള്‍ - ഒഎന്‍വി ... !

ഓ! ഫെബ്രുവരി,  നീ ഞങ്ങളില്‍ നിന്ന്  തട്ടിയെടുത്തത് ഒരു കാലത്തിന്‍റെ ഓര്‍മ്മയാണ്.., നഷ്ടപ്രണയത്തിന്‍റെ മധുരശബ്ദമാണ്.., മണ്ണിനോടും പുഴയോടുമുള്ള  ഞങ്ങളുടെ സ്നേഹത്തിന്‍റെ, ആഴത്തിന്‍റെ വാക്കാണ്‌ ....  'ഒഎന്‍വി'എന്ന മൂന്നക്ഷരങ്ങൾ   ഇതൊക്കെയാണ് ഞങ്ങള്‍ക്ക്.. ഓര്‍മ്മകളില്‍ എന്നും കൂടെയുണ്ടാകും എന്നുറപ്പുള്ള ആ ചില വരികളിലൂടെ തെന്നിയും തെറിച്ചും ഒരു യാത്ര - അതാണീ കുറിപ്പ് , എന്‍റെ യാത്രാമംഗളങ്ങൾ!

ഓര്‍മ്മകള്‍ക്ക് എന്തു മധുരമാണെന്ന് പഠിപ്പിച്ചത് തന്നെയീ വരികളാണ് -

"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്താന്‍ മോഹം .. "

സ്കൂളില്‍ ഈണത്തില്‍ ചൊല്ലി പഠിച്ച  ഈ കവിത,അതിനും മുന്നേ കേട്ട് രസിച്ചത് ആകാശവാണിയില്‍  ചലച്ചിത്രഗാനങ്ങളില്‍ ! എല്ലാ സ്ക്കൂളിലും ഒരു നെല്ലിമരം ഉണ്ടെന്നു അങ്ങെങ്ങനെ കണ്ടെത്തിയെന്നു കുറേയേറെ നാള്‍ അതിശയിച്ചിട്ടുണ്ട്.

പലപ്പോഴും കുയിലിനു എതിര്‍കൂവല്‍ കൂവി തോല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, പിണങ്ങി പറന്നു പോകുന്ന കിളിയോട് ഉച്ചത്തില്‍ 'അരുതേ' എന്ന് വിളിച്ചു പറഞ്ഞതിന് , "ചെവിയില്‍ വന്നു ഒച്ചയിടുന്നോ" എന്ന ചോദ്യത്തോടെ അമ്മയുടെ കയ്യില്‍ നിന്ന് നല്ല അടിയും കിട്ടിയിട്ടുണ്ട് !

കൗമാര കുതൂഹലങ്ങളിലൂടെ മുന്നോട്ട് നീങ്ങിയ പാവാടപ്രായം ആദ്യമായി കയ്യില്‍ കിട്ടിയ പ്രണയലേഖനത്തിലെ

"അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
എന്ന് ഞാന്‍,ഒരുമാത്ര വെറുതെ നിനച്ചു പോയി  .."
എന്ന ആദ്യവരിയില്‍ മൂക്കും കുത്തി വീണു. അത്രയും മനോഹരമായി മറ്റൊരു വരിയ്ക്കും പ്രണയത്തിന്‍റെ /വിരഹത്തിന്റെ തീക്ഷ്ണത പറയാന്‍ പറ്റുമെന്ന് ഇപ്പോഴും തോന്നുന്നില്ല.

"ഇനിയും മരിക്കാത്ത  ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി " എന്നു വായിച്ചപ്പോളാണ് ആദ്യമായി  ഭൂമിയ്ക്ക് മരണമെന്നൊരു  ചിന്ത തന്നെ ആദ്യമായി മനസിലേക്ക്  എത്തിയത് ..പേടിച്ചു, വിഷമിച്ചു, പിന്നെ മറന്നു ! ഇപ്പോഴും പരിസ്ഥിതി പ്രശ്നങ്ങള്‍ കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ ഓടിയെത്തുക ഈ വരികളാണ് - എനിക്ക് മാത്രമല്ല, പലര്‍ക്കും..പക്ഷേ, പ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രം ചിന്തിക്കുന്നത് കൊണ്ട് തന്നെ ആ ചിന്ത വെറും പുകയായി മറഞ്ഞു പോകുകയും ചെയ്യുന്നു.... !

എല്ലാര്ക്കും അറിയുന്ന വരികള്‍ അല്ലാതെ, പ്രിയകവിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒക്കെ ഓര്‍മ്മ വരുന്ന നാലു വരികളുണ്ട് - പത്താം ക്ലാസിലെ ആട്ടോഗ്രാഫില്‍  ഒരു വിരുതന്‍ കോറിയിട്ടത്,

"ചിറകുകളില്‍ സംഗീതമുള്ള കളഹംസമേ,
അരിയ നിന്‍ ചിറകിന്‍ തൂവലിന്‍
തുമ്പിലൊരു മാത്രയെങ്കില്‍ ഒരു മാത്ര
എന്‍ വാഴ്‍വിന്‍ മധുരമാം സത്യം ജ്വലിപ്പൂ"

കവിയുടെ ഭാവനയില്‍ ഭൂമിയും ജീവജാലങ്ങളും ആവാസവ്യവസ്ഥയും  ഒക്കെ ആയിരുന്നു എങ്കിലും , ആ അവസാന വാക്ക് 'ജ്വലിക്കുമോ' എന്ന് തിരുത്തി എഴുതി ഒരു മനോഹര പ്രണയചോദ്യമാക്കാന്‍ ആ വിരുതനു കഴിഞ്ഞു - ഇന്നും ഓര്‍മയില്‍ ആ വരികളും, പേരെഴുതാത്ത കൂട്ടുകാരനും നല്‍ച്ചിരി!

യുവജനോത്സവ വേദികളിള്‍ക്ക്  വേണ്ടി ഉറക്കെച്ചൊല്ലി പഠിച്ച  'കുഞ്ഞേടത്തിയും', 'ഒന്‍പത് പേരവര്‍ കല്‍പ്പണിക്കാര്‍ ഒരമ്മ പെറ്റവരായിരുന്നുവും' , 'പേരറിയാത്തൊരു പെണ്‍കിടാവേ' യുമൊക്കെ ഇന്നും ആ പഴയ നാട്ടിന്‍പുറത്തുകാരിയുടെ ഗൃഹാതുരതയാണ്.. മലയാളത്തിന്‍റെ മറ്റൊരു  ലോകത്തിരുന്നു കൊണ്ട് കയ്യില്‍ തൂങ്ങി കുഞ്ഞുമോന്‍ കൊഞ്ചലോടെ ചൊല്ലുന്നു ,

"കുഞ്ഞേടുത്തിയെ തന്നെയല്ലോ
ഉണ്ണിക്കെന്നെന്നും  ഏറെയിഷ്ടം
എന്തിനീ പൂക്കള്‍ വിരിയുന്നു
ഉണ്ണിയെ കാട്ടിക്കൊതിപ്പിക്കാന്‍...  " ആ വ്യക്തമല്ലാത്ത ചൊല്ലല്‍  എന്നെയും  ഓരോര്മ്മപ്പുറത്തേയ്ക്ക്  കൊണ്ടുപോകുന്നു.

മഞ്ഞള്പ്രസാദം  നെറ്റിയില്‍ ചാര്‍ത്തുന്ന  പെണ് കിടാവായും, ഒരു നറുപുഷ്പമായ്  നീളുന്ന മിഴിമുനയായും, ഒടുവില്‍ ശുഭരാത്രി നേര്‍ന്നു പോകുന്ന പ്രിയപ്പെട്ടവള്‍ ആയുമൊക്കെ ആ വരികള്‍ നമുക്ക് മേല്‍ പെയ്തു കൊണ്ടേയിരുന്നു, ഓരോ തവണ ഈ വരികള്‍ കേള്‍ക്കുമ്പോഴും ഒരു ശരാശരി മലയാളിയുടെ മനസ് ആര്‍ദ്രവും കാല്‍പ്പനികവും പ്രണയാതുരവുമായി. അതുകൊണ്ട് തന്നെയാകണം പല കവികള്‍ക്കും അവകാശപ്പെടാനാകാത്തത്ര മേല്‍  ആ മൂന്നക്ഷരങ്ങൾ നമുക്കൊക്കെ പ്രിയങ്കരമാകുന്നത്.

പ്രിയ കവീ..., അങ്ങയ്ക്ക്  മരണമില്ല -മലയാളി മരിയ്ക്കാത്തിടത്തോളം, മലയാളം മണ്ണടിയാത്തിടത്തോളം. ഓര്‍മ്മകളില്‍ പിന്നെയും പിന്നെയും കടന്നു വരുന്ന വരികളില്‍ പലതിലും അങ്ങയുടെ സൗമ്യമായ ചിരി തിളങ്ങുന്നു.. ഓര്‍മ്മകള്‍ക്ക്  പഞ്ഞമില്ലെന്നു  ഓരോ വരിയും തൊട്ടു ചിരിക്കുന്നു,
                                                            (വര  റിയാസ്.ടി.അലി )


അങ്ങയുടെ രണ്ടു കവിതകളിലെ ഏറെ ഇഷ്ടമായ ഈ വരികളോടെ എന്‍റെ സ്നേഹക്കുറിപ്പ് ഞാനിവിടെ നിര്ത്തുന്നു,

"നന്ദി, നീ തന്നൊരു ഇളംനീല രാവുകള്‍ക്ക്,‌
എന്നെ കുളിരണിയിച്ച നിലാവുകള്‍ക്ക്,
എന്നെ ചിരിപ്പിച്ച നക്ഷത്രമുല്ലകള്‍ക്ക്,‍
എനിക്ക് കനിഞ്ഞു നീ തന്നതിനെല്ലാം
പ്രിയപ്പെട്ട ജീവിതമേ, നന്ദി..നന്ദി..! "

"നിഴലായ് നിദ്രയായ് പിന്തുടര്‍ന്നെത്തുന്ന
മരണമേ, നീ മാറി നില്‍ക്കൂ
അതിനു മുന്‍പതിനു മുന്‍പ്
ഒന്ന് ഞാന്‍ പാടട്ടേ, അതിലെന്‍റെ ജീവനുരുകട്ടേ
അതിലെന്‍റെ മണ്ണ് കുതിരട്ടേ, പിളര്‍ക്കട്ടേ  
അതിനടിയില്‍ ഞാന്‍ വീണുറങ്ങട്ടേ! "

ജീവിതത്തിനെ അത്രമേല്‍ ഇഷ്ടപ്പെടാന്‍  പഠിപ്പിച്ച  മഹാകവേ, അങ്ങയ്ക്ക് സ്നേഹപൂര്‍വ്വം വിട..മറക്കില്ല മലയാളം മരിയ്ക്കും വരെ!

(ഇ-മഷി 2016,  മാര്‍ച്ച്‌  ലക്കത്തില്‍ പ്രസിദ്ധീകരിച്ച  ഓര്‍മ്മക്കുറിപ്പ് ) 

Monday, June 1, 2015

ഓര്‍മ്മമഴ നനച്ചൊരു ദിനം

എത്ര ചീത്ത കേട്ടിട്ടും , കുളിരുന്ന രാവായിട്ടും എനിക്കന്നുറക്കം വന്നതേയില്ല ..എന്താന്നാ? നാളെ  ജൂണ്‍  ഒന്നാം തീയതിയാ - നാളെ രാവിലെ നേരം വെളുത്താലേ ഞാനും ഉസ്കൂളില്‍ പോകും, ഞങ്ങളുടെയൊക്കെ സ്വപ്നമായ മേലേസ്കൂളില്‍ 
smile emoticon കുറേനാളായി ഈ ചേട്ടായിമാര്‍ രണ്ടാളും കൂടി എന്നെ കൊതിപ്പിക്കുന്നു സ്കൂളിലെ വിശേഷങ്ങള്‍ പറഞ്ഞിട്ട്-ഇനി മുതല്‍ എനിക്കും പറയാംലോ അമ്മാതിരി പൊങ്ങച്ചോക്കെ ... ഞാനെത്തും മുന്‍പേ ചേട്ടായിമാര്‍ പ്രൊമോഷന്‍ കിട്ടി UP സ്കൂളിലേയ്ക്ക് പോയെങ്കിലും എപ്പോ വേണെങ്കിലും അവര്‍ക്കിവിടെ വരാം, എന്ത് രസാ - വലിയ കുട്ടികളായി വരാന്‍! അംഗനവാടിയില്‍ സുജാത ടീച്ചറും പറഞ്ഞു -മോള്‍ക്ക് നാളെ സ്കൂളിപ്പോകാംന്നു.. ടീച്ചറെ കാണാന്‍ പറ്റില്ലാല്ലോന്നോര്‍ക്കുമ്പോ ഒരു സങ്കടോക്കെ ണ്ട്ട്ടാ ..., അത് മാത്രമല്ല വേറൊരു സങ്കടോംണ്ട് ,ഇനിയിപ്പോ അംഗനവാടീലെ മഞ്ഞയുപ്പുമാവ് തിന്നാന്‍ പറ്റില്ല... frown emoticon സ്കൂളില്‍ കഞ്ഞിയെ ഉള്ളൂത്രേ , പക്ഷേ അത് കിട്ടണമെങ്കില്‍ മൂന്നാം ക്ലാസ്സിലാകണം -അതറീല്ലേ, ഒന്നാം ക്ലാസ്സുകാര്‍ക്ക് ഉച്ചവരെയേ ക്ലാസുള്ളൂ, രണ്ടാം ക്ലാസ്സുകാര്‍ക്ക് ഉച്ച മുതലേ ക്ലാസ്സ്‌ തുടങ്ങൂ..അപ്പോള്‍ പിന്നെ കഞ്ഞീം പയറും തരില്ലാത്രേ -അതെനിക്ക് അത്ര ഇഷ്ടയിട്ടൊന്നൂല്ല ,എന്നാലും സ്കൂളിപ്പോകാംല്ലോ ,പോകണംലോ അതോണ്ട് ഞാനെന്‍റെ മഞ്ഞ ഉപ്പുമാവിനെ മറക്കുവാ....

സ്കൂളിലേയ്ക്ക് പോകാനിറങ്ങിയപ്പോള്‍ തോരാമഴ... കോരിച്ചൊരിയുന്ന മഴയത്തൊരു സെന്റ്‌ ജോര്‍ജ്ജ് കുട ഒരു കയ്യിലും , വെള്ളം തട്ടിത്തെറിപ്പിക്കുന്ന എന്‍റെ കൈ മറ്റേ കയ്യിലും മുറുകെ പിടിച്ച് അമ്മയാണ് സ്കൂളിലേയ്ക്ക് ആദ്യദിവസം കൊണ്ടുപോയത്. പോകും വഴിയിലൊക്കെ നിര്‍ത്താതെ ഞാന്‍ സംസാരിച്ചത് പുത്യേ സ്ലേറ്റിനെയും കല്ലുപെന്‍സിലിനേയും കുറിച്ചായിരുന്നു (പുസ്തോം പഴേതാട്ടോ , ചേട്ടായിമാരുടെ പഴേതിന്‍റെ പഴേത് ) , അമ്മയോടല്ലാട്ടോ ഈ കിന്നാരം പറച്ചിലൊന്നും - ഒക്കെ ഈ മഴയോടും, പൂക്കളോടും പിന്നെ വഴിയില്‍ കണ്ട ചില ചിണുങ്ങാക്കുട്ടികളോടുമാ ! എന്‍റെ ക്ലാസ്സിലേക്കാകുമോ ആ കരഞ്ഞു വരുന്ന കുറുമ്പികളൊക്കെ? കുട പിടിച്ചു നടക്കുന്ന ആ കള്ളചെക്കന്മാര്‍ തല്ലു കൂടാന്‍ വരുവോ ഇന്ന് തന്നെ?? ചില കുഞ്ഞുകുടകള്‍ അസൂയയുണ്ടാക്കുന്നുണ്ട്ട്ടോ..പക്ഷെ, അതിലിപ്പോ കാര്യോന്നുമില്ല! ഈ വലിയ കുട , അമ്മ പിടിച്ചിരിക്കുന്ന ഈ സെന്റ്‌ ജോര്‍ജ്ജ് കുടയേ , എനിക്കുള്ളത് തന്നെയാണെന്നാ അമ്മ പറഞ്ഞേ - ഇടയ്ക്ക് അച്ഛനും, അമ്മയ്ക്കും ,ചേട്ടന്മാര്‍ക്കും ഉപയോഗിക്കാന്‍ കൊടുത്താല്‍ മാത്രം മതി..ഉടമസ്ഥാവകാശം എനിക്ക് തന്നെ ...പിന്നെന്ത് വേണം? 
ile emoticon

നനഞ്ഞൊലിച്ചു സ്കൂളില്‍ എത്ത്യപ്പോള്‍ എല്ലാരുടേം പുത്തന്‍ ഉടുപ്പിന്‍റെ , നനഞ്ഞ മുടിയുടെ, ചിലരുടെ കരഞ്ഞുണങ്ങിയ കവിളിന്‍റെ, കുടശീലയില്‍ നിന്നുതിരുന്ന മഴത്തുള്ളിയുടെ മണം ..കൂടിക്കുഴഞ്ഞൊരു ചന്ദനഗന്ധം കൂടിയുണ്ടായിരുന്നു ചിലയിടങ്ങളില്‍ .. കരഞ്ഞു കലങ്ങിയ കണ്ണോടെ പലരും അമ്മമാരുടെ സാരിത്തുമ്പുകളില്‍ പിടിച്ചു നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ചെറിയ ചിരിയൊക്കെ വരുന്നുണ്ട്ട്ടോ, എന്തിനാപ്പോത്ര കരയാന്‍? സ്കൂള്‍ എത്ര രസമാണെന്നോ... ചേട്ടായിമാര്‍ പറഞ്ഞുപറഞ്ഞു എനിക്കീ സ്കൂളിന്‍റെ മുക്കും മൂലയും , ഓരോ സാറന്മാരും ടീച്ചര്‍മാരും ഒക്കെ കയ്യില്‍ വരച്ച വരപോലെ അറിയാം... ഇവിടൊരു കിണറുണ്ട് ട്ടോ -അതിനടുത്തേക്ക് അധികം പോകരുതെന്ന്‍/ പോയാല്‍ തന്നെ എത്തിനോക്കരുത് ന്ന്/ എത്തി നോക്ക്യാലും ആ കിണറിന്‍റെ തിട്ടയില്‍ കയറിനിന്നു താഴേയ്ക്ക് നോക്കരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട് . എന്താ കാര്യംന്നോ, ചേട്ടായിമാരുടെ കൂട്ടുകാരന്‍ വീണുപോയ കിണറാ അത്. അന്ന് ചേട്ടായിമാരാ ഓടിയോടിപ്പോയി എല്ലാരേയും വിളിച്ചോണ്ട് വന്നതും, ആ കൂട്ടാരഞ്ചേട്ടനെ രക്ഷിച്ചതും. എനിക്കാണേല്‍ നീന്തലും അറീല-അതോണ്ട് ഞാനാ കിണറിനോട് മാത്രം കൂട്ടില്ല smile emoti
ഇന്ന് ക്ലാസൊന്നും ഇല്ലാത്രേ -തിരിച്ചു പൊക്കോളാന്‍ , നാളെ മുതല്‍ എല്ലാരും കരയാണ്ട് നേരത്തേ കാലത്തേ വരണം ന്ന് പറഞ്ഞിട്ടുണ്ട് ചെല്ലമ്മ ടീച്ചര്‍ ... (ഹായ്! എത്ര രസള്ള പേരാല്ലേ? , അപ്പുറത്തെ ക്ലാസ്സില്‍ ഒരു ചെല്ലപ്പന്‍ സാറും ഉണ്ട് ) 
മഴ മാറിയ ആകാശവും, കുഞ്ഞു മുഖങ്ങളും .. നാളെക്കാണാമെന്ന്  /അടുത്തിരുത്താമെന്നും കൂട്ടു കൂടിയ ചിലരോട് ഞാന്‍ പറഞ്ഞു വെച്ച് കഴിഞ്ഞു... ഇനിയീ രാത്രി വെളുപ്പിക്കണംലോ !

Next generation - Happy to go to school :)
പിന്‍കുറിപ്പ്-  ഒരു ജീവിതകാലത്തേയ്ക്കുള്ള എന്‍റെ ഓര്‍മ്മകള്‍ നനഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്...ഒന്നാം ക്ലാസ്സിലെ ടീച്ചര്‍ ചെല്ലമ്മ ടീച്ചര്‍, രണ്ടാം ക്ലാസ്സിലെ ചെല്ലപ്പന്‍ സര്‍, മൂന്നിലെ കൃഷ്ണന്‍കുട്ടി സര്‍, നാലിലെ ടീച്ചറുടെ പേരോര്‍മ്മയില്ല!!!! (സുബൈദ  ടീച്ചര്‍ ആണോന്നു ആരേലും പറഞ്ഞു തരാമോ? )

Friday, March 27, 2015

ഓര്‍മ്മകളില്‍ - പാട്ട് കേട്ടോരുറക്കം


ആദ്യമായി അമ്മയാകാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ കുറെയേറെ കാര്യങ്ങള്‍ ചെയ്യണം എന്ന് തോന്നിയിരുന്നു - പക്ഷെ, പദ്ധതികള്‍ പാളാനുള്ളതാണല്ലോ . അത് കൊണ്ട് തന്നെ ഒന്നും നടന്നില്ല - നല്ലസല്‍ ഭക്ഷണോം വായനയും അല്ലാതെ ... എന്നാലും മുടങ്ങാതെ ചെയ്തൊരു കാര്യമുണ്ടായിരുന്നു. രാത്രി ആകുമ്പോള്‍ കഥ പറയും ,വെറുതെ കുഞ്ഞിനു കേള്‍ക്കാന്‍ വേണ്ടി പാട്ട് പാടും - അങ്ങനെ പാടാന്‍ വേണ്ടി മുഴുവന്‍ വരികളും എഴുതിയെടുത്ത് പഠിച്ച പാട്ടാണ് .വേണുച്ചേട്ടന്‍ ആലപിച്ച "രാരീരാരിരം രാരോ , പാടീ രാക്കിളി പാടീ " . heart emoticon
വേറെയും കുറെ പാട്ട് പഠിച്ചെങ്കിലും ഇതിന്‍റത്രേം ഇഷ്ടം എനിക്ക് മറ്റൊന്നിനോടും ഉണ്ടായിരുന്നില്ല . പിന്നെ ആ സമയത്ത്സ്ഥിരായി കേട്ടിരുന്ന ഒരു പാട്ട് ഹരിവരാസനം ആണ് ,അതിനോടുള്ള ഒരു പ്രത്യേക ഇഷ്ടം കൊണ്ട് .ഓഫീസിലേക്കുള്ള  വഴികളിലും തിരിച്ചുവരവിലും  ഞങ്ങളോടൊപ്പം  ദാസേട്ടന്‍ അലിഞ്ഞു പാടി 'ഹരിവരാസനം,വിശ്വമോഹനം'. എന്‍റെ കുട്ടിക്കാലത്തിന്‍റെ  കര്‍പ്പൂര മണങ്ങളേയും , അയ്യപ്പവിളക്കുകളെയും ഒന്നോര്‍ക്കാന്‍ കൂടിയായിരുന്നു  ആ പാട്ട്.

ഇടയ്ക്കോരോ കവിത മൂളി - മലയാളത്തിന്‍റെ മധുരം അറിയട്ടേയെന്നു വെറുതെ മൂളിയവയില്‍ ഏഴിലംകാട്ടിലെ കാക്കയും, വിന്ധ്യശൈലത്തിന്‍റെ താഴ്വരകളും, പാല്‍ക്കാരി ആയിഷയും ഒക്കെ നിറഞ്ഞു.

ഒടുവില്‍ മോന്‍ ജനിച്ചപ്പോള്‍,  കുറെയേറെ നാള്‍ രാരീരാരിരത്തില്‍ തന്നെ സാധകം ചെയ്തു.. പകലും രാത്രിയും തൊട്ടിലാട്ടത്തിലും പാലുമ്മകളിലുമൊക്കെ .. ഇടയ്ക്ക് " കുഞ്ഞിന്റച്ഛനെ" ഒന്ന് സമാധാനിപ്പിക്കാന്‍ "ആരാരോ ആരിരാരോ അച്ഛന്റെ മോന്‍ ആരാരോ" എന്നൊക്കെ മൂളിയെങ്കിലും മനസ്‌ അപ്പോളും രാരീരത്തില്‍ തന്നെ..
ഇടയ്ക്ക് ബോറടിക്കാതിരിക്കാന്‍ വാല്‍ക്കണ്ണ്‍ എഴുതി , ഓമനത്തിങ്കള്‍ പൂവായി , ഏതോ വാര്‍മുകിലിലെ കിനാവ് കാട്ടി , താമരക്കണ്ണനായി ,പാട്ട് പാടി ഉറക്കി അങ്ങനെ അങ്ങനെ കഴിഞ്ഞ് പോകവേ.... മോനൂസിനു ഒന്നര വയസായി .

തൊട്ടിലുകള്‍ ഉപേക്ഷിച്ചു , നടന്നു ചാടി കുത്തിമറിഞ്ഞു കുറുമ്പനും കുസൃതിയും ആയിക്കൊണ്ടിരുന്നു. അപ്പോഴും ഉറക്കാന്‍ പാട്ടെന്ന കലാപരിപാടി ഞാന്‍ തുടര്‍ന്ന് കൊണ്ടുമിരുന്നു...
ആദ്യമായി എന്നെ 'അമ്മ' എന്നും അച്ഛനെ കൊഞ്ചി "അച്ച്ചീ" എന്നുമൊക്കെ കുഞ്ഞോമന വായ കൊണ്ട് പറഞ്ഞു തുടങ്ങി,അത് കേട്ട് ഞങ്ങള്‍ ആനന്ദിക്കാനും തുടങ്ങി.. ഓരോ പുതിയ വാക്കും പഠിക്കുന്നത് ഓരോരോ അനുഭവമായി, എന്തൊക്കെയോ പിടിച്ചടക്കുന്ന ഭാവത്തില്‍ അവനങ്ങനെ വാക്കുകളും അര്‍ത്ഥങ്ങളും ഓരോന്നായി പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഒരു രാത്രി പതിവ് പോലെ "രാരീരിക്കാന്‍" ചെന്ന എന്നോട് വളരെ കൃത്യമായും ശക്തമായും ഞങ്ങടെ സീമന്ത പുത്രന്‍ "താത്വിക് " പറഞ്ഞു
"പാട്ട് വേണ്ട!!" tongue emoticon

അന്ന് നിര്‍ത്തി! എന്നാലും അവനിത് പറയാന്‍ വേണ്ടി ഒന്നൊന്നരക്കൊല്ലം കഷ്ടപ്പെട്ടല്ലോ എന്നാലോചിക്കുമ്പോള്‍..... frown emoticon
================================================================================

ഒരുറക്കം പോസ് -അമ്മക്യാമറയ്ക്ക് 

വാല്‍ക്കഷ്ണം : ഇപ്പോള്‍ വീണ്ടും മോനുറങ്ങാന്‍ ,കഥ പറഞ്ഞു കഴിഞ്ഞ് പാട്ട് വേണമെന്ന് ആവശ്യപ്പെടുന്നു, അത് ഞാന്‍ തന്നെ പാടണമെന്നും , "രാരീരാരിരം" ആകണമെന്നും നിര്‍ബന്ധം! എന്‍റെ പാട്ട് മെച്ചപ്പെട്ടതാണോ അതോ , അമ്മയൊന്നു സന്തോഷിച്ചോട്ടെ എന്ന് എന്‍റെ കുഞ്ഞു കോമ്പ്രോമൈസ് ചെയ്യുന്നതാണോ എന്ന് സത്യായിട്ടും എനിക്കറീല്ല !!

Wednesday, February 25, 2015

മറക്കാതിരിക്കാനായി മാത്രം - ഏഴു വര്‍ഷങ്ങള്‍!

പ്രിയപ്പെട്ടവരേ,


ഏഴു   വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഔദ്യോഗികമായി ഒരു ബ്ലോഗ്‌ തുടങ്ങിയത് ഇതേ ദിവസമാണ്. കടന്നു പോയ വഴികള്‍, കണ്ട് മറന്ന മുഖങ്ങള്‍, ഇടയ്ക്ക്  പറയാതെ പിരിഞ്ഞു പോയവര്‍!  സംഭവബഹുലം  ഈ രണ്ടാം വരവും.... രണ്ടാം അങ്കം തുടങ്ങിയിട്ട് ഇതുവരേയും മടുത്തു മതിയാക്കി പോയില്ല എന്നത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നു.

കഴിഞ്ഞ് പോയ വര്‍ഷത്തിലെ ഏറ്റവും പ്രധാനം , ഓണ്‍ലൈനില്‍ നിന്ന് കുറെയേറെ സൌഹൃദങ്ങളെ ഓഫ്‌ലൈന്‍ ആക്കിയെന്നത് തന്നെ, കൂട്ടത്തില്‍ എന്‍റെ അക്ഷരങ്ങളേയും 'നക്ഷത്രക്കുഞ്ഞാ'യി  നിങ്ങളിലേക്ക് എത്തിക്കാനായി . ബ്ലോഗിന്‍റെ പുതിയ രൂപത്തിന് മാത്രമല്ല , ബുക്കിന് പിന്നിലെ പ്രചോദനത്തിനും പ്രിയപ്പെട്ട സഹോദരന്‍ റിയാസ്ബായിയോട് സ്നേഹം.

നന്ദി പറഞ്ഞാല്‍ തീരാത്തവര്‍ ഒത്തിരിയൊത്തിരി ഉണ്ട്... സ്നേഹം കൊണ്ട് കൂടെ നില്‍ക്കുന്നവര്‍, സ്നേഹക്കൂടുതല്‍ കൊണ്ട് ശാസിക്കുന്നവര്‍, സ്വന്തമെന്നു അഭിമാനപൂര്‍വ്വം പറയുന്നവര്‍! എന്താണ് പറയുക നിങ്ങളോടൊക്കെ സ്നേഹങ്ങളേ ... കൂടുതല്‍ കൂടുതല്‍ സ്നേഹത്തോടെ ഞാനിവിടെ ഉണ്ടെന്നു മാത്രം പറയുന്നു, മറക്കാതിരിക്കാനായി മാത്രം,

ബുക്കിന്‍റെ പ്രകാശന വിശേഷങ്ങളുമായി വരണമെന്ന് കരുതിയെങ്കിലും  നടന്നത് വാര്‍ഷിക കുറിപ്പാണ്. അതില്‍ ക്ഷമിക്കുമല്ലോ ..എങ്കിലും തരാന്‍ ഒരു  ചെറിയ വിശേഷമുണ്ട്- ബുക്കിന്‍റെ   വിശേഷങ്ങള്‍ ചോദിച്ചവര്‍ എല്ലായ്പ്പോഴും ചോദിക്കാറുള്ളത് എവിടെ നിന്നാണ് ഒരു കോപ്പി കിട്ടുക എന്നാണ്. ലോഗോസ് ബുക്സിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നു. http://readersshoppe.com/home/en/Book-Store/Poetry/Logos-Books-p2138c59c115.html ഈ ലിങ്കില്‍ പോയാല്‍ എന്‍റെ നക്ഷത്രക്കുഞ്ഞിനെയും കാണാം. വായിക്കപ്പെടുക എന്നത് എന്നുമെന്നും സന്തോഷമായതിനാല്‍ ഇതും ഞാന്‍ നിങ്ങളുമായി തന്നെ പങ്കു വെക്കുന്നു.

"
ഇനിയുമെത്ര കൊല്ലമിതുപോല്‍ എന്നറിയില്ല സ്നേഹമേ ,
പിരിയും വരേയ്ക്കെന്‍റെ ഓര്‍മ്മകള്‍ ചിരിക്കട്ടെ! "

മറക്കാതിരിക്കാനായി മാത്രം,
സ്നേഹപൂര്‍വം ശ്യാമ
 (ആര്‍ഷ )

( PS : ഇടയ്ക്കൊന്നു തല കാണിച്ചു കുറെയേറെ വിശേഷങ്ങള്‍ പങ്കുവെച്ച 'ഇ-ലോകം' ബ്ലോഗ്ഗര്‍ലോകത്തില്‍ https://www.youtube.com/watch?v=nhEzYJ3ls1o )

Saturday, October 4, 2014

ഓർമ്മകളിൽ ചില അമ്പല വിശേഷങ്ങള്‍

        വീടിനു പുറത്തിറങ്ങി ഇടത്തേക്ക് നോക്കിയാൽ  വല്ല്യമ്പലത്തിന്‍റെ   മതിൽ  കാണാം, വലത്തേക്ക് നോക്കിയാൽ  അമ്മൻ കോവിൽ എന്ന കുഞ്ഞമ്പലം കാണാം. 2 മിനിറ്റ് ഒറ്റ ഓട്ടം  ഓടിയാൽ വല്യമ്പലം എത്തി , എത്രയോ ഉത്സവ രാത്രികളിൽ ഞാൻ നാടകത്തിന്‍റെ ഇടവേളകളിൽ- കഥകളി ബോറടിക്കുമ്പോള്‍  വീട്ടില് വെള്ളം കുടിക്കാൻ വന്നിരിക്കുന്നു ,അതും തനിച്ച് .. ഇന്ന് അങ്ങനെ ചെയ്യാൻ ധൈര്യം ഉണ്ടോ , മകളെ / മകനെ അങ്ങനെ വിടുമോ എന്നൊക്കെ  ചോദിച്ചാൽ ഉത്തരം ഇല്ല


      വീട്ടിലെ മിക്ക കാര്യങ്ങളും ഈ രണ്ട്  അമ്പലത്തിലെ സമയം അനുസരിച്ചായിരുന്നു... രാവിലെ അമ്മ ഉണരുന്നത് അമ്മൻ കോവിലിൽ മൈക്ക് രഘു മാമൻ കീർത്തനങ്ങൾ ഇടുമ്പോഴായിരുന്നു... വല്ല്യമ്പലത്തിൽ  അതിനും മുന്നേ പാട്ട് തുടങ്ങും, അപ്പോൾ ഒന്നുറക്കം  ഉണര്ന്നു അമ്മ ഉറക്കത്തിനെ മയക്കം ആക്കി കിടക്കും .  5 മിനുട്ട് snooze  ടൈം കഴിഞ്ഞാൽ ചെറ്യ  അമ്പലത്തിലെ പാട്ട് കേൾക്കുമ്പോൾ ഉണരാം . ഉച്ചയ്ക്ക് കിഴക്കേ നടയിൽ എവിടേക്ക് എങ്കിലും പോകണം എങ്കിൽ 12 മണിക്ക് മുന്‍പ് പോകണം, ഇല്ലെങ്ങിൽ അമ്പലത്തിന്റെ ഗേറ്റ് അടയ്ക്കും.. പിന്നെ ചുറ്റി കറങ്ങി വേണം മുന് ഭാഗത്ത് എത്താൻ (അമ്പലവഴി പൊതുവഴി ആക്കി  എന്ന് പറഞ്ഞു  ആരും വഴക്കിനു വരണ്ട, അത് ഞങ്ങടെ അവകാശമാ). വൈകിട്ടത്തെ പാട്ട് തുടങ്ങിയാൽ അറിയാം 5 മണിയായി. ദീപാരാധന മണി മുഴങ്ങുമ്പോൾ മിക്കവാറും ഞാനും സംഘവും അമ്പലത്തിൽ  ഹാജര് ഉണ്ടാകും പ്രസാദ പായസം വാങ്ങാൻ - ഒരില കയ്യില്‍, ഒരു തൂക്കുപാത്രം മറുകയ്യില്‍ . ഇലയിലത് അപ്പോള്‍ തന്നെ വയറ്റില്‍ പോകും, തൂക്കുപാത്രത്തില്‍ വാങ്ങുന്നത് വീട്ടിലേക്ക് കൊണ്ട് പോകാനാണ് -ഇമ്മാതിരി "പബ്ലിക് കഴിക്കല്‍" അത്രയ്ക്ക് ഇഷ്ടമില്ലാത്ത ചേട്ടന്മാര്‍ക്കും കൂടി കൊടുത്ത് അടി കൂടി കഴിക്കാന്‍ .


അമ്മന്‍ കോവിലിലെ ഉത്സവത്തിനാണ് ആദ്യമായി കോഴിയെ കടിച്ചു ചോര കുടിക്കുന്ന മാടനെ കണ്ടത്, ചീറ്റുന്ന ചോര മുഖത്തേക്ക് വീഴുമ്പോ അലറുന്ന മാടന്‍. കുട്ടികള്‍ക്കൊക്കെ പേടിയാണ് ആളിനെ, പക്ഷെ അല്ലാത്തപ്പോ കാണുമ്പോ ആളോരു പാവം.അമ്മന്‍ കോവില്‍ എന്ന ചെറിയ അമ്പലത്തിലെ പൂജാരിയും ആളുകളുമൊക്കെ നമ്മുടെ അടുത്തുള്ളവരാ. ചിലപ്പോഴൊക്കെ പോറ്റി കുറച്ചു പായസവും പഴവും അധികം എടുക്കും, അന്നാ വീട്ടില്‍ അതിഥികള്‍ ഉണ്ടെന്നാണ് അതിനര്‍ത്ഥം. പൂജയില്ലാത്ത സമയത്ത് ബീഡി വലിക്കുന്ന ദൈവത്തിന്‍റെ പ്രതിപുരുഷനാകുന്ന പോറ്റിയോട് പേടി തോന്നിട്ടില്ല, ദേഷ്യം തോന്നീട്ടില്ല, ബഹുമാനക്കുറവും തോന്നീട്ടില്ല സ്നേഹം മാത്രം. ദൈവം എന്നാല്‍  നമ്മോടൊപ്പം ഉള്ളയാളാണെന്നും ചില നേരത്ത് ദൈവത്തിനു മനുഷ്യന്‍റെ മുഖമാണെന്നും പഠിച്ചത് ഈ കുട്ടിക്കാലത്താണ്. ( ഇപ്പോള്‍ ദൈവവും, മനുഷ്യരും, പ്രതിപുരുഷരും വേറെ വേറെ ആണത്രേ).


വല്ല്യമ്പലത്തിലെ നാഗത്തറയ്ക്ക് അടുത്ത് രാജമല്ലി പൂത്തുലഞ്ഞു നില്‍ക്കും, കാണാന്‍ നല്ല ചന്തത്തില്‍- പൂക്കളേക്കാള്‍ എന്‍റെ ചിന്ത അതിലെ വിളഞ്ഞ കായ പറിച്ചു പരിപ്പെടുത്തു കഴിക്കുക എന്നതാണ്.അങ്ങനെ നിങ്ങള്‍ ആരേലും കഴിച്ചിട്ടുണ്ടോ?  ഇന്നത് ആരേലും കഴിക്കുമോ  ,കുട്ടികള്‍ക്ക് കൊടുക്കുമോ  എന്നെനിക്കറിയില്ല  . പക്ഷെ, എനിക്കാ പച്ചപ്പരിപ്പ് നല്ലിഷ്ടമായിരുന്നു - മുളച്ചു വരുന്ന കശുവണ്ടിപ്പരിപ്പിന്‍റെ മുള പോലെയൊരു രുചി. നാഗത്തറയ്ക്ക് അടുത്താണ് ആദ്യമായി കൂവളം എന്ന ചെടിയും, അപ്പുറത്തെ അതിരിങ്കല്‍  കൂറ്റന്‍ കാഞ്ഞിരമരവും കാണുന്നത്  - വലിയ മുഴുത്ത വര്‍ണ്ണത്തിലെ കായകള്‍ തൂങ്ങിക്കിടക്കുന്ന കാഞ്ഞിര മരം കാണിച്ച് എന്നോട് കൂട്ടുകാരി പറഞ്ഞു അതാണ് ഓറഞ്ച് മരം!  ആ ഓറഞ്ച് ഒരെണ്ണം വീണു കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചു നടന്ന ഇടയ്ക്ക് കൊച്ചേട്ടന്‍  പറഞ്ഞു  "മണ്‌ങ്ങൂസേ അതോറഞ്ചല്ല, നല്ലസല്‍ കയ്ക്കണ  കാഞ്ഞിരാ "


ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അമ്പലം നാവായിക്കുളം ശ്രീ ശങ്കര നാരായണ ക്ഷേത്രം ആണ് പിന്നെ അമ്മന്‍കോവിലും  , കുട്ടിക്കാലം എന്നത് ഒരു അച്ചുതണ്ടിന് ചുറ്റും കറങ്ങിയത് കൊണ്ടാകാം - എനിക്ക് അവിടം നല്‍കുന്ന ഉണര്‍വ്  മറ്റൊന്നിനും നല്കാന്‍ ആയിട്ടില്ല... ആ ഓര്‍മ്മകള്‍ പോലും എന്നെ ആ പഴയ അമ്പലവാസി ആക്കും . ഞാന്‍ പ്രാര്‍ത്ഥിക്കാനൊന്നുമല്ല അമ്പലത്തില്‍ പോകുക- അമ്പലവാസി എന്നാല്‍ - വെറുതെ അതിലെ ഇതിലെ ചുറ്റികറങ്ങാന്‍, ആ ആല്‍ത്തറ കാണാന്‍, ആ ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും സുഗന്ധം ഉള്ളിലേക്ക് എടുക്കാന്‍ , പുല്ലില്‍ വെറുതെ ഇരിക്കാന്‍, മണിയൊച്ച കേള്‍ക്കാന്‍, വെറുതെ ഇടയ്ക്കൊന്നു  എത്താത്ത മണിയുടെ നേര്‍ക്കൊന്നു ചാടി , തൊടാന്‍ പറ്റുമോന്നു നോക്കാന്‍!!


ഇത് 2013 ഓഗസ്റ്റില്‍ വെറുതെ എഴുതി ഡ്രാഫ്റ്റില്‍ ഇട്ടിരുന്നതാ -ഇപ്പോളീ നൊസ്റ്റാള്‍ജിയ പൊടി തട്ടിയെടുക്കാന്‍ കാരണം ഒരു ഗ്രൂപ്പില്‍ ചോദിച്ച  ചോദ്യമാണ്  , "നാട്ടില്‍ പോയാല്‍ ഏറ്റവും ആദ്യം കാണണം എന്നാഗ്രഹിക്കുന്നത് എന്ത്?" - 'അമ്മയെ' എന്നതിന് ശേഷം, ഉത്സവം ആണ് എനിക്ക് കാണാന്‍ ആഗ്രഹം തോന്നുന്നത് .... ഇക്കൊല്ലവും അത് നടക്കില്ല (   ഉത്സവം കഴിഞ്ഞു  :( ) , അടുത്ത കൊല്ലോം നടക്കുമെന്ന് തോന്നുന്നില്ല.... അപ്പോള്‍ പിന്നെ ഇതൊക്കെ തന്നെ വഴി . പിന്നെ  ഇതിപ്പോ ശരിക്കും പൊടി  തട്ടാൻ കാരണം പാലക്കാട്‌ കൊടുന്തിരപ്പള്ളി ഗ്രാമത്തിൽ നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത് ഒരു മിനി ഉത്സവ പ്രതീതി മകന്  ആസ്വദിക്കാൻ കഴിഞ്ഞതാണ് ;)

തിടമ്പേറ്റിയ കൊമ്പൻ 

ആനയെന്തദ്ഭുതം അമ്മെ

ഗജവീരന്മാർ അഞ്ച് !

Thursday, August 14, 2014

ഒരു മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയ കഥ

ഓണം ഇങ്ങെത്തും മുന്‍പേ എന്താണീ മാമ്പഴപ്പുളിശ്ശേരിടെ ഒരു ഹിക്ക്മത്ത് എന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ  -അത് തന്നെയാണ് ഈ മാമ്പഴപ്പുളിശ്ശേരി കഥ.

 കണ്ണുള്ളപ്പോള്‍ കാഴ്ച്ചയുടെ വിലയറിയില്ല എന്ന് പറഞ്ഞത് പോലെ പല കാര്യങ്ങളും നഷ്ടം ആകുമ്പോഴാണ് , ഇങ്ങനെ ഒന്നുണ്ടായിരുന്നല്ലോ എന്ന് നമ്മില്‍ പലരും ഓര്‍ക്കുക (ഞാനുള്‍പ്പെടെ) .  കാത്തു കാത്തിരിക്കുന്നോരമ്മ , മൌനത്തിലൂടെ ധൈര്യമായി കൂടെയുണ്ടായിരുന്ന അച്ഛന്‍ , എന്തിനും ആത്മവിശ്വാസമായ് ഒരു സുഹൃത്ത്.. അങ്ങനെ പലരും , പലതും.. സൌകര്യപൂര്‍വ്വം കണ്ടില്ലെന്നു നടിക്കുന്നതാകാം , കാണാന്‍ സാഹചര്യവശാല്‍ കഴിയാത്തതാകാം .പക്ഷെ, നമുക്ക് എല്ലാര്‍ക്കും ഉണ്ട് അങ്ങനെ ചിലര്‍/ചിലത്.

അങ്ങനെ ഒന്നാണോ എനിക്ക് രാജ്യസ്നേഹം എന്ന് ഈ പോസ്റ്റ്‌ വായിച്ചാല്‍ ചിലപ്പോള്‍ നിങ്ങള്‍ ചോദിച്ചേക്കാം :D . അല്ല എന്നുള്ള ഉറച്ച മറുപടിയില്‍ പക്ഷെ പറയാനുള്ളത് മറ്റു ചിലത് കൂടിയാണ്! ഇന്ത്യ എന്ന എന്‍റെ സ്വന്ത രാജ്യത്ത് -കേരളം എന്ന എന്‍റെ മനോഹര തീരത്ത് അല്ലാതെ , ഒരു വിദേശ രാജ്യത്ത് ജീവിക്കുന്നതിനാല്‍ ക്രിക്കറ്റ്‌ കളി കാണുമ്പോള്‍ മാത്രമല്ലാതെയും ചിലപ്പോഴൊക്കെ ആ പറഞ്ഞ വികാരം വരാറുണ്ട് . ചിലയിടങ്ങളില്‍-അപൂര്‍വം ചില കടകളില്‍- വിവിധ രാജ്യങ്ങളുടെ ദേശീയ പതാകകള്‍ ഉയര്‍ത്തിയിട്ടുണ്ട് ഇവിടെ. നമ്മുടെ രാജ്യത്തില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കന്‍ ദേശീയ പതാക വീടിനു മുന്നിലും, പാര്‍ക്കിലും, കടകളിലും ഒക്കെ പാറിപ്പറക്കുന്നത് സാധാരണയാണ്. ഇവിടെ ദേശീയപതാകയിന്‍മേല്‍ അത്തരം നിഷ്കര്‍ഷകള്‍ ഒന്നുമില്ല എന്നാണ് എനിക്ക് തോന്നാറ് , ചിലരുടെ വീടിനു മുന്നിലെ പുല്‍ത്തകിടിയില്‍ ചെറിയ ചെറിയ US ഫ്ളാഗ്സ് നല്ല ഭംഗിയില്‍ അലങ്കരിച്ചു കുത്തി വെച്ചിട്ടുണ്ടാകും. സ്ഥിരമായി ഇങ്ങനെ കാണുന്നത് കൊണ്ട്  കുഞ്ഞിനു ഏത് പതാകയും ഫ്ലാഗ് ആണ്  , ദേശീയ പതാകയോട് ആദരവ് ഉണ്ടാകട്ടെ എന്ന വിചാരത്തില്‍ സല്യുട്ട് ചെയ്യാനും പഠിപ്പിച്ചിട്ടുണ്ട്. അവന്‍ ഒരു വഴക്കം പോലെ കടയില്‍ പോയാലും, വഴിയില്‍ കണ്ടാലും , പാര്‍ക്കില്‍ കണ്ടാലും ഒക്കെ ഓരോ സല്യുട്ട് മൂഡനുസരിച്ചു ചിരിച്ചും, ഉറക്കെയും, കൊഞ്ചിയും ഒക്കെ കൊടുക്കാറുമുണ്ട് . 

ഈയിടെ ഒരു കടയില്‍ പോയപ്പോള്‍ ഇന്ത്യന്‍ പതാക അവിടെ പാറിപ്പറക്കുന്നു - കണ്ടപ്പോള്‍ സത്യത്തില്‍ എന്തോ ഒരു സന്തോഷം തോന്നി, വെറുതെ വെറും വെറുതെ ....  സാധനങ്ങള്‍ തിരഞ്ഞു പിടിക്കല്‍ എന്‍റെ ജോലിയും, കട മുഴുവന്‍ ഓടി നടന്നു കളിക്കല്‍ അച്ഛന്‍റെയും മകന്‍റെയും ജോലി ആയതിനാല്‍ രണ്ടു കൂട്ടരും അത് ചെയ്യാന്‍ തുടങ്ങി. അപ്പോഴാണ്,  മൂന്ന് വയസുകാരന് മനസിലാകും എന്ന് കരുതിയല്ല -എങ്കിലും "കുഞ്ഞുസേ  ഇതാണ് നമ്മുടെ ഇന്ത്യന്‍ ഫ്ലാഗ് ട്ടാ , നമ്മുടെ രാജ്യമാണ് ഇന്ത്യ" എന്നൊക്കെ അച്ഛന്‍ പറഞ്ഞു കൊടുക്കുന്നത് കേട്ടത്.  മോനുസും നല്ല ഇന്റെരെസ്റ്റില്‍ തല കുലുക്കി - "ഓഓഓഒ " എന്ന് നീട്ടി മൂളി, അതിശയവും കൌതുകവും കലര്‍ത്തി കണ്ണും മിഴിച്ചു നോക്കി നിന്നു . പോരുന്ന പോക്കില്‍ നല്ലോരസ്സല്‍ സല്യുട്ട് കൊടുക്കാനും അവന്‍  മറന്നില്ല. 

അത് കഴിഞ്ഞു ഒന്നൊന്നര ആഴ്ച ആയിരിക്കുന്നു -ഇതിനിടയില്‍ ഇന്ത്യ ഫെസ്റ്റ് എന്നൊരു ആഘോഷം ഇവിടെ ഓഗസ്റ്റ്‌ പതിനാറിന് നടക്കുന്നുണ്ട്, അതിനു സുഹൃത്തുക്കള്‍ "ജന-ഗണ-മന "  പരിശീലിക്കുന്നത് കേട്ടപ്പോഴും ചെറുതല്ലാത്ത സന്തോഷം തോന്നി. അങ്ങനെ ആകെ മൊത്തം ദേശീയ സ്നേഹത്തില്‍ മുങ്ങി കുളിച്ചു നില്‍ക്കുവാണ് ഞങ്ങളുടെ വീട്! ഇന്നലെ ഉച്ചയ്ക്ക് മോന്‍  കളിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ അടുത്തിരുന്നു fb തുറന്നു നോക്കിയത്. ആരുടെയോ സ്റ്റാറ്റസ് അപ്ഡേറ്റ് കാര്യായി വായിച്ചു കൊണ്ടിരിക്കുകയാണ് -പെട്ടെന്നൊരു കുഞ്ഞിവിരല്‍  നേരെ മോണിട്ടറിലേക്ക് "അമ്മാ, ഇന്ത്യന്‍ ഫ്ലാഗ് !! " - ആശ്ചര്യം ആണോ സന്തോഷാണോ അഭിമാനാണോ തോന്നിയത് എന്നെനിക്ക്  ഇപ്പോഴും അറിയില്ല . പക്ഷെ, മൂന്നു വയസുകാരന്‍ കാണിച്ചത് ശരിയായിരുന്നു , സൈഡ് ലൂടെ സ്ക്രോള്‍ ചെയ്ത് പോയതില്‍ ആരുടെയോ പ്രൊഫൈല്‍ പിക്ചര്‍ നമ്മുടെ ദേശീയ പതാക  ! :) അതാരുടേത് എന്ന് ഞാന്‍ പറയുന്നില്ല -പക്ഷെ, നന്ദി സൌഹൃദമേ!! ഒത്തിരിയൊത്തിരി സന്തോഷം....  ഓഗസ്റ്റ്‌ 15 നു മാത്രം തോന്നുന്ന വികാരം ആണോ സ്വാതന്ത്ര്യ ദിനം എന്ന് ചോദിക്കുന്നവരോട് അല്ലേ അല്ല -എന്നുമുള്ള വികാരം തന്നെ , പക്ഷെ നമ്മുടെയൊക്കെ ജന്മ ദിനം ആണ്ടിലൊരിക്കല്‍ നമുക്ക് ഇഷ്ടമുള്ളവര്‍ പ്രിയപ്പെട്ടവര്‍ ആഘോഷിക്കുന്നത് പോലെ നമുക്കും നമ്മുടെ ജന്മഭൂമിയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാം . അമ്മയോട് ചെറിയ പിണക്കം ഇല്ലാത്ത മക്കളുണ്ടോ, അമ്മയോട് പരിഭവം തോന്നാത്ത മക്കളുണ്ടോ, അമ്മയോട് ദേഷ്യപ്പെടാത്ത മക്കളുണ്ടോ -ഉണ്ടാകാം ട്ടാ, പക്ഷേ ഞാന്‍ എന്‍റെ അമ്മയോട് പരിഭവിക്കാറുണ്ട് , പിണങ്ങാറുണ്ട്, ചിലപ്പോഴൊക്കെ  ദേഷ്യപ്പെടാറുമുണ്ട് ണ്ട്, ണ്ട് ,ണ്ടേ ണ്ട് !!! എന്നാലോ എത്ര പിണക്കത്തിലും തിരികെ ചെന്ന് കയറാം എന്നുറപ്പുള്ള ഇടമാണ് എനിക്ക് അമ്മയുള്ളിടം - എന്‍റെ രാജ്യം പോലെ! 

ഹാ, കഥ പറഞ്ഞു കാട് കയറി -ഇതിലെവിടെ മാമ്പഴ പുളിശ്ശേരി എന്ന് നിങ്ങള്‍ ചിന്തിച്ചില്ലേ? അതാണ് !! നല്ല പാതിയുടെ (better half ) ജോലി സ്ഥലത്ത് നമ്മുടെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു ഇന്ന്  - എല്ലാവരും കൂടി അവരവരുടെ തനതായ വിഭവങ്ങള്‍ ഉണ്ടാക്കി കൊണ്ട്വന്ന് , ഒരുമിച്ചു കൂടി കഴിച്ച് അങ്ങനെ ഒരു സുഖകരമായ ദിനം ആകണം ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം എന്ന് ടീം അംഗങ്ങള്‍ തീരുമാനിച്ചു. ഇന്നലെ വൈകുന്നേരം വരെ എന്‍റെ ചിന്ത അവിയല്‍ഉണ്ടാക്കാം എന്നായിരുന്നു, കാരണം  - കേരളം എന്ന് നമ്മുടെ നോര്‍ത്ത്ഇന്ത്യന്‍ സുഹൃത്തുക്കളോട് പറഞ്ഞാല്‍ അപ്പോള്‍ ചോദിക്കും , "മലബാര്‍ അവിയല്‍ റൈറ്റ്? " മാത്രവുമല്ല പല  ഭാഷ പറഞ്ഞു , പല ജീവിത രീതികള്‍ പിന്തുടര്‍ന്ന്,  പല ഭക്ഷണം കഴിച്ച് കഴിയുന്ന നമ്മളെല്ലാം കൂടി ചേര്‍ന്നാണ് ഇന്ത്യ എന്ന ഒറ്റ വികാരം ഉണ്ടാക്കുന്നത്  - ശരിക്കുമൊരസ്സല്‍ അവിയല്‍!  എന്നാലോ - ഇന്നിവിടെ ഈ  രാജ്യത്തിരുന്ന് ചിന്തിച്ചപ്പോള്‍ എനിക്ക് തോന്നി , നമ്മള്‍ നല്ലൊന്നാന്തരം മാമ്പഴ പുളിശ്ശേരി ആണെന്ന് . എരിവും, പുളിയും, മധുരവും ഒക്കെ സമാസമം അലിഞ്ഞിറങ്ങിയ എല്ലാ രുചിയും  ഒന്നൊന്നായി  തിരിച്ചറിയുന്ന എന്നാല്‍ ഒന്നില്‍ നിന്ന് ഒന്ന്  വേര്‍തിരിച്ചറിയാന്‍ ആകാത്ത ഒരു ഉഗ്രന്‍ മാമ്പഴ പുളിശ്ശേരി! :) അതാണ് ഈ ഇന്ത്യന്‍ മാമ്പഴപ്പുളിശ്ശേരി - Enjoy ! ജന്മ ദിനാശംസകള്‍ :)



Tuesday, December 31, 2013

future of the past അഥവാ ഇന്നലെയുടെ ഭാവി

                                            (മലയാളി മാഗസിന്‍ -2013 നവംബര്‍ ലക്കം)

future of the past  അഥവാ ഇന്നലെയുടെ ഭാവി പിന്നെയും വ്യക്തമാക്കിയാല്‍ ഭൂതകാലത്തിന്‍റെ  നാളെകള്‍!   മനോഹരവും അതെ സമയം ദുരൂഹവും ആയ ഒരു പ്രയോഗം ആണത്. ഇന്നലെയുടെ ഏത് നാളെകളെ കുറിച്ചാണ് ഈ പ്രയോഗം നമ്മോടു പറയുന്നത്?  വളരെ അടുത്ത ഒരു സുഹൃത്തിന്റെ കുറിപ്പുകളില്‍ കണ്ട ഈ വാക്ക് എന്നെ വല്ലാതെ പിടിച്ചുലച്ചു എന്നതാണ് സത്യം. ഒത്തിരിയൊത്തിരി ചിന്തകളിലൂടെ കറങ്ങി ഞാനൊരു നിര്‍വചനം കണ്ടു പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.  കണ്ടു മറന്ന ഉത്സവങ്ങള്‍ക്ക് ഇന്ന് ആ വര്‍ണ്ണ പൊലിമകള്‍ ഇല്ല , ആണ്ടിലൊരിക്കല്‍ കിട്ടുന്ന ഓണക്കോടിക്ക് ആ പുതുമയുടെ സന്തോഷം നല്‍കാനാകുന്നില്ല , വട്ടചെമ്പിലെ ബിരിയാണി മണങ്ങള്‍ പെരുന്നാളിനെ  കൊതിക്കൂട്ടിലാക്കുന്നില്ല ,മൈദ കുഴച്ച്  പശയാക്കി വെള്ളയും ചുവപ്പും കടലാസുകള്‍ ഒന്നിടവിട്ട് ഒട്ടിച്ചുണ്ടാക്കിയ നക്ഷത്രക്കുഞ്ഞുങ്ങളെ കാത്തിരിക്കുന്നില്ല ഇന്നാരും , വിഷുക്കൈ നീട്ടങ്ങളുടെ മണിക്കിലുക്കങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങളില്‍ സന്തോഷത്തിന്‍റെ പൂത്തിരി കൊളുത്തുന്നുമില്ല . ശരിയാണ്, നമ്മില്‍ നിന്നൊക്കെ അടര്‍ന്നു തെറിച്ചു പോയ ഏതൊക്കെയോ ഇന്നലെകള്‍ക്ക് ഭാവി ഒരു ചോദ്യ ചിഹ്നം ആണ്. ഇപ്പറഞ്ഞത് ഒന്നിനെയും പഴയ രീതിയിലേക്ക് ആക്കാന്‍ കഴിയില്ലെന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ മറ്റു ചില ശീലങ്ങള്‍  നമ്മളെ നോക്കി പല്ലിളിച്ചു കാട്ടുന്നു.

വായിച്ചു വളരണം എന്ന ചൊല്ലിനെ  അതിന്‍റെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സ്നേഹിച്ചവര്‍ക്കറിയാം നമ്മുടെയൊക്കെ ജീവിതത്തില്‍ ,വളര്‍ച്ചയില്‍ ബുക്കുകള്‍ക്കുണ്ടായിരുന്ന  സ്ഥാനം. മൂന്നു വയസിനു മുന്‍പുള്ള വിജയദശമി ദിനത്തില്‍ "ഹരിശ്രീനമഃ " നാവില്‍ കുറിച്ച് തുടങ്ങുന്ന ഒരു യാത്ര. കുഞ്ഞുവിരലുകള്‍ അരിയിലും മണലിലും മുറുക്കി എഴുതി പഠിച്ച "അ ആ ഇ ഈ " കള്‍. ഇന്നും ഓര്‍മ്മയില്‍ എവിടെയോ ജ്യെഷ്ഠന്മാരുടെ പാഠപുസ്തകത്തില്‍  കുഞ്ഞു വിരല്‍ ചൂണ്ടി കണ്ണുകളില്‍ കൌതുകത്തോടെ  "ഇജെന്‍റ്റാ " എന്ന് കൊഞ്ചി ചോദിക്കുന്ന ഒരു കുഞ്ഞനിയത്തി ഉണ്ട്.

 വായിക്കാന്‍ പഠിച്ചത് മുതല്‍ കാണുന്ന എല്ലാ തുണ്ട് പേപ്പറുകളും വാക്കുകളും  വിടാതെ വായിച്ചിരുന്നു.  കുറച്ചു വളര്‍ന്നപ്പോള്‍ ബാലരമയും പൂമ്പാറ്റയും ആയി ഇഷ്ട ബുക്കുകള്‍, അന്ന് പ്രചാരത്തില്‍ ഇത്രയധികം ബാലമാസികകള്‍ ഉണ്ടായിരുന്നുമില്ല.കൌമാരത്തിന്‍റെ കടന്നു കയറ്റങ്ങളില്‍ തുടര്‍ക്കഥകളിലൂടെ മനോരമ പോലുള്ള വാരികകളും  , കൌതുകത്തിന്‍റെ തുടര്‍ലോകത്തിന്‍റെ ആകാംക്ഷകള്‍ തന്ന് 'വനിത' യും ഒക്കെ വായനാ ലിസ്റ്റില്‍ കയറിപ്പറ്റി. ബോബനും മോളിയും,മനോരമ,മംഗളം എന്ന് വേണ്ട  ബുക്കുകള്‍ എല്ലാം ഒരേ പോലെ പ്രിയംകരം.. പണ്ടത്തെ കാലത്ത് ടെലിവിഷന്‍ അത്ര പ്രചാരത്തില്‍ അല്ലാത്തത് കൊണ്ട് ഈ പറഞ്ഞ വാരികകളിലെ തുടര്‍ നോവലുകള്‍ ആകാംക്ഷയോടെ കാത്തിരിക്കാനും, ഭാവനയിലൂടെ  കഥയ്ക്ക്‌ ട്വിസ്ടുകളും വഴിത്തിരിവുകളും കൊടുക്കാനും  പഠിപ്പിച്ചു.

കഴമ്പുള്ള വായനയിലൂടെ വിശാലമായ മറ്റൊരു ലോകവും കണ്മുന്നില്‍ വളരുന്നുണ്ടായിരുന്നു. "നല്ല ഭൂമി"യും ബഷീര്‍ കഥകളും,  ടോടോച്ചാനും മഹാഭാരതത്തിലേയും രാമായണത്തിലെയും അര്‍ത്ഥ തലങ്ങളും  ഒക്കെ പഠന വിഷയങ്ങള്‍ക്കൊപ്പം ഒരല്‍പം പോലും മുഷിപ്പിക്കാതെ കണ്മുന്നിലൂടെ  കടന്നു പോയി. എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കാന്‍ കഴിയാത്തത് കൊണ്ട് ഗ്രന്ഥശാലയിലെ നിത്യ സന്ദര്‍ശക ആയിരുന്നു ഞാന്‍ ,അന്നത്തെ മിക്കവാറും എല്ലാ കുട്ടികളേയും പോലെ.  സ്കൂള്‍ വിട്ടു വന്നു കഴിഞ്ഞാല്‍ ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള വായനശാലയിലേക്ക് നടന്നു ചെന്നെത്തുമ്പോള്‍ അവര്‍ അടയ്ക്കാന്‍ ആകും. സമയം കഴിഞ്ഞാല്‍ ബുക്ക്‌  രജിസ്റ്ററില്‍ പതിപ്പിക്കാന്‍ പറ്റില്ല -അതൊഴിവാക്കാന്‍ ലൈബ്രറി യില്‍ പോകേണ്ട ദിവസങ്ങള്‍ സ്കൂള്‍ വിട്ടാല്‍ നേരെ അങ്ങോട്ടെക്കാണ് പോകുക. ഒരു ദിവസം കൊണ്ട് തീര്‍ക്കാന്‍ കഴിയുന്നത്ര വായിക്കുക അതായിരുന്നു അന്നത്തെ ഒരു മോട്ടോ. രണ്ടു ബുക്ക്‌ എടുത്താല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് തീര്‍ത്തു  പുതിയ പുസ്തകങ്ങള്‍ എടുക്കുക. വായന എന്നത് ഒരു ഹരമായിരുന്ന കാലം. പഴയ ബുക്കുകളിലെ താളുകള്‍ മറിക്കുമ്പോള്‍ പൊങ്ങുന്ന പഴകിയ പേപ്പറിന്റെ മണം എന്നും ഒരു ഗൃഹാതുരതയാണ്.ഓരോ ബൂക്കിനും ഓരോ കഥ പറയാന്‍ ഉണ്ടാകും , അതിന്‍റെ പിറവിയെ കുറിച്ച്.

ചിന്തകള്‍ പഴഞ്ചന്‍ ആയിരുന്നത് കൊണ്ടോ വളര്‍ന്ന സാഹചര്യം അതായിരുന്നത് കൊണ്ടോ യാഥാസ്ഥിതിക മൂല്യങ്ങളില്‍  വിശ്വസിച്ചിരുന്നത് കൊണ്ടോ എന്നറിയില്ല പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നത് ബഹുമാനവും ഭയവും ഇട കലര്‍ന്ന ഒരു വികാരത്തോട് കൂടിയായിരുന്നു. ഏറ്റവും വിശ്വസ്തരായ കൂട്ടുകാര്‍ , അതായിരുന്നു എനിക്ക് ബുക്കുകള്‍.  പുതിയ ബുക്കുകള്‍ക്ക് അധികം വില വരുമെന്നതിനാല്‍ എപ്പോഴും വില കുറഞ്ഞ പേപ്പര്‍ ബാക്ക് എടിഷന്‍സോ, പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്നിടത്ത് നിന്ന് സെക്കന്റ്‌ ഹാന്‍ഡ്‌ പുസ്തകങ്ങളോ ആയിരുന്നു അന്നൊക്കെ വാങ്ങിയിരുന്നത്.സ്വന്തമായ പുസ്തകങ്ങള്‍ പൊതിഞ്ഞു സൂക്ഷിക്കും, പേരെഴുതി ചീത്തയാക്കാന്‍ പോലും മടിയാണ്. വായിച്ച ഭാഗം ഓര്‍ക്കാന്‍ ഒരു പേപ്പര്‍ കഷ്ണം താളുകള്‍ക്കിടയില്‍ സൂക്ഷിക്കും. മടക്കിയോ, വരച്ചോ ബുക്കുകള്‍ കേടാക്കുന്നത് കാണുന്നത് തന്നെ സങ്കടം തോന്നും . ആര്‍ക്കെങ്കിലും  വായിക്കാന്‍ കടം കൊടുത്താല്‍ ആദ്യം പറയുന്ന വാചകം  എത്ര താമസിച്ചാലും തിരികെ തരണം എന്നതാണ്, എന്നിട്ടും എന്നെ പറ്റിച്ച് കുറേപ്പേര്‍ എന്‍റെ  കൂട്ടുകാരെയും കൊണ്ട് കടന്നിട്ടുണ്ട്.

വലുതായി കഴിയുമ്പോള്‍ വെയ്ക്കുന്ന വീടിന്‍റെ  ഒരു മുറി മാത്രം അന്നേ ഉറപ്പിച്ചിരുന്നു- ഒരു വായനമുറിയും അതില്‍ കുറെ ബുക്സ് ഉള്ള ഒരു പേര്‍സണല്‍ ലൈബ്രറിയും . മനസിലെ ആ ഷെല്‍ഫില്‍ പല പ്രാവശ്യം ബുക്കുകള്‍ അടുക്കി മാറ്റി പൊടി  തട്ടി വെച്ചിട്ടുണ്ട് ഞാന്‍. ഒരു ഭാഗം മുഴുവന്‍ മഞ്ഞ്,ചെമ്മീന്‍,രണ്ടാമൂഴം മുതലായ ക്ലാസ്സിക്കുകള്‍. മറ്റൊരു ഭാഗത്ത്  വയലാറിന്റെയും,വൈലോപ്പിള്ളിയുടെയും കവിതകള്‍,  ഇനിയൊരു വശത്ത് കുറ്റാന്വേഷണ കഥകള്‍, ഇംഗ്ലീഷ് കൃതികള്‍ അങ്ങനെ അങ്ങനെ...

വളര്‍ന്നപ്പോളും വായന മറന്നില്ല, ബുക്കുകളേയും .യാത്രകളില്‍ ഒരു കൂട്ടായി ഒരു ബുക്ക്‌ എന്നും കയറിപ്പറ്റും ,വാങ്ങുന്ന ബുക്കുകളില്‍ അധികാരത്തോടെ പേരെഴുതി സൂക്ഷിക്കാന്‍ തുടങ്ങി.ബുക്കുകളുടെ  പഴയ പതിപ്പുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുമ്പോള്‍ പോലും  ശീലം മാറാത്തത് കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കാന്‍ ആഗ്രഹിച്ചു,ഭാവിയിലെ എന്റെ ലൈബ്രറിയിലേക്ക്. ജീവിതം തിരക്കുകളിലൂടെ  ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടാന്‍ തുടങ്ങിയപ്പോള്‍ ബുക്കുകള്‍ പല സ്ഥലത്തായി ചിതറാന്‍ തുടങ്ങി.

ഒന്നര വര്‍ഷം മുന്‍പ് ഇവിടേക്ക് വിമാനം കയറുമ്പോഴും കയ്യില്‍ രണ്ട് ബുക്ക്‌ ഉണ്ടായിരുന്നു.  മലയാളം ബുക്കുകള്‍ കിട്ടാനുള്ള പ്രായോഗിക ബുദ്ധിമുട്ട്, ലൈബ്രറിയില്‍ പോകണമെങ്കില്‍ പോലും കാറിനെ ആശ്രയിക്കേണ്ടി വരുന്നത് അങ്ങനെ പല  ഘടകങ്ങളാല്‍ വായന കുറയുന്നുവോ എന്ന സംശയം തോന്നി തുടങ്ങിയപ്പോളാണ് എന്നോളം അല്ലെങ്കില്‍ എന്നേക്കാള്‍ ബുക്കുകളെ ഇഷ്ടപ്പെടുന്ന, നല്ല രീതിയില്‍  വായിക്കുന്ന  ഒരു സുഹൃത്തിന്റെ കയ്യില്‍  "kindle " എന്ന ഉപകരണം കണ്ടത് . ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബുക്കുകളെ കൂടെ കൊണ്ട് നടക്കാന്‍ സഹായിക്കുന്ന, വളരെ ലാഘവത്തോടെ ഉപയോഗിക്കാന്‍ കഴിയുന്ന, ഇരുന്നോ കിടന്നോ,നടന്നോ വായിക്കാന്‍  സൌകര്യമുള്ള , ഡിക്ഷനറിയുള്ള  ഒരു യന്ത്രം. ഞെട്ടല്‍ ആണ് ആദ്യം തോന്നിയത്, ഇത്രയും റൊമാന്റിക്‌ ആയ ജീവസുറ്റ ഒന്നിനെ എങ്ങനെ ഒരു ഇലക്ട്രോണിക് ഉപകരണത്തിന് പുന:സ്ഥാപിക്കാന്‍  കഴിയും??  പക്ഷെ  കടലാസ് ഉപയോഗിക്കാത്ത, സൂക്ഷിക്കാന്‍ അധികം സ്ഥലം വേണ്ടാത്ത, എവിടേക്കും  ഒരു എക്സ്ട്രാ ലഗ്ഗേജ് ആകാതെ തന്നെ കൊണ്ട് പോകാന്‍ കഴിയുന്ന ഈ വായനസഹായിയെ കുറിച്ച് സുഹൃത്ത് വാചാലന്‍ ആയപ്പോള്‍ ഗുണദോഷങ്ങളുടെ ഒരു പട്ടിക എടുത്താല്‍ ഗുണം കൂടുതലായിരിക്കും എന്ന് തോന്നിപ്പോയി.

അതെ, സ്വയം ശ്രമിച്ചപ്പോള്‍ സുഹൃത്തിന്‍റെ അവകാശ വാദങ്ങള്‍  സത്യം ആണെന്ന് മനസിലായി. വായനയ്ക്ക് ഇത്രയേറെ സൗകര്യം തരുന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ . ഒട്ടുമിക്ക ബുക്കുകളും സോഫ്റ്റ്‌കോപ്പി ഉണ്ട്-മിക്ക ആനുകാലികങ്ങളും ഓണ്‍ലൈന്‍ പകര്‍പ്പുകള്‍ ഉണ്ട്.പക്ഷേ ,ഉള്ളിലെ ആ പഴയ പുസ്തകപ്രേമി മുഖം ചുളിച്ചു ചോദിക്കുന്നു - വായന എന്നത് കണ്ണുകളിലൂടെ കണ്ട് തലച്ചോറിലേക്ക് എത്തിപ്പെടുന്നത് മാത്രമോ ,അതോ കയ്യുകളാല്‍ സ്പര്‍ശിച്ച് ,മൂക്കിനാല്‍ മണം ആസ്വദിച്ച്,ഓരോ ഇതളുകളായി മറിച്ച് ആസ്വദിക്കേണ്ടുന്ന ഒന്നോ!
സൗകര്യം പ്രഥമം ആയി കണ്ട് e-reading ഞാനുള്‍പ്പെടുന്ന സമൂഹം  ഇഷ്ടപെട്ടാല്‍, ബുക്കുകളെ ഇഷ്ടപ്പെടുന്ന വായനയെ ഇഷ്ടപ്പെടുന്നവരൊക്കെ  ഇലക്ട്രോണിക് രൂപത്തിലേക്ക് വായന മാറ്റിയാല്‍ നമ്മുടെ പഴയ പുസ്തകങ്ങള്‍‍ക്കൊക്കെ എന്ത് സംഭവിക്കും?? വരും തലമുറയ്ക്ക് താളുകള്‍ മറിച്ച് പഴയ കടലാസിന്‍റെ  മൂക്കിലേക്ക് തുളയ്ക്കുന്ന മണം എന്താണ് എന്നെങ്കിലും അറിയാന്‍ കഴിയുമോ??? ഒരു ഗ്രന്ഥശാലയില്‍ ഷെല്‍ഫില്‍ നിന്നും ബുക്കുകള്‍ തിരഞ്ഞെടുക്കാന്‍ അവര്‍ മുതിരുമോ???? ഞാന്‍ സ്വപ്നം കണ്ടിരുന്ന എന്‍റെ ഹോം ലൈബ്രറിയുടെ രൂപം എന്താകും??? ഒരു പുതിയ പുസ്തകം നമുക്ക് സ്വന്തമാകുമ്പോള്‍, അതിനെ കയ്യില്‍ തിരുപ്പിടിക്കുമ്പോള്‍ ,അതിന്റെ പേജുകള്‍ മറിക്കുമ്പോള്‍ തോന്നിയിരുന്ന ആ അനുഭൂതി...... പറയൂ എന്ത് സംഭവിക്കും നമ്മുടെ ഇന്നലെകള്‍ക്ക്??? എന്താണ് future of our past?? !!!!