Showing posts with label 'കഥ '. Show all posts
Showing posts with label 'കഥ '. Show all posts

Sunday, January 26, 2020

കാണാതെ പോയൊരു നിറം

വളഞ്ഞു പുളഞ്ഞു പോകുന്ന വഴികളെപ്പോഴോക്കെയോ ഇര വിഴുങ്ങിയ മലമ്പാമ്പിനെ പോലെ തോന്നിക്കുണ്ടായിരുന്നു . ഇടയ്ക്കുള്ള ചെറിയ കുലുക്കവും , ചാട്ടവുമൊഴിച്ചാല്‍, ആ മലമുകളിലേയ്ക്ക് ഇത്രയും നല്ല വഴിയുണ്ടെന്നു വിശ്വസിക്കാനാകില്ല. ഡ്രൈവറുടെ മാത്രം ഇഷ്ടത്തിന് വെച്ചിരിക്കുന്ന പാട്ടിലേക്ക് ഇടക്കൊന്നു കടന്നു ചെല്ലാന്‍ നോക്കിയെങ്കിലും വേഗത്തിലുള്ള  താളമേളങ്ങള്‍ സംസാരിക്കുന്ന ഭാഷ മനസിലാകാത്ത പ്രായത്തിലേക്ക് താനെത്തിയെന്നു അനിരുദ്ധ് ഒന്ന് നിശ്വസിച്ചു.

"ഓര്‍ കിത്നാ  ടൈം ലഗേഗാ ഭായി? " ചോദ്യത്തില്‍ തീരെ മുഷിവ്‌ കലർത്തിയില്ല , ഒരു ചിരി ചേര്‍ക്കുകയും ചെയ്തു.

" 1 hour  സര്‍ " ഉത്തരം പക്ഷേ  മുഷിപ്പിച്ചു. ഇനിയും ഒരു മണിക്കൂര്‍ കാണാനുള്ള പ്രകൃതിസൌന്ദര്യം ചുറ്റിനുമുണ്ടെങ്കിലും അതിനുള്ള മനസ് തല്‍ക്കാലമില്ലല്ലോ. ഈ ഡ്രൈവര്‍ ആണെങ്കില്‍ അധികം സംസാരിക്കുന്ന പ്രകൃതവുമല്ല. മനസിനെ റിഫ്രെഷ് ആക്കാന്‍  യാത്ര  പുറപ്പെട്ട  താനൊരു  പമ്പര വിഡ്ഢിയാണെന്ന് അനിരുദ്ധിന് തോന്നി. കണ്ണടച്ചിരുന്ന് യാത്ര തുടരുമ്പോള്‍  മനസിലേക്ക് പഴയൊരു പതിമൂന്നുകാരന്‍  എണ്ണ തേച്ചൊതുക്കിയ കോലന്‍ മുടിയും, ഒരല്‍പം നിര തെറ്റിയ പല്ലുകളുമായി  കള്ളച്ചിരിയോടെ കടന്നുവന്നു, മറ്റൊരു രൂപത്തിന്‍റെ നിഴലെന്നപോലെ. കൂടുതല്‍ മിഴിവാര്‍ന്നത് ആ രൂപമാണ്‌ - കണ്മഷി എഴുതിയ കണ്ണുകള്‍ നിറയുവോളം കാതിലെ വളയങ്ങള്‍ ആട്ടിച്ചിരിക്കുന്ന, കുഞ്ഞിയേച്ചി, അച്ഛന്‍റെ പെങ്ങളുടെ മകള്‍!


            അന്യമതസ്ഥനായ ജോസച്ചനൊപ്പം  ഒളിച്ചോടിപ്പോയ രാധയപ്പച്ചിയുടെ മകള്‍, ലയ എന്ന ഞങ്ങളുടെ കുഞ്ഞിയേച്ചി.  മറ്റാര്‍ക്കുമില്ലാത്ത ഒരടുപ്പം അച്ഛന് പെങ്ങളോട് ഉണ്ടായിരുന്നതുകൊണ്ട് മാത്രം എനിക്ക് കിട്ടിയതാണ് കുഞ്ഞിയേച്ചിയുമായുള്ള കൂട്ട്, വളരെ വൈകിയാണെങ്കിലും. ജോസച്ചന്‍റെ  വീട്ടിലേക്കുള്ള യാത്രകള്‍ കാത്തുകാത്തിരിക്കാന്‍ തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ തിരികെ അച്ഛന്‍ വീടിനടുത്ത് താമസിക്കാന്‍ എത്തിയപ്പോഴാണ്. കുഞ്ഞിയേച്ചിയെ ഞാന്‍ കാണുമ്പോള്‍ എനിക്ക് 10, അവള്‍ക്ക് 14 - പിന്നെയുള്ള നാലഞ്ച് വര്‍ഷങ്ങള്‍ എന്‍റെ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ കുഞ്ഞിയേച്ചിയാണ്. രണ്ടുമാസം നീളുന്ന വേനലവധിക്കും, ഓണം ക്രിസ്തുമസ് അവധിക്കുമൊക്കെ അച്ഛന്‍വീട്ടില്‍ കൂടുന്ന കുട്ടിപ്പട്ടാളങ്ങളെ മേയ്ക്കാന്‍ കുഞ്ഞിയേച്ചിയും വരും. തീരെ ചെറിയവരുടെ കൂട്ടത്തിലും കുറച്ചു മുതിര്‍ന്നവരുടെ കൂട്ടത്തിലും കൂടാനൊക്കാത്ത ഞാന്‍ കുഞ്ഞിയേച്ചിയുടെ നിഴലായി. പലപ്പോഴും മറ്റുള്ള ബന്ധുക്കളില്‍ നിന്നും അകന്നു നിന്നിരുന്ന കുഞ്ഞിയേച്ചി ആ അവധിദിനങ്ങള്‍ മാത്രം ആഘോഷിക്കും.  എന്തിനും ഏതിനും കുഞ്ഞിയേച്ചിയോട് അഭിപ്രായം ചോദിയ്ക്കാന്‍ കാത്തിരുന്ന ആ എന്നെയോര്‍ത്ത് എനിക്കിപ്പോള്‍ അത്ഭുതമാണ്, നീണ്ട 25 വര്‍ഷങ്ങള്‍ എങ്ങനെ ആ ആളെക്കുറിച്ച് ഓര്‍ക്കാതെ ഇരുന്നു എന്നാലോചിക്കുമ്പോള്‍. കാലം പുറകിലേക്ക് ഓടുകയാണെങ്കില്‍ എന്ത് രസമായിരുന്നേനെ!


           "സര്‍ ...സര്‍ വീ ആര്‍ ഹിയര്‍"  ഡ്രൈവറുടെ ശബ്ദമാണ് മയക്കത്തില്‍ നിന്ന് അനിരുദ്ധിനെ ഉണര്‍ത്തിയത്. മഞ്ഞില്‍ പുതഞ്ഞുകിടക്കുന്ന ഇടവഴികള്‍ക്ക് മുന്നിലായി കാര്‍ ഒതുക്കിയിരിക്കുന്നു. പേരറിയാത്ത വയലറ്റ് നിറത്തിലുള്ള  പൂവുകള്‍ വഴിയുടെ ഇരുപുറവും നിറഞ്ഞു വിരിഞ്ഞു നില്‍ക്കുന്നിടം. വയലറ്റോ അതോ പര്‍പ്പിളോ എന്ന് മായ കൂടെയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ സംശയം പറഞ്ഞേനെ എന്ന ഓര്‍മ്മയില്‍  ചിരിയോളമെത്തുന്ന ഒരാത്മനിന്ദ അയാളുടെ ചുണ്ടുകളില്‍ എത്തിയ അതെ നിമിഷത്തിലാണ് അരസികനായ ചെറുപ്പക്കാരന്‍ വീണ്ടും ശബ്ദിച്ചത്. "എഹാം സേ പൈദല്‍ ജാനാ ഹേ സര്‍.  I can help with the bags'  എന്നുവെച്ചാല്‍ 'താങ്കള്‍ക്ക് വയസായി സര്‍, പെട്ടീം കൊണ്ട് ഒറ്റക്ക് ആ വഴികള്‍ നടന്നുകയറാമെന്നാണ് അവിടേക്ക് നോക്കിനിന്നു വ്യാമോഹിക്കുന്നതെങ്കില്‍ അത് വെറും മോഹം മാത്രമാണെന്ന്' മര്യാദയുടെ ഭാഷയില്‍ ഡ്രൈവര്‍ പറഞ്ഞതാണെന്ന്  അനിരുദ്ധിന് തോന്നി. ആ തോന്നലിനെ 'അല്ലേലും ഈ ചെറുപ്പക്കാര്‍ക്ക് 40-കളൊക്കെ വയസായിത്തോന്നും, അഹങ്കാരമാ' എന്നൊരു തറുതലച്ചിരിയില്‍ ഒതുക്കിക്കൊണ്ട് പെട്ടിയും ബാഗും എടുക്കാന്‍ അനിരുദ്ധ് പിന്നിലേക്ക് നടന്നു.


                 വിചാരിച്ചതുപോലെ എളുപ്പമല്ലാതിരുന്ന ചെറുകയറ്റത്തിനൊടുവില്‍ കറുത്ത കല്ലുകള്‍ പാകിയ നടപ്പാത തെളിഞ്ഞു. ആകെക്കൂടി ഒരു തോള്‍സഞ്ചിയേ അയ്യാളുടെ കയ്യിലുണ്ടായിരുന്നുള്ളൂ എങ്കിലും നടപ്പിന്‍റെ വേഗം കൂട്ടാന്‍ ശ്രമിക്കുംതോറും കിതപ്പും വിയര്‍പ്പും കൂടിയതിനാല്‍ സഹായി എത്തിക്കഴിഞ്ഞതിനു ശേഷമേ റോസാപ്പൂക്കള്‍ നിറഞ്ഞ മുറ്റമുള്ള ആ വീടിനു മുന്നില്‍ അനിരുദ്ധ് എത്തിയുള്ളൂ. കാത്തുനില്‍ക്കുന്ന കണ്മഷിയെഴുതിയ കണ്ണുകളിലെ തിളക്കം തന്നെയാണ് ആദ്യം കണ്ടത്. ഓര്‍മയിലെ മെലിഞ്ഞ രൂപം തടിച്ചിരിക്കുന്നു, പാവാടയുടുത്തു കണ്ടതില്‍ നിന്നും ഇപ്പോഴത്തെ വേഷം വ്യത്യസ്തമായി തോന്നിയത് പല തരത്തിലുള്ള നിറങ്ങള്‍ കൊണ്ടാണ്. പഴയ കുഞ്ഞിയേച്ചി ഒരിക്കലും കൂടെ കൂട്ടില്ലാതിരുന്ന നീലയുടെയും പച്ചയുടെയും പല ഷേഡുകളിലെ ചതുരങ്ങള്‍ കലര്‍ന്ന അയഞ്ഞ പാന്‍റും  മഞ്ഞയോ ഇളംപച്ചയോ എന്ന് തിരിച്ചറിയാനാകാത്ത ഒരു പുതുവര്‍ണത്തിലെ ഉടുപ്പും അതിനു മുകളില്‍ തണുപ്പിനെ ചെറുക്കാന്‍ പുതച്ച ഇളംനീല ഷാളും ഒക്കെ ഉള്ളിലേക്ക് എടുക്കാന്‍ കുറച്ചു സമയമെടുത്തു അനിരുദ്ധിന്.  പക്ഷേ, അതിലൊക്കെ ഉപരിയായി  അയാളെ സന്തോഷിപ്പിച്ചത്  കണ്ട മാത്രയില്‍  വിടര്‍ന്ന ചിരിയോടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചു ചേര്‍ത്തു തന്ന ആലിംഗനമാണ്. പഴയ കുഞ്ഞിയേച്ചി അതും ചെയ്യില്ലായിരുന്നു! ആ കെട്ടിപ്പിടിക്കലിന്‍റെ ഊഷ്മളതയില്‍ അനിരുദ്ധ് വീണ്ടും ആ പഴയ പതിനാലുകാരനായി. കുഞ്ഞിയേച്ചിയെ മുറുകെ കെട്ടിപ്പിടിച്ച് കവിളില്‍ മാറിമാറി ഉമ്മ വെച്ച പതിനാലുകാരന്‍!



           "അനീ! നിനക്കൊരു മാറ്റോമില്ലല്ലോ ചെക്കാ.. ഇച്ചിരെ കെളരം വെച്ചതും ഈ കണ്ണാടിയും ഒഴിച്ചാല്‍" നിറഞ്ഞ സന്തോഷത്തില്‍ ലയ വീണ്ടും വീണ്ടും അനിരുദ്ധിന്‍റെ വിരലുകളില്‍ തെരുപ്പിടിച്ചു കണ്ണുകളില്‍ കൌതുകം നിറച്ചു നോക്കി. കണ്ട നിമിഷം മുതല്‍ സോഫയില്‍ കൊണ്ടിരുത്തിയിടം വരെ ആ കൈവിരലുകള്‍ വിട്ടിട്ടില്ല ലയ. എപ്പോഴോ നഷ്ടമായിപ്പോയ മയില്‍പ്പീലികള്‍ തിരികെക്കിട്ടിയ കുട്ടിയെപ്പോലെ സന്തോഷത്തിന്‍റെ ചെറുതല്ലാത്ത തിരകള്‍ അവളിലുണ്ടാകുന്നത്  അനിരുദ്ധിലും കൗതുകമുണ്ടാക്കി. കഷണ്ടിയും  മോശമല്ലാത്ത കുടവയറും ഒന്നും കുഞ്ഞിയേച്ചിയുടെ മുന്നില്‍ തന്നെ  മുതിര്‍ന്നവന്‍ ആക്കുന്നില്ല എന്ന തിരിച്ചറിവ് ഒന്ന് ചൂളിപ്പിക്കുകയും ചെയ്തു.


            "പറ, നിന്‍റെ വിശേഷങ്ങള്‍..എത്ര കൊല്ലമായി നിന്നെക്കണ്ടിട്ടും മിണ്ടീട്ടും. അമേരിക്കയിലാണെന്നും കല്യാണം കഴിഞ്ഞുവെന്നുമൊക്കെ കുറച്ചുനാള്‍ മുന്‍പ് മാമനെ കണ്ടപ്പോള്‍ അറിഞ്ഞിരുന്നു. എന്നിട്ടും നിന്നെ ഇവിടെ കാണാന്‍ കഴിയുമെന്നു വിചാരിച്ചില്ല. ഒന്ന് കാണണമെന്ന് അറിയിച്ചപ്പോള്‍ നിനക്ക് വരാന്‍ തോന്നിയല്ലോ, എന്നാലും വന്നപ്പോ കുടുംബത്തെക്കൂടിക്കൊണ്ടുവരാരുന്നു അനീ. അവര്‍ക്കൊക്കെ ഇവിടം ഇഷ്ടമായേനെ. ഇനിയെന്നാ തിരികെപ്പോകേണ്ടത്? " ഒറ്റവരിയില്‍ ഒരുപാട് ചോദ്യങ്ങളും വിശേഷങ്ങളുമൊക്കെ കേട്ടുകൊണ്ട് അനിരുദ്ധ് ഒരു ചെറുചിരിയോടെ  ഇഞ്ചിരുചിക്കുന്ന ചൂടുള്ള ചായ മൊത്തികുടിച്ചു.


         മുഖത്തെ ചിരി മാഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് അത്ര വലുതല്ലാത്ത ഒരു കാര്യം പറയുമ്പോലെ അയാള്‍ പറഞ്ഞു "ഞാനിനി തിരികെപോകുന്നില്ല കുഞ്ഞിയേച്ചീ, മായയും ഞാനും ഇപ്പോള്‍ ഒരുമിച്ചല്ല - നിയമപരമായിത്തന്നെ വേര്‍പിരിഞ്ഞിട്ടു കുറച്ചുനാളായി. നല്ല സുഹൃത്തുക്കളായിട്ടിരിക്കുന്നതാണ് ഞങ്ങള്‍ക്ക് നല്ലത്. അതൊക്കെപ്പോട്ടെ കുഞ്ഞിയേച്ചി ഇവിടുത്തെ വിശേഷങ്ങള്‍ പറയൂ, എന്തിനാണിവിടെ ഒറ്റക്ക് കഴിയുന്നത്? നാട്ടിലേക്ക് വന്നാല്‍ ആരെങ്കിലുമൊക്കെ ഉണ്ടാകില്ലേ പരിചയമുള്ളവര്‍? മിണ്ടാനും പറയാനുമെങ്കിലും ഒരു കൂട്ടില്ലാതെ എങ്ങനെ കഴിയുന്നു ഇവിടെ!"

ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കയ്യിലേക്ക് തന്നുകൊണ്ടാണ് കുഞ്ഞിയേച്ചി മറുപടി പറഞ്ഞത്  "ഒക്കെപ്പറയാം സമയമുണ്ടല്ലോ, നീയൊന്ന് വിശ്രമിക്ക്. എല്ലാടോം കാട്ടീട്ടെ നിന്നെ വിടുന്നുള്ളൂ, എന്താ പോരേ? അതാ അതാണ്‌ നിന്‍റെ മുറി, ചേര്‍ന്ന് തന്നെ കുളിക്കാനിടം ഉണ്ട്.  ങാ, പിന്നെ ഞാനൊരു ഊഹത്തിനുള്ള അളവിലെടുത്തതാ ഡ്രസ്സ്‌ ഒക്കെ, പാകമല്ലെങ്കില്‍ നമുക്ക് വൈകിട്ട് ഷോപ്പിങ്ങിനു പോകുമ്പോള്‍ എടുക്കാം കേട്ടോ" 


            തലയാട്ടിച്ചിരിച്ചുകൊണ്ട് നില്‍ക്കേ അനിരുദ്ധിനു വീണ്ടും ആ പതിനാലുവയസുകാരനെ ഓര്‍മ്മ വന്നു, എന്തുകൊണ്ടോ മായയേയും! 
പണ്ടൊരിക്കല്‍ ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം എന്നപോലാണ് ഈ വരവ് എന്ന് കുഞ്ഞിയേച്ചിക്ക് അറിയില്ലല്ലോ. കൗമാരക്കാര്‍ക്കിടയിലെ ഹീറോ ആകാനുള്ള ശ്രമമായിരുന്നു കുഞ്ഞിയേച്ചിയെക്കുറിച്ച് കൂട്ടുകാരോട് ഒരല്‍പം കൂട്ടിച്ചേര്‍ത്ത് കഥകള്‍ പറയുമ്പോള്‍. അതെല്ലാം നശിപ്പിച്ചത് ആ എഴുത്താണ് - കരോട്ടത്തെ വീട്ടിലെ വിശാഖ് എന്ന ചെറുപ്പക്കാരന്‍  കുഞ്ഞിയേച്ചിക്ക് എഴുതിയ എഴുത്ത്.  അതവിടെ  എത്തിക്കാന്‍  തന്നെത്തന്നെ ദൂതനാക്കാന്‍ ശ്രമിച്ചപ്പോള്‍ കൂട്ടുകാരില്‍ നിന്നുണ്ടായ കളിയാക്കലുകള്‍ ... അതിനൊക്കെ മുകളില്‍ കുഞ്ഞിയേച്ചി തന്‍റെ മാത്രമാണെന്നും, ആ അവകാശം എല്ലാ രീതിയിലും ഉള്ളതാണെന്നും ഉള്ളില്‍ ഉറഞ്ഞുപോയ കുട്ടിമനസ്സ്. സിനിമകളിലൊക്കെക്കാണുംപോലെ തന്‍റെ മുറപ്പെണ്ണിനെ രക്ഷിച്ചുകൊണ്ടുപോയി സുഖമായി ജീവിക്കുന്ന നായകന്‍റെ മുഖമായിരുന്നു അന്ന് മനസ്സില്‍. കത്ത് കൊടുക്കാനല്ല, അവകാശം സ്ഥാപിക്കുന്നത് അവരെ കാണിച്ചുകൊടുക്കാനാണ് ജോപ്പനെയും, കുഞ്ഞനെയും കൂട്ടി വീട്ടില്‍ എത്തിയത്, അവര്‍ക്ക് കാണുന്ന വിധത്തില്‍ കുഞ്ഞിയേച്ചിയെ ബലമായി കെട്ടിപ്പിടിച്ച് ഇരുകവിളിലും മാറിമാറി ഉമ്മ വെച്ചത്. പക്ഷേ, അതൊരു ബന്ധത്തിന്‍റെ അവസാനമാകുമെന്ന് അറിഞ്ഞിരുന്നില്ല. തള്ളിമാറ്റാനുള്ള ശ്രമത്തില്‍ ഞെട്ടലില്‍ നിന്ന് പൊട്ടിക്കരച്ചിലിലേക്ക് വീണിരുന്നു കുഞ്ഞിയേച്ചി. പക്ഷേ, അടര്‍ന്നു മാറും മുന്‍പ് തന്നെ അച്ഛനും ജോസച്ചനും കടന്നുവന്നു. അലര്‍ച്ചകള്‍ മാത്രം മുഴങ്ങിയ ഇടത്ത് നിന്ന് ഓടിപ്പോകുമ്പോള്‍പ്പോലും അറിഞ്ഞിരുന്നില്ല ചെയ്തതിന്‍റെ ആഴം. തിരിച്ചറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിയിരുന്നു!  അറുത്തുമുറിച്ചുകൂടിച്ചേരാന്‍ തുടങ്ങിയവയൊക്കെ വീണ്ടുമൊരിക്കല്‍ കൂടി വെട്ടേറ്റു മുറിഞ്ഞത് ആര്‍ക്കും സഹിക്കാനായില്ല.  കുഞ്ഞിയേച്ചിയും ജോസച്ചനും അപ്പച്ചിയുമൊക്കെ എവിടേക്കെന്നു പറയാതെ നാടുതന്നെ വിട്ടുപോയിരുന്നു.  ഇനിയെങ്കിലും ആ ഭാരം മനസ്സില്‍ നിന്ന് കളയണമെന്നും കുഞ്ഞിയേച്ചിയെ കണ്ടെത്താന്‍ ശ്രമിക്കണം എന്നും മായയാണ്‌ പറഞ്ഞത്, പിരിയും മുന്‍പ്. 


                              കുളി കഴിഞ്ഞു തല തുവര്‍ത്തിക്കൊണ്ട് പുറത്തെ ഹാളിലേക്ക് എത്തിയപ്പോള്‍ ആരെയും കാണാനില്ല. വീടിന്‍റെ ഓരോ ഭാഗവും ഒരു ഇന്റീരിയര്‍ ഷോപ്പിന്‍റെ ഉള്‍വശം പോലെ തോന്നിപ്പിച്ചു. അസ്തമയ സൂര്യന്‍റെ വെളിച്ചവും ചെടികളുടെ പച്ചപ്പും ഭിത്തിയിലെ ഇളംതവിട്ടു നിറവും ചേര്‍ന്നൊരു രംഗോലി സൃഷ്ടിച്ചത് പോലെ. മനോഹരമായി വരച്ച ചിത്രങ്ങള്‍ കൊണ്ട് അലങ്കരിച്ച സ്വീകരണമുറിയിലെ ഒരു ഭിത്തി നിറയെ ഫോട്ടോകള്‍ ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു. കുഞ്ഞിയേച്ചിക്കൊപ്പം എല്ലാ ഫോട്ടോയിലും ചിരിച്ചുനില്‍ക്കുന്ന ആളുടെ ഒറ്റക്കുള്ള ഒരു ച്ഛായാചിത്രത്തിനു മുന്നില്‍ മാത്രം വാടാത്ത ചുവന്ന പനിനീര്‍പ്പൂക്കള്‍. അതിലേക്ക് തന്നെ നോക്കിനില്‍ക്കുന്ന അനിരുദ്ധിനെയാണ് പുറത്തു നിന്ന് വന്ന ലയ കണ്ടത്. 

അനിരുദ്ധിന്  അടുത്തേക്ക് നടന്നുകൊണ്ട് സങ്കടത്തിന്‍റെയും സ്നേഹത്തിന്‍റെയും ഇടകലര്‍ന്ന നിറമുള്ള ശബ്ദത്തില്‍ അവള്‍ പറഞ്ഞു. 


"ആ കാണുന്ന ചിത്രങ്ങള്‍ ഒക്കെയും സലീമ വരച്ചതാണ് അനീ. സ്വന്തം ചിത്രം വരയ്ക്കാന്‍ മാത്രം കക്ഷിക്ക് സമയം കിട്ടിയില്ല. ആള് എന്നെവിട്ടുപോയതിനു ശേഷം മറ്റൊരാളെക്കൊണ്ട് വരപ്പിച്ചതാ അത്.  നീഎന്നോട് ചോദിച്ചില്ലേ എന്തിനാ ഇവിടിങ്ങനെ ഒറ്റക്ക് കഴിയുന്നത് എന്ന്? ഇവിടെ മാത്രമാണ് എനിക്ക് ഞാനാകാന്‍ കഴിയുന്നത് അനീ, നിനക്കറിയുന്ന കുഞ്ഞിയേച്ചിക്ക് ഈ നിറങ്ങള്‍ തന്നത് ഇന്നത്തെ ലയ ആക്കിയത് ഈ വീടാണ്, സലീമയാണ്. എനിക്കുപോലും അറിയില്ലായിരുന്ന എന്നെ എനിക്ക് കാണിച്ചുതന്നതും ജീവിതത്തിനെ ആസ്വദിക്കാന്‍ പഠിപ്പിച്ചതും എല്ലാം... ഇപ്പോള്‍ എന്‍റെ കൂടെയില്ലെങ്കിലും ഞങ്ങള്‍ രണ്ടാളും നട്ടുനനച്ച മരങ്ങളും ചെടികളും ഇവിടെത്തന്നെയുണ്ട്. ഈ ഓരോ ചിത്രത്തിനും പറയാനൊരു കഥയുമുണ്ട്. സലീമയെയും എന്നെയും പോലെ മഴവില്ലിന്‍റെ നിറത്തില്‍ സ്വപ്നം കാണുന്ന ഒരുകൂട്ടം കുട്ടികളും ആളുകളുമുണ്ട് അനീ ഇവിടെ. മലയാളം സംസാരിക്കുന്നില്ല എന്നേയുള്ളൂ - എന്‍റെ ഭാഷ അവര്‍ക്ക് നന്നായി മനസിലാകും. അവരെയൊക്കെ വിട്ടിട്ട് അവിടെ വന്നു നിന്നാലാണ്‌ എനിക്ക് ശ്വാസം മുട്ടുക. എനിക്കീ ലയയെ ആണ് ഇഷ്ടം മോനേ.. "


       ആദ്യമായി കാണുന്നതുപോലെ അവളെ നോക്കിനിന്നു അനിരുദ്ധ്. കയ്യില്‍ അണിയേണ്ട വളകളുടെ നിറം പോലും ഏതാണിഷ്ടമെന്നു ഉറക്കെപ്പറയാന്‍ മടിച്ചിരുന്ന കുഞ്ഞിയേച്ചിയില്‍ നിന്നും ഇന്ന് കാണുന്ന വ്യക്തതയുടെ സ്വരമുള്ള ലയയിലേക്ക് എത്ര മാറ്റം!  കണ്ണിനു മുന്നില്‍ ഉണ്ടായിട്ടും കാണാതെപോയ നിറങ്ങളെ തിരികെപ്പിടിച്ചു ജീവിക്കുന്ന കുഞ്ഞിയേച്ചിയാണ് മഴവില്ലെന്ന് പറയുമ്പോലെ അനിരുദ്ധ് അവളോട്‌ ഒന്നുകൂടി  ചേര്‍ന്നുനിന്നു  - ആ പതിനാലുവയസുകാരനെപ്പോലെ!  


Monday, December 31, 2018

ഒരു കേക്കുണ്ടാക്കിയ കഥ

  • നല്ലതുപോലെ മയമാക്കിയ വെണ്ണ എണ്ണി പത്ത് സ്പൂണ്‍ ഒഴിച്ചപ്പോള്‍ അവളോര്‍ത്തു - "കൊളസ്ട്രോള്‍ ആണല്ലോ ദൈവമേ! സാരമില്ല ഇന്നൊരു ദിവസത്തേക്കല്ലേ, ഇന്നല്ലെങ്കില്‍ പിന്നെയെന്നാണ് അയ്യാള്‍ക്ക് പ്രിയപ്പെട്ടത്  ഉണ്ടാക്കുക!" സ്വയമാശ്വസിച്ചുകൊണ്ട് മൂന്ന്‍ മുട്ടയും രണ്ടരകപ്പ് പഞ്ചസാരയും കൂടിച്ചേര്‍ത്ത് പതുക്കെ അവളാ കൂട്ട്  പതം വരുത്താന്‍ തുടങ്ങി. പുറകില്‍ നിന്നൊഴുകിവരുന്ന പാട്ടിന്‍റെ ഈരടികള്‍, 
  • "പാതിയടഞ്ഞൊരെന്‍  മിഴിയിതൾത്തുമ്പിന്മേല്‍ 
  • മണിച്ചുണ്ട് ചേർക്കുവാന്‍ വരുന്നതാരേ.... 
  • പാര്‍വണ ചന്ദ്രനായ് പതുങ്ങി നിന്നെന്‍ മാറില് 
  •  പനിനീര് പെയ്യുവാന്‍ വരുന്നതാരേ..."
  • പതിയേ വരികളുടെ കൂടെ മൂളുമ്പോള്‍ അവളുടെ മേല്‍ച്ചുണ്ടിന്‍റെ മറുകിനുമുകളില്‍ വിയര്‍പ്പ് പൊടിഞ്ഞു. ഇടംകയ്യുടെ പുറം കൊണ്ട് വിയര്‍പ്പൊപ്പി വേണ്ടത്ര  കൊക്കോപ്പൊടിയും ബേക്കിംഗ് സോഡയും മൈദയും അളന്നുതൂക്കി 2/3 കപ്പ് എണ്ണയും ഒരു നുള്ള് ഉപ്പും ചേര്‍ത്തിളക്കി ചൂണ്ടുവിരലിനറ്റം കൊണ്ടൊരു ലേശം തൊട്ടവള്‍ വായില്‍ വെച്ചു. മുട്ടയുടെ മണം മറയ്ക്കാന്‍ ഒരല്‍പം വാനിലനീര് ചേര്‍ക്കുന്ന പതിവുണ്ട് അവള്‍ക്ക്. മറക്കാതെ അതും ചേര്‍ത്ത് ഹൃദയത്തിന്‍റെ ആകൃതിയിലുള്ള കേക്കുണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് ഓവനിലേക്ക് വെക്കുമ്പോള്‍ അവള്‍ ഓര്‍ത്തു 40 മിനിറ്റ് സമയമുണ്ട്, ഒന്നോടിക്കുളിച്ചു വന്നേക്കാം. 
  • കുളിമുറിയിലേക്ക് കയറുംമുന്‍പ് 'വേഗം വരണേ' എന്നൊരു മെസ്സേജ് 'Hubby Dear' എന്ന് സേവ് ചെയ്ത നമ്പറിലെ വാട്സാപ്പിലേക്ക് അയച്ചു,  തറവാട് ഗ്രൂപ്പില്‍ വന്ന എല്ലാ ആനിവേര്‍സറി സന്ദേശങ്ങള്‍ക്കും ചേര്‍ത്തൊരു love സ്മൈലി കൊടുക്കാനും മറന്നില്ല അവള്‍. 
  • ചന്ദനമണമുള്ള 'musk' ന്‍റെ പുതിയ ലിമിറ്റഡ് എഡിഷന്‍ പെര്‍ഫ്യും - അയാളുടെ വാര്‍ഷിക സമ്മാനം - നീണ്ട വിരലുകളുടെ തുമ്പിലൊരു തുള്ളി എടുത്തവള്‍ ചെവിയുടെ പുറകില്‍ തടവി. അയാള്‍ക്ക്ഏറ്റവും ഇഷ്ടമുള്ള വാടാമുല്ല നിറത്തില്‍ ഇളംനീല കരയുള്ള സാരി ഉടുത്തുകൊണ്ടിരിക്കുമ്പോഴാണ്  ഓവനില്‍ നിന്നുള്ള ടൈമര്‍ വന്നത്. കേക്കിന്‍റെ ചൂടാറും മുന്‍പ് മധുരമുള്ള പാലോ, ഓറഞ്ച് നീരോ കേക്കിനുമുകളില്‍ ഒഴിച്ചുവെക്കണം - അതവളുടെ കേക്കിന്റെ സീക്രട്ട് റെസിപിയാണ്, ഉണ്ടാക്കി എത്രനേരം കഴിഞ്ഞാലും കേക്കിന്‍റെ മൃദുത്വം പോകാതിരിക്കാനുള്ള സൂത്രപ്പണി. 
  • കേക്കിലൊന്ന് പതുക്കെ അമര്‍ത്തി രുചിയുടെ അളവൊന്ന് മനസില്‍ കണക്ക്കൂട്ടി അവള്‍ . പിന്നെ ഒരു കപ്പ് പാലില്‍ 2 സ്പൂണ്‍ ഹണി ഒഴിച്ച് കലക്കി മധുരമുണ്ടെന്ന് ഉറപ്പിച്ചതിനുശേഷം മാത്രം അവള്‍ മെഡിസിന്‍ കാബിനറ്റ്‌ തുറന്ന് ചുമയുടെ മരുന്നിന്‍റെ കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആ നിറമില്ലാത്ത ദ്രാവകം - വിഷങ്ങളുടെ രാജ്ഞി- 'വത്സനാഭം' എടുത്തു.  ഒരു സ്പൂണ്‍ നിറയെ എടുത്ത് പാല്ക്കൂട്ടില്‍ കലക്കി അയാള്‍ക്കിഷ്ടമുള്ള ചോക്ലേറ്റ് കേക്കിന്‍റെ മുകളിലായി എല്ലായിടത്തും പരക്കുന്ന രീതിയിലൊഴിച്ച് വീണ്ടുമതേ പാട്ട്,  'മഴയുള്ള രാത്രിയില്‍ മനസിന്‍റെ.....' കേട്ടുകൊണ്ട് അവള്‍ അയാള്‍ക്കായി കാത്തിരുന്നു. 
  • (#Randomword2Story കേക്ക് )

Sunday, February 14, 2016

നമുക്ക് അവിടെ രാപാര്‍ക്കാം

എന്നാലും എന്തിനായിരിക്കും അവരത് ചെയ്തത്! എത്രയാലോചിച്ചിട്ടും പിടി കിട്ടാതെ വന്നപ്പോള്‍ അയാള്‍ ഇരുന്ന ഇടത്ത് നിന്നെഴുന്നേറ്റു നോക്കി -മക്കള്‍ എന്താ ചെയ്യുന്നത് എന്ന്. ഓ, പരിചയപ്പെടുത്താന്‍ മറന്നു - അയാള്‍ -ജോര്‍ജ് ജോസഫ്‌ മാളിയേക്കല്‍ , സെയിന്റ് ജോര്‍ജിന്‍റെ ഓര്‍മ്മ ദിനത്തില്‍ പിറന്നതാ. അപ്പന്‍ കയ്യോടെ ആ പേരങ്ങിട്ടു . ഇല്ലായിരുന്നെങ്കില്‍ അപ്പന്റെ പേര് തിരിച്ചിട്ട്  അപ്പാപ്പനേം കൂടെ കൂട്ടി ആന്റണി ജോസഫ്‌ എന്നായേനെ. ഇപ്പൊ ആ പേര് അയാളുടെ അനിയന് സ്വന്തം.

അയാളുടെ മക്കള്‍ ആണു ആ ഉദ്യാനത്തില്‍ കളിക്കുന്നത് പ്രാര്‍ത്ഥനയും നന്മയും - രണ്ടും  നല്ല  ചന്തമുള്ള മാലാഖ കുഞ്ഞുങ്ങള്‍ തന്നെ . മക്കള്‍ക്ക് പേരിട്ടത് അയാളുടെ അപ്പനാ ,ഒരു നല്ല ശമരിയക്കാരന്‍ . കൊച്ചുമക്കളുടെ പേര് കേട്ടാല്‍ എല്ലാവര്ക്കും ഇഷ്ടം തോന്നണം എന്നൊരു ന്യായവും. അയാളും ഭാര്യയും പ്രാര്‍ത്ഥനയെ പാത്തു ആക്കി , ഇളയവള്‍ വന്നപ്പോള്‍ പാത്തു അനിയത്തിയെ അവളുടെ ഇഷ്ടത്തിന് കുഞ്ഞിപ്പാത്തു എന്ന് കൊഞ്ചിച്ചു  . അഞ്ചു  വയസുകാരി പ്രാര്‍ത്ഥന ഇടയ്ക്കിടെ അപ്പായിയെ തിരിഞ്ഞു നോക്കുന്നുണ്ട് . കൂടെ കളിയ്ക്കാന്‍ മുയലും മാനുമൊക്കെ ഉണ്ടെങ്കിലും രണ്ടാള്‍ക്കും ഒരു ഉഷാറില്ല - അമ്മയെ കാണാഞ്ഞിട്ടാ .പാവങ്ങള്‍. ,അമ്മമാരുടെ അടുത്ത് നിന്ന് മാറി നില്‍ക്കേണ്ട സമയം ഒന്നും ആയില്ലലോ - ഇളയ കുഞ്ഞിനാണേല്‍ ഒരു വയസ് ആയതേയുള്ളൂ.  ജോര്‍ജിന് അടുത്തേക്ക് ഓടി പാത്തു  ചോദിച്ചു  -

"അപ്പായീ കുഞ്ഞാവയ്ക് വിശക്കോ ? അമ്മീനെ കാണുന്നില്ലാലോ " .

 നാല് വയസിന്റെ മൂപ്പെയുള്ളൂ എങ്കിലും അമ്മയെപ്പോലെയാണ് അവള്‍ക്ക് അനിയത്തിയെ കുറിച്ച് ചിന്ത. ജോര്‍ജ് ചിരിച്ചു  പാത്തുവിന്റെ മുഖത്തെ ഗൌരവം കണ്ടിട്ട്. അഞ്ചു വയസില്‍ അമ്മാമ്മ ആണെന്നാ പെണ്ണിന്‍റെ വിചാരം. അമ്മാമ്മ എന്ന ഓര്‍മ്മയില്‍ അയ്യാളുടെ ചിരി മാഞ്ഞു - സ്വന്തം അപ്പനെയും അമ്മയെയും ഓര്‍ത്തു അയ്യാള്‍  , എന്തായിരിക്കുമോ അവിടെ അവസ്ഥ. കയ്യില്‍ പിടിച്ചു വലിച്ചു പാത്തു അയ്യാളുടെ മുഖത്തേക്ക് നോക്കി

"സാരമില്ല പാത്തൂ അവള്‍ക്ക് വിശക്കുന്നുണ്ടാകില്ല. അമ്മി ഇപ്പോഴെത്തും . മോള്‍ക്ക് വിശക്കുന്നുണ്ടോ ? "

"ഊഹും ഇല്ല്ലപ്പായീ :) വയറൊക്കെ ദേ ഭും എന്നിരിക്ക്യാ.. നേരത്തത്തെ വേദനയും ഇല്ല " 

അതും പറഞ്ഞവള്‍ വെള്ളമേഘം പോലെ പുകയുയരുന്ന കുഞ്ഞു വെള്ളക്കെട്ടിന് അടുത്തേക്ക് ഓടി . ജോര്‍ജ് ചുറ്റിലും നോക്കി 

"എന്തൊരു ഭംഗിയാ ഈ സ്ഥലമൊക്കെ കാണാന്‍ . ഇടയ്ക്കിടെ സ്വര്‍ണ്ണ മാനുകളേയും കാണാന്‍ ഉണ്ട് -പിന്നെ പല നിറത്തിലും തരത്തിലുമുള്ള പൂക്കളും പഴങ്ങളും. ഇവിടെ തന്നെ അങ്ങ് കഴിഞ്ഞാല്‍ മതിയായിരുന്നു -അതെങ്ങനാ ഇതൊരിടത്താവളം ആണെന്നല്ലേ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നയാള്‍ പറഞ്ഞത്..
കുഞ്ഞുങ്ങളുടെ അമ്മ വരും വരെ മാത്രം. അത് കഴിഞ്ഞാല്‍ മറ്റൊരിടത്തേയ്ക്ക് പോകാം. അവള്‍ വരേണ്ട സമയം ഒക്കെ കഴിഞ്ഞു , ഈ പിണക്കക്കാരി പെണ്ണ് -രണ്ടു കൊച്ചുങ്ങളായി എന്നാലും ചെറിയ കുട്ടിയാണെന്നാ വിചാരം. ഇനിയും എന്തിനാണീ പിണക്കമൊക്കെ !! ആവോ , ആര്‍ക്കറിയാം.ഇങ്ങു വരട്ടെ - അവരോ അങ്ങനെയൊക്കെ ചെയ്യുന്നു, നമ്മള്‍ക്ക് അറിയാമല്ലോ പിന്നെയും എന്തിനു പിണങ്ങുന്നു എന്ന് ചെവിക്ക് പിടിച്ചു ചോദിക്കണം "

അവിടെ വരെ എത്തിയപ്പോള്‍ അയാള്‍ക്ക് ചിരി പൊട്ടി -എന്തൊക്കെയാണ് താന്‍ ചിന്തിക്കുന്നത്?

ദൂരെ ഒരു പൂക്കള്‍ അലങ്കരിച്ച കവാടം കാണുന്നുണ്ട് -അതിലെ തന്നെയാകും അവളും വരിക. അര മണിക്കൂര്‍ മുന്നേ അവര്‍  ഓരോരുത്തരായി വന്നതും അത് വഴി തന്നെ  .ഇവിടെ കാത്തു നില്‍ക്കണം എന്നു കുഞ്ഞിപ്പാത്തു എങ്ങനെ അറിഞ്ഞെന്നാ അതിശയം , അവളാണല്ലോ ആദ്യം എത്തിയത്  . അതാ, വേണ്മേഘം പോലെയൊരു വണ്ടിയില്‍ അയാളുടെ ഭാര്യ എത്തിക്കഴിഞ്ഞു - " നൂര്‍ജഹാന് " അയ്യാള്‍ ഉറക്കെ വിളിച്ചു - എത്ര മനോഹരിയായിരിക്കുന്നു അവള്‍ -ആദ്യമായ്  കലാലയത്തില്‍ കണ്ടു മുട്ടിയപ്പോഴത്തെത് പോലെ ‍. ആര്‍ത്തലച്ചു വന്നു അയ്യാളെ കെട്ടിപ്പിടിച്ചു അവളും ചോദിച്ചു
"എന്തിനാ ജോര്‍ജീ ,എന്തിനാ അവരൊക്കെ അങ്ങനെ ചെയ്തത്? എന്തിനാ എന്നെ എന്‍റെ മക്കളുടെ കൂടെ അടക്കാതെ മയ്യത്ത് പറമ്പില്‍ അടക്കിയേ?  അവരെന്താ എന്നെ മാത്രം മാറ്റിക്കളഞ്ഞേ "  .

 അയാള്‍ അപ്പോഴും ആലോചിച്ചു എന്തിനായിരിക്കും അവര്‍ അങ്ങനെ ചെയ്തത്? മരിച്ച ഞങ്ങള്‍ നാലുപേരും  ഈ ലോകത്തില്‍ ഒരുമിച്ചാണല്ലോ എല്ലാത്തിനും . പിന്നെയുമെന്തിനെ അവര്‍ ഞങ്ങളുടെ ശരീരങ്ങളോട് അങ്ങനെ ചെയ്തത്? ആത്മാക്കള്‍ക്ക് വേറെ വേറെ ലോകമില്ല എന്ന് അറിയാത്ത വിഡ്ഢികള്‍!.

അവളെ അടക്കി ചേര്‍ത്ത് പിടിച്ചു നടക്കവേ അയാള്‍ പതുക്കെ പറഞ്ഞു

 " പൊന്നേ, നമ്മള്‍ എല്ലാരും ഒരുമിച്ചല്ലേ ഇവിടെ പിന്നെന്തിനാ സങ്കടം ? നമ്മുടെ കാറിനെ  ഇടിച്ചു തെറിപ്പിച്ച  ആ  ലോറിക്കാരനോട്  പോലും  എനിക്കിപ്പോള്‍  സ്നേഹം  തോന്നുന്നു - നമ്മളെ  അയാള്‍  പിരിച്ചില്ലാലോ!, നീയില്ലാതെ  ഞാനില്ലാതെ  നമ്മുടെ  കുഞ്ഞുങ്ങള്‍  വളരേണ്ടി  വന്നില്ലാലോ....
 അതാ കുഞ്ഞുങ്ങള്‍ എത്ര  നേരമായി  നിന്നെയും കാത്തിരിക്കുന്നു.  ഈ  വിഡ്ഢികളുടെ ലോകം വിട്ടു നമുക്ക് സ്വര്‍ഗത്തില്‍ പോയി ഒരുമിച്ചു ജീവിക്കാം  "

=======================================================================
(2014 - February edition Malayali Magazine )

Tuesday, June 9, 2015

ആ കാലം അങ്ങനെ !

കുറേക്കാലം കൂടിക്കിട്ടിയ അവധിക്കാലം ആസ്വദിക്കണം എന്ന് ഉറപ്പിച്ചത് പോലെയായിരുന്നു ലയകൃഷ്ണന്‍ ആരോടും ഒന്നും പറയാതെ ടെക് സിറ്റിയില്‍ നിന്നും പഴമയുടെ ഗ്രാമത്തിലേക്ക് തിരക്കിട്ടോടിയത് . കല്‍ ഒതുക്കുകള്‍ കയറുമ്പോഴേ കണ്ടു നരച്ച മാക്സിയില്‍ ഒരു ക്ഷീണിച്ച രൂപത്തിനെ , മെല്ലിച്ച കയ്യില്‍ ചൂലിനെ നീരു തടിപ്പിച്ച  വിരലുകള്‍ കൊണ്ട് കൂട്ടിപ്പിടിച്ചു വിഷമിച്ചു മുറ്റം അടിക്കുകയാണ്. കണ്ടപ്പോള്‍ തന്നെ അവള്‍ക്ക് ദേഷ്യമാണു പൊട്ടിപ്പുറത്തേക്ക് വന്നത്

"എത്ര പറഞ്ഞാലാ അമ്മാ  ഒന്നനുസരിക്കുവാ? അപ്പുറത്തെ അജിതേച്ചി  സഹായിക്കാന്‍  വരുന്നുണ്ട്,എന്ന് പറഞ്ഞിട്ട് ഇപ്പോഴും അമ്മന്നെയാണോ ഇതൊക്കെ! "

തിരിഞ്ഞു നോക്കിയ ക്ഷീണിച്ച കണ്ണുകളില്‍ കുഴിയില്‍ നിന്നൊരു പ്രകാശം പരന്നു പൊലിഞ്ഞു

"എന്താ ലച്ചൂ പെട്ടെന്ന് ? പറഞ്ഞില്ലാലോ ഇന്നലെ വിളിച്ചപ്പോള്‍?
നീയിങ്ങനെ നോക്കുവൊന്നും വേണ്ടാ കൊച്ചേ .. അജിത വരാറുണ്ട്  , ഇതിപ്പോള്‍ ആകെ കരിയില പാറിയപ്പോള്‍ ഞാനൊന്നു ഒതുക്കിയെന്നെ ഉള്ളൂ... ഡോക്ടറും പറഞ്ഞു കൈവിരലുകള്‍ക്ക് അനക്കം വേണമെന്ന്. നീ  ഡ്രസ്സ്‌ മാറി വാ ,ഞാന്‍ ചായ എടുക്കാം -അതോ കുളി കഴിഞ്ഞിട്ടേ ഉള്ളോ? "


"ഉവ്വല്ലോ അമ്മയ്ക്ക് എല്ലാത്തിനും ഉണ്ട് ഓരോ ന്യായങ്ങള്‍! ഹും... എന്താ കാര്യം! പറഞ്ഞാല്‍ കേള്‍ക്കില്ലാലോ - എനിക്ക് ചായ വേണം. നല്ല തലവേദന. കുളിയൊക്കെ പിന്നെ "


പഴയൊരു പാവാട തപ്പിയെടുത്ത് ചുരിദാറിന്റെ അയഞ്ഞൊരു മേല്‍ക്കുപ്പായവും ഇട്ടു അടുക്കളയില്‍ എത്തുമ്പോഴേക്കും ചൂടന്‍ ചായയും പൂളിയ മാങ്ങാക്കഷ്ണവും അമ്മ റെഡി ആക്കിയിരുന്നു. കണ്ടപ്പോളേ വായില്‍ കപ്പലോട്ടാന്‍ ഉള്ള വെള്ളം നിറഞ്ഞത് കൊണ്ട് കൈ ആദ്യം നീണ്ടത് മാങ്ങാ പിഞ്ഞാണത്തിലേക്കാണ് .വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന മാങ്ങാപ്പൂള്‍ കഴിക്കുമ്പോള്‍ അവളോര്‍ത്തു ബംഗ്ലോരിലെ മാങ്ങയ്ക്ക് എന്താണിത്രയും സ്വാദില്ലാത്തത് .

"പൊന്നുവമ്മയുടെ വീട്ടിലെ മാങ്ങയാ. പാവം ! വയ്യ. നീ പോകും മുന്പ് ഒന്നവിടെ പോണംട്ടാ . ഇതെന്ത് വേഷാ കൊച്ചേ -നിനക്ക് മര്യാദയ്ക്ക് ഒരുടുപ്പില്ലേ? വല്യ കൊട്ടാരത്തിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണുപോലും. അപ്പുറത്തും ഇപ്പുറത്തും ഉള്ളോരെക്കൊണ്ട് പറയിക്കും "
അമ്മയുടെ ആവലാതി ചിരിയുണര്‍ത്തി .. സമാധാനമായി ഒരു ഡ്രസ്സ്‌ ഇടാനും അയല്‍ക്കാരെ പേടിക്കണോ എന്‍റെ അമ്മേ! മര്യാദയ്ക്ക് ആണല്ലോ ഈ ഡ്രസ്സ്‌ എന്ന് മനസിലോര്‍ത്ത് ചായഗ്ലാസുമായി ലയ വരാന്തയിലേക്ക് പോയി. ആഗ്രഹിച്ചു പണിത വീടിന്‍റെ ഏറ്റവും ഇഷ്ടമുള്ള ഇടം , കാഴ്ച കണ്ടിരിക്കാന്‍ പറ്റിയ  രീതിയില്‍ സിടൌട്ടില്‍ കെട്ടിയ അരപ്ലേസ് . കാല് നീട്ടി ഭിത്തിയില്‍ ചാരിയിരുന്ന് ചായ മൊത്തിക്കുടിക്കുമ്പോള്‍ പുറകിലൊരു തട്ടും ചോദ്യോം ഒരുമിച്ച് -
"മക്കളെപ്പോ എത്തീ ? " -അപ്പുറത്തെ പാറൂമ്മ  ആണ് .
കാലം എവിടെയോ വെച്ച് ചങ്ങാത്തം കൂടിപ്പോയതാണ് പാറൂമ്മയോട്. പഴയ ഫ്രോക്കുകാരി മുഴുപ്പാവാടയും സാരിയുമൊക്കെ മാറി അണിയാന്‍ തുടങ്ങിയിട്ടും ഈ ആള് അന്ന് കണ്ടത് പോലെ തന്നെ. എപ്പോള്‍ കാണുമ്പോളും മുണ്ടിന്‍റെ കോന്തലയില്‍  നിന്ന് ഒരു തുണ്ട് കല്‍ക്കണ്ടമുണ്ടാകും സമ്മാനിക്കാന്‍. കുറെ അതിശയിപ്പിച്ചിട്ടുണ്ട് എന്ത് മന്ത്രവിദ്യയിലാണ് ഈ കുഞ്ഞുകോന്തല ഇത്രയും കല്‍ക്കണ്ടക്കഷ്ണങ്ങളെ ഒളിപ്പിക്കുന്നതെന്ന്. അമ്മയുടെ ആകാശവാണി ആണ് പാറൂമ്മ , ലോകത്തിലെ എല്ലാ ന്യൂസും കൃത്യമായിട്ട് ഇവിടെ എത്തിക്കും, ഇവിടുന്നുള്ളത്  പുറത്തോട്ടും.

"ഇപ്പൊ ഓടിയെത്തിയെ ഉളളൂ പാറമ്മോ . എന്തൊക്കെ വിശേഷങ്ങള്‍? കുഞ്ഞീം പൊന്നീം  സ്കൂളില്‍ പോയോ? ബിന്ദേച്ചി ഇഡ്ഡലിപ്പുറത്താ ? "  ഒരു മണിക്കൂര്‍ നേരം പാറുവമ്മയ്ക്ക് സംസാരിക്കാനുള്ള വിഷയം കൊടുത്തിട്ട്   പേപ്പറുകാരന്‍റെ വിളി കേള്‍ക്കുന്നുണ്ടോ എന്ന് നോക്കുമ്പോള്‍  അവളോര്‍ത്തു , ഇവിടെയിങ്ങനെ ചമ്രം  പടിഞ്ഞിരുന്നു,  ചായ കുടിച്ചു,  പേപ്പര്‍ വായിക്കുന്ന സുഖം എത്രയായാലും ഓഫീസിലെ കമ്പ്യുട്ടറില്‍ ഓണ്‍ലൈന്‍ പേപ്പറിന് തരാന്‍ കഴിയുന്നില്ല. ഒരു വാര്‍ത്തയും ഞെട്ടിക്കുന്നുമില്ല, സന്തോഷിപ്പിക്കുന്നുമില്ല. ഇടവേളകളില്‍ പോലും സാലറി ഹൈക്കും , കമ്പനി ചാട്ടവും മാത്രം സംസാരിക്കുന്ന ഈ ജോലി മടുത്തിരിക്കുന്നു. ഏതെങ്കിലും തരത്തില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ ആഗ്രഹിക്കാത്ത ദിവസങ്ങളില്ല എന്നായിരിക്കുന്നു.

"ലയേച്ചീ പൂയ്, സ്വപ്നം കാണാ? "  ചോദ്യോം പേപ്പറും ഒരുമിച്ചാണ് എത്തിയത് , അയലത്തെ കുട്ടനാണ് . പരിസരങ്ങളിലെ പേപ്പര്‍ അവന്‍റെ കുത്തകാവകാശമാണ്.

"സുഖല്ലേ" എന്നൊരു ചോദ്യത്തില്‍ ഉത്തരവും അന്വേഷണവും ഒക്കെയൊതുക്കി അവള്‍ പേപ്പര്‍ നിവര്‍ത്തി.  ഉള്ളില്‍ നിന്ന് വീണ ഒരു നോട്ടിസിലേക്ക് ഒന്നേ നോക്കിയുള്ളൂ - ഉറക്കത്തിലും മറക്കാത്ത ആ മുഖം ചിരിച്ചു കൊണ്ട് അതില്‍. ഒരൊറ്റ നിമിഷം കൊണ്ട് ലയയുടെ മുന്നില്‍ കാലിഡോസ്കോപ്പിലെ ചിത്രങ്ങള്‍ പോലെ പലതും മാറിമറിഞ്ഞു.  പറങ്കിമാവുകള്‍ നിറഞ്ഞ ചെമ്മണ്‍നിരത്തിലൂടെ തയ്ച്ചുകിട്ടിയ യുണിഫോറം മാറോടു ചേര്‍ത്ത് പിടിച്ചു ധൃതിയില്‍ നീങ്ങുന്ന ഒരു ഏഴാം ക്ലാസുകാരി പെണ്‍കുട്ടിയേയും , സഹായിക്കാന്‍ പരിചയഭാവത്തില്‍ അരികില്‍ നിര്‍ത്തിയ ഓട്ടോക്കാരനെയും , ഓട്ടോയ്ക്കുള്ളില്‍ കണ്ട ചിരിക്കുന്ന ഒരു കുഞ്ഞുമുഖവും, വലിയ മുത്തുകള്‍ കോര്‍ത്തിട്ടിരുന്ന തന്‍റെ  മാലയിലൂടെ താഴേക്ക് ഇഴഞ്ഞ ,  അഴുക്കു നിറഞ്ഞ നീണ്ട  നഖങ്ങളുള്ള വിരലോടിച്ച്  വില ചോദിച്ച ശബ്ദവും, അറയ്ക്കുന്ന ചിരിയുടെ  കൈ തട്ടി മാറ്റി പുറത്തേക്ക് ചാടിയ സമയത്തെ ശ്വാസം മുട്ടുന്ന അവസ്ഥയും,  വീണുമെണീച്ചും ഓടിവീട്ടിലേക്കെത്തിയ തന്‍റെ മുട്ടിലെയും കയ്യിലേയും മുറിവുകള്‍ കണ്ടമ്പരന്ന അമ്മയുടെ മുഖവും എല്ലാം ഇന്നലെക്കഴിഞ്ഞത് പോലെ ലയയില്‍ വീണ്ടും നിറഞ്ഞു.

' ഒരുപാട് കള്ളങ്ങളില്‍ അന്ന് അമ്മയെ  വിശ്വസിപ്പിച്ചെങ്കിലും പിന്നീട് എത്രയോ വട്ടം ചിലന്തിയരിക്കും പോലെ ആ വിരലുകള്‍ നെഞ്ചിലോടി നടക്കുന്നതായി അനുഭവിച്ച്  ഉറക്കമില്ലാതെ കിടന്നിട്ടുണ്ട് . ആരോടും പറയാന്‍ കഴിഞ്ഞില്ല, പേടിയായിരുന്നു അമ്മയോട് പറയാന്‍ പോലും.  അന്നാ വണ്ടിയില്‍ കണ്ടത് മോളാണെന്ന് പറഞ്ഞത് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല , വണ്ടിയില്‍ കയറ്റാന്‍ വേണ്ടിയുള്ള സൂത്രം ആയിരുന്നെങ്കില്‍ !  ആ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചുവോ ഒന്നുമറിയില്ല .  ഇനിയത് ശരിക്കും ആ വൃത്തികെട്ട ജന്തുവിന്‍റെ മകള്‍ തന്നെയാണെങ്കില്‍... '  ഓര്‍മ്മകളെ പുറത്തേക്ക് എറിയാനെന്നത് പോലെ അവള്‍ തല ശക്തിയായി കുടഞ്ഞു.

"ഇന്നലെയാ മോളേ , മ്മടെ നാലും കൂടിയ മുക്കില്ലേ അവിടെ ഒരു ട്രാന്സോര്ട്ട്  ബസാണ് ഇടിച്ചിട്ട് കടന്നു കളഞ്ഞ്. പാവം, നല്ല തങ്കപ്പെട്ട മനുഷേനായിരുന്നു, എവിടെ കണ്ടാലും പാറൂമ്മ കേറാന്‍ പറഞ്ഞെത്ര പ്രാവശ്യം ,ഇവിടെ ഈ  നടേല് കൊണ്ടിറക്കിയിട്ടുണ്ടെന്നോ , അല്ലേലും നല്ല മനുഷേര്‍ക്ക് ദൈവം ആയുസ് കൊടുക്കൂല്ലാല്ല്" .

പാറുവമ്മയുടെ 'ആത്മാര്‍ത്ഥമായ' പായാരം പറച്ചിലിന്

 "അതേയതെ നല്ലസല്‍ 916 തങ്കം "

എന്ന് പറഞ്ഞു നിര്‍ത്താതെ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന   ലയയെ ആദ്യമായി കാണുമ്പോലെ അമ്മ നോക്കിനിന്നു. ഒന്നും മനസിലാകാതെ നിന്ന അമ്മയ്ക്ക് അമര്‍ത്തിയൊരു ഉമ്മ കൊടുത്ത് ലയ ഒന്നാസ്വദിച്ചു കുളിക്കാനായി , കിണറിലെ തണുത്ത വെള്ളത്തില്‍ അഴുക്കിനെ മുഴുവന്‍ കഴുകി കളഞ്ഞൊന്നു ഫ്രെഷാകാനായി പുറത്തെ കുളിപ്പുരയിലേക്ക് നടന്നു.


Thursday, September 18, 2014

കല്യാണം വരവായി

ഈ തുലാമഴയെ കൊണ്ട് തോറ്റൂ.. ഇതിനൊന്നു തോര്‍ന്നൂടെ .. എത്ര നേരായി ഇങ്ങനെ തകര്‍ത്തു പെയ്യുന്നു ..പാവം കൊച്ചേട്ടന്‍ ഇതിപ്പോ മൂന്നാം തവണയാ ആ പന്തലിന്‍റെ കാല് നാട്ടുന്നത്.നാശം മഴയേ .. ഹരിതയുടെ ചിന്തകളെ തകര്‍ത്ത് കൊണ്ട് ചിറ്റയുടെ ചോദ്യമെത്തി.


"ആരോടാ കുട്ടീ  നീയോറ്റക്ക് നിന്ന് പിറു പിറുക്കണേ ? ആരൊക്കെയാ നിന്നെ കാണാന്‍ വന്നിരിക്കുന്നത് എന്ന് നീ കണ്ടോ? , അല്ല നീയിപ്പോഴും ചുരിദാറിലാ? " 
ചുണ്ടില്‍ ഫിറ്റ്‌ ചെയ്ത കൃത്രിമ പുഞ്ചിരിയുമായി തിരിയുമ്പോള്‍ ഹരിതയ്ക്ക് ഉള്ളില്‍ ദേഷ്യം ആണ് വന്നത്. നാളേയ്ക്കുള്ള കല്യാണത്തിന് എന്തിനാണപ്പാ ഇത്രേം നേരത്തെ ആള്‍ക്കാര്‍ വരുന്നത് . അവര്‍ക്ക് വേണ്ടി ഒരുങ്ങി നില്‍ക്കാനല്ലേ വൈകിട്ട് ഒരു ചടങ്ങ് വെച്ചിരിക്കുന്നത് . ബ്യുട്ടിഷന്‍ വരാതെ താന്‍  ഇനി സാരി വലിച്ചു ചുറ്റി നില്‍ക്കണോ എന്നോര്‍ത്തപ്പോള്‍ അവള്‍ക്ക് വീണ്ടും അരിശം കയറി.  കട്ടിലില്‍ വിടര്‍ത്തിയിട്ടു സാരി കാണിക്കുകയാണ് അമ്മായിയും ചിറ്റയും കൂടി വന്ന ആളുകളെ. ഇത്ര നാള്‍ ആരെയും ഈ വഴി ഒന്ന് കണ്ടില്ലല്ലോ എന്ന് ചോദിക്കണം എന്നും അവള്‍ക്ക് തോന്നി.. തോന്നലുകള്‍ കൂട് പൊട്ടിച്ചു ചുണ്ടിലേക്ക്‌ തെറിക്കും എന്ന് വന്ന നിമിഷത്തിലാണ് അവളോടായി ആരോ ചോദിച്ചത്


ചെക്കന്‍ സിന്ഗപ്പൂര്‍ ആണല്ലേ, അപ്പോള്‍ ഹരിതയ്ക്കും പോകാമല്ലോ അവിടേക്കൊക്കെ
. നമ്മളെയൊക്കെ മറക്കോ വല്യ പത്രാസില്‍ ആകുമ്പോള്‍ ?


പിന്നിലുയര്‍ന്ന കൂട്ടച്ചിരിയില്‍ ചുണ്ടിനെ ഒന്ന് വളച്ചു പങ്കു ചേര്‍ന്നുന്നു വരുത്തി അവള്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി . നീരസം വരുന്നത് പ്രതിഫലിപ്പിക്കാനെന്ന പോലെ മേല്‍ച്ചുണ്ടിനു മുകളില്‍ പൊടിഞ്ഞ വിയര്‍പ്പ് തുള്ളികളെ അവളിടം കൈ കൊണ്ട് തൂക്കുമ്പോള്‍ ഓര്‍ത്തു -ഈശ്വരാ ഈ സീക്രെട്ട് എങ്ങാനും ആ കെട്ടാന്‍ പോകുന്ന കോന്തന്‍ അറിഞ്ഞാല്‍ തീര്‍ന്നു.
തൊടിയിലെ താഴത്തെ പേരയില്‍ ഒരു പേരയ്ക്ക താനിന്നലെ കണ്ടു വെച്ചിരുന്നത് പഴുത്തുവോ എന്ന് നോക്കാം എന്ന് കരുതിയാണ് അങ്ങോടെക്ക് നടന്നത് . എത്താക്കൊമ്പത്ത് പെരുവിരലില്‍ പൊങ്ങി പറിക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നില്‍ അമ്മയെത്തിയത് സ്നേഹത്തിന്‍റെ ശബ്ദം തൊട്ടപ്പോളാണ് അറിഞ്ഞത്


"കുഞ്ഞീ, വീഴണ്ട മോളെ. നിനക്കത് വേണേല്‍ കണ്ണനോടോ ഉണ്ണിയോടോ പറയൂ.  ഇനി ഉരുണ്ടു പിരണ്ടു വീഴുകയോ മറ്റോ ആയാല്‍  വെറുതെ ദേഹം കേടാകും."



"കിട്ടാത്ത കായ കേറിപ്പറിക്കാമല്ലോ അമ്മേ " 
"പതിയെ പറയു കുഞ്ഞി 
 അവിടാരും കേള്‍ക്കണ്ട  "


കു-സൃതി അമ്മയ്ക്ക് ഇഷ്ടാ"യി ല്ല എന്ന് മനസിലായപ്പോള്‍ വീണ്ടും  ചൊടിക്കാനാണ് തോന്നിയത് -അപ്പോളിനി മരത്തില്‍ കയറാനും തനിക്ക് അനുവാദം വേണോ! ഈ അമ്മയോടും ചേട്ടന്മാരോടും എത്ര വട്ടം പറഞ്ഞു കല്യാണം തനിക്കു വേണ്ടേ വേണ്ടാന്ന്. അതും ഒരിക്കലും കാണാത്ത ഒരാളെ. പോരാഞ്ഞു എന്നെ ഈ നാട്ടില്‍ നിന്നും അമ്മയില്‍ നിന്നും ഒക്കെ ദൂരെ കൊണ്ട് പോകുന്ന ഒരാളെ. അച്ഛനില്ലാത്ത വീട്ടില്‍ അ ച്ഛന്റെ സ്ഥാനമാണ് മുരളി വല്യച്ഛന് എന്ന ന്യായത്തില്‍ അമ്മ ഇതിനു സമ്മതം മൂളി. പുറത്ത് പോയാല്‍ പരിചയമില്ലാത്ത ഒരാളോടും മിണ്ടരുത് എന്ന് ആധി പിടിക്കുന്ന അമ്മ ഒട്ടും പരിചയമില്ലാത്ത ഒരാളോടൊപ്പം എങ്ങനെ താനീ  ജീവിതം മൊത്തം കഴിയും എന്ന് ആലോചിച്ചില്ലാലോ . കൊച്ചേട്ടനും വല്യേട്ടനും ഒക്കെ തമാശ - തന്‍റെ വീര്‍പ്പുമുട്ടല്‍ ആരോട് പറയാന്‍. എങ്ങനെ എങ്കിലും ഉത്തരവാദിത്തം ഒഴിവാക്കാന്‍ ആകും മുരളി വല്യച്ഛന്‍ ഇത്ര പെട്റെനീ ആലോചനയുമായി വന്നത്. കൂട്ടുകാരികള്‍ പോലും ഒക്കെ തന്‍റെ തോന്നലാണെന്ന് പറയുന്നു. ഉള്ളിലെ ചിറകടിയൊച്ചകള്‍ തനിക്ക് മാത്രം തോന്നുന്നതാണോ?
************************************************************************


രാത്രി വൈകി ആളൊഴിഞ്ഞപ്പോള്‍ ഹരിതയ്ക്ക് ഉറങ്ങാന്‍ ഭയമായി -നാളെ , ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഉറങ്ങിയാല്‍ നാളെയായി പോകുമല്ലോ എന്നോര്‍ത്ത് അവള്‍ കണ്ണ് മിഴിച്ചു കിടന്നു..
നട്ടു നനച്ചു വളര്‍ത്തിയ മുല്ലയും റോസയും കാണാതെ, ഓമനിച്ചു വളര്‍ത്തുന്ന കുറിഞ്ഞിക്ക് ചോറ് കൊടുക്കാതെ, വല്യേട്ടനും കൊച്ചേട്ടനും നീട്ടുന്ന വല്യുരുള കിട്ടാതെ താന്‍ എങ്ങനെ ജീവിക്കും? അമ്മയുടെ കാച്ചെണ്ണയുടെയും ഭസ്മത്തിന്റെയും  നേര്‍ത്ത ഗന്ധമുള്ള സാരിത്തലപ്പില്‍ മുഖം പൂഴ്ത്താതെ എങ്ങനെ ഉറങ്ങും?  ... .... അലാറം ഒച്ചയില്‍ അടിച്ചു , ചാടി എണീല്‍ക്കുമ്പോള്‍ അരികില്‍ അമ്മ ഇരിക്കുന്നുണ്ട് - ഈറന്‍ മാറാത്ത ചന്ദനമുഖത്തോടെ.
"എനിക്കെവിടെം പോണ്ടമ്മേ , നമുക്ക് നമ്മള്‍ മൂന്നാളും മതി " ഹരിത ചിണുങ്ങി .
കരഞ്ഞത് പോലെ തോന്നിയ അമ്മയുടെ കണ്ണുകള്‍ എന്തൊക്കെയോ പറയാതെ പറഞ്ഞു. പക്ഷെ, പുറത്തേക്കു വന്നത്
"മോള് വേഗം റെഡി ആയിക്കോളൂ. ബ്യുട്ടിഷന്‍ പുറപ്പെട്ടു " എന്നാണ്. പിന്‍വിളി പോലെ അമ്മയുടെ സാരിത്തുമ്പ് പിടിക്കാന്‍ നോക്കിയെങ്കിലും കിട്ടിയില്ല.


കല്യാണസ്ഥലത്തേക്ക് ഇറങ്ങും മുന്‍പ് വീടിനെയും ചെടികളെയും എല്ലാത്തിനെയും ഒന്ന് കൂടി നോക്കി , കണ്ണില്‍ പൊടിഞ്ഞത് കണ്മഷി നീറ്റല്‍ ആണെന്ന്
ആളുകള്‍ കരുതിക്കൊട്ടെയെന്നു മുഖം കുനിച്ചു ......
കെട്ടിമേളം ഉയര്‍ന്നപ്പോള്‍ അവളൊരു പുതിയ പെണ്ണായി
***********************************************************************
കല്യാണപ്പിറ്റെന്നു വിരുന്നിനെത്തിയ ഹരിതയെ കണ്ടു കുറിഞ്ഞിയും ചെടികളും ഊറിചിരിച്ചു  ,അമ്പരന്നു, സന്തോഷം കൊണ്ട് തലയാട്ടി . സിന്ഗപ്പൂര്‍ ഭര്‍ത്താവിന്‍റെ കയ്യില്‍ തൂങ്ങി അകത്തേക്ക് പോയ ഹരിതയില്‍ കണ്ട ഭാവം അവര്‍ക്ക് അറിയാമായിരുന്നു - അവളൊരു ഭാര്യയായി.



(2014 August Edition Malayali Magazine)

Thursday, November 7, 2013

മഴയിതള്‍പ്പൂവുകള്‍

( eമഷി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് (2013) )


" നോക്ക് അഭീ, എന്നെ എന്‍റെ  വഴിക്ക് വിട്ടേക്കൂ പ്ലീസ്‌...!! എന്‍റെ  വട്ടുകളെ മനസിലാക്കാന്‍ നിനക്ക് ഒരിക്കലും കഴിയില്ല. മഴയെ കുറിച്ച് നിനക്ക് പറയാനാ മഴത്തുള്ളികളും, മഴക്കുരുവികളും, മഴക്കാറും മാത്രമേ ഉള്ളുവെങ്കില്‍ എനിക്ക് ‍ മഴയിതള്‍പ്പൂവുകള്‍ കൂടിയുണ്ട്. അതിനു മഴയുടെ നിറമാണ്, മഴയുടെ മണമാണ്.. ഒരുപക്ഷെ എനിക്ക് മാത്രമേ അതിനെ അറിയാന്‍ കഴിയുന്നുണ്ടാകുള്ളൂ." 

ആരോടോ ഉള്ള വാശി പോലെ അവളത് പറഞ്ഞു നിര്‍ത്തുന്നത് വരെ ഞാനവളെ തന്നെ നോക്കിയിരിക്കും, എപ്പോഴും ഞാന്‍ ചെയ്യാറുള്ളത് പോലെ. അവള്‍ -നിത എന്നാ നിവേദിതാ ദാസ്‌ -എപ്പോഴത്തെയും പോലെ എന്നെ തോല്‍പ്പിച്ച സന്തോഷത്തില്‍ വിയര്‍ത്ത മൂക്കിന്‍ തുമ്പ് അമര്‍ത്തി തുടയ്ക്കുമ്പോള്‍ എന്‍റെ ചുണ്ടുകള്‍ ചിരിയ്ക്കും ചിരിയില്ലായ്മയ്ക്കും ഇടയിലെ നേര്‍ രേഖയായിരിക്കും . എന്‍റെയാ  ഭാവം അവളെ ദേഷ്യം പിടിപ്പിക്കും എന്നറിഞ്ഞു കൊണ്ട് തന്നെ ഞാനത് മാറ്റാറില്ല. 
                    
           കോളേജിലെ ഏതോ പ്രോഗ്രാമില്‍ കവിത അവതരിപ്പിക്കവേയാണ് ഞാനവളെ ആദ്യമായി ശ്രദ്ധിക്കുന്നത്. നഷ്ടസ്വപ്നത്തിനെ കുറിച്ച് ചൊല്ലിയ ആ കവിത നല്ലതാണെന്ന് പറഞ്ഞാണു ഞാനവളെ പരിചയപ്പെട്ടത്.

"ഹലോ നിവേദിത, ഞാന്‍ അഭിജിത്ത് സെക്കണ്ട്  ഇയര്‍ ഫിസിക്സ്. കവിത നന്നായിരുന്നു, എന്താ ഈ കവിത എന്നാല്‍ സങ്കടം മാത്രമാണോ? " 

ഞങ്ങളുടെ ആദ്യത്തെ വാഗ്വാദം അവിടെ തുടങ്ങി -സൌഹൃദവും.

                  ഔപചാരികതകള്‍ അനൌപചാരികതയിലേക്ക് വഴി മാറിയപ്പോള്‍ ഞങ്ങള്‍ക്കിടയിലെ വാഗ്വാദം അവളും എന്‍റെ  മൌനവും തമ്മിലായി. നഷ്ടപ്പെടുത്താനാവാത്ത ബന്ധമായി തീരുമ്പോഴും ഞങ്ങള്‍ക്കിടയില്‍ നിറഞ്ഞു നിന്നത് പിണക്കങ്ങളും , കുറുമ്പുകളും  ഒടുവിലെന്‍റെ  തോല്‍വിയുമായിരുന്നു.

" സ്വന്തമായൊന്നുമില്ലാത്തവര്‍ക്ക്  നഷ്ടങ്ങളെ കുറിച്ച് പറയാന്‍ അവകാശമില്ല അഭീ..നഷ്ടങ്ങള്‍ സ്വന്തമായുള്ളവരോ, അവരെന്തു ചെയ്യും???  എകാന്തത നല്ലതാണ് , ഒറ്റപെടല്‍ വേദനയും അല്ലേടാ? " 

എന്നെ ഉത്തരം മുട്ടിക്കുന്ന ഇത്തരം ചോദ്യങ്ങളുടെ കലവറ ആയിരുന്നവള്‍.

അവളുടെ നഷ്ടങ്ങളില്‍ ബാല്യകാലവും വളപ്പൊട്ടുകളും, അനുഭവിക്കാത്ത വികാരമായ വാത്സല്യവും, അനുഭവിച്ചറിഞ്ഞ കയ്പ്പുനീരായ ഒറ്റപ്പെടലും നിറയുമ്പോള്‍ ഞാനവളെ മാറ്റാനായി മാത്രം  അവള്‍ക്കിഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ തിരയാറുണ്ടായിരുന്നു. നഷ്ടങ്ങളെ കുറിച്ച് മറന്നു അവള്‍ വാശിയോടെ എന്നെ  എതിര്‍ക്കുമ്പോള്‍ എന്റെയുള്ളിലെ സൗഹൃദം ചിരിയോടെ ചോദിക്കുമായിരുന്നു , തോല്‍ക്കുന്നതാരാണ് അഭീ എന്ന് !

     "എടാ, ഞാനൊരു കുഞ്ഞിനെ ദത്തെടുക്കും, എനിക്ക് മാത്രം സ്നേഹിക്കാനായി. ഇപ്പോഴല്ല, എനിക്കൊരു ജോലി കിട്ടി, സ്വന്തമായി ഒരു നില നില്‍പ്പുണ്ടാകുമ്പോള്‍. ഒരു പെണ്‍കുഞ്ഞിനെ........ അല്ലെങ്കില്‍ വേണ്ട മറ്റൊരു നിത -അത് വേണ്ട അല്ലെ അഭീ ? " 

അവള്‍ തന്നെ ചോദ്യവും അവള്‍ തന്നെ ഉത്തരവും പറഞ്ഞിരുന്ന ഈ നിമിഷങ്ങളെ ഞാനൊരുപാട് വെറുത്തിരുന്നു. അനാഥത്വവും ഒറ്റപെടലും അറിയാതിരുന്ന എനിക്ക് അവളോട്‌ തോന്നിയ ആദ്യവികാരങ്ങളില്‍ ഒന്നു സഹതാപമായിരുന്നു എന്ന്  ഞാനൊരിക്കലും പറഞ്ഞിരുന്നില്ല കാരണം ,

" നോക്ക് , അഭീ ഐ ആം ആന്‍ ഓര്‍ഫന്‍, കരുണാലയത്തിലാണ് താമസിക്കുന്നത്.ഇപ്പോള്‍ പഠിക്കുന്നത് ഏതോ  ഒരു നല്ല മനുഷ്യന്‍റെ സ്പോണ്‍സര്‍ഷിപ്‌ കാരണം. No more questions about it, cos I dont like it.പിന്നെ സിമ്പതിയും വേണ്ട - because  I simply hate it "

സൌഹൃദത്തിന്‍റെ  രണ്ടാം നാള്‍ മുഖത്തടിച്ചത് പോലെ പറഞ്ഞ ഈ വാചകങ്ങളെയും അത് പറയുമ്പോഴുള്ള നിന്‍റെ മുഖഭാവത്തെയും ഞാന്‍ മറന്നിരുന്നില്ല , ഒരിക്കലും.

എനിക്ക് യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും അവളുടെ വട്ടുകള്‍ കേള്‍ക്കാന്‍ എനിക്കിഷ്ടമായിരുന്നു. ഞങ്ങളുടെ സംസാരത്തില്‍ ഒരിക്കലെങ്ങോ വഴി തെറ്റിയെത്തിയ പ്രണയത്തിനെ കുറിച്ചവള്‍  പറഞ്ഞു 

" നോക്ക് അഭീ, നിന്‍റെ  പ്രണയമല്ല, എന്‍റെ  പ്രണയം.നിന്‍റെ പ്രണയത്തിന്റെ പൂര്‍ണ്ണത സ്വന്തമാക്കലില്‍ ആണെങ്കില്‍ എന്നെ സംബന്ധിച്ച് പ്രണയം എന്നത് സ്വന്തമാക്കല്‍ മാത്രമല്ല, ചിലപ്പോഴൊക്കെ നഷ്ടമാക്കല്‍  കൂടിയാണ് . സ്നേഹിക്കാനറിയണം എങ്കില്‍ ത്യജിക്കാന്‍ കൂടി അറിയണം. പിന്നെ ഇപ്പോള്‍ ഈ പ്രണയമെന്നത് ഒരുതരം ഉട്ടോപ്യന്‍ സിദ്ധാന്തം അല്ലേടാ  ? "

പറഞ്ഞു സമര്‍ത്ഥിച്ചു  കാര്യം നേടിയ സന്തോഷത്തില്‍ അവള്‍ ചിരിച്ചപ്പോള്‍, വിയോജിപ്പിനെ മറച്ചു ഞാനപ്പോഴും ചിരിക്കും ചിരിയില്ലായ്മയ്ക്കും ഇടയിലായിരുന്നു.  എന്നെ കുറിച്ചുള്ള നിന്‍റെ  വികാരമെന്തെന്നു ഒരിക്കലും ചോദിച്ചിരുന്നില്ലെങ്കിലും  ഒരുപാടിഷ്ടം ആണെന്ന് അറിയാമായിരുന്നു. ഏതു തരം ഇഷ്ടമെന്ന ചോദ്യം പലപ്പോഴും എന്‍റെയുള്ളില്‍ മാത്രമൊതുങ്ങിയത്  ഒരു പക്ഷെ, എന്‍റെ ഇഷ്ടത്തിന് നീയിഷ്ടപ്പെടാത്ത പ്രണയത്തിന്‍റെ മുഖച്ഛായ ഉണ്ടെന്നു  നീ പറയും എന്ന് ഭയന്നിട്ടാണോ നിതാ ?അറിയില്ല , ഒരു പാടിഷ്ടമായിരുന്നു എന്ന് മാത്രം അറിയാം.

ഒരിക്കല്‍ നീ പറഞ്ഞു,

 "സ്നേഹിക്കപ്പെടാന്‍ എനിക്കെന്തു കൊതിയാണെന്നോ -എത്ര നല്ല വികാരമാണത്. പക്ഷെ, സ്നേഹം എന്നും ദു:ഖമാണ് സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും അറിഞ്ഞു കൊണ്ട് ചെയ്യുന്ന തെറ്റും. നീ യോജിക്കില്ലെന്നറിയാം  അഭീ, പക്ഷെ ,അതങ്ങനെയാണ്. സ്നേഹം  ഒരിക്കലും ഒരു ഭാരമാകാന്‍ പാടില്ല, സ്നേഹിക്കുന്നയാള്‍ക്കും സ്നേഹിക്കപ്പെടുന്നയാള്‍ക്കും...... "

പറഞ്ഞു വന്നതിനെ പകുതിക്ക് നിര്‍ത്തി ഒരു പൊട്ടിച്ചിരിയോടെ നീ മറ്റൊന്നിലേക്കു കടന്നു.


പിരിയുന്നതിനു മുപുള്ള ദിവസങ്ങള്‍ക്കിടയില്‍ നമുക്കിടയില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി മൌനം നിറഞ്ഞപ്പോള്‍ ഞാനോര്‍ത്തത് ഈ ഭാവം എനിക്കും നിനക്കും അപരിചിതം ആണല്ലോ എന്നായിരുന്നു. ഇനിയുമെന്തോ പറയാന്‍ ബാക്കിയുള്ളത് പോലെ നീ ഒരു അര്‍ദ്ധവിരാമത്തില്‍ സംസാരം നിര്‍ത്തി എന്നെ നോക്കിയിരിക്കുകയായിരുന്നു.പറയുവാന്‍ എന്തോ ബാക്കിയുണ്ടായിരുന്നിട്ടും നീയത് പൂര്‍ണ്ണമാക്കിയില്ല.അപ്പോള്‍ മാത്രം എനിക്ക് ചൊടിപ്പോടെ പറയേണ്ടി വന്നു

" നിതാ, നീയൊരിക്കലും നിന്‍റെ  മനസിന്റെ ശരിക്കുള്ള വികാരം പ്രകടിപ്പിക്കുന്നതേയില്ല. എന്നോട് പോലും , നീയെന്തിനാ മുഖമൂടി അണിയുന്നത്. എന്താ നിനക്ക് പറയാനുള്ളത് എന്ന് തുറന്നു പറഞ്ഞു കൂടെ നിനക്ക് ? "

കുറ്റപ്പെടുത്തലിന്‍റെ  മൂര്‍ച്ച എന്‍റെ  വാക്കുകളില്‍ ഉണ്ടായിരുന്നിട്ട് കൂടി സ്വതവേയുള്ള വഴക്കിടല്‍ പ്രതീക്ഷിച്ചു നിന്ന എന്നെ നോക്കി, എതിര്‍ക്കാന്‍ മറന്നത് പോലെ നീ ചിരിക്കുക മാത്രം ചെയ്തു.
ഒടുവില്‍, ഒരു മഴച്ചാര്‍ത്തിനിടയില്‍ ഈ വരാന്തകളോട് വിട പറഞ്ഞിറങ്ങുമ്പോഴും കുറുമ്പ്  നിറഞ്ഞ യാത്രാമൊഴി ഇനിയും കാണാം എന്നായിരുന്നില്ല ...

" അഭീ, ഇനിയൊരിക്കലും നമ്മള്‍ കാണരുത്, എനിക്ക് നിന്നിലെ നിന്നെ അറിയില്ല ,നിനക്ക് എന്നിലെ എന്നെയും. ഇനിയൊരിക്കല്‍ കാണുമ്പോള്‍  തീര്‍ത്തും അപരിചിതരായി നടന്നു നീങ്ങണം നമുക്ക് , മറവിയ്ക്കു പോലും ഓര്‍മ്മ ഇല്ലാത്ത അപരിചിതര്‍ ...! "

ഒരുപാട് മനസിലാക്കി കഴിഞ്ഞുവെന്നു വിചാരിച്ചിരുന്നിട്ടും ഒരു തരി പോലും മനസിലാക്കിയിരുന്നില്ലെന്നു ,നീയൊരിക്കലും നിന്നെ മനസിലാക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ലെന്ന്  ഞാന്‍ അറിഞ്ഞതപ്പോഴാണ് . അതിനു ശേഷമെത്ര പൂവലും,പടര്‍പ്പും കൊഴിഞ്ഞു. എന്തൊക്കെയോ സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ ജീവിതം ഈയാം പാറ്റകളെ പോലെ, പകല്‍ കിനാവുകളെ പോലെ പൊഴിഞ്ഞടങ്ങുക ആയിരുന്നു. നീ പറഞ്ഞത് പോലെ നിന്നെയൊരിക്കലും കണ്ടു പിടിക്കാന്‍ ശ്രമിച്ചില്ല , കോണ്ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചില്ല , ഒരു പക്ഷെ കുറെയേറെ നാളുകളായി ഓര്‍ക്കാനും. ഇന്നലെ വരെ നമുക്കിടയിലെ വാഗ്ദാനം പാലിക്കപ്പെട്ടു നിതാ , പക്ഷെ, ഇന്ന് ഇവിടെ ഈ ഹോസ്പിറ്റലില്‍ വെച്ച് ഞാനെന്തൊക്കെയാണ് ഓര്‍ക്കുന്നത്.

നിന്‍റെ കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പിന്‍റെ  അര്‍ത്ഥമെന്താണ് നിത, നിന്‍റെ  വട്ടുകളെ മനസിലാക്കാന്‍ എനിക്ക് ഒരിക്കലും  കഴിഞ്ഞിരുന്നില്ലല്ലോ അല്ലെ?

'എന്‍റെ  പ്രിയ  അഭിയ്ക്ക്, ഒരുപാടെഴുതുന്നില്ല ,പറയാതെ പോയതും അറിയാതെ പോയതും ഇനിയൊരിക്കല്‍ പറഞ്ഞു തീര്‍ക്കാമെന്ന പ്രതീക്ഷയില്‍ .... വിട!!!  ,

                              with the secret temptations of an impossible love, yours own nitha. '

എന്‍റെ  അഡ്രസ്‌ എഴുതിയ ഈ കുറിപ്പ് പോലിസുകാരനെന്നെ ഏല്‍പ്പിക്കുമ്പോള്‍ പോലും അത് നിന്‍റെത് ആകുമെന്ന് ഞാന്‍ കരുതിയില്ല.
മേല്‍വിലാസത്തിലെ കൈപ്പട ഏറെ പരിചയമുള്ളതായിട്ടും ഞാന്‍ തിരിച്ചറിയുന്നില്ല എന്ന് എന്നെ തന്നെ ബോധിപ്പിക്കുകയായിരുന്നു. പക്ഷെ, എനിക്ക് മനസിലാകാത്ത നിന്‍റെയീ വാക്കുകള്‍ -നിന്നോടുള്ള എന്റെ വാഗ്ദാനം എനിക്ക് പാലിക്കാന്‍ ആകുന്നില്ലല്ലോ നിതാ.

" എക്സ്ക്യുസ് മി  മിസ്ടര്‍ അഭിജിത്ത് , ഒന്ന് വരൂ " 

ചിന്തകളില്‍ നിന്ന് ഉണര്‍ന്ന അഭിജിത്ത് യാന്ത്രികമായി ആ പോലീസുകാരനോടൊപ്പം നീങ്ങി.മോര്‍ച്ചറിയിലെ തണുപ്പ് ശരീരത്തിനെ പൊതിയുമ്പോഴും തനിക്കു വിയര്‍ക്കുന്നത് അയാള്‍ തിരിച്ചറിഞ്ഞു.

" ഇതാ ഈ ബോഡിയില്‍ നിന്നാണ് ഈ എഴുത്ത് കിട്ടിയത് . താങ്കള്‍ക്ക് ഈ ബോഡി ആരുടേതാണെന്ന് തിരിച്ചറിയാന്‍ ആകുന്നുണ്ടോ? പാറക്കൂട്ടത്തിനിടയില്‍ കുടുങ്ങി കിടക്കുക ആയിരുന്നു , രണ്ടു മൂന്നു ദിവസം ആയി , മീനൊക്കെ കൊത്തിയിട്ടാ കിട്ടിയത് " 

പുറത്തെ മഴയുടെ നനുത്ത താളത്തില്‍ കൂടി കടന്നു വന്ന  ചോദ്യം.  -

" സോറി സര്‍ ഞാനിവരെ അറിയില്ല ! "

പിന്തിരിഞ്ഞു നടക്കവേ അഭിജിത്ത് മഴതുള്ളിയോടു പറഞ്ഞു ,

" നിതാ, നീയോരുപാടിഷ്ടപ്പെട്ടിരുന്ന മഴ ഇപ്പോഴും പെയ്യുന്നു. നമ്മള്‍ വേര്‍പിരിഞ്ഞ ദിവസം നീ പറഞ്ഞതോര്‍മ്മയുണ്ടോ?? ആ വാഗ്ദാനം ഞാന്‍ പാലിച്ചിരിക്കുന്നു -തമ്മില്‍ കണ്ടിട്ടും  തിരിച്ചറിയാതെ പോകാന്‍ എനിക്ക് കഴിഞ്ഞിരിക്കുന്നു. നിന്‍റെ കണ്ണില്‍ എന്നോടുള്ള പരിചയം എനിക്ക് കാണാനും കഴിഞ്ഞില്ല ... കാരണം... !! "

ആ വാചകം പൂര്‍ത്തിയാക്കാന്‍ അയ്യാള്‍ക്ക് കഴിഞ്ഞില്ലെങ്കിലും മഴയിതള്‍പ്പൂക്കളുടെ മണവും ,നിറവും കണ്ണുനീരിന്‍റെ  രുചിയിലലിഞ്ഞയാള്‍ മനസിലാക്കാന്‍ തുടങ്ങി.


 

Monday, June 17, 2013

അച്ഛന്മാര്‍ക്കായി ഒരു ദിവസം- Happy Father's DAY

ഇതിലും കൂടുതല്‍ എനിക്ക് എഴുതാന്‍ ആകില്ല എന്ന് തോന്നിയപ്പോള്‍, പണ്ടെഴുതിയത് തന്നെ റിപോസ്റ്റ്ന്നു :) . എല്ലാ അച്ഛന്മാര്‍ക്കും ഒരുപാട് സ്നേഹത്തോടെ, ഒത്തിരി നന്ദിയോടെ......


http://swanthamsyama.blogspot.com/2010/06/blog-post.html



ഓര്‍മ്മയിലെ ആദ്യ പുരുഷന്‍ അച്ഛനാണ്, ആദ്യ ഹീറോയും അച്ചന്‍ തന്നെ. ഇതിനെ ഒരു കഥയായി എഴുതണോ എന്നാലോചിച്ചു, സാഹിത്യം വേണ്ട എന്ന് മനസ് പറഞ്ഞു. ഇത് എന്‍റെ അച്ഛന് വേണ്ടി ഒരു ഓര്‍മ്മക്കുറിപ്പ് അല്ല, അച്ഛനെക്കുറിച്ചുള്ള എന്‍റെ  ഓര്‍മ്മകളാണ്, അടുക്കും ചിട്ടയും ഇല്ലാതെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍... 
അച്ഛന്‍ ഒരിക്കലും കഥ പറഞ്ഞുറക്കിയതായൊന്നും ഓര്‍മ്മയില്ല, പക്ഷേ, എന്നെ  അക്ഷരങ്ങളുടെ ആ മാന്ത്രികലോകത്തിലേക്ക്‌ എത്തിച്ചത് അച്ഛനാണ്. ആദ്യമായി, കുട്ടികള്‍ക്ക് വേണ്ടിയുള്ള രാമായണം അമര്‍ച്ചിത്രകഥ   വായിച്ചപ്പോള്‍ "ആത്മഹത്യ " എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ കുഴങ്ങിപ്പോയി ഞാന്‍, അച്ഛന്‍ വരാന്‍ കാത്തിരുന്ന് ആ വാക്കിന്‍റെ അര്‍ഥം കണ്ടെത്തിയപ്പോള്‍ എനിക്കാകെ നിരാശയായി. കാണാനും കേള്‍ക്കാനും ഒരു പോലെ ഭംഗിയുള്ള ആ വാക്കിന്‍റെ  അര്‍ത്ഥം "തന്നത്താനെ മരിക്കുക" എന്നാണത്രേ. അച്ഛന്‍ കൊണ്ട് തന്ന ആ സചിത്ര പുസ്തകത്തിലെ ചുമന്ന സാരിയുടുത്ത സീത, എന്തിനാ ലക്ഷമണനോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായതേയില്ല, അതിനുശേഷംഒരു രണ്ടാം ക്ലാസ്സുകാരിയുടെ ജീവിതത്തിലേക്ക് pearl .s . buck ന്‍റെ  "നല്ല ഭൂമി" അവതരിപ്പിച്ചതും അച്ഛന്‍. വായിച്ചത് പലതും മനസ്സിലാകാതെയിരുന്നിട്ടും അത് മുഴുവന്‍ വായിച്ചു തീര്‍ത്തപ്പോള്‍ ഒരു മാല കയറിയ സന്തോഷം ആ എട്ടുവയസുകാരിക്ക് ഉണ്ടായി.

നല്ല ശബ്ദത്തില്‍ പഴയ പാട്ടുകള്‍ പാടിയിരുന്ന അച്ഛന് യേശുദാസിന്‍റെ  ച്ഛായ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ (അത് പോലെ ഒരു താടി അച്ഛനും ഉണ്ടേ ..) കൂട്ടുകാരോട് "എന്‍റെ അച്ഛനും ദാസേട്ടനും കൂട്ടുകാരാണെന്ന് " ആ പഴയ ഫ്രോക്കുകാരി വീമ്പിളക്കിയിരുന്നു. അച്ഛന്‍റെ  എപ്പോഴത്തെയും  ഇഷ്ട നടി ചുരുണ്ട മുടിയും സുന്ദരമായ ചിരിയുമുള്ള K.R.വിജയ ആയിരുന്നു, പിന്നെ വിടര്‍ന്ന കണ്ണുകളുള്ള ശ്രീവിദ്യാമ്മയും. രണ്ടു പേരോടും എനിക്കും ഒരു നൊസ്റ്റാല്‍ജിക്ക് ഇഷ്ടം ഉണ്ട്, ഇപ്പോളും. ഇഷ്ട നടന്‍ 'the legend'- BIG B അമിതാഭ്ബച്ചനും, ജ്യേഷ്ഠനു അമിതാഭ് എന്ന് പേരിട്ടത് ഈ കമ്പം കാരണമാണോ എന്നുപോലും ഞങ്ങള്‍ സംശയിച്ചിട്ടുണ്ട്. അച്ഛനോടും അമ്മയോടും ഇരട്ടച്ചേട്ടന്മാരോടും ഒപ്പം നാട്ടിലെ പഴയ തിയേറ്ററില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സിനിമ കാണാന്‍ പോകുമായിരുന്നു. തമിഴ് പടവും മലയാളം പടവും ഇംഗ്ലീഷ് ഇടിപ്പടങ്ങളും വന്നിരുന്ന ആ കൊട്ടകയില്‍ കണ്ട ആദ്യത്തെ ഹൌസ്ഫുള്‍ ചിത്രമാണ് വടക്കന്‍ വീരഗാഥ. ഓര്‍മ്മയില്‍ ഇന്നും നില്‍ക്കുന്ന ചിത്രങ്ങള്‍ തിരുവിളയാടലും, 3D മൈ ഡിയര്‍ കുട്ടിച്ചാത്തനും,ജ്ഞാനസുന്ദരിയും ആണ്. ഏട്ടന്മാരോടൊപ്പം ജാക്കി ചാന്‍ പടങ്ങള്‍ കാണാന്‍ എന്നെയും അച്ഛന്‍ വിടുമായിരുന്നു. 6 വയസുള്ള ഞാനും, 11 വയസുള്ള ഏട്ടന്മാരും, ഏട്ടന്മാരുടെ കൂട്ടുകാരും...അങ്ങനെ ഒരു കുട്ടിപ്പട്ടാളം ഉണ്ടാകും ആ യാത്രയില്‍.
ബാല്യകാല ഓര്‍മകളില്‍, അച്ഛനോടും ഏട്ടന്മാരോടും ഒത്തു ക്രിക്കറ്റും ഫുട്ബാളും കണ്ട നാളുകള്‍.. അമ്മയെ ക്രിക്കറ്റ്‌ കളി പഠിപ്പിക്കാന്‍ പാട്പെട്ട് മടുത്തു മതിയാക്കി ഞങ്ങള്‍ ഇരിക്കുമ്പോള്‍ "ഇനി ആരാ ബാറ്റു ചെയ്യുന്നേ" എന്ന ചോദ്യവുമായി അമ്മയെത്തും, ലോകകപ്പു ഫുട്ബോളിനിടയില്‍ !!!! രാത്രികാലങ്ങളില്‍ ഉറക്കമിളച്ചു ഫുട്ബാള്‍ കണ്ടിരുന്ന അച്ഛനോട് അമ്മ ചോദിക്കുമായിരുന്നു, "ഇത്ര കഷ്ടപ്പെട്ട് ഈ കുന്തം കാണണോ !!!" പക്ഷെ ആ ദിവസങ്ങളിലാണ് ഞാന്‍ ഫുട്ബോള്‍ എന്താണെന്നു അറിഞ്ഞത്. ഇന്ന് ഫുട്ബാള്‍ ആരാധകനായ ഭര്‍ത്താവും ഒത്ത് രാത്രികാലങ്ങളില്‍ ജെര്‍മനിക്കും ഹോല്ലണ്ടിനും അര്‍ജെന്റീനക്കും വേണ്ടി ഉറക്കമൊഴിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും ആ പഴയ black&white കാലങ്ങള്‍.
പണ്ട് മുതലേ രാത്രി പഠിച്ചായിരുന്നു ശീലം, ആ ശീലം ഉണ്ടാക്കിയത് അച്ഛനും. ഞാന്‍ പഠിക്കുമ്പോള്‍ അച്ഛന്‍ ഏതെങ്കിലും ബുക്കുമായി അപ്പുറത്തെ ഹാളില്‍ ഉണ്ടാകും, ഇടയ്ക്കിടെ കട്ടന്‍ കാപ്പിയുമായി വന്നു പഠിത്തം ഉഷാറാക്കും അച്ഛന്‍. ഞാന്‍ പഠിക്കാത്ത ദിവസങ്ങളിലും അച്ഛന്‍ ബുക്കുമായി പുലരുവോളം ഇരിക്കും, ഓഷോ,ദാസ്തെസ്വ്കി,സംസ്കൃതഭാരതം ..... ഒന്നും മനസിലായിരുന്നില്ല അന്ന് (ഇന്നും !!!)
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപജില്ല യുവജനോത്സവത്തിനു കവിതാ പാരായണ മത്സരം, രാവിലെ വല്ലാത്തൊരു സന്തോഷം, പോകാന്‍ ഒരുങ്ങുമ്പോള്‍ കുളിക്കിടയില്‍ മൂളിയത് എന്താണെന്നു എനിക്കിന്നും അറിയില്ല, പക്ഷെ അച്ഛന്‍ പറഞ്ഞു അത് ത്യാഗരാജ സ്വാമികളുടെ ഏതോ കീര്‍ത്തനം ആണത്രേ. അന്നത്തെ യാത്രയില്‍ ടീച്ചറിനോടും കൂട്ടുകാരോടും സംസാരിച്ചത് അതിനെ കുറിച്ച് മാത്രമായിരുന്നു.....!
രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം ഭാവം വല്ലാതെ ഉണ്ടായിരുന്നത്, ഒരു പക്ഷെ അച്ഛന്റെ ഉള്ളിലെ നക്സല്‍ അനുഭാവം കാരണമാകാം, അതിനാല്‍ തന്നെ അച്ഛന്‍ ഹീറോ ആയിരുന്നു ഞങ്ങള്‍ക്ക്. എന്നെയും ചേട്ടന്മാരെയും അടുത്തിരുത്തി അച്ഛന്‍ ലോക കാര്യങ്ങളെക്കുറിച്ച് പറയുമായിരുന്നു , പലതും മനസിലാകില്ല, മനസിലാകുന്നതൊക്കെ അന്ന് തന്നെ കൂട്ടുകാരുടെ മുന്‍പില്‍ വിളമ്പി ആളാകുകയും ചെയ്യും...പക്ഷെ, എനിക്ക് ഇന്നുറപ്പിച്ചു പറയാന്‍ കഴിയും ഞാന്‍ ഇന്നെന്താണോ എന്റെ ചിന്തകള്‍ എന്താണോ അത് എന്നില്‍ ഉദിപ്പിച്ചത് അച്ഛനാണ്.
അമ്മയും, അച്ഛനും നല്കുന്നതൊന്നിനും ഒന്നും പകരം വെക്കാനാകില്ല അതുകൊണ്ട് തന്നെ അച്ഛന്‍ പകര്‍ന്നു തന്നവ "ഞാനായി" നില്‍ക്കുന്നു എന്നൊരോര്‍മ്മയാണിത്. ലോകത്തിന്‍റെ  ഏതോ ഒരു കോണില്‍ ഇരുന്നു അച്ഛന്‍ ഈ കുറിപ്പ് വായിച്ചു, താടി ഉഴിഞ്ഞു ചിരിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു. പെട്ടെന്നൊരു ദിവസം ജീവിതത്തില്‍ നിന്ന് അച്ഛന്‍ അപ്രത്യക്ഷന്‍ ആയപ്പോള്‍ തകര്‍ന്നു നിന്നവളില്‍ നിന്ന് ഒത്തിരിയേറെ മുന്നോട്ട് പോയിരിക്കുന്നു ജീവിതം. പക്ഷേ, ഇന്നും കര്‍ക്കിടകത്തിലെ മഴ പെയ്യുന്ന രാത്രികളില്‍, ഓണത്തിന്‍റെ പായസരുചികളില്‍, സന്തോഷത്തിന്‍റെ കണ്ണുനീരുപ്പില്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടിന്‍റെ നിമിഷങ്ങളില്‍  ഞാനോര്‍ക്കും അച്ഛനിപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും! 

Wednesday, June 12, 2013

ഓര്‍മ്മകളില്‍ ചിലര്‍ - ഞാന്‍ കണ്ട രണ്ടാമത്തെ മാലാഖ.


                   ഒരേ ബസില്‍ നിരന്തരം യാത്ര ചെയ്യുന്നവരോട് വ്യക്തിപരമായി അറിയില്ലെങ്കില്‍ പോലും എനിക്ക് എന്തോ ഒരടുപ്പം തോന്നാറുണ്ട്... പണ്ട് മുതലേ ആരൊക്കെ എന്നോടൊപ്പം സ്ഥിരമായി യാത്ര ചെയ്യാറുണ്ട് , അവരെന്തു ചെയ്യുന്നു എന്നൊക്കെ ശ്രദ്ധിക്കാന്‍ എനിക്കിഷ്ടമാണ് , വായ്നോട്ടത്തിന്റെ വേറൊരു രൂപം  :) . അങ്ങനെ ഒരു സ്ഥിര യാത്രയിലാണ് എന്റെ രണ്ടാമത്തെ മാലാഖയെ ഞാന്‍ കണ്ടു മുട്ടുന്നത്..

            മാലാഖമാര്‍ ദൈവത്തിന്റെ ദൂതികമാര്‍ ആണ്, ഭൂമിയില്‍ ശാന്തിയും സമാധാനവും പരത്തുന്നവര്‍, നന്മയുടെ പ്രതിരൂപങ്ങള്‍  -പക്ഷെ ഞാനീ കണ്ട മാലാഖമാര്‍ എനിക്ക് പ്രത്യേകിച്ച് നന്മയൊന്നും ചെയ്തിട്ടില്ല ..പിന്നെങ്ങനെ എനിക്ക് അവരെ മാലാഖമാരായി തോന്നി എന്നല്ലേ .. എന്റെ ഒരു വട്ടു ചിന്തയാകാം, മുന്നില്‍ വന്ന മാലാഖമാരുടെ ചിരിയാണ് എന്നോട് പറഞ്ഞത് -  "ദേ ഞങ്ങള് മാലാഖയാണ് ട്ടാ.... "

               ഡല്‍ഹിയിലെ ജീവിതം - മനോഹരമായ ഒരു കാലഘട്ടമായിരുന്നു അത്. ഉത്തരവാദിത്തമുള്ള ജോലിയിലെ വിശ്രമ വേളകള്‍ മാത്രമല്ല ജോലി സമയവും  എങ്ങനെ ആനന്ദകരമാക്കാം എന്ന് ആലോചിച്ചു നടക്കുന്ന പുതുമുഖങ്ങള്‍ ആയിരുന്നു ഞാനുള്‍പ്പെട്ട കുറച്ചു പേര്‍. CGO കോമ്പ്ലെക്സ് എന്ന ഞങ്ങളുടെ സാമ്രാജ്യത്തിലേക്ക് ഒരു സ്പെഷ്യല്‍ യാത്ര സൌകര്യമായിരുന്നു ചാര്‍ട്ടേറഡ് വാഹനങ്ങള്‍ - സ്കൂള്‍ ബസ്സ് പോലെ :). സ്ഥിരം ബസ്സിനു സ്ഥിരം യാത്രക്കാര്‍. മിക്കവാറും എല്ലാവരും രാവിലെയും വൈകിട്ടും ഒരേ ബസ്സില്‍ തന്നെയാകും യാത്ര. വളരെ 'നേരത്തെ' തയാറായി ഇറങ്ങുന്നത് കൊണ്ട് ഞാന്‍ രാവിലത്തെ യാത്രയ്ക്ക് അങ്ങനെ സ്ഥിരം ബസ് എന്ന വാശിയൊന്നും കാണിച്ചിരുന്നില്ല, വൈകിട്ട് പിന്നെ സ്ഥിര ബസ്‌ തന്നെ പിടിക്കാന്‍ ഓടും ഞങ്ങള്‍...

           എന്റെ സ്ഥിരം യാത്ര തിരക്കൊഴിഞ്ഞ , കുറച്ചു വൈകി മാത്രം പുറപ്പെടുന്ന ഒരു ബസ്സില്‍  ആയിരുന്നു. ഒരു സ്ഥിര സീറ്റ് പോലും എനിക്കുണ്ടായിരുന്നു- ഡ്രൈവറുടെ പുറകിലെ നാലാമത്തെ നിരയിലെ നീളന്‍ സീറ്റ്. അവിടെ ഞാനും വേറൊരു ആളും മാത്രം എപ്പോഴും ... ഒരാള്‍ക്ക് കൂടി ഇരിക്കാന്‍ സ്ഥലം ഉണ്ടെങ്കിലും അത്ര തിരക്കില്ലാത്ത ബസ്‌ ആയതു കൊണ്ടാണോ എന്തോ  ഞങ്ങള്‍ രണ്ടാളും മാത്രമായിരുന്നു  ആ സീറ്റില്‍ എന്നും ... എപ്പോഴും ജനല്‍ അരികത്തിരിക്കുന്ന കുറച്ചു പ്രായമായ  ആ ആളിനെ   ഞാന്‍ ആദ്യമൊന്നും അത്ര ശ്രദ്ധിച്ചിരുന്നില്ല. 2-3 ദിവസം കഴിഞ്ഞിട്ടാണ്  സ്ഥിരമായ സീറ്റിനെയും, ഞങ്ങള്‍ രണ്ടു പേര്‍ക്കും മാത്രം സ്വന്തമായ യാത്രാ നിമിഷങ്ങളേയും  കുറിച്ചും  ഞാന്‍  ശ്രദ്ധിക്കാന്‍ തുടങ്ങിയത്.

                 അവര്‍ എവിടെയാണ് ജോലി ചെയ്തിരുന്നത് എന്നെനിക്കറിയില്ല, ഞാന്‍ ഇറങ്ങുന്നതിനു ശേഷമാണ് ഇറങ്ങുന്നത് എന്നതിനാല്‍ വീടെവിടെ എന്നും അറിയില്ല, എന്തിനു പേര് എന്ത് എന്ന് പോലും അറിയില്ല.... പക്ഷെ ആ വ്യക്തി മനോഹരമായി ചിരിക്കുമായിരുന്നു, യാത്രയിലുട നീളം  - എന്നോടാണ് ചിരിക്കുന്നതെന്നോര്ത് ഞാന്‍ തിരികെ കൊടുത്തത് അവിടെ ജനല്‍ കമ്പിയില്‍ കൊണ്ട് ബൂമരാന്ഗ് പോലെ തിരികെ വന്നതല്ലാതെ, ആളെന്നെ ശ്രദ്ധിച്ചത് പോലുമില്ല....ശെടാ, ഇതെന്താ എന്നോടല്ലേ ചിരിക്കുന്നത് എന്നോര്‍ത്ത് ഞാന്‍  യാത്ര മുഴുവന്‍ നോക്കിയിരുന്നു- ആ മനോഹരമായ ചിരി , ഇതാരോടാണെന്ന് അറിയണമല്ലോ -  ഇടയ്ക്ക് എന്തോ പുറത്തെ കാറ്റിനോട്, മേഘങ്ങളോട്, ആകാശത്തിനോട് മെല്ലെ പറഞ്ഞു  പിന്നെയും ചിരിക്കും  (എത്ര ശ്രമിച്ചിട്ടും എനിക്ക്  കേള്‍ക്കാന്‍ പറ്റിയിരുന്നില്ല :(  )... അധികം പല്ലില്ലാതിരുന്ന മോണ കാട്ടി ഒരു മാലാഖ ച്ചിരി....

        ആ ചിരി ഈ  ലോകത്തിനോടായിരുന്നു , നമ്മളോട് എല്ലാവരോടും ആയിരുന്നു... ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ, ഒരു മുത്തശ്ശിയുടെ സ്നേഹത്തോടെ, ഒരു കുട്ടിയുടെ കൌതുകത്തോടെ  ആ അമ്മ ചിരിച്ചു... , ആരെങ്കിലും തന്നെ നോക്കി ചിരിക്കുന്നുണ്ടോ എന്ന് നോക്കിയില്ല, തന്റെ ചിരിക്കു മറുചിരി  ചിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചില്ല , ഓഫീസിലെ ജോലിഭാരം ഓര്‍ത്തു ദുഖിചിരുന്നില്ല, വീട്ടിലെത്തിയാല്‍ ചെയ്യേണ്ട ദൈനം ദിന കാര്യങ്ങളെ കുറിച്ച്  ഓര്‍ത്തു മുഷിഞ്ഞില്ല.....ആ അമ്മ ചിരിച്ച് കൊണ്ടേ ഇരുന്നു ഞാന്‍ കണ്ട ദിവസങ്ങളിലൊക്കെയും. ,

      നിങ്ങള്‍ തിരിച്ചു ചിരിക്കുന്നുണ്ടോ എങ്കിലേ ഇനി ഞാന്‍ ചിരിക്കൂ , അല്ലെങ്കില്‍ നിങ്ങള്‍ ആദ്യം ചിരിക്കൂ എന്നിട്ട് മാത്രം  ഞാന്‍ ചിരിക്കാം എന്ന് ബലം പിടിക്കുന്നവര്‍ക്കിടയില്‍ നിറഞ്ഞ ചിരിയോടെ ആ  "മാലാഖ"  - ഇനി നിങ്ങള്‍ പറയൂ ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടോ ആ ചിരിയല്ലേ മാലാഖയുടെ ലക്ഷണം?  :)

Tuesday, April 30, 2013

ചില മെയ്‌ ദിന ചിന്തകള്‍


                  "ബായ് എഹാം- ധോടാ ഓര്‍‍..." പിന്നില്‍ നിന്ന് തട്ടി അമ്മ പറഞ്ഞു

"നീ ഇത്ര കഷ്ടപ്പെടണ്ട , ആ ചെക്കന് നന്നായി മലയാളം മനസിലാകും.... തിരിച്ചു പറയുമ്പോ ഒന്ന് കഷ്ടപ്പെടുമെന്നെ ഉള്ളു.. "

ഡല്‍ഹി വാസത്തിന്‍റെ പേരില്‍  അയല്‍ക്കാരുടെ മുന്നില്‍ വെച്ചു, ബീഹാറി ബായിയോടു രണ്ട് ഹിന്ദി ഡയലോഗ്  കാച്ചാമെന്നുള്ള എന്‍റെ മോഹത്തിനെ  അമ്മ നിഷ്കരുണം ചവിട്ടിയരച്ചു. ശരി മലയാളം എങ്കില്‍ മലയാളം- "ബായ് അതാ അവിടെ ഒന്ന് കൂടി ഇളക്കാം.."
ഉടന്‍ വന്നു ജവാബ് "ചെരി ചെച്ചീ " , ചെരിയാനോ എങ്ങോട്!!!! ആ എന്തേലും ആകട്ടെ.

                എന്തായാലും നമ്മുടെ പറമ്പ് കുത്തി ക്കിളച്ചു തരുന്ന ചങ്ങാതി അല്ലെ, ചില്ലറ കുശലം ആകാമെന്ന് കരുതി ഞാന്‍ എന്‍റെ  ജനറല്‍ നോളജ് പുറത്തെടുക്കാന്‍ തുടങ്ങി
. "ദിവസവും ജോലി കിട്ടാറുണ്ടോ ബായ്, കഷ്ടപ്പാടാ അല്ലെ? "
"ഇല്ലെ ചെച്ചീ നമ്മളുക്ക്എന്നും വര്‍ക്ക്‌ വറും, ഹമാരെ പാസ്‌ ടൈം നഹി ഹെ " - അമ്പടാ കേമാ.. അപ്പൊ നീ ഈ തൊഴില്‍ ഇല്ലാത്ത ജനവിഭാഗത്തിന് മുന്നിലെ ഒരു വലിയ    '?'  ആണല്ലോ..  :/
"ഖര് -ഹൌസ് എപ്പോ പോകും? "
 നമ്മുടെ ബായ് -  "ചെച്ചീ കഷ്ടം പോകാന്‍ ... ട്രെയിന്‍ , റണ്ട് നാള്‍. നമ്മള്‍ ഒറു മാസം പോകും ഒറു വര്ഷം. "
 കഷ്ടം കഷ്ടം തന്നെ , വീട്ടുകാരെയൊക്കെ കാണാതെ പാവം ബായ്,,.. സഹതാപത്തിന്‍റെ  അലയൊലികള്‍ അടങ്ങും മുന്‍പേ,അമ്മ പിന്നെയും വിളിച്ചു ഇഡ്ഡലി കഴിക്കാന്‍..

                      നല്ല മുളകിടിച്ചത് കൂട്ടി ഇഡ്ഡലി തട്ടുമ്പോള്‍ സഹാനുഭൂതി കൊണ്ട് ശ്വാസം മുട്ടി ഇരിക്കാന്‍ വയ്യാതെ അമ്മയോട് ഞാന്‍ പറഞ്ഞു,
"പാവം ,അല്ലെ അമ്മെ?  നമ്മുടെ ഇവിടെ എത്ര കഷ്ടപ്പെട്ട് പണിയെടുത്താലാ ഒരു മാസം വീട്ടുകാരെ കാണാന്‍ പറ്റുക....  :( "
ഭായിക്ക് കൊടുക്കാനുള്ള ഇഡ്ഡലി എടുത്തു നടക്കുന്ന കൂട്ടത്തില്‍ അമ്മ പറഞ്ഞു "ഒരുപാട് കരഞ്ഞു കണ്ണീരു കളയണ്ട - അവന്‍റെ  നാട്ടിലെ രണ്ടേക്കര്‍ ഭൂമിയുടെ മുതലാളിയാ, നമ്മുടെ ഏഴു സെന്റിന്‍റെ  മുറി മൂല കിളയ്ക്കുന്നത്...... ഗള്‍ഫിലും വടക്കേ ഇന്ത്യയിലും  ഒക്കെ ഇതിലും കഷ്ടപ്പെട്ടിട്ടും സ്വന്തമായി ഒരു വീട് വെക്കാന്‍ സ്ഥലമില്ലാത്ത ഒരു പാട് പേരുണ്ട് ഈ നാട്ടില്... അത് കൊണ്ട് കിളച്ചിട്ട സ്ഥലത്ത് ഈ കിടക്കുന്ന കപ്പക്കമ്പ് പറക്കി കുത്തി വെയ്ക്ക് അല്ലെങ്കില് നീ ഇനി  'അണ്ണാച്ചീടെ വീട്ടിലെ ലച്ച്മിഅക്ക' യുടെ സങ്കടം കൂടി ചോദിച്ച് അറിയേണ്ടി വരും."

ചോദിച്ചു വാങ്ങിയ പണി ആണെങ്കിലും ചെയ്യാനൊരു സുഖമുണ്ടായിരുന്നു... !!!!

അപ്പൊ മെയ്‌ ദിന ആശംസകള്‍......

Monday, April 22, 2013

ഓര്‍മ്മകളില്‍ - ആ പഴ മാങ്ങ

                വീടിനു ഇടതു വശത്ത് വല്യമ്പലം വലതു വശത്ത് ചെറിയ അമ്പലം, അപ്പൊ മുന്നിലോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം... അതിന്റെ ഉത്തരമാണിത്.
മുന്നില്‍ ഒരു നിരക്കടയും, വീടും പിന്നെ ഒരു ചെമ്മണ്ണ്‍പാത. അതിനപ്പുറം പിന്നെയും വീട്, കട. ഒരു നിരക്കട എന്ന് വെച്ചാല്‍ ശരിക്കും നിരപ്പലക ഉള്ള കടകള്‍ തന്നെ.... 1, 2 എന്ന് എണ്ണമിട്ട പലകകള്‍ രാവിലെയും വൈകിട്ടും എടുത്തു വെയ്ക്കുന്നത് കാണുക എന്റെയൊരു കൌതുകം ആയിരുന്നു... ഒരു സ്വര്‍ണ്ണക്കട,ഒരു കപ്പലണ്ടിക്കട, പിന്നെ കുറച്ചു നാള്‍ സാക്ഷരത ക്ലാസുകള്‍ നടന്നിരുന്ന ഇപ്പോള്‍ അടഞ്ഞു കിടക്കുന്ന ഒന്ന്.. തൊട്ടടുത്ത്  ഉള്ളത് വീടാണ്,പക്ഷെ മുന്‍ഭാഗം കടയുടെത് പോലെ നിരപ്പലക.(ഇപ്പോള്‍ അവരത് കട ആക്കി...)

                 സ്വര്‍ണ്ണക്കട എന്നാല്‍ നമ്മുടെ ആലുക്കാസ് പോലെ അത്ര അങ്ങട് വിശാലം ആക്കണ്ട, സ്വര്‍ണം പണിഞ്ഞു കൊടുക്കുന്ന കുഞ്ഞൊരു കട. കൂട്ടുകാരിയുടെ അച്ഛന്റെ ജ്യേഷ്ടന്‍ ആയിരുന്നത് കൊണ്ട് അവളോടൊപ്പം ഞാനും പെരിയപ്പ എന്ന് വിളിച്ചിരുന്നു. " കപ്പലണ്ടി മാമന്‍"  - അച്ഛന്‍റെ  സുഹൃത്ത് ചേട്ടായീസിന്‍റെ  കൂട്ടുകാരന്‍റെ  അച്ഛന്‍ - എന്നും വൈകിട്ട് അവിടെക്കൊരു പോക്കുണ്ട് -ചെല്ലുമ്പോള്‍ 2 വിരല് പൊക്കും, അര്‍ത്ഥം  50 പൈസയുടെ 2 പൊതി. ഒന്ന് എനിക്കും, ഒന്ന് എന്റെ ചേട്ടായീസ് നും - ഞാന്‍ പണ്ടേ ഈ സമത്വത്തില്‍ വിശ്വസിച്ചിരുന്നു... ;) . സാക്ഷരതാ സംരഭത്തില്‍, ‍ മൂന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാനും ക്ലാസ്സ്‌ എടുത്തിരുന്നു എന്ന് പറഞ്ഞാലേ ആ നിരക്കടകളുമായി എനിക്കുണ്ടായിരുന്ന ആത്മ ബന്ധം പൂര്‍ത്തിയാകൂ.

                    പിന്നെയുള്ള വീടാണ് ഇതിലെ നായകന്‍. മണ്ണ് കൊണ്ടുള്ള മതിലിനുള്ളില്‍ നിന്നും പുറത്തേക്കു ചാഞ്ഞു വളര്‍ന്നു നില്‍ക്കുന്ന ഒരു മൂവാണ്ടന്‍ മാവ്... ഒരു ഏപ്രില്‍ മാസം, ഉത്സവം ഒക്കെ അടുക്കാറായി. നല്ല വെയിലുള്ള സമയം, നിറയെ പഴുത്തു നില്‍ക്കുന്ന മാങ്ങകള്‍. പറഞ്ഞിട്ട് കാര്യമില്ല, വീട്ടിലുള്ളവര്‍ക്ക് കാര്യായി മാങ്ങ കിട്ടാറെ ഇല്ല. പുറത്തേക്കു നില്‍ക്കുന്നതു മുഴുവന്‍ മുന്നിലെ വഴിയില്‍ അണ്ണാന്‍ കടിച്ചും കാക്ക കൊത്തിയും ശേഷിച്ചത് വെയിലത്ത്  ഞെട്ടറ്റും കഴിയും.  ആ വഴിയെ ഈ വഴിയെ ഒക്കെ കറങ്ങി കാര്യായ പണിയൊന്നുമില്ലാതെ ഞാന്‍ നടക്കുന്നു. വയര്‍ ചെറുതായി വിശപ്പിന്‍റെ  വിളി കേള്‍പ്പിച്ചു തുടങ്ങിയപ്പോ വീട്ടിലേക്ക്  ഒന്ന് കയറി.. നല്ല കൊട്ടവെയിലത്ത് തെണ്ടി നടന്നിട്ട് വന്നതിന്റെ ചീത്ത ഒരു വശത്തു പറഞ്ഞു കൊണ്ട് അമ്മ ചോറ് വിളമ്പാന്‍ പോയി. ചേട്ടന്മാര്‍ ഗാങ്ങിന്‍റെ  കൂടെ ദൂരെ എവിടെയോ, മടലും കൊണ്ട് പോയി , "കിറുക്കറ്റ് " കളിക്കാന്‍.

                    അമ്മയുടെ വിളമ്പലിനു കാത്തിരിക്കെ പലകയില്‍ ഇരിക്കുന്ന എന്‍റെ  വ്യൂ നേരെ മുന്‍വാതിലും കടന്നു മാങ്ങകളിലേക്ക് . മണിച്ചിത്ര താഴില്‍ ശോഭന പൂജസ്ഥലത്തേക്ക് എത്തിപ്പെടുന്നത് പോലെ എന്ത് ഉള്‍പ്രേരണയില്‍ ആണോ എന്തോ, അടുത്ത സീനില്‍ ഞാന്‍ കൈകളില്‍ മാങ്ങയുമായി ആ വീട്ടുപടിക്കല്‍. ഒതുക്കുകള്‍ കയറിയതൊന്നും ഓര്‍മ്മയില്ല, പക്ഷെ കാക്ക കൊത്തിയതും പുഴു കടിച്ചതുമായ മാങ്ങകളൊക്കെ സുരക്ഷിതമായി അവരുടെ മുന്‍പടിയില്‍ നിരത്തി വെച്ചു തിരിയുമ്പോള്‍ ,

                                                                       "ടീ " 

എന്നൊരു അശരീരി കേട്ടത് ഇന്നും നല്ല ഓര്‍മ്മ... ഈ നിരപ്പലക കതകുകള്‍ക്ക് ഒരു ദോഷമുണ്ടേ, അപ്പുറത്ത് നില്‍ക്കുന്നവര്‍ക്ക് ഇപ്പുറത്തേക്ക് നല്ല പനോരമിക് വ്യൂ ആണ്... എന്തോ കാര്യത്തിനു അതിലെ പോയ ആയമ്മ ആ കൃത്യ സമയത്ത് തന്നെ പുറത്തേക്കു ഒളിഞ്ഞു നോക്കുമെന്ന് ഈ പാവം ഞാന്‍ അറിഞ്ഞില്ല!

                      നാട് കിടുങ്ങുന്ന നല്ല അസല് വോള്യത്തില്‍ 2-3 ചോദ്യങ്ങള്‍ എന്നോട്.... ചെറിയ ചില ശീത സമരങ്ങള്‍ അയല് പക്കവുമായി ഉള്ള ആയമ്മക്ക്  ,ഞാന്‍ ഈ ദുഷ്ടപ്രവര്‍ത്തി ഏതു അയല്‍രാജ്യത്തീന്നു കൈക്കൂലി വാങ്ങി ചെയ്തതാന്ന് അറിയണം...(!) ആരുടെ ചാര ആണെന്ന് ഉള്ള ചോദ്യത്തിന് അമ്മയാണെ സത്യം എനിക്ക് ഒന്നും ഓര്‍മ്മയില്ല എന്ന് താണ്‌കേണു പറഞ്ഞു നോക്കി. ആര്‍ക്കോ ആരുടെയോ നല്ല പുളിച്ചത്‌ കേള്‍ക്കുന്നണ്ടല്ലോ,കണ്ടു രസിച്ചേക്കാം എന്ന മുഖഭാവത്തില്‍ വെളിയില്‍  വന്ന അമ്മ ഞെട്ടി . അപ്പോളേക്കും ഒരു കുഞ്ഞു ലോക്കല്‍ ജനക്കൂട്ടം അവിടെ ,ചിലര് കാണാന്‍, ചിലരൊക്കെ ഒന്നും മനസിലാകാതെ. എന്‍റെ  അമ്മയ്ക്ക് ഏതാണ്ടൊക്കെ പിടി കിട്ടി, പക്ഷെ അമ്മയ്ക്ക് ക്ഷമ പറയാനാകും മുന്‍പ്  തന്നെ ആയമ്മയുടെ  ' ശത്രു രാജ്യം ' ചാടിയൊരു ഇറങ്ങല്‍ - " നിങ്ങളിത്ര പറയാനെന്താ പാവം ആ കുഞ്ഞു,നിങ്ങടെ മാങ്ങ നിങ്ങള്‍ക്കിരിക്കട്ടെ ..വെറുതെ തറയില്‍ വീണു പോകണ്ടല്ലോ എന്ന് കരുതി എടുത്തു പടിക്കല്‍ കൊണ്ട് തന്നതും പോര..അവളെ ചീത്തയും പറയുന്നോ!!!!! " പിന്നെ അവിടെ നടന്നതൊന്നും എഴുതാന്‍ നിവര്‍ത്തിയില്ല.., മാത്രമല്ല അടിയുടെ ഫോക്കസ് മാറിയതും ഞാന്‍ അവിടെ നിന്നും സ്കൂട്ട് ആയി.

          ഇപ്പൊ ഇണങ്ങും ഇപ്പൊ ഇണങ്ങും എന്ന മട്ടിലിരുന്ന ചെറിയ ശീത സമരത്തെ, വല്ലാത്ത ചൂടുള്ള പബ്ലിക്‌ അടിയാക്കിയതിനു അന്ന് വൈകിട്ട് അമ്മയുടെ കയ്യില്‍ നിന്നും നല്ലത് കിട്ടിയെന്നത് വേറെ കാര്യം... പക്ഷെ സത്യായിട്ടും - അമ്മയാണെ സത്യം- ആ ചോറ് കാത്തിരുന്ന സമയത്ത് എന്ത് കാര്യത്തിനാ ഞാന്‍ ആ പണി ചെയ്തതെന്ന് ഇന്നും എനിക്ക് പിടി കിട്ടീട്ടില്ല... പാവം ഞാന്‍. :)
 

Friday, April 12, 2013

ഓർമ്മകളിൽ ചില വിഷു കൈനീട്ടങ്ങൾ


        ഏപ്രിൽ - ഉത്സവങ്ങളുടെ,ആഘോഷങ്ങളുടെ ,അലസതയുടെ മാസം . കുട്ടിക്കാലത്ത് ഏപ്രിലിലാണ് അച്ഛന്റെ നാട്ടിലേക്ക് ഞങ്ങളെ മൂന്നാളെ യും കെട്ട് കെട്ടിക്കുക. ഒരു മാസം അവിടെ തന്നെ , അച്ഛനും അമ്മയും സമാധാനം എന്തെന്ന് അറിയുന്ന ഒരേ ഒരു മാസം. മെയ്‌ തുടങ്ങുമ്പോ തന്നെ തിരികെ എത്തും അപ്പോളാണ് അമ്പലത്തിലെ ഉത്സവം. മിക്കവാറും എല്ലാ വിഷുവും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടിയാണ് ആഘോഷിച്ചിട്ടുള്ളത്, പത്താം ക്ലാസ്സ്‌ വരെ.

       വിഷുവിനു ഏറ്റവും വലിയ അട്രാക്ഷൻ കയ്യിൽ  തടയുന്ന തുട്ടു തന്നെ. അച്ഛനും അമ്മയും തരുന്ന പതിവൊന്നുമില്ല... രാവിലെ തന്നെ കുളിച്ചു അമ്പലത്തിലൊക്കെ പോയി അടുത്തൊക്കെയുള്ള വീട്ടിലൊക്കെ ഒന്ന് കയറിയിറങ്ങും. സാധാരണ ആയി എല്ലാവരും തരുന്നത് ഒരു രൂപയാണ്,അപ്പൂപ്പനും അമ്മൂമ്മയും കൂടി ഒരു രൂപയുടെ തുട്ടു തരും.

      അടുത്ത വീട്ടിലെ ചേച്ചീടെ കല്യാണം കഴിഞ്ഞത് ഏപ്രിൽ ആദ്യം - അപ്പൊ കന്നി വിഷുവിനു തലേന്നേ വിരുന്നെത്തി ചേച്ചീം പുത്യ ചേട്ടനും. ചേച്ചിക്ക് പിന്നെ ഒന്നും അറിയേണ്ടി വന്നില്ല ,ചേട്ടായിക്കു വെള്ളം ദാഹിക്കുന്നുണ്ടോ എന്ന് ഒരു ഡൌട്ട് തോന്നുമ്പോളെ അതാ വരുന്നു വെള്ളവുമായി ഒരു ഫ്രോക്കുകാരി. ചേട്ടായിക്ക് ചായ ,ചേട്ടായിക്ക് ഒഴിച്ച് കറി , ചേട്ടായിക്ക് കുളത്തിലേക്ക് വഴികാട്ടി..

 അങ്ങനെ എന്തിനെറെ പറയുന്നു. പിറ്റേ ദിവസം വിഷു കൈനീട്ടത്തിന്റെ ടൈം . കൃത്യമായി അവിടെ എത്തിയിട്ട്, ഇതിലൊന്നും ഒരു ഇന്ടറസ്ടും  ഇല്ലാത്തത് പോലെ നമ്മൾ അതിരിങ്കൽ നില്ക്കണ പൂക്കളെ നിരീക്ഷിക്കുന്നു.... ആ വീട്ടില് ഒരു 3-4 പേരുണ്ട് കൈനീട്ടം വാങ്ങാൻ. ആദ്യമേ ചേട്ടായി ചേച്ചിയോട്, "അല്ല നമ്മുടെ കൊച്ചു എവിടെ? "  ചോദിക്കുന്നുണ്ട് . കേള്‍ക്കാത്ത  ഭാവത്തിൽ പൂവിന്റെ മണം ആഞ്ഞു വലിക്കുന്ന നമ്മളാരാ പുള്ളി . ചേട്ടായി കയ്യിലേക്ക് വെച്ച് തന്നത് അഞ്ചിന്റെ പുത്തൻ നോട്ട് . അന്ന് വരെ കിട്ടിയ വിഷു കൈനീട്ടത്തിൽ എറ്റവും വലുത്, ഒരു പക്ഷെ ഇന്ന് വരെ കിട്ടിയതിലും.

ആ ചേട്ടായിനെ പിന്നീടു കണ്ടിട്ടെയില്ല... , പിന്നെയുള്ള അവധി കാലങ്ങളിൽ അവരുടെ വരവും നമ്മുടെപോക്കും ഏകദേശം ഒരേ സമയം. പിന്നെ പഠിത്തത്തിന്റെ ഗതിയും ദിശയും മാറിയപ്പോൾ, വിഷു ഒരു ദിവസം ആയി ചുരുങ്ങി... വെക്കേഷനുകൾ ഇല്ലാതെയായി .

അമ്മൂമ്മയും അപ്പൂപ്പനുമായി ആഘോഷിച്ചിരുന്ന, ഒരു രൂപയ്ക്ക് ഒരു പാട് വിലയുണ്ടായിരുന്ന ആ വിഷുക്കാലതിന്റെ ഓർമ്മയ്ക്കായി...

Monday, March 25, 2013

ഓർമ്മകളിൽ ചിലർ - G .വേണുഗോപാൽ "മാമൻ"


അതേ അതേ നമ്മുടെ പാട്ടുകാരൻ വേണുഗോപാൽ തന്നെ. ഞാൻ മുൻപ് തന്നെ പറഞ്ഞില്ലേ ചില ഓർമ്മകൾ നമ്മളെ പുഞ്ചിരിപ്പിക്കാതെ വിടില്ല.., അത്തരമൊരു ഓർമയാണ് എനിക്ക് G .വേണുഗോപാൽ എന്ന ഗായകൻ .

വര്ഷങ്ങള്ക്ക് മുന്പൊരു ഉത്സവ കാലം .അന്നത്തെ ഉത്സവം എന്ന് പറഞാൽ ഇന്നത്തെ ഒരു ബിനാലെ ആണ് ബായ് . ആകെ മൊത്തം ഒരു സന്തോഷമാണ്... തിരക്കോട് തിരക്ക്, വിരുന്നുകാർ ,സർവ സമയവും പാട്ട്, രാത്രികളൊക്കെ പ്രഭാപൂരം...

              നാവായിക്കുളം ശ്രീ ശങ്കര നാരായണ ക്ഷേത്രം പഴക്കമുള്ള പ്രസിദ്ധമായ അമ്പലമാണ്. എന്റെ കുട്ടിക്കാലം ഈ അമ്പലം ചുറ്റിപ്പറ്റി ആയിരുന്നു... അമ്പലത്തിന്റെ മൂന്നു നടയ്ക്കും നേരെയുള്ള വീടുകളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്, അമ്പട ഞാനേ എന്ന് മൂക്കത്ത് വിരല് വയ്ക്കേണ്ട ബായ് ഒക്കേം വാടകയ്ക്കാ . നാലര വയസു മുതൽ ഏകദേശം 12 വയസു വരെ ഞങ്ങൾ താമസിച്ചത് അമ്പലത്തിന്റെ പടിഞ്ഞാറേ കരയിലെ വീട്ടിലാ,ഇപോളും എന്റെ മോസ്റ്റ്‌ ഫേവറിറ്റ് വീടും അത് തന്നെ..പുറത്തിറങ്ങി ഇടത്തേക്ക് ഒറ്റ ഓട്ടം, രണ്ടാം മിനുട്ടിൽ അമ്പല മതിലിൽ തട്ടും... വീടിനു വലത് മണ്‍ വഴിക്ക് അപ്പുറം അമ്മന്കൊവിൽ എന്ന ചെറിയ അമ്പലം. (അങ്ങനെ മൊത്തത്തിൽ ഒരു ആധ്യാത്മിക ലോകത്തായിരുന്നു കുട്ടിക്കാലം, എന്നിട്ടും നന്നായില്ല).

                എല്ലാ പരിപാടിക്കും മുൻപന്തിയിൽ ഉണ്ടാകും ഞാനും എന്റെ ഗാങ്ങും. മുന്പന്തി എന്ന് വെച്ചാൽ, അതിനും മുന്നില് സ്ഥലം ഇല്ല. സ്റ്റെജിനു മുന്നില് വെച്ചിരിക്കുന്ന ലൈറ്റ് സെറ്റ് അപ്പൊക്കെ ആൾകാർ തട്ടിയിടാതിരിക്കാൻ ഒരു കയർ വലിച്ചു കെട്ടിയിട്ടുണ്ടാകും, ആ കയറിൽ പിടിച്ച ഇരിക്കുന്ന കുറച്ചു പേരേ ഉള്ളു, അതിൽ ഒരാള് ഞാനാ. 8 മണിയുടെ പരിപാടിക്ക് 7 മണിക്കേ വീട്ടില് നിന്നും പുറപ്പെടും. അമ്മയ്ക്കും അപ്പുറത്തെ വീടുകളിലെ ചേച്ചിമാർ, മാമിമാർ ഒക്കെയ്കും പേപ്പർ ഇട്ട് സ്ഥലം പിടിക്കും. ഞാനും ന്റെ സില്ബന്ധിസ് മൂന്നാല് പേരും ഈ കയറിനു തൊട്ടു പിന്നിൽ കുറ്റിയടിക്കും . അന്നത്തെ  ഞങ്ങടെ ഹീറോസ് നാടകത്തിലെ നടീനടന്മാരും ഗാനമേളയിലെ പാട്ടുകാരുമാ.

                  അന്നത്തെ ഗാനമേള ശ്രീ.വേണുഗോപാൽ നയിക്കുന്നതാണ്. കാലം കുറച്ചു പഴയതാ, കോട്ടയം കുഞ്ഞച്ചൻ റിലീസ് ആയ സമയം ,എനിക്കൊരു 6-7 വയസ് വരും. അന്ന് ഉത്സവ പറമ്പിൽ നല്ല തിരക്ക് ആയതു കൊണ്ട് കുറച്ചു പിറകിലെക്കെ സ്ഥലം കിട്ടിയുള്ളൂ... ഗാനമേള തുടങ്ങി... ചാനലുകളും റിയാലിറ്റി ഷോകളും മൊബൈലുകളും ഇല്ലാതിരുന്ന ആ കാലത്ത് റേഡിയോ ആണ് പുത്യ പാട്ടു കേള്ക്കാനുള്ള ഒരേ ഒരു ഓപ്ഷൻ .പിന്നെ ആണ്ടിൽ ഒരിക്കലെ ഗാനമേളകളും .

               ഗാനമേള മുന്നേറി കൊണ്ടിരിക്കുമ്പോൾ കൂട്ടത്തിലെ തരുണീമണി ചേച്ചിമാർക്ക് കോട്ടയം കുഞ്ഞച്ചനിലെ "ഹൃദയ വനിയിലെ" പാട്ട് കേള്ക്കാൻ വല്ലാത്ത മോഹം, ഏതൊക്കെയോ നിശബ്ദ പ്രണയങ്ങൾക്കുള്ള ഡെഡിക്കെഷൻ ആയിരുന്നിരിക്കണം,... എവിടെ നിന്നോ ഒരു തുണ്ട് പേപ്പർ അതിൽ കുനുകുനെ പാട്ടിന്റെ ആദ്യ വരി. നിറം ഫില്മിൽ ശാലിനിയെ പൊക്കി സ്റ്റേജിൽ എത്തിക്കുന്നത് പോലെ എന്നെ ആരൊക്കെയോ പൊക്കി സ്റ്റേജിൽ എത്തിച്ചു...

               ഫ്രിൽ ഉള്ള കുട്ടി ഫ്രോക്ക്‌ ഇട്ടു മാമാട്ടികുട്ടിയമ്മ സ്റ്റൈൽ മുടിയും, കണ്ണുകളിൽ നിറയെ കൌതുകവും ആയി സ്റ്റേജിൽ എത്തിപ്പെട്ട എന്നെ കണ്ടു വേണുഗോപാൽ മനോഹരമായി ഒന്ന് ചിരിച്ചു. ആ ചിരി കണ്ടിട്ടാകാം പുള്ളീടെ കയ്യിൽ തൂങ്ങി "മാമാ ദോ ആ ചേച്ചിമാര് ഈ പാട്ട് പാടാൻ പറഞ്ഞു " എന്ന് കയ്യ് ചൂണ്ടി ഞാൻ പറഞ്ഞത്... എന്നെ സ്റ്റേജിൽ നിർത്തി തന്നെ അദ്ദേഹം ആ പാട്ട് പാടി...

പിറ്റേന്ന് ഞാൻ സ്കൂളിൽ കുറെ പൊങ്ങച്ചം പറഞ്ഞു അതിനെ കുറിച്ച് .

വർഷങ്ങൾ കുറെ കഴിഞ്ഞിട്ടും ഇപ്പോഴും G .വേണുഗോപാൽ എന്ന ഗായകനെ എവിടെ കണ്ടാലും (tv ,ഫോടോ etc നേരിട്ട് പിന്നെ കണ്ടിട്ടില്ല ) ഒരു നിമിഷം ഞാനാ പഴയ ഫ്രോക്കുകാരി ആകും, ഒരു പുഞ്ചിരി ...എന്റെ ആരോ ആണ് ഇദ്ദേഹം എന്നൊരു തോന്നൽ :)

(സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഇപ്പൊ ഞാൻ അദ്ദേഹത്തിനെ മാമാ ന്നോ uncle ന്നോ വിളിച്ചാൽ എപ്പോ അടി കിട്ടീന്നു ചോദിച്ചാൽ മതി... ,പ്രായം പോയൊരു പോക്കേ )

Thursday, March 21, 2013

ഓർമ്മകളിൽ ചിലർ .... കോവാലമ്മാമനും ശശിയണ്ണനും

ഞങ്ങളുടെ  നാട്ടിന്‍പുറത്തെ വർക്ക്ഷോപ്പ് നടത്തുന്ന ചേട്ടച്ചാരാണ്   mr.ഗോപാലൻ . പക്ഷെ എല്ലാരുടേം  സൌകര്യത്തിനു പുള്ളിക്കാരന് പാവം കോവാലൻ ആയി ഒതുങ്ങേണ്ടി വന്നു...., വെറും കോവാലൻ എന്നുമല്ല സൈക്കിൾ കോവാലൻ , ഞങ്ങൾ കുട്ടികൾക്ക് സൈക്കിൾ കോവാലമ്മാമൻ എന്നും ... ഇപ്പോളും ഓർമയിൽ വരുക സൈക്കിൾ കോവാലമ്മാമൻഎന്നാണ്, ഒരു തരിമ്പു പോലും മര്യാദ കുറയാതെ.

             കോവാലൻ മാമന്‍റെ  വർക്ക് ഷോപ്പിൽ നിന്നും സൈക്കിൾ വാടകയ്ക്ക് എടുക്കാം, ഒരു മണിക്കൂറിനു 50 പൈസ. അന്ന് അവിടെ ഉള്ള ഒരു കുട്ടിക്കും സ്വന്തമായി സൈക്കിൾ ഇല്ലായിരുന്നതിനാൽ എപ്പോഴും കോവാലൻ മാമന്റെ സൈക്കിളിനു ഡിമാൻഡാ , ഒടുക്കത്തെ ഡിമാണ്ട് . ശനിയും ഞായറും കുട്ടികൾ അവിടെയൊക്കെ ചുറ്റിപ്പറ്റി നിൽക്കും ,അടുത്ത ഊഴത്തിനായി..

      ഞങ്ങൾ മൂന്നാളും(me n my twin bros) അമ്മയുടെ കയ്യിൽ നിന്നും ഒരു രൂപ മുന്‍കൂട്ടി വാങ്ങീട്ടുണ്ടാകും, 2 മണിക്കൂർ ഒപ്പിക്കാൻ... എനിക്ക് അന്ന് 5-6 വയസുണ്ടാകും,ചേട്ടന്മാർക്ക്  10 വയസ്സ്  .അവരുടെ കാലെത്തുന്ന  സൈക്കിൾ എടുത്താൽ, എനിക്ക് ഓടിക്കാൻ പറ്റില്ല.അതിനാണ് ഈ ഒരു രൂപ, ഒരു മണിക്കൂർ എനിക്ക് വേണ്ടി കുഞ്ഞു സൈക്കിൾ എടുക്കും, ചേട്ടായീസ് കഷ്ടപെട്ട് ഓടിക്കും. ഞാൻ വിലസും. അടുത്ത ഒരു മണിക്കൂർ കുറച്ചു കൂടി വലുതെടുക്കും, അപ്പോളും ഞാൻ വിലസും-ആ ഒരു മണിക്കൂറിലെ എന്‍റെ  റൌണ്ട് ഏതേലും ഒരാള് എന്നെ സൈക്കിളിൽ തള്ളിക്കൊണ്ട് പോകണം... രണ്ടാള്‍ക്കും   അന്നേ നല്ല വ്യായാമം ഞാൻ കൊടുതെങ്കിലും ഇപ്പോഴും ഒരു നന്ദീമില്ല...

       അങ്ങനെയുള്ള ഒരു ദിവസം, ഞങ്ങള്‍ക്ക് അന്ന് വലിയ സൈക്കിൾ മാത്രേ കിട്ടിയുള്ളൂ . വീടിന്റെ മുന്നിലെ മണ്‍ റോഡിൽ കൂടി ഒരു വലത്തു വെച്ച് അമ്പലത്തിന്റെ പിന്നിലൂടെ വീടിന്റെ ഇടതു വശത്തുള്ള സൈഡ് റോഡിൽ എത്തുക... ഒരു പെർഫെക്റ്റ്‌ റൌണ്ട് ആണത്. കൊച്ചേട്ടന് ഒരു റൌണ്ട്,വല്യേട്ടൻ എന്നേം കൊണ്ടൊരു റൌണ്ട്,കൊച്ചേട്ടൻ പിന്നേം എന്നേം കൊണ്ടൊരു റൌണ്ട്, പിന്നെ വല്ല്യെട്ടനൊരു റൌണ്ട് ഇതാരുന്നു ഞങ്ങടെ  'മാത്തമറ്റിക്സ്' ( മിനുട്ടുകളുടെ വ്യത്യാസമേ അവര് തമ്മിലുള്ളൂ എങ്കിലും ബാക്കിയുള്ളവർക്ക് മനസിലാകാനായി ഞാൻ അവരെ കൊച്ചേട്ടനും വല്യേട്ടനും ആക്കി)

       രണ്ടു മൂന്നു റൌണ്ട് കഴിഞ്ഞു, വീടിന്റെ മുന്നില് നില്കുന്നവർക്ക് സമയ ബോധമുണ്ട്. ഒരു റൌണ്ട് കറങ്ങി വരവുന്നതിൽ നിന്നും ഒരു സെക്കന്റ്‌ ലേറ്റ് ആയാൽ നെക്സ്റ്റ് റൌണ്ട് ആ ആള്‍ക്ക് ഇല്ല..., എക്സ്ട്രാ സ്ഥലം കറങ്ങിയതിന്‍റെ  ശിക്ഷ.. കൊച്ചേട്ടന്റെ ഒറ്റയ്ക്കുള്ള റൌണ്ട് കഴിഞ്ഞ് പതിവിലും വേഗത്തിൽ ആശാൻ തിരികെ എത്തി , അടുത്തത് ഞാൻ സീറ്റിലും വല്യേട്ടൻ ഓടീട്ടും ഉള്ള റൌണ്ട് .

              ഞങ്ങൾ പതുക്കെ യാത്ര തുടങ്ങി.. കുറച്ചു ദൂരം എത്തിയപ്പോളേക്കും   അതാ വരുന്നു എതിരെ ഒരു ചേട്ടച്ചാർ, സിഗ്സാഗ് മോഡലിൽ ...ഇതിപ്പോ എന്താ കഥ.,പിന്നിൽ നിന്ന് വല്യേട്ടൻ തള്ളുന്നുണ്ടെങ്കിലും ഈ സ്ടിയറിംഗ്     എന്റെ കയ്യിലാണല്ലോ... ഞാൻ വലത്തേയ്ക്ക്  വെട്ടിക്കും ആ പുള്ളി വലത്തേയ്ക്ക് വരും, ഇടതു വെട്ടിയ്ക്കും  ഇടത്തേയ്ക്ക് വരും...തലയൊക്കെ കുനിഞ്ഞ് ആണെങ്കിലും ഈ ചങ്ങായി ഞങ്ങളെ മനപൂർവം കണ്ടിട്ടാണോ എന്നുവരെ തോന്നിപ്പോയി.

          അങ്ങനെ ഇടതു വെട്ടി,വലതു വെട്ടി ,ഒഴിഞ്ഞു മാറി ലാസ്റ്റ് വെട്ടിനു ആ ചേട്ടച്ചാർ ചാടി സൈക്കിൾ ഹാന്ടിലിനു ഒരു പിടിത്തം.
      
 "ഫാ....പുല്ലേ @@@ ### **** @@ "     പിന്നുന്നള്ളതൊന്നും മനസിലായില്ല...

       അതിനിടയിൽ ചേട്ടച്ചാർ അങ്ങോരുടെ വലതു കാൽ കാട്ടുന്നുമുണ്ട്, നോക്കുമ്പോൾ ചോര ഒലിക്കുന്നു കാലിന്‍റെ  തള്ള വിരലിൽ നിന്നും.
ഞാനും വല്യേട്ടനും ആവുന്നത്ര പറഞ്ഞു
"ഞങ്ങൾ സൈക്കിൾ മുട്ടിച്ചില്ലല്ലോ ചേട്ടാ,മാമാ ,അണ്ണാ എന്നൊക്കെ "
 പക്ഷെ പുള്ളി പറഞ്ഞതിൽ ഉറച്ചു നില്ക്കുവാ, സൈക്കിൾ ഹാൻഡിൽ വിട്ടു വല്ല്യേട്ടന്റെ ഷർട്ടിലായി ഇപ്പൊ പിടിത്തം.പാട്ടിനും ആട്ടത്തിനും ഇടയിൽ പുള്ളി പറഞ്ഞ ഒരു കാര്യം എനിക്ക് മനസിലായി

       " എടാ മോനെ നീ ഷർട്ട്‌ മാറ്റി വന്നാൽ എനിക്ക്, ഈ ശശിക്ക് ആളെ പിടി കിട്ടുല്ല എന്ന് കരുത്യോ...." 
     
      മനസ്സിൽ ഒരു ലഡ്ഡു പൊട്ടി, അമ്പട മോനെ കൊച്ചേട്ടാ .... ഇങ്ങേര്‍ക്ക്  പണി കൊടുത്തിട്ട് മിണ്ടാതെ ഞങ്ങളെ വിട്ടിരിക്കുവാ ആ ബ്രൂട്ടസ്.

               "പൊന്നു ശശി അണ്ണാ ഇതേ മെയിഡ് വേറെ ഒരെണ്ണം കൂടി ഉണ്ട്, ആ കക്ഷിയാണ് താങ്കളെ ഇടിച്ചത് " എന്നു ഞാൻ പറഞ്ഞതിന്,
 
       "കൊച്ചെ എന്നെ നീ വെറും ശശി ആക്കാൻ നോക്കല്ലേ " എന്നായി .

"പൈസ എടടാ   ആസ്പത്രീ പോകാൻ..അല്ലെ വേണ്ട ,വാ ഇപ്പ പോലീസ്  സ്റ്റേഷനിൽ പോകാം "

         ഞങ്ങള് രണ്ടാളും നിന്ന നിൽപ്പിൽ എന്തൊക്കെയോ പോയി..., പിന്നെ ഒരു വഴിയെ ഞങ്ങള്ക്ക് ഉണ്ടായിരുന്നുള്ളു ശശിയണ്ണനെ പതുക്കെ അവിടുത്തെ മതിലിൽ ചാരി വെച്ചിട്ട് വല്യേട്ടൻ എന്നേം കൊണ്ട് ഒറ്റ ഓട്ടം... ഓടുന്ന വഴിക്ക് ഓർത്തു മറ്റേ ' ‌ കശ്മലൻ' , കൊച്ചേട്ടന്‍  വീടിനു മുന്നില്‍  നില്പ്പുണ്ട് ഞങ്ങടെ റൌണ്ട് കഴിയുന്നതും കാത്ത്. ശശിയണ്ണൻ നേരെ,സോറി ആടിയാടി ചെല്ലുന്നത് അങ്ങോട്ടേക്കും . അങ്ങോര്‍ക്കും  മുന്‍പ് പുറകു വശത്ത് കൂടി എത്തി കൊച്ചേട്ടനെ രക്ഷിച്ചത് സ്നേഹം കൊണ്ടല്ല ട്ടോ, ഈ കഥ അമ്മ അറിഞ്ഞാൽ ഉണ്ടാകുന്ന മൂന്നാം ലോകയുദ്ധം ഓർത്തിട്ടാ ...

Wednesday, March 20, 2013

ഓർമകളിൽ ചിലര്


ഓർമ്മകൾ ഇങ്ങനെ കൂമ്പാരം ആയി കിടക്കുമ്പോ ആരെ അതിൽ നിന്നു തിരഞ്ഞ് എടുക്കുമെന്ന് കൻഫൂഷൻ,കൻഫൂഷൻ ... "അക്കുത്തിക്കു ,സൈക്കിൾ വന്നു ബെല്ലടിച്ചു... 1,2,3...."
      ആ കിട്ടി.. ജനിച്ചപോൾ മുതൽ ഞാൻ കണ്ടുകൊണ്ടിരിക്കുന്ന ഇപോളും എന്റെ ശല്യം സഹിക്കുന്ന 2 പേർക്കിരിക്കട്ടെ ആ പണി . എനിക്കും ഒരു നാലു കൊല്ലം മുന്നേ ഇവിടെ എത്തിയ എന്റെ ഇരട്ട സഹോദരന്മാർ , എങ്കിലും അമ്മയ്ക്ക് ആ രണ്ടാളെ നോക്കുന്നതിനെക്കാൾ പണിയായിരുന്നു ഈ ഒന്നിനെ നോക്കാൻ...
                    കൊടുക്കാവുന്ന പാരകൾ ഒക്കെ ഞാൻ എന്റെ ഈ സഹുക്കൾക്കു കൊടുത്തിട്ടുണ്ട്.. കുട്ടികാലത്തെ അവരുടെ ഏറ്റവും വലിയ തൊല്ല എന്നെയും കൂട്ടി വേണം എവിടെയും പോകാൻ എന്നതായിരുന്നു. ക്രിക്കറ്റ്‌ കളിക്കാൻ, കുളത്തിന്റെ കരയിൽ വായി നോക്കാൻ,സൈക്കിൾ ഓടിക്കാൻ അങ്ങനെ എന്തിലും. പാവം ചേട്ടായീസ് , കൂട്ടുകാരുമായി സ്വസ്ഥമായി ഒരു ജാക്കി ചാൻ പടം കാണാൻ പോലും ഉള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു...
                             ഒരിക്കൽ ചേട്ടന്മാരുടെ കുട്ടിപട്ടാളവും ഞങ്ങളും കൂടി ബ്രുസിലീ ടെ ഇടിപടം കാണാൻ പൊയി , എനിക്കൊരു ആര് ആറര വയസു വരും കഷ്ടി. 2 രൂപയുടെ ബെഞ്ച്‌ ടിക്കറ്റ്‌ ആണ് ഞങ്ങടെ സ്ഥിരം ഐറ്റം , കൂടെ വന്ന ആണ്പടയുടെ കഷ്ട കാലത്തിനു ആ പടത്തിൽ ഒരു ചേട്ടൻ തിരിഞ്ഞു നിന്ന് മുള്ളണ സീൻ ഉണ്ടായിരുന്നു.
                   എഴുന്നേറ്റ് നിന്ന് ഞാനൊരൊറ്റ കാച്ചാ, "അയ്യേ ദേ തുണിയില്ലാണ്ട് നിക്കണ് , കൂയ് കൂയ്.... " കപ്പല് കേറീ എന്റെ ചേട്ടന്മാരുടെ മാനം.. അതിനു ശേഷം 6 ലും 7 ലും ഒക്കെ പഠിക്കുന്ന സ്മാർട്ട്‌ ബോയ്സ് ന്റെ ആ ഗാങ്ങ് ആവുന്നത്ര ശ്രമിച്ചു എന്നെ ഒന്നങ്ങട് ഒഴിവാക്കാൻ, കിം ഫലം? ആ കുട്ടിപട്ടാളതിനാണ്‌ ഈ കുറിപ്, എന്നെ സഹിച്ചത്തിനു....

Monday, December 13, 2010

തണുത്ത ശരണം വിളികളും പിന്നൊരു കരോളും

        ബാല്യകാലം എന്നും നമുക്ക് നല്ല ഓര്‍മ്മകള്‍ ആണ്. എത്ര കഷ്ടപ്പെടേണ്ടി വന്ന കാലമായിരുന്നാല്‍ പോലും വളര്‍ന്നു കഴിഞ്ഞു അതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഗൃഹാതുരത്വം ആണ് എല്ലാവര്ക്കും തോന്നുക. എന്‍റെ അവസ്ഥയും അത് തന്നെ.... സാമ്പത്തികമായി ഓര്‍മ്മകള്‍ക്ക് സ്വര്‍ണ വര്‍ണ്ണം ഒന്നുമില്ലെങ്കിലും, ഞാനും ഏട്ടന്മാരുമായി കളിച്ചു വളര്‍ന്ന ആ കാലഘട്ടം തന്നെ എന്‍റെ "golden era ". ഇനിയൊരിക്കലും തിരികെ കിട്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നിരാശപ്പെടുന്ന , ഇപ്പോളത്തെ കുട്ടികള്‍ ഇതൊന്നും അറിയുന്നില്ലല്ലോ എന്ന് സങ്കടപ്പെടുന്ന ഒരു ടിപ്പിക്കല്‍ middle aged ആണ് ഞാന്‍.ഒരു പക്ഷെ ഇന്നത്തെ കുട്ടികള്‍ നമ്മുടെതിനെക്കാള്‍ ആസ്വദിക്കുന്നുണ്ടാകാം, അവരുടെ കണ്ണില്‍ നമ്മളാകും നിരാശപ്പെടെണ്ടവര്‍.. നിരവധി ചാനലുകള്‍ ഇല്ലാതിരുന്ന ,കമ്പ്യൂട്ടറും , ഇന്‍റര്‍‍നെറ്റും,ഗെയിംസും  ഇല്ലാതിരുന്ന ഒരു കാലം ഒരു പക്ഷെ അവര്‍ക്ക് ചിന്തിക്കാന്‍ പറ്റുന്നുണ്ടാകില്ല .

      അങ്ങനെ ഉള്ള ഒരു ബാല്യത്തിനെ കുറിച്ചാണ് ഈ ഓര്‍മ്മ. ഡല്‍ഹിയിലെ തണുത്ത ദിവസങ്ങളില്‍ ഓഫീസ് ജീവിതം വിരസമായി കഴിയവേ ഒരു സഹപ്രവര്‍ത്തക പറഞ്ഞു

"ഡിസംബര്‍ എന്നാല്‍ എനിക്ക് സ്വെറ്ററും ,ബ്ലാങ്കറ്റും ,തണുത്ത് മരച്ച ദിനരാത്രങ്ങളും ആണ്.കുട്ടിക്കാലത്ത്‌ വിന്റെര്‍ ഹോളിഡേയ്സ്  എങ്കിലും ഉണ്ടായിരുന്നു,ഇപ്പോള്‍ അതും ഇല്ല " .

അപ്പൊ ക്രിസ്തുമസോ എന്ന എന്‍റെ ചോദ്യത്തിനെ ആ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്ത് അമ്പരപ്പില്‍ വിടര്‍ന്ന കണ്ണുകളോടെയാണ് നേരിട്ടത്.

" ക്രിസ്തുമസോ? ആ ദിവസം വിന്റെര്‍ ഹോളിഡേയ്സ്നു ഉള്ളില്‍ ഉള്ള ദിവസം അല്ലെ., അവധി തന്നെ. മറ്റെന്തു വിശേഷം? "

ആ ചോദ്യം എന്നെ കൂട്ടി കൊണ്ട് പോയത് വൃശ്ചികത്തിന്റെ കുളിരിലേക്കാണ്.
 
      ശരണം വിളികള്‍ ഉയരുന്ന തണുത്ത പ്രഭാതങ്ങളിലേക്ക് , എവിടെ നോക്കിയാലും സ്വാമിമാര്‍ മാത്രം. ആണ്‍കുട്ടികള്‍ അധ്യാപകരുടെ അടികളില്‍ നിന്നും മാലയിട്ട കാരണത്താല്‍ രക്ഷപെടുന്നത് കാണുമ്പോള്‍,

"എന്‍റെ അയ്യപ്പസ്വാമീ ഞങ്ങളെയും  കൂടി അങ്ങോട്ടേക്ക് വിളിച്ചൂടെ "

എന്നറിയാതെ വിളിച്ചു പോകും. രാത്രി ആയാല്‍ തൊട്ടടുത്ത അമ്പലത്തില്‍ കെട്ടു നിറക്കല്‍ തുടങ്ങും. ഞങ്ങള്‍ കുട്ടി പട്ടാളം നേരത്തെ കൂട്ടി ഇടം പിടിച്ചിട്ടുണ്ടാകും, മലരിനും,പഴത്തിനും പിന്നെ പ്രസാദമായ പായസത്തിനും വേണ്ടി . എന്‍റെ മറ്റോരു അട്രാക്ഷന്‍  ഭജന ആയിരുന്നു.
ഭജന പാടുന്നവര്‍  ആയിരുന്നു അന്നത്തെ ഹീറോസ്.ഞങ്ങളുടെ ജോലി ആണ് പാട്ടിനിടയിലെ കൂട്ട ശരണം വിളി (കോറസ് എന്ന് പറയാം )." കല്ലും മുള്ളും കാലുക്ക്‌ മെത്ത,സ്വാമിയേ അയ്യപ്പോ ......". പലപ്പോഴും രഹസ്യമായി "പാലും പഴവും സ്വാമിക്ക്" എന്നതിനെ "പാലും പഴവും പോറ്റിയ്ക്ക് " എന്ന് പാടാറുണ്ടായിരുന്നു ഞങ്ങള്‍.എല്ലാം തീര്‍ന്നിട്ടെ വീട്ടില്‍ ഹാജര്‍ വെയ്ക്കൂ.

      മണ്ഡല കാലം തുടങ്ങി കഴിഞ്ഞിട്ടാകും ഡിസംബര്‍  എത്തുക, അപ്പോളത്തെ ഡിമാണ്ട് സ്റ്റാര്‍ വേണം എന്നതാണ്. ചുമന്നതും മഞ്ഞയും നിറയെ കുത്തുകള്‍ ഉള്ളതുമായ നക്ഷത്രങ്ങള്‍. ലൈറ്റ് ഇടുന്ന പരിപാടി ചേട്ടന്മാരുടെ വക. കത്തി അണയുന്ന ലൈറ്റ് സംവിധാനം ഉണ്ടാക്കി ചേട്ടന്മാര്‍ ചുറ്റുവട്ടത്തെ കേമന്മാര്‍ ആകും. ചിലപ്പോള്‍ ഒന്നില്‍ കൂടുതല്‍ നക്ഷത്രങ്ങള്‍ ഉണ്ടാകും മുറ്റത്തെ വേപ്പ് മരത്തില്‍ ,കഴിഞ്ഞ കൊല്ലങ്ങളിലേതു എടുത്തു വെച്ചത്. പിന്നെ സ്കൂളില്‍ കൂട്ടുകാരോടൊക്കെ നമ്മുടെ സ്റ്റാറിനെ പറ്റിയുള്ള വീമ്പു പറച്ചിലിനും മുടക്കം വരുത്താറില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ആണ് ക്രിസ്ത്യാനികളെക്കാള്‍ അധികം ഉണ്ടായിരുന്നത്. എങ്കിലും നക്ഷത്രങ്ങള്‍ മിക്കവാറും എല്ലായിടത്തും കാണാറുണ്ട്. ഇപ്പോളും അങ്ങനെ തന്നെയാണോ എന്നറിയില്ല . ഈ മേളപ്പെരുക്കത്തിനു ഇടയില്‍ ക്രിസ്മസ് പരീക്ഷ കഴിയും.


     ഇത് വരെയുള്ള ഓര്‍മ്മയുടെ ലൊക്കേഷന്‍ തിരുവനന്തപുരം ജില്ലയില നാവായിക്കുളം എന്ന ഒരു കൊച്ചു ഗ്രാമത്തില്‍ ആയിരുന്നെങ്കില്‍, ക്രിസ്തുമസിന്റെ മുഴുവന്‍ ആഘോഷവും കൊടിയിറങ്ങുന്നത് അച്ഛന്റെ നാട്ടില്‍ ആണ്...ചങ്ങനാശ്ശേരിയിലെ അമരപുരം എന്ന മറ്റൊരു ചെറിയ ഗ്രാമത്തില്‍. ഓരോ പരീക്ഷകളും കടന്നു വരുന്നത്, ഇത് കഴിഞ്ഞു കിട്ടിയാല്‍ വെക്കേഷന്‍ ഉണ്ടെന്നതും,അപ്പോള്‍ അച്ഛന്‍വീട്ടില്‍ പോകാമെന്നതുമായ ആകര്‍ഷണത്തിലാണ് .
 
     നാവായിക്കുളം പോലെ ആയിരുന്നില്ല അമര, റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ,ഒരുപാട് പള്ളികള്‍ ഉള്ള ഒരു കുഞ്ഞി ഗ്രാമം. തറവാട് ഒരു ചരിഞ്ഞ പ്രതലത്തിലാണ്, ഉരുണ്ടു പോയാല്‍ ചെന്നെത്തുക താഴത്തെ "മമ്മിയുടെ" വീട്ടിലാണ്. ആ വീട്ടിലെ റോസമ്മ അമ്മയെ ഞങ്ങള്‍ എല്ലാരും മമ്മി എന്നാണു വിളിച്ചിരുന്നത്,ഒരു പക്ഷെ ആ ഗ്രാമത്തില്‍ ആദ്യമായി "മമ്മി" എന്നുള്ള പരിഷ്കാര വിളി കടന്നെത്തിയത് ആ വീട്ടില്‍ ആയിരുന്നിരിക്കാം. എന്തായാലും ഞാന്‍ ഉള്‍പ്പെടുന്ന കുട്ടി പട്ടാളത്തിന് ആ മമ്മിയുടെ ചെറുമക്കള്‍ ആകാനുള്ള പ്രായം ഉണ്ടായിരുന്നു.ക്രിസ്തുമസിനു ഒരാഴ്ച മുന്‍പേ തന്നെ അച്ഛന്‍ പെങ്ങളെ സോപ്പ് ഇടാന്‍ തുടങ്ങും ഞാന്‍, പ്ലം കേക്കിനു വേണ്ടി. അന്ന് അത്തരം കേക്ക് ആയിരുന്നു എല്ലായിടത്തും, ബ്രൌണ്‍ കളറില്‍ ഇടയ്ക്കിടെ പല നിരത്തിലെ ചെറി കഷ്ണങ്ങളും ആയി. ഐസിംഗ് ഉള്ള കേക്ക് വലിയൊരു ആഡംബരം ആയിരുന്ന കാലം, ഇതെങ്കിലും  ഒന്ന് ഒപ്പിച്ചെടുക്കാന്‍ കഠിന പ്രയത്നം തന്നെ വേണം.
 
     നാവായിക്കുളത്ത് ഇല്ലാതിരുന്ന മറ്റൊരു കാര്യം കാരോള്‍ സംഘങ്ങള്‍ ആണ്. ഒരാഴ്ച മുന്നേ തുടങ്ങും ക്ലബ്ബുകളുടെ വകയായുള്ള കരോള്‍ റോന്തുകള്‍,പിരിവും. രാത്രി ആയാല്‍ കാത്തിരിപ്പാണ് ഇന്ന് ഏതു ക്ലബ്ബുകാരാ വരുക, ഏതു പാട്ടാ പാടുക..അങ്ങനെ അങ്ങനെ. ക്രിസ്തുമസിനു തലേ ദിവസം ആണ് പള്ളികളിലെ സംഘങ്ങള്‍ വരുക.പക്ഷെ ഞങ്ങളുടെ പ്രദേശത്ത് മറ്റൊരു കരോള്‍ കൂടി എല്ലായിടത്തും എത്തുമായിരുന്നു, ചുറ്റുവട്ടത്തെ 7 -8 വീടുകളില്‍ മാത്രം, അതിനു പേര് കുട്ടിക്കരോള്‍ എന്നാണ്. സംഘാംഗങ്ങള്‍ ഞാനും അയല്‍പക്കത്തെ കൂട്ടാളീസും തന്നെ. സാന്താ ക്ലോസ്സിന്റെ മുഖം മൂടികള്‍ കിട്ടും 5 രൂപയ്ക്ക്. അതൊരെണ്ണം വാങ്ങിയാല്‍ പിന്നെ ബാക്കി ഒക്കെ സ്വയം പരിശ്രമം തന്നെ. അമ്മയുടെയോ അമ്മായിമാരുടെയോ അല്ലെങ്കില്‍ സ്വന്തമോ ആയ ഒരു ചുവന്ന മാക്സി ഒപ്പിക്കുക, ആവശ്യത്തിനു പാട്ടകളും കുപ്പികളും (ഡ്രം സെറ്റ്) മുറ്റത്തും പറമ്പിലും നിന്നും എടുക്കുക...ഞങ്ങളുടെ കരോള്‍ സംഘം റെഡി .

    പാട്ടുകള്‍ അധികം ഒന്നുമുണ്ടാകില്ല. ഒന്നോ രണ്ടോ, അതും മുഴുവന്‍ അറിയുന്നുണ്ടാകില്ല.ഒരു പാട്ടിന്‍റെ  വരികള്‍ തുടങ്ങുന്നത് "പാടീടാം നാഥന്റെ ഗീതങ്ങള്‍ ആമോദ സന്തോഷത്താല്‍ " എന്നായിരുന്നു...,അപ്പോഴത്തെ ഹിറ്റ്‌ ഹിന്ദി ഗാനം "ഏക്‌ ദോ തീന്‍ " ന്‍റെ ട്യൂണില്‍,എവിടെ നിന്നും കിട്ടിയതാണെന്ന് അറിയില്ല,ആ പാട്ട് വന്‍ ഹിറ്റ്‌ ആയിരുന്നു ഞങ്ങളുടെ കരോളില്‍. എന്തായാലും എല്ലാം ഒരു തരത്തില്‍ ഒപ്പിച്ച്  വീട് വീടായി കയറി ഇറങ്ങും ഞങ്ങള്‍ .. പാട്ട് നന്നായോ നന്നായില്ലയോ എന്നുള്ളതല്ലായിരുന്നു പ്രധാനം, എല്ലായിടത്ത് നിന്നും കിട്ടുന്ന "പോക്കറ്റ്‌ മണികള്‍ " ആയിരുന്നു ഞങ്ങളെ കൊണ്ട് ഈ കടും കൈ ചെയ്യിച്ചിരുന്നത്.... പിറ്റേ ദിവസത്തെ ഞങ്ങളുടെ ക്രിസ്തുമസിനു വേണ്ടി വരുന്ന മിട്ടായികള്‍ ഈ വഴിക്ക് ഒത്തു പോരും.


   ക്രിസ്തുമസിനു രാവിലെ തന്നെ മമ്മിയുടെ വീട്ടില്‍ നിന്നും പാലപ്പവും ചിക്കനും എത്തും,പിന്നെ കുശാല്‍. ഉച്ചക്ക് കേക്ക് മുറിക്കും.എനിക്ക് ഇപ്പോളും അറിയില്ല, എന്തിനാ ഞങ്ങള്‍ ക്രിസ്തുമസിനു ഉച്ചക്ക് കേക്ക് മുറിച്ചിരുന്നത് എന്ന്,പക്ഷെ അതെല്ലാ വര്‍ഷവും ഉള്ള ഒരു ചടങ്ങായിരുന്നു. അതോടെ കഴിഞ്ഞു ക്രിസ്തുമസ് ആഘോഷം... ഇനി അടുത്ത വര്‍ഷം  എന്ന് പറഞ്ഞു സാന്താക്ലോസ്സിന്‍റെ  മുഖം മൂടി പെട്ടിയില്‍ വെയ്ക്കുമ്പോള്‍ അടുത്ത കരോളിനെ കുറിച്ചാകും ഞങ്ങളുടെ ചിന്ത... ഇനിയും എത്ര നാള്‍..... 

 ഇപ്പോളുള്ള കുട്ടികള്‍ കരോള്‍ സംഘം ഉണ്ടാക്കുന്നുണ്ടോ എന്നറിയില്ല...എന്തായാലും അവര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടാകും അല്ലെ??





Monday, July 12, 2010

Bye Bye..... meet u in 2014.....

ആദ്യമേ ക്ഷമ പറയട്ടെ (1 ) ഈ കുറിപ്പ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തയ്യാറാക്കിയതാണ് …… (2 ) ഈ കുറിപ്പ് ഒരു ഫുട്ബാള്‍ ഭ്രാന്തന്‍ ആയ ആരാധകന്‍റെതാണ്, വിയോജിപ്പുള്ളവര്‍ സദയം ക്ഷമിക്കുക …..

വിട :

വുവുസേലക്കും ജബുലാനിക്കും......കാല്‍പ്പന്തുകളിയുടെ  ഉറക്കമില്ലാത്ത കാല്പനികരാവുകള്‍ക്ക്.....കൂട്ടലുകളുടെയും കിഴിക്കലുകളുടെയും  ചൂതാട്ടദിനങ്ങള്‍ക്ക്…… തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും ചിന്തകള്‍ക്ക്……വാക്പോരാട്ടങ്ങളുടെ നിലക്കാത്ത ഊര്‍ജപ്രവാഹത്തിനു……. ബുദ്ധിയില്‍ ഫുട്ബോള്‍ മാത്രം തെളിഞ്ഞ ദിനരാത്രങ്ങള്‍ക്ക്….. ഫുട്ബോള്‍ മാത്രം സംസാരിച്ചിരുന്ന സൌഹൃദസംഭാഷണങ്ങള്‍ക്ക്……

അഭിനന്ദനങ്ങള്‍ :

വംശവെറിയുടെ പതനം വിളിച്ചോതിയ സൌത്ത് ആഫ്രിക്കാന്‍ അധികാരികള്‍ക്ക്…..ആഫ്രിക്കയ്ക്ക് ആ അവസരം നല്‍കിയ FIFA അധികാരികള്‍ക്ക്…….യന്ത്രങ്ങളുടെ ശരിയെക്കാള്‍ മനുഷ്യന്‍റെ തെറ്റുകള്‍ ആണ് നല്ലതെന്ന് പറയുന്ന ഫുട്ബോള്‍ മനസ്സിന്…… കറുത്തവന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഖാനയുടെ പോരാട്ടവീര്യത്തിനു…..

നന്ദി :

ആവേശാഗ്നി അണയാതെ കാത്ത ഉറ്റസുഹൃത്തുക്കള്‍ക്കും പ്രിയെപ്പെട്ട അനിയനും കാല്‍പ്പന്തുകളിയുടെ സൌന്ദര്യം പഠിപ്പിച്ചു തന്ന പ്രിയപ്പെട്ട അച്ഛന്…… കാല്‍പ്പന്തുകളിയുടെ മാസ്മരികനിമിഷങ്ങളെ കണ്മുന്നിലെതിച്ച ESPN/Star സ്പോര്‍ട്സിനു ….. വിശകലനങ്ങളുമായി കളം നിറഞ്ഞ കളിയെഴുതുകാര്‍ക്ക് ……എല്ലാറ്റിനും ഉപരി, മോറല്‍ സപ്പോര്‍ട്ടുമായി ഉറക്കമിളച്ചിരുന്ന പ്രിയതമക്ക്…….

ഓര്‍മ്മകള്‍:

വിങ്ങിക്കരയുന്ന ഗ്യാന്‍…….കൊച്ചുകുട്ടിയെ പോലെ തുള്ളിചാടിയ Suares…… Hand of “Devil / God” by Suarez….. നിസ്സഹായനായ പ്രജാപതി Maradonna….. പരുക്കിനെ തോല്‍പ്പിച്ച രാജ്യസ്നേഹവുമായി Drogbe, Forlan…. കളിക്കളത്തിനു നടുവില്‍ തോല്‍വിയിലും തല ഉയര്‍ത്തിപ്പിടിച്ചു ഏകനായ പടനായകന്‍ , Schwarznieger…..ഷര്‍ട്ട്‌ ഊരി നിര്‍ത്താതെ ഓടിയ Iniyesta…… തല കുനിച്ചു മടങ്ങിയ Messi, Christiano, Rooney…… ചരിത്രം England നു കൊടുത്ത സമ്മാനം‘നിഷേധിക്കപ്പെട്ട ഗോള്‍’……

അങ്ങിനെ ഒത്തിരി ഒത്തിരി ഓര്‍മകള്‍ക്കും നന്ദി പറച്ച്ചിലുകള്‍ക്കും അഭിനന്ദനവര്‍ഷങ്ങള്‍ക്കും
വിട പറചിലുകള്‍ക്കും അവസരമൊരുക്കി ഒരു World Cup കൂടി കടന്നു പോകുന്നു…… ഇനി നീണ്ട നാല് വര്‍ഷങ്ങള്‍…… ഇപ്പോള്‍ ഒരു ശൂന്യത, ഒരു മാസം നീണ്ട  തിരക്ക് പിടിച്ച ജീവിതത്തിന്‍റെ ഒടുക്കം……..

അതെ,അതാണ്‌ ഫുട്ബോള്‍….. ക്രിക്കെടിനുള്ള dignity മനപൂര്‍വം അവകാശപ്പെടാത്ത ഗെയിം…എന്നാല്‍ ടീം ഗെയിംന്‍റെ,സൌഹൃദത്തിന്‍റെ എല്ലാ അനന്ത സാധ്യതകളും ലോകത്തിനു കാണിച്ചു തരുന്ന വശ്യമനോഹരമായ ഗെയിം….. പാവപ്പെട്ടവരുടെ വയറിനെ പോലും മറക്കാന്‍ അവരെ പ്രേരിപ്പിക്കുന്ന ചാലകശക്തി……. സമ്പന്നന്‍റെ ധാര്‍ഷ്ട്യത്തിനു പാവപ്പെട്ടവന്‍റെ മറുപടി…… ഈ ഭൂമിയേക്കാളും വലിയ ഒരു ‘goal’മായി(ഗോളം) സ്വയം പരിണമിക്കുന്ന വന്യമായ സൌന്ദര്യം….. അതെ, Football,അത് ഒരു കലയാണ്‌,സംഗീതത്തിനും നൃത്തത്തിനും ഒപ്പം നില്‍ക്കുന്ന മനോഹരമായ കലാകാവ്യം…..ഇനി വീണ്ടും കാത്തിരിപ്പിന്‍റെ 4 വര്‍ഷങ്ങള്‍……പക്ഷെ ഞങ്ങള്‍ക്ക് സങ്കടമില്ല കാത്തിരിക്കാന്‍, കാരണം, “Football”, ഞങ്ങള്‍ക്കറിയാം ഇനിയും നീ വരുന്നത് ഞങ്ങളെ കൂടുതല്‍ കൂടുതല്‍ ആനന്ദിപ്പിക്കാന്‍ വേണ്ടി ആണെന്നു……
Meet u in 2014, in Brazil…… Bye till then….. And, Dears ,together, we will be back again…..

NB : ഇതിലെ ഫുട്ബോള്‍ ഭ്രാന്തനായ narrator എന്‍റെ ഭര്‍ത്താവാണ് Mr.Abhilash.P.K :)

Wednesday, July 7, 2010

ഒരു സ്വപ്നം ഓര്‍മ്മിപ്പിച്ചത്

ഇന്നലെ രാത്രി ഞാന്‍ കണ്ട സ്വപ്നത്തില്‍ എന്നോടൊപ്പം ഒന്ന് മുതല്‍ പത്തു വരെ പഠിച്ച,ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ ബൈക്ക് അപകടത്തിന്റെ രൂപത്തില്‍ ഞങ്ങളോട് യാത്ര പറഞ്ഞു പോയ എന്റെ ഒരു സുഹൃത്തിനെ കണ്ടു.... റെനി . അവനെ കുറിച്ച് ഒന്നും ഓര്‍ക്കാതെ ഇരുന്നിട്ടും എന്തു കൊണ്ടാണു ഞാന്‍ അവനെ സ്വപ്നം കണ്ടതെന്ന് എത്ര ഓര്‍ത്തിട്ടും മനസിലായില്ല.. ആ സ്വപ്നവും വളരെ വിചിത്രമായി തോന്നി.. ആരൊക്കെയോ കൂടി ഞാന്‍ എവിടെക്കോ പോകുന്നു, അവിടെ ദൂരത്തുള്ള ഒരു ചാര് പലകയില്‍ ഇരുന്നിരുന്ന റെനി, മുഖം പൊക്കി എന്നെ നോക്കി ചിരിച്ചു കൊണ്ട് ഒരു ബോര്‍ഡ് ഉയര്‍ത്തി കാണിച്ചു.. അതില്‍ വലിയ അക്ഷരങ്ങളില്‍ "NEXT " എന്നെഴുതിയിരുന്നു... ആ സ്വപ്നം convey ചെയ്തത് എന്ത് തന്നെയായാലും ശരി, രാവിലെ മുതല്‍ ഓര്‍മ്മകളില്‍ പകുതി വഴിയില്‍ യാത്ര ചോദിച്ചു പിരിഞ്ഞു പോയ ചിലരാണ്.. ചാള്‍സ്, റെനി,ജ്ഞാനം,ഷാന്‍ടി .

ഡ്യു ബോണ്‍ ചാള്‍സ് ഡിക്സന്‍, ഓര്‍മ്മയില്‍ നിന്നും ആദ്യം വിട പറഞ്ഞത് അവനാണ്... എന്‍റെ പ്രീ-ഡിഗ്രി ക്ലാസ്സ്‌മേറ്റ്‌. കൊല്ലം ഫാത്തിമ മാതാ കോളേജിലെ എന്‍റെ സഹപാഠി... നൂറില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടായിരുന്ന ആ ക്ലാസ്സില്‍ ആദ്യ വര്‍ഷത്തില്‍ തന്നെ മിക്കവാറും എല്ലാരോടും സൗഹൃദം സൃഷ്ടിക്കാന്‍ കഴിഞ്ഞ ഒരാള്‍ ഞാന്‍ ആയിരുന്നു, പക്ഷെ എല്ലാവരുടെയും പേരോര്‍ക്കുക കുഴക്കുന്ന പണിയും. ആകെ 21 പെണ്‍കുട്ടികളെ ക്ലാസ്സിലുണ്ടായിരുന്നുള്ളൂ,ബാക്കി ഒക്കെ പയ്യന്‍സ്. പക്ഷെ ചാള്‍സ് ന്‍റെ പേര്,കടിച്ചാല്‍ പൊട്ടാത്ത ആ പേരിന്‍റെ പ്രത്യേകത കൊണ്ട് തന്നെ മനസ്സില്‍ നിന്നു. അന്ന് ഇ-മെയിലും ,മൊബൈലും കേട്ടുകേള്‍വി പോലുമില്ലാത്ത എഴുത്തുകളും,ഗ്രീടിംഗ് കാര്‍ഡുകളും ജീവിച്ചിരുന്ന കാലമായിരുന്നു. ആദ്യ വര്‍ഷത്തെ ക്രിസ്മസ് വെക്കേഷന്‍, കോളേജ് അടയ്ക്കുന്ന ദിവസം കൂട്ടുകാരോട് സംസാരിച്ചു നില്‍ക്കെ ചാള്‍സ് അടുത്തേക്ക് വന്നു. കയ്യില്‍ ഇരുന്ന കാര്‍ഡ്‌ കണ്ടു ഞാന്‍ തമാശയ്ക്ക് ചോദിച്ചു," ആഹ എനിക്ക് കാര്‍ഡ്‌ ഒക്കെ കൊണ്ടാണല്ലോ വരവ്, ". എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവന്‍ ആ x 'mas കാര്‍ഡ്‌ എനിക്ക് സമ്മാനിച്ചു....
അവന്‍ എന്‍റെ അത്ര അടുത്ത സുഹൃത്ത് അല്ലായിരുന്നു.... പക്ഷെ, ആ കാര്‍ഡ്‌ ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി.. അടുത്ത വര്ഷം ആ കാര്‍ഡിന്‍റെ കടം ഞാന്‍ വീട്ടി.. "this may be our last x'mas here ..... happy x'mas" അവന്‍റെ കയ്യില്‍ dec 21 ,1999 കൊടുത്ത കാര്‍ഡില്‍ ഞാന്‍ അങ്ങനെ എഴുതിയിരുന്നു ,കഴിയാന്‍ പോകുന്ന കലാലയ ജീവിതത്തിന്‍റെ സിംബോളിക് വാചകങ്ങള്‍ ആയി... 26 നു രാവിലെ എന്‍റെ ബെസ്റ്റ് ഫ്രണ്ട് റിനു എന്നെ വിളിച്ചു പറഞ്ഞു, "22 നു നടന്ന ഒരു ആക്സിഡെന്‍ടില്‍ ചാള്‍സും ഉള്‍പ്പെട്ടിരുന്നു , ഇന്ന് രാവിലെ അവന്‍ നമ്മളെയൊക്കെ വിട്ടു പോയി ".

വിശ്വസിക്കാനാകാതെ റിസീവറും പിടിച്ചു നിന്ന എന്നോട് അവള്‍ പറഞ്ഞു, "ഉച്ചക്കാണ് അടക്കം , നീ വേഗം ഇവിടേയ്ക്ക് വാ.... "ഒരു മാസത്തിനു ശേഷം jan 26 ,അവന്‍റെ ഓര്‍മ്മ ദിവസം വന്നു, പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ എല്ലാരും വരണമെന്ന് കോളേജില്‍ നിന്നും പറഞ്ഞിട്ടും ഞാന്‍ പോയില്ല.അവധി ദിവസം കഴിഞ്ഞ പിറ്റേ ദിവസം കോളേജില്‍ എത്തിയ എന്നോട് റിനാട്ടാസ് എന്ന സുഹൃത്താണ് പറഞ്ഞത്, "ചാള്‍സിന്റെ പപ്പയും മമ്മിയും ആര്‍ഷ എന്ന കുട്ടിയെ അന്വേഷിച്ചു, ഒന്ന് വീട് വരെ വരണം എന്ന് പറഞ്ഞു".
മരണത്തിനു പോകാന്‍ കഴിയാതിരുന്ന സുഹൃത്തുകളേയും കൂട്ടി ഞാന്‍ ഒരിക്കല്‍ കൂടി ചാള്‍സിന്റെ വീട്ടിലേക്കു പോയി. വളരെ ചെറിയ ഒരു അനുജത്തി അവനുണ്ട് എന്നറിയാമായിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോഴും അവന്‍റെ അമ്മ നോര്‍മല്‍ സ്റ്റെജിലേക്ക് എത്തിയിരുന്നില്ല.ഞങ്ങളെ കണ്ട അവന്‍റെ ചെറിയമ്മയും അങ്കിളും വിതുമ്പി കരഞ്ഞു, പപ്പാ എല്ലാര്‍ക്കും ചെയര്‍ എടുത്തു തന്നു ഇരിക്കാന്‍ പറഞ്ഞു.

അകത്തു നിന്നും വന്ന അവന്‍റെ മമ്മി ഭാവ ഭേദം ഇല്ലാതെ ഞങ്ങളെ നോക്കി. ചെറിയമ്മയോട് ഇവര്‍ക്ക് കുടിക്കാന്‍ കൊടുക്കാന്‍ പറഞ്ഞു,നാരങ്ങ വെള്ളത്തിന്‍റെ കണ്ണാടിഗ്ലാസ്‌ ഓരോരുത്തര്‍ക്കും തരുമ്പോള്‍ ആ അമ്മ വിതുമ്പി "ഈ ഗ്ലാസ്സൊക്കെ അവന്‍, കൂട്ടുകാര്‍ വരുമ്പോള്‍ എടുക്കാന്‍ വെച്ചിരുന്നതാ...." അവിടെ ചാള്‍സിന്‍റെ ഒരു വലിയ ഫോടോ വെച്ച്, മെഴുകുതിരി കത്തിച്ചിരുന്നു.. ഓരോരുത്തരായി വിതുമ്പാന്‍ തുടങ്ങിയപ്പോള്‍ പപ്പാ ഞങ്ങളുടെ പേരുകള്‍ ചോദിക്കാന്‍ തുടങ്ങി. സോഫയില്‍ അവസാനം ഇരുന്ന ഞാന്‍ പേര് പറഞ്ഞപ്പോള്‍ ആ അമ്മ ഓടി വന്നെന്‍റെ കയ്യ് പിടിച്ചു, മുഖത്തേക്ക് തുറിച്ചു നോക്കി, പിന്നെ അകത്തെ മുറിയിലേക്ക് ഓടി മറഞ്ഞു... ഒന്നും മനസിലാകാതെ ഞങ്ങള്‍ അപ്പോളും വിതുമ്പി. അലമുറയിട്ടു കരഞ്ഞു തിരികെ വന്ന അവന്‍റെ മമ്മിയുടെ കയ്യില്‍ ഒരു കാര്‍ഡ്‌ ഉണ്ടായിരുന്നു.... എന്‍റെ കയ്യില്‍ അതേല്പ്പിച്ചു മമ്മി പറഞ്ഞു, "എന്‍റെ കുഞ്ഞിന്‍റെതാ, മോള്‍ക്കുള്ളത് ..ഞാന്‍ പൊട്ടിച്ചു നോക്കി, മോള് ക്ഷമിക്കണം...." അമ്മയുടെ കണ്ണീരു വീണു കുതിര്‍ന്ന ആ കാര്‍ഡ്‌ തുറന്നിട്ടും മങ്ങി മങ്ങി കാണുന്ന അക്ഷരങ്ങള്‍ എനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല.... എന്‍റെ കയ്യിലിരുന്നു വിറച്ച ആ കാര്‍ഡില്‍ "this is not our last x'mas... we'l keep in touch after this life... here is my address and my phone num.........................."21.12.1999

Wednesday, June 23, 2010

അച്ഛന്മാര്‍ക്കായി ഒരു ദിവസം.....


ഇതിനെ ഒരു കഥയായി എഴുതണോ എന്നാലോചിച്ചു, സാഹിത്യം വേണ്ട എന്ന് മനസ് പറഞ്ഞു. ഇത് എന്റെ അച്ഛന് വേണ്ടി ഒരു ഓര്‍മ്മക്കുറിപ്പ് അല്ല,അച്ഛനെ കുറിച്ചുള്ള എന്റെ ഓര്‍മ്മകളാണ് ,അടുക്കും ചിട്ടയും ഇല്ലാതെ ചിതറിത്തെറിച്ച ഓര്‍മ്മകള്‍...
അച്ഛന്‍ ഒരിക്കലും കഥ പറഞ്ഞുറക്കിയതായൊന്നും ഓര്‍മ്മയില്ല, പക്ഷേ, എന്നെ ആദ്യമായി അക്ഷരങ്ങളുടെ ലോകത്തിലേക്ക്‌ എത്തിച്ചത് അച്ഛനാണ്... ആദ്യമായി, രാമായണം വായിച്ചപ്പോള്‍ "ആത്മഹത്യ " എന്ന വാക്കിന്റെ അര്‍ത്ഥം അറിയാതെ കുഴങ്ങിപ്പോയി ഞാന്‍, അച്ഛന്‍ വരാന്‍ കാത്തിരുന്ന് ആ വാക്കിന്റെ അര്‍ഥം കണ്ടെത്തിയപ്പോള്‍ എനിക്കാകെ നിരാശയായി. കാണാനും കേള്‍ക്കാനും ഒരു പോലെ ഭംഗിയുള്ള ആ വാക്കിന്റെ അര്‍ത്ഥം "തന്നത്താനെ മരിക്കുക" എന്നാണത്രേ. അച്ഛന്‍ കൊണ്ട് തന്ന ആ സചിത്ര പുസ്തകത്തിലെ ചുമന്ന സാരിയുടുത്ത സീത, എന്തിനാ ലക്ഷമണനോട് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസിലായതേയില്ല, അതിനുശേഷംഒരു രണ്ടാം ക്ലാസ്സുകാരിയുടെ ജീവിതത്തിലേക്ക് pearl .s . buck ന്റെ "നല്ല ഭൂമി" അവതരിപ്പിച്ചതും അച്ഛന്‍.
നല്ല ശബ്ദത്തില്‍ പഴയ പാട്ടുകള്‍ പാടിയിരുന്ന അച്ഛന് യേശുദാസിന്റെ ച്ഛായ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ (അത് പോലെ ഒരു താടി അച്ഛനും ഉണ്ടേ ..) കൂട്ടുകാരോട് "എന്റെ അച്ഛനും ദാസേട്ടനും കൂട്ടുകാരാണെന്നു" ആ പഴയ ഫ്രോക്കുകാരി വീമ്പിളക്കിയിരുന്നു  . അച്ഛന്റെ ഇഷ്ട നടി K R വിജയ ആയിരുന്നു, പിന്നെ ശ്രീവിദ്യാമ്മയും. രണ്ടു പേരോടും എനിക്കും ഒരു നൊസ്റ്റാല്‍ജിക്ക് ഇഷ്ടം ഉണ്ട്, ഇപ്പോളും. ഇഷ്ട നടന്‍ 'the legend'- BIG B . അച്ഛനോടും അമ്മയോടും ഏട്ടന്മാരോടും ഒപ്പം നാട്ടിലെ പഴയ തിയേറ്ററില്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ സിനിമ കാണാന്‍ പോകുമായിരുന്നു. തമിഴ് പടവും മലയാളം പടവും ഇംഗ്ലീഷ് ഇടി പടങ്ങളും വന്നിരുന്ന ആ കൊട്ടകയില്‍ കണ്ട ആദ്യത്തെ ഹൌസ്ഫുള്‍ ചിത്രമാണ് വടക്കന്‍ വീരഗാഥ. ഓര്‍മ്മയില്‍ ഇന്നും നില്‍ക്കുന്ന ചിത്രങ്ങള്‍ തിരുവിളയാടലും, 3D മൈ ഡിയര്‍ കുട്ടിച്ചാത്തനും,ജ്ഞാനസുന്ദരിയും ആണ്. ഏട്ടന്മാരോടൊപ്പം ജാക്കി ചാന്‍ പടങ്ങള്‍ കാണാന്‍ എന്നെയും അഛന്‍ വിടുമായിരുന്നു. 6 വയസുള്ള ഞാനും, 11 വയസുള്ള ഏട്ടന്മാരും, ഏട്ടന്മാരുടെ കൂട്ടുകാരും...അങ്ങനെ ഒരു കുട്ടിപ്പട്ടാളം ഉണ്ടാകും ആ യാത്രയില്‍.
ബാല്യകാല ഓര്‍മകളില്‍, അച്ഛനോടും ഏട്ടന്മാരോടും ഒത്തു ക്രിക്കറ്റും ഫുട്ബാളും കണ്ട നാളുകള്‍.. അമ്മയെ ക്രിക്കറ്റ്‌ കളി പഠിപ്പിക്കാന്‍ പാട് പെട്ട് മടുത്തു മതിയാക്കി ഞങ്ങള്‍ ഇരിക്കുമ്പോള്‍ "ഇനി ആരാ ബാറ്റു ചെയ്യുന്നേ" എന്ന ചോദ്യവുമായി അമ്മയെത്തും, ലോക കപ്പു ഫുട്ബോളിനിടയില്‍ !!!! രാത്രികാലങ്ങളില്‍ ഉറക്കമിളച്ചു ഫുട്ബാള്‍ കണ്ടിരുന്ന അച്ഛനോട് അമ്മ ചോദിക്കുമായിരുന്നു, "ഇത്ര കഷ്ടപ്പെട്ട് ഈ കുന്തം കാണണോ !!!" പക്ഷെ ആ ദിവസങ്ങളിലാണ് ഞാന്‍ ഫുട്ബോള്‍ എന്താണെന്നു അറിഞ്ഞത്. ഇന്ന് ഫുട്ബാള്‍ ആരാധകനായ ഭര്‍ത്താവും ഒത്ത് രാത്രികാലങ്ങളില്‍ ജെര്‍മനിക്കും ഹോല്ലണ്ടിനും അര്‍ജെന്റീനക്കും വേണ്ടി ഉറക്കമൊഴിഞ്ഞു ഇരിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും ആ പഴയ black & white കാലങ്ങള്‍...
പണ്ട് മുതലേ രാത്രി പഠിച്ചായിരുന്നു ശീലം, ആ ശീലം ഉണ്ടാക്കിയത് അച്ഛനും. ഞാന്‍ പഠിക്കുമ്പോള്‍ അഛന്‍ ഏതെങ്കിലും ബുക്കുമായി അപ്പുറത്തെ ഹാളില്‍ ഉണ്ടാകും, ഇടയ്ക്കിടെ കട്ടന്‍ കാപ്പിയുമായി വന്നു പഠിത്തം ഉഷാറാക്കും അഛന്‍. ഞാന്‍ പഠിക്കാത്ത ദിവസങ്ങളിലും അഛന്‍ ബുക്കുമായി പുലരുവോളം ഇരിക്കും, ഓഷോ,ദാസ്തെസ്വ്കി,സംസ്കൃതഭാരതം ..... ഒന്നും മനസിലായിരുന്നില്ല അന്ന് (ഇന്നും !!!)
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപജില്ല യുവജനോത്സവത്തിനു കവിതാ പാരായണ മത്സരം, രാവിലെ വല്ലാത്തൊരു സന്തോഷം, പോകാന്‍ ഒരുങ്ങുമ്പോള്‍ കുളിക്കിടയില്‍ മൂളിയത് എന്താണെന്നു എനിക്കിന്നും അറിയില്ല, പക്ഷെ അഛന്‍ പറഞ്ഞു അത് ത്യാഗരാജ സ്വാമികളുടെ ഏതോ കീര്‍ത്തനം ആണത്രേ. അന്നത്തെ യാത്രയില്‍ ടീച്ചറിനോടും കൂട്ടുകാരോടും സംസാരിച്ചത് അതിനെ കുറിച്ച് മാത്രമായിരുന്നു.....!
രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടം ഭാവം വല്ലാതെ ഉണ്ടായിരുന്നത്, ഒരു പക്ഷെ അച്ഛന്റെ ഉള്ളിലെ നക്സല്‍ അനുഭാവം കാരണമാകാം, അതിനാല്‍ തന്നെ അഛന്‍ ഹീറോ ആയിരുന്നു ഞങ്ങള്‍ക്ക്. എന്നെയും ചേട്ടന്മാരെയും അടുത്തിരുത്തി അഛന്‍ ലോക കാര്യങ്ങളെ കുറിച്ച് പറയുമായിരുന്നു , പലതും മനസിലാകില്ല, മനസിലാകുന്നതൊക്കെ അന്ന് തന്നെ കൂട്ടുകാരുടെ മുന്‍പില്‍ വിളമ്പി ആളാകുകയും ചെയ്യും...പക്ഷെ, എനിക്ക് ഇന്നുറപ്പിച്ചു പറയാന്‍ കഴിയും ഞാന്‍ ഇന്നെന്താണോ എന്റെ ചിന്തകള്‍ എന്താണോ അത് എന്നില്‍ ഉദിപ്പിച്ചത് അച്ഛനാണ്.
അമ്മയും, അച്ഛനും നല്കുന്നതൊന്നിനും ഒന്നും പകരം വെക്കാനാകില്ല. എങ്കിലും ഏതോ ഒരു കോണില്‍ ഇരുന്നു അഛന്‍ ഈ കുറിപ്പ് വായിച്ചു, താടി ഉഴിഞ്ഞു ചിരിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഓര്‍മ്മകള്‍ അച്ഛനെ കുറിച്ചാകുമ്പോള്‍, ഇപ്പോള്‍ ഞാന്‍ അഛന്‍ എന്ന് വിളിക്കുന്ന , എന്റെ ഭര്‍ത്താവിന്റെ അച്ഛനെ കുറിച്ച് കൂടി ഓര്‍മിക്കാതെ വയ്യ. ഈ അച്ഛനും ഫുട്ബോളിനെയും, ക്രിക്കെറ്റിനെയും സംഗീതത്തെയും ഇഷ്ടപ്പെടുന്നു. എന്റെ ഭര്‍ത്താവിന്റെ എല്ലാ നല്ല ഗുണങ്ങളും, അച്ഛന്റെ ഗുണങ്ങള്‍ ആണെന്ന് ഞാന്‍ പറയും  . ഈ അച്ഛനും എന്നെ ചെറിയ കുട്ടിയായി കാണുന്നു, കളിയാക്കുന്നു, ആവശ്യത്തിനു നല്ലത് പോലെ ചീത്തയും പറയുന്നു...He is the best husband, I've ever come through..., he is best as a father.... but he is better than the best as a father-in-law. എന്റെ അച്ഛന്റെ പ്രാര്‍ത്ഥനയാകാം എനിക്ക് ഇങ്ങനെ ഒരു അച്ഛനെ കിട്ടിയത്... ,ജന്മം കൊണ്ട് കിട്ടിയ അച്ഛനും കര്‍മം കൊണ്ട് കിട്ടിയ അച്ഛനും ...... Happy Father's Day to Both Of them & all the fathers out there

Tuesday, May 18, 2010

മറക്കാം

മഴ നനഞ്ഞു വരാന്തയില്‍ നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍ത്തു , മിനി ടീച്ചറിന്റെ കയ്യില്‍ തൂങ്ങി കുടയില്‍ നിന്ന് വീഴുന്ന വെള്ളം തട്ടി തെറിപ്പിച്ചു പോയ ആ നാളുകള്‍. ഓലക്കീറിനിടയില്‍ കൂടി വീഴുന്ന മഴത്തുള്ളികളെ കൈവെള്ള കൊണ്ട് തട്ടി തെറിപ്പിച്ചു കളിക്കാന്‍ എന്ത് രസമായിരുന്നു... പക്ഷെ ടീച്ചര്‍ സമ്മതിക്കില്ല, "വേണ്ട അന്നക്കുട്ടീ എന്തിനാ ഫ്രോക്ക് ഒക്കെ നനയ്ക്കുന്നെ ?" സ്നേഹമുള്ള ശാസനയോടെ ടീച്ചര്‍ പിന്നിലേക്ക്‌ വലിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ക്കായിരുന്നു ദേഷ്യം....ഒന്ന് മഴയില്‍ കളിക്കാന്‍ വിടാത്തതില്‍,പിന്നെ....പിന
്നെ അമ്മച്ചി വിളിക്കുന്നത്‌ പോലെ "അന്നക്കുട്ടീ" എന്ന് നീട്ടി വിളിക്കുന്നതില്‍.,അത് അമ്മച്ചീടെ മാത്രം വിളി ആയിരുന്നു. പക്ഷെ ദേഷ്യം അന്നൊന്നും പ്രകടിപ്പിച്ചില്ല, കാരണം സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുമ്പോള്‍ ടീച്ചര്‍ ആകും ഒപ്പമുണ്ടാകുക, പട്ടികളെയും ഓന്തിനെയും പേടിക്കാതെ പോകാന്‍ പറ്റിയിരുന്നതും ടീച്ചര്‍ ഉള്ളത് കൊണ്ട് തന്നെ.....

ഒരു പാട് ഇഷ്ടമായിരുന്നു ടീച്ചറിന് തന്നോട്, പക്ഷെ ഒരിക്കലും അത് തിരിച്ചറിയാന്‍ ശ്രമിച്ചില്ല. ഒരിക്കല്‍ പള്ളിയില്‍ അമ്മച്ചിടെ കുഴിമാടത്തില്‍ പൂക്കള്‍ വെച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ അപ്പായിയോടു ഫാദറപ്പാന്‍ ചോദിക്കുന്നത് കേട്ടു " റോയിയെ നീ എന്ത് വേണേലും ചെയ്തോ, പക്ഷെ ആന്‍മോള്‍ വളര്‍ന്നു വരുന്ന ഒരു പെണ്‍കുഞ്ഞാ,നീ അതോര്‍ക്കണം. അവള്‍ക്കൊരു അമ്മ കൂടിയല്ലേ കഴിയൂ.... നീ അതിനെ കുറിച്ച് എന്തെങ്കിലും ഓര്‍ത്തിട്ടുണ്ടോ?" പക്ഷെ അപ്പായി ഒന്നും മറുപടി പറഞ്ഞില്ല, കറുത്ത കണ്ണടയ്ക്കുള്ളില്‍ തിളങ്ങുന്നത് കണ്ണീരായിരുന്നു എന്ന് മനസിലാക്കാന്‍ തനിക്കു കഴിഞ്ഞുമില്ല. അന്ന് രാത്രി അപ്പായീടെ നെഞ്ചോട്‌ ചേര്‍ന്ന് കിടക്കുമ്പോള്‍, അറിയാതെ പറഞ്ഞു "അപ്പായീ, അന്നമോള്‍ക്ക് വേറാരും വേണ്ട കേട്ടോ.. അപ്പായി മാത്രം മതി, പിന്നെ അമ്മച്ചീം, അപ്പായി പറഞ്ഞില്ലേ അമ്മച്ചി ഇവിടെ ഇല്ലാന്നേ ഉള്ളു, പക്ഷെ സ്വര്‍ഗത്തില്‍ ഉണ്ടെന്നു.. നമുക്ക് അത് മതി കേട്ടോ അപ്പായീ " . പറഞ്ഞ വാക്കുകളുടെ ആഴം അറിഞ്ഞിരുന്നില്ല....ആ വാക്കുകള്‍ ഉളവാക്കിയ അര്‍ത്ഥവും.

അതങ്ങനെ കുഞ്ഞു മനസ്സില്‍ കിടന്നത് കൊണ്ടാകും മിനി ടീച്ചറിന്റെ അന്നക്കുട്ടീ വിളി തീരെ ദഹിക്കാതെ പോയത്..., പിന്നെ ശോശാമ്മ ടീച്ചറും,അമ്പിളി ടീച്ചറും ഒക്കെ ഉച്ചയൂണ് സമയത്ത് മിനി ടീച്ചറിനെ കാണുമ്പോളെ, "ആ ആന്‍ ദാ നിന്റെ ടീച്ചര്‍ വരുന്നുണ്ടല്ലോ,ഇന്നെന്താ സ്പെഷ്യല്‍ ആന്‍ റോയിക്കായി?" എന്ന് ചോദിക്കുന്നത് കേള്‍ക്കുമ്പോള്‍ ഒരു അരോചകത്വം തോന്നിയിരുന്നു, നിര്‍വചിക്കാനാകാതെ പോയ എന്തോ ഒന്ന്..... ടീച്ചര്‍ എന്നും രണ്ടു പൊതി കൊണ്ട് വന്നിരുന്നു,ഒന്നില്‍ തനിക്കും കൂടി ഉള്ള മീന്‍ കറിയും,പൊരിച്ചതും അല്ലെങ്കില്‍ കുറച്ചു കപ്പയും തേങ്ങ വറുത്തരച്ച തീയലും ഒക്കെ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ ചിലപ്പോള്‍ പാര്‍സല്‍ ആയി വീട്ടിലേക്കും എത്തിയിരുന്നു ടീച്ചറിന്റെ മീന്‍ വറുത്തത്. ടീച്ചര്‍ അതും കൊണ്ട് മതിലിനു അപ്പുറം വരുമ്പോള്‍ അപ്പായി പറയും, "എന്തിനാ മിനി ..,വെറുതെ ബുദ്ധിമുട്ടായില്ലെ.... ",ഓ അത് ഞാന്‍ പറഞ്ഞില്ല അല്ലെ, ടീച്ചറും അപ്പായിയും കളി കൂട്ടുകാരാണ്. ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍, ഒരേ കോളേജില്‍ പഠിച്ചവര്‍. പക്ഷെ,എന്താന്നറീല മിനി ടീച്ചറിന്റെ കല്യാണംനടന്നിരുന്നില്ല.

മിനി ടീച്ചറിനെ കെട്ടി കൊണ്ട് പോകാന്‍ ഇന്ന് അവിടെ ഒരാള്‍ വരുമെന്ന് കാത്തമായി പറഞ്ഞപ്പോള്‍ ആരാ അതെന്നുള്ള ആകാംക്ഷ ആയിരുന്നു.വന്ന അങ്കിളിനെ കണ്ടപ്പോ പേടിയാണ് തോന്നിയത്. മിനി ടീച്ചറിന്റെ അമ്മ , താന്‍ കല്ലമ്മച്ചി എന്ന് വിളിക്കാറുള്ള കല്യാണി അമ്മ പൂകേക്കും, സ്ക്വാഷും തന്നതായിരുന്നു ആകെ നന്നായി തോന്നിയത്. വന്നവരൊക്കെ തിരികെ പോയപ്പോള്‍ കല്ലമ്മച്ചി കണ്ണ് നിറച്ചു ടീച്ചറിനോട് പറഞ്ഞു "കൊച്ചെ ഇതും ഒന്നുമായില്ലല്ലോ ". അന്ന് വൈകിട്ട് അപ്പായിയും ടീച്ചറും സംസാരിക്കുന്നത് കണ്ടു , മതിലിനു അപ്പുറവും ഇപ്പുറവും നിന്ന്.. എന്തോ ഇഷ്ടമായില്ല ആ കാഴ്ച, കണ്ണീര്‍ തുടക്കുന്ന ടീച്ചറിനോട് ദേഷ്യമാണ് തോന്നിയത്.

പിറ്റേ ദിവസമാണ് അതുണ്ടായത് , അമ്പിളി ടീച്ചറിന്റെ ഈ കമന്റില്‍ " ആന്‍ ,നമുക്ക് നമ്മുടെ മിനി ടീച്ചറിനെ ആനിന്റെ പപ്പയെ കൊണ്ട് കെട്ടിച്ചാലോ.. അപ്പൊ പിന്നെ ആനിനു സുഖമാകില്ലേ,ആനിനു അമ്മച്ചിയും ആകും പപ്പയ്ക്കും ടീച്ചറിനും സന്തോഷവുമാകും. ടീച്ചര്‍ എത്ര കാലമായി നിനക്ക് ചോറും മീനും തരുന്നു ". സ്റ്റാഫ്‌ റൂമിലെ ബെഞ്ചിലിരുന്നു പൊതി നൂര്‍ത്ത് വറുത്ത മീനിന്റെ കഷ്ണങ്ങള്‍ തന്റെ ബോക്സിലേക്ക് എടുത്തു വെച്ച് തരുകയായിരുന്നു ടീച്ചര്‍..., ഒറ്റ തട്ടില്‍ ചോറ് പാത്രവും മീന്‍ കഷ്ണങ്ങളും ചിതറി തെറിച്ചു ,, ചാടി ഇറങ്ങി ഓടവേ , വാക്കുകളും ആ ചോറിലേക്ക്‌ ചിതറി വീണു "എനിക്ക് നിങ്ങടെ മീന്‍ വേണ്ട...ഒന്നും വേണ്ട... എന്റെ അമ്മച്ചി അലീനാമ്മയാ, അപ്പായിയെ കെട്ടിക്കൊണ്ട് എന്റെ അമ്മച്ചി ആകാന്‍ നോക്കണ്ട , എനിക്കിഷ്ടമല്ല. " എവിടെയോ തട്ടി വീണു, മുട്ടില്‍ ചോര പൊടിച്ചു പക്ഷെ ഓട്ടം മാത്രം നിര്‍ത്തീല്ല. ഒടുവില്‍ അപ്പായീടെ കടയുടെ മുന്‍പില്‍ എത്തിയപ്പോള്‍ അലറി കരഞ്ഞു "അപ്പായീ മിനി ടീച്ചറിനെ കേട്ടണ്ടായെ, അന്നമോള്‍ക്ക് ഇഷ്ടമല്ലായെ ", ഒന്നും മനസിലാകാതെ പകച്ച അപ്പായീടെ മുഖവും,പണിക്കരമ്മാവന്റെ മുഖവും ഇപ്പോളും ഓര്‍മ്മയുണ്ട്........ രണ്ട് മൂന്നാഴ്ചത്തേക്ക് സ്കൂളിലേക്ക് പോയതേ ഇല്ല... അപ്പായി എത്ര ശ്രമിച്ചിട്ടുംമിനി ടീച്ചറിനെ കാണാന്‍ താന്‍ കൂട്ടാക്കിയില്ല. പിന്നീട് ആ സ്കൂളിലേക്ക് ഇനി ഒരിക്കലും പോകാന്‍ വയ്യ എന്ന് പറഞ്ഞു, അമ്മച്ചീടെ നാട്ടിലേക്ക് അപ്പായിയെയും കൂട്ടി പോകും മുന്‍പാണ് സ്കൂളില്‍ ഒരു പ്രാവശ്യം അവസാനമായി പോയത്. അവിടെ വെച്ചും ടീച്ചറിനെ കാണല്ലേ എന്ന് പ്രാര്‍ത്ഥിച്ചു......................

ഇപ്പൊ , എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു.പഴയ ആന്‍ റോയ് ഇന്ന് ആന്‍ ഫിലിപ്പ് ആയി മാറി, അപ്പായി അമ്മച്ചിടെ അടുത്തേക്ക് പോയി.., തന്നെ സുരക്ഷിതയാക്കി എന്ന ആശ്വാസത്തോടെ. ഇപ്പോള്‍ ടീച്ചര്‍ എവിടെയാണെന്ന് അറീല,എങ്ങനെ ആണെന്നും അറീല... പക്ഷെ ഇന്നലെ അപ്പായീടെ ഡയറിയില്‍ നിന്നും കിട്ടിയ പഴകി പൊടിഞ്ഞ ആ ലെറ്ററില്‍ "മറക്കാം " എന്ന ഒറ്റ വാക്കില്‍ ടീച്ചറിനേയും, അപ്പായിയെയും പൂര്‍ണ്ണമായും എനിക്ക് മനസിലായി...................ഇന്നിവിടെ പഴയത് പോലെ , നേര്‍ത്ത്‌ മങ്ങിയ ഈ സായന്തനത്തില്‍, മഴത്തുള്ളികളുടെ കിന്നാരം കേട്ടു നില്‍ക്കുമ്പോള്‍ അറിയാതെ ആഗ്രഹിക്കുന്നു,"വേണ്ട അന്നക്കുട്ടീ" എന്ന ശാസനയോടെ മിനി ടീച്ചര്‍ വന്നിരുന്നെങ്കില്‍, വെള്ളയും മറൂനും കലര്‍ന്ന ആ കോട്ടന്‍സാരിത്തലപ്പു കൊണ്ട് നെറ്റി തുടച്ചിരുന്നെങ്കില്‍..... നഷ്ടമായത് എന്താണെന്നു അറിയാം ,നിങ്ങള്‍ക്ക് ഞാന്‍ നഷ്ടമാക്കിയതും . എന്നെങ്കിലും കണ്ടാല്‍ നല്‍കാന്‍ ഒരേ ഒരു ഗുരു ദക്ഷിണ മാത്രം ടീച്ചര്‍ ,"മാപ്പ് ".