Wednesday, November 25, 2015

ചില മണ്ണെഴുത്തുകൾ


(1)ഞരമ്പിലകളായ് മാറി 
മരങ്ങൾ, 
വെളുത്ത ഉപ്പുപാടങ്ങൾ
പോൽ മണ്ണും !



(2)  ഉടലൊരുക്കങ്ങൾ ഒരുപാട് ,
ഗന്ധം, ചായം, പൂവ് ....
നനഞ്ഞ മണ്ണിലേക്ക്
ജനിച്ച പോൽ പോകണം,
സ്വപ്നങ്ങൾ മാത്രം പുതച്ച് !


(3)  ആകാശങ്ങളിലേയ്ക്ക് 
ഉയർന്നു പൊങ്ങി പടരണം ,
മണ്ണാഴങ്ങളിലേയ്ക്ക് -

വേരുകൾ പടർത്തണം, 
ചില്ലകളും വേരുകളും കുഞ്ഞേ,
നിന്‍റെ  നാളെയും 
ഇന്നലെയുമാകണം !



(4)  ഉറവകൾ വറ്റാത്ത
എന്നുമെന്നും തളിർക്കുന്ന
മണ്ണാണ് പ്രണയമെന്നവൻ ,
നീയെന്ന മണ്ണിൽ മാത്രം
തളിർക്കുന്ന മരമാണെന്നവൾ ..

(5)  ഇന്നുകളുടെ കാലു വെന്ത 
ഓട്ടപ്പാച്ചിലിൽ 
നാളേയ്ക്ക് കരുതുന്നത് 
ഈറൻ മണം മാറാതൊരു 
പിടി മണ്ണു മാത്രം!


Sunday, November 1, 2015

ഓര്‍മ്മകളോട് പറയാനുള്ളത്

മറവികളിലേയ്ക്ക്
മയങ്ങി വീഴണമെന്ന്
മണ്ണോടു മണം ചേര്‍ത്ത്
മഴ നനയണമെന്ന് ,
സ്മൃതിഭ്രംശങ്ങളിലൂടെ
കടന്നു പോകുമ്പോള്‍ ,
സ്വപ്നത്തിന്‍റെയും   പടിയ്ക്കുമപ്പുറം
വേദനകളെ, കുത്തുവാക്കുകളെ ,
തിരിഞ്ഞു കടിച്ച ബന്ധങ്ങളെ ,
ചീഞ്ഞ ഇന്നലെകളെ
 കുടഞ്ഞെറിയണമെന്ന് മാത്രം
ഒരു നിവേദനം ....

ഒരു കുഞ്ഞു മാത്രമാകണം -
കിട്ടാത്ത മിട്ടായിയ്ക്ക് ചിണുങ്ങുന്ന ,
മതി മതിയെന്നോതി കൊതി മൂളുന്ന ,
മടിയിടത്തിനു  പിണങ്ങുന്ന ,
ഇന്നലെയും   കണ്ട തുമ്പിയിലും ,പന്തിലും
വാനിലും, മഴയിലും ,പുഴയിലും, പുഴുവിലും ,
നെയ്യപ്പം പുരട്ടുന്ന  എണ്ണയിലും ,
പൊട്ടിത്തെറിക്കുന്ന കടുകിലും
കൌതുകത്തിന്‍റെ  3-ഡി കാഴ്ചയും
പുതുമയുടെ വെടിക്കെട്ടുകളും മാത്രമാകണം

പണ്ടേ  മറന്ന  പാട്ടുകളോര്‍ക്കണം ,
അമ്മമണങ്ങളും , അച്ഛനീണങ്ങളും ,
പകുതിയ്ക്ക് ചപ്പിയ കശുമാങ്ങയീറനും ,
ഒഴുക്കില്‍ മുക്കിയ കടലാസുവള്ളവും,
പാവാടത്തുമ്പിലൂര്‍ത്തിയ മുല്ലക്കൂട്ടവും,
പറഞ്ഞുപഴകിയ കടംകഥകളും ,
ഓര്‍മ്മകളല്ലാതെ പുതിയ ഇന്നുകളാകണം

ഒരു കുഞ്ഞു മാത്രമാകണം -
അമ്മ  മാത്രമാകണമരികില്‍ ,
അച്ഛന്‍ മാത്രമാകണം കൂട്ട്
ഇന്നുകള്‍ മാത്രമുണ്ടാകുന്ന
ഒരു 'വലിയ'  കുഞ്ഞു മാത്രമാകണം....