Showing posts with label child psychology. Show all posts
Showing posts with label child psychology. Show all posts

Saturday, February 15, 2020

Pre- Teen അഥവാ ഇല്ലത്തൂന്നു ഇറങ്ങി അമ്മാത്തേക്ക് എത്തും മുൻപുള്ള കാലം

പണ്ടത്തെക്കാലത്ത് കൗമാരത്തിലേക്ക് കടക്കുന്നതിന്റെ  ബാഹ്യ - ആന്തരിക മാറ്റങ്ങൾ കുട്ടികളിൽ കണ്ടുതുടങ്ങുന്നത് തന്നെ 13 -14 വയസ്സ് കഴിഞ്ഞിട്ടാകുമായിരുന്നു. പല കാര്യങ്ങളിലും അറിവ് നേടാനുള്ള അനന്തമായ സാധ്യതകളും  മാറിയ ജീവിത ശൈലിയും കുട്ടികളെ അവരുടെ കൗമാരകാലത്തിനു മുൻപ് തന്നെ ഇത്തരം മാറ്റങ്ങളിലൂടെ കടന്നുപോകാൻ നിർബന്ധിതരാക്കുന്നതായി തോന്നാറുണ്ട്.   പെൺകുട്ടികളിൽ ആർത്തവകാലം നേരത്തെയാകുന്നതും ആൺകുട്ടികളിൽ മീശ - ശബ്ദം ഇക്കാര്യങ്ങളിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടാകുന്നതും പുറമേയ്ക്ക് കാണുമ്പോൾ നമ്മൾ മനസിലാക്കേണ്ടത് അവരുടെ ഉള്ളിലൊരു ഹോർമോൺ കടലിളകുന്നുണ്ട് എന്നാണ്. എന്നാൽ പലപ്പോഴും രക്ഷിതാക്കൾ ഇതറിയാതെ പോകുന്നു.  ഇപ്പോഴത്തെ കുട്ടികളിൽ ജീവിതശൈലി കൊണ്ടാകണം ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നത് കൗമാരത്തിനും മുൻപാണ്. പ്രീ-ടീൻ (8 -12 ) എന്നൊരു കാലഘട്ടം കുട്ടികളിൽ വളരെ പ്രാധാന്യമർഹിക്കുന്ന കാലത്തിൽ കൂടിയാണ് നമ്മൾ കടന്നുപോകുന്നത്. ശാരീരിക ആരോഗ്യത്തോടൊപ്പം രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ട ഒന്നാണ് മാനസികാരോഗ്യം.


കൗമാരത്തിനു മുമ്പുള്ളതും കൗമാരക്കാരായതിനു ശേഷവും ഉള്ള കുട്ടികളുടെ  മാനസികാരോഗ്യം എന്താണ്?

സാമൂഹികവും വൈകാരികവുമായ ക്ഷേമത്തെ വിവരിക്കുന്നതിനുള്ള ഒരു മാർഗമാണ് മാനസികാരോഗ്യം. ആരോഗ്യകരമായ രീതിയിൽ വളരുന്നതിനും ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിനും ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്നതിനും കുട്ടികൾക്ക് നല്ല മാനസികാരോഗ്യം ആവശ്യമാണ്.
എങ്ങനെയാണ് 9 നും 18 നുമിടയിൽ ഉള്ള കുട്ടികൾക്ക് ആരോഗ്യപരമായ മാനസിക മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് നമ്മൾ ഉറപ്പുവരുത്തുന്നത് ?  ഏറ്റവും പ്രധാനമായി തോന്നാറുള്ളത് കുട്ടികളോടൊപ്പം സമയം ചിലവഴിക്കുക എന്നത് തന്നെയാണ്, കൂടെ അവർക്കുള്ള ഇടവും നൽകുക.

ശരിയായ രീതിയിലുള്ള മാനസികാരോഗ്യം - Good mental health - ഉള്ള കുട്ടികൾ പൊതുവേ ആത്മവിശ്വാസമുള്ളവരും ജീവിതത്തിനെ പോസിറ്റീവ് ആയിക്കണ്ട് ജീവിതം ആസ്വദിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നവർ  ആകും. 

കുടുംബവുമായും സുഹൃത്തുക്കളുമായും ആരോഗ്യകരമായ ബന്ധം പുലർത്തുക, കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക
സമൂഹത്തിൽ  നടക്കുന്ന കാര്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്യുക, ആവശ്യത്തിനുള്ള വിശ്രമം , ഉറക്കം എന്നിവ ഉണ്ടാകുകയും  വൃത്തിയോട് കൂടി ജീവിക്കുക ഇതൊക്കെയും ആരോഗ്യകരമായ ജീവിതം നയിക്കുന്ന ഒരു പ്രീ-ടീൻ കുട്ടിയുടെ പൊതുവായ സ്വഭാവങ്ങളാണെന്നു പറയാം.

കുട്ടിക്കാലത്തു നിന്ന് വിടുകയും ചെയ്തു എന്നാൽ യൗവനത്തിലേക്ക് എത്തിയുമില്ല എന്നുള്ള അവസ്ഥയിൽ ഈ പ്രീ-ടീൻ , ടീൻ കുട്ടികൾ മാനസികമായും ശാരീരികമായും ചലഞ്ചുകളിൽ കൂടിയാണ് കടന്നുപോകുന്നത്. മിക്കവരിലും ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം  വിവേകവും ചിന്തയും വളർന്നിട്ടുണ്ടാകില്ല.

എങ്ങനെയൊക്കെ നമുക്ക് നമ്മുടെ കുട്ടികളിലെ മാനസികാരോഗ്യ നില വളർത്താം?

ആദ്യപടി വീട്ടിൽ നിന്നുതന്നെയാണ്. പലപ്പോഴും പ്രശ്നങ്ങളെക്കുറിച്ചു സംസാരിക്കുന്ന കുട്ടികൾ പറയുക തങ്ങളെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നാണ്.  എന്നാൽ രക്ഷാകർത്താക്കൾക്ക് പറയാനുണ്ടാവുക മക്കൾക്ക് വേണ്ടി അവരനുഭവിക്കുന്ന കഷ്ടപ്പാടിന്റെ കഥകളും. ഓരോ കുട്ടിയുടെയും ആദ്യ വിദ്യാലയം വീടും ആദ്യ അദ്ധ്യാപകർ മാതാപിതാക്കളുമാണ്. രക്ഷിതാക്കളുടെ  സ്നേഹവും പിന്തുണയും അവരുമായുള്ള ശക്തമായ ബന്ധവും കുട്ടിയുടെ മാനസികാരോഗ്യത്തെ നേരിട്ടും ഗുണപരമായും സ്വാധീനിക്കും. ഇത്  കുട്ടിക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടാനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ. ആരോഗ്യപരമായ ബന്ധങ്ങൾ ഉള്ള ഒരു കുടുംബത്തിൽ വളരുന്ന കുട്ടിക്ക് നല്ല രീതിയിയിലുള്ള ആരോഗ്യപരമായ മാനസിക വളർച്ചയും ഉണ്ടാകും.

1. നിങ്ങളുടെ കുട്ടിയോട് സ്നേഹവും വാത്സല്യവും കരുതലും കാണിക്കുക.

2. നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് താൽപ്പര്യമുണ്ടെന്ന് കാണിക്കുക.

3. കുട്ടികളുടെ  ശ്രമങ്ങളെയും മികച്ച പോയിന്റുകളെയും നേട്ടങ്ങളെയും പ്രശംസിക്കുകയും കുട്ടിയുടെ  ആശയങ്ങളെ വിലമതിക്കുകയും ചെയ്യുക.

4. നിങ്ങളുടെ കുട്ടിയുമായി ഒരു കുടുംബമായി ഒന്നിച്ച് സമയം ചിലവഴിക്കുന്നത് ആസ്വദിക്കുക.

5. നിങ്ങളുമായി വികാരങ്ങളെക്കുറിച്ച് സംസാരിക്കാൻ / അവരുടെ മനോവിചാരങ്ങൾ പങ്കുവയ്ക്കാൻ  കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

6. നിങ്ങളുടെ കുട്ടിക്ക് തനിയെ പ്രശ്നങ്ങളിലൂടെ കടന്നുപോകേണ്ടതില്ലെന്നും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് രക്ഷിതാക്കളെ  ആശ്രയിക്കാം എന്ന് തോന്നുന്നതും  പ്രധാനമാണ്. പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനനുസരിച്ച് അവ കൈകാര്യം ചെയ്യുക.

7. നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടെങ്കിൽ വിശ്വസ്തരായ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ മറ്റ് മാതാപിതാക്കളുമായോ അധ്യാപകരുമായോ സംസാരിക്കുക.

8. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമാണെന്ന് തോന്നുകയാണെങ്കിൽ, നിങ്ങളുടെ ജിപിയുമായോ അല്ലെങ്കിൽ മറ്റൊരു ആരോഗ്യ വിദഗ്ദ്ധനോടോ സംസാരിക്കുക.



ശാരീരിക ആരോഗ്യം മാനസികാരോഗ്യത്തിന്റെ വലിയ ഭാഗമാണ്. കുട്ടികളെ  വൈകാരികമായും ശാരീരികമായും ആരോഗ്യത്തോടെ തുടരാൻ സഹായിക്കുന്നതിന്, ഇനിപ്പറയുന്നവ ചെയ്യാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക:

1. കായിക വിനോദങ്ങളിൽ സജീവമായി തുടരുക. ശാരീരിക ക്ഷമത ഉണ്ടാകുന്നത് കുട്ടിയെ ആരോഗ്യത്തോടെ വളരാനും കൂടുതൽ ഊർജ്ജം നേടാനും ആത്മവിശ്വാസം അനുഭവിക്കാനും സമ്മർദ്ദം നിയന്ത്രിക്കാനും നന്നായി ഉറങ്ങാനും സഹായിക്കും.

2. ആരോഗ്യകരമായ ഭക്ഷണരീതി വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക.

3. ധാരാളം ഉറക്കം നേടുക. തിരക്കേറിയ ജീവിതം, സമ്മർദ്ദം, ഉത്തരവാദിത്തങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഗുണനിലവാരമുള്ള ഉറക്കം നിങ്ങളുടെ കുട്ടിയെ സഹായിക്കും.

4. മദ്യവും മറ്റ് മയക്കുമരുന്നുകളും ഒഴിവാക്കാൻ കുട്ടികളെ സഹായിക്കുക - പ്രലോഭനങ്ങളെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ ഏറ്റവും നല്ലത്  അവരോട് ഇത്തരം ദുഃശീലങ്ങളെക്കുറിച്ചു തുറന്നു സംസാരിക്കുകയും പരിണിതഫലങ്ങൾ കാണിച്ചുകൊടുക്കുക എന്നതുമാണ്.

എങ്ങനെയാണ് കുട്ടികൾക്ക് സഹായം ആവശ്യമാണ് എന്ന് തിരിച്ചറിയുക?
8  - 12  വയസ്സിനിടയിൽ ഉള്ള കുട്ടികൾക്ക് പലപ്പോഴും സ്വഭാവ വ്യതിയാനങ്ങൾ കാണാം.  പെട്ടെന്ന് കരയുകയും ദേഷ്യപ്പെടുകയും ചെയ്യുക , വളരെപ്പെട്ടെന്ന് നിരുത്സാഹപ്പെടുക,  ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നിവ സാധാരണമാണ്. ഈ കാര്യങ്ങൾ എല്ലായ്പ്പോഴും ഒരു മാനസികാരോഗ്യ പ്രശ്നത്തിന്റെ ലക്ഷണങ്ങളല്ല. പലപ്പോഴും കുട്ടികൾക്ക് തന്നെ മനസിലാകുന്നുണ്ടാകില്ല ഇതൊരു ഹോർമോൺ ചേഞ്ച്  കാലമാണെന്ന്. അവരെ ആ സമയം എങ്ങനെ ഇത്തരം വൈകാരികപ്രകടനങ്ങളെ നിയന്ത്രിക്കാൻ നമുക്ക് സഹായിക്കാം എന്ന് നോക്കുക.  ഇനിപ്പറയുന്ന ഏതെങ്കിലും അടയാളങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയും ഏതാനും ആഴ്‌ചയിൽ കൂടുതൽ അടയാളങ്ങൾ തുടരുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ കുട്ടിയുമായി സംസാരിക്കേണ്ടത് പ്രധാനമാണ്. പ്രൊഫഷണൽ സഹായം നേടുക എന്നതാണ് അടുത്ത ഘട്ടം.

12 വയസ്സിന് താഴെയുള്ള കുട്ടികൾ ഒരുപാട് സമയം ഒറ്റയ്ക്ക് സങ്കടപ്പെട്ടിരിക്കുക, സ്‌കൂളിലെ പഠനനിലവാരത്തിൽ പെട്ടെന്ന് ഒരു മാറ്റമുണ്ടാകുക, എപ്പോഴും ആശങ്കയും ഭയവും പ്രകടിപ്പിക്കുക, സ്‌കൂളിൽ പോകുന്നതിനോ  മറ്റ് കുട്ടികളുമായി ഒത്തുപോകുന്നതിനോ വിമുഖത കാണിക്കുക, അക്രമണസ്വഭാവം പ്രകടിപ്പിക്കുക, ഉറക്കത്തിൽ പേടിസ്വപ്നങ്ങൾ കണ്ടു ഞെട്ടിയെഴുന്നേൽക്കുക , അനാവശ്യകാര്യങ്ങൾക്ക്    ആവർത്തിച്ചുള്ള കോപം, സങ്കടം മുതലായവ പ്രകടിപ്പിക്കുക ഇത്തരം കാര്യങ്ങൾ ആഴ്ചകളോളം സ്ഥിരമായി കുട്ടി പ്രകടിപ്പിക്കുക ആണെങ്കിൽ രക്ഷിതാക്കൾ കുട്ടിയോട് സംസാരിക്കുകയും വേണ്ട വിധത്തിലുള്ള മുൻകരുതലുകൾ എടുക്കുകയും ചെയ്യേണ്ടതാണ്.


എങ്ങനെയാണ് മാനസികാരോഗ്യത്തെക്കുറിച്ച് കുട്ടികളുമായി സംസാരിക്കുന്നത്?

നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് നിങ്ങൾക്ക് ആശങ്കയുണ്ടെങ്കിൽ, ആദ്യപടിയായി ചെയ്യേണ്ടത് കുട്ടിയുമായി  സംസാരിക്കുക എന്നത് തന്നെയാണ് .  ഇത്  ഒരു പക്ഷേ അത്ര സുഖകരമായ അവസ്ഥ ആകണമെന്നില്ല - നിങ്ങൾക്കും, കുട്ടിയ്ക്കും. അസ്വസ്ഥത തോന്നിയേക്കാം.  പക്ഷേ നമ്മൾ മനസിലാക്കേണ്ടത്  ഒരു രക്ഷിതാവ് എന്ന നിലയിൽ കുട്ടിയുടെ അരക്ഷിതാവസ്ഥ മനസിലാക്കുക എന്നതും നമ്മുടെ കടമയാണ്. ഇത് കുട്ടിക്ക് തനിയെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നു എങ്കിൽ - അവർ കുട്ടികളായി നിൽക്കില്ലല്ലോ.   ഇവിടെ സഹായം വേണ്ടത് കുട്ടികൾക്കാണ്.  നിങ്ങളുടെ കുട്ടിയോട് അവൾക്ക് എങ്ങനെ തോന്നുന്നുവെന്നതിനെക്കുറിച്ച് സംസാരിക്കുന്നത് അവൾ തനിച്ചല്ലെന്നും നിങ്ങൾ അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും കാണിക്കുന്നു. കൂടാതെ, പ്രൊഫഷണൽ പിന്തുണ നേടുന്നതിന് അവർക്ക് മുതിർന്നവരുടെ  സഹായം ആവശ്യമായി വന്നേക്കാം.

നിങ്ങളുടെ കുട്ടിയുടെ വികാരത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ അവരെ  പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചില ആശയങ്ങൾ ഇതാ:

1. മുതിർന്നവർക്ക് പോലും സ്വന്തമായി പരിഹാരം കാണാൻ കഴിയാത്ത പ്രശ്‌നങ്ങളുണ്ടെന്ന് പറയുക. നിങ്ങൾക്ക് മറ്റൊരാളുടെ പിന്തുണയുള്ളപ്പോൾ സഹായം ലഭിക്കുന്നത് എളുപ്പമാണെന്ന് ചൂണ്ടിക്കാണിക്കുക.സഹായം ആവശ്യപ്പെടുന്നത് ഒരിക്കലും നാണിക്കേണ്ട കാര്യമല്ല എന്നത് അവരെ മനസിലാക്കിക്കുക.

2. നിങ്ങളുടെ കുട്ടിയോട് അവരുടെ പ്രായക്കാർക്ക് വിഷമമോ സമ്മർദ്ദമോ സങ്കടമോ തോന്നുന്നത് അസാധാരണമല്ലെന്ന് പറയുക. വ്യക്തിപരമായ ചിന്തകളെയും വികാരങ്ങളെയും കുറിച്ച് തുറന്നുപറയുന്നത് ഭയപ്പെടുത്തുന്നതാണെന്നും അവരോട് പറയുക.

3. ഒരു പ്രശ്നത്തെക്കുറിച്ച് സംസാരിക്കുന്നത് പലപ്പോഴും കാര്യങ്ങൾ മറ്റൊരാളുടെ വീക്ഷണകോണിൽ കാര്യങ്ങൾ കാണാനും പ്രശ്നങ്ങൾ   കൂടുതൽ  വ്യക്തമാകാനും  സഹായിക്കുമെന്ന് കുട്ടിയോട് പറയുക. കുട്ടികൾ  ചിന്തിച്ചിട്ടില്ലാത്ത മാർഗ്ഗങ്ങൾ  നിർദ്ദേശിക്കാൻ ഒരുപക്ഷേ ഒരു മുതിർന്ന ആളിന് അയാളുടെ അനുഭവസമ്പത്ത് മൂലം കഴിഞ്ഞേക്കും.

4. നിങ്ങളുടെ കുട്ടിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ലെങ്കിൽ സംസാരിക്കാൻ കഴിയുന്ന മറ്റ് ചില ആളുകളെ  നിർദ്ദേശിക്കുക - ഉദാഹരണത്തിന്, അമ്മായിമാർ അല്ലെങ്കിൽ അമ്മാവൻമാർ, അടുത്ത കുടുംബ സുഹൃത്തുക്കൾ, വിശ്വസ്തനായ ഒരു കായിക പരിശീലകൻ  അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടർ. ഒരു ഡോക്ടറുമായോ മറ്റ് ആരോഗ്യ പ്രൊഫഷണലുകളുമായോ സംസാരിക്കുന്നത് തീർത്തും സ്വകാര്യമാണ് എന്ന് നിങ്ങളുടെ കുട്ടിയെ അറിയിക്കുക.

5. ഏറ്റവും പ്രധാനം - നിങ്ങളുടെ കുട്ടി തനിച്ചല്ലെന്ന്  ഊന്നിപ്പറയുക.  അവർ സംസാരിക്കാൻ തയ്യാറാകുമ്പോഴെല്ലാം രക്ഷിതാവ് അവിടെ ഉണ്ടാകും എന്ന ഉറപ്പ് ഒരു കുഞ്ഞിൽ ഉണ്ടാക്കാൻ സാധിക്കുക എന്നത് വളരെ പ്രധാനമാണ്.


സ്‌കൂളുകളിൽ കൗൺസിലർമാർ ഉണ്ടാകുക എന്നത് ഇന്നത്തെക്കാലത്ത് വളരെ അത്യാവശ്യം ആണ്.  പക്ഷേ, രക്ഷിതാക്കളോട് കുട്ടികൾക്ക് തുറന്നു സംസാരിക്കാൻ കഴിയുന്ന അവസ്ഥ  ഉണ്ടാകുക എന്നതാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നത്.


(പഠനം:  ടീൻ മെന്റൽ ഹെൽത് BY  Raising Children - Published in OurKids Magazine, February 2020  )

Friday, January 10, 2020

സ്വഭാവ രൂപീകരണത്തിന്റെ പടവുകൾ


അടുത്തിടെ വളരെയടുത്ത ഒരു സുഹൃത്തിനോട് സംസാരിക്കുമ്പോൾ വല്ലാത്ത വിഷമത്തോടെ ആൾ ഒരനുഭവം പങ്കുവെച്ചു. പുറംനാട്ടിൽ ജീവിക്കുന്നത് കൊണ്ടുതന്നെ കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ മനഃപൂർവമായി അവസരങ്ങൾ സൃഷ്ടിക്കുക എന്നത് ജീവിതത്തിന്റെ ഭാഗമാണ് ഇവിടങ്ങളിൽ. അങ്ങനെയുള്ളൊരു കുട്ടിപ്പട്ടാള പാർട്ടി ആണ് രംഗം. സുഹൃത്തിന്റെഇളയ കുട്ടിക്ക് 7 വയസ്സ്  പ്രായം. അടുത്തുള്ള വീട്ടിലെ ഒറ്റക്കുട്ടിയ്ക്ക് കഷ്ടി അഞ്ചു വയസ്സും. എല്ലാവരും കളിച്ചുകൊണ്ടിരുന്നയിടത്ത് നിന്ന് എപ്പോഴോ ഇവർ രണ്ടാൾ മാത്രമാവുകയും അഞ്ചുവയസുകാരൻ ഏഴുവയസുകാരിയെ ഉപദ്രവിക്കാൻ തുടങ്ങുകയും ചെയ്തു. ഓരോ അടിയും തന്നെക്കാൾ ഇളയ കുട്ടിയാണല്ലോ എന്ന തോന്നലിൽ ആകണം വലിയ പ്രശ്നമാക്കാതെ തള്ളിക്കളയുകയാണ് സുഹൃത്തിന്റെ കുട്ടി. ഒരരികിൽ ഇതൊക്കെ കണ്ടിരിക്കുന്ന അതിഥിയായ അഞ്ചു വയസുകാരന്റെ 'അമ്മ മകന്റെ കളികൾ ആസ്വദിക്കുന്നതല്ലാതെ വേറൊന്നും പറയുന്നില്ല. ഗൃഹനാഥയ്ക്ക് ക്ഷണിച്ചു വരുത്തിയവരെ എങ്ങനെ അപമാനിക്കും എന്നും മകളെ എങ്ങനെ രക്ഷിക്കും എന്ന് ത്രിശങ്കു സ്വര്ഗ്ഗത്തില് ആയ അവസ്ഥ!  പെട്ടെന്ന് അവൻ അവിടെയിരുന്ന ഫ്‌ളവർ വേസ് എടുത്ത് ഒറ്റയടി ഏഴു വയസുകാരിയുടെ തലയിൽ - കൈ കൊണ്ട് തടഞ്ഞത് കൊണ്ട് മാത്രം തല പൊട്ടിയില്ല എന്ന അവസ്ഥയിൽ നിൽക്കുമ്പോഴും ആ 'അമ്മ ഇങ്ങനെ പറഞ്ഞു "മോൻ ഭയങ്കര കുസൃതി ആണെന്നേ , കുറുമ്പൻ"  ഇത് കേട്ടതോടെ അതുവരെയുണ്ടായിരുന്ന മുഴുവൻ സംയമനവും നഷ്ടപെട്ട സുഹൃത്ത് പാർട്ടി അവസാനിപ്പിച്ച് എല്ലാവരെയും പറഞ്ഞുവിടുകയും ഇനി മേലാൽ ആ കുടുംബത്തിനോട് ഒരല്പം സൂക്ഷിച്ചു നിന്നാൽ മതി എന്ന് തീരുമാനിക്കുകയും ചെയ്തു.  ഈ സംഭവത്തിൽ എന്റെ സുഹൃത്തിനെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കാര്യം  ആ അമ്മയുടെ ഉത്തരവാദിത്തം ഇല്ലായ്മ തന്നെയാണ്.  ഇത് പല രൂപത്തിൽ നമ്മളിൽ പലരും അനുഭവിച്ചിട്ടുള്ളതും ആണ്. മിക്കപ്പോഴും വാത്സല്യത്തിന്റെ കടുംതുണി കൊണ്ട് മൂടപ്പെട്ടതാണ് മക്കളുടെ പ്രവർത്തികൾക്ക് നേരെയുള്ള നമ്മുടെ സമീപനം. 

ഇത്തവണത്തെ അമേരിക്കൻ മോം ഒരു സാമൂഹിക ജീവിയായി കുഞ്ഞിനെ എങ്ങനെ രൂപപ്പെടുത്തിയെടുക്കാം എന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. പരീക്ഷിച്ചു വിജയിച്ച ചില ടിപ്സുകളും പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ചില പൊടിക്കൈകളും. 

ആദ്യം ഓർക്കേണ്ടത് എന്ത് കാര്യവും ഒരുവട്ടമോ രണ്ടുവട്ടമോ കാണിച്ചത് കൊണ്ടോ പറഞ്ഞത് കൊണ്ടോ കുട്ടികൾ അനുസരിക്കണം /പരിശീലിക്കണം എന്നില്ല. ചെറിയ കുഞ്ഞുങ്ങളോട് മുറി മുഴുവൻ വൃത്തിയാക്കാൻ പറഞ്ഞാൽ അവസാനം പുറത്തു നിന്ന് ആളിനെ വിളിക്കേണ്ടി വരും വീട് തിരികെ നേരെയാക്കാൻ. അതുകൊണ്ട് തന്നെ ഓരോരോ കാര്യങ്ങൾ ഓരോന്നായി അവതരിപ്പിച്ചു അതിനെ ആവർത്തിച്ചു അതൊരു ശീലമാക്കി മാറ്റുകയാണ് വേണ്ടത്. 


(1) ശ്രദ്ധിക്കുക / അവഗണിക്കുക 

ഏറ്റവും ഫണ്ടമെന്റൽ ആയിട്ടുള്ള ഒരു കാര്യമാണ് നല്ല കാര്യങ്ങൾക്ക് കൊടുക്കുന്ന അറ്റെൻഷൻ മോശം  പെരുമാറ്റത്തിന് കൊടുക്കാതിരിക്കുക എന്നത്. ഇപ്പോൾ നിങ്ങൾ ചോദിക്കും അപ്പൊ ആ ആദ്യ കഥയിലെ 'അമ്മ അവഗണിക്കുക അല്ലെ ചെയ്തത്? എന്നിട്ട്  അത് ശരിയായില്ല എന്നാണല്ലോ പറഞ്ഞത്  എന്ന് !  അവിടെ സാമൂഹിക ക്രമത്തിന് കൂടി പ്രസക്തിയുണ്ട്.   ഒരു കടയിലോ മറ്റാളുകൾ കൂടുന്നിടത്തോ നിങ്ങളുടെ കുഞ്ഞ് വളരെയധികം വാശി കാണിക്കാറുണ്ടോ? എങ്കിൽ  അത് അറ്റെൻഷൻ സീക്കിങ് ന്റെ ഭാഗം ആയിട്ടാണ്. കൂടെയുള്ളവരെ ഉപദ്രവിച്ചും അവർ അതിനു ശ്രമിക്കാം , പക്ഷെ ആദ്യകഥയിലെ കുട്ടിക്ക് "നോ"  എന്ന വാക്ക് അറിയാത്തതാണ് കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ടുപോയത്. എന്ത് തെറ്റ് ചെയ്താലും പ്രശംസിക്കപെടുന്ന അവസ്ഥയിൽ കുട്ടി വീണ്ടും വീണ്ടും അത്തരം പെരുമാറ്റം നടത്തുകയും അംഗീകാരത്തിന് ശ്രമിക്കുകയും ചെയ്യുന്നു. അവിടെ 'അമ്മ അവഗണിക്കുക ആയിരുന്നില്ല , പരോക്ഷമായി മകന്റെ പ്രവർത്തിയെ വികൃതി /കുസൃതി എന്ന മനോഹര പദത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. 


2) പുകഴ്ത്തുക 

മറ്റുള്ളവരോട് മാന്യമായി പെരുമാറുന്നതിനെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം രൂപപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അവൾ അവളുടെ നല്ല  പെരുമാറ്റം ഉപയോഗിക്കുമ്പോൾ അതിന്  ധാരാളം ശ്രദ്ധ നൽകുകഅല്പം അനാദരവ് കാണിക്കുമ്പോൾ ആളുടെ പ്രവർത്തിയെ  അവഗണിക്കുകയും ചെയ്യുക.
ഇതിലും ഒരു രൂപീകരണത്തിന് ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ  അഭിനന്ദിക്കുന്നത് എന്തിനാണ് എന്ന് കുഞ്ഞിന് മനസ്സിലാകണം.  പാത്രം കഴുകാൻ സിംഗിൾ ഇടുന്ന കുഞ്ഞിനോട് "ഗുഡ് ജോബ്"  എന്ന് പറയുന്നതിനുപകരം  കഴിച്ചു കഴിഞ്ഞു പത്രം കഴുകാൻ വെച്ച് അല്ലെ മിടുക്കൻ/ മിടുക്കി  എന്ന് കൃത്യമായി തന്നെ പറയുക. 
ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതിന്റെ പ്രാധാന്യം  ഇതുവഴി കുട്ടിക്ക് മനസിലാക്കാൻ എളുപ്പമാകുന്നു. പ്ലീസ് എന്നത് ഉപയോഗിക്കുന്ന രീതിക്ക് ശ്രദ്ധ കൊടുക്കുക. ഭക്ഷണം വേണമെന്നോ ടീവി ഷോ  വേണമെന്നോ ആവശ്യപ്പെടുന്നത് മാന്യമായ രീതിയിലാക്കിയാൽ മാത്രം അനുവദിക്കുക. ഇത് അവരോടും കാണിക്കണം.  "നീ ചെയ്ത പ്രോജക്ട് ഞാനൊന്നു കണ്ടോട്ടെ, പ്ളീസ്"  എന്ന് ചോദിക്കുന്നതും "നിന്റെ പ്രോജക്ട് എവിടെ? കാണിക്ക്" എന്ന് പറയുന്നതും വ്യത്യസ്തമാണ് എന്ന്  മനസിലാക്കുക. നല്ല പെരുമാറ്റം ഉപയോഗിക്കുന്നത് അവന് ആവശ്യമുള്ളത് നേടാനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് ഇത് അവനെ പഠിപ്പിക്കുന്നു. 


3) എന്തുചെയ്യണമെന്ന് കൃത്യമായി കുട്ടിയെ പഠിപ്പിക്കുക - നിങ്ങളുടെ കുട്ടിയുടെ പെരുമാറ്റം മാറണമെങ്കിൽ നിങ്ങൾ നല്ല പെരുമാറ്റം പഠിപ്പിക്കേണ്ടതുണ്ട്. 

"ഇളയ സഹോദരനെ അടിക്കരുത് എന്ന് ആക്രോശിക്കുന്നതിനുപകരം,ദേഷ്യംതോന്നുമ്പോൾ അവന് എന്ത് ചെയ്യാനാകുമെന്ന് അവനെ പഠിപ്പിക്കുക. വാക്കുകൾ ഉപയോഗിച്ച് ഇമോഷൻസ് പകരാൻ പഠിപ്പിക്കുക. അങ്ങനെ ദേഷ്യവും നിരാശയും വരുന്ന സമയത്ത്  ഒരു മുതിർന്ന ആളിനോട്  ഉപദേശം തേടുക എന്നത് നല്ല കാര്യമാണ് എന്ന് പറയുക . അച്ഛനോടോ അമ്മയോടോ പറയാൻ കഴിഞ്ഞില്ല എങ്കിൽ അവർക്ക് പറയാൻ കഴിയുന്ന ഒരാളെ  (അച്ഛന്റെ /അമ്മയുടെ സഹോദരങ്ങൾ - വളരെയടുത്ത സുഹൃത്ത്) കുഞ്ഞിന്റെ ജീവിതത്തിലേക്ക് ഇൻട്രോഡ്യുസ് ചെയ്യുന്നത് നല്ലതാണ്. 
ഒരു കുട്ടിയുടെ പെരുമാറ്റം രൂപപ്പെടുത്തുമ്പോൾആവശ്യമുള്ള പെരുമാറ്റത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകഉദാഹരണത്തിന്,“ഓടരുത് എന്ന് പറയുന്നതിനുപകരം “ഞങ്ങൾ സ്റ്റോറിലായിരിക്കുമ്പോൾ നടക്കുക എന്ന് നിങ്ങളുടെ കുട്ടിയോട് പറയുകകുട്ടികൾ ആഗ്രഹിക്കുന്ന പെരുമാറ്റം കേൾക്കുമ്പോൾഅവർ അത് ഓർമിക്കാൻ സാധ്യത കൂടുതലാണ്.


 4) കുട്ടികൾ ചെയ്യേണ്ടുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം  - അതെത്ര ചെറുത് ആണെങ്കിലും സ്നേഹക്കൂടുതൽ കൊണ്ട് ഏറ്റെടുക്കാതെ ഇരിക്കുക. 

ഉദാഹരണത്തിന് മറ്റൊരു വീട്ടിൽ പോയി കളിച്ചു കഴിഞ്ഞു കളിപ്പാട്ടങ്ങൾ മുഴുവൻ തറയിൽ ചിതറിക്കുന്ന കാഴ്ച വളരെ സർവ സാധാരണമാണ്.  കളിക്കാനുള്ള സാധനങ്ങൾ അങ്ങനെ ആണല്ലോ .പക്ഷേ അവിടെ നിന്നും പോരുന്നതിനു മുൻപ് കുഞ്ഞിനെക്കൊണ്ട് അത് ക്ളീൻ ചെയ്യിക്കാൻ ശ്രമിക്കണം. ഇതിന്റെ ആദ്യപടി വീട്ടിൽ തന്നെയാണ്.  വൃത്തിയാക്കാൻ മടി കാണിക്കുന്ന കളിപ്പാട്ടങ്ങൾ പിന്നീട് കളിയ്ക്കാൻ കൊടുക്കാതെ എടുത്ത് വെക്കുന്നത് പോലെയുള്ള ശിക്ഷകളും നൽകാം. കുട്ടിക്ക് അത് മനസിലാകാണം  എന്ന് മാത്രം. 

5) മുൻകൂട്ടി കാര്യങ്ങൾ പറയുക


ഒരു സുഹൃത്തിന്റെ വീട്ടിൽ പോകും മുൻപ് പോകുന്നത് എന്ത് കാര്യത്തിനാണ് എന്നും അവിടെ പാലിക്കേണ്ട കാര്യങ്ങളും ഒരു ഓർമ്മപ്പെടുത്തൽ നല്ലതാണു. ഉദാഹരണത്തിന് പോകുന്ന വീട്ടിലെ മുൻവശത്ത് തന്നെ ചെരിപ്പുകൾ ഊരിയിടണം എന്നോ, മുകൾനിലയിലെ റൂമിൽ പോകരുത് എന്നോ അവിടേക്ക് പോകുന്നതിനു മുൻപ് ഓർമ്മിപ്പിച്ചാൽ നമുക്ക് വലിയ നഷ്ടമില്ലാതെ ഒരു നല്ല ദിവസമാകും. അരുതുകൾ പറയുമ്പോൾ കൂടെ തന്നെ അത് ലംഘിച്ചാലുള്ള അനന്തര ഫലങ്ങൾ കൂടി പറയാൻ മറക്കരുത്. ഒരിക്കൽ വീട്ടിൽ മകൻ അവനു ഒരു നാലര അഞ്ചു വയസുള്ള സമയത്ത് ഏത് വീട്ടിൽ പോയാലും തിരികെ വരാൻ കൂട്ടാക്കാതെ കരയാൻ തുടങ്ങുന്നത് പതിവായി. ഏറ്റവും ഒടുവിൽ പാർട്ടിയിൽ നിന്ന് ഇറങ്ങുന്ന ആളുകൾ എന്ന ലേബൽ ഞങ്ങൾക്ക് കിട്ടുന്ന അവസ്ഥയിലേക്ക് എത്തിയിട്ട് പോലും ആശാൻ കരച്ചിൽ നിർത്താൻ റെഡി ആയില്ല. ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു രാത്രി വിരുന്നു കഴിഞ്ഞു കരയാൻ തുടങ്ങിയ മകനെ അനുനയിപ്പിച്ചു വീട്ടിൽ കൊണ്ടുവന്നതിനു ശേഷം വീട് -അച്ഛൻ -'അമ്മ - അതിഥി ഇതിനെയൊക്കെ കുറിച്ച് വിശദമായി ഒരു ക്‌ളാസ് എടുത്തു. (മനസിലാക്കിയത് അതിലെ 10% ആകാം എങ്കിലും അതൊരു നല്ല ശ്രമമായിരുന്നു) . അതിന്റെ കൂടെത്തന്നെ ഞങ്ങൾ അവനോട് മറ്റൊരു കാര്യം പറഞ്ഞു - അടുത്ത ദിവസം ഒരു പിറന്നാൾ പാർട്ടിയും ഒരു ചുമ്മാ കൂട്ട് പാർട്ടിയും ഉണ്ട് - പക്ഷേ നമ്മൾ  അതിനു പോകുന്നില്ല. ഈ സ്വഭാവം മാറിയെന്നു അച്ഛനും അമ്മയ്ക്കും ബോദ്ധ്യം ആകുന്ന സമയത്തു മാത്രമേ ഇനിയും നമ്മൾ മറ്റു വീടുകളിൽ വിരുന്നിനു പോകുന്നുള്ളൂ. ആ ഷോക്ക് ട്രീറ്റമെന്റ് നന്നായി ഫലിച്ചു എന്ന് പറയാൻ സന്തോഷമുണ്ട്  - പിന്നീട് ഒരിക്കലും മകൻ കൂടെവരാൻ വിളിച്ചാൽ കരഞ്ഞു നിലവിളിക്കുകയോ, പാർട്ടി തീരും വരെ നിൽക്കണം എന്ന്  നിർബന്ധം പിടിക്കുകയോ ചെയ്തിട്ടില്ല.    


6)  അരുതുകളുടെ അനന്തര ഫലങ്ങളിൽ ഉറച്ചു നിൽക്കുക 

ഒരു ശൈലിയായി മാറാൻ നിരന്തരം ശ്രമിക്കണം എന്നത് പോലെ പ്രധാനമാണ് ഒരു കാര്യത്തിന് നമ്മൾ പറയുന്നഅനന്തര ഫലങ്ങളും. ഒരേ കുറ്റത്തിന് വ്യത്യസ്ത ശിക്ഷകൾ നൽകരുത്. ഒരു പ്രാവശ്യം ശിക്ഷയും മറ്റൊരു പ്രാവശ്യം കണ്ണടച്ച് കടന്നു പോകുകയും ചെയ്യരുത്. കുഞ്ഞുങ്ങൾ നമ്മൾ പറയുന്നതല്ല പ്രവർത്തിയാണ് ശ്രദ്ധിക്കുക.  (ശിക്ഷ എന്നത് കൊണ്ട് ശാരീരികമായി ഉപദ്രവിക്കുക എന്നതല്ല അർത്ഥമാക്കുന്നത് -  കളികൾ കുറയ്‌ക്കുക, ടീവി പരിപാടികൾ കുറയ്ക്കുക അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഉള്ള ചെറിയ ജോലികൾ കൊടുക്കുക ഇതൊക്കെ ശിക്ഷയിൽ പെടും)  



ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെയും ഒരു 3 വയസിനു മുകളിൽ ഉള്ള കുട്ടികൾക്ക് ബാധകം ആയ കാര്യമാണ്. ഈ പ്രായം മുതലാണ് കുട്ടികൾ കാര്യവും കാരണവും മനസിലാക്കി തുടങ്ങുന്നത് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 



(അവലംബം :  veryWellFamily)  - (Published  in  OURKIDS ജനുവരി 2020 ) 


Sunday, December 8, 2019

ടീനേജ് എന്ന തേനേജ്

മക്കളുടെ ടീനേജ് പ്രായം എന്നത് എല്ലാ രക്ഷകർത്താക്കളും കുറച്ചു ഉൾഭയത്തോടെ മാത്രം  ചിന്തിക്കുന്ന ഒന്നാണ് എന്ന് തോന്നുന്നു.  സ്വന്തമായിട്ടുള്ള രണ്ടെണ്ണം  ടീനേജ് ആകാനിനിയും വർഷങ്ങൾ ഉണ്ടെങ്കിലും  അനന്തരോന്മാരും സുഹൃത്തുക്കളുടെ മക്കളും ഒക്കെച്ചേർന്നു നല്ലൊരു കൗമാരപ്രായക്കൂട്ടത്തെ ഞാനും കാണാറുണ്ട്. ഇത്തവണത്തെ  ടോപ്പിക്കിൽ എന്താണ് ഉൾപ്പെടുത്തേണ്ടത് എന്ന് ഒരുകൂട്ടം സുഹൃത്തുക്കളോട്   ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമാണ്  ഈ പ്രാവശ്യം  കൗമാരക്കാർക്കൊപ്പം ആകാം കറക്കം എന്ന് ചിന്തിപ്പിച്ചത്. എല്ലാവരെക്കുറിച്ചും പൊതുവേ മാതാപിതാക്കളുടെ പരാതി  അവർ സംസാരിക്കുന്നില്ല ,  ഒന്നും ഗൗരവതരമായി കാണുന്നില്ല , അനാവശ്യകാര്യങ്ങൾക്ക് വേണ്ടി വഴക്കുണ്ടാക്കുകയോ വിഷമിക്കുകയോ ചെയ്യുന്നു,  പൊതുവെ എന്തിനെയും എതിർക്കാൻ ഒരു പ്രവണത എന്നതൊക്കെയാണ്. കാര്യം പറയുമ്പോൾ ഇതൊക്കെ അച്ഛനമ്മമാരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ശരിയുമാണ്.  എന്നാൽ അങ്ങനങ്ങു ഒരുഭാഗം മാത്രം ചേർന്ന് കാണാൻ പറ്റില്ലല്ലോ - ഒരു ടീനേജ് അമ്മയല്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഈ ലേഖനമെഴുതാൻ ഇരുന്നത് എന്നുംപറയാം. സ്വന്തമനുഭവങ്ങൾ കൂടിച്ചേർന്നതാണ് 'അമേരിക്കൻ മോ'മിൻറെ  മിക്ക ലേഖനങ്ങളും പക്ഷേ, ഇത് എഴുതാൻ കാര്യമായ അനുഭവമില്ലാത്തത് കൊണ്ട്  കുറച്ചു കൗമാരക്കാരോടും കുറച്ചു കൗമാരപ്രായക്കാരുടെ അച്ഛനമ്മമാരോടും സംസാരിച്ചു. അങ്ങനെ പുറത്തു നിന്നും കാണുന്ന ഒരാളായി രണ്ടു കൂട്ടരോടും സംസാരിച്ചപ്പോൾ തോന്നിയത് - അച്ഛനമ്മമാർക്ക് അവരുടെ കൗമാരകാലം ഓർമയുണ്ടാകുകയും കുട്ടിപ്പട്ടാളത്തിന്‌ അവരുടെ കൗമാരം അടുത്ത 7-8 വർഷത്തിനുള്ളിൽ തീരുമെന്ന് ഒരു ചിന്തയുണ്ടാകുകയും ചെയ്താൽ  കാര്യങ്ങൾ വളരെ സിംപിൾ ആണെന്നാണ്! ഇത് വായിക്കുന്ന ഏതൊരു രക്ഷിതാവും ഇപ്പോൾ എന്നെ ഒന്ന് "പുശ്ചിച്ചു" ചിരിക്കും എന്നെനിക്കറിയാം - കാരണം നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ ആണല്ലോ! അപ്പോൾ പ്രതിസന്ധികളും പരിഹാരങ്ങളും സിംപിൾ ആകുമല്ലോ എന്ന്! എന്നിരുന്നാലും കൗമാരകാലത്ത്  ഒരു ട്രബിൾ മേക്കർ/ റിബൽ പദവിയുണ്ടായിരുന്ന ആളെന്ന നിലയിൽ ഞാൻ കുറച്ചുനേരം നിങ്ങളുടെ ആ ടീനേജ് കൊച്ചിന്റെ സ്ഥാനമേറ്റെടുത്തു കൊണ്ട് ഇച്ചിരെ കാര്യങ്ങൾ പറയാൻ പോകുവാണേ  - മക്കൾ സംസാരിക്കുന്നില്ല എന്ന പരാതി നമുക്കിപ്പോൾ തീർക്കാം.



1.  'ഞങ്ങൾ പിള്ളേർക്ക് കുറച്ച് സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു തരുക' -

 അധികമായാൽ അമൃതും വിഷമാകുന്നത് പോലെ തന്നെ ചിന്തിക്കേണ്ട കാര്യമാണ് 

 ആവശ്യത്തിന്  പോലുംഭക്ഷണം ഇല്ലാതെയിരിക്കുന്നതും.  
കൗമാരക്കാർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റി സ്ഥാപിക്കാൻ അവസരം നൽകുന്നത്അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് ഒക്കെ  ലോകത്തിൽ സ്വന്തം സ്ഥാനം സ്ഥാപിക്കാൻ അവരെ സഹായിക്കുന്നതിന് അത്യാവശ്യമാണ്. എന്നുകരുതി ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് തീർത്തും മോശമായ ഒരു കൂട്ടുകെട്ടിലാണ് കുട്ടികൾ  ചെന്നുചാടുന്നത് എങ്കിൽ  അത് അനുവദിക്കണം എന്നല്ല. അവിടെയാണ് രണ്ടാം പോയിന്റ് വരുന്നത്. 

2. വീട്ടിലേക്ക് ഇടയ്ക്കൊക്കെ മക്കളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക - 

പണ്ടുകാലത്തും ഇത് വേണ്ടതായിരുന്നു എങ്കിലും ഇന്നത്തെ മാറുന്ന കാലത്ത് ഇത് അത്യാവശ്യം ആണ്. പണ്ടൊക്കെ ചുറ്റുവട്ടങ്ങളിൽ തന്നെയാകും കുഞ്ഞുങ്ങൾ പഠിക്കുക ഒരു ഡിഗ്രിയൊക്കെ ആകും വരെ. ഇപ്പോൾ  അങ്ങനെയല്ലാത്തത് കൊണ്ടും പലപ്പോഴും നമ്മളിൽ പലരും നാടും വീടും  ദൂരെയിടങ്ങളിൽ നിൽക്കുന്നത് കൊണ്ടും  കുട്ടികൾ ഇടപഴകുന്ന ആളുകൾ നമുക്ക് അപരിചിതരാകാം.  എളുപ്പവഴി കുട്ടികളോട് തന്നെ സുഹൃത്തുക്കളെക്കുറിച്ചു സംസാരിക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതാണ്. പലപ്പോഴും പിയർ പ്രെഷർ എന്നത് ബ്രാൻഡഡ് സാധങ്ങങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല പെരുമാറ്റ രൂപീകരണത്തിലും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു സുഹൃത്തിനെ പൂർണമായും ഒഴിവാക്കാൻ കൗമാരപ്രായക്കാരെ ഉപദേശിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉണ്ടാക്കും. ഓർക്കുക ഞങ്ങൾ കൗമാരക്കാർക്ക് എതിർക്കാനാണ് ഇഷ്ടം! 

അതിൽ നിന്ന് നമ്മൾ മൂന്നാമത്തെ പോയിന്റിലേക്ക് എത്തുകയാണ്,


3. കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യത്തിലും ആദ്യ പ്രതികരണം "നോ"  ആകരുത് -  എല്ലാത്തിലും മക്കളെ എതിർക്കുക/ വഴക്കു പറയുക  എന്നതാകരുത്  നിങ്ങളുടെ മോട്ടോ.  മുടി നീട്ടി വളർത്തുന്നതോ, സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നതോ ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പഠനമേശയോ ഒന്നും വലിയ വിഷയമല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞാൽ അത് സമാധാനപൂർണമായ ഒരന്തരീക്ഷം സൃഷ്ടിക്കും. മിക്ക കുട്ടികൾക്കും -ടീനേജ് എന്ന വലിയ ബബിളിനുള്ളിൽ ആ ചെറിയ കുഞ്ഞാകാനാണ് ഇഷ്ടം. അതേസമയം ഓരോ കുഞ്ഞും ഒരു വ്യക്തിയുമാണ് - കുറച്ചു പരസ്പര വിരുദ്ധ വാചകങ്ങൾ ആണെന്ന് അറിയാം, അതിലേക്ക് നമ്മുടെ നാലാമത്തെ പോയിന്റിനെ ചേർക്കാം


4.  നിയമങ്ങളും അച്ചടക്കവും മുൻകൂട്ടി തീരുമാനിക്കുക: 

സിംഗിൾ പേരന്റ് അല്ലാത്ത എല്ലാ രക്ഷാകർത്താക്കളും മക്കളെ കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ചുവേണം തീരുമാനങ്ങളിൽ എത്താൻ. അച്ഛനെ മറികടന്നു അമ്മയോ അമ്മയെ ചെറുതാക്കി അച്ഛനോ കുട്ടികൾക്ക് കാര്യങ്ങൾ സാധിച്ചുകൊടുക്കുന്നതോ  ശിക്ഷകൾ കുറയ്ക്കുന്നതോ പലപ്പോഴും വിപരീതഫലം ചെയ്യും - ഇന്റർനെറ്റ് കട്ട് ചെയ്യുന്നതോ, പോക്കറ്റ് മണി കുറയ്ക്കുന്നതോ, ബൈക്ക് എടുക്കാൻ സമ്മതിക്കില്ല എന്നുള്ളതോ അങ്ങനെ എന്തുമാകാം ശിക്ഷകൾ. പക്ഷേ  എല്ലാത്തിനും ഒരേ ശിക്ഷകൾ ആകരുത് , അങ്ങനെയൊരു അച്ചടക്കനടപടി നേരത്തെ പറഞ്ഞിട്ടുണെങ്കിൽ നടപ്പാക്കാൻ മടിക്കുകയും അരുത്!  കുട്ടികളെയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു തീൻമേശ ചർച്ച നടത്തിയാൽ നിങ്ങൾ ചിന്തിക്കാത്ത പലതും ആ കുട്ടിമനസുകളിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസിലാക്കാം. ഇത് ശരിയല്ലെന്ന് കുട്ടി പറഞ്ഞാൽന്യായമായ ശിക്ഷയെന്താണെന്ന് നിങ്ങൾ അവരോട് സംസാരിക്കുകയും മനസിലാക്കുകയും വേണം.


അപ്പോൾ അതാണ്‌ അഞ്ചാം നിയമം 

5. ദിവസത്തിലെ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം കുട്ടികൾക്ക് ഒപ്പം ആക്കുക - 


ആ സമയം നിങ്ങളുടെയും പങ്കാളിയുടെയും മൊബൈലുകൾക്ക് അവധി കൊടുക്കാം ടിവിയ്ക്കും വിശ്രമം കൊടുക്കാം എന്നിട്ടു നിങ്ങൾ നിങ്ങളുടെ ദൈനം ദിന വിശേഷങ്ങൾ തീൻമേശയിൽ ഒരു വിഭവം ആക്കുക - സംസാരിച്ച എല്ലാ ടീനേജർക്കും ഉണ്ടായിരുന്ന പരാതി - അച്ഛനുമമ്മയ്ക്കും സംസാരിക്കാൻ പഠനം മാത്രമേ വിഷയമുള്ളൂ എന്നാണ് ! പഠനം ഭക്ഷണമേശയിൽ എത്തിക്കാതെ നിങ്ങളുടെ ജോലിയിലെ ആവശ്യമില്ലാത്ത ടെൻഷൻ അവിടെ വിളമ്പാതെ മറ്റെന്തൊക്കെ കാര്യങ്ങൾ സംസാരിക്കാം എന്നാലോചിക്കൂ. അഥവാ ടെൻഷനുള്ള ചില കാര്യങ്ങൾ ഉണ്ടെങ്കിൽ കുട്ടികളോടും കൂടി ഷെയർ ചെയ്യുന്നത് അവരുടെ കാഴ്ചപ്പാടുകൾ, അഭിപ്രായങ്ങൾ ആ കാര്യത്തിൽ എന്തെന്ന് ചോദിച്ചറിയുന്നത് തീർച്ചയായും കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. 



ആറാം പോയിന്റായി ഞാൻ പറയാൻ പോകുന്നതും അതാണ് 


6. സംസാരിച്ചാൽ മാത്രമേ പോരാ - കേൾക്കണം. 


"പലപ്പോഴും ഉപദേശങ്ങളും അപ്പുറത്തെ വീട്ടിലെ കുട്ടിയോട് കമ്പാരിസണും മാത്രമാണ് അമ്മയ്ക്കും അച്ഛനും സംസാരിക്കാനുള്ളത്. എന്തെങ്കിലും കുറ്റം കേട്ടാൽ അതിനെക്കുറിച്ചു ഞങ്ങളോട് ചോദിക്കുക പോലും ചെയ്യാതെ കുറ്റവാളിയെന്ന് ആദ്യമേ വിധിക്കും. അപ്പോൾപ്പിന്നെ അങ്ങനെ  തന്നെയങ്ങു  പോകട്ടെയെന്നു വെയ്ക്കും " - പറഞ്ഞത് മിടുക്കിയായ ഒരു പതിനാറുകാരിയാണ്. പ്രണയമുണ്ടെന്നു മറ്റാരോ പറഞ്ഞറിഞ്ഞത് അച്ഛനും അമ്മയും അവളോട് ചോദിക്കുകപോലും ചെയ്യാതെ പരിശോധനകൾക്കും വിലക്കുകൾക്കും വിധേയയാകേണ്ടി വന്നപ്പോൾ! പറയുന്നതിൽ കാര്യമുണ്ട് അല്ലേ ? നമ്മുടെ മക്കളെ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണ്ടേ? 


7. പ്രണയം / സെക്സിനെക്കുറിച്ചുളള കൗതുകം എന്നതൊക്കെ  കൗമാരകാലത്ത് മിക്ക കുട്ടികളിലും ഉണ്ടാകുന്ന വളർച്ചയുടെ ഭാഗമായി സംഭവിക്കുന്നതാണ് എന്ന് മാതാപിതാക്കൾ എത്രയും പെട്ടെന്ന്  മനസിലാക്കിയാൽ അത്രയും പെട്ടെന്ന് കൗമാരക്കാരുമായി കൂട്ടാകാം. സ്വന്തം മക്കളോട് ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചും മോശം തീരുമാനങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറ്റവും പറ്റിയ ആൾ നമ്മൾ തന്നെയാണ്. അത് പ്രണയം ആയാലും സേഫ് സെക്സ് ആയാലും മയക്കുമരുന്നുകളുടെ ഉപയോഗം ആയാലും   കുഞ്ഞുങ്ങളോട് തുറന്നു  സംസാരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. 


8.  മദ്യപാനം പുകവലി പാൻപരാഗ് മയക്കുമരുന്ന് ഇതൊക്കെ കൗമാരകാലത്തെ കുട്ടികളെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ ആണ് - പക്ഷേ, മൂക്കുമുട്ടെ കള്ളുകുടിച്ചു വീട്ടിൽ വരുന്ന അച്ഛൻ മദ്യപിക്കരുത് എന്ന് പറയുന്നത് കേൾക്കാൻ  ചിലപ്പോൾ എല്ലാ കുട്ടികൾക്കും കഴിഞ്ഞുവെന്ന് വരില്ല. സകല സമയവും ടിവിയുടെ  മുന്നിൽ ഇരിക്കുന്ന അമ്മയോ അച്ഛനോ കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിനെക്കുറിച്ചു വിഷമിച്ചിട്ട് എന്ത് കാര്യം?  മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞുകൊടുക്കുന്നതിനൊപ്പം തന്നെ കുട്ടികളിൽ ഇതൊക്കെ ശ്രമിച്ചു നോക്കാനുള്ള പ്രലോഭനങ്ങൾ കൂടുതലാണെന്നതും മറക്കരുത്. കുട്ടികൾക്ക് നമ്മളോട് എന്തും പറയാനുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായ വിഷയം. 

 9. മക്കൾക്ക് റോൾ മോഡൽ ആകുക - 

അതിന്റെ ആദ്യപടി വീട്ടിൽ നിന്ന് തന്നെയാണ്. അമ്മയെ അടിക്കുന്ന അച്ഛൻ, അച്ഛന്റെ അമ്മയെ ചീത്ത പറയുന്ന അമ്മ, ബന്ധുക്കളെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം  പറയുന്ന രക്ഷിതാക്കൾ, എല്ലാവരെയും സംശയത്തോടെ കാണുന്നത്, എന്തിനെയും പണത്തിന്റെ തൂക്കത്തിൽ കാണുന്നത്, ആളുകളെ അവജ്ഞയോടെ കാണുന്നത്  എന്നുവേണ്ട നിങ്ങൾ കാണിക്കുന്ന ഓരോ കാര്യത്തിനെയും ഒന്നുകിൽ അതേപോലെ മനസിലേക്ക് എടുത്ത് അനുകരിക്കുന്ന അല്ലെങ്കിൽ ഈ പറഞ്ഞതിനെയൊക്കെയും നിങ്ങളെയും എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരാളായാണ് നിങ്ങളുടെ കുഞ്ഞ് വളരുക. ഒരു കൗമാരപ്രായമായ മകൾക്കോ മകനോ നിങ്ങൾ പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും അവർ അത് നിങ്ങളുടെ പ്രവർത്തിയിൽ നിന്നാണ് എടുക്കുക - പറച്ചിലിൽ നിന്നല്ല!

10. ഒരുപക്ഷേ ഇത്രയും നേരം പറഞ്ഞതിൽ ഏറ്റവും പ്രയാസമുളള കാര്യമാകും ഈ പത്താമത്തെ പോയിന്റ് :  കുട്ടികൾക്ക് കുറ്റബോധം ഉണ്ടാകാൻ അനുവദിക്കുക -  

കുട്ടികൾ ചെയ്യുന്നതും പറയുന്നതുമായ എന്ത് കാര്യത്തിനും രക്ഷിതാക്കൾ  ന്യായം കണ്ടെത്തേണ്ട ആവശ്യമില്ല എന്ന് മാത്രമല്ല  അവർ ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അവരെ മനസിലാക്കിക്കുക എന്നത് കൂടി പ്രധാനമാണ്. അവരോടൊപ്പം നിന്നുകൊണ്ടുതന്നെ അവരുടെ പ്രവർത്തിയ്ക്കുള്ള പ്രായശ്ചിത്തം, പരിഹാരം ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ഓരോ വട്ടവും വീഴുമ്പോൾ താങ്ങിയെണീക്കാൻ തോളുണ്ടാകുന്നത് നല്ലതാണ്. അതേ സമയം, വീണുപോകും എന്ന് ഭയന്ന് എടുത്തുകൊണ്ടു നടന്നാൽ അത് നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഒരു യുവ ജനതയെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. 

ടീനേജ് വിശേഷങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല - അപ്പനുമമ്മയ്ക്കും ടീനേജേഴ്‌സിനെ എങ്ങനെ വീട്ടിലെ  പല കാര്യങ്ങളിൽ ഇടപെടുത്തി മുന്നോട്ട് കൊണ്ടുപോകാം എന്നത് അടുത്ത ലക്കത്തിലേക്ക് മാറ്റി വെക്കുന്നു. 



ഇത്രയും അതിഭീകരൻ കാര്യങ്ങളൊക്കെ എഴുതിവെച്ചിട്ട് രണ്ടുമൂന്നുകൊല്ലം കഴിയുമ്പോൾ ഞാൻ എന്റെ ടീനേജറോട്  പെരുമാറുന്നത് ഇതിന്റെയൊക്കെ വിപരീത ദിശയിൽ ആകാൻ സാദ്ധ്യതയുണ്ട്. അപ്പോൾ ഞാനീ ലേഖനം  ഒന്നുകൂടി എടുത്തു വായിക്കും, എന്നിട്ടോർക്കും  - മറ്റൊരാളുടെ കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട്, മറ്റൊരു കുട്ടിയുടെ രക്ഷിതാക്കളെ കേട്ട് ഇത്രയുമൊക്കെ ചിന്തിച്ചെങ്കിൽ അന്ന് ചിന്തിച്ചതിൽ കാര്യമുണ്ടാകണം .. എന്നിട്ട് ടീനേജർ കുട്ടികൾ ഇല്ലാത്ത മറ്റൊരു സുഹൃത്തിനോട് ഞാൻ ഉപദേശം ചോദിക്കും!   



(OURKIDS 2019 December Edition) 


Monday, November 11, 2019

അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു

മഴയോടൊപ്പം സ്‌കൂൾ തുറന്നെത്തുന്ന ജൂൺ - നാട്ടിൽ പുതിയൊരു സ്‌കൂൾ കാലത്തിലേക്ക് കുഞ്ഞുങ്ങൾ കടക്കുമ്പോൾ ഇവിടെ അമേരിക്കയിൽ വേനൽക്കാലത്തിന്റെ  തുടക്കമാണ്, അതുകൊണ്ട് തന്നെ ജൂൺ ഞങ്ങളുടെ വേനലവധിക്കാലമാണ്. ഇവിടുത്തെ അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു എന്ന ചില കഥകളാണ് ഇത്തവണ. നാട്ടിലെ അവധിക്കാലം കഴിഞ്ഞെങ്കിലും കടും ചൂട് മാറി മഴവന്ന് തളിരും പൂവും കിളികളുമൊക്കെ വരുന്ന സമയമായത് കൊണ്ട് ഇനി പറയുന്നവയിൽ ചിലവ നാട്ടിലും പരീക്ഷിക്കാം.


                          ഇവിടെ സാധാരണ മൂന്ന് മാസത്തോളം ആണ് വേനലവധി. തണുപ്പ് കൂടിയ പ്രദേശത്തായത് കൊണ്ട് ജൂൺ ആദ്യവാരം കഴിയും ഞങ്ങളുടെ പ്രദേശത്തെ സ്‌കൂളൊക്കെ പൂട്ടാൻ. സെപ്തംബര് ആദ്യവാരമേ തിരികെ തുറക്കുകയുമുള്ളൂ. അതുകൊണ്ടുതന്നെ കുട്ടിപ്പട്ടാളങ്ങളെ മെരുക്കാൻ എന്തെങ്കിലുമൊക്കെ സൂത്രപ്പണി ചെയ്തില്ലെങ്കിൽ മൂന്നുമാസം കടന്നുപോകാൻ കഷ്ടപ്പെടുകയും ചെയ്യും. ഉദ്യോഗസ്ഥരായ മാതാപിതാക്കൾ ആണെങ്കിൽ മിക്കവാറും കുട്ടികൾ സമ്മർ കാമ്പുകളിലാകും വേനലവധിയുടെ പകൽ സമയങ്ങൾ ചിലവഴിക്കുക. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കരുത്/ ഇരുത്തരുത്  എന്ന കർശനനിയമം ഉള്ളത് കൊണ്ടുതന്നെ YMCA , കരാട്ടെ സ്‌കൂളുകൾ, പാർക്ക്&റിക്രിയേഷൻ ക്ലബുകാർ, നീന്തൽ  സ്‌കൂളുകൾ, പള്ളികൾ   അങ്ങനെ അനവധി സ്ഥാപനങ്ങൾ ഇത്തരം സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയം കുട്ടികൾക്ക് പലവിധ കളികളും, പ്രോജെക്ടുകളും ഒക്കെയായി ആവേശമുണർത്തുന്ന രീതിയിലാണ് സംഘടിപ്പിക്കുക. 


                    മിക്കപ്പോഴും അപ്പൂപ്പനമ്മൂമ്മമാരൊക്കെ ഇന്ത്യയിൽ നിന്ന് ഇവിടേക്ക് വരുന്ന സമയവുമാണ് ഈ അവധിക്കാലങ്ങൾ.  അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക്  വീട്ടിൽ തന്നെ സമയം ചിലവഴിക്കാൻ കഴിയും. സ്‌കൂൾ അടച്ചുകിട്ടുന്ന ഈ സമയം ഒരു വേനലവധിയായിത്തന്നെ കുട്ടികൾക്ക് അനുഭവവേദ്യമാകണമെന്ന് ആഗഹിക്കുന്ന രക്ഷിതാവാണ്‌ ഞാൻ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അവർ രാവിലെ  10 മണി വരെ കിടന്നുറങ്ങുകയും രാത്രി വൈകുവോളം അവർക്കിഷ്ടമുള്ള സിനിമ കാണുകയും വെയിലൊന്ന് താഴുമ്പോൾ സൈക്കിളുമെടുത്ത് ചുറ്റിയടിക്കുകയും ഒക്കെ ചെയ്യുക അല്ലേ? പക്ഷേ, പലപ്പോഴും ഇതൊന്നും നടക്കാറില്ല പല വീടുകളുടേയും സാഹചര്യത്തിൽ,പ്രത്യേകിച്ചും രണ്ടുപേരും ജോലിക്കാരാകുമ്പോൾ.


                               ഇത്തവണത്തെ അവധിക്ക് മൂത്തയാൾ ആവശ്യപ്പെട്ടിരിക്കുന്ന ഒരു കാര്യം നൈറ്റ് ക്യാംപിനു കൊണ്ടുപോകണം എന്നാണ്. കഴിഞ്ഞ രണ്ടുകൊല്ലമായി കൊണ്ടുപോകാം കൊണ്ടുപോകാം എന്ന് പറച്ചിൽ അല്ലാതെ ഇതുവരെ ആ പ്രോമിസ് ഞങ്ങൾ പാലിച്ചിട്ടില്ല എന്നാണ് ആശാന്റെ പരാതി. പരാതിയിൽ കാര്യവുമുണ്ട്- കഴിഞ്ഞ രണ്ടുകൊല്ലങ്ങളിലും ഇളയ ആൾ തീരെ ചെറുതായിരുന്നു എന്നതും, നാട്ടിൽ നിന്നും വയസായ മാതാപിതാക്കൾ വന്നിരുന്നതും പുറത്തൊരിടത്ത് ടെന്റ് കെട്ടിയുള്ള ഒരു ക്യാമ്പിങ്ങിനു പോകുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ ആ പരാതി കയ്യോടെ തീർക്കുക എന്നതാണ് വേനലവധിയുടെ ഒരു പ്രധാന ആകർഷണം. ലോകത്തിലെ എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള കാര്യമാകും അത് - ആകാശം കാണുന്ന രീതിയിൽ ഒരിടത്ത് ഒരു കൂടാരം, അവിടെ രാത്രി നക്ഷത്രങ്ങളെയൊക്കെ കണ്ടൊരു ഉറക്കം. നാട്ടിൽ പലയിടങ്ങളിലും ഇപ്പോൾ ഇത്തരം ക്യാംപ് & ഹൈക്ക് ഒക്കെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. വലിയ കാശുമുടക്കിയുള്ള യാത്രകളും ഹൈക്കിങ്ങും ഒന്നും ചെയ്തില്ലെങ്കിലും സ്‌കൂൾ മുറ്റത്തോ, പള്ളി മൈതാനത്തോ  ഒക്കെ ഒരു ചെറിയ ക്യാംപിങ്, വാനനിരീക്ഷണം സംഘടിപ്പിച്ചാൽ അത് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവുംവലിയ സമ്മാനമാകും.
With the Tent he made :) 

Campfires are always fun 

WE 


അവധിക്കാലം ഇവിടെ മനോഹരകാഴ്ചകളുടെ കാലം കൂടിയാണ്.        അതിശൈത്യം കഴിഞ്ഞു മരങ്ങളിലൊക്കെ തളിരുകളും പൂവുകളും വന്നുതുടങ്ങി. ഒക്ടോബർ വരെ ഇവിടെ പ്രകൃതി  പലതരത്തിലുള്ള പൂവുകൾ, കായ്കൾ, നിറം മാറുന്ന ഇലകൾ ഒക്കെയായി ഒരു തൃശൂർപ്പൂരത്തിലെ കുടമാറ്റപ്രതീതിയാണ് കാഴ്ച വെക്കുക. മാത്രവുമല്ല ഇതൊരു "മൈഗ്രേഷൻ വേ" ആയത് കൊണ്ട് പലതരം കിളികൾ ദേശാടനം നടത്തുന്ന സമയം കൂടിയാണ്. മിക്ക വീടുകളുടെയും പുറത്ത് പക്ഷികൾക്കായി ഒരൽപം ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടാകും.  ഇവിടെ വീടിനു പിന്നാംപുറത്തും വലിയൊരു മേപ്പിൾ മരത്തിൽ  രണ്ട് കിളിക്കൂടുകൾ തൂക്കി - കിളിക്കൂട് എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല, പക്ഷികൾക്ക് തീറ്റ കൊടുക്കാവുന്ന തരം കൂടുകൾ. പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന കിളികൾക്ക് കൊടുക്കാൻ കഴിയുന്ന വിത്തിനങ്ങൾ, തിന ഒക്കെ കടയിൽ നിന്ന് വാങ്ങാൻ കിട്ടും. മെയ് തുടങ്ങിയപ്പോൾ തന്നെ പക്ഷിഭക്ഷണത്തിന്റെ ഒരു വലിയ കൂടു വാങ്ങി ആശാന്റെ കയ്യിൽ കൊടുത്തു. ഇനി വരുന്ന കിളികൾക്ക് സമയാസമയം അന്നം കൊടുക്കേണ്ട ജോലി അവനാണ്. കൂട്ടത്തിൽ രണ്ടു ബുക്കുകളും നൽകി - 1. Beginning Birdwatcher's Book: With 48 Stickers (Dover Children's Activity Books) 2. Backyard Birds (Field Guides for Young Naturalists). രണ്ടാമത്തെ ബുക്കിൽ പലതരം കിളികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ആണെങ്കിൽ, ഒന്നാമത്തേതിൽ ഓരോ കിളിയുടെയും സ്റ്റിക്കറുകളും അതിന്റെ ചെറുകുറിപ്പുകൾ എഴുതി ഒട്ടിയ്ക്കാനുള്ള ഒരു ഡയറി പോലെയുമാണ്. ആദ്യത്തെ പക്ഷിഡയറി അങ്ങനെ ഇക്കൊല്ലം മൂത്തവൻ കരസ്ഥമാക്കി. കിളികൾ കൂട്ടത്തോടെ വന്നുതുടങ്ങുന്ന സമയം ആകാഞ്ഞിട്ടുകൂടി ഏകദേശം 15 തരം കിളികളെ ആൾ കണ്ടുപിടിച്ച് സ്റ്റിക്കറൊക്കെ ഒട്ടിച്ച് ബുക്കിന്റെ പണി തുടങ്ങി. ഈ രണ്ടു ബുക്കുകളും ഇവിടെയുള്ള കിളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. പക്ഷേ, ഒന്ന് ശ്രമിച്ചാൽ  നാട്ടിലെ കിളികൾക്ക് വേണ്ടിയുള്ള ഇത്തരമൊരു ബുക്ക് കിട്ടിയേക്കും. എല്ലാ കുട്ടികൾക്കും ഒരു പ്രായം ആകുന്നിടം വരെ കിളിയും നക്ഷത്രവും ഇലകളും ഒക്കെ ഇഷ്ടമാണ്. 

T's Bird Book 


                  അങ്ങനെ ഇലകളെക്കുറിച്ചു പറഞ്ഞപ്പോൾ ആണ് മോനും ഞാനും കൂടി ചെയ്യുന്ന രണ്ടാമത്തെ സംഭവം ഓർമ വന്നത്. നമ്മുടെ നാട്ടിലെ ഓണക്കാലമുണ്ടല്ലോ അതുപോലാണ് ഇവിടെ ജൂൺ മുതൽ മിക്കയിടങ്ങളും. എങ്ങും പച്ചപ്പ്, പൂക്കൾ, ആഗസ്ത് ആകുമ്പോൾ പതുക്കെ നിറം മാറാൻ തുടങ്ങുന്ന ഇലകൾ. നാട്ടിൻപുറത്ത് ജനിച്ചുവളർന്ന ഒരു തലമുറയ്ക്ക് മിക്ക ഇലകളും കണ്ടാൽ അറിയാമായിരുന്നു, മിക്ക പൂക്കളും അറിയാമായിരുന്നു. ഇതിപ്പോ ജനിച്ചു വളർന്ന ഭൂമിശാസ്ത്രം അല്ലാത്തത് കൊണ്ട് മിക്കപ്പോഴും പലയിനം ചെടികളേയും കണ്ടാൽ മനസിലാകാറില്ല. അങ്ങനെയാണ് PlantNet  Plant  Identification  എന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്. അതുണ്ടെങ്കിൽ സംഗതി സിംപിൾ ആണ്, പക്ഷേ ഈ ആപ്പ് നല്ല പവർഫുൾ ആണ് കേട്ടോ. ഒന്നാം ക്ലാസ് മുതൽ ഏതാണ്ട് ഒരു ആറാം ക്ലാസ് വരെയൊക്കെ ഉള്ള കുട്ടികൾക്ക് ഇതൊരു ആകർഷണം തന്നെയാണ്.  നമുക്ക് ചുറ്റിനും കാണുന്ന  ഇലയും പൂവും ഒക്കെ ഈ ആപ്പിലൂടെ നോക്കിയാൽ പേരും നാളും ഉൾപ്പെടെ എല്ലാം കിട്ടും. നമ്മുടെ മൊബൈൽ കുഞ്ഞുങ്ങൾക്ക് ഗെയിം കളിക്കാൻ കൊടുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇമ്മാതിരി ചില നുറുങ്ങുപണികൾക്കായി അവർക്കൊപ്പം ടെക്നോളജി കൂട്ടുന്നത്. 


                    വർത്തമാനം ഫോണിനേയും പൂക്കളെയും ഒക്കെ കുറിച്ചായത് കൊണ്ട്  വേനലവധിക്ക് കാത്തുവെച്ചിരിക്കുന്ന മറ്റൊരു കാര്യം കൂടി മറന്നുപോകും മുൻപ് പറഞ്ഞേക്കാം. മൂത്തയാൾക്ക് 8 വയസ്സ് - ഞങ്ങളുടെ രണ്ടാളുടെയും ഫോൺ കൊടുക്കാൻ താല്പര്യമില്ല, എന്നാൽ ആശാന് ഫോട്ടോ എടുക്കാൻ ഇഷ്ടവുമാണ്. വീട്ടിലൊരു ഡിജിറ്റൽ കാമറയുണ്ട് - പക്ഷേ, അത് കൈകാര്യം ചെയ്യാനുള്ള അത്രയും ഉടത്തരവാദിത്തം അവനെ ഏൽപ്പിക്കാനും വയ്യ. അതുകൊണ്ട് ഏകദേശം മൊബൈൽ പോലെ കൈയിൽ ഒതുക്കാവുന്ന ഒരു ക്യാമറ സെക്കന്റ് ഹാൻഡ് വാങ്ങി. സംഭവം കയ്യിൽ കൊടുക്കും മുൻപ് പറയാൻ പോകുന്നത്  മൂന്നു മാസം കൊണ്ട് 1000 ഫോട്ടോ എടുക്കണം എന്നാണ്, ഒരു ദിവസം 10 ഫോട്ടോ വീതം എങ്കിലും  - നല്ലതെന്ന്‌ തോന്നുന്നവ അമ്മയുടെയോ അച്ഛന്റെയോ സഹായത്തോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാം അല്ലെങ്കിൽ പ്രിന്റ് എടുക്കാം. ഫോട്ടോ എന്തെടുക്കണം എന്നുള്ളതിൽ ഞങ്ങൾ കൈ കടത്തില്ല. എപ്പോൾ എടുക്കണം എന്നതിലും കൈ കടത്തില്ല. പക്ഷേ 90 ദിവസം കഴിയുമ്പോൾ 1000 ഫോട്ടോകളും അതിലൊരു 90 ആവർത്തിക്കപ്പെടാത്ത നല്ല ഫോട്ടോകളും ഉണ്ടാകണം. ഞങ്ങൾ കാത്തിരിക്കുകയാണ് എട്ടുവയസുകാരന്റെ  ക്യാമറക്കാഴ്ചകൾക്കായി.


ഞങ്ങൾ വേനലവധിക്കും പ്രകൃതി കാഴ്ചകൾക്കും ഒരുങ്ങുകയാണ്.. നാട്ടിൽ മഴ തിമിർത്തുപെയ്യാൻ തുടങ്ങുമ്പോൾ ഒരു പൂ പുതിയതായി കാണുമ്പോൾ, ഒരു മരം കാണുമ്പോൾ, ഒരു കിളിയെ കാണുമ്പോൾ നമുക്ക് കുഞ്ഞുങ്ങളെ കാട്ടിക്കൊടുക്കാം. ഓണം വരെയുള്ള സമയത്തേക്ക് ഇതിൽ ഏതെങ്കിലും ഒരു സംഭവം അവരോടൊപ്പം ചെയ്തുനോക്കൂ ... നമ്മളിലെ കൗതുകവും അവസാനിച്ചിട്ടില്ല എന്ന് തിരിച്ചറിയാം. കുട്ടികളുടെ കണ്ണിലൂടെ നമുക്കും ചുറ്റിനുമുള്ള പ്രകൃതിയെ കാണാം. 

(ജൂൺ 2019 ഔർകിഡ്സ്‌ മാഗസിൻ - പോസ്റ്റ് ചെയ്യാൻ വിട്ടുപോയ ഒരു ആർട്ടിക്കിൾ! - ഇതിൽ പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം ചെയ്തു - മൂന്നിനും നാലിനും പകരം ചെയ്തത് 100 ദിന വരയും , ശലഭ പ്രോജക്ടുമാണ്. അതിനെക്കുറിച്ചു വിശദമായി പിന്നാലെ ) 

Tuesday, October 22, 2019

സ്‌ക്രീൻ ടൈമിന്റെ പ്രത്യയശാസ്ത്രം

ഇന്നലെ ജനിച്ച കുഞ്ഞു മുതൽ 18 വയസുകാരി വരെയുള്ള കുഞ്ഞുങ്ങളെക്കുറിച്ചു മാതാപിതാക്കൾക്കുള്ള ഏറ്റവും സാധാരണമായ പരാതിയാണ് അന്തമില്ലാതെ നീളുന്ന സ്‌ക്രീൻ ടൈമുകൾ. "ഏതുനേരവും ടീവീയുടെ മുൻപിൽ ആണ് ", "കമ്പ്യൂട്ടർ ഗെയിം ഒഴിഞ്ഞിട്ടൊരു സമയമില്ല"
"മൊബൈൽ കിട്ടിയാലേ ഭക്ഷണം കഴിക്കൂന്നേ" "ആറുമാസം ആയിട്ടില്ല പക്ഷേ ടീവിയിലെ ശബ്ദം കേട്ടാൽ അപ്പോൾ തല പൊക്കിനോക്കും"  എന്നുവേണ്ട എല്ലാ തരത്തിൽപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചും തരാതരം പരാതികളുണ്ട് ഈ കാറ്റഗറിയിൽ!  പൊതുവായ ആരോഗ്യകാര്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് എന്റെ സന്താനങ്ങളുടെ "കാഴ്ചശീലങ്ങൾ" പറയാം.

സിനിമാനടൻ ആകണം എന്ന് ആഗ്രഹിച്ചു നടക്കുന്ന എട്ടുവയസുകാരൻ മൂത്ത പുത്രനെ സിനിമ കാണിക്കാതെ ഇരിക്കുന്നത് മോശമാണല്ലോ.  പണ്ടുകാലം മുതലേ സിനിമാപ്രാന്തരായ മാതാപിതാക്കൾ കുട്ടിയോട് പറഞ്ഞ കണ്ടീഷൻ ആഴ്ചയിൽ രണ്ടു സിനിമ കാണാൻ സമ്മതിക്കാം എന്നതാണ്. കേബിൾ ടീവി ഇല്ലാത്ത വീട്ടിൽ ഓൺലൈൻ സൈറ്റുകൾ തന്നെയാണ് ശരണം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം , മറ്റുചില തമിഴ് - മലയാളം സിനിമാ സൈറ്റുകൾ ഒക്കെയാണ് പൊതുവെ ഞങ്ങൾക്ക് ഇവിടെ ആശ്രയം. വെബ് സീരീസുകൾ/ കാർട്ടൂണുകൾ  പൊതുവേ വലിയ താല്പര്യമില്ല എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ആശാനും സിനിമ കാണാൻ കിട്ടുന്ന അവസരം കളഞ്ഞുകുളിക്കില്ല. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെയും അമ്മയുടെയും സിനിമ തുടങ്ങുമ്പോൾ മക്കൾക്കും സിനിമ കിട്ടും.  മലയാളം/തമിഴ്/ഹിന്ദി  കുടുംബചിത്രങ്ങൾ ആണെങ്കിൽ മക്കളേയും കൂടെക്കൂട്ടിയാണ് വെള്ളി രാത്രിയിലെ ഷോ.  അതല്ല കുഞ്ഞുങ്ങൾക്ക് അങ്ങനെയങ്ങട് സുഖിച്ചുകാണാൻ കഴിയാത്ത സിനിമയാണെങ്കിൽ കുട്ടികളുടെ ചലച്ചിത്രവിഭാഗത്തിൽ നിന്നും ഏതെങ്കിലും അവർക്ക് കാണാൻ വേണ്ടിയിട്ടുകൊടുക്കും. ചാനലുകൾ ഇല്ല എന്ന് നേരത്തെ പറഞ്ഞല്ലോ, അതുകൊണ്ട് തന്നെ ടീവിയിൽ സിനിമ ഗൂഗിൾ ക്രോം വഴി കാസ്റ്റ് ചെയ്തുകൊടുത്താലേ അവർക്ക് കാണാൻ കഴിയൂ. ഞങ്ങളുടെ  ലാപ്ടോപ്പ് / മൊബൈൽ രണ്ടാൾക്കും ഓഫ്‌ലിമിറ്സ് ആണ് . അച്ഛനോ അമ്മയോ അനുവാദം കൊടുത്താൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നവ. പ്രത്യേകിച്ചും  മൊബൈൽ - രണ്ടു മക്കൾക്കും എടുത്തുപെരുമാറാൻ കൊടുക്കാറില്ല , യുട്യൂബ് , ഗെയിംസ് ഒന്നും തന്നെ ഞങ്ങൾ കൊടുക്കാതെ പ്രവർത്തിപ്പിക്കാനും കഴിയില്ല.  


വല്ലപ്പോഴും എങ്കിലും 8  വയസുകാരന് കൂട്ടുകാർ പറഞ്ഞ ഒരു ഗെയിം കളിക്കണം എന്ന് തോന്നിയാൽ അവനു വേണ്ടി അവന്റെ മുൻപിൽ വെച്ച് ഗെയിം ഇൻസ്റ്റാൾ ചെയ്ത് കളിച്ചുകഴിഞ്ഞാൽ അപ്പോൾ തന്നെ uninstall  ചെയ്യുന്ന ഒരു "സൈക്കോ"  'അമ്മ കൂടിയാണ് ഞാൻ.  ഇത്രോം പണിപ്പെട്ട് കളിക്കേണ്ട എന്ന് കരുതിയാണോ എന്തോ മകന് അതങ്ങനെ ഒരു നിർബന്ധബുദ്ധി ആയിട്ട് വന്നിട്ടില്ല. ഇളയ മകന് ചില സീരീസുകൾ ഇഷ്ടം ആണ്, കുട്ടിപ്പാട്ടുകൾ പോലെയുള്ളവയും ചില കാർട്ടൂണുകളും ഒക്കെ.  സിനിമ കണ്ടു മനസിലാക്കാനുള്ള പ്രായം ആകാത്തത് കൊണ്ട് ഇടയ്ക്ക് ആശാനെ പ്രതിനിധീകരിച്ചു ചില കാർട്ടൂൺ സീരീസുകളും പാട്ടുകളും വെക്കാറുണ്ട്. വേനലവധിക്കാലത്ത്  ഏതാണ്ട് എല്ലാ ദിവസവും മൂത്തയാൾ ഒരു സിനിമ കണ്ടിരുന്നു - അത് കുറച്ചു കൂടുതൽ ആണെന്നു ഞങ്ങൾക്ക് തന്നെ തോന്നിയിരുന്നു, എങ്കിലും  സ്‌ക്രീൻ ഒഴിവാക്കിയുള്ള മറ്റുപല കാര്യങ്ങളും ആൾ ചെയ്തിരുന്നതിനാൽ ഇതൊരു "സമ്മർ ഫൺ" എന്ന രീതിയിൽ പ്രമേയം പാസാക്കിയിരുന്നു വീട്ടിൽ. അങ്ങനെ സിനിമ കാണാൻ കൊടുത്തിരുന്ന സമയത്ത് തന്നെ സ്‌കൂൾ തുറന്നാൽ സ്‌കൂളുള്ള ദിവസങ്ങളിൽ ടീവി  കാഴ്ചകൾ ഉണ്ടാകില്ല ചോദിക്കണ്ട എന്നൊരു നിബന്ധനയും വെച്ചിരുന്നു.  ഇപ്പോൾ സ്‌കൂൾ തുറന്നു രണ്ടാഴ്‌ച കഴിയുന്ന സമയത്ത് വീണ്ടും ഞങ്ങൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച രാത്രികളിലെ സിനിമാക്കാഴ്ചകളിലേക്ക് തിരികെ പോന്നിരിക്കുന്നു. 

വീട്ടിലെ പണിഷ്മെന്റുകളിൽ വളരെ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് "സ്ക്രീൻടൈം ഓഫ് "  എന്നത്. ടീവി  ഒരു പ്രലോഭനവും പാഷനുമായ മൂത്തയാൾക്കും, മൂത്തയാൾ ചെയ്യുന്നതെല്ലാം അനുകരിക്കുന്ന രണ്ടാമത്തവനും ടീവി വീക്കെൻഡ് കിട്ടാതെ ഇരിക്കുക എന്നത് അതിഭീകരമായ ശിക്ഷയാണ്. അതുകൊണ്ടുതന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പരിഹാരക്രിയകളും, നല്ല കുട്ടി സ്വഭാവം കടം മേടിക്കലുമൊക്കെ ഇവിടെ സ്ഥിരം നടക്കുന്ന സംഭവങ്ങൾ ആണ്. സ്‌കൂൾ പ്രവർത്തി ദിനങ്ങളിൽ സ്‌ക്രീൻ ടൈം ഇല്ലായെന്ന് അറിയാമെങ്കിലും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മൂത്തയാൾ രണ്ടാൾക്കുംവേണ്ടി ചെറുതായി ഒന്ന് സൂചിപ്പിച്ചുനോക്കും.  നടക്കുന്നില്ലഎന്ന്  കാണുമ്പോൾ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യും. രണ്ടുപേരുടെയും സ്വഭാവത്തിൽ നിന്നും തോന്നിയിട്ടുള്ള കാര്യം - ശീലങ്ങളാണ് എല്ലാം എന്നാണ്! 


1 ) ശീലം 

മൊബൈൽ എടുക്കാൻ പാടില്ല എന്നത് , ലാപ്ടോപ്പ് ഓണാക്കി കാർട്ടൂൺ കാണാൻ പാടില്ല എന്നത്,  അച്ഛനോ അമ്മയോ സമ്മതിക്കാതെ ടീവിപ്പരിപാടി കാണാൻ ശ്രമിക്കാതെ ഇരിക്കുക എന്നത് ഒക്കെ രണ്ടാൾക്കും ഉണ്ടാക്കിയ ഒരു ശീലമാണ്. കുഞ്ഞിലേ മൂത്തയാൾ കരയുമ്പോൾ ഒരിക്കലും മൊബൈൽ കൊടുത്തിരുത്തിരുന്നില്ല. സ്വാഭാവികമായും രണ്ടാളും ബിസി ആകുന്ന ദിവസങ്ങളിൽ ഇടയ്ക്കൊരു കാർട്ടൂൺ ഇട്ട് ഇരുത്തിയാൽ കൂടിയിരിക്കുന്ന ആൾക്കാർക്ക്  അവരുടെ പണി കുറഞ്ഞുകിട്ടും. പക്ഷേ അപ്പോഴും ടീവി ഓണാക്കി ഇഷ്ടമുള്ള കാർട്ടൂൺ മൊബൈലിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ടീവിയിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നത് കുഞ്ഞിലേ ശീലിപ്പിച്ച കാര്യമാണ്.  ടീവി/ യുട്യൂബ് / ഗൂഗിൾ എന്ത് ആവശ്യം ഉണ്ടെങ്കിലും അച്ഛനോടോ അമ്മയോടോ പറയുക - കുറച്ചുനാളുകൾ കഴിയുമ്പോൾ ഈ സമവാക്യം മാറും എന്നറിയാം. എങ്കിലും പറഞ്ഞാൽ മനസിലാകുന്ന  കാലത്തോളം ഇങ്ങനെ പോകട്ടെ എന്നാണ്.  മൊബൈൽ & ലാപ്ടോപ്പ് അച്ഛന്റെയും അമ്മയുടെയും ആണ് എന്ന് കുഞ്ഞുങ്ങളോട് ഉറപ്പിച്ചു പറയുന്നത് ഗുണം ചെയ്യും എന്നാണ് അനുഭവം. 


2)  സ്ക്രീൻടൈം -  ടൈംഔട്ട് 

നേരത്തേ സൂചിപ്പിച്ചത് പോലെ പണിഷ്മെന്റിലെ ആദ്യ ഐറ്റം തന്നെ സ്‌ക്രീൻ ടൈം കുറയ്ക്കുന്നത് ആക്കുക. ദുശീലങ്ങൾ, ദുർവാശി മുതലായവ കുട്ടികൾ കാണിക്കുമ്പോൾ  അടിക്കുന്നതിന്  പകരം അവർക്ക് വിഷമവും എന്നാൽ അവരിൽ ഇമ്പാക്ട് (മാറ്റം)  ഉണ്ടാകുന്ന തരത്തിലുളളത് ആക്കുന്നത് കുട്ടികളെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കും.  ഒരാഴ്ചത്തേക്ക് സ്ക്രീൻ ടൈം ഇല്ല എന്ന് പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുകയും വേണം ! അല്ലെങ്കിൽ ചിലപ്പോൾ ഭാവിയിൽ വിപരീതഫലം ആകും ഉണ്ടാകുക. 

3)  ഒരേകാര്യം ആവർത്തിച്ച്  ആവശ്യപ്പെട്ടാൽ 


ഒരേ കാര്യം തന്നെ പത്തുവട്ടം ആവർത്തിച്ചാൽ പ്രതീക്ഷിക്കാത്ത പ്രത്യാഘാതം ആണ് അത് ഉണ്ടാക്കുക എന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കുന്നത് നല്ലതാണ്.  ഉദാഹരണത്തിന് - കുട്ടിക്ക് ഇഷ്ടമുള്ള ഒരു വെബ് സീരിസ് കുറച്ചുസമയം കഴിഞ്ഞു കാണാൻ തീരുമാനിക്കുന്നു. പക്ഷേ,  ആ സമയം വരെ കാത്തുനിൽക്കാൻ ക്ഷമ ഇല്ലാതെ വീണ്ടും വീണ്ടും കുട്ടി അതിനു വേണ്ടി വാശി പിടിക്കുകയാണെങ്കിൽ  ടീവി ടൈം കൊടുക്കാതെ ഇരിക്കാം.  ഒന്നോരണ്ടോ വട്ടം ഇതേ ശൈലി  തുടരുമ്പോൾ കുട്ടികൾക്ക് കാര്യം മനസിലാകുകയും സ്‌ക്രീൻ ടൈമിന് വേണ്ടിയുള്ള  അനാവശ്യമായ വാശി ഇല്ലാതെയാകുകയും ചെയ്യുന്നതായാണ് അനുഭവം! 



4)  തീരെച്ചെറിയ കുഞ്ഞുങ്ങൾ 


തീരെച്ചെറിയ കുഞ്ഞുങ്ങളെ കഴിവതും സ്ക്രീൻ കാണിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ചോറ് കൊടുക്കുമ്പോൾ,  കിടന്നുള്ള കളികളിൽ ഒക്കെ ഇപ്പോ മിക്ക വീടുകളിലും ടീവി ഓൺ ചെയ്ത് കൊടുക്കുന്നതാണ്  പതിവ്. ഇത്തരം സന്ദർഭങ്ങളിൽ വീഡിയോ ഇല്ലാതെ പാട്ടുകൾ മാത്രം കേൾപ്പിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ കാഴ്ചയ്ക്ക് ഒരു പരിധി വരെ സംരക്ഷണം നൽകാം.  

5)  കംപ്യുട്ടർ/ മൊബൈൽ ഗെയിമുകൾ 


അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പ്രായത്തിനു അനുസരിച്ചു പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും ഏത് ഗെയിമും രക്ഷിതാക്കളുടെ അനുവാദത്തോടെയോ , സാന്നിധ്യത്തിലോ മാത്രം ആദ്യം കളിയ്ക്കാൻ  സമ്മതിക്കുകയും ചെയ്യുക. 


6)  ഇന്റർനെറ്റിന്റെ നല്ല  മുഖം


പരന്നുവിശാലമായി കിടക്കുന്ന ഈ ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചു കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കിക്കുക. അവർക്ക് ചെയ്യാൻ കഴിയുന്ന കണക്ക്, കോഡിങ്ങ് , സ്പെല്ലിങ് മുതലായവയുടെ നല്ലൊരു ശേഖരം തന്നെ ഗൂഗിളിന് നല്കാൻ കഴിയും.  ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം - നല്ലതും ചീത്തയും എന്താണെന്ന് കുഞ്ഞിലേ മുതലേ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും കൃത്യമായി അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക. ഓൺലൈൻ ആക്ടിവിറ്റീസ് രഹസ്യമായി പിന്തുടർന്ന് കണ്ടുപിടിക്കേണ്ട ആവശ്യമില്ല.  മക്കളോട് വിശ്വാസം ഇല്ലാത്തതു പോലെയുള്ള പെരുമാറ്റവും ദോഷകരം ആണ്. പകരം അച്ഛനും അമ്മയും ഇതൊക്കെ നോക്കുമെന്നും കുറച്ചുകൂടെ മുതിരും വരെ അത് ആവശ്യമാണ് എന്നും പറഞ്ഞു ബോധ്യപ്പെടുത്തുക. 


സ്‌ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിക്കുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുള്ളത്  നമുക്ക് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ വരുമ്പോൾ ആണ് ഇത്തരം സഹായക മാദ്ധ്യമങ്ങൾ അത്യാവശ്യം ആയി വരുന്നത്. അതിനുപകരം ടീവി ടൈം എന്നത് ഒരു വിനോദോപാധി ആണെന്ന രീതിയിലേക്ക് മാറ്റിയാൽ കുട്ടികളുടെ അഡിക്ഷൻ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചേക്കും. 

(OurKids September 2019Edition)

Thursday, September 5, 2019

കുട്ടിക്കുറുമ്പിന്റെ അറിയാപ്പാഠങ്ങള്

മക്കളുടെ എല്ലാ കുസൃതിയും  വാത്സല്യത്തോടെ ആസ്വദിക്കുന്ന അച്ഛനമ്മമാരാണോ നിങ്ങൾ.. കുസൃതിക്കും കുറുമ്പിനും ചട്ടമ്പിത്തരത്തിനും ഇടയിലുള്ള നേർത്ത അതിർവരമ്പ് എവിടെയാണ് എന്ന് ഇടയ്ക്കെങ്കിലും ആലോചിക്കുന്നവരാണോ നിങ്ങൾ... എങ്കിൽ നിങ്ങൾക്കുള്ളതാണ് ഇന്നത്തെ വായന.

കഴിഞ്ഞ ദിവസം വീട്ടിലെ രണ്ടു ചെക്കന്മാരേയും കൊണ്ട് അടുത്തുള്ള ഒരു ആഘോഷ സ്ഥലത്ത് പോയിരുന്നു നമ്മുടെ നാട്ടിലെ ഉത്സവം, പള്ളിപ്പെരുന്നാൾ പോലെയൊക്കെ ഒരു ഐറ്റം ആണ് ഇവിടുത്തെ പള്ളികളിലെ വേനൽക്കാലത്തുള്ള ഫെസ്റ്റിവൽ ഡേയ്സ്. കുട്ടികൾക്കു കളിക്കാനുള്ള വിവിധ തരം റൈഡുകൾ, വലിയ യന്ത്ര  ഊഞ്ഞാലുകൾ, ചെറിയ കുട്ടികൾക്ക് പാകത്തിനുള്ള ബൗൺസിങ്ങ് റിങ്ങുകൾ, സ്ലൈഡുകൾ, കറങ്ങുന്ന കുതിരകൾ, തത്സമയ പാട്ടുകളുള്ള വേദികൾ, വിവിധ തരം ഇൻസ്റ്റന്റ്  ഭക്ഷണശാലകൾ എന്നുവേണ്ട ആകെയൊരു മേളമുള്ള സ്ഥലം ആണ് ഇത്തരം ആഘോഷ സ്ഥലങ്ങൾ. 


 അവിടെ എത്തിയപാടെ മൂത്തവൻ അവൻ്റെ പ്രിയപ്പെട്ട കൂട്ടുകാരനൊപ്പം കറങ്ങുന്നതും തല തിരയുന്നതുമായ എല്ലാ റൈഡുകളിലും കയറാൻ ഓടി.  ചെറിയ മൂന്നുവയസുകാരനേയും രണ്ടു കൂട്ടുകാർക്കൊപ്പം ബൗൺസർ വീടിന് അകത്താക്കി,   ഒന്നപ്പുറത്തേക്ക് തിരിഞ്ഞു വന്നപ്പോഴേക്കും ആ സ്ഥലത്തിന് കാവൽ പോലെ നിന്നിരുന്ന സ്ത്രീ പറഞ്ഞു - "നിങ്ങളുടെ കുട്ടികളിൽ ഒരാൾ ആണെന്ന് തോന്നുന്നു മറ്റു കുട്ടികളിൽ ഒരാളുടെ മുടി പിടിച്ചു വലിച്ചു. ഞാൻ വിലക്കിയിട്ടുണ്ട്. നന്നായി പെരുമാറിയില്ലെങ്കിൽ ഇവിടെ നിന്ന് പുറത്താക്കുമെന്നും പറഞ്ഞിട്ടുണ്ട്" . കേട്ടതും എന്റെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും മുഖം മങ്ങി. കാരണം ഞങ്ങളുടെ രണ്ടാളുടെയും കുഞ്ഞുങ്ങൾ ആണ് ആ ബൗൺസിങ്ങ്  ടെന്റിനുള്ളിൽ ഇന്ത്യക്കാർ ആയിട്ടുള്ളത്. അതുകൊണ്ടുതന്നെയാകും ഞങ്ങളിൽ ഒരാളുടേത് ആണ് ആ പ്രശ്നക്കാരൻ എന്ന്  അവർക്ക് നിസംശയം പറയാൻ ആയിട്ടുണ്ടാകുക. കൂടെയുള്ള ആളുടെ കുട്ടി ഒരു വയസു മൂത്തതാണ് - ഇനി ഞങ്ങൾക്ക് ഒരു സംശയം വരണ്ട എന്ന് കരുതി ആ സ്ത്രീ കൂട്ടിച്ചേർത്തു , കൂട്ടത്തിലെ ചെറിയവൻ എന്ന്!  അതോടെ തീരുമാനം ആയി.. സംഭവം നമ്മുടെ സന്താനം തന്നെയാണ്. പറഞ്ഞിട്ട് കാര്യമില്ലാലോ - അവനിപ്പോൾ അകത്തു കളിച്ചു മറിയുകയാണ്. അടിയന്തിരാവസ്ഥ ഒക്കെ പിള്ളേർ മറന്നിരിക്കുന്നു. വിളിച്ചു ചോദിച്ചാൽ ആശാന് ഓർമയുണ്ടാകണം എന്നില്ല. ആ സ്ത്രീയോട് ക്ഷമ പറഞ്ഞു, ഇനിയെന്തേലും ഉണ്ടായാൽ ആളെ അവിടെ നിന്ന് മാറ്റാം എന്നും പറഞ്ഞു. വിവർണമായ എൻ്റെ മുഖം കണ്ടിട്ട് കൂടെയുള്ള സുഹൃത്ത് സമാധാനിപ്പിക്കാൻ പറഞ്ഞു - "സാരമില്ല, ഇത് ഇവന്മാരുടെ കാര്യത്തിലും സംഭവിക്കാറുണ്ട്. കുട്ടികളല്ലേ" എന്ന്. ഇതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടല്ല, പക്ഷേ നമ്മളുടെ കുട്ടി മറ്റൊരു കുട്ടിയെ ഉപദ്രവിച്ചു എന്ന് കേൾക്കുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വിഷമാവസ്ഥ ഉണ്ടല്ലോ...അത് അതിഭീകരം ആണ്. അങ്ങനെയാണ് സ്വന്തം കുട്ടികളുടെ  ഈ കുറുമ്പും കുസൃതിയും ഒക്കെ മറ്റൊരാൾ പറയുമ്പോൾ ചട്ടമ്പിത്തരം ആകുന്നത് എങ്ങനെയെന്നും എന്താണ് ശരിക്ക് ചെയ്യേണ്ട പ്രതിവിധി എന്നും ആലോചിച്ചത്.






വീട്ടിൽ കുഞ്ഞൻ കുറുമ്പ് കാട്ടി  അച്ഛന്റെയോ 8 വയസുകാരൻ ചേട്ടന്റെയോ എന്റെയോ മുടി പിടിച്ചു വലിക്കുമ്പോൾ മിക്കപ്പോഴും ചിരിച്ചുകൊണ്ടാകും നമ്മൾ അതിനു പ്രതികരിക്കുക.  ചേട്ടനാണ് പിന്നെയും അയ്യോ രക്ഷിക്കണേ എന്നെങ്കിലും കരയുക. പക്ഷേ, ചെറിയ ആളുടെ മനസ്സിൽ അത് ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമായി പതിഞ്ഞിട്ടില്ല എന്ന് വ്യക്തം. മറ്റേയാൾക്ക് വേദനിക്കുന്നു എന്ന് മനസിലാക്കാൻ ആയിട്ടില്ല, കുഞ്ഞിന്റെ മുടി വീട്ടിലാരും വലിക്കാറുമില്ല അതുകൊണ്ട് തന്നെ അതിന്റെ വേദന അവന് ചിലപ്പോൾ അറിയാൻ കഴിയുന്നുണ്ടാകില്ല. എങ്കിലും അത് പറഞ്ഞുകൊടുത്തില്ല എന്നത്, മൂന്നുവയസുകാരന് മനസിലാകുന്ന രീതിയിൽ അത് പകർത്താൻ കഴിഞ്ഞില്ല എന്നത് ഞങ്ങളുടെ രണ്ടുപേരുടെയും തെറ്റ് തന്നെയാണ്.  ചിലപ്പോൾ എങ്കിലും പുറത്ത് നിന്നൊരാൾ ചൂണ്ടിക്കാട്ടുമ്പോൾ ആകും നമ്മൾ അത് തിരിച്ചറിയുക. കൃത്യമായി 

അച്ഛനമ്മമാർ പൊതുവേ ശ്രദ്ധിക്കാൻ വിട്ടുപോകുന്നതും എന്നാൽ  സ്വഭാവരൂപീകരണത്തിൽ പ്രാധാന്യം ഉള്ളതുമായ ചില ശീലങ്ങളെക്കുറിച്ചു പഠനങ്ങളിൽ നിന്നും കണ്ടെത്തിയത് പങ്കുവെക്കാം. 

ചെറിയ കുഞ്ഞുങ്ങളുടെ അത്ര നന്നല്ലാത്ത ശീലങ്ങൾ 

1. മുതിർന്നവരുടെ സംസാരം  തടസ്സപ്പെടുത്തുന്നു: 

എല്ലാ കുട്ടികളും  സംസാരിക്കാൻ ഇഷ്ടപ്പെടുന്നു. പക്ഷേ, മറ്റുള്ളവർ സംസാരിക്കുമ്പോൾ അത് തടസപ്പെടുത്തി ആകരുത് അവരുടെ സംസാരം. കഴിയുന്നതും ഓരോരുത്തർക്കും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടെന്നും അത് കൃത്യമായി ലഭിക്കും എന്നും രണ്ടുവയസ്സ് മുതലുള്ള കുട്ടികളോട് പറയാൻ ശ്രമിക്കുക . ശ്രമിക്കുക എന്ന് ഞാൻ പറഞ്ഞത് എന്തുകൊണ്ടെന്നാൽ, രണ്ടുവയസ്സുള്ള ആൾ അത്രയധികമൊന്നും ഇത് മനസ്സിലാക്കുകയോ ഓർത്തുവെയ്ക്കുകയോ ചെയ്യില്ല .. പക്ഷേ നിരന്തരമായി ഇങ്ങനെ ചെയ്യുന്നതിലൂടെ ഇതാണ് ശരിയായ രീതി എന്ന് കുഞ്ഞു മനസിലാക്കും.  

ചിലപ്പോഴൊക്കെ രണ്ടാളും ഒരുമിച്ചു സംസാരിച്ചുതുടങ്ങുന്ന സമയം ഉണ്ട്. അപ്പോൾ   ഞാൻ പറയാറുണ്ട്, “ശരി, ആരും അടുത്ത  15 മിനിറ്റ് സംസാരിക്കുന്നില്ല,”  അപ്പോൾ  ഞങ്ങൾക്ക് കുറച്ച് നിമിഷങ്ങൾ, ശാന്തമായ സമയം ലഭിക്കും.  ആശയവിനിമയത്തെ  പൂർണ്ണഹൃദയത്തോടെ പ്രോത്സാഹിപ്പിക്കുമ്പോൾത്തന്നെ,  ഓരോരുത്തരുടേയും അവകാശവും, അവസരവും കുട്ടികൾ മനസിലാക്കുന്നതും നല്ലതാണ്. പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും സംസാരിക്കാനുള്ള അവസരം കാത്തിരിക്കാൻ കഴിയും. "wait  for your  turn "  തിരികെ അവർ സംസാരിക്കുമ്പോഴും ഈ  നിയമം നമുക്ക് ബാധകമാണ്. കുഞ്ഞുങ്ങൾ സംസാരിക്കുമ്പോൾ മൊബൈൽ നോക്കുകയോ, ഇടയ്ക്ക് തടസപ്പെടുത്തി മറ്റെന്തെങ്കിലും ചോദിക്കുകയോ, അവരെ കേൾക്കാതെ പങ്കാളിയോട് സംസാരിക്കുകയോ, ടീവി ശ്രദ്ധിക്കുകയോ ചെയ്യരുത്. 





2. വീട്ടിൽ  സാധനങ്ങൾ  വലിച്ചെറിയുക: 


മിക്ക കുഞ്ഞുങ്ങളും ദേഷ്യം അല്ലെങ്കിൽ സങ്കടം വരുമ്പോൾ കയ്യിലിരിക്കുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞാണ് അത് പ്രകടിപ്പിക്കാറുള്ളത്.  നമ്മളിൽ എത്രപേർ അത് "കുഞ്ഞല്ലേ" എന്ന് വിട്ടുകളയാറുണ്ട്? ചില പെരുമാറ്റം തെറ്റാണെന്നും അസ്വീകാര്യമാണെന്നും  കുട്ടികളെ പഠിപ്പിക്കേണ്ട ഉത്തരവാദിത്തം അവരുടെ മാതാപിതാക്കൾക്കാണ്. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് സാധനങ്ങൾ എറിയരുത് എന്നതിനുപിന്നിലെ ശരിയായ കാര്യം മനസിലാകില്ല എന്നത് സത്യമാണ്. അവർക്ക് കയ്യിലുള്ള സാധനം വില പിടിച്ചതാണ് എന്നോ,  ഏറ് കിട്ടുന്ന ആളിന് വേദനിക്കും എന്നോ, കൊള്ളുന്നിടം പൊട്ടുമെന്നോ ഒന്നും മനസിലാകില്ല. പക്ഷേ  അസന്തുഷ്ടമാകുന്ന അവസരങ്ങളിൽ സാധനങ്ങൾ എറിയുന്ന സ്വഭാവം സ്വന്തം വീട്ടിൽ ശീലിക്കുന്ന കുട്ടിയ്ക്ക് മറ്റൊരാളുടെ വീട്ടിലോ പൊതു ഇടത്തിലോ അത് ചെയ്യാൻ പാടില്ല എന്നത് സ്വയം മനസിലാകില്ല, ആ സമയത്ത് അത് പറഞ്ഞാൽ ആ വ്യത്യാസം കുട്ടിയ്ക്ക് മനസിലാകുകയും ഇല്ല . 

എന്താണ് ചെയ്യാനാകുക? 

ചില ഇനങ്ങൾ എറിയുന്നതിനല്ലെന്ന് കുഞ്ഞിനെ പഠിപ്പിക്കുക, അതുപോലെ ചിലയിടങ്ങളും.  പന്ത് എറിയും പോലെ മൊബൈൽ എറിയാൻ പാടില്ല എന്നു പറയുന്നത് കുഞ്ഞിന് മനസിലാക്കാൻ എളുപ്പമാണ്. 


3. കടിക്കുക, അടിക്കുക, തള്ളുക. 

നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല ഈ ശീലം. കുഞ്ഞുങ്ങൾ മുതിർന്നവരെ തമാശയ്ക്ക് വേണ്ടി തല്ലുകയോ, തള്ളുകയോ, കടിക്കുകയോ ചെയ്യുന്നത് പോലും നല്ല ശീലമല്ല എന്ന് കുഞ്ഞിനെ മനസിലാക്കിക്കാൻ ശ്രമിക്കണം.  മറ്റൊരാളെ വേദനിപ്പിക്കുന്നത് "നോ - നോ " ആക്കണം. 

നുണ പറയുക, അനാദരവ്, കടിക്കുക, അടിക്കുക, തള്ളുക, മോഷ്ടിക്കുക എന്നിവ തീർച്ചയായും ചെറുപ്പത്തിലേ മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ  ചിലതാണ്.

എന്റെ കുട്ടികളിൽ ആരെങ്കിലും മന:പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ, അവർ പരിണതഫലങ്ങൾ നേരിടുന്നു. മുതിർന്ന കുട്ടിയോട് എപ്പോഴും പറയാറുള്ളത് ശാരീരികമായി ഒരു പ്രശ്നവും തീർക്കാൻ മുതിരരുത് എന്നാണ്. ഇളയ ആളോടും അടിക്കരുത് പിച്ചരുത് എന്നതൊക്കെ പറഞ്ഞിട്ടുണ്ട് എങ്കിലും മുടി പിടിച്ചു വലിക്കുന്നത് ഒരു കളിയല്ല എന്നത് കഴിഞ്ഞ ദിവസം മുതൽ ഉൾപ്പെടുത്തി. വീട്ടിൽ ആ കളി കളിക്കുന്നത് നിർബന്ധമായും നിർത്തി.  

കുഞ്ഞുങ്ങളുടെ ഈ സാധാരണ  പെരുമാറ്റത്തെഒരു വലിയ ദുശീലമായി കാണുന്നത്  മടുപ്പിക്കുന്നതാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ‌ ഓരോ തവണയും ഇത് സ്ഥിരമായി അഭിസംബോധന ചെയ്യുകയാണെങ്കിൽ‌, ഓരോ പാർട്ടിയിലും ഓരോ കളി സ്ഥലത്തും നിങ്ങളുടെ കുട്ടിയെക്കുറിച്ചു മറ്റൊരു കുട്ടിക്ക്/ കുട്ടിയുടെ രക്ഷിതാക്കൾക്ക് പരാതി ഉണ്ടെങ്കിൽ  ഇതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.  കുഞ്ഞിന് മനസിലാകുന്ന ഭാഷയിൽ പറയുകയും, ആവശ്യമെങ്കിൽ ടൈം ഔട്ട്, ഇഷ്ടമുള്ള സാധനങ്ങൾ മാറ്റി വെയ്ക്കുക, tv  കാണിക്കാതെ ഇരിക്കുക അങ്ങനെയുള്ള ശിക്ഷാവിധികൾ ഉൾപ്പെടുത്തുകയും വേണം. ഇത് സ്വീകാര്യമായ സ്വഭാവം അല്ലായെന്നു കാണുമ്പോൾ  ഒടുവിൽ കടിക്കുന്നതും അടിക്കുന്നതും തള്ളുന്നതും അവർ അവസാനിപ്പിക്കും. മനപ്പൂർവ്വം മറ്റൊരാളെ വേദനിപ്പിക്കുന്നത് ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവസാനിപ്പിക്കുക ആണെങ്കിൽ വരും വർഷങ്ങളിൽ‌ ഒരു “പ്രശ്‌നമുണ്ടാക്കുന്നയാളുമായി” നിങ്ങൾ‌ നിരന്തരം ഇടപെടേണ്ടതില്ലെന്ന്  സത്യസന്ധമായി ഞാൻ  വിശ്വസിക്കുന്നു! 

4. മറ്റുളവരുടെ സാധനങ്ങൾ തട്ടിയെടുക്കുക 


ഒരിക്കൽ ഒരു സുഹൃത്തിന്റെ മകൾ വീട്ടിൽ വന്നു. മകന്റെ ഏറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടം എടുത്തു കളിയ്ക്കാൻ തുടങ്ങി. മകൻ അത് അപ്പോഴൊന്നും ശ്രദ്ധിക്കുകയോ കരയുകയോ ചെയ്തില്ല. മാത്രവുമല്ല " ഷെയർ എവെരിതിങ് " എന്ന് പങ്കുവെയ്ക്കാൻ പഠിപ്പിക്കുന്ന സമയവുമാണ്. പക്ഷേ, സുഹൃത്ത് പോകാൻ ഒരുങ്ങിയപ്പോൾ ആണ് പ്രശ്നം ആയത്.  ആ മകൾക്ക് കളിപ്പാട്ടം കൂടെക്കൊണ്ടു പോകണം, മകൻ ആണെങ്കിൽ പങ്കു വെയ്ക്കാൻ ഒക്കെ സമ്മതമാണ് പക്ഷേ അത് മറ്റേയാൾക്ക് സ്വന്തമായി കൊടുക്കണം എന്നറിഞ്ഞപ്പോൾ കരയാനും തുടങ്ങി. അത്രയേറെ വിലയൊന്നുമില്ലാത്ത ഒരു കളിപ്പാട്ടം ആണ്, പക്ഷേ മകൻ അതിനോട് ഇമോഷണലി അറ്റാച്ച്ഡാണെന്നു  അറിയാവുന്ന ഞങ്ങൾ വിഷമത്തിലായി. കൂട്ടുകാരിയുടെ മകളോട് അത് തരില്ല എന്ന് പറയാൻ ഞങ്ങൾക്ക് കഴിയുന്നില്ല, സ്വന്തം മകളോട് കൂട്ടുകാരി അത് നിന്റേതല്ല, വീട്ടിലേക്ക് കൊണ്ടുപോകാൻ ആകില്ല എന്ന്  പറയുന്നുമില്ല. വിഷമഘട്ടത്തിൽ ആക്കിയ ആ സന്ദർഭത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ആയിരുന്നു എന്തെങ്കിലും ചെയ്യാൻ ആകുക. 

കുഞ്ഞുങ്ങളോട് മറ്റുള്ളവരുടെ സാധനങ്ങളെ ബഹുമാനിക്കണം എന്നും എല്ലാം സ്വന്തമെന്നത് പോലെ പെരുമാറരുത് എന്നതും വളരെ ചെറുതിലേ പറയുക. എന്റെ മകനും ചിലയിടങ്ങളിൽ പോയിവരുമ്പോൾ അവിടെയുള്ള കാറൊക്കെ കൂടെക്കൊണ്ടുവരാൻ കരഞ്ഞിട്ടുണ്ട്. പക്ഷേ അത്തരം കരച്ചിലുകൾ കൊണ്ട് കാര്യമില്ല എന്ന് അവൻ കാലക്രമേണ മനസിലാക്കി. കരയുന്ന കുഞ്ഞ് ഒരു സങ്കടമാണെങ്കിലും ഭാവിയിൽ അരുത് എന്നതിനെ അംഗീകരിക്കാനും  കൺസെന്റ് എന്ന വലിയ കാര്യത്തിനെ അതിന്റെ ശരിയായ അർത്ഥത്തിൽ മനസിലാക്കാനും അവർക്ക് കഴിയും എന്ന് തന്നെ ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. മറ്റുള്ളവരുടെ കാര്യങ്ങളെ ബഹുമാനിക്കാൻ അവരെ പഠിപ്പിക്കുക എന്നതാണ് നമുക്ക് കുഞ്ഞുങ്ങളോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. 

5. സാധനങ്ങൾ വലിച്ചെടുക്കുകയും അവ തിരികെ വെയ്ക്കാതെ ഇരിക്കുകയും ചെയ്യുന്നത് 


 ആരോ എന്നോട് പറഞ്ഞ ഒരു ലളിതമായ വാചകം ഉണ്ട്, അത് ഇപ്രകാരമാണ്: “നിങ്ങളുടെ കുട്ടിക്ക് ഒരു കളിപ്പാട്ടം പുറത്തെടുക്കാൻ പ്രായമുണ്ടെങ്കിൽ, അത് തിരികെ വയ്ക്കാനും ആൾക്ക് കഴിവുണ്ട്.”
ലളിതമായ ചിന്ത, പക്ഷേ സന്ദേശം ഉച്ചത്തിലും വ്യക്തവുമാണ്.

കളിപ്പാട്ടങ്ങളോ, പേപ്പറുകളോ, ഉടുപ്പുകളോ,പാത്രങ്ങളോ എന്ത് തന്നെയായിക്കോട്ടെ എടുക്കുന്നത് തിരികെ അതേ സ്ഥാനത്ത്  കൊണ്ടുവെയ്‌ക്കാൻ, തുറന്ന കബോർഡുകൾ അടയ്ക്കാൻ, ഉടുപ്പുകൾ തട്ടിമറിച്ചിടാതെ ആവശ്യമുള്ളത് എടുക്കാൻ ഒക്കെ കുഞ്ഞുങ്ങളെ ചെറുതിലേ മുതൽ ശീലിപ്പിക്കാവുന്നതേ ഉള്ളൂ. കഴിച്ചുകഴിഞ്ഞ പാത്രം കൊണ്ട് സിങ്കിൽ വെയ്ക്കാൻ പറയുന്ന കുഞ്ഞ് ആദ്യത്തെ തവണ വെയ്ക്കുമ്പോൾ താഴെ വീഴാം, വെയ്ക്കുന്നത് അൽപ്പം ഉച്ചത്തിലാകാം - അത് പഠിക്കുന്നതിന്റെ വഴികളാണ് എന്ന് നമ്മൾ മനസിലാക്കണം എന്ന് മാത്രം.  ഉടുപ്പുകൾ മടക്കിവെയ്ക്കുന്നതിനെ പിന്നീടു നമ്മൾ വീണ്ടും മടക്കേണ്ടി വന്നേക്കാം.  പക്ഷേ, ചെയ്‌തു ചെയ്തു മാത്രമേ നമ്മൾ എന്തിലും പ്രാവീണ്യം നേടുകയുള്ളൂ എന്ന് കുഞ്ഞുങ്ങളുടെ കാര്യത്തിലും ഓർക്കാം. 



മറ്റുള്ളവരുടെ പാത്രങ്ങളിൽ നിന്നും കഴിക്കാൻ നോക്കുക, പോകുന്ന ഇടങ്ങളിലൊക്കെ ചുവരുകളിൽ വരയ്ക്കുക, ബുക്കുകൾ കീറുക ഇത്തരം ശീലങ്ങൾ എല്ലാം തന്നെ തുടങ്ങുന്നത് സ്വന്തം വീട്ടിൽ നിന്നാണ്. വരയ്ക്കാനുള്ള ചുമരുകളോ പ്രതലങ്ങളോ മായ്ക്കാവുന്ന പേനകളോ കൊടുക്കുകയും ഇതിനൊക്കെ പ്രത്യേക സ്ഥലങ്ങൾ ഉണ്ടെന്നു അവരെ മനസിലാക്കിക്കുയും ആണ് ചെയ്യാവുന്ന കാര്യം. 


എല്ലാ പ്രാവശ്യവും പറയാറുള്ളത് പോലെ, നമ്മളെല്ലാവരും കുഞ്ഞുങ്ങൾ നല്ല വ്യക്തികളായി വളരാനാണ് ശ്രമിക്കുന്നത്. ഇതിൽ ആർക്കും കൃത്യമായി പറയാവുന്ന ഒരു വഴിയില്ല. പലവട്ടമുള്ള ശ്രമങ്ങളിലൂടെ തെറ്റായിപ്പോകുന്നവ തിരുത്തുന്നതിലൂടെ ഒക്കെയാണ് നമ്മൾ നല്ല മാതാപിതാക്കൾ ആകുന്നത്. കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നത് നമ്മളെയാണെന്നു മാത്രം ഓർത്താൽ മതി.  'നോ' പറയേണ്ട ഇടത്ത് അത് പറയാൻ നമ്മുടെ സ്നേഹം നമ്മളെ അന്ധരാക്കാതെ ഇരിക്കട്ടെ. ഹാപ്പി പാരന്റിങ് 


(OURKIDS JULY - 2019)

Monday, July 29, 2019

ലെറ്റ് ദെം ബീ ലിറ്റിൽ (Let Them Be Little )

കുഞ്ഞുങ്ങൾ എത്രപെട്ടെന്നാണ് വളരുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?

തിരക്കിട്ടോടുന്നതിനിടയിൽ പലപ്പോഴും നമ്മൾ കൈ വളരുന്നതും കാൽ വളരുന്നതും കാണാറില്ല എന്നതാണ് സത്യം. അങ്ങനെ ആകുമ്പോൾ പോലും നമ്മൾ കുട്ടികളെ ഒന്നുകൂടെ തിരക്കാക്കാറുണ്ടോ വേഗം വലുതാകാൻ? കഴിഞ്ഞ ദിവസം കണ്ട ഒരു പോസ്റ്റർ ആണ് എന്നെയിപ്പോൾ അങ്ങനെയൊരു ചിന്തയിലേക്ക് എത്തിച്ചത് - എത്ര വലുതായാലും നമ്മളുടെ ദിവസങ്ങൾ ഒരുപോലെയാണോ. ഹാപ്പി ഡേയ്സ് മാത്രമാണോ നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും? അല്ല അല്ലേ .. നമ്മുടെ ചില ദിവസങ്ങൾ സങ്കടകരങ്ങളാണ്, ചിലവ വൻ മടി പിടിച്ചവയും ചിലതൊക്കെ വല്ലാതെ ക്ഷീണം നിറഞ്ഞതുമാണ്.  അപ്പോൾപ്പിന്നെ നമ്മളെന്തിനാണ് കുഞ്ഞുങ്ങളുടെ ദിവസങ്ങൾ മാത്രം എപ്പോഴും സന്തോഷം നിറഞ്ഞത് മാത്രമാകണം എന്ന് ശാഠ്യം പിടിക്കുന്നത് ? അവരുടെ ലോകത്തിലും മടിയുടെ, ക്ഷീണത്തിന്റെ, സങ്കടത്തിന്റെ, നിരാശയുടെ ദിവസങ്ങൾ ഉണ്ടാകും.  പക്ഷേ, മാതാപിതാക്കളിൽ എത്രപേർ അത് മനസിലാക്കാറുണ്ട് എന്നത് ഒരു ചോദ്യചിഹ്നം ആയപ്പോൾ വീട്ടിലെ എട്ടുവയസുകാരനോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു.


സ്‌കൂൾ വര്ഷം തീരാറായ സമയമായിരുന്നു. വേനലവധി തുടങ്ങാൻ കാത്തിരുന്ന് അക്ഷമനാകുന്ന കുഞ്ഞിനെ കണ്ടപ്പോൾ ആണ് തോന്നിയത് സ്‌കൂൾ ഇത്രയേറെ ഇഷ്ടമുള്ള അവനെന്തുകൊണ്ടായിരിക്കും രാവിലെ സ്‌കൂളിൽ പോകാൻ വേണ്ടി ഉണരാൻ മടിയുള്ളത്.  ഉത്തരം വളരെ സിംപിൾ ആയിരുന്നു - "അമ്മാ എനിക്ക് സ്‌കൂളിനോട് മടുപ്പില്ല, അവിടെ എത്തിക്കഴിഞ്ഞാൽ! എനിക്ക് സ്‌കൂൾദിവസങ്ങൾ മിസ് ചെയ്ത വീട്ടിൽ ഇരിക്കണം എന്നുമില്ല. പക്ഷേ, സ്‌കൂൾ ദിവസങ്ങൾ വളരെയേറെ മടുത്തുതുടങ്ങി ( I am tired of school days! ).  ക്ഷീണിച്ചു - സ്‌കൂളിൽ പോയിപ്പോയി. സ്‌കൂൾ ഒന്ന് അടച്ചിരുന്നേൽ ഞങ്ങൾക്ക് എല്ലാവർക്കും വിശ്രമിക്കാമായിരുന്നു. " അത് കേട്ടപ്പോൾ സത്യത്തിൽ കുറ്റബോധം തോന്നി. വളരെ നേരത്തേയല്ല  ഇവിടെ സ്‌കൂളുകൾ ക്‌ളാസ് തുടങ്ങുന്നത്. പക്ഷേ 8.30 നു തുടങ്ങി - വൈകുന്നേരം 4.00  ആകുമ്പോഴേക്കും കുട്ടികൾ വല്ലാതെ ക്ഷീണിച്ചു അവശരായിട്ടുണ്ടാകും. അതിനുപുറമേയാണ്‌ സ്‌കൂൾ കഴിഞ്ഞുള്ള ആക്ടിവിറ്റീസ്. പല കുട്ടികൾക്കും കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് വേണ്ടിയുള്ള സ്‌പെഷ്യൽ ട്യൂഷൻ സ്ഥലങ്ങളുണ്ട്, പലതരം സ്പോർട്സുകളും, പാട്ട് -ഗിറ്റാർ- പിയാനോ ഇത്യാദി കലാപരിപാടികളും മിക്കപ്പോഴും സ്‌കൂൾ കഴിഞ്ഞുള്ള സമയത്താകും.  


എട്ടുവയസുകാരന്  കരാട്ടെയും,ഗിറ്റാറും ആണ് എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്. കരാട്ടെ ഏതാണ്ട് രണ്ടാം വീട് പോലെയായത് കൊണ്ട് ആഴ്ചയിൽ മൂന്നുദിവസം അവിടെത്തന്നെയാണ്. പിന്നെ ഒരുദിവസം ഗിറ്റാറിന്റെ അരമണിക്കൂർ കൂടിക്കഴിഞ്ഞാൽ ഒന്നിനും പോകാത്തതായി കയ്യിലുള്ളത് പ്രവർത്തി ദിവസത്തിലെ ഒരു ദിനം മാത്രം. ക്വയറിൽ പാടാൻ ഒരു ചാൻസ് കിട്ടിയപ്പോൾ അവനോട് തന്നെ ചോദിച്ചു, നിനക്കിത് പോകണമെന്നുണ്ടോ? രണ്ടുമാസം പോയിനോക്കിയപ്പോൾ ആശാൻ തന്നെ പറഞ്ഞു - എനിക്ക് സ്‌കൂൾ വിട്ടുവന്നാൽ ഒരു ദിവസം ഫ്രീ ആയിട്ട് വേണം. ന്യായമായ ആവശ്യം! അതുകൊണ്ട് അവൻ തന്നെ ക്വയർ ഒഴിവാക്കി.  അതുകൊണ്ട് വലിയ വ്യത്യാസം ഒന്നുമില്ല എങ്കിലും ഉള്ളതാകട്ടെ എന്ന് അവനും കരുതി.  



ഈ സംസാരം സത്യത്തിൽ മറ്റുചില കാര്യങ്ങൾ കൂടി ചിന്തിപ്പിച്ചു. വേനലവധിക്കാലത്ത് മുഴുവൻ ദിവസവും  കുട്ടികളെ  സമ്മർ ക്യാംപുകളിൽ കൊണ്ടാക്കുന്നതിലെ ഔചിത്യമില്ലായ്മ. രണ്ടര മാസം മുഴുവൻ വീട്ടിൽ നിന്ന് ടിവി കണ്ടുറങ്ങിയിട്ടും കാര്യം ഇല്ലെങ്കിലും എലിമെന്ററി സ്‌കൂൾ തലത്തിലെ കുട്ടികൾക്ക് എങ്കിലും വെക്കേഷൻ എന്ന ഒരു ഫീൽ കൊടുക്കണമെന്നാണ് അഭിപ്രായം. സ്‌കൂൾ സമയങ്ങളിൽ ആണെങ്കിൽ ശനിയോ ഞായറോ ഏതെങ്കിലും ഒരു ദിവസം കുട്ടികൾക്ക് പത്തുമണി വരെ കിടന്നുറങ്ങി എല്ലാ സ്കേഡ്യുളുകളും തെറ്റിച്ചു ജീവിക്കാൻ വേണ്ടി അനുവദിച്ചുകൊടുക്കണം. അതിനു വേണ്ടിയാണല്ലോ 5 ദിവസം പ്രവർത്തിദിവസവും രണ്ടു ദിവസം അവധിയും തന്നിരിക്കുന്നത്! മക്കളെ വിളിച്ചിരുത്തി  ഇങ്ങനെയൊരു ചോദ്യം ചോദിച്ചുനോക്കൂ .. ഒരു 15  വയസു വരെയുള്ളവർ ഒരേപോലെയാകും ഉത്തരം തരുക. അവർ പതുക്കെ വലുതാകട്ടെയെന്നേ! let  them  be  little  - വലുതായിക്കഴിഞ്ഞു പിന്നെ ചെറുതാക്കാൻ പറ്റില്ലല്ലോ! 


ഇനിയാ ആദ്യം പറഞ്ഞ കാര്യം - എങ്ങനെ കുഞ്ഞുങ്ങളുടെ ദിവസം കഴിയുന്നതും സന്തോഷ ദിവസങ്ങളായി തുടങ്ങാം, തീർക്കാം. രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. എല്ലാ രാവിലെയും വിളിച്ചുണർത്തുന്നത് അവരുടെ അടുത്ത് ചെന്ന് ഒരുമ്മ കൊടുത്താകാം. സ്നേഹത്തോടെ മുടിയിലൊന്നു തലോടി ആകാം .. കുറച്ചു മുതിർന്നവർ ആണെങ്കിൽ ഒരു നല്ല ദിവസത്തിന്റെ പ്രാധാന്യം ആശംസിക്കുകയും ചെയ്യാം. (ഇത് കഴിഞ്ഞു 15 മിനിറ്റ്  കഴിഞ്ഞും എഴുന്നേറ്റു വരാതെ ഇരിക്കുമ്പോൾ നിങ്ങൾക്ക്  നിങ്ങളുടേതായ അടുത്ത മെത്തേഡിലേക്ക്  പോകാം കേട്ടോ - അതിനു ഞാൻ ഉത്തരവാദി അല്ല ) 

രാത്രി കിടന്നുറങ്ങുന്നതിനു മുൻപ് എത്ര പിണക്കത്തിൽ, വഴക്കിൽ, ദേഷ്യത്തിൽ, നിരാശയിൽ  ആണ് ആ ദിവസം കടന്നു പോയതെങ്കിലും കുഞ്ഞുങ്ങൾക്ക് അരികിലെത്തി  സ്നേഹത്തോടെ സുഖനിദ്ര ആശംസിക്കാം. പതിയെ ഒരുമ്മ ഒക്കെക്കൊടുത്ത്, വഴക്കു പറഞ്ഞതിൽ ക്ഷമ ചോദിക്കുകയോ, എന്തുകൊണ്ട് വഴക്കു പറയേണ്ടി വന്നു എന്ന് അവരോട് വിശദീകരിക്കുകയോ ചെയ്യാം. അപ്പോഴും അവർക്ക് വിഷണ്ണരും, വഴക്കാളിയും ആകാനുള്ള അവകാശം ഉണ്ട് കേട്ടോ. നമ്മൾ മുതിർന്നവർക്ക് ഇത്തരം ഒരു സ്വഭാവശീലം ഉണ്ടാക്കിയെടുക്കാൻ നമ്മൾ പരിശ്രമിക്കണം എങ്കിൽ ഒരു ചെറിയ കുഞ്ഞിന് അത്തരം ഒരു മാനസിക അവസ്ഥയിലേക്ക് എത്താൻ എത്ര നാളെടുക്കും എന്നോർത്താൽ മതി.  

എല്ലാ പുതിയ പുലരിയും ഒരു പുതിയ ദിനമായതുകൊണ്ടുതന്നെ തലേന്ന് നടന്ന സംഭവത്തിന്റെ ചിന്താഭാരവും കൊണ്ടാകരുത് പിറ്റേ ദിവസം തുടങ്ങേണ്ടത്.  മിക്ക കുട്ടികളും കഴിഞ്ഞ ദിവസം നടന്ന കാര്യം മറന്ന് എണീറ്റുവരുമ്പോൾ ആകും അമ്മയായ നമ്മൾ മുഖം വീർപ്പിക്കുകയും അച്ഛൻ മിണ്ടാതെ പോകുകയും ചെയ്യുന്നത്. പിന്നെ ആ കുട്ടിയുടെ അന്നത്തെ ദിവസം എങ്ങനെയാണു സന്തോഷകരം ആകുക. ഓരോ ദിവസത്തിനെയും ഓരോ പുതിയ തുടക്കമായി കണ്ടുകൊണ്ട് തുടങ്ങുക. കഴിയുന്നതും മാതാപിതാക്കൾക്ക് ഇടയിലുള്ള  കശപിശകൾ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാതിരിക്കുക. 


സ്‌കൂളിൽ നിന്ന് എത്തുന്ന കുഞ്ഞുങ്ങളുടെ വർത്തമാനത്തിനായി ഒരൽപം സമയം നീക്കിവെക്കുക എന്നതാണ് അടുത്തത്. ചെറിയ ക്‌ളാസുകളിലെ കുട്ടികളെ ശ്രദ്ധിച്ചിട്ടുണ്ടോ ? അവർക്ക് നമ്മളോട് പറയാൻ നൂറായിരം കാര്യങ്ങളുണ്ടാകും. അത് കേൾക്കാൻ നമ്മൾ സമയം കൊടുക്കുന്നുണ്ടോ എന്നതും, അവരുടെ കുഞ്ഞുകുഞ്ഞു ആവലാതികൾ അർഹിക്കുന്ന ഗൗരവത്തോടെ നമ്മൾ കേൾക്കുന്നുണ്ടോ എന്നതുമാകും വളരുമ്പോൾ അവർ സമയം നമ്മളോടൊപ്പം ചിലവഴിക്കുമോ എന്നതിന്റെ മാനദണ്ഡം. ചുരുക്കിപ്പറഞ്ഞാൽ നഴ്‌സറിക്കാലത്തു കുഞ്ഞുങ്ങൾക്ക് സംസാര സമയം കൊടുത്താൽ ടീനേജ്കാലത്ത് അവർ വിശേഷങ്ങൾ നമ്മളുമായി പങ്കുവെക്കും. അല്ലെങ്കിലോ അവർക്ക് അവരുടെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ഒരുത്സാഹവും ഉണ്ടാകില്ല.  ടീനേജേഴ്‌സിനോട് കഥകൾ പങ്കുവയ്ക്കാൻ ഉള്ള ഏറ്റവും എളുപ്പമാർഗം അവർ ചെയ്യുന്നത് എല്ലാം തെറ്റാണെന്ന് മുൻവിധികൾ ഉണ്ടാക്കാതെ ഇരികുകയെന്നതാണ്. നമ്മളുടെ കൗമാരകാലത്തെ അബദ്ധകഥകൾ പറയുന്നത് എപ്പോഴും കുട്ടികൾക്ക് സഹായകരം ആകും എന്ന് അനുഭവസ്ഥർ പറയുന്നു - അച്ഛനുമമ്മയ്ക്കും അബദ്ധം പറ്റിയിട്ടുണ്ട് എന്നത് അവരെ കുറച്ചുകൂടി കാര്യങ്ങൾ വിലയിരുത്താനും പങ്കുവയ്ക്കാനും പ്രേരിപ്പിക്കും. 


ഈ മാസത്തെ കുറിപ്പ് നിർത്തുന്നത് ഞാൻ ആദ്യം പറഞ്ഞ ആ പോസ്റ്ററിലെ വാചകങ്ങൾ പറഞ്ഞുകൊണ്ടാകട്ടെ 


Why do we put so much pressure on Children?
As adults we have Slow days, Sad days, Dull days, Happy Days. 
As adults, we have days where we  just want to NAP and EAT cake
So why do we expect so much from our little people? 
They are, STILL Growing 
STILL Learning STILL Developing STILL HUMAN... Let them be little! 






(Ourkids Magazine 2019 June Edition)