Showing posts with label article. Show all posts
Showing posts with label article. Show all posts

Wednesday, October 12, 2022

പരിശുദ്ധ ജലത്തിലെ ശൂദ്രരാഞ്ജി - റാണി രശ്മോണി

 ഈസ്റ്റ് ഇന്ത്യ കമ്പനിയെ മുട്ടുകുത്തിച്ച ചരിത്രത്തിലെ  അധികം ആഘോഷിക്കപ്പെടാതെ പോയ ഒരു പെൺ ചരിത്രമാണ് റാണി രശ്മോണി ദാസിന്റേത്.  1840 കളിൽ ബംഗാളിലെ മത്സ്യബന്ധന സമൂഹങ്ങൾ അതിജീവന പ്രതിസന്ധി നേരിടുകയായിരുന്നു. ഇന്ത്യയെ പല തട്ടുകളിൽ  കൊള്ളയടിച്ചുകൊണ്ടിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി ഗംഗയിലെ മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവിതത്തെയും ആക്രമിക്കാൻ തുടങ്ങിയത് ആ സമയത്താണ്. ഫെബ്രുവരി മുതൽ ഒക്ടോബർ വരെയുള്ള കാലമാണ്  ബംഗാളിപാചകരീതിയിലെ  രുചിയൂറുന്ന വിഭവമായ  സിൽവർ ഹിൽസ എന്ന മീനുകളുടെ സമൃദ്ധമായ വിളവെടുപ്പ് നടക്കുന്നത് .  ചെറുകിട മീൻപിടിത്തക്കാർ ഗംഗയുടെ ഉപരിതലത്തിൽ അവരുടെ കുഞ്ഞുവള്ളങ്ങളിലെത്തി  വലകൾ വീശിയെറിഞ്ഞു സിൽവർ ഹൽസയുടെ ചാകര ആഘോഷിക്കും. ഈ ചെറിയ മീൻവഞ്ചികൾ ചരക്കുകൾ കൊണ്ടുപോകുന്ന കെട്ടുവള്ളങ്ങളുടെ   യാത്രയ്ക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്ന് കണ്ട ഈസ്റ്റ് ഇന്ത്യ കമ്പനി  ഫിഷിംഗ് ബോട്ടുകൾക്ക് നികുതി ഏർപ്പെടുത്തി. ഒരു വെടിക്ക് രണ്ടുപക്ഷി എന്ന പോലെ കമ്പനിക്ക് അധിക വരുമാനം ലഭിക്കുമ്പോൾ തന്നെ നദിയിലെ ഗതാഗതം കുറയ്ക്കുന്ന തന്ത്രപൂർവ്വമായ തീരുമാനം.

ജീവിതമാർഗം വഴി മുട്ടിയേക്കും എന്ന് ഭയന്ന ഉത്കണ്ഠാകുലരായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ പ്രശ്നപരിഹാരത്തിനുള്ള സഹായം അഭ്യർത്ഥിച്ചു കൊണ്ട് കൊൽക്കത്തയിലെ ഉയർന്ന ജാതിക്കാരായ ഹിന്ദു ഭൂവുടമകളുടെ അടുത്തേക്ക് പോയി.വിഷമാവസ്ഥയിലായ ഇവരിൽ മിക്കവരും ജെലെ കൈവർത്ത , മാലോ സമുദായങ്ങളിൽ നിന്നുള്ള ശൂദ്രരായിരുന്നു. എന്നാൽ കമ്പനിയിലെ തങ്ങളുടെ രക്ഷാധികാരികളുമായുള്ള ബന്ധം വഷളാക്കാൻ താല്പര്യമില്ലാതിരുന്ന ഹിന്ദു വരേണ്യവർഗക്കാർ ശൂദ്രന്മാരായ മത്സ്യബന്ധന സമൂഹത്തിനോട് മുഖം തിരിക്കുകയാണുണ്ടായത്. നിരാശരായ മത്സ്യത്തൊഴിലാളികൾ മധ്യ കൊൽക്കത്തയിലെ ജൻബസാറിലേക്ക് തിരിച്ചു . അവിടെ സമ്പന്നനായ സംരംഭകനായിരുന്ന രാജ് ചന്ദ്രദാസിന്റെ വിധവ രശ്മോണി ദാസ് എന്ന ശൂദ്രസ്ത്രീ ആയിരുന്നു അവരുടെ അവസാന പ്രതീക്ഷ. തുടർന്ന് നടന്നത് ഇന്ത്യൻ കോളനിചരിത്രത്തിലെ തന്നെ ശ്രദ്ധേയമായ ഒരു സംഭവമായി മാറി. റാണി രശ്മോണി ഗംഗയുടെ കൈവഴിയായ ഹൂഗ്ലി നദിയിലെ പത്തുമീറ്റർ സ്ഥലം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കയ്യിൽ നിന്നും 10,000 രൂപയ്ക്ക് പാട്ടത്തിനെടുത്തു. കൊളോണിയൽ ഇന്ത്യയുടെ തലസ്ഥാനമായ കൊൽക്കത്താനഗരം പടർന്നുകിടന്നിരുന്നത് ഈ തീരങ്ങളിലായിരുന്നു. അത്രയും ഭാഗം പാട്ടത്തിനെടുക്കുന്ന രേഖകൾ കമ്പനിയിൽ നിന്നും കൈപ്പറ്റിയ ശേഷം രണ്ട് കൂറ്റൻ ഇരുമ്പ് ചങ്ങലകൾ ഗംഗയിൽ സ്ഥാപിക്കുകയാണ് രശ്മോണി ചെയ്തത് - നദി വില്ലുപോലെ കമാനമായി വളഞ്ഞൊഴുകിയിരുന്ന മെറ്റിയബ്രൂസിലും ഗുസൂരിയിലും. പിന്നീട് ഗംഗയിൽ മത്സ്യബന്ധനത്തിന് തടസം നേരിട്ട മത്സ്യത്തൊഴിലാളികളെ ഈ പ്രദേശത്തേക്ക് വല ഇറക്കാൻ അവർ ക്ഷണിച്ചുവരുത്തി.


മീൻവഞ്ചികൾ ഇവിടേക്ക് കൂട്ടമായി എത്തിയതോടെ ഗംഗയിലെ വാണിജ്യ ഗതാഗതം തടസപ്പെട്ടു. പല ചരക്കുവഞ്ചികളും യാത്ര നിർത്തിവെക്കേണ്ടി വന്നു. പ്രതീക്ഷിക്കാതെ വന്നുചേർന്ന സംഭവവികാസങ്ങളിൽ പരിഭ്രാന്തരായ കമ്പനി ഉദ്യോഗസ്ഥർ രശ്മോണിയോട് വിശദീകരണം തേടിയപ്പോൾ നദിയിലെ വലിയ ചരക്കുകപ്പലുകളുടെ ഗതാഗതം ആ ഭാഗത്തെ മത്സ്യബന്ധനത്തിന് തടസമാകുന്നതിനാൽ നഷ്ടം സംഭവിക്കാതിരിക്കാൻ അവിടെ ചങ്ങലയിടേണ്ടി വന്നു എന്നായിരുന്നു രശ്‌മോണിദാസിന്റെ മറുപടി. പാട്ടത്തിനെടുത്ത സ്ഥലം നിയമപ്രകാരം രശ്മോണിയുടെ അധികാരപരിധിയിൽ വരുന്നതായതിനാൽ നഷ്ടം വരാത്ത രീതിയിൽ അവിടമുപയോഗിക്കാൻ രശ്മോണിക്ക് അധികാരമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുമായി നിയമയുദ്ധത്തിൽ ഏർപ്പെട്ടാലും ബ്രിട്ടീഷ് നിയമവ്യവസ്ഥിതി അനുസരിച്ച് പാട്ടത്തിനെടുത്ത ആൾക്ക് അനുകൂലമായിരിക്കും വിധി എന്നറിയാവുന്ന രശ്‌മോണിദാസ് ഗംഗയ്ക്ക് കുറുകെയുള്ള ചങ്ങലകൾ അഴിക്കാൻ തയ്യാറായില്ല. ആവിക്കപ്പലുകളും, വലിയ കെട്ടുവള്ളങ്ങളും, വിനോദയാത്രയ്ക്കുള്ള ബോട്ടുകളുമൊക്കെ ഗംഗയുടെ തീരങ്ങളിൽ മറ്റെവിടേക്കും പോകാൻ കഴിയാതെ അടുങ്ങാൻ തുടങ്ങിയതോടെ കമ്പനി ഉദ്യോഗസ്ഥർക്ക് മറ്റു വഴികളില്ലാതെ രശ്മോണിയുമായി ഒരു കരാറിലെത്തേണ്ടി വന്നു. മത്സ്യബന്ധനത്തിനുള്ള നികുതി റദ്ദാക്കി മത്സ്യത്തൊഴിലാളികൾക്ക് തടസ്സങ്ങളില്ലാതെ ഗംഗയിലേക്ക് പ്രവേശനത്തിനുള്ള അനുമതി.

ഒരു ബംഗാളി ശൂദ്ര വിധവ ചരിത്രത്തിലെ ഏറ്റവും തന്ത്രപരമായ നീക്കത്തിലൂടെ കൊളോണിയൽ കോർപ്പറേഷനെ മറികടന്നത് ഇങ്ങനെയാണ്. അന്ന് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലൂടെ വിശുദ്ധ ഗംഗാനദി പൊതുജനങ്ങൾക്ക് മത്സ്യബന്ധനത്തിനുപയോഗിക്കാവുന്ന ഒരിടമായി റാണി രശ്‌മോണി മാറ്റി.

അല്പം ചരിത്രം

1793 സെപ്റ്റംബർ 28 ന് ഹാലിഷഹാറിലെ ( വെസ്റ്റ് ബംഗാൾ) ഒരു ഗ്രാമത്തിൽ പാവപ്പെട്ട തൊഴിലാളിയുടെ മകളായി കൈവർത്ത (ശൂദ്ര) കുടുംബത്തിലാണ് രശ്‌മോണി ജനിച്ചത്. ദയയും മനുഷ്യസ്നേഹവും കൊണ്ട് കുഞ്ഞു രശ്‌മോണി ചെറുപ്പത്തിലേ നാട്ടുകാർക്ക് പ്രിയങ്കരിയായിരുന്നു. കൗമാരത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ കൊൽക്കത്ത ആസ്ഥാനമായുള്ള ജമീന്ദർ കുടുംബത്തിലെ രാജ് ചന്ദ്ര ദാസിന്റെ മൂന്നാമത്തെ ഭാര്യയായി മാറി റാണി രശ്മോണി. ബിസിനസുകാരനായിരുന്ന രാജ് ചന്ദ്ര വിദ്യാസമ്പന്നനും ആധുനികചിന്താഗതിയുള്ളവനുമായിരുന്നു. അതുകൊണ്ടുതന്നെ ആഗ്രഹങ്ങൾക്കനുസരിച്ചു ജീവിക്കാനും തടസ്സമില്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാനും അദ്ദേഹം റാണി രശ്മോണിയെ പ്രോത്സാഹിപ്പിച്ചു. അക്കാലത്ത്, മിക്ക വീടുകളിലെയും സ്ത്രീകൾ പുരാതന ആചാരങ്ങളും അന്ധവിശ്വാസങ്ങളും മൂലം അകത്തളങ്ങളിൽ ബന്ധിക്കപ്പെട്ടിരുന്നു. ചന്ദ്രദാസിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന സാമൂഹ്യ പരിഷ്‌കർത്താവ് രാജാറാം മോഹൻ റായിക്ക് രശ്മോണിയോട് വളരെയധികം വാത്സല്യമുണ്ടായിരുന്നു. അവളുടെ അനുകമ്പയുള്ള സ്വഭാവംഅദ്ദേഹത്തെ വല്ലാതെ ആകർഷിച്ചു. “നൂറുകണക്കിന് നിസ്സഹായരായ സ്ത്രീകളുടെ ജീവിതത്തിൽ നിന്ന് നിനക്ക് ഇരുട്ടിനെ അകറ്റാൻ കഴിയട്ടെ, അങ്ങനെ പേരിന് അനുസൃതമായി ജീവിച്ച് നീ ജനങ്ങളുടെ രാജ്ഞിയാകട്ടെ” ഇപ്രകാരം രാജാ റാം മോഹൻ റായി അവളെ ആശീർവദിച്ചതായി വിശ്വസിക്കപ്പെടുന്നു.

ബുദ്ധിയിലും കഴിവിലും സമർത്ഥയായിരുന്ന  രശ്മോണി പതുക്കെ കുടുംബത്തിന്റെ ബിസിനസ്സിലും സാമ്പത്തിക ക്രയവിക്രയങ്ങളിലും ഏർപ്പെട്ടു. പിതാവിന്റെമരണത്തെത്തുടർന്ന് രാജ് ചന്ദ്ര ഒരു വലിയ സമ്പാദ്യത്തിന്റെ അവകാശിയായിമാറി. അതിനെത്തുടർന്ന്ആ കുടുംബം തങ്ങളുടെ സ്വത്ത് പൊതുസേവനത്തിലേക്കും ദശലക്ഷക്കണക്കിന് ആളുകളുടെ ക്ഷേമത്തിലേക്കും നീക്കിവെക്കാൻതുടങ്ങി. പൊതുജനങ്ങൾക്ക് കുളിക്കാനായി നിരവധി ഘട്ടുകൾ, നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ, കുടിവെള്ള സംഭരണികൾ, വാർദ്ധക്യകാല വീടുകൾ, പൊതു അടുക്കളകൾ എന്നിവ അവർ സ്ഥാപിച്ചു. രാജ് ചന്ദ്ര മരിച്ചതിനുശേഷം, റാണി രശ്മോണി കുടുംബത്തിലെ ബിസിനസിന്റെയും സ്വത്തുക്കളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും നിരവധി സാമൂഹ്യകാര്യങ്ങളിൽ നിരന്തരമായി ഇടപെടുകയും ചെയ്തു.


 റാണി രശ്മോണിർ ജൽ

ഏതാണ്ട് 120 വർഷത്തിനുശേഷം 1960 ൽ രശ്മോണിയുടെ ആദ്യത്തെ ജീവചരിത്രകാരനായ ഗൗരംഗ പ്രസാദ് ഘോഷ് ആണ് ഹൂഗ്ലിയിൽ അപ്പോഴും ശേഷിച്ചിരുന്ന ഒരു ഇരുമ്പ് കുറ്റിയുടെ ഫോട്ടോയെടുത്ത് ലോകത്തിനെ കാണിച്ചത്. ഒരു കുട്ടിയാനയുടെ പാദത്തിന്റെ വലുപ്പമുള്ള ആ കുറ്റി 1840 ൽ നദിക്കു കുറുകെ ചങ്ങല ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്നതാണ്. കൊളോണിയൽ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വിജയകരമായ ചരിത്ര നിമിഷത്തിന്റെ അവശേഷിച്ചിരുന്ന ഒരേയൊരു സാക്ഷിയായിരുന്നു ആ കുറ്റി. ആരുമാരും ആഘോഷിക്കപ്പെടാതെ പോയ ആ ചരിത്രാവശിഷ്ട്ടം ഇപ്പോൾ ചായ വിൽക്കുന്നവർ അവരുടെ ചൂളകൾക്കുള്ള കൽക്കരിക്കഷ്ണങ്ങൾ മുറിക്കാനായി ഉപയോഗിക്കുന്നു. എന്നാൽ രശ്‌മോണിയുടെ പ്രതിഷേധവും പ്രതിരോധവും വിജയവുമൊന്നും സാധാരണ ജനങ്ങൾ മറന്നില്ല. അവിടുത്തെ നാടോടിക്കഥകളുടെ ഭാഗമായ വീരവനിതയാണ്ഈ മനുഷ്യസ്നേഹി. പ്രശസ്‌ത ബംഗാളി എഴുത്തുകാരനായ സമരേഷ്‌ ബസു അദ്ദേഹത്തിൻ്റെ ചരിത്രാഖ്യായമുള്ള നോവലായ ഗംഗയിൽ (1974) എഴുതിയത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഈ നദി എന്നെന്നേക്കുമായി ‘റാണി രശ്മോണിർ ജൽ’ - ‘റാണി രശ്മോണിയുടെ ജലം’ എന്നതായി മാറിയെന്നാണ്.


ബെലിയഘട്ട കനാലിലെ വെള്ളത്തിലാണ് ജാൻ ബസാറിലെ ദാസ് കുടുംബം - രശ്മോണിയുടെ ഭർത്താവിന്റെ കുടുംബം - ആദ്യം പണം സമ്പാദിച്ചത്. കസ്തൂരി മുതൽ മസ്ലിൻ വരെയുള്ള കയറ്റുമതി സാധനങ്ങൾ സംഭരിക്കുന്നതിനായി കനാലിന്റെ ഇരുകരകളിലുമുള്ള ബെലിയഘട്ടയിലെ ഭൂരിഭാഗം സ്ഥലവും രശ്മോണിയുടെ ഭർത്താവ് വാങ്ങി. 1850 കളിൽ രശ്മോണി സ്ഥാപിച്ച റാണി രശ്മോണി ബസാറിൽ നിന്നും അര കിലോമീറ്റർ ദൂരെയാണ് ബെലിയഘട്ട കനാൽ. ഒരിക്കൽ ഗംഗയുമായി ബന്ധിപ്പിച്ചിരുന്ന കനാൽ ഇപ്പോൾ നഗരത്തിലെ മലിനജലം കൊണ്ടുപോകുന്നതിനായാണ് ഉപയോഗിക്കുന്നത്. 19-ആം നൂറ്റാണ്ടിലെ ഹൈവേകൾ ആയിരുന്ന കനാലുകൾ ദാസ് കുടുംബത്തിന്റെ സ്വത്തായതോടെയാണ് അവരുടെ സ്ഥാനം വ്യവസായികളിൽ നിന്നും (ബണിക്) ഭൂവുടമകളിലേക്ക് ( സമീന്ദർ ) മാറപ്പെടുന്നത്.

ഈസ്റ്റിൻഡ്യാ കമ്പനിയുമായി കച്ചവടബന്ധങ്ങളുണ്ടായിരുന്നവർ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരുന്നതായിരുന്നു ആ കാലഘട്ടത്തിന്റെ പ്രത്യേകത. പുതുതായി സ്വരൂപിച്ച സ്വത്ത് ഉപയോഗിച്ച്, പലരും ഭൂവുടമകളുടെ എസ്റ്റേറ്റുകൾ വാങ്ങി. ഈ പുതിയ പ്രഭുവർഗ്ഗം കൊൽക്കത്തയുടെ ആഭിജാത സമൂഹത്തിനെ ജനിപ്പിച്ചു - ഉയർന്നവർഗം - ഉയർന്ന ജാതി കുടുംബങ്ങളുടെ ഒരു പ്രത്യേക തലം.

"കൊൽക്കത്തയിൽ: പ്രബന്ധങ്ങൾ നഗര ചരിത്രത്തിൽ (1993) " എന്ന പുസ്തകത്തിൽ ചരിത്രകാരൻ എസ്.എൻ. മുഖർജി, ബ്രാഹ്മണ , കയസ്ത, ബൈദ്യ ജാതികൾ ചന്ദ്രദാസിന്റെ കുടുംബം പോലുള്ള ശൂദ്രന്മാരെ അവരുടെ കൂട്ടത്തിലേക്ക് ഉൾക്കൊള്ളാൻ തയ്യാറായില്ലെന്ന് വിവരിക്കുന്നുണ്ട്.


ജലം കൊണ്ട് ശക്തരായവർ

രശ്മോണിയുടെ ഉപദേശമാണ് രാജ് ചന്ദ്രദാസിനെ ഹൂഗ്ലിയിലേക്ക് ശ്രദ്ധ ചെലുത്താൻ പ്രേരിപ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൊൽക്കത്തയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ കേന്ദ്രമായ പുണ്യനദിയുടെ തീരങ്ങൾ ഉയർന്ന ജാതിക്കാരായ ഹിന്ദുക്കളുടെ ശക്തികേന്ദ്രമായ ഒരു സ്ഥലമായി ഉയർന്നുവരികയായിരുന്നു. നദീതീരങ്ങൾ പലപ്പോഴും അധികാരം സ്ഥാപിക്കപ്പെടുന്ന സ്ഥലങ്ങളായി. കുളിസ്ഥലം, ശ്മശാനം, വാണിജ്യപാതകൾ എന്നിങ്ങനെ ജലതീരങ്ങളും സമൂഹത്തിലെ അധികാരസ്ഥാനവും ഇടപിരിഞ്ഞുകിടന്നു. കൊൽക്കത്തയുടെ ജനവിഭാഗത്തിലേക്ക് ദാസ് കുടുംബത്തിന്റെ പ്രാധാന്യവും ഔന്നത്യവും എത്തിക്കാൻ ഏറ്റവും പറ്റിയമാർഗവും ഇത് തന്നെയായിരുന്നു. ഡോറിക് നിരകൾ, തടികൊണ്ടുള്ള അലങ്കാരങ്ങൾ, പുഴയിലേക്ക് നയിക്കുന്ന വിപുലമായ പടികൾ എന്നിവയാൽ അലങ്കരിച്ച മനോഹരമായ ബാബു രാജചന്ദ്ര ദാസ് ഘട്ട് അല്ലെങ്കിൽ ബാബുഘട്ട്ആ ചിന്തയുടെ ഫലമായിരുന്നു. താമസിയാതെ, 1831 ൽ ദാസ് കുടുംബം അഹിരിറ്റോള ഘട്ട് പണിതു. കൊൽക്കത്തയിലെ നദീതീരത്തെ ഇപ്പോഴും അലങ്കരിക്കുന്ന 42 ചരിത്ര ഘട്ടങ്ങളിൽ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായി ഇവ രണ്ടും തുടരുന്നു.

തന്റെ ജീവിതകാലം മുഴുവൻ, ഹൂഗ്ലിയിൽ ഘാട്ടുകളുടെ നിർമ്മാണത്തിനായി രശ്മോണി പണം നൽകുന്നത് തുടർന്നു. 1857 ലെ കലാപസമയത്ത് നിരവധി ഇന്ത്യൻ, യൂറോപ്യൻ വ്യാപാരികൾ ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ തുടങ്ങിയതായി ഗൗരി മിത്ര തന്റെ "രശ്മോണിയുടെ ജീവചരിത്ര"ത്തിൽ കുറിക്കുന്നു. കലാപത്തിനുശേഷം വളരെയധികം ലാഭം നേടിക്കൊണ്ട് രശ്മോണി ഇവ വിലകുറഞ്ഞ വിലയ്ക്ക് വാങ്ങി. ഭർത്താവിന്റെ മരണശേഷം അവർ ഒൻപത് ഘാട്ടുകൾ നിർമ്മിക്കുകയും പലതും പുതുക്കിപ്പണിയുകയും ചെയ്തുവെന്ന് മിത്ര അഭിപ്രായപ്പെടുന്നു. ഇത്തരം പ്രവർത്തികളെല്ലാം തന്നെ രശ്മോണിയെ സാധാരണ ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ടവളാക്കി.

കൈവർത്ത ജാതിയിൽ നിന്നുള്ള ഒരു വിധവയ്ക്ക് പുരുഷ ആധിപത്യമുള്ള യാഥാസ്ഥിതിക ഹിന്ദു സമൂഹത്തിൽഅത്രയും അധികാരംലഭിക്കുന്നത് അന്നത്തെ കാലത്ത് വളരെ അസാധാരണമായ ഒരു കാര്യമായിരുന്നു. ബ്രാഹ്മണിക യാഥാസ്ഥിതികതയോടുള്ള നിരന്തരമായ എതിർപ്പുകൾ എന്നും പ്രവർത്തികളിലൂടെ കാണിച്ചിരുന്ന റാണി രശ്മോണിയുടെ അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ സംഭാവനയായിരുന്നു വിശുദ്ധ നദിയുടെ തീരത്തുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം.


ദക്ഷിണേശ്വർ കാളി ക്ഷേത്രം

100 അടി ഉയരത്തിൽ, ഒൻപത് സ്തൂപികകളുള്ള ഇളം മഞ്ഞയും തവിട്ടും നിറത്തിൽ മനോഹരമായി അലങ്കരിക്കപ്പെട്ട ഈ ക്ഷേത്രം ഹിന്ദു തീർത്ഥാടനത്തിനും പ്രാർത്ഥനയ്ക്കും പവിത്രമായ സ്ഥലങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. രശ്മോണിയുടെ ഒരു സ്വപ്നത്തിൽ നിന്ന് ഉയർന്നുവന്നതാണ് ഈ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ ഒരു തീർത്ഥാടനത്തിനായി ബെനാറസിലേക്കുള്ള യാത്രാമധ്യേ രശ്മോണിയുടെ സ്വപ്നത്തിൽ കാളിദേവി പ്രത്യക്ഷപ്പെടുകയും, ഹൂഗ്ലിയുടെ തീരത്ത് തനിക്കായി സമർപ്പിച്ചുകൊണ്ട് ഒരു ക്ഷേത്രം പണിയാൻ ആവശ്യപ്പെടുകയും ചെയ്തത്രേ. സ്വപ്നത്തിൽ കിട്ടിയ ഈ വെളിപാടിന് ഭൗതികരൂപം നൽകാൻ തീരുമാനിച്ച രശ്മോണി നദിയുടെ പടിഞ്ഞാറൻ തീരത്ത് ഭൂമി വാങ്ങാൻ ശ്രമിച്ചു. പുണ്യനദിയുടെ തീരത്ത് ഒരു ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്ന ശൂദ്ര വിധവയുടെ വാർത്ത പ്രചരിച്ചപ്പോൾ, പടിഞ്ഞാറൻ കരയിലെ ഉയർന്ന ജാതിക്കാരായ ഭൂവുടമകൾ അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങി. ആരും തന്നെ പടിഞ്ഞാറൻ നദീതീര ഭൂമി തനിക്ക് വിൽക്കാൻ തയാറാകാതെ ആയപ്പോൾ രശ്മോണി ഹൂഗ്ലിയുടെ കിഴക്കൻ തീരങ്ങളിലെ സ്ഥലങ്ങൾ വാങ്ങാൻ ശ്രമിച്ചു. കിഴക്കൻ തീരത്തെ 33 ഏക്കർ സ്ഥലം വിവിധ ജാതിമതക്കാരിൽ നിന്നും വാങ്ങിയാണ് അവർ അവിടെ നൂറടി ഉയരത്തിലുള്ള ദക്ഷിണേശ്വർ കാളി ക്ഷേത്രം നിർമിച്ചത്.


നിരവധി സംസ്കാരങ്ങളുടെ സമന്വയമായിരുന്നു ആ സ്ഥലം. ഇംഗ്ലീഷ് ബിസിനസുകാരനായിരുന്ന ജോൺ ഹെസ്റ്റിയുടെ ഫാക്ടറിയും അതിനോട് ചേർന്ന ജലസംഭരണിയുംപ്രദേശവും, ഹിന്ദുക്കളായ ഗ്രാമവാസികളിൽ നിന്നുമുള്ള മാന്തോപ്പുകൾ, മുസ്‌ലിം സമുദായത്തിൽ നിന്നും വാങ്ങിയ തടാകവും ശ്‌മശാനവും ചേർന്ന ഇടങ്ങൾ അങ്ങനെ പല ചരിത്ര സംസ്കാരങ്ങൾ ചേർന്ന ആ സ്ഥലം ഇന്ന് മനോഹരമായ ക്ഷേത്രമായി നിലകൊള്ളുന്നതോടൊപ്പം അതിന്റെ ഉത്ഭവത്തിന്റെ സമന്വയ ചരിത്രം ഒരു വശത്ത് ഗാസിപ്പുകുർ ടാങ്കിലെ വെള്ളത്തെയും മറുവശത്ത് വിശുദ്ധ ഗംഗയെയും പ്രതിഫലിപ്പിക്കുന്നു. ക്ഷേത്രം പൂർത്തിയാകാറായപ്പോൾ കൊൽക്കത്തയിലെ പുരോഹിതന്മാർ ദക്ഷിണേശ്വർ കാളി ക്ഷേത്രത്തെ ഒരു ഹിന്ദു ആരാധനാലയമായി അംഗീകരിക്കാൻ വിസമ്മതിച്ചു. ഒരു ശൂദ്ര സ്ത്രീ ദൈവങ്ങൾക്ക് പ്രസാദം നൽകുന്നത്ഹിന്ദുധർമം വിലക്കിയിട്ടുണ്ട് എന്നായിരുന്നു അവരുടെ വാദം. ഇത് രശ്മോണിയെ വളരെയധികം പ്രതിസന്ധിയിലും സംഘർഷത്തിലുമാക്കി.

എന്നാൽ പാവപ്പെട്ട ഒരു ബ്രാഹ്മണ പണ്ഡിതന്റെ രൂപത്തിൽ ഈ പ്രശ്നത്തിനുള്ള പരിഹാരം വളരെ വേഗം തന്നെ അവർക്ക് മുന്നിലെത്തി. ആയിടെ കൊൽക്കത്തയിലേക്ക് സ്ഥലം മാറിയെത്തിയ രാംകുമാർ ചട്ടോപാധ്യായ എന്ന ബ്രാഹ്മണൻ ആയിരുന്നു ആ രക്ഷകൻ. ക്ഷേത്രഭൂമി ഒരു ബ്രാഹ്മണ പുരോഹിതന് ദാനം ചെയ്യുകയും അദ്ദേഹം ദേവനെ പ്രതിഷ്ഠിക്കുകയും ചെയ്താൽ അത് ആരാധനയ്ക്ക് അനുയോജ്യമായി കണക്കാക്കാമെന്ന് ഹിന്ദു വിശുദ്ധ ഗ്രന്ഥങ്ങൾ പറയുന്നു. ക്ഷേത്രഭൂമിയും സ്വത്തും എല്ലാം രശ്മോണിചട്ടോപാധ്യായയ്ക്ക് കൈമാറി. 1855 ൽ ഈ പുരോഹിതൻ ദേവതകളെ അമ്പലത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട് അവിടം പൂജകൾക്കായി തുറന്നു. പുരോഹിതനായ ചട്ടോപാധ്യായ ക്ഷേത്ര സമുച്ചയത്തിലേക്ക് പുരോഹിതനായി മാറിയപ്പോൾ അദ്ദേഹം തന്റെ കൗമാരക്കാരനായ അനുജൻ ഗദാധറിനെക്കൂടി അവിടേക്ക് പുരോഹിതനായി കൊണ്ടുവന്നു. ഒരു ശൂദ്ര സ്ത്രീക്ക് വേണ്ടി ജോലി ചെയ്യുന്നതിനെക്കുറിച്ച് ഗദാധറിനു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്ന് മാത്രമല്ല ആ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിക്കാൻ പോലും അദ്ദേഹം വിസമ്മതിക്കുകയും ചെയ്തു. ഈ പിടിവാശിക്കാരനും യാഥാസ്ഥിതികനുമായ ബ്രാഹ്‌മണ യുവാവ് പിന്നീട് രശ്മോണിയുമായി ആത്മീയ ബന്ധം പങ്കുവെച്ച, ഇന്ത്യയിലെ ഏറ്റവും മഹാനായ ഹിന്ദു തത്ത്വചിന്തകന്മാരിൽ ഒരാളായ രാമകൃഷ്ണ പരമഹംസയിലേക്ക് രൂപാന്തരപ്പെട്ടു എന്നതാണ് ഇതിലെ കൗതുകകരമായ വസ്തുത.


പിൽക്കാലം

ഈ പറഞ്ഞവയിൽ ദക്ഷിണേശ്വർ ക്ഷേത്രം ഒഴികെ, കൊൽക്കത്തയിലുടനീളം പരന്നുകിടക്കുന്ന രശ്മോണിയുടെ പാരമ്പര്യത്തിന്റെ വിവിധ ഭാഗങ്ങൾ ഇന്ന് തകർന്നടിയുകയാണ്. ജീവചരിത്രകാരൻ സിസുതോഷ് സമന്തയുടെ അഭിപ്രായത്തിൽ കലിഘട്ടിലെ ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30 എ, 30 ബി എന്നീ രണ്ട് വീടുകൾ ഇതിൽ ഉൾപ്പെടുന്നു. 1837 ൽ രശ്മോണി വാങ്ങിയതാണ് ഈ വീടുകൾ. 1861 ൽ അവരുടെ അവസാനദിവസങ്ങൾ ഈ കെട്ടിടത്തിലായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. പശ്ചിമ ബംഗാളിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി മമത ബാനർജിആണ് ഈ ചരിത്രപ്രാധാന്യമുള്ള കെട്ടിടത്തിലെ ഇപ്പോൾ താമസിക്കുന്നത്.

ഉയർന്ന ജാതിക്കാരായ പുരുഷ നായകന്മാർ - രാജാ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയവർ ബൗദ്ധിക പ്രാധാന്യം നേടിയപ്പോൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ബിംബങ്ങളിലൊന്നായ രശ്മോണിയെ ചരിത്രത്തിന്റെ അരികുകളിലേക്ക് സവർണ ഹിന്ദു പുരുഷാധിപത്യ സമൂഹം തരംതാഴ്ത്തിയതായാണ് നമുക്ക് കാണാൻ കഴിയുക. പക്ഷേ, സാധാരണ ജനങ്ങളുടെ ഹൃദയത്തിൽ രശ്മോണിയുടെ സ്ഥാനം നാടോടിക്കഥകളിലെ വീരനായികയുടേത് പോലെ പതിഞ്ഞിരിക്കുന്നു. റാണി രശ്മോണി ദാസിന്റെ ജനസമ്മതിയുടെ സമീപകാല തെളിവാണ് 2017 മുതൽ ഒന്നാം സ്‌ഥാനത്ത് നിൽക്കുന്ന 1300 എപ്പിസോഡുകളുള്ള റാണിയുടെ ബംഗാളി ജീവചരിത്ര പരമ്പര. രശ്മോണി ദാസിനെ 'റാണി രശ്മോണി ദാസാ'ക്കിയത് ജനങ്ങളാണ് എന്നത് തന്നെയാണ് ആ സമർത്ഥയായ വനിതയുടെ മഹത്വം. ഗംഗാമാതാ എന്നത് പോലെയാണ് റാണി രശ്മോണി എന്നതും പ്രതിധ്വനിക്കുന്നത് - രണ്ടും ജനങ്ങളുടെ സ്നേഹത്തിൽ നിന്നും ബഹുമാനത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ്. പരിശുദ്ധ ഗംഗയിലെ ജലം റാണി രശ്മോണിർ ജലായി മാറുന്നിടത്ത് വിശുദ്ധനദിയും ശൂദ്രരാഞ്ജിയും ജാതിവരമ്പുകൾക്കപ്പുറത്ത് ഒന്നായി മാറുന്നു.


(സ്വതന്ത്ര പരിഭാഷ ) 

Sunday, December 8, 2019

ടീനേജ് എന്ന തേനേജ്

മക്കളുടെ ടീനേജ് പ്രായം എന്നത് എല്ലാ രക്ഷകർത്താക്കളും കുറച്ചു ഉൾഭയത്തോടെ മാത്രം  ചിന്തിക്കുന്ന ഒന്നാണ് എന്ന് തോന്നുന്നു.  സ്വന്തമായിട്ടുള്ള രണ്ടെണ്ണം  ടീനേജ് ആകാനിനിയും വർഷങ്ങൾ ഉണ്ടെങ്കിലും  അനന്തരോന്മാരും സുഹൃത്തുക്കളുടെ മക്കളും ഒക്കെച്ചേർന്നു നല്ലൊരു കൗമാരപ്രായക്കൂട്ടത്തെ ഞാനും കാണാറുണ്ട്. ഇത്തവണത്തെ  ടോപ്പിക്കിൽ എന്താണ് ഉൾപ്പെടുത്തേണ്ടത് എന്ന് ഒരുകൂട്ടം സുഹൃത്തുക്കളോട്   ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമാണ്  ഈ പ്രാവശ്യം  കൗമാരക്കാർക്കൊപ്പം ആകാം കറക്കം എന്ന് ചിന്തിപ്പിച്ചത്. എല്ലാവരെക്കുറിച്ചും പൊതുവേ മാതാപിതാക്കളുടെ പരാതി  അവർ സംസാരിക്കുന്നില്ല ,  ഒന്നും ഗൗരവതരമായി കാണുന്നില്ല , അനാവശ്യകാര്യങ്ങൾക്ക് വേണ്ടി വഴക്കുണ്ടാക്കുകയോ വിഷമിക്കുകയോ ചെയ്യുന്നു,  പൊതുവെ എന്തിനെയും എതിർക്കാൻ ഒരു പ്രവണത എന്നതൊക്കെയാണ്. കാര്യം പറയുമ്പോൾ ഇതൊക്കെ അച്ഛനമ്മമാരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ശരിയുമാണ്.  എന്നാൽ അങ്ങനങ്ങു ഒരുഭാഗം മാത്രം ചേർന്ന് കാണാൻ പറ്റില്ലല്ലോ - ഒരു ടീനേജ് അമ്മയല്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഈ ലേഖനമെഴുതാൻ ഇരുന്നത് എന്നുംപറയാം. സ്വന്തമനുഭവങ്ങൾ കൂടിച്ചേർന്നതാണ് 'അമേരിക്കൻ മോ'മിൻറെ  മിക്ക ലേഖനങ്ങളും പക്ഷേ, ഇത് എഴുതാൻ കാര്യമായ അനുഭവമില്ലാത്തത് കൊണ്ട്  കുറച്ചു കൗമാരക്കാരോടും കുറച്ചു കൗമാരപ്രായക്കാരുടെ അച്ഛനമ്മമാരോടും സംസാരിച്ചു. അങ്ങനെ പുറത്തു നിന്നും കാണുന്ന ഒരാളായി രണ്ടു കൂട്ടരോടും സംസാരിച്ചപ്പോൾ തോന്നിയത് - അച്ഛനമ്മമാർക്ക് അവരുടെ കൗമാരകാലം ഓർമയുണ്ടാകുകയും കുട്ടിപ്പട്ടാളത്തിന്‌ അവരുടെ കൗമാരം അടുത്ത 7-8 വർഷത്തിനുള്ളിൽ തീരുമെന്ന് ഒരു ചിന്തയുണ്ടാകുകയും ചെയ്താൽ  കാര്യങ്ങൾ വളരെ സിംപിൾ ആണെന്നാണ്! ഇത് വായിക്കുന്ന ഏതൊരു രക്ഷിതാവും ഇപ്പോൾ എന്നെ ഒന്ന് "പുശ്ചിച്ചു" ചിരിക്കും എന്നെനിക്കറിയാം - കാരണം നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ ആണല്ലോ! അപ്പോൾ പ്രതിസന്ധികളും പരിഹാരങ്ങളും സിംപിൾ ആകുമല്ലോ എന്ന്! എന്നിരുന്നാലും കൗമാരകാലത്ത്  ഒരു ട്രബിൾ മേക്കർ/ റിബൽ പദവിയുണ്ടായിരുന്ന ആളെന്ന നിലയിൽ ഞാൻ കുറച്ചുനേരം നിങ്ങളുടെ ആ ടീനേജ് കൊച്ചിന്റെ സ്ഥാനമേറ്റെടുത്തു കൊണ്ട് ഇച്ചിരെ കാര്യങ്ങൾ പറയാൻ പോകുവാണേ  - മക്കൾ സംസാരിക്കുന്നില്ല എന്ന പരാതി നമുക്കിപ്പോൾ തീർക്കാം.



1.  'ഞങ്ങൾ പിള്ളേർക്ക് കുറച്ച് സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു തരുക' -

 അധികമായാൽ അമൃതും വിഷമാകുന്നത് പോലെ തന്നെ ചിന്തിക്കേണ്ട കാര്യമാണ് 

 ആവശ്യത്തിന്  പോലുംഭക്ഷണം ഇല്ലാതെയിരിക്കുന്നതും.  
കൗമാരക്കാർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റി സ്ഥാപിക്കാൻ അവസരം നൽകുന്നത്അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് ഒക്കെ  ലോകത്തിൽ സ്വന്തം സ്ഥാനം സ്ഥാപിക്കാൻ അവരെ സഹായിക്കുന്നതിന് അത്യാവശ്യമാണ്. എന്നുകരുതി ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് തീർത്തും മോശമായ ഒരു കൂട്ടുകെട്ടിലാണ് കുട്ടികൾ  ചെന്നുചാടുന്നത് എങ്കിൽ  അത് അനുവദിക്കണം എന്നല്ല. അവിടെയാണ് രണ്ടാം പോയിന്റ് വരുന്നത്. 

2. വീട്ടിലേക്ക് ഇടയ്ക്കൊക്കെ മക്കളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക - 

പണ്ടുകാലത്തും ഇത് വേണ്ടതായിരുന്നു എങ്കിലും ഇന്നത്തെ മാറുന്ന കാലത്ത് ഇത് അത്യാവശ്യം ആണ്. പണ്ടൊക്കെ ചുറ്റുവട്ടങ്ങളിൽ തന്നെയാകും കുഞ്ഞുങ്ങൾ പഠിക്കുക ഒരു ഡിഗ്രിയൊക്കെ ആകും വരെ. ഇപ്പോൾ  അങ്ങനെയല്ലാത്തത് കൊണ്ടും പലപ്പോഴും നമ്മളിൽ പലരും നാടും വീടും  ദൂരെയിടങ്ങളിൽ നിൽക്കുന്നത് കൊണ്ടും  കുട്ടികൾ ഇടപഴകുന്ന ആളുകൾ നമുക്ക് അപരിചിതരാകാം.  എളുപ്പവഴി കുട്ടികളോട് തന്നെ സുഹൃത്തുക്കളെക്കുറിച്ചു സംസാരിക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതാണ്. പലപ്പോഴും പിയർ പ്രെഷർ എന്നത് ബ്രാൻഡഡ് സാധങ്ങങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല പെരുമാറ്റ രൂപീകരണത്തിലും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു സുഹൃത്തിനെ പൂർണമായും ഒഴിവാക്കാൻ കൗമാരപ്രായക്കാരെ ഉപദേശിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉണ്ടാക്കും. ഓർക്കുക ഞങ്ങൾ കൗമാരക്കാർക്ക് എതിർക്കാനാണ് ഇഷ്ടം! 

അതിൽ നിന്ന് നമ്മൾ മൂന്നാമത്തെ പോയിന്റിലേക്ക് എത്തുകയാണ്,


3. കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യത്തിലും ആദ്യ പ്രതികരണം "നോ"  ആകരുത് -  എല്ലാത്തിലും മക്കളെ എതിർക്കുക/ വഴക്കു പറയുക  എന്നതാകരുത്  നിങ്ങളുടെ മോട്ടോ.  മുടി നീട്ടി വളർത്തുന്നതോ, സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നതോ ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പഠനമേശയോ ഒന്നും വലിയ വിഷയമല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞാൽ അത് സമാധാനപൂർണമായ ഒരന്തരീക്ഷം സൃഷ്ടിക്കും. മിക്ക കുട്ടികൾക്കും -ടീനേജ് എന്ന വലിയ ബബിളിനുള്ളിൽ ആ ചെറിയ കുഞ്ഞാകാനാണ് ഇഷ്ടം. അതേസമയം ഓരോ കുഞ്ഞും ഒരു വ്യക്തിയുമാണ് - കുറച്ചു പരസ്പര വിരുദ്ധ വാചകങ്ങൾ ആണെന്ന് അറിയാം, അതിലേക്ക് നമ്മുടെ നാലാമത്തെ പോയിന്റിനെ ചേർക്കാം


4.  നിയമങ്ങളും അച്ചടക്കവും മുൻകൂട്ടി തീരുമാനിക്കുക: 

സിംഗിൾ പേരന്റ് അല്ലാത്ത എല്ലാ രക്ഷാകർത്താക്കളും മക്കളെ കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ചുവേണം തീരുമാനങ്ങളിൽ എത്താൻ. അച്ഛനെ മറികടന്നു അമ്മയോ അമ്മയെ ചെറുതാക്കി അച്ഛനോ കുട്ടികൾക്ക് കാര്യങ്ങൾ സാധിച്ചുകൊടുക്കുന്നതോ  ശിക്ഷകൾ കുറയ്ക്കുന്നതോ പലപ്പോഴും വിപരീതഫലം ചെയ്യും - ഇന്റർനെറ്റ് കട്ട് ചെയ്യുന്നതോ, പോക്കറ്റ് മണി കുറയ്ക്കുന്നതോ, ബൈക്ക് എടുക്കാൻ സമ്മതിക്കില്ല എന്നുള്ളതോ അങ്ങനെ എന്തുമാകാം ശിക്ഷകൾ. പക്ഷേ  എല്ലാത്തിനും ഒരേ ശിക്ഷകൾ ആകരുത് , അങ്ങനെയൊരു അച്ചടക്കനടപടി നേരത്തെ പറഞ്ഞിട്ടുണെങ്കിൽ നടപ്പാക്കാൻ മടിക്കുകയും അരുത്!  കുട്ടികളെയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു തീൻമേശ ചർച്ച നടത്തിയാൽ നിങ്ങൾ ചിന്തിക്കാത്ത പലതും ആ കുട്ടിമനസുകളിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസിലാക്കാം. ഇത് ശരിയല്ലെന്ന് കുട്ടി പറഞ്ഞാൽന്യായമായ ശിക്ഷയെന്താണെന്ന് നിങ്ങൾ അവരോട് സംസാരിക്കുകയും മനസിലാക്കുകയും വേണം.


അപ്പോൾ അതാണ്‌ അഞ്ചാം നിയമം 

5. ദിവസത്തിലെ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം കുട്ടികൾക്ക് ഒപ്പം ആക്കുക - 


ആ സമയം നിങ്ങളുടെയും പങ്കാളിയുടെയും മൊബൈലുകൾക്ക് അവധി കൊടുക്കാം ടിവിയ്ക്കും വിശ്രമം കൊടുക്കാം എന്നിട്ടു നിങ്ങൾ നിങ്ങളുടെ ദൈനം ദിന വിശേഷങ്ങൾ തീൻമേശയിൽ ഒരു വിഭവം ആക്കുക - സംസാരിച്ച എല്ലാ ടീനേജർക്കും ഉണ്ടായിരുന്ന പരാതി - അച്ഛനുമമ്മയ്ക്കും സംസാരിക്കാൻ പഠനം മാത്രമേ വിഷയമുള്ളൂ എന്നാണ് ! പഠനം ഭക്ഷണമേശയിൽ എത്തിക്കാതെ നിങ്ങളുടെ ജോലിയിലെ ആവശ്യമില്ലാത്ത ടെൻഷൻ അവിടെ വിളമ്പാതെ മറ്റെന്തൊക്കെ കാര്യങ്ങൾ സംസാരിക്കാം എന്നാലോചിക്കൂ. അഥവാ ടെൻഷനുള്ള ചില കാര്യങ്ങൾ ഉണ്ടെങ്കിൽ കുട്ടികളോടും കൂടി ഷെയർ ചെയ്യുന്നത് അവരുടെ കാഴ്ചപ്പാടുകൾ, അഭിപ്രായങ്ങൾ ആ കാര്യത്തിൽ എന്തെന്ന് ചോദിച്ചറിയുന്നത് തീർച്ചയായും കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. 



ആറാം പോയിന്റായി ഞാൻ പറയാൻ പോകുന്നതും അതാണ് 


6. സംസാരിച്ചാൽ മാത്രമേ പോരാ - കേൾക്കണം. 


"പലപ്പോഴും ഉപദേശങ്ങളും അപ്പുറത്തെ വീട്ടിലെ കുട്ടിയോട് കമ്പാരിസണും മാത്രമാണ് അമ്മയ്ക്കും അച്ഛനും സംസാരിക്കാനുള്ളത്. എന്തെങ്കിലും കുറ്റം കേട്ടാൽ അതിനെക്കുറിച്ചു ഞങ്ങളോട് ചോദിക്കുക പോലും ചെയ്യാതെ കുറ്റവാളിയെന്ന് ആദ്യമേ വിധിക്കും. അപ്പോൾപ്പിന്നെ അങ്ങനെ  തന്നെയങ്ങു  പോകട്ടെയെന്നു വെയ്ക്കും " - പറഞ്ഞത് മിടുക്കിയായ ഒരു പതിനാറുകാരിയാണ്. പ്രണയമുണ്ടെന്നു മറ്റാരോ പറഞ്ഞറിഞ്ഞത് അച്ഛനും അമ്മയും അവളോട് ചോദിക്കുകപോലും ചെയ്യാതെ പരിശോധനകൾക്കും വിലക്കുകൾക്കും വിധേയയാകേണ്ടി വന്നപ്പോൾ! പറയുന്നതിൽ കാര്യമുണ്ട് അല്ലേ ? നമ്മുടെ മക്കളെ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണ്ടേ? 


7. പ്രണയം / സെക്സിനെക്കുറിച്ചുളള കൗതുകം എന്നതൊക്കെ  കൗമാരകാലത്ത് മിക്ക കുട്ടികളിലും ഉണ്ടാകുന്ന വളർച്ചയുടെ ഭാഗമായി സംഭവിക്കുന്നതാണ് എന്ന് മാതാപിതാക്കൾ എത്രയും പെട്ടെന്ന്  മനസിലാക്കിയാൽ അത്രയും പെട്ടെന്ന് കൗമാരക്കാരുമായി കൂട്ടാകാം. സ്വന്തം മക്കളോട് ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചും മോശം തീരുമാനങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറ്റവും പറ്റിയ ആൾ നമ്മൾ തന്നെയാണ്. അത് പ്രണയം ആയാലും സേഫ് സെക്സ് ആയാലും മയക്കുമരുന്നുകളുടെ ഉപയോഗം ആയാലും   കുഞ്ഞുങ്ങളോട് തുറന്നു  സംസാരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. 


8.  മദ്യപാനം പുകവലി പാൻപരാഗ് മയക്കുമരുന്ന് ഇതൊക്കെ കൗമാരകാലത്തെ കുട്ടികളെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ ആണ് - പക്ഷേ, മൂക്കുമുട്ടെ കള്ളുകുടിച്ചു വീട്ടിൽ വരുന്ന അച്ഛൻ മദ്യപിക്കരുത് എന്ന് പറയുന്നത് കേൾക്കാൻ  ചിലപ്പോൾ എല്ലാ കുട്ടികൾക്കും കഴിഞ്ഞുവെന്ന് വരില്ല. സകല സമയവും ടിവിയുടെ  മുന്നിൽ ഇരിക്കുന്ന അമ്മയോ അച്ഛനോ കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിനെക്കുറിച്ചു വിഷമിച്ചിട്ട് എന്ത് കാര്യം?  മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞുകൊടുക്കുന്നതിനൊപ്പം തന്നെ കുട്ടികളിൽ ഇതൊക്കെ ശ്രമിച്ചു നോക്കാനുള്ള പ്രലോഭനങ്ങൾ കൂടുതലാണെന്നതും മറക്കരുത്. കുട്ടികൾക്ക് നമ്മളോട് എന്തും പറയാനുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായ വിഷയം. 

 9. മക്കൾക്ക് റോൾ മോഡൽ ആകുക - 

അതിന്റെ ആദ്യപടി വീട്ടിൽ നിന്ന് തന്നെയാണ്. അമ്മയെ അടിക്കുന്ന അച്ഛൻ, അച്ഛന്റെ അമ്മയെ ചീത്ത പറയുന്ന അമ്മ, ബന്ധുക്കളെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം  പറയുന്ന രക്ഷിതാക്കൾ, എല്ലാവരെയും സംശയത്തോടെ കാണുന്നത്, എന്തിനെയും പണത്തിന്റെ തൂക്കത്തിൽ കാണുന്നത്, ആളുകളെ അവജ്ഞയോടെ കാണുന്നത്  എന്നുവേണ്ട നിങ്ങൾ കാണിക്കുന്ന ഓരോ കാര്യത്തിനെയും ഒന്നുകിൽ അതേപോലെ മനസിലേക്ക് എടുത്ത് അനുകരിക്കുന്ന അല്ലെങ്കിൽ ഈ പറഞ്ഞതിനെയൊക്കെയും നിങ്ങളെയും എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരാളായാണ് നിങ്ങളുടെ കുഞ്ഞ് വളരുക. ഒരു കൗമാരപ്രായമായ മകൾക്കോ മകനോ നിങ്ങൾ പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും അവർ അത് നിങ്ങളുടെ പ്രവർത്തിയിൽ നിന്നാണ് എടുക്കുക - പറച്ചിലിൽ നിന്നല്ല!

10. ഒരുപക്ഷേ ഇത്രയും നേരം പറഞ്ഞതിൽ ഏറ്റവും പ്രയാസമുളള കാര്യമാകും ഈ പത്താമത്തെ പോയിന്റ് :  കുട്ടികൾക്ക് കുറ്റബോധം ഉണ്ടാകാൻ അനുവദിക്കുക -  

കുട്ടികൾ ചെയ്യുന്നതും പറയുന്നതുമായ എന്ത് കാര്യത്തിനും രക്ഷിതാക്കൾ  ന്യായം കണ്ടെത്തേണ്ട ആവശ്യമില്ല എന്ന് മാത്രമല്ല  അവർ ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അവരെ മനസിലാക്കിക്കുക എന്നത് കൂടി പ്രധാനമാണ്. അവരോടൊപ്പം നിന്നുകൊണ്ടുതന്നെ അവരുടെ പ്രവർത്തിയ്ക്കുള്ള പ്രായശ്ചിത്തം, പരിഹാരം ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ഓരോ വട്ടവും വീഴുമ്പോൾ താങ്ങിയെണീക്കാൻ തോളുണ്ടാകുന്നത് നല്ലതാണ്. അതേ സമയം, വീണുപോകും എന്ന് ഭയന്ന് എടുത്തുകൊണ്ടു നടന്നാൽ അത് നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഒരു യുവ ജനതയെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. 

ടീനേജ് വിശേഷങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല - അപ്പനുമമ്മയ്ക്കും ടീനേജേഴ്‌സിനെ എങ്ങനെ വീട്ടിലെ  പല കാര്യങ്ങളിൽ ഇടപെടുത്തി മുന്നോട്ട് കൊണ്ടുപോകാം എന്നത് അടുത്ത ലക്കത്തിലേക്ക് മാറ്റി വെക്കുന്നു. 



ഇത്രയും അതിഭീകരൻ കാര്യങ്ങളൊക്കെ എഴുതിവെച്ചിട്ട് രണ്ടുമൂന്നുകൊല്ലം കഴിയുമ്പോൾ ഞാൻ എന്റെ ടീനേജറോട്  പെരുമാറുന്നത് ഇതിന്റെയൊക്കെ വിപരീത ദിശയിൽ ആകാൻ സാദ്ധ്യതയുണ്ട്. അപ്പോൾ ഞാനീ ലേഖനം  ഒന്നുകൂടി എടുത്തു വായിക്കും, എന്നിട്ടോർക്കും  - മറ്റൊരാളുടെ കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട്, മറ്റൊരു കുട്ടിയുടെ രക്ഷിതാക്കളെ കേട്ട് ഇത്രയുമൊക്കെ ചിന്തിച്ചെങ്കിൽ അന്ന് ചിന്തിച്ചതിൽ കാര്യമുണ്ടാകണം .. എന്നിട്ട് ടീനേജർ കുട്ടികൾ ഇല്ലാത്ത മറ്റൊരു സുഹൃത്തിനോട് ഞാൻ ഉപദേശം ചോദിക്കും!   



(OURKIDS 2019 December Edition) 


Monday, November 11, 2019

അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു

മഴയോടൊപ്പം സ്‌കൂൾ തുറന്നെത്തുന്ന ജൂൺ - നാട്ടിൽ പുതിയൊരു സ്‌കൂൾ കാലത്തിലേക്ക് കുഞ്ഞുങ്ങൾ കടക്കുമ്പോൾ ഇവിടെ അമേരിക്കയിൽ വേനൽക്കാലത്തിന്റെ  തുടക്കമാണ്, അതുകൊണ്ട് തന്നെ ജൂൺ ഞങ്ങളുടെ വേനലവധിക്കാലമാണ്. ഇവിടുത്തെ അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു എന്ന ചില കഥകളാണ് ഇത്തവണ. നാട്ടിലെ അവധിക്കാലം കഴിഞ്ഞെങ്കിലും കടും ചൂട് മാറി മഴവന്ന് തളിരും പൂവും കിളികളുമൊക്കെ വരുന്ന സമയമായത് കൊണ്ട് ഇനി പറയുന്നവയിൽ ചിലവ നാട്ടിലും പരീക്ഷിക്കാം.


                          ഇവിടെ സാധാരണ മൂന്ന് മാസത്തോളം ആണ് വേനലവധി. തണുപ്പ് കൂടിയ പ്രദേശത്തായത് കൊണ്ട് ജൂൺ ആദ്യവാരം കഴിയും ഞങ്ങളുടെ പ്രദേശത്തെ സ്‌കൂളൊക്കെ പൂട്ടാൻ. സെപ്തംബര് ആദ്യവാരമേ തിരികെ തുറക്കുകയുമുള്ളൂ. അതുകൊണ്ടുതന്നെ കുട്ടിപ്പട്ടാളങ്ങളെ മെരുക്കാൻ എന്തെങ്കിലുമൊക്കെ സൂത്രപ്പണി ചെയ്തില്ലെങ്കിൽ മൂന്നുമാസം കടന്നുപോകാൻ കഷ്ടപ്പെടുകയും ചെയ്യും. ഉദ്യോഗസ്ഥരായ മാതാപിതാക്കൾ ആണെങ്കിൽ മിക്കവാറും കുട്ടികൾ സമ്മർ കാമ്പുകളിലാകും വേനലവധിയുടെ പകൽ സമയങ്ങൾ ചിലവഴിക്കുക. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കരുത്/ ഇരുത്തരുത്  എന്ന കർശനനിയമം ഉള്ളത് കൊണ്ടുതന്നെ YMCA , കരാട്ടെ സ്‌കൂളുകൾ, പാർക്ക്&റിക്രിയേഷൻ ക്ലബുകാർ, നീന്തൽ  സ്‌കൂളുകൾ, പള്ളികൾ   അങ്ങനെ അനവധി സ്ഥാപനങ്ങൾ ഇത്തരം സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയം കുട്ടികൾക്ക് പലവിധ കളികളും, പ്രോജെക്ടുകളും ഒക്കെയായി ആവേശമുണർത്തുന്ന രീതിയിലാണ് സംഘടിപ്പിക്കുക. 


                    മിക്കപ്പോഴും അപ്പൂപ്പനമ്മൂമ്മമാരൊക്കെ ഇന്ത്യയിൽ നിന്ന് ഇവിടേക്ക് വരുന്ന സമയവുമാണ് ഈ അവധിക്കാലങ്ങൾ.  അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക്  വീട്ടിൽ തന്നെ സമയം ചിലവഴിക്കാൻ കഴിയും. സ്‌കൂൾ അടച്ചുകിട്ടുന്ന ഈ സമയം ഒരു വേനലവധിയായിത്തന്നെ കുട്ടികൾക്ക് അനുഭവവേദ്യമാകണമെന്ന് ആഗഹിക്കുന്ന രക്ഷിതാവാണ്‌ ഞാൻ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അവർ രാവിലെ  10 മണി വരെ കിടന്നുറങ്ങുകയും രാത്രി വൈകുവോളം അവർക്കിഷ്ടമുള്ള സിനിമ കാണുകയും വെയിലൊന്ന് താഴുമ്പോൾ സൈക്കിളുമെടുത്ത് ചുറ്റിയടിക്കുകയും ഒക്കെ ചെയ്യുക അല്ലേ? പക്ഷേ, പലപ്പോഴും ഇതൊന്നും നടക്കാറില്ല പല വീടുകളുടേയും സാഹചര്യത്തിൽ,പ്രത്യേകിച്ചും രണ്ടുപേരും ജോലിക്കാരാകുമ്പോൾ.


                               ഇത്തവണത്തെ അവധിക്ക് മൂത്തയാൾ ആവശ്യപ്പെട്ടിരിക്കുന്ന ഒരു കാര്യം നൈറ്റ് ക്യാംപിനു കൊണ്ടുപോകണം എന്നാണ്. കഴിഞ്ഞ രണ്ടുകൊല്ലമായി കൊണ്ടുപോകാം കൊണ്ടുപോകാം എന്ന് പറച്ചിൽ അല്ലാതെ ഇതുവരെ ആ പ്രോമിസ് ഞങ്ങൾ പാലിച്ചിട്ടില്ല എന്നാണ് ആശാന്റെ പരാതി. പരാതിയിൽ കാര്യവുമുണ്ട്- കഴിഞ്ഞ രണ്ടുകൊല്ലങ്ങളിലും ഇളയ ആൾ തീരെ ചെറുതായിരുന്നു എന്നതും, നാട്ടിൽ നിന്നും വയസായ മാതാപിതാക്കൾ വന്നിരുന്നതും പുറത്തൊരിടത്ത് ടെന്റ് കെട്ടിയുള്ള ഒരു ക്യാമ്പിങ്ങിനു പോകുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ ആ പരാതി കയ്യോടെ തീർക്കുക എന്നതാണ് വേനലവധിയുടെ ഒരു പ്രധാന ആകർഷണം. ലോകത്തിലെ എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള കാര്യമാകും അത് - ആകാശം കാണുന്ന രീതിയിൽ ഒരിടത്ത് ഒരു കൂടാരം, അവിടെ രാത്രി നക്ഷത്രങ്ങളെയൊക്കെ കണ്ടൊരു ഉറക്കം. നാട്ടിൽ പലയിടങ്ങളിലും ഇപ്പോൾ ഇത്തരം ക്യാംപ് & ഹൈക്ക് ഒക്കെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. വലിയ കാശുമുടക്കിയുള്ള യാത്രകളും ഹൈക്കിങ്ങും ഒന്നും ചെയ്തില്ലെങ്കിലും സ്‌കൂൾ മുറ്റത്തോ, പള്ളി മൈതാനത്തോ  ഒക്കെ ഒരു ചെറിയ ക്യാംപിങ്, വാനനിരീക്ഷണം സംഘടിപ്പിച്ചാൽ അത് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവുംവലിയ സമ്മാനമാകും.
With the Tent he made :) 

Campfires are always fun 

WE 


അവധിക്കാലം ഇവിടെ മനോഹരകാഴ്ചകളുടെ കാലം കൂടിയാണ്.        അതിശൈത്യം കഴിഞ്ഞു മരങ്ങളിലൊക്കെ തളിരുകളും പൂവുകളും വന്നുതുടങ്ങി. ഒക്ടോബർ വരെ ഇവിടെ പ്രകൃതി  പലതരത്തിലുള്ള പൂവുകൾ, കായ്കൾ, നിറം മാറുന്ന ഇലകൾ ഒക്കെയായി ഒരു തൃശൂർപ്പൂരത്തിലെ കുടമാറ്റപ്രതീതിയാണ് കാഴ്ച വെക്കുക. മാത്രവുമല്ല ഇതൊരു "മൈഗ്രേഷൻ വേ" ആയത് കൊണ്ട് പലതരം കിളികൾ ദേശാടനം നടത്തുന്ന സമയം കൂടിയാണ്. മിക്ക വീടുകളുടെയും പുറത്ത് പക്ഷികൾക്കായി ഒരൽപം ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടാകും.  ഇവിടെ വീടിനു പിന്നാംപുറത്തും വലിയൊരു മേപ്പിൾ മരത്തിൽ  രണ്ട് കിളിക്കൂടുകൾ തൂക്കി - കിളിക്കൂട് എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല, പക്ഷികൾക്ക് തീറ്റ കൊടുക്കാവുന്ന തരം കൂടുകൾ. പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന കിളികൾക്ക് കൊടുക്കാൻ കഴിയുന്ന വിത്തിനങ്ങൾ, തിന ഒക്കെ കടയിൽ നിന്ന് വാങ്ങാൻ കിട്ടും. മെയ് തുടങ്ങിയപ്പോൾ തന്നെ പക്ഷിഭക്ഷണത്തിന്റെ ഒരു വലിയ കൂടു വാങ്ങി ആശാന്റെ കയ്യിൽ കൊടുത്തു. ഇനി വരുന്ന കിളികൾക്ക് സമയാസമയം അന്നം കൊടുക്കേണ്ട ജോലി അവനാണ്. കൂട്ടത്തിൽ രണ്ടു ബുക്കുകളും നൽകി - 1. Beginning Birdwatcher's Book: With 48 Stickers (Dover Children's Activity Books) 2. Backyard Birds (Field Guides for Young Naturalists). രണ്ടാമത്തെ ബുക്കിൽ പലതരം കിളികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ആണെങ്കിൽ, ഒന്നാമത്തേതിൽ ഓരോ കിളിയുടെയും സ്റ്റിക്കറുകളും അതിന്റെ ചെറുകുറിപ്പുകൾ എഴുതി ഒട്ടിയ്ക്കാനുള്ള ഒരു ഡയറി പോലെയുമാണ്. ആദ്യത്തെ പക്ഷിഡയറി അങ്ങനെ ഇക്കൊല്ലം മൂത്തവൻ കരസ്ഥമാക്കി. കിളികൾ കൂട്ടത്തോടെ വന്നുതുടങ്ങുന്ന സമയം ആകാഞ്ഞിട്ടുകൂടി ഏകദേശം 15 തരം കിളികളെ ആൾ കണ്ടുപിടിച്ച് സ്റ്റിക്കറൊക്കെ ഒട്ടിച്ച് ബുക്കിന്റെ പണി തുടങ്ങി. ഈ രണ്ടു ബുക്കുകളും ഇവിടെയുള്ള കിളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. പക്ഷേ, ഒന്ന് ശ്രമിച്ചാൽ  നാട്ടിലെ കിളികൾക്ക് വേണ്ടിയുള്ള ഇത്തരമൊരു ബുക്ക് കിട്ടിയേക്കും. എല്ലാ കുട്ടികൾക്കും ഒരു പ്രായം ആകുന്നിടം വരെ കിളിയും നക്ഷത്രവും ഇലകളും ഒക്കെ ഇഷ്ടമാണ്. 

T's Bird Book 


                  അങ്ങനെ ഇലകളെക്കുറിച്ചു പറഞ്ഞപ്പോൾ ആണ് മോനും ഞാനും കൂടി ചെയ്യുന്ന രണ്ടാമത്തെ സംഭവം ഓർമ വന്നത്. നമ്മുടെ നാട്ടിലെ ഓണക്കാലമുണ്ടല്ലോ അതുപോലാണ് ഇവിടെ ജൂൺ മുതൽ മിക്കയിടങ്ങളും. എങ്ങും പച്ചപ്പ്, പൂക്കൾ, ആഗസ്ത് ആകുമ്പോൾ പതുക്കെ നിറം മാറാൻ തുടങ്ങുന്ന ഇലകൾ. നാട്ടിൻപുറത്ത് ജനിച്ചുവളർന്ന ഒരു തലമുറയ്ക്ക് മിക്ക ഇലകളും കണ്ടാൽ അറിയാമായിരുന്നു, മിക്ക പൂക്കളും അറിയാമായിരുന്നു. ഇതിപ്പോ ജനിച്ചു വളർന്ന ഭൂമിശാസ്ത്രം അല്ലാത്തത് കൊണ്ട് മിക്കപ്പോഴും പലയിനം ചെടികളേയും കണ്ടാൽ മനസിലാകാറില്ല. അങ്ങനെയാണ് PlantNet  Plant  Identification  എന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്. അതുണ്ടെങ്കിൽ സംഗതി സിംപിൾ ആണ്, പക്ഷേ ഈ ആപ്പ് നല്ല പവർഫുൾ ആണ് കേട്ടോ. ഒന്നാം ക്ലാസ് മുതൽ ഏതാണ്ട് ഒരു ആറാം ക്ലാസ് വരെയൊക്കെ ഉള്ള കുട്ടികൾക്ക് ഇതൊരു ആകർഷണം തന്നെയാണ്.  നമുക്ക് ചുറ്റിനും കാണുന്ന  ഇലയും പൂവും ഒക്കെ ഈ ആപ്പിലൂടെ നോക്കിയാൽ പേരും നാളും ഉൾപ്പെടെ എല്ലാം കിട്ടും. നമ്മുടെ മൊബൈൽ കുഞ്ഞുങ്ങൾക്ക് ഗെയിം കളിക്കാൻ കൊടുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇമ്മാതിരി ചില നുറുങ്ങുപണികൾക്കായി അവർക്കൊപ്പം ടെക്നോളജി കൂട്ടുന്നത്. 


                    വർത്തമാനം ഫോണിനേയും പൂക്കളെയും ഒക്കെ കുറിച്ചായത് കൊണ്ട്  വേനലവധിക്ക് കാത്തുവെച്ചിരിക്കുന്ന മറ്റൊരു കാര്യം കൂടി മറന്നുപോകും മുൻപ് പറഞ്ഞേക്കാം. മൂത്തയാൾക്ക് 8 വയസ്സ് - ഞങ്ങളുടെ രണ്ടാളുടെയും ഫോൺ കൊടുക്കാൻ താല്പര്യമില്ല, എന്നാൽ ആശാന് ഫോട്ടോ എടുക്കാൻ ഇഷ്ടവുമാണ്. വീട്ടിലൊരു ഡിജിറ്റൽ കാമറയുണ്ട് - പക്ഷേ, അത് കൈകാര്യം ചെയ്യാനുള്ള അത്രയും ഉടത്തരവാദിത്തം അവനെ ഏൽപ്പിക്കാനും വയ്യ. അതുകൊണ്ട് ഏകദേശം മൊബൈൽ പോലെ കൈയിൽ ഒതുക്കാവുന്ന ഒരു ക്യാമറ സെക്കന്റ് ഹാൻഡ് വാങ്ങി. സംഭവം കയ്യിൽ കൊടുക്കും മുൻപ് പറയാൻ പോകുന്നത്  മൂന്നു മാസം കൊണ്ട് 1000 ഫോട്ടോ എടുക്കണം എന്നാണ്, ഒരു ദിവസം 10 ഫോട്ടോ വീതം എങ്കിലും  - നല്ലതെന്ന്‌ തോന്നുന്നവ അമ്മയുടെയോ അച്ഛന്റെയോ സഹായത്തോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാം അല്ലെങ്കിൽ പ്രിന്റ് എടുക്കാം. ഫോട്ടോ എന്തെടുക്കണം എന്നുള്ളതിൽ ഞങ്ങൾ കൈ കടത്തില്ല. എപ്പോൾ എടുക്കണം എന്നതിലും കൈ കടത്തില്ല. പക്ഷേ 90 ദിവസം കഴിയുമ്പോൾ 1000 ഫോട്ടോകളും അതിലൊരു 90 ആവർത്തിക്കപ്പെടാത്ത നല്ല ഫോട്ടോകളും ഉണ്ടാകണം. ഞങ്ങൾ കാത്തിരിക്കുകയാണ് എട്ടുവയസുകാരന്റെ  ക്യാമറക്കാഴ്ചകൾക്കായി.


ഞങ്ങൾ വേനലവധിക്കും പ്രകൃതി കാഴ്ചകൾക്കും ഒരുങ്ങുകയാണ്.. നാട്ടിൽ മഴ തിമിർത്തുപെയ്യാൻ തുടങ്ങുമ്പോൾ ഒരു പൂ പുതിയതായി കാണുമ്പോൾ, ഒരു മരം കാണുമ്പോൾ, ഒരു കിളിയെ കാണുമ്പോൾ നമുക്ക് കുഞ്ഞുങ്ങളെ കാട്ടിക്കൊടുക്കാം. ഓണം വരെയുള്ള സമയത്തേക്ക് ഇതിൽ ഏതെങ്കിലും ഒരു സംഭവം അവരോടൊപ്പം ചെയ്തുനോക്കൂ ... നമ്മളിലെ കൗതുകവും അവസാനിച്ചിട്ടില്ല എന്ന് തിരിച്ചറിയാം. കുട്ടികളുടെ കണ്ണിലൂടെ നമുക്കും ചുറ്റിനുമുള്ള പ്രകൃതിയെ കാണാം. 

(ജൂൺ 2019 ഔർകിഡ്സ്‌ മാഗസിൻ - പോസ്റ്റ് ചെയ്യാൻ വിട്ടുപോയ ഒരു ആർട്ടിക്കിൾ! - ഇതിൽ പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം ചെയ്തു - മൂന്നിനും നാലിനും പകരം ചെയ്തത് 100 ദിന വരയും , ശലഭ പ്രോജക്ടുമാണ്. അതിനെക്കുറിച്ചു വിശദമായി പിന്നാലെ ) 

Tuesday, October 22, 2019

സ്‌ക്രീൻ ടൈമിന്റെ പ്രത്യയശാസ്ത്രം

ഇന്നലെ ജനിച്ച കുഞ്ഞു മുതൽ 18 വയസുകാരി വരെയുള്ള കുഞ്ഞുങ്ങളെക്കുറിച്ചു മാതാപിതാക്കൾക്കുള്ള ഏറ്റവും സാധാരണമായ പരാതിയാണ് അന്തമില്ലാതെ നീളുന്ന സ്‌ക്രീൻ ടൈമുകൾ. "ഏതുനേരവും ടീവീയുടെ മുൻപിൽ ആണ് ", "കമ്പ്യൂട്ടർ ഗെയിം ഒഴിഞ്ഞിട്ടൊരു സമയമില്ല"
"മൊബൈൽ കിട്ടിയാലേ ഭക്ഷണം കഴിക്കൂന്നേ" "ആറുമാസം ആയിട്ടില്ല പക്ഷേ ടീവിയിലെ ശബ്ദം കേട്ടാൽ അപ്പോൾ തല പൊക്കിനോക്കും"  എന്നുവേണ്ട എല്ലാ തരത്തിൽപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചും തരാതരം പരാതികളുണ്ട് ഈ കാറ്റഗറിയിൽ!  പൊതുവായ ആരോഗ്യകാര്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് എന്റെ സന്താനങ്ങളുടെ "കാഴ്ചശീലങ്ങൾ" പറയാം.

സിനിമാനടൻ ആകണം എന്ന് ആഗ്രഹിച്ചു നടക്കുന്ന എട്ടുവയസുകാരൻ മൂത്ത പുത്രനെ സിനിമ കാണിക്കാതെ ഇരിക്കുന്നത് മോശമാണല്ലോ.  പണ്ടുകാലം മുതലേ സിനിമാപ്രാന്തരായ മാതാപിതാക്കൾ കുട്ടിയോട് പറഞ്ഞ കണ്ടീഷൻ ആഴ്ചയിൽ രണ്ടു സിനിമ കാണാൻ സമ്മതിക്കാം എന്നതാണ്. കേബിൾ ടീവി ഇല്ലാത്ത വീട്ടിൽ ഓൺലൈൻ സൈറ്റുകൾ തന്നെയാണ് ശരണം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം , മറ്റുചില തമിഴ് - മലയാളം സിനിമാ സൈറ്റുകൾ ഒക്കെയാണ് പൊതുവെ ഞങ്ങൾക്ക് ഇവിടെ ആശ്രയം. വെബ് സീരീസുകൾ/ കാർട്ടൂണുകൾ  പൊതുവേ വലിയ താല്പര്യമില്ല എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ആശാനും സിനിമ കാണാൻ കിട്ടുന്ന അവസരം കളഞ്ഞുകുളിക്കില്ല. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെയും അമ്മയുടെയും സിനിമ തുടങ്ങുമ്പോൾ മക്കൾക്കും സിനിമ കിട്ടും.  മലയാളം/തമിഴ്/ഹിന്ദി  കുടുംബചിത്രങ്ങൾ ആണെങ്കിൽ മക്കളേയും കൂടെക്കൂട്ടിയാണ് വെള്ളി രാത്രിയിലെ ഷോ.  അതല്ല കുഞ്ഞുങ്ങൾക്ക് അങ്ങനെയങ്ങട് സുഖിച്ചുകാണാൻ കഴിയാത്ത സിനിമയാണെങ്കിൽ കുട്ടികളുടെ ചലച്ചിത്രവിഭാഗത്തിൽ നിന്നും ഏതെങ്കിലും അവർക്ക് കാണാൻ വേണ്ടിയിട്ടുകൊടുക്കും. ചാനലുകൾ ഇല്ല എന്ന് നേരത്തെ പറഞ്ഞല്ലോ, അതുകൊണ്ട് തന്നെ ടീവിയിൽ സിനിമ ഗൂഗിൾ ക്രോം വഴി കാസ്റ്റ് ചെയ്തുകൊടുത്താലേ അവർക്ക് കാണാൻ കഴിയൂ. ഞങ്ങളുടെ  ലാപ്ടോപ്പ് / മൊബൈൽ രണ്ടാൾക്കും ഓഫ്‌ലിമിറ്സ് ആണ് . അച്ഛനോ അമ്മയോ അനുവാദം കൊടുത്താൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നവ. പ്രത്യേകിച്ചും  മൊബൈൽ - രണ്ടു മക്കൾക്കും എടുത്തുപെരുമാറാൻ കൊടുക്കാറില്ല , യുട്യൂബ് , ഗെയിംസ് ഒന്നും തന്നെ ഞങ്ങൾ കൊടുക്കാതെ പ്രവർത്തിപ്പിക്കാനും കഴിയില്ല.  


വല്ലപ്പോഴും എങ്കിലും 8  വയസുകാരന് കൂട്ടുകാർ പറഞ്ഞ ഒരു ഗെയിം കളിക്കണം എന്ന് തോന്നിയാൽ അവനു വേണ്ടി അവന്റെ മുൻപിൽ വെച്ച് ഗെയിം ഇൻസ്റ്റാൾ ചെയ്ത് കളിച്ചുകഴിഞ്ഞാൽ അപ്പോൾ തന്നെ uninstall  ചെയ്യുന്ന ഒരു "സൈക്കോ"  'അമ്മ കൂടിയാണ് ഞാൻ.  ഇത്രോം പണിപ്പെട്ട് കളിക്കേണ്ട എന്ന് കരുതിയാണോ എന്തോ മകന് അതങ്ങനെ ഒരു നിർബന്ധബുദ്ധി ആയിട്ട് വന്നിട്ടില്ല. ഇളയ മകന് ചില സീരീസുകൾ ഇഷ്ടം ആണ്, കുട്ടിപ്പാട്ടുകൾ പോലെയുള്ളവയും ചില കാർട്ടൂണുകളും ഒക്കെ.  സിനിമ കണ്ടു മനസിലാക്കാനുള്ള പ്രായം ആകാത്തത് കൊണ്ട് ഇടയ്ക്ക് ആശാനെ പ്രതിനിധീകരിച്ചു ചില കാർട്ടൂൺ സീരീസുകളും പാട്ടുകളും വെക്കാറുണ്ട്. വേനലവധിക്കാലത്ത്  ഏതാണ്ട് എല്ലാ ദിവസവും മൂത്തയാൾ ഒരു സിനിമ കണ്ടിരുന്നു - അത് കുറച്ചു കൂടുതൽ ആണെന്നു ഞങ്ങൾക്ക് തന്നെ തോന്നിയിരുന്നു, എങ്കിലും  സ്‌ക്രീൻ ഒഴിവാക്കിയുള്ള മറ്റുപല കാര്യങ്ങളും ആൾ ചെയ്തിരുന്നതിനാൽ ഇതൊരു "സമ്മർ ഫൺ" എന്ന രീതിയിൽ പ്രമേയം പാസാക്കിയിരുന്നു വീട്ടിൽ. അങ്ങനെ സിനിമ കാണാൻ കൊടുത്തിരുന്ന സമയത്ത് തന്നെ സ്‌കൂൾ തുറന്നാൽ സ്‌കൂളുള്ള ദിവസങ്ങളിൽ ടീവി  കാഴ്ചകൾ ഉണ്ടാകില്ല ചോദിക്കണ്ട എന്നൊരു നിബന്ധനയും വെച്ചിരുന്നു.  ഇപ്പോൾ സ്‌കൂൾ തുറന്നു രണ്ടാഴ്‌ച കഴിയുന്ന സമയത്ത് വീണ്ടും ഞങ്ങൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച രാത്രികളിലെ സിനിമാക്കാഴ്ചകളിലേക്ക് തിരികെ പോന്നിരിക്കുന്നു. 

വീട്ടിലെ പണിഷ്മെന്റുകളിൽ വളരെ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് "സ്ക്രീൻടൈം ഓഫ് "  എന്നത്. ടീവി  ഒരു പ്രലോഭനവും പാഷനുമായ മൂത്തയാൾക്കും, മൂത്തയാൾ ചെയ്യുന്നതെല്ലാം അനുകരിക്കുന്ന രണ്ടാമത്തവനും ടീവി വീക്കെൻഡ് കിട്ടാതെ ഇരിക്കുക എന്നത് അതിഭീകരമായ ശിക്ഷയാണ്. അതുകൊണ്ടുതന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പരിഹാരക്രിയകളും, നല്ല കുട്ടി സ്വഭാവം കടം മേടിക്കലുമൊക്കെ ഇവിടെ സ്ഥിരം നടക്കുന്ന സംഭവങ്ങൾ ആണ്. സ്‌കൂൾ പ്രവർത്തി ദിനങ്ങളിൽ സ്‌ക്രീൻ ടൈം ഇല്ലായെന്ന് അറിയാമെങ്കിലും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മൂത്തയാൾ രണ്ടാൾക്കുംവേണ്ടി ചെറുതായി ഒന്ന് സൂചിപ്പിച്ചുനോക്കും.  നടക്കുന്നില്ലഎന്ന്  കാണുമ്പോൾ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യും. രണ്ടുപേരുടെയും സ്വഭാവത്തിൽ നിന്നും തോന്നിയിട്ടുള്ള കാര്യം - ശീലങ്ങളാണ് എല്ലാം എന്നാണ്! 


1 ) ശീലം 

മൊബൈൽ എടുക്കാൻ പാടില്ല എന്നത് , ലാപ്ടോപ്പ് ഓണാക്കി കാർട്ടൂൺ കാണാൻ പാടില്ല എന്നത്,  അച്ഛനോ അമ്മയോ സമ്മതിക്കാതെ ടീവിപ്പരിപാടി കാണാൻ ശ്രമിക്കാതെ ഇരിക്കുക എന്നത് ഒക്കെ രണ്ടാൾക്കും ഉണ്ടാക്കിയ ഒരു ശീലമാണ്. കുഞ്ഞിലേ മൂത്തയാൾ കരയുമ്പോൾ ഒരിക്കലും മൊബൈൽ കൊടുത്തിരുത്തിരുന്നില്ല. സ്വാഭാവികമായും രണ്ടാളും ബിസി ആകുന്ന ദിവസങ്ങളിൽ ഇടയ്ക്കൊരു കാർട്ടൂൺ ഇട്ട് ഇരുത്തിയാൽ കൂടിയിരിക്കുന്ന ആൾക്കാർക്ക്  അവരുടെ പണി കുറഞ്ഞുകിട്ടും. പക്ഷേ അപ്പോഴും ടീവി ഓണാക്കി ഇഷ്ടമുള്ള കാർട്ടൂൺ മൊബൈലിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ടീവിയിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നത് കുഞ്ഞിലേ ശീലിപ്പിച്ച കാര്യമാണ്.  ടീവി/ യുട്യൂബ് / ഗൂഗിൾ എന്ത് ആവശ്യം ഉണ്ടെങ്കിലും അച്ഛനോടോ അമ്മയോടോ പറയുക - കുറച്ചുനാളുകൾ കഴിയുമ്പോൾ ഈ സമവാക്യം മാറും എന്നറിയാം. എങ്കിലും പറഞ്ഞാൽ മനസിലാകുന്ന  കാലത്തോളം ഇങ്ങനെ പോകട്ടെ എന്നാണ്.  മൊബൈൽ & ലാപ്ടോപ്പ് അച്ഛന്റെയും അമ്മയുടെയും ആണ് എന്ന് കുഞ്ഞുങ്ങളോട് ഉറപ്പിച്ചു പറയുന്നത് ഗുണം ചെയ്യും എന്നാണ് അനുഭവം. 


2)  സ്ക്രീൻടൈം -  ടൈംഔട്ട് 

നേരത്തേ സൂചിപ്പിച്ചത് പോലെ പണിഷ്മെന്റിലെ ആദ്യ ഐറ്റം തന്നെ സ്‌ക്രീൻ ടൈം കുറയ്ക്കുന്നത് ആക്കുക. ദുശീലങ്ങൾ, ദുർവാശി മുതലായവ കുട്ടികൾ കാണിക്കുമ്പോൾ  അടിക്കുന്നതിന്  പകരം അവർക്ക് വിഷമവും എന്നാൽ അവരിൽ ഇമ്പാക്ട് (മാറ്റം)  ഉണ്ടാകുന്ന തരത്തിലുളളത് ആക്കുന്നത് കുട്ടികളെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കും.  ഒരാഴ്ചത്തേക്ക് സ്ക്രീൻ ടൈം ഇല്ല എന്ന് പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുകയും വേണം ! അല്ലെങ്കിൽ ചിലപ്പോൾ ഭാവിയിൽ വിപരീതഫലം ആകും ഉണ്ടാകുക. 

3)  ഒരേകാര്യം ആവർത്തിച്ച്  ആവശ്യപ്പെട്ടാൽ 


ഒരേ കാര്യം തന്നെ പത്തുവട്ടം ആവർത്തിച്ചാൽ പ്രതീക്ഷിക്കാത്ത പ്രത്യാഘാതം ആണ് അത് ഉണ്ടാക്കുക എന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കുന്നത് നല്ലതാണ്.  ഉദാഹരണത്തിന് - കുട്ടിക്ക് ഇഷ്ടമുള്ള ഒരു വെബ് സീരിസ് കുറച്ചുസമയം കഴിഞ്ഞു കാണാൻ തീരുമാനിക്കുന്നു. പക്ഷേ,  ആ സമയം വരെ കാത്തുനിൽക്കാൻ ക്ഷമ ഇല്ലാതെ വീണ്ടും വീണ്ടും കുട്ടി അതിനു വേണ്ടി വാശി പിടിക്കുകയാണെങ്കിൽ  ടീവി ടൈം കൊടുക്കാതെ ഇരിക്കാം.  ഒന്നോരണ്ടോ വട്ടം ഇതേ ശൈലി  തുടരുമ്പോൾ കുട്ടികൾക്ക് കാര്യം മനസിലാകുകയും സ്‌ക്രീൻ ടൈമിന് വേണ്ടിയുള്ള  അനാവശ്യമായ വാശി ഇല്ലാതെയാകുകയും ചെയ്യുന്നതായാണ് അനുഭവം! 



4)  തീരെച്ചെറിയ കുഞ്ഞുങ്ങൾ 


തീരെച്ചെറിയ കുഞ്ഞുങ്ങളെ കഴിവതും സ്ക്രീൻ കാണിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ചോറ് കൊടുക്കുമ്പോൾ,  കിടന്നുള്ള കളികളിൽ ഒക്കെ ഇപ്പോ മിക്ക വീടുകളിലും ടീവി ഓൺ ചെയ്ത് കൊടുക്കുന്നതാണ്  പതിവ്. ഇത്തരം സന്ദർഭങ്ങളിൽ വീഡിയോ ഇല്ലാതെ പാട്ടുകൾ മാത്രം കേൾപ്പിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ കാഴ്ചയ്ക്ക് ഒരു പരിധി വരെ സംരക്ഷണം നൽകാം.  

5)  കംപ്യുട്ടർ/ മൊബൈൽ ഗെയിമുകൾ 


അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പ്രായത്തിനു അനുസരിച്ചു പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും ഏത് ഗെയിമും രക്ഷിതാക്കളുടെ അനുവാദത്തോടെയോ , സാന്നിധ്യത്തിലോ മാത്രം ആദ്യം കളിയ്ക്കാൻ  സമ്മതിക്കുകയും ചെയ്യുക. 


6)  ഇന്റർനെറ്റിന്റെ നല്ല  മുഖം


പരന്നുവിശാലമായി കിടക്കുന്ന ഈ ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചു കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കിക്കുക. അവർക്ക് ചെയ്യാൻ കഴിയുന്ന കണക്ക്, കോഡിങ്ങ് , സ്പെല്ലിങ് മുതലായവയുടെ നല്ലൊരു ശേഖരം തന്നെ ഗൂഗിളിന് നല്കാൻ കഴിയും.  ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം - നല്ലതും ചീത്തയും എന്താണെന്ന് കുഞ്ഞിലേ മുതലേ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും കൃത്യമായി അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക. ഓൺലൈൻ ആക്ടിവിറ്റീസ് രഹസ്യമായി പിന്തുടർന്ന് കണ്ടുപിടിക്കേണ്ട ആവശ്യമില്ല.  മക്കളോട് വിശ്വാസം ഇല്ലാത്തതു പോലെയുള്ള പെരുമാറ്റവും ദോഷകരം ആണ്. പകരം അച്ഛനും അമ്മയും ഇതൊക്കെ നോക്കുമെന്നും കുറച്ചുകൂടെ മുതിരും വരെ അത് ആവശ്യമാണ് എന്നും പറഞ്ഞു ബോധ്യപ്പെടുത്തുക. 


സ്‌ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിക്കുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുള്ളത്  നമുക്ക് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ വരുമ്പോൾ ആണ് ഇത്തരം സഹായക മാദ്ധ്യമങ്ങൾ അത്യാവശ്യം ആയി വരുന്നത്. അതിനുപകരം ടീവി ടൈം എന്നത് ഒരു വിനോദോപാധി ആണെന്ന രീതിയിലേക്ക് മാറ്റിയാൽ കുട്ടികളുടെ അഡിക്ഷൻ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചേക്കും. 

(OurKids September 2019Edition)

Sunday, October 14, 2018

ഓര്‍ത്തുവെക്കാന്‍ പത്ത് കല്‍പ്പനകള്‍

കണ്ടും കേട്ടും അനുഭവിച്ചും ഞാന്‍ മനസിലാക്കിക്കൊണ്ടിരിക്കുന്ന പേരെന്റിംഗിനെക്കുറിച്ചാണ് എപ്പോഴും ഇവിടെ പറയാറുള്ളത്. ഏഴും രണ്ടും വയസുള്ള മക്കള്‍ ഓരോര ദിവസവും ഓരോ കാര്യം ഓരോ രീതിയില്‍ പഠിപ്പിക്കാറുമുണ്ട്. ഓരോ കുട്ടിയും ഓരോ രീതിയില്‍ വ്യത്യസ്തര്‍ ആയിരിക്കുമ്പോള്‍ തന്നെ എല്ലാ കുഞ്ഞുങ്ങള്‍ക്കും പൊതുവായി ഉള്ള ചില കാര്യങ്ങള്‍ ഇവരോട് ഇടപഴകുമ്പോള്‍ തോന്നുകയും ചെയ്യും. ഇടയ്ക്കിടെ കുഞ്ഞുങ്ങളുടെ സൈക്കോളജി കൈകാര്യം ചെയ്യുന്നവരോട് സംസാരിക്കുമ്പോള്‍ ഈക്കാര്യം അവര്‍ പറയാറുമുണ്ട്. എന്തുകൊണ്ടോ മറ്റുള്ളവരുടെ കുഞ്ഞുങ്ങളെ മനസിലാക്കുംപോലെ നമ്മള്‍ നമ്മുടെ കുട്ടികളെ മനസിലാക്കാന്‍ ശ്രമിക്കാറില്ല എന്ന് തോന്നുന്നു. സ്വന്തം കുട്ടി ചെയ്യുന്ന കുഞ്ഞുകുറുമ്പിന് പോലും നാഗവല്ലി മോഡിലേക്ക് ആകുന്ന അമ്മമാരെയും  (ഞാനുള്‍പ്പെടെ ഉള്ള അമ്മമാര്‍!) ചാക്കോ മാഷുമാരാകുന്ന അച്ഛന്മാരേയും കാണാറുണ്ട് . എന്നാല്‍ അതെ കാര്യം മറ്റൊരു കുട്ടി ചെയ്യുമ്പോള്‍ പറഞ്ഞു തിരുത്താനോ, സാഹചര്യത്തിന് അനുസരിച്ച് കൊഞ്ചിക്കാനോ, ആ ചെയ്ത കാര്യത്തിനെ വാത്സല്യത്തോടെ ആസ്വദിക്കാനോ പലപ്പോഴും അവര്‍ തയ്യാറാകുകയും ചെയ്യും. ഇതിന് പുറകില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടാകാം - എന്നാല്‍ ഏറ്റവും പ്രധാനം എന്‍റെ കുട്ടി അങ്ങനെ ചെയ്യില്ല എന്നോ / എന്‍റെ കുട്ടി അങ്ങനെ ചെയ്യാന്‍ പാടില്ല എന്നോ രക്ഷിതാക്കളില്‍ ഉറച്ചുപോകുന്ന ഒരു വിചാരമാണ്. കുട്ടി എന്നത് ഒരു വ്യക്തി ആണെന്നും  അവര്‍ക്ക് അവരുടേതായ സ്വഭാവ സവിശേഷതകള്‍ ഉണ്ടെന്നും മനസിലാക്കാത്തിടത്തോളം കാലം കുട്ടികളെ അംഗീകരിക്കാന്‍ നമുക്ക് ബുദ്ധിമുട്ട് തോന്നാം. ഇത്തവണത്തെ നമ്മുടെ പത്തു കല്‍പ്പനകള്‍ കുട്ടികളുടെ മനശാസ്ത്രം പഠിച്ചവരില്‍ നിന്നുള്ള ചില 'ടിപ്സ് and ട്രിക്ക്സ് ' ആണ് - ഏഴുവയസുകാരനെ കൂടെ നടത്താന്‍ ഞാന്‍ കുഴങ്ങിയ ചില കാര്യങ്ങള്‍ക്ക് എനിക്ക് സഹായം കിട്ടിയത് ഇതില്‍ നിന്നാണ്.  ഒരുപക്ഷേ, ഇതുവായിക്കുന്നവരില്‍ ഒരാള്‍ക്ക് ഈ പത്തു കാര്യങ്ങളിലൊന്ന് ആശ്വാസമായിത്തോന്നിയാലോ എന്ന ചിന്തയില്‍ പങ്കുവെക്കുന്നു.

1. Its O.K for a child to be mad at you - കുഞ്ഞുങ്ങള്‍ക്കും  നാഗവല്ലി / ചാക്കോമാഷ് ആകാം: 

ഇത് വായിച്ചപ്പോള്‍ ഉള്ളൊന്നു കാളിയില്ലേ ?? എനിക്കറിയാം - കാരണം നമുക്ക് ആ കാര്യം സങ്കല്‍പ്പിക്കാന്‍ കുറച്ചു പ്രയാസമാണ്. മക്കള്‍ എത്ര ചെറിയവരോ വലിയവരോ ആകട്ടെ നമ്മളെ വഴക്ക് പറയുന്ന, നമ്മളോട് ദേഷ്യപ്പെടുന്ന അവസ്ഥ ചിന്തിക്കാന്‍ തന്നെ വിഷമമാണ് അല്ലേ. പക്ഷേ, കുഞ്ഞുങ്ങള്‍ വ്യക്തികള്‍ ആണെന്ന് മനസിലാക്കാനുള്ള ഏറ്റവും നല്ല വഴി അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സമ്മതിക്കുക എന്നതാണ്. നമുക്ക് അവരെ വഴക്ക് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ അവര്‍ക്ക് നമ്മളോടും അതേ വികാരം പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നുള്ള ഒരു ബോധം കുട്ടികളില്‍ ഉണ്ടാകുന്നത് അവരില്‍ക്കൂടുതല്‍ EQ ഉണ്ടാകാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. തോല്‍ക്കാന്‍ പഠിപ്പിക്കുന്നതും, ദേഷ്യവും നിരാശയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും ഒക്കെ മുന്നോട്ടുള്ള പരിശീലനങ്ങളാകാം. ജീവിതത്തിലെ കയറ്റവും ഇറക്കവും മനസ്സിലാക്കാന്‍ കുട്ടികളെ പ്രാപ്തരാക്കാന്‍ ഈ തിരിച്ചറിവുകള്‍ക്കാകും. 

2.  കുട്ടികളെ ബഹുമാനിക്കാം - Give Respect, Take Respect:

കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതിനൊപ്പം തന്നെ ചെയ്യാവുന്ന കാര്യമാണ് അവര്‍ക്ക് ബഹുമാനം കൊടുക്കുക എന്നുള്ളത്. കുറ്റങ്ങളും കുറവും പറഞ്ഞു കളിയാക്കുക, അടിക്കുക തുടങ്ങിയ  പ്രവര്‍ത്തികള്‍ ചെയ്താല്‍ ഗുണത്തെക്കാള്‍ ദോഷമാണ് ചെയ്യുക. കുട്ടികള്‍ എല്ലാക്കാര്യവും അനുകരിക്കാന്‍ ഇഷ്ടമുള്ളവരാണ്. കാണുന്നതെന്തും മറ്റുള്ളവരില്‍ പരീക്ഷിച്ചു നോക്കാനുള്ള പ്രവണത ഉള്ളവര്‍. മറ്റു കുട്ടികളെ അടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് പങ്കുവയ്ക്കാന്‍ അടിയുടെ കഥകള്‍ ഉണ്ടാകാം. അച്ഛനും അമ്മയ്ക്കും ദേഷ്യം  വരാന്‍ പാടില്ല എന്നല്ല, അങ്ങനെ വരുന്ന സന്ദര്‍ഭത്തില്‍ ഒന്ന് മാറിനിന്നു തിരിച്ചുവരുന്നത് കൂടുതല്‍ തെളിഞ്ഞ ചിന്തയോടെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിച്ചേക്കും.  ഇങ്ങനെയൊക്കെ പറയുമെങ്കിലും മിക്കപ്പോഴും അത് സാധിക്കാറില്ല എന്നുള്ള എന്നെപ്പോലെയുള്ളവര്‍ക്ക് ആ പൊട്ടിത്തെറി കഴിഞ്ഞു കുഞ്ഞുങ്ങളോട് സ്വന്തം ദൌര്‍ബല്യം തുറന്നു പറയുക എന്നതാണ് ചെയ്യാവുന്ന പ്രതിവിധി! 

3. ഫലപ്രദമായ നിര്‍ദ്ദേശങ്ങള്‍ -  Effective  Instructions: 

കുട്ടികളോട് നിര്‍ദേശങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന അമ്മയോ അച്ഛനോ ആണോ നിങ്ങള്‍? എങ്കില്‍ അറിയാതെ എങ്കിലും നിങ്ങളെ അവഗണിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നിര്‍ദേശങ്ങള്‍ കൊടുത്തിട്ട് കുഞ്ഞുങ്ങള്‍ക്ക് പ്രതികരിക്കാന്‍ ഉള്ള സമയം കൊടുക്കുക എന്നതാണ് കൂടുതല്‍ ഫലപ്രദമായ രീതി. 

4. പ്രതീക്ഷിക്കാവുന്ന അനന്തരഫലങ്ങള്‍ക്ക് പ്രാപ്തരാക്കുക - Natural Consequences :

വളരെയധികം ശ്രമകരവും എന്നാല്‍ നടപ്പിലാക്കിയാല്‍ ഫലപ്രദവുമായ ഒരു നിര്‍ദേശമാണ് ഇത്. പക്ഷേ ഒരിക്കല്‍ അനുഭവം ഉണ്ടായാല്‍ അതൊരു ജീവിതകാലത്തേക്ക് കുട്ടികള്‍ കൂടെ കൂട്ടുകയും ചെയ്യും. പലപ്പോഴും 'അരുതു'കള്‍ കൊണ്ട് വിലക്കിട്ടാണ് കുഞ്ഞുങ്ങള്‍ വളരുക. അപകടകരമല്ലാത്ത അതിരുകളെ  അവര്‍ ചെയ്തു പഠിച്ചാല്‍, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള സ്വാഭാവിക കഴിവ് വന്നുചെരുമെന്നു പഠനങ്ങള്‍ പറയുന്നു.  മുറി ക്ലീന്‍ ചെയ്തില്ലെങ്കില്‍ വീഡിയോ ഗെയിം തരില്ല എന്ന് പറയുന്നതിന് പകരം, ക്ലീന്‍ അല്ലാത്ത റൂമിലെ ബുദ്ധിമുട്ടുകള്‍ മകനെ /മകളെ പ്രായോഗികതലത്തില്‍ അറിയിച്ചു കൊടുക്കുന്നത് അടുത്ത തവണ മുറി വൃത്തിയാക്കാന്‍ കൂടുതല്‍ ഫലപ്രദം ആകുമെന്ന് സാരം. 

5. ഉത്തരങ്ങള്‍/പ്രതിവിധികള്‍  ഒരുമിച്ചു കണ്ടെത്തുക - Solve it together  : 

പലപ്പോഴും പ്രശ്നക്കാരന്‍/ പ്രശ്നക്കാരി ആയിട്ടുള്ള ഒരു കുഞ്ഞിനു പുറകില്‍ അതിലേക്കെത്തിക്കുന്ന ഒന്നോ അതില്‍ കൂടുതലോ കാരണങ്ങള്‍ ഉണ്ടാകാം. കുട്ടിയല്ല പ്രശ്നമെന്നും , കുട്ടിക്ക് പറയാനുള്ളതാണ് പ്രശ്നകാരണം എന്നും അത്  എന്താണെന്നും കണ്ടുപിടിച്ചാല്‍ മിക്കപ്പോഴും പ്രതിവിധി മുന്നില്‍ തന്നെയുണ്ടാകും. മാത്രവുമല്ല ഒരുമിച്ചു സംസാരിച്ചു പരിഹരിക്കുന്നതിലൂടെ പലപ്പോഴും മാതാപിതാക്കളിലുള്ള വിശ്വാസവും വര്‍ദ്ധിക്കുന്നു. കുഴപ്പങ്ങളില്‍ ചെന്ന് ചാടിയാലും പരിഹാരം കണ്ടെത്താന്‍ ഉള്ള ഒരു സപ്പോര്‍ട്ട് സിസ്റ്റം കൂടെയുണ്ടെന്നത് ആത്മവിശ്വാസമുള്ള ഒരു തലമുറയെ വളര്‍ന്നുവരാന്‍ സഹായിക്കും. 

6. പുകഴ്ത്താന്‍ മടിക്കരുത് : 

ഇന്നത്തെ തലമുറയിലെ മിക്ക മാതാപിതാക്കളും മക്കളെ പുകഴ്ത്തുന്നതില്‍ പിശുക്ക് കാണിക്കാത്തവരാണ്. അധികമായാല്‍ അമൃതും വിഷമാണെന്ന രീതിയില്‍ പോകാതെ ശ്രദ്ധിക്കണം എന്നുളളത് ഒഴിച്ചാല്‍ നല്ല വാക്കുകള്‍ കുഞ്ഞുങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. മറ്റുള്ളവര്‍ക്ക് മുന്‍പില്‍  വെച്ച് കുട്ടികളുടെ കുറ്റങ്ങള്‍ പറയരുത് എന്നുളളത് ഒരു അലിഖിതനിയമം ആക്കുന്നതോടൊപ്പം അര്‍ഹിക്കുന്ന അഭിനന്ദനങ്ങള്‍ അവര്‍ക്ക് നല്കാന്‍ മടിക്കരുത് എന്നും ഒരു നിയമമാക്കുക.

7. അച്ചടക്കം എന്നത് ഒരു ശീലമാകണം : 

പലപ്പോഴും പല കുടുംബങ്ങളിലും അവരുടേതായ രീതിയിലാകും അച്ചടക്ക നടപടികള്‍ പിന്തുടരുക. നിങ്ങളുടെ കുടുംബത്തിനു യോജിച്ച രീതിയില്‍ ഏത് നിയമങ്ങളും കുട്ടികള്‍ക്ക് /നിങ്ങള്‍ക്കും തിരഞ്ഞെടുക്കാം. പക്ഷേ, എന്തും സ്ഥിരമായ രീതിയില്‍ ആകണം. ഒരേ കുറ്റത്തിന് രണ്ടു രീതിയില്‍ പ്രതികരിക്കുന്നത് കുഞ്ഞുങ്ങളെ വളരെയധികം ചിന്താകുഴപ്പത്തില്‍ ആക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 

8. വികൃതിക്കുട്ടികളെ ശ്രദ്ധിക്കാം : 

പലപ്പോഴും കുട്ടികള്‍ വികൃതി കാണിക്കുകയോ കുസൃതി കാണിക്കുകയോ ചെയ്യുന്നത് അച്ഛനമ്മമാരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ ആകും. കുസൃതി കാണിക്കുന്ന കുട്ടിയെ വഴക്കു പറയുന്ന അച്ഛനമ്മമാരോട് പറയാനുള്ളത്, അവര്‍  അവരെ ശ്രദ്ധിക്കൂ എന്ന് ഏറ്റവും മനോഹരമായി നിങ്ങളോട് പറയുകയാണ് ഓരോ കുബുദ്ധികളിലൂടെ. താഴെയിട്ടു പൊട്ടിക്കുന്ന പൂച്ചട്ടി മുതല്‍ അടുത്തിരിക്കുന്ന കുട്ടിയെ മാന്തുന്നത് വരെ - അവര്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. അവരെ കേട്ടുനോക്കൂ, കൂടുതല്‍ മനസിലാക്കാനാകും.

9. നിയമങ്ങള്‍ ശിക്ഷാനടപടികള്‍ ആകരുത്, ജീവിത ശീലങ്ങള്‍ ആകണം - 

ഒരിക്കലും കുട്ടികളെ ശിക്ഷിക്കാന്‍ വേണ്ടി അച്ചടക്കം പഠിപ്പിക്കരുത്.  ജീവിതത്തിലേക്കുള്ള നല്ല പാഠങ്ങള്‍ ശീലമാക്കാന്‍ വേണ്ടിയാകാം ഏതു രീതിയിലുള്ള നിയമവും കുട്ടികളോട് പറയുന്നത്.  ശിക്ഷയായി അടിച്ചേല്‍പ്പിക്കപ്പെടുന്ന നല്ല ശീലങ്ങള്‍ പൊതുവേ കുട്ടികളെ റിബല്‍ ആക്കുകയും ആ ശീലങ്ങളെ ധിക്കരിച്ചു കാണിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

10. തന്നോളമായാല്‍ താനെന്ന് വിളിക്കാം - 

അടക്കയായാല്‍ മടിയില്‍ വെക്കാമെന്നും അടക്കമരമായാല്‍ അതിനു നിര്‍വാഹമില്ല എന്നും പണ്ടുള്ളവര്‍ പറഞ്ഞുകേട്ടത് തന്നെയാണ് ഈ പറച്ചില്‍. കൌമാരക്കാരെ കേള്‍ക്കാം, അവരുടെ വാക്കുകള്‍ക്ക്/ അഭിപ്രായങ്ങള്‍ക്ക്  അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കാം. 18 വയസാകുന്ന കുട്ടിക്ക് വോട്ടവകാശം മാത്രമല്ല കിട്ടുന്നത്  ഉത്തരവാദിത്തങ്ങളും അവകാശങ്ങളും അച്ഛനമ്മമാരോടുള്ള അടുപ്പവും ഒക്കെ തീരുമാനിക്കപ്പെടുന്ന കാലമാണ് അത്. വീട്ടില്‍ നിന്ന് കിട്ടുന്ന അംഗീകാരം എപ്പോഴും കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്തമുള്ള പൌരന്മാര്‍ ആകാന്‍ സഹായിക്കും. 

 ഈ പത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ പറ്റണമെന്നില്ല, പറ്റായ്കയുമില്ല. ഈ പറഞ്ഞവയെല്ലാം എല്ലാ കുട്ടികള്‍ക്കും, അച്ഛനമ്മമാര്‍ക്കും ബാധകം ആകണമെന്നുമില്ല.എങ്കിലും ഏതെങ്കിലും വഴിത്തിരിവുകളില്‍ ഇതില്‍ ഏതെങ്കിലും ഒന്ന് നമ്മുടെ രക്ഷയ്ക്ക് എത്താം. 

(വിവരങ്ങള്‍ക്ക് കടപ്പാട് :  Research conducted by VeryWellFamily Organization)


(Published in Ourkids - 2018July Edition) 


Thursday, September 28, 2017

പാസിഫയറും ചിമ്പുപ്പാവയും കുരുന്നുകളും

കരയുന്ന കുഞ്ഞുവാവകളുടെ കൂടെയാകട്ടെ നമ്മുടെ ഇത്തവണത്തെ കറക്കം. കുഞ്ഞാവകള്‍ക്ക് വേണ്ടിയുള്ള ചില സൂത്രങ്ങള്‍ ഇവിടെ കണ്ടപ്പോള്‍ അതൊക്കെ നിങ്ങളോട് ഒന്ന് പങ്കു വെക്കാമെന്നു കരുതി.  രണ്ടാമത്തെ മകന് ഒരു വയസു കഴിഞ്ഞതേയുള്ളൂ എന്നത് കൊണ്ട് കരയുന്ന കുഞ്ഞാവയെക്കാണാന്‍ എനിക്കൊത്തിരി ദൂരമൊന്നും പോകണ്ട. ഇവിടെയുള്ള ആശുപത്രികളില്‍ നിന്നും പ്രസവം കഴിഞ്ഞു കുഞ്ഞിനേയും കൊണ്ട് വീട്ടിലേക്ക് പോരണമെങ്കില്‍ കുഞ്ഞിനുള്ള കാര്‍ സീറ്റ്‌ കാണിച്ചാലേ പറ്റൂ എന്ന് തമാശയായി പറയാറുണ്ട്. ആ പറച്ചിലില്‍ ഒരല്‍പം കാര്യവുമുണ്ട്. ചെറിയ കുട്ടികള്‍ക്ക് പിറകിലേക്ക് നോക്കിയിരുത്തുന്ന രീതിയിലുള്ള ഇന്ഫന്റ്റ് കാരിയര്‍ സീറ്റുകളും, രണ്ടു വയസിനു മുകളിലുള്ള കുഞ്ഞുങ്ങള്‍ക്ക് മുന്‍പിലേക്ക് നോക്കിയിരിക്കാവുന്ന തരത്തിലുള്ള  സീറ്റുകളും, അല്പം കൂടി മുതിര്‍ന്ന കുട്ടികള്‍ക്ക് പൊക്കം കൂട്ടിയുപയോഗിക്കാവുന്ന ബൂസ്ടര്‍ സീറ്റുകളും ഇവിടെ നിര്‍ബന്ധം ആണ്. ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും ഇങ്ങനെയൊക്കെ തന്നെയാകണം. അങ്ങനെ ആശുപത്രി വിട്ടു കുഞ്ഞപ്പനേം കൊണ്ട് പോകാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്നും നമുക്കൊരു കുഞ്ഞുപൊതി കൂടിത്തന്നിരുന്നു. മോന് രണ്ടു മൂന്നു ദിവസത്തേക്ക് വേണ്ട ഡയപ്പറുകള്‍, തുടക്കാന്‍ വേണ്ട ടിഷ്യു, കുളിപ്പിക്കാന്‍ ചൂടുവെള്ളം എടുക്കാന്‍ പാകത്തിനൊരു ചെറിയ പ്ലാസ്റ്റിക്‌ ബേസിന്‍, കുഞ്ഞിന്‍റെ മൂക്കോ ചെവിയോ ഒക്കെ വൃത്തിയാക്കാന്‍ ഫണല്‍ പോലൊരു സാധനം, പിന്നെ ഒരു പാസിഫയര്‍, കുഞ്ഞു കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ വായില്‍ വെച്ചുകൊടുക്കാന്‍!




പാസിഫയര്‍ എന്നതൊരു ജീവശ്വാസം പോലെ കൊണ്ടുനടക്കുന്ന കുട്ടികളെ കണ്ടിട്ടുള്ളത് കൊണ്ടോ എന്തോ കുഞ്ഞിനുപയോഗിക്കാന്‍ നല്കാന്‍ അത്രയ്ക്ക് ഇഷ്ടമുണ്ടായിരുന്നില്ല ഞങ്ങള്‍ക്ക്. പക്ഷേ, വിചാരിക്കുന്നത്ര കുഴപ്പക്കാരനുമല്ല ഈ പാസിഫയര്‍. പലപ്പോഴും അമ്മമാര്‍ക്ക് പാസിഫയര്‍ ഉണ്ടെങ്കില്‍ പകുതി ജോലി കുറയുകയും ചെയ്യും. അനാവശ്യ കരച്ചിലുകള്‍ ഒഴിവാക്കാം, പാലു കുടിച്ച് ഉറങ്ങുന്ന ശീലം ഒഴിവാക്കാം.  ഗുണങ്ങള്‍ക്കൊപ്പം ചില്ലറ ദോഷങ്ങള്‍ സഹിക്കുകയും വേണം. കുട്ടികള്‍ പാസിഫയര്‍ ഇല്ലാതെ ഉറങ്ങില്ല എന്ന അവസ്ഥയും ഉണര്‍ന്നിരിക്കുമ്പോള്‍ പോലും വായില്‍ ഈ സാധനം ഇല്ലാതെ നടക്കാന്‍ പറ്റാതെ കുട്ടികള്‍ക്ക് ഒരു അഡിക്ഷന്‍ വരുകയും ചെയ്യുന്നു. പല്ലിനു കേടുവരാനും പലപ്പോഴും തറയില്‍ വീണതിനു ശേഷം കുട്ടികള്‍ തന്നെ എടുത്തു വായില്‍ വെക്കുന്നതിനാല്‍ ഇന്‍ഫെക്ഷന്‍ വരാനും സാദ്ധ്യത കൂടുതലാണ് പാസിഫയര്‍ ഉപയോഗിക്കുന്ന കുട്ടികളില്‍.

ഡേ-കെയറിലും മറ്റും പോകുന്ന ചെറിയ കുട്ടികളുടെ കയ്യില്‍ മിക്കവാറും ഉണ്ടാകാറുള്ള ഒരു സാധനം ആണ് ചെറിയൊരു ഷീറ്റ് (ബ്ലാന്കെറ്റ്) അല്ലെങ്കില്‍ ഒരു സോഫ്റ്റ്‌ ടോയ്. മിക്കപ്പോഴും കുട്ടികള്‍ക്ക് ഉറങ്ങാനുള്ള കൂട്ടായിരിക്കും ഈ സോഫ്റ്റ്‌ടോയ്. വീട്ടില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ തോന്നുന്ന അരക്ഷിതാവസ്ഥയെ മറികടക്കാന്‍ മിക്ക കുട്ടികളും പരിചിതമായ ബ്ലാങ്കെറ്റിനെയും കെട്ടിപ്പിടിച്ചുറങ്ങുന്ന കളിപ്പാവകളെയും ആശ്രയിക്കുന്നു. ഒരു ദിവസമൊരു  സുഹൃത്തിന്‍റെ വീട്ടില്‍ പോയപ്പോള്‍ ഒരു കുഞ്ഞു പെന്‍ഗ്വിന്‍ പാവയെ കണ്ടു. കാറില്‍ കയറിയപ്പോള്‍ അവിടെയും കണ്ടു അതുപോലൊന്ന്. വീണ്ടും അതേ നിറത്തില്‍ വലുപ്പത്തില്‍ സയാമീസ് ഇരട്ടയെപ്പോലെ  ഒരെണ്ണം കൂടി കണ്ടപ്പോഴാണ് എന്താണീ കുഞ്ഞു പെന്ഗ്വിനുകളുടെ പ്രത്യേകത എന്ന് ചോദിക്കേണ്ടി വന്നത്. കുഞ്ഞു പെന്‍ഗ്വിന്‍ ഉണ്ടെങ്കില്‍ മാത്രം ഉറങ്ങുന്ന, സ്വന്തം വീടിനു പുറത്തു വന്നാല്‍ ആ കുഞ്ഞുപെന്ഗ്വിനെ കയ്യില്‍ പിടിച്ചു മാത്രം നടക്കുന്ന ഒരു കുഞ്ഞാണ് സുഹൃത്തിന്. എവിടെയെങ്കിലും പോകാനിറങ്ങിക്കഴിഞ്ഞു പകുതി വഴിക്ക് ഈ  പെന്‍ഗ്വിന്‍ ഇല്ലെന്നറിയുമ്പോള്‍ കുട്ടിയുണ്ടാക്കുന്ന കരച്ചില്‍ ബഹളമൊഴിവാക്കാന്‍ കാണിച്ചൊരു ബുദ്ധിയായിരുന്നു ഒരേപോലെയുള്ള  പെന്‍ഗ്വിന്‍ കുഞ്ഞുങ്ങളെ വീട്ടിലും കാറിലും ഒക്കെ വാങ്ങി വെക്കുകയെന്നത്. ബ്ലാങ്കെറ്റിന്‍റെ സുരക്ഷിതത്വം ഒരു തുടര്‍ച്ചയായ കുഞ്ഞ് പിന്നെ എവിടെ പോകുമ്പോളും വാലുപോലെ ആ തുണിയും കൂടെപ്പിടിച്ചു നടന്ന കഥകളുമുണ്ട്.

ഇതൊക്കെയ്ക്കും ഡോക്ടര്‍മാര്‍ പറയുന്ന കാരണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ചെറുപ്രായത്തില്‍ ഉണ്ടാകുന്ന stranger anxiety ആണ് ഇവിടുത്തെ വില്ലന്‍ എന്നാണ്.  എന്നാല്‍ ഈ വില്ലനും അത്ര കുഴപ്പക്കാരന്‍ അല്ല. പലപ്പോഴും 'പരിചയക്കുറവ്' അഥവാ 'തിരിച്ചറിയല്‍' കുഞ്ഞുങ്ങളില്‍ കണ്ടു തുടങ്ങുന്നത് ഒരു 6-7 മാസം പ്രായം കഴിയുമ്പോഴാണ്. നമ്മുടെ  നാട്ടില്‍ പലപ്പോഴും പറയുന്നത് കേള്‍ക്കാം, "ഇപ്പൊ വാവയ്ക്ക് ആളുകളെ ഒക്കെ കണ്ടാല്‍ അറിയാം, അമ്മയുടെ കയ്യില്‍ മാത്രേ ഇരിക്കൂ, അല്ലെങ്കില്‍ അച്ഛമ്മയെ കണ്ടാല്‍ മാത്രേ ചിരിക്കൂ" എന്നൊക്കെ. stranger anxiety അഥവാ അപരിചിതരെക്കാണുമ്പോള്‍ ഉള്ള ഉത്കണ്ഠ ആണ് പൊതു ഇടങ്ങളില്‍ കുഞ്ഞുങ്ങളെക്കൊണ്ട് കരയിപ്പിക്കുന്നതും, അമ്മയോടോ അല്ലെങ്കില്‍ അതുപോലെ അടുപ്പമുള്ളവരോട് മാത്രം ചേര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കുന്നതും. കുഞ്ഞുങ്ങളെ ചെറുപ്പം മുതല്‍ ഒറ്റയ്ക്ക് കിടത്താനും ഉറക്കാനും, കഴിക്കാനും ഒക്കെ പ്രേരിപ്പിക്കുന്ന ഒരു സമൂഹം ആയതുകൊണ്ട് തന്നെ ഇവിടെ കുഞ്ഞുങ്ങളുടെ ആ ഒരു ആശങ്ക ഒഴിവാക്കാനുള്ള ഒരു സൂത്രമാണ് പലപ്പോഴും ഓമനക്കളിപ്പാട്ടങ്ങളും, അവരുടെ മാത്രം സ്വന്തമായ പുതപ്പും ഒക്കെ. അച്ഛനുമമ്മയും ഡേകെയറുകളില്‍ വിട്ടിട്ടുപോകുമ്പോളുണ്ടാകുന്ന ഒറ്റപ്പെടലിന്‍റെ മാനസിക പിരിമുറുക്കങ്ങള്‍ ഒരു പരിധി വരെ തടയാന്‍ ഈ "സ്വന്തം" സാധനങ്ങള്‍ക്ക് കഴിയും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വിട്ടുപോകാന്‍ പറ്റാത്ത വണ്ണം ഒട്ടിച്ചേര്‍ന്നാല്‍ മാത്രമേ ഇതൊക്ക ഒരു പ്രശ്നം ആകുകയുമുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം പകരാന്‍ അവരുടെ കുഞ്ഞിപെന്ഗ്വിനും, ചിമ്പുപ്പാവയ്ക്കും ഒക്കെ കഴിയുമെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?



ആദ്യമായി അച്ഛനും അമ്മയും ആകുന്ന ആളുകള്‍ക്ക് ജീവിതം എളുപ്പമാകാനുള്ള കുറെയേറെ സംഭവങ്ങള്‍ ഇവിടെ ഉണ്ട്. നാട്ടിലും പലരും ഇപ്പോള്‍ ഇതൊക്കെ ഉപയോഗിച്ച് തുടങ്ങിയെന്നു തോന്നുന്നു. അച്ഛനമ്മമാര്‍ക്ക് ആശ്വാസം നല്‍കുന്ന മറ്റൊരു സംഭവം ആണ് മോണിറ്ററുകള്‍. ഒരു ജോഡിയായി കിട്ടുന്നതില്‍ ഒരെണ്ണം കുഞ്ഞിന്‍റെ മുറിയിലും മറ്റൊരെണ്ണം നമ്മുടെ കയ്യിലും വെച്ചാല്‍ കുഞ്ഞ് ഉണര്‍ന്നു കരയുന്നത് അറിയാതെ പോകുമോ എന്ന് ടെന്‍ഷന്‍ അടിക്കാതെ വീടിന്‍റെ മറ്റു ഭാഗങ്ങളില്‍ ഉള്ള ജോലിയൊക്കെ തീര്‍ക്കാം. അല്ലെങ്കില്‍ വീട്ടിലിരുന്നുള്ള ഓഫീസ് ജോലികളോ വിളികളോ ഒക്കെ കുഞ്ഞിന്‍റെ ഉറക്കം തടസ്സപ്പെടുത്താതെ ചെയ്യാം. കുഞ്ഞുങ്ങളെ കിടത്താന്‍ പ്രത്യേകം മുറി ഉപയോഗിക്കുന്നവര്‍ക്ക് മോണിറ്റര്‍ വളരെയധികം പ്രയോജനപ്രദം ആകാറുണ്ട്. കുഞ്ഞിനും അമ്മയ്ക്കും ഒക്കെ ആവശ്യത്തിനുള്ള ഉറക്കം കിട്ടും എന്നത് തന്നെയാണ് ഗുണം. മറ്റാളുകള്‍ സഹായത്തിനില്ലാത്ത അണുകുടുംബങ്ങളില്‍ ഇമ്മാതിരി യന്ത്രച്ചങ്ങാതികള്‍ തന്നെ ശരണം!
സ്ട്രോളറില്‍ തള്ളിക്കൊണ്ട് നടന്നാല്‍ ഇങ്ങനെ ചിരിച്ചിരുന്നോളും!

കാര്‍ സീറ്റ്‌ -അഥവാ ചൈല്‍ഡ് സീറ്റ്‌ -നമുക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഉപയോഗിച്ചേ തീരൂ എന്നുള്ള ഒരു കാര്യമാണ് ഇവിടെ. മൂത്ത മകന് ഒരു വയസ് ആയതിനു ശേഷമാണു നാട്ടില്‍ നിന്ന് ഇവിടേക്ക് വന്നത് എന്നതിനാല്‍ അവനും ഞങ്ങള്‍ക്കും അതൊരു പുതു അനുഭവം ആയിരുന്നു. എയര്‍പോര്‍ട്ടില്‍ കൂട്ടാന്‍ വന്ന സുഹൃത്തിന്‍റെ കാറിലെ കാര്‍ സീറ്റിലേക്ക് അവനെ മാറ്റി ഇരുത്തി, സീറ്റ്‌ ബെല്‍റ്റൊക്കെ ഇട്ടുറപ്പിച്ചിട്ട് എന്നോട്എ അടുത്ത സീറ്റില്‍ ഇരുന്നുകൊള്ളൂ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് വലിയ സന്തോഷമോ, സമാധാനമോ തോന്നിയില്ല എന്നതാണ് സത്യം. അത്രയും നാള്‍ ഇന്ത്യയില്‍ നടത്തിയ എല്ലാ യാത്രയിലും എന്‍റെ മടിയില്‍, നെഞ്ചില്‍ പറ്റിപ്പിടിച്ചിരുന്ന കുഞ്ഞിനെയാണ് ആരും ഒരു ദയാദാക്ഷിണ്യവും കൂടാതെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തിയത്. അര-മുക്കാല്‍ മണിക്കൂര്‍ നീണ്ട യാത്രയുടെ അവസാനം വരെ എന്‍റെ രണ്ടു കയ്യും കുഞ്ഞിന്‍റെ പുറത്തായിരുന്നു. സീറ്റില്‍ നിന്നും അവന്‍ തെറിച്ചു പോയാലോ എന്നൊക്കെയുള്ള ചിന്തയും, പരിചിതമല്ലാത്ത സംഭവം നടന്നതിലെ കുഞ്ഞിന്‍റെ കരച്ചിലും കാരണം. പിന്നീട് പതുക്കെപ്പതുക്കെ അവനും ഞങ്ങളും അതിനോട് പൊരുത്തപ്പെട്ടു, മാത്രവുമല്ല സീറ്റ്‌ബെല്‍റ്റ്‌ ഇട്ടു സുരക്ഷിതമാക്കുന്ന കാര്‍സീറ്റുകള്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്നതിനേക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നു എന്ന സത്യത്തിനേയും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ രണ്ടാമത്തെയാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് കൊണ്ട് വരുമ്പോള്‍ കാര്‍സീറ്റിലേക്ക് ഇരുത്തുമ്പോള്‍ സങ്കടം ഒന്നും തോന്നിയില്ല, അവന്‍ ആ യാത്രയില്‍ നല്ല സുഖമായി ഉറങ്ങുകയും ചെയ്തു. പക്ഷേ, വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കയ്യില്‍ നിന്ന് സീറ്റിലേക്ക് മാറാനുള്ള മടിയില്‍  കരച്ചില്‍ എന്ന ആയുധം ഇടക്കൊക്കെ പ്രയോഗിച്ചു നോക്കിയിട്ടുമുണ്ട്. മറ്റൊരു ഓപ്ഷന്‍ കിട്ടിയിട്ടില്ലാത്തത് കൊണ്ട് ആ കരച്ചില്‍ ഒന്ന് ചാറി അങ്ങനെതന്നെ പോകും.  എങ്കിലും പൊതുവേ കുട്ടികള്‍ക്ക് കാര്‍സീറ്റ്‌ ഇഷ്ടമുള്ള ഇടമാണ്.




കുഞ്ഞിനെ കാര്‍ സീറ്റില്‍  പുറകിലേക്ക് തിരിച്ച് ഇരുത്തിയിരിക്കുന്നു 


പുറത്തൊക്കെ പോകുമ്പോള്‍ കുഞ്ഞിനെ നെഞ്ചോട്‌ ചേര്‍ക്കാന്‍ ഉപയോഗിക്കാവുന്ന കങ്കാരു ബാഗ്‌, കുഞ്ഞിനെ ഇരുത്തി തള്ളിക്കൊണ്ട് പോകാവുന്ന സ്ട്രോളര്‍, ഭക്ഷണം കൊടുക്കാന്‍ ഇരുത്താവുന്ന ഹൈ ചെയര്‍ അങ്ങനെ കുറെയേറെ സൂത്രപ്പണികള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഈ പറഞ്ഞ സാധനങ്ങള്‍ ഒക്കെയാണ് നന്നെന്നോ, ഈ രീതി മാത്രമാണ് ശരിയെന്നോ , ഇതൊക്കെ വന്‍ കുഴപ്പമാണ് എന്നോ ഒരിക്കലും ഒരഭിപ്രായവും ഇല്ല എനിക്ക്. മാത്രവുമല്ല ഈ പറഞ്ഞതില്‍ പലതും ഞങ്ങള്‍ രണ്ടുമക്കള്‍ക്കും  ഉപയോഗിച്ചിട്ടുമില്ല. എങ്കിലും കാലം മാറുമ്പോള്‍ പണ്ടുണ്ടായിരുന്നവ പലതും കാലാനുസൃതമായി മാറുന്നത് നന്നെന്നു തോന്നാറുണ്ട്.


കംഗാരൂ ബാഗില്‍ ഉറങ്ങുന്ന കുഞ്ഞന്‍ 


ഇഷ്ടപ്പെട്ട 'ജോര്‍ജ്ജ്' ബാഗുമായി മകന്‍. ആ നീളത്തില്‍ കാണുന്ന വാലൊരു വലിയ സഹായമാണ്! 



ജീവിതം മനോഹരമാക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് കഴിയും, കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഓരോ നിമിഷവും നമുക്ക് കരച്ചിലുകളില്ലാതെ മനോഹരമാക്കാന്‍ ചിലപ്പോള്‍ ഇത്തരം ഞൊടുക്കുവിദ്യകള്‍ക്ക് കഴിഞ്ഞാലോ?


OurKids Magazine -July2017

Sunday, April 30, 2017

കാല്‍നൂറ്റാണ്ടിനുമിപ്പുറം

25 കൊല്ലങ്ങള്‍ക്ക് മുന്‍പ്  ഞങ്ങള്‍ടെ നാട്ടിലുണ്ടായ  ഒരനുഭവം  ഇന്നും പ്രസക്തമാകുന്നതെങ്ങനെ  എന്ന് അടുത്തിടെ  വായിക്കുന്ന  വാര്‍ത്തകള്‍ ഓര്‍മ്മിപ്പിക്കുകയാണ്. 'നാവായിക്കുളം' എന്ന  ഞങ്ങളുടെ നാടൊരു സമത്വസുന്ദരനന്മ നാട്ടിന്‍പുറമായി എനിക്ക് തോന്നിയിരുന്നു എങ്കിലും, സത്യത്തില്‍  ആധുനികത  വണ്ടി പിടിച്ചെത്താത്ത  ഒരു പട്ടിക്കാടായിരുന്നു  സ്ഥലം!  ഒരു സാധാരണ നാട്ടിന്പുറത്തിനു വേണ്ട എല്ലാ  ചേരുവകകളും അവിടെയുണ്ടായിരുന്നു - ചെമ്മണ്ണ് പാത, നിരപ്പലകകള്‍  ഉള്ള കുഞ്ഞുകുഞ്ഞു കടകള്‍, രാവിലെയും  വൈകിട്ടും ഭക്തിഗാനങ്ങളാല്‍ ജീവിതം സംഗീത സാന്ദ്രമാക്കുന്ന രണ്ടമ്പലങ്ങള്‍, അമ്പലത്തിനു മുന്നില്‍ത്തന്നെ മുല്ലയുടെയും ജമന്തിയുടെയും മണവുമായി ഒരു കുഞ്ഞു പൂക്കട, വൈകുന്നേരങ്ങളില്‍ നിരപ്പലകക്കടകള്‍ക്ക് മുന്നില്‍ ചെസ്സും, ചീട്ടും, കളിയ്ക്കാന്‍ കൂടുന്ന  പ്രായവ്യത്യാസമില്ലാത്ത ആണുങ്ങള്‍.

                   കനകാംബരവും, കണ്മഷിയും ഉപയോഗിച്ച്  സുന്ദരിമാരാകാന്‍ ശ്രമിച്ചിരുന്ന   ഞങ്ങളുടെ ഇടയിലേക്ക്  വിടര്‍ന്ന കണ്ണുകളില്‍ ഐ ലൈനെര്‍ കൊണ്ട് മഷിയെഴുതി, ഷാമ്പൂ ചെയ്ത് വിടര്‍ത്തിയിട്ട മുടിയുമായി ഒരു സുന്ദരിപ്പെണ്ണ്‍ തിരുവനന്തപുരം എന്ന സിറ്റിയില്‍ നിന്നും വന്നുചേര്‍ന്നു. അവളെ ഞങ്ങള്‍ കളിയാക്കി  'പാര്‍വതി' എന്ന് വിളിച്ചു, അവള്‍ കേള്‍ക്കാതെ 'ഉണ്ടക്കണ്ണി' എന്നും. എന്നേക്കാള്‍ മുതിര്‍ന്ന ക്ലാസിലേക്കാണ് അവള്‍ വന്നതെങ്കിലും താമസം ഞങ്ങളുടെ വീടിനടുത്ത് ആയതിനാല്‍,  "ഓ, ആ പുതിയ സുന്ദരിക്കൊച്ച് ഞങ്ങടെ വീടിനടുത്താ" എന്നും "കണ്ണെഴുതാതെ കാണുമ്പോള്‍ ഇത്രയും ഭംഗിയൊന്നുമില്ലാട്ടാ" എന്നും "മൊത്തം മേക്കപ്പാ!" എന്നും സന്ദര്‍ഭം മാറുന്നതിനനുസരിച്ച് ഞാന്‍ പറഞ്ഞു പോന്നു. നാട്ടിലെ ഏതാണ്ടെല്ലാ ഹൈ സ്കൂള്‍ ചേട്ടന്മാരും "പാര്‍വതി" യുടെ വീടിനു മുന്നിലൂടെ യാത്രകള്‍ പതിവാക്കുകയും, അവളുടെ രണ്ടനിയന്മാരെ ആവശ്യത്തിനും അനാവശ്യത്തിനും സ്കൂളില്‍ കാണുമ്പോള്‍ 'അളിയാ' എന്ന് വിളിക്കാനും തുടങ്ങി.


 ഹൈ സ്കൂളിലെത്താന്‍ ഇനിയും രണ്ടു മൂന്നുകൊല്ലം കാത്തിരിക്കേണ്ടവരായിരുന്നു ഞാനും സുഹൃത്തുക്കളും. ലോക്കല്‍ സുന്ദരിക്കൂട്ടമായ  ഞങ്ങള്‍ക്ക്  ഇപ്പോള്‍ "ഐലൈനെര്‍" എന്ന മാന്ത്രിക സാധനം എങ്ങനെ വാങ്ങിക്കാം എന്നതൊരു ചിന്താവിഷയവും, ഉത്സവം വരുമ്പോള്‍ വളക്കടയില്‍ ഐ ലൈനെര്‍ ഉണ്ടാകുമോ എന്നതൊക്കെ വന്‍ ചര്‍ച്ചാവിഷയവുമായി. അസൂയ കലര്‍ന്ന ഒരിഷ്ടം ആ കണ്ണുകളോട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടായിരുന്നു എന്നതാണ് സത്യം.

ഒരു ദിവസം എനിക്ക്  നേരം പുലര്‍ന്നത്, 'രാവിലെ 7 മണിക്ക്ട്യൂഷന് പോയ ഞങ്ങളുടെ സ്വന്തം സുന്ദരിയെ ആരോ കയറിപ്പിടിച്ചു' എന്ന ചൂടന്‍ വാര്‍ത്തയിലാണ്. പല വായ്‌ മറിഞ്ഞു വന്ന വാര്‍ത്തയില്‍ അവിടെയും ഇവിടെയും തൊടാതെ അപ്പുറത്തമ്മ അമ്മയോട്  പറയുന്നത് ചായയോടൊപ്പം ഞാനും കേട്ടു  - "ആ കുട്ടിയെ പോകുംവഴി ആരോ മാറില്‍ പിടിക്കാന്‍ ശ്രമിച്ചത്രേ, ഇടവഴിയില്‍ വേറെ ആരുമുണ്ടായിരുന്നില്ല. കുട്ടി ആളെ തള്ളിയിട്ട് കരഞ്ഞുകൊണ്ട് തിരിച്ചോടി, ഭാഗ്യത്തിനു മറ്റൊന്നും സംഭവിച്ചില്ല - ആളെ കണ്ടാല്‍ അറിയാമെന്നൊക്കെ പറയുന്നുണ്ട്". നാട്ടിന്പുറത്തിനുള്ള ഗുണങ്ങളില്‍ ഒന്ന് എല്ലാവര്‍ക്കും എല്ലാവരെയും അറിയാമായിരിക്കും എന്നതാണ്. അന്ന് വൈകിട്ടിനുള്ളില്‍ തന്നെ നാട്ടിലെ അറിയപ്പെടുന്ന ഒരു വായിനോക്കിച്ചേട്ടനെ സംഭവസ്ഥലത്തു നിന്നോടിപ്പോയതായി കണ്ടു നാട്ടുകാരുടെ ആക്ഷന്‍ കൌണ്‍സില്‍ പൊക്കി. പരസ്യ വിചാരണ നടക്കുന്നിടത്ത് കുട്ടികള്‍ക്ക് പ്രവേശനം ഇല്ലായിരുന്നു എങ്കിലും മറ്റെന്തൊക്കെയോ ചെയ്തുകൊണ്ട് ഞങ്ങളും തിരക്കിട്ട് ആ ഭാഗത്ത്‌ കൂടിയൊക്കെ നടന്നു. വിചാരണയില്‍ ഒന്നും പ്രത്യേകിച്ച് സംഭവിച്ചില്ല, 'പ്രതി' പെണ്‍കുട്ടിയെ ഇഷ്ടമായതുകൊണ്ട് മിണ്ടാന്‍ ശ്രമിച്ചതാണെന്നും, പേടിക്കണ്ട എന്ന് പറയാന്‍ കൈ ഉയര്‍ത്തിയതാണ് എന്നുമൊക്കെയുള്ള ന്യായവാദങ്ങള്‍ക്കൊടുവില്‍ ഒരു "മാപ്പ്" പറഞ്ഞ് അങ്ങോര്‍ അങ്ങോരുടെ പാട്ടിനു പോയി. പാവം ഞങ്ങളുടെ സുന്ദരി കുറെയേറെ നാള്‍ സ്കൂളില്‍ വന്നതേയില്ല, പിന്നെ കാണുമ്പോഴൊക്കെ അനിയന്മാരില്‍ ആരെങ്കിലും ഒരാള്‍ എപ്പോഴും  ചേച്ചിയുടെ കൈ പിടിക്കുകയും, ആരെയും നോക്കാതെ തറയില്‍ മാത്രം തറഞ്ഞ ആ സുന്ദരമായ മിഴികളില്‍ പേടി കൂട്ടുകൂടുകയും ചെയ്തു.

ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത്, അന്ന് ആ പെണ്‍കുട്ടിയെ  കയറിപ്പിടിക്കാന്‍ ശ്രമിച്ച ആളുടെ ബന്ധു പറഞ്ഞ ഒരു വാചകം ഇപ്പോഴും ഓര്‍ക്കുന്നു, "അവനവളുടെ പുറകിലാരുന്നുന്നേ, ഇവനെക്കണ്ടോണ്ട് അവളാ സൈഡിലേക്ക് മാറി നിന്നുകൊടുത്തു. അവളെ മറികടന്നു പോയതുകൊണ്ടല്ലേ അവനപ്പോള്‍ അവളോട്‌ മിണ്ടാന്‍ തോന്നിയതും, പിടിക്കാന്‍ തോന്നിയതും. ഇവളല്ലാതെ  ആരേലും പിന്നാലെ വരുന്ന ആണുങ്ങള്‍ക്ക് കടന്നു പോകാന്‍ വഴി മാറിക്കൊടുക്കോ! മാത്രോമല്ല അവളുടെ ആ മേക്കപ്പിട്ട കണ്ണുകൊണ്ടവനെ നോക്കുകേം. അവനെ കുറ്റം പറയാന്‍ പറ്റോ!" കൂടിനിന്ന 'അമ്മായിമാര്‍' തല കുലുക്കി സമ്മതിച്ച ആ പ്രസ്താവനയുടെ ആഴം/ അതിലെ സ്ത്രീ വിരുദ്ധത  എനിക്ക് അന്ന് മുഴുവനായി മനസിലായില്ല!

പക്ഷേ, അതോടെ കുറ്റം മുഴുവന്‍ മുടി പറപ്പിച്ച്, കണ്ണെഴുതി നടന്ന ആ പാവം പെണ്‍കുട്ടിക്കായി. ഇന്നും ഇപ്പോഴും ആലോചിക്കുമ്പോള്‍ എങ്ങനെയാണു പിന്നാലെ വന്ന ഒരാള്‍ക്ക് സൈഡ് ഒഴിഞ്ഞു കൊടുത്തത് "എന്നെ പീഡിപ്പിച്ചോളൂ " എന്ന സമ്മതപത്രം ആയതെന്നറിയില്ല. പക്ഷേ, കാല്‍നൂറ്റാണ്ടിനിപ്പുറവും പെണ്ണിന്‍റെ വസ്ത്രവും, സൗന്ദര്യവും, രാത്രി യാത്രയും, ജീന്‍സും, ആഘോഷങ്ങളും  ചിലര്‍ക്കെങ്കിലും പീഡിപ്പിക്കാനുള്ള സമ്മതപത്രമായി തുടരുന്നു എന്നത് ചിന്തിപ്പിക്കുന്നു. കാലം മാറിയിട്ടില്ല, നമ്മളൊക്കെ ഇപ്പോഴും അവിടെ തന്നെയാണ് ആ തൊണ്ണൂറുകളില്‍! തിരിച്ചറിഞ്ഞ് എന്ന് മാറുന്നുവോ അന്ന്, അന്ന് മാത്രമേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്  നാമെന്ന് അഭിമാനിക്കാനാവൂ.
താഴെയുള്ള വരികളില്‍ ഈ ചെറിയ കുറിപ്പ് നിര്‍ത്തുന്നു -
"എന്‍റെ വസ്ത്രത്തിന്‍റെ നീളത്തില്‍,
എന്‍റെ പ്രായത്തില്‍, എന്‍റെ ചമയങ്ങളില്‍,

എന്‍റെ യാത്രകളില്‍, എന്‍റെ ജോലിയിടങ്ങളില്‍
എന്‍റെ ബന്ധങ്ങളില്‍, എന്‍റെ പ്രണയങ്ങളില്‍
എന്നെ ആണാകാന്‍ നിര്‍ബന്ധിക്കരുത്….!
പെണ്ണുങ്ങള്‍ ജീവന്‍റെ/ജീവിതത്തിന്‍റെ താളമാണ്,
ഉപ്പാണ്, മധുരമാണ്, ജീവജലമാണ്...!"
എന്ന് സ്നേഹപൂര്‍വ്വം
ഒരു ചെറിയ മനുഷ്യത്തി!
===============================================================

ഇ-മഷി ഏപ്രില്‍ ലക്കം 2017 - http://emashi.in/apr-2017/column-aarsha.html
അഴിമുഖം http://www.azhimukham.com/offbeat-how-society-blame-women-for-sexual-assault-arsha/