Showing posts with label എന്‍റെ വായന. Show all posts
Showing posts with label എന്‍റെ വായന. Show all posts

Sunday, February 21, 2021

പ്രണയത്താൽ പൊള്ളിയവൻ

"വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല ... നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക , ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക ...."  വായിച്ചതിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുള്ള, ഏറ്റവുമധികം സ്പർശിച്ചിട്ടുള്ള വരികൾ പ്രണയത്തിന്റെ രാജകുമാരന്റെ തൂലികയിൽ നിന്നാണ്. ഓരോ തവണ വായിക്കുമ്പോഴും ഒന്നും വേണ്ടായിരുന്നു എന്നും അടുത്ത നിമിഷം എല്ലാം വേണമെന്നും   പറയുന്ന പെൺകനവുകളുടെ കുടുക്കുകളിൽ കുടുങ്ങിക്കിടക്കാറുണ്ട് ഞാൻ. ഒരു ചുംബനം കൊണ്ട് ആത്മാവിന്റെ ആഴങ്ങളിൽ പോലും പൊള്ളുന്നത് എങ്ങനെയെന്ന് 'ലോല'യിലൂടെ പദ്മരാജൻ പറയാൻ ശ്രമിക്കുന്നുണ്ട്. 


പ്രണയം എന്നത് ആത്മാവിൽ കെട്ടപ്പെടുന്നതാണ് എന്ന് നിഷ്കളങ്കമായ കണ്ണുകളോടെ പറഞ്ഞിരുന്ന ആ അമേരിക്കൻ പെൺകുട്ടി ലജ്ജയാൽ ചുമക്കുന്നവളാണ് എന്നോ കന്യകയായിരിക്കും എന്നോ അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയിലേക്ക് പഠനാവശ്യത്തിനായി വന്ന ഒരു ശരാശരി മലയാളി യുവാവിന്റെ സങ്കൽപ്പത്തിലെ അമേരിക്കൻ യുവതി ആയിരുന്നില്ല അവൾ. ഒരു വ്യവസ്ഥാപിത കുടുംബപശ്ചാത്തലത്തിൽ വളരാതിരുന്ന ലോല എന്ന സുന്ദരിയും മിടുക്കിയുമായ യുവതിയിൽ ഒരുപക്ഷേ ആ യുവാവ് കണ്ട ഏറ്റവും വലിയ ആകർഷണീയതയും ആ വൈരുദ്ധ്യാത്മകതയാകണം. വരച്ചുവെച്ച കള്ളികൾക്ക്  പുറമേയ്ക്ക് തൂക്കിയ ചായങ്ങൾ ചേർന്നൊരുക്കിയ മനോഹരമായ ഒരു കൊളാഷ് പോലെയാണ് ലോല. 

മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി  തിരഞ്ഞെടുത്ത ലോലയിൽ അവർ ഒന്നിക്കുന്നില്ല എന്നത് പ്രണയത്തിന്  മറ്റൊരു മാനം  നൽകുന്നത് പോലെയാണ്. പ്രണയത്തിനോട് പ്രണയമാകുന്ന രണ്ടുപേർ! അവർക്ക് പരസ്പരം പ്രണയിക്കാനും തമ്മിൽ ലയിക്കാനും  മാത്രമേ കഴിയുന്നുള്ളു. അത്രയും നാൾ കൂടെ ചേർത്തുവച്ചിരുന്ന പലതും, വിശ്വസിച്ചിരുന്ന പലതും ആ പ്രണയത്തിനു വേണ്ടി മാറ്റിവെക്കാൻ ലോല തയ്യാറാകുമ്പോൾ ഇന്ത്യയിലേക്ക് തൻ്റെ  ദരിദ്രമായ ജീവിതത്തിലേക്ക് ലോലയെ കൂട്ടിക്കൊണ്ട്  വരാൻ  കഴിയാത്തത്ര ദുർബലനായാണ് കാമുകനെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ, അവിടെയും പ്രണയമാണ് ലോലയോടുള്ള പ്രണയം മാത്രമാണ് അതിൽ നിന്നും അയാളെ പിന്തിരിപ്പിക്കുന്നത് എന്ന്  ചിന്തിക്കാനാണ് എനിക്കിഷ്ടം. 


ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കൾ ആണെന്നു പറയുന്ന ലോല തന്നെ ഒരു സമയം അതിനെക്കുറിച്ചു ആലോചിക്കുന്നത് അത്രമേൽ ആഴത്തിൽ പ്രണയത്താൽ മുറിവേൽക്കുമ്പോഴാണ് - അല്ല പ്രണയത്താൽ അല്ല, പ്രണയത്തിന്റെ പറഞ്ഞുവെക്കലുകളാൽ!   പ്രണയത്തോട് അവൾക്ക് പ്രണയമാണല്ലോ .. പ്രണയത്തിന്റെ തീവ്രത മരണത്തിനെപ്പോലും പ്രണയിപ്പിക്കും എന്ന് ലോകത്തുള്ള എല്ലാ കാമുകീകാമുകന്മാരോടും ഒപ്പം ചേർന്നുകൊണ്ട് അവളും പറയുന്നു.  അതുകൊണ്ടാണല്ലോ കാമുകനെ ഒരു ചതിയനായോ ദുഷ്ടനായോ കാണാൻ കഴിയാതെ നിസ്സഹായതയുടെ പ്രണയത്തിന്റെ ഭാഷയിൽ  അയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചു വളർത്തി അതേ  പ്രായത്തിൽ എത്തുമ്പോൾ കൊലപ്പെടുത്തുമെന്നൊരു ചിന്ത ലോല  പങ്കുവെക്കുന്നത്. അത് കേൾക്കെ എന്നാലിപ്പോൾ തന്നെ എന്നെ കൊന്നുകൂടെ എന്ന് പരിഭവിക്കുന്ന  കാമുകനോട് അവൾ വീണ്ടും പറഞ്ഞുവെക്കുന്നത്  എനിക്ക് നിന്നെ പ്രണയിക്കാനല്ലേ അറിയൂ എന്നാണ്. 


താമരയുടെ കണ്ണുകളുള്ളവനെ പ്രണയിച്ച ലോല എന്ന അമേരിക്കൻ പെൺകുട്ടിയ്ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല എങ്കിലും കളിക്കൂട്ടുകാരിയെ വിവാഹം കഴിച്ച ആ യുവാവ് പിന്നീടുള്ള ഓരോ ചുംബനത്തിലും അവളെ ഓർത്തിരുന്നിരിക്കണം. ഓരോ തവണയും ആ ചുംബനങ്ങൾ അയാളുടെ ചുണ്ടുകളെ പൊള്ളിച്ചിരുന്നിരിക്കണം ... കാരണം അത്രമേൽ ആഴത്തിൽ , ചൂടിൽ, തീവ്രതയിൽ, പ്രണയത്തിൽ  മറ്റൊരുവൾക്ക് അയാളെ ചുംബിക്കാൻ കഴിയില്ല . 

 പ്രണയത്തോടെ  നോക്കിയ ഓരോ കണ്ണുകളും , പ്രണയം കൊണ്ട് വിയർത്ത ഓരോ കയ്യുകളും, പ്രണയം ചുമപ്പിച്ച കഴുത്തുകളും  അയാളെ വീണ്ടും വീണ്ടും ആ പൊള്ളലുകൾ ഓർമ്മിപ്പിച്ചിട്ടുണ്ടാകണം,  ജീവിതം മുഴുവൻ ആ പൊള്ളലുകളേറ്റ് ഹൃദയമുറിവുണങ്ങാതെ നടന്നിട്ടുണ്ടാകണം! 


(ലോലയ്‌ക്കൊരു തുടർവായന )  



Thursday, November 28, 2013

'ആപ്പിള്‍' മധുരത്തിലൂടെ . . .

ഒരു തവണ വായിച്ചു -രണ്ടു തവണ വായിച്ചു.. ദാ ഞാനിപ്പോള്‍ മൂന്നാമത് തവണയും ഈ ആപ്പിളിനെ കടിച്ചു മുറിച്ചു കഴിച്ചിരിക്കുന്നു - ഇനി മധുരം മാത്രമാണോ,പുളിപ്പുണ്ടോ ഇടയ്ക്കൊന്നു കയ്ച്ചോ എന്നൊക്കെ മറ്റുള്ളവരോട് കൂടി പറയാം എന്നൊരു ശ്രമം  (ആദ്യ വായന കഴിഞ്ഞപ്പോള്‍ എഴുതാനിരുന്നു എഴുതിയില്ല. രണ്ടാം വായനയില്‍ എനിക്കിതിനൊരു ആസ്വാദനം എഴുതാനാകില്ല എന്ന് തോന്നി. മൂന്നാം വായനയില്‍ ഇനി ഉടനെ വായിക്കില്ല എന്ന് ഉറപ്പിച്ച് ഈ ആസ്വാദന കുറിപ്പ് എഴുതുന്നു -തീര്‍ത്തും ഒരു സാധാരണ വായനക്കാരിയുടെ ആസ്വാദനം :) )

 
"ആപ്പിള്‍"
സിയാഫ് അബ്ദുള്‍ഖാദിര്‍
കൃതി ബുക്സ് - വില 65 Rs 
                                              
15 കഥകള്‍ - 15 ജീവിതം -15 വ്യത്യസ്ത അനുഭവം അതാണ്‌ ശ്രീ.സിയാഫ് അബ്ദുള്‍ഖാദിര്‍ന്‍റെ ആദ്യ പുസ്തകം നമുക്ക് തരുന്നത്  . ആദ്യത്തെ രണ്ടു കഥകളായ 'ആപ്പിളും', 'ഒരു തവളയുടെ ചരിത്രത്തില്‍ നിന്നൊരേടും' പിന്നെ അവസാന കഥയായ 'മറവിയിലേക്ക് ഒരു ടിക്കെറ്റും' ബ്ലോഗിലൂടെയും മറ്റും വായിച്ചിരുന്നു. അദ്ദേഹത്തെ ഞാന്‍ ആദ്യമായി വായിച്ചത് ആപ്പിള്‍ ആണ് -അന്ന് ഞാന്‍ അതിശയിച്ചത് ചെറുപ്പകാലത്ത് റഷ്യന്‍ കഥകളുടെ വിവര്‍ത്തനം വായിച്ചപ്പോള്‍ തോന്നിയ ഒരു അനുഭവം ഈ കഥ വായിച്ചപ്പോള്‍ എനിക്കുണ്ടായി. ഇദ്ദേഹത്തിന്‍റെ ശൈലി അധികം കാണാത്തത്  ആണല്ലോ എന്ന് കരുതി - മിയ എന്ന പെണ്‍കുട്ടിയെ സ്കൂള്‍ കുട്ടികള്‍ക്ക് പോലും വായിക്കാന്‍ ഇഷ്ടമാകും എന്ന് തോന്നി. അതില്‍ നിന്ന് തവളയുടെ ചരിത്രത്തിലേക്ക് എത്തിയപ്പോള്‍ ഞാനാകെ കുഴങ്ങി - ഇത് നമ്മുടെ മുത്തശ്ശി കഥ അല്ലെ, ഇതെപ്പോ ഈ രീതിയില്‍ ആയി എന്ന്. അവസാനം വരെ എങ്ങോട്ടെക്കാണു പോകുന്നതെന്ന് ഒളിപ്പിച്ചു വെച്ച് ആ തവളച്ചാര്‍ നമ്മുടെ ഭൂതകാലത്തില്‍ നിന്ന് ദേ ഒരു ചാട്ടം -ഇന്നിലേക്ക്‌. അവിടെയാണ് ആ കഥ നമ്മളോട് സംവദിക്കുന്നത്!

'മറവിയിലേക്ക് ഒരു ടിക്കറ്റ്‌' സ്വന്തം അനുഭവം ആണോ എന്ന് തന്നെ തോന്നിപ്പോകും വിധത്തിലാണ്,അത്രയും സ്വാഭാവികതയോടെ ആണ് ഈ കഥവണ്ടിക്കാരന്‍ എഴുതിയിരിക്കുന്നത് - ഞാന്‍ ആദ്യം വായിച്ച രണ്ടില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ശൈലി . പക്ഷെ ഇത് ഒരു ഭാവനാത്മക കഥ എന്നതിലുപരി ഒരു അനുഭവ കഥയായി തോന്നിയതിനാല്‍ എനിക്ക് കൂടുതല്‍ ഇഷ്ടമായത് ഈ  കഥയാണ്.

'വൈകിയോടുന്ന വണ്ടി  ' , 'യൂത്തനെഷ്യ ' എന്നിവ നമ്മെ ചിന്തിപ്പിക്കും ഇത് സംഭവിച്ചതോ, സംഭവിക്കാന്‍ പോകുന്നതോ നമ്മള്‍ കണ്ടതോ എന്നൊക്കെ. പക്ഷെ ഈ രണ്ടു കഥയിലും എനിക്ക് അനുഭവിക്കാനായ പൊതുവായ കാര്യം രണ്ടിടത്തും മനപൂര്‍വമായ ഒരു ശ്രമം ഉണ്ട് -വായനക്കാരനു ന്യായാന്യായങ്ങള്‍ കണ്ടു പിടിക്കാന്‍. അത്തരം പഴുതുകളും വായനയുടെ ഭാവനയും ഇട്ടാണ് ഈ കഥകള്‍ രണ്ടും അവസാനിക്കുന്നത്.

'ഭൂതം' 'ദൈവത്തിന്‍റെ അമ്മ' 'തൃക്കാല്‍ സുവിശേഷം'  - ദൈവത്തിന്‍റെ അമ്മയായാലും അമ്മമാര്‍ എന്നും അമ്മമാര്‍ തന്നെയെന്നു ഒരു പറയാ പറച്ചില്‍ . ചില പെണ്ഭാവനകള്‍ -അതില്‍ വിജയിച്ചിരിക്കുന്നു എന്ന് പറയാതെ വയ്യ . ഉള്ളതില്‍ വെച്ച് എനിക്ക് അധികം ഇഷ്ടമാകാത്ത ഒരു വായന സമ്മാനിച്ച കഥയാണ് തൃക്കാല്‍ സുവിശേഷം  - കുറച്ചൊരു കയ്പ്പ് രസം ഇവിടെ :) .എന്നാല്‍ ഭൂതത്തിലേക്ക് എത്തുമ്പോള്‍ ഭാവനയും പ്രായോഗിക ജീവിതവും കൂടിക്കലരുന്നു - അവസാനിപ്പിച്ച രീതിയില്‍ 'ഭൂതം' എന്നെ ചിരിപ്പിച്ചു ,  - പക്ഷെ, ഒരേ ഒരു കാര്യം മാത്രം തോന്നി , കുറെ കാലത്തിനു ശേഷം ഈ കഥ വായിക്കുമ്പോള്‍ അവസാനത്തിനൊരു ആമുഖം കൊടുക്കേണ്ടി വരുമോ എന്ന്.

'സുഷിരക്കാഴ്ച്ചകള്‍' - ഒറ്റ പേജില്‍ ഒതുക്കിയ ഈ കഥ ഒരു കാര്യം നമ്മിലേക്ക് എത്തിക്കാന്‍ വലിച്ചു നീട്ടി പറയേണ്ട എന്നാണ് പഠിപ്പിക്കുന്നത് . മറ്റുള്ളവരുടെ ജീവിതത്തിലേക്ക് തുറന്നു കിടക്കുന്ന ഏതു സുഷിരത്തിന് പിന്നിലും ഒരു കണ്ണുണ്ട് എന്നൊരു ചിന്ത.

'കാസിനോ' -വായിച്ചു കഴിഞ്ഞു ഞാന്‍ തന്നെ കഥാകൃത്തിനോടു ചോദിച്ചു ,ഇതെവിടെ നടക്കുന്ന കഥ ആണെന്ന്. ഇതെവിടെയും നടക്കാം എന്ന ഉത്തരം പ്രതീക്ഷിച്ചു കൊണ്ട് തന്നെ. കഥകള്‍ വായിക്കുമ്പോള്‍ നമ്മള്‍ ജീവിക്കുന്ന സ്ഥലം കൂടി അതിനെ സ്വാധീനിക്കുന്നുണ്ടോ , ഉണ്ടെന്നു കാസിനോ വായിച്ചപ്പോള്‍ തോന്നി. അന്ത്യം പ്രതീക്ഷിച്ചത് പോലെ -പക്ഷേ അതിലേക്ക് എത്തിക്കുന്ന വഴികള്‍ !

എന്നെ അതിശയിപ്പിച്ച ഒരു കഥയാണ് ' ഗൃഹപാഠങ്ങള്‍' -തികച്ചും അപ്രതീക്ഷിതമായ അവസാനം , പക്ഷെ എന്ത് കൊണ്ട് അങ്ങനെ ഒരു കാര്യം എഴുതിയ ആളും കഥയിലെ കുട്ടിയും ചിന്തിച്ചു എന്നൊരു ചോദ്യചിഹ്നം  ബാക്കി - സത്യത്തില്‍ എന്നെ വളരെയേറെ ചിന്തിപ്പിച്ച ഒരു കഥയാണ് അത്. അമ്മ എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്ന് നമുക്ക് കാണാന്‍ ആകാത്ത ഒരു ആംഗിള്‍ :(

'മനോരോഗിയുടെ ആല്‍ബം' - നമുക്കൊക്കെ അറിയുന്നുണ്ടാകും ഇങ്ങനെ വാച്ച് നോക്കുന്ന ചിലരെ. എഴുതിയ ആള്‍ക്ക് അങ്ങനെ ആരെയെങ്കിലും അറിയുമോ എന്ന് , അനുഭവം ഇല്ലാതെ എങ്ങനെ എഴുതി എന്ന് വായനക്കാര്‍ ചോദിക്കുമ്പോള്‍ ആ കഥ വിജയിക്കുന്നു. സ്വയം തോന്നാം -നമ്മള്‍ അതിലുണ്ടെന്നു :)

'ഗുരു അത്ര തന്നെ ലഘു' അത്ര ലഘു അല്ലെ അല്ല :). ചില പ്രയോഗങ്ങളുടെ മനോഹാരിത  ചില സങ്കല്പങ്ങള്‍  അത് ആണ് ഈ കഥയെ ലഘു അല്ലാതെ ആക്കുന്നത്. ഈ കഥയില്‍ നിന്ന് കൊണ്ട് 'ആറാമന്‍റെ മൊഴി ' ഒന്ന് കൂടി വായിക്കുമ്പോള്‍ പല മൊഴികളും കള്ളമായി മാറുന്നു. അതിലെ വിവരണ രീതി ഒരു പ്രത്യേക തരത്തിലാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.

ഈ കഥകളിലൂടെ ഒക്കെ കടന്നു പോകുമ്പോള്‍ പണ്ട് പഠിക്കാന്‍ ഉണ്ടായിരുന്ന ഒരു ലേഖനം ഓര്‍ത്തു പോയി -കഥയെഴുത്തിന്‍റെ വിവിധ രീതികളെ കുറിച്ച് , സ്വയം നായകനായി കഥ പറയുന്നതും മറ്റൊരാളുടെ കഥ പറയുന്നതും അങ്ങനെ ഉള്ളതൊക്കെ ചേര്‍ന്ന് MT യുടെ ഒരു ലേഖനം ആണെന്നാണ് ഓര്‍മ്മ. ഈ കഥകളില്‍ പലതിനും പൊതുവായ ഒരു ശൈലി ഇല്ല -അല്ലെങ്കില്‍ ശ്രീ.സിയാഫ് ഈ രീതിയിലാണ്‌ എഴുതുക എന്ന് നമുക്ക് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുക ഇല്ല . അതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകതയും. ആദ്യ രണ്ടു കഥകളില്‍ കാല്‍പ്പനികതയുടെ -സങ്കപ്പ ലോകത്തിന്‍റെ അതിയായ സ്വാധീനം ഉണ്ടെങ്കില്‍ മറ്റുള്ള കഥകള്‍ ആ ശൈലിയുടെ ഒരു സൂചന പോലും നല്‍കുന്നില്ല.

വായിക്കാത്ത കഥയെക്കുറിച്ച് ഉള്ളടക്കം മറ്റൊരാള്‍ പറഞ്ഞു കേള്‍ക്കുന്നത് ഇഷ്ടമില്ലാത്ത ആളായത് കൊണ്ട് കഴിവതും ഈ കഥകളുടെ ഉള്ളടക്കം പറയാതെ പറഞ്ഞാണ് ഈ കുറിപ്പ് തയ്യാറാക്കിയത് -  കുറിപ്പ് ദുരൂഹമായി തോന്നാം , പക്ഷെ കഥകള്‍ ദുരൂഹം അല്ല തന്നെ :).

ഈ കഥവണ്ടി ഇനിയും ഒരുപാട് ദൂരം മുന്നോട്ടേക്ക് പോകട്ടെ എന്നാണ് ആശംസ. ഒപ്പം സിയാഫിക്കയുടെ കഥകള്‍ നമുക്ക് പുസ്തക രൂപത്തില്‍  വായിക്കാന്‍ അവസരം തന്ന കൃതി ബൂക്സിനോട് നന്ദിയും .
(കഥാകൃത്തിന്‍റെ കയ്യൊപ്പോട് കൂടിയ ഒരു കോപ്പി കടല് കടന്നു എന്‍റെ അടുത്തേക്ക് എത്തിയപ്പോള്‍ സത്യം പറയാമല്ലോ ഈ ബുക്ക്‌ ഇറങ്ങുന്നതിനു ഒരു സഹായവും ചെയ്തില്ല എങ്കിലും ഞാനും കൂടി അതിന്‍റെ ഒരു ഭാഗം ആണെന്ന് തോന്നിപ്പോയി. ഒരു ബുദ്ധിമുട്ടും വിചാരിക്കാതെ ബൂക്കയച്ചു തന്നതിന് വീണ്ടും വീണ്ടും സിയാഫിക്കയോട് നന്ദി പറയാതെ വയ്യ )
========================================================================
ഈ കാണുന്ന ലിങ്കിലൂടെ പോയാല്‍ ആപ്പിള്‍ മേടിക്കാം :) http://www.indulekha.com/apple-stories-siyaf-abdhulkhadir

 

Tuesday, November 26, 2013

ദേഹാന്തര യാത്രകളിലൂടെ..

ചില യാത്രകള്‍ നമ്മളെ വല്ലാതെ കൊതിപ്പിക്കും! യാത്രകള്‍ ഇഷ്ടപ്പെടുന്ന ഒരാളെ അത് തീര്‍ച്ചയായും പ്രലോഭിപ്പിക്കും - "ദേഹാന്തര യാത്രകള്‍" പ്രലോഭനമായോ എന്നിലെ വായനക്കാരിക്ക് എന്ന് സംശയം, പക്ഷെ കൊതിപ്പിച്ചു -വല്ലാതെ!

വിഡ്ഢിമാന്‍  

കൃതി ബുക്സ്  

വില 95


പേര് കൊണ്ട് നമുക്ക് ഈ യാത്ര ദേഹ യാത്ര അല്ലാതെ ദേഹി യാത്ര ആണോ എന്നൊരു സംശയം തോന്നാം -പക്ഷെ, ഇതില്‍ നമ്മള്‍ യാത്ര ചെയ്യുന്നത് സത്യത്തില്‍ പല ദേഹങ്ങളിലൂടെയാണ് ,  ആ ദേഹങ്ങളിലെ ദേഹികളിലൂടെയാണ്.

ബ്ലോഗിലൂടെ എനിക്ക് വായിക്കാന്‍ കഴിയാതെ പോയ "വെടിക്കഥകള്‍" ആണ് "ദേഹന്തര യാത്രകള്‍" എന്ന പേരില്‍ ശ്രീ.മനോജ്‌ ബുക്ക്‌ ആക്കിയത് എന്നത് മാത്രമായിരുന്നു എനിക്ക് ഈ ബുക്ക്‌വായിക്കാന്‍ എടുക്കുമ്പോള്‍ ഉള്ള അറിവ്. സത്യം പറയാമല്ലോ -ഒട്ടൊരു മുന്‍വിധി ഉണ്ടായിരുന്നു -ഈ ബുക്കിന്‍റെ ഉള്ളടക്കത്തെ കുറിച്ച്, ശൈലിയെ കുറിച്ച്. തീര്‍ത്തും അപരിചിതമായ ഒരു എഴുത്തുകാരനെ വായിക്കുമ്പോള്‍ മുന്‍വിധികള്‍ ഉണ്ടാകേണ്ട കാര്യമേയില്ല -പക്ഷെ, ഞാന്‍ വായിച്ചിരുന്നില്ല എങ്കിലും വെടിക്കഥകളെ കുറിച്ചൊരു ഏകദേശ രൂപം മറ്റു ചില സുഹൃത്തുക്കള്‍ തന്നിരുന്നു. അത് കൊണ്ട് തന്നെ "ബി പ്രിപ്പയെര്ട് (be prepared ) " എന്നൊരു അറ്റിട്ട്യുടിലാണ് തുടങ്ങിയത്.

ശ്രീ.രവിവര്‍മ്മ തുടക്കത്തില്‍ പറഞ്ഞത് പോലെ ഇതൊരു നോവല്‍ രീതിയില്‍ ആദി മുതല്‍ അന്ത്യം വരെ വായിച്ചില്ലെങ്കിലും മനസിലാക്കാന്‍ ആകും - ഓരോ അദ്ധ്യായവും സ്വന്തമായ ഒരു നിലനില്‍പ്പുള്ള രീതിയിലാണ് കഥാകാരന്‍ ആവിഷ്കരിച്ചിരിക്കുന്നത് (ഇടയ്ക്ക് ചിലവ മാത്രമായി ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു കഴിഞ്ഞു ഈ പത്തു ദിവസത്തിനിടയില്‍). പക്ഷെ, യാത്രയുടെ തുടക്കവും ഒടുക്കവും കൂടിയാകുമ്പോഴെ വായനയുടെ ശരിയായ സുഖം കിട്ടുകയുള്ളൂ. കുറെ നാളുകള്‍ കൂടി ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്ത ഒരു ബുക്കാണ്‌ ഈ യാത്ര. വായനയുടെ അവസാനം -ഞാനിത് വായിച്ചു  തുടങ്ങുമ്പോള്‍ തീരെ കരുതിയില്ല എന്‍റെ കണ്ണില്‍ ഒരു നനവുണ്ടാകും എന്ന്! പക്ഷെ, സുഖമുള്ള ഒരു വിങ്ങല്‍ -ഭാരമേറുന്ന ഹൃദയം-ഒത്തിരി നാളായി വായിച്ചു നെഞ്ചു വിങ്ങുന്ന ഒരു ബുക്ക്‌ വായിച്ചിട്ട്- അവസാന താളില്‍ എനിക്കാ ഭാരം തോന്നി.. ബ്ലോഗില്‍ ഇതിനെ വായിക്കാതിരുന്നത് നന്നായി എന്ന് തോന്നി!

കഥയില്‍ പറഞ്ഞു പോകുന്ന സ്ഥലങ്ങള്‍ കഥാകാരന്‍ കണ്ടിട്ടില്ല എന്നുള്ളത് എന്നെ അതിശയിപ്പിച്ചു - സങ്കല്പ്പത്തിലൂടെ  എങ്ങനെ അദ്ദേഹം ഇത്ര അബ്സ്ട്രാക്റ്റ് ആയി എഴുതി എന്നത്. പല യാത്രകളും പോയി കണ്ടു പരിചയിച്ചറിഞ്ഞ വഴികളിലൂടെ ആണെന്ന് തോന്നി - കൂടെ കൊണ്ട് പോയവരെയും മുഷിപ്പിക്കാതെ ,യാത്രയുടെ അലച്ചില്‍ അറിയിക്കാതെ അവസാനം വരെ എത്തിച്ചു.

വായിക്കാത്ത ഒരു ബുക്കിനെ കുറിച്ചോ, കാണാത്ത സിനിമയെ കുറിച്ചോ കഥാപരമായി  അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് എനിക്കിഷ്ടമല്ല -വായിക്കുമ്പോള്‍ ഉള്ള പുതുമ പോകും എന്നത് കൊണ്ട് തന്നെ :). അത് കൊണ്ട് എന്‍റെ ആസ്വാദനത്തിലും ഈ യാത്രയുടെ കഥ എന്ത് എന്നത് നിങ്ങള്‍ വായിച്ചു തന്നെ അറിയുക. എനിക്കുറപ്പാണ് പ്രാന്തി പപ്പി നിങ്ങളെ ചിന്തിപ്പിക്കും അതിശയിപ്പിക്കും. സില്‍വിയ നിങ്ങളെ ചിന്തിപ്പിക്കും, ആശയ കുഴപ്പത്തിലാക്കും.ചില കാട്ടുചെമ്പക ഗന്ധങ്ങള്‍ "അങ്ങനെ ചിന്തിക്കാന്‍ ആകുമോ" എന്ന് നിങ്ങളെ കുഴപ്പിക്കും (ഇപ്പോഴും അതിന്‍റെ പ്രായോഗികത എന്നെ കുഴയ്ക്കുന്നു!) രമേശിന്‍റെ  അമ്മയും,രമചേച്ചിയും ഒക്കെ അസ്വസ്ഥത സൃഷ്ടിക്കുന്ന യാഥാര്‍ത്ഥ്യമായി കണ്മുന്നില്‍ കാണും. മാത്യുസ്സേട്ടനും, റസിയയും നീറ്റല്‍ ആയി കൊണ്ടുനീറും . പല കല്‍പ്പനകളും മനോഹരമായ ചിത്രങ്ങള്‍ വരയ്ക്കും.

ഓരോ യാത്രയ്ക്കും അനിവാര്യമായ ഒരു തുടക്കം ഉണ്ട് -ഒടുക്കവും. നമ്മുടെ പല യാത്രകളും തുടങ്ങിയിടത്ത് തന്നെ ഒടുങ്ങണം എന്നില്ല -എന്നാലോ ആത്യന്തികമായി നമ്മളൊക്കെ  ആഗ്രഹിക്കുന്നത് തുടക്കവും ഒടുക്കവും ഒരിടത്ത് ആകണം എന്നാണ്, അതേത് യാത്ര ആയാലും. ഇവിടെ രമേശിന്‍റെ യാത്രയില്‍ തുടക്കം അദ്ദേഹം കരുതികൂട്ടി ചെയ്യുന്നതാണ്‌ - ഒടുക്കം ,അത് നിയോഗവും. അവിടേക്ക് എത്തിപ്പെടാതിരിക്കാന്‍ അദ്ദേഹത്തിന് ആകുമായിരുന്നില്ല എന്നതാണ് സത്യം.  നമ്മളുടെ കൂടെ കുറെയേറെപ്പേര്‍ കയറിയിറങ്ങി യാത്ര ചെയ്യുന്നു -ഒടുവില്‍ നമ്മള്‍ മാത്രം എവിടെ നിന്ന് പുറപ്പെട്ടോ അവിടേക്ക് തിരികെ എത്തുന്നു.

വായനയില്‍ എനിക്കേറ്റവും ഇഷ്ടമായ ഭാഗങ്ങളില്‍ ഒന്ന്  കിഷന്‍റെ  ചെറിയമ്മയുടെ ചില വാദമുഖങ്ങള്‍ ആണ്. സത്യത്തില്‍ കിഷന്‍റെ  ചെറിയമ്മ സംസാരിക്കുന്നിടത്ത് ഞാനൊരു പെണ്മനസ്‌ കണ്ടു - കഥാകാരനില്‍ നിന്ന് അത്തരമൊരു അവതരണ രീതി പ്രതീക്ഷിക്കാതിരുന്ന എന്നെ അത് അതിശയിപ്പിക്കുക തന്നെ ചെയ്തു.

കഥയില്‍ , അവതരിപ്പിച്ച രീതിയില്‍ V.D.മനോജ്‌ എന്ന വിഡിമാന്‍ ആദ്യ പുസ്തകത്തിന്‍റെ യാതൊരു പതറിച്ചയും ഇല്ലാത്ത രീതിയില്‍ ആണ് ദേഹാന്തര യാത്ര ഒരുക്കിയിരിക്കുന്നത് എന്ന് കാണാം. ഇതൊരു തുടക്കം മാത്രമെന്നും, ഇനിയും ഇനിയും ഒത്തിരി പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി നമുക്ക് കിട്ടുമെന്നും പ്രതീക്ഷിക്കുന്നു. ഈ കുറിപ്പിന്‍റെ തുടക്കത്തില്‍ പറഞ്ഞത് പോലെ ഈ ബുക്ക്‌ എന്നെ കൊതിപ്പിക്കുന്നു -ഇത്തരമൊരു വായന ഇനിയും ഇനിയും കിട്ടണം എന്നൊരു കൊതി !

 പുറംചട്ട മനോഹരമാണ് -വരാനിരിക്കുന്നതിനെ  കുറിച്ച് ഒരു മുന്നറിയിപ്പ് തരുന്ന ചിത്രം. ഉള്‍പ്പെജിലെ ചിത്രങ്ങളില്‍ ചിലതൊക്കെ വളരെ യോജിക്കുന്നതായി തോന്നി -പക്ഷെ ചിലവ എന്‍റെ വിഷയ വിവരമില്ലായ്മ കൊണ്ടാകാം അത്രയ്ക്ക് ചേര്‍ന്നതായോ എന്നൊരു സംശയം ഉണ്ട്. ബുക്കിനെ മൊത്തമായി വിലയിരുത്തുമ്പോള്‍  ചില അക്ഷര തെറ്റുകള്‍ കൂടി ഒഴിവാക്കാമായിരുന്നു എന്ന് തോന്നി :) കൃതി ബൂക്സിനോട് ശ്രീ.മനോജിനോപ്പം ഞങ്ങളും കടപ്പെട്ടിരിക്കുന്നു , ബ്ലോഗ്ഗര്‍ എന്ന ലേബലില്‍ ഒതുക്കാതെ വിഡിമാനെ വിശാലമായ മറ്റൊരു ലോകത്തേക്ക് എത്തിച്ചതിന് .

കയ്യില്‍ തൊട്ടു തലോടി മണത്തു ഒരു പുസ്തകം വായിക്കുന്ന സുഖം! ആഹാ... ഒരു കോപ്പി എനിക്കും അയച്ചു തരാമോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഇത്രയും ദൂരേക്ക് നാട്ടില്‍ നിന്നും അയക്കുന്നതില്‍ ഒരു മടിയും വിചാരിക്കാതെ ഈ    പുസ്തകം 'ആപ്പിള്‍' നൊപ്പം   എനിക്ക് എത്തിച്ചു തന്ന സിയാഫിക്കയ്ക് കൂടി നന്ദി പറയാതെ ഈ വായന സാര്‍ത്ഥകം ആകുന്നില്ല :) .

(വായിച്ചു തീര്‍ന്നു ആദ്യം തോന്നിയത് "അപ്പൊ തന്നെ ഈ തോന്നിയ വികാര വിചാരങ്ങള്‍ എഴുതിയ ആളെ അറിയിക്കണം" എന്നാണ്. ബുക്കില്‍ പരതി എഴുതിയ ആളുടെ നമ്പര്‍  -ബുദ്ധിമാന്‍! ഫോണ്‍ നമ്പര്‍ വെച്ചിട്ടില്ല -അതോണ്ട് അന്ന് അര്‍ദ്ധരാത്രിക്ക് ഒരു ISD വിളിയില്‍ നിന്ന് അദ്ദേഹം രക്ഷപെട്ടു. )