Sunday, February 21, 2021

പ്രണയത്താൽ പൊള്ളിയവൻ

"വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല ... നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കണക്കാക്കുക , ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക ...."  വായിച്ചതിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചിട്ടുള്ള, ഏറ്റവുമധികം സ്പർശിച്ചിട്ടുള്ള വരികൾ പ്രണയത്തിന്റെ രാജകുമാരന്റെ തൂലികയിൽ നിന്നാണ്. ഓരോ തവണ വായിക്കുമ്പോഴും ഒന്നും വേണ്ടായിരുന്നു എന്നും അടുത്ത നിമിഷം എല്ലാം വേണമെന്നും   പറയുന്ന പെൺകനവുകളുടെ കുടുക്കുകളിൽ കുടുങ്ങിക്കിടക്കാറുണ്ട് ഞാൻ. ഒരു ചുംബനം കൊണ്ട് ആത്മാവിന്റെ ആഴങ്ങളിൽ പോലും പൊള്ളുന്നത് എങ്ങനെയെന്ന് 'ലോല'യിലൂടെ പദ്മരാജൻ പറയാൻ ശ്രമിക്കുന്നുണ്ട്. 


പ്രണയം എന്നത് ആത്മാവിൽ കെട്ടപ്പെടുന്നതാണ് എന്ന് നിഷ്കളങ്കമായ കണ്ണുകളോടെ പറഞ്ഞിരുന്ന ആ അമേരിക്കൻ പെൺകുട്ടി ലജ്ജയാൽ ചുമക്കുന്നവളാണ് എന്നോ കന്യകയായിരിക്കും എന്നോ അയാൾ പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയിലേക്ക് പഠനാവശ്യത്തിനായി വന്ന ഒരു ശരാശരി മലയാളി യുവാവിന്റെ സങ്കൽപ്പത്തിലെ അമേരിക്കൻ യുവതി ആയിരുന്നില്ല അവൾ. ഒരു വ്യവസ്ഥാപിത കുടുംബപശ്ചാത്തലത്തിൽ വളരാതിരുന്ന ലോല എന്ന സുന്ദരിയും മിടുക്കിയുമായ യുവതിയിൽ ഒരുപക്ഷേ ആ യുവാവ് കണ്ട ഏറ്റവും വലിയ ആകർഷണീയതയും ആ വൈരുദ്ധ്യാത്മകതയാകണം. വരച്ചുവെച്ച കള്ളികൾക്ക്  പുറമേയ്ക്ക് തൂക്കിയ ചായങ്ങൾ ചേർന്നൊരുക്കിയ മനോഹരമായ ഒരു കൊളാഷ് പോലെയാണ് ലോല. 

മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകഥയായി  തിരഞ്ഞെടുത്ത ലോലയിൽ അവർ ഒന്നിക്കുന്നില്ല എന്നത് പ്രണയത്തിന്  മറ്റൊരു മാനം  നൽകുന്നത് പോലെയാണ്. പ്രണയത്തിനോട് പ്രണയമാകുന്ന രണ്ടുപേർ! അവർക്ക് പരസ്പരം പ്രണയിക്കാനും തമ്മിൽ ലയിക്കാനും  മാത്രമേ കഴിയുന്നുള്ളു. അത്രയും നാൾ കൂടെ ചേർത്തുവച്ചിരുന്ന പലതും, വിശ്വസിച്ചിരുന്ന പലതും ആ പ്രണയത്തിനു വേണ്ടി മാറ്റിവെക്കാൻ ലോല തയ്യാറാകുമ്പോൾ ഇന്ത്യയിലേക്ക് തൻ്റെ  ദരിദ്രമായ ജീവിതത്തിലേക്ക് ലോലയെ കൂട്ടിക്കൊണ്ട്  വരാൻ  കഴിയാത്തത്ര ദുർബലനായാണ് കാമുകനെ ചിത്രീകരിച്ചിരിക്കുന്നത്. പക്ഷേ, അവിടെയും പ്രണയമാണ് ലോലയോടുള്ള പ്രണയം മാത്രമാണ് അതിൽ നിന്നും അയാളെ പിന്തിരിപ്പിക്കുന്നത് എന്ന്  ചിന്തിക്കാനാണ് എനിക്കിഷ്ടം. 


ആത്മഹത്യ ചെയ്യുന്നവർ ഭീരുക്കൾ ആണെന്നു പറയുന്ന ലോല തന്നെ ഒരു സമയം അതിനെക്കുറിച്ചു ആലോചിക്കുന്നത് അത്രമേൽ ആഴത്തിൽ പ്രണയത്താൽ മുറിവേൽക്കുമ്പോഴാണ് - അല്ല പ്രണയത്താൽ അല്ല, പ്രണയത്തിന്റെ പറഞ്ഞുവെക്കലുകളാൽ!   പ്രണയത്തോട് അവൾക്ക് പ്രണയമാണല്ലോ .. പ്രണയത്തിന്റെ തീവ്രത മരണത്തിനെപ്പോലും പ്രണയിപ്പിക്കും എന്ന് ലോകത്തുള്ള എല്ലാ കാമുകീകാമുകന്മാരോടും ഒപ്പം ചേർന്നുകൊണ്ട് അവളും പറയുന്നു.  അതുകൊണ്ടാണല്ലോ കാമുകനെ ഒരു ചതിയനായോ ദുഷ്ടനായോ കാണാൻ കഴിയാതെ നിസ്സഹായതയുടെ പ്രണയത്തിന്റെ ഭാഷയിൽ  അയാളുടെ കുഞ്ഞിനെ ഗർഭം ധരിച്ചു വളർത്തി അതേ  പ്രായത്തിൽ എത്തുമ്പോൾ കൊലപ്പെടുത്തുമെന്നൊരു ചിന്ത ലോല  പങ്കുവെക്കുന്നത്. അത് കേൾക്കെ എന്നാലിപ്പോൾ തന്നെ എന്നെ കൊന്നുകൂടെ എന്ന് പരിഭവിക്കുന്ന  കാമുകനോട് അവൾ വീണ്ടും പറഞ്ഞുവെക്കുന്നത്  എനിക്ക് നിന്നെ പ്രണയിക്കാനല്ലേ അറിയൂ എന്നാണ്. 


താമരയുടെ കണ്ണുകളുള്ളവനെ പ്രണയിച്ച ലോല എന്ന അമേരിക്കൻ പെൺകുട്ടിയ്ക്ക് എന്ത് സംഭവിച്ചു എന്നറിയില്ല എങ്കിലും കളിക്കൂട്ടുകാരിയെ വിവാഹം കഴിച്ച ആ യുവാവ് പിന്നീടുള്ള ഓരോ ചുംബനത്തിലും അവളെ ഓർത്തിരുന്നിരിക്കണം. ഓരോ തവണയും ആ ചുംബനങ്ങൾ അയാളുടെ ചുണ്ടുകളെ പൊള്ളിച്ചിരുന്നിരിക്കണം ... കാരണം അത്രമേൽ ആഴത്തിൽ , ചൂടിൽ, തീവ്രതയിൽ, പ്രണയത്തിൽ  മറ്റൊരുവൾക്ക് അയാളെ ചുംബിക്കാൻ കഴിയില്ല . 

 പ്രണയത്തോടെ  നോക്കിയ ഓരോ കണ്ണുകളും , പ്രണയം കൊണ്ട് വിയർത്ത ഓരോ കയ്യുകളും, പ്രണയം ചുമപ്പിച്ച കഴുത്തുകളും  അയാളെ വീണ്ടും വീണ്ടും ആ പൊള്ളലുകൾ ഓർമ്മിപ്പിച്ചിട്ടുണ്ടാകണം,  ജീവിതം മുഴുവൻ ആ പൊള്ളലുകളേറ്റ് ഹൃദയമുറിവുണങ്ങാതെ നടന്നിട്ടുണ്ടാകണം! 


(ലോലയ്‌ക്കൊരു തുടർവായന )  



2 comments:

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)