Monday, March 19, 2018

മകൻ പഠിപ്പിക്കുന്ന പാഠങ്ങൾ



ഈ അടുത്ത കാലത്ത് ഗൂഗിള്‍ പ്ലസില്‍ പൊങ്ങിവന്ന ഒരു 'ലാസ്റ്റ് ഇയര്‍ ദിസ്‌ ടൈം ' ചിത്രമാണ് ഇത്തവണത്തെ കുറിപ്പിന് ആധാരം. മോന്‍റെ സ്കൂളില്‍ കഴിഞ്ഞ വര്‍ഷത്തെ നൂറാം ദിനാഘോഷത്തിന്‍റെ ചിത്രമാണ്‌ ഇവന്മാര്‍ പൊക്കിക്കൊണ്ടു വന്ന് 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന് ചോദിച്ചത്. നടന്ന ആഘോഷം എന്ന് പറയാനാകില്ല, നടക്കേണ്ടിയിരുന്ന ആഘോഷം എന്ന് പറയണം - മാത്രവുമല്ല എനിക്കും കൊച്ചിന്‍റെ അച്ഛനും കൊച്ച് മറന്നാലും ആ മുഖം മറക്കാനാകും എന്നും തോന്നുന്നില്ല.

ആ നീണ്ട കഥ പറയും മുന്‍പ് നിങ്ങളോട് , ഈ ലേഖനം വായിക്കുന്ന അച്ഛനമ്മമാരോട് ഉള്ള ചോദ്യം - കുഞ്ഞുങ്ങളുടെ കുഞ്ഞു ജീവിതത്തിലുണ്ടാകുന്ന കുഞ്ഞുകുഞ്ഞു പ്രശ്നങ്ങളെ, അപ്രതീക്ഷിത വഴിത്തിരിവുകളെ എങ്ങനെയാണു അവര്‍ നേരിടുന്നത്? എങ്ങനെയാണു നിങ്ങളവരെ അതിനു പ്രാപ്തരാക്കുന്നത്?എങ്ങനെയാണു നിങ്ങളവരെ തോല്‍ക്കാനും,അമളികള്‍ കൈകാര്യം ചെയ്യാനും പഠിപ്പിക്കുന്നത്? - ചോദ്യം വായിച്ചുള്ള ചിന്താനിമിഷം കഴിഞ്ഞെങ്കില്‍ തുടര്‍ന്ന് വായിക്കാം.

കഴിഞ്ഞ സ്കൂള്‍ വര്‍ഷത്തിന്‍റെ നൂറാം ദിവസം. മൂത്ത മകന്‍ കിന്റെര്‍ഗാര്ട്ടനിലാണ്. ഇളയ ആള്‍ക്ക് ഒരു 9 മാസം പ്രായം ആയിട്ടുണ്ടാകും. ശൈത്യകാലമാണ്, ഭര്‍ത്താവ് കുറച്ചു ദൂരെയുള്ള സ്ഥലത്താണ് ജോലി എന്നതിനാല്‍ അതിരാവിലെ തന്നെ പോകും. ഇളയ ആളെയും കൊണ്ട് മഞ്ഞത്ത് പോയി കാത്തുനില്‍ക്കാനുള്ള വിഷമം കാരണം മോനെ രാവിലെ അടുത്ത വീട്ടിലെ കുട്ടികള്‍ക്ക് ഒപ്പമാണ് ബസ് പോയിന്റിലേക്ക് വിടുന്നത്. കെട്ടിടത്തിന്‍റെ പ്രധാന വാതിലിന് അകത്ത് നിന്നാല്‍ കുട്ടികള്‍ ബസില്‍ കയറുന്നത് തണുപ്പടിക്കാതെ കാണുകയും ചെയ്യാം. രാവിലെ യുദ്ധകാലാടിസ്ഥാനത്തില്‍ ആണ് വീട്ടിലെ കാര്യങ്ങള്‍ നീങ്ങുക - ഏതൊരു സ്കൂള്‍കുട്ടിയുടേയും വീട്ടിലെ അതേ അന്തരീക്ഷം. എല്ലുകുളിരുന്ന

തണുപ്പത്ത് മൂടിപ്പുതച്ചുറങ്ങുന്ന അഞ്ചരവയസുകാരനെ കാണുമ്പോള്‍ വിളിച്ചുണര്‍ത്താനല്ല അവന്‍റെ കൂടെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങാനാണ് എനിക്കെപ്പോഴും തോന്നുക. പക്ഷേ മഞ്ഞുവീഴ്ച ഭീകരം ആയാല്‍പ്പോലും ചിലപ്പോ അവധി കിട്ടാത്ത നാട്ടില്‍ ആറുമാസം എല്ലാദിവസവും തണുപ്പ് പ്രമാണിച്ച് മൂടിപ്പുതച്ചുറങ്ങിയാല്‍ കുഞ്ഞ് ഹോംസ്കൂള്‍ ചെയ്യുന്നതാകും ഭേദം. ഇമ്മാതിരി അലുക്കുലുത്ത് ചിന്തകള്‍ അലട്ടുന്നത് കൊണ്ടുതന്നെ അലോസരപ്പെടുത്തിയാണെങ്കിലും അവനെ കുത്തിപ്പൊക്കും.


അങ്ങനെ ഒരു സുഖദ സുന്ദര ശീതള സുപ്രഭാതത്തില്‍ അഞ്ചുമിനിറ്റ്, രണ്ടുമിനിറ്റ്‌, ഒരു മിനിറ്റ് , സീറോ മിനിറ്റ് സ്നൂസിംഗ് കഴിഞ്ഞ് ആശാനെ ഉണര്‍ത്തിക്കൊണ്ടുവന്നു തയ്യാറാക്കുമ്പോള്‍ ആണ് കഴിഞ്ഞ ആഴ്ച സ്കൂളില്‍ നിന്നും ഒരു കുറിപ്പ് തന്നുവിട്ടത് ഓര്‍ത്തത്. ഉസ്കൂള്‍ തുറന്ന് നൂറാം ദിവസത്തിനെ ആഘോഷിക്കാന്‍ തിങ്കളാഴ്ച എല്ലാവരോടും വയസായവരെപ്പോലെ ഒരുങ്ങിവരാന്‍ പറഞ്ഞുള്ള കുറിപ്പ്. അറിയിപ്പ് കിട്ടിയപ്പോള്‍ തന്നെ തന്നെ ആശാന്‍ പറഞ്ഞിരുന്നു 'താടിയുള്ള അപ്പൂപ്പ' ആയാല്‍ മതീന്ന്. തലേ ദിവസം ഓര്‍ത്തതുമില്ല എല്ലാം എടുത്തു വെക്കാന്‍. വേഗം തന്നെ ഒരു ചെക്ക്‌ ഷര്‍ട്ടും, ലൂസ് ജീന്‍സ് പാന്റും ഇടീച്ചു, ഇന്സേര്ട്ട് ചെയ്ത് കുട്ടപ്പനാക്കി. ഇനിയിപ്പോ താടി ഒപ്പിക്കണം. ഭാഗ്യത്തിന് ഫേസ് പെയിന്റിംഗിന് ഉപയോഗിച്ച ഒരു വെളുത്ത ചോക്ക് കിട്ടി. അതുകൊണ്ടൊരു ഒപ്പിക്കല്‍ ബുള്‍ഗാനും വരച്ച്, മുടിയും ലേശായിട്ടൊന്നു നരപ്പിച്ചപ്പോള്‍ ആളൊരു ചുള്ളന്‍ അപ്പൂപ്പന്‍ ആയി. ഈ അലങ്കാരപ്പണിയൊക്കെ കഴിഞ്ഞപ്പോഴേക്കും ബസ് വരാനുള്ള സമയമായി. അപ്പുറത്തെ വീട്ടിലെ കുട്ടി വാതിലില്‍ മുട്ടുന്നുമുണ്ട്. വരാന്തയിലേക്കിറങ്ങിയപ്പോള്‍ തന്നെ, മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ആ കുട്ടി മോനോട് 'your costume is awesome' എന്നൊക്കെ പറഞ്ഞത് കേട്ട് സന്തോഷിച്ച് ഞങ്ങള്‍ പ്രധാന വാതിലിന് അടുത്തെത്തി, ഉമ്മയൊക്കെ തന്ന് കയ്യുംവീശി ആശാന്‍ അവര്‍ക്കൊപ്പം പുറത്തേക്ക് പോയി. വൈകിയാണ് വീടിന് പുറത്തേക്ക് എത്തിയത് എന്നത് കൊണ്ട് മോന്‍റെ പ്രായത്തിലുള്ള കുട്ടികളുടെ അമ്മമാരെയൊന്നും ഞാന്‍ കണ്ടതുമില്ല, ബസ് പോകുന്നത് വരെ വാതിലിന് അടുത്ത് നിന്നിട്ട് തിരികെ അകത്തെ വരാന്തയിലൂടെ വീട്ടിലേക്ക് നടക്കുമ്പോള്‍ മോന്‍റെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന ഒരു കുട്ടിയുടെ അമ്മ അകത്തേക്ക് വന്നു. "ഇന്ന് എന്തുപറ്റി ലേറ്റായിപ്പോയോ എണീക്കാന്‍? താത്വിക് വരുമ്പോളേക്കും ബസ് വന്നല്ലോ" എന്നൊരു കുശലവും എന്നോട് ചോദിച്ചു. രാവിലത്തെ എക്സ്ട്രാ മേക്കപ്പ് കാരണമാണ് ലേറ്റ് ആയത് എന്നും, അവിടുത്തെ മോന്‍ എന്ത് വേഷമാ കെട്ടിയത് എന്നും ഞാന്‍ ചോദിച്ചത് കേട്ട് ആളെന്നെ ഒന്ന് സൂക്ഷിച്ചുനോക്കി. എന്നിട്ട് ആശ്വസിപ്പിക്കുന്ന തരം മൃദു സ്വരത്തില്‍ പറഞ്ഞു..., "ആര്‍ഷാ, 100th ദിവസം അടുത്ത തിങ്കളാഴ്ചയാണ്. ഇന്നാണെന്ന് കരുതി അല്ലേ?"


മുതിര്‍ന്നതിനു ശേഷം എപ്പോഴെങ്കിലും നിങ്ങള്‍ക്ക് 'ഗൃഹപാഠം മറന്ന ഫീല്‍' അല്ലെങ്കില്‍ 'റെക്കോര്‍ഡ്‌ സബ്മിഷന്‍ ഡേറ്റ് മറന്ന അവസ്ഥ' ഉണ്ടായിട്ടുണ്ടോ? അങ്ങനെ ഒരു തിരയിളക്കം എനിക്ക് വയറില്‍ നിന്നും പൊങ്ങിവന്നു. എന്‍റെ ആദ്യത്തെ പ്രതികരണം 'അയ്യോ' എന്നായിരുന്നു, പിന്നെ അവര്‍ക്ക് തെറ്റിയതാകാം എന്നൊരു സംശയം. ഉറപ്പിക്കാന്‍ വീട്ടിലേക്ക് ഓടുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു " താത്വിക് ലൈനില്‍ എത്തിയിട്ട് ആണ് ബാക്കിയുള്ളവരെ കണ്ടത്. e understood, but he was cool - donot worry". വീട്ടിലെ പേപ്പര്‍ കൂട്ടത്തില്‍ നിന്നും ആ അറിയിപ്പ് കണ്ടെടുത്തപ്പോള്‍ ശരിയാണ് അടുത്ത തിങ്കളാഴ്ച ആണ്. ഉറക്കപ്പിച്ചിലെ അബോധമനസ് 'തിങ്കളാഴ്ച' മാത്രം രജിസ്റെര്‍ ചെയ്തു, ഏതു തിങ്കളാഴ്ച എന്ന് ഉറപ്പിച്ചുമില്ല! എല്ലാ ആഴ്ചയും തിങ്കളാഴ്ച ഉണ്ടല്ലോ. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും മുന്നില്‍ വേഷം കെട്ടിലൂടെ അപഹാസ്യനായേക്കാവുന്ന കുഞ്ഞിനെ ഓര്‍ത്ത് സങ്കടവും, എന്നോട് അതികഠിനമായ ദേഷ്യവും തോന്നി! പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം - കൈവിട്ടു പോയില്ലേ.... സ്കൂള്‍ ബസിപ്പോള്‍ സ്കൂളില്‍ എത്തും, ഏതു നിമിഷവും അവര്‍ ക്ലാസ്സിലേക്കും എത്തും. നടന്നുപോകാവുന്ന ദൂരമേ ഉള്ളൂ സ്കൂളിലേക്ക് എങ്കിലും ചെറിയ കുഞ്ഞിനേയും കൊണ്ട് മഞ്ഞത്ത് നടക്കുക സാദ്ധ്യമായ കാര്യമല്ല. ബസില്‍ കയറുന്നതിന് മുന്‍പ് അബദ്ധം അറിഞ്ഞിട്ടും തിരികെപ്പോരാതെ ബസില്‍ കയറിപ്പോയത് ഒരുപക്ഷേ, തിരിച്ചു വന്നാല്‍ ഞാന്‍ ചീത്ത പറഞ്ഞേക്കുമോ എന്ന് പേടിച്ചാകാം എന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചിലും വന്നു.


സ്കൂളിലേക്ക് നേരിട്ട് ടീച്ചറിനെ വിളിക്കാന്‍ സംവിധാനം ഇല്ല. ശരണം ഇ-മെയില്‍ അയക്കലാണ്. കാര്യകാരണസഹിതം ഒരു മെയില്‍ ടീച്ചറിന് അയച്ചു. മകന്‍റെ കുറ്റമല്ല - രക്ഷിതാക്കളായ ഞങ്ങളുടെ മാത്രം തിരക്ക് കൊണ്ട് വന്നുപെട്ട ഒരു 'തിരിമറി' ആണെന്നും, ഈ ഒരു അമളി സാഹചര്യം കുട്ടിയെ വിഷമിപ്പിച്ചേക്കാം, ഒന്ന് ശ്രദ്ധിച്ചേക്കണേ എന്നും അവന്‍ ബുദ്ധിമുട്ട് പറയുകയോ, പ്രകടിപ്പിക്കുകയോ ആണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഞാന്‍ വന്നു തിരികെ കൊണ്ടുവരാം എന്നുമൊക്കെ നീട്ടി നീട്ടി രാമായണം പോലെ ഒരു മെയില്‍ അയച്ചിട്ട് ഞാന്‍ കമ്പ്യുട്ടറിനു മുന്നില്‍ തപസ് തുടങ്ങി. കാര്യം നിസാരമാണ് - പക്ഷേ കിന്റെര്‍ഗാര്ടന്‍കാരന് അതൊരു വലിയ കാര്യം തന്നെയാണല്ലോ. ചില 'അപ്രതീക്ഷിത' സന്ദര്‍ഭങ്ങളെക്കുറിച്ചൊക്കെ പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിലും ഇമ്മാതിരി ഒന്ന് നമ്മള്‍ പ്രതീക്ഷിക്കാത്തതിനാല്‍ എങ്ങനെയാകും അവന്‍റെ പ്രതികരണം എന്നുമറിയില്ല. അരമണിക്കൂറിനുള്ളില്‍ ടീച്ചറുടെ മറുപടി വന്നു. 'Nothing to worry - he is handling it well '. അത്രയും ആശ്വാസം ആയി - ആള്‍ കരയുന്നില്ല എന്ന് മനസിലായല്ലോ!


അന്നത്തെ ദിവസത്തിന് നീളം വളരെ കൂടുതലായിരുന്നു. സ്കൂള്‍ വിട്ടുവന്ന മോനെ കെട്ടിപ്പിടിച്ചും ഉമ്മകൊടുത്തും ഞാനെന്‍റെ "I am so sorry"പ്രകടിപ്പിച്ചപ്പോള്‍ അവനെന്നെ ഞെട്ടിച്ചുകൊണ്ട് പറഞ്ഞു - "oh! that's OK ammaa. എനിക്ക് ബസില്‍ കേറുമ്പോള്‍ തന്നെ മനസിലായി. അതുകൊണ്ട് ക്ലാസ്സില്‍ ചെന്നപ്പോഴേ ഞാന്‍ ടീച്ചറിനോട് പറഞ്ഞു, അമ്മക്കും എനിക്കും ഡേറ്റ് മാറിപ്പോയി. I need to wash my face. എന്നിട്ട് ഞാന്‍ വാഷ്‌റൂമില്‍ പോയി മുഖത്തെ താടി കഴുകി, മുടിയും നനച്ചു, ഉടുപ്പ് പുറത്തുമിട്ടപ്പോള്‍ I was back to a kid അമ്മാ, സോ സിമ്പിള്‍!" ആരും കളിയാക്കിയില്ലേ എന്ന് ചോദിച്ചപ്പോള്‍ അവന്‍റെ മറുപടി ഇങ്ങനെ - "എല്ലാരും ചിരിച്ചു, ഞാനും കൂടെ ചിരിച്ചു- it was so funny - cos അവരൊക്കെ കുട്ടികളും ഞാന്‍ അപ്പൂപ്പയും അല്ലേ, അപ്പോപ്പിന്നെ നമ്മള്‍ ചിരിക്കില്ലേ! പിന്നെ ഒരു കുട്ടി അയ്യേ അപ്പൂപ്പന്‍ ന്ന് പറഞ്ഞപ്പോള്‍ ടീച്ചര്‍ പറഞ്ഞു ഫ്രണ്ട് നോടും അപ്പൂപ്പനോടും mean ആകാന്‍ പാടില്ലാന്ന് and she said sorry to me. ഞാന്‍ ഇട്സ് ഓക്കേ ന്നും പറഞ്ഞു."


അപ്പോള്‍ ഈ അമ്മക്ക് ആ ടീച്ചര്‍ പറഞ്ഞത് തന്നെയേ പറയാനുണ്ടായിരുന്നുള്ളൂ, "you are a brave cool boy!" അമ്മയോ അച്ഛനോ ആയിരുന്നേല്‍ ഒരുപക്ഷേ കരഞ്ഞേനെ എന്നും, upset ആയേനെ എന്നും പറഞ്ഞപ്പോള്‍ അവന്‍ ആശ്ചര്യത്തോടെ പറഞ്ഞു - "you are joking - I know you wont be upset, because its just a dressup - what to worry in that?!" എവിടെ നിന്നാണ് ഈ ബോധം കിട്ടിയതെന്ന് അറിയില്ല, പക്ഷേ അന്ന് ഞങ്ങള്‍ക്ക് തോന്നിയത് ആ അബദ്ധം നന്നായി എന്നാണ്. ആരുടേയും സഹായമില്ലാതെ അവന്‍ തന്നെ ഒരു മാര്‍ഗം കണ്ടുപിടിച്ചു, വളരെ നല്ല രീതിയില്‍ ആ സന്ദര്‍ഭം കൈകാര്യം ചെയ്യുകയും ചെയ്തു. ടീച്ചറുടെ വക ഒരു നീണ്ട മെയിലും കിട്ടി സ്കൂളിലുണ്ടായ കാര്യങ്ങള്‍ , മോന്‍ പറഞ്ഞവ തന്നെ വിശദമാക്കിക്കൊണ്ടും അവനെ അഭിനന്ദിച്ചുകൊണ്ടും.



ഇവിടെ സ്കൂളുകളിലും, കരാട്ടെ ക്ലാസിലുമൊക്കെ ഇടയ്ക്കിടെ പറയുന്നതാണ് 'ഇഗ്നോര്‍ ഗ്രേസ്ഫുളി (Ignore Gracefully)' - ബുള്ളിയിംഗ് അഥവാ കളിയാക്കലുകള്‍ക്ക് വളരെയധികം നെഗറ്റീവ് ഇമ്പാക്റ്റ് ഉള്ളയിടമാണ് അമേരിക്ക എന്നതിനാലാകാം കുഞ്ഞിലേ മുതലേ സ്കൂളുകളില്‍ ഇതൊക്കെ പറയുന്നത്. റേസിസം ഇല്ലാതെ ആക്കാന്‍, ലിംഗസമത്വം ഉറപ്പിക്കാന്‍ ഒക്കെയുള്ള ബോധപൂര്‍വമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്. നമ്മുടെ നാട്ടിലും ഈപ്പറഞ്ഞ ബുള്ളിയിംഗ് നല്ല രീതിയില്‍ സ്കൂളുകളില്‍ നടക്കാറുണ്ട്. ഭാഗ്യത്തിനോ ദൌര്‍ഭാഗ്യത്തിനോ മറ്റനവധി പ്രശ്നങ്ങള്‍ക്കിടയില്‍ 'ഇരുണ്ട നിറം, അമിതവണ്ണം,മെലിഞ്ഞിരിക്കല്‍, ദാരിദ്ര്യം ' മുതലായ കളിയാക്കലുകളെ ആരും കാര്യമാക്കാതെ വിടുകയും ചെയ്യും. പക്ഷേ, അത് കുഞ്ഞുമനസുകളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതാണ്. അതിനെക്കുറിച്ച് അന്നത്തെ കുട്ടികളായിരുന്ന ഇന്നത്തെ മുതിര്‍ന്നവര്‍ പറയുമ്പോള്‍ മനസിലാക്കേണ്ടത് അവരുടെ മനസ്സില്‍ ഇപ്പോഴും ആ വിഷമഘട്ടത്തിന്‍റെ ഓര്‍മ്മകള്‍ ഉണ്ടെന്നാണ്. പല സ്കൂളുകളിലും കൌണ്‍സിലര്‍മാരെയും സൈക്കോളജി അറിയുന്നവരേയും നിയമിക്കേണ്ട ആവശ്യകതയും ഇത് തന്നെയാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും കുഞ്ഞുങ്ങളുടെ മനസ്സില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയും.


അപ്പോള്‍ പറഞ്ഞു കാട് കയറി എങ്കിലും പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതാണ്, നമുക്ക് കുഞ്ഞുങ്ങളെ ഇടക്കൊക്കെ തോല്‍ക്കാന്‍ പഠിപ്പിക്കാം - കളികളില്‍, പന്തയങ്ങളില്‍,മത്സരങ്ങളില്‍... ഇടക്കൊക്കെ അവര്‍ക്ക് കൈകാര്യം ചെയ്യാനാകുന്ന കുഞ്ഞുകുഞ്ഞു സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. എല്ലാം മൈക്രോമാനേജ്മെന്റ്റ് ചെയ്യാതെ, അവരതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് നോക്കാം. ആവശ്യമെങ്കില്‍ മാത്രം നമ്മുടെ അഭിപ്രായങ്ങളോ, ഉപദേശങ്ങളോ അത്തരം കാര്യങ്ങളില്‍ കൊടുക്കാം.നാലോ അഞ്ചോ പതിനാറോ വയസാകട്ടെ അവര്‍ക്ക് അവരുടേതായ രീതിയില്‍ ഒരു പ്രോബ്ലംസോള്‍വിംഗ് കഴിവുണ്ടാക്കാം. എല്ലാം അവര്‍ക്ക് തോന്നിയത് പോലെ ചെയ്യട്ടെ എന്നല്ല -പക്ഷേ, അവരെ കേട്ടാല്‍ ചിലപ്പോള്‍ നമ്മളെ അമ്പരപ്പിക്കുന്ന കാഴ്ച്ചപ്പാടുകള്‍ അവര്‍ക്കുണ്ടാകാം, അവരുടെ വഴി കൂടുതല്‍ എളുപ്പവും സുതാര്യവുമാകാം. 'ബുള്ളിയിംഗ്' നേരിടാന്‍ അവരെ പഠിപ്പിക്കാം. എന്തിലും ഏതിലും അസഹിഷ്ണുത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ചിരിച്ചുകളയേണ്ടവയെ ചിരിച്ചുതന്നെ തള്ളാന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരവസരം കൊടുത്തൂടെ നമുക്ക്? 'Let them learn to Ignore Gracefully'!

ഇതാണാ ചുള്ളന്‍ അപ്പൂപ്പന്‍ 

(ഔര്‍ കിഡ്സ്‌ മാസിക മാര്‍ച്ച്‌ ലക്കം 2018)

Friday, February 16, 2018

ഒരമ്മയുടെ കുമ്പസാരക്കുറിപ്പുകള്‍!


ഇത്തവണത്തെ ലേഖനത്തിന് 'ഒരു മോശം അമ്മയുടെ കുറ്റസമ്മതം' (confessions of a badmom) എന്നോ മറ്റോ പേരിടണമെന്ന് ഓര്‍ത്തുകൊണ്ട് തുടങ്ങട്ടെ... പലപ്പോഴും പേരന്റിങ്ങിനെ കുറിച്ചുള്ള പല ലേഖനങ്ങളും വായിക്കുമ്പോള്‍ എനിക്ക് തന്നെ തോന്നാറുണ്ട് "ശ്യോ! ആ അമ്മയും അച്ഛനും എത്ര സൂപ്പറാ.... മക്കളെ ഇത്രമേല്‍ മനസിലാക്കി പെരുമാറുന്ന, രക്ഷാകര്‍ത്താവ് ആകാന്‍ വേണ്ടി മാത്രം ജനിച്ച മനുഷ്യന്മാര്‍! " പക്ഷേ, ഒരു വിവാഹമോചിത(ന്‍) ആയ മാര്യേജ് കൌണ്‍സിലര്‍നെ പോലെയോ, പത്താം ക്ലാസ് തോറ്റിട്ടും മറ്റുള്ളവരോട് നന്നായി പഠിക്കണം എന്നുപദേശിക്കുന്ന ആളെപ്പോലെയോ ഒക്കെയാണ് പ്രശ്നപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മനുഷ്യരും എന്ന് കാലക്രമേണ എനിക്ക് മനസിലായി. തോറ്റ ഒരാളോട് ചോദിച്ചു നോക്കിയാലാകും ഒരുപക്ഷേ, നിങ്ങള്‍ക്ക് വിജയത്തിലേക്കുള്ള ഏറ്റവും നല്ല വഴി മനസിലാകുക എന്നൊരു പഴംചൊല്ലെവിടെയോ കേട്ടിട്ടുമുണ്ട്. എന്തായാലും മക്കളെക്കുറിച്ചുള്ള പുഞ്ചിരിക്കഥകളും ഉദാഹരണങ്ങളുമൊക്കെ ഇടയ്ക്കും മുറക്കുമീ എഴുത്തില്‍ കേറ്റുമ്പോള്‍ ഞാന്‍ മനപൂര്‍വം വിടാറുള്ള ചില ഭാഗങ്ങളുണ്ട്. അത്തരം രണ്ടു സന്ദര്‍ഭങ്ങള്‍ ആണ് ഇന്നത്തെ 'അമേരിക്കന്‍ മോം' , ഇനിയൊരു ചാന്‍സ് കിട്ടിയാല്‍ ഞാന്‍ മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യുമായിരുന്ന രണ്ടു സന്ദര്‍ഭങ്ങള്‍.

മൂത്ത മകന് 5 വയസ് കൃത്യം തികഞ്ഞ് പിറ്റേന്നാണ് രണ്ടാമത്തെ മകന്‍ ജനിക്കുന്നത്. മറ്റൊരു രാജ്യം - നാട്ടില്‍ നിന്നും ആര്‍ക്കും വരാന്‍ പറ്റാഞ്ഞതിനാല്‍ വീട്ടില്‍ ഞങ്ങള്‍ മാത്രം. മോന് ഒറ്റപ്പെട്ട തോന്നലോ, വിഷമമോ ഒന്നും ഉണ്ടാകരുത് എന്ന് കരുതിത്തന്നെ വളരെയധികം മുന്‍കരുതലുകള്‍ എടുത്തിരുന്നു. പക്ഷേ, ഭര്‍ത്താവ് ഓഫീസില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എല്ലാംകൂടി എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടാത്ത ഒരു അവസ്ഥ ചെറുതായി അനുഭവപ്പെടാന്‍ തുടങ്ങി. ഇടയ്ക്കിടെ ആ 'നാഗവല്ലി' എന്നില്‍ തലപൊക്കും. കിന്റെര്‍ഗര്ട്ടന്‍കാരന്‍ പോകും മുന്നേ അച്ഛന്‍ പോകും, മകന്‍ സ്കൂളില്‍ നിന്ന് വന്നുകഴിഞ്ഞിട്ടേ ഓഫീസില്‍ നിന്നും അച്ഛന്‍ എത്തൂ. സര്‍ജറി കഴിഞ്ഞതിന്‍റെ ക്ഷീണം, ഉറക്കമില്ലായ്മ, ബേബി ബ്ലൂസ് ഒക്കെ കാരണം ആയിട്ടുണ്ടാകണം ഇനി പറയുന്ന രണ്ടു സംഭവങ്ങള്‍ക്കും. ആദ്യം ഒരു കഥ പറയാം - നിങ്ങളൊക്കെ കേട്ടിട്ടുള്ള കഥയാണ്‌ - ഒരു അച്ഛന്‍റെയും മകന്‍റെയും കഥ. കാറില്‍ കോമ്പസ് കൊണ്ട് പോറിയ  മകനെ അച്ഛന്‍ അടിച്ചു കൈ ഒടിക്കുന്നു, പിന്നീട് കാറില്‍ പോറിയിട്ട വരികള്‍ 'I love my Dad' എന്നാണെന്ന് കാണുമ്പോള്‍ കുറ്റബോധം കൊണ്ട് നീറുകയും ചെയ്യുന്ന ഒരച്ഛന്റെ കഥ വാട്സാപ്പില്‍ കുറെയേറെ റൌണ്ട്സ് ഓടിയതാണല്ലോ. ഈ കഥ വായിച്ചിട്ടും ഇമ്മാതിരി തന്നെയൊരു അനുഭവം വന്നപ്പോള്‍  ഞാനും ഏതാണ്ട് ആ അച്ഛനെപ്പോലെയാണ് പെരുമാറിയത്. അടിയും കൈ ഒടിയലും ഉണ്ടായില്ല എന്ന് മാത്രം.

മേയ് മാസത്തില്‍ അമ്മമാരുടെ ദിവസത്തിന് അടുത്തായിട്ടാണ് എന്‍റെ ജന്മദിനവും. അതുകൊണ്ട് മിക്കവാറും വര്‍ഷവും സ്കൂളില്‍ നിന്നുള്ള 'mother's ഡേ' കാര്‍ഡും കുട്ടികള്‍ തന്നെയുണ്ടാക്കുന്ന സമ്മാനങ്ങളുമൊക്കെ ജന്മദിനസമ്മാനം പോലെ കിട്ടും. ചെറുതല്ലാത്ത സന്തോഷങ്ങള്‍ ആ സാധനങ്ങളൊക്കെ തരുമെന്ന് മാത്രമല്ല മോന്‍റെ വക എന്തേലും എക്സ്ട്രാ കാര്‍ഡോ എഴുത്തോ ഒക്കെ ഉണ്ടാകാറുമുണ്ട്. ഒരു ദിവസം സ്കൂള്‍ വിട്ടുവന്നിട്ട് കാര്യമായ എന്തോ പണിയിലാണ് കുഞ്ഞന്‍. പല പ്രാവശ്യം പറഞ്ഞിട്ടും ഭക്ഷണം കഴിക്കാന്‍ വരാത്തതിനോ, ഉടുപ്പ് മാറാത്തതിനോ, ഉറങ്ങാന്‍ പോകാത്തതിനോ എന്തിനാണെന്ന് ഓര്‍മ്മയില്ലാത്ത എന്തോ നിസാരകാര്യത്തിനു ഞാന്‍ വല്ലാതെ ചീത്ത പറയുന്നുമുണ്ട്. ചെറിയവന്‍ ഉണരും മുന്‍പേ പണി തീര്‍ക്കാനുള്ള വ്യഗ്രതയില്‍ ആകണം വഴക്കിന്‍റെ കാഠിന്യം കൂടിക്കൂടി വന്നു. മോന്‍ ഒന്നും പറയുന്നുമില്ല.... ഒടുവില്‍  വഴക്ക് പറച്ചിലിന്‍റെ പാരമ്യത്തില്‍ കൊടുംകാറ്റു പോലെ മോന്‍റെ അടുത്തേക്കെത്തി വരച്ചുകൊണ്ടിരുന്ന പേപ്പര്‍ വലിച്ചെടുത്ത് ചുരുട്ടിയെറിയുന്ന ഞാന്‍, പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് അകത്തേക്ക് പോകുന്ന മകനില്‍ ആ സീന്‍ അവസാനിക്കുന്നു. കൊച്ചുങ്ങളുടെ അച്ഛന്‍ ഓഫീസില്‍ നിന്നും വന്നു കഴിഞ്ഞു സ്ഥിരം ഉള്ളതുപോലെ അന്നത്തെ സംഭവ വികാസങ്ങള്‍ വിശദീകരിക്കുമ്പോള്‍ മാത്രമാണ് പിന്നീട് ആ പേപ്പറിനെക്കുറിച്ച് ഓര്‍ക്കുന്നത്. ഓടിയെന്നോണമാണ് ടീപ്പോയുടെ  അടിയില്‍ പോയി നോക്കിയത്. ഒരൊറ്റ പ്രാവശ്യമേ ചുരുട്ടിയുള്ളൂ എങ്കിലും ആ പേപ്പര്‍  ആകെ ചുളിഞ്ഞു നാശമായതുപോലെ തോന്നി എനിക്ക്. തുറന്നുനോക്കിയപ്പോള്‍  കണ്ണീര്‍ നിറഞ്ഞു വായിക്കാന്‍ ബുദ്ധിമുട്ടിച്ച ആ വാചകങ്ങള്‍  നിങ്ങള്‍ ഊഹിച്ചത് പോലെ "mom you are the best - happy bir....." എന്ന എഴുതി മുഴുമിക്കാത്ത ആശംസ ആയിരുന്നു. കൂടെ ഒരമ്മയുടേയും മക്കളുടേയും ചിത്രവും. പിന്നില്‍ വന്നു നിന്ന് വായിച്ച ഭര്‍ത്താവ് ഇത്ര മാത്രമേ പറഞ്ഞുള്ളൂ "നിനക്കിത് ആവശ്യാ" !!!

My Treasure!


രണ്ടാമത്തെ സംഭവവും ഏതാണ്ട് അതേ കാലഘട്ടം തന്നെയാണ്. ചെറിയ ആള്‍ക്ക് 7-8  മാസം പ്രായം.മൂത്തയാള്‍ക്ക് ഒന്നാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരിക്കുകയാണ്. ശൈത്യകാലത്തിന്‍റെ തുടക്കം. വൈകുന്നേരങ്ങളില്‍ ബസ് പോയിന്റിലേക്ക് ചെറിയ ആളെയും കൊണ്ട് പോകാനുള്ള ബുദ്ധിമുട്ട്  കാരണം കുഞ്ഞനെ അടുത്തുള്ള കുട്ടികള്‍ക്കൊപ്പം വരാന്‍ ചട്ടം കെട്ടി. കോമ്പ്ലെക്സിനുള്ളില്‍ ഞങ്ങളുടെ കെട്ടിടത്തിന് തൊട്ടടുത്ത് തന്നെയാണ് സ്കൂള്‍ ബസ് കുട്ടികളെ ഇറക്കുക. അതുകൊണ്ട് തന്നെ  ഒരു മിനിറ്റ് പോലും വേണ്ട കെട്ടിടത്തിന് അകത്തെത്താന്‍. അകത്തുകേറാനുള്ള വാതില്‍ തുറക്കാന്‍ 10 വീടുകളുള്ള കെട്ടിടത്തിന്‍റെ ആവശ്യമുള്ള ഡോര്‍നമ്പര്‍ ഞെക്കുക, വീടിനകത്ത് നിന്ന് നമുക്ക് പ്രധാന വാതില്‍ തുറക്കാം. അതാണ്‌ ഇവിടുത്തെ രീതി. അന്ന് വൈകുന്നേരം ബസ്സെത്തുന്ന സമയത്ത് ബെല്‍ കേട്ട് വാതില്‍ തുറക്കാന്‍ ഉള്ള ബട്ടന്‍ അമര്‍ത്തുമ്പോള്‍ തന്നെ അടുത്ത വാതിലിലെയും, അതിനടുത്ത വാതിലിലെയും ബെല്‍ശബ്ദം കേട്ടു, വീടിനുള്ളിലേക്ക് കയറിവന്ന മോന്‍ അത്യുത്സാഹത്തോടെ പറഞ്ഞു "അമ്മാ you know something? ഞാന്‍ 101 മുതല്‍ 110  വരെയുള്ള ബെല്‍ ഞെക്കി. നല്ല രസാരുന്നു!" നിര്‍ഭാഗ്യവശാല്‍ അരസികയായ അമ്മക്ക് കുഞ്ഞിന്‍റെ അത്രയും രസമോ സന്തോഷമോ ആ കേട്ട വാര്‍ത്ത‍ നല്‍കിയില്ല. മാത്രവുമല്ല ആവശ്യമില്ലാത്ത ദേഷ്യം (ആ വാതിലിനു പുറകിലുള്ളവര്‍ എന്ത് വിചാരിച്ചു കാണും  എന്ന വേണ്ടാചിന്ത) തോന്നുകയും ചെയ്തു. അമ്മ ചിരിക്കുമെന്നോ അനുമോദിക്കുമെന്നോ കരുതി നിന്ന കുഞ്ഞിനു ദേഷ്യം കൊണ്ട് മുഖം മുറുകുന്ന അമ്മയെയാണ് കാണാന്‍ കഴിഞ്ഞത്, ചിരി മാഞ്ഞ് കണ്ണ് നിറഞ്ഞ്  ചീത്ത കേട്ട കുഞ്ഞിന് എന്തിനാ ഇത്രയും  ചീത്ത കേള്‍ക്കുന്നത് എന്ന് മനസിലായിട്ടും ഉണ്ടാകില്ല. അവിടം കൊണ്ടും നിര്‍ത്താതെ എല്ലാവരോടും 'സോറി' പറയിപ്പിക്കാന്‍ അമ്മ അവനെയും കൊണ്ട് 101 ന്‍റെ വാതിലിന് അടുത്തേക്ക് നടന്നു. ആദ്യത്തെ ഡോര്‍ തുറന്നിറങ്ങിയ ആളിനോട് മാപ്പ്  പറയാന്‍ നിര്‍ബന്ധിക്കുമ്പോള്‍ ആകണം കുഞ്ഞിനു തന്‍ എന്തോ വലിയ തെറ്റ് ചെയ്തു എന്ന് തോന്നിയിട്ടുണ്ടാകുക. കരഞ്ഞുകൊണ്ട് സോറി പറയാന്‍ തുടങ്ങിയ കുഞ്ഞിനേയും എന്നെയും മാറിമാറി നോക്കുന്ന അയല്‍ക്കാരിയെ കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്ക് ബോധോദയം ഉണ്ടായത്. അഞ്ചര വയസുള്ള കുഞ്ഞിന്‍റെ നിര്‍ദോഷമായ ഒരു തമാശക്ക് എന്തൊരു ട്രാജിക് അന്ത്യമാണ് ഈ ദുഷ്ടത്തി അമ്മ ഉണ്ടാക്കിയത്!

കുറച്ചു പുകപടലങ്ങളും കണ്ണീരൊഴുക്കും ഉണ്ടായെങ്കിലും  ആദ്യത്തെ സംഭവത്തിന്‍റെ അത്രയും നേരമെടുത്തില്ല എനിക്ക് സ്വബോധം തിരികെ കിട്ടാന്‍.  ഇപ്പോഴോര്‍ക്കുമ്പോള്‍ എന്നെ ഓര്‍ത്ത് പുശ്ചവും , കുഞ്ഞിനെ ഓര്‍ത്ത് സഹതാപവും , മൊത്തം സംഭവങ്ങളെ ഓര്‍ത്ത് ചിരിയും വരുമെങ്കിലും തിരികെ പോകാനായാല്‍ ഞാന്‍ ഉറപ്പായും വ്യത്യസ്തമായിട്ടായിരിക്കും ആ രണ്ടു കാര്യങ്ങളും കൈകാര്യം ചെയ്യുക. കുറച്ചുകൂടി കുഞ്ഞിനൊപ്പം ആ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ ശ്രമിക്കും..... ഇതെഴുതുമ്പോള്‍ പെട്ടെന്ന് തോന്നുന്ന ഒരു കാര്യം ഏറ്റവുമടുത്ത ദിവസങ്ങളില്‍ ഒന്നില്‍ കുഞ്ഞനൊപ്പം എല്ലാ വാതിലിലേയും ബെല്ലൊരു പ്രാവശ്യം അമര്‍ത്തിയിട്ട് ഒളിച്ചാലോ എന്നാണ്! നിങ്ങളിനി പത്രത്തില്‍ ബെല്ലടി ശല്യം അമ്മയും മകനും അറസ്റ്റില്‍ എന്നെങ്ങാനും കണ്ടാല്‍ ഉറപ്പിച്ചോളുക അത് ഞങ്ങളാണ്!

ഈ രണ്ടു സംഭവങ്ങളും ഇങ്ങനെ തുറന്നെഴുതി മോശം അമ്മയാണ് ഞാനെന്നു സമ്മതിക്കുന്നത് എന്തിനാണെന്നോ - I believe there is no good parenting or bad parenting , there is only parenting. കുഞ്ഞുങ്ങളുടെ നന്മ, സന്തോഷം ഒക്കെത്തന്നെയാണ് സാധാരണ ഗതിയില്‍ എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുക. എന്നാലും ഇടയ്ക്കിടെ ഇങ്ങനെ നിയന്ത്രണം വിട്ടുപോകുന്ന, നമ്മളറിയാതെ തന്നെ മറ്റെന്തൊക്കെയോ സംഭവിച്ചു പോകുന്ന, കുഞ്ഞുങ്ങള്‍ ചിന്തിക്കുന്നതിന്‍റെ അരികു ചേര്‍ന്നുപോലും നടക്കാന്‍ കഴിയാതിരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായേക്കാം. അങ്ങനെ നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല എന്ന് പറയാനാണീ എഴുത്ത്. എന്‍റെ മകന്‍ ഇടയ്ക്കിടെ പറയുന്ന ഒരു വാചകമുണ്ട് - "I DONOT like when you guys scold me.... I'm sad when you scold me. So DONOT scold me even if im bad/wrong/misbehave" ഇത് കേള്‍ക്കുമ്പോള്‍ ഒക്കെ ഞങ്ങള്‍ക്ക് തോന്നും "ഹമ്പടാ കേമാ നീയാള് കൊള്ലാംലോ" , അവനിഷ്ടല്ലാത്തത് കൊണ്ട് അവന്‍ തെറ്റ് ചെയ്താലും ചീത്തക്കുട്ടിയായാലും വഴക്ക് പറയാന്‍ പാടില്ലാത്രേ. ഒരുപക്ഷേ എല്ലാ കുട്ടികള്‍ക്കും ഇതാകാം ആഗ്രഹം, അച്ഛനുമമ്മയും വഴക്ക് പറയുമ്പോള്‍ ലോകം മുഴുവന്‍ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നതായി തോന്നുന്നുണ്ടാകാം, അവരെ ആര്‍ക്കും ഇഷ്ടമല്ല എന്ന് തോന്നുന്നുണ്ടാകാം... പക്ഷേ, പക്ഷേ...വഴക്ക് പറയാതെ എങ്ങനെ മോശം സ്വഭാവങ്ങള്‍ മാറ്റും? എങ്ങനെ നല്ല കുട്ടികള്‍ ആക്കും? അപ്പോപ്പിന്നെ എന്താ ചെയ്ക? വഴക്ക് പറയേണ്ടി വന്നാലും ആ നിമിഷം കഴിയുമ്പോള്‍ പൂണ്ടടക്കം കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുക, അവര്‍ പിണങ്ങും..പരിഭവിക്കും,എന്നാലും വഴക്ക് പറഞ്ഞില്ലേ എന്ന് ചിണുങ്ങും..ഒരു സ്നേഹോമില്ല എന്ന് ദേഷ്യപ്പെടും - സാരമില്ലാന്നേ! അവരുടെ സങ്കടം കൊണ്ടല്ലേ. ആ സമയത്ത് ഒരുമ്മ കൂടി കൊടുത്തിട്ട് അവരോട്  എന്തിനാണ് വഴക്ക് പറഞ്ഞതെന്നും ശരിക്കും ആ സമയത്ത് എങ്ങനെ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് എന്നുമൊക്കെ ശാന്തമായി പറഞ്ഞാല്‍ മതി. ഒന്ന് രണ്ടുദിവസമൊക്കെ വളരെ നല്ല കുട്ടികളായി നടക്കാന്‍ അത്രയും ധാരാളം. അങ്ങനെ അങ്ങനെ ആവര്‍ത്തനങ്ങളിലൂടെ അവര്‍ക്കൊരു ബോധംവരും ശരിതെറ്റുകളെക്കുറിച്ച് - സ്നേഹമുണ്ടെങ്കിലും വഴക്ക് പറയേണ്ടി വരുന്ന നിമിഷങ്ങളെക്കുറിച്ച്, സാധ്യമെങ്കിലും ചെയ്തുകൂടാത്ത കാര്യങ്ങളെക്കുറിച്ച്....

അപ്പോ നേരത്തെ പറഞ്ഞത് മറക്കണ്ട - അയല്ക്കാര്‍ തല്ലി അമ്മയും മകനും ആശുപത്രിയില്‍ എന്ന് വാര്‍ത്ത‍ കേട്ടാലും അത് ഞങ്ങളായിരിക്കും!

         (2018 February Our Kids Edition - American MOM)




                                        

Monday, January 22, 2018

ഞാനും ഒരു ജിമിക്കിക്കമ്മലും!

ചില നേരങ്ങളിൽ മറ്റുള്ളവരിൽ നിന്ന് കേൾക്കുന്ന അത്രമേൽ പ്രത്യേകത ഒന്നും  ഇല്ലാത്ത ചില വാക്കുകൾ, വാചകങ്ങൾ വർഷങ്ങൾക്ക് ശേഷവും  ഓർത്തുവെക്കുന്ന ഒരു ഭ്രാന്തൻ സ്വഭാവമുണ്ടെനിക്ക്. പലപ്പോഴും പറഞ്ഞവരും കൂടെ കേട്ടവരുമൊക്കെ മറന്നുപോയിട്ടുണ്ടാകും, അങ്ങനെയൊന്നു കാര്യം നടന്നുവെന്നത് തന്നെ. പണ്ടുപണ്ടൊരു സ്‌കൂൾ യുവജനോത്സവസമയത്ത് നടന്നൊരു കഥയാണ് ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് - അന്ന് രണ്ടു പേർ പറഞ്ഞ രണ്ടു വ്യത്യസ്ത വാചകങ്ങൾ..ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടുവാചകങ്ങൾ!

മൂക്കില്ലാരാജ്യത്തെ മുറിമൂക്കുള്ള രാജാവായിരുന്നു  സ്‌കൂൾക്കുട്ടിയായിരുന്നപ്പോൾ - പഠിക്കുമെന്ന ഒറ്റക്കാരണം കൊണ്ട് എല്ലായിടത്തും വിലസിനടന്നിരുന്ന ഞാൻ, കലാപരമായ കഴിവുകൾ അധികമൊന്നും ഇല്ലെങ്കിലും തൊലിക്കട്ടി മാത്രം കൊണ്ട് ഒട്ടുമിക്ക  പരിപാടികളിലും കൊണ്ട്  തല വെക്കുമായിരുന്നു... പദ്യപാരായണം മുതൽ ലളിതഗാനം വരെ, നാടോടിനൃത്തം മുതൽ മോണോ ആക്ട് വരെ...എന്തിനു പറയുന്നു ആളെക്കിട്ടിയില്ലെങ്കിൽ സംഘഗാനം വരെ ഒറ്റയ്ക്ക് പാടുന്ന ടൈപ്പായിരുന്നു ഞാൻ. പിന്നെ കുറേയേറെക്കാലം കഴിഞ്ഞു ബോധം വെച്ചപ്പോഴാണ് പണ്ട് പാട്ടുപാടി ആൾക്കാരെ ദ്രോഹിച്ചതിന്റെ ആഴമൊക്കെ മനസിലായത്. കൊച്ചുകുഞ്ഞിന്റെ വികൃതികളായിക്കണ്ട്  എല്ലാവരും എന്നോട് ക്ഷമിച്ചിട്ടുണ്ടാകും എന്ന് ആശ്വസിക്കാം. 

അങ്ങനെയുള്ള ഒരു സ്‌കൂൾകലോത്സവകാലം. ആകെമൊത്തം ടോട്ടൽ രണ്ടു ദിവസവും കൂടി 15-17 ഇനങ്ങൾക്ക് പേര് കൊടുത്തിട്ടുണ്ട്. മാത്രവുമല്ല മറ്റു ചിലരെ സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്. ജഗ-പൊഗ മട്ടിൽ അങ്ങോളം ഇങ്ങോളം ഓടിനടക്കുകയാണ് ഞാനും കൂട്ടുകാരുമൊക്കെ. അങ്ങനെ ആശയപരവും,സാങ്കേതികപരവുമായ  സഹായം ചെയ്തുകൊടുക്കാമെന്ന് ഏറ്റിരുന്ന ഒരു ഐറ്റം ആയിരുന്നു ഫാൻസി ഡ്രസ്സ് മത്സരം. മത്സരാർത്ഥി ചേട്ടന്മാരുടെ സുഹൃത്തിന്റെ അനിയത്തിയാണ് - തല്ക്കാലം നമുക്കവളെ ഹസീന എന്ന് വിളിക്കാം. ചേട്ടന്മാരുടെ സുഹൃത്ത് സുന്ദരിയായ പെൺസുഹൃത്ത് ആയതുകൊണ്ടാണോ എന്നറിയില്ല രണ്ടാളുടെ വകയും റെക്കമെന്റേഷൻ ഉണ്ട് സഹായിച്ചുകൊടുക്കണം എന്ന്. ആറാം ക്ലാസ്സിൽ പഠിക്കുന്ന ഞാനാണ് ട്ടാ  എട്ടാം ക്ലാസുകാരിയായ മത്സരാർത്ഥിയെ  സഹായിക്കാൻ പോകുന്നത്. ആ കൊച്ചാണേൽ പ്രച്ഛന്നവേഷ മത്സരത്തിന് മുൻപുള്ള ഏതോ ഡാൻസിനുണ്ട്. അത് കഴിഞ്ഞിട്ട് വേണം 'ഭാരതമാതാവ്' ആകാൻ. ഐഡിയ ഒക്കെ പറഞ്ഞുകൊടുത്തു, ഡ്രസ്സ് അവര് തന്നെ കൊണ്ട് വന്നിട്ടുണ്ട്, ദേശീയ പതാക ഒപ്പിച്ചുകൊടുത്തു. ഇനി ചെയ്യാനുള്ളത് ആ കുട്ടിയുടെ മത്സരത്തിന്റെ സമയം വരുമ്പോൾ രണ്ടു വാചകം ഭാരതാംബയെക്കുറിച്ചു പറഞ്ഞു ദേശസ്നേഹം നല്ലോണം ചാലിച്ച് രണ്ടു 'ഭാരതമാതാ കീജയ്‌ ' മൈക്കിലൂടെ വിളിക്കണം. പരിപാടി തുടങ്ങാറാവുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്ന് പറഞ്ഞിട്ട് ഞാൻ സ്റ്റേജിനു ഏറ്റവും അടുത്തുള്ള ക്ലാസ്സിലേക്ക് അടുത്ത ഐറ്റത്തിന് ഒരുങ്ങാൻ വേണ്ടി പോയി. തൊട്ടപ്പുറത്തെ മുറിയിൽ തന്നെ ഹസീനയും, എനിക്കറിയുന്ന അവളുടെ  ചേച്ചിയും ഉണ്ട്. ഹസീന ഒരുങ്ങിത്തീർന്നപ്പോഴേക്കും സ്റ്റേജിൽ പ്രശ്ചന്നവേഷമത്സരം തുടങ്ങിക്കഴിഞ്ഞു. ഓടിയിറങ്ങാൻ തുടങ്ങുമ്പോഴാണ് കാണുന്നത് ഭാരതമാതാവിൻ്റെ കാതിലെ കമ്മൽ മാറ്റിയിട്ടില്ല. ഹസീനയുടെ ചേച്ചി വേഗം അതഴിച്ചു,  ഞങ്ങൾ രണ്ടാളും ഒരേസമയം രണ്ടുവശത്തും  മാതാവിന്റെ കമ്മലിട്ടു കൊടുക്കുന്നു, നേരാംവണ്ണം മുറുക്കും മുൻപുതന്നെ അവളുടെ പേരുവിളിക്കുന്നത് കേട്ട് ഭാരതമാതാവിനെ  ഞങ്ങൾ രണ്ടാളും കൂടി രണ്ടുചെവിയിലും തൂക്കിയെടുത്തോണ്ട് സ്റ്റേജിനു നേർക്ക് ഓടുന്നു..അങ്ങനെ ആകെ ബഹളമയം! 

എങ്ങനെയൊക്കെയോ ഭാരതാംബയെ സ്റ്റേജിൽ കയറ്റി, വെപ്രാളത്തിൽ അനൗൺസ്മെന്റിനു തന്ന മൈക്ക് ഓണാക്കാതെ ഇൻട്രൊഡക്ഷൻ ഒക്കെപ്പറഞ്ഞു, തീരാനായപ്പോൾ ആരോ മൈക്ക് ഓണാക്കി - അതറിയാതെ അവസാനത്തെ 'വന്ദേമാതരം' മൈക്ക് ഇല്ലേലും ആള്ക്കാര് കേൾക്കണം എന്ന ഉദ്ദേശത്തിൽ  തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ച എന്നെ ബാക്ക്‌സ്റ്റേജിൽ നിന്ന എല്ലാവരും 'ഇവളിതെന്ത് ഭാവിച്ചാ!' എന്നപോലെ നോക്കുമ്പോൾ 'ഞാനല്ല, മൈക്കാ ..മൈക്കാ എന്നെ ചതിച്ചത്' എന്ന ഭാവത്തിൽ ഞാൻ പതുക്കെ ബാക്ക് സ്റ്റേജിൽ നിന്ന് വലിഞ്ഞു. വീണ്ടും പഴയ റൂമിലെത്തി മേക്കപ്പ് - അഥവാ കരി വരയ്ക്കൽ - തുടർന്നു. 

ഹസീനയും ചേച്ചിയും അതേ റൂമിൽ വന്നു 'ഭാരത'സാരി മാറുകയാണ്. കൂട്ടത്തിൽ ' നല്ല കൈയടിയുണ്ടായിരുന്നു, ആളുകൾക്ക് ഇഷ്ടായിന്നു തോന്നുന്നു, വന്ദേമാതരം കലക്കി' ഇമ്മാതിരി കമന്ററിയുമുണ്ട്. പെട്ടെന്നാണ് ഹസീന ചേച്ചിയോട് "ഇത്താത്താ എന്റെ കമ്മലെവിടെ?" എന്ന് ചോദിക്കുന്നത്. "അത് ആർഷയുടെ കയ്യിലാന്ന്" ചേച്ചി പറയുന്നത് കേട്ട ഞാൻ എന്റെ കയ്യിലോ എന്ന് വാ പൊളിച്ച്  സ്വന്തം കയ്യിലേക്ക് നോക്കി - ശൂന്യം!  അതേത് കമ്മൽ എന്ന് ഓർക്കാൻ തന്നെ ഞാനൊരു മിനിറ്റ് സമയമെടുത്തു...  ഓർക്കുന്നുവോ, ഇച്ചിരി നേരം മുന്നേ ഭാരതമാതാവിന്റെ കമ്മലിടാൻ വേണ്ടി ഹസീനയുടെ രണ്ടുവശത്തും നിന്ന് ഞാനും അവളുടെ ചേച്ചിയും കൂടി ഒരു സെക്കന്റിന്റെ ഒരു ഫ്രാക്ഷനിൽ കമ്മലഴിക്കുകയും, ഇടുകയും, സ്റ്റേജിലേക്ക് ഓടുകയും ഒക്കെ ചെയ്തത്???  ഇതിനിടയിൽ ആദ്യം ഊരിയ സ്വർണ്ണക്കമ്മൽ ചേച്ചി എന്റെ കയ്യിൽ തന്നിരുന്നു എന്നൊരു അവ്യക്ത ഓർമ്മ മാത്രമേ എനിക്കുള്ളൂ..അതിനുശേഷം അത് ഞാൻ എവിടെയെങ്കിലും വെച്ചതോ, ആരുടെയെങ്കിലും കയ്യിൽ കൊടുത്തതോ ഒന്നും ഓർമ്മയില്ല! എന്തിന് - ഈ ചോദ്യം വരുംവരെ ആ കമ്മൽ എന്റെ കയ്യിലുണ്ടായിരുന്നു എന്നുപോലും എനിക്ക് ഓർമയുണ്ടായിരുന്നില്ല. നാട്ടിൻപുറത്തെ ഗവണ്മെന്റ് സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് സ്വർണക്കമ്മൽ-അതെത്ര ചെറുതാണെങ്കിലും- അത്രമേൽ വലുതാണ് കുട്ടിക്ക് മാത്രല്ലാ നാട്ടുകാർക്കും! ഹസീനയുടെ കമ്മൽ കാണാനില്ല എന്നതറിഞ്ഞു വന്ന കുറച്ചു അദ്ധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ഒക്കെ ആ മുറിയും, മത്സരത്തിന് മുൻപ് അവർ ഒരുങ്ങാൻ നിന്ന മുറിയും സ്റ്റേജിന്റെ പുറകിലും ഒക്കെ തപ്പാൻ തുടങ്ങി. ഞാനാണേൽ ഇപ്പോൾ കരയും എന്ന മട്ടിൽ, ആരേലും തൊട്ടാൽ മതി താഴെവീഴാൻ റെഡി ആയി നിൽക്കുവാ. കമ്മൽ പോയതറിഞ്ഞാൽ ഉമ്മ അടിച്ചു സുയിപ്പാക്കുമല്ലോ എന്നോർത്തു ഹസീനയും,  എന്റെയല്ല കമ്മൽ എങ്കിലും പോയവഴിയിൽ എവിടെയെങ്കിലുംഞാൻ ഉണ്ടായാൽ മതി ആദ്യം അടിച്ചിട്ട് മാത്രം ചോദ്യം ചോദിയ്ക്കാൻ പോകുന്ന അമ്മയെ ഓർത്തു ഞാനും കരച്ചിലിന്റെ വക്കത്താണ്. ചേട്ടന്മാരെ കണ്ടു കാര്യം പറഞ്ഞേക്കാം അല്ലെങ്കിൽ വീട്ടിൽ ചെല്ലുമ്പോൾ സപ്പോർട്ട് തരാതെ രണ്ടാളും മുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാൻ പതുക്കെ തിരച്ചിൽ നിർത്തി റൂമിനു പുറത്തേക്ക് ഇറങ്ങുമ്പോൾ അഞ്ചാം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സാർ എന്നെ വിളിച്ചുകൊണ്ട് മുറിയിലേക്ക് കയറിവന്നു. 

'എന്താ സാറേ' എന്ന് ചോദിച്ചടുത്തേക്ക് ചെന്ന എന്നെ പതുക്കെ തോളിൽ പിടിച്ചു അടുത്തേക്കുനിർത്തി സർ ചോദിച്ചു "നീയെവിടെയാ ആ കമ്മൽ വെച്ചിരിക്കുന്നേ? ഇങ്ങെടുത്തേ". അന്ന് കണ്ണിലിരുട്ട് കയറിയതുപോലെ പിന്നൊരിക്കലും നിന്നിട്ടില്ല... ദേഹമൊക്കെ തളരുന്നത് പോലെ തോന്നി. ക്ഷീണിച്ച ശബ്ദത്തിൽ "ഞാനെടുത്തിട്ടില്ല സാറേ ..സത്യായിട്ടും ഞാനെടുത്തിട്ടില്ല" എന്ന് പറഞ്ഞ എന്റെ വിറച്ച ശബ്ദത്തിനെ എനിക്കുപോലും വിശ്വസിക്കാൻ തോന്നില്ല..അത്രമേൽ പതറി, തൊണ്ട വരണ്ട്, ശബ്ദം പുറത്തേക്ക് വരാതെ പറഞ്ഞൊപ്പിച്ചതിനെ അദ്ദേഹം തലയൊന്നു കുലുക്കി ചിരിച്ചു കുടഞ്ഞു കളഞ്ഞു! വീണ്ടും ഗുഹയിൽ നിന്നെന്നപോലെ ഞാൻ സാറിന്റെ ശബ്ദം കേട്ടു "അത് കള! നീയെവിടാ വെച്ചേന്നു പറഞ്ഞോ, നിനക്കൊരു കുഴപ്പോം വരില്ല" വീണ്ടും വയറു കാളുന്നത് പോലെ തോന്നിയെനിക്ക്...അടുത്തത് ദേശീയ ഗാന മത്സരമാണ്, അത് തീർന്നാൽ കഴിഞ്ഞകൊല്ലത്തെ ഓരോ വർഷത്തെയും കൂടുതൽ മാർക്ക് മേടിച്ച കുട്ടികൾക്കുള്ള സമ്മാനം. അഞ്ചാംക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയാണ്...പേര് വിളിക്കുമ്പോൾ ആളുകൾക്കിടയിലൂടെ നടന്ന് സ്റ്റേജിൽ കയറി ഹെഡ്മിസ്ട്രസ്സിന്റെ കയ്യിൽ നിന്ന് സമ്മാനപുസ്തകോം സർട്ടിഫിക്കറ്റും വാങ്ങേണ്ട ആളാണ് - ചെറുതല്ലാത്ത ആൾക്കൂട്ടം പുറകിൽ നിൽക്കെ വരണ്ടുവിളറി രക്തമില്ലാത്ത മുഖവുമായി തലയുയർത്തിയാണെങ്കിലും ദയനീയമായി സാറിനെ നോക്കിനിൽക്കുന്നത്. 

നിറം മങ്ങിയ മെറൂൺ യൂണിഫോം പാവാടയുടെ അറ്റം കൈകൾ കൊണ്ട് തെരുപ്പിടിച്ചു നിൽക്കെ, എണ്ണ കുനിഞ്ഞ മുഖത്തിലേക്ക് വിയർപ്പിറ്റി വീഴവേ ആ 12 വയസുകാരി ഓർത്തത് എന്തുകൊണ്ടാകും സാറിന് ഞാനത് മോഷ്ടിച്ചിട്ടുണ്ടാകും എന്ന് തോന്നിയത് എന്നാണ്. സ്‌കൂളിൽ എല്ലാവർക്കും അറിയാം അമ്മയെ, അച്ഛനെ, ചേട്ടന്മാരെ, എന്നെ! ദാരിദ്ര്യത്തിന്റെ മേൽത്തഴമ്പുകളാവോളം ഉണ്ടെങ്കിലും എന്റെ ക്‌ളാസ്സിലെ ഏറ്റവും മിടുക്കിയാണ് ഞാൻ..സ്കോളര്ഷിപ്പുള്ള കുട്ടി, ക്‌ളാസ് ലീഡർ, എല്ലാകാര്യത്തിലും മുൻപന്തിയിൽ ഓടുന്ന ആവേശക്കാരി! എന്നിട്ടും ഒരു കമ്മൽ കാണാനില്ല എന്നറിഞ്ഞപ്പോൾ സ്വർണക്കമ്മൽ ഇല്ലാത്ത ഞാനത് എടുത്തിരിക്കാമെന്നു എന്റെ അദ്ധ്യാപകന് തോന്നിയെങ്കിൽ എന്താകാം കാരണം! വീണ്ടും വീണ്ടും തൊണ്ടയിൽ വാക്കുകൾ തിക്കുമുട്ടിയത് "ഞാനല്ല...., ഞാനെടുക്കില്ല സാർ " എന്നാണ്.  ഹസീനയുടെ ചേച്ചി ദൂരെ നിന്ന് എന്നെ വിളിച്ചത് കേട്ട് സാർ എന്നോട് പൊക്കോളാൻ കൈകാട്ടി, കൂട്ടത്തിൽ "ഇപ്പോൾ നീ പൊക്കോ ഇത് കഴിയട്ടെ " എന്നും പറഞ്ഞു. 

ഹസീനയുടെ ചേച്ചിയുടെ അടുത്തേക്ക് ദുർബലമായ കാലുകളെ വലിച്ചുവെച്ചു നടന്നു.. "ചേച്ചിയും ഞാൻ കള്ളിയാണെന്നു കരുതുന്നുണ്ടാകുമോ! എല്ലാരും സാറിനെപ്പോലെ ചിന്തിക്കുമോ..ആരും എന്നെ വിശ്വസിക്കില്ലേ..!!? " ചിന്ത ഇത്രയുമായപ്പോൾ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി, അടുത്തെത്തിയ ചേച്ചിയുടെ കൈ പിടിച്ചു പറഞ്ഞു - "ഞാൻ എടുത്തിട്ടില്ല ഹസീനയുടെ കമ്മൽ, പക്ഷേ എന്റെ തെറ്റാണ് എനിക്കോർമ്മയില്ല അതിനെന്തു പറ്റിയെന്ന്". ചേച്ചി എന്റെ കയ്യിലൊന്നമർത്തി, എന്നെക്കൂട്ടി മുന്നോട്ട് നടക്കുമ്പോൾ ഒരു സാധാരണ കാര്യം പറയുംപോലെ പറഞ്ഞു "നിനക്കെന്താ! നീയത് എടുക്കില്ലാന്നു എനിക്കറിയില്ലേ? ബാ നമുക്ക് തപ്പാം". ദൈവം ഉണ്ടെന്നും അവർ നമുക്കിടയിലാണെന്നും ഒരാറാം ക്ലാസ്സുകാരി ഉറപ്പിച്ച ദിവസമാണന്ന്. സത്യത്തിൽ അന്ന് ചേച്ചി എന്നോട് കാണിച്ച ആ വിശ്വാസം എൻ്റെ ആത്മവിശ്വാസത്തെയാണ് രക്ഷിച്ചത്, അന്ന് ഹസീനയോ ചേച്ചിയോ എന്നെ അവിശ്വസിച്ചിരുന്നു എങ്കിൽ ഞാൻ തകർന്നുപോയേനെ! ഗ്രീൻറൂമിൽ നിന്ന് സ്റ്റേജിലേക്ക് ഹസീനയെ ചെവിയിൽത്തൂക്കി ഓടിയ വഴിയിൽ എന്റെ കയ്യിൽനിന്നു തെറിച്ചുവീണ ഒരുജോഡി ജിമിക്കിക്കമ്മൽ, അവിടെ ആ ചെമ്മണ്ണിൽ പുതഞ്ഞുകിടന്നിരുന്നു. തിരച്ചിൽകൂട്ടത്തിൽ ഉണ്ടായിരുന്ന ഗംഗടീച്ചറിന് കിട്ടിയ ആ കമ്മലിന് എന്റെ ജീവനോളം വിലയുണ്ടായിരുന്നുവെന്ന് ഇന്ന് 23 കൊല്ലങ്ങൾക്കിപ്പുറം ഇരുന്നു ചിന്തിക്കുമ്പോൾ, അദ്ധ്യാപക-വിദ്യാർത്ഥി കഥകൾ കേൾക്കുമ്പോൾ തോന്നുന്നു. 

കുഞ്ഞുങ്ങളിൽ കുറ്റം  ആരോപിക്കാൻ എളുപ്പമാണ്, ആത്മവിശ്വാസം തകർക്കാനും...പക്ഷേ, ചില നേരങ്ങളിൽ നമ്മളറിയാതെ നീട്ടുന്ന വിരൽത്തുമ്പിൽ ആകും മറ്റൊരാളുടെ ജീവനുണ്ടാകുക. കുട്ടികൾക്ക് നേരെ വിരൽ ചൂണ്ടും മുൻപ് ഒന്നാലോചിച്ചാൽ കുഴിയിലേക്ക് താഴ്ന്നുപോകും മുൻപ് അവർക്കുനേരെ നീട്ടപ്പെടുന്ന  ഒരു വിരലാകാൻ  കഴിഞ്ഞേക്കാം. ഇത് അദ്ധ്യാപകരോട് മാത്രമല്ല അച്ഛനമ്മമാരോടും കൂടിയാണ്. ആ സാറിനെ ഞാൻ പിന്നെയും കണ്ടിട്ടുണ്ട്, ഒരിക്കൽപ്പോലും അതിനുശേഷം അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു പറയുകയുണ്ടായിട്ടില്ല, ഇന്നദ്ദേഹമോ ഹസീനയുടെ ചേച്ചിയോ  അതോർക്കുന്നുണ്ടാകില്ല എന്നെനിക്കുറപ്പുമാണ്. പക്ഷേ, ഞാനിന്നും അതോർക്കുന്നു... രണ്ടു പേരും പറഞ്ഞ ജീവന്റെ വിലയുള്ള രണ്ടു വാചകങ്ങളും! 



(vayanaonline November 2017)