Sunday, December 8, 2019

ടീനേജ് എന്ന തേനേജ്

മക്കളുടെ ടീനേജ് പ്രായം എന്നത് എല്ലാ രക്ഷകർത്താക്കളും കുറച്ചു ഉൾഭയത്തോടെ മാത്രം  ചിന്തിക്കുന്ന ഒന്നാണ് എന്ന് തോന്നുന്നു.  സ്വന്തമായിട്ടുള്ള രണ്ടെണ്ണം  ടീനേജ് ആകാനിനിയും വർഷങ്ങൾ ഉണ്ടെങ്കിലും  അനന്തരോന്മാരും സുഹൃത്തുക്കളുടെ മക്കളും ഒക്കെച്ചേർന്നു നല്ലൊരു കൗമാരപ്രായക്കൂട്ടത്തെ ഞാനും കാണാറുണ്ട്. ഇത്തവണത്തെ  ടോപ്പിക്കിൽ എന്താണ് ഉൾപ്പെടുത്തേണ്ടത് എന്ന് ഒരുകൂട്ടം സുഹൃത്തുക്കളോട്   ചോദിച്ചപ്പോൾ കിട്ടിയ ഉത്തരമാണ്  ഈ പ്രാവശ്യം  കൗമാരക്കാർക്കൊപ്പം ആകാം കറക്കം എന്ന് ചിന്തിപ്പിച്ചത്. എല്ലാവരെക്കുറിച്ചും പൊതുവേ മാതാപിതാക്കളുടെ പരാതി  അവർ സംസാരിക്കുന്നില്ല ,  ഒന്നും ഗൗരവതരമായി കാണുന്നില്ല , അനാവശ്യകാര്യങ്ങൾക്ക് വേണ്ടി വഴക്കുണ്ടാക്കുകയോ വിഷമിക്കുകയോ ചെയ്യുന്നു,  പൊതുവെ എന്തിനെയും എതിർക്കാൻ ഒരു പ്രവണത എന്നതൊക്കെയാണ്. കാര്യം പറയുമ്പോൾ ഇതൊക്കെ അച്ഛനമ്മമാരുടെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ശരിയുമാണ്.  എന്നാൽ അങ്ങനങ്ങു ഒരുഭാഗം മാത്രം ചേർന്ന് കാണാൻ പറ്റില്ലല്ലോ - ഒരു ടീനേജ് അമ്മയല്ലാത്തത് കൊണ്ട് മാത്രമാണ് എനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് ഈ ലേഖനമെഴുതാൻ ഇരുന്നത് എന്നുംപറയാം. സ്വന്തമനുഭവങ്ങൾ കൂടിച്ചേർന്നതാണ് 'അമേരിക്കൻ മോ'മിൻറെ  മിക്ക ലേഖനങ്ങളും പക്ഷേ, ഇത് എഴുതാൻ കാര്യമായ അനുഭവമില്ലാത്തത് കൊണ്ട്  കുറച്ചു കൗമാരക്കാരോടും കുറച്ചു കൗമാരപ്രായക്കാരുടെ അച്ഛനമ്മമാരോടും സംസാരിച്ചു. അങ്ങനെ പുറത്തു നിന്നും കാണുന്ന ഒരാളായി രണ്ടു കൂട്ടരോടും സംസാരിച്ചപ്പോൾ തോന്നിയത് - അച്ഛനമ്മമാർക്ക് അവരുടെ കൗമാരകാലം ഓർമയുണ്ടാകുകയും കുട്ടിപ്പട്ടാളത്തിന്‌ അവരുടെ കൗമാരം അടുത്ത 7-8 വർഷത്തിനുള്ളിൽ തീരുമെന്ന് ഒരു ചിന്തയുണ്ടാകുകയും ചെയ്താൽ  കാര്യങ്ങൾ വളരെ സിംപിൾ ആണെന്നാണ്! ഇത് വായിക്കുന്ന ഏതൊരു രക്ഷിതാവും ഇപ്പോൾ എന്നെ ഒന്ന് "പുശ്ചിച്ചു" ചിരിക്കും എന്നെനിക്കറിയാം - കാരണം നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ടുകഥകൾ ആണല്ലോ! അപ്പോൾ പ്രതിസന്ധികളും പരിഹാരങ്ങളും സിംപിൾ ആകുമല്ലോ എന്ന്! എന്നിരുന്നാലും കൗമാരകാലത്ത്  ഒരു ട്രബിൾ മേക്കർ/ റിബൽ പദവിയുണ്ടായിരുന്ന ആളെന്ന നിലയിൽ ഞാൻ കുറച്ചുനേരം നിങ്ങളുടെ ആ ടീനേജ് കൊച്ചിന്റെ സ്ഥാനമേറ്റെടുത്തു കൊണ്ട് ഇച്ചിരെ കാര്യങ്ങൾ പറയാൻ പോകുവാണേ  - മക്കൾ സംസാരിക്കുന്നില്ല എന്ന പരാതി നമുക്കിപ്പോൾ തീർക്കാം.



1.  'ഞങ്ങൾ പിള്ളേർക്ക് കുറച്ച് സ്വാതന്ത്ര്യമൊക്കെ അനുവദിച്ചു തരുക' -

 അധികമായാൽ അമൃതും വിഷമാകുന്നത് പോലെ തന്നെ ചിന്തിക്കേണ്ട കാര്യമാണ് 

 ആവശ്യത്തിന്  പോലുംഭക്ഷണം ഇല്ലാതെയിരിക്കുന്നതും.  
കൗമാരക്കാർക്ക് അവരുടെ സ്വന്തം ഐഡന്റിറ്റി സ്ഥാപിക്കാൻ അവസരം നൽകുന്നത്അവർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് ഒക്കെ  ലോകത്തിൽ സ്വന്തം സ്ഥാനം സ്ഥാപിക്കാൻ അവരെ സഹായിക്കുന്നതിന് അത്യാവശ്യമാണ്. എന്നുകരുതി ആ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുകൊണ്ട് തീർത്തും മോശമായ ഒരു കൂട്ടുകെട്ടിലാണ് കുട്ടികൾ  ചെന്നുചാടുന്നത് എങ്കിൽ  അത് അനുവദിക്കണം എന്നല്ല. അവിടെയാണ് രണ്ടാം പോയിന്റ് വരുന്നത്. 

2. വീട്ടിലേക്ക് ഇടയ്ക്കൊക്കെ മക്കളുടെ സുഹൃത്തുക്കളെ ക്ഷണിക്കുക - 

പണ്ടുകാലത്തും ഇത് വേണ്ടതായിരുന്നു എങ്കിലും ഇന്നത്തെ മാറുന്ന കാലത്ത് ഇത് അത്യാവശ്യം ആണ്. പണ്ടൊക്കെ ചുറ്റുവട്ടങ്ങളിൽ തന്നെയാകും കുഞ്ഞുങ്ങൾ പഠിക്കുക ഒരു ഡിഗ്രിയൊക്കെ ആകും വരെ. ഇപ്പോൾ  അങ്ങനെയല്ലാത്തത് കൊണ്ടും പലപ്പോഴും നമ്മളിൽ പലരും നാടും വീടും  ദൂരെയിടങ്ങളിൽ നിൽക്കുന്നത് കൊണ്ടും  കുട്ടികൾ ഇടപഴകുന്ന ആളുകൾ നമുക്ക് അപരിചിതരാകാം.  എളുപ്പവഴി കുട്ടികളോട് തന്നെ സുഹൃത്തുക്കളെക്കുറിച്ചു സംസാരിക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും അവരുടെ മാതാപിതാക്കളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കുകയും ചെയ്യുന്നതാണ്. പലപ്പോഴും പിയർ പ്രെഷർ എന്നത് ബ്രാൻഡഡ് സാധങ്ങങ്ങൾ വാങ്ങുന്നതിൽ മാത്രമല്ല പെരുമാറ്റ രൂപീകരണത്തിലും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു സുഹൃത്തിനെ പൂർണമായും ഒഴിവാക്കാൻ കൗമാരപ്രായക്കാരെ ഉപദേശിക്കുന്നത് പലപ്പോഴും വിപരീത ഫലം ഉണ്ടാക്കും. ഓർക്കുക ഞങ്ങൾ കൗമാരക്കാർക്ക് എതിർക്കാനാണ് ഇഷ്ടം! 

അതിൽ നിന്ന് നമ്മൾ മൂന്നാമത്തെ പോയിന്റിലേക്ക് എത്തുകയാണ്,


3. കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യത്തിലും ആദ്യ പ്രതികരണം "നോ"  ആകരുത് -  എല്ലാത്തിലും മക്കളെ എതിർക്കുക/ വഴക്കു പറയുക  എന്നതാകരുത്  നിങ്ങളുടെ മോട്ടോ.  മുടി നീട്ടി വളർത്തുന്നതോ, സ്ഥിരമായി ഒരേ വസ്ത്രം ധരിക്കുന്നതോ ആകെ കുഴഞ്ഞുമറിഞ്ഞുകിടക്കുന്ന പഠനമേശയോ ഒന്നും വലിയ വിഷയമല്ല എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞാൽ അത് സമാധാനപൂർണമായ ഒരന്തരീക്ഷം സൃഷ്ടിക്കും. മിക്ക കുട്ടികൾക്കും -ടീനേജ് എന്ന വലിയ ബബിളിനുള്ളിൽ ആ ചെറിയ കുഞ്ഞാകാനാണ് ഇഷ്ടം. അതേസമയം ഓരോ കുഞ്ഞും ഒരു വ്യക്തിയുമാണ് - കുറച്ചു പരസ്പര വിരുദ്ധ വാചകങ്ങൾ ആണെന്ന് അറിയാം, അതിലേക്ക് നമ്മുടെ നാലാമത്തെ പോയിന്റിനെ ചേർക്കാം


4.  നിയമങ്ങളും അച്ചടക്കവും മുൻകൂട്ടി തീരുമാനിക്കുക: 

സിംഗിൾ പേരന്റ് അല്ലാത്ത എല്ലാ രക്ഷാകർത്താക്കളും മക്കളെ കുറിച്ചുള്ള കാര്യങ്ങൾ പരസ്പരം സംസാരിച്ചുവേണം തീരുമാനങ്ങളിൽ എത്താൻ. അച്ഛനെ മറികടന്നു അമ്മയോ അമ്മയെ ചെറുതാക്കി അച്ഛനോ കുട്ടികൾക്ക് കാര്യങ്ങൾ സാധിച്ചുകൊടുക്കുന്നതോ  ശിക്ഷകൾ കുറയ്ക്കുന്നതോ പലപ്പോഴും വിപരീതഫലം ചെയ്യും - ഇന്റർനെറ്റ് കട്ട് ചെയ്യുന്നതോ, പോക്കറ്റ് മണി കുറയ്ക്കുന്നതോ, ബൈക്ക് എടുക്കാൻ സമ്മതിക്കില്ല എന്നുള്ളതോ അങ്ങനെ എന്തുമാകാം ശിക്ഷകൾ. പക്ഷേ  എല്ലാത്തിനും ഒരേ ശിക്ഷകൾ ആകരുത് , അങ്ങനെയൊരു അച്ചടക്കനടപടി നേരത്തെ പറഞ്ഞിട്ടുണെങ്കിൽ നടപ്പാക്കാൻ മടിക്കുകയും അരുത്!  കുട്ടികളെയും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ആഴ്ചയിൽ ഒരിക്കൽ ഒരു തീൻമേശ ചർച്ച നടത്തിയാൽ നിങ്ങൾ ചിന്തിക്കാത്ത പലതും ആ കുട്ടിമനസുകളിൽ ഒളിഞ്ഞുകിടപ്പുണ്ട് എന്ന് മനസിലാക്കാം. ഇത് ശരിയല്ലെന്ന് കുട്ടി പറഞ്ഞാൽന്യായമായ ശിക്ഷയെന്താണെന്ന് നിങ്ങൾ അവരോട് സംസാരിക്കുകയും മനസിലാക്കുകയും വേണം.


അപ്പോൾ അതാണ്‌ അഞ്ചാം നിയമം 

5. ദിവസത്തിലെ ഏതെങ്കിലും ഒരു നേരത്തെ ഭക്ഷണം കുട്ടികൾക്ക് ഒപ്പം ആക്കുക - 


ആ സമയം നിങ്ങളുടെയും പങ്കാളിയുടെയും മൊബൈലുകൾക്ക് അവധി കൊടുക്കാം ടിവിയ്ക്കും വിശ്രമം കൊടുക്കാം എന്നിട്ടു നിങ്ങൾ നിങ്ങളുടെ ദൈനം ദിന വിശേഷങ്ങൾ തീൻമേശയിൽ ഒരു വിഭവം ആക്കുക - സംസാരിച്ച എല്ലാ ടീനേജർക്കും ഉണ്ടായിരുന്ന പരാതി - അച്ഛനുമമ്മയ്ക്കും സംസാരിക്കാൻ പഠനം മാത്രമേ വിഷയമുള്ളൂ എന്നാണ് ! പഠനം ഭക്ഷണമേശയിൽ എത്തിക്കാതെ നിങ്ങളുടെ ജോലിയിലെ ആവശ്യമില്ലാത്ത ടെൻഷൻ അവിടെ വിളമ്പാതെ മറ്റെന്തൊക്കെ കാര്യങ്ങൾ സംസാരിക്കാം എന്നാലോചിക്കൂ. അഥവാ ടെൻഷനുള്ള ചില കാര്യങ്ങൾ ഉണ്ടെങ്കിൽ കുട്ടികളോടും കൂടി ഷെയർ ചെയ്യുന്നത് അവരുടെ കാഴ്ചപ്പാടുകൾ, അഭിപ്രായങ്ങൾ ആ കാര്യത്തിൽ എന്തെന്ന് ചോദിച്ചറിയുന്നത് തീർച്ചയായും കുട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. 



ആറാം പോയിന്റായി ഞാൻ പറയാൻ പോകുന്നതും അതാണ് 


6. സംസാരിച്ചാൽ മാത്രമേ പോരാ - കേൾക്കണം. 


"പലപ്പോഴും ഉപദേശങ്ങളും അപ്പുറത്തെ വീട്ടിലെ കുട്ടിയോട് കമ്പാരിസണും മാത്രമാണ് അമ്മയ്ക്കും അച്ഛനും സംസാരിക്കാനുള്ളത്. എന്തെങ്കിലും കുറ്റം കേട്ടാൽ അതിനെക്കുറിച്ചു ഞങ്ങളോട് ചോദിക്കുക പോലും ചെയ്യാതെ കുറ്റവാളിയെന്ന് ആദ്യമേ വിധിക്കും. അപ്പോൾപ്പിന്നെ അങ്ങനെ  തന്നെയങ്ങു  പോകട്ടെയെന്നു വെയ്ക്കും " - പറഞ്ഞത് മിടുക്കിയായ ഒരു പതിനാറുകാരിയാണ്. പ്രണയമുണ്ടെന്നു മറ്റാരോ പറഞ്ഞറിഞ്ഞത് അച്ഛനും അമ്മയും അവളോട് ചോദിക്കുകപോലും ചെയ്യാതെ പരിശോധനകൾക്കും വിലക്കുകൾക്കും വിധേയയാകേണ്ടി വന്നപ്പോൾ! പറയുന്നതിൽ കാര്യമുണ്ട് അല്ലേ ? നമ്മുടെ മക്കളെ നമ്മൾ കുറച്ചുകൂടി വിശ്വസിക്കണ്ടേ? 


7. പ്രണയം / സെക്സിനെക്കുറിച്ചുളള കൗതുകം എന്നതൊക്കെ  കൗമാരകാലത്ത് മിക്ക കുട്ടികളിലും ഉണ്ടാകുന്ന വളർച്ചയുടെ ഭാഗമായി സംഭവിക്കുന്നതാണ് എന്ന് മാതാപിതാക്കൾ എത്രയും പെട്ടെന്ന്  മനസിലാക്കിയാൽ അത്രയും പെട്ടെന്ന് കൗമാരക്കാരുമായി കൂട്ടാകാം. സ്വന്തം മക്കളോട് ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചും മോശം തീരുമാനങ്ങൾ കൊണ്ട് ഉണ്ടായേക്കാവുന്ന പരിണിതഫലങ്ങളെക്കുറിച്ചും സംസാരിക്കാൻ ഏറ്റവും പറ്റിയ ആൾ നമ്മൾ തന്നെയാണ്. അത് പ്രണയം ആയാലും സേഫ് സെക്സ് ആയാലും മയക്കുമരുന്നുകളുടെ ഉപയോഗം ആയാലും   കുഞ്ഞുങ്ങളോട് തുറന്നു  സംസാരിക്കുക എന്നത് തന്നെയാണ് ഏറ്റവും നല്ല വഴി. 


8.  മദ്യപാനം പുകവലി പാൻപരാഗ് മയക്കുമരുന്ന് ഇതൊക്കെ കൗമാരകാലത്തെ കുട്ടികളെ വഴിതെറ്റിക്കുന്ന ഘടകങ്ങൾ ആണ് - പക്ഷേ, മൂക്കുമുട്ടെ കള്ളുകുടിച്ചു വീട്ടിൽ വരുന്ന അച്ഛൻ മദ്യപിക്കരുത് എന്ന് പറയുന്നത് കേൾക്കാൻ  ചിലപ്പോൾ എല്ലാ കുട്ടികൾക്കും കഴിഞ്ഞുവെന്ന് വരില്ല. സകല സമയവും ടിവിയുടെ  മുന്നിൽ ഇരിക്കുന്ന അമ്മയോ അച്ഛനോ കുട്ടികളുടെ സ്‌ക്രീൻ ഉപയോഗത്തിനെക്കുറിച്ചു വിഷമിച്ചിട്ട് എന്ത് കാര്യം?  മദ്യപാനത്തിന്റെ ദോഷവശങ്ങൾ പറഞ്ഞുകൊടുക്കുന്നതിനൊപ്പം തന്നെ കുട്ടികളിൽ ഇതൊക്കെ ശ്രമിച്ചു നോക്കാനുള്ള പ്രലോഭനങ്ങൾ കൂടുതലാണെന്നതും മറക്കരുത്. കുട്ടികൾക്ക് നമ്മളോട് എന്തും പറയാനുള്ള വിശ്വാസം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനമായ വിഷയം. 

 9. മക്കൾക്ക് റോൾ മോഡൽ ആകുക - 

അതിന്റെ ആദ്യപടി വീട്ടിൽ നിന്ന് തന്നെയാണ്. അമ്മയെ അടിക്കുന്ന അച്ഛൻ, അച്ഛന്റെ അമ്മയെ ചീത്ത പറയുന്ന അമ്മ, ബന്ധുക്കളെക്കുറിച്ചു എപ്പോഴും കുറ്റം മാത്രം  പറയുന്ന രക്ഷിതാക്കൾ, എല്ലാവരെയും സംശയത്തോടെ കാണുന്നത്, എന്തിനെയും പണത്തിന്റെ തൂക്കത്തിൽ കാണുന്നത്, ആളുകളെ അവജ്ഞയോടെ കാണുന്നത്  എന്നുവേണ്ട നിങ്ങൾ കാണിക്കുന്ന ഓരോ കാര്യത്തിനെയും ഒന്നുകിൽ അതേപോലെ മനസിലേക്ക് എടുത്ത് അനുകരിക്കുന്ന അല്ലെങ്കിൽ ഈ പറഞ്ഞതിനെയൊക്കെയും നിങ്ങളെയും എതിർക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരാളായാണ് നിങ്ങളുടെ കുഞ്ഞ് വളരുക. ഒരു കൗമാരപ്രായമായ മകൾക്കോ മകനോ നിങ്ങൾ പകർന്നു കൊടുക്കാൻ ആഗ്രഹിക്കുന്നത് എന്ത് തന്നെയായാലും അവർ അത് നിങ്ങളുടെ പ്രവർത്തിയിൽ നിന്നാണ് എടുക്കുക - പറച്ചിലിൽ നിന്നല്ല!

10. ഒരുപക്ഷേ ഇത്രയും നേരം പറഞ്ഞതിൽ ഏറ്റവും പ്രയാസമുളള കാര്യമാകും ഈ പത്താമത്തെ പോയിന്റ് :  കുട്ടികൾക്ക് കുറ്റബോധം ഉണ്ടാകാൻ അനുവദിക്കുക -  

കുട്ടികൾ ചെയ്യുന്നതും പറയുന്നതുമായ എന്ത് കാര്യത്തിനും രക്ഷിതാക്കൾ  ന്യായം കണ്ടെത്തേണ്ട ആവശ്യമില്ല എന്ന് മാത്രമല്ല  അവർ ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അവരെ മനസിലാക്കിക്കുക എന്നത് കൂടി പ്രധാനമാണ്. അവരോടൊപ്പം നിന്നുകൊണ്ടുതന്നെ അവരുടെ പ്രവർത്തിയ്ക്കുള്ള പ്രായശ്ചിത്തം, പരിഹാരം ചെയ്യിപ്പിക്കാൻ ശ്രമിക്കുക. ഓരോ വട്ടവും വീഴുമ്പോൾ താങ്ങിയെണീക്കാൻ തോളുണ്ടാകുന്നത് നല്ലതാണ്. അതേ സമയം, വീണുപോകും എന്ന് ഭയന്ന് എടുത്തുകൊണ്ടു നടന്നാൽ അത് നിരുത്തരവാദിത്തപരമായി പെരുമാറുന്ന ഒരു യുവ ജനതയെ സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂ. 

ടീനേജ് വിശേഷങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല - അപ്പനുമമ്മയ്ക്കും ടീനേജേഴ്‌സിനെ എങ്ങനെ വീട്ടിലെ  പല കാര്യങ്ങളിൽ ഇടപെടുത്തി മുന്നോട്ട് കൊണ്ടുപോകാം എന്നത് അടുത്ത ലക്കത്തിലേക്ക് മാറ്റി വെക്കുന്നു. 



ഇത്രയും അതിഭീകരൻ കാര്യങ്ങളൊക്കെ എഴുതിവെച്ചിട്ട് രണ്ടുമൂന്നുകൊല്ലം കഴിയുമ്പോൾ ഞാൻ എന്റെ ടീനേജറോട്  പെരുമാറുന്നത് ഇതിന്റെയൊക്കെ വിപരീത ദിശയിൽ ആകാൻ സാദ്ധ്യതയുണ്ട്. അപ്പോൾ ഞാനീ ലേഖനം  ഒന്നുകൂടി എടുത്തു വായിക്കും, എന്നിട്ടോർക്കും  - മറ്റൊരാളുടെ കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട്, മറ്റൊരു കുട്ടിയുടെ രക്ഷിതാക്കളെ കേട്ട് ഇത്രയുമൊക്കെ ചിന്തിച്ചെങ്കിൽ അന്ന് ചിന്തിച്ചതിൽ കാര്യമുണ്ടാകണം .. എന്നിട്ട് ടീനേജർ കുട്ടികൾ ഇല്ലാത്ത മറ്റൊരു സുഹൃത്തിനോട് ഞാൻ ഉപദേശം ചോദിക്കും!   



(OURKIDS 2019 December Edition) 


Monday, November 11, 2019

അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു

മഴയോടൊപ്പം സ്‌കൂൾ തുറന്നെത്തുന്ന ജൂൺ - നാട്ടിൽ പുതിയൊരു സ്‌കൂൾ കാലത്തിലേക്ക് കുഞ്ഞുങ്ങൾ കടക്കുമ്പോൾ ഇവിടെ അമേരിക്കയിൽ വേനൽക്കാലത്തിന്റെ  തുടക്കമാണ്, അതുകൊണ്ട് തന്നെ ജൂൺ ഞങ്ങളുടെ വേനലവധിക്കാലമാണ്. ഇവിടുത്തെ അവധിക്കാല കുട്ടിത്തത്തിനെ എങ്ങനെ മെരുക്കുന്നു എന്ന ചില കഥകളാണ് ഇത്തവണ. നാട്ടിലെ അവധിക്കാലം കഴിഞ്ഞെങ്കിലും കടും ചൂട് മാറി മഴവന്ന് തളിരും പൂവും കിളികളുമൊക്കെ വരുന്ന സമയമായത് കൊണ്ട് ഇനി പറയുന്നവയിൽ ചിലവ നാട്ടിലും പരീക്ഷിക്കാം.


                          ഇവിടെ സാധാരണ മൂന്ന് മാസത്തോളം ആണ് വേനലവധി. തണുപ്പ് കൂടിയ പ്രദേശത്തായത് കൊണ്ട് ജൂൺ ആദ്യവാരം കഴിയും ഞങ്ങളുടെ പ്രദേശത്തെ സ്‌കൂളൊക്കെ പൂട്ടാൻ. സെപ്തംബര് ആദ്യവാരമേ തിരികെ തുറക്കുകയുമുള്ളൂ. അതുകൊണ്ടുതന്നെ കുട്ടിപ്പട്ടാളങ്ങളെ മെരുക്കാൻ എന്തെങ്കിലുമൊക്കെ സൂത്രപ്പണി ചെയ്തില്ലെങ്കിൽ മൂന്നുമാസം കടന്നുപോകാൻ കഷ്ടപ്പെടുകയും ചെയ്യും. ഉദ്യോഗസ്ഥരായ മാതാപിതാക്കൾ ആണെങ്കിൽ മിക്കവാറും കുട്ടികൾ സമ്മർ കാമ്പുകളിലാകും വേനലവധിയുടെ പകൽ സമയങ്ങൾ ചിലവഴിക്കുക. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കരുത്/ ഇരുത്തരുത്  എന്ന കർശനനിയമം ഉള്ളത് കൊണ്ടുതന്നെ YMCA , കരാട്ടെ സ്‌കൂളുകൾ, പാർക്ക്&റിക്രിയേഷൻ ക്ലബുകാർ, നീന്തൽ  സ്‌കൂളുകൾ, പള്ളികൾ   അങ്ങനെ അനവധി സ്ഥാപനങ്ങൾ ഇത്തരം സമ്മർ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള സമയം കുട്ടികൾക്ക് പലവിധ കളികളും, പ്രോജെക്ടുകളും ഒക്കെയായി ആവേശമുണർത്തുന്ന രീതിയിലാണ് സംഘടിപ്പിക്കുക. 


                    മിക്കപ്പോഴും അപ്പൂപ്പനമ്മൂമ്മമാരൊക്കെ ഇന്ത്യയിൽ നിന്ന് ഇവിടേക്ക് വരുന്ന സമയവുമാണ് ഈ അവധിക്കാലങ്ങൾ.  അങ്ങനെയുള്ളപ്പോൾ കുഞ്ഞുങ്ങൾക്ക്  വീട്ടിൽ തന്നെ സമയം ചിലവഴിക്കാൻ കഴിയും. സ്‌കൂൾ അടച്ചുകിട്ടുന്ന ഈ സമയം ഒരു വേനലവധിയായിത്തന്നെ കുട്ടികൾക്ക് അനുഭവവേദ്യമാകണമെന്ന് ആഗഹിക്കുന്ന രക്ഷിതാവാണ്‌ ഞാൻ. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് അവർ രാവിലെ  10 മണി വരെ കിടന്നുറങ്ങുകയും രാത്രി വൈകുവോളം അവർക്കിഷ്ടമുള്ള സിനിമ കാണുകയും വെയിലൊന്ന് താഴുമ്പോൾ സൈക്കിളുമെടുത്ത് ചുറ്റിയടിക്കുകയും ഒക്കെ ചെയ്യുക അല്ലേ? പക്ഷേ, പലപ്പോഴും ഇതൊന്നും നടക്കാറില്ല പല വീടുകളുടേയും സാഹചര്യത്തിൽ,പ്രത്യേകിച്ചും രണ്ടുപേരും ജോലിക്കാരാകുമ്പോൾ.


                               ഇത്തവണത്തെ അവധിക്ക് മൂത്തയാൾ ആവശ്യപ്പെട്ടിരിക്കുന്ന ഒരു കാര്യം നൈറ്റ് ക്യാംപിനു കൊണ്ടുപോകണം എന്നാണ്. കഴിഞ്ഞ രണ്ടുകൊല്ലമായി കൊണ്ടുപോകാം കൊണ്ടുപോകാം എന്ന് പറച്ചിൽ അല്ലാതെ ഇതുവരെ ആ പ്രോമിസ് ഞങ്ങൾ പാലിച്ചിട്ടില്ല എന്നാണ് ആശാന്റെ പരാതി. പരാതിയിൽ കാര്യവുമുണ്ട്- കഴിഞ്ഞ രണ്ടുകൊല്ലങ്ങളിലും ഇളയ ആൾ തീരെ ചെറുതായിരുന്നു എന്നതും, നാട്ടിൽ നിന്നും വയസായ മാതാപിതാക്കൾ വന്നിരുന്നതും പുറത്തൊരിടത്ത് ടെന്റ് കെട്ടിയുള്ള ഒരു ക്യാമ്പിങ്ങിനു പോകുന്നതിൽ നിന്നും ഞങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ ആ പരാതി കയ്യോടെ തീർക്കുക എന്നതാണ് വേനലവധിയുടെ ഒരു പ്രധാന ആകർഷണം. ലോകത്തിലെ എല്ലാ കുട്ടികൾക്കും ഇഷ്ടമുള്ള കാര്യമാകും അത് - ആകാശം കാണുന്ന രീതിയിൽ ഒരിടത്ത് ഒരു കൂടാരം, അവിടെ രാത്രി നക്ഷത്രങ്ങളെയൊക്കെ കണ്ടൊരു ഉറക്കം. നാട്ടിൽ പലയിടങ്ങളിലും ഇപ്പോൾ ഇത്തരം ക്യാംപ് & ഹൈക്ക് ഒക്കെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. വലിയ കാശുമുടക്കിയുള്ള യാത്രകളും ഹൈക്കിങ്ങും ഒന്നും ചെയ്തില്ലെങ്കിലും സ്‌കൂൾ മുറ്റത്തോ, പള്ളി മൈതാനത്തോ  ഒക്കെ ഒരു ചെറിയ ക്യാംപിങ്, വാനനിരീക്ഷണം സംഘടിപ്പിച്ചാൽ അത് കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവുംവലിയ സമ്മാനമാകും.
With the Tent he made :) 

Campfires are always fun 

WE 


അവധിക്കാലം ഇവിടെ മനോഹരകാഴ്ചകളുടെ കാലം കൂടിയാണ്.        അതിശൈത്യം കഴിഞ്ഞു മരങ്ങളിലൊക്കെ തളിരുകളും പൂവുകളും വന്നുതുടങ്ങി. ഒക്ടോബർ വരെ ഇവിടെ പ്രകൃതി  പലതരത്തിലുള്ള പൂവുകൾ, കായ്കൾ, നിറം മാറുന്ന ഇലകൾ ഒക്കെയായി ഒരു തൃശൂർപ്പൂരത്തിലെ കുടമാറ്റപ്രതീതിയാണ് കാഴ്ച വെക്കുക. മാത്രവുമല്ല ഇതൊരു "മൈഗ്രേഷൻ വേ" ആയത് കൊണ്ട് പലതരം കിളികൾ ദേശാടനം നടത്തുന്ന സമയം കൂടിയാണ്. മിക്ക വീടുകളുടെയും പുറത്ത് പക്ഷികൾക്കായി ഒരൽപം ഭക്ഷണവും വെള്ളവും കരുതിയിട്ടുണ്ടാകും.  ഇവിടെ വീടിനു പിന്നാംപുറത്തും വലിയൊരു മേപ്പിൾ മരത്തിൽ  രണ്ട് കിളിക്കൂടുകൾ തൂക്കി - കിളിക്കൂട് എന്ന് പറയുന്നത് ശരിയാണോ എന്നറിയില്ല, പക്ഷികൾക്ക് തീറ്റ കൊടുക്കാവുന്ന തരം കൂടുകൾ. പരിസരത്ത് സ്ഥിരമായി കാണപ്പെടുന്ന കിളികൾക്ക് കൊടുക്കാൻ കഴിയുന്ന വിത്തിനങ്ങൾ, തിന ഒക്കെ കടയിൽ നിന്ന് വാങ്ങാൻ കിട്ടും. മെയ് തുടങ്ങിയപ്പോൾ തന്നെ പക്ഷിഭക്ഷണത്തിന്റെ ഒരു വലിയ കൂടു വാങ്ങി ആശാന്റെ കയ്യിൽ കൊടുത്തു. ഇനി വരുന്ന കിളികൾക്ക് സമയാസമയം അന്നം കൊടുക്കേണ്ട ജോലി അവനാണ്. കൂട്ടത്തിൽ രണ്ടു ബുക്കുകളും നൽകി - 1. Beginning Birdwatcher's Book: With 48 Stickers (Dover Children's Activity Books) 2. Backyard Birds (Field Guides for Young Naturalists). രണ്ടാമത്തെ ബുക്കിൽ പലതരം കിളികളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ആണെങ്കിൽ, ഒന്നാമത്തേതിൽ ഓരോ കിളിയുടെയും സ്റ്റിക്കറുകളും അതിന്റെ ചെറുകുറിപ്പുകൾ എഴുതി ഒട്ടിയ്ക്കാനുള്ള ഒരു ഡയറി പോലെയുമാണ്. ആദ്യത്തെ പക്ഷിഡയറി അങ്ങനെ ഇക്കൊല്ലം മൂത്തവൻ കരസ്ഥമാക്കി. കിളികൾ കൂട്ടത്തോടെ വന്നുതുടങ്ങുന്ന സമയം ആകാഞ്ഞിട്ടുകൂടി ഏകദേശം 15 തരം കിളികളെ ആൾ കണ്ടുപിടിച്ച് സ്റ്റിക്കറൊക്കെ ഒട്ടിച്ച് ബുക്കിന്റെ പണി തുടങ്ങി. ഈ രണ്ടു ബുക്കുകളും ഇവിടെയുള്ള കിളികളെ ചുറ്റിപ്പറ്റിയുള്ളതാണ്. പക്ഷേ, ഒന്ന് ശ്രമിച്ചാൽ  നാട്ടിലെ കിളികൾക്ക് വേണ്ടിയുള്ള ഇത്തരമൊരു ബുക്ക് കിട്ടിയേക്കും. എല്ലാ കുട്ടികൾക്കും ഒരു പ്രായം ആകുന്നിടം വരെ കിളിയും നക്ഷത്രവും ഇലകളും ഒക്കെ ഇഷ്ടമാണ്. 

T's Bird Book 


                  അങ്ങനെ ഇലകളെക്കുറിച്ചു പറഞ്ഞപ്പോൾ ആണ് മോനും ഞാനും കൂടി ചെയ്യുന്ന രണ്ടാമത്തെ സംഭവം ഓർമ വന്നത്. നമ്മുടെ നാട്ടിലെ ഓണക്കാലമുണ്ടല്ലോ അതുപോലാണ് ഇവിടെ ജൂൺ മുതൽ മിക്കയിടങ്ങളും. എങ്ങും പച്ചപ്പ്, പൂക്കൾ, ആഗസ്ത് ആകുമ്പോൾ പതുക്കെ നിറം മാറാൻ തുടങ്ങുന്ന ഇലകൾ. നാട്ടിൻപുറത്ത് ജനിച്ചുവളർന്ന ഒരു തലമുറയ്ക്ക് മിക്ക ഇലകളും കണ്ടാൽ അറിയാമായിരുന്നു, മിക്ക പൂക്കളും അറിയാമായിരുന്നു. ഇതിപ്പോ ജനിച്ചു വളർന്ന ഭൂമിശാസ്ത്രം അല്ലാത്തത് കൊണ്ട് മിക്കപ്പോഴും പലയിനം ചെടികളേയും കണ്ടാൽ മനസിലാകാറില്ല. അങ്ങനെയാണ് PlantNet  Plant  Identification  എന്ന ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തത്. അതുണ്ടെങ്കിൽ സംഗതി സിംപിൾ ആണ്, പക്ഷേ ഈ ആപ്പ് നല്ല പവർഫുൾ ആണ് കേട്ടോ. ഒന്നാം ക്ലാസ് മുതൽ ഏതാണ്ട് ഒരു ആറാം ക്ലാസ് വരെയൊക്കെ ഉള്ള കുട്ടികൾക്ക് ഇതൊരു ആകർഷണം തന്നെയാണ്.  നമുക്ക് ചുറ്റിനും കാണുന്ന  ഇലയും പൂവും ഒക്കെ ഈ ആപ്പിലൂടെ നോക്കിയാൽ പേരും നാളും ഉൾപ്പെടെ എല്ലാം കിട്ടും. നമ്മുടെ മൊബൈൽ കുഞ്ഞുങ്ങൾക്ക് ഗെയിം കളിക്കാൻ കൊടുക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇമ്മാതിരി ചില നുറുങ്ങുപണികൾക്കായി അവർക്കൊപ്പം ടെക്നോളജി കൂട്ടുന്നത്. 


                    വർത്തമാനം ഫോണിനേയും പൂക്കളെയും ഒക്കെ കുറിച്ചായത് കൊണ്ട്  വേനലവധിക്ക് കാത്തുവെച്ചിരിക്കുന്ന മറ്റൊരു കാര്യം കൂടി മറന്നുപോകും മുൻപ് പറഞ്ഞേക്കാം. മൂത്തയാൾക്ക് 8 വയസ്സ് - ഞങ്ങളുടെ രണ്ടാളുടെയും ഫോൺ കൊടുക്കാൻ താല്പര്യമില്ല, എന്നാൽ ആശാന് ഫോട്ടോ എടുക്കാൻ ഇഷ്ടവുമാണ്. വീട്ടിലൊരു ഡിജിറ്റൽ കാമറയുണ്ട് - പക്ഷേ, അത് കൈകാര്യം ചെയ്യാനുള്ള അത്രയും ഉടത്തരവാദിത്തം അവനെ ഏൽപ്പിക്കാനും വയ്യ. അതുകൊണ്ട് ഏകദേശം മൊബൈൽ പോലെ കൈയിൽ ഒതുക്കാവുന്ന ഒരു ക്യാമറ സെക്കന്റ് ഹാൻഡ് വാങ്ങി. സംഭവം കയ്യിൽ കൊടുക്കും മുൻപ് പറയാൻ പോകുന്നത്  മൂന്നു മാസം കൊണ്ട് 1000 ഫോട്ടോ എടുക്കണം എന്നാണ്, ഒരു ദിവസം 10 ഫോട്ടോ വീതം എങ്കിലും  - നല്ലതെന്ന്‌ തോന്നുന്നവ അമ്മയുടെയോ അച്ഛന്റെയോ സഹായത്തോടെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാം അല്ലെങ്കിൽ പ്രിന്റ് എടുക്കാം. ഫോട്ടോ എന്തെടുക്കണം എന്നുള്ളതിൽ ഞങ്ങൾ കൈ കടത്തില്ല. എപ്പോൾ എടുക്കണം എന്നതിലും കൈ കടത്തില്ല. പക്ഷേ 90 ദിവസം കഴിയുമ്പോൾ 1000 ഫോട്ടോകളും അതിലൊരു 90 ആവർത്തിക്കപ്പെടാത്ത നല്ല ഫോട്ടോകളും ഉണ്ടാകണം. ഞങ്ങൾ കാത്തിരിക്കുകയാണ് എട്ടുവയസുകാരന്റെ  ക്യാമറക്കാഴ്ചകൾക്കായി.


ഞങ്ങൾ വേനലവധിക്കും പ്രകൃതി കാഴ്ചകൾക്കും ഒരുങ്ങുകയാണ്.. നാട്ടിൽ മഴ തിമിർത്തുപെയ്യാൻ തുടങ്ങുമ്പോൾ ഒരു പൂ പുതിയതായി കാണുമ്പോൾ, ഒരു മരം കാണുമ്പോൾ, ഒരു കിളിയെ കാണുമ്പോൾ നമുക്ക് കുഞ്ഞുങ്ങളെ കാട്ടിക്കൊടുക്കാം. ഓണം വരെയുള്ള സമയത്തേക്ക് ഇതിൽ ഏതെങ്കിലും ഒരു സംഭവം അവരോടൊപ്പം ചെയ്തുനോക്കൂ ... നമ്മളിലെ കൗതുകവും അവസാനിച്ചിട്ടില്ല എന്ന് തിരിച്ചറിയാം. കുട്ടികളുടെ കണ്ണിലൂടെ നമുക്കും ചുറ്റിനുമുള്ള പ്രകൃതിയെ കാണാം. 

(ജൂൺ 2019 ഔർകിഡ്സ്‌ മാഗസിൻ - പോസ്റ്റ് ചെയ്യാൻ വിട്ടുപോയ ഒരു ആർട്ടിക്കിൾ! - ഇതിൽ പറഞ്ഞതിൽ ആദ്യത്തെ രണ്ടെണ്ണം ചെയ്തു - മൂന്നിനും നാലിനും പകരം ചെയ്തത് 100 ദിന വരയും , ശലഭ പ്രോജക്ടുമാണ്. അതിനെക്കുറിച്ചു വിശദമായി പിന്നാലെ ) 

Tuesday, October 22, 2019

സ്‌ക്രീൻ ടൈമിന്റെ പ്രത്യയശാസ്ത്രം

ഇന്നലെ ജനിച്ച കുഞ്ഞു മുതൽ 18 വയസുകാരി വരെയുള്ള കുഞ്ഞുങ്ങളെക്കുറിച്ചു മാതാപിതാക്കൾക്കുള്ള ഏറ്റവും സാധാരണമായ പരാതിയാണ് അന്തമില്ലാതെ നീളുന്ന സ്‌ക്രീൻ ടൈമുകൾ. "ഏതുനേരവും ടീവീയുടെ മുൻപിൽ ആണ് ", "കമ്പ്യൂട്ടർ ഗെയിം ഒഴിഞ്ഞിട്ടൊരു സമയമില്ല"
"മൊബൈൽ കിട്ടിയാലേ ഭക്ഷണം കഴിക്കൂന്നേ" "ആറുമാസം ആയിട്ടില്ല പക്ഷേ ടീവിയിലെ ശബ്ദം കേട്ടാൽ അപ്പോൾ തല പൊക്കിനോക്കും"  എന്നുവേണ്ട എല്ലാ തരത്തിൽപ്പെട്ട കുഞ്ഞുങ്ങളെക്കുറിച്ചും തരാതരം പരാതികളുണ്ട് ഈ കാറ്റഗറിയിൽ!  പൊതുവായ ആരോഗ്യകാര്യങ്ങളിലേക്ക് കടക്കുന്നതിനു മുൻപ് എന്റെ സന്താനങ്ങളുടെ "കാഴ്ചശീലങ്ങൾ" പറയാം.

സിനിമാനടൻ ആകണം എന്ന് ആഗ്രഹിച്ചു നടക്കുന്ന എട്ടുവയസുകാരൻ മൂത്ത പുത്രനെ സിനിമ കാണിക്കാതെ ഇരിക്കുന്നത് മോശമാണല്ലോ.  പണ്ടുകാലം മുതലേ സിനിമാപ്രാന്തരായ മാതാപിതാക്കൾ കുട്ടിയോട് പറഞ്ഞ കണ്ടീഷൻ ആഴ്ചയിൽ രണ്ടു സിനിമ കാണാൻ സമ്മതിക്കാം എന്നതാണ്. കേബിൾ ടീവി ഇല്ലാത്ത വീട്ടിൽ ഓൺലൈൻ സൈറ്റുകൾ തന്നെയാണ് ശരണം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം , മറ്റുചില തമിഴ് - മലയാളം സിനിമാ സൈറ്റുകൾ ഒക്കെയാണ് പൊതുവെ ഞങ്ങൾക്ക് ഇവിടെ ആശ്രയം. വെബ് സീരീസുകൾ/ കാർട്ടൂണുകൾ  പൊതുവേ വലിയ താല്പര്യമില്ല എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ആശാനും സിനിമ കാണാൻ കിട്ടുന്ന അവസരം കളഞ്ഞുകുളിക്കില്ല. എല്ലാ വെള്ളിയാഴ്ചയും അച്ഛന്റെയും അമ്മയുടെയും സിനിമ തുടങ്ങുമ്പോൾ മക്കൾക്കും സിനിമ കിട്ടും.  മലയാളം/തമിഴ്/ഹിന്ദി  കുടുംബചിത്രങ്ങൾ ആണെങ്കിൽ മക്കളേയും കൂടെക്കൂട്ടിയാണ് വെള്ളി രാത്രിയിലെ ഷോ.  അതല്ല കുഞ്ഞുങ്ങൾക്ക് അങ്ങനെയങ്ങട് സുഖിച്ചുകാണാൻ കഴിയാത്ത സിനിമയാണെങ്കിൽ കുട്ടികളുടെ ചലച്ചിത്രവിഭാഗത്തിൽ നിന്നും ഏതെങ്കിലും അവർക്ക് കാണാൻ വേണ്ടിയിട്ടുകൊടുക്കും. ചാനലുകൾ ഇല്ല എന്ന് നേരത്തെ പറഞ്ഞല്ലോ, അതുകൊണ്ട് തന്നെ ടീവിയിൽ സിനിമ ഗൂഗിൾ ക്രോം വഴി കാസ്റ്റ് ചെയ്തുകൊടുത്താലേ അവർക്ക് കാണാൻ കഴിയൂ. ഞങ്ങളുടെ  ലാപ്ടോപ്പ് / മൊബൈൽ രണ്ടാൾക്കും ഓഫ്‌ലിമിറ്സ് ആണ് . അച്ഛനോ അമ്മയോ അനുവാദം കൊടുത്താൽ മാത്രം ഉപയോഗിക്കാൻ കഴിയുന്നവ. പ്രത്യേകിച്ചും  മൊബൈൽ - രണ്ടു മക്കൾക്കും എടുത്തുപെരുമാറാൻ കൊടുക്കാറില്ല , യുട്യൂബ് , ഗെയിംസ് ഒന്നും തന്നെ ഞങ്ങൾ കൊടുക്കാതെ പ്രവർത്തിപ്പിക്കാനും കഴിയില്ല.  


വല്ലപ്പോഴും എങ്കിലും 8  വയസുകാരന് കൂട്ടുകാർ പറഞ്ഞ ഒരു ഗെയിം കളിക്കണം എന്ന് തോന്നിയാൽ അവനു വേണ്ടി അവന്റെ മുൻപിൽ വെച്ച് ഗെയിം ഇൻസ്റ്റാൾ ചെയ്ത് കളിച്ചുകഴിഞ്ഞാൽ അപ്പോൾ തന്നെ uninstall  ചെയ്യുന്ന ഒരു "സൈക്കോ"  'അമ്മ കൂടിയാണ് ഞാൻ.  ഇത്രോം പണിപ്പെട്ട് കളിക്കേണ്ട എന്ന് കരുതിയാണോ എന്തോ മകന് അതങ്ങനെ ഒരു നിർബന്ധബുദ്ധി ആയിട്ട് വന്നിട്ടില്ല. ഇളയ മകന് ചില സീരീസുകൾ ഇഷ്ടം ആണ്, കുട്ടിപ്പാട്ടുകൾ പോലെയുള്ളവയും ചില കാർട്ടൂണുകളും ഒക്കെ.  സിനിമ കണ്ടു മനസിലാക്കാനുള്ള പ്രായം ആകാത്തത് കൊണ്ട് ഇടയ്ക്ക് ആശാനെ പ്രതിനിധീകരിച്ചു ചില കാർട്ടൂൺ സീരീസുകളും പാട്ടുകളും വെക്കാറുണ്ട്. വേനലവധിക്കാലത്ത്  ഏതാണ്ട് എല്ലാ ദിവസവും മൂത്തയാൾ ഒരു സിനിമ കണ്ടിരുന്നു - അത് കുറച്ചു കൂടുതൽ ആണെന്നു ഞങ്ങൾക്ക് തന്നെ തോന്നിയിരുന്നു, എങ്കിലും  സ്‌ക്രീൻ ഒഴിവാക്കിയുള്ള മറ്റുപല കാര്യങ്ങളും ആൾ ചെയ്തിരുന്നതിനാൽ ഇതൊരു "സമ്മർ ഫൺ" എന്ന രീതിയിൽ പ്രമേയം പാസാക്കിയിരുന്നു വീട്ടിൽ. അങ്ങനെ സിനിമ കാണാൻ കൊടുത്തിരുന്ന സമയത്ത് തന്നെ സ്‌കൂൾ തുറന്നാൽ സ്‌കൂളുള്ള ദിവസങ്ങളിൽ ടീവി  കാഴ്ചകൾ ഉണ്ടാകില്ല ചോദിക്കണ്ട എന്നൊരു നിബന്ധനയും വെച്ചിരുന്നു.  ഇപ്പോൾ സ്‌കൂൾ തുറന്നു രണ്ടാഴ്‌ച കഴിയുന്ന സമയത്ത് വീണ്ടും ഞങ്ങൾ വെള്ളിയാഴ്ച രാത്രി ശനിയാഴ്ച രാത്രികളിലെ സിനിമാക്കാഴ്ചകളിലേക്ക് തിരികെ പോന്നിരിക്കുന്നു. 

വീട്ടിലെ പണിഷ്മെന്റുകളിൽ വളരെ ശക്തമായ സ്വാധീനം ചെലുത്തുന്ന ഒന്നാണ് "സ്ക്രീൻടൈം ഓഫ് "  എന്നത്. ടീവി  ഒരു പ്രലോഭനവും പാഷനുമായ മൂത്തയാൾക്കും, മൂത്തയാൾ ചെയ്യുന്നതെല്ലാം അനുകരിക്കുന്ന രണ്ടാമത്തവനും ടീവി വീക്കെൻഡ് കിട്ടാതെ ഇരിക്കുക എന്നത് അതിഭീകരമായ ശിക്ഷയാണ്. അതുകൊണ്ടുതന്നെ അതിൽ നിന്നും രക്ഷപെടാൻ വേണ്ടി പരിഹാരക്രിയകളും, നല്ല കുട്ടി സ്വഭാവം കടം മേടിക്കലുമൊക്കെ ഇവിടെ സ്ഥിരം നടക്കുന്ന സംഭവങ്ങൾ ആണ്. സ്‌കൂൾ പ്രവർത്തി ദിനങ്ങളിൽ സ്‌ക്രീൻ ടൈം ഇല്ലായെന്ന് അറിയാമെങ്കിലും ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മൂത്തയാൾ രണ്ടാൾക്കുംവേണ്ടി ചെറുതായി ഒന്ന് സൂചിപ്പിച്ചുനോക്കും.  നടക്കുന്നില്ലഎന്ന്  കാണുമ്പോൾ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയും ചെയ്യും. രണ്ടുപേരുടെയും സ്വഭാവത്തിൽ നിന്നും തോന്നിയിട്ടുള്ള കാര്യം - ശീലങ്ങളാണ് എല്ലാം എന്നാണ്! 


1 ) ശീലം 

മൊബൈൽ എടുക്കാൻ പാടില്ല എന്നത് , ലാപ്ടോപ്പ് ഓണാക്കി കാർട്ടൂൺ കാണാൻ പാടില്ല എന്നത്,  അച്ഛനോ അമ്മയോ സമ്മതിക്കാതെ ടീവിപ്പരിപാടി കാണാൻ ശ്രമിക്കാതെ ഇരിക്കുക എന്നത് ഒക്കെ രണ്ടാൾക്കും ഉണ്ടാക്കിയ ഒരു ശീലമാണ്. കുഞ്ഞിലേ മൂത്തയാൾ കരയുമ്പോൾ ഒരിക്കലും മൊബൈൽ കൊടുത്തിരുത്തിരുന്നില്ല. സ്വാഭാവികമായും രണ്ടാളും ബിസി ആകുന്ന ദിവസങ്ങളിൽ ഇടയ്ക്കൊരു കാർട്ടൂൺ ഇട്ട് ഇരുത്തിയാൽ കൂടിയിരിക്കുന്ന ആൾക്കാർക്ക്  അവരുടെ പണി കുറഞ്ഞുകിട്ടും. പക്ഷേ അപ്പോഴും ടീവി ഓണാക്കി ഇഷ്ടമുള്ള കാർട്ടൂൺ മൊബൈലിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ ടീവിയിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കരുത് എന്നത് കുഞ്ഞിലേ ശീലിപ്പിച്ച കാര്യമാണ്.  ടീവി/ യുട്യൂബ് / ഗൂഗിൾ എന്ത് ആവശ്യം ഉണ്ടെങ്കിലും അച്ഛനോടോ അമ്മയോടോ പറയുക - കുറച്ചുനാളുകൾ കഴിയുമ്പോൾ ഈ സമവാക്യം മാറും എന്നറിയാം. എങ്കിലും പറഞ്ഞാൽ മനസിലാകുന്ന  കാലത്തോളം ഇങ്ങനെ പോകട്ടെ എന്നാണ്.  മൊബൈൽ & ലാപ്ടോപ്പ് അച്ഛന്റെയും അമ്മയുടെയും ആണ് എന്ന് കുഞ്ഞുങ്ങളോട് ഉറപ്പിച്ചു പറയുന്നത് ഗുണം ചെയ്യും എന്നാണ് അനുഭവം. 


2)  സ്ക്രീൻടൈം -  ടൈംഔട്ട് 

നേരത്തേ സൂചിപ്പിച്ചത് പോലെ പണിഷ്മെന്റിലെ ആദ്യ ഐറ്റം തന്നെ സ്‌ക്രീൻ ടൈം കുറയ്ക്കുന്നത് ആക്കുക. ദുശീലങ്ങൾ, ദുർവാശി മുതലായവ കുട്ടികൾ കാണിക്കുമ്പോൾ  അടിക്കുന്നതിന്  പകരം അവർക്ക് വിഷമവും എന്നാൽ അവരിൽ ഇമ്പാക്ട് (മാറ്റം)  ഉണ്ടാകുന്ന തരത്തിലുളളത് ആക്കുന്നത് കുട്ടികളെ പോസിറ്റീവ് ആയി ചിന്തിക്കാൻ പ്രേരിപ്പിക്കും.  ഒരാഴ്ചത്തേക്ക് സ്ക്രീൻ ടൈം ഇല്ല എന്ന് പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുകയും വേണം ! അല്ലെങ്കിൽ ചിലപ്പോൾ ഭാവിയിൽ വിപരീതഫലം ആകും ഉണ്ടാകുക. 

3)  ഒരേകാര്യം ആവർത്തിച്ച്  ആവശ്യപ്പെട്ടാൽ 


ഒരേ കാര്യം തന്നെ പത്തുവട്ടം ആവർത്തിച്ചാൽ പ്രതീക്ഷിക്കാത്ത പ്രത്യാഘാതം ആണ് അത് ഉണ്ടാക്കുക എന്ന് കുഞ്ഞുങ്ങളെ പറഞ്ഞു മനസിലാക്കിക്കുന്നത് നല്ലതാണ്.  ഉദാഹരണത്തിന് - കുട്ടിക്ക് ഇഷ്ടമുള്ള ഒരു വെബ് സീരിസ് കുറച്ചുസമയം കഴിഞ്ഞു കാണാൻ തീരുമാനിക്കുന്നു. പക്ഷേ,  ആ സമയം വരെ കാത്തുനിൽക്കാൻ ക്ഷമ ഇല്ലാതെ വീണ്ടും വീണ്ടും കുട്ടി അതിനു വേണ്ടി വാശി പിടിക്കുകയാണെങ്കിൽ  ടീവി ടൈം കൊടുക്കാതെ ഇരിക്കാം.  ഒന്നോരണ്ടോ വട്ടം ഇതേ ശൈലി  തുടരുമ്പോൾ കുട്ടികൾക്ക് കാര്യം മനസിലാകുകയും സ്‌ക്രീൻ ടൈമിന് വേണ്ടിയുള്ള  അനാവശ്യമായ വാശി ഇല്ലാതെയാകുകയും ചെയ്യുന്നതായാണ് അനുഭവം! 



4)  തീരെച്ചെറിയ കുഞ്ഞുങ്ങൾ 


തീരെച്ചെറിയ കുഞ്ഞുങ്ങളെ കഴിവതും സ്ക്രീൻ കാണിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ചോറ് കൊടുക്കുമ്പോൾ,  കിടന്നുള്ള കളികളിൽ ഒക്കെ ഇപ്പോ മിക്ക വീടുകളിലും ടീവി ഓൺ ചെയ്ത് കൊടുക്കുന്നതാണ്  പതിവ്. ഇത്തരം സന്ദർഭങ്ങളിൽ വീഡിയോ ഇല്ലാതെ പാട്ടുകൾ മാത്രം കേൾപ്പിക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ കാഴ്ചയ്ക്ക് ഒരു പരിധി വരെ സംരക്ഷണം നൽകാം.  

5)  കംപ്യുട്ടർ/ മൊബൈൽ ഗെയിമുകൾ 


അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു പ്രായത്തിനു അനുസരിച്ചു പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും ഏത് ഗെയിമും രക്ഷിതാക്കളുടെ അനുവാദത്തോടെയോ , സാന്നിധ്യത്തിലോ മാത്രം ആദ്യം കളിയ്ക്കാൻ  സമ്മതിക്കുകയും ചെയ്യുക. 


6)  ഇന്റർനെറ്റിന്റെ നല്ല  മുഖം


പരന്നുവിശാലമായി കിടക്കുന്ന ഈ ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചു കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പറഞ്ഞു മനസിലാക്കിക്കുക. അവർക്ക് ചെയ്യാൻ കഴിയുന്ന കണക്ക്, കോഡിങ്ങ് , സ്പെല്ലിങ് മുതലായവയുടെ നല്ലൊരു ശേഖരം തന്നെ ഗൂഗിളിന് നല്കാൻ കഴിയും.  ഏറ്റവും പ്രധാനമായി ഓർക്കേണ്ട കാര്യം - നല്ലതും ചീത്തയും എന്താണെന്ന് കുഞ്ഞിലേ മുതലേ പറഞ്ഞു മനസിലാക്കിക്കാൻ ശ്രമിക്കുകയും കൃത്യമായി അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യുക. ഓൺലൈൻ ആക്ടിവിറ്റീസ് രഹസ്യമായി പിന്തുടർന്ന് കണ്ടുപിടിക്കേണ്ട ആവശ്യമില്ല.  മക്കളോട് വിശ്വാസം ഇല്ലാത്തതു പോലെയുള്ള പെരുമാറ്റവും ദോഷകരം ആണ്. പകരം അച്ഛനും അമ്മയും ഇതൊക്കെ നോക്കുമെന്നും കുറച്ചുകൂടെ മുതിരും വരെ അത് ആവശ്യമാണ് എന്നും പറഞ്ഞു ബോധ്യപ്പെടുത്തുക. 


സ്‌ക്രീൻ ടൈം എങ്ങനെ കുറയ്ക്കാം എന്ന് ചിന്തിക്കുമ്പോൾ എനിക്ക് എപ്പോഴും തോന്നാറുള്ളത്  നമുക്ക് കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാതെ വരുമ്പോൾ ആണ് ഇത്തരം സഹായക മാദ്ധ്യമങ്ങൾ അത്യാവശ്യം ആയി വരുന്നത്. അതിനുപകരം ടീവി ടൈം എന്നത് ഒരു വിനോദോപാധി ആണെന്ന രീതിയിലേക്ക് മാറ്റിയാൽ കുട്ടികളുടെ അഡിക്ഷൻ ഒരു പരിധി വരെ കുറയ്ക്കാൻ സാധിച്ചേക്കും. 

(OurKids September 2019Edition)