Showing posts with label playground. Show all posts
Showing posts with label playground. Show all posts

Monday, January 1, 2018

'ഒരമ്മയും ഒരച്ഛനും പിന്നൊരു കൂട്ടം ആളോളും'

കഴിഞ്ഞ ലക്കത്തില്‍ പറഞ്ഞു നിര്‍ത്തിയതില്‍ നിന്ന് തുടങ്ങാമല്ലേ ഇപ്പ്രാവശ്യം? കുഞ്ഞുങ്ങളുടെ കണ്ണിലെ പൂത്തിരികള്‍ - അത് തെളിയിക്കാനും അണയ്ക്കാനും കഴിവുള്ള രണ്ടു വിഭാഗമാണ് രക്ഷിതാക്കളും അദ്ധ്യാപകരും. ഈ കുറിപ്പ് എഴുതുമ്പോള്‍ പോലും കൊല്ലത്തൊരു കുഞ്ഞിന്‍റെ കണ്ണിലെ പൂത്തിരി അണഞ്ഞ വിഷയം ഫേസ്ബുക്ക് സ്ക്രീനില്‍ സ്ക്രോള്‍ ചെയ്തു നീങ്ങുകയാണ്. ഒരുപാടു തവണ വായിച്ചും പറഞ്ഞും കടന്നുപോയ വിഷയം ആണെങ്കിലും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാകാനുള്ള ഏറ്റവും നല്ലയിടം വീടുകളാണ്, രണ്ടാമത് സ്കൂളുകളും. എന്തൊക്കെ തരത്തിലുള്ള പ്രകോപനങ്ങള്‍ ഉണ്ടായിരുന്നു എങ്കിലും ജീവനൊടുക്കാന്‍ പാടില്ലായിരുന്നു എന്ന തോന്നല്‍ ആ കുഞ്ഞിനു കൊടുക്കാന്‍ കഴിയാതിരുന്ന ഓരോരുത്തരും അതില്‍ പങ്കാളിയാണ്..സ്കൂളും, ബന്ധുക്കളും, സമൂഹവും ഒക്കെ. പക്ഷേ, ഓരോരുത്തരുടെയും പങ്കു വ്യത്യസ്തമാണുതാനും.

ആ ഒരു പോയിന്റില്‍ നിന്നാകട്ടെ നമ്മുടെ ഇന്നത്തെ വിഷയം. കഴിഞ്ഞ ലക്കത്തില്‍ ഞാന്‍ പറയാമെന്ന് ഏറ്റിരുന്ന രണ്ടാമത്തെ അമ്മയുടെ കഥ.
ഒന്നര രണ്ടു  വയസുള്ള ചെറിയ കുട്ടിയുടെ അമ്മയാണ് ഈ കഥ പറയുന്നത്. ജോലിസംബന്ധമായി ദൂരെയൊരു നഗരത്തിലെ ഫ്ലാറ്റില്‍ താമസിക്കുന്ന അച്ഛനും,അമ്മയും,ചെറിയ കുട്ടിയും അടങ്ങുന്ന അണുകുടുംബം. നേരെ എതിരെയുള്ള ഫ്ലാറ്റില്‍ താമസിക്കുന്നത് ജോലിക്ക് പോകാന്‍ തക്ക മുതിര്‍ന്ന മക്കളുള്ള ഒരു കുടുംബമാണ്. സ്വാഭാവികമായും പകല്‍സമയങ്ങളിലെ വിരസതയില്‍ ഈ രണ്ടു വയസുകാരി ഒരു  ആശ്വാസം ആണ് അപ്പുറത്തെ വീട്ടിലെ അമ്മൂമ്മക്ക്. ചെറിയ കുഞ്ഞിന്‍റെ ചെറുപ്പക്കാരിയായ അമ്മയ്ക്ക്  ആണെങ്കിലോ ഇങ്ങനെ വിശ്വസിക്കാവുന്ന തരത്തില്‍ ഒരു അയല്‍ക്കാരി അമ്മൂമ്മയെ കുഞ്ഞിനു കിട്ടിയതില്‍ വളരെ ആശ്വാസവും. പകലുകളില്‍ ഇടക്കൊക്കെ  ഒരോട്ടക്കുളി കുളിക്കാന്‍ സമയം കിട്ടാന്‍ അമ്മ കുഞ്ഞിനെ അങ്ങോട് കൊടുക്കുകയോ, വീട്ടുജോലി തീര്‍ന്നുള്ള ഇടവേളകളില്‍ അമ്മൂമ്മ കുഞ്ഞിനെ ഇങ്ങോട് വന്നു എടുക്കുകയോ ഒക്കെ ചെയ്യും. അമ്മൂമ്മക്ക് കുഞ്ഞിനോട് സ്വന്തം പേരക്കുട്ടിയോട്‌ എന്നപോലെ സ്നേഹവും ആണ്. ഇനിയാണ് ചെറുതെങ്കിലും അല്പം കാര്യത്തിലുള്ള പ്രശ്നം പൊങ്ങി വരുന്നത്.

സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന കുഞ്ഞിനെ കരയാതെ ഇരുത്താന്‍ അമ്മൂമ്മ ആദ്യം ചെയ്യുന്നത് ടെലിവിഷനില്‍ നഴ്സറിപ്പാട്ടുകള്‍ വെച്ചുകൊടുക്കലാണ്. കൂട്ടത്തില്‍ സ്നേഹം കാട്ടാന്‍ ചോക്ലേറ്റും കൊടുക്കും. അതുകൊണ്ടുതന്നെ കുഞ്ഞിനു അവിടേക്ക് പോകാന്‍ വളരെ ഇഷ്ടവുമാണ്. അമ്മയുടെ പ്രശ്നം കുഞ്ഞിനെ അധികം TV  കാണിക്കാനോ, ദിവസവും ചോക്ലേറ്റ് പോലുള്ള മധുരം കൊടുക്കണോ ഇഷ്ടമല്ല എന്നുള്ളതുമാണ്. കൈക്കുഞ്ഞിനേയും കൊണ്ട്അവിടേക്ക് മാറിവന്ന സമയങ്ങളില്‍ ഈ അമ്മൂമ്മ വളരെ വലിയൊരു ആശ്വാസം ആയിരുന്നതിനാല്‍ ആളിനെ വിഷമിപ്പിക്കുന്ന രീതിയില്‍ എന്തെങ്കിലും പറയാനോ, കുഞ്ഞിനെ അങ്ങോട്ടേക്ക് വിടണ്ട എന്ന് വെക്കാനോ കഴിയുന്നില്ല. ഒന്നുരണ്ടു പ്രാവശ്യം സൌമ്യമായി  മധുരം കൊടുക്കണ്ട എന്നും, TV അധികം കാട്ടണ്ട എന്നുമൊക്കെ പറഞ്ഞെങ്കിലും അതൊന്നും ഫലിക്കുന്നില്ല, കാണുമ്പോള്‍ ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നും, ചോദിക്കുമ്പോള്‍ കുഞ്ഞു കരഞ്ഞത് കൊണ്ടും ചോദിച്ചത് കൊണ്ടുമാണ് മധുരം കൊടുത്തത് എന്നുമാണ് അമ്മൂമ്മയുടെ മറുപടി. എങ്ങനെയാണു ഈ അവസ്ഥ കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ആ അമ്മയുടെ വിഷമാവസ്ഥയിലുള്ള പോസ്റ്റ്‌.  ഈ കുറിപ്പ് വായിക്കുന്ന എല്ലാവരുടെയും മുഖത്ത് പല രീതിയിലുള്ള ചെറുപുഞ്ചിരികള്‍ വിരിയുന്നത് എനിക്ക് കാണാം. കാര്യം വളരെ നിസാരം തന്നെയാണ്, പക്ഷേ, മുതിര്‍ന്ന ബന്ധുക്കളൊന്നും അടുത്തില്ലാത്ത അയല്‍പ്പക്കക്കാരില്‍ വളരെയധികം ആശ്രയിക്കുന്ന ചെറുപ്പക്കാരിയായ അമ്മയ്ക്ക് ഉറക്കം പോകാന്‍ ഇതൊക്കെ തന്നെ ധാരാളം അല്ലേ?

പല തരത്തിലുള്ള മറുപടികളില്‍ നിന്ന് ആ അമ്മ ഉചിതമായ ഒന്ന് തിരഞ്ഞെടുത്തു കാണുമെന്നു നിങ്ങളെപ്പോലെ തന്നെ ഞാനും പ്രതീക്ഷിക്കുന്നു. പക്ഷേ, ചോദ്യം ഇപ്പോള്‍ നിങ്ങളോടാണ്‌ - നിങ്ങളായിരുന്നു ആ അമ്മയുടെ സ്ഥാനത്ത് എങ്കില്‍ എന്തുചെയ്തേനെ? ഇവിടെയാണ് ഒരു കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ അച്ഛനുമമ്മയ്ക്കും ശേഷം ആര്‍ക്കൊക്കെ എത്രത്തോളം പങ്കുണ്ടെന്ന് ചിന്തിക്കേണ്ടി വരുന്നത്. പഴയൊരു ആഫ്രിക്കന്‍ പഴമൊഴി ഉണ്ട് "It Takes A Village To Raise A Child". എത്രമേല്‍ സത്യമായ, ശ്രദ്ധേയമായ കാര്യമാണത്  അല്ലേ?

ഒരു കുഞ്ഞിന്‍റെ ജനനം മുതല്‍ ആ കുട്ടി ഒരു ഉത്തരവാദിത്തമുള്ള മനുഷ്യനായിത്തീരും വരെ എത്രപേരുടെ സ്നേഹവും, അദ്ധ്വാനവും, ചിന്തയും കൂടിക്കുഴഞ്ഞുണ്ടാകുന്ന പാതയിലൂടെയാണ് ആ കുട്ടി നടന്നു പോകേണ്ടത്? കുഞ്ഞുങ്ങള്‍ എപ്പോഴുമൊരു സ്പോഞ്ച്/ ഒപ്പുകടലാസ്  പോലെയാണ് - വളരെപ്പെട്ടെന്നു അവര്‍ക്കുചുറ്റിലുമുള്ള എന്തിനേയും ഒപ്പിയെടുക്കും. ഉള്ളിലേക്ക് ഏറ്റുന്നവയില്‍ നല്ലതോ, ചീത്തയോ, കള്ളമോ  സത്യമോ എന്നൊന്നുമുള്ള വേര്‍തിരിവുകള്‍ അവര്‍ക്കില്ല. കാണുന്നത് -  കേള്‍ക്കുന്നത് അപ്പാടെ ഉള്ളിലേക്ക് എടുക്കുക എന്നതാണ് ഒരു പ്രായം വരെ കുട്ടികള്‍ എല്ലാവരും ചെയ്യുന്ന ഒരു കാര്യം. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ അച്ഛനുമമ്മയും കളിക്കുന്നതും, സ്കൂള്‍ കളിക്കുന്നതും ഒക്കെ. അവരുടെ ആദ്യ സാമ്രാജ്യങ്ങളാണ് ഈ രണ്ടിടവും.


രണ്ടാമതൊരു കുഞ്ഞുണ്ടായപ്പോള്‍, അതും മകനാണ് എന്നറിഞ്ഞപ്പോള്‍ പലരും പറഞ്ഞ ഒരു കാര്യം മൂത്തയാളുടെ സാധനങ്ങള്‍ ഒക്കെ ഇളയ ആള്‍ക്കുപയോഗിക്കാമല്ലോ എന്നായിരുന്നു. ഇപ്പോള്‍ കുഞ്ഞന്‍റെ പതിനെട്ടാം മാസത്തില്‍ രണ്ടാളെയും നോക്കുമ്പോള്‍ ഞങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം ജ്യേഷ്ഠന്‍റെ സാധനങ്ങള്‍ പങ്കുവെച്ചെടുക്കുന്നതിനെക്കാള്‍ കൂടുതല്‍ അനിയന്‍ സ്വന്തമാക്കിയത് മൂത്തയാളുടെ സ്വഭാവവും, പെരുമാറ്റ രീതികളുമാണ്. ചേട്ടനെപ്പോലെ സോഫയില്‍ വലിഞ്ഞുകയറി തല കീഴായി കിടക്കുക, സോക്ക്സ് എടുത്തു മുകളിലേക്ക് പൊക്കിയെറിയുക എന്തിനധികം - അവന്‍റെ 'അമ്മാ' എന്ന വിളിയുടെ ഈണം പോലും മൂത്തവന്‍റെ കോപ്പിയടിയാണ്. സ്വാഭാവികമായും മൂത്ത പുത്രന്‍, ആറരവയസുകാരന്‍ എന്തെങ്കിലും സാധനം കിട്ടാനോ സഹായത്തിനോ ഒക്കെയാണ് കൂടുതല്‍ സമയം എന്നെ "അമ്മാ" എന്ന് നീട്ടി വിളിക്കാറ്. അതുകൊണ്ട് കുഞ്ഞനും വിളി അങ്ങനെയാണ്, ഉച്ചത്തില്‍ നീട്ടി എന്തോ അത്യാവശ്യകാര്യം പറഞ്ഞു തീര്‍ക്കാനുള്ളപോലെ!  ഇതാരും പറഞ്ഞു പഠിപ്പിച്ചതല്ല, കുഞ്ഞു കണ്ട കാര്യത്തില്‍ നിന്നും, വളരുന്ന ചുറ്റുപാടില്‍ നിന്നും കുഞ്ഞു തന്നെ വികസിപ്പിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ ഒന്നര വയസുകാരനിലേക്ക് എന്തൊക്കെയാണ് കടന്നു ചെല്ലുന്നത് എന്ന് ഞങ്ങള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് - അത് എളുപ്പവുമാണ്. ഇതേ ശ്രദ്ധ ആറരവയസുകാരനും കൊടുക്കാറുണ്ട്. പക്ഷേ, ചില വാക്കുകള്‍ ചീത്ത വാക്കുകള്‍ ആണെന്ന്  പറഞ്ഞുകൊടുക്കേണ്ടി വരുന്നത്, അത്രമേല്‍ മനോഹരമായ പ്രയോഗമല്ല നമുക്കത് ഉപയോഗിക്കണ്ട എന്നു പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയത് അവന്‍റെ ലോകം വീട്ടില്‍ നിന്ന് സ്കൂളിലേക്ക് വളരാന്‍ തുടങ്ങിയപ്പോള്‍ ആണ്. അവന്‍റെ സ്വഭാവം രൂപപ്പെടുത്തുന്നതില്‍ അച്ഛനമ്മമാര്‍ മാത്രമല്ലാതെ അദ്ധ്യാപകരും, കൂട്ടുകാരും, ബസ് ഡ്രൈവറും ഒക്കെ ചേര്‍ന്ന ഒരു സമൂഹമാകാന്‍ തുടങ്ങിയതുമുതല്‍.

കൊല്ലത്ത് പത്താംക്ലാസ്സില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി അദ്ധ്യാപികയുടെ ശിക്ഷണനടപടികളില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു എന്ന് പത്രവാര്‍ത്ത - എന്തുകൊണ്ട്? എന്തുകൊണ്ട് ആ കുട്ടിക്ക് സ്കൂളില്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അതിലെ ശരിതെറ്റുകള്‍ കൂട്ടുകാരോടോ, കുടുംബത്തിനോടോ ചര്‍ച്ച ചെയ്താല്‍ തീരും എന്ന് തോന്നിയില്ല. എന്തുകൊണ്ട് അത്തരമൊരു മനസിലേക്ക് ആ കുട്ടിയെ വളര്‍ത്തിയെടുക്കാന്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്ന സമൂഹത്തിനോ ആ കുട്ടിയുടെ രക്ഷിതാക്കളും, അദ്ധ്യാപകരും, കൂട്ടുകാരും, ബന്ധുക്കളും  ചേര്‍ന്ന ഒരു ക്ലോസ് സര്‍ക്കിളിനോ കഴിഞ്ഞില്ള? ചോദ്യമാണ്....വളരെ വളരെ ആലോചിച്ചു മാത്രം ഉത്തരം പറയേണ്ട, പ്രതിവിധി കണ്ടെത്തേണ്ട ചോദ്യം.

ഇനിയാണ് നമ്മള്‍ നമ്മുടെ ആദ്യകഥയിലേക്ക് തിരികെപ്പോകേണ്ടത്. രണ്ടു വയസുകാരിയുടെ ലോകം അച്ഛനില്‍ നിന്നും അമ്മയില്‍ നിന്നും വളര്‍ന്നു അടുത്ത വീട്ടിലെ അമ്മൂമ്മയിലേക്ക് എത്തിനില്‍ക്കുമ്പോള്‍ ആ കുഞ്ഞിന്‍റെ സ്വഭാവ രൂപീകരണത്തില്‍, ജീവിതചര്യകളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ തക്കരീതിയില്‍ മറ്റൊരാളുടെ സാമീപ്യം ഉണ്ടാകുമ്പോള്‍ രക്ഷിതാക്കള്‍ തന്നെയാണ് തീരുമാനിക്കേണ്ടത് - എത്രത്തോളം പ്രാധാന്യം ആ അയല്ക്കാരി അമ്മൂമ്മക്ക് കുഞ്ഞിനെ രൂപപ്പെടുത്തുന്നതില്‍ ഉണ്ട് എന്നുള്ളത്. ഓരോ കുടുംബവും അവരവര്‍ക്ക് യോജിച്ച രീതിയില്‍, സൌകര്യപ്രദമായ രീതിയില്‍ ആണ് കുഞ്ഞുങ്ങളെ വളര്‍ത്തുക. ചില രക്ഷിതാക്കള്‍ അവര്‍ക്ക്   അവരുടേതായ സമയം ലഭിക്കാന്‍ കുഞ്ഞിനു സ്ക്രീന്‍ ടൈം കൊടുക്കുന്നുണ്ടാകാം, ജോലിയുടേയും ജീവിതത്തിന്റേയും താളത്തില്‍ പലപ്പോഴും ടിന്‍-ഫുഡ്‌ ആശ്രയിക്കേണ്ടി വരുന്നുണ്ടാകാം, സമ്മാനങ്ങള്‍ കൊടുത്തു മാത്രം കുഞ്ഞിനെ അനുനയിപ്പിക്കേണ്ട അവസ്ഥകള്‍ ഉണ്ടാകാം.  ഇനി എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ എന്‍റെ കുഞ്ഞായിരുന്നു എങ്കില്‍ രണ്ടുവയസുകാരി ദിവസവും ചോക്ലേറ്റ് കഴിക്കുന്നതിനും, അല്‍പസമയത്തേക്ക് ആണെങ്കില്‍ കൂടി ടെലിവിഷന്‍ കാണുന്നതിനും എനിക്ക് വ്യക്തമായ അഭിപ്രായം ഉണ്ട്. ഞങ്ങള്‍ വീട്ടില്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്ന രണ്ടുകാര്യങ്ങള്‍ ദിനവുമെന്ന കണക്കില്‍ അടുത്ത വീട്ടില്‍ നിന്ന് കുഞ്ഞിനു കിട്ടുകയാണെങ്കില്‍ അതിനെക്കുറിച്ച് നല്ല രീതിയില്‍ അയല്‍ക്കാരിയെ പറഞ്ഞു മനസിലാക്കിക്കാന്‍ ശ്രമിക്കും. അത് ഫലിച്ചില്ല എങ്കില്‍ കുഞ്ഞ് ഒറ്റയ്ക്ക് ആ വീട്ടിലേക്ക് പോകുന്ന സാഹചര്യം കുറയ്ക്കും. ശക്തമായ ഭാഷയില്‍ വിയോജിപ്പ്‌ പറയേണ്ടി വന്നാല്‍ പറയുകയും ചെയ്യും, കാരണം ഒരുപക്ഷേ ഈക്കാര്യത്തില്‍ അയല്‍ക്കാരുടെ പ്രീതി ഓര്‍ത്ത് ഞാന്‍ പറയാതെ പോകുന്ന ഒരു "NO" എന്നെ പില്‍ക്കാലത്ത് വല്ലാതെ വിഷമിപ്പിച്ചേക്കാം.

ഇത് ആകണമെന്നില്ല എല്ലാവരുടേയും അഭിപ്രായം, രീതി. പക്ഷേ, എന്‍റെ കുഞ്ഞിനു മേല്‍ സമൂഹത്തിന്‍റെ പങ്ക് എത്തരത്തില്‍ ആകണമെന്ന്, സമൂഹത്തിന്‍റെ ഓരോ പ്രവര്‍ത്തിയുടേയും പരിണിതഫലം കുഞ്ഞിനെ എത്തരത്തില്‍ ബാധിക്കണമെന്നുള്ളതില്‍, ഇപ്പോഴത്തെ ചിന്ത ഇങ്ങനെയാണ്.  കൊല്ലത്തെ പെണ്കുഞ്ഞൊരു വേദനയാണ്...ആ വേദന നമ്മളെക്കൊണ്ട് ചിന്തിപ്പിക്കുമെങ്കില്‍ കുഞ്ഞുങ്ങളെ വളര്‍ത്താന്‍ നമ്മളോടൊപ്പം നില്‍ക്കേണ്ട ആ വില്ലേജിനെക്കുറിച്ച്, സമൂഹത്തിനെക്കുറിച്ച്, സമൂഹത്തിന്‍റെ പങ്കില്‍  എന്തൊക്കെക്കൊള്ളണം എന്തൊക്കെ തള്ളണം എന്നതിനെക്കുറിച്ച് നമുക്ക് മക്കളോടൊപ്പം ഇരുന്നു ചിന്തിക്കാം!







(2017 - നവംബര്‍ ലക്കം OurKids Magazine)

Tuesday, November 14, 2017

ഉസ്കൂളിലെ കുട്ടി!

ഒന്നിനുമൊന്നിനും സമയമില്ലാതെ ഓടുന്നതിനിടയിലും ഫേസ്ബൂക്കിലും വാട്ട്സാപ്പിലുമുള്ള ഒരു വിധം ഗ്രൂപ്പുകളിലൊക്കെ കൊണ്ട് തല വെച്ചുകൊടുക്കുന്ന ഒരാളാണ് ഞാന്‍, പ്രത്യേകിച്ചും കുട്ട്യോളെ വളര്‍ത്തലും മര്യാദ പഠിപ്പിക്കലുമൊക്കെ  മുഖമുദ്രയാക്കിയ ഗ്രൂപ്പുകളില്‍. അതിലോരോരോ അമ്മമാരുടെ വിഷമങ്ങളും വേവലാതികളും കാണുമ്പോള്‍ 'അപ്പുറത്തെ വീട്ടിലും കറന്റില്ല' എന്ന പോലൊരു മലയാളി ആശ്വാസം എനിക്കും തോന്നാറുണ്ട് എന്നുള്ളത് മാത്രമല്ല കേട്ടോ ഞാനീ ഗ്രൂപ്പുകളിലൊക്കെ കേറിയിറങ്ങുന്നതിന്‍റെ ഉദ്ദേശം. ചിലപ്പോഴെങ്കിലുമൊക്കെ 'നാമൊന്ന് നമുക്കൊന്ന്' ലെവലില്‍ ഒറ്റക്കുഞ്ഞും അമ്മയും അച്ഛനും മാത്രമുള്ള കുടുംബങ്ങളുമായി കഴിയുന്ന പലര്‍ക്കും ചെറിയ ചെറിയ കാര്യങ്ങള്‍ പോലും വലിയ വലിയ പ്രശ്നങ്ങളായി തോന്നുകയും അണുകുടുംബത്തിലെ വിഷമങ്ങള്‍ എവിടെക്കൊണ്ട് പങ്കുവയ്ക്കുമെന്നു അറിയാതെ കുഴങ്ങുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ "അതൊക്കെ ശരിയാകും" എന്നോ "ഇതൊക്കെ എല്ലാ കുട്ടികളും അങ്ങനെ തന്നെയാണ്" എന്നോ ഒരു വാചകം പറയുന്നതിലൂടെ മഞ്ഞുരുകിപ്പോകുന്നതുപോലെ അമ്മമാരുടെ സങ്കടം അലിഞ്ഞുപോകുന്ന അത്ഭുതം കാണാനും കൂടിവേണ്ടിയാണ് ഈ  ഗ്രൂപ്പുകള്‍. അറിഞ്ഞോ അറിയാതെയോ പലപ്പോഴും പഴയ കൂട്ടുകുടുംബത്തിലെ അമ്മായിമാരോ , ഇളയമ്മമാരോ, അമ്മമ്മമാരോ ഒക്കെയാകാറുണ്ട് പലരും.  സ്ത്രീകള്‍ക്ക് മാത്രമായുള്ള ഒരു ഗ്രൂപ്പില്‍ രണ്ടമ്മമാര്‍ പങ്കു വെച്ച അനുഭവങ്ങളാണ്‌  ഇത്തവണത്തെ നമ്മുടെ വിഷയം. 

ആദ്യത്തെ അമ്മയുടെ കഥയില്‍, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകനെക്കുറിച്ചു അദ്ധ്യാപികയ്ക്ക് എപ്പോഴും പരാതിയാണെന്ന് വളരെ വിഷമത്തോടെയാണ് അവര്‍ പറഞ്ഞത്. ക്ലാസ്സില്‍ ഇരുന്നു സംസാരിക്കുന്നു, കൂട്ടുകാരോടൊപ്പം പഠനസമയത്ത് കളിക്കുന്നു അങ്ങനെ വലിയൊരു നിര കുറ്റം കഴിഞ്ഞ പ്രാവശ്യം ടീച്ചറിനെ കണ്ടപ്പോള്‍ മകനെക്കുറിച്ചു കേട്ട  അമ്മ വീട്ടിലെത്തിയപ്പോള്‍ സ്വാഭാവികമായും മോനെ വഴക്ക് പറയാനാണ് സാധ്യത. പക്ഷേ, ഈ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. ടീച്ചറിനെ കണ്ടിട്ട് വീട്ടില്‍ എത്തിയ മകനോട് ആ ടീച്ചര്‍ക്ക് മോന്‍ പറഞ്ഞാല്‍ അനുസരിക്കാത്തതില്‍ നല്ല വിഷമം ഉണ്ടെന്നു അമ്മ പറഞ്ഞപ്പോള്‍ ആകെ വിഷമം തോന്നിയ മകന്‍ അമ്മയോട് ടീച്ചര്‍ക്ക് കൊടുക്കാന്‍ ഒരു ചിത്രം വരയ്ക്കാന്‍ സഹായം ആവശ്യപ്പെടുകയും മനോഹരമായ ഒരു തത്തയെ വരക്കുകയും ചെയ്തു, 'to ..... teacher' എന്ന കുഞ്ഞിക്കയ്യാല്‍ എഴുതിയ പടം ചേര്‍ത്താണ് ആ അമ്മ ഈ വിഷയം ഗ്രൂപ്പില്‍ പോസ്ടിയിരുന്നത്. ടീച്ചറിന് വിഷമം ആയത് മാറാന്‍  വേണ്ടി , ഒരു ക്ഷമാപണം പോലെ വരച്ച ചിത്രം  - ഒരു ഒന്നാം ക്ലാസ്സുകാരന്‍റെ നിഷ്കളങ്ക മനസിന്‍റെ  ഈ ശ്രമത്തിനെ പിറ്റേ ദിവസം ആ അദ്ധ്യാപിക സ്വീകരിച്ചത് ചിത്രം തുറന്നു പോലും നോക്കാതെയാണ്. അമ്മയുടെ മുന്‍പില്‍ വെച്ച് ടീച്ചറിന് ചിത്രം കൊടുത്ത് അഭിനന്ദനം പ്രതീക്ഷിച്ചുനിന്ന കുഞ്ഞിന്‍റെ മനസാകെ വാടിപ്പോയത് ആ പേപ്പര്‍ തുറന്നുപോലും നോക്കാതെ അമ്മയോട് വീണ്ടും വീണ്ടും കുഞ്ഞിന്‍റെ കുറ്റം പറയുന്നത് കേട്ടപ്പോളാണ്. ഇനിയൊരിക്കല്‍ക്കൂടി ആയാല്‍ ഹെഡ്മാസ്ടറുടെ അടുത്ത് കൊണ്ടുപോകും എന്ന ഭീഷണിയില്‍ അവസാനിപ്പിച്ച ആ കൂടിക്കാഴ്ചയില്‍ മനസുലഞ്ഞ അമ്മയാണ് മറ്റുള്ള അമ്മമാര്‍ക്ക് മുന്‍പില്‍ മകന്‍ വരച്ച ചിത്രവും, ഈ പ്രശ്നവും ഒരു പോസ്ടാക്കി ഇട്ടത്.  

                       പലരും കുഞ്ഞിനെ സപ്പോര്‍ട്ട് ചെയ്തും, അമ്മയെ ആശ്വസിപ്പിച്ചും, സ്കൂളില്‍ പോയി ടീച്ചറിനെ ഇനിയും കാണണം എന്നുമൊക്കെ പലവിധത്തില്‍ പ്രതിവിധികള്‍ പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ ഞാന്‍ ആലോചിച്ചത്, ആ കുഞ്ഞിന്‍റെ കുഞ്ഞുബുദ്ധിയില്‍ തോന്നിയ എത്ര മനോഹരമായ കാര്യമായിരുന്നു ആ ചിത്രം - പഠിപ്പിക്കുന്ന ടീച്ചറിന് വിഷമം ആയിയെന്നു തോന്നിയപ്പോള്‍ ക്ഷമ ചോദിക്കണം എന്നറിയാനും മാത്രം ആ ആറര വയസുകാരന്‍ ആയിട്ടില്ല, എന്നാലോ ഒരു ചിത്രം വരച്ച് കൊടുത്താല്‍ ടീച്ചര്‍ സന്തോഷിച്ചേക്കും എന്ന് ആ ബാല്യത്തിനു തോന്നുകയും ചെയ്തു! ഇനിയെത്രകാര്യങ്ങള്‍ക്ക് അവനങ്ങനെ തോന്നും - ഇനിയെങ്ങനെയാണ് അവന് ഇത്ര  മനോഹരമായി ക്ഷമ ചോദിയ്ക്കാന്‍ തോന്നുക എന്നായിരുന്നു എന്‍റെ ചിന്ത മുഴുവന്‍!  ലോകത്തിന്‍റെ കള്ളത്തരത്തിലേക്ക് ഇറങ്ങും മുന്‍പ്, അവന്‍റെ ലോകത്തിലെ ഏറ്റവും ഭംഗിയുള്ള "SORRY" ആയിരുന്നു ആ പച്ചത്തത്ത. 

               ആ കുഞ്ഞു മനസിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഞാനെന്‍റെ ഒന്നാം ക്ലാസ്സുകാരനെ ഓര്‍ത്തു! അനുസരണക്കേട്‌ കാട്ടിയതിന് വഴക്ക് കിട്ടിയാല്‍, 'അമ്മയ്ക്ക് കുഞ്ഞന്‍ അങ്ങനെ ചെയ്യാഞ്ഞത് നല്ല സങ്കടമായി കേട്ടോ' എന്ന് പരാതിപ്പെട്ടി ആകുമ്പോള്‍ ഒക്കെ പിന്നെയുള്ള ഒന്നുരണ്ടു മണിക്കൂറുകള്‍ എക്സ്ട്രാ -ഡീസന്റ് കുഞ്ഞപ്പന്‍ ആകുന്ന എന്‍റെ മകന്‍. ഇത്രയും നല്ലൊരു  കുട്ടി വേറെ ഈ  ലോകത്തിലുണ്ടോ എന്നുപോലും തോന്നിപ്പോകും, "സോപ്പന്‍ ചെക്കാ" എന്ന് ഞങ്ങള്‍ കളിയാക്കും. പക്ഷേ, മനസ്സില്‍ നല്ല സന്തോഷം തോന്നും - അവനറിയാമല്ലോ സങ്കടം മാറ്റാന്‍ ഇങ്ങനെയൊക്കെ ചെയ്താല്‍ മതി എന്ന്, അല്ലെങ്കില്‍ അവന്‍റെ രീതിയിലുള്ള ഒരു ക്ഷമാപണം ചെയ്യാന്‍ അവന് അറിയുന്നുണ്ടല്ലോ എന്ന്. ഇതിങ്ങനെയൊക്കെ തന്നെയാണ് സ്കൂളിലും എന്ന് ടീച്ചറിനെ കാണാന്‍ പോകുമ്പോള്‍ അറിയാറുണ്ട് - സാമാന്യം നന്നായിത്തന്നെ കിലുക്കാംപെട്ടി ആയ ആശാന്‍ ഉച്ചക്കുള്ള ഭക്ഷണമൊക്കെ അടുത്ത് ഇരിക്കുന്ന ആളിനനുസരിച്ചാണ് തിരികെ വീട്ടില്‍ കൊണ്ടുവരിക. നന്നായി സംസാരിക്കുന്ന ഒരാളാണ് അടുത്തെങ്കില്‍ അന്നത്തെ ഭക്ഷണം അതുപോലെ വൈകുന്നേരം വീട്ടില്‍ എത്തും. ടീച്ചറുടെ വക ചിലപ്പോള്‍ കുറിപ്പും കാണും - സംസാരം കൂടിയത് കൊണ്ട് വേറെ സീറ്റില്‍ ഇരുത്തി എന്ന്. പക്ഷേ, ഇന്നുവരെ സ്കൂളില്‍ ചെല്ലുമ്പോള്‍ അദ്ധ്യാപകര്‍ കുഞ്ഞുങ്ങളെക്കുറിച്ച് മോശം പറയാറില്ല എന്നത് ഇവിടെ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ്. പ്രത്യേകിച്ചും എലെമെന്ററി ക്ലാസ്സുകളില്‍ ഉള്ള കുട്ടികളെ വളരെ നല്ല രീതിയിലെ രക്ഷിതാക്കളുടെ മുന്‍പില്‍ അവതരിപ്പിക്കാറുള്ളൂ. പ്രൈമറി തലങ്ങളില്‍ ഉള്ള അദ്ധ്യാപകര്‍ മിക്കവരും ചൈല്‍ഡ് സൈക്കോളജി, സ്പെഷ്യല്‍ ചൈല്‍ഡ് ബിഹേവിയര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിശീലനം നേടിയവര്‍ ആണെന്നത് സ്കൂളുകളെ സ്നേഹിക്കാന്‍ കുഞ്ഞുങ്ങളെ സഹായിക്കുന്നു. 

കുഞ്ഞുങ്ങളെ മനസിലാക്കാന്‍ കുഞ്ഞുങ്ങളുടെ തലത്തിലേക്ക് ഇറങ്ങിനോക്കണം എന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അദ്ധ്യാപിക എന്ന നിലയില്‍ ആ ടീച്ചര്‍ ഒരു നല്ല ഉദാഹരണം അല്ല എന്ന് പറയുമ്പോഴും ഇന്ത്യയില്‍/കേരളത്തില്‍ എത്ര സ്കൂളുകളില്‍ കുഞ്ഞുങ്ങളെ അവരുടെ എല്ലാ കുരുത്തക്കേടോടും കൂടി ഇഷ്ടപ്പെടുന്ന അദ്ധ്യാപകരുണ്ടെന്നത് ചിന്തിക്കേണ്ട വിഷയം ആണ്. ഇവിടെ ഒരു രക്ഷകര്‍ത്താവ് എന്ന നിലയില്‍ ആദ്യം ചെയ്യേണ്ടത് കുഞ്ഞിന്‍റെ മനസ്സില്‍ അവന്‍ ചെയ്ത നല്ല കാര്യത്തിനെ പ്രശംസിച്ച് വീണ്ടും അത് ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് അവനെ എത്തിക്കുക എന്നതാണ്. വരച്ച ചിത്രത്തിനെ പുകഴ്ത്തുന്നതും, മറ്റുള്ള മുതിര്‍ന്നവര്‍ക്ക് കുഞ്ഞിന്‍റെ ചിത്രം കാട്ടിക്കൊടുക്കുന്നതും അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കും. എന്നാല്‍ അതോടൊപ്പം തന്നെ ക്ലാസ്സില്‍ ടീച്ചര്‍ സംസാരിക്കുമ്പോള്‍ മറ്റു കളികളില്‍ ഏര്‍പ്പെടരുത് എന്നും, ടീച്ചര്‍ വായിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുമ്പോള്‍ അടുത്തിരിക്കുന്നവരോട് സംസാരിക്കരുത് എന്നും കുഞ്ഞിനെ പറഞ്ഞു മനസിലാക്കിക്കേണ്ടതും അത്യാവശ്യം ആണ്. ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം പറഞ്ഞതുകൊണ്ട് ഒന്നാംക്ലാസ്സുകാരന്‍ പിറ്റേ ദിവസം മുതല്‍ ഒരക്ഷരം മിണ്ടാതെ ക്ലാസ്സില്‍ ശ്രദ്ധിക്കും എന്ന് കരുതുകയും ചെയ്യരുത്. കുട്ടികള്‍, പൊതുവേ എലെമെന്ററി പ്രായത്തിലുള്ള കുട്ടികള്‍ സംസരപ്രിയര്‍ ആയിരിക്കും. അതില്‍ ആണ്‍-പെണ് വ്യത്യാസങ്ങളില്ല തന്നെ! 5-8 വയസു വരെയുള്ള കുട്ടികളുടെ ശ്രദ്ധയുടെ ദൈര്‍ഘ്യം എന്നതും 15 - 20  മിനിറ്റില്‍ കൂടുതല്‍ ഉണ്ടാകില്ല. കുഞ്ഞുങ്ങളെ വഴക്ക് പറയും മുന്‍പ് ഇത്തരം കാര്യങ്ങള്‍ കൂടി നമ്മുടെ മനസില്‍ ഉണ്ടാകണം. 

രണ്ടാമതായി, ആ ടീച്ചറിനോട് ഒരിക്കല്‍ക്കൂടി കുഞ്ഞിന്‍റെ സാന്നിദ്ധ്യത്തില്‍ അല്ലാതെ സംസാരിക്കണം. മകന്‍ വീട്ടില്‍ ടീച്ചര്‍ വഴക്ക് പറഞ്ഞതിനെ ഒളിച്ചുവെക്കാതെ അമ്മയോട് പറഞ്ഞതും, അദ്ധ്യാപികയ്ക്ക് അത് വിഷമം ഉണ്ടാക്കിക്കാണുമെന്നു മനസിലാക്കി ടീച്ചറിനെ സന്തോഷിപ്പിക്കാന്‍ അവന്‍ ചെയ്ത പരിശ്രമത്തിനെക്കുറിച്ച് പറയുകയും വേണം. ടീച്ചറിനോട് വഴക്കുണ്ടാക്കുന്നത് കൊണ്ടോ , കുറ്റപ്പെടുത്തുന്നത് കൊണ്ടോ ഈ സാഹചര്യത്തില്‍ നല്ലതൊന്നും സംഭവിക്കാന്‍ സാദ്ധ്യത ഇല്ല, എന്നാല്‍ കുഞ്ഞിന്‍റെ സ്നേഹം ടീച്ചറിനെ മനസിലാക്കിക്കാന്‍ ശ്രമിച്ചാല്‍ വളരെ വലിയ മാറ്റങ്ങള്‍ രണ്ടാള്‍ക്കും ഉണ്ടായെന്നും വരാം. എന്‍റെ മകനുള്‍പ്പെടെയുള്ള ഒന്നാം ക്ലാസ്സുകാരെ കണ്ടിട്ടുള്ളതില്‍ നിന്നും ക്ലാസ്സില്‍ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും മറിഞ്ഞും ഇരിക്കുന്ന കാക്കക്കൂട്ടങ്ങള്‍ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ഇവിടെ സ്കൂളുകളില്‍ ഇടക്കൊക്കെ ടീച്ചര്‍ക്കൊരു കൈ സഹായം എന്ന രീതിയില്‍ കുട്ടികളുടെ ക്ലാസ്സില്‍ പോയിനില്‍ക്കാനുള്ള സാഹചര്യം കിട്ടാറുണ്ട്, അത് പലപ്പോഴും ഒരു പ്രായത്തിലുള്ള കുട്ടികള്‍ എങ്ങനെയാണു പെരുമാറുക എന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിച്ചിട്ടുമുണ്ട്. 

എത്ര  തിരക്കുള്ള രക്ഷിതാവാണ്‌ നിങ്ങള്‍ എങ്കിലും കുട്ടികള്‍ പഠിക്കുന്ന സ്കൂളില്‍ ഇടക്ക് പോകണം, അദ്ധ്യാപകരോടും   സ്കൂളില്‍ കുട്ടി ഇടപഴകുന്ന മറ്റുള്ള ആളുകളോടും സംസാരിക്കുന്നത് കുഞ്ഞിനെ കൂടുതലായി അറിയാന്‍ നിങ്ങളെ സഹായിക്കും. നാട്ടിലെ സ്കൂളുകളില്‍ രക്ഷിതാക്കള്‍ക്ക് ക്ലാസ്സില്‍ സഹായിക്കാന്‍ പോകാന്‍ പറ്റുന്ന സാഹചര്യം ഉണ്ടോയെന്നറിയില്ല, ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഇടക്കൊരു ദിവസം അങ്ങനെയൊരു സര്‍പ്രൈസ് സന്ദര്‍ശനം കൊടുത്തുനോക്കൂ, കുഞ്ഞുങ്ങളുടെ കണ്ണില്‍ നക്ഷത്രം വിരിയുന്നത് കാണാം. സ്കൂള്‍ ലോകം വേറെ വീട്ടിലെ ലോകം വേറെ എന്ന ചിന്തയും കുട്ടികളില്‍ നിന്ന്ഒരു പരിധി വരെ മാറ്റാന്‍ കഴിഞ്ഞേക്കും.  അപ്പോള്‍ ഈ മാസം മുതല്‍ മനസ്സില്‍ കരുതുക - അര ദിവസം ജോലിയില്‍ നിന്നും അവധിയെടുത്തിട്ടാണെങ്കിലും ശരി കുഞ്ഞുങ്ങളുടെ ഏറ്റവുമടുത്ത ആള്‍ക്കാര്‍ക്കൊപ്പം, അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ആളുകള്‍ക്കൊപ്പം  ഒരല്പനേരം ചിലവഴിക്കും എന്ന്‍.   എഴുതിയെഴുതി കാടുകയറിയതിനാല്‍ രണ്ടാമത്തെ അമ്മയനുഭവം അടുത്ത ലക്കത്തിലേക്ക് നീക്കിവെക്കുന്നു.  അതിലുമൊരു മഹാഭാരതവുമായി കാണും വരെ, കുഞ്ഞുങ്ങള്‍ക്ക് സ്നേഹത്തിന്‍റെ  പൂത്തിരികള്‍ കൊടുക്കാം നമുക്ക്.

(OurKid Magazine - October 2017)

Thursday, August 31, 2017

കളിയ്ക്കാന്‍ പഠിക്കാം

ജൂണ്‍ മാസം തിരക്കുകളുടെ മാസമാണ്  നാട്ടില്‍ - മഴയും പുത്തനുടുപ്പും പുത്തന്‍ ബാഗും പുസ്തകോം  സ്കൂള്‍ തുറക്കലും ഒക്കെയായി ഒരു മേളം. എന്നാല്‍ ഇവിടെ  അമേരിക്കയില്‍  സ്കൂളുകള്‍ ഒക്കെ പൂട്ടാനായി - സമ്മര്‍ വെക്കേഷനാണ് തുടങ്ങുന്നത് , ജൂണ്‍ മുതല്‍ ആഗസ്റ്റ്‌ അവസാനം വരെ നീളുന്ന മൂന്നു മാസ അവധിക്കാലപ്പൂരം. സ്കൂള്‍ അടക്കാന്‍ കാത്തിരിക്കുന്ന കുട്ടികളേക്കാള്‍ വേനല്‍ക്കാലയാത്രകള്‍ക്ക് കാത്തിരിക്കുന്ന രക്ഷിതാക്കളാണ് ചുറ്റും. ഇവിടെയിനി സ്കൂള്‍ തുറക്കാന്‍ സെപ്റ്റംബര്‍ ആകണം.ഇവിടെ വേനലവധി പലപ്പോഴും  സമ്മര്‍ ക്യാമ്പുകളും യാത്രകളുമായിട്ടാണ് തീര്‍ക്കുക. എന്തായാലും അവിടെ വേനലവധി കഴിഞ്ഞ സ്ഥിതിക്ക്  നമുക്ക് സ്കൂള്‍ തുറക്കുമ്പോഴുള്ള  കാര്യം തന്നെ സംസാരിക്കാം. ജൂണ്‍ മുതല്‍ മാര്‍ച്ച്‌ വരെ ആയാലും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ ആയാലും സ്കൂള്‍ വര്ഷം ഒരുപോലെ തന്നെയാണല്ലോ ഫലത്തില്‍.

ഇത്തവണ നമുക്ക് ഇവിടുത്തെ സ്കൂളിടങ്ങളിലെ കളിയിടങ്ങളെക്കുറിച്ച് ചിന്തിച്ചാലോ? അതിലേക്ക് കടക്കും മുന്‍പ് പണ്ട് പണ്ട് പഠിച്ചിരുന്ന സ്കൂളിലേക്കൊന്നു പോയിട്ട് വരാം. നാടന്‍ തല്ലും, പിച്ചലും, മാന്തലും ഒക്കെ ആയോധനകലകളായി പരിചയിച്ച, ഉച്ചക്കഞ്ഞിയില്‍ ആനന്ദം കണ്ടെത്തിയിരുന്ന, ഒരു സ്ലേറ്റും ഒരൊറ്റ പുസ്തകവുമായി പഠിക്കാന്‍ പോയിരുന്ന സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നു ഞാന്‍. ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസ്സുമൊക്കെ പാല്‍പ്പായസമായിരുന്നു സ്കൂള്‍ ദിവസങ്ങള്‍. ഒന്നാം ക്ലാസ്സിലെ ടൈം ടേബിള്‍ തന്നെ ഒന്നിടവിട്ട പീരിയഡില്‍ "ഗ്രൌണ്ട്" എന്നാണ് എഴുതുക - അത് നമ്മുടെ കളി സമയമാണ്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് എത്രത്തോളം ഈ കളിസമയം സ്കൂളില്‍ കിട്ടുന്നുണ്ട് എന്നറിയില്ല. എന്തായാലും ഇവിടുത്തെ ഒരു രീതി പറയാം.

ആറു വയസുകാരന്‍ ഉസ്കൂളില്‍ പോകുന്നത് ഒരു പകല്‍ മുഴുവനുമാണ്.  രാവിലെ 8.40 മുതല്‍ വൈകിട്ട് 3.40 വരെ. ഓരോ സ്റ്റേറ്റിനും ഓരോ വിദ്യാഭ്യാസ ജില്ലക്കും സ്കൂള്‍ സമയം വ്യത്യാസം ഉണ്ടാകാം കേട്ടോ. ഞാന്‍ എനിക്കറിയുന്ന ഒരു സ്കൂള്‍ വെച്ച് പറയുന്നു എന്നേയുള്ളൂ.

രണ്ടു നേരങ്ങളിലായുള്ള റിസസ്, ഒരു മുക്കാല്‍ മണിക്കൂര്‍ നേരത്തെ വിശ്രമം ഇതൊക്കെ കഴിഞ്ഞുള്ള സമയത്തെ പഠിത്തത്തിനും, സംഗീതത്തിനും, ആര്‍ട്ട്‌ ക്ലസിനുമൊക്കെ ആയി വീതം വെച്ചു വരുമ്പോള്‍ തിരികെ പോരാനുള്ള സമയം ആകും. അതുകൊണ്ട് തന്നെ സ്കൂളില്‍ പോകാന്‍ മടി കാര്യമായി ഇല്ല, എന്ന് മാത്രമല്ല മിക്ക ദിവസങ്ങളിലും പോകാന്‍ വളരെ സന്തോഷവും ആണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ നമ്മുടെ നാട്ടിലെ മുപ്പത് കൊല്ലം മുന്‍പത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് കിട്ടിയിരുന്ന കളിസമയം ഇവിടെ അമേരിക്കയില്‍ പബ്ലിക് സ്കൂള്‍ സിസ്റ്റത്തില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് ലഭിക്കുന്നു. പബ്ലിക് സ്കൂള്‍ സിസ്റ്റം എന്ന് എടുത്തു പറഞ്ഞുവെന്നേയുള്ളൂ ഇവിടെ സിംഹഭാഗം ആള്‍ക്കാരും കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ പബ്ലിക് സിസ്റ്റത്തെ ത്തന്നെയാണ് ആശ്രയിക്കുന്നത്.


(താത്വികും സുഹൃത്ത് പാര്‍വണയും ഇഴയുന്നോരെ കാണാന്‍ പോയപ്പോള്‍ - Reptile Day )



സ്കൂളുകളിലെ കളിയിടങ്ങള്‍ക്ക് പഠിത്തത്തിനോളം തന്നെ പ്രാധാന്യം കൊടുക്കുന്ന തരം വിദ്യാഭ്യാസ സംസ്കാരത്തിലൂടെയാണ് ഇവിടെ കുട്ടികള്‍ കടന്നു പോകുന്നത്. നാലാം തരം വരെയുള്ള കുട്ടികള്‍ അധികം പഠനഭാരം അറിയാതെ വളരുന്നു എന്നത്  കുട്ടികളെ സംബന്ധിച്ച് വളരെ വലിയൊരു ഭാഗ്യമാണ്. എലിമെന്ടറി ക്ലാസുകളില്‍ നിന്നും വളരുന്നതിന് അനുസരിച്ച് കുട്ടികളുടെ കളികളുടെ സമയവും, രീതിയും മാറുന്നു, പലരും ഒന്നോ രണ്ടോ സ്പോര്‍ട്സ് ഇനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്കൂള്‍ ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ നടത്തുകയോ ചെയ്യും. ശാരീരികമായ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തന്നെ ഇത്തരം പാഠ്യേതര വിഷയങ്ങളിലുള്ള മിടുക്ക് ഉന്നത തല വിദ്യാഭ്യാസത്തില്‍ കണക്കിലെടുക്കപ്പെടും എന്നത് രക്ഷിതാക്കളെയും കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ കളിക്കാന്‍ പഠിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

കുഞ്ഞു ക്ലാസ്സുകളിലെ കളിയ്ക്കാന്‍ കിട്ടുന്ന സമയത്തിന് പുറമേ മിക്ക കുട്ടികളേയും കരാട്ടെ പോലുള്ള ആയോധനകല പരിശീലിപ്പിക്കാനും ശ്രമങ്ങള്‍ നടക്കാറുണ്ട്. നീന്തല്‍ എന്നത് ഒരു പ്രായത്തിനു മുകളിലുള്ള എല്ലാ കുട്ടികളും അറിഞ്ഞിരിക്കേണ്ട അവശ്യകഴിവില്‍ പെട്ടതായതിനാല്‍ കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ തന്നെ നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങും. ചിലര്‍ നീന്തല്‍ ഒരു മുഖ്യവിനോദമാക്കിത്തന്നെ എടുക്കുകയും സ്കൂള്‍ കോളേജ് നീന്തല്‍ടീമുകളില്‍ അംഗമായി മത്സരങ്ങളിലേക്കുള്ള പരിശീലനം നേടുകയും ചെയ്യുന്നു.


മകന്‍ താത്വിക് കരാട്ടേ മാസ്റ്റര്‍ mr. മീലിയോടൊപ്പം 


അമേരിക്കയില്‍ ഞങ്ങള്‍ ജീവിക്കുന്ന ഇടം വര്‍ഷത്തില്‍ ആറു മാസവും മഞ്ഞു വീഴുന്ന കാലാവസ്ഥയുള്ള സ്ഥലമാണ്‌. അതുകൊണ്ടുതന്നെ കുട്ടികളെ പുറത്തേക്ക് കളിയ്ക്കാന്‍ കൊണ്ടുപോകുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇത്തരത്തിലുള്ള കായികവിനോദ ക്ലാസ്സുകള്‍ ഒരനുഗ്രഹം ആകുന്നത് അപ്പോളാണ്.  ഇവിടെ സോക്കര്‍ എന്നറിയപ്പെടുന്ന നാട്ടിലെ ഫുട്ബാള്‍, ബേസ്ബോള്‍, ഫൂട്ട്ബോള്‍, ബാസ്കെറ്റ്‌ബോള്‍ ഇത്യാദി കളികള്‍ ഒക്കെത്തന്നെയും കളിയ്ക്കാന്‍ കഴിയുന്ന രീതിയിലുള്ള indoor- സ്ഥലങ്ങളില്‍ വെച്ചാണ്‌ പരിശീലനം നല്‍കുക. വെറും പഠിപ്പിക്കല്‍ മാത്രമല്ലാതെ പരിശീലനത്തോടൊപ്പം മാച്ചുകള്‍ നടത്തുന്ന രീതിയാണ്‌ ഇവിടെ പിന്തുടരുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം പരിശീലനവും, ആഴ്ചയവസാനം മറ്റു ടീമുകളുമായി മത്സരവും ഒക്കെയായി കുട്ടികളില്‍ ചെറുപ്പം മുതലേ കായികവിനോദം ഊട്ടിയുറപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറെടുക്കുമ്പോള്‍ ഇത്തരത്തിലുള്ള എല്ലാ എക്സ്ട്രാ-കരികുലര്‍ ആക്ടിവിറ്റീസിനും പ്രാധാന്യം ഉണ്ടെന്നത് കൊണ്ടുതന്നെ കുട്ടികള്‍ പഠനവും കളികളും ഹാന്‍ഡ്‌-by-ഹാന്‍ഡ്‌ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ആരോഗ്യപരമായ കാര്യമായി തോന്നാറുണ്ട്.


വേനലവധിക്കാലത്ത് ബേസ്ബാള്‍ കളി - ഇവിടുത്തെ ക്രിക്കെറ്റ് തന്നെ :)


ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ ഇവിടെ അടുത്ത ആഴ്ച വേനലവധി തുടങ്ങും. മൂന്നു മാസത്തെ കളിപ്പൂരത്തിനുള്ള തയാറെടുപ്പുകളില്‍ ഒരു മാസത്തെ സമ്മര്‍ സ്കൂളുമുണ്ട്. സമ്മര്‍ സ്കൂള്‍ എന്നാല്‍ കളി തന്നെയാണ് - രണ്ടോ മൂന്നോ വിഷയങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാം. ആ ഒരു മാസത്തിലേക്ക് വേണ്ടത് സ്പേസ്  പ്രോജെക്റ്റ്‌, ബോര്‍ഡ് ഗെയിംസ്, സ്പാനിഷ്‌ ഇതൊക്കെയാണ്  എന്നിവിടെ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. കൂട്ടത്തില്‍ രാത്രി ആകാശം കണ്ടുകിടക്കാന്‍ കാംപിംഗ്, മാരത്തോണ്‍ ഓട്ടം, ബേസ്ബാള്‍  അങ്ങനെയങ്ങനെ ലിസ്റ്റുകള്‍ നീളുമ്പോള്‍ ഇനിയുള്ള മൂന്നു മാസം ഇവിടെ യാത്രകള്‍ക്ക് കൂടിയുള്ളതാണ്. പക്ഷേ, മുകളില്‍ സൂചിപ്പിച്ച കളിപ്പഠനങ്ങള്‍ വേനലവധിക്ക് ഉള്ളതല്ല കേട്ടോ. അതൊക്കെയും സെപ്റ്റംബര്‍ മുതല്‍ ജൂണ്‍ വരെ നീളുന്ന അദ്ധ്യയനവര്‍ഷത്തിലെ കളികളാണ്. 



National Night Out Day inAugust -Rock Climbing 


പണ്ട് കാലത്ത് നമുക്കൊക്കെ ആവശ്യത്തില്‍ കൂടുതല്‍ പറമ്പുകളും വൈകുന്നേരങ്ങളില്‍ കളിക്കൂട്ടങ്ങളും ഉണ്ടായിരുന്നു. ഇന്ന് നാട്ടിലെ കുട്ടികളില്‍ എത്രപേര്‍ക്ക് ശാരീരികമായ കളികള്‍ക്ക് സമയം കിട്ടുന്നുണ്ട് എന്നറിയില്ല. വര്‍ദ്ധിച്ചു വരുന്ന ടെക്നോളജിയുടെ ഉപയോഗം നമ്മുടെ കുരുന്നുകളെ വിരല്‍ത്തുമ്പുകളിലെ ലോകത്തില്‍ മാത്രം കുരുക്കിയിടുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. ഇവിടെയും ഐപാഡുകളും, ക്രോം ബുക്കുകളും  സ്കൂളിലെ പാഠ്യവിഷയത്തില്‍ തന്നെ ഉള്‍പ്പെടുന്നതിനാല്‍ ആകണം  ഇത്തരത്തിലുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ രക്ഷിതാക്കളും നടത്തുന്നത്. എത്രത്തോളം കുഞ്ഞുങ്ങളെ ശാരീരികമായി ആക്റ്റീവ് ആക്കി നിര്‍ത്താം എന്നത് കഴിഞ്ഞ തലമുറയില്‍ എങ്കിലും ഒരു ചോദ്യചിഹ്നം ആയിരുന്നിരിക്കില്ല. ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ മുതല്‍ വൈകുന്നേരം വരെ കളിച്ചുതളര്‍ന്നു വീട്ടിലേക്ക് കയറിയിരുന്ന നമ്മുടെ കുട്ടിക്കാലങ്ങളില്‍ നിന്ന് സ്പെഷ്യല്‍ ട്യുഷനുകളും ഇന്റര്‍നെറ്റും സമയം കൊല്ലുന്ന ആഴ്ചയവസാനങ്ങളിലേക്കുള്ള മാറ്റം നമ്മുടെ അടുത്ത തലമുറയ്ക്ക് ഉണ്ടാക്കാവുന്ന ദൂഷ്യഫലങ്ങള്‍ നിരവധിയാണ്. പുസ്തകങ്ങള്‍ക്കും വായനക്കും കമ്പ്യൂട്ടര്‍ഗെയിംസിനും ഒപ്പം തന്നെ നീന്തലും, ആയോധനകലകളും, ബാറ്റും, പന്തുമൊക്കെ കുഞ്ഞുങ്ങളുടെ കൂട്ടുകാര്‍ ആകട്ടെ. നാളെയുടെ ആരോഗ്യമുള്ള ഒരു തലമുറ വളര്‍ന്നു വരാന്‍  നമുക്ക് അവരെ കളിയ്ക്കാന്‍ പഠിപ്പിക്കാം.


മലയാളികളുടെ വടംവലി - വിസ്മ പിക്നിക്‌ 2017 


(Ourkids Magazine - 2017 June edition)