Tuesday, April 16, 2019

വായിച്ചു വായിച്ചു വളരാം ..

വായിച്ചാലും വളരും വായിച്ചില്ലേലും വളരും..
പക്ഷേ,
വായിച്ചാല്‍ വിളയും വായിച്ചില്ലേല്‍ വളയും! - കുഞ്ഞുണ്ണിമാഷിന്‍റെ ഈ വരികളോര്‍ത്തുകൊണ്ട് നമുക്കിത്തവണ തുടങ്ങാം. കുഞ്ഞുങ്ങളില്‍ എങ്ങനെയാണു വായനശീലം വളര്‍ത്തിയെടുക്കേണ്ടത് എന്ന് പലരും ചോദിക്കാറുണ്ട് - പ്രത്യേകിച്ചും ദൃശ്യ,ശ്രവ്യ മാദ്ധ്യമങ്ങളുടെ അതിഭീകരമായ കടന്നുകയറ്റം ഉള്ള ഈ സമയത്ത്. ഓരോ വീട്ടിലേയും ഓരോ കുടുംബാംഗങ്ങത്തിന്‍റെയും സ്വകാര്യഇടങ്ങളിലേക്ക് കടന്നെത്തുന്ന മൊബൈല്‍ കൂടിയാകുമ്പോള്‍ കുഞ്ഞുങ്ങളെ എങ്ങനെ ഇന്റര്‍ആക്ടിവ് അല്ലാത്ത ഒരു മാദ്ധ്യമത്തില്‍ പിടിച്ചിരിത്തും എന്നതൊരു ചോദ്യം തന്നെയാണ്. പക്ഷേ, കുഞ്ഞുങ്ങളില്‍ എന്നല്ല എല്ലാവരിലും തന്നെ അറിയാനുള്ള കൌതുകം, സങ്കല്‍പ്പിക്കാനുള്ള കഴിവ് ഒക്കെ ഒരുപോലെയാണ്. എല്ലാ കുഞ്ഞുങ്ങളും ജനിക്കുന്നത് ഒരുപോലെയും നമ്മളവരെ പല രീതിയില്‍ പല തലത്തില്‍ ഉള്ളയിടങ്ങളിലേക്ക് തിരിച്ചുവിടുകയുമാണ് ചെയ്യുന്നത് എന്ന് എപ്പോഴും തോന്നാറുണ്ട്. അപ്പോള്‍പ്പിന്നെ എന്തുകൊണ്ടാണ് ചില കുട്ടികള്‍ നന്നായി വായിക്കുകയും ചിലര്‍ വായന വെറുക്കുകയും ചെയ്യുന്നത്? വായനാശീലം എന്ന വാക്കിനെ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയേ; നിങ്ങള്‍ക്ക് തന്നെ കിട്ടും ആ ഉത്തരം! വായന ഒരു ശീലമാണ് - വായിക്കാനുള്ള കൌതുകം എല്ലാവരിലും ഉള്ളതും, വായനാശീലം നമ്മള്‍ ശീലിച്ച് എടുക്കുന്നതുമാണ്. വീണ്ടും ഒരു പഴംചൊല്ലോര്‍മ്മിക്കുന്നു -"ചൊട്ടയിലെ ശീലം ചുടല വരെ!" '

കുഞ്ഞുങ്ങളുടെ വായനാശീലം വളര്‍ത്താന്‍ ആദ്യം വേണ്ടത് രക്ഷിതാക്കള്‍ കുറച്ചു സമയം അതിനുവേണ്ടി ചിലവഴിക്കാന്‍ തയാറാവുക എന്നതാണ്, അതെന്തിനാണപ്പാ കുഞ്ഞ് വായിക്കുന്നതിന് നമ്മള്‍ സമയം ചിലവഴിക്കുന്നത് എന്ന് ഒരു ചോദ്യം മനസ്സില്‍ വന്നോ? എങ്കില്‍ ആ മുകളിലെ പഴംചൊല്ല് ഒന്നുകൂടി ശരിക്കുനോക്കിക്കോളൂ. 'ചൊട്ടയില്‍' ആണ് നമ്മള്‍ ഈ ശീലം തുടങ്ങേണ്ടത്. അതായത് വായനയുടെ ശീലം തുടങ്ങുന്നതിന് വായന അറിയണമെന്നില്ല എന്ന്! വായന ശീലിപ്പിക്കാന്‍ ഏറ്റവും പറ്റിയ പ്രായം ഏതാണ് എന്നാലോചിച്ചാല്‍ 5 വയസ് എന്നോ 6 വയസ്എന്നോ ആണ് നിങ്ങളുടെ ഉത്തരം എങ്കിലും ആ പഴംചൊല്ലൊന്നും കൂടി ഓര്‍ക്കാന്‍ പറയും ഞാന്‍. ഗര്‍ഭാവസ്ഥയില്‍ ആയിരുന്ന അഭിമന്യു കേട്ട്പഠിച്ച ചക്രവ്യുഹത്തിന്‍റെ കഥ ഒരു മിത്തല്ല എന്ന് ചുരുക്കം. വയറ്റില്‍ കുഞ്ഞുരുവാകുന്ന സമയം മുതല്‍ ഒരു 10 മിനിറ്റ് നമുക്ക് കുഞ്ഞിനായി കേള്‍ക്കാന്‍ പാകത്തില്‍ കഥ പറയുകയോ വായിക്കുകയോ ആകാം. കുഞ്ഞു ജനിച്ചുകഴിഞ്ഞാല്‍ എല്ലാ ദിവസവും പത്തു മിനിറ്റ് കയ്യിലൊരു ബുക്കും പിടിച്ച് അച്ഛനോ അമ്മൂമ്മയോ അപ്പൂപ്പനോ മൂത്ത സഹോദരങ്ങളോ അമ്മയ്ക്ക് പറ്റുമെങ്കില്‍ അമ്മയോ ഇത് ചെയ്യുക. ഒരേ ബുക്ക്‌ തന്നെ വായിച്ചാല്‍ മതി അവര്‍ മാറ്റിപ്പറയും വരെ. പക്ഷേ, ഓര്‍ക്കുക നമ്മളൊരു ശീലം തുടങ്ങുകയാണ് (അല്ല! തുടരുകയാണ്) - സമയാസമയത്ത് പാല് കുടിക്കുംപോലെ, അപ്പിത്തുണി മാറുംപോലെ ഉറങ്ങുംപോലെ, നമ്മളൊരു ചായ കുടിക്കുംപോലെ , പല്ല് തേക്കുംപോലെ ഒരു ശീലം. കുറച്ചുനാളുകള്‍ നമ്മള്‍ ഈ 10 മിനിറ്റ് ചിലവാക്കിയാല്‍ കുഞ്ഞിനുള്ളില്‍ ജീവിതകാലത്തേക്ക് മുഴുവനായി പതിയുന്ന ഒരു ശീലം തുടങ്ങുകയായി.

ഓപ്പറേഷന്‍ വായനാശീലം ആദ്യപടി കഴിഞ്ഞു. നിങ്ങള്‍ പോലുമറിയാതെ നിങ്ങളുടെ കുട്ടിയുടെ ജീവിതചര്യയില്‍ നിങ്ങളാ വായനയെ കൂട്ടിക്കലര്‍ത്തിക്കഴിഞ്ഞു. രണ്ടാമത്തെ പടി എന്നത് ഒരേ ചിത്രപുസ്തകം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വായിക്കുമ്പോള്‍ അതിലേക്ക് എങ്ങനെ കൂടുതല്‍ വാക്കുകള്‍ കൊണ്ടുവരാം എന്നതാണ്. രണ്ടു വയസുകാരി വാക്കുകള്‍ കൊഞ്ചിപ്പറഞ്ഞു തുടങ്ങുന്ന സമയമാകും, കേള്‍ക്കുന്നവയെല്ലാം ഒപ്പിയെടുക്കാന്‍ ശ്രമിക്കും. അമ്മയും കുഞ്ഞുമുള്ള ഒരു ചിത്രത്തില്‍ നിന്ന് അമ്മ, ബേബി,വാവ,പാല്‍, ചാച്ചാം, മുടി കണ്ണ് അങ്ങനെയങ്ങനെ വാക്കുകള്‍ പതുക്കെ പതുക്കെ കൂട്ടിച്ചേര്‍ക്കുക... ഓര്‍ക്കുക - ആവര്‍ത്തനം ആണ് നമ്മുടെ താക്കോല്‍. നമ്മുടെ കുട്ടിക്കാലം ഓര്‍ത്തുനോക്കൂ, ആവര്‍ത്തിച്ചു വായിച്ചിരുന്ന ബാലരമകള്‍, ടിന്‍ടിന്‍, അമര്‍ ചിത്രകഥ ..നമുക്ക് മടുത്തിരുന്നോ? ഇല്ല എന്ന് തന്നെയാകും 90 ശതമാനം ആളുകളുടെയും ഉത്തരം. ചിത്രങ്ങളില്‍ക്കൂടി കഥകളില്‍ക്കൂടി കടന്നുപോകുന്ന കുഞ്ഞുങ്ങളുടെ പദസമ്പത്ത് വളരെ വലുതായിരിക്കും. ഇവിടെ പല ലൈബ്രറികളിലും 6 മാസം മുതലുള്ള കുഞ്ഞുങ്ങളുടെ വായനക്കൂട്ടങ്ങളുണ്ട്. കുഞ്ഞുങ്ങളെയും കൊണ്ട് ലൈബ്രറിയിലേക്ക് ആ സമയത്ത് ചെന്നാല്‍ മതി. അവിടെ ഒരാള്‍ കഥ വായിക്കുന്നുണ്ടാകും - ഒരേ പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ക്കായി ഉള്ള ഇത്തരം കൂട്ടായ്മകള്‍ നമുക്ക് നാട്ടിലും പരീക്ഷിക്കാവുന്നതേയുള്ളൂ -അംഗനവാടികള്‍ക്കും മുന്‍പൊരു കുട്ടിക്കൂട്ടം.

അടുത്ത ഘട്ടത്തിലാണ് ശരിക്കും നമ്മളവരെക്കൊണ്ട് വായിക്കാന്‍ ശ്രമിപ്പിക്കുന്നത്. ഒരു മൂന്നു - നാല് വയസ് പ്രായമുള്ള കുഞ്ഞുങ്ങള്‍. ഓരോ കുഞ്ഞുങ്ങളും വായിക്കുന്നതും സംസാരിച്ചു തുടങ്ങുന്നതും ഒക്കെ വ്യത്യസ്തമായിട്ടായിരിക്കും. എങ്കില്‍ക്കൂടി 3 മുതല്‍ 4.5 വയസുവരെയുള്ള സമയത്തിനിടയില്‍ കുഞ്ഞുങ്ങള്‍ പൊതുവേ കൂടുതല്‍ വാക്കുകള്‍ പറയാനും ആവര്‍ത്തിച്ച്‌ കാണുന്നവ തിരിച്ചറിഞ്ഞു റീപ്രൊഡ്യുസ് ചെയ്യാനും ശ്രമിക്കും. ചില കുട്ടികളെ കണ്ടിട്ടില്ലേ മൂന്നു വയസില്‍ തന്നെ ഒരു ചിത്രകഥ അങ്ങനെ കാണാപാഠം പറയുന്നുണ്ടാകും. അതില്‍ തെറ്റൊന്നുമില്ല - വായിക്കാന്‍ അറിയില്ലെങ്കിലും അവര്‍ കണ്ടു പരിചയമുള്ളതിനെ തിരിച്ചറിഞ്ഞു പറയാന്‍ ശ്രമിക്കുന്നതാണ്. ഒരു സുഹൃത്തിന്‍റെ മകള്‍ ചെറുപ്പത്തില്‍ എന്നും സിന്‍ട്രല്ലയുടെ ചിത്രകഥ വായിച്ചുകേള്‍ക്കാന്‍ വാശിപിടിക്കുമായിരുന്നു. മൂന്നു മൂന്നര വയസായപ്പോള്‍ മുതല്‍ അവള്‍ തനിയെ ആ ബുക്കെടുത്തുവെച്ച് വള്ളിപുള്ളി വിടാതെ വായിക്കാനും തുടങ്ങി. പിന്നെയാണ് ശ്രദ്ധിച്ചത് ആശാട്ടി അതിലെ ചിത്രം നോക്കിയാണ് ഈ കഥ മുഴുവന്‍ വായിക്കുന്നത്. പേജ് മറിഞ്ഞു പോയാലും ആള്‍ നല്ലസലായിട്ടു വായന തുടരും.

നാലാമത്തെ ഘട്ടത്തില്‍ അവരവരുടെ താല്പര്യം അനുസരിച്ചുള്ള ബുക്കുകള്‍ എത്തിച്ചു കൊടുക്കുക എന്നതാണ്. ചില കുട്ടികള്‍ക്ക് ചിത്രങ്ങള്‍ കൂടുതലുള്ള കഥയാകും ഇഷ്ടം. ചിലര്‍ക്ക് സങ്കല്‍പ്പലോകത്തുള്ള കഥകള്‍ ചിലര്‍ക്ക് ശാസ്ത്രം ചിലര്‍ക്ക് ചരിത്രം. ഇവിടെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു കാര്യം വായനാശീലം വളര്‍ത്തിയെടുക്കാന്‍ സ്കൂളുകള്‍ ശ്രമിക്കുന്ന രീതിയാണ്‌. കിന്റെര്‍ഗാര്ടന്‍ മുതലേ കുഞ്ഞുങ്ങള്‍ക്ക് ക്ലാസില്‍ ഒരു കുഞ്ഞു ലൈബ്രറിയും വായനയ്ക്കായി ഒരു സമയവും ഉണ്ടാകും. പഠനവിഷയങ്ങള്‍ അവര്‍ വായിച്ചു തുടങ്ങുന്നത് വളരെയേറെ കാലം കഴിഞ്ഞാണ്. കഥകളിലൂടെ തുടങ്ങി ഓരോരുത്തര്‍ക്കും ഇഷ്ടമുള്ളതിലേക്ക് എത്തിക്കുന്നതും ഇഷ്ടമില്ലാത്തതാണെങ്കില്‍ കൂടി എല്ലാത്തിന്റെയും ഒരു മിശ്രണം കുട്ടികളുടെ വായനയില്‍ എത്തിക്കുന്നതിന്റെയും ക്രെഡിറ്റ്‌ സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കും ലൈബ്രറിയനും ഉള്ളതാണ്. സ്വന്തമായി വായിച്ചു തുടങ്ങുന്ന കുട്ടികളിലും ഓരോരുത്തരുടെ ശൈലിയും, നിലവാരവും ഓരോ തരത്തിലാകും. സ്കൂളുകളില്‍ കുട്ടികള്‍ക്ക് വായനയുടെ ഒരു അളവുകോല്‍ ഉണ്ട്. ഓരോ മൂന്നുമാസത്തിലും ഒരു കുട്ടിയുടെ വായനയുടെ നിലവാരം എങ്ങനെയാണെന്ന് നോക്കുകയും അവര്‍ക്ക് പറ്റിയ രീതിയിലുള്ള പുസ്തകങ്ങള്‍ കൊടുക്കുകയും ചെയ്യും.

ഇതോടൊപ്പം നമ്മള്‍ രക്ഷിതാക്കള്‍ക്ക് ചെയ്യാവുന്ന കാര്യം വായനയെ നന്നായി പ്രോത്സാഹിപ്പിക്കുക എന്നതാണ് - ഇതാണ് അവസാനത്തെയും, അവസാനമില്ലാത്തതുമായ ഘട്ടം. ഇവിടെ ഞങ്ങള്‍ ചെയ്തിരുന്ന ഒരു കാര്യം മകന്‍റെ കിന്റര്‍ഗര്ട്ടന്‍ സമയം മുതല്‍ അവന്‍ വീട്ടിലേക്ക് കൊണ്ടുവന്നു വായിക്കുന്ന ബുക്കുകളുടെ പേരെഴുതി വെക്കാന്‍ തുടങ്ങിയതാണ്. ഒരു വര്ഷം കൊണ്ട് വായിക്കുന്ന ബുക്കുകളുടെ എണ്ണതിനനുസരിച്ച് ഒരു കുഞ്ഞു ഗിഫ്ടും ഉണ്ടാകും ഓരോ വര്‍ഷവും. വര്‍ഷാവസാന കണക്കെടുക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്ന അഭിമാനച്ചിരി ഉണ്ടല്ലോ -അത് അനിര്‍വചനീയം ആണ്! പിന്നെ സ്കൂളില്‍ നടക്കുന്ന ബുക്ക്‌ ഫെയര്‍, എല്ലാ വര്‍ഷവും പല പ്രാവശ്യങ്ങളിലായി കുറഞ്ഞ വിലയ്ക്ക് ബുക്കുകള്‍ വാങ്ങാന്‍ കിട്ടുന്ന 'സ്കൊളാസ്ടിക്' ബുക്ക്‌മേള, 6 മണിക്കൂര്‍ വായിച്ച ബുക്കുകളുടെ ലിസ്റ്റ് കൊടുത്താല്‍ ഫ്രീ ആയി ടിക്കറ്റ് കിട്ടുന്ന തീം പാര്‍ക്കുകള്‍, വേനല്‍ക്കാല അവധിക്ക് ഓരോ ആഴ്ചയും വായിച്ച ബുക്കിന്‍റെ ലിസ്റ്റ് കൊടുത്താല്‍ സമ്മാനം തരുന്ന ലൈബ്രറികള്‍ എന്നുവേണ്ട ഈ രാജ്യത്തില്‍ വായനയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍ കാണുമ്പോള്‍ സത്യത്തില്‍ അതിശയം തോന്നും. കുട്ടികള്‍ക്ക് വേണ്ടിയുള്ള ലൈബ്രറിസെക്ഷന്‍ കാണുമ്പോള്‍ തോന്നുന്നതും മറ്റൊന്നല്ല. സാഹചര്യം കിട്ടുമ്പോഴൊക്കെ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ സമ്മാനമായി കൊടുക്കുന്നതും വായന വളര്‍ത്തും. കുഞ്ഞുങ്ങളുടെ പ്രായത്തിന് അല്ലെങ്കില്‍ അഭിരുചിക്ക് അനുസരിച്ച് ആകണം സമ്മാനമെന്ന് മാത്രം. ഇവിടെ മകന് നോണ്‍-ഫിക്ഷന്‍ ബുക്കുകളാണ് അധികം പ്രിയം. അതുകൊണ്ട് തന്നെ ഇത്തവണ ക്രിസ്ത്മസ് സമ്മാനലിസ്റ്റില്‍ രണ്ടാമതായി ആ ആവശ്യം കണ്ടപ്പോള്‍ അത് തന്നെ മതിയെന്ന് ഉറപ്പിച്ചു.

ഇത്രയുമൊക്കെ ചെയ്തത് കൊണ്ട് ഒരാള്‍ വായനയെ ഇഷ്ടപ്പെടുമെന്ന് ഉറപ്പ് പറയാന്‍ ആകില്ല - എന്നാല്‍ 90 ശതമാനവും ഈ ശീലം തുടരുന്നതായും വായനയുടെ ലഹരി ആസ്വദിക്കുന്നതായുമാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ടെക്നോളജിയെ മാറ്റി നിര്‍ത്തി ചിന്തിക്കുകയും വേണ്ട, ഇവിടെ കുഞ്ഞുങ്ങള്‍ക്ക് സ്കൂളുകളില്‍ ക്രോംബുക്കും ഐപാഡും പോലെയുള്ളവ വളരെ ചെറുപ്പത്തിലേ ലഭ്യമാകുമ്പോള്‍ ഡിജിറ്റല്‍ വായനയും അവര്‍ ശീലിക്കുന്നു. മൊബൈലുകള്‍ കൊടുക്കും മുന്‍പ് കുഞ്ഞുങ്ങള്‍ക്ക് ഒരു ബുക്ക്‌ കൊടുത്തു നോക്കാം... അല്ലെങ്കില്‍ മൊബൈലിലെ ഗെയിം കൊടുക്കും മുന്‍പ് ഒരുകുട്ടിക്കഥ കാണിച്ചുകൊടുക്കാം! അതൊരു ശീലമായി മാറിയാല്‍ നമ്മളാരും പറയാതെ തന്നെ അവരത് തുടര്‍ന്നോളും.

എല്ലാ കുഞ്ഞുമക്കള്‍ക്കും ഹാപ്പി റീഡിങ്ങ് എല്ലാ രക്ഷകര്‍ത്താക്കള്‍ക്കും ഹാപ്പി പേരെന്റിംഗ് പറഞ്ഞുകൊണ്ട് American mom signing off from this month


Tuesday, March 19, 2019

ഈ തിരക്കിൽ ഇത്തിരിനേരം

ആരാദ്യം ആരാദ്യമെന്നോടുന്ന തിരക്കുപിടിച്ച ഈ ജീവിതത്തിൽ അറിഞ്ഞുകൊണ്ടൊരു ബ്രേക്ക് എടുക്കുന്നതിനെകുറിച്ചാണ് ഇത്തവണ അമേരിക്കൻ മോം ചിന്തിക്കുന്നത്. 5 വയസുള്ള കുട്ടിക്ക്  മുതൽ സ്‌കൂളും സ്‌പെഷ്യൽ ക്‌ളാസും റ്റ്യുഷന് മേൽ റ്റ്യുഷനുമായി ജീവിക്കുന്ന ചില ജീവിതങ്ങൾ ഇടയ്ക്ക് കാണാറുണ്ട് - കൂടുതലും നാട്ടിൽനിന്നുള്ള വിശേഷങ്ങളിൽ.. ഇവിടെയും കാര്യങ്ങൾ വ്യത്യസ്തമൊന്നുമല്ല. പക്ഷേ, കണ്ടിട്ടുള്ള ഒരു വലിയ വ്യത്യാസം കളികൾക്കും പഠനേതരവിഷയങ്ങൾക്കും പഠനത്തോടൊപ്പം ഇവർ നൽകുന്ന പ്രാധാന്യമാണ്. ഒരുപക്ഷേ ഉന്നതവിദ്യാഭ്യാസത്തിനെ ബാധിക്കില്ലായിരുന്നു എങ്കിൽ ചില ഇന്ത്യൻ രക്ഷിതാക്കളെങ്കിലും മടിച്ചേനെ കുട്ടികളെ പന്തുകളിക്കാനും ബാറ്റ്മിന്റൺ പരിശീലനത്തിനും പിയാനോ ക്ലാസിനും ഇങ്ങനെ നെട്ടോട്ടമോടി  കൊണ്ടുപോകാൻ. രണ്ടുപേരും ജോലിക്ക് പോകുന്ന മിക്ക വീടുകളിലും  ഒന്നിൽക്കൂടുതൽ കുട്ടികളുണ്ടെങ്കിൽ അച്ഛനൊരിടത്തേക്കും 'അമ്മ മറ്റൊരിടത്തേക്കും കുഞ്ഞുങ്ങളെയും കൊണ്ട് ഓടുന്ന കാഴ്ച ഇവിടെയും അപരിചിതമൊന്നുമല്ല. എങ്കിലും നേരത്തെ പറഞ്ഞതുപോലെ അത് പഠനേതരവിഷയത്തിനാണല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ ആ തിരക്കുകൾ നല്ലതാണെന്നും തോന്നും.

നാട്ടിൽനിന്നിത്രയും ദൂരെ താമസിക്കുന്നതുകൊണ്ടുതന്നെ സുഹൃത്തുക്കൾ ജീവിതത്തിന്റെ വളരെ വലിയൊരു ഘടകമാണ്. അങ്ങനെയിങ്ങനെയൊക്കെ  എവിടെയെങ്കിലും സൗഹൃദസദസുകളിലെ  കൂടിച്ചേരലും വീടൊതുക്കലും അലക്കലും തുടക്കലും ഒക്കെയായി ശനിയും ഞായറും പോകുന്നത് തന്നെയറിയുന്നില്ല, മൊത്തത്തിൽ ഒന്നുഷാറാക്കി എടുക്കണമല്ലോ  എന്ന് തോന്നിയപ്പോഴാണ് ഷെഡ്യുളിൽ നിന്ന് ഒരു ബ്രേക്ക് വേണമെന്ന് വിചാരിച്ചത്. എവിടേക്കെങ്കിലും ദൂരയാത്രയ്ക്ക് പോകാൻ വലിയ താല്പര്യമുണ്ടായിരുന്നില്ല - വരുമ്പോഴേക്കും വീണ്ടും ക്ഷീണിക്കുമല്ലോ (അല്ലാതെ മടി കാരണമല്ലേ എന്നുള്ള ചോദ്യം ഞാൻ തള്ളിക്കളഞ്ഞിരിക്കുന്നു).  അപ്പോഴാണ് കുറേനാളായി മോനെ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്ന ഒരിടത്തെക്കുറിച്ച് ഓർത്തത്. വീടിനു വളരെ അടുത്തുതന്നെയുള്ള ഒരു 'ആര്ട്ട് സെന്റർ' ആണ് - കലാകേന്ദ്രം എന്നൊക്കെ പറഞ്ഞാൽ അർഥം മാറിപ്പോകുമോ എന്ന് നല്ല സംശയം ഉള്ളതുകൊണ്ടാണ് ആര്ട്ട് സെന്റര് എന്നുതന്നെ പ്രയോഗിച്ചത്. ഒരു വലിയ ആഡിറ്റോറിയവും, പലപല തരത്തിലുള്ള ശില്പങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന പവിലിയനും ചേർന്ന ഒരിടമാണ് ഈ ആര്ട്ട് സെന്റർ.  അവിടെ കുട്ടികൾക്കായി വിവിധ തരത്തിലുള്ള ക്‌ളാസുകളും നടക്കാറുണ്ട് - പാട്ട്, വയലിൻ, ചിത്രം വര, ശില്പനിർമാണം , ബാലെ അങ്ങനങ്ങനെ. അങ്ങനെയുള്ളൊരു ഇടം - അവിടെ എല്ലാ മൂന്നാം ശനിയാഴ്ചയും ഫാമിലി ആര്ട്ട് വർക്ക്ഷോപ്പുകൾ നടക്കും, തികച്ചും സൗജന്യമാണേ - സ്ഥലപരിമിതി കാരണം  മുൻകൂട്ടി പറഞ്ഞിട്ട് ചെല്ലണമെന്ന് മാത്രം. 

അങ്ങനെ വേഗം തന്നെ വരുന്ന ശനിയാഴ്ചക്ക് വേണ്ടി അവിടെ വർക്ക്ഷോപ്പിനു രജിസ്ടർ ചെയ്തു. കുഞ്ഞുങ്ങളേം കുഞ്ഞുങ്ങളുടെ അച്ഛനേം ഒക്കെ കൂട്ടി അവിടെച്ചെന്നിറങ്ങിയപ്പോൾ ആ ചെറിയ റൂമിലെ ഏതാണ്ടെല്ലാ മേശയ്ക്കു ചുറ്റും  കുട്ടികളുണ്ട് - പക്ഷേ, ഇഷ്ടമായത് മിക്ക കുട്ടികൾക്കൊപ്പവും അവരുടെ മാതാപിതാക്കളുടെ കൂടെയോ  അല്ലാതെയോ മുത്തശ്ശിമാരോ മുത്തശ്ശന്മാരോ ഉണ്ട്. അതായത് ഈ സമയം ഒരു പേരക്കുട്ടി- അപ്പൂപ്പനമ്മൂമ്മ ബോണ്ടിങ് ടൈം ആണ് അവർക്ക്. എത്ര രസമുള്ള ചിന്ത അല്ലേ?  ഇവിടെ മിക്കയിടങ്ങളിലും അണുകുടുംബങ്ങൾ തന്നെയാണ് - അച്ഛനും അമ്മയും ചെറിയ മക്കളും മാത്രം. വയസായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഒന്നുകിൽ അസിസ്റ്റെഡ് ലിവിങ്  പോലെയുള്ള സ്ഥലങ്ങളിലോ അധികം പരിപാലനാമാവശ്യമില്ലാത്ത ചെറിയ അപ്പാർട്മെന്റുകളിലോ ആയിരിക്കും താമസം. കോളേജിൽ പോകാൻ പ്രായമായ മക്കളും മാറിത്താമസിക്കും കേട്ടോ.  ഇവിടെയുള്ളവരെ  സംബന്ധിച്ച് സ്വതന്ത്രരാവുക, സ്വന്തം കാലിൽ നിൽക്കുക എന്നതൊക്കെ ലിസ്റ്റിൽ പ്രഥമസ്ഥാനമുള്ള കാര്യങ്ങളാണ്. ജനിച്ചുവീഴുന്ന കുഞ്ഞിനെ ഉൾപ്പെടെ അവകാശങ്ങളുള്ള വ്യക്തിയായി കാണുന്ന മനോഭാവം നമുക് മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാൽ ആ സ്വാതന്ത്ര്യത്തിലേക്ക് ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ആവശ്യമില്ലാത്ത കെട്ടുപാടുകൾ മനസ്സിലാകണം  എന്നുമില്ല. 

ഒരു കുഞ്ഞുമേശ ഞങ്ങൾക്കും കിട്ടി. ഹാലോവീൻ കഴിഞ്ഞുവന്ന ദിവസങ്ങൾ ആയതുകൊണ്ട് എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം മിട്ടായിക്കൂട്ടം മാത്രം എന്നതുപോലെയാണ് കാര്യങ്ങൾ. ഇവിടെയും വർക്ക്ഷോപ് ക്‌ളാസ് നടത്തുന്ന മിസ്.നിക്കോൾ അതുകൊണ്ടുതന്നെ മിഠായികൾ കൊണ്ടാണ് ഇന്നത്തെ ആർട്ട് ചെയ്യാൻ പോകുന്നതെന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ അതിശയം ഒന്നും തോന്നിയില്ല മാത്രവുമല്ല വീട്ടിലുള്ള കുറേയെണ്ണം ഒഴിവാക്കാനുള്ള ക്രീയേറ്റിവ്‌ ഐഡിയ തന്നതിന് നിക്കോളിനൊരു മിട്ടായി അങ്ങോട് കൊടുത്താലോ എന്നും തോന്നി. കയ്യിലൊട്ടുന്ന ടൈപ്പ് ഒരു മിട്ടായി - പല നിറങ്ങളിലുള്ളവ ചേർത്തുചേർത്തു കൂട്ടിക്കുഴച്ചു കളർഫുൾ കളിമണ്ണുപോലെയാക്കി അതുംകൊണ്ട് പല പല രൂപങ്ങൾ ഉണ്ടാക്കലായിരുന്നു ആദ്യപണി. ചെറുതിനു വലിയ ഉത്സാഹം ഒന്നും തോന്നിയില്ലെങ്കിലും മൂത്തവൻ നല്ലോണം കുഴച്ചുകുഴച്ചെന്തൊക്കെയോ ഉണ്ടാക്കി.  എല്ലാ മേശകൾക്ക് ചുറ്റിലും അമ്മൂമ്മമാർ അപ്പൂപ്പന്മാർ കുഞ്ഞുകൈകളിൽ ചേർത്ത് ചപ്പാത്തിക്ക് കുഴക്കുംപോലെ മിഠായി കുഴക്കുകയാണ്. കുഴച്ചുണ്ടാക്കിയ മനുഷ്യരൂപവും, സ്നോമാനും, ആമയും ഒക്കെ ചന്തം നോക്കി കുഞ്ഞുകുട്ടികൾക്കൊപ്പം അവരും കുട്ടികളായി മാറുന്നു. പിന്നെ കുറേ പല നിറങ്ങളിലെ മിഠായികൾ ഓരോ ഗ്ലാസ് വെള്ളത്തിൽ അലിയിച്ചു ചായക്കൂട്ടുകൾ ഉണ്ടാക്കി. ആ ചായം വെച്ച് കളർ ചെയ്യാൻ തുടങ്ങി ചിലർ മറ്റുചിലർ നീണ്ടുനീണ്ടു റബർബാൻഡ്‌ പോലിരിക്കുന്ന ഒരു മിട്ടായിയുടെ ഇഴ പിരിച്ച് അത് മറ്റു ചായങ്ങളിൽ മുക്കി പല രൂപങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. 








ഞങ്ങൾ ഇതൊക്കെ കണ്ടുകൊണ്ട് അവിടെ അങ്ങനെ വിശ്രമിക്കുമ്പോളാണ്  നാല് പേരക്കുട്ടികളേയും കൊണ്ടുവന്ന ഒരു മുത്തശ്ശി ഞങ്ങൾക്ക് ഇതുപോലെയുള്ള വേറെയിടങ്ങളെക്കുറിച്ച് ഉള്ള വിവരം തരുന്നത്.  അതിലൊരെണ്ണം ആ പവിലിയന് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു കടയിലാണ്. ശില്പമുണ്ടാക്കലും ചിത്രം വരയുടെ വഴികളും കഴിഞ്ഞപ്പോൾ ചെറുതായി ബോറടിച്ചുതുടങ്ങിയ കുട്ടീസുകളെയും പൊക്കി ഞങ്ങൾ അടുത്തിടത്തേക്ക്  നീങ്ങി. ജോ-ആൻ എന്നറിയപ്പെടുന്ന ഒരു ക്രാഫ്റ്റ്-ഫാബ്രിക്  കടയാണ് ലക്‌ഷ്യം. പല തരത്തിലുള്ള തുണിത്തരങ്ങൾ, പല തരത്തിലുള്ള ക്രാഫ്റ്റ് സാധനങ്ങൾ, വീടലങ്കാരപ്പണികൾക്കും വസ്ത്രാലങ്കാരപ്പണികൾക്കും ഒക്കെയുള്ള സാധനങ്ങൾ കിട്ടുന്നയിടമാണ് ജോ -ആൻ. അമ്മാതിരി താല്പര്യമുള്ള ആളുകളുടെ പറുദീസയാണ് ഇവിടം. ക്രിസ്തുമസിന് മുന്നോടിയായി പലപ്പോഴും കുട്ടികൾക്ക് ചെയ്യാൻ ഇഷ്ടമുള്ള കാര്യമാണ് ജിഞ്ചർ-ബ്രെഡ് വീടുണ്ടാക്കുക എന്നത്. വലിയ ബിസ്കറ്റുപലകകൾ കൂട്ടിച്ചേർത്തു വീടാക്കുക, എന്നിട്ടു വെള്ളഫോണ്ടന്റുപയോഗിച്ചു മേൽക്കൂരയിൽ മഞ്ഞുണ്ടാക്കുക, പല തരത്തിലുള്ള മിഠായികൾ ഉപയോഗിച്ച് മേൽക്കൂരയൊക്കെ വിളക്കുകൾ പോലെ അലങ്കരിക്കുക, ക്രിസ്തുമസ് മരങ്ങളും സ്നോ മാനുമൊക്കെ അവനവന്റെ സർഗ്ഗശക്തി പോലെയും മനോധർമ്മം പോലെയും ഉണ്ടാക്കി രസിക്കുക. സാധാരണ എല്ലാത്തവണയും  വീട്ടിൽ ഇതിന്റെ ഒരു പാക്കറ്റ് വാങ്ങി ഒരു ദിവസത്തെ മുഴുവൻ പ്രോജക്ട് ആക്കുകയാണ് പതിവ്, അതും പലപ്പോഴും അത്ര സുഖകരമല്ലാത്ത എൻഡ് പ്രൊഡക്ടുമായിരിക്കും. പക്ഷേ, ഇവിടെ കടയിൽ ചെന്നതുകൊണ്ട് രണ്ടു ഗുണമുണ്ടായി; ഒന്ന് അവിടെ ഉണ്ടായിരുന്ന രണ്ട് അമ്മൂമ്മമാരും കൂടി എങ്ങനെയാണു ഈ വീട് ശരിക്കും ഒട്ടിച്ചുണ്ടാക്കുന്നത് എന്ന് പറഞ്ഞുതന്നു. രണ്ട്, അവിടെ അന്നെത്തിയ എല്ലാ കുട്ടികൾക്കും അവരോരോ ജിഞ്ചർ ബ്രീഡ് വീടിന്റെ കിറ്റ് കൊടുത്തിട്ട് അവിടെത്തന്നെയിരുത്തി ചെയ്യിക്കാൻ തുടങ്ങി. രണ്ടു കുട്യോളും പിന്നെ കുട്ടികളുടെ മനസുളള ഒരമ്മയും കിട്ടിയ അവസരം ഒട്ടും പാഴാക്കാതെ ഇഞ്ചിവീട്ടിലേക്ക് പാഞ്ഞുകയറി മേൽക്കൂര മുഴുവൻ മഞ്ഞുകോരിയൊഴിച്ചും പലവർണവിളക്കുകൾ ഒട്ടിച്ചും അലങ്കരിക്കാൻ തുടങ്ങി. ഇടയ്ക്കിടെ മിട്ടായി തിന്നൽ മാത്രമാണ് എന്റെ ഐറ്റം എന്ന മോഡിലേക്ക് മാറിയ കുഞ്ഞനെ അച്ഛൻ നോക്കിയത് കൊണ്ട് ഞങ്ങൾക്ക് വീടിന്റെ കുറേഭാഗത്തെങ്കിലും ഒട്ടിക്കാൻ വിളക്കുകൾ തികഞ്ഞു.

അങ്കം തുടങ്ങുന്നു!




സോറി! 'അമ്മ തിരക്കിലാണ് ;)  മിട്ടായി തിന്നുന്ന കുഞ്ഞനും

പിന്നീന്ന് പിച്ച് കിട്ടീട്ടാണോ മൂത്തോൻ കരയുന്നതെന്ന് ദൈവത്തിനറിയാം! 



ഉച്ച കഴിഞ്ഞു  പലനിറച്ചിത്രങ്ങളും, മധുരമുള്ള കളിമണ്ണും, പിന്നെ അലങ്കരിച്ചുഷാറാക്കിയ ഒരു ജിഞ്ചർ ബ്രെഡ് വീടുമായി വീട്ടിലേക്ക് വന്നുകേറുമ്പോൾ മനസ് നല്ലതുപോലെ ഒന്ന് റീഫ്രഷ്ഡ്  ആയിരുന്നു.  A day well spent!  തിരക്കുകളെക്കുറിച്ച് ഓർക്കാതെ, പ്രത്യേകിച്ച് ഒരു മത്സരവുമില്ലാതെ ആ നിമിഷം മാത്രം ആസ്വദിക്കുക എന്നത് നിങ്ങൾ ചെയ്യാറുണ്ടോ? ഇല്ലെങ്കിൽ ഇടക്കെപ്പോഴെങ്കിലും ഒന്ന് പോസ്ബട്ടൺ അമർത്തുക, എന്നിട്ടു കുട്ടികൾക്കൊപ്പം പ്രത്യേകിച്ച് ഒരു അജണ്ടയുമില്ലാതെ, സമയത്തിന്റെ ഓർമപ്പെടുത്തലുകളില്ലാതെ അവർക്കൊപ്പം ചിലവഴിക്കുക. വീണ്ടും വന്നു പ്ലേ ബട്ടൺ അമർത്തുമ്പോൾ കേൾക്കുന്നത് അതുവരെ കേൾക്കാത്ത മധുരസംഗീതമായിരിക്കും ഉറപ്പ്! 

ഞങ്ങളുടെ സ്വന്തം ജിഞ്ചർ ബ്രെഡ് ഹൌസ് 





Sunday, February 10, 2019

മിൽവാക്കിയും മകരവിളക്കും പിന്നെ ഞാനും

         ചെറുപ്പത്തിലെ എന്റെയൊരു അടയാളം തന്നെ "ആ ചന്ദനമിട്ട കൊച്ച് " എന്നതായിരുന്നു. ഒരു പക്കാ അമ്പലവാസിയായിരുന്ന എന്നെ വൈകുന്നേരങ്ങളിൽ കാണണമെങ്കിൽ വീടിന് ഇടതുവശത്തേക്ക് ഒറ്റ ഓട്ടമോടിയാൽ ഇടിച്ചുനിൽക്കുന്ന   വല്യമ്പലം എന്ന ശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലോ, വീടിനു വലതുവശത്തുള്ള കൊച്ചമ്പലമെന്ന അമ്മൻകോവിലിലോ നോക്കണമായിരുന്നു. മണ്ഡലകാലവും ഉത്സവകാലവും ഏതാണ്ട് ഇരുട്ടുവെളുക്കും വരെ ഞാനും കൂട്ടാരും ഇങ്ങനെ  ഒരമ്പലത്തിൽ നിന്ന് മറ്റേതിലേക്ക് കറങ്ങിക്കറങ്ങി നടക്കും. അയ്യപ്പൻവിളക്കുകൾ എന്നുമുണ്ടാകും മണ്ഡലകാലം തുടങ്ങിയാൽ. കൊച്ചമ്പലത്തിലെ പാട്ടിന്റെ സ്ഥലത്തു ആദ്യമേ എത്തും എല്ലാ ഭജനയും കൂടെപ്പാടും - ശരണം വിളികളിൽ ഏറ്റവും ഉച്ചത്തിൽ എന്റെ ശബ്ദമാകും കേൾക്കുക . ഒക്കെ കഴിയുമ്പോൾ അവലും മലരും നേദ്യപ്പായസവും ഒക്കെയായി ഓരോ അയ്യപ്പവിളക്ക് ദിവസവും ജോറാണ്.  അയ്യപ്പനും ശങ്കരനാരായണ സ്വാമിയും സ്വന്തം ആളായിത്തോന്നുന്നതും വേറെ കാരണം കൊണ്ടല്ല. ഗണപതിയെ  ആണേൽ അന്നേ നമ്മുടെ ബ്രോ ആയിട്ടാണ് കാണുന്നത് - ആളെക്കണ്ടാൽ ആർക്കും ഒരു കൗതുകം തോന്നിപ്പോകും എന്നത് വേറെ കാര്യം.


        ജീവിതം പല ചാലുകളിലൂടെയോടിയെത്തിയത് മഞ്ഞുറയുന്ന മിൽവാക്കിയിലാണ്. താരതമ്യേന വളരെകുറച്ചു മലയാളികൾ മാത്രമുള്ള ഒരു സ്റ്റേറ്റ് ആണ് മിൽവാക്കി ഉൾപ്പെടുന്ന വിസ്കോൺസിൻ. കുറച്ചു മലയാളികളെ ഇവിടെ എത്തി ഏകദേശം ഒരു വര്ഷം കഴിഞ്ഞു പരിചയപ്പെട്ടപ്പോൾ തോന്നിയ ആശ്വാസം പറയത്തിനെളുതല്ല! ഇന്ത്യയിലെ എല്ലാ സംസ്ഥാനക്കാർക്കും കൂടി ഇവിടെ ഒരു അമ്പലമുണ്ട് - ശനിയും ഞായറും രാവിലെ മുതൽ രാത്രി വരെ പ്രവർത്തിക്കുന്ന ഒരു ജനകീയ അമ്പലം- ഹിന്ദു ടെമ്പിൾ ഓഫ് വിസ്കോൺസിന്. പേരൊക്കെ ഇങ്ങനെയാണെങ്കിലും ഇന്നുവരെ അവിടെ ആരെയും ഹിന്ദു ആണോ ക്രിസ്ത്യൻ ആണോ സിഖ് ആണോ എന്നൊന്നും നോക്കി മാറ്റുന്നത് ഞാൻ കണ്ടിട്ടില്ല. ആദ്യമാദ്യമൊക്കെ ഞങ്ങൾ അവിടെ പോകുന്നത്  ഞായറാഴ്ച ഒരു ഉച്ച ഉച്ചര ആകുമ്പോഴാണ് - ഒരു വെടിക്ക് രണ്ടു പക്ഷിയാണ് ഉദ്ദേശം. അത്യാവശ്യം അമ്പലം കറങ്ങലും ആകും ഉച്ചയ്ക്കത്തെ ഫുഡടിയും നടക്കും. എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച മലയാളികളുടെ വകയാണ് വൈകുന്നേരത്തെ പൂജ - മലയാളികളുടെ സ്വന്തം ദൈവം അയ്യപ്പൻ ആണല്ലോ, അതുകൊണ്ട് മാസത്തിലെ ആദ്യ ശനിയാഴ്ചകളിലെ വൈകുന്നേരങ്ങൾ സ്വാമി ശരണം വിളികൾക്കായി ബുക്ക് ചെയ്തു. 


       കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്കായിരുന്നു ആ ഭജന ദിനങ്ങൾ. പണ്ട് പാടിപ്പാടി മനസിലുറച്ച പാട്ടുകൾ ആരെങ്കിലും കേട്ടാലെന്ത് കരുതുമെന്നോർക്കാതെ വീണ്ടും എടുത്തു പെരുമാറാൻ കിട്ടുന്ന ചാൻസ്. "തേടി വരും കണ്ണുകളിൽ ഓടിയെത്തും സ്വാമിയും " " എൻ മനം പൊന്നമ്പലം തിൽ നിന്റെ ശ്രീരൂപ"വുമൊക്കെ ഒരിക്കൽക്കൂടി എന്നെയാ പാവാടക്കാരിയാക്കും. കുഞ്ഞുങ്ങളോടിക്കളിക്കുന്ന അമ്പലവും മാസത്തിലൊരിക്കൽ ഇങ്ങനെ കൂടുന്നൊരു മലയാളി കൂട്ടവും നല്ല രസാണ്. 
മണ്ഡലകാലം ആയാൽ മകരവിളക്ക് പൂജയ്ക്കുള്ള ദിവസം നേരത്തെ കൂട്ടി ഉറപ്പിക്കും.  സ്ഥിരമായി വ്രതമെടുത്തു മാലയിട്ട്  അന്നത്തെ ദിവസം അമ്പലത്തിൽ പൂജയൊക്കെ ചെയ്ത്, പ്രതീകാത്മകമായിട്ടൊരുക്കിയ പതിനെട്ടുപടിയിൽ പടിപൂജ നടത്തി കേട്ട് നിറച്ചു ശരണം വിളിച്ചു സ്വാമിമാർ മാല ഊരും.  'അയ്യനയ്യപ്പ സ്വാമി'യിൽ തുടങ്ങി ശരണം വിളികൾ മുഴക്കി  ഹരിവരാസനം ചൊല്ലി  ഇക്കൊല്ലത്തെയും മകരവിളക്ക് ഞങ്ങൾ ഈ മാസം ഇവിടുത്തെ അമ്പലത്തിൽ കൂടിച്ചേർന്നു ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ കേരളത്തിലുണ്ടായ  ശബരിമല പ്രവേശനത്തിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരാണ് ഇവിടെയും. പക്ഷേ, ഒരുമിച്ചുകൂടലുകളിൽ എല്ലാവരും പ്രവാസികൾ മാത്രമാകുന്നു. അതല്ലെങ്കിലും എന്തിൽ നിന്നെങ്കിലും ദൂരെ  മാറിനിൽക്കുമ്പോഴാണല്ലോ നഷ്ടങ്ങളെക്കുറിച്ചുള്ള ചിന്തയുണ്ടാകുന്നത്.  ഒരിക്കലും എൻ്റെ ഓർമകളാകില്ല ശബരിമല എന്നോർക്കുമ്പോഴോ അയ്യപ്പപ്പാട്ടുകൾ കേൾക്കുമ്പോഴോ അടുത്ത തലമുറയ്ക്കുണ്ടാകുക. 


        ഇവിടെയുള്ള എല്ലാ ആഘോഷങ്ങളും നാട്ടിൽ ആഘോഷിച്ചിരുന്നവയും കഴിയുന്നവയൊക്കെ കുഞ്ഞുങ്ങൾക്ക് വേണ്ടി ആഘോഷിക്കാറുണ്ട്. ഇപ്പോഴും എപ്പോഴും തോന്നാറുള്ളത് ആഘോഷങ്ങൾ എല്ലാം കുട്ടികൾക്ക് വേണ്ടിയുള്ളതാണെന്നാണ് - അവരുടെ ഓർമകൾക്ക് വേണ്ടി.  നമ്മളെല്ലാവരും ചെയ്യുന്നത് 20 -30 വർഷങ്ങൾക്ക് ശേഷമുള്ള കുറേ മുതിർന്നവർക്ക് കുട്ടിക്കാലത്തിനെക്കുറിച്ചോർത്ത് ഒരീറമോടെ നൊസ്റ്റു അടിക്കാനുള്ള വകയുണ്ടാക്കുക എന്നതാണ്. അങ്ങനെ ഓർമ്മകൾ കൊണ്ടവരെ സമ്പന്നരാക്കാം. മക്കളുടെ ഭാവിയിലേക്ക് ഹരിവരാസനം കൊണ്ടൊരു സ്നേഹമയമായ കുട്ടിക്കാല ഓർമ്മ  - അതാണ് ഞങ്ങളുടെ മകരവിളക്ക് ആഘോഷം!