Thursday, April 23, 2020

'വെള്ളാടിമുത്തി'

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1991
നാവായിക്കുളം പിജി തിയറ്ററെന്ന എന്റെ സിനിമാസങ്കൽപ്പങ്ങളുടെ പറുദീസയിൽ അന്നൊരു മില്ല് കൂടിയുണ്ടായിരുന്നു.. അരിയും മുളകും മല്ലിയും ഒക്കെ പൊടിപ്പിക്കാനും എണ്ണയാട്ടാനും ബൾക്ക് ആയി മാവരയ്ക്കാനും ഒക്കെ ആൾക്കാർ പോയിരുന്നത് അവിടെയാണ്. അമ്പലത്തിന് മുൻവശത്തും ഒരു മില്ലുണ്ടായിരുന്നതുകൊണ്ട് പിജി തിയറ്ററിലെ മില്ല് പടിഞ്ഞാറേക്കരക്കാരും മറ്റേത് കിഴക്കേക്കരക്കാരും അവരവരുടെ സ്വന്തമായി കരുതി. പിജി തിയറ്ററിലെ മില്ലിൽ ഇതൊക്കെ പൊടിക്കാൻ നിന്നിരുന്ന അണ്ണൻ നമുക്കൊരു ഹീറോ ആയിരുന്നേ - ഈ യന്ത്രങ്ങളുടെ പ്രവർത്തനം ഒക്കെ അറിയാവുന്ന ആളാണല്ലോ  ആളുടെ പേരൊക്കെ ഇപ്പോൾ മറന്നുപോയി - സുനിയെന്നോ സജിയെന്നോ മറ്റോ ആയിരുന്നോ എന്ന് സംശയമുണ്ട്.

ഒന്നാം ക്ലാസ് രണ്ടാം ക്ലാസ് മുതലൊക്കെത്തന്നെ വീട്ടിൽ നിന്ന് ഈ മുളക് മല്ലി പൊടിപ്പിക്കാൻ പോകൽ എൻ്റെ ഒരു കുത്തകയാണ്. 'അമ്മ കൊണ്ടുവെച്ചുതന്നിട്ട് പോകും, നമ്മളുടെ ഊഴം ആകുംവരെ നിൽക്കാനുള്ള സമയം അമ്മയ്ക്കുണ്ടാകില്ല.. എന്നാലോ സാമർത്ഥ്യക്കാർ കവറിന്റെയൊപ്പം ആളില്ലെങ്കിൽ വരിതെറ്റിച്ചു കാര്യം നടത്തിപ്പോകുകയും ചെയ്യും. നാട്ടിൻപുറമല്ലേ ഇതൊക്കെയാണല്ലോ ഒരു രസം. ഇതൊഴിവാക്കാനാണ് അമ്മ എന്നെ അവിടെ നിർത്തിപ്പോകുന്നത്. സമയത്തിന് നമ്മളുടെ സാധനമെടുത്തു കൊടുക്കണം പൊടിപ്പിക്കണം, ഏറ്റാൻ പറ്റുന്നത് വീട്ടിലെത്തിക്കണം ബാക്കി അമ്മയെടുത്തോണ്ട് വന്നുകൊള്ളും. പക്ഷേ, അമ്മയ്ക്കറിയാത്ത ഒരു നിഗൂഢഉദ്ദേശ്യം എനിക്ക് ഉണ്ടായിരുന്നു - തീർത്തും സ്വാർത്ഥമായ ഒരാഗ്രഹത്തിന്റെ പുറത്താണ് ഞാൻ ഈ മുളക് -മല്ലി വ്യാപാരത്തിന് ഇറങ്ങുന്നതെന്ന് പാവം അമ്മയ്ക്കറിയില്ലല്ലോ... അതെന്താണെന്നല്ലേ? അതായതുത്തമാ - ഈ പൊടിപ്പിക്കലിന്റെ ക്യൂ മിനിമം ഒരു രണ്ടുമണിക്കൂർ പിടിക്കും, ആ സമയം മുഴുവൻ എനിക്ക് അതേ പറമ്പിൽത്തന്നെയുളള സിനിമാക്കൊട്ടകയുടെ വാതിലിനു പുറത്തിരുന്ന് സിനിമ മുഴുവൻ കേൾക്കാം! എപ്പടി ഐഡിയ? ഒന്ന് പ്ലാൻ ചെയ്ത് പോയാൽ ഏതാണ്ട് കാൽഭാഗം മുതൽ ക്ലൈമാക്സ് വരെയും കേൾക്കാം.

കേബിളോ യുട്യൂബോ ഒന്നും കേട്ടുകേൾവി പോലുമില്ലാതിരുന്ന ആ കാലത്ത് ഞാൻ മനഃപാഠമാക്കിയ സിനിമകളുടെ ഡയലോഗുകൾ, പാട്ടുകൾ ... ഹാ - അതൊരു കാലം!!
അതിലൊരു സിനിമ ഇപ്പോഴും ഓർമയിൽ നിൽക്കുന്നത് അന്നത്തെ 'സിനിമാക്കേൾവി' അത്ര സുഖകരമല്ലാതെ അവസാനിച്ചതുകൊണ്ടാണ്. ആ ആഴ്ചത്തെ സിനിമ ഞങ്ങൾ കാണാൻ പോയിട്ടില്ല, അച്ഛൻ വന്നിട്ട് പിറ്റേന്ന് പോകുമായിരിക്കും - നല്ല കുടുംബചിത്രം ആണെന്നു കേട്ടിരിക്കുന്നു .. ജയറാമാണ് നായകൻ - പക്ഷേ അട്രാക്ഷൻ അതല്ല - മാളൂട്ടിയില്ലേ മാളൂട്ടി -അതന്നെ നമ്മടെ സ്വന്തം ബേബി ശ്യാമിലി കക്ഷിയുണ്ട് അതിൽ - പൂക്കാലം വരവായി. അങ്ങനെ പിറ്റേദിവസം കാണാൻ പോകാനുള്ള സിനിമയാണ് ഓടുന്നത് എങ്കിലും അന്ന് മുളകും മല്ലിയും കൊണ്ട് പൊടിക്കാൻ വെച്ചിട്ട് ഞാൻ ചെവിവട്ടം പിടിച്ച് ഒരു കതകിന് പുറത്തുനിന്നു. ജയറാം കൊച്ചിനെയും കൊണ്ട് വന്നിട്ട് സുനിതയെ കാണിക്കാൻ കൊണ്ടുവരുന്ന രംഗമാണ്. ശബ്ദം കൊണ്ട് ആളെതിരിച്ചറിയാൻ ഒക്കെ ശ്രമിച്ചുകൊണ്ട് അങ്ങനെ നിൽക്കുകയാണ് ഞാൻ, സിനിമ കണ്ടവർക്കറിയാം സുനിതയുടെ പടം വരച്ചിട്ട് 'വെള്ളാടിമുത്തി' എന്നും പറഞ്ഞ് കുഞ്ഞിനെ പേടിപ്പിച്ച് വെച്ചിരിക്കുകയാണ് ജയറാം, അതിന്റെ പേരിൽ സുനിതയുടെ കഥാപാത്രം പിണങ്ങുന്ന രംഗവും പിന്നെ ശ്യാമിലിയുംസുനിതയും കൂട്ടായിട്ടുള്ളൊരു പാട്ടുരംഗവും.

ഇതൊക്കെ കേട്ട് ആസ്വദിച്ച് മുന്പറമ്പിൽ നിന്നും പൊട്ടിച്ച കൈപ്പൻ പേരയ്ക്ക കടിച്ചുംകൊണ്ടും ഞാനങ്ങനെ സ്ഥലകാലബോധം ഇല്ലാതെ നിൽക്കുമ്പോൾ പുറകിൽ നിന്നൊരു വിളി "ഡീ" ന്ന്. വിളിയല്ല ഒരലർച്ച തന്നെ. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അവിടെ കൊട്ടകയുടെ വാതിലിൽ ടിക്കറ്റു മേടിക്കാനിരിക്കുന്ന അപ്പൂപ്പൻ കണ്ണൊക്കെ ചുമപ്പിച്ച് ദേഷ്യത്തിൽ എന്നെ നോക്കിനിൽക്കുവാ. ഞാനങ്ങനെ അവിടെ വന്നു ഒളിഞ്ഞുകേട്ടുനിൽക്കുന്നത് കക്ഷിക്ക് ഇഷ്ടായില്ല.. നല്ല കണ്ണുപൊട്ടുന്ന ചീത്ത! ഇതിനുമുന്നേ കക്ഷിക്ക് അറിയാം ഞാനിത് ചെയ്യുമെന്ന് - പക്ഷേ കിട്ടീട്ടില്ല, അത്രയും നാൾ എനിക്ക് പിടി വീണിട്ടുമില്ല. അന്നത്തെ പാട്ടാണ് കുഴപ്പിച്ചത് അല്ലെങ്കിൽ ഞാനിടയ്ക്കൊരു ചുറ്റുചുറ്റിയാണ് വീണ്ടും വന്നു നിൽക്കുക (4 വാതിലുണ്ടല്ലോ) . എന്തായാലുംഅപ്രതീക്ഷിത ചീത്തവിളിയിൽ ഞാനൊന്നു പകച്ചു .. ഉറക്കെ ഒറ്റക്കരച്ചില് വെച്ചുകൊടുത്തു. അപ്പൂപ്പൻ 'പണി പാളിയോ' എന്ന് സംശയിച്ച തക്കത്തിന് ഞാൻ റോഡും മുറിച്ചോടി വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. അന്ന് പൊടിച്ചതൊക്കെ എടുക്കാൻ അമ്മയ്‌ക്കൊപ്പം പോയപ്പോൾ അപ്പൂപ്പനോട് അമ്മ ഇതൊന്നു സൂചിപ്പിച്ചു, കാശു കൊടുത്തു കാണണം എന്നൊരു മറുപടിയും കിട്ടി. അതോടെ എന്റെ ആ സിനിമാക്കേൾവികൾ അവസാനിച്ചു!

https://www.youtube.com/watch?v=XWSP-ElYwYw


#100DaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongsToLove
#Day97

2 comments:

  1. " ഡീ " എന്ന വിളിയിലൂടെ പാട്ടുക്കേട്ട മൂഢെല്ലാം പോയല്ലോ!
    ആശംസകൾ

    ReplyDelete
  2. അപ്പോൾ ഒളിഞ്ഞു കേക്കൽ  അന്നേ  തുടങ്ങിയതാണല്ലേ 

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)