Thursday, February 20, 2020

"പോവോമ്മാ ഊർഗോളം ... ഭൂലോകം എങ്കെങ്കും..."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1991
ചേട്ടന്മാർ പഠിച്ച സമയത്ത് അവരുടെ അതേ ബാച്ചിൽ പഠിച്ചിരുന്ന ഒരു ചേച്ചി ഉണ്ടായിരുന്നു - അമ്പിളി എന്നാണ് പേരോർമ്മ. തെറ്റാണോയെന്ന് ചേട്ടന്മാരോ, അവരുടെ ബാച്ചിലെ ആരെങ്കിലുമോ വന്നു പറയണം, അതുവരെ നമുക്ക് കക്ഷിയെ അമ്പിളി എന്നുതന്നെ വിളിക്കാം. ഞാനും ചേട്ടന്മാരും 5 വയസു വ്യതാസമുണ്ടായിരുന്നത് കൊണ്ട് അവർ ഹൈ സ്‌കൂളിലേക്ക് എത്തിക്കഴിഞ്ഞിട്ടേ ഞാൻ അവരുടെ സ്‌കൂളിലേക്ക് എത്തിയുള്ളൂ. ഇവന്മാര് ഇരട്ടകൾ ആയതുകൊണ്ടും അത്യാവശ്യം പഠിത്തം, കലാപരിപാടികൾ ഇതിലൊക്കെ തല കൊണ്ടുവെച്ചിരുന്നതുകൊണ്ടും വിനയകുനയന്മാർ ആയിരുന്നതുകൊണ്ടും സ്‌കൂളിൽ എല്ലാർക്കും ഇവരെ അറിയാം - 
എന്തൊരു പാരയാണെന്ന് നോക്കണേ .. നമ്മളെ ആദ്യമായി പഠിപ്പിക്കാൻ വരുന്ന സാറന്മാരും ടീച്ചറന്മാരും എല്ലാം പേര് ചോദിക്കാൻ എണീപ്പിക്കുന്ന ഫസ്റ്റ് പീരിയഡിൽ തന്നെ ശരമെയ്യും "ആഹാ നീയാ അംജിത്തിന്റെയും അമിതാബിന്റെയും പെങ്ങളല്ലേ" (ഞങ്ങ മലയാളം മീഡിയം പിള്ളേർക്ക് അന്ന് ആണുങ്ങളായിട്ടുള്ള അദ്ധ്യാപകർ സാറന്മാരും, പെണ്ണുങ്ങൾ ടീച്ചറന്മാരും ആയിരുന്നു  ) - എനിക്ക് അവരെ അറിയുകയേ ഇല്ലായെന്ന് പറയണമെന്നുണ്ട് - കിം ഫലം?! അടുത്ത വാചകം ഉടനെത്തും "മോഹനൻ സാറിനേയും ടീച്ചറിനേയും കണ്ടായിരുന്നു ബുക്ക് വാങ്ങാൻ വന്നപ്പോൾ/ സ്കോളർഷിപ് ഒപ്പിടാൻ വന്നപ്പോൾ/ ഫോം തരാൻ വന്നപ്പോൾ " - അതായതുത്തമാ അച്ഛനേയും അമ്മയേയും നന്നായി അറിയാം, അധികം വിളച്ചിൽ വേണ്ടാന്ന്! അതോടെ ഞാൻ പകുതി കാറ്റുപോയ ബലൂൺ ആകും. പിന്നെ നായയുടെ വാല് പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും തിരിച്ചെടുക്കുമ്പോൾ വളഞ്ഞല്ലേ ഇരിക്കൂ! അതുകൊണ്ട് ആദ്യത്തെ ഒരു മാസം കഴിയുമ്പോൾ ഞാനെൻ്റെ സ്വന്തം സ്വഭാവം പുറത്തെടുക്കുകയും അദ്ധ്യാപകർ എല്ലാരും ഒന്നടങ്കം അടുത്ത വട്ടം അമ്മയെ കാണുമ്പോൾ "അവന്മാര് എന്ത് പാവങ്ങളാണ്ന്നാ...." എന്ന് പറഞ്ഞുതുടങ്ങുകയും ചെയ്യും. ഞാൻ ആ സ്‌കൂളിൽ നിന്നും ഇറങ്ങുംവരെ ഇതെൻ്റെ കൂടെത്തന്നെ ഉണ്ടായിരുന്നു - വിക്രം വേതാളം പോലെ.

ഈ രണ്ടാളും സ്‌കൂളിൽ പോപ്പുലർ ആയിരുന്നത്കൊണ്ടുള്ള ഗുണം - സീനിയർ ചേച്ചിമാർക്കൊക്കെ നമ്മളെ വലിയ കാര്യമാ .. പരീക്ഷാഹാളിൽ അടുത്ത് വന്നിരിക്കുന്ന ചേച്ചിമാർക്കൊക്കെ നമ്മളോട് വൻ പരിഗണന ആണ്. യുവജനോത്സവം ആകുമ്പോഴും സ്പോർട്സ് മീറ്റ് വരുമ്പോഴും എന്നുവേണ്ട സകല കാര്യത്തിനും നമുക്കീ സീനിയർ പിന്തുണ കിട്ടും. ചേട്ടന്മാരുടെ സുഹൃത്തുക്കൾ - വീടിനടുത്തുള്ള മിക്കവരും എൻ്റെ സ്വന്തം 'ബ്രോ ഗ്യാങ്' ആയിരുന്നു. ചേട്ടന്മാർ മൂന്നിലോ നാലിലോ ഒക്കെ പഠിക്കുമ്പോൾ അമ്മയോട് അനുവാദം ചോദിക്കും, പുറത്തെ തെങ്ങിൻപറമ്പിലോ പാറപ്പുറത്തോ അമ്പലപ്പറമ്പിലോ കൂട്ടുകാർക്കൊപ്പം പോയിക്കളിക്കാൻ. അമ്മയുടെ മറുപടി രസകരമാണ്, അവിടെ മൂലയ്ക്ക് മൂക്കും തോണ്ടിയിരിക്കുന്ന എന്നെച്ചൂണ്ടി അമ്മ പറയും - "ദോ, ആ സാധനത്തിനെക്കൂടി കൊണ്ടുപോകാമെങ്കിൽ നിങ്ങൾക്ക് പോകാം, ഇല്ലെങ്കിൽ പോണ്ട" വെട്ടൊന്ന് മുറി രണ്ടുപോലാണ് "'അമ്മ ശാസനം", പിന്നെ അപ്പീലോന്നുമില്ല. പാവം ചേട്ടന്മാർ ഈ ശല്യത്തിനെക്കൂടി കൂടെ കൊണ്ടുപോകാം എന്നങ്ങ് തീരുമാനിക്കും. ഉപ്പേർ കളിക്കാനും, പന്ത് കളിക്കാനും, ക്രിക്കറ്റ് കളിക്കാനുമൊക്കെ ആ ആൺകൂട്ടത്തോടൊപ്പം ഞാനും കൂടി - സ്വന്തമായി ഒരു ഗ്യാങ് ഞാനുണ്ടാക്കിയെടുക്കും വരെ. എന്നെ ഈ ചെക്കന്മാരുടെ ഗ്രൂപ്പ് നല്ലോണം പറ്റിച്ചിട്ടുമുണ്ട് - ആദ്യത്തെ ബാറ്റിങ് തന്ന് ഔട്ടാക്കി ഇരുത്തുകയും, ഒരു തരത്തിലും ബാൾ എത്താത്തയിടത്തു കൊണ്ട് ഫീൽഡിങ്ങിനു നിർത്തിയതുമൊന്നും ഞാൻ മറന്നിട്ടില്ലാട്ടാ 
പറഞ്ഞുപറഞ്ഞ് ഇതിപ്പോ ചേട്ടന്മാരെക്കുറിച്ചായിപ്പോകും - അതോണ്ട് നമുക്കാ പാട്ടുകാരിയിലേക്ക് തിരികെപ്പോകാം. സ്‌കൂളിലെ അത്യാവശ്യം പാടുന്ന ചേച്ചിയായിരുന്നു ഈ അമ്പിളിച്ചേച്ചി. സംഘഗാനം, ലളിതഗാനത്തിനൊക്കെ ഹൈസ്ക്കൂൾ തലത്തിൽ അവരുടെ ടീമിനാണ് ഫസ്റ്റ് കിട്ടുക. പഠിത്തത്തിൽ പിന്നിലായിരുന്നെങ്കിലും മ്യൂസിക് പീരിയഡിൽ ആള് സൂപ്പർ സ്റ്റാർ ആകും! അതിമധുരമായ ശബ്ദം -എത്ര ഹൈ പിച്ച് പാട്ടും ഭാവഭേദം കൂടാതെ പാടാനുള്ള കഴിവ് - എങ്ങനെ സൂപ്പർ സ്റ്റാറാകാതിരിക്കും? അന്നത്തെ സംഗീതം ടീച്ചർ - ലളിതാംബിക ടീച്ചർ ആണ്. ഇടക്കൊക്കെ ചീത്തയൊക്കെ കിട്ടിയിട്ടുണ്ടെങ്കിലും എനിക്ക് ഇഷ്ടമുള്ള ടീച്ചർ ആയിരുന്നു പുള്ളിക്കാരി. ഞാനാദ്യമായി മരത്തിൽ കായ്ക്കുന്ന 'മുന്തിരിയെക്കുറിച്ചു കേൾക്കുന്നത് ടീച്ചർ പറഞ്ഞിട്ടാണ്, അവരുടെ വീട്ടിലുണ്ടായിരുന്നുവത്രേ.


ടീച്ചറിനൊരു സ്വഭാവമുണ്ടായിരുന്നു. നന്നായി പാടുന്ന കുട്ടികളെ മറ്റ് ക്‌ളാസുകളിലെ മ്യൂസിക് പീരിയഡിൽ അവിടെ കൊണ്ടുവന്നു പാടിക്കും. ഈ ഒരൊറ്റ കാരണം കൊണ്ടാണ് അമ്പിളിച്ചേച്ചി ചേട്ടന്മാരുടെ ക്‌ളാസ് അല്ലായിരുന്നു എന്ന് ഞാൻ ഓർക്കുന്നത്. ആ ചേച്ചിയെ ചേട്ടന്മാരുടെ ക്‌ളാസിലെ മ്യൂസിക് പീരിയഡിൽ കൊണ്ടുവന്നു പാടിക്കുന്നത് ഇവർക്ക് അത്ര പിടിച്ചിരുന്നില്ല. ഇപ്പോൾ ആ ചേച്ചി എവിടെയാണെന്ന് അറിയില്ല, പത്താം ക്‌ളാസ് കഴിഞ്ഞപ്പോൾ പഠിത്തം നിർത്തിയിരിക്കണം, അങ്ങനെ നിർത്തുന്നവർ ജീവിതം തുടർന്നിരുന്നത്പോലെ അണ്ടിയാപ്പീസിൽ ജോലിക്ക് ചേർന്നിരുന്നിരിക്കണം, പഠിപ്പിനൊപ്പം പാട്ടും നിർത്തിയിരുന്നിരിക്കണം! ഇന്നാലോചിക്കുമ്പോൾ തോന്നും - ഒരുപക്ഷേ, കടുത്ത ജീവിത സാഹചര്യങ്ങളിൽ നിന്ന് വന്നിരുന്ന ആ പെൺകുട്ടിക്ക് ജീവിതത്തിലേക്ക് എന്നെന്നും എടുത്തുവെയ്ക്കാൻ പറ്റിയ സുവർണ നിമിഷങ്ങൾ ആകണം ആ സംഗീതം ക്‌ളാസുകൾ!

സിനിമയിൽ കണ്ടതല്ലാതെ ഈ പാട്ട് അമ്പിളിച്ചേച്ചി പാടിയാണ് ഞാനേറ്റവും കൂടുതൽ കേട്ടിട്ടുള്ളത്. മാസ്റ്റർപീസ് എന്ന് പറയാവുന്ന ഒരൈറ്റം.
"പോവോമ്മാ ഊർഗോളം ...
ഭൂലോകം എങ്കെങ്കും..."

വരികൾ തെറ്റായിട്ടായിരുന്നിരിക്കണം അന്ന് പാടിയിരുന്നത് എന്ന് പിന്നീട് തോന്നി - പക്ഷേ ഈണവും ഭാവവും കടുകിട തെറ്റിയിരുന്നില്ല! ഉച്ചയൂണ് സമയത്ത് സ്‌കൂൾ ഗ്രൗണ്ടിൽ വട്ടം കൂടിനിൽക്കുന്ന യു പി പിള്ളേരുടെ അഭ്യർത്ഥന മാനിച്ച് ഈ പാട്ടു പാടുന്ന അമ്പിളിച്ചേച്ചി - കഴുത്തിലെ കറുത്ത ചരടും, ചന്ദനക്കുറിയും, താളം പിടിക്കുന്ന കാൽവിരലുകളും, ഉയർന്ന ശ്രുതിയിലേക്ക് കയറുമ്പോൾ അടയുന്ന കണ്ണുകളും എല്ലാം നോക്കി വായ പൊളിച്ചു നിൽക്കുന്ന ഞാനും! അതാണെനിക്കീ പാട്ട്!

----------------------------------------------------------------------------------------------------------------------------------------
#100DaysOfSongs
#100DaysToLove
#100SongsToLove
#Day37

4 comments:

  1. അമ്പിളിച്ചേച്ചി - കഴുത്തിലെ കറുത്ത ചരടും, ചന്ദനക്കുറിയും, താളം പിടിക്കുന്ന കാൽവിരലുകളും, ഉയർന്ന ശ്രുതിയിലേക്ക് കയറുമ്പോൾ അടയുന്ന കണ്ണുകളും എല്ലാം നോക്കി വായ പൊളിച്ചു നിൽക്കുന്ന ഞാനും! അതാണെനിക്കീ പാട്ട്!
    പാട്ടോർമ്മകളും, ആളോർമ്മകളും ...
    ആശംസകൾ

    ReplyDelete
  2. ഈ ചേട്ടന്മാർ പെങ്ങൻമ്മാർക്ക് മഹാപാരകളായിരിക്കും അല്ലേ?

    പാട്ട് കേട്ടിട്ടേയില്ല.

    ReplyDelete
  3. ചേട്ടന്മാരുടെ അനിയത്തി പട്ടം കാരണമുള്ള ബുദ്ധിമുട്ടുകൾ വായിച്ചു ചിരി പൊട്ടി വരികയായിരുന്നു. എനിക്കും ഓർക്കാനുണ്ട്.. ഇങ്ങനെ പലതും.അവസാനം അമ്പിളി ചേച്ചിയുടെ കാര്യം വന്നപ്പോൾ സങ്കടം ആയി.. കഴിവുള്ള എത്രയോ പേർ പഠിപ്പിന് full stop ഇട്ട് ഏതെങ്കിലും വീട്ടിൽ പുകഞ്ഞിരുപ്പുണ്ടാകും ! കോളേജും മറ്റും degree കിട്ടാനുള്ള ഇടങ്ങളല്ല. ഒരു പുതു ലോകത്തിലേക്കുള്ള വാതിൽ ആണ്. സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളുടെ പേരിൽ ഒരു വിഭാഗത്തിന്, അത്തരം അവസരം നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിൽ എന്ത് തുല്യ നീതിയാണുള്ളത്!

    പാട്ടിനെ പറ്റി പറയുകയാണെങ്കിൽ 'ചിന്ന തമ്പിയിലെ 'എല്ലാ പാട്ടുകളും ജീവനായിരുന്നു ഒരു കാലത്ത്... ഈ പാട്ടും നൊസ്റ്റാൾജിയ തന്നെ... ആർഷയുടെ കുറിപ്പും പാട്ടിന്റെ ഓർമയും ഒരുപോലെ പ്രിയതരം. ❤️❤️❤️

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)