Monday, February 24, 2020

പാണ്ടിമേളം പാട്ടും കൂത്തും ....

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2005
പത്തനംതിട്ടയിലെ കോളേജിൽ പഠിപ്പിച്ചിരുന്ന സമയത്ത് കിട്ടിയ നാലഞ്ച് സൗഹൃദങ്ങൾ ഇന്നും വളരെ പ്രിയപ്പെട്ടവയാണ്. അവിടെ പെരിനാട് നിന്ന്, തട്ടുതട്ടായിക്കിടക്കുന്ന കൈതച്ചക്കത്തോട്ടങ്ങൾ (പൈനാപ്പിൾ) കണ്ടുകണ്ടു മല കയറിക്കയറിപ്പോകുന്ന യാത്രയുടെ അവസാനം ആ കുന്നിനുച്ചിമണ്ടയിൽ ഭംഗിയുള്ളൊരു കോളേജ് കെട്ടിടം ചിരിച്ചു നിന്നിരുന്നു. ആ നിരന്ന തറയിൽ എത്തും മുൻപുള്ള തട്ടിലായിരുന്നു ലേഡീസ് ഹോസ്റ്റൽ. രാത്രിയായാൽ ചീവീടുകളുടെ പാട്ടും, എല്ലുകുളിരുന്ന തണുപ്പുമുണ്ടായിരുന്ന അവിടുത്തെ ജീവിതവും രസമുള്ള ഓർമയാണ്. ആദ്യം കുറച്ചുനാൾ ഹോസ്റ്റലിന്റെ താഴെനിലയിൽ തന്നെയുള്ള ഒരു ഡോമിലായിരുന്നു എനിക്ക് സ്ഥലം കിട്ടിയത് - രമ എന്ന എപ്പോഴും ചിരിക്കുന്ന പാവം ഭാവമുള്ളയാൾ, പ്രതിഭ എന്ന നീളക്കാരി, നിയ എന്ന കോട്ടയംകാരി അച്ചായത്തി, ഉരുണ്ട മാന്മിഴിയുണ്ടായിരുന്ന മറ്റൊരാൾ സിനി എന്നായിരുന്നോ പേരെന്ന് ഓർമ എന്നോട് ചോദിക്കുന്നുണ്ട്! - ഇവർക്കിടയിലേക്ക് 'അഞ്ചാമൾ ' ആയിട്ടാണ് ഞാൻ കടന്നുചെന്നത്. കോളേജ് ഹോസ്റ്റൽ ജീവിതത്തിനൊരു എക്സ്റ്റൻഷൻ പോലായിരുന്നു അവിടുത്തെ ജീവിതം. ഇടയ്ക്ക് വരാന്തയിൽ പുറത്തുകാണുന്ന പിള്ളേരോട് ഒരു മസിലുപിടിത്തം കാണിക്കുമെങ്കിലും ഡോമിനുള്ളിൽ കയറി വാതിലടച്ചാൽ പിന്നെ ഞങ്ങളാരാ അവരാരാ എന്ന് നമുക്ക് തന്നെ ഒരു ബോധോമില്ല എന്ന അവസ്ഥ. ഈ അഞ്ചുപേരും 2004 -2003 ഒക്കെ എൻജിനീയറിങ് കഴിഞ്ഞ് ഇറങ്ങിയവരാണ് എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ - അദ്ധ്യാർത്ഥി എന്നൊരവസ്ഥ! ആറാമതൊരാളായി കടന്നുവന്ന സുമോൾ മിസ്സ് ഗൃഹസ്ഥാശ്രമം എന്ന വിഷമവൃത്തത്തിനിടയിൽ എത്തിപ്പെട്ടത് ഞങ്ങൾക്കിടയിലായിരുന്നു. ഞങ്ങളുടെ കത്തിയടി/പാട്ടുപാടൽ ബഹളങ്ങൾക്കിടയിൽ പിറ്റേന്നത്തെ ക്ലാസിലേക്ക് തയ്യാറെടുക്കാൻ വിഷമിച്ചിരുന്ന മിസ്സിനെ രമ പലപ്പോഴും വേറെയിടങ്ങളിലേക്ക് രക്ഷിച്ചുകൊണ്ടുപോകും.


കുറച്ചു ദിവസം കഴിഞ്ഞപ്പോൾ എനിക്ക് മുകളിലെ നിലയിലെ ഒരു റൂമിലേക്ക് സ്ഥാനക്കയറ്റം കിട്ടി - നിഷാ സോംസ് എന്ന തിരുവന്തോരംകാരിക്കും, ഗ്ലാക്‌സി എന്ന മൂവാറ്റുപുഴക്കാരിക്കും അപ്പുറത്തൊരു ബെഡിൽ ഞാനും ചേക്കേറി. ശ്രീജ, മെഗ്‌ദ , സ്മിത, ചാന്ദ്നി ഇവരൊക്കെ ചേർന്നൊരു അയൽപക്കലോകം. ശ്രീജയുടെ പാട്ടുകളാണ് അവിടുത്തെ ലോകത്തിലേറ്റവും ഓർമ. പിന്നെയുള്ളത് മെഗ്ദയുടെ പൊടിപ്പും തൊങ്ങലും വെച്ചുള്ള കഥകൾ - ആക്കൂട്ടത്തിൽ കല്യാണം കഴിഞ്ഞു കുട്ടിയെ വീട്ടിലാക്കി ഹോസ്റ്റൽ ജീവിതം ജീവിക്കേണ്ടി വന്ന ഒരേയൊരാൾ മെഗ്‌ദ ആയിരുന്നു. ആ പേരിനോട് തന്നെ ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു മെഗ്‌ദയെ പരിചയപ്പെടുമ്പോൾ. എല്ലാ വെള്ളിയാഴ്ചയും മെഗ്‌ദ ഓടും തിരുവനന്തപുരത്തേക്ക് - രാത്രി വൈകിയെത്തുമ്പോൾ അവിടെ പുള്ളിക്കാരിയുടെ സജിത്തേട്ടൻ വിളിക്കാൻ വന്നു നിൽക്കുന്നുണ്ടാകും, തിങ്കളാഴ്ച വെളുപ്പിനേയുള്ള വണ്ടിക്ക് കേറി കോളേജിൽ എത്തിക്കഴിയുമ്പോൾ കുഞ്ഞിനെ വിട്ടുവന്നതോർത്ത് അന്നുമുഴുവൻ ആൾ മൂഡോഫ് ആകും. അപ്പോൾ ഞങ്ങൾ ആശാട്ടിയുടെ വീരസാഹസിക പ്രണയ കഥ പറയാൻ പറയും - ഒട്ടും ആവേശം ചോരാതെ വീണ്ടും വീണ്ടും ആ കഥ പറഞ്ഞു ഞങ്ങളെ ത്രില്ലടിപ്പിക്കുന്ന മെഗ്‌ദയുടെ മുഖം!


അങ്ങനെയിരിക്കേ ഞങ്ങൾ കുറച്ചുപേർ നിഷയുടെ വീട്ടിൽ ഒരു ദിവസം ചിലവഴിക്കാൻ തീരുമാനിച്ചു (എന്തിനായിരുന്നു അതെന്ന് ഇപ്പോൾ ഒരോർമയുമില്ല!). തിരുവനന്തപുരത്ത് പോങ്ങുംമൂട് അടുത്താണ് നിഷയുടെ പുതിയതായി പണികഴിപ്പിച്ച വീട്. മകളോടൊപ്പം ജോലി ചെയ്യുന്ന നാലഞ്ച് പെൺകുട്ടികൾ വീട്ടിലെത്തിയപ്പോൾ അവിടെ അച്ഛനും അമ്മയ്ക്കും അവളുടെ അനിയത്തിയ്ക്കുമൊക്കെ വൻ സന്തോഷം. സൽക്കാരത്തോട് സൽക്കാരം ... അതും കഴിഞ്ഞ് ഞങ്ങളെയും കൊണ്ട് അപ്പോഴത്തെ പുത്തൻപുതിയ സിനിമ കാണിക്കാൻ തമ്പാന്നൂർ തിയറ്ററിൽ കൊണ്ടുപോയി. ശ്രീവിശാഖ് / ശ്രീകുമാർ ആയിരുന്നു എന്നാണ് ഓർമ. പടം പൊളിയായിരിക്കും എന്ന് പോസ്റ്റർ കണ്ടപ്പോഴേ തോന്നി - മമ്മൂട്ടി ഒരുമാതിരി തിളങ്ങുന്ന ജൂബയും, കറുത്ത മുണ്ടും, കുറെ സ്വർണമാലയും അതും പോരാഞ്ഞ് കൂളിംഗ് ഗ്ലാസും വെച്ച് നിൽക്കുന്ന എമണ്ടൻ പോസ്റ്ററുകൾ തലസ്ഥാനം മുഴുവൻ! ഇങ്ങോർക്ക് ശരിക്കും കൂളിംഗ്‌ഗ്ലാസിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ടെന്നോർത്താണ് ഈ സിനിമയ്ക്ക് പോയത് -അല്ലെങ്കിൽപിന്നെ ബോധമുള്ള ആരേലും ഈ കൈലിമുണ്ടിനൊപ്പം കൂളിംഗ് ഗ്ലാസ് വെക്കുമോ! പക്ഷേ...... പക്ഷേ ആ രണ്ടു രണ്ടര മണിക്കൂർ - ചിരിച്ചു ചിരിച്ചു മണ്ണുകപ്പി, ഈ പാട്ട് വന്നപ്പോൾ ഇളകിമറിഞ്ഞ സദസ്സിനൊപ്പം ഞങ്ങളും കൂകിയാർത്തു, ഇടക്കൊന്നു കണ്ണുനിറച്ചു - പടം തീർന്നിറങ്ങിയപ്പോൾ അതിലെ 'ഒരു വരവൂടെ വരേണ്ടിവരും, പുലിയല്ല ഒരു സിംഗം , സ്ഥാവരോം ജംഗമോം' ഉൾപ്പെടെയുള്ള ഡയലോഗുകളും കൊണ്ടാണ് പോന്നത്. പിന്നെത്രയോ സൗഹൃദ സദസുകളിൽ ഈ ഡയലോഗിന്റെ പല രൂപഭാവങ്ങൾ കേട്ട് ചിരിച്ചിരിക്കുന്നു!


രാജമാണിക്യം - എന്ന സിനിമ തിരുന്തോരത്തെ ഒരു തിയറ്ററിൽ നിന്നാണോ നിങ്ങൾ കണ്ടത്? എങ്കിൽ യുവർ എക്സ്പെരിയൻസ് വാസ് ഓസം 
അന്നത്തെ ആ 'അദ്ധ്യാർത്ഥി'പെണ്ണുങ്ങൾക്ക് സമർപ്പിക്കുന്നു ഈ പാട്ട്!

---------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

2 comments:

  1. ഇഷ്ടമില്ലാത്ത സിനിമകളിലൊന്നും, ഏറ്റവും വെറുക്കുന്ന പാട്ടുകളിലൊന്നും ...

    എന്ന് ഷൈലോക്ക് കണ്ടു തീർന്ന വിഷമത്തിലിരിക്കുന്ന ആം ദ് ഞാൻ..

    ReplyDelete
  2. രാജമാണിക്യം - എന്ന സിനിമ തിരുന്തോരത്തെ ഒരു തിയറ്ററിൽ നിന്നാണോ നിങ്ങൾ കണ്ടത്? എങ്കിൽ യുവർ എക്സ്പെരിയൻസ് വാസ് ഓസം ...

    ReplyDelete

അഭിപ്രായം രേഖപ്പെടുത്താം..ഇനിയും നന്നാക്കാന്‍.. വായിക്കാനും വായിക്കപ്പെടാനും വേണ്ടി :)