Monday, July 20, 2020

രുചിയോർമ്മകൾ 02 - കറുത്ത് കുറുകിയ നാരങ്ങാ അച്ചാർ

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - കറുത്ത് കുറുകിയ നാരങ്ങാ അച്ചാർ 


അച്ചാറുകളോട് ഇഷ്ടക്കുറവ് ഉണ്ടായിരുന്നില്ല എങ്കിലും  ഒരേയൊരു അച്ചാറിനോട് മാത്രം ഒരു കുഞ്ഞിഷ്ടക്കുറവ് ഉണ്ടായിരുന്നു - അതായിരുന്നു നാരങ്ങാ അച്ചാർ! വീട്ടിലെ നിയുക്ത 'കല്യാണം കൂടൽ ആളാ'യിരുന്നു ഞാൻ.  ചേട്ടന്മാർ രണ്ടാൾക്കും അമ്മാതിരി കാര്യങ്ങളൊക്കെ നാണക്കേടും ഞാൻ  സദ്യ എന്ന് കേട്ടാൽ പിന്നെ രണ്ടു ദിവസത്തേക്ക്  വേണമെങ്കിൽ ആ വീടിന്റെ പരിസരത്തു ചുറ്റിത്തിരിയുന്ന സ്വഭാവമുള്ള ആളുമായിരുന്നു. അതുകൊണ്ട് തന്നെ  വീട്ടിൽ അമ്മയ്ക്ക് തിരക്കുള്ള ദിവസങ്ങളിൽ ഒറ്റയ്ക്കും അമ്മയുള്ളപ്പോൾ അമ്മയ്ക്ക് ഒപ്പവും നാവായിക്കുളം ശങ്കരനാരായണസ്വാമി ക്ഷേത്രത്തിലെ ശനി ഞായർ ദിവസങ്ങളിലെ കല്യാണങ്ങൾക്ക്, ഊട്ടുപുരയിലെയും  അമ്പേലിയിലേയും  (ഓഡിറ്റോറിയം)  കുട്ടൻപിള്ളയപ്പൂപ്പന്റെ ഓഡിറ്റോറിയത്തിലേയും സദ്യകൾക്ക്  ഒക്കെ മുടങ്ങാതെ  ഞാൻ ഹാജർ വെച്ചു...


                     ഓരോസദ്യയിടത്തെയും  വിഭവങ്ങളുടെ സ്വാദറിഞ്ഞു കഴിച്ചിരുന്ന എനിക്ക് സദ്യയുണ്ണാൻ ഉള്ള രീതി, ഓരോന്നും കൂട്ടിയെങ്ങനെ കഴിക്കണം,പായസത്തിന്റെ മധുരത്തിന്റെ അളവ്,   ആള് കൂടുംതോറും നീളുന്ന മോരുകറി ഒക്കെ ചിരപരിചിതം!   തെക്കൻ സദ്യയിലെ പരിപ്പും പപ്പടവും ആയിരുന്നു ഫേവറൈറ് എങ്കിലും ബോളിയും പാൽപ്പായസോം അന്നുമിന്നും ഒരു വീക്‌നെസ് ആണ്.  അവരെക്കുറിച്ചുള്ള കഥ പിന്നെ പറയാം - ഇപ്പോൾ നമുക്ക് അച്ചാറിലേക്ക് തിരികെപ്പോകാം.  ഒട്ടും തൊട്ടുകൂട്ടാതെ ഈ പറഞ്ഞ എല്ലാ സദ്യയിലകളിലും ഞാൻ മാറ്റി വെച്ചിരുന്ന ഒരു സാധനമേ ഉള്ളൂ - നാരങ്ങായച്ചാർ ! അതിനിയിപ്പോ കുഞ്ഞൻ നാരങ്ങാ ആയാലും, വലിയ നാരങ്ങാ ആയാലും  അമ്മ വീട്ടിൽ ഉണ്ടാക്കിയാലും എനിക്കെപ്പോഴും ഒരു കയ്പ്പായിരുന്നു ഈ അച്ചാറുകൾക്ക് ഒക്കെ തോന്നിയിരുന്നത്.


                         പത്താംക്‌ളാസ് കഴിഞ്ഞു ഫാത്തിമയിൽ പ്രീഡിഗ്രിക്ക് ചേർന്നപ്പോഴാണ് വീട്ടിൽ നിന്ന് കൊണ്ടുപോകുന്ന ചോറും കറിയുമൊക്കെ വിസ്തരിച്ചു പങ്കിട്ടു കഴിക്കാൻ തുടങ്ങിയത്. ഫാത്തിമയുടെ പെൺമുറ്റത്ത് - വിശാലമായ പടവുകളിൽ ഇരുന്നുകൊണ്ട് ഞങ്ങളുടെ കൂട്ടം കൊണ്ടുവന്ന ഓരോരോ പാത്രങ്ങളായി തുറന്നു കഴിക്കാൻ തുടങ്ങും.  അക്കൂട്ടത്തിൽ ഒരുത്തി - ഇരട്ടപ്പേര് പറഞ്ഞാൽ അവളോടിക്കും, അതോണ്ട് മര്യാദയുള്ള പേര് പറയാം - കൊച്ചുകവി എന്ന് ഞങ്ങൾ വിളിച്ചിരുന്ന കവിത കൊണ്ടുവന്ന പാത്രം തുറന്നപ്പോൾ നല്ലതുപോലെ വരട്ടി കറുത്തു കുറുകിയ ഒരു തൊട്ടു കറിയും കൂടെ ചമ്മന്തിയും. കണ്ടാൽ തന്നെ അറിയാം ആ കറിക്ക് അപാര സ്വാദ് ആണെന്ന്. ആദ്യത്തെ ഉരുള ചോറും ചമ്മന്തിയും ആ തൊട്ടുകൂട്ടാനും ചേർത്ത് ഉരുട്ടി വായിൽ വെച്ചപ്പോൾ എന്റെ സാറേ - പിന്നെ ലോകത്തിൽ വേറെ ഒരു കറിയും വേണ്ടാ ഒരു പാത്രം ചോറുണ്ണാൻ എന്ന് തോന്നിപ്പോയി.  അപ്പോഴാണ് സൈഡിൽ നിന്നൊരു ശബ്ദം - "എടിയെടീ ഒരു മയത്തിന് അച്ചാർ കഴിക്കടീ" ന്നു! നോക്കുമ്പോൾ എന്താ - അത്രോം കാലം പുച്ഛിച്ച നാരങ്ങാ അച്ചാർ ആണ് ഐറ്റം. ഇരുമ്പിന്റെ  ചീനച്ചട്ടിയിൽ വരട്ടിയുണ്ടാക്കിയ ആ നാരങ്ങാ അച്ചാറിനോളം വരുന്ന വേറൊരു അച്ചാറും ഇപ്പോഴും ഞാൻ കണ്ടിട്ടില്ല... കവിയുടെ അമ്മയെ ഞാൻ രണ്ടോ മൂന്നോ പ്രാവശ്യമേ കണ്ടിട്ടുള്ളൂ. ഇനിയൊരിക്കൽ അവളില്ലാതെ അമ്മയെ കണ്ടാൽ ഞാൻ തിരിച്ചറിയുമോ എന്നുപോലും ഉറപ്പില്ല. പക്ഷേ, ഇത്തവണത്തെ ക്രിസ്തുമസ് പ്രോഗ്രാമിന് ഫ്രൈഡ് റൈസ് നൊപ്പം തൊട്ടു നക്കാൻചിക്കാഗോ  കൈരളി കാറ്ററിങ്ങിന്റെ നാരങ്ങാ അച്ചാർ എടുത്തപ്പോഴും ഞാനോർത്തു ഇരുമ്പൻ ചട്ടിയിൽ അമ്മയുണ്ടാക്കിയ നാരങ്ങാ അച്ചാറിനെ! കവിയേ, അവിടെ  അമ്മയറിയുന്നുണ്ടോ  ഭൂലോകത്തിന്റെ ഇങ്ങേ അറ്റത്തെ കോണിലിരുന്നു ഓരോ തവണ നാരങ്ങാ അച്ചാർ തൊട്ടു വായിൽ വെക്കുമ്പഴും,  കയ്പ് ഒട്ടുമില്ലാത്ത ആ ഇരുമ്പൻ അച്ചാർ ആണ് എന്റെ നാവിൽ രുചിക്കുന്നത് എന്ന്!


(അന്ന് തന്നെ അവൾ റെസിപി ഒക്കെ പറഞ്ഞിരുന്നു - പക്ഷേ ജീവിതത്തതിൽ ഒരിക്കൽ പോലും ഉണ്ടാക്കിയിട്ടില്ലാത്ത സാധനങ്ങളിൽ ഒന്നായി ഇപ്പോഴും അതാ ലിസ്റ്റിൽ കിടക്കുന്നു. ഇത് വായിച്ചു കഴിഞ്ഞു സമയം പോലെ ആ 'അമ്മയിരുമ്പന് നാരങ്ങാ' റെസിപ്പി ഒന്ന് തന്നേക്കണേ കവിയേ )

#രുചിയോർമ്മകൾ
#100DaysOfTastes #Day02  #നാരങ്ങായച്ചാർ  #FMNCLife  


Friday, July 10, 2020

രുചിയോർമ്മകൾ 01 - ഉള്ളിത്തീയൽ

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം 
------------------------------------------------------------------------------------------ 


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 



        അമ്മരുചി ആകട്ടെ ആദ്യത്തേത് അല്ലേ? നമ്മുടെയൊക്കെ രുചിയുടെ ഹരിശ്രീ അമ്മയാണല്ലോ  - എല്ലാവരുടേയും ആദ്യരുചിയോർമ്മയും  അമ്മ തന്നെയാകും .. എന്നാൽ എനിക്ക് അമ്മയുടെ എല്ലാ വെക്കലും ഇഷ്ടമല്ല, അമ്മയെക്കൊണ്ട് തീരെപ്പറ്റാത്ത ചില പാചകങ്ങളും ഉണ്ട്  (ഇത് വായിച്ചു മുഖം ബലൂൺ പോലെ വീർക്കുന്ന / വീർപ്പിക്കുന്ന ആളാണ് എന്റെ 'അമ്മ )  -പക്ഷേ, അമ്മയ്ക്ക് മാത്രമായി പകുത്തു വെച്ച ചില രുചിയോർമ്മകളുണ്ട്. അതിലേറ്റവും ആദ്യം ഉള്ളിത്തീയൽ ആണ് -   കുഞ്ഞുള്ളി കുനുകുനാന്നു ഒരേ വലുപ്പത്തിൽ  അരിഞ്ഞു വെളിച്ചെണ്ണയിൽ വഴറ്റി, തേങ്ങാ വറുത്തരച്ചു  ഉണ്ടാക്കുന്ന പിഴിഞ്ഞ പുളിയുടെ പുളിരസത്തിന്റേയും , വറുത്തരച്ച മുളകിന്റെ എരിവിന്റേയും ,  വെളിച്ചെണ്ണയിൽ വഴണ്ട കുഞ്ഞുള്ളിയുടെ മധുരത്തിന്റേയും പെരുങ്കളിയാട്ടം വായിൽ ഉണ്ടാക്കുന്ന ഉള്ളിത്തീയൽ! ഉള്ളി നന്നാക്കലും അരിയലും  വറുക്കലും ഒക്കെക്കൂടി നല്ല ഒന്നൊന്നര പണിയാണ് ഈ കക്ഷിനേ ഉണ്ടാക്കാൻ.  അതോണ്ട് തന്നെ എന്നും കിട്ടുന്ന വിഭവവും അല്ല. പക്ഷേ, കുഞ്ഞിലേ മുതൽ എനിക്കെന്ന് - ആർഷക്കൊച്ചിന് ഇത് വലിയ ഇഷ്ടമാണല്ലോന്ന് -  എനിക്ക് മാത്രമെന്ന് സ്‌പെഷ്യൽ ആയിട്ട് അമ്മയുണ്ടാക്കിയിട്ടുള്ള ഏറ്റവും രുചികരമായ എന്റെയോർമ്മ ഇതാണ്  - മറ്റൊരിടത്തു നിന്നും കിട്ടിയിട്ടില്ലാത്ത എന്റെ ഉള്ളിത്തീയൽ!  



#രുചിയോർമ്മകൾ 
#100DaysOf Tastes 
#ഉള്ളിത്തീയൽ #അമ്മരുചിയോർമ്മ  




Monday, April 27, 2020

അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1998

പ്രീഡിഗ്രി ഒന്നാം വർഷക്ലാസുകൾ തുടങ്ങി ഓരോരുത്തരെയൊക്കെയായി പരിചയപ്പെട്ടു വരുന്ന സമയം. തേർഡ് ഗ്രൂപ്പിലോ ഫോർത്ത് ഗ്രൂപ്പിലോ ആണെന്ന് തോന്നുന്നു ഒരു സ്റ്റൈലൻ സുന്ദരിപ്പെൺകൊച്ച് ഉണ്ടായിരുന്നു - നിത്യ എന്ന് ആണെന്നാണ് പേരോർമ്മ, ആ പേരിനേക്കാൾ ഓർമ പക്ഷേ അവളുടെ ചെല്ലപ്പേരാണ് - ഉരുണ്ടുരുണ്ട കണ്ണുകളുണ്ടായിരുന്ന, വട്ടമുഖം ഉണ്ടായിരുന്ന കാഴ്ച്ചയിൽ ശരിക്കും സിനിമാനടി പാർവതിയുടെ ഒരു മോഡേൺ ലൂക്ക് തോന്നിച്ച അവളെ ഞങ്ങളുടെ ഗ്യാങ് പാർവതിക്കണ്ണി എന്നാണ് പറഞ്ഞിരുന്നത്. സെക്കന്റ് ഗ്രൂപ്പിലെ നാടൻ പിള്ളേരുടെ ഗ്രൂപ്പിന് ഈ പറഞ്ഞ തേർഡ് / ഫോർത് ഗ്രൂപ്പുകളിലെ 'മോഡേൺ-സ്റ്റൈലൻ' പെൺപിള്ളേരെ ഒന്ന് വായിനോക്കാനൊക്കെ കിട്ടുന്ന ചാൻസ് നമ്മൾ കളയാറേയില്ല. ക്‌ളാസിലെ തന്നെ ചില കുട്ടികൾക്കുണ്ടായിരുന്ന പൊതുവായ സൗഹൃദങ്ങളിലൂടെ ചിലപ്പോഴൊക്കെ ഈ ഗ്യാങ്ങിനൊപ്പം കൂടാറുണ്ടായിരുന്നു എങ്കിലും എന്റെ സ്വന്തം ഗ്രൂപ്പ് വേറെയായിരുന്നു. ഞങ്ങൾ - റിനു, സജിനി, കവിത,ട്വിങ്കിൾ, സ്നിഗ്ധ, രഞ്ജിനി, വിശ്വലത - പെൺമുറ്റത്തിലെ പടവുകൾ ആ രണ്ടുവർഷവും കയ്യടക്കിവെച്ചു. സ്‌മിത, രാഗി, വന്ദന, ദീപ, ശാലിനി അങ്ങനെ ഹിന്ദി സിനിമാനടന്മാരെയൊക്കെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്റ്റൈലൻ ഗ്യാങ്ങ്  ശൈലജ, മഞ്ജു,പ്രവീണ അങ്ങനെയൊരു മലയാളം ക്ലാസ് ഗ്യാങ്ങ് വല്യ കവിത , മഹിമ, ബിനു അങ്ങനെയൊരു ഫസ്റ്റ് ഗ്രൂപ്പ് ഗ്യാങ്ങ് ....... ഇവരെയൊക്കെ സ്ഥിരമായി ചളുവടിച്ചും കമന്റടിച്ചും കൊണ്ട് ഞങ്ങളുടെ നല്ല രസമുള്ള അവിയൽപ്പരുവഗ്രൂപ്പ്. ഇപ്പോൾ ഈ പറഞ്ഞതിൽ പകുതി ആളുകളും എവിടെയാണെന്ന് എനിക്കറിയില്ല.... അന്നുമുതലേയുള്ള വിരലിലെണ്ണാവുന്ന ആത്മബന്ധങ്ങൾ ഇപ്പോഴും തൊട്ടടുത്ത് തന്നെ നിൽക്കുന്നു!

അപ്പൊ പറഞ്ഞുവന്നതിൽ നിന്നും മാറിപ്പോകുന്നില്ല - നമ്മുടെ പാർവതിക്കണ്ണി - ഞാനീ കൊച്ചിനോട് ഒരിക്കലോ മറ്റോ നേരിട്ട് സംസാരിച്ചിട്ടുണ്ട് അത്രേയുള്ളൂ. പുള്ളിക്കാരിയോട് ഇഷ്ടമുണ്ടായിരുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു ആ സമയത്ത്, ശങ്കരൻ എന്നോ മറ്റോ പേരുണ്ടായിരുന്ന ഒരു ചുള്ളൻ ചേട്ടൻ. ഒരു ദിവസം, ഇലക്ഷൻ സമയം ഒക്കെയായപ്പോൾ ആണെന്ന് തോന്നുന്നു, ക്യാംപസിൽ കാണുന്ന എല്ലാരും എല്ലാരോടും മിണ്ടുന്ന സമയമാണല്ലോ അത്. മാത്രവുമല്ല ആൺപിള്ളേർക്ക് 'കോട്രാങ്കിൾ' എന്ന പെൺമുറ്റത്ത് വിലസാൻ ഹെൻറി സാറിന്റെ അനുവാദം കിട്ടുന്ന അപൂർവം ചില അവസരങ്ങളുമാണ് അത്. നമ്മുടെ എല്ലാ ചേട്ടന്മാരും കാത്തു കാത്തിരുന്നു കിട്ടുന്ന ആ സമയം നന്നായി മുതലെടുക്കും. പതിവുപോലെ കോളേജ് ജംക്ഷനിൽ ഇറങ്ങേണ്ടതിനു പകരം റെയിൽവേ ക്വർട്ടേഴ്‌സ് റോഡിലിറങ്ങി വഴിയിലുള്ള എല്ലാ മരത്തിന്റെയും എണ്ണം എടുത്തും റെയിൽവേ സ്റ്റേഷൻ മുതൽ ഫാത്തിമ വരെയുള്ള എല്ലാ മതിലുകളിലേയും സിനിമാപോസ്റ്ററുകളുടെയും പേരും വിവരവുമൊക്കെ നോക്കി നടക്കാറുള്ള ഞാൻ അന്ന് അധികം സിനിമാപ്പോസ്റ്റർ സ്കാനിങ്ങിനു നിന്നില്ല. കാരണം മതിലായ മതിലൊക്കെയും, ഫാത്തിമയുടെ കർബല ഗേറ്റിനു തൊട്ടടത്തുള്ള മതിലിലുമൊക്കെ രണ്ടു വലിയ പെൺമുഖങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത് - നന്ദിതാ ദാസും ശബാന ആസ്മിയും - വിവാദ സിനിമയായ ഫയർ പ്രദർശനത്തിനെത്തിയിരിക്കുന്നു!

അധികം നോക്കി പുറത്തുള്ള ചെക്കന്മാർക്ക് പണി കൊടുക്കണ്ടല്ലോ എന്നുകരുതി കോളേജിലെത്തിയ ഞാൻ സ്ഥിരം പരിപാടിയായ വായിനോട്ടവുമായി പിന്നിലെ ഇടനാഴിയിലൂടെ നടന്നുകൊണ്ടിരിക്കുമ്പോൾ നേരത്തെ പറഞ്ഞ ചേട്ടനും രണ്ടു കൂട്ടുകാരും നമ്മുടെ പാർവതിയുടെയും കൂട്ടുകാരികളുടേയും അടുത്തിങ്ങനെ 11 KV വലിക്കാനുള്ള പോസ്റ്റൊക്കെ നാട്ടാൻ റെഡി ആയി നില്കുന്നത് കാണുന്നു. ആരെങ്കിലും അങ്ങനെ സ്വസ്ഥമായി പ്രേമിക്കാൻ നിൽക്കുന്നത് കണ്ടാൽ പിന്നെ അവരെ ശല്യപ്പെടുത്താതെ നമുക്ക് ഒരു മനഃസമാധാനം ഇല്ലാത്ത കാലം കൂടിയായിരുന്നു അത്. ഒരിക്കലേ മിണ്ടിയിട്ടുള്ളൂ എങ്കിലും നേരെ ആ കൊച്ചിന്റെ അടുത്തേക്ക് ചെന്ന് സംസാരിക്കാൻ തുടങ്ങി. അന്നൊരു മഞ്ഞ മിഡിയും ടോപ്പും ഒക്കെയിട്ട് മുടി രണ്ടായി പകുത്ത് കെട്ടിയിരുന്ന ആ കൊച്ചിനെ കാണാൻ ശരിക്കും തൂവാനത്തുമ്പികളിലെ പാർവതിയെപ്പോലെ തന്നെ തോന്നിയെനിക്ക്. ആ കോമ്പ്ലിമെൻറ് കൊടുത്താണ് ഞാൻ തുടങ്ങിയതും.

ഞാൻ: "ഇയ്യാളെക്കാണാൻ ശരിക്കും പാർവതിയെപ്പോലുണ്ട് കേട്ടോ"
പാർവതി: "താങ്ക്യു താങ്ക്യു... തന്നെക്കാണുമ്പോൾ ഞാനെപ്പോഴും കരുതാറുണ്ട്, നല്ല ചിരിയാണല്ലോ ... "( ഓഫ് സൂമിൽ ഞാൻ ചിരിക്കുന്നത് ഓർക്കുക, കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്നാണ് എന്റെ മനസിലെ ഭാവം)
പാർവതി തുടരുന്നു : "പരിചയമുള്ള ആരെയോ ഓർമ്മിപ്പിക്കുമല്ലോ എന്നൊക്കെ ഞാനെപ്പോഴും ഓർക്കാറുണ്ട് കേട്ടോ, ഇന്നാണ് മനസിലായേ,
You look like Nandida Das in Fire movie!"

എൻ്റെ ചിരി ഷട്ടറിട്ട പോലെ നിന്നു .... ഏത്!! ആ വലിയ വലിയ ക്ളോസപ്പ് ഷോട്ടുകളുമായി പുറത്തെ മതില് മുഴുവൻ ഒട്ടിച്ചുവെച്ചിരിക്കുന്ന നന്ദിതയോ.. ദുഷ്ടേ! നന്ദിതയെപ്പോലെ എന്ന് പറഞ്ഞാൽപ്പോരേ അതിനീ ഫയർ സിനിമയിലെപ്പോലെ എന്ന് കൂട്ടിച്ചേർക്കണോ അതും ചെക്കന്മാരുടെ മുന്നിൽ വെച്ച് എന്ന് ഞാൻ ദയനീയമായി കൺകോണിലൂടെ അവളെ നോക്കി. എവിടെ!! ആശാട്ടി പിന്നെയും എന്തൊക്കെയോ ചോക്ലേറ്റ് നിറത്തിനെപ്പറ്റിയും, വെണ്മയുള്ള ചിരിയെപ്പറ്റിയുമൊക്കെ വാചാലയാകുന്നു.... "എസ്കേപ്പ് ആർഷാ എസ്കേപ്പ്" എന്ന് എന്റെ മനസിലിരുന്നു മറ്റേ കക്ഷി പറയുന്നുണ്ട്, നമ്മുടെ മനഃസാക്ഷിയേ ....കാലുകൾ അനങ്ങണ്ടേ! ആ മൂന്നു ചേട്ടന്മാരുടെ ആക്കിയ ചിരി കണ്ടതും സംഭവിക്കാനുള്ള ഡാമേജ് ഒക്കെ സംഭവിച്ചു എന്ന് മനസ്സിലായി. ഇവളാണേൽ ഞാൻ കൊടുത്ത കോമ്പ്ലിമെന്റിനു തിരികെത്തരാതെ എന്നെ വിടില്ല എന്ന ഭാവത്തിലും! ഒരുവിധത്തിൽ അവിടെനിന്ന് ഊരിപ്പോരുമ്പോൾ ഞാൻ തിരിഞ്ഞുനോക്കിയതേയില്ല. എന്തായാലും ആ ഒരാഴ്‌ച പോസ്റ്ററുകൾ മാറുംവരെ ആ കുരുത്തം കെട്ട ചെക്കന്മാർക്ക് എന്നെക്കാണുമ്പോൾ ഒരു ആക്കിച്ചിരി ഉണ്ടായിരുന്നു.

നന്ദിത എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട നടിയാണ് കേട്ടോ .. അന്നത്തെ പ്രായത്തിൽ ആ സിനിമയുടെ പ്രമേയം ചെറുതല്ലാത്ത ഭാരമായിരുന്നു എന്ന് മാത്രം. ഇപ്പോൾ ആരേലും എന്നെക്കാണാൻ നന്ദിതയെപ്പോലെ ഉണ്ടെന്നു പറഞ്ഞാൽ ഞാനവരെ സ്റ്റാർ ഹോട്ടലിൽ കൊണ്ടോയി ട്രീറ്റ് ചെയ്യും 

അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും ഓർക്കാൻ നന്ദിതയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ഇന്നത്തെ ഓർമ്മപ്പാട്ടിൽ

https://www.youtube.com/watch?v=4kvxHwmrVMQ
-------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ