Showing posts with label 100DaysOfSongs Kottaram veettile appoottan. Show all posts
Showing posts with label 100DaysOfSongs Kottaram veettile appoottan. Show all posts

Wednesday, January 15, 2020

"ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ.."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ! 


#HundredDaysOfSongs - ഇന്നുമുതൽ നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

            പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ  അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ   

             'കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ' - SSLC കഴിഞ്ഞ സമയം, ചിറകുകൾക്ക് നിറങ്ങൾ കൂടിയ പ്രായം. ആറ്റിങ്ങൽ എന്ന ട്യൂട്ടോറിയൽ നഗരത്തിലേക്കുള്ള ശനി/ഞായർ ദിവസങ്ങളിലെ യാത്രകൾ രസകരമാണ്. പ്രൈവറ്റ് ബസുകളിലെ എണ്ണമില്ലാ പ്രണയ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് കേട്ടിരുന്ന പാവാടപ്രായം. അതിലൊരു കൂട്ടുകാരിയുടെ ഓർമയാണ് "ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ.." എന്ന ഈ പാട്ട്. സ്ഥിരമായി കയറുന്ന ബസിൽ അവൾ വരുമ്പോൾ മാത്രം അവൾക്കായി മാത്രമെന്നതുപോൽ ഇട്ടിരുന്ന ഈ വരികൾ ഇപ്പോഴും കേൾക്കുമ്പോൾ ഓർമയിൽ അവൾ ചന്ദനക്കുറിയോടെ ചിരിക്കും. ഇപ്പോൾ എവിടെയാണെന്ന് അറിയാത്ത പ്രിയ "ശ്രീ", നീ ഈ പാട്ടോർമ്മയാണ് എനിക്ക്! 

ഒപ്പം ചേർത്ത് വെയ്ക്കുന്ന മറ്റൊരു ഓർമ്മകൂടിയുണ്ട്. വളരെ പ്രിയപ്പെട്ട ഒരാളുടെ പ്രണയം പൊട്ടിത്തകർന്നു നിൽക്കുന്ന സമയത്താണ് ഈ ചിത്രം ഇറങ്ങുന്നത്. നായികയുടെ കല്യാണം അടുത്ത ദിവസം . കഥാനായകൻ എല്ലാം മറക്കട്ടെ ഏന് കരുതി കൂട്ടുകാർ കൊണ്ടുപോയത് ഈ സിനിമയ്ക്ക് ... കണ്ടു ചങ്കുപൊട്ടി കരഞ്ഞുകൊണ്ട് പ്രേമനൈരാശ്യ ചേട്ടൻ  തിയറ്ററിൽ നിന്നിറങ്ങി വന്ന കഥയും ഈ പാട്ടിനൊപ്പം ചേർത്തുവയ്ക്കുന്നു.