Monday, April 27, 2020

അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1998

പ്രീഡിഗ്രി ഒന്നാം വർഷക്ലാസുകൾ തുടങ്ങി ഓരോരുത്തരെയൊക്കെയായി പരിചയപ്പെട്ടു വരുന്ന സമയം. തേർഡ് ഗ്രൂപ്പിലോ ഫോർത്ത് ഗ്രൂപ്പിലോ ആണെന്ന് തോന്നുന്നു ഒരു സ്റ്റൈലൻ സുന്ദരിപ്പെൺകൊച്ച് ഉണ്ടായിരുന്നു - നിത്യ എന്ന് ആണെന്നാണ് പേരോർമ്മ, ആ പേരിനേക്കാൾ ഓർമ പക്ഷേ അവളുടെ ചെല്ലപ്പേരാണ് - ഉരുണ്ടുരുണ്ട കണ്ണുകളുണ്ടായിരുന്ന, വട്ടമുഖം ഉണ്ടായിരുന്ന കാഴ്ച്ചയിൽ ശരിക്കും സിനിമാനടി പാർവതിയുടെ ഒരു മോഡേൺ ലൂക്ക് തോന്നിച്ച അവളെ ഞങ്ങളുടെ ഗ്യാങ് പാർവതിക്കണ്ണി എന്നാണ് പറഞ്ഞിരുന്നത്. സെക്കന്റ് ഗ്രൂപ്പിലെ നാടൻ പിള്ളേരുടെ ഗ്രൂപ്പിന് ഈ പറഞ്ഞ തേർഡ് / ഫോർത് ഗ്രൂപ്പുകളിലെ 'മോഡേൺ-സ്റ്റൈലൻ' പെൺപിള്ളേരെ ഒന്ന് വായിനോക്കാനൊക്കെ കിട്ടുന്ന ചാൻസ് നമ്മൾ കളയാറേയില്ല. ക്‌ളാസിലെ തന്നെ ചില കുട്ടികൾക്കുണ്ടായിരുന്ന പൊതുവായ സൗഹൃദങ്ങളിലൂടെ ചിലപ്പോഴൊക്കെ ഈ ഗ്യാങ്ങിനൊപ്പം കൂടാറുണ്ടായിരുന്നു എങ്കിലും എന്റെ സ്വന്തം ഗ്രൂപ്പ് വേറെയായിരുന്നു. ഞങ്ങൾ - റിനു, സജിനി, കവിത,ട്വിങ്കിൾ, സ്നിഗ്ധ, രഞ്ജിനി, വിശ്വലത - പെൺമുറ്റത്തിലെ പടവുകൾ ആ രണ്ടുവർഷവും കയ്യടക്കിവെച്ചു. സ്‌മിത, രാഗി, വന്ദന, ദീപ, ശാലിനി അങ്ങനെ ഹിന്ദി സിനിമാനടന്മാരെയൊക്കെ കുറിച്ച് ചർച്ച ചെയ്യുന്ന ഒരു സ്റ്റൈലൻ ഗ്യാങ്ങ്  ശൈലജ, മഞ്ജു,പ്രവീണ അങ്ങനെയൊരു മലയാളം ക്ലാസ് ഗ്യാങ്ങ് വല്യ കവിത , മഹിമ, ബിനു അങ്ങനെയൊരു ഫസ്റ്റ് ഗ്രൂപ്പ് ഗ്യാങ്ങ് ....... ഇവരെയൊക്കെ സ്ഥിരമായി ചളുവടിച്ചും കമന്റടിച്ചും കൊണ്ട് ഞങ്ങളുടെ നല്ല രസമുള്ള അവിയൽപ്പരുവഗ്രൂപ്പ്. ഇപ്പോൾ ഈ പറഞ്ഞതിൽ പകുതി ആളുകളും എവിടെയാണെന്ന് എനിക്കറിയില്ല.... അന്നുമുതലേയുള്ള വിരലിലെണ്ണാവുന്ന ആത്മബന്ധങ്ങൾ ഇപ്പോഴും തൊട്ടടുത്ത് തന്നെ നിൽക്കുന്നു!

അപ്പൊ പറഞ്ഞുവന്നതിൽ നിന്നും മാറിപ്പോകുന്നില്ല - നമ്മുടെ പാർവതിക്കണ്ണി - ഞാനീ കൊച്ചിനോട് ഒരിക്കലോ മറ്റോ നേരിട്ട് സംസാരിച്ചിട്ടുണ്ട് അത്രേയുള്ളൂ. പുള്ളിക്കാരിയോട് ഇഷ്ടമുണ്ടായിരുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു ആ സമയത്ത്, ശങ്കരൻ എന്നോ മറ്റോ പേരുണ്ടായിരുന്ന ഒരു ചുള്ളൻ ചേട്ടൻ. ഒരു ദിവസം, ഇലക്ഷൻ സമയം ഒക്കെയായപ്പോൾ ആണെന്ന് തോന്നുന്നു, ക്യാംപസിൽ കാണുന്ന എല്ലാരും എല്ലാരോടും മിണ്ടുന്ന സമയമാണല്ലോ അത്. മാത്രവുമല്ല ആൺപിള്ളേർക്ക് 'കോട്രാങ്കിൾ' എന്ന പെൺമുറ്റത്ത് വിലസാൻ ഹെൻറി സാറിന്റെ അനുവാദം കിട്ടുന്ന അപൂർവം ചില അവസരങ്ങളുമാണ് അത്. നമ്മുടെ എല്ലാ ചേട്ടന്മാരും കാത്തു കാത്തിരുന്നു കിട്ടുന്ന ആ സമയം നന്നായി മുതലെടുക്കും. പതിവുപോലെ കോളേജ് ജംക്ഷനിൽ ഇറങ്ങേണ്ടതിനു പകരം റെയിൽവേ ക്വർട്ടേഴ്‌സ് റോഡിലിറങ്ങി വഴിയിലുള്ള എല്ലാ മരത്തിന്റെയും എണ്ണം എടുത്തും റെയിൽവേ സ്റ്റേഷൻ മുതൽ ഫാത്തിമ വരെയുള്ള എല്ലാ മതിലുകളിലേയും സിനിമാപോസ്റ്ററുകളുടെയും പേരും വിവരവുമൊക്കെ നോക്കി നടക്കാറുള്ള ഞാൻ അന്ന് അധികം സിനിമാപ്പോസ്റ്റർ സ്കാനിങ്ങിനു നിന്നില്ല. കാരണം മതിലായ മതിലൊക്കെയും, ഫാത്തിമയുടെ കർബല ഗേറ്റിനു തൊട്ടടത്തുള്ള മതിലിലുമൊക്കെ രണ്ടു വലിയ പെൺമുഖങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത് - നന്ദിതാ ദാസും ശബാന ആസ്മിയും - വിവാദ സിനിമയായ ഫയർ പ്രദർശനത്തിനെത്തിയിരിക്കുന്നു!

അധികം നോക്കി പുറത്തുള്ള ചെക്കന്മാർക്ക് പണി കൊടുക്കണ്ടല്ലോ എന്നുകരുതി കോളേജിലെത്തിയ ഞാൻ സ്ഥിരം പരിപാടിയായ വായിനോട്ടവുമായി പിന്നിലെ ഇടനാഴിയിലൂടെ നടന്നുകൊണ്ടിരിക്കുമ്പോൾ നേരത്തെ പറഞ്ഞ ചേട്ടനും രണ്ടു കൂട്ടുകാരും നമ്മുടെ പാർവതിയുടെയും കൂട്ടുകാരികളുടേയും അടുത്തിങ്ങനെ 11 KV വലിക്കാനുള്ള പോസ്റ്റൊക്കെ നാട്ടാൻ റെഡി ആയി നില്കുന്നത് കാണുന്നു. ആരെങ്കിലും അങ്ങനെ സ്വസ്ഥമായി പ്രേമിക്കാൻ നിൽക്കുന്നത് കണ്ടാൽ പിന്നെ അവരെ ശല്യപ്പെടുത്താതെ നമുക്ക് ഒരു മനഃസമാധാനം ഇല്ലാത്ത കാലം കൂടിയായിരുന്നു അത്. ഒരിക്കലേ മിണ്ടിയിട്ടുള്ളൂ എങ്കിലും നേരെ ആ കൊച്ചിന്റെ അടുത്തേക്ക് ചെന്ന് സംസാരിക്കാൻ തുടങ്ങി. അന്നൊരു മഞ്ഞ മിഡിയും ടോപ്പും ഒക്കെയിട്ട് മുടി രണ്ടായി പകുത്ത് കെട്ടിയിരുന്ന ആ കൊച്ചിനെ കാണാൻ ശരിക്കും തൂവാനത്തുമ്പികളിലെ പാർവതിയെപ്പോലെ തന്നെ തോന്നിയെനിക്ക്. ആ കോമ്പ്ലിമെൻറ് കൊടുത്താണ് ഞാൻ തുടങ്ങിയതും.

ഞാൻ: "ഇയ്യാളെക്കാണാൻ ശരിക്കും പാർവതിയെപ്പോലുണ്ട് കേട്ടോ"
പാർവതി: "താങ്ക്യു താങ്ക്യു... തന്നെക്കാണുമ്പോൾ ഞാനെപ്പോഴും കരുതാറുണ്ട്, നല്ല ചിരിയാണല്ലോ ... "( ഓഫ് സൂമിൽ ഞാൻ ചിരിക്കുന്നത് ഓർക്കുക, കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട് എന്നാണ് എന്റെ മനസിലെ ഭാവം)
പാർവതി തുടരുന്നു : "പരിചയമുള്ള ആരെയോ ഓർമ്മിപ്പിക്കുമല്ലോ എന്നൊക്കെ ഞാനെപ്പോഴും ഓർക്കാറുണ്ട് കേട്ടോ, ഇന്നാണ് മനസിലായേ,
You look like Nandida Das in Fire movie!"

എൻ്റെ ചിരി ഷട്ടറിട്ട പോലെ നിന്നു .... ഏത്!! ആ വലിയ വലിയ ക്ളോസപ്പ് ഷോട്ടുകളുമായി പുറത്തെ മതില് മുഴുവൻ ഒട്ടിച്ചുവെച്ചിരിക്കുന്ന നന്ദിതയോ.. ദുഷ്ടേ! നന്ദിതയെപ്പോലെ എന്ന് പറഞ്ഞാൽപ്പോരേ അതിനീ ഫയർ സിനിമയിലെപ്പോലെ എന്ന് കൂട്ടിച്ചേർക്കണോ അതും ചെക്കന്മാരുടെ മുന്നിൽ വെച്ച് എന്ന് ഞാൻ ദയനീയമായി കൺകോണിലൂടെ അവളെ നോക്കി. എവിടെ!! ആശാട്ടി പിന്നെയും എന്തൊക്കെയോ ചോക്ലേറ്റ് നിറത്തിനെപ്പറ്റിയും, വെണ്മയുള്ള ചിരിയെപ്പറ്റിയുമൊക്കെ വാചാലയാകുന്നു.... "എസ്കേപ്പ് ആർഷാ എസ്കേപ്പ്" എന്ന് എന്റെ മനസിലിരുന്നു മറ്റേ കക്ഷി പറയുന്നുണ്ട്, നമ്മുടെ മനഃസാക്ഷിയേ ....കാലുകൾ അനങ്ങണ്ടേ! ആ മൂന്നു ചേട്ടന്മാരുടെ ആക്കിയ ചിരി കണ്ടതും സംഭവിക്കാനുള്ള ഡാമേജ് ഒക്കെ സംഭവിച്ചു എന്ന് മനസ്സിലായി. ഇവളാണേൽ ഞാൻ കൊടുത്ത കോമ്പ്ലിമെന്റിനു തിരികെത്തരാതെ എന്നെ വിടില്ല എന്ന ഭാവത്തിലും! ഒരുവിധത്തിൽ അവിടെനിന്ന് ഊരിപ്പോരുമ്പോൾ ഞാൻ തിരിഞ്ഞുനോക്കിയതേയില്ല. എന്തായാലും ആ ഒരാഴ്‌ച പോസ്റ്ററുകൾ മാറുംവരെ ആ കുരുത്തം കെട്ട ചെക്കന്മാർക്ക് എന്നെക്കാണുമ്പോൾ ഒരു ആക്കിച്ചിരി ഉണ്ടായിരുന്നു.

നന്ദിത എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട നടിയാണ് കേട്ടോ .. അന്നത്തെ പ്രായത്തിൽ ആ സിനിമയുടെ പ്രമേയം ചെറുതല്ലാത്ത ഭാരമായിരുന്നു എന്ന് മാത്രം. ഇപ്പോൾ ആരേലും എന്നെക്കാണാൻ നന്ദിതയെപ്പോലെ ഉണ്ടെന്നു പറഞ്ഞാൽ ഞാനവരെ സ്റ്റാർ ഹോട്ടലിൽ കൊണ്ടോയി ട്രീറ്റ് ചെയ്യും 

അന്നത്തെ എന്നെയും പാർവതിക്കണ്ണിയെയും ഓർക്കാൻ നന്ദിതയുടെ എനിക്കേറ്റവും ഇഷ്ടമുള്ള ഗാനം ഇന്നത്തെ ഓർമ്മപ്പാട്ടിൽ

https://www.youtube.com/watch?v=4kvxHwmrVMQ
-------------------------------------------------------------------------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Sunday, April 26, 2020

ചേർത്തുനിർത്താം അവരെയും

 2020 മാർച്ച് 20 , ലോകത്തിന്റെ മറ്റൊരു കോണിലിരുന്ന്  മലയാളത്തിലെ ഈ കുറിപ്പ് എഴുതുമ്പോൾ ഇത് വായിക്കാൻ പോകുന്ന നിങ്ങളും എഴുതുന്ന ഞാനുമെല്ലാം കടന്നുപോകുന്നത് ചരിത്രം അടയാളപ്പെടുത്തുന്ന ഒരു കാലത്തിലൂടെയാണ്. ലോകം ചുരുങ്ങുന്നു എന്ന് പലപ്പോഴായി പലയിടങ്ങളിൽ കേട്ടിരുന്നു എങ്കിലും ലോകം വീടുകളിലേക്ക് ചുരുങ്ങിയതിന്  നമ്മൾ സാക്ഷികളാകുകയാണ്.  ജീവിതകാലത്തിൽ  അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ നാമെല്ലാം കടന്നുപോകുമ്പോൾ നമ്മളോടൊപ്പം കുഞ്ഞുങ്ങളെ എങ്ങനെ ചേർത്തുനിർത്താം എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. കൊറോണ എന്ന മഹാമാരിയെക്കുറിച്ചു ഇപ്പോൾ കുഞ്ഞുങ്ങൾ എല്ലാം ഏതെങ്കിലും തരത്തിൽ കേട്ടുകാണും.  മുതിർന്നവരെപ്പോലെ കാര്യങ്ങൾ വിവേചനബുദ്ധിയോടെ തിരിച്ചറിയാനുള്ള കഴിവുകൾ കുഞ്ഞുങ്ങൾക്ക് കുറവായതുകൊണ്ട് തന്നെ അവരിലേക്ക് കാര്യങ്ങൾ എങ്ങനെ എത്തിക്കണം എന്നതിൽ നമുക്കൊരു ധാരണ ഉണ്ടാകണം. ഇതിനു മുൻപ് പ്രളയവും, നിപ്പയും അതിജീവിച്ചവരാണ് ഇനിയും വരും ദുരന്തങ്ങളും അതിജീവിക്കാനുള്ള പ്രത്യാശ അടുത്ത തലമുറയിലേക്ക് പകരാൻ  നമുക്ക് കഴിയണം. പലപ്പോഴും കുഞ്ഞുങ്ങൾ ചുറ്റിനുമുള്ളത് ഓർക്കാതെ ആകും നമ്മൾ രോഗം പടരുന്നതും മരണവും ഒക്കെ സംസാരിക്കുക. താഴെപ്പറയുന്ന കാര്യങ്ങൾ കുഞ്ഞുങ്ങളുമായുള്ള ആശയവിനിമയത്തിൽ ഓർക്കുക.


1. കുട്ടികൾക്ക് ആ കാര്യത്തിൽ എത്രത്തോളം അറിവ്  ഉണ്ടെന്ന്  മനസിലാക്കുക :   

ഏറ്റവും എളുപ്പവഴി അവരോട് തന്നെ എന്താണ് അവർക്ക് അറിയുന്നത് എന്ന് ചോദിക്കുന്നത് തന്നെയാണ്. ഈ കൊറോണക്കാലത്തെ കുറിച്ചും  അവർക്ക് പത്രങ്ങളിൽ നിന്നും , ടീവി യിൽ നിന്നും,  കൂട്ടുകാരിൽ നിന്നും  അദ്ധ്യാപകരിൽ  നിന്നും  രക്ഷിതാക്കളുടെ പരസ്പര സംഭാഷണത്തിൽ നിന്നും ഒക്കെ കേൾക്കുന്നതും ഒക്കെച്ചേർത്ത് ഒരാകെത്തുക അവരുടെ മനസിൽ ഉണ്ടാകും. ചിലപ്പോൾ എങ്കിലും അതിശയോക്തിപരമായ പലതും അവർ വിശ്വസിക്കുന്നുമുണ്ടാകും. ഉദാഹരണത്തിന് ഇവിടെ എൻ്റെ മൂന്നാം ക്‌ളാസ്സുകാരൻ മകൻ കഴിഞ്ഞ ആഴ്ച സ്‌കൂളിൽ നിന്നും വീട്ടിൽ എത്തിയത്  "കൊറോണ " എന്ന പേര് "ക്രൗൺ" എന്ന പേരിൽ നിന്നും രൂപമാറ്റം സംഭവിച്ചുണ്ടായത് ആണെന്നും ആ വൈറസിന് ഒരു കിരീടത്തിന്റെ രൂപം ആയത് കൊണ്ട് ശരിക്കുള്ള സയന്റിഫിക് പേര് ക്രൗൺ വൈറസ് എന്നാണ് എന്നും പറഞ്ഞുകൊണ്ടാണ്. കൂടുതൽ ചർച്ചകളിൽ മനസിലായി അത് അവൻ്റെ  ഉറ്റസുഹൃത്ത് ആയ മറ്റൊരു ഇന്ത്യൻ കുട്ടി അവൻ്റെ  മാതാപിതാക്കളുടെ സംഭാഷണത്തിൽ നിന്നും കേട്ടെടുത്തത് ആണെന്ന്. വാട്സാപ്പ് യൂണിവേഴ്‌സിറ്റികൾ വീട്ടിൽ കേറ്റിയില്ലെങ്കിലും  കുഞ്ഞുങ്ങളിലേക്ക് എങ്ങനെ എത്തുന്നു എന്ന് അന്നാണ് മനസിലായത്. ഇതുപോലെ നമ്മുടെ ഓരോ കുഞ്ഞുങ്ങൾക്കും ഉണ്ടാകും ഒരുപക്ഷേ  ഈ കൊറോണ എന്ന രാക്ഷസനെ കുറിച്ച് ഒരു കഥ! അതുകൊണ്ട് ആദ്യം അവരോട് തന്നെ ചോദിച്ചു  മനസിലാക്കുക എന്താണ് അവരുടെ അറിവിൻ്റെ  അറ്റം എന്ന്. ആറുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളോട് അവർക്കിതിനെക്കുറിച്ചു തീരെ കേട്ടറിവില്ല എങ്കിൽ സംസാരിക്കേണ്ട ആവശ്യമില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.  

2 . സ്വന്തം  ആശങ്കകൾ അകറ്റുക  -

ഏത് പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും  കുഞ്ഞുങ്ങളോട് സംസാരിക്കുന്നതിനു മുൻപ്  സ്വയം ഒരു അവലോകനം നടത്തുക. എന്തൊക്കെ ആശങ്ക നമുക്കുണ്ട് എന്നത് ആദ്യം പങ്കാളിയോടോ സുഹൃത്തിനോടോ ഡോക്ടർമാരോടോ മറ്റാളുകളോടോ സംസാരിച്ച്  ഒരു കൃത്യമായ ധാരണ അച്ഛനമ്മമാർ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. മക്കളോട് ഒരു പാനിക് മോഡിൽ സംസാരിക്കുന്നത് ഗുണത്തേക്കാൾ ദോഷമേ ചെയ്യൂ. നമുക്കും പേടിയുണ്ടാകാം , നാളെയെക്കുറിച്ചു ആശങ്ക ഉണ്ടാകാം - സ്വാഭാവികം മാത്രമാണ്. പക്ഷേ, കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ ഈ ലോകം വളരെ ഭീതിപ്പെടുത്തുന്നതാണ് എന്ന രീതിയിൽ സംസാരിക്കുന്നത് കുഞ്ഞുങ്ങളിൽ അനാവശ്യമായ anxiety  ഉണ്ടാക്കും എന്ന് പഠനങ്ങൾ പറയുന്നു. അത് വളരുന്ന പ്രായത്തിൽ അവരിൽ അനാവശ്യ ഭീതികൾ ജനിപ്പിക്കുകയും ഉത്സാഹവും അന്വേഷണ തൽപ്പരതയും കുറയ്ക്കുകയും ചെയ്യും . 

3. കുഞ്ഞുങ്ങളുടെ പേടിയെ തള്ളിക്കളയരുത് :

നേരത്തെപറഞ്ഞതുപോലെ കുഞ്ഞുങ്ങൾക്ക് ആദ്യമേതന്നെ അകപ്പെട്ടിരിക്കുന്ന സാഹചര്യത്തെക്കുറിച്ചു ബോധമുണ്ടാകാം. ചിലപ്പോൾ അവർക്ക് പേടിയും ന്യായമായ ആശങ്കയും ഉണ്ടാകാം. എല്ലാം ശരിയാകും എന്ന് വെറുതേ  പറയുന്നതിനേക്കാൾ അവരുടെ ഭയമെന്താണ് എന്ന് അവരെ കേൾക്കാൻ ശ്രമിക്കുക. ചിലപ്പോൾ അവർ മരിച്ചുപോകും എന്നോ, രക്ഷിതാക്കളെ പിരിയേണ്ടി വരും എന്നോ ഒക്കെയാകും അവരുടെ ആശങ്ക. കുട്ടിക്കാലത്തെ ട്രോമകൾ പിന്നീട് കുട്ടികളെ വല്ലാതെ ബാധിക്കും എന്നതിനാൽ കുഞ്ഞുങ്ങളോട് സംസാരിക്കുമ്പോൾ അതിനെക്കുറിച്ച് വ്യക്തമായ ബോധത്തോടെ സംസാരിക്കുക.  കൂട്ടുകാരിൽ ഒരാൾ ചിലപ്പോൾ അവരോട് നാമെല്ലാം മരിക്കാൻ പോകുകയാണ് എന്ന് പറഞ്ഞിട്ടുണ്ടാകാം. അതൊരു ഗൗരവതരമായ കാര്യമാണ് . അതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾക്ക് അത്തരം ഒരു ഭയമുണ്ടെങ്കിൽ അതിന്റെതായ വില കൊടുക്കുക തന്നെവേണം . നമുക്ക് കുട്ടിക്കാലത്ത് ഉണ്ടായ പേടികളെക്കുറിച്ചും  എങ്ങനെയാണു പിന്നീടു നമ്മൾ അതിനെ കടന്നുവന്നത് എന്നും ഒക്കെ സംസാരിക്കാം. കുഞ്ഞുങ്ങൾക്ക് ധൈര്യം ഉണ്ടാക്കുക എന്നത് തന്നെയാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം. ശ്രദ്ധിക്കേണ്ടത് കുട്ടികൾക്ക് മുന്നിൽ വെച്ച് മരണഭീതി  , മരണപ്പെട്ടവരുടെ ഭയപ്പെടുത്തുന്ന നമ്പരുകൾ, ചികിത്സ കിട്ടാതെ പോകുന്നവരുടെ ആശങ്കകൾ ഒക്കെ പങ്കാളിയോടോ കൂട്ടുകാരോടോ പങ്കുവെക്കുമ്പോൾ ശ്രദ്ധിക്കണം എന്നതാണ്. എന്നാൽ തീരെ നിസാരമായി കാണുകയും ചെയ്യരുത് . കുഞ്ഞുങ്ങളിലെ ഭീതിയെ മാറ്റാൻ,  ഇത്രയുമൊക്കെ മുൻകരുതലുകൾ നമ്മളെടുത്താൽ പിന്നീട് ഭയക്കേണ്ട കാര്യമില്ല എന്ന രീതിയിൽ  സംസാരിക്കണം. കൊറോണയുടെ കാര്യത്തിൽ ആണെങ്കിൽ വ്യക്തിശുചിത്വം എത്രത്തോളം പ്രധാനമാണെന്നു പഠിപ്പിക്കാനുള്ള അവസരമായി അതിനെ കാണാം. 

4 . കുട്ടികളുടെ പ്രായത്തിന്  അനുസരിച്ചുള്ള പ്രതികരണം: 

തീരെച്ചെറിയ കുഞ്ഞുങ്ങളോട്  ഒരു കഥപോലെ പറയാം നമുക്ക്. കൊറോണയെ ഒരു രാക്ഷസൻ ആയും ഡോക്ടർമാരും സയന്റിസ്റ്റുകളും അതിനെതിരെ യുദ്ധം ചെയ്യുന്നവരായും നമ്മുടെ കുട്ടി അതിനവരെ സഹായിക്കുന്ന ആളുമായി സങ്കൽപ്പിച്ച് ഒരു കഥ പോലെ പറഞ്ഞുനോക്കൂ. കുട്ടികൾക്ക് അത് വളരെവേഗം മനസിലായേക്കും. കുറച്ചുകൂടി മുതിർന്ന കുട്ടികളോട് എന്താണ് വൈറസ് എന്നതിനെക്കുറിച്ചും സംസാരിക്കാം. എന്തൊക്കെ തരം  രോഗങ്ങൾ നമുക്ക് വരാം എങ്ങനെയൊക്കെ വരാം ഈ വൈറസുകൾ കാരണം എന്നതൊക്കെ അറിയാൻ കുട്ടികൾക്ക് കൗതുകമുണ്ടായേക്കും. എന്തുകൊണ്ട് ആണ് ഇപ്പോഴത്തെ അസുഖം എല്ലാവരും കൂടുതൽ മുൻകരുതലുകൾ എടുക്കുന്നത്, എങ്ങനെയാണ്  നമുക്ക് ഇതിനെ പ്രതിരോധിക്കാൻ കഴിയുക ഇതൊക്കെ സംസാര വിഷയം ആക്കാം. 


5.  ശുചിത്വത്തിന്റെ ആവശ്യം


കുഞ്ഞുങ്ങളോട് വൃത്തിയെക്കുറിച്ച് സംസാരിക്കാൻ പറ്റിയ സമയമാണ് ഈ കാലം. എന്തുകൊണ്ട് ആണ് ബാത്‌റൂമിൽ പോയിവന്നാൽ കൈകൾ വൃത്തിയാക്കേണ്ടത് , എന്ത്‌കൊണ്ട്  ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി ഉരച്ചുകഴുകണം, എന്തുകൊണ്ട് പുറത്തു യാത്ര ചെയ്തുവന്നുകഴിഞ്ഞാൽ അതേ  വസ്ത്രങ്ങളോടെ വീട്ടിൽ ഇരിക്കാൻ പാടില്ല അങ്ങനെയങ്ങനെ നിരവധി വ്യക്തി ശുചിത്വ കാര്യങ്ങളും ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും സംസാരിക്കാനുള്ള അവസരമായി ഇതിനെ കാണുക. കൈകൾ കഴുകുന്ന വീഡിയോകൾ കാണിക്കുക , അവരെക്കൊണ്ട് അതിനെക്കുറിച്ച് സംസാരിപ്പിക്കുകയോ, അവർ ചെയുന്ന കാര്യങ്ങൾ വീഡിയോ എടുത്തു കാണിക്കുകയോ ചെയ്യുക ഇതൊക്കെയും കുഞ്ഞുങ്ങൾക്ക് കൂടി ഇഷ്ടപ്പെടുന്ന കാര്യമാണ്. 

6 . വീടുകൾക്ക് ഉള്ളിലേക്ക് ചുരുങ്ങേണ്ടിവന്നതിൻ്റെ  നല്ലവശം പറയുക : 

പലപ്പോഴും കുട്ടികൾക്ക് - പ്രത്യേകിച്ചും സ്‌കൂളിൽ പൊയ്ക്കൊണ്ടിരുന്ന കുഞ്ഞുങ്ങൾക്ക് വീട്ടിനുള്ളിൽ ഒന്നിൽ കൂടുതൽ ദിവസം ഇരിക്കുക എന്ന് പറയുന്നത് വളരെ വിഷമകരം ആയ കാര്യമാണ്. അവരോട് എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ ഇരിക്കേണ്ടി വരുന്നത് എന്നത് പറയുക. അതിനെ കൂടുതൽ പോസിറ്റീവ് ആക്കാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. ഇങ്ങനെ കിട്ടുന്ന സമയങ്ങളിൽ ഒരു സമയക്രമം ഉണ്ടാകുന്നത് കാര്യങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യുന്നതിന് സഹായിക്കും. അച്ഛനും അമ്മയും വർക്ക് ഫ്രം ഹോം എന്ന ഓപ്‌ഷനും മക്കൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത അവസ്ഥയും ആകുമ്പോൾ ചെയ്യാൻ കഴിയുന്നത് എല്ലാവര്ക്കും ഫോളോ  ചെയ്യാവുന്ന ഒരു ടൈംടേബിൾ ഉണ്ടാക്കുക എന്നതാണ് . 
വീട്ടിനുള്ളിൽ ഒരു സ്‌കൂൾ + ഓഫിസ് എന്ന രീതിയിൽ കാര്യങ്ങൾ നടത്തികൊണ്ട് പോകണം എങ്കിൽ കൃത്യമായ ടൈംടേബിൾ ഉണ്ടാകുന്നത് മാത്രമാണ് മടുപ്പുണ്ടാക്കാതെ ഇരിക്കാനുള്ള വഴി. കുഞ്ഞുങ്ങളുടെ ടൈംടേബിളിൽ ഇന്റർവെൽ , സ്നാക്ക് ടൈം, ലഞ്ച് ടൈം ഒക്കെ സെറ്റ് ചെയ്തുകഴിഞ്ഞാൽ രക്ഷിതാക്കൾക്കും അതിനു അനുസരിച്ചു അവരുടെ ജോലിസമയം ക്രമപ്പെടുത്തുകയും ഇപ്പോൾ വീണുകിട്ടുന്ന ഈ സമയം കുടുംബത്തോടൊപ്പം കിട്ടുന്ന കൂടുതൽ സമയം ഭംഗിയുള്ള നിമിഷങ്ങളാക്കി മാറ്റാനും കഴിയും. 

7 .  സാമ്പത്തികശാസ്ത്രം

ഏത് ദുരന്തവും അതനുഭവിക്കുന്നവരിൽ സാമ്പത്തികമായ പ്രതിസന്ധികൾ ഉണ്ടാക്കും. കുഞ്ഞുങ്ങൾക്ക് എന്തുകൊണ്ട് പുറത്തുപോയി ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല എന്നതും എന്തുകൊണ്ടാണ് പുതിയ വിലപിടിച്ച വസ്ത്രം എടുക്കാൻ കഴിയാത്തത് എന്നും എന്തുകൊണ്ട് നമ്മൾ ഈ പ്രാവശ്യം പിറന്നാളുകൾ ആഘോഷിക്കുന്നില്ല എന്നതും കൃത്യമായി കുട്ടികളിലേക്ക് പകരുക. മിതവ്യയവും നാളെയിലേക്ക് കരുതിവെക്കേണ്ടതിന്റെ ആവശ്യകതയും കുഞ്ഞുങ്ങൾക്ക് മനസിലാക്കിച്ചു കൊടുക്കാൻ കഴിയുന്ന അവസരങ്ങളാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികൾ. കുഞ്ഞുങ്ങളിൽ നിന്ന് അത്തരം കാര്യങ്ങൾ ഒളിപ്പിച്ചുവെക്കുകയല്ല വേണ്ടത് എന്നും അവരോട് യാഥാർഥ്യം പറഞ്ഞു മനസിലാക്കിക്കുകയാണ് വേണ്ടത് എന്നും വിദഗ്ധർ പറയുന്നു. 


ഈ കാലവും കടന്നുപോകും എന്നതാണ് കുഞ്ഞുങ്ങളോടും നിങ്ങൾ ഓരോരുത്തരോടും പറയാനുള്ളത് .  ഒരു സൂര്യൻ അസ്തമിച്ചുദിച്ചുയരുന്നത്  ഈ രോഗമില്ലാത്ത നല്ല പ്രഭാതത്തിലേക്കാകും  എന്ന ശുഭപ്രതീക്ഷയോടെ  അമേരിക്കയിൽ നിന്നൊരമ്മ.  



"പുലർകാല സുന്ദര സ്വപ്നത്തിലിന്നൊരു ...." .

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2005
പത്തനംതിട്ടയിലെ മലമുകളിലെ ഒരു എഞ്ചിനീയറിയങ് കോളേജിൽ പഠിപ്പിച്ചുകൊണ്ടിരുന്ന കാലം. കോളേജ് സംഘടിപ്പിച്ച ഒരു ടെക് ഫെസ്റ്റ് പ്രോഗ്രാം തിരുവല്ലയിൽ നടക്കുന്നു. കൃത്യമായി എന്തായിരുന്നു പരിപാടി എന്നോർമ്മയില്ല. പക്ഷേ, അന്ന് കണ്ട ഒരാളെ ഒരിക്കലൂം മറക്കില്ല - 'ബാലഭാസ്കർ'! അദ്ദേഹത്തിൻ്റെ സ്വർഗ്ഗീയസംഗീതം നേരിട്ട് കേൾക്കാനുള്ള ഒരുഭാഗ്യം, അതേ ഭാഗ്യമെന്നു തന്നെ പറയട്ടെ ..ഇനിയൊരിക്കലും കിട്ടാത്ത ഒന്നിനെ അങ്ങനെയല്ലേ പറയാനാകൂ! കുഞ്ഞിലേ മുതൽ കേട്ട് മോഹിച്ചിരുന്ന ഒരു സംഗീതം ആ മാന്ത്രിക വിരലുകളിൽ നിന്നൊഴുകിയത് കുട്ടികളെയും അദ്ധ്യാപകരേയും അതിഥികളേയും ഒക്കെ ഒരുപോലെ സന്തോഷിപ്പിച്ച ഒരു ദിവസം. അന്ന് അറിഞ്ഞിരുന്നില്ല വർഷങ്ങൾക്ക് ശേഷം ഒരു ദിവസമുണരുന്നത് പ്രിയപ്പെട്ട ആ കലാകാരൻ പറയാതെ പോയിയെന്ന വാർത്തയിലേക്ക് ആകുമെന്ന്!

അന്നവിടെ എഞ്ചിനീയറിംഗ് ഫിസിക്സിനെക്കുറിച്ചു ചർച്ച ചെയ്യാൻ ഒരു വിശിഷ്ടാതിഥി ഉണ്ടായിരുന്നു ശ്രീ. പ്രേംലെറ്റ് സർ. അദ്ദേഹത്തിൻ്റെ ഫിസിക്സ്
പുസ്തകം ഒന്നാം വർഷ എൻജിനീയറിങ്ങിനു 'പഠനം പാൽപ്പായസം' ആക്കാൻ ഉള്ള ശ്രമത്തിൽ ഉപയോഗിച്ചെങ്കിലും ആളുടെ പേര് ഓർത്തുകിട്ടാൻ കുറച്ചു കഷ്ടപ്പെട്ടു ഇപ്പോൾ, അപ്പോൾ സഹായത്തിനെത്തിയ ആളെക്കുറിച്ചു തന്നെയാണ് ഇന്നത്തെ ഓർമ്മപ്പാട്ട്  . എന്റെയൊരു പ്രിയപ്പെട്ട ശിഷ്യയാണ്.. വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും 'മിസ്സേ സുഖല്ലേ' എന്നുള്ള ചോദ്യവുമായി ഇടയ്ക്കിടെ മെസ്സേജുകളായി വരുന്നവൾ... പഠിപ്പിച്ചിരുന്ന വളരെ ചുരുങ്ങിയ സമയത്തിൽ പിന്നീടൊരിക്കലും ഈ കുട്ടിയുമായി കോൺടാക്ട് ഉണ്ടാകുമെന്നു തോന്നിപ്പിക്കാതിരുന്ന ഒരാൾ... 2005 നു ശേഷം കാണുകയേ ചെയ്തിട്ടേയില്ലാത്ത ഒരാൾ ഇപ്പോഴും എന്നെയോർത്തിരിക്കുന്നതിന്റെ മാജിക് ആണ് എനിക്കീ പാട്ട്.
അയാളെന്നെ ഓർത്തില്ലായിരുന്നുവെങ്കിലും ഞാൻ കക്ഷിയെ ഓർത്തേനെ  അന്ന് കേട്ടതിനുശേഷം എപ്പോഴും ഈ പാട്ടിൽ അവളെ ഓർക്കുമായിരുന്നു, അതിന്റെ കാരണം ഈ പാട്ടെനിക്ക് വളരെ ഇഷ്ടമുള്ള, എന്നോട് വളരെവളരെ അടുത്തുനിൽക്കുന്ന ഒന്നായിരുന്നതുകൊണ്ടാണ്!

'ഒരു മെയ്മാസപ്പുലരിയിൽ' എന്ന സിനിമ എന്നാണ് കണ്ടതെന്ന് ഓർമ്മയില്ല, ടിവിയിൽ വന്ന തൊണ്ണൂറുകളുടെ ആദ്യം എങ്ങാനും ആകണം. അതിലെ ശാരിയുടെ കഥാപാത്രം ആത്മഹത്യ ചെയ്യുന്ന ഒറ്റനിമിഷം മാറ്റിനിർത്തിയാൽ എൻ്റെയൊരു മോഡൽ ആയിരുന്നു - (എത്ര ആലോചിച്ചിട്ടും ആ പേര് മനസ്സിൽ വരുന്നില്ല, ആർക്കെങ്കിലും ഓർമയുണ്ടെങ്കിൽ പറയണേ  ). ഇങ്ങോട് പൊട്ടിച്ചാൽ അങ്ങോടൊന്നു പൊട്ടിക്കുന്ന പെൺകുട്ടി, കൂവുന്നവനെ നേരെപോയി പൊക്കി എന്തിനാണ് കൂവിയതെന്നു ചോദിക്കുന്ന ചങ്കൂറ്റമുള്ളവൾ, ഒരു ഫെമിനിസ്റ്റ് ചിന്തയോടെ ആദ്യം കണ്ട വേഷമാകണം അത് - ഒരുപക്ഷേ മലയാളം സിനിമയിൽ അത്തരമൊരു നായികാ കഥാപാത്രം ആദ്യമായിരുന്നിരിക്കണം. ആ കഥാപാത്രം ആത്മഹത്യ ചെയ്യുന്നതിൽപ്പോലും എനിക്ക് തോൽപ്പിക്കപ്പെടാൻ ഇഷ്ടമില്ലാതിരുന്ന ഒരു പെൺകുട്ടിയുടെ മനസാണ് കാണാൻ കഴിഞ്ഞത് (അന്നത്തെ ചിന്തയാണേ  ). എനിക്കത് പോലെ ബോൾഡ് ആകണമെന്നായിരുന്നു, ചുമ്മാ കരഞ്ഞുപിഴിഞ്ഞു പോകുന്ന, മരം ചുറ്റുന്ന നായികമാരെ വലിയ പഥ്യമില്ലായിരുന്നു എന്ന് ചുരുക്കം  അങ്ങനെ കുറേനാൾ ഞാൻ എന്നെ സങ്കൽപ്പിച്ചത് ആ 'ശാരി'യായിട്ടായിരുന്നു, അതോണ്ട് തന്നെ എന്റെ പാട്ടായിരുന്നു അത് - "പുലർകാല സുന്ദര സ്വപ്നത്തിലിന്നൊരു ...." .

എന്റെയാ സ്വന്തം പാട്ടാണ് അന്ന് പ്രേംലെറ്റ് സാറിന് ഇഷ്ടമുള്ള പാട്ടൊന്നു പാടാമോ എന്നുള്ള ആവശ്യപ്രകാരം അവൾ - സഫീല - പാടിയത്  അത്രയും വലിയ സദസിനെയും ആളുകളെയും അഭിമുഖീകരിച്ചു കൊണ്ട് ഇടയ്ക്കിടെ ഇടറിയ തൊണ്ടയിൽ അവൾ പാടിനിർത്തിയപ്പോൾ ആ പാട്ടന്നു മുതൽ എനിക്ക് സഫിയുടെ ഓർമ്മപ്പാട്ടായി  ഇത്രയും നാൾ സംസാരിച്ചിട്ടും ഞാനിത് പറഞ്ഞിട്ടില്ലല്ലോ എന്നൊരു പരിഭവവുമായി ആൾ ഇൻബോക്സിൽ ഇപ്പോൾ എത്തും. അപ്പോഴേക്കും നിങ്ങളിത് ആസ്വദിക്കൂ ട്ടാ

 നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.