Tuesday, April 14, 2020

ഇന്നീക്കൊച്ചുവരമ്പിന് മേലെ കൊയ്തെടുക്കണ കതിരോണ്ട്

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1993
അക്കൊല്ലത്തെ വിഷുനു തൊട്ടുമുൻപേയായിരുന്നു അച്ഛന്റെ ഇളയ അനിയന്റെ (ഹരി അപ്പാപ്പൻ) കല്യാണം കഴിഞ്ഞത്. പത്തനംതിട്ടയായിരുന്നു കുഞ്ഞയുടെ വീട്. ഒരു ആശ്രമം പോലെയൊരിടത്തായിരുന്നു കല്യാണം നടന്നതെന്ന് ഓർക്കുന്നുണ്ട്. മെലിഞ്ഞു കുറുകിയ ശരീരമുള്ള ഓമനക്കുഞ്ഞയും നീണ്ടുമെലിഞ്ഞ ഹരിപ്പാനും ഒരു ജയാബച്ചൻ - അമിതാബ് ബച്ചൻ കല്യാണചിത്രം പോലെ ചിരിക്കുന്നുണ്ട് ഉള്ളിലിപ്പോഴും. കല്യാണം കഴിഞ്ഞെത്തിയ പുതുപ്പെണ്ണ് വിഷുന്റെയന്ന് രാവിലെ അടുക്കളക്കപ്പുറത്തിരുന്ന് കലവും പാത്രവും ചാരമിട്ടു മോറുന്നത് കണ്ടാണ് ഞാൻ എഴുന്നേറ്റ് വന്നത് - ഉറക്കപ്പായിൽ നിന്നെഴുന്നേറ്റ് കണി കണ്ടെങ്കിലും എന്റെയുള്ളിലെ ആ വിഷുവിന്റെ ഓർമ ഓമനക്കുഞ്ഞമ്മയുടെ അടുത്ത് പോയി വായും പൊളിച്ചിരുന്ന് കുഞ്ഞമ്മ പാത്രം മെഴുക്കുന്നതിന്റെ ഭംഗി നോക്കിയതാണ്.

പുതിയ പെണ്ണിനേയും ചെറുക്കനേയും ഒരു പുത്തൻ പുത്യേ തിരപ്പടം കാണിക്കാൻ വിട്ടാലോ എന്നുള്ള ഐഡിയ ആരുടേത് ആയിരുന്നു എന്നോർമ്മയില്ല , പക്ഷേ അതിനുവേണ്ടി നല്ലോണം ചരടുവലിച്ചത് ഞാനാണ് - കാരണം സോ സിമ്പിൾ, എന്നേം കൊണ്ടുപോകുമല്ലോ! അവസാനം അവർ സിനിമ കാണാൻ പോകാൻ തീരുമാനമായി, വീട്ടിൽ വേറെയാർക്കും ഒരു ഇന്ററെസ്റ്റും ഇല്ല കൂടെപ്പോകാൻ (സ്വാഭാവികം - കല്യാണം കഴിഞ്ഞ പുതുജോഡികൾ സിനിമ കാണാൻ പോകുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം? ) - എനിക്കൊഴികെ! എന്നോടാരും പോകണ്ട എന്ന് പറഞ്ഞില്ലല്ലോ - കുഞ്ഞമ്മയോട് സിനിമയെക്കുറിച്ചും സിനിമ കാണുന്നതിന്റെ ഗുണങ്ങളെക്കുറിച്ചുമൊക്കെ വാതോരാതെ വർണിച്ചാകണം ആൾക്ക് പിടികിട്ടി എന്റെ സിനിമാപ്രാന്ത്. അങ്ങനെ എൻ്റെ സീറ്റ് ഞാൻ ഒപ്പിച്ചു, അപ്പോൾപ്പിന്നെ അമ്മയും കൂടെപ്പോരട്ടെ എന്ന് തീരുമാനമായി. അങ്ങനെയെങ്കിലും ഞാൻ ഇച്ചിരെ മാറിയിരിക്കുമല്ലോ എന്ന് കരുതിയാകണം 'അമ്മ ആ കടുംകൈക്ക് തയ്യാറായത്.

ചങ്ങനാശ്ശേരി ടൗണിൽ എത്തിക്കഴിഞ്ഞാണ് ഏത് സിനിമ കാണണമെന്ന് ചിന്തിക്കുന്നത് തന്നെ. എനിക്ക് ഏതുപടവും ഒരേപോലെ - നോ പ്രയോറിറ്റി! ഹരിപ്പാനും അങ്ങനെതന്നെ - അപ്പോൾപ്പിന്നെ പന്ത് കൂടെയുള്ള മറ്റുരണ്ടുപേർക്ക് കിട്ടി. വേറെ ഏതോ മോഹൻലാൽ പടം ഉണ്ടായിരുന്നു എന്ന് തോന്നുന്നു (ദേവാസുരം ആണോ എന്ന് സംശയമുണ്ട്) - പക്ഷേ, അന്ന് അമ്മയും കുഞ്ഞമ്മയും കൂടി തിരഞ്ഞെടുത്തത് 'കുടുബസദസ്സുകൾക്ക് വേണ്ടി' എന്ന ടാഗ്‌ലൈനുമായി ഇറങ്ങിയ ഒരു പടമായിരുന്നു - പടത്തിന്റെ പേര് വാത്സല്യം! കല്യാണം കഴിഞ്ഞ ഉടനെപോയി കാണാൻ പറ്റിയ പടമാണ്  ഹമ്മേ .... കരഞ്ഞുകരഞ്ഞു ഒരു വഴിക്കായി എന്ന് പറഞ്ഞാൽ മതിയല്ലോ.

കാലം പിന്നെയുമുരുണ്ടു .. വിഷുവും ഓണവും ക്രിസ്തുമസും ഒക്കെക്കടന്നുപോയി ... ഓരോ തളിരിനും പൂവും കായും വന്നു .. ചില മരങ്ങളൊക്കെ ഓർമ്മകൾ മാത്രംബാക്കിയാക്കിക്കൊണ്ട് നിലം പറ്റുകയും ചെയ്തു - ഹരിപ്പാനെപ്പോലെ!
ഈ സിനിമയുടെ സംവിധായകനും തല കാണിച്ച ഒരു പാട്ടുണ്ട് ഇതിൽ ... വിഷുവൊക്കെയല്ലേ ഇന്നത്തെ പാട്ടോർമ്മ - " ഇന്നീക്കൊച്ചുവരമ്പിന് മേലെ കൊയ്തെടുക്കണ കതിരോണ്ട് "സദ്യയൊരുക്കുന്ന ഓർമകളിലേക്ക് .....
-----------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day89

Monday, April 13, 2020

"ഏഴിലം കാട്ടിൽ പണ്ടൊരു കാക്ക ഏകാദശി നോറ്റു ....."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!


വർഷം 1989-90 ഒക്കെയാകണം

നാവായിക്കുളത്തെ LP സ്‌കൂളിൽ -ഞങ്ങളുടെ മേലേസ്‌കൂളിൽ ഒരു സുന്ദരി പാട്ടുടീച്ചർ ഉണ്ടായിരുന്നു, അനിത ടീച്ചർ. ചേട്ടന്മാർ നാലുകൊല്ലം മുന്നേ പഠിച്ചുപോയതുകൊണ്ട് വീണ്ടും വിക്രം വേതാളം കഥ പോലെ ഞാനാ സ്‌കൂളിൽ ചേർന്നപ്പോഴേ ടീച്ചറിനെന്നെ അറിയാം. ഗുണം എന്തായിരുന്നു എന്ന് വെച്ചാൽ, ഈ ടീച്ചറിനു ചേട്ടന്മാരെ നല്ല ഇഷ്ടമായിരുന്നു. ടീച്ചറുടെ മൂത്ത മകനും ചേട്ടന്മാരുടെ അതെ പ്രായമായിരുന്നുവെന്നതും ഒരു കാരണമാകാം. ശാന്ത സ്വഭാവമുള്ള, ചിരിച്ചുകൊണ്ട് സംസാരിക്കുന്ന, ഒരു കുഞ്ഞുപൊട്ടു മാത്രം കുത്തുന്ന, നീണ്ട ചുരുണ്ട മുടിയുള്ള, കണ്ണാടിയുള്ള, മെലിഞ്ഞിട്ട് പൊക്കമുള്ള അനിതടീച്ചറിൽ നിന്നാണ് കേൾക്കാൻ കൗതുകമുള്ള ഒരു സ്ഥലപ്പേര് ഞാൻ പഠിക്കുന്നത് - പൂതക്കുളം (വായ്മൊഴിയിൽ അതെന്നും പൂതക്കുളം ആയിരുന്നു - എനിക്കിപ്പോഴുമറിയില്ല ശരിക്കുള്ള പേര് ഭൂതക്കുളം എന്നാണോയെന്ന്).

ഒന്നാം ക്ലാസ്‌മുതലേ അസംബ്ലിയിൽ പ്രാർത്ഥനക്കൂട്ടത്തിൽ കേറിയതും, 'ജന ഗണ മന' ചൊല്ലാനുള്ള അവസരം എന്നത് ഒരവകാശം എന്നത് പോലെ സ്വന്തമാക്കിയതും ഒക്കെ അനിതടീച്ചറിനോടുള്ള ഇഷ്ടം കൊണ്ടുകൂടിയാണ് (ടീച്ചർക്ക് തിരിച്ചും!) ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ വെച്ച് തിരിഞ്ഞുനോക്കുമ്പോൾ പുറമേയ്ക്ക് വിളിച്ചുപറയാതെ സഹജീവികളെ കരുണയോടെ, തുല്യനീതിയോടെ, സ്നേഹത്തോടെ കണ്ടിരുന്നവരിൽ ഒന്നാമതാണ് എന്റെയീ പാട്ടുടീച്ചർ - അല്ലെങ്കിൽ എത്രയെളുപ്പമായിരുന്നുവെന്നോ കറുത്തുമെല്ലിച്ച, ഉച്ചക്കഞ്ഞി കുടിക്കുന്ന, നാക്കിന്റെ ബലത്തിൽ മാത്രം പിടിച്ചുനിൽക്കുന്ന ഈ കുട്ടിയെ കണ്ടില്ലായിരുന്നു എന്ന് നടിക്കാൻ (മാർക്കൊക്കെ ഒന്നിലും രണ്ടിലും എല്ലാവര്ക്കും അൻപതിൽ അൻപതല്ലേ  )! മൂന്നാം ക്ലാസ് മുതലാണ് സ്‌കൂൾ യുവജനോത്സവത്തിന് ഉപജില്ലാതലത്തിൽ പോകാൻ കഴിയുക - LP സ്കൂൾതല യുവജനോത്സവം ഒന്നുമില്ല അന്ന്. സാധാരണ നാലാം ക്‌ളാസ് ചേച്ചിമാരെയാണ് എല്ലാ പരിപാടിക്കും കൊണ്ടുപോകുക. എന്നാൽ അക്കൊല്ലം സ്‌കൂളിൽ നിന്നുള്ള സംഘഗാനടീമിൽ മൂന്നാം ക്ലാസുകാരിയായ ഞാനും ഉണ്ടായിരുന്നു. പദ്യപാരായണം എന്ന സോളോ മത്സരത്തിന് പ്രസന്ന ടീച്ചറിന്റെ മോൾ ഷീനച്ചേച്ചി ഉണ്ട്, പിന്നെ ഒരാളെക്കൂടി കൊണ്ടുപോകാം ഉപജില്ലയിൽ.

അന്ന് അനിതടീച്ചർ എനിക്കൊരു കാസറ്റ് തന്നു - എന്നിട്ട്പറഞ്ഞു "ഇതിലെ ഒരു കവിത മുഴുവൻ കാണാതെ ചൊല്ലാൻ പഠിച്ചുവന്നാൽ നിന്നെക്കൊണ്ടു പോകാം". വീട്ടിൽ വന്നുകേറിയ പാടേ കവിതാകാസറ്റ് ഞങ്ങളുടെ കുഞ്ഞു ചുമപ്പൻ ടേപ്പ് റിക്കോർഡറിൽ ഇട്ട് ഉറക്കെവെച്ചു, സ്‌കൂൾ വിട്ടുപോകുന്ന അനിതടീച്ചർ വീടിനുമുന്നിൽ വഴിയിലൂടെയാണ് ബസ്സ്റ്റോപ്പിലേക്ക് പോകുക. ഞാനിത് പഠിക്കാൻ ശ്രമിക്കുന്നുണ്ടെന്നുള്ളത് ടീച്ചറിനെ അറിയിക്കുക എന്നത് എൻ്റെ ആവശ്യമായിരുന്നു - ടീച്ചറിന്റെ മുന്നിലെ നല്ലകുട്ടി ഇമേജ് നിലനിർത്താനുള്ള നിഷ്കളങ്ക പരിശ്രമം  അങ്ങനെ ആദ്യമായി ഞാൻ പാഠപുസ്തകത്തിലേത് അല്ലാതെ പഠിച്ച കവിതയാണ് ശ്രീ.വയലാർ രാമവർമ്മയുടെ ഏകാദശി നോറ്റ കാക്ക എന്ന കവിത.

"ഏഴിലം കാട്ടിൽ പണ്ടൊരു കാക്ക
ഏകാദശി നോറ്റു ....."

ടീച്ചർ വാക്കു പാലിച്ചു അക്കൊല്ലത്തെ കവിതാമത്സരത്തിനു എന്നേം കൊണ്ടോയി. ചൊല്ലിയത് വയലാറിന്റെ തന്നെ 'മാനിഷാദ' ആയിരുന്നു. ആ കവിതയ്ക്ക് കിട്ടിയ സെക്കന്റ് പ്രൈസ് എനിക്കൊരു ഒന്നൊന്നര ഫാസ്റ്റ് പ്രൈസ് ആയിരുന്നൂട്ടാ .....
അനിത ടീച്ചർ ഇപ്പോൾ എവിടെയാണ് എന്നൊന്നും അറിയില്ല .. വയസായിട്ടുണ്ടാകണം... പക്ഷേ ഓർമയിൽ ഇപ്പോഴും ചിരിക്കുന്ന ടീച്ചറിന്റെ മുഖത്തിന് 89 ലെ ആ സുന്ദര വയസാണ്!
-----------------------------------------------------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day88

Sunday, April 12, 2020

"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ... അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ ...."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1998
ഫാത്തിമയിലെ ഒന്നാം വർഷ പ്രീഡിഗ്രിക്കാരിയായി വിലസിനടക്കുന്ന സമയത്താണ് കോളേജ് ഇലക്ഷൻ വരുന്നത്. എല്ലാ പാർട്ടിക്കാരുടെ കൂടെയും ഉണ്ടാകും പാട്ടുപാടാനുള്ള ഒന്നുരണ്ടു തല്പരകക്ഷികൾ. അങ്ങനെയുള്ള ഒരു പുള്ളിക്കാരൻ - തൽകാലം പേര് നമുക്ക് ബിജോയ് എന്ന് ആക്കാം - ശരിക്കുള്ള പേര് പറഞ്ഞിനി പുള്ളിക്കൊരു കുഴപ്പം ആകണ്ട  അങ്ങനെ അങ്ങോര് ഒത്തിരി നല്ല പാട്ടുകളൊക്കെ പാടിയങ്ങനെ പ്രചരണം കൊഴുപ്പിച്ചു നടക്കുന്ന കാലം. ഡിഗ്രിക്കാരനായ കക്ഷിയുടെ പ്രണയിനിയും കൂട്ടത്തിൽ ഉണ്ടാകാറുണ്ട് മിക്കപ്പോഴും. പല നല്ല പാട്ടുകളും പാടാൻ ഞങ്ങൾ ആവശ്യപ്പെടുന്ന കൂട്ടത്തിൽ ഒരു പാട്ടിന്റെ വരികൾ അറിയില്ല എന്ന് പറഞ്ഞപ്പോൾ എപ്പോഴും കൂടെക്കൊണ്ടു നടക്കാറുള്ള ഡയറിയുടെ ഒരു പേജ് കീറി ഞാനെഴുതിക്കൊടുത്തു,

"എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു ...
അത്രമേൽ ഇഷ്ടമായ് നിന്നെയെൻ പുണ്യമേ ...."

മുഴുവൻ വരികളും കാണാതെ പഠിച്ചുവെച്ചിരുന്ന പാട്ടുകളായിരുന്നു സമ്മർ ഇൻ ബേത്ലഹേമിലെ ഓരോ പാട്ടും. അതുകൊണ്ടാണല്ലോ സൂപ്പർ ഈസിയായിട്ട് അങ്ങോട് എഴുതിക്കൊടുക്കാൻ പറ്റിയത്. ആശാൻ അടുത്ത ദിവസം പഠിച്ചുകൊണ്ട് വരാമെന്നൊക്കെ പറഞ്ഞുപോയി, ഞങ്ങൾ ക്‌ളാസിലേക്കും പോന്നു.

പിറ്റേദിവസം ആയപ്പോൾ നമ്മുടെ അഭ്യുദയകാംക്ഷിയായ വളരെയേറെ പ്രിയപ്പെട്ട ഒരു ചേച്ചിപ്പെണ്ണ് പാഞ്ഞുവരുന്നു. വന്നയുടനെ പറഞ്ഞത് 'വേഗം നിന്റെ ഡയറിയെടുത്ത് എനിക്ക് എത്രയോ ജന്മമായ് എഴുതിത്തന്നേ ' എന്നാണ്. ശ്ശെടാ ...ഇനിയിപ്പോ ഇതാണോ ട്രൻഡ് എന്നോർത്ത് ഞാൻ ഒന്നൂടി ചോദിച്ചു
"അതെന്തിനാ ചേച്ചി ഡയറിയിൽ തന്നെ എഴുതിത്തരണമെന്നു പറയുന്നേ?"

കഥയപ്പോഴല്ലേ അറിയുന്നേ - മറ്റേ കക്ഷി ഇല്ലേ നമ്മുടെ പാട്ടുകാരൻ ഹീറോ. പുള്ളി പ്രണയിനിയ്ക്കൊരു അസൂയ ആയിക്കോട്ടേന്നു കരുതി ഞാൻ പാട്ടെഴുതിക്കൊടുത്ത ഡയറിച്ചീന്തിനെ ഒരു 'ആരാധികയുടെ കടുത്ത പ്രണയാഭ്യർത്ഥന' ആയി അവതരിപ്പിച്ചിരിക്കുന്നു, നമ്മുടെ വളരെയടുത്ത ചേച്ചിയുടെ അടുത്ത് ആണ് പ്രണയിനി പരാതിയും കാമുകനുമായി എത്തിയത്. ഒരു പ്രണയകലഹം ഉണ്ടാകാതിരിക്കട്ടെയെന്നും എൻ്റെ പേരിൽ ആകണ്ട അവര് പിരിയുന്നതെന്നും ഓർത്ത് ചേച്ചി ഇതുപോലെ എന്റെ കയ്യിലുമുണ്ട് ഇതേ പാട്ട് , ആർഷ എല്ലാര്ക്കും പാട്ടെഴുതികൊടുക്കുന്നത് ഡയറിത്താളിലാണ് എന്നും അവിടെ തള്ളിയിട്ടാണ് ചേച്ചി ഇവിടെ പാഞ്ഞുവന്നിരിക്കുന്നത് - പ്രൂഫ് ഉണ്ടാക്കാൻ! ഞാൻ ആണെങ്കിൽ കണ്ണും മൂക്കും തള്ളിയിരിക്കുകയാണ് ഈ കഥ കേട്ടിട്ട്!!

ചേച്ചിയോട് ഞാൻ : "എന്തിനാ ഈ ഇരട്ടിപ്പണി! സത്യം പറഞ്ഞാൽ പോരേ - അത് ഞാൻ പറഞ്ഞോളാം ആ പെങ്കൊച്ചിനോട്, പിന്നെ ലോ ഗന്ധർവ്വൻ ചേട്ടനെ ഒന്ന് കണ്ടു രണ്ടു വർത്തമാനോം പറയാം"

സ്‌കൂൾ തലം മുതൽ ആൺപിള്ളേരോട് അടിയെങ്കിൽ അടി, കുത്തെങ്കിൽ കുത്ത് എന്ന് നടന്നിട്ട്, കോളേജിൽ എത്തി ഇച്ചിരെ മര്യാദ കാണിച്ചുനിന്നപ്പോൾ ഇങ്ങനെയൊരു അപമാനം  ...ശോ!! അതും ഇങ്ങോരോട് ..... (പുള്ളി എന്റെ കണ്ണിലെ സുന്ദര കാമദേവനൊന്നും ആയിരുന്നില്ല) ഒന്നുമില്ലെങ്കിൽ സിംഗിൾ ആയി നടക്കുന്ന ആരോടെങ്കിലും പ്രേമാരാധന തോന്നാനുള്ള വകതിരിവ് എനിക്കുണ്ടെന്ന് ആ ചോട്ടനു തോന്നിയില്ലല്ലോ എന്നാലോചിക്കുമ്പോൾ ആണ് .....ബിൽഡപ്പ് തീരെ ശരിയായില്ല എന്ന് തോന്നിയേ!

എന്തായാലും ആ മനുഷ്യൻ നശിപ്പിച്ചു കയ്യിൽത്തന്നത് എന്റെ ഏറ്റോം പ്രിയപ്പെട്ട പാട്ടുകളിലൊന്നാണ് .... പിന്നെയീ പാട്ട് എപ്പോക്കേട്ടാലും എനിക്ക് ചിരി വരും ആ ഗന്ധർവനെ ഓർത്തിട്ട്! ചുളുവിൽ ഒന്ന് തള്ളിനോക്കിയതാ - അടിപിടി വെള്ളപ്പൊക്കം ആയി നാശകോശമായിപ്പോയിന്ന് പറഞ്ഞാൽപ്പോരേ!

https://www.youtube.com/watch?v=SbxAua09qo4
----------------------------------------------------------------------------------------------------------------------------------
#100DaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100DaysToLove
#100SongsToLove
#Day87