Thursday, March 19, 2020

ഘനശ്യാമ വൃന്ദാരണ്യം ...

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 2003 -04

കാസറഗോഡ് എൽബിഎസ് എൻജിനീയറിങ് കോളേജിൽഅവസാനവർഷക്കാരായി നടക്കുന്ന കാലം. പഠിക്കുവാരുന്നുന്നൊക്കെ പറഞ്ഞാൽ ഇത് വായിക്കുന്ന പഴയ അദ്ധ്യാപകരിൽ ആരെങ്കിലും ഇന്നസെന്റ് മോഡലിൽ "നീയൊക്കെ എന്തിനാ പഠിച്ചേ " എന്ന് ചോദിയ്ക്കാൻ സാധ്യതയുണ്ട്. അക്കൊല്ലമാണ് കോളേജിൽ ഒരു ഇന്റർ കോളേജ് ഫെസ്റ്റിവൽ പ്ലാൻ ചെയ്തത് - റിഥം എന്ന് പേരിട്ട ഒരു ഗംഭീരൻ പ്രോഗ്രാം. അതിനു മുന്നത്തെക്കൊല്ലം കോഴിക്കോട് REC യിൽ വെച്ചുള്ള രാഗം പ്രോഗ്രാമിന് പോയതൊക്കെ ഓർത്തപ്പോൾ എന്തായാലും ഇതിലും കുറെ പരിപാടികൾക്ക് പങ്കെടുക്കണം എന്നൊക്കെ ഉറപ്പിച്ചു നടക്കുവാണ് നമ്മുടെ ടീം. ആ കലാപരിപാടി അവസാനിച്ചപ്പോഴേക്കും മൂന്ന് നാല് പാട്ടുകൾ ഉള്ളിലേക്ക് കേറിപ്പറ്റിയിരുന്നു. അതിലാദ്യത്തെ പാട്ടൊരു ചിരി - കരച്ചിൽ മിക്‌സാണ്.

കൂട്ടത്തിലെ സുന്ദരിമണികൾ, ഡാൻസുകാരികൾ 'സിൻക്രണൈസേഷൻ' Synchronization ഡാൻസിന് ചേർന്നത് ഭീകരൻ ട്രാജഡി ആയിപ്പോയി. കർട്ടൻ കൊണ്ട് നടുവിൽ രണ്ടായി ഭാഗിച്ച സ്റ്റേജിൽ കർട്ടന്റെ രണ്ടു വശത്തായി നിന്ന് മറ്റെയാൾ കളിക്കുന്നത് കാണാതെ ഒരേപോലെ ഡാൻസ് കളിക്കുന്നതാണ് ഈ പരിപാടി - നമ്മുടെ "താമരനൂലിനാൽ മെല്ലെയെൻ മേനിയെ " പാട്ടിൽ കുഞ്ചാക്കോയും നായികയും റൂമിന്റെ അപ്പുറോമിപ്പുറോം നിന്ന് കളിക്കുന്നതുപോലെ. ഒറ്റദിവസം കൊണ്ട് പരിശീലിച്ച ഡാൻസാണ്,  "ഘനശ്യാമ വൃന്ദാരണ്യം ... " കൊറിയോഗ്രാഫി ഈ ഡാൻസുകാരികൾ തന്നെ - തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ കയ്യീന്നുപോയി എന്ന് മനസിലാക്കിയ, സ്റ്റേജിന്റെ പടിയുടെ അടുത്തുനിന്നവൾ ഇറങ്ങി ഒറ്റയോട്ടം വെച്ചുകൊടുത്തു, അകമ്പടിയായി കരച്ചിലുമുണ്ട്! പാവം മറ്റേ കക്ഷിക്ക് ഇപ്പുറത്തെ ആളിനെ കാണാൻ കഴിയില്ലലോ - പാർട്ണർ കളിക്കുന്നുണ്ടാകും എന്നുകരുതി ആശാട്ടി കുറച്ചുനേരം കൂടി കളിച്ചു. നോക്കുമ്പോൾ സദസ്യരെല്ലാം തല വലതുവശത്തേക്ക് ചരിച്ചു വെച്ചിരിക്കുന്നു - മറ്റേ കരഞ്ഞോണ്ട് ഓടിയ കക്ഷിയെ നോക്കുവാ എല്ലാരും. പിന്നെ ഞങ്ങൾ ചിലരെഴുന്നേറ്റ് ഓടുന്നതുകൂടി കണ്ടപ്പോൾ അവൾക്ക് കാര്യം മനസിലായി ... "തോമസുകുട്ടീ വിട്ടോടാ " എന്നതുപോലെയാണ് കാര്യങ്ങൾ കർട്ടനപ്പുറത്ത് നടക്കുന്നതെന്ന്. പിന്നെ മടിച്ചില്ല ആളും സ്റ്റേജിൽ നിന്നും പതുക്കെ മന്ദം മന്ദം ഇറങ്ങി ഒരോട്ടം.

അന്ന് കളിക്കാതെ ഇറങ്ങിയോടിയവൾ കരഞ്ഞെങ്കിലും വേഗം തന്നെ അത് കൂട്ടച്ചിരിയായി മാറിയതുകൊണ്ട് ഇന്നും ആ സുന്ദര മനോഹര പാട്ട്/ഡാൻസ് കേൾക്കുകയോ കാണുകയോ ചെയ്താൽ ഈ ഓട്ടമോർമ്മ വരും, കൂടെ അവളുടെ ഡയലോഗും - "എന്നാലും ഞാനെന്റെ ഫേവറൈറ് സ്റ്റെപ് കളിക്കും മുൻപ് ഇറങ്ങിയോടിയല്ലോ! "
പേരെഴുതുന്നില്ല   - ഇടി പാർസൽ മേടിക്കണ്ടല്ലോ
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

Wednesday, March 18, 2020

ആ സാമ്രാജ്യം

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം - 1990-91

നാവായിക്കുളം പിജി തിയറ്ററിൻ്റെ കഥ ഏതാണ്ട് എല്ലാ ഓർമയിലും എഴുതാറുണ്ടെങ്കിലും ഞങ്ങൾ മറ്റു തിയറ്ററുകളിലും പോയി സിനിമ കണ്ടിട്ടുണ്ടേ. ഇന്നത്തെ ഓർമ്മ അങ്ങനെ കാണാൻപോയ ഒരു സിനിമയേയും അതോർമ്മിപ്പിക്കുന്ന ആളെയും കുറിച്ചാണ്.

ചങ്ങനാശ്ശേരിയിൽ അച്ഛൻ്റെ വീട്ടിൽ അവധിക്കുപോയ ഏതോ ഒരു സമയം. (ഓണമാകാനാണ് സാദ്ധ്യത) ഓണസമയത്ത് അമരയിലെ അച്ഛൻവീട്ടിൽ മിക്കവാറും എല്ലാ കൊച്ചുമക്കളും എത്തും. ജനിച്ചതുമുതൽ ഏതാണ്ട് ആറാം ക്‌ളാസ് ആകുന്നിടം വരെ ഞാനായിരുന്നു അവിടുത്തെ ചെറിയ കുട്ടി. പിന്നീടാണ് അച്ഛന്റെ ഇളയ സഹോദരിക്ക് മകളുണ്ടാകുന്നത്. അന്ന് ഞങ്ങൾ മധുപ്പാനെന്ന് വിളിക്കുന്ന അപ്പാപ്പൻ എന്നോട് "പോയെടീ നിന്റെ സ്ഥാനമൊക്കെ പോയീ " എന്ന് കുനു പറഞ്ഞതുപോലും ഓർമ്മയുണ്ട് . ഓണസമയത്താണ് മിക്കപ്പോഴും അപ്പൂപ്പനെയും അമ്മൂമ്മയേയും ഒക്കെ കാണാൻ അമരയ്ക്ക് പരിസരപ്രദേശങ്ങളിലൊക്കെ താമസിക്കുന്ന ബന്ധുക്കളൊക്കെ വരിക. അച്ഛൻ്റെ അകന്ന ബന്ധത്തിലൊക്കെയുള്ള ഒത്തിരിപേർ ഞങ്ങളുടെ നാവായിക്കുളം വീട്ടിൽ നിന്ന് പഠിക്കുകയോ ജോലിക്ക് പോകുകയോ ഒക്കെ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം / കൊല്ലം ഭാഗങ്ങളിലാണോ ഇന്റർവ്യൂ, ടെസ്റ്റ് ഒക്കെ വരുന്നത് എങ്കിൽ മോഹനച്ചാൻ്റെ വീട്ടിൽ നിൽക്കാമെന്ന് അവർ നേരെയങ്ങട് വീട്ടിലെത്തും - അങ്ങനെ വന്നില്ലെങ്കിൽ അടുത്തവട്ടം വെക്കേഷന് പോകുമ്പോൾ വരാത്തോരെയൊക്കെ അമ്മയും ഞങ്ങളും പരിഭവം പറഞ്ഞു കൊല്ലും എന്നുള്ളതുകൊണ്ട് ആരും അതിനു മുതിർന്നിരുന്നില്ല. നാവായിക്കുളം ഞങ്ങൾ ചെന്നുചേർന്ന നാടാണ്, അതുകൊണ്ടുതന്നെ ബന്ധുക്കളൊന്നും അവിടെയുണ്ടായിരുന്നില്ല... അങ്ങനെയുള്ളപ്പോൾ ആണ്ടിൽ രണ്ടോ മൂന്നോ പ്രാവശ്യം ആഞ്ഞിലിത്താനത്തൂന്നൊ കട്ടപ്പനയിൽ നിന്നോ കോട്ടയത്തൂന്നൊ കാഞ്ഞിരപ്പള്ളിൽ നിന്നോ ഒക്കെ തേടിപ്പിടിച്ചു ബന്ധുക്കൾ വരുന്നത് ഞങ്ങൾക്ക് ഉത്സവമായിരുന്നു.

അങ്ങനെ തിരുവനന്തപുരത്ത് എവിടെയോ ഇന്റർവ്യൂനു പോകാനോ/ മത്സരത്തിന് പോകാനോ മറ്റോ വീട്ടിലെത്തിയ ചേട്ടായി ആണ് സത്യൻ ചേട്ടായി - അച്ഛന്റെ അകന്നൊരു ബന്ധുവാണ്, ബന്ധം പറയാൻ അന്നുമിന്നും അറിയില്ല. ഒരു പാവത്താൻ ചേട്ടനായിരുന്നു സത്യൻ ചേട്ടായി. അക്കൊല്ലം ആ വെക്കേഷന് ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ ഞങ്ങളൊക്കെ വന്നിട്ടുണ്ടെന്നറിഞ്ഞ് പുള്ളി വീട്ടിൽ വന്നു. സംസാരമദ്ധ്യേ അമരപുരത്തെ തിയറ്ററിൽ പുത്തൻപുതിയ മമ്മൂട്ടിപ്പടം വന്നിട്ടുണ്ടെന്ന് പറയുകയും "പിള്ളേരേം കൂട്ടി ഞാനെന്നാ സിനിമയ്ക്ക് പോകുവാന്നെ അമ്മാമ്മേ" ന്നും കാച്ചി എന്നെയും ചേട്ടന്മാരെയും കൊണ്ടൊരൊറ്റ പോക്ക് പോകുകയും ചെയ്തു. അവിടെച്ചെന്നപ്പോൾ വമ്പൻ കട്ടൗട്ടുകളൊക്കെയായിട്ട് മമ്മൂട്ടി - കോട്ടും സൂട്ടും താടിയും കൂളിംഗ് ഗ്ലാസും ആകെ മേളം! നല്ല തിരക്കുണ്ടായിരുന്ന ആ സിനിമയുടെ പേര് സാമ്രാജ്യം - ഗംഭീരൻ അധോലോക മൂവി. സെൻസർബോർഡ് സർട്ടിഫിക്കറ്റ് കാണിച്ചപ്പോൾ തിയറ്റർ മുഴുവൻ ഒരു കൂവൽ പൊങ്ങിപ്പടർന്നു -

" മമ്മൂട്ടിയുടെ A പടമാണേ ഇത് " എന്ന് പറയുന്നതുകേട്ട് ആ അവധിക്കാലത്ത് മമ്മൂട്ടിപ്പടം കാണാൻ കൊട്ടകയ്ക്കകത്തിരുന്ന അമ്മച്ചിമാരും പെങ്കൊച്ചുങ്ങളും ഉള്ള കുടുംബങ്ങൾ ഞെട്ടിപ്പൊട്ടി! ഞങ്ങളെ സിനിമ കാണിക്കാൻ കൊണ്ടുപോയ സത്യൻചേട്ടായിടെ മുഖത്തുന്നു വേണേൽ ചോര തൊട്ടെടുക്കാമായിരുന്നു! എന്തായാലും സിനിമ തീരുംവരെ കുറെപ്പേർക്ക് എരിപൊരിസഞ്ചാരവും പെരുമ്പറ മേളവും ആയിരുന്നിരിക്കണം. തിയറ്റർ മുതലാളിക്ക് അടിതാങ്ങാൻ കെൽപ്പില്ലാത്തത് കൊണ്ടാകണം അനിഷ്ടങ്ങളൊന്നും സംഭവിക്കാതെ സിനിമ തീർന്നു.

അന്നത്തെ സാമ്രാജ്യം സിനിമയിൽ പാടില്ലായിരുന്നു - പക്ഷേ ഒരു ഗംഭീരൻ ബിജിഎം ഉണ്ടായിരുന്നു. കഷ്ടകാലത്തിന് സാമ്രാജ്യം 2 വിലെ ഒരു ഗാനരംഗം വർഷങ്ങൾക്ക് ശേഷം കാണേണ്ടിവന്നു ... കൂടുതലൊന്നും പറയാനില്ല അതിനെപ്പറ്റി, ഉണ്ണിച്ചേട്ടന്റെ ആ സിനിമ കാണാനുള്ള ധൈര്യവുമില്ല  എന്തായാലും പാട്ടിന്റെ വിഷ്വൽസ് കാണാതെ പാട്ടുമാത്രം കേട്ടുനോക്കുന്നതിൽ തെറ്റില്ല എന്നാണ് അഭിപ്രായം 
-----------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ 

"മാനം തെളിഞ്ഞേ നിന്നാൽ .. മനസും നിറഞ്ഞേ വന്നാൽ വേണം കല്യാണം .."

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം 1994- 95
അച്ഛൻ്റെ ഒരു സുഹൃത്തിന്റെ കല്യാണം കൂടാൻ വീടിനെ പ്രതിനിധീകരിച്ചു പോയതാണ് ഞാൻ - ഒറ്റയ്ക്കല്ല കേട്ടോ, അമ്മയുടെ ഒരു സുഹൃത്തിനൊപ്പം ആണ് എൻറെ യാത്ര. അമ്മയേക്കാൾ ഒത്തിരി ഇളയ ആ ആളെ ഞാൻ പേരുകൂട്ടി ...ച്ചേച്ചി എന്നാണ് വിളിച്ചിരുന്നത് (തത്കാലം ആളെ പാത്തുച്ചേച്ചി എന്ന് വിളിക്കാം നമുക്ക്). 
പുള്ളിക്കാരി പിജിയൊക്കെ കഴിഞ്ഞു നിൽക്കുന്ന സമയം ആകണം, ഞാനൊരു ഏഴാം ക്ലാസ്സിൽ പഠിക്കുന്നു എന്നാണ് ഓർമ്മ. കല്യാണത്തിന് പോയ സ്ഥലമൊന്നും ഓർമയില്ല പള്ളിക്കലാണോ പകൽക്കുറിയാണോ എന്നൊന്നും അറിയില്ല, ഏതോ ഒരു കുണ്ടും കുഴിയുമുള്ള റോഡുള്ള സ്ഥലത്തേക്ക് കുലുങ്ങിക്കുലുങ്ങിപ്പോകുന്ന ഒരു വെള്ള വാനിൽ കുത്തിഞെരുങ്ങിപ്പോയത് ഓർക്കുന്നുണ്ട്. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരു വെള്ളത്തുണി കൊണ്ടുള്ള തട്ടികൊണ്ട് വേർതിരിച്ച ഇടത്തിരുന്ന് ആ നിക്കാഹ് കണ്ടതും കല്യാണപ്പെണ്ണിനെ കാണാൻ പാത്തുച്ചേച്ചിയ്ക്കൊപ്പം അകത്തേക്ക് പോയതുമൊക്കെ ഓർമയുണ്ട്. ബിരിയാണി കഴിച്ചുകഴിഞ്ഞു കൈ കഴുകാൻ പോയയിടത്ത് തൂക്കിയിട്ടിരുന്ന പിങ്ക് ലൈഫ്ബോയിന്റെ മണം പോലും ഓർമയുണ്ടെങ്കിലും ആ കല്യാണപ്പെണ്ണിന്റെ പേരോർമ്മയില്ല . എത്ര വിചിത്രമാണ് ഓർമ്മകൾ കോർക്കുന്ന നൂലുകൾ! ഞാനും പാത്തുച്ചേച്ചിയും കൂടി വെള്ളമുള്ള ഒരു മൂത്രപ്പുര അന്വേഷിച്ചു നടന്നതും കല്യാണം നടക്കുന്നിടത്തെങ്കിലും പെണ്ണുങ്ങൾക്ക് മൂത്രശങ്ക തീർക്കാൻ വഴിയില്ലാത്തതിനെക്കുറിച്ചു പരസ്പരം പരിഭവം പറയുകയും ചെയ്തു! ( അന്നേ വായനയുടെ അസ്കിതയുണ്ടായിരുന്നത് കൊണ്ട് പ്രായത്തിൽ മുതിർന്ന വർത്തമാനം പറയാനും പ്രവർത്തിക്കാനും കേമിയായിരുന്നു ഞാൻ. അല്ലെങ്കിൽ പിന്നെ ഏഴാം ക്ലാസ്സും 23 വയസും തമ്മിൽ എങ്ങനെ ചേരാൻ...!)

അന്ന് കല്യാണമൊക്കെ കഴിഞ്ഞു തിരികെപ്പോരാൻ ഞങ്ങൾക്ക് രണ്ടാൾക്കും സ്ഥലം കിട്ടിയത് ഒരു കാറിലാണ്. അങ്ങോടു പോയതിനേക്കാൾ കഷ്ടമായ സ്ഥിതിയിൽ കുത്തിഞെരുങ്ങി തിരിച്ചിങ്ങോട് യാത്ര. അക്ഷരാർത്ഥത്തിൽ ഞാൻ ചേച്ചിയുടെ മടിയിലാണ് ഇരിപ്പ് - സൈഡ്സീറ്റിൽ. അന്ന് പാത്തുച്ചേച്ചിക്ക് ഒരു പ്രമാദമായ പ്രണയമുണ്ടായിരുന്നേ -അച്ഛന്റെ സുഹൃത്തായ ഒരു നാട്ടുകാരനുമായി - ഞാൻ പുള്ളിയെ മാമനെന്നു വിളിച്ചു (തിരോന്തോരം ഭാഗത്ത് താമസിക്കുന്നവർക്ക് മിക്കവർക്കും മാതാപിതാക്കളുടെ ആണ്സുഹൃത്തുക്കൾ മാമന്മാരും, പെൺസുഹൃത്തുക്കൾ മാമിമാരോ ചേച്ചിമാരോ ആണ്. ആന്റി അങ്കിൾ അന്നത്ര പോപ്പുലർ അല്ലായിരുന്നു ഞങ്ങളുടെ നാട്ടിൻപുറത്ത്).

പ്രണയത്തിന്റെ കാല്പനികത മാത്രം മനസിലാകുന്ന പ്രായത്തിലും ഇവരുടെ പ്രണയം ഒരു ബോംബാകാൻ സാധ്യതയുണ്ടെന്ന് എനിക്കറിയാമായിരുന്നു. കക്ഷി ഹിന്ദുവാണ്, പാത്തുച്ചേച്ചി മുസ്ലിമും. അച്ഛന്റെയും അമ്മയുടെയും പിന്നെ അവരുടെ ഇവർ രണ്ടുപേരോടും ഉള്ള സംസാരത്തിൽ നിന്നുമൊക്കെ പുകഞ്ഞു പുകഞ്ഞു നിൽക്കുന്ന ഗ്രനേഡിന്റെ അറ്റമാണ് ഇവരുടെ ബന്ധം എന്ന് നാട്ടുകാരെപ്പോലെ ഞങ്ങൾ പിള്ളേർക്കും അറിയാമായിരുന്നു. അങ്ങനെയുള്ള ഈ പ്രണയജോഡികൾ അന്നാ കല്യാണത്തിൽ വെച്ച് കണ്ടിരുന്നു എന്നെക്കൂടെകൂട്ടി ഈ രണ്ടാളും കുറച്ചുനേരം അതുവഴിയൊക്കെ ചുറ്റിക്കറങ്ങിയിരുന്നു. ഞാനൊരു മറയാണല്ലോ ആളുകളുടെ കണ്ണിൽ പൊടിയിടാൻ. ഞാനാണേൽ എനിക്കിതൊന്നും മനസിലാകുന്നില്ല എന്നൊരു "നിഷ്കു" ഭാവത്തിലും. പക്ഷേങ്കി അന്നവിടെ ഒരു പ്രണയകലഹം നടന്നിരുന്നു എന്ന് കാറിൽ എന്നോടൊപ്പം കയറിയ പാത്തുച്ചേച്ചിയുടെ വാടിയ മുഖം സൂചിപ്പിച്ചു. തുള്ളിത്തുള്ളിയായി മഴ ചാറുകയും കൂടുതൽ പിന്നാലെ വരുന്നുണ്ട് എന്നതുപോലെ ആകാശം കറുത്തിരുളുകയും ചെയ്തിരുന്നു ഞങ്ങൾ തിരികെ യാത്ര തുടങ്ങുമ്പോൾ. അപ്പോഴാണ് കാറിലെ പാട്ട് മോഹൻലാൽ - ശോഭന കൂട്ടുകെട്ടിലെ ഹിറ്റായ തേന്മാവിൻ കൊമ്പത്തിലേക്ക് മാറിയത്.

"മാനം തെളിഞ്ഞേ നിന്നാൽ ..
മനസും നിറഞ്ഞേ വന്നാൽ
വേണം കല്യാണം .."

ഞാൻ പതുക്കെ പുള്ളിക്കാരിയെ ഒന്ന് ഉഷാറാക്കാൻ വേണ്ടി "പാട്ട് കേട്ടാ" എന്നർത്ഥത്തിൽ ഒന്ന് ചുരണ്ടി, കണ്ണടച്ച് ചിരിച്ചു - ഒട്ടും ഉഷാറില്ലാതെ ചേച്ചി പറഞ്ഞത് "മാനവും തെളിഞ്ഞിട്ടല്ല, മനസും നിറഞ്ഞിട്ടല്ല ..അതോണ്ട് കല്യാണോം വേണ്ട" എന്നാണ്! അന്നതങ്ങ് മനസിൽ കയറിക്കൂടി.. പിന്നെവിടെ ഈ പാട്ട് കേട്ടാലും ആ നിക്കാഹ്, ബിരിയാണി, നിറഞ്ഞ പരിഭവ മിഴികൾ, ഉന്തും തള്ളും സപ്പോർട്ട് ചെയ്ത ഒരു യാത്ര ഒക്കെയോർമ്മ വരും! ഇതിനൊരു അനുബന്ധകഥയുണ്ട്. അത് പിന്നാലെ പിന്നാലെ 
------------------------------------------------------------------------
#HundredDaysOfSongs - നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
പലപ്പോഴും ആലോചിക്കാറുണ്ട് ചില ചിതറിത്തെറിച്ച ഓർമ്മകൾ സമ്മാനിക്കുന്ന ആളുകളെക്കുറിച്ച്‌ - അതിനുകാരണമാകുന്നത് ഒരു പാട്ടോ, ചിത്രമോ, സിനിമയോ, ഒരു പഴംചൊല്ലോ ഒക്കെയാകാം. ചിലപ്പോൾ വളരെയേറെ വിചിത്രമായ കാരണങ്ങൾ കൊണ്ടാകും ഒരാൾ മറവിയുടെ വാതിൽ തുറന്നെൻ്റെ മുന്നിലെത്തുന്നത്. എന്നെക്കുറിച്ചും ആരൊക്കെയോ അങ്ങനെ ഓർക്കുന്നുണ്ടാകാം എന്നോർത്തപ്പോൾ തോന്നിയ സന്തോഷമാണ് അടുത്ത 'നൂറു നാൾകൾ, നൂറു പാടൽ' പോസ്റ്റുകൾ