Sunday, November 29, 2020

രുചിയോർമ്മകൾ 04 - നാരങ്ങാനീര് ചേർത്ത് ചുട്ട, ഉപ്പും മുളകും പുരട്ടിയ കോൺ

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - നാരങ്ങാനീര് ചേർത്ത് ചുട്ട ഉപ്പും മുളകും പുരട്ടിയ  കോൺ 


 തമിഴ്‌നാട്ടിൽ MTech   ചെയ്യുന്ന സമയത്ത് തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്നത് ഫാഷൻ ടെക്നോളജിയിൽ ബിടെക് ചെയ്യുന്ന കുറച്ചു കുട്ടികളായിരുന്നു. "ചേച്ചീ എന്നാ ചേച്ചീ"  ന്നു പിന്നാലെ കൂടിയിരുന്ന അവരിലാരുമായും കഴിഞ്ഞ കുറച്ചു കൊല്ലങ്ങളായി ഒരു കോണ്ടാക്റ്റും ഇല്ല. പക്ഷേ ഇടയ്ക്കിടെ ഓർക്കും ഭാനു, ഭുവന, അശ്വിനി, സെൽവി ... അതിലെ സെൽവിയെക്കുറിച്ചാണ് ഇന്നത്തെ ഓർമ്മ - മൂക്കുത്തിയിട്ട , നെറ്റിയിലും തള്ളവിരലിനു പുറകിലും കുടുംബചിഹ്നം പച്ചകുത്തിയ ഒരുവൾ. ടെക്സ്റ്റൈൽ  ടെക്നോളജി ഡിപ്ലോമ കഴിഞ്ഞു എഞ്ചിനീറിംഗിന്  ലാറ്ററൽ എൻട്രിയിൽ കയറിയ ആളാണ് സെൽവി. പഠിക്കുന്ന വിഷയത്തിൽ അതിഗംഭീരമായ അറിവും കഴിവും ഉള്ളയാൾ. ഫാഷൻ ഡിസൈനിങ്ങ് എന്ന വിഷയത്തിന് വേണ്ട ക്രിയേറ്റിവിറ്റി ജന്മനാ ഉള്ളവൾ - അല്ലെങ്കിലും ഈറോഡിലെ  കൈത്തറികളുടെ ശബ്ദം താരാട്ടു കെട്ടുറങ്ങിയവൾക്ക് തുണിയും നൂലും ജീനുകളിൽ ഇഴ ചേർന്നില്ലെങ്കിലേ അതിശയമുള്ളൂ. ഒരുകാര്യത്തിൽ മാത്രം സെൽവി പിന്നോക്കം പോയിരുന്നുള്ളു അത് ഉത്തരങ്ങൾ എഴുതി ഫലിപ്പിക്കേണ്ട ഇംഗ്ലീഷ് ഭാഷയിലായിരുന്നു. ഡിപ്ലോമ വരെയും തമിഴ് മീഡിയത്തിൽ പഠിച്ച ഒരു കുട്ടിക്ക്  അതുവരെ പഠിച്ചതൊക്കെയും ഇംഗ്ലീഷിൽ എഴുതി ഫലിപ്പിക്കുക എന്നത് ആദ്യ സെമെസ്റ്റെറിലൊക്കെ അവളെ ശരിക്കും കഷ്ടപ്പെടുത്തി. എന്നിട്ടും ആദ്യ മൂന്നു റാങ്കുകളിലൊന്നിൽ അവൾ എത്തുമ്പോൾ അതൊക്കെ അഭിമാനപൂർവം പറയുമ്പോൾ "അമ്മാവുക്ക് ഹാപ്പിയായിടുംചേച്ചി" എന്ന് ചിരിയോടെ പറയുമ്പോൾ ഞാനും എന്റെ അമ്മയെ ഓർക്കാറുണ്ടായിരുന്നു.  


അവിടെ കോളേജിൽ എല്ലാ തിങ്കളാഴ്ചയും ഇന്റെർണൽ എക്സാം എന്ന കുരിശുണ്ടായിരുന്നത് കൊണ്ട് ദീപാവലി, പൊങ്കൽ, സെമസ്റ്റർ ബ്രേക്ക് ഇത്യാദികൾക്കെ ഞങ്ങൾ അന്യസംസ്ഥാനക്കാർ വീട്ടിലേക്ക് പോയിരുന്നുള്ളു. ഇവരൊക്കെ ഇടയ്ക്കിടെ വീട്ടിൽ പോകുമ്പോൾ ഞങ്ങൾ മലയാളി പുള്ളകൾ ഹോസ്റ്റലിലെ ശൈവ ഭക്ഷണവും അടിച്ചു ഇന്റർനാഷണൽ സ്റ്റുഡന്റസ് കുറച്ചുപേരുണ്ടായിരുന്നവർ എടുത്തുകൊണ്ടുവരുന്ന കൊറിയൻ പടങ്ങളുടെ ഡിവിഡിയും കണ്ടു ദിവസങ്ങൾ തള്ളി നീക്കമായിരുന്നു. മൂന്നാം സെമസ്റ്റർ തീരാനായ സമയം ഇനിയും ഞങ്ങൾ എംടെക്കുകാർ 1 -2 മാസം കൂടിയേ ക്യാംപസിൽ ഉള്ളൂ. അവസാന സെമസ്റ്റർ പ്രോജക്ടാണ് പലരും പല വഴിക്ക് പിരിഞ്ഞു പോകുന്ന സമയം -  എന്തായാലും അപ്രാവശ്യം രണ്ടു ദിവസത്തേക്കുള്ള അവധിക്ക് പോകുമ്പോൾ പിടിച്ച പിടിയാലേ സെൽവി എന്നെയും അഞ്ജന എന്ന റൂം മേറ്റിനെയും അവളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഈറോഡ് ബസ്സ്റ്റാൻഡിൽ ഇറങ്ങി കുറെയേറെ നേരം കാത്തുനിന്നിട്ടാണ് അവളുടെ ഗ്രാമത്തിലേക്കുള്ള വണ്ടി വന്നത്. ആകെ കുറച്ചു വണ്ടികളേ ഉള്ളൂ അവളുടെ വീടിന് അടുത്തുവരെ എത്തുന്നവ. ചെമ്മണ്ണ് പറക്കുന്ന വഴി, രണ്ടുവശത്തും ചോളപ്പാടങ്ങൾ  - വൈകുന്നേരത്തോടെ  ഒരു ആൽമരത്തിനു ചുവടെ   വണ്ടിയിറങ്ങുമ്പോഴേക്കും സെൽവിയുടെ തൊട്ടുതാഴെയുള്ള അനിയത്തിയും സ്‌കൂളിൽ പഠിക്കുന്ന കുഞ്ഞനിയനും ജംക്ഷനിൽ എത്തിക്കഴിഞ്ഞിരുന്നു. 

അവിടെ നിന്നും അവളുടെ വീട് വരെ നടന്നെത്തുന്ന ദൂരം മുഴുവൻ നാട്ടുകാരിൽ പലരും വീടുകളിൽ നിന്നും എത്തിയോ എന്നും കൂടെയാരാ എന്നും ചോദ്യങ്ങളും ഉറക്കെയുറക്കെ ഉത്തരങ്ങൾ പറഞ്ഞുപറഞ്ഞും  ഞങ്ങളാ വീട്ടിൽ ചെന്ന് കയറി. അവിടെ അവളുടെ ഹീറോ- സെൽവിയുടെ 'അമ്മ മണ്ണുമേഞ്ഞ വീടിന്റെ പുറത്തേക്ക്  തള്ളിനിൽക്കുന്ന ചായ്പ്പ് പോലെയൊന്നിൽ ഉള്ള തറിയിൽ 'ടകേ  -ടക് ' എന്ന് ഊടും പാവും നെയ്യുന്നുണ്ടായിരുന്നു.കയ്യും കാലും കൊണ്ട് അങ്ങനെ ചെയ്യുന്നത് നോക്കി നിൽക്കുന്നത് പോലും കലയാണ് -പക്ഷേ അവൾ പറഞ്ഞു അറിയാം അവരാ ചെയ്യുന്നതിന്റെ , ചിലവാക്കുന്ന അദ്ധ്വാനത്തിന്റെ പകുതി പോലും അവർക്ക് പ്രതിഫലമായി കിട്ടില്ല. അവളുടെ ചുറ്റുവട്ടത്തുള്ള അയൽക്കാർക്കും ബന്ധുക്കൾക്കും ഒക്കെയുണ്ട് ഒന്നോ രണ്ടോ തറികൾ വീട്ടിൽ തന്നെ . എല്ലാവരുടെയും അവസ്ഥയും ഇത് തന്നെ. വാതിൽ ചേർത്തടയ്ക്കാവുന്ന ഒറ്റ മുറി മാത്രമുള്ള, നീളൻ വരാന്തയും   തുറന്ന ഹാളും ഉള്ള വീടായിരുന്നു അത്. ഇപ്പുറത്തെ തറിച്ചായ്‌പ്പ് പോലെ അപ്പുറത്ത് അടുക്കള. ഞങ്ങൾ വരുന്നത് പ്രമാണിച്ചു അന്നവിടെ സ്‌പെഷ്യൽ  "മീൻ കുളമ്പ് " ഉണ്ട് രാത്രിയിലേക്ക് കാണാൻ ജാക്കിച്ചാന്റെ ഒരു പടത്തിന്റെ തമിഴ് മൊഴിമാറ്റ തിരൈപ്പടത്തിന്റെ ഡിവിഡിയും എടുത്തിട്ടുണ്ട്! 

ചെന്നുകഴിഞ്ഞു ഒരു ചായയും കുടിച്ചു  അവളോടൊപ്പം അനിയൻ - അനിയത്തിമാരെയും കൂട്ടി നാടുകാണാനിറങ്ങി. ആ ഗ്രാമത്തിലെ ഇടുങ്ങിയ വഴികളിൽ കോടി നടക്കുമ്പോൾ ചുറ്റിനും നിന്നും കേൾക്കുന്നത് മുഴുവൻ തറിയുടെ ശബ്ദമാണ്. പിന്നീടു പല സിനിമകളിലും ഇതുപോലെ രംഗങ്ങളിൽ ഞാനാ നടപ്പ് ഓർക്കാറുണ്ട്. അന്നാണ് ആദ്യമായി ഒരു
"പട്ടിമണ്റം" (ആൾക്കൂട്ട ഡിബേറ്റ്)   നേരിട്ട് കേൾക്കുന്നത് /കാണുന്നത്. ഒരുവിഷയത്തിനെക്കുറിച്ചുള്ള ഡിബേറ്റ് പലരും സംസാരിച്ചു മുന്നേറുന്നു , തിരികെ നടക്കുംവഴി വീടിനു തൊട്ടടുത്ത് എത്തിയപ്പോൾ അവളൊരു ചോളപ്പാടത്തേക്ക് ഇറങ്ങി അവിടെ നിന്നും അഞ്ചാറ് ചോളം തണ്ടോടു കൂടി ഒടിച്ചെടുത്തു. വീട്ടിലെത്തിയപാടെ ആ പെടയ്ക്കണ ഫ്രഷ് കോണിനെ നാരങ്ങാനീര് പുരട്ടി തീയിൽ ചുട്ടു ഉപ്പും മുളകുപൊടിയും ചേർത്ത് കൈയിലേക്ക് തന്നു - കടിക്കുമ്പോൾ ഓരോ കടിയിലും കോണിന്റെ മധുരവും നാരങ്ങയുടെ പുളിപ്പും ചുട്ടത്തിന്റെയാ കയ്പ്പും ഉപ്പും മുളകും എല്ലാം ചേർന്ന് വായിൽ കപ്പലോട്ടും... ഇപ്പോഴും .... ഇവിടെ കോൺ കാണുമ്പോൾ ഞാൻ സെൽവിയേയും  ആ ഗ്രാമത്തെയും അവളുടെ അമ്മയെയും ഓർക്കും! 

================================================================================


പാട്ടുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഞാൻ ആളുകളുമായി ബന്ധപ്പെടുത്തി ഓർക്കുന്ന ഒന്നാണ് ഭക്ഷണം... അല്ല! അങ്ങനെ അല്ല പറയേണ്ടത്, ചില രുചികളുമായി ചേർത്താണ് ചിലർ എന്നിൽ ഓർമ്മകളിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്. എനിക്കേറ്റവും പ്രിയപ്പെട്ടവർ മുതൽ ജീവിതത്തിൽ ഒരിക്കൽ മാത്രം കണ്ടവരും ഇനിയൊരിക്കലും കാണാൻ സാദ്ധ്യതയില്ലാത്തവരും ഒക്കെ ചില  രുചികളിലൂടെ, ചില ഭക്ഷണസാധനങ്ങളുടെ കാഴ്ചയിലൂടെ, മണത്തിലൂടെ എന്നിലേക്ക് കടന്നു വരാറുണ്ട്. എന്റെ ദൈനം ദിന ജീവിതത്തിലെ നിമിഷത്തിന്റെ ഒരു പങ്ക് ഇങ്ങനെ ചിലപ്പോഴെങ്കിലും അവരറിയാതെ കട്ടെടുക്കാറുമുണ്ട്.  അങ്ങനെ എന്നെയാരെങ്കിലും ഓർക്കുമോ എന്നെനിക്ക് ഉറപ്പില്ല -എന്നെപ്പോലെ ഇത്തരം ഒരു വിചിത്ര സ്വഭാവമാർക്കേലും ഉണ്ടോ എന്നും അറിയില്ല. എന്റെ ഓർമ്മയിലേക്ക് കയറിയ നൂറു രുചിയോർമ്മകളാണ് ഇന്ന് മുതൽ ഇവിടെ നിങ്ങളോട് പങ്കു വെയ്ക്കുന്നത്! ഇതിൽ പാചക ക്കൂട്ടുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കണ്ട കേട്ടോ :)  ചിലതിൽ അറിയുന്നവ ഞാൻ പങ്കുവെയ്ക്കുകയും ചെയ്യാം - പക്ഷേ ഇത് ഭക്ഷണ ഓർമ്മയല്ല - എന്റെ ആളോർമ്മകളാണ്.... തീർത്തും വിചിത്രമായ രീതിയിൽ ഞാൻ ഓർമ്മകളെ ഉണ്ടാക്കുന്ന വിധം! 


Thursday, October 8, 2020

തന്ത്രങ്ങളുടെ കുട്ടിക്കാലം

നാലാം വയസില് നട്ടപ്പിരാന്ത് എന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. പക്ഷേ ഇവിടെ കേൾക്കാറുള്ളത് ടെറിബിൾ ടു എന്നാണ് - രണ്ടുവയസിൽ തന്നെ അച്ഛന്റെയും അമ്മയുടെയും ക്ഷമ പരീക്ഷിക്കും എന്ന് സാരം. എനിക്കും പലപ്പോഴും പല കുട്ടികളേയും വീട്ടിലുള്ള രണ്ടിനേയും തോന്നിയിട്ടുള്ളത് ആ ഒരു toddler പ്രായമാണ് ശരിക്കും കുട്ടികൾ അവരുടെ ഐഡന്റിറ്റി കാണിച്ചുതുടങ്ങുന്ന പ്രായം എന്നാണ്. നാലുവയസു മുതൽ ആറു വയസുവരെ വലുതായി എന്ന് കാണിക്കാനുള്ള ഒരു ശ്രമം ആണ് കുട്ടികൾക്ക്, എന്നാലോ ലോകം അതങ്ങട് സമ്മതിച്ചു കൊടുക്കുകയും ഇല്ല ! പണ്ടൊരിക്കൽ എഴുതിയ "കരയുന്ന കുഞ്ഞുങ്ങൾ " എന്ന ലേഖനം വായിച്ച, ഒരു മൂന്നുവയസുകാരിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഇന്നത്തെ എഴുത്ത്. കടകളിലൊക്കെ പോയാൽ കുഞ്ഞിപ്പെണ്ണിന് ചെറിയ വാശിയുണ്ടത്രേ, അത്തരം പിടിവാശികൾ - tantrums  - എങ്ങനെ ഒഴിവാക്കാം എന്നുള്ളതിന്റെ പഠനം ആയിക്കോട്ടെ ഇന്നത്തേത്. 

ഓരോ കുഞ്ഞും യൂണിക് ആണെന്നതുപോലെ ഓരോ രക്ഷിതാവും കുട്ടികളെ വളർത്തുന്ന രീതിയും യൂണിക് ആണ്. അപ്പുറത്തെ കുട്ടിക്ക് ദോശയും സാമ്പാറും കൊടുത്താൽ വേറൊന്നും വേണ്ട എന്നുകരുതി പുട്ട് ഇഷ്ടമുള്ള കുട്ടിക്ക് ദോശ എന്നും കൊടുക്കുന്നത് പോലെയാണ് മറ്റൊരു രക്ഷിതാവ് വളർത്തുന്ന കുട്ടിയുടെ രീതി നമ്മളുടെ കുട്ടിയുടെ മേൽ കെട്ടിവെക്കാൻ നോക്കുന്നത്. എന്നാലോ എല്ലാ കുട്ടികൾക്കും പിന്തുടരാവുന്ന ചില പാതകൾ ഉണ്ടുതാനും. പാരന്റിങ് എപ്പോഴും കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥ തന്നെയാണ്. ഈ ത്രിശങ്കു സ്വർഗത്തിൽ ഓരോ രക്ഷിതാവും നോക്കണം - നമ്മുടെ കുട്ടിയ്ക്ക് പുട്ടാണോ ദോശയാണോ അതോ ബ്രെഡാണോ വേണ്ടത് എന്ന്. മൂന്നും നല്ലതാണ് - മൂന്നും ആവശ്യവും അധികമായാൽ ബുദ്ധിമുട്ടുമാണ്.  അത് തിരിച്ചറിയുന്നിടത്താണ് ഒരു നല്ല രക്ഷിതാവിന്റെ ജയം. 

Toddler Tantrums  - കുട്ടികളിലെ പിടിവാശികൾ - അകറ്റാനുള്ള ചില പൊടിക്കൈകൾ 
=========================================================================

ടാൻഡ്രം മാറ്റാൻ തന്ത്രം തന്നെ പരീക്ഷിക്കണം.

1 ) ചെറിയ കുഞ്ഞുങ്ങളോട് കാര്യകാരണം അമിതമായി വിശദീകരിക്കരുത്
------------------------------------------------------------------------------------------------------------------------


പിഞ്ചുകുഞ്ഞുങ്ങളുടെ സ്വഭാവം യുക്തിരഹിതമാണ്. ഒരു രക്ഷകർത്താവ് എന്ന നിലയിൽ നമ്മൾ ആദ്യം അംഗീകരിക്കേണ്ടത്  ഈ വസ്തുതയാണ്. 

പലപ്പോഴും ചെറിയ കുഞ്ഞുങ്ങളോട് പോലും യുക്തിയുക്തം കാരണങ്ങൾ വിശദീകരിച്ചാൽ അവർ അത് മനസിലാക്കി അവസരത്തിന് ഒത്തു പെരുമാറും എന്നാണ് പല രക്ഷിതാക്കളുടെയും വിചാരം. . തൽഫലമായി, പല മാതാപിതാക്കളും അവരുടെ പിഞ്ചുകുഞ്ഞിന്റെ വികസന നിലവാരത്തിന് മുകളിലാണ് സംസാരിക്കുന്നത്. ഫലം കുട്ടി കൂടുതൽ അലറുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. കാരണം കുട്ടിയെ സംബന്ധിച്ച് ഈ രക്ഷിതാക്കൾ ചെയുന്ന പ്രസംഗം അവരെ ശല്യപ്പെടുത്താൻ വേണ്ടി മാത്രം ഉള്ളതാണ്.  അപ്പോൾ അവർ കൂടുതൽ കൂടുതൽ ഉച്ചത്തിൽ അവരുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കാൻ ശ്രമിക്കും , ഫലം മാതാപിതാക്കൾക്ക് കൂടുതൽ സമ്മർദ്ദവും നിരാശയും!

നിങ്ങളുടെ കുട്ടിയുടെ പ്രായത്തിന് ചേർന്ന  വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക എന്നതാണ് പെരുമാറ്റച്ചട്ടം - രണ്ടു വയസുകാരന് രണ്ടു വാക്കുകളേ ആവശ്യമുള്ളൂ. ഉദാഹരണത്തിന്, നിങ്ങളുടെ രണ്ട് വയസുകാരൻ കടിച്ചാൽ, “കടിക്കാൻ പാടില്ല" എന്ന് മാത്രം പറഞ്ഞ് ആളെ അവിടെനിന്നും നീക്കുക. നിങ്ങളുടെ 5 വയസുകാരന് സ്റ്റോറിന്റെ മധ്യത്തിൽ വെച്ച് കളിപ്പാട്ടത്തിനു വേണ്ടി ഒരു തന്ത്രം തുടങ്ങുകയാണെങ്കിൽ, നിങ്ങൾ പറയുന്നു, “  കളിപ്പാട്ടങ്ങളെക്കുറിച്ച് കരഞ്ഞിട്ട് ഒരു കാര്യവുമില്ല.” എന്നിട്ട് നിങ്ങൾ സ്റ്റോർ വിടുക.

അതേ സമയം അവിടെ നിങ്ങൾ നടത്തുന്ന   ഒരു നീണ്ട പ്രസംഗം ഒന്നും പരിഹരിക്കുന്നില്ല എന്നതാണ് കാര്യം. നിങ്ങളുടെ കൊച്ചുകുട്ടി ആ പറയുന്ന കാര്യങ്ങളെയൊക്കെ തലയ്ക്ക് മുകളിലൂടെ പറത്തിവിടുന്ന അവസ്‌ഥയിലാകും നിൽക്കുക.  പകരം, ധിക്കാരിയായ ഒരു പിഞ്ചുകുഞ്ഞിനെ നേരിടാനുള്ള ഏറ്റവും നല്ല മാർഗം സാധ്യമായ ഏറ്റവും ചെറിയ വാക്കുകൾ ഉൾക്കൊള്ളുന്ന വേഗത്തിലുള്ളതും പെട്ടെന്നുള്ളതുമായ നടപടിയാണ്.

മുതിർന്നവരായ നമ്മൾ മറ്റ് മുതിർന്നവരുമായി യുക്തിസഹവും പക്വതയുമുള്ള രീതിയിൽ ആശയവിനിമയം നടത്തുന്നതിനാൽ,  നമ്മളുടെ കുട്ടികളുമായും ഇത് ചെയ്യാൻ കഴിയുമെന്ന് നമ്മൽ അനുമാനിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ കുഞ്ഞിന് അവരുടെ വികസനത്തിൽ ഈ ഘട്ടത്തിൽ പക്വത കുറവാണെന്ന കാര്യം ഓർമിക്കുക. അതിനാൽ വാചകങ്ങൾ  ഹ്രസ്വമാക്കുക. ശാന്തത പാലിക്കുക.


2 ) തിരികെ ഉച്ചത്തിൽ സംസാരിക്കരുത് അഥവാ അലറരുത്
-----------------------------------------------------------------------------------------------------

രണ്ടിനും  ആറിനും ഇടയിൽ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങൾക്ക് പലപ്പോഴും നിയന്ത്രണം വിടുകയും ദേഷ്യത്തിൽ അലറുകയും ചെയ്യുന്നത് കാണാറുണ്ട്. . പക്വതയുടെ അഭാവം, വാചികമായി സ്വയം പ്രകടിപ്പിക്കാനുള്ള കഴിവില്ലായ്മ, മറ്റുള്ളവരുടെ മുന്നിൽ സാഹചര്യം പ്രോസസ്സ് ചെയ്യാൻ കഴിയാത്തതിൽ നിരാശ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. 

ഈ സമയത്താണ് കുട്ടികൾ പരിഭവിക്കാനും സാധനങ്ങൾ  സ്വന്തം എന്നത് കൂടുതൽ പ്രദർശിപ്പിക്കാനും തുടങ്ങുക. സഹോദരങ്ങളോട് പോലും ഷെയർ ചെയ്യാൻ മടിച്ചേക്കും.  ഉദാഹരണത്തിന് മൂന്ന് വയസുള്ള ഒരു  കുട്ടിക്ക് അവളുടെ 6 വയസുള്ള ചേട്ടന് കിട്ടുന്ന അതേ കളിപ്പാട്ടങ്ങൾ വേണമെന്നു വാശി തോന്നാം. കിട്ടാതെ വരുമ്പോൾ  അതേ കളിപ്പാട്ടം തന്നെ താഴെയെറിഞ്ഞു പൊട്ടിക്കുവാനോ മൂത്തയാളെ ഉപദ്രവിക്കാനോ തുടങ്ങുന്ന കുഞ്ഞുങ്ങളെ നമ്മൾ ദേഷ്യപ്പെട്ടത് കൊണ്ടോ അടിച്ചത് കൊണ്ടോ കാര്യമില്ല. ചെയ്യേണ്ടത് ശാന്തമായി കുഞ്ഞിനെ നമ്മളോട് ചേർത്തുപിടിക്കുക എന്നതാണ്. ദേഷ്യത്തിന്റെ സാഹചര്യത്തിൽ നിന്ന് കുട്ടിയെ മാറ്റിനിർത്തുന്ന ഒരു കൂളിംഗ് ഓഫ് പീരിയഡ് ചെയ്യുന്നത് വളരെ നല്ലതാണ്. നമ്മളുടെ മാതൃക കൊണ്ട് മാത്രമേ മറ്റൊരിക്കൽ ചെയ്യാനൊരുങ്ങുന്ന പൊട്ടിത്തെറികളിൽ നിന്നും കുഞ്ഞുങ്ങളെ പിന്തിരിപ്പിക്കാൻ കഴിയൂ. 


കാര്യങ്ങൾ ശരിയായി നടക്കാതെ വരുമ്പോൾ എങ്ങനെ ശാന്തനായിരിക്കാമെന്ന്  അച്ഛനമ്മമാർ കാണിച്ചുകൊടുക്കുന്നതിലൂടെ മാത്രമേ കുഞ്ഞുങ്ങളും പഠിക്കുകയുള്ളൂ. അച്ഛൻ നടക്കുന്നത് പോലെ നടക്കുകയും 'അമ്മ സാരി ചുറ്റും പോലെ ഷാൾ കൊണ്ട് സാരിയുടുക്കുകയും ചെയുന്ന കുഞ്ഞുങ്ങൾ നമ്മൾ സംഘർഷത്തിൽ ആകുമ്പോൾ എങ്ങനെ പെരുമാറുന്നു എന്നതും നോക്കുകയും സ്പോഞ്ച് പോലെ ഒപ്പിയെടുക്കുകയും ചെയ്യുന്നു.  അതുകൊണ്ട് തന്നെ പ്രതികരിക്കാനുള്ള ശരിയായ മാർഗം നിങ്ങളുടെ കുട്ടിയെ കാണിക്കുക എന്നതാണ് നിങ്ങളുടെ ജോലി. ശാന്തവും സ്ഥിരതയുമുള്ളവരായിരിക്കുക എന്നതാണ് അവരെ പഠിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം.

നിങ്ങളുടെ സ്വന്തം കോപം നിയന്ത്രിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണെന്ന് കണ്ടെത്തുകയാണെങ്കിൽ, ചങ്ങാതിമാരുടെ രൂപത്തിൽ, ഒരേ പ്രായത്തിലുള്ള കുട്ടികളുള്ള മറ്റ് മാതാപിതാക്കളുടെ രൂപത്തിൽ, സ്വന്തം സഹോദരങ്ങളുടെയോ അച്ഛനമ്മമാരുടെയോ  ഒക്കെ  പിന്തുണ തേടുക.  

ഇനിയുള്ള രണ്ടു പോയിന്റുകൾ പരസ്പര വിരുദ്ധവും പരസ്പര പൂരകങ്ങളും ആണ്. അവിടെയാണ് ഞാൻ ആദ്യം പറഞ്ഞ ആ തിരിച്ചറിവ് വേണ്ടത്. ഇത് നിങ്ങളുടെ കുഞ്ഞിന് ഇഷ്ടമായേക്കാവുന്ന ദോശ ആണോ എന്നത് നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. 

3 ) തീർത്തും നിർബന്ധബുദ്ധിയോടെ ധാർഷ്ട്യം കാട്ടരുത് 
=======================================================
2 വയസ്സു മുതൽ 4 വരെ ഉള്ള സമയം  ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും ധാർഷ്ട്യവും വഴക്കമുള്ളതുമായ സമയത്തെ പ്രതിനിധീകരിക്കുന്നു. മിക്കപ്പോഴും, മാതാപിതാക്കൾ ഇത് അവരുടെ കുട്ടിയുടെ വികസനത്തിന്റെ ഒരു സാധാരണ ഭാഗമായി അംഗീകരിക്കുന്നില്ല. പകരം, അവരുടെ കുട്ടി യുക്തിരഹിതവും നിയന്ത്രണാതീതവുമാണെന്ന് തോന്നുന്നതിനാൽ അവർ നിരാശരും പരിഭ്രാന്തരാകുന്നു.

 ചില മാതാപിതാക്കൾ കുട്ടിയെ വല്ലാതെ നിയന്ത്രിക്കുന്ന  പ്രവണത കാണിക്കുന്നു. ശക്തമായ അച്ചടക്കമുള്ള ഒരാളായിരിക്കുന്നതിലൂടെ അവരുടെ കുട്ടിയുടെ വാശി സ്വയം കുറയുമെന്ന്  അവർ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, നിങ്ങൾ ഇത് ചെയ്യുമ്പോൾ, നിങ്ങൾ ഇച്ഛാശക്തിയുടെ ഒരു യുദ്ധം സൃഷ്ടിക്കുന്നു.  നിങ്ങളും നിങ്ങളുടെ കുട്ടിയും തമ്മിൽ ആരും വിജയിക്കാത്ത ഒരു വടംവലി തുടങ്ങുന്നു.  കൂടുതൽ വഴങ്ങുന്നത് തന്നെയാണ് ഇക്കാര്യത്തിൽ കൂടുതൽ ഫലം നൽകുക. ശക്തമായ ഇച്ഛാശക്തിയുള്ള കുട്ടിക്ക് കൂടുതൽ ചോയ്‌സുകൾ നൽകുക.  ഇത് കുട്ടിയെ കൂടുതൽ വാശിക്കാരനാക്കില്ലേ എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.   ഒരുദാഹരണം പറയുകയാണെങ്കിൽ സ്ഥിരമായി സ്‌കൂളിൽ പോകുന്നതിനു മുൻപുള്ള രാവിലെകൾ ഇവിടെ എന്ത് ഉടുപ്പിടണം എന്ന വഴക്ക് നടക്കാറുണ്ടായിരുന്നു. എപ്പോഴും ഒന്നോ രണ്ടോ സ്ഥിരം ഉടുപ്പുകളും പാന്റും മാത്രം ഉപയോഗിക്കുകയും ബാക്കിയൊക്കെ തരം തിരിച്ചു മാറ്റുകയും ചെയുന്ന കുട്ടിയാണോ നിങ്ങളുടേത്?  എന്നാൽ നാളെ മുതൽ രണ്ടു ഷർട്ട് എടുത്തിട്ട് അതിലൊരു ഓപ്‌ഷൻ കൊടുത്തു നോക്കൂ. നീല ഉടുപ്പ് വേണോ ചുവപ്പ് ഉടുപ്പ് വേണോ ..കുഞ്ഞു കൃത്യമായി ഒന്ന് തിരഞ്ഞെടുക്കും. കാരണം അവിടെ കുട്ടിയുടെ mindൽ തോന്നുന്ന ബോധം എന്നത് ആ തീരുമാനം എടുക്കാൻ അവന്റെ വാക്കിനും പ്രാധാന്യം കല്പിച്ചു എന്നതാണ്. 


കൂട്ടുകാരിയുടെ മകൾക്ക് എന്നും രാവിലെ ഉടുപ്പുക്കൾ തിരയൽ ഒരു സ്ഥിരം പണിയായപ്പോൾ ഞായറാഴ്ചകളിൽ വൈകുന്നേരങ്ങൾ അഞ്ചു ജോഡി ഉടുപ്പും , പാന്റും, അല്ലെങ്കിൽ ഫ്രോക്കും കുട്ടിയെകൊണ്ട് സെലക്ട് ചെയ്യിക്കാൻ തുടങ്ങി. ഇതാണ് ആ കുട്ടിയുടെ ഒരാഴ്ചത്തെ വാർഡ്രോബ്. തേച്ചുമടക്കി കുട്ടിയ്ക്ക് കയ്യെത്തുന്ന രീതിയിൽ ഒരിടത്ത് വെയ്ക്കുക, തിരഞ്ഞെടുപ്പ് ഈ അഞ്ചിലൊന്ന് മാത്രം എന്നാകുമ്പോൾ ഡ്രെസ്സിനോട് അനുബന്ധിച്ചുള്ള പരാതികൾ നിർത്തുകയും സമയത്തിനു പുറപ്പെടാൻ തുടങ്ങുകയും ചെയ്തു എന്ന് ആ കൂട്ടുകാരി സാക്ഷ്യം പറയുന്നു. എനിക്ക് അനുഭവം മറ്റൊന്നാണ് - ഏത് ഉടുപ്പു വാങ്ങിവന്നാലും ചിലവ മാത്രം സ്ഥിരമായി ഇടുകയും  ചിലവയെ നിഷ്കരുണം തള്ളിക്കളയുന്ന രീതിയിലേക്ക് മൂത്ത പുത്രൻ മാറാൻ തുടങ്ങിയപ്പോൾ  ഉടുപ്പുകൾ തിരഞ്ഞെടുക്കുന്ന ചോയ്‌സ് അവനു തന്നെ കൊടുത്തു. സ്വയം വാങ്ങുന്ന ഉടുപ്പുകൾ ഇടാണ്ടിരിക്കാൻ പറ്റില്ലല്ലോ.

ചുരുക്കത്തിൽ, അത്ര പ്രധാനമല്ലാത്ത വിഷയങ്ങളിൽ നിങ്ങളുടെ കുട്ടിക്ക് നിയന്ത്രണബോധം നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് വളരെ ഘടനാപരവും നിയമാധിഷ്ഠിതവുമായ ഒരു ലോകത്ത് നിങ്ങളുടെ കുട്ടിക്ക് സ്വയംഭരണാവകാശം നൽകുന്നു. ദിവസേനയുള്ള ലളിതമായ ചോയ്‌സുകൾ നിങ്ങളുടെ കുട്ടി വലിയ കാര്യങ്ങളിൽ നിങ്ങളോട് പൊരുതാൻ ആഗ്രഹിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.


4)വളരെയധികം വഴങ്ങരുത്
-------------------------------------------------------
ഇതുകണ്ട്  ആശയക്കുഴപ്പത്തിലാണോ? ആകരുത്. വളരെയധികം ചോയ്‌സുകൾ‌ നമ്മൾ കൊടുത്താൽ അത്  പരാജയപ്പെടുമെന്ന് ഓർക്കുക. നിങ്ങളുടെ വഴക്കമുള്ള കുട്ടിക്ക് എന്തുചെയ്യണമെന്ന് അറിയാത്തവിധം വഴക്കമുള്ളവരാകരുത്. ഒരു ഉദാഹരണത്തിന് സ്‌ക്രീനിൽ എന്ത് കാണണം എന്നുള്ളത് നിങ്ങൾ കൊടുക്കുന്ന മൂന്ന് ചോയ്‌സിൽ നിന്ന് കുട്ടിക്ക് തിരഞ്ഞെടുക്കാം. അതേ സമയം എപ്പോഴാണ് ടീവി കാണേണ്ടത് എന്നത് കുട്ടിയല്ല തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ള ഉടുപ്പ് വാങ്ങിക്കാൻ ചോയ്‌സ് കൊടുക്കാം പക്ഷേ ആ ഉടുപ്പ് ഏത് റേഞ്ചിൽ വരണം എന്നത് രക്ഷിതാവ് തന്നെ തീരുമാനിക്കണം. 

എപ്പോഴും ഓർക്കുക "You are the head of the house, not the child"

പിഞ്ചുകുഞ്ഞുങ്ങൾക്ക് ചുമതലയുള്ള ആരെയെങ്കിലും വേണം, അത് നിങ്ങളാണ്. നിങ്ങളുടെ കുട്ടിക്ക് ചോയ്‌സുകൾ നൽകുന്നതിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാനാകുമെങ്കിലും, സ്നേഹപൂർവമായ അതിരുകൾ ക്രമീകരിക്കുന്നതിലൂടെയും നിങ്ങൾക്ക് പ്രയോജനം ലഭിക്കും.  അതുവഴി നിങ്ങളുടെ കുട്ടിക്ക് അവൾ തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പുകളിൽ സുരക്ഷിതത്വവും സംതൃപ്തിയും അനുഭവപ്പെടും. 



നൂറു ശതമാനവും ഈ പറഞ്ഞ കാര്യങ്ങൾ പ്രവർത്തികമാക്കാനോ ഒരു കുട്ടിയിൽ ഫലവത്തായത് മറ്റൊരു കുട്ടിയിൽ ഫലം കാണണം എന്നോ ഇല്ല. പക്ഷേ പരീക്ഷിക്കുക, നിങ്ങളുടെ കുട്ടിയും നിങ്ങളും തമ്മിലുള്ള ബാലൻസിന്റെ ആ കാണാച്ചരട് എവിടെയാണെന്ന് നിരന്തരമായ ശ്രമത്തിലൂടെ കണ്ടെത്തുക. 


കളിപ്പാട്ടത്തിനായി കടയിൽ കരയുന്ന കുട്ടിയോട് കളിപ്പാട്ടം വാങ്ങിച്ചുതരില്ല എന്നത് പറയുന്നതിനൊപ്പം അതിനുള്ള കാശില്ല എന്നത് കൂടി പറയണം. അത് കുട്ടി തന്ത്രം കാണിക്കുന്ന സമയത്ത് ആകരുത് എന്ന് മാത്രം! 

========================================================================തന്ത്രങ്ങളുടെ കുട്ടിക്കാലം  - OUR KIDs Magazine 2020 May

Saturday, August 8, 2020

രുചിയോർമ്മകൾ 03 - കട്ടൻകാപ്പിയുടെ കൊതിപ്പിക്കുന്ന മണം!

രുചിയോർമ്മകൾ അഥവാ ആളോർമ്മയുടെ രുചിഭേദം - കട്ടൻകാപ്പിയുടെ കൊതിപ്പിക്കുന്ന മണം!

--------------------------------------------------------------------------------------------------------------------------------
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് ഓണത്തിന്റെ പത്തു ദിവസം, ക്രിസ്തുമസിന് പത്തു ദിവസം, പിന്നെ വല്യ വേനലവധിക്ക് ഒരു മാസം അച്ഛന്റെ നാട്ടിൽ ആണ് ഞാനും ചേട്ടന്മാരും. ചങ്ങനാശ്ശേരിയിൽ ചാഞ്ഞോടി - തെങ്ങണ ഭാഗത്താണ് അച്ഛന്റെ കുടുംബവീട്. അമരപുരം എന്ന ഭംഗിയുള്ള പേരുള്ള, അമരക്കുന്നിന്റെ മുകളിൽ വലിയ വാട്ടർ ടാങ്കുള്ള, ആശാരിമുക്ക് എന്ന കുഞ്ഞു ജങ്ക്ഷൻ ഉള്ള സ്ഥലം. അവധി വരാൻ കാത്തിരിക്കും അവിടേക്ക് പോകാൻ. തിരക്ക് പിടിച്ച വണ്ടികളിൽ പോകാൻ ഇഷ്ടമില്ലാത്ത അച്ഛൻ, ഇഴഞ്ഞുപോകുന്ന ഷട്ടിലിലേ കൊണ്ടുപോകൂ ചങ്ങനാശ്ശേരിയിലേക്ക്. കൊല്ലം റയിൽവേ സ്റ്റേഷനിൽ നിന്ന് ചങ്ങനാശ്ശേരി സ്റ്റേഷൻ വരെ എത്തിപ്പെടാൻ അതുവഴി പോകുന്ന ബാക്കി എല്ലാ വണ്ടികൾക്കും വേണ്ടി പിടിച്ചിട്ടു പിടിച്ചിട്ടു ഞങ്ങളുടെ ഷട്ടിലങ്ങെത്തുമ്പോൾ മണിക്കൂർ അഞ്ചാറ് കഴിയും. ചങ്ങനാശ്ശേരിയിൽ നിന്ന് പ്രൈവറ്റ് ബസ്സേൽ കയറി ചാഞ്ഞോടിയിറങ്ങും - ആദ്യമൊക്കെ ചാഞ്ഞോടി വരെയേ ഉള്ളൂ വണ്ടി. പകൽ ആണെങ്കിൽ ആഞ്ഞുവെച്ചു നടക്കും, പോകുന്ന വഴിയിൽ കാണുന്ന എല്ലാ നാട്ടുകാരോടും തിരുവനന്തപുരത്തു നിന്ന് വെക്കേഷന് വരുന്ന മോഹൻച്ചാനും (അച്ഛൻ) കുടുംബവും വർത്തമാനം പറഞ്ഞു പറഞ്ഞു ഒരു അര മുക്കാൽ മണിക്കൂർ എടുത്താണ് വീട്ടിൽ എത്തുക. കുറേനാൾ കഴിഞ്ഞപ്പോൾ ആശാരിമുക്ക് വഴി ഒരു വണ്ടി സിറ്റിയിലേക്ക് ഓടിത്തുടങ്ങി , ഒരേയൊരെണ്ണം കൃത്യം സമയമൊപ്പിച്ചു സ്ഥിരം യാത്രക്കാരെ കാത്തുനിന്നു കേറ്റി ആ വണ്ടി ടൗണിലേക്കും ആശാരിമുക്കിലേക്കും രണ്ടുമണിക്കൂർ ഇടവിട്ട് ഓടിക്കൊണ്ടിരുന്നു. അത് വന്നതിൽ പിന്നെ ചങ്ങനാശ്ശേരി സ്റ്റാൻഡിൽ എത്തിയാൽ അവരോട് ചോദിക്കും ആശാരിമുക്കിനുള്ള ലാസ്റ്റ് പോയോന്ന്. പോയെന്നു പറഞ്ഞാലേ ചാഞ്ഞോടി വണ്ടിയെടുക്കൂ. കാരണം മുതുപാതിരക്ക് ചാഞ്ഞോടി എത്തിയാൽ വീട് വരെ നടക്കാൻ നല്ല പണിയാണ്. അതോണ്ട് ചാഞ്ഞോടിക്കൽ നിന്നും ഓട്ടോ പിടിക്കും. കുഞ്ഞിലേ അമ്മയെന്നെ ഓട്ടോയുടെ അറ്റത്ത് ഇരുത്തുകേലായിരുന്നു - ഊർന്നു പോയാലോന്നു പേടിച്ചിട്ടേ. പിന്നെ പതുക്കെ പതുക്കെ ഞാനാ സൈഡ് കമ്പിയേൽ പിടിച്ചു കാഴ്ച കണ്ടു ഇരിക്കാൻ തുടങ്ങി. കുറച്ചും കൂടെ ആയപ്പോൾ അഞ്ചുപേരെ കൊള്ളാൻ ആട്ടോ തികയാത്ത അവസ്ഥയായി!
അങ്ങനെ പാതിരാത്രികളിൽ ചെന്ന് കയറുമ്പോഴും അച്ഛന്റെ അമ്മ - ഞങ്ങൾ അമ്മൂമ്മ എന്ന് വിളിച്ചിരുന്ന കുളങ്ങര സുലോചന എന്ന മിടുമിടുക്കി അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടോ, ഇല്ലാ വെട്ടത്തിൽ വായിച്ചുകൊണ്ടോ ഉണർന്നിരിപ്പുണ്ടാകും. ചെന്നാലുടനെ ഉള്ള ചോറെല്ലാവർക്കും കൂടി വീതിക്കലാണ്... അതിൽ ഒന്നുരണ്ടു അമ്മൂമ്മക്കറികൾ - അപ്പച്ചിക്കറികൾ ഉണ്ട് , അതിലേക്ക് പിന്നീടു വരാം. ഇന്നത്തെ ഓർമ്മ ആ കറികൾ അല്ല ... എന്നിട്ടാ ചോറും കറിയും കഴിച്ചു- കഴിച്ചില്ല വരുത്തി ഓട്ടമാണ് ഉറങ്ങാൻ. അപ്പച്ചിയുണ്ടാക്കിയ നല്ല പഞ്ഞിത്തലയിണകൾ ഉണ്ടാകും അതൊക്കെ ഒപ്പിച്ചു ഏതേലും മുറിയിൽ കയറി ഉറങ്ങാൻ തുടങ്ങും. സ്‌കൂളുള്ള ദിവസങ്ങളിൽ ഏഴുമണിക്ക് എണീൽക്കാൻ ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടി വരുന്ന എനിക്ക്, ചങ്ങനാശ്ശേരിയിലെ ദിവസങ്ങളിൽ ആരും വിളിക്കാതെ, അലാറം വെയ്ക്കാതെ അഞ്ചര - ആറു മണിക്ക് എണീൽക്കുന്ന ഒരു പ്രത്യേക അസുഖം ഉണ്ടായിരുന്നു - നാവായിക്കുളത്തെ വീട്ടിൽ കിടപ്പുമുറിയിൽ ജനലുകൾ ഇല്ലാതിരുന്നത് കൊണ്ട് അമരയിൽ മിക്കപ്പോഴും ജനലിനടുത്ത് കിടന്നുറങ്ങാൻ ഇഷ്ടപ്പെട്ടിരുന്നു ഞാൻ. സൂര്യനുദിച്ചു വെട്ടം കണ്ണിലേക്ക് വീഴുമ്പോൾ തന്നെ എണീൽക്കാമല്ലോ അപ്പോൾ. ഒരുനിമിഷം പോലും പാഴാക്കി കളയാനില്ലാത്ത അവധിദിവസമല്ലേ .... കൂടുതൽ ഉറങ്ങാൻ പാടില്ല! സൂര്യൻ കണ്ണിലേക്കെത്തുമ്പോൾ തന്നെ മറ്റൊന്ന് കൂടി എത്തും വിളിച്ചുണർത്താൻ - വീട്ടിൽ വറുത്തു പൊടിച്ച നല്ല നാടൻ കാപ്പിപ്പൊടിയിട്ട് ഉണ്ടാക്കുന്ന കട്ടൻകാപ്പിയുടെ മണം. അമ്മൂമ്മയാണ് - നേരം വെളുക്കുമ്പോൾ തന്നെ പഴയ അടുപ്പിൽ ഒരു കലം നിറയെ കാപ്പി തിളച്ചുമറിയും. അതിന്റെ മണമിങ്ങനെ വീട് മുഴുവൻ ഒഴുകി നടക്കും. അതിലാണ് നമ്മുടെ ദിവസം തുടങ്ങുക.
അമ്മയൊഴികെ ബാക്കി എല്ലാവരും ഈ കട്ടൻകാപ്പി നല്ലോണം മധുരം ചേർത്തത് ഊതിയൂതി കുടിക്കും. 'അമ്മ പരിഷ്കാരിയായിട്ട് ഒരു ഒൻപത് ഒൻപതര മണിക്ക് പാൽ വരും, അത് ചേർത്ത പാൽച്ചായയേ കുടിക്കൂ, അമ്മൂമ്മയുടെ കാപ്പിക്കലം ഒരിക്കലും ഒഴിയാറുണ്ടായിരുന്നില്ല, എപ്പോൾ നോക്കിയാലും അതിങ്ങനെ അടുപ്പിൽ ഉണ്ടാകും ചെറുചൂടോടെ.. വൈകുന്നേരത്തെ കാപ്പികുടി കഴിഞ്ഞാലും വീണ്ടും കാപ്പി നിറഞ്ഞുകൊണ്ടും ഒഴിഞ്ഞുകൊണ്ടും ഇരിക്കും. ഓണക്കാലമൊക്കെ ആകുമ്പോൾ എപ്പോഴും ആളുകൾ വന്നുകൊണ്ടേ ഇരിക്കും അടുക്കളയിൽ നിന്ന് കൊതിപ്പിക്കുന്ന മണവുമായി ചൂടൻ കട്ടങ്കാപ്പി ഇങ്ങനെ ഉമ്മറത്തേക്ക് വന്നോണ്ടുമിരിക്കും.
ഇപ്പോഴും എനിക്ക് കട്ടൻകാപ്പി മണമെന്നാൽ ആ അവധി പുലർകാലങ്ങളാണ്, ആരും വിളിക്കാതെ തന്നെയുണർന്നു കണ്ണ് തുറന്നു ചുമ്മാ കിടന്നു ആ മണമിങ്ങനെ ഉള്ളിലേക്ക് എടുക്കാൻ ശ്രമിക്കുന്ന കുട്ടിയാർഷ ആണ്, അടുക്കളയിൽ ഒരു കുഴല് കൊണ്ട് തീയൂതുന്ന അമ്മൂമ്മയാണ്, പിന്നെയാ കാപ്പിക്കലമാണ്. നിങ്ങൾക്ക് ഓർമയില്ലേ 'മഹേഷിന്റെ പ്രതികാരത്തിൽ' 'ഇവളാണിവളാണ് മിടുമിടുക്കി' എന്ന പാട്ടിലെ ആ കാപ്പിക്കലം? ഫഹദ് ഇങ്ങനെ പുള്ളിയുടെ ഒരു കൈ കൈലിയിലൊന്നു തൂത്തുകൊണ്ട് ആ ചൂടൻ കലം അടുപ്പത്തൂന്നു ചരിച്ചു രണ്ടു ഗ്ലാസ്സിലേക്ക് പകർത്തിയിട്ട് ചാച്ചന് കൊണ്ട് കൊടുക്കുന്നത്? ആ സിനിമ എന്റെ ഹൃദയത്തിലേക്ക് കേറി കസേര വലിച്ചിട്ടിരുന്നത് ആ സീനിലാണ്. അമ്മൂമ്മയുണ്ടായിരുന്നെങ്കിൽ ആ സിനിമ കാണിക്കാമായിരുന്നു എന്ന് വെറുതേ ഒരു തോന്നൽ തോന്നിപ്പോയി. സിനിമ തീരുവോളം ഞാനാ കാപ്പിമണത്തിൽ അലിഞ്ഞിരുന്നു..കഴിഞ്ഞപ്പോൾ കെട്ട്യോൻ അതിനു മുൻപ് കണ്ട മറ്റൊരു പടമാണ് കൂടുതൽ ഇഷ്ടമായത് എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് - അത് നിങ്ങൾക്കാ കാപ്പിക്കലം അറിയാത്തത് കൊണ്ടാണ് എന്നാണ്.
ഇപ്പോഴും ഇൻസ്റ്റന്റ് കാപ്പിയുടെ കാലത്തിലും ഞാനിടയ്ക്കിടെ വീട്ടിൽ കാപ്പിപ്പൊടി തിളപ്പിച്ച് കാപ്പി ഉണ്ടാക്കും, വീട് മുഴുവൻ ആ മണം പരത്തും - അന്നേരം ഞാൻ മനസുകൊണ്ട് അമരയിലെത്തും, പഴയ ഫ്രോക്കുകാരിയാകും, റബറും കാപ്പിയും ചുറ്റുവട്ടത്തുള്ള ആ വീടിന്റെ വാതിൽപ്പടിയിൽ തണുപ്പിന്റെ താടിയെല്ല് കൂട്ടിയിടിച്ചുകൊണ്ട് ഇരിക്കുകയാണെന്നു കരുതി കണ്ണുകളടച്ചു ചൂടുകാപ്പി ഊതിയൂതി കുടിക്കും!!