Thursday, April 16, 2020

സ്വപ്നത്തിലെങ്കിലും ഈ ഗാനം !

സ്വപ്നത്തിലെങ്കിലും ഈ ഗാനം !

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വർഷം വീണ്ടും 2003
Dumb Charades ൽ 'തുമ്പിപ്പെണ്ണേ ' പാട്ട് കിട്ടാത്ത ക്ഷീണത്തിൽ കറങ്ങിനടക്കുന്ന സമയത്തിലാണ് അന്താക്ഷരി ഒരിടത്ത് നടക്കുന്നത് കണ്ടത്. അതും ടീമാണ് പക്ഷേ കൂടെയുണ്ടായിരുന്നതിൽ ഒരാളെ മാത്രേ ഓർമയുള്ളൂ.. അന്റോണിച്ചൻ എന്ന് വിളിപ്പേരുള്ള ആന്റണിയെ ആണത്. എന്റെ ലാബ്മേറ്റും കൂടിയാണ് അന്റോണിച്ചൻ ( അഞ്ചു മാത്യു, അനു, അരുൺ കുമാർ, അന്റോണിച്ചൻ, ഞാൻ ഇതായിരുന്നു ഇലക്ട്രോണിക്സ് ലാബിലൊക്കെ ഒരുമിച്ചുണ്ടായിരുന്ന ടീം).
എല്ലാരേം ഗ്രൂപ്പൊക്കെ തിരിച്ചു അന്താക്ഷരി തുടങ്ങി. അക്ഷരം കിട്ടുമ്പോത്തന്നെ പാട്ടൊക്കെപ്പാടി അങ്ങനെ തകർക്കുവാണ് നമ്മുടെ ടീമും. എളുപ്പമുള്ള അക്ഷരപ്പാട്ടുകൾ ഒക്കെ കഴിഞ്ഞുകൊണ്ടേയിരുന്നു. ഏതാണ്ട് അവസാനിക്കാറായപ്പോൾ ആണ് ഞങ്ങളുടെ ടീമിന് അക്ഷരം 'ശ ' കിട്ടുന്നത്. അന്താക്ഷരി കളിച്ചിട്ടുള്ളോർക്ക് അറിയാമല്ലോ ചിലപ്പോൾ എത്ര പ്രയാസമുള്ള പാട്ടും ശടപടേന്ന് കിട്ടും. ചിലപ്പോൾ മനസ്സാകെ പുത്തരിക്കണ്ടം മൈതാനം പോലെ ബ്ലാങ്കാകും. ഈ 'ശ' കുഴപ്പിച്ച്ന്നു പറഞ്ഞാൽ പോരേ.. നേരത്തെ എളുപ്പമുള്ള പാട്ടൊക്കെ പാടിക്കഴിഞ്ഞതാണ് ആ അക്ഷരം വെച്ചിട്ട്.... സമയം ആണേൽ റ്റിക്റ്റിക് അടിച്ചോടിപ്പോണൂ.

കയ്യിന്നു പോയിന്നു വിചാരിച്ചപ്പോൾ അതാ ഒരു കൈ പൊങ്ങുന്നു ' ഐ am the ആൻസർ.. ഐ am the ആൻസർ' എന്നപോലെ. ഞങ്ങളെല്ലാവരും അന്റോണിച്ചനെ നോക്കിയതും അന്റോണിച്ചൻ ബാക്കി ടീമിനെ ഒരു പുച്ഛരസത്തിലും ഞങ്ങളുടെ നേർക്ക് ' ഹും! നമ്മളോടാ കളി ' എന്ന ഭാവത്തിലും നോക്കിയിട്ട് കണ്ഠശുദ്ധിയൊക്കെ വരുത്തി മധുരമായി പാടി...
" ശകുന്തളേ, നീയോർമ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം !"
കളി തീർന്നു 😒🙄


------------------------------------------------------------------------
#100DaysOfSongs  നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.

#100SongstoLOVE
#Day92 

"പൊന്നുംതരിവള മിന്നും പുടവയും ഒന്നും വേണ്ടല്ലോ കള്ളിപ്പെണ്ണേ നീ തന്നെയൊരു തങ്കക്കുടമല്ലോ "

വർഷം 2003

കോളേജിലെ ആർട്സ് പരിപാടി നടക്കുന്നു. വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ പേര് കൊടുത്തിട്ടുണ്ട് ഞങ്ങൾ കുറച്ചു പേർ. ഏതാണ്ടൊക്കെയോ പരിപാടി കഴിഞ്ഞപ്പോൾ dumb charades തുടങ്ങുന്നു എന്ന അറിയിപ്പ് കിട്ടി. ( ഇതിൽ തരുന്ന വാക്ക് ആക്ഷനുകളിലൂടെ മറ്റു അംഗങ്ങൾക്ക് മനസിലാക്കി കൊടുക്കണം. സമയപരിധി ഉണ്ട്, ഏറ്റവും കുറച്ചു സമയത്തിൽ പറയുന്നതിന് പോയിന്റ് കൂടുതലും കിട്ടും)

ടീം ഇവന്റ് ആണ് - റിയ, ചക്രു എന്ന് വിളിക്കുന്ന സ്വപ്ന ചക്രവർത്തി പിന്നെ ഞാൻ - ഇതായിരുന്നു ഞങ്ങളുടെ ടീം. (നാലാമത് ഒരാൾ ഉണ്ടായിരുന്നോ എന്ന് സംശയമുണ്ട് ). സ്ഥലം, സിനിമ, ബുക്ക്‌ , പാട്ട് ഒക്കെയാണ് വിവിധ റൗണ്ടുകൾ. കുറച്ചു കോമൺ ആക്ഷനുകളൊക്കെ അങ്ങോടുമിങ്ങോടും പറഞ്ഞു വെച്ചു. ഇംഗ്ലീഷ് പേരാണെങ്കിൽ ഒരു ആക്ഷൻ, ചില നടൻമാർ, സ്ഥലങ്ങൾ അങ്ങനെ ചിലതൊക്കെ ഞങ്ങൾ ധാരണയാക്കി. സിനിമയും സ്ഥലവും കിട്ടിയത് ഏതായിരുന്നു എന്നോർക്കുന്നില്ല - രണ്ടും പറയാൻ പറ്റിയെന്നു ഓർമയുണ്ട് . പുസ്തകത്തിന്റെ പേര് കിട്ടിയത് ' അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ' റിയയുടെ അരങ്ങിലേക്കുള്ള ചാട്ടം കണ്ടപ്പോഴേ വളരെ എളുപ്പത്തിൽ അത് ചക്രു പറഞ്ഞു.. എല്ലാത്തിലും ശരിയുത്തരം പറഞ്ഞ് ഞങ്ങളുടെ ടീമും മറ്റൊരു ടീമും ഏകദേശം ഒരേ പോയിന്റിൽ നിൽകുവാണ്. ഇനി ഒരേയൊരു റൗണ്ട് - അവസാനത്തെ റൗണ്ട് സിനിമാപ്പാട്ട് !


കിട്ടിയ പാട്ട് ' തുമ്പിപ്പെണ്ണേ വാ വാ ' മുടിയൊക്കെ കാണിച്ചു 'പെണ്ണിനേയും വാ വാ 'യും ഓക്കെ കാണിച്ചിട്ടും പാട്ട് കിട്ടുന്നില്ല. 'പെണ്ണാളെ പെണ്ണാളെ' എന്ന് മാത്രം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നവരെ തുമ്പി കാണിക്കാൻ ശ്രമിച്ചു മടുത്തു. അവസാനം സമയം തീരാൻ സെക്കന്ടുകൾ മാത്രം ബാക്കി നിൽക്കേ ഞങ്ങൾ തുമ്പിപ്പെണ്ണേയിൽ എത്തി! പക്ഷേ, കുറഞ്ഞ സമയത്തിൽ ഉത്തരം പറഞ്ഞ മറ്റേ ടീം ( mech ആണ്പിള്ളേരുടെ ടീം എന്നാണ് ഓർമ്മ ) ഗപ്പ് അടിച്ചു 

അന്നു മുതലിന്നു വരെ ഇത്രോം സിംപിൾ ആയ ആ പാട്ട് പറയാൻ ഒക്കാഞ്ഞ ഞങ്ങളെ, ഞങ്ങളുടെ ടീമിന്റെ തോൽവിയെ ഓർമ വരുത്തും ഈ പൊട്ടപ്പാട്ട്. ( സ്കൂളിൽ പഠിക്കുമ്പോൾ കിട്ടിയ ഒരു ലോക്കൽ പ്രണയലേഖനത്തിൽ ഇതിലെ,
"പൊന്നുംതരിവള മിന്നും പുടവയും ഒന്നും വേണ്ടല്ലോ
കള്ളിപ്പെണ്ണേ നീ തന്നെയൊരു തങ്കക്കുടമല്ലോ " എന്ന
വരികളായിരുന്നേ... ആളെയൊന്നും പിടി കിട്ടീല്ലേലും ഈ പാട്ടിഷ്ടമായിരുന്നു - ഞങ്ങളെ തോൽപ്പിക്കും വരെ! )
-------------------------------------------------------------------------------------------------------------------------------------
#100DaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongsToLove
#Day91

Wednesday, April 15, 2020

കരിമിഴിക്കുരുവിയേ കണ്ടീല.....

#100DaysOfSongs - പാട്ടോർമ്മകളുടെ നൂറുദിനരാത്രങ്ങൾ!

വര്‍ഷം 2002
ഇന്നത്തേ പാട്ടിതാണ്... ഓർക്കുന്നത് ബാല്യകാല സുഹൃത്ത് ആയിരുന്ന ഒരനിയനെ ആണ് - അജേഷിനെ - അവനിന്ന് ഓർമ്മ മാത്രമാണ്!

ഈ പാട്ടവനെ ഓര്‍മ്മിപ്പിച്ചുതുടങ്ങിയത് സിനിമ ഇറങ്ങിയ വര്‍ഷം മുതലാണെങ്കിലും അവനെക്കുറിച്ചുള്ള ഓര്‍മയ്ക്ക് എന്‍റെ ഓര്‍മയോളം തന്നെ പഴക്കമുണ്ടാകണം. അജേഷ് - അമരയിലെ അച്ഛന്‍വീടിനു തൊട്ടടുത്ത വീട്ടിലെ ഞങ്ങള്‍ അപ്പുറത്തമ്മ എന്ന് വിളിക്കുന്ന അമ്മൂമ്മയുടെ കൊച്ചുമകന്‍ ആയിരുന്നു അവന്‍. എന്നേക്കാള്‍ രണ്ടു വയസിനു ഇളയതാകണം. അവനൊരുവയസിനിളയ ഒരനുജത്തി - ആശ. ഞാനൊരു ആറാം ക്ലാസ് ആകുംവരെ അച്ഛന്‍ വീട്ടിലെ ഇളയ ആള്‍ ഞാനായിരുന്നു - കസിന്‍ചേച്ചിമാര്‍ ഒക്കെ മുതിര്‍ന്നവര്‍, ചേട്ടന്മാരും അവിടെയെത്തിക്കഴിയുമ്പോള്‍ പതുക്കെ എന്നെ കയ്യൊഴിയും (അവരെ കുറ്റം പറയാന്‍ പറ്റില്ല - അവര്‍ക്ക് വെക്കേഷനെങ്കിലും മനസമാധാനം വേണമല്ലോ! ) ഒരേ പ്രായക്കരായി ഞാനും അജേഷും ആശയും! അമരയിലെത്തിയാല്‍ ഞങ്ങള്‍ മൂന്നാളും ആയിരുന്നു ഒളിച്ചുകളിക്കാനും ഓടിക്കളിക്കാനും കല്ലുകളിക്കാനും ഒക്കെ സംഘം ചേര്‍ന്നിരുന്നത്. അജേഷിനും ആശയ്ക്കും കുറെനാള്‍ കഴിഞ്ഞു ഒരു കുഞ്ഞനുജന്‍ കൂടിയുണ്ടായി - അവന്‍റെ ശരിക്കുള്ള പേരിനെക്കാള്‍ കൂടുതല്‍ 'മുട്ടു' എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത്. (അരുണ്‍ എന്നാണ് ശരിക്കുള്ള പേരെന്നാണ് ഓര്‍മ്മ).

തിരുവോണത്തിന് അപ്പുറത്തമ്മയുടെ വീട്ടില്‍ക്കൂടി ഉണ്ടാലേ ഓണം പൂര്‍ണമാകൂ എന്നുള്ള ദിവസങ്ങളുണ്ടായിരുന്നു എനിക്കും ചേട്ടന്മാര്‍ക്കും. അജേഷിന്റെയും ആശയുടെയും മുട്ടുവിന്റെയും അമ്മ ശ്യാമളച്ചേച്ചിയോ അവരുടെ അച്ഛന്‍പെങ്ങള്‍ മിനിച്ചേച്ചിയോ കിണറിനു പിറകില്‍ നിന്നിരുന്ന ചെടിയില്‍ നിന്ന് ഞാനും ആശയും ഇറുത്തുകൊണ്ട് കൊടുക്കുന്ന മൈലാഞ്ചിയില പ്ലാവിലയുടെ ഞെടുപ്പും ചുവന്ന പുളിയനുറുംബിനെയും കൂട്ടിച്ചേര്‍ത്ത് അമ്മിയിലരച്ച് ഞങ്ങളുടെ രണ്ടാളുടെയും കയ്യുകളില്‍ വട്ടത്തില്‍ പരത്തിത്തന്നിരുന്ന അവധിക്കാലങ്ങള്‍. അജേഷിന്‍റെ അച്ഛനെ ഞങ്ങള്‍ നാരായണച്ചാച്ചന്‍ എന്ന് വിളിച്ചു. ആ വീടിനെക്കുറിച്ചു പറയാനും എഴുതാനും ഒത്തിരിയൊത്തിരി ഓര്‍മ്മകളുണ്ട്. അത് മറ്റൊരു പാട്ടോര്‍മ്മയില്‍ എഴുതാം - ഇന്നത്തേത് അജേഷിനു വേണ്ടി മാത്രം!


കൂടെക്കളിച്ചു വളര്‍ന്നവനെ ഓരോ സ്കൂള്‍ അവധിക്കും കാണുമ്പോള്‍ വിശേഷങ്ങള്‍ കൊണ്ട് മൂടുമായിരുന്നു ഞാന്‍. രണ്ടു ക്ലാസ്സ് ഇളയവനായ അവന്‍റെ ആദ്യത്തെ സ്കൂള്‍ ക്രഷ് ഒക്കെ ഒരുപക്ഷേ ഞാനായിരിക്കും ആദ്യമായി അറിഞ്ഞിട്ടുണ്ടാകുക - ഇപ്പോഴും ഓര്‍ക്കുന്നു ഒരു ഒളിച്ചുകളി കാലത്ത് അവനൊരു നീലക്കണ്ണുള്ള പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞത്. ഒരുവിധം എന്‍റെ അവധിക്കാല കുരുത്തക്കേടിനൊക്കെ കൂട്ടു നിന്നവന്‍ - കട്ടെടുത്ത വെറ്റിലയും പുകയിലയും തെങ്ങിന്തോപ്പില്‍ ഒളിച്ചിരുന്ന് പരീക്ഷിക്കാന്‍ കൂടെയുണ്ടായിരുന്നവന്‍, പുത്തന്‍ സിനിമകളുടെ പാട്ടുകളും കഥകളും പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നവന്‍... സ്കൂള്‍ കാലം കഴിഞ്ഞതോടെ രണ്ടുമാസമൊക്കെ അവധിക്കുപോകുന്ന സ്ഥിരം പതിവ് നിന്നു.. ഓണത്തിനോടിയൊരു പോക്ക്, വിഷുവിനടുപ്പിച്ച് മറ്റൊരു പോക്ക് - കഴിഞ്ഞു അവധിക്കാലങ്ങള്‍! അതിനിടയില്‍ അറിഞ്ഞിരുന്നു അവന്‍ സ്കൂള്‍ പഠിത്തമൊക്കെ നിര്‍ത്തി, കവലയില്‍ ഓട്ടോര്‍ഷ ഓടിക്കാന്‍ തുടങ്ങി, മീശ മുളച്ച വലിയ ചെക്കനായി എന്നൊക്കെ. അങ്ങനെയൊരു അവധിക്കാലത്ത്‌ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് അമരയിലെത്തിയ സമയത്താണ് ഓട്ടോയും കൊണ്ടവനെന്നെ കാണാന്‍ വന്നത്. നെറ്റിയിലൊരു ചുവന്ന കുറി തൊട്ടിരുന്നു, തവിട്ടു നിറത്തിലൊരു കൈലിയും, കാക്കി ഉടുപ്പും ഒക്കെയായി ഒരു സുന്ദരന്‍ - അവനെ കളിയാക്കാന്‍ 'നീയിപ്പോ ഏയ്‌ ഓട്ടോ ലാലേട്ടനെപ്പോലെ ഉണ്ടല്ലോടാ' എന്ന് ഞാന്‍ പറയുകയും ചെയ്തു. നാണിച്ചൊരു ചിരിയോടെ അവനെനിക്ക് മീശ മാധവന്‍റെ കഥ പറഞ്ഞുതന്നു. മൂന്നുവട്ടം സവാരി പോയപ്പോഴും സിനിമ കണ്ട കാര്യവും കരിമിഴിക്കുരുവിയെ കണ്ടീല എന്ന പാട്ടിന്‍റെ ഭംഗിയുമൊക്കെ പറഞ്ഞുകൊതിപ്പിച്ച് പോകും മുന്‍പ് ആ പാട്ടെനിക്ക് പാടിത്തരികയും ചെയ്തു.

അടുത്തകൊല്ലം ആ വീടിന്‍റെ എല്ലാ പ്രതീക്ഷകളും ഏന്തി ആശാന്‍ ഗള്‍ഫില്‍ പോയി. പിന്നെയുള്ള വെക്കേഷനുകള്‍ക്കൊന്നും കാണാനും കഴിഞ്ഞില്ല... അവിടെ വെച്ചൊരു നാള്‍ പെട്ടെന്നുണ്ടായ അസുഖത്തില്‍ അജേഷ് യാത്ര പറയാതെ പോയി. നാട്ടില്‍ നിന്ന് ദൂരെയായിരുന്ന ഞാനൊക്കെ കാര്യം അറിഞ്ഞത് തന്നെ കുറച്ചുനാളുകള്‍ കഴിഞ്ഞാണ്. ഒരുപക്ഷേ, ജീവിതത്തില്‍ ആദ്യമായി എന്നേക്കാള്‍ ചെറിയോരാളുടെ അപ്രതീക്ഷിതമരണം അറിഞ്ഞത് അജേഷ് പോയപ്പോഴാണ്. മറ്റൊരു രൂപം കാണാതിരുന്നത് കൊണ്ടുതന്നെ ഓര്‍മയിലിപ്പോഴും അവസാനമായി കണ്ടപ്പോഴത്തെ ചുവന്ന കുറി തൊട്ട് കരിമിഴിക്കുരുവിയേ കണ്ടീല എന്ന് പാടുന്ന കാക്കിയുടുപ്പുകാരനാണ് അവന്‍.

കാലമൊഴുകിയപ്പോള്‍ അയല്‍വക്കങ്ങളും അകന്നു ... ഒരുചാട്ടത്തിനു എത്തിയിരുന്ന വീടുകളില്‍പ്പോലും ആരും പോകാണ്ടായി. ടെലിവിഷനും മൊബൈലുമൊക്കെ എത്തിയപ്പോള്‍ ഓണവും വിഷുവും വീടിനകത്തായത് പോലെ....
------------------------------------------------------------------------------------------------------------
#100DaysOfSongs
#Day90
#100DaystoLove